അനാമിക കെന്റ് യു. കെ. യുടെ ഏറ്റവും പുതിയ സംഗീതആൽബം ‘സ്വരദലം’ റിലീസിനൊരുങ്ങുന്നു. നനുത്ത കാറ്റിന്റെ തണുപ്പുപോലെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു സോഫ്റ്റ് മെലഡിയാണ് ഇപ്രാവശ്യം സംഗീതാസ്വാദകർക്കായി ഒരുക്കുന്നത്.
യു.കെ. യുടെ ഭാവഗായകൻ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം പാടിയിരിക്കുന്നത്. ശബ്ദത്തിന്റെ മധുരിമകൊണ്ടും ഭാവതരളമായ ആലാപനത്താലും ശ്രദ്ധേയനായ ഗായകനാണ് റോയ് സെബാസ്റ്റ്യൻ. അനൂപ് വൈറ്റ്ലാന്റിന്റെ ഹൃദയം തൊടുന്ന സംഗീതം ഈ ഗാനത്തിന്റെ മനോഹാരിത കൂട്ടുന്നു.
യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയുടേതാണ് സ്വരദലത്തിന്റെ വരികൾ. ഭാവസുന്ദരവും ആഴമാർന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. ‘ക്രോകസിന്റെ നിയോഗങ്ങൾ’, ‘പെട്രോഗ്രാദ് പാടുന്നു’ എന്ന രണ്ട് കവിതാസമാഹാരങ്ങളും, ‘സമയദലങ്ങൾ’, ‘സാരമധു’ എന്ന കാവ്യരസമിറ്റുന്ന രണ്ടു നോവലുകളും വായനക്കാർക്കിടയിൽ ഏറെ നല്ല റിവ്യുകൾ നേടിയിട്ടുണ്ട്.
അനാമിക കെന്റ് യു. കെ. യുടെ മുൻ ആൽബങ്ങളായ ‘സ്വരദക്ഷിണയും’, ‘ബൃന്ദാവനിയും’, ‘ഇന്ദീവരവും’ ‘നിലാത്തുള്ളിയും’ ‘സാവേരിയും’, സംഗീതമേന്മക്കൊണ്ടും, സുന്ദരമായ ആലാപനംകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
സംഗീതാസ്വാദകർക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ അനാമിക കെന്റ് ഒരുക്കുന്ന പതിന്നാലാമത്തെ ഗാനമായ ‘സ്വരദലം’ ഗർഷോം ടീവിയിൽ ജൂൺ രണ്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് റിലീസ് ചെയ്യുന്നു.
കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവൻ അന്തരിച്ചു.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തൽ
വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ പ്രവാസി മലയാളി സമൂഹത്തിനിടയിലും യുകെയിലെ പൊതുരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവർക്ക് മാതൃകയായിരുന്നു . കൈരളിയുടെ രൂപീകരണം മുതൽ സംഘടനയ്ക്ക് ദിശാബോധം നൽകി നേതൃത്വപരമായ പങ്കു വഹിച്ച പ്രതിഭയുടെ വേർപാട് കൈരളിയ്ക്കു തീരാനഷ്ടമാണ് ഏൽപ്പിച്ചിരിക്കുന്നത്. പ്രിയപ്പെട്ട പ്രതിഭയുടെ വളരെ ചെറുപ്രായത്തിലുള്ള ആകസ്മികമായ വേർപാടിൽ അനുശോചിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കൈരളി ദേശിയ സമിതി അറിയിച്ചു.
കോട്ടയം കുമരകം സ്വദേശിയാണ് പ്രതിഭ. മക്കൾ : ശ്രേയ, ശ്രേഷ്ഠ.
പ്രതിഭയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനും കൈരളി യുകെ നിങ്ങളുടെയൊക്കെ സഹകരണം അഭ്യർത്ഥിക്കുകയാണ് . നിങ്ങളാൽ കഴിയുന്ന സംഭാവന നൽകി കുടുംബത്തെ സഹായിക്കണമെന്ന് കൈരളി യുകെ വിനീതമായി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സംഭാവന താഴെ കൊടുത്ത GoFundMe പേജിലൂടെ നൽകാവുന്നതാണ്.
കാര്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഇടിച്ച് പുരോഹിതന്‍ മരിച്ചു. തലശേരി അതിരൂപതയിലെ വികാരിയായ ഫാ.മനോജ് ഒറ്റപ്ലാക്കലാണ് (35) മരിച്ചത്. കാറിലുണ്ടായിരുന്ന ഫാ.ജോര്‍ജ് കരോട്ട്, ഫാ.പോള്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ദേശീയപാതയില്‍ മുക്കാളിയിലാണ് അപകടം നടന്നത്. പാലായില്‍ നിന്നും തലശേരിയിലേക്ക് വരികയായിരുന്ന അച്ചന്‍മാര്‍ സഞ്ചരിച്ച കെ.എല്‍-59 യു 85 നമ്പര്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫാ.മനോജിന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എടൂര്‍ സ്വദേശിയാണ് മരിച്ച ഫാ.മനോജ് ഒറ്റപ്ലാക്കല്‍.
മലയാളി യുവാവ് യുഎസിലെ ഫിലഡല്‍ഫിയയില്‍ വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോയാണ്(21) മരിച്ചത്. ജോലി സ്ഥലത്തുനിന്ന് അപാര്‍ട്മെന്റിലേക്കു തിരികെ വരുമ്പോഴാണ് അജ്ഞാതനായ യുവാവ് നിറയൊഴിച്ചത്.
ജൂഡിന്റെ അമ്മ ആശയുടെ വീട് കൊട്ടാരക്കര കിഴക്കേത്തെരുവിലാണ്. ബിബിഎ വിദ്യാര്‍ഥിയായ ജൂഡ് പഠനത്തോടൊപ്പം ജോലിയും ചെയ്തിരുന്നു. ഫിലഡല്‍ഫിയയിലെ സ്ഥാപനത്തില്‍ നിന്നു ജോലി കഴിഞ്ഞു മടങ്ങവേയായിരുന്നു ആക്രമണം.
ജൂഡ് ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. വർഷങ്ങൾക്കു മുന്‍പേ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് ജൂഡിന്റേത്. സംസ്കാരം പിന്നീട് ഫിലഡല്‍ഫിയയില്‍.
മറുനാടൻ മലയാളിക്ക് കനത്ത തിരിച്ചടിയായി എം എ യൂസഫലിക്കെതിരായ വാർത്തകൾ നീക്കണമെന്ന് ദില്ലി ഹൈക്കോടതി. ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കിൽ അടുത്ത വാദം കേൾക്കുന്നത് വരെ ചാനൽ നിർത്തിവയ്ക്കാനുള്ള നിർദ്ദേശം ഗൂഗിളിനും യൂട്യൂബിനും കോടതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മറുനാടൻ മലയാളിക്ക് ഹൈക്കോടതി സമൻസ് അയച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പിനും എം എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ മറുനാടൻ മലയാളിക്ക് 24 മണിക്കൂർ സമയമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.
കേസ് ഇനി പരിഗണിക്കുന്നത് വരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോയെതിരായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ മറുനാടൻ മലയാളിയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. പലപ്പോഴായി വിവിധ കോടതികൾ വിലക്കിയിട്ടും ലുലു ഗ്രൂപ്പിനെതിരായ വ്യാജ വാർത്തകൾ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി ആരോപിച്ചു. എന്നാൽ, ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ നിയമപരമായ അവകാശമില്ലെന്നായിരുന്നു മറുനാടൻ മലയാളിയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കമ്പം ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാന്‍ തമിഴ്‌നാട്. തമിഴ് നാട്ടിലെ കമ്പത്താണ് അരിക്കൊമ്പനെ കണ്ടെത്തിയത്. മയക്കുവെടിവെച്ച് പിടിച്ച് ആനയെ ഉള്‍ക്കാട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനം. കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പിന്റേയും പോലീസിന്റെയും ഭാഗത്ത് നിന്നും തുടരുകയാണ്. കമ്പം ടൗണിലൂടെ ഓടി പരിഭ്രാന്തി പരത്തിയ അരിക്കൊമ്പന്‍ അതിന് ശേഷം ഇപ്പോള്‍ നഗരത്തിന് സമീപത്തെ പുളിമരക്കാട്ടില്‍ ശാന്തനായി ഒളിച്ചു നില്‍ക്കുകയാണ്.
ആനയെ മുകളിലേക്ക് വെടിവെച്ചും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് തന്നെ തിരിച്ചയയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലെ ഡിഎഫ്ഒ മാരും തേനി എസ്.പി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത്. ആനയെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടില്‍ വിടാനാണ് ഉദ്ദേശം. ഇതിനായി വെറ്റിനറി ഡോക്ടര്‍മാരുടെ സംഘത്തെയും കുങ്കിയാനകളേയും വാഹനങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നാണ് തമിഴ്‌നാട് വനം വകുപ്പും പറയുന്നത്. ആകാശത്തേക്ക് വെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് ഓടിക്കാനുള്ള സാഹചര്യം പരാജയപ്പെട്ടാല്‍ മാത്രമേ മയക്കുവെടി വെയ്ക്കൂ.
ഇന്ന് രാവിലെയായിരുന്നു അരികൊമ്പന്‍ കമ്പത്തെ നഗരത്തില്‍ ഇറങ്ങിയത്. ആന നില്‍ക്കുന്ന സമീപത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് രണ്ടു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലുള്ള വനപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ലോവര്‍ പെരിയാര്‍ മേഖലയില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അരികൊമ്പന്‍ ഇവിടെയെത്തിയത്. നഗരത്തിലൂടെ പരിഭ്രാന്തി പരത്തി ഓടിയ അരികൊമ്പന്‍ ഓട്ടോറിക്ഷകള്‍ തകര്‍ത്തിരുന്നു. അതിന് ശേഷം ആള്‍ക്കാര്‍ ബഹളം വെയ്ക്കുകയും വാഹനങ്ങള്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഹോണുകള്‍ മുഴക്കുകയും ചെയ്തതോടെയാണ് ആന പുളിമരക്കാട്ടിലേക്ക് കയറിയത്.
ആനയിടഞ്ഞ സാഹചര്യത്തില്‍ കമ്പത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആള്‍ക്കാര്‍ ആരും തന്നെ പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പം നഗരത്തിലേക്ക് ആള്‍ക്കാര്‍ കടന്നുവരാന്‍ സാഹചര്യവുമുള്ള ചെറിയ റോഡുകളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
റ്റിജി തോമസ്
യുകെയിൽ എത്തിയപ്പോൾ ഒരു വിദ്യാഭ്യാസ സ്ഥാപനം എങ്കിലും സന്ദർശിക്കണമെന്നത് എൻറെ ഒരു ആഗ്രഹമായിരുന്നു. അവിചാരിതമായിട്ടാണ് അതിന് അവസരം ഒത്തുവന്നത്. വെറുതെ സന്ദർശിക്കുക മാത്രമല്ല, വളരെ അടുത്ത് അറിയാനും സാധിച്ചു. 23 വർഷമായി കോളേജ് വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്ന അധ്യാപകനായ എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയ ഒരു മുതൽക്കൂട്ടായി തീർന്നു.
ജോജിയുടെ മകൾ ആൻ ജോജിയുടെയും സഹപാഠികളായ ഇസബെല്ലിന്റെയും സിവിന്റെയും ഉന്നത വിദ്യാഭ്യാസത്തിനോട് അനുബന്ധിച്ചാണ് ഞങ്ങൾ ലീഡ്സിലെ നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജിൽ ( Notre Dame Catholic Sixth Form College) എത്തിയത്. ഇസബെല്ലിന്റെ പിതാവായ അഭിലാഷും സിവിൻെറ പിതാവായ വിജിയും ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു . കണ്ണൂർ പയ്യാവൂർ ആണ് അഭിലാഷിന്റെ സ്വദേശം . വിജി തൃശ്ശൂരിനടുത്തുള്ള കൊരട്ടി സ്വദേശിയാണ്.
ആനിന്റെയും ഇസബല്ലിന്റെയും സിവിന്റെയും ടേസ്റ്റ് ടൈമിന്റെ ഭാഗമായിട്ടാണ് നമ്മൾ ലീഡ്സിലെ നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജിൽ പോകുന്നതെന്ന് ജോജി എന്നോട് പറഞ്ഞിരുന്നു. യുകെയിലെ കോളേജുകളും യൂണിവേഴ്സിറ്റികളും തങ്ങളുടെ സ്ഥാപനത്തിൽ ചേർന്ന് പഠിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാൻ നൽകുന്ന അവസരമാണ് ടേസ്റ്റ് ടൈം . അതിൻറെ ഭാഗമായി തങ്ങൾ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് സന്ദർശിക്കാം.
വെറുതെ ഒരു സന്ദർശനത്തിൽ ഒതുങ്ങുന്നില്ല ടേസ്റ്റ് ടൈം . അതിലുപരി തങ്ങൾ പഠിക്കാൻ പോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചും വിവിധതരം കോഴ്സുകൾ, അധ്യാപന രീതികൾ എന്നിവയെ കുറിച്ചും മനസ്സിലാക്കാനും അധ്യാപകരെ നേരിൽ കണ്ട് സംസാരിക്കാനും ഓരോ കോഴ്സിന്റെയും പ്രത്യേകതകളെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ സമ്പാദിക്കാനും ടേസ്റ്റ് ടൈം വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സഹായിക്കും.
വളരെ വിപുലമായ ഒരു ടേസ്റ്റ് ടൈം ആണ് നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജ് ഒരുക്കിയിരുന്നത്. സിസ്റ്റേഴ്‌സ് ഓഫ് നോട്രെ ഡാം 1898 -ൽ ലീഡ്സിൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ തുടക്കം കുറിക്കാൻ കാരണമായത്. സയൻസ്, മാത്തമാറ്റിക്സ്, ഹ്യൂമാനിറ്റീസ് ഉൾപ്പെടെ എട്ടോളം എ ലെവൽ (നമ്മുടെ പ്ലസ് ടു ) കോഴ്സുകൾക്ക് വിദ്യാർത്ഥികൾക്ക് ഇവിടെ ചേർന്ന് പഠിക്കാൻ സാധിക്കും .
ഒരു ഉത്സവ അന്തരീക്ഷത്തിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളും മാതാപിതാക്കളും ടേസ്റ്റ് ടൈമിൽ പങ്കെടുക്കാനായിട്ട് എത്തിച്ചേർന്നിട്ടുണ്ട്. വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സ്വീകരിച്ച് കോളേജിൻറെ ബ്രോഷർ നൽകി അവർക്ക് താല്പര്യമുള്ള ഡിപ്പാർട്ട്മെന്റുകളിലേയ്ക്ക് ആനയിക്കുന്നു . ആനിന്റെ ഒപ്പം ഞാൻ ആദ്യം സന്ദർശിച്ചത് സയൻസ് ഡിപ്പാർട്ട്മെൻറ് ആണ് . പഠിക്കുന്ന വിഷയത്തെക്കുറിച്ചും വിവിധങ്ങളായ ലബോറട്ടറി സൗകര്യങ്ങളെ കുറിച്ചും വിശദമായി വിവരങ്ങൾ മുതിർന്ന വിദ്യാർത്ഥികൾ നൽകുന്നു. ഒപ്പം എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ച് അധ്യാപകരും.
ലാബ്, ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങി എല്ലാ സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചു. നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോൾ പല കാര്യങ്ങളും എന്നെ അത്ഭുതപ്പെടുത്തി. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായിരുന്ന വിദ്യാർത്ഥികൾക്കുള്ള ടോയ് ലറ്റ് സൗകര്യങ്ങൾ .
കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് സന്ദർശിക്കണമെന്ന എൻറെ ആഗ്രഹം അറിയിച്ചപ്പോൾ അവിടെ പഠിക്കുന്ന ഒരു വിദ്യാർത്ഥി എന്നെ സഹായിക്കാനെത്തി. കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് അധ്യാപകരുമായി സംസാരിക്കാൻ സാധിച്ചത് നമ്മുടെയും അവരുടെയും പാഠ്യ പദ്ധതികൾ താരതമ്യം ചെയ്യാൻ സഹായിച്ചു. വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വം കൈകാര്യം ചെയ്യുന്നവരും ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാക്കളുമുൾപ്പെടെയുള്ള വളരെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ കോളേജിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി തദ്ദേശീയരെ കൂടാതെ ഇൻറർനാഷണൽ സ്റ്റുഡൻസും നോട്രെ ഡാം കോളേജിൽ പഠിക്കുന്നുണ്ട്. 1900 ഓളം വിദ്യാർഥികൾ പഠിക്കുന്നതിൽ 3 ശതമാനം വിദേശ വിദ്യാർഥികളാണ്.
രണ്ടു നൂറ്റാണ്ടിന്റെ അടുത്ത ചരിത്രമുള്ള ലീഡ്സ് ആർട്സ് യൂണിവേഴ്സിറ്റി ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രശസ്തമാണ് ലീഡ്സ്. അതുകൊണ്ടു തന്നെ തദേശരും വിദേശരുമായ ഒട്ടേറെ വിദ്യാർത്ഥികളാണ് ലീഡ്സിൽ പഠനത്തിനായി എത്തിച്ചേർന്നിട്ടുള്ളത്. ലീഡ്‌സ് ആർട്സ് യൂണിവേഴ്സിറ്റി സന്ദർശിക്കണമെന്ന ആഗ്രഹം സമയപരിമിതി കൊണ്ട് സാധിക്കാനായില്ല. യൂണിവേഴ്സിറ്റിയുടെ കവാടത്തിൽ നിന്ന് ഫോട്ടോയെടുത്ത് തൃപ്തിയടയേണ്ടി വന്നു. 18-ാം നൂറ്റാണ്ടിലെയും 19-ാം നൂറ്റാണ്ടിലെയും വ്യവസായ വിപ്ലവകാലത്ത് കമ്പിളിയുടെയും തുണിയുടെയും ഉത്പാദനത്തിലൂടെ വികസന കുതിപ്പ് നടത്തിയ ലീഡ്‌സിനോട് വിട പറയുമ്പോൾ സമയം ഏറെ വൈകിയിരുന്നു.
തുടരും….
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
സിബു ജോർജ്ജ്
ലണ്ടൻ: കേരളത്തിൽ ഒരുകാലത്ത് നിരവധി ആസ്വാദകരെ സൃഷ്ടിച്ചിരുന്ന ജനകീയ കലയായിരുന്ന നാടകത്തെയുകെയിലെ പുതുതലമുറയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാടക കലയെ ഇഷ്ടപ്പെടുന്ന ബേസിംഗ്സ്റ്റോക്കിലെ ഏതാനും കലാസ്നേഹികൾ ചേർന്ന് അവരുടെ ആദ്യ നാടകമായ ‘വെളിച്ചം’ എന്നനാടകത്തിന്റെ പേര് തന്നെ നാടക കലാസമിതിക്കും നൽകി ബേസിംഗ്സ്റ്റോക്ക് വെളിച്ചം തിയറ്റേഴ്സിന് രൂപംനൽകിയിരിക്കുകയാണ്.
ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (BMCA) ഈസ്റ്റർ-വിഷു ആഘോഷത്തോടനുബന്ധിച്ചാണ് ‘വെളിച്ചം’ എന്ന ഈ നാടകം ആദ്യമായി അവതരിപ്പിച്ചത് . ബിഎംസിഎ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ കാണികളിൽ നിന്നും ആവേശകരമായ പ്രതികരണവും വലിയ പ്രോത്സാഹനവുമായിരുന്നു നാടകത്തിന് ലഭിച്ചത്. വർത്തമാനകാലത്തിന്റെ നേർസാക്ഷ്യമാണ് ഈ നാടകമെന്നും പ്രേക്ഷകരായ എല്ലാവരുടെയും മനസ്സുകളിൽ ഈ നാടകം വെളിച്ചമായി കത്തി ജ്വലിക്കുമെന്നുള്ള അഭിപ്രായത്തോടെ കാണികളെല്ലാവരും ഏറെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് ഈ നാടകത്തെ എതിരേറ്റത്.
മാനുഷികമൂല്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ധനാഢ്യനും ധാർഷ്ട്യനും അതോടൊപ്പം തന്നെആധുനിക സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന സ്വാർത്ഥമതികളുടെ പ്രതിരൂപവുമായ ജോണിക്കുട്ടി മുതലാളിയെന്ന പൊങ്ങച്ചക്കാരനാണ് ഈ നാടകത്തിലെ മുഖ്യ കഥാപാത്രം. ബേസിംഗ് സ്റ്റോക്ക് ബറോകൗൺസിലറും, ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന ആത്മീയപ്രഭാഷകനുമായ ഡോ. അജി പീറ്ററാണ് ജോണിക്കുട്ടി മുതലാളിക്ക് ജീവൻ നൽകി കാണികളുടെ കയ്യടിനേടിയത്. ഇതിന് മുൻപും പല നാടകങ്ങളുടെയും സംഗീത ആൽബങ്ങളുടെയും രചനയും സംവിധാനവും നിർവ്വഹിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള ഡോ. അജി പീറ്റർ തന്നെയാണ് ‘വെളിച്ചം’ നാടകത്തിന്റെയും രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്.
അനുകമ്പയുടെയും ആർദ്രതയുടെയും പ്രതീകമായ ജോണിക്കുട്ടി മുതലാളിയുടെ ഭാര്യ അന്നക്കുട്ടിയായിഅഭിനയിച്ച ആൽഫി ജോബി സോഫ്റ്റ്‌വെയർ എൻജിനീയറായി ബേസിംഗ്‌സ്‌റ്റോക്കിൽ ജോലി ചെയ്യുന്നു. നല്ലൊരു നർത്തകിയുമായ ആൽഫി ജോബി ആദ്യമായിട്ടാണ് നാടകത്തിൽ അഭിനയിക്കുന്നതെങ്കിലും ഒരുതുടക്കക്കാരിയുടെ യാതൊരു പരിഭ്രമവുമില്ലാതെ സ്വാഭാവിക അഭിനയത്തിന്റെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ജീവിക്കുവാൻ മറ്റു മാർഗ്ഗമില്ലാതെ നിസ്സഹായതയുടെയും ദൈന്യതയുടെയും തീവ്രതയാർന്ന പ്രതീകമായ മാധവൻനായർ എന്ന കഥാപാത്രത്തെ വേറിട്ട മേക്കോവറിൽ പ്രത്യക്ഷപ്പെട്ട് രംഗത്ത് അവതരിപ്പിച്ചത്.
സി എ ജോസഫാണ്. യുകെയിൽ നിന്നുമുള്ള ലോക കേരള സഭാംഗവും, മലയാളം മിഷൻ യു കെ ചാപ്റ്റർപ്രസിഡന്റും, യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയുമായ സി എ ജോസഫ് യുകെയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട’സമ്മർ ഇൻ ബ്രിട്ടൻ’ ‘ഓർമ്മകളിൽ സെലിൻ’ എന്നീ ഷോർട്ട് ഫിലിമുകളിലും ‘ഒരു ബിലാത്തി പ്രണയം’ എന്നസിനിമയിലും മുഖ്യ കഥാപാത്രങ്ങളിലൊരാളായി അഭിനയിച്ച് മികവ് പ്രകടിപ്പിച്ചിട്ടുള്ള കലാപ്രതിഭയാണ്. ഈനാടകത്തിന്റെ ക്രിയേറ്റീവ് കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്നതും സി എ ജോസഫ് ആയിരുന്നു.
മാധവൻനായരുടെ പേരക്കുട്ടിയായ നന്ദിനിക്കുട്ടി എന്ന ബാലികയായി വേഷമിട്ട ആൻ ജോബി അസാമാന്യമായഅഭിനയമാണ് കാഴ്ചവെച്ചത്. ചെറുപ്രായത്തിൽ തന്നെ ഭരതനാട്യത്തിലും മികവുപുലർത്തുന്ന അഞ്ചാം ക്ലാസ്വിദ്യാർത്ഥിനിയായ ഈ കൊച്ചു മിടുക്കി യുക്മ കലാമേളകളിലും, ബൈബിൾ കലോത്സവങ്ങളിലും പങ്കെടുത്ത്നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന തന്റെ പേരക്കുട്ടിയായ നന്ദിനിക്കുട്ടിയുടെ ബാല്യകാലത്തിൽ അവൾക്ക് അനുഭവിക്കേണ്ടി വന്നമനോവേദന മാധവൻ നായർക്ക് നൽകിയ അനിർവ്വചനീയമായ ആത്മസംഘർഷവും മാധവൻ നായരുടെയുംനന്ദിനിക്കുട്ടിയുടെയും ഹൃദയസ്പർശിയായ ജീവിതാവസ്ഥയും പ്രേക്ഷകരുടെ കണ്ണുകളെഈറനണിയിപ്പിക്കുമെന്നുള്ളതിൽ സംശയമില്ല.
പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ വിശന്നു വലയുന്ന അന്ധ യാചകനായി രംഗത്ത് വന്ന സജി കുന്നത്ത്നാട്ടിലും യുകെയിലും നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള മികച്ച അഭിനേതാവ് കൂടിയാണ് . യുകെയിലെപ്രശസ്തമായ ബേസിംഗ്‌സ്‌റ്റോക്ക് ചെണ്ടമേളത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളും ചെണ്ട വിദ്വാനുമായ സജികുന്നത്ത് തന്നെയാണ് ഈ നാടകത്തിന്റെ രംഗ സജ്ജീകരണവും നിർവ്വഹിച്ചിട്ടുള്ളത്.
വിശപ്പ് സഹിക്കുവാൻ കഴിയാതെ അല്പം ഭക്ഷണം ചോദിച്ചതിന് ജനക്കൂട്ടം കല്ലെറിഞ്ഞ് ഓടിച്ചപ്പോൾ ജോണിക്കുട്ടിമുതലാളിയുടെ വീട്ടിൽ അഭയം തേടിയെത്തിയ ഭ്രാന്തനായി ശ്രദ്ധേയമായ അഭിനയപാടവം പ്രകടിപ്പിച്ചഫിലിപ്പ്കുട്ടി ഇംഗ്ലണ്ടിൽ ആദ്യമായി ചെണ്ട മേളത്തിന് തുടക്കം കുറിച്ച സ്വിണ്ടൻ ചെണ്ടമേള ട്രൂപ്പിനെപരിശീലിപ്പിക്കുകയും യുകെയിൽ പതിനാലിൽപരം ചെണ്ടമേള ട്രൂപ്പുകൾക്ക് പരിശീലനവും നൽകിയിട്ടുള്ളചെണ്ടമേള വിദ്വാനും ആശാനുമാണ്. കേരളത്തിലെ അമച്വർ നാടകങ്ങളുടെ ഭാഗമായും നാടക കളരികളിലെസജീവ സാന്നിധ്യമായും പ്രവർത്തിച്ചിട്ടുള്ള ഫിലിപ്പ്കുട്ടിയാണ് ‘വെളിച്ചം’ നാടകത്തിലെ കഥാപാത്രങ്ങൾക്ക്ചമയവും ഒരുക്കിയത്.
അവിശ്വസനീയമായ അഭിനയ മികവ് പുലർത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഈ നാടകത്തിലെ ഓരോകഥാപാത്രങ്ങളും നാടകത്തിന്റെ മുഴുവൻ ആസ്വാദകരുടെയും മനസ്സുകളിൽ ഇടം നേടുമെന്നുള്ളത് ഉറപ്പാണ്. ‘വെളിച്ചം’ നാടകത്തിന്റെ വിജയത്തിന് അവിഭാജ്യ ഘടകമായിരുന്ന മികവാർന്ന റെക്കോർഡിംഗും പശ്ചാത്തലസംഗീതവും നൽകിയ സിബു ജോർജ് യുകെയിലെ അറിയപ്പെടുന്ന ഗായകനും സൗണ്ട് എൻജിനീയറുമാണ് .
മറഞ്ഞിരിക്കുന്ന ജീവിത സത്യങ്ങളുടെ നേർക്കാഴ്ചയായ ഈ നാടകം പല സന്ദേശങ്ങളും പുനർവിചിന്തനങ്ങളുംസമൂഹത്തിന് നൽകുന്നു. കഷ്ടതകളും ദുരിതവും അനുഭവിക്കുന്ന സഹജീവികളുടെ വിശപ്പിന്റെ വിളികേൾക്കാത്തവന്റെ ജീവിതാവസാനം ഇരുൾ നിറഞ്ഞതായിരിക്കുമെന്നുള്ള യാഥാർത്ഥ്യം സമൂഹത്തെബോദ്ധ്യപ്പെടുത്തുന്നതുകൊണ്ട് പ്രേക്ഷകരുടെ മനസ്സുകളിൽ തിരി കെടാതെ ഈ ‘വെളിച്ചം’ കത്തിജ്വലിക്കുമെന്നുംഉറപ്പാണ്.
ഒരുകാലത്ത് നാട്ടിലെ വ്യത്യസ്തമായ ആഘോഷാവസരങ്ങളിൽ നാടകാസ്വാദകർ എത്രയോ ആകാംക്ഷയോടെയായിരുന്നു നാടകങ്ങൾ ആസ്വദിച്ചിരുന്നത്.
ആ ഓർമ്മകൾ നിറഞ്ഞ മനസ്സോടുകൂടിയാണ് എല്ലാ മലയാളികളും ഈ നാടകവും കാണേണ്ടത് . ‘വെളിച്ചം’ നാടകം കാണുവാൻ താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക.
നാടകം എന്ന ദൃശ്യകലയെ സ്നേഹിക്കുന്ന എല്ലാവരും ഈ നാടകം കണ്ട് പ്രോത്സാഹിപ്പിക്കണമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.