Latest News

സുരേഷ് ഗോപിയെ നായകനാക്കി സമദ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കിച്ചാമണി എംബിബിഎസ്. സുരേഷ് ഗോപിയോട് ചിത്രത്തിൻ്‍റെ കഥ പറയാൻ പോയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. സുരേഷ് ​ഗോ​പിയെ വെച്ച് ചെയ്യണം എന്നായിരുന്നു തന്റെ ആഗ്രഹം. പക്ഷെ അദ്ദേഹം ചെയ്യുമോ എന്നറിയില്ലാത്ത കൊണ്ട് കൊച്ചിൻ ഹനീഫക്കയെക്കൊണ്ട് പറയിപ്പിക്കാമെന്നായിരുന്നു താൻ കരുതിയത്. ഹനീഫ പറഞ്ഞാൽ എല്ലാവരും കേൾക്കും.

ഹനീഫ്ക്കയും താനും സലീം ഹിൽടോപ്പും ചേർന്നാണ് സുരേഷേട്ടനെ കാണാൻ പോകുന്നത്. അന്ന് തന്നെ സുരേഷ് ​ഗോപിക്ക് പരിചയപ്പെടുത്തിയത് ഹനീഫയാണ്. ഇത് സമദ് മങ്കട. ആനച്ചന്തം, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. സംവിധാനം ചെയ്യാനാണ് ഇദ്ദേഹത്തിന് ആഗ്രഹം. കെെയ്യിലൊരു കഥയുണ്ട് കേട്ടു നോക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. കഥ കേൾക്കുന്നതിനിടയിൽ നോമ്പുണ്ടോ എന്ന് സുരേഷ് ​ഗോപി തന്നോട് ചോദിച്ചു. അന്ന് റംസാൻ നോമ്പിന്റെ സമയമാണ്. ഉണ്ടെന്ന് താൻ പറഞ്ഞു. പിന്നെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റ് പോയി. ആരെയോ ഫോൺ ചെയ്യാനായിരുന്നു.

കഥ പറഞ്ഞ് തീരാറാപ്പോൾ വാങ്ക് വിളിക്കുന്ന സമയമായി. അപ്പോൾ നോമ്പുതുറക്കലിൻ്‍റെ ആഹരങ്ങളും എത്തി. അത് അറേയ്ഞ്ച് ചെയ്യാനാണ് അദ്ദേഹം പുറത്തേക്ക് പോയത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞതോടെ. മറ്റ് താരങ്ങൾ ആരൊക്കെയാണെന്ന് ചർച്ച ചെയ്തിരുന്നു. വില്ലനായി ബിജു മേനോനെ തങ്ങൾ നേരത്തെ തന്നെ മനസിൽ കണ്ടിരുന്നു. പിന്നെ നവ്യ, ജയസൂര്യ ഇവരൊക്കെ ഉണ്ടായിരുന്നു. ക്യാമറ സുകുമാർ ചെയ്യണമെന്ന് സുരേഷേട്ടൻ പറഞ്ഞു. ആകെ ആ നിർദ്ദേശമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

സുകുവേട്ടനെ പോയി കണ്ടു. അദ്ദേഹം സമ്മതിച്ചു. പിന്നെ ഞങ്ങളുടെ ടീമിനെ അങ്ങ് ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. എപ്രിലിലാണ് സിനിമയുടെ കഥ പറയുന്നത്. ജൂൺ, ജൂലൈ മാസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയായി. പിന്നീട് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുമ്പോൾ ചെന്നൈയിൽ സുരേഷ് ​ഗോപിയും വന്നിരുന്നു. പൊതുവെ അദ്ദേഹം പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് പങ്കെടുക്കാത്തതാണ്. പക്ഷെ അന്ന് ഞങ്ങളോടൊപ്പം തന്നെയുണ്ടായിരുന്നു. തുടക്കക്കാരൻ എന്ന നിലയിൽ പ്രചോദനവും പിന്തുണയുമാകും എന്നു കരുതിയാകുമെന്നും അന്ന് അദ്ദേഹം അങ്ങനെ ചെയ്തതെന്നും സമന്ദ് മങ്കട കൂട്ടിച്ചേർത്തു

സംസ്ഥാനത്ത് കൊലപാതക ഇല്ലാത്ത ഒരു ദിവസം പോലുമില്ല. ഇന്നലെ തൃശ്ശൂരിൽ നിന്നാണ് അതിദാരുണമായ കൊലപാതക വാർത്ത പുറത്തുവന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് എന്ന സ്ഥലത്ത് മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകൻ വിഷ്ണു കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കൊള്ളിക്കുന്നിലുള്ള ഇവരുടെ വാടക വീട്ടിലാണ് സംഭവം ഉണ്ടായത്. ശോഭനക്ക് 55 വയസും വിഷ്ണുവിന് 24 വയസുമാണ്. കൊലയ്ക്ക് ശേഷം പ്രതി വിഷ്ണു വെള്ളിക്കുളങ്ങര പൊലിസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. ഏറെ നേരം പൊലീസിനോട് ഒന്നും പറയാതെ മൗനം തുടർന്നു. ഷർട്ടിലെ ചോരക്കറ കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാരണം പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്.

കൊല്ലപ്പെട്ടശോഭനയും ഭർത്താവ് ചാത്തൂട്ടിയും മകൻ വിഷ്ണുവും കൊള്ളിക്കുന്നിലെ വാടക വീട്ടിലേക്ക് ഒരു മാസം മുമ്പാണ് താമസം മാറുന്നത്. അതുവരെ ഒരു കിലോമീറ്റർ മാറിയുള്ള താലൂർപാടം എന്ന സ്ഥലത്ത് സ്വന്തം വീട്ടിലായിരുന്നു ഇവരുടെ താമസം. അത് വിറ്റ് കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടു. ഈ പണം വിഷ്ണു പതലവണ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊടുത്തില്ല. വെള്ളിയാഴ്ച വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തർക്കമുണ്ടായി. ഈ സമയം അച്ഛൻ ചാത്തൂട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടിയിലാണ് വീടിൻറെ ഹാളിൽ വച്ച് അമ്മയുടെ തലയിൽ ഗ്യാസ് കുറ്റി അടിച്ച് കൊലപ്പെടുത്തിയത്. തൊട്ടടുത്തുള്ള വീട്ടുകാർ പോലും ബഹളം കേട്ടില്ല.

വിഷ്ണു ടോറസ് ലോറി ഡ്രൈവറാണ്. വീട്ടിൽ നിന്ന് ജോലിക്ക് പോയാൽ ദിവസങ്ങൾ കഴിഞ്ഞാകും വരിക. മകനും അമ്മയും തമ്മിൽ എപ്പോഴും നല്ല സ്‌നേഹത്തിലായിരുന്നു എന്ന അച്ഛൻ ചാത്തൂട്ടി പറയുന്നു. വലിയ പ്രശ്‌നങ്ങൾ ഇവർ തമ്മിൽ ഉണ്ടായിരുന്നില്ലെന്ന് സഹോദരി മാലതിയും വ്യക്തമാക്കുന്നു. വാടക വീടിനടുത്തുള്ള അയൽക്കാരും ഇവർ തമ്മിൽ മുമ്പ് പ്രശ്‌നങ്ങൾ ഉള്ളതായി അറിവില്ല.

കരിപ്പൂരില്‍ നടന്ന സ്വര്‍ണം ‘പൊട്ടിക്കല്‍’ കേസില്‍ പോലീസ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവോടെ. ഗള്‍ഫില്‍ നിന്നും സ്വര്‍ണവുമായി ഒരാള്‍ വരുന്നുണ്ടെന്നും അത് സ്വീകരിക്കാന്‍ കരിപ്പൂരില്‍ മറ്റുചിലര്‍ എത്തുന്നുണ്ടെന്നുമുള്ള കൃത്യമായ വിവരം ആയങ്കിക്ക് ലഭിച്ചു. വാങ്ങാനെത്തുന്നവര്‍ സ്വര്‍ണം കൈപ്പറ്റുമ്പോള്‍ അത് തട്ടിക്കൊണ്ട് പോവുകയായിരുന്നു ലക്ഷ്യം. രണ്ട് പാര്‍ട്ടികളേയും അര്‍ജുന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നതായും മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു. ഇതിന്റെ തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്.

എല്ലാം നിയന്ത്രിച്ചിരുന്നത് അര്‍ജുന്‍ ആയങ്കിയാണ്. കേസില്‍ അഞ്ചുപേരെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നുവെന്നും എസ്.പി അറിയിച്ചു. കൊള്ളനടത്താന്‍ ഗൂഢാലോചന നടത്തിയതിനുള്ള ഐ.പി.സി 399 വകുപ്പ് പ്രകാരമാണ് അര്‍ജുനെതിരേ കെസെടുത്തിരിക്കുന്നത്. പത്ത് വര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. കാക്കനാട് വീടെടുത്ത് സംഘങ്ങളുമായി ഇവിടെ ഒത്തുകൂടിയാണ് കേരളത്തിലെ മിക്ക സ്വര്‍ണതട്ടിപ്പ് കേസിലും ഇവര്‍ പദ്ധതിയിടുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വെമ്പായം സ്വദേശിയായ മറ്റൊരാളേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പാര്‍ട്ടി ഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍.

കരിപ്പൂരില്‍ ഒരുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണവുമായി അന്യസംസ്ഥാനത്തടക്കം പോലീസ് എത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പയ്യന്നൂരില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു പദ്ധതി.

2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു. പിന്നീട് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ ആയങ്കിക്ക് വലിയ പിന്തുണയുണ്ട്. എന്നാല്‍ ഈയടുത്തായി സോഷ്യല്‍ മീഡിയയിലൂടെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരേ അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നതോടെ പാര്‍ട്ടിക്ക് അനഭിമതനാവുകയായിരുന്നു. തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ സ്ഥിരം കുറ്റവാളിയായി കണക്കാക്കി കാപ്പ ചുമത്താന്‍ വരെ ശുപര്‍ശ ചെയ്തിരുന്നു.

നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരായ വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. കൊല്ലം എസ് എൻ കോളേജിൽ സെപ്റ്റംബർ നാലിനാണ് പരീക്ഷ നടക്കുക. കൊല്ലം ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നടന്ന പരീക്ഷയിൽ പരാതി ഉന്നയിച്ച വിദ്യാർഥികൾക്കാണ് പരീക്ഷയെഴുതുവാനുളള അവസരം. വീണ്ടും പരീക്ഷയെഴുതാൻ താൽപര്യമുള്ള വിദ്യാർഥികൾ മാത്രം എഴുതിയാൽ മതിയെന്നും ദേശീയ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

ദേശീയ ടെസ്റ്റിങ് ഏജൻസിയുടെ പരീക്ഷ അറിയിപ്പ് കിട്ടിയതായും ഹാൾ ടിക്കറ്റ് ലഭിച്ചു തുടങ്ങിയതായും കുട്ടികളുടെ രക്ഷിതാക്കൾ മാധ്യമങ്ങളെ അറിയിച്ചു. അപമാനിക്കപ്പെട്ട സാഹചര്യത്തിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ദേശീയ ടെസ്റ്റിങ് ഏജൻസി വീഴ്ച സംഭവിച്ചില്ലെന്നാണ് വിശദീകരിച്ചത്. ഇതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള എം പിമാർ വിഷയം പാർലമെന്റിൽ ഉന്നയിച്ചതിനെ തുടർന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ കൊല്ലത്തെ പരീക്ഷാ സെന്ററിലെത്തുകയും പരാതിപ്പെട്ട വിദ്യാർഥിനികളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വീണ്ടും പരീക്ഷ നടത്താൻ അവസരം നൽകണമെന്ന് കമ്മീഷനോട് വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്ന ഐസക് രാജു, ഒബ്‌സർവർ ഡോ. ഷംനാദ്, കരാർ ജീവനക്കാരായ മൂന്ന് പേർ, രണ്ട് കോളേജ് ജീവനക്കാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് നിർദേശിക്കുകയായിരുന്നു. രാജ്യത്ത് ആറ് കോളജുകളിലാണ് ഇത്തരത്തിൽ പരാതി ഉയർന്നത്.

ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ പോലീസിന്റെ നിര്‍ണായക കണ്ടെത്തലുകൾ. സൊനാലിയെ കൊലപ്പെടുത്തിയത് തന്നെയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവരെ നിര്‍ബന്ധപൂര്‍വും മയക്കുമരുന്ന് കഴിപ്പിച്ചതിനായി കണ്ടെത്തിയിരിക്കുകയാണ്. കുറ്റവാളികളെന്ന് കണ്ടെത്തിയ സുഖ്വീന്ദർ സിംഗും സുധീർ സാംഗ്വാനുമെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.

കേസിലെ നിര്‍ണായക വഴിത്തിരിവാവുകയാണിത്. സൊനാലിയെ നിര്‍ബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിച്ചിരുന്നതായും, അബോധാവസ്ഥയിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ അവരെ അസോസിയേറ്റുമാര്‍ ബാത്ത് റൂമിലേക്ക് കൂട്ടികൊണ്ടു പോയതായും പോലീസ് കണ്ടെത്തിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ സംഭവിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.

ഹരിയാന മന്ത്രിക്ക് അടക്കം പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് സൊനാലിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ സ്വത്ത് കൈക്കലാക്കാനായി അസോസിയേറ്റുമാര്‍ കൊടും ക്രൂരതയാണ് നടത്തിയതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സൊനാലി ഫോഗട്ടിന്റേത് ദുരൂഹ മരണമാണ് കൊലപാതകമെന്നതിലേക്ക് വഴിമാറിയിരിക്കുന്നത്. ഇവരെ നിര്‍ബന്ധപൂര്‍വം മയക്കുമരുന്ന് കഴിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. ഇത് മരണത്തിന് കാരണമായെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുണ്ടായിരുന്നുവെന്ന് നേരത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കണ്ടെത്തി. ഇവരുടെ രണ്ട് അസോസിയേറ്റുമാരും അറസ്റ്റിലായിട്ടുണ്ട്. സൊണാലിയെ നിര്‍ബന്ധിപ്പിച്ച് പ്രതികളിലൊരാള്‍ മയക്കുമരുന്ന് കഴിപ്പിക്കുന്നതായി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

സൊണാലിയെ കെമിക്കല്‍ പദാര്‍ത്ഥം നല്‍കിയ ശേഷം ആകെ നിയന്ത്രണം വിട്ട അവസ്ഥയിലേക്ക് പ്രതികള്‍ നയിക്കുകയാണ് ഉണ്ടായത്. ബോധം തീരെയില്ലായിരുന്ന സൊണാലിയെ പ്രതികള്‍ ബാത്‌റൂമിലേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് പ്രതികളും സൊനാലിയും രണ്ട് മണിക്കൂറോളം ബാത്ത് റൂമിനുള്ളിൽ ചെലവിട്ടതായും ഗോവ ഡിജിപി ഓംവീര്‍ സിംഗ് ബിഷ്‌ണോയ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. സൊനാലിക്കൊപ്പം ക്ലബില്‍ അസോസിയേറ്റുമാരായ സുഖ്‌വീന്ദര്‍ സിംഗ്, സുധീര്‍ സംഗ്വാന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുമുണ്ട്.

വീഡിയോയില്‍ പ്രതികൾ നിര്‍ബന്ധിച്ച് നടിയെ മയക്കുമരുന്ന് പോലെയുള്ള പദാര്‍ത്ഥം കഴിപ്പിക്കുന്നു. പോലീസിന്റെ രൂക്ഷമായ ചോദ്യം ചെയ്യലില്‍ സൊനാലിയെ കൊണ്ട് ഒരു മാരക രാസപദാര്‍ത്ഥം മദ്യത്തില്‍ കലര്‍ത്തി കുടിപ്പിച്ചതായി അവർ സമ്മതിച്ചെന്ന് ഡിജിപി പറഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ ഗോവ പോലീസ് ചോദ്യം ചെയ്തിരുന്നു. ഗോവ മെഡിക്കല്‍ കോളേജിലാണ് സൊനാലിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നത്.

പുലര്‍ച്ചെ നാലരയ്ക്ക് ഇവര്‍ക്ക് ഒട്ടും നിയന്ത്രണമില്ലാതെ പാതി ബോധത്തിലാണ് നടന്നിരുന്നത്. പ്രതികള്‍ ഈ സമയത്താണ് അവരെ ബാത്ത് റൂമിലേക്ക് കൊണ്ടുപോയത്. രണ്ട് മണിക്കൂറോളം ഇവര്‍ എന്താണ് ചെയ്തതെന്ന് മാത്രം ഇപ്പോഴും വ്യക്തമായിട്ടില്ല. ഇവരെ ഉടനെ കോടതിയില്‍ ഹാജരാക്കും. മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്ന് ഉറപ്പാണ്. അതേസമയം സഹോദരന്‍ റിങ്കു സിംഗിന്റെ ഇടപെടലാണ് ഇവരുടെ അറസ്റ്റിന് സഹായിച്ചത്. ആദ്യ ഘട്ടത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമായി കണ്ടിരുന്ന സംഭവമാണ് ഇപ്പോള്‍ കൊലപാതകമായി മാറിയത്.

ജീവിക്കാൻ ഒരു മാർഗവും ഇല്ലാത്ത അവസ്ഥയിൽ മലയാളി ട്രാൻസ് വുമൺ ദയാവധത്തിന് അപേക്ഷ നൽകി. ബംഗളൂരുവിൽ താമസിച്ചു വരുന്ന
കോഴിക്കോട് താമരശ്ശേരി സ്വദേശി റിഹാനയാണ് ദയാവധം നടത്തണമെന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്.

എട്ട് വർഷം മുൻപ് കർണാടകയിൽ എത്തിയ റിഹാന ലിംഗമാറ്റവുമായി ബന്ധപ്പെട്ട് രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായി. മൂന്ന് ലക്ഷത്തോളം രൂപ ചെലവുള്ള രണ്ടു ശസ്ത്രക്രിയകളാണ് റിഹാന നടത്തിയത്. പലരുടേയും സഹായം തേടിയായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്‌ക്ക് ശേഷം ബംഗളൂരുവിൽ തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള റിഹാനയ്‌ക്ക് ടെക്‌സ്‌റ്റൈൽസിലോ, ആശുപത്രിയിലോ, മറ്റ് കച്ചവട സ്ഥാപനങ്ങളിലോ ഒന്നും തന്നെ ജോലി ലഭിച്ചില്ല.

കോളേജിൽ പഠിക്കാൻ ആഗ്രഹിച്ചെങ്കിലും തന്റെ സ്വത്വത്തിന്റെ പേരിൽ നേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ റിഹാനയെ പിന്തിരിപ്പിക്കുകയായിരുന്നു. ബംഗളൂരു നഗരത്തിൽ വാടകയ്‌ക്ക് ഒരു വീട് പോലും റിഹാനക്ക് കിട്ടാതെയായി. വാടകയ്‌ക്ക് ലഭിക്കുന്ന വീടുകളിൽ നിന്ന് അയൽക്കാരുടെ പരാതിയെത്തുടർന്ന് ഒരാഴ്ചയ്‌ക്കകം പറഞ്ഞുവിടാറാണ് പതിവ്. ലൈംഗിക തൊഴിലാളിയാകാൻ താത്പര്യമില്ലാത്തത് കൊണ്ട് തന്നെ റിഹാന പിന്നീട് ഭിക്ഷാടനത്തിലേക്ക് ഇറങ്ങി.

ഇപ്പോൾ ജീവിതം എല്ലാം കൊണ്ടും മടുത്തുവെന്നാണ് റിഹാന പറയുന്നത്. മരിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല, എന്നാൽ ജീവിക്കാൻ മുന്നിൽ വേറെയൊരു വഴിയുമില്ല. ദയാവധം നടത്തണമെന്ന തന്റെ അപേക്ഷ ആദ്യമൊന്നും ജില്ലാ ഭരണകൂടം സ്വീകരിച്ചില്ലെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് അത് സ്വീകരിച്ചത് എന്നും റിഹാന മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നു.

ഗ്വാഡലജാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച പുറപ്പെട്ട വിവ ​​എയ്റോബസ് വിമാനത്തിന്‍റെ വലത് എഞ്ചിൻ പൊട്ടിത്തെറിച്ചു. ഫ്ലൈറ്റ് വിബി 518 എന്ന് പേരുള്ള വിമാനം ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രയിലായിരുന്നു. വിമാനം ഉയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ എഞ്ചിന്‍ പൊട്ടിത്തെറിച്ചു. ഇതോടെ വിമാനത്തിലെ യാത്രക്കാര്‍ നിലവിളികളാരംഭിച്ചു. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തി തകര്‍ന്ന എഞ്ചിനുമായി വിമാനം ലാന്‍റ് ചെയ്യിക്കുന്നതില്‍ പൈലറ്റ് വിജയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാത്രക്കാര്‍ക്ക് രാത്രിയില്‍ സൗജന്യ താമസം നല്‍കിയെന്നും അവരെ ബുധനാഴ്ചത്തെ വിമാനത്തില്‍ അയച്ചെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

പറന്നുയര്‍ന്ന ഉടനെ എയർബസ് എ 320-ന്‍റെ രണ്ടാമത്തെ എഞ്ചിന് തീപിടിച്ച് തീപ്പൊരികള്‍ പറക്കുന്ന വീഡിയോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലൊരാളായ കിംബർലി ഗാർസിയ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തി. നിമിഷ നേരം കൊണ്ട് തന്നെ സമൂഹിക മാധ്യമങ്ങളില്‍ വീഡിയോ തരംഗമായി. തന്‍റെ ഭയാനകമായ അനുഭവത്തെ തുടർന്ന് വിവ എയ്‌റോബസ് ഉപയോഗിച്ച് ഭാവിയില്‍ ആരും യാത്രകൾ ബുക്ക് ചെയ്യരുതെന്നും ഗാർസിയ മുന്നറിയിപ്പ് നൽകുന്നു. “@VivaAerobus ഈ സാഹചര്യം കൈകാര്യം ചെയ്ത രീതി വെറുപ്പുളവാക്കുന്നതാണ് !” അവര്‍ എഴുതുന്നു. “ഞങ്ങൾ മരിക്കാൻ പോകുകയാണെന്ന് കരുതുന്ന ആളുകളുമായി ഒരു വിമാന ജീവനക്കാരിൽ നിന്നും ആശയവിനിമയം ഒന്നുമില്ല ! ഈ എയർലൈനില്‍ പറക്കരുത്.” അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

“ഈ സാഹചര്യം ഉണ്ടാക്കിയേക്കാവുന്ന അസൗകര്യങ്ങളിൽ ഞങ്ങൾ ഖേദിക്കുന്നു. അത് എയർലൈനും യോഗ്യതയുള്ള അധികാരികളും വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യും,” എയർലൈൻ പത്രക്കുറിപ്പിൽ പറഞ്ഞു. “വിവ എയ്‌റോബസ് അതിന്‍റെ ഓരോ ഫ്ലൈറ്റുകളിലും സുരക്ഷയ്ക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു. അതിനാണ് കമ്പനിയുടെ ഒന്നാം നമ്പർ മുൻഗണനയും.” എയർലൈൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മെക്സിക്കോയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ രണ്ടാമത്തെ വിമാനമാണ് വിവ എയ്റോബസിന്‍റെത്. മെയ് 22 ന്, ഫ്ലൈറ്റ് നമ്പര്‍ 1281 എന്ന വിമാനം വില്ലാഹെർമോസയിൽ നിന്ന് പുറപ്പെട്ട് മെക്സിക്കോ സിറ്റിയിലേക്ക് പോകുമ്പോൾ എഞ്ചിൻ ടർബൈൻ ഒരു പക്ഷി വന്നിടിച്ചു. ഇതിനെ തുടര്‍ന്നും വിമാനം അടിയന്തര ലാന്‍റിങ്ങ് ചെയ്തിരുന്നു.

 

ജീവിതസാഹചര്യം മൂലം കുഞ്ഞുങ്ങളെ ജോലി സ്ഥലത്തേക്കു കൊണ്ടുവരേണ്ടുന്ന സാഹചര്യം നമ്മളില്‍ പലര്‍ക്കുമുണ്ടാകും. കുഞ്ഞുമായി ഫുഡ് ഡെലവറിക്കു നടത്തുന്നതും മറ്റുമുള്ള വീഡിയോ പല തവണ നാം കണ്ടിട്ടുണ്ട്.

ഇവിടെയൊരു യുവാവ് നിത്യവൃത്തിക്കായി കൈക്കുഞ്ഞിനെ തോളില്‍ കയറ്റിക്കൊണ്ട് സൈക്കിള്‍ റിക്ഷ ഓടിക്കുകയാണ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍നിന്നുള്ള ഈ വീഡിയോ നെറ്റിസണ്‍സിനെ പിടിച്ചുലച്ചിരിക്കുകയാണ്.

ബിഹാറില്‍നിന്നുള്ള കുടിയേറ്റക്കാരനായ രാജേഷാണ് വീഡിയോയിലുള്ളത്. അഞ്ച് വയസുകാരിയായ മകളെ ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ട യുവാവ് കൈക്കുഞ്ഞുമായി ജീവിതമാര്‍ഗമായ സൈക്കിള്‍ റിക്ഷ ഓടിക്കുകയാണെന്നു ഒരു ട്വിറ്റര്‍ പോസ്റ്റ് പറയുന്നത്. വീഡിയോ കണ്ട് മനസലിഞ്ഞ പലരും ഇയാള്‍ക്കായി ക്രൗഡ് ഫണ്ടിങ് കാമ്പെയ്ന്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്.

ഓഗസ്റ്റ് 25 ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 25,000-ത്തിലധികം വ്യൂസ് ലഭിച്ചുകഴിഞ്ഞു. ”നമുക്ക് അദ്ദേഹത്തിനായി ക്രൗഡ് ഫണ്ടിങ് കാമ്പെയ്ന്‍ ആരംഭിക്കാം. കുറഞ്ഞത് ഒരു ഇ-റിക്ഷയെങ്കിലും അദ്ദേഹത്തിനു ലഭ്യമാക്കാം,” ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടു.

”അദ്ദേഹത്തിനു തീര്‍ച്ചയായും സഹായം ആവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യം സുരക്ഷിതമല്ലാത്തതും സങ്കടകരവുമാണ്,” മറ്റൊരാള്‍ എഴുതി. ”നമുക്ക് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ബന്ധപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോ?” എന്നു മറ്റൊരാള്‍ കുറിച്ചു. ”ഇത് ലജ്ജാകരമാണ്. സര്‍ക്കാര്‍ ഉടന്‍ ശ്രദ്ധിക്കണം,” മറ്റൊരാള്‍ എഴുതി.

ഉപജീവനമാര്‍ഗം തേടി 10 വര്‍ഷം മുന്‍പാണു രാജേഷ് ബിഹാറില്‍നിന്ന് ജബല്‍പൂരിലെത്തിയതെന്നാണ് ഒരു വാര്‍ത്തയില്‍ പറയുന്നത്. സിയോനി ജില്ലയിലെ കന്‍ഹര്‍ഗാവ് ഗ്രാമത്തില്‍നിന്നുള്ള യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്. തുടര്‍ന്നു കുട്ടികളുമായി ഇരുവരും ഫുട്പാത്തിലായിരുന്നു താമസം. പിന്നീട് യുവതി മറ്റൊരാളോടൊപ്പം പോയി. യുവതിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നും രണ്ട് കുട്ടികളെയും നല്‍കേണ്ട ഉത്തരവാദിത്തം രാജേഷിന്റേതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷണത്തിൽ എലിവിഷം അടക്കം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖ (39) യുടെ കൂടുതൽ ചുരുളഴിയുന്നു. കിഴൂരിൽ മകൾ അമ്മയെ സ്വത്തിനായി കൊലപ്പെടുത്തിയ സംഭവത്തിലാണ് പോലീസിന്റെ കൂടുതൽ വെളിപ്പെടുത്തൽ. പ്രതിയെ പോലീസ് റിമാൻഡ് ചെയ്തു.

ഒമ്പത് ലക്ഷത്തോളം ഉള്ള സാമ്പത്തിക പ്രതിസന്ധി തീർക്കാൻ സ്വത്ത് തട്ടിയെടുക്കാനായിരുന്നു ഇന്ദുലേഖയുടെ പദ്ധതി. ഇതിനായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ചായയിൽ എലിവിഷം കലർത്തി നൽകിയതെന്നുമാണ് ഇന്ദുലേഖയുടെ മൊഴി. എലിവിഷമാണ് രുഗ്മിണിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.

 

കിഴൂർ കാക്കത്തിരുത്ത് റോഡിൽ ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58)കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കിഴൂരിൽ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവർക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഇത് ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിരുന്നു. പെട്ടെന്ന് തന്നെ ഈ സ്വത്ത് ലഭിക്കാനും കടംവീട്ടാനുമാണ് മകൽ കടുംകൈ ചെയ്തത്. അമ്മയ്ക്ക് ശേഷം അച്ഛനെ കൊലപ്പെടുത്തിയോ ശാരീരികമായി അവശനിലയിലാക്കിയോ സ്വത്ത് കൈവശപ്പെടുത്താനാണ് ലക്ഷ്യമാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു.

വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി സ്വർണാഭരണങ്ങൾ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെച്ചാണ് ഇത്രയും ബാധ്യതയുണ്ടായതെന്നാണ് ഇന്ദുലേഖ പോലീസിനോട് പറഞ്ഞത്.വിദേശത്തുള്ള ഭർത്താവിന് ബാധ്യതകൾ അറിയാമായിരുന്നില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഭർത്താവ് നാട്ടിലെത്തിയതോടെ സ്വർണാഭരണങ്ങൾ തിരിച്ചെടുക്കേണ്ടിയിരുന്നു. സ്ഥലം പണയം വെച്ച് തുക കണ്ടെത്തുന്നതിന് രുഗ്മിണി സമ്മതിച്ചില്ല.

ഇതോടെ ഒരു മാസമായി പനിയുടെ ഗുളികകൾ ഭക്ഷണത്തിൽ കലർത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നൽകിയിരുന്നു. കറിയിൽ ചേർത്താണ് ഇവ നൽകിയിരുന്നത്. കരൾരോഗ ബാധിതരാക്കി ആർക്കും സംശയമില്ലാത്ത രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇന്ദുലേഖ ഗൂഗിളിൽ തിരഞ്ഞാണ് കൊലപാതകത്തിനുള്ള വഴി കണ്ടെത്തിയത്. വിദ്യാർഥികളായ രണ്ട് മക്കളും ഇവർക്കുണ്ട്.

നാട്ടിലെത്തിയ ഭർത്താവിനെ വിമാനത്താവളത്തിൽനിന്ന് കൊണ്ടുവന്നതിന് ശേഷമാണ് ഇന്ദുലേഖ അമ്മയ്ക്ക് ചായയിൽ എലിവിഷം കലർത്തി നൽകിയത്. ആസ്ത്മയുടെ അസ്വസ്ഥതകളുള്ളതിനാൽ രുഗ്മിണിക്ക് രുചിവ്യത്യാസം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനി കലർത്തി നൽകുകയും ചെയ്തിരുന്നു. കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമം. ഒരു മാസം മുമ്പ് അച്ഛനെ ഇതേ രീതിയിൽ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

എന്നാൽ രുഗ്മിണിയെ ചികിത്സിച്ച തൃശ്ശൂരിലെ ആശുപത്രിയിലെ ഡോക്ടർക്കുണ്ടായ സംശയമാണ് കൊലപാതക സൂചന നൽകിയത്. ആശുപത്രിയിൽ മഞ്ഞപ്പിത്തമെന്നും ഭക്ഷ്യവിഷബാധയെന്നും രണ്ട് കാരണങ്ങൾ ഇന്ദുലേഖ പറഞ്ഞിരുന്നു. രുഗ്മിണിയുടെ മരണത്തിന് ശേഷമാണ് പോലീസിന് വിവരം ലഭിച്ചത്. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊരുത്തക്കേടുകളുണ്ടായിരുന്നു. ഇന്ദുലേഖയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് വിഷത്തെക്കുറിച്ച് അന്വേഷിച്ചതിന്റെ തെളിവുകൾ ലഭിച്ചത്.

എസിപി ടിഎസ് സിനോജ്, എസ്എച്ച്ഒ യുകെ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ദുലേഖയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ വിഷത്തിന്റെ കുപ്പിയും മരുന്നുകളുടെ സ്ട്രിപ്പുകളും ലഭിച്ചു. ഫോറൻസിക് വിദഗ്ധരും വീട്ടിൽ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. മൊബൈൽഫോൺ വിശദമായ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്.

കുത്തിയൊഴുകുന്ന പുഴയിലകപ്പെട്ട കുട്ടിയെ വളഞ്ഞത് മുതലകൾ. നീന്തിക്കയറാൻ ശ്രമിച്ച കുട്ടിയുടെ രക്ഷക്കെത്തിയത് ദുരന്ത നിവാരണസേന. രാജസ്ഥാനിലെ ചമ്പലിലാണ് സംഭവം നടന്നത്. തക്ക സമയത്ത് ബോട്ടിൽ ദുരന്ത നിവാരണസേന എത്തിയിരുന്നില്ലെങ്കിൽ കുട്ടി മുതലകളുടെ ആക്രമണത്തിന് ഇരയാകുമായിരുന്നു. തൊട്ടു പിന്നാലെയെത്തിയ മുതലകളുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിയെ ദുരന്ത നിവാരണസേന രക്ഷിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അലറിക്കരഞ്ഞുകൊണ്ട് നീന്തിയ കുട്ടിയ ബോട്ടിൽ പാഞ്ഞെത്തിയ സംഘം ബോട്ടിനുള്ളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. മുതലകൾ നിറഞ്ഞ നദിയാണ് ചമ്പല്‍. ശക്തമായ ഒഴുക്കും നദിയിലുണ്ടായിരുന്നു. മുതലകൾ പിന്നാലെയെത്തിയിട്ടും മനോധൈര്യം കൈവിടാതെ മുന്നോട്ടു നീന്തിയ കുട്ടിയെയും രക്ഷിച്ച ദുരന്ത നിവാരണസേനയെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് കാഴ്ചക്കാർ. ഡോ. ഭഗീരധ് ചൗധരിയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

 

Copyright © . All rights reserved