Latest News

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി മാത്രം അയല്‍വാസി തന്റെ മതത്തെ വലിച്ചിഴയ്ക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍. അയല്‍വാസിക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് താരം കോടതിയില്‍ പ്രതികരിച്ചത്.പന്‍വേലിലെ ഫാംഹൗസിനടുത്തുള്ള ഭൂമിയുടെ ഉടമയായ കേതന്‍ കക്കാഡിന് എതിരെയാണ് താരം അപകീര്‍ത്തിക്കേസ് നല്‍കിയിരിക്കുന്നത്.

”എന്റെ അമ്മ ഒരു ഹിന്ദുവാണ്. അച്ഛന്‍ മുസ്ലിമും. സഹോദരങ്ങള്‍ വിവാഹം കഴിച്ചത് ഹിന്ദുക്കളെയാണ്. എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നവരാണ് ഞങ്ങള്‍. പിന്നീട് എന്തിനാണ് താങ്കള്‍ എന്റെ മതത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത്?” എന്നാണ് സല്‍മാന്‍ ചോദിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് സല്‍മാന്റെ ആരോപണം. ഡി-കമ്പനിയില്‍ മുന്‍നിര അംഗമാണ് സല്‍മാന്‍ ഖാനെന്ന് കേതന്‍ അഭിമുഖത്തില്‍ ആരോപിക്കുന്നുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായെല്ലാം അടുത്ത ബന്ധമുള്ള നടന്‍ കുട്ടികളെ കടത്തുന്നുണ്ടെന്നും നിരവധി സിനിമാ താരങ്ങളെ ഫാംഹൗസില്‍ കൊന്നു കുഴിച്ചിട്ടുണ്ട് എന്നെല്ലാമാണ് കേതന്റെ ആരോപണങ്ങള്‍.എന്നാല്‍ ആരോപണങ്ങള്‍ക്കൊന്നും തെളിവില്ലെന്ന് ഖാന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ

ഡി ഫാം പൂർത്തിയാക്കി ജോലി അന്വേഷിച്ചു നടക്കുന്ന വിനു, അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് കഴിയുന്നത്. അമ്മ ആശ മാനസികാരോഗ്യത്തിന് ചികിത്സ തേടുന്നുണ്ട്. കിടപ്പിലായ അമ്മൂമ്മ മരണപ്പെടുന്നതോടെ വീട്ടിൽ അമ്മയും മകനും മാത്രമാകുന്നു. അമ്മൂമ്മയുടെ മരണത്തിന് പിന്നാലെ ആ വീട്ടിൽ ചില അസ്വാഭാവിക സംഭവങ്ങളും അരങ്ങേറുന്നു. നിഗൂഢതകൾ നിറഞ്ഞ ഭൂതകാലത്തേക്കുള്ള വാതിലായിരുന്നു അത്.

ഒരു സൈക്കോളജിക്കൽ ത്രില്ലർ രീതിയിലാണ് ചിത്രം കഥ പറഞ്ഞാരംഭിക്കുന്നത്. ഇടയ്ക്കിടെ ഹൊറർ എലമെന്റുകളും വന്നു പോകുന്നു. ആ വാടക വീടും വിനുവും അമ്മയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പല പ്രശ്നങ്ങൾ അലട്ടുന്ന, സമാധാനമായി ഉറങ്ങാൻ കഴിയാത്ത രണ്ടു പേരെ കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സ്ലോ പേസിൽ നീങ്ങുന്ന കഥ ആദ്യ പകുതിയുടെ അവസാനം ആകാംഷ സമ്മാനിക്കുന്നുണ്ട്. പിന്നീട് കൃത്യമായ സൈക്കോളജിക്കൽ മൂഡ് നിലനിർത്തുന്ന ചിത്രം അവസാന പതിനഞ്ചു മിനിറ്റിൽ ഞെട്ടിക്കുന്ന ഹൊറർ ത്രില്ലറായി രൂപം മാറുകയാണ്. നിസ്സഹായരായി, പരസ്പരം പഴിചാരുന്ന അമ്മയും മകനും പ്രേക്ഷകനുമായി കണക്ട് ആവുന്നിടത്ത് കഥ എൻഗേജിങ്‌ ആവുന്നു.

കഥാപാത്രങ്ങളുടെ ഇമോഷൻസ് പ്രേക്ഷകനുള്ളിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. പ്രകടനങ്ങളിൽ രേവതിയും ഷെയിൻ നിഗവും മികവ് പുലർത്തുന്നു. ക്ലൈമാക്സ്‌ സീനിലെ ഇരുവരുടെയും പ്രകടനം അതിഗംഭീരമാണ്. പതിവ് ജമ്പ് സ്കയറുകളും ഗിമ്മിക്കുകളും ഒഴിവാക്കിയുള്ള കഥപറച്ചിൽ രീതിയാണ് ‘ഭൂതകാല’ത്തെ വ്യത്യസ്തമാക്കുന്നത്.

കഥയുടെ സിംഹഭാഗവും ഒരു വീടിനുള്ളിലാണ് നടക്കുന്നത്. എന്നാൽ ആവർത്തന വിരസതയില്ലാതെ സീനുകളെ ക്രമീകരിച്ചിട്ടുണ്ട്. ചിത്രത്തിലുള്ള ഒരേയൊരു ഗാനം മനോഹരമാണെങ്കിലും പ്ലേസ്മെന്റ് അത്ര ഉചിതമായി തോന്നിയില്ല. ഏതാനും ചില കഥാപാത്രങ്ങളിലൂടെ മനുഷ്യബന്ധങ്ങളെപ്പറ്റിയും സിനിമ തീവ്രമായി സംസാരിക്കുന്നു.

Last Word – ഹൊറർ ചിത്രങ്ങളിൽ കണ്ടുവരുന്ന ക്‌ളീഷേകൾ പരമാവധി ഒഴിവാക്കിയാണ് ‘ഭൂതകാലം’ കഥപറയുന്നത്. സ്ലോ പേസിൽ നീങ്ങുന്ന ചിത്രം പ്രകടന മികവിലൂടെയും വ്യത്യസ്തമായ ട്രീറ്റ്മെന്റിലൂടെയും എൻഗേജിങ്ങായി മാറുന്നു. ഉദ്വേഗജനകമായ ക്ലൈമാക്സും ഗംഭീരം. വലിയ സ്‌ക്രീനിൽ, നല്ല സൗണ്ട് സിസ്റ്റത്തിന്റെ സഹായത്തോടെ കണ്ടാൽ മികച്ച അനുഭവം ലഭിക്കുമെന്നുറപ്പ്.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ഇന്ന് തിയേറ്ററുകളില്‍ എത്ത. കേരളത്തിന് പുറമേ ഇന്ത്യയിലെ മറ്റിടങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന കോവിഡ്‌ ബാധയുടെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടച്ചു പൂട്ടുമോ എന്ന സംശയം നിലനില്‍ക്കെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് നേരത്തെ തീരുമാനിച്ച തീയതിയില്‍ (ജനുവരി 21) തന്നെ ‘ഹൃദയം അണിയറ പ്രവര്‍ത്തകര്‍’ റിലീസ് ചെയ്തത്.

നിങ്ങള്‍ക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കാനിഷ്ടപ്പെടുന്ന കാലമേതെന്ന് ചോദിച്ചാല്‍ കലാലയ കാലം എന്നുപറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. കാരണം ഒരു വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ കലാലയങ്ങള്‍ വഹിക്കുന്ന പങ്ക് അത്ര വലുതാണ്. അധ്യാപകരും സൗഹൃദങ്ങളും പ്രണയവുമെല്ലാം അതിന് ഉപോല്‍ബലമാകുന്നു. അങ്ങനെയൊരു കലാലയം അരുണ്‍ എന്ന ചെറുപ്പക്കാരനെ എങ്ങനെ വാര്‍ത്തെടുത്തു എന്നാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം പറയുന്നത്.

ഏറെ സ്വപ്‌നങ്ങളുമായി ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ പഠനത്തിനെത്തുന്ന അരുണ്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം. അരുണിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ക്യാംപസ് ജീവിതത്തിനെ വര്‍ണാഭമാക്കുന്ന സൗഹൃദവും പ്രണയവും തന്നെയാണ് ഹൃദയത്തിന്റേയും കാതല്‍. അരുണിന്റെ കാര്യമെടുത്താല്‍ ഈ രണ്ട് ഘടകങ്ങളാണ് സ്വന്തം ജീവിതവും ഭാവിയും എങ്ങനെയാവണമെന്ന് തീരുമാനിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത്. മാതാപിതാക്കള്‍ പോലും പിന്നെയേ വരുന്നുള്ളൂ.

ക്യാംപസ്, സൗഹൃദം, അരുണ്‍, ദര്‍ശന എന്നീ നാലുഘടകങ്ങളില്ലാതെ ഒരു ഫ്രെയിം പോലും ഹൃദയത്തില്‍ കാണാനാവില്ല. അരുണിന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങളിലെല്ലാം ഇക്കാര്യങ്ങള്‍ കാണാനാവും. ക്യൂട്ട് എന്ന് വിശേഷിപ്പിക്കാവുന്ന മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ചിത്രം. ക്ലാസ് റൂം രംഗങ്ങളിലും പ്രണയ രംഗങ്ങളിലും എന്തിന് നായകനായ അരുണ്‍ മാസ് കാണിക്കുന്നതില്‍പ്പോലും ആ ഒരു സംഗതി കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ മുന്‍ ചിത്രമായ തട്ടത്തിന്‍ മറയത്തില്‍ നായകന് തട്ടമായിരുന്നു വീക്ക്‌നെസ്സെങ്കില്‍ ഇവിടെ മുടിയഴിച്ചിടുന്നതിനോടാണ് താത്പര്യം.

ഹൃദയം എന്നത് ഒരു നൂലാണെന്ന് സങ്കല്‍പ്പിച്ചാല്‍ അതിനാല്‍ കെട്ടിയിടപ്പെടുന്ന ബന്ധങ്ങളാണ് അരുണിന്റെ ജീവിതത്തെ സമ്പന്നമാക്കുന്നത്. ട്രെയിനില്‍ വെച്ച് കണ്ടുമുട്ടി പിന്നീട് ജീവിതത്തിന്റെ ഭാഗമാകുന്ന ആന്റണി താടിക്കാരനും കോളേജിലെ സുഹൃത്തുക്കളായ സെല്‍വയും കാളിയും ദര്‍ശനയും പ്രതീകും നിത്യയുമെല്ലാം ആ നൂലില്‍ കോര്‍ത്ത മുത്തുകളാണ്. അരുണും ദര്‍ശനയുമായുള്ള പ്രണയത്തെ മറികടക്കുന്നുണ്ട് സുഹൃദ്ബന്ധങ്ങള്‍. സെല്‍വയും കാളിയും ആന്റണിയുമായുള്ള അരുണിന്റെ ചങ്ങാത്തം അതിനുള്ള ഉദാഹരണമാണ്. ഏത് പ്രതിസന്ധി വന്നാലും ഏതെങ്കിലുമൊക്കെ രീതിയില്‍ അരുണ്‍ എന്ന കഥാപാത്രം അത് മറികടക്കുന്നത് ഈ ബന്ധങ്ങളുടെ ശക്തിയാലാണ്.

താരങ്ങളുടെ പ്രകടനം നോക്കിയാല്‍ പ്രണവില്‍ നിന്ന് തുടങ്ങാം. ആദിയില്‍ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നിന്നും നടനെന്ന രീതിയില്‍ പ്രണവ് ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ചിത്രം എന്ന സിനിമ വിനീത് ശ്രീനിവാസനെ സ്വാധിനിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നു. നഗുമോ എന്ന ഗാനവും ചിലരംഗങ്ങളില്‍ നായകന്റെ കയ്യിലെ സ്റ്റില്‍ ക്യാമറയുടെ സാന്നിധ്യവും അതിനുള്ള തെളിവായി കാണാവുന്നതാണ്. ഒരുപക്ഷേ മോഹന്‍ലാല്‍ എന്ന നടന് പ്രണവിലൂടെ ഒരു ആദരവ് സമര്‍പ്പിച്ചതാവാനും സാധ്യതയുണ്ട്. ദര്‍ശനയുടെ ദര്‍ശനയ്ക്ക് പലപ്പോഴും കാഴ്ചക്കാരുടെയുള്ളില്‍ ഒരു വിങ്ങലുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കല്യാണിയുടെ നിത്യയുടെ കുസൃതിത്തരങ്ങള്‍ പ്രേക്ഷകനില്‍ പുഞ്ചിരി സൃഷ്ടിക്കുന്നുണ്ട്. വിജയരാഘവന്‍, ജോണി ആന്റണി എന്നിവരും മികച്ചതായി. 15 പാട്ടുകളില്‍ ഒരെണ്ണംപോലും തെറ്റായയിടത്ത് ചേര്‍ത്തിട്ടില്ല. മികവുറ്റ ഗാനങ്ങളും പശ്ചാത്തലസംഗീതവുമൊരുക്കിയതില്‍ ഹിഷാം എന്ന സംഗീതജ്ഞനും കയ്യടിക്ക് അര്‍ഹതയുണ്ട്.

മൂന്നുമണിക്കൂര്‍ വരുന്ന ചിത്രം ഒരിക്കല്‍പ്പോലും ക്ഷമയെ പരീക്ഷിക്കുന്നില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. കഥാപാത്രങ്ങള്‍ ഒരാള്‍ പോലും നമുക്ക് അപരിചിതരല്ല എന്നതാണ് അതിന് കാരണം. സ്വന്തം അനുഭവമല്ലേ സ്‌ക്രീനില്‍ കാണുന്നത് എന്ന തോന്നല്‍ ഉണ്ടായാലും അവരെ കുറ്റം പറയാനാവില്ല. കാരണം ഇങ്ങനെയൊക്കയുള്ള അനുഭവങ്ങള്‍ ഉണ്ടാവാത്തവര്‍ കുറവായിരിക്കും എന്നതുതന്നെ. സിനിമ കണ്ടിറങ്ങുമ്പോള്‍ എന്തോ എവിടെയോ നഷ്ടമായതുപോലെ തോന്നിയേക്കാം. ആ നിമിഷമാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമയുടെ വിജയവും. അകലങ്ങളിലെവിടെയോ ഉള്ള നഷ്ടമായി എന്ന് കരുതുന്ന സുഹൃത്തുക്കളാണ്, ബന്ധങ്ങളാണ് കൊളുത്തിവലിക്കുന്നതായി ഉള്ളിലനുഭവപ്പെടുന്നത്. ഹൃദയത്തിന്റെ ഭാഷയില്‍ വിനീത് ഒരുക്കിയ ‘ഹൃദയ’ത്തെ ഹൃദയം കൊണ്ടുകാണാം.

മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘ഹൃദയം’.

അജു വർഗ്ഗീസ്, അരുൺ കുര്യൻ, ജോണി ആന്റണി, അശ്വത്ത് ലാൽ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിലെ ‘ദര്‍ശന’ എന്ന് തുടങ്ങുന്ന ഗാനം തരംഗമായി മാറിയിരുന്നു. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽ‌കിയ ഗാനം 20 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിതാര സുരേഷ്, കോ-പ്രൊഡ്യൂസർ -നോബിൾ ബാബു തോമസ്, എഡിറ്റർ – രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനർ – ദിവ്യ ജോർജ്, വിതരണം – മെറിലാന്റ് സിനിമാസ്. പി.ആർ.ഓ- ആതിര ദിൽജിത്ത്

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദൻ നായകനായെത്തിയ ചിത്രമാണ് മേപ്പടിയാൻ തീയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിനെതിരെ നിരവധി വിമർശങ്ങൾ ഉയർന്ന് വരുന്നുണ്ട്. സംഘപരിവാർ അജണ്ടകളാണ് ഒളിഞ്ഞും തെളിഞ്ഞും ചിത്രം പറയുന്നതെന്നാണ് പ്രധാന ആരോപണം. സേവാഭാരതിയുടെ ആംബുലൻസ് മുതൽ ചിത്രത്തിലെ നായകൻ കറുപ്പുടുത്ത് ശബരിമലയ്ക്ക് പോകുന്നത് വരെ വിമർശനത്തിന് കാരണമാകുന്നു.

ഇപ്പോഴിതാ മേപ്പടിയാൻ പച്ചയായ വർഗീയത പറയുന്ന ചിത്രമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ. ജനം ടിവിക്കും സേവാഭാരതിക്കും നന്ദി പറഞ്ഞ് തുടങ്ങുന്നത് ഉണ്ണിമുകുന്ദന്റെ തോന്നിവാസമാണെന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് പറയുന്നു. സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം കൃത്യമായി ഒരു മതത്തിനെതിരെ സംസാരിക്കുന്നതാണെന്നും ശോഭ സുബിൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ശോഭ സുബിൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

വളരെ തന്ത്രപരമായൊന്നും അല്ല മേപ്പടിയാനിൽ വർഗ്ഗീയത പറയുന്നത്. പച്ചയായി തന്നെയാണ്. ഫിലിം ആരംഭിക്കുന്നതിന് മുൻപ് നന്ദി പറയുന്ന മീഡിയകൾ മാതൃഭൂമിയോടും ജനം ടി വി യോടും ആണ്.. സേവാഭാരതി യോടും ഉണ്ട് നന്ദി. പി സി ജോർജിനും മകനും നന്ദി ഗംഭീരമായി പറഞ്ഞിരിക്കുന്നത് നമുക്ക് മറക്കാതിരിക്കാം.. ചിലപ്പോൾ ജനം ടി വി യോട് നന്ദി പറഞ്ഞ മലയാളത്തിലെ ആദ്യത്തെ ഫിലിം ആയിരിക്കും മേപ്പടിയാൻ.. ഉണ്ണി മുകുന്ദൻ്റെ ഫിലിം പ്രാഡക്ഷൻ കമ്പനി ആയ UMF നിർമ്മിച്ച ചിത്രമായത് കൊണ്ട് തൻ്റെ എല്ലാ തന്നിഷ്ടങ്ങളും തോന്നിവാസവും ഉപയോഗിക്കാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ട്.

വിഷ്ണു മോഹൻ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച ചിത്രം കൃത്യമായി ഒരു മതത്തിനെതിരെ സംസാരിക്കുകയാണ്.. കഥയിൽ ഇന്ദ്രൻ സ് അ വ ത രിപ്പിക്കുന്ന അഷറഫ് ഹാജി ഭൂമി തന്ത്രപരമായി കൈക്കലാക്കുന്ന ആരും ഇഷ്ടപെടാത്ത കഥാപാത്രമാക്കി തീർക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.. തികഞ്ഞ മതവിശ്വാസിയാണ് അഷറഫ് ഹാജി.. ഹാജി എന്ന വാക്ക് പ്രത്യകം ശ്രദ്ധിക്കണം.. അഷറഫ് ഹാജിയെ കാണിക്കുമ്പോഴല്ലാം പുട്ടിന് പീര പോലെ നിസ്ക്കരിച്ചിട്ട് വരാം, പള്ളിയിൽ പോയി വന്നിട്ട് കാണാം എന്ന ഡയലോഗുകളും പ്രേക്ഷനിൽ മുസ്ലിം വിരുദ്ധത കുത്തിനിറക്കാൻ ചേർക്കുന്നതാണ് എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാതെ പോകരുത്.അഷറഫ് ഹാജിയെ കൊണ്ട് തന്നെ ഞങ്ങളുടെ മതവിശ്വാസത്തിന് പലിശ എതിരാണ് എന്ന ഡയലോഗ് പറയിപ്പിച്ചതിന് ശേഷമാണ് വലിയ വിലയുള്ള ഭൂമി സാഹചര്യം മുതലാക്കി കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കുന്ന വില്ലനായ്..അവതരിപ്പിക്കുന്നത്.

നായകൻ തികഞ്ഞ ഹിന്ദു മത വിശ്വാസി. നിഷ്ക്കളങ്കൻ.. അമ്മയെയും കുടുംബത്തേയും നോക്കുന്ന ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ വിശ്വാസി..ഒന്ന്.. എല്ലാം തികഞ്ഞ.. നിഷ്കുവായ.. കറുത്ത മുണ്ടും കറുത്ത ഷർട്ടും അയ്യപ്പ മാലയും ഇട്ട ചെരുപ്പിടാത്ത അയ്യപ്പഭക്തനായ ഹിന്ദു മത വിശ്വാസി.. ജയകൃഷ്ണൻ..കൃഷ്ണൻ എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം. രണ്ട്… കൗശലക്കാരനായ ഒരിറ്റ് ദയ പോലും ഇല്ലാത്ത .. ധനാഡ്യനായ.. മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കുന്ന വെള്ളമുണ്ട് ഉടുത്ത… വെളള്ള കുപ്പായമിട്ട മുണ്ട് ഇടത്തോട്ട് ഉടുത്തിരിക്കുന്ന ..ഉപ്പുറ്റിയുടെ മുകളിൽ ആണ് മുണ്ട് നിൽക്കുന്നത്.. മുസ്ലിം തൊപ്പി ധരിച്ച അഷറഫ് ഹാജി.. കൂടെ എപ്പോഴും ക്രൂരമുഖത്തോട് കൂടിയ രണ്ട് പേർ.. അവരുടെ വേഷവും സമാനം.. ഹാജി എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം..

നായകൻ നടത്തുന്ന വർക്ക്ഷോപ്പിൻ്റെ പേര് ശബരി.. കഥയിൽ പറയുന്ന വില്ലനായ അഷറഫ് ഹാജി വേടിച്ച ഭൂമിയിലൂടെ കടന്ന് പോകാൻ പോകുന്ന നൻമയുടെ പ്രതീകമായ റെയിൽവേ ലെയിൻൻ്റെ പേര് ശബരി..നായകനെ സഹായിക്കാനായി വരുന്ന ആംബുലൻസിൻ്റെ പേര് ഈയടുത്ത കാലത്ത് കൊലപാതകം നടത്താൻ ഉപയോഗിച്ച അതേ ആംബുലൻസിൻ്റെ പേര്.. സേവാഭാരതി.. അവസാനം ഗബരി റെയിൽ പാത വരുന്നു.. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നു.. നൻമ നിറഞ്ഞ ജയകൃഷ്ണൻ വിജയിക്കുന്നതായും അഷറഫ് ഹാജിയുടെ ഭൂമിയിൽ പണിതിരിക്കുന്ന പുതിയ ഷോപ്പിങ്ങ് കോംപ്ലക്സ് ശബരി റെയിൽ വന്നത് കൊണ്ട് തകരുന്നതായും നമ്മൾ സങ്കൽപിക്കണം.. അവസാന സീൻ.. കറുത്ത മുണ്ട്.. കറുത്ത ഷർട്ട്.. കാലിൽ ചെരുപ്പടാതെ ജയകൃഷ്ണൻ.. ഒരു വശത്ത് അഷറഫ് ഹാജി അന്യായമായി വാങ്ങിയ ഭൂമിയിൽ ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം..

ജയകൃഷ്ണൻ മലയ്ക്ക് പോയി അയ്യപ്പസ്വാമിയെ പ്രാർത്ഥിക്കുന്നു.. ഇരുമുടിക്കെട്ട്.. കാണിക്കുന്നു.. ബി ജി എം ഇടുന്നു.. മലയ്ക്ക് പോയി വന്നതിന് ശേഷം.. അടുത്ത സീൻ… അതാണ് സീൻ… ജയകൃഷ്ണൻ്റെ വീടിൻ്റെ പാർക്കൽ.. അന്നത്തെ പത്രത്തിലെ വാർത്ത.. കേന്ദ്ര സർക്കാർ ശബരി റെയിലിനായി 164 2 കോടി അനുവദിച്ചിരിക്കുന്നു… ഹൈന്ദവ മത വിശ്വാസിയായ..നൻമ മരമായ ജയകൃഷ്ണൻ വിജയിക്കുന്നു.. ഇസ്ലാം മതവിശ്വാസിയായ അഷറഫ് ഹാജി പരാജയപ്പെടുന്നു.. മനോഹരമായിരിക്കുന്നു വിഷ്ണു മോഹൻ… താങ്കൾ ഭംഗിയായ് വർഗ്ഗിയത പറയുന്നതിൽ വിജയിച്ചിരിക്കുന്നു.. ആർ എസ് എസ് കാർ ചെയ്ത രണ്ട് നൻമകളും കൂടി കാണിച്ചിരുന്നങ്കിൽ പൊളിച്ചേനേ വിഷ്ണു ബ്രോ.. താടിക്കാരനായ മോഡീജിക്ക് കൂടി ഒരു നന്ദിയും ആകാമായിരുന്നു.. അടുത്ത പടത്തിലെങ്കിലും അത് മറക്കരുത്… നീയൊക്കെ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും വെളുപ്പിക്കാൻ കഴിയാത്തതിൻ്റെ പേരാണ് RSS സും.. ഭൂരിപക്ഷ വർഗ്ഗീയതയും.. കേരളത്തിൻ്റെ മണ്ണിൽ അതിന് സ്ഥാനമില്ലന്ന് തെളിയിച്ചതുമാണ്.. ഉണ്ണി മുകുന്ദൻ പണ്ടേ ഒരു നമോ ഭക്തനാണ് എന്ന് മറയില്ലാതെ തെളിയിച്ചതാണ്.. തുടരുക.

ഒന്നറിയുക.. ഇത് കേരളമാണ്… നെല്ലും പതിരും തിരിച്ചറിയാൻ കഴിവുള്ള പ്രബുദ്ധമായ ജനതയുള്ള നാടാണ്..

വർഗ്ഗീയതക്ക് എതിരെ പടപൊരുതിയ ചരിത്രമുള്ള മണ്ണാണ്. അവിടെയൊക്കെ സിനിമ വേവണമെങ്കിൽ ഇത്തരം വർഗ്ഗീയതയ്ക്ക് കുട പിടിക്കരുത്.. അയ്യപ്പസ്വാമിയുടെ ഉറ്റ സുഹൃത്തിൻ്റെ പേര് വാവര് എന്നാണ് ട്ടോ ഉണ്ണിയേ.. അവിടെ തൊഴുതിട്ട് വേണം അയ്യനെ കാണാൻ.. എന്നാലേ അയ്യപ്പസ്വാമി അനുഗ്രഹിക്കൂ.. ഗ്രീരാമനും, കാളി ദേവിയുമൊക്കെ പോയ് പോയ് ശബരിമലയിലാണ് ഇപ്പോഴത്തെ പിടിപ്പ്.. കാഞ്ഞ ബുദ്ധിയായ് പോയ്.. ഉണ്ണിയേ.. ഒരു വർഗ്ഗീയതയും ഇവിടെ പുലരില്ല.. കണ്ണിലെ കൃഷ്ണമണി പോലെ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന ഒരു ജനതയുണ്ട് ഇവിടെ… അന്തസ്സും അഭിമാനത്തോടെയും കൂടി നല്ല സിനിമകൾക്ക് കാശ് ചില വാക്കൂ.. ഉണ്ണി മുകുന്ദൻ.. ഞങ്ങൾ പ്രോത്സാഹിപ്പിക്കാം..എന്നാൽ..ഇതൊന്നും ഇവിടെ നടക്കില്ല.. ഇത് താങ്കൾ വിചാരിക്കുന്ന പോലത്തെ മണ്ണല്ല…

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമണത്തിന് ഇരയാക്കിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ദിലീപിന് എതിരെ ഗുരുതര വകുപ്പ് കൂടി ഉൾപ്പെടുത്തി.

അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനാ കേസിൽ നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പോലീസിന്റെ നടപടി.

അതേസമയം, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. അവധിദിവസമായ നാളെ പ്രത്യേകമായി പരിഗണിക്കും.

നേരത്തെ, ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തു സർക്കാർ കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ദിലീപിന് എതിരായ ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതെന്നും ബലാത്സംഗം ചെയ്യൻ ക്വട്ടേഷൻ നൽകിയത് രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

കുടുംബവഴക്കിനിടെ ഭർത്താവിനെ കൊലപ്പെടുത്തി തലയറുത്തെടുത്ത് ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ആന്ധ്രാപ്രദേശ് ചിറ്റൂർ ജില്ലയിലെ റെനിഗുണ്ടയിൽ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 53കാരനായ ഭശ്യാം രവിചന്ദ്രൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ വസുന്ധരയെ (50) അറസ്റ്റ് ചെയ്തു.

പോലീസ് സ്‌റ്റേഷനിലെത്തി വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പോലീസ് ഇവരുടെ വീട്ടിലെത്ത് പരിശോധന നടത്തിയപ്പോഴാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം എന്നു െേപാലീസ് അറിയിച്ചു.

ഗുണ്ടൂർ ജില്ലയിലെ നർസറോപേട്ട് സ്വദേശിയാണ് രവിചന്ദർ. ഭാര്യ വസുന്ധര പ്രകാശം ജില്ലയിലെ ഗിദ്ദലൂർ സ്വദേശിനിയാണ്. ദമ്പതികൾക്ക് 20 വയസ്സുള്ള മകനുമുണ്ട്. മകൻ മാനസികാസ്വാസ്ഥ്യത്തിനുള്ള ചികിത്സയിലാണ്. നിലവിൽ ഇവർ റെനിഗുണ്ട ടൗണിലെ പോലീസ് ലൈൻസ് സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്.

ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത് ഒരു വർഷമായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ ദമ്പതികൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെന്നും പരസ്പരം ആക്രോശിക്കുന്നത് കേട്ടതായും സമീപവാസികൾ പോലീസിനോട് പറഞ്ഞു.

മാതാപിതാക്കൾ വഴക്കിടുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ല. ദേഷ്യത്തിൽ വസുന്ധര മൂർച്ചയുള്ള കത്തി എടുത്ത് ആവർത്തിച്ച് കുത്തുകയും പിന്നീട് തലവെട്ടുകയുമായിരുന്നു. പിന്നീട് രവിചന്ദറിന്റെ തല പ്ലാസ്റ്റിക് ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി.

ബാഗ് മേശപ്പുറത്ത് വച്ചപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി-എന്നാണ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചത്. വസുന്ധരയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് വിദഗ്ദ ചികിത്സയ്ക്കായി അദ്ദേഹത്തെ തിരുവനന്തപുപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെയാണ് വിഎസിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

പൊതുപരിപാടികൾ ഒഴിവാക്കിയും സന്ദർശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു വി എസ്. എന്നാൽ വി എസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഎസിനും പോസിറ്റീവായത്. മകൻ വി എ അരുൺ കുമാർ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മഹാമാരിയുടെ പിടിയിൽ പെടാതെ, ഡോക്ടർമാരുടെ നിർദ്ദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർത്ഥത്തിൽ ക്വാറന്റൈനിലായിരുന്നു, അച്ഛൻ.

നിഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്‌സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം പാലിച്ച് അച്ഛനിപ്പോൾ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ട്. സ്‌നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്ന് അരുൺ കുറിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.

ജനുവരി 23,30 തീയതികളിലായിരിക്കും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തുക. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.

സ്കൂളുകൾ പൂർണ്ണമായും നാളെ മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ളവർക്കായിരുന്നു 21 മുതൽ ഓൺലൈൻ ക്ലാസുകൾ അനുവദിച്ചിരുന്നത്.

മേഖലകൾ തിരിച്ച് നിയന്ത്രണം കർശനമാക്കും. തീവ്ര വ്യാപന മേഖലയിൽ വിവാഹത്തിന് 20 പേർ മാത്രം മറ്റിടങ്ങളിൽ 50 പേർ. രോഗവ്യാപനതോത് അനുസരിച്ച് ജില്ലാ തലത്തിൽ നിയന്ത്രണം’ അതാത് കളക്ടർമാർക്ക് തീരുമാനിക്കാം.

തിരുവനന്തപുരം: കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,99,041 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,501 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 43,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 385 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1701, കൊല്ലം 519, പത്തനംതിട്ട 492, ആലപ്പുഴ 437, കോട്ടയം 3300, ഇടുക്കി 369, എറണാകുളം 4216, തൃശൂര്‍ 1072, പാലക്കാട് 476, മലപ്പുറം 652, കോഴിക്കോട് 1351, വയനാട് 142, കണ്ണൂര്‍ 317, കാസര്‍ഗോഡ് 344 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,99,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,59,594 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,66,89,763), 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,21,29,768) നല്‍കി.

15 മുതല്‍ 17 വയസുവരെയുള്ള ആകെ 61 ശതമാനം (9,24,531) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,02,379)

ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 46,387 പുതിയ രോഗികളില്‍ 41,046 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2162 പേര്‍ ഒരു ഡോസ് വാക്‌സിനും 29,926 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 8958 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

ജനുവരി 13 മുതല്‍ 19 വരെയുള്ള കാലയളവില്‍, ശരാശരി 1,09,745 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,01,578 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 204 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 201%, 70%, 126%, 48%, 14% 64% വര്‍ധിച്ചിട്ടുണ്ട്.

കേരളത്തിലെത്തിയ ഡോക്ടര്‍ കഫീല്‍ ഖാന്റെ ഗോരഖ്പൂരിലെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉത്തര്‍പ്രദേശ് പോലീസിന്റെ റെയ്ഡ്. റെയ്ഡിന്റെ ഭാഗമായി തന്റെ വീട്ടിലേക്ക് പോലീസെത്തിയതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു കഫീല്‍ഖാന്റെ പ്രതികരണം.

പ്രായമായ മാതാവും ബന്ധുവായ സ്ത്രീയും മാത്രമാണ് വീട്ടിലുള്ളതെന്നും അവരെ ഭീഷണിപ്പെടുത്തിയാണ് വീട്ടില്‍ യുപി പോലീസ് റെയ്ഡ് നടത്തുന്നതെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു.

വീട്ടില്‍ റെയ്ഡ് നടത്തുന്ന പോലീസുകാരുടെ ചിത്രം പങ്കുവച്ച് കഫീല്‍ ഖാന്‍ കുറിച്ചു:

”70 വയസ് പ്രായമുള്ള മാതാവിനെ ഭീഷണിപ്പെടുത്തുന്നത് സഹിക്കാന്‍ സാധിക്കില്ല. അവരെ ഭീഷണിപ്പെടുത്തി നിങ്ങള്‍ക്ക് എന്താണ് തെളിയിക്കേണ്ടത്. അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്യണോ. ചെയ്തോളൂ. പക്ഷേ ഉമ്മയോട് കരുണ കാണിക്കൂ, അവര്‍ക്ക് താങ്ങാന്‍ കഴിയില്ല. മനുഷ്യത്വം ബാക്കിയുണ്ടാവണം.”

തന്റെ ‘എ ഡോക്ടേഴ്സ് മെമയിര്‍ ഓഫ് എ ഡെഡ്ലി മെഡിക്കല്‍ ക്രൈസിസ്: ദ ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കേരളത്തിലാണ് കഫീല്‍ ഖാന്‍ ഇപ്പോഴുള്ളത്. മന്ത്രി മുഹമ്മദ് റിയാസ്, സിപിഐഎം നേതാവ് എംഎ ബേബി തുടങ്ങിയവരുമായി കഫീല്‍ ഖാന്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലുള്ള കഫീല്‍ ഖാന്‍ യുപിയിലെ സാഹചര്യങ്ങളെക്കുറിച്ച് തന്റെ പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.

പാന്‍ മാക്മില്ലനാണ് കഫീല്‍ ഖാന്റെ പുസ്തകത്തിന്റെ പ്രസാധകര്‍. ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓക്സിജന്‍ പ്രതിസന്ധിയും വിഷയത്തില്‍ ഇടപ്പെട്ടതിന് പിന്നാലെ താന്‍ നേരിട്ട ഭീഷണിയും ദുരനുഭവങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച കുട്ടികളുടെയും കുടുംബത്തിന്റെയും അവസ്ഥ തുറന്ന് കാണിക്കുന്നതാണ് കഫീല്‍ഖാന്റെ ദി ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി എന്ന പുസ്തകം.

സത്യം തുറന്ന് കിട്ടിയതിന്റെ പേരില്‍ ജയിലില്‍ അനുഭവിക്കേണ്ടി വന്ന പീഡനവും കഫീല്‍ ഖാന്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പുസ്തകം മലയാളത്തില്‍ ഉള്‍പ്പെടെ മറ്റ് ഭാഷകളിലും വൈകാതെ പുറത്തിറങ്ങുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചിരുന്നു. അന്ന് സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. അന്ന് മുതല്‍ കഫീല്‍ ഖാനെതിരെ നിരന്തരം യുപി സര്‍ക്കാര്‍ പ്രതികാര നടപടികളുമായി രംഗത്തെത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved