Latest News

എന്‍സിപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തു. നെടുമ്പാശേരിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം എടുത്തത്. ശശീന്ദ്രന്‍ പക്ഷക്കാരനായ പി.കെ രാജന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റായും ബാബു കാര്‍ത്തികേയന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ശരത് പവാറുമായി എന്‍സിപി നേതാക്കള്‍ മുംബൈയില്‍ ചര്‍ച്ച നടത്തിയിരുന്നു.

പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിഭാഗവും തോമസ് ചാണ്ടി വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.മന്ത്രി സ്ഥാനം എ.കെ. ശശീന്ദ്രന്തിരികെ ലഭിച്ചതോടെ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന നിലപാടായിരുന്നു തോമസ് ചാണ്ടി വിഭാഗത്തിന്റേത്.

ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എ കെ ശശീന്ദ്രന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തെത്തിയത്. തുടര്‍ന്ന് കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്നാരോപിച്ച് കേസെടുത്ത നടപടിക്കെതിരെ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. സ്വന്തം പോക്കറ്റില്‍ നിന്നും പണം ചിലവഴിച്ചാണ് അന്വേഷണം നടത്തിയതെന്ന് അശ്വതി ജ്വാല പറഞ്ഞു. യാതൊരുവിധ പണപ്പിരിവും നടത്തിയിട്ടില്ല. പരാതിക്കാരനെ അറിയില്ലെന്നും അശ്വതി പ്രതികരിച്ചു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി തെറ്റാണെന്നും അനാവശ്യ വിവാദങ്ങള്‍ ഇതിന്റെ പേരില്‍ ഉണ്ടാക്കരുതെന്നും ലിഗയുടെ സഹോദരി ഇലിസും വ്യക്തമാക്കി.

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്താനെന്ന പേരില്‍ ജ്വാലയുടെ നേതൃത്വത്തില്‍ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് കോവളം സ്വദേശിയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇയാളുടെ പരാതി സ്വീകരിച്ച പോലീസ് അശ്വതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട നോട്ടീസ് ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും അശ്വതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ലിഗയുടെ ബന്ധുക്കള്‍ ഇവിടെ നിന്ന് തിരിച്ചുപോകുന്നതുവരെ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ തന്നെ നില്‍ക്കും. ലിഗയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് വിഷയത്തില്‍ അന്വേഷണം നടത്തിയതെന്നും അശ്വതി ജാല പറഞ്ഞു. തെരുവില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജ്വാല. തെരുവില്‍ ഇനിയും ആളുകള്‍ പെരുകട്ടെയെന്നും ഇനിയും കൂടുതല്‍ പേര്‍ കൊല്ലപ്പെടട്ടെയെന്നുമായിരിക്കും ഇത്തരം കേസുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നതെന്നും അശ്വതി ജ്വാല പറഞ്ഞു.

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോത്തന്‍കോട് നിന്നു കാണാതായ ലിഗയുടെ ശരീരം ദിവസങ്ങള്‍ക്ക് ശേഷമാണ് തിരുവല്ലത്ത് നിന്ന് കണ്ടെടുക്കുന്നത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ബലപ്രയോഗത്തിനിടെയാണു ലിഗ കൊല്ലപ്പെട്ടത്. കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചാല്‍ തരുണാസ്ഥികളില്‍ കേടുപാടുകള്‍ ഉണ്ടാവില്ല. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളും ശരീരത്തിലുണ്ട്. ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തില്‍ ഇത്രയധികം പരിക്കുകള്‍ പറ്റിയതിനാലാണ് പോലീസ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ലിഗയെ കൊലപ്പെടുത്തിയതാകാന്‍ സാധ്യതയുള്ളതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശ് നേരത്തെ സൂചന നല്‍കിയിരുന്നു. അതേസമയം കേസിലെ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണ് അന്വേഷണ ഏജന്‍സിയെന്നാണ് വിവരം.

പാമ്പുകടിക്ക് പ്രാകൃത ചികിത്സക്ക് വിധേയയായ യുവതി മരിച്ചു. ഉത്തര്‍ പ്രദേശിലാണ് സംഭവം. പാമ്പുകടിയേറ്റ യുവതിയെ മേലാസകലം ചാണകത്തില്‍ മൂടുകയായിരുന്നു. ദേവേന്ദ്രി എന്ന യുവതിയാണ് മരിച്ചത്. വീടിനടുത്തുള്ള വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോളാണ് പാമ്പുകടിയേറ്റത്.

ഇവരെ ചികിത്സിക്കാന്‍ ഒരു പാമ്പാട്ടി രംഗത്തെത്തുകയായിരുന്നു. നിരവധി പേരെ ചികിത്സിച്ചിട്ടുണ്ടെന്ന അവകാശവാദവുമായെത്തിയ ഇയാളുടെ നിര്‍ദേശപ്രകാരമാണ് ഇവരെ ചാണകത്തില്‍ പൊതിഞ്ഞത്. അതിനു ശേഷം ഇയാള്‍ മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് യുവതിയുടെ അരികിലിരുന്നു.

മന്ത്രങ്ങള്‍ ചൊല്ലിക്കഴിഞ്ഞ് സ്ത്രീ രക്ഷപ്പെട്ടോ എന്ന് ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ ചാണകം നീക്കി യുവതിയെ പുറത്തെടുക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും യുവതി മരിച്ചിരുന്നു. മുഖത്തുള്‍പ്പെടെ ചാണകത്താല്‍ പൊതിഞ്ഞിരുന്നതിനാല്‍ ശ്വാസം മുട്ടിയാണോ അതോ പാമ്പിന്‍ വിഷത്തിനാലാണോ മരണം എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ബീജിംഗ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം പാലിക്കാന്‍ രണ്ടു ദിവസം നീണ്ട മോഡി-ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ. ഭീകരതയ്‌ക്കെതിരെ യോജിച്ച് പോരാടാനും ഇരു നേതാക്കളും ധാരണയായി. കാലാവസ്ഥ വ്യതിയാനം, കരുത്തേറിയ ഏഷ്യ കെട്ടിപ്പെടുക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ഇരുലോക നേതാക്കളും തീരുമാനിച്ചു. അതിര്‍ത്തിയില്‍ സൈനിക ബന്ധം മെച്ചപ്പെടുത്താനും വിശ്വസവും പരസ്പര ധാരണ സൃഷ്ടിക്കാനും ഇരുനേതാക്കളുടെയും ചര്‍ച്ചയില്‍ തീരുമാനമായെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

ചൈനയിലെ വുഹാന്‍ പ്രവിശ്യയിലാണ് ഇരുനേതാക്കളും രണ്ടു ദിവസമായി അനൗപചാരികമായ കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരുപടി കൂടി മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ ധാരണയില്‍ എത്തിയതായി ഷി ജിന്‍പിങ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മോഡി ഉച്ചയ്ക്കു ശേഷം ഡല്‍ഹിയിലേക്ക് മടങ്ങി. മോഡിയ്ക്കായി ജിന്‍പിങ് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ഭക്ഷണത്തിന്റെ മെനു കാര്‍ഡ് തന്നെ ഇന്ത്യന്‍ ദേശീയപതാകയുടെ നിറങ്ങളിലുള്ളതാണ്. കാര്‍ഡിന്റെ മധ്യത്തില്‍ പീലി വിടര്‍ത്തിനില്‍ക്കുന്ന മയിലിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ കാര്യങ്ങളില്‍ പോലും പ്രസിഡന്റ് ജിന്‍പിങ് വ്യക്തിപരമായ ശ്രദ്ധ നല്‍കിയിട്ടുണ്ട് എന്നാണ് ഇത് തെളിയിക്കുന്നതെന്ന് ചൈനീസ് അധികൃതര്‍ പറയുന്നൂ.

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അനധികൃതമായ പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ കേസ്. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സജീവമായി ഇടപെടല്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് അശ്വതി ജ്വാല. കോവളം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനെയും മുഖ്യമന്ത്രിയെയും സമീപിച്ചപ്പോള്‍ മോശം അനുഭവങ്ങളാണ് നേരിടേണ്ടിവന്നതെന്ന് നേരത്തെ അശ്വതി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന പരാതി രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്താനെന്ന പേരിലാണ് വ്യാപക പണപ്പിരിവ് നടത്തിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

കോവളം സ്വദേശി ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

അശ്വതി ഫെയിസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം.

‘കാണാതായി എട്ടുദിവസത്തിനുശേഷം, ഇടപെട്ട ദിവസം മുതല്‍ കണ്ടതായിരുന്നു പൊലീസിന്റെ അനാസ്ഥ. പോത്തന്‍കോട് നിന്നും ഓട്ടോറിക്ഷയില്‍ കയറി കോവളത്ത് ഇറങ്ങി കേസ് രജിസ്റ്റര്‍ ചെയ്തത് പോത്തന്‍കോട്.. കേസ് രജിസ്റ്റര്‍ ചെയ്തു പത്തുദിവസത്തിനുശേഷം വിഴിഞ്ഞം, കോവളം സ്റ്റേഷനുകളില്‍ ഞങ്ങള്‍ എത്തുമ്പോള്‍ കാണാതായ വിവരം ആ സ്റ്റേഷനുകളില്‍ അറിഞ്ഞിട്ടില്ലായിരുന്നു. പോത്തന്‍കോട് എസ്.ഐ ഈ വിഷയം ഇങ്ങനെ ആയിരുന്നില്ല കൈകാര്യം ചെയ്യേണ്ടത് എന്ന് വിഴിഞ്ഞം എസ്.ഐ ഷിബു. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ജനപ്രതിനിധികളെ കാണാനുള്ള നെട്ടോട്ടമായിരുന്നു. 9.30 മുഖ്യമന്ത്രിയെ കാണാനുള്ള മുന്‍കൂര്‍ അനുമതിക്കായി നിയമസഭക്ക് മുന്നില്‍ കാത്തുനിന്നു. അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തിരുന്നില്ല. ഫോണ്‍ എടുക്കാത്തതിനാല്‍ ഞങ്ങളെ അകത്തേക്ക് കയറ്റി വിട്ടില്ല. ഒടുവില്‍ പതിനൊന്ന് മണിയോടെ ഞങ്ങളുടെ മുന്നിലൂടെ മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോകുമ്പോള്‍ ആ വിദേശികള്‍ ചോദിച്ചു, ‘ ഈ മുഖ്യമന്ത്രിയെ കാണാനാണോ നമ്മള്‍ ഇവിടെ കാത്തുനിന്നത്??, ‘

ജമ്മു കാശ്മീര്‍: കത്വ ബാലാത്സംഗക്കൊല ആസൂത്രണം ചെയ്തത് പ്രതികളിലൊരാളായ സഞ്ജി റാമെന്ന് അന്വേഷണ സംഘം. ഇയാളുടെ മകനും ക്രൂരകൃത്വത്തില്‍ പങ്കെടുത്തിരുന്നു. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയവരില്‍ മകന്‍ ഉള്‍പ്പെട്ടതിനാല്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതും സഞ്ജി റാമാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

8 വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വരുന്നത് സഞ്ജി റാമിന്റെ മകനും മരുമകനും ഉള്‍പ്പെടുന്ന സംഘമാണ്. കുട്ടിയെ ഇയാളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലാണ് പാര്‍പ്പിച്ചത്. തട്ടിക്കൊണ്ടു വന്ന് നാല് ദിവസത്തിന് ശേഷമാണ് സഞ്ജി റാം ഇക്കാര്യം അറിയുന്നത്. മകനും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് അറിഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു.

സഞ്ജി റാമും മകനും, പ്രായപൂര്‍ത്തിയാവാത്ത ഇവരുടെ ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേരാണ് ഇപ്പോള്‍ കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്നത്. ഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങളെ ഈ മേഖലകളില്‍ നിന്ന് കുടിയിറക്കാന്‍ പെണ്‍കുട്ടിയെ ആക്രമിച്ച് ഭീതി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ആഢംബര വിമാനയാത്രകള്‍ക്കായി എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ വന്‍തുക ചെലവഴിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ടാക്‌സ് പെയേഴ്‌സ് അലയന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2015ന് ശേഷം എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിമാനയാത്രകള്‍ക്കായി ചെലവഴിച്ചിരിക്കുന്നത് ഏതാണ്ട് 6.5 മില്യണ്‍ പൗണ്ടാണ്. ഏകദേശം 16,866 യാത്രകളുടെ ബില്ലാണിത്. ഇവര്‍ നടത്തിയ മിക്ക യാത്രകളുടെയും ടിക്കറ്റുകള്‍ ബിസിനസ് ക്ലാസുകളിലേതായിരുന്നുവെന്ന് അന്വേഷണത്തില്‍ മനസിലായിട്ടുണ്ട്. എന്‍എച്ച്എസ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് ആഢംബര യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എന്‍എച്ച്എസിനെ ബാധ്യതകളില്‍ നിന്ന് കരകയറ്റാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് തെരേസ മെയ് സര്‍ക്കാര്‍.

716 ബിസിനസ് ക്ലാസ് വിമാനയാത്രകളും 174 പ്രീമിയം ഇക്കോണമി യാത്രകളുമാണ് എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ മറ്റു യാത്രകളും നടത്തിയിട്ടുണ്ട്. ബിസിനസ് ക്ലാസ് യാത്രകള്‍ക്ക് മാത്രമായി 2.2 മില്യണ്‍ പൗണ്ടും പ്രീമിയം ഇക്കോണമി യാത്രകള്‍ക്കായി 241,345 പൗണ്ടുമാണ് ചെലവഴിച്ചിരിക്കുന്നത്. എന്‍എച്ച്എസ് നിലവില്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായി ഏതാണ്ട് 4 ബില്യണോളം പൗണ്ട് ആവശ്യമായി വരുമെന്ന് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ എന്‍എച്ച്എസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക നികുതി ഏര്‍പ്പെടുത്തുന്നത് വരെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്.

എന്നാല്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസിനെ നേരം വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. പണം അനാവിശ്യമായി ധൂര്‍ത്തടിക്കുകയാണ് എന്‍എച്ച്എസ് ചെയ്യുന്നതെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ബ്രിട്ടനിലെ ആരോഗ്യ മേഖലയെ അവിഭാജ്യഘടകമെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ എന്‍എച്ച്എസ് സൂക്ഷ്മത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. ബിസിനസ് ക്ലാസ് യാത്രകള്‍ നടത്തുന്നത് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള നിയമങ്ങളുടെ ലംഘനമാണ്. 1000 പൗണ്ട് ചെലവുള്ള 615 വിമാനയാത്രകളാണ് എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്. ഹീത്രൂവില്‍ നിന്ന് സാന്റിയാഗോയിലേക്ക് ഒക്ടോബറില്‍ എന്‍എച്ച്എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്റ് ജീവനക്കാരന്‍ നടത്തിയ യാത്രയാണ് ഏറ്റവും ചെലവേറിയത്. അന്ന് 6,231 പൗണ്ടാണ് വിമാന ടിക്കറ്റിനായി ചെലവഴിച്ചത്.

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നികുതിയിളവുകള്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ്. വ്യാഴാഴ്ച പ്രഖ്യാപിച്ച നികുതി പരിഷ്‌കരണ നയങ്ങളിലാണ് ഡിജിറ്റല്‍ അസറ്റുകളിലെ നികുതി നിരക്കുകള്‍ കുറച്ചത്. ക്രിപ്‌റ്റോകറന്‍സി ട്രാന്‍സാക്ഷനുകളിലൂടെയുള്ള റവന്യൂവിലെ നികുതി നിരക്ക് 45 ശതമാനത്തില്‍ നിന്ന് 19 ശതമാനമാക്കി ചുരുക്കുകയായിരുന്നു. വരാന്‍ പോകുന്ന കൂടുതല്‍ ഇളവുകളുടെ മുന്നോടിയായാണ് ഇതിനെ കണക്കാക്കുന്നത്. ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നു. വെള്ളിയാഴ്ച 9500 ഡോളര്‍ നിരക്കിലേക്ക് മൂല്യം എത്തിയെന്നാണ് റിപ്പോര്‍ട്ട്.

ക്രിപ്‌റ്റോകറന്‍സി അനുകൂലികള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യത്തിനാണ് ഇപ്പോള്‍ അംഗീകാരമായിരിക്കുന്നത്. സോഷ്യല്‍ വെല്‍ഫെയര്‍ സിസ്റ്റം തുടങ്ങിയവയിലേക്കുള്ള സംഭാവനകള്‍ നല്‍കിയതിനു ശേഷം നിരക്ക് 35 ശതമാനത്തില്‍ നിലനില്‍ക്കും. എന്നാല്‍ നിലവിലുണ്ടായിരുന്നതിനേക്കാള്‍ 25 ശതമാനം കുറവാണ് ഈ നിരക്കെന്നാണ് വിലയിരുത്തുന്നത്. ക്രിപ്‌റ്റോകറന്‍സി ഇടപാടുകാര്‍ ഈ നീക്കത്തെ ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നത്. എന്നാല്‍ അടുത്തു തന്നെ ക്രിപ്‌റ്റോകറന്‍സികളില്‍ റൈഗുലേഷന്‍ നിലവില്‍ വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ജര്‍മനിയും ഫ്രാന്‍സും ക്രിപ്‌റ്റോകറന്‍സിയില്‍ റെഗുലേഷനുവേണ്ടി ശ്രമിക്കുമെന്ന് കഴിഞ്ഞ ജനുവരിയില്‍ ഫ്രഞ്ച് ധനകാര്യമന്ത്രി ബ്രൂണോ ലെ മാരീ പറഞ്ഞിരുന്നു. അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ഇതിനുവേണ്ടി വാദിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കൊറിയന്‍ ഉപദ്വീപ് ആണവായുധ വിമുക്തമാക്കാനുള്ള കരാറില്‍ ഒപ്പുവെച്ച് ഇരു കൊറിയകളുടെയും നേതാക്കള്‍. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ എന്നിവര്‍ ഇതു സംബന്ധിച്ചുള്ള ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. 1953ല്‍ കൊറിയന്‍ യുദ്ധസമയത്ത് അവസാനിച്ച വെടിനിര്‍ത്തല്‍ കരാര്‍ സമാധാന ഉടമ്പടിയായി മാറ്റാന്‍ ഇരു നേതാക്കളും തമ്മില്‍ നടന്ന ഉച്ചകോടിയില്‍ തീരുമാനമായി. ഉത്തര കൊറിയ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് മാസങ്ങള്‍ക്കുള്ളിലാണ് സമാധാന ശ്രമങ്ങള്‍ നടക്കുന്നത്.

ഇരു കൊറിയകള്‍ തമ്മിലുള്ള കഴിഞ്ഞ കാലത്തെ മോശം ബന്ധത്തെ മറക്കാന്‍ ആഗ്രഹിക്കുകയാണെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. ഒരു ദുഃസ്വപ്‌നമായിരുന്നു അത്. ലോകത്തിന് മുന്നില്‍ പുതിയൊരു വസന്തത്തിന്റെ പ്രഖ്യാപനമാണ് നാം ഇപ്പോള്‍ നടത്തുന്നതെന്നും ഉത്തര കൊറിയന്‍ ഏകാധിപതി വ്യക്തമാക്കി. എന്നാല്‍ ആണവ നിരായുധീകരണം എപ്രകാരമാണ് നടപ്പാക്കുക എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. നോര്‍ത്ത് കൊറിയ ഇക്കാര്യത്തിലെടുക്കുന്ന അമിതോത്സാഹത്തില്‍ നിരീക്ഷകര്‍ക്ക് പ്രതീക്ഷയില്ല.

സൗത്ത് കൊറിയക്ക് അമേരിക്ക നല്‍കുന്ന പിന്തുണയും ജാപ്പനീസ് സൈന്യത്തിന് ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാന മേഖലകളില്‍ സാന്നിധ്യമുള്ളതും ഉത്തര കൊറിയ അംഗീകരിക്കാനിടയില്ല. മുമ്പും ഇരു കൊറിയകളും തമ്മില്‍ ഇത്തരം ഉടമ്പടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നോര്‍ത്ത് കൊറിയ മിസൈല്‍, ആണവായുധ പരീക്ഷണങ്ങള്‍ ആരംഭിക്കുകയും സൗത്ത് കൊറിയ കൂടുതല്‍ യാഥാസ്ഥിതികരായ ഭരണാധികാരികളെ തെരഞ്ഞെടുക്കുകയും ചെയ്തതോടെ അവ പാലിക്കപ്പെടാതെ പോകുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved