Latest News

ടോം ജോസ് തടിയംപാട്

അധ്വാനിക്കാനുള്ള മനസും ആത്മവിശ്വാസവും കൈമുതലാക്കി ബ്രിട്ടനിൽ നേട്ടങ്ങളുടെ കൊടുമുടി കയറുകയാണ് ഒരു തോപ്രംകുടിക്കാരൻ സുന്ദർലാന്റിലെ കെയർ ഹോം മാനേജർ ആയി ബിജുമോൻ ജോസഫ് കൈവരിച്ച നേട്ടങ്ങൾ ബിട്ടനിലെ ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നു. മലയാളികൾക്ക് ആകെ അഭിമാനമാകുകയാണ്. സുന്ദർലാൻഡ് ലിച്ചുമീർ റോഡിലുള്ള നേഴ്സിംഗ് ഹോം ആണ് ബിജുമോൻ ജോസഫിന്റെ നേതൃത്വത്തിൽ സമസ്ത മേഖലയിലിയിലും മികവിന്റെ പര്യയമായി മാറിയത്. ഇംഗ്ലീഷ് മാധ്യമങ്ങൾ ഓരോന്നായി ഈ നേട്ടങ്ങളുടെ പട്ടിക നിരത്തുമ്പോൾ ബിജുവിന്റെ ഹോമിന് ഇന്നു സൂര്യതേജസാണ് .

ഇന്ത്യ , സ്പെയിൻ ,നൈജീരിയ ജെമെയ്ക്ക ,സൗത്ത് ആഫ്രിക്ക ,ഇസ്രേൽ ,ഫിലിപ്പെൻസ് , അങ്കോള ,തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാഫിനെ പങ്കെടുപ്പിച്ചുകൊണ്ട് ബിജു കെയർ ഹോമിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി എല്ലാവർക്കും നൽകിയതാണ് സുന്ദർലാന്റിലെ പത്രങ്ങൾ വർത്തയാക്കിയതും, ബിജുവിനെ ശ്രദ്ധിക്കാനും ഇപ്പോൾ കാരണമായത്.

യു കെയിലെ സോഷ്യൽ കെയർ സെക്ടറിൽ ഇൻഡിപെൻഡന്റ് റെഗുലേറ്റർ കെയർ ക്വാളിറ്റി കമ്മീഷന്റെ റൈറ്റനിങ് പ്രകാരം നോർത്ത് ഈസ്റ്റ് ഇംഗ്ളണ്ടിലെ ഏറ്റവും പ്രസിസിദ്ധമായ നേഴ്സിംഗ് ഹോം ആണ് മേരി ഗോൾഡ് … ഹെൽത്ത് കെയർ രംഗത്ത് ഒട്ടേറെ അവാർഡുകൾ ഇതിനോടകം ബിജുവിനെ തേടിയെത്തിയിട്ടുണ്ട് .

ഇടുക്കി തോപ്രാംകുടി ഇലവുങ്കൽ വീട്ടിൽ ജോസഫിന്റെയും മേരിയുടെയും മകനാണ് നേഴ്സ് ആയ ബിജുമോൻ.. കോട്ടയം തിരുവന്തപുരം മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്ത് കിട്ടിയ പരിചയമാണ് ബ്രിട്ടനിലെ ഹെൽത്ത് സെക്ടറിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു നേതൃത്വം കൊടുക്കാൻ ബിജുവിനെ സഹായിച്ചത്.

ഷാനോ

വെസ്റ്റ് യോർക്ഷയറിലെ കീത്തിലിയിൽ നവാഗതരായ മലയാളി സുഹൃത്തുക്കൾ രൂപീകരിച്ച ” പ്രതീക്ഷ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ ഒൻപത് ശനിയാഴ്ച കീത്തിലി വിക്ടോറിയ ഹാളിൽ വച്ച് നടക്കുന്നു. നിരവധി കലാ കായിക മത്സരങ്ങളുടെ പൂരവേദിയാകുന്ന ഓണാഘോഷം എയർഡെൽ എൻ എച്ച് എസ് ആശുപത്രിയുടെ ഡെപ്യൂട്ടി ചീഫ് നേഴ്സ് സാജൻ സത്യൻ ഉദ്‌ഘാടനം ചെയ്യും. വർണ്ണശബളമായ മെഗാ തിരുവാതിരയുടെയും പുലികളിയുടെയും ഘോഷയാത്രയുടെയും അകമ്പടിയോടെ പ്രതീക്ഷയുടെ ഓണാഘോഷം രാവിലെ ഒൻപതു മണിക്ക് ആരംഭിക്കും. തുടർന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ വിവിധ തരത്തിലുള്ള കലാ സംസ്കാരിക പരിപാടികൾ അരങ്ങേറും. അതോടൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും നടക്കും.

2020 തിൻ്റെ ആരംഭത്തിൽ കീത്തിലിയിൽ മലയാളികളുടെ രണ്ടാം വരവ് ആരംഭിച്ചിരുന്നെങ്കിലും 2022 ഒക്ടോബറിലാണ് നവാഗതർ ഒരുമിച്ച് ഒരസോസിയേഷന് രൂപം കൊടുത്തത്. നൂറ്റിമുപ്പതിലധികം കുടുംബങ്ങൾ അംഗമായിട്ടുള്ള പ്രതീക്ഷയുടെ പ്രഥമ ഓണാഘോഷമാണ് സെപ്റ്റംബർ 9 തിന് കീത്തിലി വിക്ടോറിയ ഹാളിൽ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ലിനേഷ് എൻ സി പ്രസിഡൻ്റ്, ജോമോൾ ജ്യോതി വൈസ് പ്രസിഡൻ്റ്, ശ്രീജേഷ് സലിംകുമാർ സെക്രട്ടറി, രാഹി ഷിൻസ് ജോയിൻ്റ് സെക്രട്ടറി, സൽജിത്ത് സത്യവൃദൻ ട്രഷറർ എന്നിവരോടെപ്പം രജ്ഞിത്, സെബാസ്റ്റ്യൻ, റോഷൻ, മിത, ദീപു സാം, ക്രിഷ്ണ, ജിൻ്റു, ജെയ്സൺ, റെനിൽ, ടോണി എന്നിവരടങ്ങിയ ഒരു വലിയ ടീമാണ് പ്രതീക്ഷയുടെ സാരഥികൾ.

പ്രാദേശീക പിന്തുണയോട് കൂടി നടത്തപ്പെടുന്ന പ്രതീക്ഷയുടെ പ്രഥമ ഓണാഘോഷ പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഓണക്കാലമായാൽ മലയാളികളുടെ മനസ്സ്‌ ആമോദത്താൽ തുടി കൊട്ടും. പൂവിളികളും പൂക്കാലവുമൊക്കെയായി മാവേലി മന്നനെ വരവേൽക്കാനുള്ള ലോകമെങ്ങുമുള്ള മലയാളികൾ ഒരുമിക്കും.

കേരളത്തിൽ ആഘോഷിക്കുന്നതിനേക്കാൾ കെങ്കേമമായി ഓണം കൊണ്ടാടാൻ പ്രവാസികളായ മലയാളികൾ ശ്രമിക്കാറുണ്ട്‌. യു കെ മലയാളികളും അക്കാര്യത്തിൽ ഒട്ടും പിറകിലല്ല. സമീപകാലത്തായ്‌ ഒട്ടേറെ മലയാളികൾ യു കെ യിലേക്ക്‌ കുടിയേറുകയും, തൽഫലമായി ഓണവും വിഷുവുമൊക്കെ നാട്ടിലെ പോലെ തന്നെ എല്ലാ തനിമയോടും കൂടി യുകെയിലും ആഘോഷിക്കാനുള്ള അവസരവും കൈവന്നിരിക്കുകയാണ്.

യു കെ യിലെ എണ്ണമറ്റ മലയാളി അസോസിയേഷനുകൾ ഒക്കെയും ഇപ്പോൾ ഓണാഘോഷത്തിരക്കിലാണ്. ഓണമൽസരങ്ങളും വടംവലിയും കലാപ്രകടനങ്ങളും ഒക്കെയായി എല്ലാ അസോസിയേഷനുകളും സജീവമാണ്. യു കെ യിലെ വെസ്റ്റ്‌ യോർക്ക്ഷെയറിലെ ലീഡ്സ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികളും വ്യത്യസ്തമായ പരിപാടികളാൽ സമ്പന്നമായിരുന്നു.

വിഭവസമൃദ്ധമായ ഓണസദ്യയും, ഓണാഘോഷത്തിനു മാറ്റു കൂട്ടുന്ന മാസ്മരിക കലാപ്രകടനങ്ങളും, ചെണ്ടമേളവും, തിരുവാതിരയും, സിനിമാറ്റിക്‌ ഡാൻസും വൈകുന്നേരത്തെ ഡിന്നറും ഒക്കെയായി സെപ്റ്റംബർ 2 ശനിയാഴ്ച , രാവിലെ 10:30 മുതൽ വൈകുന്നേരം 8 മണി വരെ നീണ്ടു നിന്ന ഓണപരിപാടികളുമായ്‌ ലീഡ്സ്‌ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു.

ഇത്തവണത്തെ ലീഡ്സിലെ ഓണാഘോഷത്തിനു മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ലീഡ്സ്‌ നിവാസിയും കേരളത്തിലെ കൊല്ലം സ്വദേശിയുമായ എഴുത്തുകാരൻ ശ്രീ. സന്തോഷ്‌ റോയിയുടെ ‘ബർഗ്ഗർ തിന്നുന്ന എലികൾ’ എന്ന കവിതാസമാഹാരവും ഓണാഘോഷ പരിപാടികൾക്കിടെ ലീഡ്സ്‌ മലയാളികൾക്കു മുൻപിൽ പ്രകാശനം ചെയ്തു.

അങ്ങനെ വ്യത്യസ്തമായ പരിപാടികളാൽ സമ്പന്നമായിരുന്ന ലീഡ്സ്‌ മലയാളി അസോസിയേഷന്റെ ഓണപരിപാടികൾക്ക്‌ നേതൃത്വം നൽകിയത്‌ ശ്രീ. സാബുഘോഷ്‌ പ്രസിഡന്റ്‌ ആയ കമ്മറ്റിയായിരുന്നു.

ലീഡ്സ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉത്ഘാടനം പ്രസിഡന്റ്‌ ശ്രീ. സാബുഘോഷും കമ്മറ്റി അംഗങ്ങളും സ്പോൺസെഴ്സും ചേർന്ന് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.

കമ്മറ്റി അംഗങ്ങളായ ശ്രീ. ബിനോയ്‌ ജേക്കബ്‌, അലക്സ്‌ ജേക്കബ്‌, നിഥിൻ സ്റ്റാൻലി, അജു ബേബി, ബിനുമോൻ ജേക്കബ്‌ എന്നിവർ ആഘോഷ പരിപാടികൾക്കുള്ള പിന്തുണ നൽകി.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഹേർട്ഫോർഡ്ഷയറിലെ നോർത്ത് ആൻഡ് ഈസ്റ്റ് എൻ എച്ച് എസ് ട്രസ്റ്റിന്റെ സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിൽ, ഇന്റർനാഷണൽ ഡേയിൽ സംഘടിപ്പിച്ച ‘ലൈവ് കേരള-ലൗവ് കേരള’ പ്രൗഢഗംഭീരമായി. നിരവധി രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാഫുകളും,സന്ദർശകരും നിറഞ്ഞ സദസ്സിനായി ഹോസ്പിറ്റൽ പ്രവേശന കവാടത്തിനു മുമ്പിലുള്ള തുറസ്സായ വേദിയിലാണ് മലയാളികൾ ആഘോഷം ഒരുക്കിയത്.

ഓണാഘോഷത്തിന്റെ വേഷഭൂഷാതികളോടെ എത്തിയ മലയാളി കൂട്ടായ്മ് അവതരിപ്പിച്ച കേരളത്തനിമ വിളിച്ചോതുന്ന കലാ വിരുന്ന് ഏറെ മികച്ച കയ്യടിയോടെയാണ്‌ പ്രേക്ഷകർ വരവേറ്റത്. പൂക്കളവും, നിറപറയും, തെങ്ങിൻ പൂക്കുലയും, നിലവിളക്കും കളരിപ്പയറ്റിന്റെ ദൃശ്യാവിഷ്ക്കാരവും,തിരുവാതിരയും ഒപ്പം ഓണപ്പാട്ടുകളുമായി വേദിയിൽ മലയാളികൾക്ക് നൊസ്റ്റാൾജിക്ക്‌ സ്മരണകൾ മധുരം പകർന്നപ്പോൾ മഹാബലിയെയും, ഓണസദ്യയെയും, കലാ രൂപങ്ങളെയും, കേരള വിഭവങ്ങളെയും പുതുമയാർന്ന ജിജ്ഞാസയോടെയാണ് മറ്റുള്ളവർ ആസ്വദിച്ചത്.

ഇന്റർനാഷണൽ എംപ്ലോയീസ് കോർഡിനേറ്ററും മലയാളി കൂട്ടായ്മയിലെ സജീവ സാന്നിധ്യവുമായ പ്രബിൻ ബേബി മുഖ്യ കോർഡിനേറ്ററായിരുന്നു. ദിദിൽ ലാൽ, ജയ്മോൾ അനിൽ എന്നിവർ നേതൃത്വം വഹിച്ചു. വിസ റൂട്ട്സിന്റെ ഫെബിൻ സിറിയക്, മാരി ഡി ലോയ്‌സ് ബിജു ആന്റണി എന്നിവർ പ്രായോജകർ ആയി.

ഓണാഘോഷത്തിന് നിദാനമായ മഹാബലിയെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് ക്രിസ്റ്റി ജിസ്റ്റിൻ ആമുഖം കുറിച്ച വേദിയിൽ അനീറ്റ സജീവ് അവതാരകയായും,സുജാത ടീച്ചർ കലാപരിപാടികളുടെ കോർഡിനേറ്ററായും തിളങ്ങി. സജീവ് ദിവാകരൻ, ജെസ്ലിൻ വിജോ, ജിസ്റ്റിൻ ചിട്ടികുന്നേൽ, മാർട്ടിൻ, ടെറീന ഷിജി, ബിന്ദു ജിസ്റ്റിൻ, സരോ സജീവ് തുടങ്ങിയവർ കേരളാ ദിനത്തിലെ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

ലിസ്റ്റർ ഹോസ്പിറ്റൽ കവാട വേദിയിൽ മനോഹരമായ പൂക്കളം ഒരുക്കിയ ശേഷം ഹോസ്പിറ്റൽ ഡയറക്ടേഴ്സ് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് നാന്ദി കുറിച്ചു. തിരുവാതിരയും, ശാസ്ത്രീയ നൃത്തവും, കളരിപ്പയറ്റും, ഓണപ്പാട്ടും, മലയാള ഹിന്ദി സിനിമാ ഗാനങ്ങളുമായി വേദിയെ ഇളക്കിമറിച്ച പരിപാടിയിൽ സർഗ്ഗം മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് ബോസ് ലൂക്കോസ്,സെക്രട്ടറി ആദർശ് പീതാംബരൻ എന്നിവരുടെ നിർലോഭമായ പിന്തുണയുണ്ടായിരുന്നു.

മലയാള ഹിന്ദി ഭാഷകളിൽ ജെസ്ലിൻ വിജോയും, ഡോ. ആരോമലും ആലപിച്ച ഹിറ്റ്‌ ഗാനങ്ങൾക്ക് ഒപ്പം സാരിയും ബ്ലൗസും അണിഞ്ഞെത്തിയ ‘മദാമ്മമാർ’, ചുവടുവെച്ചും, നൃത്തം ചെയ്തും ആഘോഷത്തിന്റെ ഭാഗമായി.തിരുവാതിരയിലും തദ്ദേശീയരടക്കം ആളുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വടം വലി മത്സരങ്ങളിൽ സ്ത്രീ പുരുഷ ഭാഷാ ഭേദമന്യേ നിരവധിപേരാണ് പങ്കു ചേർന്നത്. ‘കറി വില്ലേജ്’ കേരള പലഹാരങ്ങൾ വിതരണം ചെയ്തപ്പോൾ ‘തെക്കൻസ്’ കേരള മസാലകളും പൊടികളും നൽകി.

ബെല്ലാ ജോർജ്ജ്, മെറിറ്റ ഷിജി, ദിയാ സജൻ,ആന്റോ അനൂബ്,മെറീസ്സാ സിബി, അന്ന അനൂബ്, ഡേവിഡ്, ആഡം,ജെന്നിഫർ തുടങ്ങി നിരവധി കുട്ടികളുടെയും മുതിർന്നവരുടെയും പ്രകടനം ഏറെ മികവുറ്റതായിരുന്നു.

സെപ്തംബർ 17 നു ഞായറാഴ്ച സ്റ്റീവനേജ് ബാർക്ലയ്‌സ് അക്കാദമിയിൽ സർഗ്ഗം സ്റ്റീവനേജ് ഒരുക്കുന്ന ഓണാഘോഷത്തിൽ മറ്റും, കലാ വിരുന്നും, ഓണസദ്യയും ടേസ്റ്റ് ചെയ്യുവാൻ തദ്ദേശീയരും എത്തുവാനുള്ള ആഗ്രഹത്തിലാണ്.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കോട്ടയം ജില്ലയിലെ കുറുമുള്ളൂർ പാറേൽ പള്ളിക്ക്‌ സമീപം താമസിക്കുന്ന കാഴ്ച നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർ കോട്ടേരിൽ കുര്യാക്കോസിനു വേണ്ടി നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട് ഏകദേശം (ഒരു ലക്ഷത്തി നാല്പത്തിമൂവായിരത്തി നാനൂറ്റി പത്തൊൻപതു രൂപ ) ,ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു. സഹായിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, ലഭിച്ചപണം എത്രയും പെട്ടെന്ന് കുര്യക്കോസിനു സാമൂഹിക പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് കൈമാറും എന്നറിയിക്കുന്നു.

പണം നൽകിയ എല്ലാവർക്കും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ് മെന്റ് അയച്ചിട്ടുണ്ട്. ലഭിക്കാത്തവർ ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ വിളിക്കണം എന്നറിയിക്കുന്നു. കുര്യാക്കോസിന്റെ അയൽവക്കകാരൻ ബെർക്കിൻഹെഡിൽ താമസിക്കുന്ന ബിജു നംബനത്തേൽ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നൽകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,22 ,50000 (ഒരുകോടി ഇരുപത്തിരണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം ,ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ന്യൂസ് ഡെസ്ക് മലയാളം യുകെ

തിരുവമ്പാടി : കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡൻ്റ് മഞ്ചു ബിനോയിയുടെ മാതാവും പരേതനായ തോക്കനാട്ട് തോമസിന്റെ ഭാര്യയുമായ അന്നമ്മ വി. ജെ നിര്യാതയായി. തിരുവമ്പാടി വെള്ളാരംകുന്നേൽ കുടുംബാംഗമാണ്.

സംസ്കാരം തിങ്കളാഴ്ച (04-09-2023) ഉച്ചകഴിഞ്ഞ് 2:30 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനശുശ്രുഷകൾക്ക് ശേഷം തിരുവമ്പാടി സേക്രെഡ് ഹാർട്ട് ഫൊറോന പള്ളിയിൽ. ഭൗതികശരീരം 03-09-2023 ഉച്ചകഴിഞ്ഞ് ഒറ്റപ്പൊയിൽ തോക്കനാട്ട് വസതിയിൽ എത്തിക്കും.

മക്കൾ :മിനി , മനു , മഞ്ജു (യു. കെ )
മരുമക്കൾ: ജോയി കൂനങ്കിയിൽ , സീന കുളത്തിങ്കൽ ( പേരാവൂർ ),ബിനോയി തോമസ് വെള്ളാമറ്റത്തിൽ ( യു. കെ ).

അന്നമ്മ വി. ജെയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സന്ദർലാൻഡ് : സൗത്ത് റ്റൈൻ സൈഡ് മലയാളീസ് ഒരുക്കുന്ന നെറ്സ്മാഷ് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്തംബർ 9 ശനിയാഴ്ച സന്ദർലാണ്ടിൽ . സെപ്തംബർ 9 ശനിയാഴ്ച രാവിലെ 9 മണിമുതൽ സണ്ടർലൻഡ് യൂണിവേഴ്സിറ്റി ഇൻഡോർസ്റ്റേഡിയത്തിൽ വെച്ച് തുടക്കമാകുന്നു .

യുകെയിലെ പ്രായഭേദമന്യേയുള്ള എല്ലാ കളിക്കാർക്കും പങ്കെടുക്കാം. ടൂർണമെന്റിൽ നൈലോൺ ഷട്ടിൽ കോക്ക് ഉപയോഗിച്ച് ഡബിൾസ് ( മെൻ ഒൺലി ) മാത്രമായിരിക്കും നടക്കുക..വീറുറ്റ ബാഡ്മിന്റൺ കളിക്കാരാണോ നിങ്ങൾ ??എങ്കിൽ ഉടൻ രജിസ്റ്റർ ചെയ്തോളു ; സൗത്ത് റ്റൈൻ സൈഡ് മലയാളീസ് ഒരുക്കുന്ന നെറ്സ്മാഷ്ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്തംബർ 9 ശനിയാഴ്ച സന്ദർലാണ്ടിൽ -ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ . രാവിലെ ഒൻപതു മുതൽവൈകുന്നേരം 6 മണി വരെയാണ് ടൂർണമെന്റ്.

താല്പര്യമുള്ള ടീമുകളും വ്യക്തികളും ഓഗസ്റ്റ് 31 നകം 30 പൗണ്ട് സഹിതം രജിസ്റ്റർ ചെയുക. മികച്ചനാല് ടീമുകൾക്കും ടൂർണമെന്റിലെ ഏറ്റവും നല്ലകളിക്കാരനും സമ്മാനങ്ങളും ട്രോഫികളും നൽകുന്നതാണ്.
ഒന്നാം സമ്മാനം -£400 രണ്ടാം സമ്മാനം – £200, മൂന്നാംസമ്മാനം- £100.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://forms.office.com/r/sxGps9HnK9

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളി നേഴ്സും പത്തനംതിട്ട കുളനട സ്വദേശിയുമായ യുവാവ് അയർലൻഡിൽ അന്തരിച്ചു. കുളനട മാന്തുക പുതുപ്പറമ്പിൽ വലിയവിളയിൽ റോജി വില്ലയിൽ പരേതനായ ജോൺ ഇടിക്കുളയുടെ മകൻ റോജി പി. ഇടിക്കുള (37) ആണ് അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡബ്ലിൻ ബൂമൗണ്ട് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6.35 ന് മരണം. ഓഗസ്റ്റ് 25 ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ റോജിക്ക് കടുത്ത തലവേദന ഉണ്ടായിരുന്നു. തുടർന്നു ഗാൾവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടുകയായിരുന്നു.

തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് ശാരീരിക അസ്വസ്ഥതകൾക്ക് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർച്ചയായി ഉണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്. മരണത്തെ തുടർന്ന് റോജിയുടെ ആഗ്രഹ പ്രകാരം അവയവങ്ങൾ ദാനം ചെയ്തു. നാട്ടിലും ഖത്തറിലും വിവിധ ആശുപത്രികളിൽ നഴ്സായി ജോലി ചെയ്തിരുന്ന റോജി ഏകദേശം രണ്ട് വർഷം മുൻപാണ് അയർലൻഡിൽ എത്തിയത്. ഒന്നര വർഷം മുൻപ് ഗാൾവേയിലെ ട്യൂമിൽ കുടുംബമായി താമസം തുടങ്ങിയ റോജി ആദ്യം കോർക്കിലാണ് താമസിച്ചിരുന്നത്.

കേരളത്തിലും ഖത്തറിലും വിവിധ നഴ്സിങ്‌ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന റോജി കേരളത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. അയർലൻഡിൽ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഗാൾവേ സെന്റ് ഏലിയ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമാണ് റോജി.

മൂന്ന് മാസം മുൻപ് മാതാവ് റോസമ്മ ഇടിക്കുള ഏക മകനായ റോജിയേയും കുടുംബത്തെയും സന്ദർശിക്കുവാൻ അയർലൻഡിൽ എത്തിയിരുന്നു. സന്തോഷത്തിൽ കഴിയവെ ആക്‌സ്മികമായി ഉണ്ടായ റോജിയുടെ മരണം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പത്തനംത്തിട്ട മാന്തളിർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ റോജിയുടെ സംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും നടപടിക്രമങ്ങൾക്കുമായി വിവിധ സംഘടനകൾ ചേർന്നു പ്രവർത്തിക്കുന്നുണ്ട്. അയർലൻഡിലെ ഗാൾവേയിൽ പൊതുദർശനം നടത്തും.

റോജി പി. ഇടിക്കുളയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഒത്തിരി സ്വപ്നങ്ങൾ നെഞ്ചിലേറ്റിയാണ് ഓരോ പ്രവാസിയും നാട്ടിൽ എത്തി ബിസിനസ്സ് തുടങ്ങുന്നത്. ഏതൊരു പ്രവാസിയെയും പോലെ തന്നെ ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും കെട്ടിപ്പൊക്കിയാണ് റോബിൻ എന്ന സ്വകാര്യ ബസിൻെറ ഉടമ നാട്ടിൽ എത്തിയത്. എന്നാൽ പ്രതീക്ഷകൾ ഒക്കെ അട്ടിമറിച്ചുകൊണ്ടുള്ള അനുഭവങ്ങളാണ് അദ്ദേഹത്തിന് പിന്നീട് നേരിടേണ്ടി വന്നത്. റോബിൻ എന്ന സ്വകാര്യ ബസ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്വന്തമാക്കിയിരുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഇന്ത്യൻ സർക്കാർ നയമനുസരിച്ച് നൽകുന്ന പെർമിറ്റാണ്. ഇത് ടൂറിസത്തിനും യാത്രാ ആവശ്യങ്ങൾക്കുമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ അനുവാദം നൽകുന്നു. ഓരോ സംസ്ഥാനങ്ങളുടെയും പ്രത്യേക പെർമിറ്റുകൾ നേടാതെ തന്നെ വാഹനങ്ങൾക്ക് സഞ്ചരിക്കാം.

എന്നാൽ കേരളത്തിൽ ഇതുസംബന്ധിച്ച് വൻ അട്ടിമറിയാണ് നടക്കുന്നത്. സ്വകാര്യ മേഖലയോട് വ്യക്തിവിരോധം തീർക്കുന്ന മട്ടിൽ സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ട നികുതി കോടികൾ ഇല്ലാതാക്കി കേരളത്തിനെ ദ്രോഹിക്കുകയാണ് കെഎസ്ആർടിസി എംഡി എന്ന ഗതാഗത സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖർ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നടപടികളാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

സംസ്ഥാന സർക്കാരുകൾക്കുള്ള ഒരു വരുമാന മാർഗമാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുകൾ. കൂടുതൽ തൊഴിലവസരങ്ങൾ , സർവ്വോപരി ടൂറിസം മേഖലയിൽ ഉണർവ് എന്നിവയ്ക്ക് ഇത് കാരണമാകും. റോബിൻ പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ സർവീസ് ആരംഭിച്ച എ.ഐ.ടി.പി ബസാണ്. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ 5 മണിക്ക് ഉന്നതരുടെ നിർദ്ദേശപ്രകാരം ഗതാഗത ഉദ്യോഗസ്ഥർ ഈ ബസ് നിർത്തുകയും എ.ഐ.ടി.പി പെർമിറ്റ് പ്രകാരം ബസിന് യാതൊരു നിയമലംഘനവും ഇല്ലെങ്കിലും നിസ്സാര കാരണങ്ങൾ പറഞ്ഞ് ഒരു വ്യവസായിയുടെ സംരംഭകത്തെ മുളയിലെ നുള്ളാൻ കച്ചുകെട്ടി ഇറങ്ങിയിരിക്കുകയാണ്. ടയറിന് അൽപം തേയ്മാനം ഉണ്ട് , ചവിട്ട് പടി ശരിയല്ല തുടങ്ങിയ നിസ്സാര പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വണ്ടിയുടെ സിഎഫ് റദ്ദാക്കിയിരിക്കുകയാണ് ഇപ്പോൾ. ഇതാണ് അവസ്ഥയെങ്കിൽ കേരളത്തിൽ ഒരു സ്വകാര്യ വ്യവസായം തുടങ്ങാൻ ആരാണ് ധൈര്യപ്പെടുക എന്നത് വളരെ പ്രസക്തമായ ചോദ്യമാണെന്ന അഭിപ്രായങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.

കേരളത്തിൽനിന്ന് ഒട്ടേറെ പേരാണ് വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി കുടിയേറുന്നത്. കേരളത്തിൽ ഒരു പുതു സംരംഭം തുടങ്ങിയാൽ അത് നേരിടുന്ന പ്രശ്നങ്ങൾ ഈ രംഗത്തേക്ക് വരുന്ന യുവാക്കളുടെയും പ്രവാസികളുടെയും മനസ്സ് മടിപ്പിക്കുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും. ഈ സ്ഥിതി തുടരുകയാണെങ്കിൽ പുതുതലമുറ വിദേശരാജ്യങ്ങളിലേക്ക് കേരളം വിട്ട് കുടിയേറുന്നതിന്റെ ആക്കം കൂട്ടുകയേ ഉള്ളൂ എന്നാണ് റോബിൻ ബസ്സിന്റെ സർവീസ് തടഞ്ഞുകൊണ്ടുള്ള വാർത്തയ്ക്ക് താഴെ വന്ന കമന്റുകളിൽ പലരും അഭിപ്രായപ്പെട്ടത്.

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ട് കഥകൾ മാത്രമാണ് എന്ന് പറഞ്ഞു വച്ചത് ബെന്യാമിനെന്ന എഴുത്തുക്കാരനാണ്. മണലാരണ്യങ്ങളിലെ തൊഴിൽ ജീവിതത്തിന്റെ നരകയാതനകൾ നജീബ് എന്ന മനുഷ്യനിലൂടെ ബെന്യാമിൻ ലോകത്തോട് വിളിച്ചു പറഞ്ഞപ്പോൾ ആ വേദനകളോട് ഐക്യപെടാൻ ഗൾഫ് സ്വപ്‌നങ്ങളുമായി കടൽ കടന്ന ലക്ഷകണക്കിന് മനുഷ്യർ തങ്ങളുടെ നാവുയർത്തി. വലിയൊരു ദിവാസ്വപ്നത്തിൽ നിന്ന് പിരണ്ടുണർന്ന ഞെട്ടൽ മലയാളി സമൂഹത്തിനുണ്ടായി. കിടപ്പാടവും കെട്ടുതാലിയും വിറ്റു എങ്ങനെയും കടൽ കടക്കാൻ കാത്ത് നിന്ന മനുഷ്യർ അക്കരെ നിധി നിറഞ്ഞ പറുദീസ മാത്രമല്ല ചതികുഴികളും അരക്ഷിതമായ ഏകാന്തതയുമുണ്ടായേക്കാം എന്ന് ചിന്തിച്ചു തുടങ്ങി.

ഗൾഫ് സ്വപ്നങ്ങളുടെ എൺപതുകൾ താണ്ടി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നിൽക്കുമ്പോൾ, കേരളത്തിൽ യുവതയെ അപ്പാടെ ചൂഴ്ന്ന് നിൽക്കുന്നത് യൂറോപ്യൻ സ്വപ്നങ്ങളാണ്. ബ്രിട്ടൻ,കാനഡ, അയർലൻഡ് എന്നിങ്ങനെയുള്ള അനേകം പാശ്ചാത്യരാജ്യങ്ങളിലേക്ക് നമ്മുടെ മലയാളിയുവത്വം കൂട്ടപലായനം നടത്തുമ്പോൾ, അവരുടെ ആ തീവ്രയൂറോപ്യൻ സ്വപ്നങ്ങളെ മുതലെടുക്കാൻ ചതികുഴികൾ നാട്ടി മനുഷ്യർ കാത്തിരിക്കുന്നുണ്ട് എന്ന് അവരെ അറിയിക്കേണ്ട ഉത്തരവാദിത്വം അവർക്ക് മുൻപേ നടന്നവർക്കുണ്ട്. ആ ഉത്തമബോധ്യത്തിലാണ് കൈരളി യുകെ ഇവിടെക്ക് എത്തുന്ന മലയാളികൾക്കിടയിലെ തൊഴിൽ പ്രശ്നങ്ങളെ കുറിച്ച് വളരെ സൂക്ഷമമായൊരു അന്വേഷണം യുകെ മലയാളി സമൂഹത്തിൽ നടത്താൻ മുൻകൈയെടുത്തത്. കുറച്ച്‌ നാളുകളായി ഒറ്റപ്പെട്ട ചില സംഭവങ്ങളിൽ തുടങ്ങിയ ഈ പ്രശ്നം ഇന്ന് ഞെട്ടിപ്പിക്കുന്ന നിലയിലേയ്ക്ക് വളരുകയും ഗൗരവമായി നോക്കി കാണേണ്ട വലിയൊരു സാമൂഹികപ്രശ്നം ഇതിനുള്ളിലുണ്ടെന്നും ഞങ്ങൾ മനസിലാക്കുകയും ചെയ്തു.

ഞങ്ങൾക്ക് ലഭിച്ച ഒട്ടുമിക്ക പരാതികളും കെയര്‍ ഹോം മേഖലയെ സംബന്ധിക്കുന്നത്‌ ആയിരുന്നതിനാൽ ഞങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുമായി ചേർന്ന് ഒരു തുറന്ന ചർച്ചക്ക് വേദിയൊരുക്കുകയുണ്ടായി. യുകെയിലേക്ക് കുടിയേറുന്ന ഒട്ടുമിക്ക മലയാളികളും തൊഴിൽ കണ്ടെത്തുന്ന കെയർ ഹോം മേഖലയിൽ നിന്ന് ഞങ്ങൾക്ക് ഈ ചർച്ചയെ പ്രതി ലഭിച്ച പ്രതികരണങ്ങൾ വളരെ വലുതായിരുന്നു. നിർഭയമായി തുറന്നു സംസാരിക്കാൻ കൈരളി യുകെ വേദിയൊരുക്കുന്നു എന്ന പരസ്യം കണ്ടറിഞ്ഞു ഞങ്ങളുടെ പാനലിലേക്ക് പലരും വിളിച്ചു. പക്ഷെ ഞങ്ങളെ ആശങ്കപ്പെടുത്തിയ വസ്തുത ഇതിൽ പലരും തങ്ങളുടെ പേര് വെളിപ്പെടുത്താതെ കുറെ വിവരങ്ങൾ വെളിപ്പെടുത്താനുണ്ട് എന്ന മുഖവുരയോടെയാണ് സ്വന്തം ദുരനുഭവങ്ങൾ പങ്കുവെച്ചത്. വളരെ ഒറ്റപ്പെട്ട നിലയിൽ,യാതൊരു നിയമസഹായങ്ങളും ലഭിക്കാതെ, മാനസികമായി തകർന്ന് കഴിയുന്നവർ മുതൽ നീണ്ട നിയമപോരാട്ടങ്ങളിലൂടെയും തുറന്ന പ്രതികരണങ്ങളിലൂടെയും കടന്ന് പോകുന്നവർ വരെയുള്ള നിരവധി പേരെ ഞങ്ങൾക്ക് നേരിട്ടറിയാൻ സാധിച്ചു.

ഇവരുടെ പ്രശ്നങ്ങളെ വിലയിരുത്താൻ കഴിയുന്ന കെയർ ഹോം മേഖലയിലെ വിദഗ്ധരെയും നിയമോപദേശകരെയും മാധ്യമപ്രവർത്തകരെയും മറ്റ് സംഘടനകളെയും ഒന്നിച്ചു കോർത്തിണക്കി കൈരളി യുകെ ഓഗസ്റ്റ് 19 നു ഒരു ഓപ്പൺ ഫോറം നടത്തുകയുണ്ടായി.ആ ചർച്ചയിൽ നിന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് ഒട്ടനവധി മലയാളികൾ ഹെൽത്ത്‌ കെയർ വിസ കിട്ടിയ തൊഴിലിടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരോ അല്ലെങ്കിൽ അത് കിട്ടാനുള്ള ശ്രമങ്ങളിൽ ചതിക്കപ്പെട്ടവരോ ആണ്. ഫെബ്രുവരി 2022 ലെ കണക്കുകൾ പ്രകാരം 2020/21 നും 2021/22 നുമിടയിൽ യുകെ സോഷ്യൽ കെയർ മേഖലയിലെ തൊഴിൽ സാധ്യത 7.0% നിന്ന് 10.7% ലേക്ക് കുത്തിക്കും എന്നാണ്. അതായത് 110,000 ഒഴിവുകളിൽ നിന്ന് 165,000 ലേക്ക് ഒഴിവുകളുടെ സംഖ്യ ഉയരും.ഇത്രയും വലിയ തോതിലുള്ള തൊഴിലവസരങ്ങൾ യുകെ കെയർ മേഖലയിൽ ഉയർന്നു വരുന്ന സാഹചര്യത്തിൽ അതിനോടൊപ്പം തന്നെ വമ്പൻ തുക അനധികൃതമായ പ്രതിഫലം ഈടാക്കുന്ന, അക്ഷരാർത്ഥത്തിൽ അടിമ കരാറുകൾക്ക് സമാനമായ തൊഴിൽ വ്യവസ്ഥകൾ നടപ്പിലാക്കുന്ന ഭീമൻ റിക്രൂട്ട്മെന്റ് തട്ടിപ്പുകൾക്കും ഇവിടെ അരങ്ങൊരുങ്ങുകയാണ്. ഇത്തരം ചതിക്കുഴികളെ കുറച്ചു പുറംലോകത്തിന് അറിവ് ഉണ്ടാവുകയും അത് തടയാൻ വേണ്ട നടപടികൾ സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉടനടി ഉണ്ടാക്കുന്നതിനുവേണ്ടിയാണ് കൈരളി യുകെയുടെ ഈ ശ്രമങ്ങൾ.

കൂടുതലും വളരെ ദരിദ്രസാഹചര്യത്തിലെ നിന്നും എത്തുന്നവരാണു ഇത്തരം ഏജൻസികളുടെ തട്ടിപ്പുകളിൽ വീഴുന്നത്. നാട്ടിൽ വീട് പണയം വച്ചോ കടം വാങ്ങിയോ യുകെയിലേക്ക് പോരുന്ന ഇത്തരക്കാർ ഇവിടെ വന്നതും നാട്ടിലെ ബാധ്യതകൾ കൊണ്ട് എന്ത് നിലയിലും ചൂഷണം ചെയ്യപെടാവുന്ന നിലയിലേക്ക് എത്തിപ്പെടുന്നു. ഇവിടെ യുകെയിലെ ഉയർന്ന ജീവിതചിലവുകൾ കൂടിയാകുമ്പോൾ അവരുടെ അവസ്ഥ ദയനീയമാകുന്നു. പലരും ഫുഡ് ബാങ്കുകളെ ആശ്രയിച്ചും ഇന്ത്യൻ സമൂഹത്തിന്റെ സഹായങ്ങളിലും തുടരുന്ന സാഹചര്യമാണുള്ളത്. നാട്ടിലെ ബാധ്യതകൾ കാരണം അവർക്ക് തിരിച്ചു പോകാനോ, ഇവിടെ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനോ കഴിയാറില്ല.

സാമ്പത്തികമായി ഇവർ നേരിടുന്ന ചൂഷണങ്ങൾ പ്രധാനമായും കണക്കിൽ എടുത്താൽ അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് അവരുടെ സി.ഒ.എസ്സിനായി (കമ്പനിയുടെ ഓഫർ ലെറ്റർ) വാങ്ങുന്ന വമ്പിച്ച അനധികൃതമായ ഫീസാണ്. പത്ത്‌‌ മുതൽ ഇരുപത്തിയഞ്ച്‌ ലക്ഷം രൂപ വരെയാണു ജോലിക്ക് വേണ്ട നിർബന്ധിത പരിശീലനങ്ങൾക്കും ഡി.ബി.എസ് ചെക്കിങ്ങിനും വേണ്ടി അനധികൃതമായി ഏജൻസികൾ ഈടാക്കുന്നത്. ഏജൻസികളുടെ ഇന്ത്യയിലെ പേഴ്സണൽ അക്കൗണ്ടുകളിൽ പല ഘട്ടങ്ങളായി ഈ തുക കൈ പറ്റുന്നു.

മറ്റൊരു ചൂഷണം എന്തെന്നാൽ ഇവിടെ വന്ന ശേഷം നൽകപ്പെടുന്ന താമസസൗകര്യങ്ങൾക്കായി ആറുമാസത്തെ വാടക മുൻകൂറായി ഇവരുടെ കയ്യിൽ നിന്നും കൈപ്പറ്റുന്നു. എന്നാൽ ഇവിടെ വന്നു കഴിഞ്ഞാൽ ഒരുപക്ഷേ അവർക്ക് നൽകപ്പെടുന്നത് മറ്റുള്ളവർക്ക് ഒപ്പമുള്ള ഷെയേർഡ് അക്കോമഡേഷനാകും. ഒരുപക്ഷേ വളരെ അപരിചിതരായ മനുഷ്യരുമായി മുറി പങ്കിടേണ്ട അവസ്ഥ വരെ വന്നേക്കാം.

ഞങ്ങളുടെ ചർച്ചയിൽ ചിലരുടെ അനുഭവങ്ങളിൽ നിന്നും വെളിപ്പെട്ട മറ്റൊരു ഭയാനകമായ വസ്തുത എന്തെന്നാൽ ഇവിടെയ്ക്ക് തൊഴിലിനായി കൊണ്ട് വന്ന ശേഷം കെയർ ഹോമിലെ തൊഴിലാളികളുടെയിടയിൽ തള്ളുകയല്ലാതെ തൊഴിൽ നിലവിൽ ഉണ്ടോ ഇല്ലയോ എന്നുപോലും വ്യക്തമാക്കാത്ത ഏജൻസിളുണ്ട് എന്നതാണ്. എന്ന് തൊഴിൽ പ്രവേശിക്കാൻ കഴിയും എന്നു പോലും കൃത്യമായി ധാരണയില്ലാതെ നാട്ടിൽ നിന്ന് വന്ന മനുഷ്യർ ഇവിടെ പലവിധ ചാരിറ്റി സംഘടനകളുടെയും ഫുഡ് ബാങ്കുകളുടെയും ഔദാര്യത്തിൽ മാത്രം ജീവിച്ചു പോവുകയാണ്. എന്തിന് ഇവിടെ വന്നതിന് ശേഷം തങ്ങളുടെ തൊഴിൽ ദാദാവിന്റെ ലൈസൻസ് നഷ്ടപ്പെട്ടു എന്ന ഞെട്ടിക്കുന്ന സത്യം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു ഡിപ്പോർട്ട് ചെയ്യപെടുന്ന നിമിഷം കാത്തിരിക്കുന്നവർ വരെയുണ്ട്. ഇവർക്ക് നേരിട്ട കനത്ത സാമ്പത്തിക മാനസിക ആഘാതങ്ങൾക്ക് കൃത്യമായ പരിഹാരം പോലും കാണാതെ തിരിച്ചു പോകാനോ മറ്റു ജോലി കണ്ട് പിടിക്കാനോ പറഞ്ഞ് തടി തപ്പുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.

ഇത്രയും കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്ന ഇവർക്കിടയിൽ വിഷാദം, ആത്മഹത്യ പ്രവണത, ട്രോമ എന്നിവ വളരെ കൂടുതലാണ്. പലരും തങ്ങളുടെ ദയനീയത ഒന്ന് പുറത്തുപോലും പറയാനാകാതെ പേടിച്ചു കഴിയുന്ന അവസ്ഥയാണ് ഇവിടെ. അവരുടെ തിരിച്ചടവുകൾ കഴിയുന്നവരേക്കും ബിആർപി (വിസ) കാർഡുകൾ പോലും നൽകാതെ പിടിച്ചു വച്ചിരിക്കയാണ്. അവരുടെ വിസകൾ പൂർണ്ണമായും എംപ്ലോയറുടെ കൈയിലായതിനാൽ അക്ഷരാർത്ഥത്തിൽ നിശബ്ദരാക്കപ്പെട്ട് എല്ലാം സഹിക്കുകയാണ് ഇവർ. എംപ്ലോയറുടെ ആവശ്യപ്രകാരം മൂന്നും നാലും തവണ താമസസൗകര്യം മാറേണ്ടി വരുന്ന ഇവർക്ക് പലപ്പോഴും കുട്ടികളെയും കൊണ്ടാണ് ഈ പ്രതിസന്ധിയിലൂടെ കടന്നു പോകേണ്ടി വരുന്നത്. തങ്ങൾക്ക് ട്രെയിനിങ്‌ നൽകിയ മേഖലയിൽ നിന്ന് തികച്ചും വിരുദ്ധമായ ഇടങ്ങളിൽ തൊഴിൽ ചെയ്യേണ്ടി വരുന്ന അവസ്ഥയും കുറവല്ല. വൃദ്ധരുടെ ശുശ്രൂഷയ്ക്കായി കൊണ്ടുവന്ന ശേഷം ഓട്ടിസം, മാനസികരോഗം എന്നിങ്ങനെയുള്ള സ്പെഷ്യാലിറ്റി കെയർ വേണ്ടയിടങ്ങളിൽ തൊഴിൽ ചെയ്യാൻ നിർബന്ധിക്കുക എന്നിങ്ങനെയുള്ള അവസ്ഥകൾ പലരും പുറത്തു പറയാൻ കൂടി ഭയക്കുന്നു.

ഇത്തരം ക്രൂരമായ തൊഴിൽ ചൂഷണങ്ങൾക്കെതിരെ സമഗ്രമായ ബോധവൽക്കരണവും സർക്കാരിൽ നിന്നുള്ള ശക്തമായ ഇടപെടലുകളും ഉടനടി വേണം. ഇല്ലെങ്കിൽ ഈ സാഹചര്യത്തിന് ഇരകളായ നിരവധി മനുഷ്യരുടെ ദുരിതങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും. ഈ വിഷയത്തെ സൂചിപ്പിച്ചുകൊണ്ടുള്ള വിശദമായ പരാതി യുകെ സർക്കാരിന് കൈരളി യുകെ സമർപ്പിച്ചു കഴിഞ്ഞു. മലയാളി സമൂഹത്തിനിടയിൽ ഇതേ പറ്റിയുള്ള വ്യക്തമായ ബോധവൽക്കരണമാണ് ഇനി വേണ്ടത്. മറ്റൊരു രാജ്യത്തിൽ അജ്ഞാതമായ തൊഴിലിടങ്ങളിൽ ചതിക്കപ്പെട്ടു നരകിച്ചു കഴിയേണ്ട അവരല്ല നമ്മുടെ യുവതിയുവാക്കൾ. അവരുടെ സാമൂഹ്യവും മാനസികവുമായ ക്ഷേമം നമ്മുടെ എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണ്.

യുകെയിലെ കെയർ ജോലികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വാട്ട്സാപ്പ്‌ കൂട്ടായ്മയിലേക്ക്‌ സ്വാഗതം. താഴെ കാണുന്ന ലിങ്ക്‌ ഉപയോഗിച്ച്‌ ഇതിൽ അംഗമാകാം. മറ്റ് ഫോർവേഡുകളോ പ്രമോഷനുകളോ അനുവദനീയമല്ല. https://chat.whatsapp.com/HNjoFFxrfVL2lgzK5ulqjW

ഇതോടോപ്പം നിങ്ങൾക്ക്‌ ഉപകാരപ്പെടുന്ന ലിങ്കുകൾ കൂടി ഷെയർ ചെയ്യുന്നു,

യുകെയിലെ കെയർ രംഗത്തെ പ്രശ്നങ്ങൾ കൈരളി നടത്തിയ ചർച്ച: https://fb.watch/mJsTgH7Ixd/

നിങ്ങൾക്ക്‌ ജോലി നൽകിയ കമ്പനി വിവരങ്ങൾ അറിയുവാൻ: https://www.gov.uk/get-information-about-a-company

നിങ്ങളുടെ കമ്പനിക്ക് സ്പോൺസർഷിപ്പ് ലൈസൻസ് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുവാൻ: https://www.gov.uk/government/publications/register-of-licensed-sponsors-workers

Copyright © . All rights reserved