തനിക്കെതിരെ കേസ് നടത്താന്‍ വിസിമാര്‍ ചെലവിട്ട 1.13 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ചാന്‍സലറായ ഗവര്‍ണര്‍ വിസിമാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കുന്നത്.
വിസി നിയമനം റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ കേസിന് പോയത്. സര്‍ക്കാരിന്റെ ചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും സ്വന്തം ചെലവിലാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസിമാര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത്. സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം സര്‍വകലാശാലയുടെ ഫണ്ട് ആണ്.
അത് ഉപയോഗിച്ച് പൊതുചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും വ്യക്തികള്‍ തന്നെയാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇങ്ങനെ കേസ് നടത്തുന്നത് ചട്ടമനുസരിച്ച് ശരിയല്ലെന്നും അതിനാല്‍ കേസിന് ചെലവഴിച്ച തുക തിരിച്ചടയ്ക്കാനുമാണ് ഗവര്‍ണറുടെ നിര്‍ദേശം.
കേസിനായി വിവിധ വിസിമാര്‍ 1.13 കോടി രൂപയാണ് ചെലവിട്ടതെന്നാണ് രാജ്ഭവന്റെ കണ്ടെത്തല്‍. ഇതിന്റെ കണക്കുകള്‍ നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേസിനായി ചെലവഴിച്ച വിസിമാരില്‍ നിന്ന് തുക തിരിച്ചു പിടിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിച്ചുവെന്നും ആ പണം എപ്പോള്‍ ലഭിക്കുമെന്നും എത്ര തുക ലഭിച്ചു എന്നുള്ളതടക്കം രേഖാമൂലം ഇപ്പോഴത്തെ വിസിമാര്‍ രാജ്ഭവനെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കേസിനായി ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് കണ്ണൂര്‍ വിസിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനാണ്. കേസ് നടത്താനായി അദേഹം 67 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്. കുഫോസ് വിസിയായിരുന്ന ഡോ. റിജി ജോണ്‍ 36 ലക്ഷം ചെലവഴിച്ചു.
സാങ്കേതിക സര്‍വകലാശാലയുടെ വിസി ഡോ. എം.എസ് രാജശ്രി ഒന്നരലക്ഷം രൂപ, കാലിക്കറ്റ് വിസി ഡോ. എം.കെ ജയരാജ് 4,25,000 രൂപ, കുസാറ്റ് വിസി ഡോ. മദുസൂധനന്‍ 77,500 രൂപ, മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. വി. അനില്‍കുമാര്‍ ഒരു ലക്ഷം രൂപ, ശ്രീനാരായണ ഗുരു ഓപ്പണ്‍ യുണിവേഴ്സിറ്റി വിസി മുബാറക് പാഷ 53,000 രൂപ എന്നിങ്ങനെ സര്‍വകലാശാല ഫണ്ടില്‍ നിന്ന് ചെലവഴിച്ചുവെന്നാണ് രാജ്ഭവന്റെ കണ്ടത്തല്‍.
മാഞ്ചസ്റ്ററിലെ കെയർഹോമില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിനെ വ്യാജ പരാതി ചമച്ച് പുറത്താക്കിയ നടപടിയാണ് സമീക്ഷയുടെ ഇടപെടലിനെ തുടർന്ന് റദ്ദാക്കിയത്. സമീക്ഷയ്ക്കൊപ്പം യുവാവ് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മനസിലാക്കിയ മാനേജ്മെന്‍റ് ജോലിയില്‍ തിരിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ മാസം ആദ്യവാരമാണ് സംഭവങ്ങളുടെ തുടക്കം. വംശീയ വിദ്വേഷം വച്ചുപുലർത്തിയ സഹപ്രവർത്തകൻ യുവാവിനെതിരെ മാനേജ്മെന്‍റിന് വ്യാജപരാതി നല്‍കി. കെയർ ഹോമിലെ അന്തേവാസിയായ ബ്രിട്ടീഷ് വനിതയോട് മോശമായി പെരുമാറി എന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. വിഷയം ഉടൻ ഒത്തുതീർപ്പാർക്കാമെന്നും പുറത്തുപറയരുതെന്നും മാനേജ്മെന്‍റ് നിർദേശിച്ചതിനാല്‍ യുവാവ് ഇക്കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ചു. എന്നാല്‍
ഇതിനോടകം കെയർ ഹോം അധികൃതർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് അറസ്റ്റ് ചെയ്ത് കൈയ്യാമം വെച്ചാണ് യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തുടർന്ന് ചോദ്യംചെയ്ത് ഒരു ദിവസം ലോക്കപ്പിലിട്ട് ജാമ്യത്തില്‍ വിട്ടു. ഇതിനിടെ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കാണിച്ച് സ്ഥാപനം കത്ത് നല്‍കി. ഈ സാഹചര്യത്തിലാണ് മാനസികമായി തകർന്ന യുവാവ് സമീക്ഷ ലണ്ടൻ ഏരിയ സെക്രട്ടറി മിഥുനുമായി ഫോണില്‍ സംസാരിച്ചത്. നിരപരാധിത്വം ബോധ്യപ്പെട്ട സമീക്ഷ നേതൃത്വം യുവാവിനൊപ്പം നില്‍ക്കാൻ തീരുമാനിച്ചു. നാഷണല്‍ സെക്രട്ടേറിയറ്റ് മെമ്പർ ജിജു സൈമണും മാഞ്ചസ്റ്റർ യൂണിറ്റ് പ്രസിഡൻ്റ് ഷാജിമോൻ കെ.ഡിയും സഹായ സഹകരണങ്ങൾ ഉറപ്പാക്കി.
യുവാവിനും കുടുംബത്തിനും മാനസിക പിന്തുണ നല്‍കി. നാഷണല്‍ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ദിനേശ് വെള്ളാപ്പള്ളി വിഷയത്തില്‍ സജീവമായി ഇടപെട്ടു. മുഴുവൻ വിവരങ്ങളും സമീക്ഷ ലീഗല്‍ ഹെല്‍പ് ഡെസ്കിന് കൈമാറി. സെക്രട്ടേറിയറ്റ് മെമ്പറും ലോക കേരള സഭാംഗവുമായ അഡ്വ. ദിലീപ് കുമാർ നിയമസാധ്യതകളെ കുറിച്ച്
പഠിച്ചു. ടെർമിനേഷൻ ലെറ്ററിനൊപ്പം സ്ഥാപനം അപ്പീല്‍ റെെറ്റ് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. എംപ്ലേയ്മെന്‍റ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കണമെങ്കില്‍ അപ്പീല്‍ റെെറ്റ് നിർബന്ധമാണ്. ഇക്കാര്യം
കാണിച്ച് കെയർഹോം മാനേജ്മെന്‍റിന് രേഖാമൂലം കത്തയച്ചു. കാര്യങ്ങളുടെ പോക്ക് നിയമവഴിയിലാണെന്ന് തിരിച്ചറിഞ്ഞ മാനേജ്മെന്‍റ് ഒത്തുതീർപ്പിന് തയ്യാറായി. ഉടൻ ജോലിക്ക് ഹാജരാകാൻ അറിയിപ്പ് നല്‍കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച യുവാവ് തിരികെ ജോലിയില്‍ പ്രവേശിച്ചു. അന്യനാട്ടില്‍ എല്ലാം കൈവിട്ട ഘട്ടത്തില്‍ ഒരു ചെറുപ്പക്കാരന് തുണയായതിന്‍റെ ചാരിതാർത്ഥ്യത്തിലാണ് സമീക്ഷ യുകെ. നിരവധി പേരാണ് ഇതുപോലെ സമീക്ഷ ഹെല്‍പ് ഡെസ്കിന്‍റെ സഹായത്താല്‍ ജീവിതം തിരിച്ചുപിടിച്ചത്. യുകെയിൽ എത്തി ഇത്തരം ചതിയിൽപ്പെടുന്നവർക്ക് നിയമസഹായത്തിനും മറ്റും സമീക്ഷയുമായി ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനത്ത് നാലുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്.
വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരംവരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
അതിനിടെ, കേരള തീരത്തും തമിഴ്നാട് തീരത്തും വ്യാഴാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുംതീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
നെയ്യാറ്റിന്‍കരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്തരമായി വൈദ്യപരിശോധന നടത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വയറിളക്ക രോഗങ്ങളില്‍ ഗരുതരമാകാവുന്ന ഒന്നാണ് കോളറയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കോളറ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിന്റെ രൂപത്തില്‍ വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതല്‍ തവണ വയറിളകി പോകുന്നതിനാല്‍ വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മലം പരിശോധനയ്ക്ക് അയക്കേണ്ടതും നിര്‍ജലീകരണം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ആന്റിബയോട്ടിക് ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍, അസിത്രോമൈസിന്‍ എന്നിവ ഫലപ്രദമാണ്.
വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
വയറിളക്ക രോഗമുള്ളപ്പോള്‍ ഒആര്‍എസിനൊപ്പം സിങ്ക് (Zinc) ഗളിക നല്‍കേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒആര്‍എസ്, സിങ്ക് ഗളിക എന്നിവ സൗജന്യമായി ലഭ്യമാണ്.
രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഏറ്റവും അടുത്തുള്ള കിടത്തി ചികിത്സ സൗകര്യമുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ തടയാന്‍ കഴിയും.
നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു.
മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത് മാത്രമേ ഭക്ഷിക്കാവൂ.
ഐസ്‌ക്രീമും മറ്റു പാനീയങ്ങളും പാകം ചെയ്യാത്ത മത്സ്യത്തോടൊപ്പം ഒരുമിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.
പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്.
ആഹാരം കഴിക്കുന്നതിനു മുന്‍പും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം.
ആഹാരസാധനങ്ങള്‍ ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.
ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്.
വയറിളക്ക രോഗങ്ങള്‍ പകരാതിരിക്കാന്‍ കുഞ്ഞുങ്ങളെ മലവിസര്‍ജ്ജനത്തിന് ശേഷം ശുചിമുറിയില്‍ മാത്രം കഴുകിക്കുക. മുറ്റത്തോ മറ്റ് ടാപ്പുകളുടെ ചുവട്ടിലോ കഴുകിക്കരുത്. കഴുകിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
വയറിളക്ക രോഗമുള്ള കുട്ടികള്‍ ഉപയോഗിച്ച ഡയപ്പറുകള്‍ കഴുകി, ബ്ലീച്ച് ലായനിയില്‍ 10 മിനിറ്റ് മുക്കി വെച്ചതിനുശേഷം മാത്രം ആഴത്തില്‍ കുഴിച്ചിടുക.
സൗഹൃദയ ഓൾ യു കെ വടംവലി മത്സരത്തിൽ സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ വിജയകിരീടം ചൂടി. തുടക്കം മുതൽ നടന്ന എല്ലാ മത്സരങ്ങളിലും എതിരാളികളുടെ മേൽ വിജയം നേടിയാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് ഫൈനലിൽ എത്തിയത് എന്ന പ്രത്യേകതയും ഉണ്ട്. വാശിയേറിയ ഫൈനൽ മത്സരത്തിൽ വൂസ്റ്റർ തെമ്മാടി യെയാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ പരാജയപ്പെടുത്തിയത്. മൂന്നും നാലും സ്ഥാനങ്ങളിൽ വന്ന അച്ചായൻസ് ഹെർഡ്ഫോർഡും തസ്കർ കെന്റും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

വടംവലി മത്സരത്തിലെ രാജാക്കന്മാർ ഏറ്റുമുട്ടുന്ന കരുത്തിൻ്റെ പോരാട്ടം ജൂലൈ 7 ഞായറാഴ്ച്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്ക്കൂൾ മൈതാനത്ത് അരങ്ങേറിയപ്പോൾ വിശിഷ്ടാതിഥിയായി എത്തിയത് പുതുപ്പള്ളി എംഎൽഎയായ ചാണ്ടി ഉമ്മൻ ആയിരുന്നു. യുകെ മലയാളികളുടെ യശസ്സ് വാനോളം ഉയർത്തി ആദ്യമായി ബ്രിട്ടന്റെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിയായ സോജൻ ജോസഫിന്റെ സാന്നിധ്യവും മത്സരാർത്ഥികളുടെയും കാണികളുടെയും ആവേശം ഇരട്ടിയാക്കി.

ഒന്നാം സമ്മാനവും 1007 പൗണ്ടും ട്രോഫിയും കരസ്ഥമാക്കി സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ അക്ഷരാർത്ഥത്തിൽ ഒരു തിരിച്ചുവരവാണ് നടത്തിയത്. ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ വർഷങ്ങളിൽ സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ മത്സരരംഗത്തില്ലായിരുന്നു. എന്നാൽ മാനേജർ സജിമോൻ തോമസിന്റെയും ക്യാപ്റ്റൻ അജി തോമസിന്റെയും നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരവാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് ലയൺ നടത്തിയത്. സ്റ്റോക്ക് ഓൺ ട്രെൻഡ് ലയണിലെ നോബി ജോസഫ് ആണ് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്. യുകെയിലെ ഒരു രജിസ്റ്റേർട് ചാരിറ്റി മലയാളി അസോസിയേഷൻ ആയ സഹൃദയ ദി കെൻ്റ് കേരളൈറ്റ്സ് ഒരു ചാരിറ്റ് ഈവൻ്റ് ആയാണ് ഈ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.

കുവൈറ്റില്‍ വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ മരിച്ചു. മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലാണ്. ബിഹാര്‍, തമിഴ്‌നാട് സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കുവൈറ്റ് സെവന്‍ത് റിങ് റോഡില്‍ അബ്ദുല്ല മുബാറക്കിന് സമീപം പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടം.
മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഒരു കമ്പനിയിലെ തൊഴിലാളികളാണ്. ജോലി കഴിഞ്ഞ് ജീവനക്കാരുമായി വരികയായിരുന്ന ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞ് ബസിലുണ്ടായിരുന്ന പത്ത് പേരില്‍ ആറ് പേര്‍ തല്‍ക്ഷണം മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ എത്തിയശേഷമാണ് മരിച്ചത്.
അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും പരിക്കേറ്റവരെ ആശുപത്രയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തില്‍പ്പെട്ടവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നഗരത്തില്‍ വയോധികയായ യാത്രക്കാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍. യാത്രക്കാരിയെ ആക്രമിച്ച് മാല പൊട്ടിച്ച കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളാണെന്ന് പ്രതിയെന്ന് ആദ്യം കണ്ടെത്തിയെങ്കിലും ഉണ്ണികൃഷ്ണന്‍ കുറ്റം നിഷേധിക്കുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ കുറ്റം നിഷേധിച്ചതോടെ പോലീസും ഒന്നും സംശയത്തിലായി. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് വീണ്ടും ചോദ്യംചെയ്തതോടെയാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ഉണ്ണികൃഷ്ണന്‍ തന്റെ ഓട്ടോയില്‍ കയറിയ വയനാട് സ്വദേശിനിയായ 69-കാരിയെ ആക്രമിച്ച് രണ്ടുപവന്റെ സ്വര്‍ണമാല കവര്‍ന്നത്. ഇതിനുശേഷം വയോധികയെ റോഡില്‍ തള്ളി ഇയാള്‍ കടന്നുകളയുകയുംചെയ്തു. ഓട്ടോയില്‍നിന്നുള്ള വീഴ്ചയില്‍ പരിക്കേറ്റ ഇവര്‍ ഒരുമണിക്കൂറോളമാണ് വഴിയരികില്‍ കിടന്നത്. ഇതിനിടെ ചിലരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ബസില്‍ കയറി കൂടരഞ്ഞിയിലെ സഹോദരന്റെ വീട്ടിലെത്തിയശേഷമാണ് ആശുപത്രിയില്‍ ചികിത്സതേടിയത്.
സംഭവദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് 69-കാരി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയത്. തുടര്‍ന്ന് നാല് സ്ത്രീകള്‍ക്കൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോകാന്‍ തീരുമാനിച്ചു. മഴ പെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന സ്ത്ര്ീകള്‍ മേലപാളയത്തെ ഹോട്ടലില്‍ കയറി. ഇതിനിടെയാണ് അതുവഴിയെത്തിയ ഉണ്ണികൃഷ്ണന്റെ ഓട്ടോയില്‍ 69-കാരി കയറിയത്. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്ക് പോകാനാണ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴിമാറി സഞ്ചരിച്ചു. വഴിമാറിയെന്ന് മനസിലായതോടെ ഓട്ടോ നിര്‍ത്താന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ കൂട്ടാക്കിയില്ല. ഇതിനുപിന്നാലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഡ്രൈവര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുക്കുകയും ഇവരെ ഓട്ടോയില്‍നിന്ന് തള്ളിയിട്ട് കടന്നുകളയുകയായിരുന്നു.
നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുകയും സ്ത്രീസുരക്ഷയില്‍ വെല്ലുവിളി ഉയര്‍ത്തിയതുമായ സംഭവത്തില്‍ അതീവഗൗരവത്തോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. വയോധികയുടെ പരാതി ലഭിച്ചതിന് പിന്നാലെ കേസില്‍ അന്വേഷണം നടത്താനായി ജില്ലാ പോലീസ് മേധാവി പ്രത്യേകസംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് നഗരത്തിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പോലീസ് അരിച്ചുപെറുക്കി. നഗരത്തില്‍ രാത്രി ഓടുന്ന ഓട്ടോകളുടെ പട്ടികയും പരിശോധിച്ചു. ഒടുവില്‍ ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉണ്ണികൃഷ്ണനാണെന്ന് വ്യക്തമായത്.
അതേസമയം, സ്ഥിരം മദ്യപിക്കുമെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തകനാണ് പ്രതിയെന്നത് പോലീസിനെ ഞെട്ടിച്ചു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ ഇടപെട്ടിരുന്നതായാണ് പോലീസ് പറയുന്നത്. അതിനാല്‍തന്നെ പ്രതി ആദ്യം കുറ്റം നിഷേധിച്ചപ്പോള്‍ പോലീസിനും സംശയമായി. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.
എം.സി.സി.ക്ക് സമീപത്തുനിന്നും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്ക് ഓട്ടോയില്‍ കയറിയ യാത്രക്കാരിയെ വഴിതെറ്റിച്ച് ചിന്താവളപ്പ്, പാവമണി റോഡ് വഴി മുതലക്കുളം ഭാഗത്തേക്കാണ് പ്രതി സഞ്ചരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവിടെവെച്ചാണ് കഴുത്തിലണിഞ്ഞിരുന്ന രണ്ടുപവന്റെ മാല പൊട്ടിച്ചത്. ഇത് തടയാന്‍ ശ്രമിച്ചതോടെ വയോധികയെ ആക്രമിച്ച് ഓട്ടോയില്‍നിന്ന് തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ വയോധികയ്ക്ക് രണ്ടുപല്ലുകള്‍ നഷ്ടമായി. താടിയെല്ലിനും പരിക്കേറ്റു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഡി.ഐ.ജി. രാജ്പാല്‍ മീണയുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ അനൂജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ടൗണ്‍ അസി. കമ്മീഷണര്‍ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും ചേര്‍ന്നാണ് കേസില്‍ പ്രതിയെ പിടികൂടിയത്.
ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ്, സബ് ഇന്‍സ്‌പെക്ടര്‍ പി.കെ.ഇബ്രാഹിം, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമ്മണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, ടൗണ്‍ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ മുരളീധരന്‍,എ.മുഹമ്മദ് സിയാദ്, ബൈജു നാഥ്.എം, സീനിയര്‍ സിപി ഒ ശ്രീജിത്ത് കുമാര്‍ പി,രജിത്ത്,സിപിഒ ജിതേന്ദ്രന്‍ എന്‍, രഞ്ജിത്ത്.സി, പ്രജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
ജില്ലയില്‍ വ്യക്തമായ രേഖകളില്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളെ സംബന്ധിച്ച് പോലീസിന് തെളിവുകള്‍ ലഭിച്ചതായും ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.ഐ.ജി. രാജ്പാല്‍ മീണ അറിയിച്ചു. ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് ഓട്ടോ ഓടിക്കുന്നവരെക്കുറിച്ചും സ്റ്റാന്‍ഡില്‍ കയറാതെ കറങ്ങിനടന്ന് യാത്രക്കാരില്‍നിന്ന് കൂടുതല്‍ പണം ആവശ്യപ്പെടുന്നതായുള്ള പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേയും നടപടി കര്‍ശനമാക്കുമെന്നും പോലീസ് അറിയിച്ചു.
അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചത് ആത്മഹത്യയെന്ന് സൂചന. മരിച്ച ബിനീഷ് സംഭവം നടന്ന ദിവസം ആലുവയിലെ പമ്പില്‍നിന്ന് കാനില്‍ പെട്രോള്‍ വാങ്ങുന്നതിന്റെയും കാനുമായി തിരികെ വീട്ടിലേക്ക് കയറുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അപകടമുണ്ടായ കിടപ്പുമുറിയില്‍നിന്ന് പെട്രോള്‍ കാനും ലഭിച്ചിട്ടുണ്ട്.
മലഞ്ചരക്ക് വ്യാപാരിയായിരുന്നു ബിനീഷ്. ഇദ്ദേഹത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും സൂചനകളില്‍ നിന്നാണ് ആത്മഹത്യയാണ് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. രാസപരിശോധനാഫലം വന്നാലേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ.
ജൂണ്‍ എട്ടിനാണ് എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് നാലുപേര്‍ വെന്തുമരിച്ചത്. പറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ (40) മക്കളായ ജൊവാന (8), ജെസ്‌വിന്‍ (5) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം.
മരിച്ച നാലുപേരും ഒരു മുറിയിലാണ് കിടന്നിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.
രാവിലെ നാലരയോടെ ബിനീഷിന്റെ അമ്മ ചിന്നമ്മ പ്രാര്‍ഥിക്കാനായി എഴുന്നേറ്റപ്പോഴാണ് മുകള്‍നിലയില്‍നിന്ന് ശബ്ദം കേട്ടത്. ചിന്നമ്മ ഉടന്‍ ജോലിക്കാരനായ നിരഞ്ജന്‍ കുണ്ഡലയെ വിളിച്ചുണര്‍ത്തി. ഇരുവരുംചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ആളിപ്പടര്‍ന്നു. പത്രക്കെട്ട് എടുക്കാനായി ഇതുവഴിപോയ ഏജന്റ് ഏലിയാസ് തീ കണ്ട് അയല്‍വാസികളെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. നാട്ടുകാരെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശക്തമായി തീപിടിച്ചതോടെ മുറിയുടെ സമീപത്തേക്ക് പോകാനാവാത്ത സ്ഥിതിയായി. അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചപ്പോഴേക്കും നാലുപേരും കത്തിക്കരിഞ്ഞിരുന്നു.
ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. ഇടതു സഖ്യമായ ന്യൂ പോപുലര്‍ ഫ്രണ്ടാണ് (എന്‍.എഫ്.പി) മുന്നിട്ടുനില്‍ക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മുന്നിട്ടു നിന്ന വലതുപക്ഷമായ നാഷണല്‍ റാലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മിതവാദി സഖ്യം രണ്ടാംസ്ഥാനത്താണ്. ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ തൂക്കുമന്ത്രിസഭ വന്നേക്കും. ഇടത് സഖ്യം മിതവാദി സഖ്യവുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാണ് സാധ്യത.
ഞായറാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ മരീന്‍ ലെ പെന്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ റാലി (ആര്‍.എന്‍) സഖ്യമായിരുന്നു മുന്നിലെത്തിയിരുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോഴാണ് ആര്‍.എന്‍ സഖ്യത്തിന്റെ ലീഡ് കുറഞ്ഞത്.
577 അംഗ നാഷനല്‍ അസംബ്ലിയില്‍ അധികാരത്തിലെത്താന്‍ 289 സീറ്റാണ് വേണ്ടത്. ഇടതു സഖ്യത്തിന് 181 സീറ്റുകള്‍ നേടാനായപ്പോള്‍ മാക്രോണിന്റെ സെന്‍ട്രിസ്റ്റ് അലയന്‍സ് 160 സീറ്റുകളും മറൈന്‍ ലെ പെന്നിന്റെ നാഷണല്‍ റാലി 143 സീറ്റുമാണ് നേടിയത്. പുതിയ സര്‍ക്കാരുണ്ടാക്കാനായി പൂര്‍ണഫലം വരുംവരെ കാത്തിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് ഫലം മാക്രോണിനും തിരിച്ചടിയാണ്. ജീവിത ചെലവ് വളരെധികം വര്‍ധിച്ചതും, സര്‍ക്കാര്‍ സര്‍വീസുകളുടെ പരാജയവുമെല്ലാം മാക്രോണിന്റെ വീഴ്ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
ആഗോള നയതന്ത്ര വിഷയങ്ങളിലും ഉക്രെയ്ന്‍ യുദ്ധ വിഷയത്തിലുമടക്കം ഫ്രാന്‍സ് എടുക്കുന്ന നിലപാടുകളില്‍ കാര്യമായ വ്യത്യാസം ഇടത് സര്‍ക്കാര്‍ വന്നാല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ഫ്രാന്‍സിനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം. നാറ്റോ ഉച്ചകോടിക്ക് രണ്ട് ദിവസവും പാരീസ് ഒളിമ്പിക്സിന് മൂന്ന് ആഴ്ചയും മുന്‍പാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം ഭൂരിഭാഗം ഫ്രഞ്ച് പൗരന്മാര്‍ക്കും ആശ്വാസമേകുന്നതാണെന്നും ഫ്രഞ്ച് പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും ഇടതുപക്ഷ നേതാവ് ജീന്‍ ലൂക്ക് മെലന്‍ചോണ്‍ ആവശ്യപ്പെട്ടു. അതേസമയം ഫലസൂചനകള്‍ വന്നതോടെ ഫ്രാന്‍സില്‍ പലയിടത്തും സംഘര്‍ഷം ഉടലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.
സംഘടനാ വീഴ്ചക്കൊപ്പം വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയതും തിരിച്ചടിയായി. ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നും എം.എ ബേബി പച്ചക്കുതിര മാസികയില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടിക്കകത്തെ ദുഷ്പ്രവണതകള്‍ മതിയാക്കണം. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് പിന്നീട് പിണറായി ശൈലിയായി മാറി. യോഗം തുടങ്ങും മുമ്പ് പുറത്തു പോകാന്‍ സന്നദ്ധരല്ലാതിരുന്ന കാമറാമാന്മാരോട് പുറത്തു പോകാന്‍ പറഞ്ഞതില്‍ തെറ്റായോ അസ്വാഭാവികമായോ ഒന്നുമില്ല.
സമൂഹ മാധ്യമങ്ങളിലെ മാധ്യമ വിമര്‍ശനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷകരമായി. മാധ്യമങ്ങളെ വിലക്കിയതും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും തിരിച്ചടിയായി. ബംഗാളിലെ സിപിഎം 15 വര്‍ഷം കൊണ്ട് ഇന്നത്തെ അവസ്ഥയിലേക്ക് എത്തപ്പെട്ടത് ഓര്‍ക്കണം. എത്രയും പെട്ടെന്ന് തിരുത്തലുകള്‍ വേണമെന്നും ബേബി ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പിലെ തിരിച്ചടി അതീവ ഗുരുതരമാണെന്ന് സമ്മതിക്കാതെ വയ്യ. തിരഞ്ഞെടുപ്പിലെ പിന്നോട്ടടികള്‍ മാത്രമല്ല പരിശോധനാ വിധേയമാക്കേണ്ടത്. വ്യത്യസ്ത തോതില്‍ ഇടതുപക്ഷ സ്വാധീന മേഖലയില്‍ ബഹുജന സ്വാധീനത്തിലും പ്രതികരണ ശേഷിയിലും ആഘാത ശക്തിയിലും ഇടിവും ചോര്‍ച്ചയും സംഭവിക്കുന്നുണ്ട്.
ഇതിന് ഭരണപരമായ പ്രശ്നങ്ങളും ബഹുജനങ്ങളുമായി ഇടപെടുമ്പോള്‍ സംഭവിക്കുന്ന വാക്കും പ്രവൃത്തിയും ജീവിത ശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാകാം. ഇന്നത്തേക്കാള്‍ പല മടങ്ങ് സ്വാധീനവും ബഹുജന വിശ്വാസവും ആര്‍ജ്ജിക്കുവാനുള്ള നിലയ്ക്കാത്ത പോരാട്ടങ്ങളും പരിശ്രമങ്ങളും ഇടതുപക്ഷം തുടരേണ്ടതുണ്ടെന്നും എം.എ ബേബി ലേഖനത്തില്‍ പറയുന്നു.
ജനങ്ങള്‍ക്ക് ബോധ്യമാകും വിധം സത്യസന്ധവും നിര്‍ഭയവും ഉള്ളു തുറന്നതുമായ സ്വയം വിമര്‍ശനലൂടെയും മാത്രമേ, വാക്കിലും പ്രവൃത്തിയിലും അനുഭവവേദ്യമാവുന്ന തിരുത്തലുകളിലൂടെ മാത്രമേ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട ബഹുജന സ്വാധീനം വീണ്ടെടുക്കാനാവൂ. ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണിയാണെന്നും ‘തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും’ എന്ന ലേഖനത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് വ്യക്തമാക്കുന്നു.