സദാചാര ഗുണ്ടകളുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബസ് ഡ്രൈവർ മരിച്ചു. തൃശൂർ ചേർപ്പ് സ്വദേശി സഹർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് അർദ്ധരാത്രിയാണ് സഹറിന് മർദ്ദനമേറ്റത്. പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും വിളിച്ചിറക്കി ആറംഗ സംഘം മർദിക്കുകയായിരുന്നു. സഹറിനെ മർദിച്ച ആറുപേരും ഒളിവിലാണ്.
തൃപ്രയാർ-തൃശൂർ റൂട്ടിൽ ഓടുന്ന സ്വകര്യ ബസിലെ ജീവനക്കാരനാണ് സഹർ. പ്രവാസിയുടെ ഭാര്യയായ യുവതിയായ പെൺസുഹൃത്തിനെ കാണാൻ കഴിഞ്ഞ മാസം പതിനെട്ടാം തീയതി അർദ്ധരാത്രി യുവതിയുടെ വീട്ടിലെത്തിയ സഹറിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. പ്രവാസിയുടെ ഭാര്യയായ യുവതി സഹറിനെ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു.
യുവതിയുടെ വീട്ടിൽ രാത്രി എന്തിന് വന്നു എന്ന് ചോദ്യം ചെയ്താണ് സദാചാര ഗുണ്ടകൾ യുവാവിനെ ആക്രമിച്ചത്. കടുത്ത മർദ്ദനമേറ്റതിനെ തുടർന്ന് യുവാവിന്റെ വാരിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും വൃക്കകൾ തകരാറിലാകുകയും ചെയ്തു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
യുകെയിൽ പുതിയ സമയ ക്രമീകരണം. പുതിയ സമയ പുനക്രമീകരണം നടത്തേണ്ടത് മാര്‍ച്ച് 26 ന്. ബ്രിട്ടിഷ് സമ്മര്‍ ടൈം അഥവാ ഡേ ലൈറ്റ് സേവിങ് ടൈം എന്നറിയപ്പെടുന്ന അന്ന് അർധരാത്രി കഴിഞ്ഞ് ഒരു മണിക്ക് ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒരു മണി എന്നതിന് പകരം രണ്ട് മണി എന്ന സമയം കാണിക്കണം. സായാഹ്നങ്ങളില്‍ പകല്‍ വെളിച്ചം കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്നതിനാല്‍ ദൈര്‍ഘ്യമേറിയ പകലുകളായിരിക്കും അനുഭവപ്പെടുക.
എന്നാല്‍ ബ്രിട്ടന്‍ മാത്രമല്ല ഇത്തരത്തില്‍ സമയ പുന:ക്രമീകരണം നടത്തുന്ന രാജ്യം. 70 ഓളം രാജ്യങ്ങള്‍ ഇത്തരത്തില്‍ എല്ലാ വര്‍ഷവും സമയ പുനഃക്രമീകരണം നടത്താറുണ്ട്. യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളും ബ്രിട്ടനിലേതിന് സമാനമായി വര്‍ഷത്തില്‍ രണ്ടു തവണ സമയ പുന:ക്രമീകരണം നടത്താറുണ്ട്. യൂറോപ്പിന് പുറത്തുള്ള ന്യുസിലാന്‍ഡ്, ഓസ്ട്രേലിയ, അര്‍ജന്റീന, പരാഗ്വേ, ക്യൂബ, ഹൈതി എന്നീ രാജ്യങ്ങളിലും സമയമാറ്റം നടത്താറുണ്ട്.
ക്ലോക്കിലെ സമയം മാറ്റേണ്ടി വരുമ്പോള്‍ ഒട്ടുമിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും സമയം ഓട്ടോമാറ്റിക്കായി മാറും. 1907 മുതല്‍ക്കാണ് ബ്രിട്ടനില്‍ സമയം മാറ്റുന്ന സമ്പ്രദായം ആരംഭിച്ചത്. വില്യം വില്ലെറ്റ് എന്ന ഒരു ബില്‍ഡര്‍ ആയിരുന്നു ഇതിനു പിന്നിൽ. വേനല്‍ കാലത്ത് സൂര്യന്‍ ഉദിച്ച ശേഷവും ആളുകള്‍ ഉറങ്ങുകയാണെന്ന് ബോധ്യപ്പെട്ട വില്യം വില്ലെറ്റ് പകല്‍ വെളിച്ചം പാഴാകാതിരിക്കാനാണ് ക്ലോക്കിലെ സമയമാറ്റം നിര്‍ദ്ദേശിച്ചത്. പിന്നീട് എല്ലാ വര്‍ഷവും സമയമാറ്റം ആവര്‍ത്തിച്ചുപോന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് മാത്രമായിരുന്നു സമയമാറ്റം നടപ്പിലാക്കാതിരുന്നത്.
തന്റെ എട്ടാമത്തെ വയസ്സില്‍ അച്ഛന്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും രാഷ്ട്രീയ പ്രവര്‍ത്തയുമായ ഖുശ്ബു സുന്ദര്‍. താന്‍ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരുനുഭവങ്ങളെ കുറിച്ച് ബര്‍ക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് ഖുശ്ബു തുറന്നുപറഞ്ഞത്.
താന്‍ ഇക്കാര്യം പറഞ്ഞാല്‍ അമ്മ തന്നെ വിശ്വസിക്കില്ലെന്ന് ഭയന്നിരുന്നു. ആണായാലും പെണ്ണായാലും ഒരു കുട്ടി ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോള്‍ ജീവിതകാലം മുഴുവന്‍ അവശേഷിക്കുന്ന ഒരു മുറിപ്പാടാണ് മനസില്‍ ഉണ്ടാക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.
അങ്ങേയറ്റം മോശമായ ഒരു വിവാഹബന്ധത്തിലാണ് തന്റെ അമ്മ പെട്ടിരിക്കുന്നത്. ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരു വ്യക്തിയായിരുന്നു അച്ഛനെന്നും ഖുശ്ബൂ പറയുന്നു.
എട്ടാം വയസ്സില്‍ താന്‍ പീഡനം നേരിട്ട് തുടങ്ങിയിരുന്നുവെന്നും എന്നാല്‍ പതിനഞ്ചാം വയസ്സില്‍ മാത്രമാണ് ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യം വന്നതെന്നും ഖുശ്്ബൂ പറയുന്നു.
ഖുശ്ബുവിന്റെ വാക്കുകള്‍
‘ഒരു കുട്ടി ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോള്‍, അത് ആണായാലും പെണ്ണായാലും, ജീവിതകാലം മുഴുവന്‍ അവശേഷിക്കുന്ന ഒരു മുറിപ്പാടാണ് മനസില്‍ ഉണ്ടാക്കുന്നത്. എന്റെ അമ്മ അങ്ങേയറ്റം മോശമായ ഒരു വിവാഹബന്ധത്തിലാണ് ഏര്‍പ്പെട്ടിരുന്നത്. ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരു വ്യക്തിയായിരുന്നു അച്ഛന്‍.
എട്ടാം വയസ്സിലാണ് പീഡനം നേരിട്ടു തുടങ്ങിയത്. എന്നാല്‍ പതിനഞ്ചാം വയസ്സില്‍ മാത്രമാണ് ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യം വന്നത്. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ കുടുംബത്തിലുള്ള മറ്റുള്ളവര്‍ അധിക്ഷേപം കേള്‍ക്കേണ്ടി വരുമെന്ന ചിന്തയാണ് വര്‍ഷങ്ങളോളം മൗനം പാലിക്കാന്‍ കാരണം.
എന്തൊക്കെ സംഭവിച്ചാലും ഭര്‍ത്താവ് ദൈവമാണെന്ന ചിന്താഗതി വച്ചു പുലര്‍ത്തിയിരുന്ന ആളാണ് തന്റെ അമ്മയെന്നും അതിനാല്‍ അച്ഛനെക്കുറിച്ച് പറഞ്ഞാല്‍ അമ്മ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നതായും താരം തുറന്നുപറയുന്നുണ്ട്. എന്നാല്‍ 15 വയസ്സ് എത്തിയതോടെ ഇതിനൊരു അവസാനം വേണമെന്ന തോന്നലില്‍ നിന്നാണ് എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങിയത്.
16 വയസ്സ് എത്തും മുമ്പുതന്നെ അച്ഛന്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എവിടെ നിന്ന് ലഭിക്കുമെന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അന്ന്. പിന്നീടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.’- ഖുശ്ബു പറഞ്ഞു.
മൾബറി ചെടിയിൽ നിന്നു കായ പറിക്കുന്നതിനിടെ കഴുത്തിനു പിന്നിലായി പ്രാണിയുടെ കുത്തേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കോച്ചാരിമുക്കം പാണാറയിൽ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകൾ അംജിത പി.അനീഷ് (അച്ചു-13) ആണ് മരിച്ചത്.
ഒന്നിന് വൈകിട്ട് 5.30ന് വീടിനു സമീപമുള്ള മൾബറി ചെടിയിൽ നിന്നു കായ പറിക്കുന്നതിനിടെ കഴുത്തിനു പിന്നിലായി പ്രാണി കുത്തുകയായിരുന്നു. ദേഹമാസകലം ചൊറിഞ്ഞു തടിച്ചതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംസ്കാരം നടത്തി. സഹോദരി. അഞ്ജന പി.അനീഷ്. തിരുവല്ല എംജിഎം ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
നാട്ടിലെ വീട്ടിൽ വച്ചു കുഴഞ്ഞു വീണു മരിച്ച യുകെ നോട്ടിങ്ഹാമിലെ ആദ്യകാല മലയാളി ബൈജു മേനാച്ചേരിയുടെ(52) സംസ്കാരം നടത്തി. ഇന്നു രാവിലെ ചാലക്കുടിയിലെ മേനാച്ചേരി വീട്ടിൽ നടന്ന പൊതു ദർശനത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെയുള്ള നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശന ചടങ്ങിൽ ബൈജുവിന്റെ നാട്ടിലെയും യുകെയിലെയും സൗഹൃദ വലയത്തിൽ ഉണ്ടായിരുന്ന ഒട്ടനവധിയാളുകൾ അനുസ്മരണ പ്രസംഗം നടത്തി.
ഏകദേശം 20 വർഷങ്ങൾക്കു മുൻപ് യുകെയിൽ എത്തിയ ബൈജു കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടിലായിരുന്നു. നാട്ടിലെ വസ്തുക്കൾ വിൽക്കുന്നതു സംബന്ധിച്ച കാര്യങ്ങൾക്കായി എത്തിയ ബൈജു ഏപ്രിൽ മാസത്തിൽ യുകെയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണു വെള്ളിയാഴ്ച വീട്ടിൽ കുഴഞ്ഞു വീണതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞതും. ഇന്നു വൈകിട്ടു ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ നടന്ന സംസ്കാര ചടങ്ങിനു വിവിധ വൈദികർ നേതൃത്വം നൽകി.
നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ, മുദ്ര ആർട്സ് എന്നിവയുടെ സ്ഥാപക ഭാരവാഹികളിൽ പ്രമുഖനായിരുന്ന ബൈജു നോട്ടിങ്ഹാം മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ ഹിൽഡയും മക്കളായ എറൻ, എയ്ഡൻ എന്നിവരും കഴിഞ്ഞ ദിവസം യുകെയിൽ നിന്നും എത്തിയിരുന്നു. ബൈജുവിന്റെ മരണാനന്തര കർമ്മങ്ങളോട് അനുബന്ധിച്ചുള്ള ദിവ്യ ബലി ബുധനാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ വച്ചു നടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.
തൃക്കാക്കരയില്‍ കാമുകന്റെ ക്രൂര മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടിയ്ക്ക് ബോധം വീണിട്ടുണ്ടെങ്കിലും പരിക്കുകള്‍ ഗുരുതരമാണ്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കാമുകന്‍ തൃശൂർ മാള കളത്തിപ്പറമ്പ് വീട്ടിൽ ഗോപകുമാറി (20)നെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്കാണ് പെണ്‍കുട്ടിയെ തൃക്കാക്കര ഉണിച്ചിറ തൈക്കാവിന് സമീപമെത്തിച്ച് ഗോപകുമാര്‍ മര്‍ദ്ദിച്ചത്.
പെണ്‍കുട്ടിയെ അടിച്ച് വീഴ്ത്തി മര്‍ദ്ദിച്ച ശേഷം മുകളില്‍ കയറിയിരുന്നു ക്രൂരമര്‍ദ്ദനമാണ് ഗോപകുമാര്‍ നടത്തിയത്. ഇരുകവിളുകളിലും മാറിമാറിയടിച്ചു. ശരീരമാസകലം മര്‍ദ്ദിച്ചു. നിലത്തിട്ട് വലിച്ചിഴച്ചു. ഒടുവില്‍ അവിടെയുള്ള ഒരു പട്ടിക എടുത്തുകൊണ്ട് വന്നു വീണ്ടും ക്രൂരമര്‍ദ്ദനം തന്നെ നടത്തി. പട്ടിക കൊണ്ടുള്ള മര്‍ദ്ദനത്തിലാണ് പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.
ആളൊഴിഞ്ഞ പറമ്പിലിട്ടാണ് ഗോപകുമാര്‍ ക്രൂരമര്‍ദ്ദനം നടത്തിയത്. പുലര്‍ച്ചെ മൂന്നായിരുന്നതിനാല്‍ അവിടെ ചുരുക്കം പേരാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയവരാണ് ഗോപകുമാറിന്റെ മര്‍ദ്ദനത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചശേഷം ഗോപകുമാറിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ഹോട്ടലില്‍ നിന്നു അവള്‍ പ്രശ്നമുണ്ടാക്കിയപ്പോഴാണ് തമ്മിലടിയായത്. ഈ പ്രശ്നം കാരണം ഹോട്ടല്‍ ഉടമ രണ്ടുപേരെയും ഇറക്കിവിട്ടു. അവള്‍ പ്രശ്നമുണ്ടാക്കിയതിനാല്‍ ഉള്ള ജോലിയും നഷ്ടമായി. അതിലുള്ള ദേഷ്യം കൊണ്ടാണ് യുവാവിനെ മര്‍ദ്ദിച്ചത് എന്നാണ് ഗോപകുമാര്‍ പോലീസിനോട് പറഞ്ഞത്.
ഗോപകുമാറും പെണ്‍കുട്ടിയും തൃശൂര്‍ സ്വദേശികളാണ്. വര്‍ഷങ്ങളായി അടുപ്പവുമുണ്ട്. ഗോപകുമാറിനെ വിശ്വസിച്ച് ഇറങ്ങി വന്നതാണ് കാമുകി. . അതിനുശേഷം പെണ്‍കുട്ടിയ്ക്ക് വീട്ടുകാരുമായി ബന്ധമില്ലാത്ത അവസ്ഥയിലായിരുന്നു. കൊച്ചിയില്‍ വന്ന ശേഷം ഇവര്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. ജോലി തേടിയപ്പോള്‍ രണ്ടുപേര്‍ക്കും ഹോട്ടല്‍ ജോലിയും കിട്ടി.
ഗോപകുമാറിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നു പെണ്‍കുട്ടിയ്ക്ക് മനസിലായി. ഇതോടെ ഇവര്‍ തമ്മില്‍ പ്രശ്നമായി. സംഭവ ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്ക് മൂത്തപ്പോള്‍ ഉടമ ഹോട്ടലില്‍ നിന്നു രണ്ടുപേരോടും ഇറങ്ങാന്‍ പറഞ്ഞു. തമ്മില്‍ വഴക്കുമായി ജോലിയും പോയി. ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് പുലര്‍ച്ചെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മറ്റൊരു ബന്ധത്തിന്റെ പേരിലാണ് തര്‍ക്കം വന്നത്. കുറച്ച് നാളുകളായി ഇവര്‍ തമ്മില്‍ വഴക്കും പോലീസില്‍ പരാതിയുമൊക്കെ ആയിട്ടുണ്ട്. പെണ്‍കുട്ടി ഗോപകുമാറിന് എതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഹോട്ടലില്‍ നിന്നുള്ള വഴക്കിന്റെ പക തീര്‍ക്കാനാണ് ഗോപകുമാര്‍ പെണ്‍കുട്ടിയെ ഇറക്കിക്കൊണ്ടു വന്നു മര്‍ദ്ദിച്ചത്. ഗോപകുമാറിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ രംഗത്ത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങൾ സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ ക്രൂരതകൾ കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തമാക്കിയാണ് തന്റെ അതിജീവന കഥ നടി വിവരിച്ചിരിക്കുന്നത്.
അനൂപ് പിള്ളയെന്നയാളാണ് തന്റെ മുൻ കാമുകനെന്ന് വെളിപ്പെടുത്തിയാണ് നടി അയാളുടെ ക്രൂരതകൾ എണ്ണിയെണ്ണി വിവരിച്ചിരിക്കുന്നത്. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി. പൊലീസിൽ പരാതി നൽകിയതായും പോസ്റ്റിൽ വെളിപ്പെടുത്തി. അനൂപ് പിള്ള നിലവിൽ ഒളിവിലാണെന്നും യുഎസിലുണ്ടെന്നാണ് അറിവെന്നും നടി കുറിച്ചു. ഇപ്പോഴും തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതിനാലാണ് ഇതെല്ലാം തുറന്ന് എഴുതുന്നതെന്നും നടി കുറിച്ചു.
View this post on Instagram
അനിഖയുടെ കുറിപ്പ്
‘‘നിർഭാഗ്യവശാൽ അനൂപ് പിള്ള എന്നൊരാളുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അയാൾ എന്നെ മാനസികമായും ഏറ്റവുമൊടുവിൽ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപൊലെ ഒരാളെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല. ഇതെല്ലാം ചെയ്തശേഷം അയാൾ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇയാൾ ഇത്തരത്തിൽ പെരുമാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അയാൾ രണ്ടാം തവണയും എന്നെ ഉപദ്രവിച്ചപ്പോൾ ഞാൻ ബെംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു (ആദ്യമായി ഇയാൾ എന്നെ മർദ്ദിച്ചത് ചെന്നൈയിൽ വച്ചാണ്. അന്ന് മർദ്ദിച്ചശേഷം എന്റെ കാലിൽ വീണ് ഒരുപാട് കരഞ്ഞു. വിഡ്ഢിയായ ഞാൻ മനസ്സലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞു).
രണ്ടാം തവണയും അയാൾ അതുതന്നെ ചെയ്തു. അന്നും ഒന്നും സംഭവിച്ചില്ല. അയാൾ പൊലീസുകാർക്ക് പണം നൽകി അവരെ വലയിലാക്കിയിരുന്നു. തുടർന്ന് പൊലീസ് ഒപ്പമുണ്ടെന്ന ധാർഷ്ട്യത്തിൽ അയാൾ ഉപദ്രവം തുടർന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഞാൻ പലകുറി ഉപദ്രവിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടു. ഇതോടെ അയാളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, എന്നെ വിടാൻ ആ മനുഷ്യൻ, അങ്ങനെ വിളിക്കാമോ എന്ന് ഇപ്പോഴും തീർച്ചയില്ല, ഒരുക്കമായിരുന്നില്ല. ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അത് സത്യമാണ്.ഞാൻ ഷൂട്ടിങ്ങിന് പോകാതിരിക്കാൻ അയാൾ എന്റെ ഫോൺ എറിഞ്ഞു തകർത്ത സംഭവങ്ങളുണ്ട്. ഞങ്ങൾ ബന്ധം പിരിഞ്ഞ ശേഷവും ഞാനറിയാതെ അയാളുടെ ലാപ്ടോപ്പിൽ കണക്ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്സാപ്പ് ചാറ്റുകൾ പോലും നിരീക്ഷിക്കുന്നുണ്ടായിരുന്നു.
അയാളുള്ളത്. തുടർച്ചയായി എനിക്കെതിരെ ഭീഷണികൾ വരുന്ന സാഹചര്യത്തിലാണ് ഇതെല്ലാം ഞാൻ ഇവിടെ തുറന്നെഴുതുന്നത്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അയാൾ പറഞ്ഞു നടക്കുന്ന നുണകൾ വിശ്വസിച്ച് എന്നെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നവരുണ്ട്.ഇപ്പോൾ ഞാൻ ഇതിൽനിന്നെല്ലാം പൂർണമായും മുക്തിയായി ഷൂട്ടിങ്ങിൽ വ്യാപൃതയാണ്’ – അനിക വിക്രമൻ കുറിച്ചു.
പറമ്പിലെ ചവറിന് തീയിട്ടതിന് പിന്നാലെ തീ ആളിപടർന്ന് വീട്ടമ്മ വെന്തുമരിച്ചു. കണ്ണൂർ കൊട്ടിയൂർ സ്വദേശിനിയായ പൊന്നമ്മ (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്.
വീടിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലെ ചവറിന് തീയിട്ടതിന് പിന്നാലെ തീ ആളി പടർന്നു. തീ പടരുന്നത് കണ്ട് ഓടാൻ ശ്രമിച്ച പൊന്നമ്മ വീഴുകയും തീ ശരീരത്തിൽ പടരുകയുമായിരുന്നു. പൊന്നമ്മയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി തീ അണച്ച് പൊന്നമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തിയതായും താൻ മരിച്ച് പോകുമെന്നും ഷാരോൺ ആശുപത്രിയിൽവെച്ച് ബന്ധുവിനോട് പറഞ്ഞിരുന്നതായി കുറ്റപത്രം. ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഗ്രീഷ്മയും ഷാരോണും നിരവധി തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ കീടനാശിനി കലർത്തി നൽകിയ ദിവസം ലൈംഗീക ബന്ധത്തിൽ ഏർപ്പെടണം എന്ന് ആവിശ്യപെട്ടാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. തലേ ദിവസം രാത്രി ഒന്നര മണിക്കൂറോളം ഗ്രീഷ്മ ഷാരോണുമായി സെക്സ് ചാറ്റ് നടത്തിയിരുന്നു. തുടർന്ന് ഫോണിലൂടെ പറഞ്ഞതൊക്കെ നേരിട്ട് ചെയ്യാൻ കൊതിയാകുന്നു എന്ന് പറഞ്ഞ് ഷാരോണിനെ വീട്ടിൽ വരാൻ ഗ്രീഷ്മ നിർബന്ധിക്കുകയായിരുന്നു.
ഗ്രീഷ്മ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ വീട്ടിലേക്ക് വരണമെന്ന് പലവട്ടം ചാറ്റിനിടെ പറഞ്ഞതായി ഷാരോൺ ബന്ധുവിനോട് പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. 2022 ഒക്ടോബർ 14 ന് രാവിലെ ഏഴ് മണിമുതൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ കൊതി തോന്നുന്നെന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിന് നിരവധി മെസേജുകൾ അയച്ചു. ഒക്ടോബർ 13 ന് രാത്രി ഒന്നര മണിക്കൂർ നേരം സെക്സ് ചാറ്റ് ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു.
ഗ്രീഷ്മയുടെ നിർബന്ധം കാരണമാണ് വീട്ടിൽ പോയതെന്ന് ഷാരോൺ ബന്ധുവിനോട് പറഞ്ഞു. ഷാരോൺ മരിച്ചതിന് പിന്നാലെ ഗ്രീഷ്മ വാട്സാപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്തു. ഡിലീറ്റ് ചെയ്ത ചാറ്റുകൾ തിരിച്ചെടുക്കാൻ പറ്റുമോ എന്നും ഗ്രീഷ്മ ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ ഇപ്പോൾ ജയിലിൽ കഴിയുകയാണ്. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിന് ജാമ്യം ലഭിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും ജയിലിൽ കഴിയുകയാണ്.
2021 ഒക്ടോബറിലാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാർച്ച് 4 നാണ് പട്ടാളത്തിൽ ജോലി ചെയ്യുന്ന യുവാവുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടത്തിയത്. ഇതിന് പിന്നാലെ ഷാരോണും ഗ്രീഷ്മയും തമ്മിൽ വഴക്കിടുകയും പിരിയുകയും ചെയ്തിരുന്നു. എന്നാൽ അതെ വർഷം മെയ്ൽ ഗ്രീഷ്‌മ വീണ്ടും ഷാരോണുമായി അടുത്തു. നവംബർ മാസത്തിൽ വീട്ടിൽ വെച്ചും വെട്ട്കാട് പള്ളിയിൽ വെച്ചും താലി കെട്ടി. തുടർന്ന് തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു.
അതേമയം വിവാഹം അടുത്തതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയും പാരസെറ്റമോൾ അമിതമായി കഴിച്ചാലുണ്ടാകുന്ന തകരാറുകൾ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്ത് മനസിലാക്കി. തുടർന്ന് പാരസെറ്റമോൾ ഗുളികയും ഡോളോയും വെള്ളത്തിൽ ലയിപ്പിച്ച് കൈയിൽ കരുതി. കോളേജിലെ റിസപ്‌ഷനിൽ വെച്ച് കടയിൽ നിന്നും വാങ്ങിയ ജ്യൂസിൽ പാരസെറ്റമോൾ കലർത്തിയ വെള്ളം ഒഴിച്ച് ഷാരോണിന് നൽകി. എന്നാൽ കൈപ്പ് കാരണം ഷാരോൺ കുടിച്ചില്ല.
നവംബറിൽ ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് ഗ്രീഷ്മ വാക്ക് കൊടുത്തിരുന്നു. നവംബറിന് മുൻപ് ഷാരോണിനെ ഒഴിവാക്കണമെന്ന് ഗ്രീഷ്മ തീരുമാനിച്ചു. തുടർന്നാണ് വീട്ടിലേക്ക് വിളിച്ച് വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്. കഷായം കുടിച്ചതിന് പിന്നാലെ ഗ്രീഷ്മയുടെ മുറിയിൽ ഷാരോൺ ഛർദിച്ചിരുന്നു. ഗ്രീഷ്മയുടെ വീട്ടിൽ നിന്നും ഇറങ്ങിയ ഷാരോൺ ബൈക്കിലിരുന്നും ഛർദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചദിച്ചെന്നും ഷാരോൺ സുഹൃത്തിനോട് പറഞ്ഞിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതോടെയാണ് ഷാരോൺ മരണപ്പെട്ടത്.
യുകെയിലെ കാലാവസ്ഥ കേരളത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. തണുത്തുറഞ്ഞ കാലാവസ്ഥ മലയാളികൾ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. കൂടുതല്‍ തണുപ്പേറിയ കാറ്റാണു യുകെയിലേക്കു മഞ്ഞ് പെയ്യിക്കുന്നത്. നോര്‍ത്ത് മേഖലയില്‍ നിന്നുള്ള തണുത്തുറഞ്ഞ കാറ്റ് വരും ദിവസങ്ങളില്‍ രാജ്യത്തെ താപനില -1 സെല്‍ഷ്യസിലേക്കു താഴ്ത്തുമെന്നാണു മെറ്റ് ഓഫിസ് പ്രവചനം.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനിൽ പ്രതീക്ഷിക്കുന്ന തണുത്തുറഞ്ഞ കാലാവസ്ഥയെ ജനങ്ങള്‍ ജാഗ്രതയോടെ നേരിടണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. പ്രായമായവര്‍ക്കും രോഗസാധ്യത ഏറിയ ജനങ്ങള്‍ക്കുമാണ് ശൈത്യകാലം തിരിച്ചെത്തുമ്പോള്‍ സൂക്ഷിക്കണമെന്ന ആരോഗ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കുറഞ്ഞ താപനിലയും ശൈത്യകാല മഴയും പെയ്തിറങ്ങുമ്പോള്‍ ബ്രിട്ടനിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫിസും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും പുറപ്പെടുവിച്ചിരിക്കുന്നത്.
മാര്‍ച്ച് 6 പുലര്‍ച്ചെ ഒരു മണി മുതല്‍ മാര്‍ച്ച് 8 അർധരാത്രി വരെയാണു മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാവുക. ചൂട് നിലനിര്‍ത്താനും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ശ്രദ്ധിക്കാനും നിര്‍ദ്ദേശത്തില്‍ യുകെഎച്ച്എസ്എ ഉപദേശിക്കുന്നുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും പ്രായം 65ന് മുകളിലുള്ളവരും വീടുകളിലെ താപനില 18 ഡിഗ്രി സെല്‍ഷ്യസെങ്കിലും നിലനിര്‍ത്തണമെന്ന് യുകെഎച്ച്എസ്എ വ്യക്തമാക്കി.