Latest News

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് ഏഴ് പേർ മരിച്ചു. 16 പേർ പരിക്കുകളോടെ ചികിത്സയിലാണ്. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാഹൈറ്റ്സ് എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

രാവിലെ 7 മണിയോടെയാണ് കെട്ടിടത്തിന്‍റെ 18ാം നിലയിൽ തീ പടർന്നത്. തീയും പുകയും വേഗത്തിൽ പടർന്നതോടെ മുകൾ നിലയിലുള്ളവരും കുടുങ്ങി. 13 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്.

പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിലും, കസ്തൂർഭാ ആശുപത്രിയിലും, നായർ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചത്. മൂന്ന് പേർ ആശുപത്രിയിലെത്തും മുൻപ് തന്നെ മരിച്ചിരുന്നു. മേയർ കിഷോരി പഡ്നേക്കർ അടക്കമുള്ളവർ സ്ഥലത്ത് നേരിട്ടെത്തി രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകി. ഷോർട് സ‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. അഗ്നി ശമന സംവിധാനങ്ങളൊന്നും കെട്ടിടത്തിലില്ലായിരുന്നു എന്നും പ്രഥാമികമായ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.

ചോദ്യം ചെയ്യലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. ദിവസം അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിന് തയ്യാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണം.

പ്രോസിക്യൂഷന്‍ കൈമാറിയ തെളിവുകളില്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി ഗൂഢാലോചന നടത്തുന്നത് കുറ്റകരമാണെന്നും ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ കേസില്‍ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താനോ പാടില്ലെന്ന് ദിലീപിന് കോടതി കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കോട്ടയം വൈക്കപ്രയാറില്‍ അമ്മയെ മകന്‍ തോട്ടില്‍ മുക്കി കൊന്നു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി(68)യാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മകന്‍ ബൈജുവാണ് അമ്മയെ മര്‍ദിച്ചതിനു ശേഷം തോട്ടില്‍ മുക്കി കൊലപ്പെടുത്തിയത്.

വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ബൈജുവും മന്ദാകിനിയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കൂടാതെ ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ മര്‍ദിക്കുകയും ചെയ്തിരുന്നു.

ഇന്ന് വൈകിട്ടോടെ അമ്മയെ ക്രൂരമായി മര്‍ദിച്ച് അവശയാക്കിയ ബൈജു വീടിന് സമീപത്തെ തോട്ടില്‍ വച്ച് അമ്മയെ മുക്കി കൊല്ലുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ മന്ദാകിനിയെ വൈക്കത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

കൊടുങ്ങലൂരിൽ ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി. കൊടുങ്ങലൂർ സ്വദേശി ശ്രീജേഷിനെതിരെ ഭാര്യ സവിതയാണ് പരാതിയുമായി രംഗത്തെത്തിയത്. മൊബൈൽ ഫോണിലൂടെ പകർത്തിയ വീഡിയോയിലൂടെയാണ് സവിത ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു താമസമെന്നും ശ്രീജേഷ് വിവാഹമോചനത്തിനായി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് തന്നെയും മകനെയും അമ്മയെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതെന്നും സവിത വീഡിയോയിൽ പറയുന്നു.

സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് ശ്രീജേഷ് ഇതൊക്കെ ചെയ്യുന്നതെന്നും സവിത പറയുന്നു. കേസിന് പോകാൻ തന്റെ കയ്യിൽ പണമില്ലെന്നും. നിലവിലുള്ള കേസിന് പുറകെ പോയി ഉണ്ടായിരുന്ന ജോലിയും തനിക്ക് നഷ്ടപ്പെട്ടെന്നും സവിത പറയുന്നു. കൊടുങ്ങലൂർ മേൽശാന്തിയുടെ മകനാണ് തന്റെ ഭർത്താവ് ശ്രീജേഷ് എന്നും യുവതി വീഡിയോയിൽ പറയുന്നു.

വീട് പുറത്ത് നിന്നും പൂട്ടിയ അവസ്ഥയിലാണെന്നും കുഞ്ഞുങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും സവിത വീഡിയോയിൽ പറയുന്നു. താൻ മാനസിക സമർദ്ദത്തിലാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും സവിത വീഡിയോയിൽ പറയുന്നു.

അലി അക്ബർ സംവിധാനം ചെയ്ത 1921 പുഴമുതൽ പുഴ വരെ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അന്തരിച്ച കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തതിന് ശേഷമാണ് ആർഎൽവി രാമകൃഷ്ണന്റെ പ്രതികരണം. ആദ്യമായി തന്നെ ക്യാമറയ്ക്ക് മുന്നിൽ നിർത്തിയത് അലി അക്ബർ ആണെന്നും. മണിച്ചേട്ടന്റെ മരണത്തിന് ഇപ്പുറവും അദ്ദേഹം തന്നെ മറന്നിട്ടില്ലെന്നും ആർഎൽവി രാമകൃഷ്ണൻ പറയുന്നു.

ധാരാളം സിനിമ സംവിധായകർ ഉണ്ടെങ്കിലും ഇത്പോലെ ചേർത്ത് നിർത്തലും സമാശ്വാസവും ഉണ്ടായത് അലി അക്ബറിൽ നിന്ന് മാത്രമാണെന്നും ആർഎൽവി രാമകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പറയുന്നു. ചാത്തൻ പുലയൻ എന്ന കഥാപാത്രത്തെയാണ് ആർഎൽവി രാമകൃഷ്ണൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ആർഎൽവി രാമകൃഷ്ണൻ പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.

നിരവധി വാദപ്രതിവാദങ്ങൾക്കൊടുവിൽ വാരിയൻകുന്നൻ പ്രധാന കഥാപാത്രമായി വരുന്ന അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ചാത്തൻ പുലയൻ എന്ന ഒരു മുഴുനീള കഥാപാത്രത്തെ ഞാൻ ഈ ചിത്രത്തിൽഅവതരിപ്പിക്കുന്നു എന്ന സന്തോഷം ഞാൻ നേരത്തെ നിങ്ങളുമായി പങ്കുവച്ചിരുന്നല്ലോ

ഞാൻ ആദ്യമായി മണി ചേട്ടനോടൊപ്പം ഒരു സിനിമാ ലൊക്കേഷനിലേക്ക് പോകുന്നത് പെരുമ്പാവൂരിൽ ചിത്രീകരണം നടന്ന അലി അക്ബർ സംവിധാനം ചെയ്ത മണി ചേട്ടൻ പ്രധാന വേഷം ചെയ്ത ബാംബൂ ബോയ്സിൻ്റെ ലൊക്കേഷനിലേക്കാണ്. അവിടെ ചെന്നപ്പോൾ യാദൃശ്ചികമായി എന്നെ കൊണ്ട് ഒരു കഥാപാത്രം ആ ചിത്രത്തിൽ ചെയ്യിപ്പിച്ചത് അലി അക്ബർ സാറായിരുന്നു. ജെ വില്യംസ് ക്യാമറ ചലിപ്പിച്ച ആ ചിത്രത്തിൽ ജഗതി ശ്രീകുമാർ എന്ന അതുല്യ നടനോടൊപ്പം ആയിരുന്നു ആദ്യ ഷോട്ട്. ഷൂട്ടിങ്ങ് എന്താണെന്ന് കണ്ടിട്ടില്ലാത്ത ഞാൻ വളരെ പരിഭ്രാന്തനായ നിമിഷം.ഒപ്പം കുറേ സിനിമാ നടൻമാരെ നേരിൽ കണ്ട സന്തോഷവും.

നാളുകൾക്കിപ്പുറം മണി ചേട്ടൻ്റെ വിയോഗശേഷം ആ സംവിധായകൻ എന്നെ മറന്നില്ല. ഈ ചിത്രത്തിൽ ചാത്തൻ പുലയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത് എന്നെയായിരുന്നു’. ഞങ്ങളുടെ പരിചയത്തിൽ ധാരാളം സിനിമാ സംവിധായകർ ഉണ്ടെങ്കിലും ഇങ്ങനെയൊരു ചേർത്തുനിർത്തലും സമാശ്വാസവും ഉണ്ടായത് അലി സാറിൽ നിന്നാണ് എന്ന് തുറന്നു പറയുന്നതിൽ യാതൊരു മടിയും ഇല്ല. ഒരു സംവിധായകരുടെയും മുൻപിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലാത്ത എന്നെ വിളിച്ച് ഒരു അവസരം തന്ന ഈ സിനിമയെ ഉപേക്ഷിക്കാൻ തോന്നിയില്ല. കാരണം ഈ ചിത്രത്തിലെ ചാത്തൻ പുലയനെ പറ്റി പറഞ്ഞപ്പോൾ അത്രയേറെ ഇഷ്ടമായി. ഒപ്പം ഒരു അടിപ്പൊളി ഗാനരംഗം എനിക്ക് വേണ്ടിയുള്ളതാണെന്ന് പറഞ്ഞ ആ ഗാനം കേട്ടപ്പോൾ ഒട്ടും തന്നെ സംശയം തോന്നിയില്ല.

ഈ കഥാപാത്രത്തെ ഞാൻ അവതരിപ്പിക്കാം എന്ന് സമ്മതിച്ചതിൻ്റെ പിറ്റേ ദിവസം അലി അക്ബറും പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരനും മറ്റും ചേർന്ന് ഞാൻ ജോലി ചെയ്യുന്ന കാലടി സംസ്കൃത സർവ്വകലാശാലയിൽ വന്ന് അഡ്വാൻസ് തന്ന് ഉറപ്പിച്ചു. എൻ്റെ സഹോദരനോടുണ്ടായിരുന്ന എല്ലാ ബഹുമാനവും സ്നേഹവും ആ ലൊക്കേഷനിൽ എനിക്ക് ലഭിച്ചത് ഞാൻ മറക്കില്ല.കല കാണാനും ആസ്വദിക്കാനും മാത്രമാണ്. സിനിമയായാലും സംഗീതമായാലും നൃത്തമായാലും എല്ലാം ഒരു പോലെ തന്നെ.

പാക്ക് വംശജനായ ബ്രിട്ടിഷ് അക്രമി യുഎസിലെ ടെക്സസിലുള്ള ജൂതപ്പള്ളിയിൽ റാബിയെ അടക്കം ബന്ദിയാക്കിയ സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തു. മാ​ഞ്ചസ്റ്ററിലും ബർമിങ്ങാമിലുമായാണ് അറസ്റ്റ്. ഇവരെ ചോദ്യം ചെയ്തുവരുന്നു. നേരത്തേ അറസ്റ്റ് ചെയ്ത 2 കൗമാരക്കാരെ നിരപരാധികളെന്നു ബോധ്യപ്പെട്ടു വിട്ടു.

ജൂതപ്പള്ളിയിൽ ആരാധനയ്ക്കിടെ തോക്കു ചൂണ്ടി 4 പേരെ ബന്ദികളാക്കി 10 മണിക്കൂർ പരിഭ്രാന്തി സൃഷ്ടിച്ച മാലിക് ഫൈസൽ അക്രമിനെ(44) എഫ്ബിഐ കമാൻഡോ സംഘം വധിച്ചിരുന്നു. ‘ലേഡി അൽ ഖായിദ’ എന്നു വിളിപ്പേരുള്ള വിവാദ പാക്ക് ന്യൂറോ സയന്റിസ്റ്റ് ആഫിയ സിദ്ദിഖിയെ യുഎസ് ജയിലിൽനിന്നു മോചിപ്പിക്കണമെന്നായിരുന്നു അക്രമിന്റെ ആവശ്യം.

വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ബ്ലാക്ബേൺ നിവാസിയായിരുന്ന ഇയാൾ ടെക്സസിലെ അതിക്രമത്തിനിടെ സഹോദരൻ ഗുൽബാറിനെ ഫോൺ ചെയ്തിരുന്നു. ബ്രിട്ടനിലിരുന്ന് സഹോദരൻ നടത്തിയ അനുനയ ശ്രമം പരാജയപ്പെട്ടു. മാനസികദൗർബല്യമുള്ള അക്രം എങ്ങനെ യുഎസിൽ എത്തിയെന്നാണ് ബ്രിട്ടനിലെ പരിചയക്കാർ അദ്ഭുതപ്പെടുന്നത്.

ഇന്നലെ മുതൽ ആണ് ലോകക്കപ്പ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. 24 മണിക്കൂർ കഴിയുമ്പോൾ 12 ലക്ഷം ടിക്കറ്റ് ബുക്കിങ് ആണ് നടന്നത്. ബുധനാഴ്ച ഉച്ചക്ക് ശേഷം ആയിരുന്നു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഖത്തറിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ടിക്കറ്റ് ബുക്കിങ് നടത്തിയിരിക്കുന്നത്. എന്നാൽ തൊട്ടു പിറകിൽ തന്നെ ഇന്ത്യയും എത്തിയിട്ടുണ്ട്. അർജന്‍റീന, മെക്സികോ, അമേരിക്ക, യുഎഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി അറേബ്യ, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നിലായുള്ളത്.

ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്കിങ് നടത്താൻ സാധിക്കുക. ജനുവരിൽ 19 മുതൽ ഫെബ്രുവരി എട്ട് വരെ ഈ സെെറ്റിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്യാം.   https://www.fifa.com/tickets എന്നാണ് ലിങ്ക്. 30 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കുറവ് ടിക്കറ്റ് വില ഇത്തവണത്തെ ലോകക്കപ്പിനാണ്. കൂടാതെ 2022 ഖത്തർ ലോകകപ്പിന് നിരവധി പ്രത്യേകതകൾ ഉണ്ട്.

ലോകകപ്പിന് ആതിഥേയം വഹിക്കുന്ന ഖത്തറിലെ സ്വദേശികൾക്കും വിദേശികൾക്കും 40 ഖത്തർ റിയാലിന് (819 ഇന്ത്യൻ രൂപ)ക്ക് ടിക്കറ്റ് ലഭിക്കും. നവംബർ 21ന് അൽബെയ്ത് സ്റ്റേഡിയത്തിൽ ആണ് ഉദ്ഘാടനം നടക്കുന്നത്. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ ആണ് ഫെെനൽ മത്സരങ്ങൾ നടക്കുക. രണ്ടാം ഘട്ടം ടിക്കറ്റ് ബുക്കിങ്ങ് 2022 ഏപ്രിൽ ഒന്നിന് ടൂർണമെന്‍റ് നറുക്കെടുപ്പിന് പിന്നാലെ ആരംഭിക്കും.

ഫൈനൽ മത്സരം കാണാൻ ആണ് കാണികൾ‍ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത്. 1.40 ലക്ഷം ടിക്കറ്റ് അപേക്ഷകളാണ് ഫെെനൽ മത്സരം കാണാൻ വേണ്ടിയുള്ള ടിക്കറ്റിന് വേണ്ടി എത്തിയിരിക്കുന്നത്. അതുപോലെ തന്നയാണ് ഉദ്ഘാടന മത്സരം കാണുന്നതിന് 80,000 ടിക്കറ്റുകളാണ് ആളുകൾ ബുക്ക് ചെയ്തിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ പ്ലാന്‍ ബി വിലക്കുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ മാസ്‌ക് വേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി സ്‌കൂളുകള്‍. സ്‌കൂളുകളില്‍ ഇനി വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിബന്ധന അനുസരിക്കില്ലെന്നും, ക്ലാസ്മുറികളില്‍ കുട്ടികളെ നിര്‍ബന്ധമായി മാസ്‌ക് ധരിപ്പിക്കുമെന്നും സ്‌കൂളുകള്‍ തീരുമാനിച്ചതോടെ ഇതിനെതിരെ രക്ഷിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

പ്ലാന്‍ ബി വിലക്കുകള്‍ റദ്ദാക്കുന്നതോടെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം. എന്നാല്‍ ഇത് പാലിക്കില്ലെന്ന് ഇംഗ്ലണ്ടിലെ ഹെഡ് ടീച്ചര്‍മാര്‍ പറയുന്നു. സ്വന്തം സ്ഥാനം സംരക്ഷിക്കാനാണ് ബോറിസ് ജോണ്‍സണ്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് രാജ്യത്തെ വലിയ ടീച്ചിംഗ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍.

പാര്‍ട്ടിഗേറ്റില്‍ പെട്ടതോടെ രാഷ്ട്രീയ കരിയര്‍ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിയുടെ ഈ നീക്കത്തിന് പിന്നില്‍ കൃത്യമായ ആരോഗ്യ, ശാസ്ത്ര ഉപദേശമില്ലെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. ഒമിക്രോണ്‍ നടപടികള്‍ വളരെ വേഗത്തില്‍ നീക്കുന്നതിന് എതിരെ നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയനും മുന്നറിയിപ്പ് നല്‍കി. ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനാണ് ഉപകരിക്കുകയെന്ന് ജനറല്‍ സെക്രട്ടറി ഡോ. മേരി ബൗസ്‌റ്റെഡ് പറഞ്ഞു.

പ്രതിസന്ധി അവസാനിച്ചെന്ന ചിന്തയിലാണ് സര്‍ക്കാര്‍ തങ്ങളെ സ്‌കൂളുകളിലേക്ക് അയയ്ക്കുന്നതെന്ന് എഎസ്‌സിഎല്‍ മേധാവി ജെഫ് ബാര്‍ടണും പ്രതികരിച്ചു. എന്നാല്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കുട്ടികള്‍ ക്ലാസ്മുറികളില്‍ മാസ്‌ക് ധരിക്കുന്നതിന് എതിരെയാണ് മൂന്നില്‍ രണ്ട് രക്ഷിതാക്കളും അടുത്തിടെ നടന്ന സര്‍വെയില്‍ വോട്ട് ചെയ്തത്.

ഇംഗ്ലണ്ടിന്റെ കോവിഡ് പ്ലാന്‍ ബി നടപടികള്‍ വ്യാഴാഴ്ച മുതല്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ പൊതു സ്ഥലങ്ങളില്‍ നിര്‍ബന്ധിത ഫെയ്‌സ് മാസ്‌ക് നിയമങ്ങളും കോവിഡ് പാസ്‌പോര്‍ട്ടുകളും ഉപേക്ഷിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. ആളുകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഉപദേശം സര്‍ക്കാര്‍ ഉടന്‍ ഉപേക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബൂസ്റ്ററുകള്‍ കാരണം ഇംഗ്ലണ്ട് ‘പ്ലാന്‍ എ’ യിലേക്ക് മടങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയതലത്തില്‍ ഒമിക്രോണ്‍ തരംഗം പീക്ക് കഴിഞ്ഞതായി ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നതായി അദ്ദേഹം എംപിമാരോട് പറഞ്ഞു.

നിശാക്ലബ്ബുകളിലും വലിയ പരിപാടികളിലും പ്രവേശിക്കുന്നതിന് നിര്‍ബന്ധിത കോവിഡ് പാസ്‌പോര്‍ട്ടുകള്‍ അവസാനിക്കും, എന്നിരുന്നാലും സ്ഥാപനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കോവിഡ് പാസ് ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കാം

വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആളുകളെ ഇനി ഉപദേശിക്കില്ല, ഓഫീസുകളിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് തൊഴിലുടമകളുമായി ചര്‍ച്ച ചെയ്യണം. അടച്ചിട്ടതോ തിരക്കേറിയതോ ആയ ഇടങ്ങളിലും അപരിചിതരെ കാണുമ്പോഴും മുഖാവരണം ധരിക്കാന്‍ ആളുകളോട് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും, മാസ്‌ക്കുകള്‍ ഇനി നിര്‍ബന്ധമാക്കില്ല.

വ്യാഴാഴ്ച മുതല്‍, സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ മാസ്ക്ക് ധരിക്കേണ്ടതില്ല, കമ്യൂണല്‍ മേഖലകളില്‍ അവരുടെ ഉപയോഗത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം ഉടന്‍ നീക്കം ചെയ്യും. യാത്രാ നിയമങ്ങള്‍ ലഘൂകരിക്കുന്നതും ഇംഗ്ലണ്ടിലെ കെയര്‍ ഹോം സന്ദര്‍ശനത്തിനുള്ള നിയന്ത്രണങ്ങളും സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതായും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി മാത്രം അയല്‍വാസി തന്റെ മതത്തെ വലിച്ചിഴയ്ക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍. അയല്‍വാസിക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് താരം കോടതിയില്‍ പ്രതികരിച്ചത്.പന്‍വേലിലെ ഫാംഹൗസിനടുത്തുള്ള ഭൂമിയുടെ ഉടമയായ കേതന്‍ കക്കാഡിന് എതിരെയാണ് താരം അപകീര്‍ത്തിക്കേസ് നല്‍കിയിരിക്കുന്നത്.

”എന്റെ അമ്മ ഒരു ഹിന്ദുവാണ്. അച്ഛന്‍ മുസ്ലിമും. സഹോദരങ്ങള്‍ വിവാഹം കഴിച്ചത് ഹിന്ദുക്കളെയാണ്. എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നവരാണ് ഞങ്ങള്‍. പിന്നീട് എന്തിനാണ് താങ്കള്‍ എന്റെ മതത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത്?” എന്നാണ് സല്‍മാന്‍ ചോദിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് സല്‍മാന്റെ ആരോപണം. ഡി-കമ്പനിയില്‍ മുന്‍നിര അംഗമാണ് സല്‍മാന്‍ ഖാനെന്ന് കേതന്‍ അഭിമുഖത്തില്‍ ആരോപിക്കുന്നുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായെല്ലാം അടുത്ത ബന്ധമുള്ള നടന്‍ കുട്ടികളെ കടത്തുന്നുണ്ടെന്നും നിരവധി സിനിമാ താരങ്ങളെ ഫാംഹൗസില്‍ കൊന്നു കുഴിച്ചിട്ടുണ്ട് എന്നെല്ലാമാണ് കേതന്റെ ആരോപണങ്ങള്‍.എന്നാല്‍ ആരോപണങ്ങള്‍ക്കൊന്നും തെളിവില്ലെന്ന് ഖാന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ

ഡി ഫാം പൂർത്തിയാക്കി ജോലി അന്വേഷിച്ചു നടക്കുന്ന വിനു, അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് കഴിയുന്നത്. അമ്മ ആശ മാനസികാരോഗ്യത്തിന് ചികിത്സ തേടുന്നുണ്ട്. കിടപ്പിലായ അമ്മൂമ്മ മരണപ്പെടുന്നതോടെ വീട്ടിൽ അമ്മയും മകനും മാത്രമാകുന്നു. അമ്മൂമ്മയുടെ മരണത്തിന് പിന്നാലെ ആ വീട്ടിൽ ചില അസ്വാഭാവിക സംഭവങ്ങളും അരങ്ങേറുന്നു. നിഗൂഢതകൾ നിറഞ്ഞ ഭൂതകാലത്തേക്കുള്ള വാതിലായിരുന്നു അത്.

ഒരു സൈക്കോളജിക്കൽ ത്രില്ലർ രീതിയിലാണ് ചിത്രം കഥ പറഞ്ഞാരംഭിക്കുന്നത്. ഇടയ്ക്കിടെ ഹൊറർ എലമെന്റുകളും വന്നു പോകുന്നു. ആ വാടക വീടും വിനുവും അമ്മയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പല പ്രശ്നങ്ങൾ അലട്ടുന്ന, സമാധാനമായി ഉറങ്ങാൻ കഴിയാത്ത രണ്ടു പേരെ കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സ്ലോ പേസിൽ നീങ്ങുന്ന കഥ ആദ്യ പകുതിയുടെ അവസാനം ആകാംഷ സമ്മാനിക്കുന്നുണ്ട്. പിന്നീട് കൃത്യമായ സൈക്കോളജിക്കൽ മൂഡ് നിലനിർത്തുന്ന ചിത്രം അവസാന പതിനഞ്ചു മിനിറ്റിൽ ഞെട്ടിക്കുന്ന ഹൊറർ ത്രില്ലറായി രൂപം മാറുകയാണ്. നിസ്സഹായരായി, പരസ്പരം പഴിചാരുന്ന അമ്മയും മകനും പ്രേക്ഷകനുമായി കണക്ട് ആവുന്നിടത്ത് കഥ എൻഗേജിങ്‌ ആവുന്നു.

കഥാപാത്രങ്ങളുടെ ഇമോഷൻസ് പ്രേക്ഷകനുള്ളിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. പ്രകടനങ്ങളിൽ രേവതിയും ഷെയിൻ നിഗവും മികവ് പുലർത്തുന്നു. ക്ലൈമാക്സ്‌ സീനിലെ ഇരുവരുടെയും പ്രകടനം അതിഗംഭീരമാണ്. പതിവ് ജമ്പ് സ്കയറുകളും ഗിമ്മിക്കുകളും ഒഴിവാക്കിയുള്ള കഥപറച്ചിൽ രീതിയാണ് ‘ഭൂതകാല’ത്തെ വ്യത്യസ്തമാക്കുന്നത്.

കഥയുടെ സിംഹഭാഗവും ഒരു വീടിനുള്ളിലാണ് നടക്കുന്നത്. എന്നാൽ ആവർത്തന വിരസതയില്ലാതെ സീനുകളെ ക്രമീകരിച്ചിട്ടുണ്ട്. ചിത്രത്തിലുള്ള ഒരേയൊരു ഗാനം മനോഹരമാണെങ്കിലും പ്ലേസ്മെന്റ് അത്ര ഉചിതമായി തോന്നിയില്ല. ഏതാനും ചില കഥാപാത്രങ്ങളിലൂടെ മനുഷ്യബന്ധങ്ങളെപ്പറ്റിയും സിനിമ തീവ്രമായി സംസാരിക്കുന്നു.

Last Word – ഹൊറർ ചിത്രങ്ങളിൽ കണ്ടുവരുന്ന ക്‌ളീഷേകൾ പരമാവധി ഒഴിവാക്കിയാണ് ‘ഭൂതകാലം’ കഥപറയുന്നത്. സ്ലോ പേസിൽ നീങ്ങുന്ന ചിത്രം പ്രകടന മികവിലൂടെയും വ്യത്യസ്തമായ ട്രീറ്റ്മെന്റിലൂടെയും എൻഗേജിങ്ങായി മാറുന്നു. ഉദ്വേഗജനകമായ ക്ലൈമാക്സും ഗംഭീരം. വലിയ സ്‌ക്രീനിൽ, നല്ല സൗണ്ട് സിസ്റ്റത്തിന്റെ സഹായത്തോടെ കണ്ടാൽ മികച്ച അനുഭവം ലഭിക്കുമെന്നുറപ്പ്.

RECENT POSTS
Copyright © . All rights reserved