ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെച്ചു. സമ്പൂര്‍ണ ആണവ നിരായൂധീകരണത്തിന്റെ കാര്യത്തിലും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി. ഒരു കൊല്ലത്തിനകം നടപടികള്‍ പൂര്‍ത്തിയാകും. ചരിത്രപരമായ കൊറിയന്‍ ഉച്ചകോടിയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.
ഇരു കൊറിയകള്‍ക്കുമിടയിലെ പാന്‍മുന്‍ജോം ഗ്രാമത്തിലാണ് ചരിത്രപരമായ ഉച്ചകോടി നടക്കുന്നത്. ഒരു ദശാബ്ദത്തിന് ശേഷമാണ് ഉത്തര ദക്ഷിണ കൊറിയന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. 1953ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഉത്തര കൊറിയന്‍ നേതാവ് ഇരു കൊറിയകള്‍ക്കുമിടയിലെ സൈനിക അതിര്‍ത്തി കടക്കുന്നത്. കൊറിയന്‍ ജനതയുടെ ഭാവി മുന്നില്‍കണ്ട് സംഘര്‍ഷം അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കിങ് ജോങ് ഉന്‍ പറഞ്ഞിരുന്നു.
കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഉള്‍പ്പെടെ സൈനിക മേധാവികളും നയതന്ത്ര പ്രതിനിധികളും ഉള്‍പ്പെടുന്ന ഒന്‍പതംഗ സംഘമാണ് ഉത്തരകൊറിയയില്‍ നിന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. സംഭവം സിബിഐ അന്വേഷിക്കണമെന്നും കേസിന്റെ വിചാരണ ചണ്ഡിഗഢിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതിയുടെ പരിഗണനയ്ക്കെത്തിയ സാഹചര്യത്തിലാണ് അടുത്തമാസം ഏഴുവരെ സ്റ്റേ ഏർപ്പെടുത്തിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമായ സാഹചര്യത്തിലാണു വിചാരണ മാറ്റണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. കേസ് അന്വേഷിച്ച ജമ്മു കശ്മീർ ക്രൈംബ്രാഞ്ച് സംഘം ഏഴു പേരെ പ്രതി ചേർത്തു കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെ മറ്റൊരു കുറ്റപത്രവും കത്വ ജുവനൈൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
നാടോടി ഗോത്രവിഭാഗമായ ബഖർവാല മുസ്‌ലിം സമുദായത്തിലെ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ച തടവിൽ പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചുവെന്നാണു കേസ്. ജമ്മുവിൽനിന്നു 90 കിലോമീറ്റർ അകലെ കഠ്‍വയിലെ രസന ഗ്രാമത്തിലെ ക്ഷേത്രത്തിലെ മുറിയിലാണു കുട്ടിയെ തടവിൽ വച്ചത്.
മരുന്നു നൽകി മയക്കിയശേഷമായിരുന്നു പീഡനം. ജനുവരിയിൽ നടന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തിലെ വിശദാംശങ്ങൾ കഴിഞ്ഞ ഒൻപതിനു പുറത്തുവന്നതോടെയാണു സംഭവം ദേശീയശ്രദ്ധ നേടിയത്. ബഖർവാലകളെ ജമ്മു മേഖലയിൽനിന്നു തുരത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പീഡനവും കൊലപാതകവുമെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നാലുപേർ പൊലീസുകാരാണ്. പ്രതികളെ അനുകൂലിച്ചു നടന്ന പ്രകടനത്തിൽ പങ്കെടുത്ത ജമ്മു കശ്മീരിലെ രണ്ടു ബിജെപി മന്ത്രിമാർ രാജിവച്ചിരുന്നു.
ഇന്ധനവിലയില്‍ ക്രമാതീതമായുണ്ടായ വര്‍ദ്ധനയുടെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ കണ്‍സഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍. ജൂണ്‍ ഒന്ന് മുതല്‍ യാത്രാ സൗജന്യം നല്‍കില്ലെന്നാണ് അറിയിപ്പ്. ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്.
വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്ന പണം ബസുടമകള്‍ക്ക് സബ്‌സിഡിയായി നല്‍കണമെന്നും ഇന്ധന വില കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് മെയ് 8ന് ബസുടമകള്‍ നിരാഹാര സമരം നടത്തും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലാണ് 24 മണിക്കൂര്‍ നിരാഹാര സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
1966ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ കണ്‍സഷന്‍ നല്‍കേണ്ടതില്ലെന്നാണ് ബസുടമകള്‍ വാദിക്കുന്നത്. ബസില്‍ രണ്ട് തരത്തിലുള്ള നിരക്കുകള്‍ നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ബസുടമകള്‍ പറയുന്നു.
തിരുവനന്തപുരം: ലിഗയുടെ ദുരൂഹ മരണത്തിലുള്ള അന്വേഷണത്തില്‍ വഴിത്തിരിവെന്ന് സൂചന. ലിഗ കണ്ടല്‍ക്കാട്ടിലെത്തിയ വള്ളം പോലീസ് കണ്ടെത്തിയെന്നാണ് വിവരം. സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയിലായെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വള്ളത്തില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. പിടിയിലായവര്‍ ലിഗയ്‌ക്കൊപ്പം വള്ളത്തില്‍ സഞ്ചരിച്ച വഴികള്‍ പോലീസ് പരിശോധിച്ചു.
ലിഗയുടെ മരണം കൊലപാതകമാണെന്ന സൂചനയാണ് പോലീസിന് ലഭിക്കുന്നത്. പ്രദേശവാസികളെയും സ്ഥിരമായി ഇവിടെ വരാറുള്ളവരെയും പോലീസ് ചോദ്യം ചെയ്തു. സ്ഥലത്തെ ലഹരി സംഘങ്ങള്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നു പ്രദേശവാസിയായ കടത്തുകാരന്‍ വെളിപ്പെടുത്തി.
മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്നുമുതല്‍ പലരും ഒളിവില്‍ പോയെന്നും രംഗനാഥന്‍ പറഞ്ഞുന്നാണ് റിപ്പോര്‍ട്ട്. ചൂണ്ടയിടാനെന്ന പേരിലെത്തുന്നവരാണ് ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവരും അവ ഉപയോഗിക്കുന്നവരു. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങിന് 23 വയസുണ്ട് പക്ഷേ മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയുടെ ശരീരമാണ് അദ്ദേഹത്തിന്റേത്. ഒരു സാധാരണ കുട്ടിയുടെ എല്ലാ ആരോഗ്യമികവും ജനനസമയത്ത് മന്‍പ്രീതിനുണ്ടായിരുന്നു. എന്നാല്‍ എഴുന്നേറ്റ് നടക്കാനും സംസാരിക്കാനും പ്രാപ്തിയാകുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റ ശാരീരികവും മാനസികവുമായ വളര്‍ച്ച പൂര്‍ണമായും നിലച്ചു. പഞ്ചാബിലെ ഒരു ഗ്രാമത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വളര്‍ച്ച നിലച്ച കാര്യം തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. രോഗവിവരം മനസിലായതിന് ശേഷം നിരവധി ഡോക്ടര്‍മാരെ കണ്ടിരുന്നവെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ആദ്യഘട്ടങ്ങളില്‍ വളര്‍ച്ച പുനഃസ്ഥാപിക്കപ്പെടുമെന്ന് ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് അതും നഷ്ടമായി. കൗമാര പ്രായം കഴിഞ്ഞിട്ടും മന്‍പ്രീതിന് സംസാരിക്കാനോ എഴുന്നേറ്റ് നടക്കാനോ കഴിയില്ല. എന്നാല്‍ കുഞ്ഞുകുട്ടികളെപ്പോലെ ചിരിക്കുകയും കരയുകയും ചെയ്യും.
ഡോക്ടര്‍മാര്‍ക്ക് മന്‍പ്രീതിന്റെ രോഗം കൃത്യമായി മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. വളര്‍ച്ചാ ഹോര്‍മോണുകളുടെ അപര്യാപ്തതയാണ് കാരണമെന്ന് മാത്രമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് ലാറോണ്‍ സിന്‍ഡ്രോം ആയിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്. ലോകത്തില്‍ വെറും 300 പേര്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണിത്. ഇക്വഡോറിലാണ് ഇത്തരം രോഗികളില്‍ കൂടുതല്‍ പേരുമുള്ളത്. മന്‍പ്രീതിന്റെ സഹോദരനും സഹോദരിക്കും ഇത്തരം പ്രശ്‌നങ്ങളില്ല. അവര്‍ പൂര്‍ണ ആരോഗ്യവാന്മാരാണ്. ചികിത്സിക്കാനും മറ്റും ചെലവുകള്‍ വഹിക്കാനും കഴിയാതെ വന്നതോടെ അദ്ദേഹത്തെ മറ്റൊരു ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലാക്കിയിരിക്കുകയാണ് മാതാപിതാക്കള്‍.
വെറും 11 പൗണ്ട് തൂക്കമുള്ള കുട്ടിയുടെ ശരീരമാണ് മന്‍പ്രീതിന്റേത്. സാധാരണ ആളുകളെപ്പോലെ ആശയവിനിമയം സാധ്യമല്ലാത്ത അദ്ദേഹം ആംഗ്യഭാഷയിലൂടെയാണ് കാര്യങ്ങള്‍ സംവദിക്കുന്നത്. വീട്ടിലെത്തുന്ന അഥിതികളോട് ഇരിക്കാന്‍ പറയാനും ചിരിക്കാനും മന്‍പ്രീത് പ്രത്യേക താല്‍പ്പര്യം കാണിക്കും. കുട്ടികള്‍ക്ക് നായയെ പേടിയുള്ളതിന് സമാനമാണ് മന്‍പ്രീതിന്റെയും കാര്യം. പട്ടികളുടെ കുര കേട്ട് കഴിഞ്ഞാലുടന്‍ അദ്ദേഹം കരയാന്‍ തുടങ്ങും. ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ പരിചരണവും മന്‍പ്രീതിന് ആവശ്യമാണ്. അസുഖത്തിന് ചികിത്സ ലഭ്യമാക്കാന്‍ കൂടുതല്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മന്‍പ്രീതിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍. ഇതിനായി ഗോഫണ്ട്മീയുടെ ഇന്ത്യന്‍ പതിപ്പായ കെറ്റോയിലൂടെ ക്രൗഡ് ഫണ്ടിംഗിന് തുടക്കമിട്ടിരിക്കുകയാണ്.
സ്പ്രിംഗില്‍ അപ്രതീക്ഷിതമായി ലഭിച്ച വെയിലിന് ശമനമാകുന്നു. താപനിലയില്‍ കുറവുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രണ്ടു ദിവസം ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു. കഴിഞ്ഞയാഴ്ച അനുഭവപ്പെട്ട താപനിലയില്‍ നിന്ന് 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കാമെന്നാണ് നിഗമനം. വീക്കെന്‍ഡിലെ രാത്രി താപനില മൈനസ് രണ്ട് വരെ ചിലയിടങ്ങളില്‍ താഴ്‌ന്നേക്കാം. സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തിലുമാണ് ഇതിന് സാധ്യതയേറെയുള്ളത്.
മഴ മൂന്ന് ദിവസത്തോളം തുടര്‍ന്നേക്കുമെന്നും 1 ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതുകൊണ്ടു തന്നെ പല പ്രദേശങ്ങളിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രിലില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഹീറ്റ് വേവിനു ശേഷം മഴയ്ക്ക് സാധ്യതയുള്ള അറ്റ്‌ലാന്റിക് കാലാവസ്ഥയാണ് എത്തുന്നത്. വെസ്റ്റില്‍ നിന്ന് എത്തുന്ന ന്യൂനമര്‍ദ്ദം അടുത്തയാഴ്ച സജീവമായിരിക്കുമെന്നും സ്പ്രിംഗിലെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് കാരണമായ ഹൈ പ്രഷര്‍ അവസാനിക്കുകയാണെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.
യുകെയിലൊട്ടാകെ ഇടിയോടു കൂടിയ മഴയുണ്ടാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് മെറ്റീരയോളജിസ്റ്റ് ജോണ്‍ വെസ്റ്റ് പറയുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതേ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വെയില്‍സിലും മറ്റും 1.2 ഇഞ്ച് വരെ മഴ പെയ്‌തേക്കുമെന്നും അടുത്തയാഴ്ച ചൂടുള്ള കാലാവസ്ഥ തിരിച്ചു വരാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം അറിയിച്ചു.
ന്യൂസ് ഡെസ്ക് .
രാഹുൽ ഗാന്ധിയുമായി സഞ്ചരിച്ച വിമാനത്തിന് സങ്കേതിക തകരാർ സംഭവിച്ചതായി പരാതി. കോൺഗ്രസ് അദ്ധ്യക്ഷന്റെ ന്യൂഡൽഹിയിൽ നിന്നു കർണാടകയിലെ ഹൂബ്ളിയിലേക്കു യാത്രയ്ക്കിടെയാണ് വിമാനത്തിന്റെ ഓട്ടോ പൈലറ്റ് സിസ്റ്റത്തിനു തകരാർ സംഭവിച്ചതായി കോണ്‍ഗ്രസ് നേതാവ് കൗശിക് വിദ്യാർഥി കർണാടക പോലീസിൽ പരാതിപ്പെട്ടത്. രാഹുൽ ഗാന്ധിയും മറ്റു നാലു പേരും കയറിയ പ്രത്യേക വിമാനം ഡൽഹിയിൽനിന്നു വ്യാഴാഴ്ച രാവിലെയാണു പുറപ്പെട്ടത്. കൗശികും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിന്, ഇതേവരെ അധികൃതർക്കു “നിർവചിക്കാൻ കഴിയാത്ത തകരാർ’ സംഭവിക്കുകയായിരുന്നെന്ന് കൗശികിന്റെ പരാതിയിൽ പറയുന്നു. വിമാനം ഇളകുകയും ഒരു വശത്തേക്കു ചെരിയുകയും ചെയ്തതായും ഇത് അപൂർവ സാഹചര്യമാണെന്നു ജീവനക്കാർ തന്നെ പറഞ്ഞതായും പരാതിയിലുണ്ട്.
ആട്ടോ പൈലറ്റ് സിസ്റ്റത്തിൽ തകരാറുണ്ടായിരുന്നതായി ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ വിമാനത്തിന്റെ പൈലറ്റിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണെന്നാണു സൂചന. ഹൂബ്ളി വിമാനത്താവള അധികൃതർ ഇത് ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണു രാഹുൽ കർണാടകയിലെത്തിയത്.
‘ആഭാസം’ സിനിമയുടെ റിലീസ് വൈകിപ്പിച്ചത് സെൻസർ ബോർഡിന്റെ അനാവശ്യ ഇടപെടലുകളാണെന്ന് നടി റിമ കല്ലിങ്കൽ. സിനിമയിലെ നായകകഥാപാത്രമാ സുരാജ് വെഞ്ഞാറമൂടിന്റെ തുട കാണിച്ചെന്ന കാരണത്താലാണ് നേരത്തെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് യു/എ സര്‍ട്ടിഫിക്കറ്റ് സിനിമയ്ക്ക് ലഭിക്കുന്നത്.
റിമയുടെ വാക്കുകൾ
‘ഒരു സിനിമയുടെ സെൻസറിങ് നിരോധിക്കണമെങ്കിൽ അതിന്റെ നിയമങ്ങളെ ലംഘിക്കുന്നതുകൊണ്ടാകാം. എന്നാൽ ആ കാരണങ്ങൾ കൊണ്ടൊന്നുമല്ല ഇവിടെയുള്ള സിനിമകളുടെ സെൻസറിങ് നിഷേധിക്കുന്നത്. ജനാധിപത്യ രാജ്യത്തിൽ ഇതെന്തുകൊണ്ട് സംഭവിക്കുന്നു.
സുരാജേട്ടന്റെ തുട കാണിച്ചതാണ് സെൻസർ ബോർഡിന്റെ ആദ്യപ്രശ്നം. ഇക്കാര്യം ഞാൻ എന്റെ സുഹൃത്തിനോട് പറയുകയുണ്ടായി. അപ്പോൾ അവള്‍ ചോദിച്ചു ‘പുലിമുരുകനില്‍ തുട കാണിച്ചതിന് കുഴപ്പമില്ലേ’ എന്ന്. അപ്പോഴാണ് നമ്മള്‍ അങ്ങനെ ഒരു കാര്യമുണ്ടല്ലോ എന്ന് ചിന്തിക്കുന്നത്. നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മള്‍ ജനാധിപത്യത്തിലല്ല ജീവിക്കുന്നത് എന്നാണ്. ഞങ്ങള്‍ ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്നത്.’
മറ്റു സിനിമകൾക്കൊന്നും ബാധിക്കാത്ത പ്രശ്നമാണ് ആഭാസത്തിന് സംഭവിച്ചതെന്നും താരങ്ങളുടെയോ വലിയ സംവിധായകരുടെയോ സിനിമകളിൽ ഇത്തരം രംഗങ്ങൾ ഉൾക്കൊളളുന്നതിൽ ഇവർക്ക് പ്രശ്നമില്ലെന്നും റിമ പറയുന്നു.
‘ഞങ്ങളുടെ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകാൻ ശ്രമിക്കുന്ന ചേച്ചിമാരോട്’
സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം.
സിനിമയുടെ സെൻസറിങുമായി ബന്ധപ്പെട്ട വിവാദത്തിന്റെ സമയത്ത് ജുബിത് നൽകിയ പ്രതികരണം താഴെ–
കൃത്യമായ ചില രാഷ്ട്രീയം വെച്ചുപുലര്‍ത്തിക്കൊണ്ടാണ് സെന്‍സര്‍ബോര്‍ഡ് കത്രിക വെക്കുന്നത് എന്ന് സംവിധായകൻ പറയുന്നു. ‘സെന്‍സര്‍ബോര്‍ഡിന്‍റേത് തീരുമാനിച്ചുറപ്പിച്ച നയമാണ്. എ സർട്ടിഫിക്കറ്റ് നൽകാൻ മാത്രം വയലൻസോ സെക്സ് രംഗങ്ങളോ ഒന്നും തന്നെ ഈ സിനിമയിലല്ല. കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന രീതിയിലുള്ള സിനിമയാണ് ആഭാസം. സിനിമയുടെ പേര് നോക്കി മുൻവിധിയോട് കൂടി സമീപിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.’–ജുബിത് പറയുന്നു.
‘ശ്രീനാരായണ ഗുരുവിന്‍റേത് എന്ന പേരില്‍ ചിത്രത്തില്‍ ഉപയോഗിച്ച ഒരു ഉദ്ധരണി ആണ് സെന്‍സര്‍ബോര്‍ഡ് ചൂണ്ടിക്കാണിച്ച ഒരു കാര്യം. രണ്ടിടങ്ങളില്‍ ഗാന്ധിയെക്കുറിച്ച് വിദൂരമായൊരു സൂചന നല്‍കുന്നതാണ് മറ്റൊരു കാര്യം. ഗുരുവിനോട് തമാശ വേണ്ട എന്നായിരുന്നു ഒരു ബോര്‍ഡ് അംഗം പറഞ്ഞത്. മറ്റൊരു രംഗത്ത് സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച കഥാപാത്രത്തിന്‍റെ തുട കാണുന്നുവെന്നും ആ രംഗം വന്നപ്പോൾ സെൻസർ ബോർഡിലെ സ്ത്രീ അംഗങ്ങൾ തലതാഴ്ത്തിയിരിക്കുകയായിരുന്നു എന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇങ്ങനെയുള്ള ന്യായങ്ങളാണ് അവർ പറയുന്നത്. എ സർട്ടിഫിക്കറ്റ് നൽകിയാൽ സിനിമയുടെ ഗതി എന്താകും. തിയറ്ററിൽ ആരുകാണാൻ. സാറ്റലൈറ്റ് പോലും ലഭിക്കില്ല. സിനിമയെ തകർക്കുകയാണോ ഉദ്ദേശം.’–ജുബിത് പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ തെരഞ്ഞത് ഈ ഫോട്ടോഗ്രാഫറെയാണ് , വെറും ഫോട്ടോഗ്രാഫറല്ലാ , വവ്വാൽ ഫോട്ടോഗ്രാഫർ.
തൃശൂർ സ്വദേശി വിഷ്ണുവാണ് മനോഹരമായ ചിത്രങ്ങൾ ലഭിക്കുവാനായി മരത്തിൽ തൂങ്ങിക്കിടന്ന് ‘അൽപം‘ സാഹസികത കാട്ടിയത്. വരന്റെയും,വധുവിന്റെയും ചിത്രങ്ങളെടുക്കാൻ വിഷ്ണു തലകീഴായി കിടന്നപ്പോൾ ചുറ്റുമുള്ളവർ പകർത്തിയത് വിഷ്ണുവിന്റെ ചിത്രങ്ങളാണ്.
ചിത്രം പകർത്തിയതിനു ശേഷം ക്യാമറ വരന്റെ കൈയ്യിൽ നൽകുന്നതും, ശേഷം ഫോട്ടോഗ്രാഫർ സുരക്ഷിതമായി താഴേക്ക് ഇറങ്ങിവരുന്നതുമൊക്കെ പരിസരത്തു നിന്ന മറ്റ് ‘ഫോട്ടോഗ്രാഫർമാരും‘ പകർത്തി.ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിറഞ്ഞതോടെ ഈ വവ്വാൽ ഫോട്ടോഗ്രാഫർക്ക് കൈയ്യും,മനസ്സും നിറച്ച് ‘സ്മൈലി‘യും കിട്ടി.
ഹെലിക്യാം ഉപയോഗിച്ച് സ്റ്റിൽ ഫോട്ടോ എടുക്കുമ്പോൾ വേണ്ടത്ര ‘പെർഫെക്‌ഷൻ’ കിട്ടാത്തതിനാലാണ് വവ്വാൽ ക്ലിക്ക് വേണ്ടി വന്നതെന്നാണ് വിഷ്ണുവിന്റെ അഭിപ്രായം.
ഇരുപത്തിമൂന്നുകാരനായ വിഷ്ണുവിനു വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാൻസ് സ്റ്റുഡിയോ കൂട്ടായ്മയിലാണു ജോലി. തൃശൂർ തൃത്തല്ലൂർ സ്വദേശി.ടൈൽ പണിക്കാരനായ രവീന്ദ്രന്റെ മകൻ വിഷ്ണു പ്ലസ്ടു കഴിഞ്ഞപ്പോൾ ഇലക്ട്രോണിക്സ് ഡിപ്ലോമയാണ് പഠിച്ചത്. പിന്നീട് ഇഷ്ടം ഫൊട്ടോഗ്രഫിയിലേക്കു തിരിഞ്ഞു. അമ്മ മണി തയ്യൽ ടീച്ചറാണ്.
എന്തായാലും വവ്വാൽ ക്ലിക്കിലൂടെ സോഷ്യൽ മീഡിയ പ്രശസ്തരാക്കിയ വേറെ രണ്ട് പേർ കൂടിയുണ്ട്.മറ്റാരുമല്ല ദുബായിൽ മെയിൽ നഴ്സായ തൃശൂർ പെരിങ്ങോട്ടുകര സ്വദേശി ഷെയ്സ് റോബർട്ടും, എം.കോം വിദ്യാർഥിനിയായ നവ്യയും, ഇവരായിരുന്നു ആ വവ്വാൽ ക്ലിക്കിലെ ദമ്പതികൾ.
ഷാർജ: യുഎഇയിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറയിൽ ഒളിപ്പിച്ചു. ഷാർജയിലെ വീട്ടിൽനിന്നാണ് ഇവരുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്‍പായിരുന്നു കൊലപാതകമെന്നാണു സൂചന. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വീടിന്റെ തറയ്ക്കടിയിൽ ഒളിപ്പിച്ച മൃതദേഹം പോലീസ് നായകളെ ഉപയോഗിച്ചാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് ഇവരെ കൊലപ്പെടുത്തി മൃതദേഹം തറയിൽ ഒളിപ്പിച്ചതാണെന്നു പോലീസ് കരുതുന്നു. മലയാളിയായ ഇയാൾ കേരളത്തിലേക്കു കടന്നതായി പോലീസ് സ്ഥിരീകരിച്ചു. വീടിന്റെ മുൻവശത്ത് വീട് വാടകയ്ക്കു നൽകും എന്ന ബോർഡ് തൂക്കിയശേഷമാണ് ഇയാൾ നാടുവിട്ടത്.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ നൽകിയ പരാതിയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. സഹോദരൻ എല്ലാ ദിവസവും കൊല്ലപ്പെട്ട യുവതിയുമായി സംസാരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യുവതി ഫോണ്‍ വിളികൾക്കു പ്രതികരിക്കാതായതോടെ ഇയാൾ കേരളത്തിൽനിന്നു ഷാർജയിലെത്തിയാണു പരാതി നൽകിയത്.
യുവതിയുടെ ഭർത്താവിനെ പോലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കെതിരേ ഇന്റർപോൾ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി ഷാർജ പോലീസ് അറിയിച്ചു. സംശയത്തിന്റെ നിഴലിൽനിൽക്കുന്ന മലയാളിക്ക് മറ്റൊരു ഭാര്യകൂടിയുണ്ട്. കൊലപാതകത്തിനു മുന്‍പുതന്നെ ഇയാൾ ഈ സ്ത്രീയെയും രണ്ടു കുട്ടികളെയും കേരളത്തിലേക്ക് അയച്ചിരുന്നതായാണു പോലീസിനു ലഭിച്ചിരിക്കുന്ന സൂചന.