Latest News

കാർണിവൽ ക്രൂയിസ് ലൈൻ കമ്പനിയിൽ എന്റർടൈൻമെന്റ് ടെക്നിക്കൽ മാനേജർ പൊസിഷൻ ലഭിച്ച ആദ്യ മലയാളിയായി പിറവം സ്വദേശി ബെൽസിൻ. 1996 മുതൽ വീഡിയോഗ്രാഫറായി ജോലി ആരംഭിച്ച ബെൽസിൻ, 2006-ൽ അമേരിക്ക ആസ്ഥാനമായുള്ള കാർണിവൽ ക്രൂയിസ് ലൈൻ എന്ന ആഡംബര കപ്പൽ കമ്പനിയിൽ ഫോട്ടോഗ്രാഫറായി ജോലി ലഭിച്ചു. 2007-ൽ ബ്രോഡ്കാസ്റ്റ് ടെക്നീഷ്യനായി ഒരുപാട് രാജ്യങ്ങളിൽ സഞ്ചരിക്കുവാനുള്ള അവസരം ലഭിച്ചു. 2018-ലെ പ്രളയം മൂലം ഭീമമായ നഷ്ടങ്ങളുണ്ടായ കാർണിവൽ ഉദ്യോഗസ്ഥർക്കായി ഫണ്ട് ശേഖരിച്ച് അർഹരായവർക്ക് വിതരണം ചെയ്യുവാൻ മുൻകൈയെടുത്ത് പ്രവർത്തിച്ചു.

പല തവണ ബേസ് ഡ് എംപ്ലോയീ ഓഫ് ദി മന്ത് എന്ന അവാർഡും ഹീറോ ഓഫ് ദി മന്ത് അവാർഡും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ എന്റർടൈൻമെന്റ് ടെക്നിക്കൽ മാനേജർ എന്ന തസ്‌തിക ലഭിച്ചു. കാർണിവൽ ക്രൂയിസ് ലൈൻ എന്ന കമ്പനിയിൽ ഈ തസ്‌തിക ലഭിച്ച ആദ്യ മലയാളിയാണ് ബെൽസിൻ. പത്താംതരം വരെ പിറവം ഫാത്തിമ മാത സ്കൂളിലും പ്രീഡിഗ്രി ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലും, ഡിഗ്രി എറണാകുളം ഓൾ സൈന്റ്സ് കോളേജിലും പൂർത്തിയാക്കി. പിന്നീട് ഡിപ്ലോമ ഫ്രം അരേന മുൾട്ടീമീഡിയ എറണാകുളത്തുനിന്നും പഠിച്ചിറങ്ങുകയായിരുന്നു. യോഗ്യതയുള്ള പലരെയും കപ്പലിൽ ജോലി ലഭിക്കുവാൻ സഹായിച്ചിട്ടുള്ള ബെൽസിൻ, പിറവം ചേന്നാട്ട് പരേതനായ ജോസിന്റേയും ത്രേസ്യാമയുടേയും മകനാണ്. ഭാര്യ ജീന. മക്കൾ ജോസ്ബെൽ, മാത്യുബെൽ, റൂഹാബെൽ.

ജോർജ്‌ മാത്യൂ

ബിർമിങ്ഹാം സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും ,സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു .ഇടവക വികാരി ഫാ എൽദോ വര്ഗീസ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു .ശനിയാഴ്ച്ച വൈകിട്ട് കൊടിയേറ്റ് ,സന്ധ്യാപ്രാർത്ഥന ,വചന വചനപ്രഘോഷണം എന്നിവ നടന്നു .

ഞായറാഴ്ച രാവിലേ 9 മണിക്ക്‌ പ്രഭാതനമസ്കാരം ,വി .കുർബാന ,പ്രസംഗം ,പ്രദിക്ഷണം ,ആശിർവാദം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ .തുടർന്ന് നേര്ച്ച വിളമ്പ്‌ ,ലേലം ,സ്നേഹവിരുന്ന് എന്നിവ ക്രമീകരിച്ചിരുന്നു .ക്രിസ്തു പാത പിൻതുടർന്ന സ്തെഫനോസ് സഹദാ ത്യാഗത്തിന്റെയും ,സഹിഷ്ണത യുടെയും ആൾരൂപമായിരുന്നു എന്ന് കുർബാനമധ്യയുള്ള പ്രസംഗത്തിൽ ഇടവക വികാരി ചൂണ്ടികാട്ടി .ഇടവകയിൽ നിന്ന് മാഞ്ചസ്റ്റർ പള്ളിയിലേക്ക്‌ മാറിപ്പോകുന്ന വികാരിയച്ചന് സമുചിതവും ,ഹൃദ്യവുമായ യാത്രയയപ്പ് നൽകി .വിവിധ അൽമീയ സംഘടന പ്രതിനിധികൾ ഉപഹാരങ്ങൾ നൽകി .


ഇടവകയുടെ പാരിതോഷികം സെക്രട്ടറി അച്ഛന് കൈമാറി. സെക്രട്ടറി എബ്രഹാം കുര്യൻ ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി .കൊടിയിറക്കോടെ പെരുന്നാളിന് സമാപനമായി .

 

ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത് മുസ്‌ലിമായതു കൊണ്ടാണെന്ന ആരോപണവുമായി വനിതാ മന്ത്രി. തന്റെ സ്വത്വം സഹപ്രവര്‍ത്തകരെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്നും സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി നുസ്‌റത്ത് ഗനി പറഞ്ഞു. 49 കാരിയായ നുസ്‌റത്ത് ബോറിസ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. ബ്രിട്ടനിലെ ആദ്യ മുസ്‌ലിം വനിതാ മന്ത്രിയായിരുന്നു ഇവര്‍.

2108ലാണ് അധികാരമേറ്റത്. എന്നാല്‍ 2020 ഫെബ്രുവരിയില്‍ നടന്ന പുനഃസംഘടനയില്‍ ഇവര്‍ക്ക് സ്ഥാനം നഷ്ടമാകുകയായിരുന്നു. ‘മുസ്‌ലിം വനിതാ മന്ത്രിയെന്ന എന്റെ സ്റ്റാറ്റസ് സഹപ്രവര്‍ത്തരെ അസ്വസ്ഥപ്പെടുത്തിയിരുന്നു. വയറ്റില്‍ അടിയേറ്റ പോലെയായിരുന്നു അത്. ഞാന്‍ അപമാനിതയായി. എന്നാല്‍ സംഭവം പാര്‍ട്ടിയിലുള്ള വിശ്വാസത്തെ ഉലച്ചിട്ടില്ല. എംപി സ്ഥാനം രാജി വയ്ക്കണമെന്ന് ആലോചിച്ചിരുന്നു’ അവര്‍ വ്യക്തമാക്കി.

അതേസമയം, നുസ്‌റത്തിന്റെ ആരോപണങ്ങള്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് മാര്‍ക് സ്‌പെന്‍സര്‍ തള്ളി. പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ് എന്നും അസംബന്ധമാണ് എന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണം അന്വേഷിക്കണമെന്ന് മന്ത്രി നദിം സവാഹി ആവശ്യപ്പെട്ടു.

താന്‍ ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ്. കോടതിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയില്‍ കാണാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടായിരുന്നു അതെന്നും ദിലീപ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ഗുഢാലോചന നടന്നുവെന്ന ആരോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു.

അതേസമയം, ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയ മൊഴികളില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. തെളിവുകളുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നല്‍കുന്നത്. ബിഷപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാദങ്ങളെയും ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണത്തില്‍ കഴമ്പൊന്നുമില്ലെന്നും അന്വേഷണസംഘം നിരീക്ഷിച്ചു.

മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂയെന്ന് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ആവശ്യത്തിന് തെളിവ് പൊലീസിന്റെ കൈവശമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. കോടതി നിര്‍ദേശപ്രകാരമാണ് നടപടി. മറ്റുള്ളവരെ ചോദ്യം ചെയ്യാന്‍ തടസമില്ല. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യും. കേസില്‍ സത്യം പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശ്രീജിത്ത് അറിയിച്ചു.

”ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിച്ചാലും ഇല്ലെങ്കിലും അത് അന്വേഷണത്തിന് സഹായകരമാണ്. അന്വേഷണത്തില്‍ സെന്‍സിറ്റിവിറ്റിയില്ല. സെന്‍സിറ്റിവിറ്റി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമാണ്. തെളിയിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. സത്യം പുറത്ത് കൊണ്ടുവരും. തെളിവുകളെ പറ്റി കൂടുതലായി ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ല.” ഇന്നലെ കോടതി നടന്നത് കണ്ടതാണല്ലോ എന്ന ചോദ്യവും എഡിജിപി മാധ്യമങ്ങളോട് തിരിച്ച് ചോദിച്ചു. എന്തൊക്കെയാണ് തെളിവുകള്‍ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിഐപി ശരത് ആണോ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലെന്നും എഡിജിപി ചൂണ്ടിക്കാട്ടി.

ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഒന്‍പതാം മണിക്കൂറിലേക്ക് കടക്കുകയാണ്. ഇതിനിടെയാണ് എഡിജിപി എസ് ശ്രീജിത്തും ചോദ്യം ചെയ്യലിന്റെ ഭാഗമായത്. ക്രൈം ബ്രാഞ്ച് എഡിജിപി ശ്രീജിത്തിന് പുറമെ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളും കളമശ്ശേരിയില്‍ ചോദ്യം ചെയ്യല്‍ തുടരുന്ന ഓഫീസില്‍ എത്തിയിട്ടുണ്ട്.

ഇതിനിടെ, നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണ്. കേസില്‍ തുടരന്വേഷണം ആവശ്യമില്ല. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിനായാണ് സര്‍ക്കാര്‍ സമയം തേടുന്നതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. നാളെ സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.

ഭീഷണിപ്പെടുത്തി പത്ത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്ന ദിലീപിന്റെ ആരോപണം നിഷേധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് പണം നൽകിയതെന്ന് അദ്ദേഹം പ്രതികരിച്ചു.

കേസ് നടക്കുന്നതിനും വർഷങ്ങൾക്ക് മുൻപാണ് ദിലീപ് തനിക്ക് പണം നൽകിയത്. സാമുദായിക സ്പർദ്ധയുണ്ടാക്കാനാണ് ബിഷപ്പിനെ ഇതിലേക്ക് വലിച്ചിഴച്ചതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. സത്യവാങ്മൂലം പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു സംവിധായകന്റെ പ്രതികരണം.

ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലായിരുന്നു ദിലീപിന്റെ ആരോപണം. ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും, പലപ്പോഴായി പത്ത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നുമാണ് ദിലീപ് പറയുന്നത്. ജാമ്യത്തിനായി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയെന്നും പ്രതിഫലമായി എന്തെങ്കിലും കൊടുക്കണമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടതെന്നും നടൻ ആരോപിച്ചിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഒൻപതുമണിക്ക് തുടങ്ങിയ ദിലീപിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് ഹാജരായത്.

ഹോളിവുഡ് നടിയും സംവിധായികയുമായ റെജീന കിങിന്റെ മകൻ ഇയാൻ അലക്‌സാണ്ടർ ജൂനിയർ മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. നടിയുടെ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചതായിട്ടാണ് വിവരം.

26-ാം പിറന്നാൾ ദിനത്തിലാണ് റെജീനയുടെ ഏക മകൻ കൂടിയായ ഇയാൻ ആത്മഹത്യ ചെയ്തത്. ഇയാൻ അലക്‌സാണ്ടർ സീനിയർ-റെജീന കിങ് ദമ്പതികളുടെ മകനാണ് ഇയാൻ അലക്സാണ്ടർ ജൂനിയർ. 199ലാണ് ഇയാൻ അലക്‌സാണ്ടർ സീനിയർ-റെജീന കിങ് വിവാഹം നടക്കുന്നത്. 10 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2007ൽ ഇരുവരും വേർ പിരിഞ്ഞു. അമ്മയ്ക്കൊപ്പം നിൽക്കാനായിരുന്നു ഇയാൻ ജൂനിയറിന്റെ ആ​ഗ്രഹം.

‘ഇയാന്റെ മരണത്തിന്റെ ആഘാതത്തിലാണ് ഞങ്ങളുടെ കുടുംബം. മറ്റുള്ളവരുടെ സന്തോഷത്തെ കരുതി ജീവിക്കുന്ന പ്രകാശമായിരുന്നു എനിക്ക് ഇയാൻ. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം’- റെജീന കിങ്ങ് ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു.

പിതാവിന്റെ പാത പിന്തുടർന്ന ഇയാൻ ജൂനിയറിന് സം​ഗീതത്തിലായിരുന്നു അഭിരുചി. ഇയാൻ ജൂനിയറുമൊന്നിച്ചാണ് റെജീന മിക്ക പൊതുപരിപാടികളിലും എത്തിയിരുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ മകന്റെ തന്റെ അഭിമാനമാണെന്ന് റെജീന പറഞ്ഞിരുന്നു.

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനത്തിലെ പശ്ചാത്തലത്തില്‍ നടപ്പാക്കിയ നിയന്ത്രണങ്ങളുടെ പേരില്‍ സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ന്യൂസിലന്റില്‍ അതിവേഗം വ്യാപിക്കുന്നതിനിടെയാണ് നിയന്ത്രണങ്ങളില്‍ സ്വന്തം വിവാഹം തന്നെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ മാറ്റിവെച്ചത്. ന്യൂസിലന്റിലെ സാധരണക്കാരില്‍ നിന്നും താന്‍ വ്യത്യസ്ഥയല്ലെന്നാണ് വിവാഹം മാറ്റിവെച്ചത് സംബന്ധിച്ച് ചോദ്യത്തോട് ന്യൂസിലന്റ് പ്രധാനമന്ത്രി പ്രതികരിച്ചത്.

ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ വിവാഹം അടുത്തുതന്നെ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതിനിടെയാണ് ഒമിക്രോണ്‍ വ്യാപനത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് ന്യൂസിലന്റ് കടന്നത്.ജസീന്ത ആര്‍ഡേനും ദീര്‍ഘകാല പങ്കാളിയും ക്ലാര്‍ക്ക് ഗേഫോര്‍ഡ് ആര്‍ഡനും തമ്മില്‍ വിവാഹം അടുത്ത ദിവസങ്ങളില്‍ നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പതിനായികണക്കിന് ന്യൂസിലന്റ് നിവാസികളില്‍ നിന്നു താന്‍ വ്യത്യസ്തയല്ലെന്നാണ് ജസീന്ത വ്യക്തമാക്കിയത്. വിവാഹം മാറ്റിവെച്ചതില്‍ എന്താണ് തോന്നുന്നതെന്ന ചോദ്യത്തോട് ജീവിതം അങ്ങനെയാണെന്നാണ് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രതികരിച്ചത്.

രാജ്യത്തെ ജനങ്ങളില്‍ പലരും കൊവിഡ് മഹാമാരിയുടെ വിനാശകരമായ ഫലം അനുഭവിക്കുന്നവരാണ്. ഗുരുതര കൊവിഡ് രോഗ ബാധയുള്ളപ്പോഴും പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കാന്‍ ആകുന്നില്ലെന്നത് ദുഖകരമായ അവസ്ഥയാണെന്നും ജസീന്ത ചൂണ്ടിക്കാണിച്ചു. ന്യൂസിലന്റില്‍ കഴിഞ്ഞ ദിവസം ഒരു വിവാഹത്തെ തുടര്‍ന്ന് ഒന്‍പതോളം പുതിയ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് മാസ്‌ക്ക് നിര്‍ബന്ധമാക്കുക, പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടത്തിന് നിയന്ത്രണം വരുത്തുക, അടച്ചിട്ടമുറികളില്‍ ചടങ്ങുകള്‍ പരിമിതപ്പെടുത്തുക എന്നിങ്ങനെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലില്‍ ദിലീപും കൂട്ടുപ്രതികളും മറുപടി നല്‍കുന്നുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത്. സഹകരിക്കുന്നുണ്ടോ എന്ന് പറയാറായിട്ടില്ലെന്നും അക്കാര്യം വിലയിരുത്തലുകള്‍ക്ക് ശേഷം പറയാമെന്നും എഡിജിപി പറഞ്ഞു. മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ. ദിലീപ് എന്ത് മറുപടിയാണ് നല്‍കുന്നതെന്ന് ഇപ്പോള്‍ പറയാനാകില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും എഡിജിപി ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയിലേക്ക് വരാന്‍ തയ്യാറായിരിക്കാനാണ് പൊലീസ് ഇന്നലെ വൈകീട്ട് നല്‍കിയ നിര്‍ദേശം എന്ന് ബാലചന്ദ്രകുമാര്‍ ഒരു ചാനലിനോട് പ്രതികരിച്ചു. ദിലീപിന്റെയും സംഘത്തിന്റെയും ചോദ്യം ചെയ്യലിന് ശേഷം ഹാജറാവാനാണ് നിര്‍ദേശം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ആവശ്യത്തിന് തെളിവ് പൊലീസിന്റെ കൈവശമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. കോടതി നിര്‍ദേശപ്രകാരമാണ് നടപടി. മറ്റുള്ളവരെ ചോദ്യം ചെയ്യാന്‍ തടസമില്ല. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യും. കേസില്‍ സത്യം പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശ്രീജിത്ത് അറിയിച്ചു.

ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിച്ചാലും ഇല്ലെങ്കിലും അത് അന്വേഷണത്തിന് സഹായകരമാണ്. അന്വേഷണത്തില്‍ സെന്‍സിറ്റിവിറ്റിയില്ല. സെന്‍സിറ്റിവിറ്റി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമാണ്. തെളിയിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. സത്യം പുറത്ത് കൊണ്ടുവരും. തെളിവുകളെ പറ്റി കൂടുതലായി ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ല. ഇന്നലെ കോടതി നടന്നത് കണ്ടതാണല്ലോ എന്ന ചോദ്യവും എഡിജിപി മാധ്യമങ്ങളോട് തിരിച്ച് ചോദിച്ചു. എന്തൊക്കെയാണ് തെളിവുകള്‍ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിഐപി ശരത് ആണോ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലെന്നും എഡിജിപി ചൂണ്ടിക്കാട്ടി.

അതേസമയം, ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഏഴാം മണിക്കൂറിലേക്ക് കടക്കുകയാണ്. ഇതിനിടെയാണ് എഡിജിപി എസ് ശ്രീജിത്തും ചോദ്യം ചെയ്യലിന്റെ ഭാഗമായത്. ക്രൈം ബ്രാഞ്ച് എഡിജിപി ശ്രീജിത്തിന് പുറമെ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളും കളമശ്ശേരിയില്‍ ചോദ്യം ചെയ്യല്‍ തുടരുന്ന ഓഫീസില്‍ എത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ രാവിലെ 9 മണിക്ക് തന്നെ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിയിരുന്നു. പിന്നാലെ തന്നെ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നു. കേസിലെ മറ്റ് അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ഹാജരായിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദര ഭര്‍ത്താവ് സുരാജ്, സുഹൃത്ത് അപ്പു, ബൈജു എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

വീടിനു മുന്നിൽ നിന്ന് കാണാതായ നാലു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തിൽ ജോൺ റിച്ചാർഡ്-സഹായസിൽജ ദമ്പതികളുടെ മകൻ ജോഗൻ റിഷി ആണ് മരിച്ചത്. സമീപവാസിയുടെ അലമാരയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന് പുറത്തു കളിച്ചുക്കൊണ്ടിരുന്ന ജോഗൻ റിഷിയെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാണാതായത്. ബന്ധുക്കളുൾപ്പെടെയുള്ളവരുടെ വീടുകളിൽ കുട്ടിയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുട്ടിയുടെ അമ്മ സഹായ സിൽജ മണവാളക്കുറിച്ചി പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തു.

ഇതിനിടെ സമീപവാസിയായ ഫാത്തിമ എന്ന സ്ത്രീയിൽ നാട്ടുകാർ സംശയം പ്രകടപ്പിച്ചു. ശേഷം, നാട്ടുകാർ സംഘടിച്ചെത്തി ഇവരുടെ വീട്ടിൽ പരിശോധിച്ചപ്പോഴാണ് അലമാരിയിൽ വായ് മൂടിക്കെട്ടിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.

സംഭവത്തിൽ സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിച്ചു. ശേഷം സ്ഥലത്തെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.

ഞായറാഴ്ച ലോക്ക്ഡൗണില്‍ കേരള പോലീസിന്റെ പരിശോധനയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവാവ്. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും പോലീസില്‍ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്‌സല്‍ എന്ന യുവാവ് പങ്കുവച്ചത്.
ഫേസ്ബുക്കിലൂടെ പുറത്തറിയിച്ചത്.

പല വാഹനങ്ങളും പോകാന്‍ അനുവദിച്ചപ്പോഴും തങ്ങളുടെ വാഹനം മാത്രം പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തിയെന്നും, പര്‍ദ്ദ ധരിച്ച മാതാവിനോട് നിങ്ങളുടെ വസ്ത്രമാണ് പ്രശ്‌നം എന്ന് പറഞ്ഞെന്നും അഫ്‌സല്‍ പറയുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും വാഹനത്തിന്റെ രേഖകളും കൈയ്യില്‍ ഉണ്ടെന്നിരിക്കെ ‘സംഘി പോലീസ്’ തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അഫ്സല്‍ കുറിപ്പില്‍ പറയുന്നു.

ഓച്ചിറ പോലീസ് ഐഎസ്എച്ച്ഒ പി വിനോദിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വീട്ടില്‍ നിന്നും പുറപ്പെട്ട് ഏഴോളം പരിശോധനകള്‍ കഴിഞ്ഞ് കോളേജിലേക്ക് അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരമിരിക്കെയാണ് വീട്ടിലേക്ക് തിരിച്ചുപോകാന്‍ പോലീസ് ആവശ്യപ്പെടുന്നത്.

അഫ്സലിന്റെ ഉമ്മ കാര്യം തിരക്കിയതോടെ അവരുടെ വസ്ത്രമായ പര്‍ദ്ദ തന്നെയാണ് പ്രശ്നമെന്ന് പോലീസ് ആവര്‍ത്തിക്കുകയായിരുന്നുവെന്ന് അഫ്സല്‍ പറയുന്നു. ഒടുവില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ വിളിച്ച് കാര്യം അറിയിച്ച് പരിഹരിക്കുകയായിരുന്നുവെന്നും അഫ്സല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെക്കുന്നു.

അഫ്സലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

അങ്ങനെ കേരളാ പോലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി…

കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന അനിയത്തിയെ രണ്ടാഴ്ചത്തേയ്ക്ക് കോളേജ് അടച്ചതിനാലും നാളെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കേണ്ടത് കൊണ്ടും വീട്ടില്‍ കൊണ്ടുവരാനായി ഉമ്മച്ചി രാവിലെ പുറപ്പെട്ടു. രാവിലെ 6 മണിക്കുള്ള കുളത്തുപ്പുഴ ആലപ്പുഴ ഫാസ്റ്റിലാണ് ഉമ്മച്ചി സ്ഥിരമായി കായംകുളം പോകുന്നത്. വീട്ടില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരത്താണ് ബസ് സ്റ്റോപ്പ്.

രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പില്‍ കൊണ്ടാക്കിയ ശേഷം ഞാന്‍ തിരികെ വന്നു. 6.30 ആയിട്ടും ബസ് കാണാത്തതിനാല്‍ കാര്‍ എടുത്തു വരാന്‍ ഉമ്മച്ചി വിളിച്ചു പറഞ്ഞു. ലോക്ക് ടൗണ്‍ ആയതിനാല്‍ സത്യവാങ്മൂലവും കാറിന്റെ രേഖകളും എടുത്തു വെച്ചു. ഞാനും ഉമ്മച്ചിയും 5 വയസുള്ള അനിയനും കാറില്‍ പാരിപ്പള്ളി കൊല്ലം വഴി ഏകദേശം 65 കിലോമീറ്റര്‍ പിന്നിട്ട് ഓച്ചിറ എത്തി.

7 ഓളം പോലീസ് ചെക്കിങ് കഴിഞ്ഞാണ് അതുവരെ എത്തിയത്. അനിയത്തിയുടെ കോളേജില്‍ പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ അതുവരെയുള്ള എല്ലാ ചെക്കിങ്ങും പോലീസ് കടത്തി വിട്ടു. ഓച്ചിറ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ഓച്ചിറ പോലീസ് സ്റ്റേഷനിലെ ISHO വിനോദ്. പി എന്ന ഉദ്യോഗസ്ഥനാണ് തടഞ്ഞത്. ഉമ്മച്ചി രേഖകളും സത്യവാങ്മൂലവും കാണിക്കുകയും മോളുടെ കോളേജില്‍ (MSM കോളേജ്, 6 കിലോമീറ്റര്‍ അപ്പുറം) പോകുകയാണ് എന്നും അറിയിച്ചു.

‘നിങ്ങള്‍ പോകേണ്ട, തിരിച്ചു പോകൂ…’ഇന്‍സ്പെക്ടര്‍ ദേഷ്യഭാവത്തോടെ പറഞ്ഞു. ഉമ്മച്ചി മനസ്സിലാവാത്ത ഭാവത്തോടെ അദ്ദേഹത്തെ നോക്കി.’നിങ്ങളോടല്ലേ പറഞ്ഞത്, തിരിച്ചു പോകൂ’അദ്ദേഹം വീണ്ടും പറഞ്ഞു.’അതെന്താണ് സര്‍, ഞങ്ങള്‍ 7 ഓളം ചെക്കിങും 70 കിലോമീറ്റര്‍ ദൂരവും പിന്നിട്ടാണ് ഇവിടെ വരെ എത്തിയത്. 5 കിലോമീറ്റര്‍ അപ്പുറമാണ് കോളേജ്. പിറകെ വന്ന ഒരു വാഹനവും നിങ്ങള്‍ തടയുന്നില്ല. സത്യവാങ്മൂലം ഉണ്ട്, രേഖകള്‍ ഉണ്ട് പിന്നെ എന്താണ് തിരിച്ചു പോകണം എന്ന് നിങ്ങള്‍ പറയുന്നത്..?’

ഉമ്മച്ചി ചോദിച്ചു.’നിങ്ങള്‍ പറഞ്ഞാല്‍ കേട്ടാല്‍ മതി. ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചത് കൊണ്ടു നിങ്ങള്‍ തിരിച്ചു പോകൂ. കൂടുതല്‍ സംസാരിച്ചാല്‍ കേസെടുക്കും..’ഇന്‍സ്പെക്ടരുടെ ഭാവം മാറി…’നിങ്ങള്‍ എന്താണ് പറയുന്നത്, ഒരൊറ്റ വാഹനവും തടയാതെ ഈ വാഹനം മാത്രം തടയുന്നതിലെ ലോജിക് എന്താണ് ഇന്‍സ്പെക്ടര്‍ സാര്‍, 70 കിലോമീറ്റര്‍ ദൂരത്തു നിന്നാണ് ഞങ്ങള്‍ വരുന്നത്, 5 വയസുള്ള മോന്‍ കൂടെയുണ്ട്. അല്പം കൂടി പോയാല്‍ കോളേജ് ആയി. ഞങ്ങളെ പോകാന്‍ അനുവദിക്കൂ…’

ഉമ്മച്ചി വണ്ടിയില്‍ നിന്നും ഇറങ്ങി. അനിയനും ഞാനും ഇറങ്ങി. ഞങ്ങളുടെ പുറകെ വന്ന ഒരു വാഹനവും തടയുന്നില്ല. രേഖകള്‍ നോക്കി എല്ലാവരെയും കടത്തി വിടുകയാണ്.’ഞങ്ങളെ മാത്രം തടയുന്നത് കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? എന്റെ വസ്ത്രം ആണോ സാറിന്റെ പ്രശ്നം, ഞാന്‍ ഇട്ടിരിക്കുന്ന പര്‍ദ ആണോ സാര്‍ കാണുന്ന വ്യത്യാസം’ഉമ്മച്ചി രോഷത്തോടെ ഉമ്മച്ചി ഇന്‍സ്പെക്ടരോട് പറഞ്ഞു.

‘അതേ…നിങ്ങളുടെ വസ്ത്രം പ്രശ്നം തന്നെയാണ്. വസ്ത്രം പ്രശ്നം തന്നെയാണ്…’ഇന്‍സ്പെക്ടര്‍റുടെ ഭാവം മാറി..അതുവരെ ഞാന്‍ മിണ്ടിയിരുന്നില്ല. പര്‍ദ പ്രശ്നം തന്നെയാണ് എന്നു പറഞ്ഞപ്പോഴാണ് ഞാന്‍ ഇന്‍സ്പെക്ടരുടെ നെയിം പ്ളേറ്റ് നോക്കിയത്.. VINOD P…പുറകെ വന്ന ഒരൊറ്റ വാഹനവും തടയാതെ, ഉമ്മച്ചിയും 5 വയസുള്ള അനിയനുമുള്ള വാഹനം എല്ലാ രേഖകളും ഉണ്ടായിട്ടും തടഞ്ഞു വെച്ച് ഞങ്ങളെ പൊരി വെയിലത്ത് നിര്‍ത്തി ജീപ്പില്‍ കയറി ഇരിക്കുന്ന ഇന്‍സ്പെക്ടറുടെ പ്രശ്നം എന്താണെന്ന് എനിക്ക് മനസിലായി.

ഉമ്മച്ചിക്ക് നേരത്തെ മനസിലായി. വീണ്ടും പറഞ്ഞ കാര്യം തന്നെ ഉമ്മച്ചി ഇന്‍സ്പെക്ടറോട് ആവര്‍ത്തിച്ചു കൊണ്ടിരുന്നു.’നിങ്ങള്‍ ഇന്ന് പോകില്ല. നിങ്ങളെ ഞാന്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോകും..’ഇന്‍സ്പെക്ടയുടെ ഭാഷയില്‍ ഭീഷണിയുടെ സ്വരം. ഞാന്‍ ഫോണെടുത്തു, ആദ്യം കൊല്ലം റൂറല്‍ എസ്പിയെ വിളിച്ചു. നോക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഫോണ്‍ വെച്ചു. ശേഷം കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം എല്ലാം കേട്ട ശേഷം ഫോണ്‍ വെച്ചു. അവസാന പ്രതീക്ഷ എന്ന നിലയില്‍ ഞാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയെ വിളിച്ചു എല്ലാം വിശദമായി പറഞ്ഞു.

‘ടെന്‍ഷന്‍ ആവേണ്ട. ഞാന്‍ നോക്കിക്കൊളാം അഫ്സല്‍..’എന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വെച്ചു. 5 മിനിട്ട് കഴിഞ്ഞു മുന്‍ കൊല്ലം ഡി.സി.സി പ്രസിഡന്റ് ശ്രീമതി ബിന്ദുകൃഷ്ണ എന്നെ വിളിച്ചു. ‘എസ്പിയെ വിളിച്ചു സംസാരിച്ചിട്ടുണ്ട് ഒന്നുകൊണ്ടും വിഷമിക്കേണ്ട’ എന്ന് വാക്ക് തന്നു. അപ്പോഴേയ്ക്കും ഏകദേശം 45 മിനുട്ട് കഴിഞ്ഞിരുന്നു.’നിനക്ക് എത്ര ഹിന്ദുക്കള്‍ കൂട്ടുകാരായി ഉണ്ടെടാ.. നിന്റെ പേരില്‍ കേസ് ഉണ്ടോടാ..നിന്നെ ഞാന്‍ കോടതി കയറ്റും..’ഇന്‍സ്പെക്ടര്‍ എന്നോടായി എന്തൊക്കൊയോ പറയുന്നുണ്ട്.

ആ വെയിലത്തു നിന്ന് അനിയന്‍ കരച്ചില്‍ തുടങ്ങി. ദയാ ദക്ഷിണ്യം ഇല്ലാത്ത കാക്കി ഇട്ട ആ സംഘിക്ക് അപ്പോഴേയ്ക്കും കുറെ ഫോണ്‍ കോളുകള്‍ വന്നു കാണണം.’എടുത്തോണ്ട് പോടാ…നീ കോടതി കയറും..’എന്നെ നെഞ്ചില്‍ തള്ളിക്കൊണ്ട് അയാള്‍ ആക്രോശിച്ചു..’എന്റെ മകനെ തൊട്ടു പോകരുത്…’ഉമ്മച്ചി പറഞ്ഞു..ഞാന്‍ മറ്റൊന്നും പറയാതെ ഉമ്മച്ചിയെ കാറില്‍ കയറ്റി കോളേജിലേക്ക് പോയി..വാര്‍ത്തകളില്‍ മാത്രം കേട്ടിട്ടുള്ള കേരളാ പോലീസിലെ സംഘിയെ നേരില്‍ കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ് എന്നു കരുതുന്നു.

ഉമ്മച്ചിയും അനിയനും 1 മണിക്കൂര്‍ വെയില്‍ കൊണ്ടു. സാരമില്ല. കാവി നിക്കറിട്ട ഈ പോലീസുകാര്‍ പിണറായി വിജയനെയും കൊണ്ടേ പോകൂ..ഉദ്യോഗസ്ഥന്റെ പേര് VINOD P. ISHO ഓച്ചിറ പോലീസ് സ്റ്റേഷന്‍. തിരിച്ചു പോകേണ്ടി വരാതെയിരിക്കാന്‍നിരന്തരം ഇടപെട്ട കോണ്‍ഗ്രസ് പ്രസിഡന്റിനും, മുന്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ ശ്രീമതി ബിന്ദു കൃഷ്ണയ്ക്കും നിരുപാധികം നന്ദി അറിയിക്കുന്നു…

RECENT POSTS
Copyright © . All rights reserved