Latest News

കൊച്ചി: പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനലിനെതിരേ നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ തീവ്രവാദികളുടെ ഇടപെടലുണ്ടായെന്ന നിലപാടിലുറച്ച് പോലീസ്. ഇത് സംബന്ധിച്ച് ഷാഡോപോലീസിന്റെ സഹായത്തോടെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്കു കൈമാറി.മംഗലാപുരത്തുനിന്നും തൃശ്ശൂരില്‍ നിന്നുമായി എത്തിയ പത്തംഗ സംഘമാണ് സമരത്തിന്റെ ഗതി നിയന്ത്രിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇവരില്‍ രണ്ടു പേര്‍ മൂന്നാര്‍ സമരത്തിലും ഉണ്ടായിരുന്നതായി  രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സമാധാനപരമായി നടന്നു വരികയായിരുന്ന സമരത്തിന്റെ സ്വഭാവം 119-ാം ദിവസം പൊടുന്നനെ മാറിയതിന്റെ പിന്നിലും ഇവരുടെ പങ്ക് നിര്‍ണ്ണായകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുവൈപ്പ് ഉള്‍പ്പടെയുള്ള തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുടെ പങ്കും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. മംഗലാപുരം സ്വദേശികളായി ആറുപേരെ പൊലീസ് ഞാറാഴ്ച വരെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതില്‍ ഏതാനം പേര്‍ മുടിയും താടിയും നീട്ടി വളര്‍ത്തിയവരാണ്. എന്നാല്‍ ഷാഡോ പൊലീസ് ഇവരോട് നേരിട്ട് സംസാരിച്ച് തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചപ്പോള്‍, രേഖകള്‍ വീട്ടിലാണെന്നും, സമരം നടക്കുന്നത് അറിഞ്ഞെത്തിയവരാണ് തങ്ങളെന്നും, പുതുവൈപ്പ് സ്വദേശികളുടെ ബന്ധുക്കളാണെന്നുമാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഞായറാഴ്ച വൈകിട്ടോടെ ഇവര്‍ സമരകേന്ദ്രത്തില്‍ നിന്നും അപ്രത്യക്ഷരായതോടെയാണ് സംശയമുണര്‍ന്നത്.

ഇവരില്‍ ഓരോരുത്തരെയും മൂന്ന് ഉദ്യോഗസ്ഥര്‍ വരെയാണ് നിരീക്ഷിച്ചത്. ഇവരിലൊരാളാണ് മാര്‍ച്ചിന് നേരെയുണ്ടായ കല്ലേറിന് തുടക്കമിട്ടതെന്നും സൂചനയുണ്ട്. ടെര്‍മിനല്‍ പ്രാവര്‍ത്തികമാകുന്നതോടെ ഏറ്റവുമധികം നഷ്ടം ഉണ്ടാകുക മംഗലപുരത്ത് നിന്ന് കൊച്ചിയില്‍ ഗ്യാസ് എത്തിക്കുന്ന ടാങ്കര്‍ ലോറി ഉടമകള്‍ക്കായിരിക്കും. വര്‍ഷം കോടികളുടെ നേട്ടമാണ് ടാങ്കര്‍ ലോബിക്ക് ഇതിലൂടെ ലഭിച്ചുവരുന്നത്. എല്‍.പി.ജി ടെര്‍മിനല്‍ പ്രാവര്‍ത്തികമാകുന്നതോടെ ഈ ഇനത്തില്‍ ലഭിക്കുന്ന വരുമാനം ടാങ്കര്‍ ലോബിക്ക് നഷ്ടമാകും.

ഇതിനാല്‍ തീവ്രവാദ സംഘടനകളുടെ പിന്നില്‍ ടാങ്കര്‍ ലോറി മാഫിയയാണോ എന്ന ന്യായമായ സംശയവുമുണരുന്നു. സമരക്കാര്‍ക്ക് ആവശ്യമായ അരിയുള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ഇവര്‍ സൗജന്യമായി എത്തിച്ച് നല്‍കിയിരുന്നു. സമര നേതാക്കളുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ച് വരുകയാണ്. എന്നാല്‍ പുറത്ത് നിന്ന എത്തിയ തീവ്ര സംഘടനകളുടെ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരുടെ കയ്യിലും മൊബൈല്‍ ഫോണ്‍ ഇല്ലെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. പത്താം തീയതിയോടെ പുതുവൈപ്പിലെത്തിയ സംഘം വീടുകള്‍ കയറി ക്യാമ്പയിന്‍ നടത്തി അനാവശ്യഭീതിയുണ്ടാക്കി. ഇതാണ് പതിനാലാം തിയതിയോടെ സമരത്തിന്റെ സ്വഭവം മാറിയത്. ഇതിനു മുമ്പ്് ഇവര്‍ ഇവിടെ എത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചു വരികയാണ്.

മറ്റൊരു കാര്യം പുതുവൈപ്പ് പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും കഴിഞ്ഞ ഒരാഴ്ചക്കാലമായി ജോലിയ്‌ക്കൊന്നും പോകാതെ സമരത്തിലുണ്ട്. സര്‍ക്കാര്‍ പദ്ധതിയുമായി മുമ്പോട്ടു പോയാല്‍ ഇവിടെത്തന്നെ ജോലിയ്ക്കു കയറിപ്പറ്റാമെന്നും പലരും കണക്കുകൂട്ടുന്നു. പ്രദേശവാസികള്‍ക്ക് പദ്ധതിയില്‍ ജോലി നല്‍കണമെന്ന നിര്‍ദ്ദേശം ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന അനുരജ്ഞന ചര്‍ച്ചയില്‍ ഐ.ഒ.സി വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ ഉന്നയിക്കും. എന്നാല്‍ ഇത്തരം ആവശ്യത്തിന് വഴങ്ങേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം.

പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഹൈവേകള്‍ വഴിയുള്ള ടാങ്കര്‍ ലോറികളുടെ വരവ് അമ്പത് ശതമാനം എങ്കിലും കുറയുമെന്നാണ് ഐ.ഒ.സി വ്യക്തമാക്കുന്നത്. ദിവസേന ഏകദേശം നൂറ് ബുള്ളറ്റ് ട്രക്കുകളാണ് വീതി കുറഞ്ഞ രോഡുകളിലൂടെ കടന്നുപോകുന്നത്. കൊച്ചി റിഫൈനറിയില്‍ നിന്ന് നിര്‍ദ്ദിഷ്ട എല്‍പിജി ടെര്‍മിനിലേക്കും, ഉദയംപേരൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, എന്നിവടങ്ങളിലേക്കും പൈപ്പ് വഴി ബന്ധിപ്പിച്ചാല്‍ പാതകളില്‍ക്കൂടിയുള്ള ടാങ്കര്‍ ലോറികളുടെ വരവ് ഗണ്യമായി കുറയുമെന്നും ഐഒസി അധികൃതര്‍ പറയുന്നു. ഒരു ദിവസം നിര്‍മാണം നിര്‍ത്തിവെയ്ക്കുന്നത് മൂലം ഒരു കോടി രൂപയ്ക്കടുത്ത നഷ്ടമാണ് ഐഒസിക്ക് ഉണ്ടാകുന്നത്. ആഗോള നിലവാരത്തിലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മോദി കൊച്ചിയിലെത്തുന്ന തലേ ദിവസമാണ് പുതുവൈപ്പ് സമരം സംഘര്‍ഷത്തിലെത്തിയത്. ഹൈക്കോടതിക്ക് അടുത്ത് വരെ സമരക്കാരെത്തി. ഇവരെ അതിശക്തമായി ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കൈകാര്യം ചെയ്തതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് യതീഷ് ചന്ദ്രയെ ന്യായീകരിച്ചുകൊണ്ട്് ഡിജിപി സെന്‍കുമാര്‍ രംഗത്തെത്തുകയും ചെയ്തതോടെ സംഭവം ഇപ്പോള്‍ കത്തിപ്പടരുകയാണ്.

വാണിജ്യ നഗരിയായ ബത്ഹയിലെ ബത്​ഹ കോമേഴ്​സ്യൽ സെന്ററിന് തീപിടിച്ചപ്പോൾ എരിഞ്ഞമർന്നത് ഒരു കൂട്ടം കച്ചവടക്കാരുടെ പെരുന്നാൾ സ്വപ്നങ്ങൾ കൂടിയാണ്​​. പെരുന്നാൾ കച്ചവടത്തിനായി വലിയ തോതിൽ സ്റ്റോക് ചെയ്ത സാധനങ്ങളും പണവും കത്തി നശിച്ചു. അപ്രതീക്ഷിതമായി വന്നെത്തിയ ദുരന്തത്തിൽ തകർന്നിരിക്കുകയാണ് സ്ഥാപന ഉടമകൾ. കെട്ടിപ്പടുത്ത തങ്ങളുടെ ജീവിത സ്വപ്നങ്ങളിലേക്ക് അഗ്നി പടരുന്ന കാഴ്ച കണ്ണ് നിറയുന്നതാണ്. പെരുന്നാൾ ഒരുക്കങ്ങൾക്ക് തീ പിടിച്ചതോടെ ഇനി എങ്ങോട്ട് എന്ന ചോദ്യമാണ് കച്ചവടക്കാരുടെ മുഖത്ത്. ഇനി തുറക്കാനാകുമോ എന്ന ആശങ്കയും ചിലർ പങ്ക് വയ്ക്കുന്നുണ്ട്.

അതേസമയം, ആളപായമില്ല എന്നത് വലിയ ആശ്വാസവും നൽകുന്നുണ്ടെന്ന് സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു. കോമേഴ്​സ്യൽ സെന്ററിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നത്. ഈ ഭാഗങ്ങളിലെല്ലാം തുണിക്കടകളും ബ്ലാങ്കറ്റ്​ കടകളുമായതിനാൽ തീ വേഗം ആളിപ്പടർന്നു. ആദ്യ നിലയിലെ ചില ട്രാവൽ ഏജൻസികളിലേക്കും തീ പടർന്നു. തുടർന്ന് കെട്ടിടത്തിന് പുറത്തേക്ക് ആളുന്ന തീ നാളവും കറുത്ത പുകയും പൊങ്ങി തുടങ്ങി. ഞൊടിയിടയിൽ സിവിൽ ഡിഫൻസി​ന്റെ നേതൃത്വത്തിൽ നിരവധി അഗ്​നിശമന യൂണിറ്റുകളും പൊലീസും എത്തി തീയണക്കാൻ ശ്രമം ആരംഭിച്ചു. രാത്രി വൈകിയും തീയണക്കൽ ശ്രമം തുടർന്നു​. സെന്ററിൽ പ്രവർത്തിക്കുന്ന സ്​ഥാപനങ്ങളിലേറിയ പങ്കും തുണി, ബ്ലാങ്കറ്റ്​ കടകളായതിനാൽ തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. കെട്ടിടങ്ങൾ തിങ്ങി നിറഞ്ഞ ബത്ഹയിൽ തീ പടരാതെ നോക്കാൻ അഗ്നിശമന സേവന അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.

തീ പിടിച്ചതിന്റെ കാരണം വ്യക്​തമായിട്ടില്ല. ബത്​ഹയിലെ വളരെ പഴക്കവുമുള്ള ഷോപ്പിങ് മാളുകളിൽ ഒന്നാണ് ബത്ഹ കൊമേഴ്​സ്യൽ സെന്റർ. രണ്ടുനിലകളിലുള്ള മാളിന്റെ താഴത്തെ നിലയിൽ തുണിക്കടൾ, ബ്ലാങ്കറ്റ്​ കടകൾ, മിഠായിക്കടകൾ, ബൂഫിയ, സ്​റ്റേഷനറി കടകൾ, ബഖാല, പെർഫ്യൂം കടകൾ, ട്രാവൽ ഏജൻസികൾ തുടങ്ങിയവയാണുള്ളത്​. നൂറിലേറെ കടകളാണ്​ ഈ നിലയിൽ പ്രവർത്തിക്കുന്നത്​. വിശാലമായ നടുത്തളത്തിൽ ബാങ്ക്​ എടിഎമ്മുമുണ്ട്​. പല ഇടനാഴികളായി പിരിഞ്ഞ ഉൾവശത്ത്​ നിരനിരയായാണ്​ കടകൾ പ്രവർത്തിക്കുന്നത്​. ഇതിൽ ഒരു ഇടനാഴിയിൽ നിന്നാണ്​ തീ ആദ്യം കണ്ടത്​. പിന്നീട്​ നിമിഷങ്ങൾക്കുള്ളിൽ മറ്റിടനാഴികളിലേക്കും കടകളിലേക്കും തീ പടരുകയായിരുന്നു. നോമ്പു തുറക്കുന്ന സമയമായതിനാൽ കടകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് ആളപായങ്ങളൊന്നുമുണ്ടായില്ല​. മുകളിലെ നിലയിൽ ശ്രീലങ്കൻ, മലയാളി റസ്​റ്ററന്റുകളും നിരവധി ട്രാവൽ ഏജൻസികളും കമ്പ്യൂട്ടർ, ടൈലറിങ്​ ഷോപ്പുകളുമാണുള്ളത്​.

സംഭവമുണ്ടാകു​മ്പോൾ റസ്റ്ററന്റുകളിൽ മാത്രമാണ്​ ആളുകളുണ്ടായിരുന്നത്​. ക്ലാസിക്​ റസ്റ്ററന്റിൽ നോമ്പുതുറക്കാനെത്തിയ ആളുകൾ നിറയെ ഉണ്ടായിരുന്നെങ്കിലും താഴത്തെ നിലയിൽ പുക കണ്ടതോടെ എല്ലാവരേയും വേഗം ഒഴിപ്പിക്കുകയായിരുന്നെന്നും എല്ലാവരും സുരക്ഷിതരായി പുറത്തിറങ്ങിയെന്നും റസ്റ്ററന്റ് അധികൃതർ അറിയിച്ചു. അതേസമയം, ഒന്നാം നിലയിൽ ചില ട്രാവൽ ഏജൻസികൾ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്​. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികളിൽ സ്വദേശികളും വിദേശികളും ഉൾപ്പടെ പെരുന്നാൾ യാത്രകൾക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിനും, മറ്റും വാങ്ങി വെച്ച പാസ്പോർട്ടുകളും പണവും മറ്റ് രേഖകളുമുണ്ട്. ഇതെല്ലം എന്തായെന്നറിയാതെ കെട്ടിടത്തിന് പുറത്ത് നിൽക്കുകയാണ് സ്ഥാപന ഉടമകൾ. തീ പിടിത്തം ഉണ്ടായതോടെ കെട്ടിടത്തിനകത്തേക്ക് ആരെയും കടത്തിവിടുന്നില്ല. കെട്ടിടവും പരിസരവും സിവിൽ ഡിഫൻസിന്റെ നിയന്ത്രണത്തിലാണ്.

അതേസമയം, താഴത്തെ നിലയിൽ തീപടരാത്ത ഭാഗങ്ങളിൽ കടകളിൽ നിന്ന്​ ആളുകൾ സാധനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക്​ മാറ്റി കൊണ്ടിരിക്കുന്നുണ്ട്. രണ്ടുനിലകളിലും കൂടി 200 ഓളം സ്ഥാപനങ്ങളുള്ളതിനാൽ അനേകം പേരുടെ ഉപജീവനമാർഗങ്ങൾ കൂടിയാണ്​ പ്രതിസന്ധിയിലായത്​. മലയാളികളുടെ നിരവധി സ്​ഥാപനങ്ങളുണ്ട്​. ഇതര ഇന്ത്യൻ സംസ്​ഥാനങ്ങളിൽ നിന്നുള്ളവർ, പാക്കിസ്ഥാൻ, യമൻ, ബംഗ്ലാദേശ് ​എന്നീ രാജ്യക്കാരുടെയും സ്​ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. രണ്ടാഴ്​ച മുമ്പ്​ താഴത്തെ നിലയിലെ ഒരു കട കത്തി നശിച്ചിരുന്നു. അറ്റകുറ്റ പണികൾ പൂർത്തിയാക്കി ​അടുത്ത ദിവസം തുറക്കാനിരിക്കെയാണ്​ അടുത്ത ദുരന്തം. വർഷങ്ങൾക്ക്​ മുമ്പ് ഇതു പോലൊരു റമസാനിൽ നോമ്പുതുറക്കുന്ന സമയത്താണ്​ മലയാളികളടക്കമുള്ളവരെ ദുരിതത്തിലാഴ്​ത്തിയ ബത്​ഹ കേരള, യമനി മാർക്കറ്റുകളിലെ തീദുരന്തമുണ്ടായത്​. കഴിഞ്ഞ വർഷമാണ് ബത്ഹയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജി-മാർട്ടിന് തീ പിടിച്ചതും.

വിമാനയാത്രയിലെ ശല്യക്കാര്‍ സൂക്ഷിച്ചോ. യാത്രക്കിടയിലെ ശല്യക്കാരെ ഒതുക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അടുത്തമാസം സ്ഥിരംപട്ടിക പുറത്തിറക്കുന്നു. പട്ടികയില്‍ പേരുവന്നാല്‍ പിന്നെ നിശ്ചിത കാലത്തേക്ക് വിമാനത്തില്‍ കയറാനോ യാത്ര ചെയ്യാനോ കഴിയില്ല. ഏതൊക്കെ  അച്ചടക്കലംഘനങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുമെന്നുകാട്ടി ചട്ടവും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കും.

മൂന്ന് മാസം മുതല്‍ അനിശ്ചിതകാലം വരെ വിമാനയാത്ര നിഷേധിക്കുന്ന തരത്തിലാണ് ചട്ടം രൂപപ്പെടുത്തുക. മൂന്ന് തരത്തിലാണ് കുറ്റങ്ങള്‍ നിര്‍വചിച്ചിരിക്കുന്നത്. വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ ഉള്ള മോശമായ  പെരുമാറ്റത്തിനും മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനും മൂന്ന് മാസം വിലക്ക് കിട്ടും.  ലൈംഗികചുവയോടെയുള്ള പെരുമാറ്റം, കൈയില്‍ കടന്നുപിടിക്കല്‍ തുടങ്ങിയവയാണ് രണ്ടാമത്തെ തലത്തിലുള്ള കുറ്റം.

ആറ് മാസത്തെ വിലക്കായിരിക്കും ഇതിനുള്ള ശിക്ഷ. വിമാനത്തിനുള്ളിലെ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുക, ജീവനക്കാരെ മര്‍ദ്ദിക്കുക, അവരുടെ കാബിനില്‍ തള്ളിക്കയറുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്താല്‍ രണ്ട് വര്‍ഷം മുതല്‍ അനിശ്ചിതകാലം വരെ പിന്നീട് ട്രെയിന്‍ യാത്ര കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ഇത്തരം വില്ലന്‍മാരുടെ പട്ടികയും പുറത്ത് വിടും.

ഒരോവിമാനക്കമ്പനിയും നിശ്ചയിക്കുന്ന സമിതി യോഗം ചേര്‍ന്നാണ് ഈ പട്ടിക തയ്യാറാക്കുന്നത്. ഭീഷണിയെന്ന് സുരക്ഷാ ഏജന്‍സികള്‍ വിലയിരിത്തുന്നവരും ഈ പട്ടികയിലുണ്ടാവും.

സൗദി അറേബ്യയുടെ ഭരണ തലത്തില്‍ വന്‍ അഴിച്ചു പണി നടത്തി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫിനെ സ്ഥാനത്ത് നിന്ന് നീക്കി രാജാവ് വിജ്ഞാപനം ഇറക്കി. തുടര്‍ന്ന് സൗദി അറേബ്യയുടെ സല്‍മാന്‍ രാജാവ് മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചു.

അല്‍-ഖ്വയ്ദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ സൗദി അറേബ്യയിലെ വേരറുത്ത വ്യക്തിയായിരുന്നു രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന നായിഫ്. കിരീടാവകാശ സ്ഥാനത്ത്‌നിന്ന് മാറ്റപ്പെട്ടതോടെ നായിഫിന് ഭരണത്തിലുള്ള എല്ലാ അധികാരങ്ങളും നഷ്ടപ്പെട്ടു.

സൗദിയുടെ പ്രതിരോധ മന്ത്രിയായിരുന്നു 31 കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍. കിരീടാവകാശികളുടെ ഗണത്തില്‍ രണ്ടാമനുമായിരുന്നു സല്‍മാന്‍. എന്നാല്‍, പുതിയ പ്രഖ്യാപനത്തോടെ ചെറുപ്പക്കാരനായ സല്‍മാന്‍ സൗദിയിലെ ഏറ്റവും അധികാരമുള്ള ആളുകളില്‍ ഒരാളായി മാറി. സൗദി അറേബ്യയുടെ ഭരണത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ് പുതിയ കിരീടാവകാശിയുടെ പ്രഖ്യാപനം.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്‍റെ സഹതടവുകാരന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് ചാലക്കുടി സ്വദേശി ജിൻസിന്‍റെ മൊഴി രേഖപ്പെടുത്താൻ ഏറാണാകുളം ചീഫ് ജുഡീഷ്യൽ മജിസേട്രേറ്റ് ഉത്തരവിട്ടത്. ഉത്തരവിന്‍റെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു.

പ്രതി സുനിൽ കുമാർ എഴുതിയതെന്ന് കരുതുന്ന ഒരു കത്ത് ഈയിടെ ജയിലിൽ നിന്നും പുറത്തെത്തിയിരുന്നു.  നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ  നടനും സംവിധായകുമായ ഒരാളുടെ പങ്ക് വിശദീകരിക്കുന്നതാണ് കത്ത്. കത്ത് പുറത്തെത്തിച്ചത് സുനിൽ കുമാറിനൊപ്പം ജയിൽ മുറിയിൽ കഴിഞ്ഞിരുന്ന ജിൻസ് ആണെന്നാണ് അനുമാനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജിൻസിന്‍റെ രഹസ്യ മൊഴിയെടുക്കാൻ പോലീസ് കോടതിയെ സമീപിച്ചത്.

ജിൻസിനെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്താനാണ് ഉത്തരവ്. മൊഴി രേഖപ്പെടുത്തിയ ശേഷം മുദ്രവെച്ച കവറിൽ കേസ് പരിഗണിക്കുന്ന കോടതിക്ക് മൊഴി കൈമാറാനും ഏറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നാല് ദിവസം മുന്‍പ് ഉത്തരവിട്ടു. ഉത്തരവി‍ന്‍റെ പകർപ്പ് അന്വഷണ സംഘത്തിനും കൈമാറി. കേസിൽ കുറ്റപത്രം നൽകിയ അന്വേഷണ സംഘം പുതിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കത്തുമായി ബന്ധപ്പെട്ട് സുനിൽകുമാറിനെയും സംഘം ചോദ്യം ചെയ്തുകഴിഞ്ഞു.

പൾസർ സുനിയുടെ മൊഴിയും മറ്റും പരിശോധിച്ചതിൽ ഗൂഢാലോചനയിൽ വ്യക്തമായ തെളിവുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. എന്നാൽ വിവാദങ്ങളിൽ പെടാൻ താൽപ്പര്യമില്ലാത്തതിനാൽ കരുതലോടെയാണ് നീക്കം. പൾസർ സുനിയെ ആവേശത്തിലാക്കി നടിയെ തട്ടിക്കൊണ്ടു വന്നതിന് പിന്നിലെ സിനിമയിലെ അണിയറക്കാർ തന്നെയെന്നത് പൊലീസിനും വ്യക്തമായി കഴിഞ്ഞു.

ബെംഗളൂരു: തടഞ്ഞു നിര്‍ത്തിയത് രാഷ്ട്രപതിയെയാണ്. അതും അകമ്പടി വാഹനങ്ങളുള്ള രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ. തടഞ്ഞു നിര്‍ത്തിയതാവട്ടെ പോലീസുകാരനും. സസ്‌പെന്‍ഷനല്ല സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ തന്നെ കാരണമായേക്കാവുന്ന സംഭവം. പക്ഷെ ബെംഗളൂരുവിലെ ട്രാഫിക് പോലീസുകാരന് ഈ കൃത്യം ചെയ്തതിന് സംസ്ഥാന പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു.

ജനപ്രതിനിധികള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ സാധാരണക്കാരുടെ സമയത്തിനും സൗകര്യത്തിനും വിലകല്‍പിക്കാതെ റോഡില്‍ തടഞ്ഞുനിര്‍ത്തുന്നതാണ് പൊതുവെ ഇന്ത്യയാകമാനം കണ്ടു വരുന്ന രീതി. അപ്പോള്‍ പിന്നെ ആ സ്ഥാനത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാണെങ്കില്‍ പറയേണ്ടതില്ലല്ലോ.

എന്നാല്‍ വാഹന വ്യൂഹം കടന്നു പോകുന്ന വഴിയിലേക്ക് കടന്നു വരുന്നത് ഒരു ആംബുലന്‍സാണെങ്കിലോ. പ്രഥമ പരിഗണന എന്താണെന്ന അങ്കലാപ്പിലാവും പോലീസുകാരന്‍. എന്നാല്‍ സംശയങ്ങളോ ആശയക്കുഴപ്പമോ ഇല്ലാതെ സന്ദര്‍ഭത്തിനനുസരിച്ച് മനസ്സാന്നിധ്യം കൈവെടിയാതെ ആ പോലീസുകാരൻ പ്രഥമ പൗരനേക്കാള്‍ പ്രഥമ പരിഗണന ആംബുലന്‍സിന് തന്നെ നല്‍കി.

രാഷ്ട്രപതി കാത്തു നില്‍ക്കട്ടെ ആംബുലന്‍സ് പോകട്ടെ എന്ന നിലപാടെടുത്തത് ബെംഗളൂരു ട്രാഫിക് പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ എംഎല്‍ നിജലിംഗപ്പയാണ്.

ജൂണ്‍ 17നാണ് സംഭവം. ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയുടെ സര്‍വീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ട്രിനിറ്റി സര്‍ക്കിളില്‍ രാഷ്ട്രപതിയുടെ വാഹനം എത്തിച്ചേരുന്നതിന് ഏതാനും നിമിഷം മുമ്പാണ് വാഹന വ്യൂഹത്തെ തടഞ്ഞു നിര്‍ത്തി അതു വഴി വന്ന ആംബുലന്‍സിന് കടന്നു പോകാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നിജലിംഗപ്പ തനിക്ക് കീഴിലുള്ള പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുകിയത്.

പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭയ് ഗോയാല്‍ നിജലിംഗപ്പയെ അഭിനന്ദിച്ച് കൊണ്ട് ട്വിറ്ററില്‍ കുറിപ്പിട്ടതോടെയാണ് സമൂഹമാധ്യമങ്ങളില്‍ വിഷയം വലിയ ചര്‍ച്ചയായത്.  ബെംഗളൂരു പോലീസ് അദ്ദേഹത്തിന് പാരിതോഷികവും പ്രഖ്യാാപിച്ചിട്ടുണ്ട്.എന്നാല്‍ ഈ പ്രവൃത്തി ഒരു വലിയ കാര്യമല്ലെന്നും ഒരു പോലീസുകാരന്‍ ചെയ്യാന്‍ ഉത്തരവാദിത്വപ്പെട്ട കാര്യമാമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

37 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ഐവി ശശിയും സീമയും വേര്‍പിരിയുകയാണെന്നു കഴിഞ്ഞ ദിവസം  സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത  പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറേ പണിയൊന്നുമില്ലേ എന്നായിരുന്നു ഐ.വി. ശശിയുടെ പ്രതികരണം.

എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഇനിയാണ് വിവാഹമോചനം. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നു ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഐ.വി.ശശി.

ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന  പടത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു നടി സീമ വെള്ളിത്തിരയില്‍  എത്തുന്നത്‌. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് തന്നെ  സീമയും ഐവി ശശിയും തമ്മിലുള്ള പ്രണയം വിരിഞ്ഞു തുടങ്ങിയിരുന്നു. സീമയുടെ സിനിമാ കരിയറും ഐ വി ശശിയോടുള്ള പ്രണയവും അങ്ങനെ വളര്‍ന്നു കൊണ്ടേയിരിക്കുന്ന സമയത്താണ് 1980 ല്‍ ഇരുവരും വിവാഹിതരാവുന്നത്. ജീവിതത്തില്‍ മാത്രമല്ല തന്റെ മുപ്പതോളം സിനിമകളിലും ഐവി ശശി സീമയെ നായികയാക്കി. ഇപ്പോള്‍ സീമ  വീണ്ടും അമ്മ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ സജീവമായതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേയ്ക്ക് രണ്ടര മണിക്കൂർകൊണ്ട് പറന്നെത്താവുന്ന സൂപ്പർ സോണിക് വിമാനവുമായി പുതിയ കമ്പനി. ഡെൻവർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബൂം എന്ന കമ്പനിയാണ് അത്യാധുനിക അതിവേഗ വിമാനം പുറത്തിറക്കുന്നത്. നിലവിൽ ആറര മണിക്കൂറാണ് ന്യൂയോർക്ക്- ലണ്ടൻ പറക്കൽ സമയം.

അടുത്ത ആറ് വർഷത്തിനുള്ളിൽ വിമാനം യാത്രയ്ക്ക് തയ്യാറാവുമെന്ന് കമ്പനി വ്യക്തമാക്കുന്നു. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ടോക്കിയോയിലേയ്ക്ക് അഞ്ചര മണിക്കൂർകൊണ്ട് എത്തിച്ചേരുന്ന സർവ്വീസും ലോസാഞ്ചലസിൽ നിന്ന് സിഡ്‌നിയിലേയ്ക്ക് എഴ് മണിക്കൂറുകൊണ്ട് എത്തിച്ചേരുന്ന സർവ്വീസും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ന്യൂയോർക്ക് ലണ്ടൻ യാത്രയ്ക്ക് അയ്യായിരം ഡോളറാണ് കമ്പനി കണക്കാക്കുന്ന ഏകദേശ യാത്രാകൂലി.

ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി ആറുമാസം തടവിനു ശിക്ഷിച്ച കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി. എസ് കര്‍ണന്‍ ശിക്ഷ അനുഭവിച്ചേ തീരൂ എന്ന് സുപ്രീം കോടതി. തനിക്ക് ലഭിച്ച ആറ് മാസത്തെ ജയില്‍ശിക്ഷ റദ്ദാക്കണമെന്നും ഇടക്കാല ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ചിന്റെ ഉത്തരവ്.

ഇന്ന് അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. ചീഫ് ജസ്റ്റിസ് അടക്കമുള്ള ഏഴംഗ ബഞ്ചാണ് ശിക്ഷ വിധിച്ചതെന്നും ഇനി പ്രത്യേക ബഞ്ചിന് മാത്രമെ ഹർജി പരിഗണിക്കാൻ സാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.

കര്‍ണനെ ഇന്ന് കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലേയ്ക്ക് മാറ്റും. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇന്ന് രാവിലെയാണ് കര്‍ണനെ കൊല്‍ക്കത്തയിലെത്തിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ജസ്റ്റിസ് കര്‍ണനെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ കൊല്‍ക്കത്ത പോലീസ് അറസ്റ്റു ചെയ്തത്. പോലീസിനെ കണ്ട ജസ്റ്റിസ് കര്‍ണന്‍ അവരുമായി രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനുശേഷമാണ് വഴങ്ങിയത്.

മേയ് ഒമ്പതിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ച് ജസ്റ്റിസ് കര്‍ണനെ ശിക്ഷിച്ചത്. തുടര്‍ന്ന് പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോകുകയായിരുന്നു.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ, സഹജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനെ കല്‍ക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ശിക്ഷവിധിച്ചതാണ് കോടതിയലക്ഷ്യ നടപടിയിലെത്തിച്ചത്. ഇതിനിടെ ശിക്ഷ റദ്ദാക്കാനാവശ്യപ്പെട്ട് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജസ്റ്റിസ് കര്‍ണനെ അറസ്റ്റുചെയ്യുന്ന വിഷയത്തില്‍ സഹകരിക്കുന്നില്ലെന്നുപറഞ്ഞ് ബംഗാള്‍ ഡി.ജി.പി. തമിഴ്നാട് പോലീസിനെ നേരത്തേ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പരിശീലക സ്ഥാനത്തു നിന്നും വിരമിക്കാനുണ്ടായ കാരണങ്ങൾ വിശദീരിച്ച് കോച്ച് അനിൽ കുംബ്ലെ രംഗത്തെത്തി. ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ഒത്തു പോകാൻ കഴിയാത്ത ബന്ധമായിരുന്നെന്നും ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പുറത്ത് വിട്ട രാജിക്കത്തിലാണ് കുംബ്ലെ ഇക്കാര്യം തുറന്നടിക്കുന്നത്. തന്നോട് കോച്ചായി തുടരാൻ ആവശ്യപ്പെട്ട സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, വി.വി.എസ് ലക്ഷ്മൺ എന്നിവർ അടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി തന്നെ ആദരിച്ചതായി കുംബ്ലെ കത്തിൽ പറയുന്നു.

‘ഇന്ത്യന്‍ ടീമിന്റെ നായകന് എന്റെ ‘രീതികളോടും’ ഞാന്‍ പ്രധാന പരിശീലകനായി തുടരുന്നതിനോടും അഭിപ്രായ വ്യത്യാസമുണ്ടെന്ന് ബിസിസിഐ ആദ്യമായി എന്നെ അറിയിച്ചു. നായകന്റെയും പരിശീലകന്റെയും ബന്ധങ്ങളുടെ അതിര്‍ത്തികളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളെന്ന നിലയില്‍ ഇതെന്നെ അത്ഭുതപ്പെടുത്തി. ഞാനും നായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഈ പങ്കാളിത്തത്തിന് ഭാവിയില്ലാത്തതിനാല്‍, ഇതില്‍ നിന്നും ഒഴിവാകാനുള്ള ഏറ്റവും നല്ല സന്ദര്‍ഭം ഇതാണെന്ന് ഞാന്‍ കരുതുന്നു.’ കുംബ്ലെ വ്യക്തമാക്കുന്നു.

എന്റെ പരിശീലന രീതിയോടും താൻ കോച്ചായി തുടരുന്നതിനോടും താൽപര്യമില്ലെന്ന വിരാട് കോഹ്ലിയുടെ അഭിപ്രായം തിങ്കളാഴ്ചാണ് ബോർഡ് അറിയിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു. പ്രഫഷണലിസം, അച്ചടക്കം, പ്രതിബദ്ധത, സത്യസന്ധത എന്നിവയിലൂടെയായിരുന്നു തന്റെ രീതിയെന്നും രാജിക്കത്തിൽ കുംബ്ലെ വ്യക്തമാക്കുന്നു. ‘ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുന്ന എണ്ണമില്ലാത്ത ആരാധകരോട് നന്ദി രേഖപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തിന്റെ മഹത്തായ ക്രിക്കറ്റ് പാരമ്പര്യത്തെ ആരാധിക്കുന്ന ഒരാളായി ഞാന്‍ തുടരും’ എന്ന് പറഞ്ഞാണ് കുംബ്ലെ കത്ത് അവസാനിപ്പിക്കുന്നത്.

കോഹ്‌ലിയുടെ ഈ പ്രവൃത്തിക്കെതിരെ കായികലോകത്ത് നിന്നും വൻ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.

ഒളിംപിക്സിൽ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വർണ മെഡൽ ജേതാവായ അഭിനവ് ബിന്ദ്ര ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ”എന്റെ ഗുരുവും വഴികാട്ടിയും എന്റെ പരിശീലകനായിരുന്നു. ഞാൻ അദ്ദേഹത്തെ വെറുത്തിരുന്നു. എന്നിട്ടും 20 വർഷം അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം തേടി. ഞാനൊരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം എപ്പോഴും പറയുക”. ട്വീറ്റിൽ കോഹ്‌ലിയുടെ പേര് പരാമർശിക്കുന്നില്ലെങ്കിലും കോഹ്‌ലിയെ ഉദ്ദേശിച്ചിട്ടുളളതാണെന്ന് ബിന്ദ്രയുടെ വാക്കുകളിൽനിന്നും വ്യക്തം.

Follow
Abhinav Bindra ✔ @Abhinav_Bindra
My biggest teachers was coach Uwe.I hated him!But stuck with him for 20 years.He always told me things I did not want to hear.#justsaying
10:27 PM – 20 Jun 2017
1,659 1,659 Retweets 2,415 2,415 likes
Twitter Ads info and privacy
എന്റെ പരിശീലകനും ഇങ്ങനെ തന്നെ ആയിരുന്നെന്നും അദ്ദേഹം ഇപ്പോഴും ഇത് തന്നെയാണ് ചെയ്യുന്നതെന്നും ബിന്ദ്രയെ പിന്തുണച്ച് ജ്വാല ഗുട്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.

13h
Abhinav Bindra ✔ @Abhinav_Bindra
My biggest teachers was coach Uwe.I hated him!But stuck with him for 20 years.He always told me things I did not want to hear.#justsaying
Follow
Gutta Jwala ✔ @Guttajwala
@Abhinav_Bindra Sometimes that’s the important part of training 🙈 I remember my sir doing the same…he still does it!!!
4:17 AM – 21 Jun 2017
8 8 Retweets 51 51 likes
Twitter Ads info and privacy
ചാംപ്യൻസ് ട്രോഫിയോടെ കുബ്ലെയുടെ കരാർ കാലാവധി അവസാനിച്ചിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടീമിനെ അനുഗമിക്കാൻ കുബ്ലെയോട് നിർദേശിച്ചിരുന്നു. എന്നാൽ പര്യടനത്തിനു പുറപ്പെട്ട ഇന്ത്യൻ ടീമിന്റെ യാത്രയിൽനിന്നും കുബ്ലെ വിട്ടുനിന്നു. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ക്രിക്കറ്റ് കമ്മിറ്റി ഇരുവരും തമ്മിലുളള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുബ്ലെയുമായി യോജിച്ചു പോകാൻ സാധിക്കില്ലെന്ന് കോഹ്‌ലി നിലപാടെടുത്തു. ടീമിലെ പലരും കോഹ്‌ലിക്കൊപ്പം ചേർന്നതോടെ കുബ്ലെ രാജി വയ്ക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved