Latest News

മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് വാങ്ങാനെത്തിയ  മമ്മൂട്ടിയെ സംഘാടകര്‍ അപമാനിച്ച സംഭവത്തില്‍ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നു.  ഹൈദരബാദില്‍ വച്ച് നടന്ന 63ാം ഫിലിം ഫെയര്‍ പുരസ്‌കാര ദാന ചടങ്ങിനിടെയാണ് മമ്മൂട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ നടന്നത്.

നോമ്പ് കാലമാണെന്നും നോമ്പ് നോറ്റിരിക്കുന്നതിനാല്‍ തന്നെ നേരത്തെ വിടുന്ന തരത്തില്‍ അവാര്‍ഡ്‌ ദാനം പ്ലാന്‍ ചെയ്യണമെന്നും മമ്മൂട്ടി സംഘാടകരോട് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ ഈ അപേക്ഷ സംഘാടകര്‍ അംഗീകരിക്കുകയും ചെയ്തു. താരത്തെ നോമ്പ് തുറയുടെ സമയത്തിനു മുന്പ് വിടാമെന്നും ഉറപ്പുനല്‍കിയിരുന്നു. പക്ഷെ അവാര്‍ഡ്‌ ദാന പരിപാടിയില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

സംഘാടകര്‍ നേരത്തെ എഴുതി തയ്യാറാക്കിയ ക്രമത്തിലാണ് താരങ്ങളെ അവാര്‍ഡ് നല്‍കാനായി വിളിച്ചത്. മമ്മൂട്ടിയുടെ പേര് അവസാനമായിരുന്നു ഉണ്ടായിരുന്നത്. അവാര്‍ഡ്‌ വാങ്ങേണ്ട സമയമായപ്പോഴേക്കും നോമ്പ് തുറക്കേണ്ട സമയം കഴിഞ്ഞു പോയിരുന്നു. വേദിയിലും സദസ്സിലുമായി ഉണ്ടായിരുന്ന പ്രമുഖ താരങ്ങളെല്ലാം അപ്പോഴേക്കും അവാര്‍ഡ്‌ ഏറ്റുവാങ്ങി പോയിരുന്നു. നോമ്പ് കാലമായതിനാല്‍ ആരാധകരും നേരത്തെ സ്ഥലം വിട്ടു. അവസാനം ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ നിന്നാണ് താരം പുരസ്‌കാരം ഏറ്റു വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കാന്‍ പഞ്ചായത്തിന്റെ അനുമതി വേണമെന്ന നിയമം സര്‍ക്കാര്‍ എടുത്തുകളയുന്നു. ഇതിനായി പഞ്ചായത്തീരാജ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മദ്യശാലകള്‍ ആരംഭിക്കാന്‍ പഞ്ചായത്തുകളുടെ എന്‍ഒസി നിര്‍ബന്ധമാക്കുന്ന നിയമഭേദഗതി കൊണ്ടുവന്നത്.

സുപ്രിം കോടതി വിധിയെ തുടര്‍ന്ന് പൂട്ടിയ ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള ശ്രമം പലസ്ഥലങ്ങളിലും പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് സാധിച്ചിരുന്നില്ല. പലസ്ഥലങ്ങളിലും പഞ്ചായത്തുകള്‍ അനുമതിയും നല്‍കിയില്ല. ഇത് സംസ്ഥാന സര്‍ക്കാരിന് ചെറുതല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

മദ്യശാലകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ബിവ്‌റിജസ് കോര്‍പ്പറേഷന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായത്തുകളുടെ എന്‍ഒസി നിര്‍ബന്ധമാക്കുന്ന നിയമം എടുത്തുകളയാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ദേശീയ പാതയോരങ്ങളിലെ പൂട്ടിയ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അരൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കുറ്റിപ്പുറം ദേശീയപാതയിലെ നാല്‍പ്പതോളം മദ്യശാലകള്‍ തുറക്കും.

അരൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കുറ്റിപ്പുറം പാതകളുടെ ദേശീയപദവി എടുത്തുകളഞ്ഞ 2014 ലെ ദേശീയപാതാ അതോറിറ്റിയുടെ വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

മോസ്‌കോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച റഷ്യന്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വിമാനത്തിലെ ഒരു ജീവനക്കാരന്റെ സമയോജിത ഇടപെടലിലാണ് വന്‍ ദുരന്തം ഒഴിവായത്. വിമാനത്തിന്റെ പൈലറ്റ് സംഭവം ഉടൻ പൊലീസിൽ അറിയിക്കുകയും വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ് പിടികൂടുകയുമായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രികരെ പരിഭ്രാന്തിയിലാക്കിയതിന് 50,000 രൂപ പിഴ വിധിച്ചു. എന്നാല്‍ ഇയാള്‍ എന്തിനാണ് യാത്രയ്ക്കിടയില്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നതിനു വ്യക്തമായ മറുപടി കോടതിയിലും പറഞ്ഞില്ല.

ലാന്‍ഡിങ്ങിനിടെ ബ്രേക്ക് സംവിധാനം കേടായ ഇന്തോനേഷ്യന്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. 146 യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. കിഴക്കന്‍ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് സംഭവം. ആഭ്യന്തര സര്‍വീസ് നടത്തുന്ന ശ്രിവിജയാ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഗതാഗത മന്ത്രാലയ വക്താവ് ജെ.അദ്രാവിദ ബരാത പറഞ്ഞു. വിമാനത്തില്‍നിന്ന് യാത്രക്കാരെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന്  മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു. അപകടത്തില്‍പ്പെട്ട വിമാനം സ്ഥലത്തുനിന്നു മാറ്റിയശേഷമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.

കശാപ്പ് നിരോധനത്തിൽ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് കേരള ഹൈക്കോടതി. കാലികളെ കശാപ്പിനായി കന്നുകാലി ചന്തകളിൽ വിൽ‌ക്കുന്നതാണ് കേന്ദ്രം നിരോധിച്ചതെന്നും ഒരാൾക്കു തന്റെ വീട്ടിലുള്ള കന്നുകാലികളെ കശാപ്പിനായി വിൽക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. കന്നുകാലികളെ വില്‍ക്കരുത്, കൊല്ലരുത് എന്ന് ഉത്തരവില്‍ പറയുന്നില്ല. കന്നുകാലി വിൽപ്പന വഴിവക്കില്‍ നിന്നോ വീട്ടില്‍ നിന്നോ നടത്താം. അതിനു ചന്തയില്‍ പോവേണ്ടതില്ലല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതോടെ പരാതിക്കാരന്‍ ഹരജി പിന്‍വലിച്ചു.

ചട്ടങ്ങൾ വായിച്ചുനോക്കാതെയാണ് പലരും ഇക്കാര്യത്തിൽ പ്രതിഷേധം നടത്തുന്നതെന്നും നിരോധനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതായും കോടതി പറഞ്ഞു. കശാപ്പ് നിരോധന വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന മന്ത്രിസഭായോ​ഗം തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ നിലപാട് പുറത്തുവരുന്നത്.

കഴിഞ്ഞദിവസം യൂത്ത് കോൺ​ഗ്രസ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി ജി സജി നൽകിയ ഹർജി പരിഗണിച്ച കോടതി കേന്ദ്രത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

സംസ്ഥാന പരിധിയിൽ വരുന്ന വിഷയത്തിൽ കേന്ദ്രം ഇടപെടുകയാണെന്ന് ഹരജിയിന്മേൽ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഇത് ഭക്ഷണത്തെ ബാധിക്കുന്ന വിഷയം കൂടിയാണെന്നും കേന്ദ്രത്തിന്റെ നിലപാടിൽ വിയോജിപ്പ് അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു.

കോടതിയുടെ നിരീക്ഷണം കേന്ദ്രത്തിനു അനൂകൂലമായ സാഹചര്യത്തിൽ സുപ്രീംകോടതി ഇക്കാര്യത്തിൽ എന്തു നിലപാടെടുക്കും എന്നാണ് കേരളം ആശങ്കയോടെ കാത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോ​ഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ തീരുമാനം കൈക്കൊള്ളാന്‍ നാളെ പ്രത്യേക മന്ത്രിസഭായോഗവും വിളിച്ചിട്ടുണ്ട്. നിരോധത്തിനെതിരേ എന്തൊക്കെ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് നാളത്തെ യോഗം ചര്‍ച്ച ചെയ്യും.

യുവാവ് കുത്തേറ്റുമരിച്ച സംഭവത്തില്‍ സഹോദരിയെ പോലീസ് അറസ്റ്റ്‌ചെയ്തു. കായംകുളം പുള്ളിക്കണക്ക് തെക്കേമങ്കുഴി പാക്ക് കണ്ടത്തില്‍ മോഹനന്റെ മകന്‍ അജീഷ് (28) കുത്തേറ്റു മരിച്ച കേസിലാണ് അജീഷിന്റെ സഹോദരി അഞ്ജു(24)വിനെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ അഞ്ജു വാടകയ്ക്കു താമസിയ്ക്കുന്ന പുള്ളിക്കണക്ക് പേരൂര്‍മുക്കിന് സമീപത്തെ അരുണോദയം വീട്ടിലായിരുന്നു സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ:

അജീഷുമായി അടുപ്പമുള്ള യുവതിക്കു വീടുപണിക്കായി മൂന്നര വര്‍ഷം മുന്‍പ് അഞ്ജു ഒന്നര ലക്ഷം രൂപ കടം കൊടുത്തിരുന്നു. പലതവണ ചോദിച്ചിട്ടും യുവതി പണം തിരികെ നല്‍കിയില്ല. വിദേശത്തു ജോലി ചെയ്യുന്ന പ്രശാന്ത് ഒരാഴ്ച മുന്‍പു നാട്ടിലെത്തിയപ്പോള്‍ പണം തിരികെ നല്‍കാത്തതിനെ ചൊല്ലി യുവതിയുമായി സംസാരമുണ്ടായി.

പ്രശാന്ത് നിരന്തരം ശല്യം ചെയ്യുന്നതായി യുവതി അജീഷിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാനായാണ് അജീഷ് കഴിഞ്ഞ ദിവസം രാത്രി സഹോദരിയുടെ വീട്ടിലെത്തിയത്. ഇവിടെവച്ച് അജീഷും പ്രശാന്തുമായി വാക്കുതര്‍ക്കമുണ്ടായി. ഭീഷണി മുഴക്കി മടങ്ങിയ അജീഷ് സുഹൃത്തിന്റെ ബൈക്കില്‍ വീണ്ടുമെത്തുകയായിരുന്നു. അജീഷ് വരുന്നതു കണ്ടു ഭര്‍ത്താവിനെ മുറിക്കുള്ളിലാക്കി അഞ്ജു വാതിലില്‍ തടസ്സം നിന്നു. വടിവാളുമായി എത്തിയ അജീഷ് അഞ്ജുവിനെ മര്‍ദിച്ചു. ഇതിനിടെ ഭര്‍ത്താവ് വിദേശത്തു നിന്നു കൊണ്ടുവന്ന കറിക്കത്തി എടുത്ത് അഞ്ജു അജീഷിന്റെ പുറത്തു കുത്തുകയായിരുന്നു. കൊല്ലപ്പെട്ട അജീഷ് നിരവധി കേസുകളില്‍ പ്രതിയാണ്.

കുത്തേറ്റ അജീഷിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു. പുറത്ത് ആഴത്തില്‍ കുത്തേറ്റതാണു മരണ കാരണം. രാത്രിയില്‍തന്നെ അഞ്ജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യംചെയ്യലിനു ശേഷം ഇന്നലെ വൈകുന്നേരത്തോടെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജര്‍മനിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തിയ സന്തോഷത്തിലാണ് നടി പ്രിയങ്ക ചോപ്ര. ബെര്‍ലിനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ഥമാണ് പ്രിയങ്ക ബര്‍ലിനിലെത്തിയത്.

പ്രധാനമന്ത്രിക്കൊപ്പമുള്ള തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചാണ് മോദിയെ കണ്ടതിലുള്ള ആഹ്ലാദം പ്രിയങ്ക ആരാധകര്‍ക്കൊപ്പം പങ്കുവച്ചത്. തനിക്ക് വേണ്ടി അല്‍പം സമയം മാറ്റിവയ്ക്കാന്‍ തയ്യാറായ പ്രധാനമന്ത്രിയോട് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി പറയുകയും ചെയ്തു. പ്രധാനമന്ത്രിക്കൊപ്പമുള്ള പ്രിയങ്കയുടെ ചിത്രം വൈറലായതോടെ അഭിനന്ദനങ്ങള്‍ക്ക് മാത്രമല്ല, വിചിത്രമായ വിമര്‍ശനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും പഞ്ഞമുണ്ടായില്ല. മോദിയെ കണ്ടതിനെ ചിലര്‍ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ കളിയാക്കിയത് താരത്തിന്റെ വസ്ത്രധാരണത്തെയാണ്.

പ്രധാനമന്ത്രിയെപ്പോലെ രാജ്യത്തെ പ്രമുഖ വ്യക്തികളെ കാണുമ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് മോശമാണെന്നും കാലെങ്കിലും മറയ്ക്കാന്‍ താരം ശ്രദ്ധിക്കണമായിരുന്നുവെന്നുമായിരുന്നു വിമര്‍ശം. ഉപദേശങ്ങളും വിമര്‍ശവും കടുത്തപ്പോള്‍ പ്രിയങ്ക മറ്റൊരു ചിത്രമിട്ടാണ് അതിനൊക്കെ മറുപടി നല്‍കിയത്. ബെര്‍ലിനിലെ ഒരു പാര്‍ട്ടിയില്‍ അമ്മയ്ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് പ്രിയങ്ക പോസ്റ്റ് ചെയ്തത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാണ് പ്രിയങ്കയും അമ്മയും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. നീണ്ടതും മനോഹരവുമായ കാലുകള്‍ എന്നൊരു കുറിപ്പുമുണ്ട് ചിത്രത്തിന്.

 

തിരുവനന്തപുരം: ജയിലിനുള്ളില്‍ തടവുകാരെക്കൊണ്ട് നടത്തുന്ന കശാപ്പിനോട് തനിക്ക് യോജിപ്പില്ലെന്ന് ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ. കത്തിയും രക്തവുമൊക്കെയാണ് അവരെ തടവുകാരാക്കിയത് അങ്ങനെയുള്ള അവരെ കശാപ്പിന്റെ പേരില്‍ വീണ്ടും അത്തരം പ്രവൃത്തികളിലേക്ക് നയിക്കുന്നത് ശരിയല്ല. നെട്ടുകാല്‍ത്തേരിയിലുള്ള തുറന്ന ജയിലില്‍ തടവുകാര്‍ കശാപ്പ് ചെയ്യുന്ന മാംസം ഉപയോഗിച്ചാണ് സെന്‍ട്രല്‍ ജയില്‍ വഴിയുള്ള ജയില്‍ വകുപ്പിന്റെ മാംസാഹാര വില്‍പ്പന. അതിനാല്‍ തന്നെ ജയില്‍ മെനുവില്‍ നിന്നും മട്ടനൊഴിവാക്കി ചിക്കനും മുട്ടയും ആക്കുന്നത് പരിഗണനയിലാണെന്നും ഡിജിപി പറഞ്ഞു.

നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ താറാവ് ഫാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ജയില്‍ മേധാവിയുടെ പ്രതികരണം. പശുവും കോഴിയും ആടുമടക്കം നിരവധി വളര്‍ത്തുമൃഗങ്ങളെ നെട്ടുകാല്‍ത്തേരിയിലെ തടവുകാരുടെ നേതൃത്വത്തില്‍ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ മാംസത്തിനായി ഇവയെ കൊല്ലുന്നതിലൂടെ തടവുകാരുടെ മനസ്സില്‍ വീണ്ടും ക്രൂരമായ ചിന്താഗതി വളരാന്‍ സാധ്യതയുണ്ട്. അതിനാലാണ് താറാവ് ഫാമിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ മുട്ടത്താറാവുകള്‍ മതിയെന്ന അഭിപ്രായം താന്‍ മുന്നോട്ട് വെച്ചതെന്നും ആണ്‍ താരാവുകളാണെങ്കില്‍ അവയേയും മാംസത്തിനായി കശാപ്പ് ചെയ്യുന്നത് ഒഴിവാക്കാനായാണ് ഇങ്ങനൊരു തീരുമാനത്തില്‍ എത്തിയതെന്നും ഡിജിപി വ്യക്തമാക്കി.

നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ തടവുകാര്‍ക്ക് പൊതുവേ മറ്റു ജയിലുകളേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പക്ഷേ പുറത്തുള്ള ആള്‍ക്കാരുമായി തടവുകാര്‍ രഹസ്യബന്ധം നടത്തുന്നതായും ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് നല്‍കുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന നടപടിയാണെന്നും ഇത്തരം കാര്യങ്ങള്‍ ഇനിയും ശ്രദ്ധയില്‍ പെട്ടാല്‍ ജയിലില്‍ മൊബൈല്‍ ജാമര്‍ ഘടിപ്പിക്കുന്നതടക്കമുള്ള ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഡിജിപി വ്യക്തമാക്കി.

തിരുവനന്തപുരം: വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ച് ഐഎസ് ഭീകരര്‍ മലയാളത്തില്‍ പ്രചാരണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഈ മാസമാദ്യമാണ് കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റഷീദാണ് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് എന്നാണ് വിവരം.

എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷീദ് രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ഓരോന്നിയും ഇരുന്നൂറോളം പേരെ അംഗങ്ങളാക്കിയെന്നും ഇതുവഴി ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
ഗ്രൂപ്പുകളിലെ സന്ദേശങ്ങളില്‍ അധികവും മലയാളത്തിലുള്ള വോയ്‌സ് മെസേജുകളാണ്. മെസേജിങ് ആപ്പായ ടെലിഗ്രാം വഴിയും ഇത്തരത്തില്‍ ഐഎസ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേരത്തേ ടെലിഗ്രാം വഴി മാത്രമായിരുന്നു ഐഎസില്‍ ചേര്‍ന്നവര്‍ സന്ദേശം അയച്ചിരുന്നത്.
ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉടനെ പലരും ഗ്രൂപ്പില്‍ നിന്ന് പുറത്തുവന്നതിനാല്‍ സന്ദേശങ്ങള്‍ ലഭിക്കാതെ പോയിട്ടുണ്ടെന്നും എന്നാല്‍ സന്ദേശങ്ങള്‍ ലഭിച്ചവര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വോയ്‌സ് സന്ദേശങ്ങളെ എന്‍ഡിടിവി തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുമുണ്ട്. അതിലൊന്ന് ഇങ്ങനെ: ‘എന്‍ഐഎക്ക് ഞങ്ങളെ കുറിച്ച് ഒരറിവുമില്ല. അവര്‍ പറയുന്നത് റഷീദ് മരിച്ചെന്നാണ്. ഞാന്‍ റഷീദാണ്. നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നതുപോലെ മരണത്തെ സ്‌നേഹിക്കുന്നവരാണ് ഞങ്ങള്‍.’
മറ്റൊരു വോയ്‌സ് സന്ദേശത്തില്‍ സമാധനപരമായ പ്രാര്‍ത്ഥനകളല്ല ജിഹാദാണ് ആവശ്യമെന്നും ഇസ്ലാമിനായി ജിഹാദികളാകണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.
കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്നെന്ന് കരുതപ്പെടുന്ന ആളാണ് അബ്ദുല്‍ റഷീദ്. കേരളത്തിലെ 21 പേരെ ഐഎസില്‍ ചേര്‍ത്തത് ഇയാളാണെന്നാണ് എന്‍ഐഎ പറയുന്നത്

വര്‍ഷങ്ങള്‍ക്കു മുന്പ് മലയാളത്തില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രം സമ്മര്‍ ഇന്‍ ബത്‌ലഹേം കണ്ടവരെല്ലാം ചിന്തിക്കുന്ന ഒരു ചോദ്യമുണ്ട്. ജയറാമിന് ആ പൂച്ചയെ അയച്ച കാമുകി ആരായിരിക്കും. ചിത്രത്തിന്റെ ആരംഭ ഭാഗത്തിലും ക്ലൈമാക്‌സിലുമാണ് ജയറാമിന് കാമുകിയെന്ന് പറയപ്പെടുന്ന നായിക പൂച്ചയെ അയക്കുന്നത്. പൂച്ചയെ അയച്ച കാമുകിയെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ അവസാനഭാഗം വരെ ജയറാമിനും കൂട്ടര്‍ക്കും അതിന് സാധിക്കുന്നില്ല. ഈ സസ്‌പെന്‍സ് തന്നെയായിരുന്നു ചിത്രത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്.

1998ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ ക്ലൈമാക്സ് രംഗം ഇന്നും ചര്‍ച്ചാവിഷയമാണ്. സുരേഷ്‌ഗോപി, ജയറാം, മഞ്ജുവാര്യര്‍, മോഹന്‍ലാല്‍ എന്നിവല്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. സിനിമയുടെ അവസാനം ജയറാമിന് പൂച്ചയെ അയക്കുന്നത് നാലു കസിന്‍സില്‍ ആരാണെന്ന് ഇതുവരെയും അറിയില്ല.

ഈ സംഗതിയെക്കുറിച്ച് ചിത്രത്തിലെ നായികമാരിലൊരാളായ ശ്രീജയ പറയുന്നത് ഇങ്ങനെയാണ്.”ഇന്നും ആളുകള്‍ എന്നോടു ചോദിക്കുന്ന കാര്യമാണിത്. സത്യം പറയട്ടെ, അതാരാണെന്ന് എനിക്കുമറിയില്ല. രഞ്ജിയേട്ടന്‍ ഒരിക്കലും സ്‌പെസിഫിക്കായി ഒരാളെ എടുത്ത് പറഞ്ഞിട്ടില്ല. കഥയെഴുതിയ രഞ്ജിയേട്ടന് മാത്രമേ അറിയൂ ആ അജ്ഞാത കാമുകി ആരാണെന്ന്”.

നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്താന്‍ പോകുകയാണ്  ശ്രീജയ. ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമ്മര്‍ ഇന്‍ ബത്ലഹേമിലെ അജ്ഞാതകാമുകിയെക്കുറിച്ച് ശ്രീജയ പറഞ്ഞത്. എന്തായാലും ശ്രീജയയുടെ വാക്കുകള്‍ ആളുകളെ വീണ്ടും ബത്‌ലഹേമിലെ സമ്മര്‍ ഓര്‍മ്മിപ്പിക്കുകയാണ്.

വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും ഇന്നും ശ്രീജയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു. വിവാഹശേഷം ശ്രീജയ ബാംഗ്ലൂര്‍ സെറ്റില്‍ഡാണ്. അവിടെ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നു. മദന്‍ നായര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ബിസിനസ്സുകാരനാണ്. ഒരു മകള്‍ മൈഥിലി. നൃത്തിന്റെ തിരക്കുകള്‍ക്കൊപ്പം കുടുംബത്തിന്റെ തിരക്കും നിറഞ്ഞ സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശ്രീജയ.

Copyright © . All rights reserved