Latest News

കോഴഞ്ചേരി: സെന്റ് തോമസ് കോളേജ് മലയാളം അസോസിയേഷന്റെ 2021-22 വർഷത്തെ പ്രവർത്തനോദ്ഘാടനം കവി ആലങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിച്ചു. “മാനവികതയാണ് മലയാള ഭാഷയുടെ മുഖമുദ്രയെന്നും, അതിന്റെ സത്ത ചോരാതെ കാത്തു സൂക്ഷിക്കേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കവിത ജനകീയമായ കാലഘട്ടമാണ് ഇന്ന് എന്നും വിദ്യാർത്ഥികളിൽ നിന്നും പുതിയ എഴുത്തുകാർ ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

മലയാള വിഭാഗം തയാറാക്കിയ ‘ഡെക്കാമറൺ’ എന്ന ഇ – മാഗസിൻ കവി പ്രകാശനം ചെയ്തു. മലയാളം വകുപ്പ് മേധാവി ഡോ.സ്നേഹ ജോർജ് പച്ചയിലിന്റെ നേതൃത്വത്തിലാണ് മാഗസിൻ തയ്യാറാക്കിയത്. ഷെറിൻ പി യോഹന്നാൻ സ്റ്റുഡന്റസ് എഡിറ്റർ ആയി പ്രവർത്തിച്ചു. മലയാളം വിഭാഗത്തിലെ വിദ്യാർത്ഥികളുടെ കഥ, കവിത, ലേഖനം, യാത്രാവിവരണം, ചലച്ചിത്രനിരൂപണം തുടങ്ങിയ രചനകൾ മാഗസിനിൽ ഉൾപ്പെടുന്നു.

മാഗസിൻ വായിക്കാനുള്ള ലിങ്ക്;

https://online.fliphtml5.com/hynhp/uzcw/?1631558210447#p=1

 

യോഗത്തിൽ സെന്റ് തോമസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. സ്നേഹ ജോർജ് പച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.റോയി ജോർജ്, ഡോ. സാറാമ്മ വർഗ്ഗീസ്, ഡോ. ലിബുസ് ജേക്കബ് ഏബ്രഹാം, റോബിൻ.എം. ബിജു, വാഹിദ മാഹിൻ, ശ്രീപാർവതി, അഞ്ജു എം. ജോൺ, ആരോമൽ.വി.എ എന്നിവർ പ്രസംഗിച്ചു.

എടത്വാ : സെന്റ് അലോഷ്യസ് കോളേജിലെ മുൻ പ്രിൻസിപ്പലും സിഎംഐ സഭാംഗവും അമേരിക്കയിലെ സൗത്ത് കരോളിന സംസ്ഥാനത്തെ നോര്‍ത്ത് അഗസ്റ്റയിലെ സെന്റ് എഡ്വേര്‍ഡ് പള്ളിവികാരിയുമായ ഫാ. ചെറിയാന്‍ തലക്കുളത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രോ എക്ലേസിയ എത് പൊന്റിഫിച്ചേ മെഡല്‍ നല്‍കി ആദരിച്ചു. സഭയ്ക്കും മാര്‍പാപ്പയ്ക്കുവേണ്ടിയും എന്നര്‍ഥം വരുന്ന ഈ ബഹുമതി ക്രോസ് ഓഫ് ഓണര്‍ അഥവാ ബഹുമാനത്തിന്റെ കുരിശ് എന്നും അറിയപ്പെടുന്നു. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ചാള്‍സ്റ്റണ്‍ രൂപത കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ ബിഷപ് റോബര്‍ട്ട് ഗൂഗ്ലിയേല്‍മോന്‍ മെഡല്‍ സമ്മാനിക്കും.

ചാള്‍സ്റ്റണ്‍ രൂപതയ്ക്ക് ഫാ. തലക്കുളം നല്‍കിയ സമര്‍പ്പണപൂര്‍ണവും അസാധാരണവുമായ സേവനത്തെ മാനിച്ചാണ് മാര്‍പാപ്പ ഈ ബഹുമതി നല്‍കിയത്. 2001 ഓഗസ്റ്റില്‍ അമേരിക്കയിലെത്തിയ ഫാ. തലക്കുളം 19 വര്‍ഷമായി ഐറിഷ് ട്രാവലേഴ്‌സ് എന്ന കുടിയേറ്റ സമൂഹത്തിനുവേണ്ടിയുള്ള സെന്റ് എഡ്വേര്‍ഡ് പള്ളിയുടെ വികാരിയാണ്. ദീര്‍ഘകാലം മാന്നാനം കെഇ കോളജ് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഫസറായും എടത്വാ സെന്റ് അലോഷ്യസ് കോളജ് , കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലുമായിരുന്നു.

കടയനിക്കാട് സ്വദേശിയായ ഫാ. തലക്കുളം ഓള്‍ ഇന്ത്യ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്റെ കേരള റീജണ്‍ ഡയറക്ടറായും കേരള പ്രൈവറ്റ് കോളജ് പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ വൈസ്പ്രസിഡന്റായും എംജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും ദീപികയുടെ തൃശൂര്‍ യൂണിറ്റ് റസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തന്റെ പേര് മാറ്റി നടി ലക്ഷ്മിപ്രിയ. സബീന എന്ന യഥാര്‍ത്ഥ പേര് ഔദ്യോഗികമായി ലക്ഷ്മിപ്രിയ എന്നാക്കി മാറ്റിയതിനെ കുറിച്ചാണ് നടി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദു ആയാലും മുസ്ലിം ആയാലും താന്‍ താനായിരിക്കും. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം ഓര്‍മ്മിപ്പിക്കുന്നു എന്നാണ് ലക്ഷ്മിപ്രിയ പങ്കുവച്ച ഫെയ്‌സ്ബുക്കില്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

ലക്ഷ്മി പ്രിയയുടെ കമന്റ്:

I officially announced yes I am Lakshmi priyaa. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ടു വര്‍ഷം ഞാന്‍ സബീന ആയിരുന്നു. 19 വര്‍ഷമായി ഞാന്‍ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാന്‍ എന്നും ഞാന്‍ ആയിരുന്നു.

എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ. കല്ലെറിഞ്ഞതിനും ആര്‍ത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയല്‍ കൊണ്ടാണ് പൂര്‍ണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാന്‍ തീരുമാനിക്കുന്നത്. കല്ലെറിഞ്ഞവര്‍ക്കും ചേര്‍ത്തു പിടിച്ചവര്‍ക്കും നന്ദി അറിയിക്കട്ടെ.

ഒറ്റ മുറിയില്‍ നിന്നും എന്നെ ചേര്‍ത്തു പിടിച്ചു കൃത്യമായ ഒരു മേല്‍വിലാസം ഉണ്ടാക്കി തന്ന എന്റെ ഭര്‍ത്താവിനോടുള്ള എന്റെ സ്‌നേഹം അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല. ഒറ്റ കൂടിക്കാഴ്ചയില്‍ എന്റെ പേര്, മതം, ഒപ്പ് എന്നിവ ചേഞ്ച് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ഒരു പേരില്‍ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റ്‌സും ഞാന്‍ കൊടുക്കുക.

ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്, ബിനില്‍ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാന്‍ ഞാനായിരിക്കും. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം ഓര്‍മ്മിപ്പിച്ചുകൊണ്ട് ലക്ഷ്മി പ്രിയ

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച് നടി മല്ലിക സുകുമാരന്‍. മോഹന്‍ലാലിനെ പോലെ സഹകരിക്കുന്ന നടനെ താന്‍ കണ്ടിട്ടില്ല എന്നാണ് മല്ലിക പറയുന്നത്. സംവിധായകന്‍ പ്രതീക്ഷിക്കുന്നതിന്റെ 150 ശതമാനം നടന്‍ നല്‍കുമെന്നും മല്ലിക പറയുന്നു.

”ലാലിനെ പോലെ സഹകരിക്കുന്ന നടനെ ഞാന്‍ കണ്ടിട്ടില്ല. പത്തുതവണ റിഹേഴ്‌സല്‍ എടുക്കണമെങ്കിലും മടിയില്ല. എല്ലാം റെഡിയാകുമ്പോള്‍ എന്നെ വിളിച്ചാല്‍ മതിയെന്നു പറഞ്ഞു മാറി ഇരിക്കുന്ന താരങ്ങള്‍ ഉണ്ട്. എന്നാല്‍ മോഹന്‍ലാല്‍ മുഴുവന്‍ സമയവും കൂടെത്തന്നെ നില്‍ക്കും. ക്യാമറ ഓണ്‍ ചെയ്താല്‍ സ്വിച്ചിട്ടതു പോലെ കഥാപാത്രമാകും.”

”സംവിധായകന്‍ പ്രതീക്ഷിക്കുന്നതിന്റെ 150% ആണ് ലാല്‍ നല്‍കുന്നത്. ‘എന്തൊരു നടനാണ് ഭഗവാനേ’ എന്നു ഞാന്‍ കരുതിയിട്ടുണ്ട്. കിലുക്കത്തിലെയും ചിത്രത്തിലെയും ലാലിനെ ബ്രോ ഡാഡിയില്‍ വീണ്ടും കാണാം. മോഹന്‍ലാലിന്റെ ക്ഷമ എന്തെന്നു പുതിയ തലമുറ കണ്ടുപഠിക്കണം. സെറ്റില്‍ ഒപ്പംനിന്നു പടം എടുക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തുക.”

”അഭിനയിച്ചു ക്ഷീണിച്ചു തിരികെ വന്ന് എവിടെയെങ്കിലും ഇരിക്കാന്‍ തുടങ്ങുമ്പോഴായിരിക്കും ഇത്. ഒരു മടിയും കാട്ടാതെ എല്ലാവരുടെയും കൂടെനിന്നു പടം എടുക്കും. എല്ലാം കഴിഞ്ഞേ ലാല്‍ ഇരിക്കൂ. ഇത്രയും ക്ഷമ മറ്റാരിലും കണ്ടിട്ടില്ല” എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറയുന്നത്.

തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വ്യക്തികള്‍ക്ക് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി ദിലീപ്. രണ്ടാനമ്മയായ കാവ്യയ്ക്കും ഏറ്റവും അടുത്ത സുഹൃത്തായ നടി നമിത പ്രമോദിനുമാണ് ജന്മദിനാശംസകള്‍ അറിയിച്ച് മീനാക്ഷി എത്തിയിരിക്കുന്നത്. കാവ്യക്കും ദിലീപിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് മീനാക്ഷി ആശംസ നേര്‍ന്നിരിക്കുന്നത്.

”ഹാപ്പി ബര്‍ത്ത്‌ഡേ, ഐ ലവ് യൂ” എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഹാപ്പി ബര്‍ത്ത്‌ഡേ ടു മൈ സിസ്റ്റേഴ്‌സ് ബുജ്ജി, ഐ ലവ് യൂ ബെസ്റ്റ് ഫ്രണ്ട്” എന്ന് കുറിച്ചാണ് നമിതയ്ക്ക് മീനാക്ഷി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 2016 ലായിരുന്നു കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം.

ദിലീപിനും കാവ്യയ്ക്കും കുഞ്ഞനുജത്തി മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് മീനാക്ഷി താമസിക്കുന്നത്. 2018ല്‍ ആണ് മഹാലക്ഷ്മി ജനിച്ചത്. ഓണാഘോഷത്തിനിടെ മഹാലക്ഷ്മിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് മീനാക്ഷി എത്തിയിരുന്നു. ദിലീപും കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

 

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)

ലോട്ടറി വകുപ്പിന്റെ തിരുവോണം ബംപര്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ TE 645465 എന്ന ടിക്കറ്റിന്. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫിസില്‍ വിതരണം ചെയ്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മുരുകേശ് തേവര്‍ എന്ന ഏജന്റ് തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റാണെന്നാണ് വിവരം.

രണ്ടാം സമ്മാനം – TA-945778, TB- 265947, TC- 537460, TD- 642007 എന്നീ ടിക്കറ്റുകള്‍ക്കാണ്. 12 കോടി രൂപയില്‍ 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്ക് ലഭിക്കുക.

ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റപ്പോള്‍ ലോട്ടറി വകുപ്പിന് ലഭിച്ചത് 126 കോടി രൂപയാണ്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിനായി 2019 മുതല്‍ ഒന്നാം സമ്മാനമായി നല്‍കുന്നത്.

രണ്ടാം സമ്മാനം ആറു പേര്‍ക്ക് ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില.

കല്ലുപാലത്തിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ പോലീസിനെ വിവരമറിയിച്ചു.

അസ്ഥികൂടങ്ങളിൽ സ്‌കെച്ച് പേന ഉപയോഗിച്ച് ചില അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. നേരത്തെ ഈ കെട്ടിടത്തിൽ ഒരു ഡോക്ടർ താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്.

അതുകൊണ്ടുതന്നെ മെഡിക്കൽ പഠനത്തിനായി സൂക്ഷിച്ചിരുന്ന അസ്ഥികൂടമാകുമെന്നാണ് സംശയം. എന്നാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകണം ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ മാതൃഭൂമി ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്‌പെൻഷൻ. അന്വേഷണ വിധേയമായാണ് അച്ചടക്ക നടപടി. സഹപ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യുവ മാധ്യമ പ്രവർത്തക ചാനലിൻ്റെ വനിതാ സെൽ വഴിയാണ് മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയത്. പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. നേരത്തെ ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയർന്നിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ ബന്ധു ഇടപെട്ട് ഈ പരാതികൾ ഒതുക്കി തീർത്തിരുന്നു. ഒരു മേക്കപ്പ് വുമൺ അടക്കം ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇവർ പിന്നിട് പരാതിയിൽ ഉറച്ചു നിന്നിരുന്നില്ല. ഇത്തവണ പക്ഷേ അദേഹത്തെ രക്ഷിക്കാൻ ആരുമില്ലെന്നാണ് സൂചന. സംഭവം മൂടിവയ്ക്കാൻ ശ്രമം നടന്നെങ്കിലും അതു വിജയിച്ചില്ല.

മാധ്യമ പ്രവർത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോൾ തിരികെ രോഷത്തോടെ പ്രതികരിച്ചു. അവർ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവർത്തകർ പറയുന്നുണ്ട്.

നേരത്തെ മാനേജ്‌മെന്റുമായുണ്ടായ തർക്കത്തെ തുടർന്ന് വേണു ബാലകൃഷ്ണനും ജേഷ്ഠൻ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമിയിൽ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രൈം ഡിബേറ്റ് എന്ന പരിപാടിയുമായി വേണു ബാലകൃഷ്ണൻ വീണ്ടും മാതൃഭൂമിയിലെത്തുന്നത്.

സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സജി ജോസഫിന്റെ സഹോദരൻ ഷാജു ജോസഫ് ചക്കാലയിൽ (55) നിര്യാതനായി. കോടഞ്ചേരി ആണ് സ്വദേശം. ഹൃദയതംഭനമാണ് മരണകാരണം. ഭാര്യ ഷൈനി ഷാജു. രണ്ട് കുട്ടികൾ. പരേതന് ഒൻപത്‌ സഹോദങ്ങൾ ആണ് ഉള്ളത്. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സജി ഒഴികെ ബാക്കിയെല്ലാവരും അമേരിക്കയിൽ ആണ് ഉള്ളത്. ശവസംസ്ക്കാര ചടങ്ങുകൾ ഇടവക പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

ഷാജു ജോസഫിന്റെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

രാധാകൃഷ്ണൻ മാഞ്ഞൂർ

“ജീവിച്ചതല്ല ജീവിതം.
നാം ഓർമ്മയിൽ വെക്കുന്നതാണ്
പറഞ്ഞു കേൾപ്പിക്കാൻ വേണ്ടി
നാം ഓർമയിൽ വെയ്ക്കുന്നത് ……”
– ഗബ്രിയേൽ ഗാർസിയോ മാർക്കോസ്

1990 ജൂലൈ മാസത്തിലെ ഞായറാഴ്ച പകലാണ് അപ്പൻ കാഞ്ഞിരപ്പള്ളിയിൽ നിന്നും വീട്ടിൽ വന്നത്. അച്ഛൻ അമ്മയോട് പറയുന്നു “അവനെയും കൂടി കാഞ്ഞിരപ്പള്ളിക്ക് കൊണ്ടുപോവുന്നു . പണി പഠിക്കട്ടെ . എനിക്ക് ഒറ്റയ്ക്ക് വയ്യ. ഇരുമ്പിന് ചതച്ച് ഞാൻ മടുത്തു …..”

അച്ഛന് പ്രായമായി വരുന്നു…. പ്രാരാബ്ധങ്ങളുടെ വേവലാതി പുഴകൾ നിരവധി ……ഞാനൊന്നും മിണ്ടാതെ മുറിക്ക് വെളിയിൽ നിന്നു.

” പഠിക്കാൻ വിട്ടിട്ടും ഇവനൊന്നും കേമനായിട്ടില്ല…… പിന്നെന്തിനു വെറുതെ …..

അച്ഛൻറെ വിലയിരുത്തൽ ശരിയായിരുന്നു.

ശരാശരിയിലും താഴെയായിരുന്നു എൻറെ പഠന കാല ബുദ്ധി. പഠിയ്ക്കാനാണെന്ന് പറഞ്ഞ് വെറുതെ വേഷവും ചാർത്തിയങ്ങു പോയി ……

പ്രാണൻ പകുത്തു വച്ച് കാഞ്ഞിരപ്പള്ളി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങണം. മൂന്നുമാസത്തിനുള്ളിൽ മതിയെന്ന് അമ്മ. അതൊരു ആശ്വാസമായി….

അന്ന് വൈകുന്നേരം നേരത്തെ ഗ്രാമീണ വായനശാലയിൽ ചെന്നു . ( സെൻട്രൽ ലൈബ്രറി ) ഈ വായനശാല നൽകിയ ഊർജ്ജം ഒരിക്കലും മറക്കാനാവില്ല . ഇവിടുത്തെ അക്ഷര സൗഹൃദം , രാഷ്ട്രീയ സംവാദങ്ങൾ , ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തനങ്ങൾ ….. എല്ലാം ഉപേക്ഷിച്ച് കാഞ്ഞിരപ്പള്ളിക്ക് പോവണമെന്നോർക്കുമ്പോൾ ആകെയൊരു വിഷമം …. കാരണം ഗ്രാമം അത്രയേറെ ഉള്ളിൽ പരകായപ്രവേശം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു .

മാഞ്ഞൂർ വളരെ ശാന്തമായ ഗ്രാമമാണ് . ജാതിമത ചിന്തകൾക്കതീതമായി എന്നും നിലകൊള്ളുന്ന ഒരിടം . തികച്ചും സാധാരണക്കാരായ മനുഷ്യർ . അവർ വയലിലെ ഇരിപ്പൂ കൃഷിയെപ്പറ്റിയും , തിരുവാതിര ഞാറ്റുവേലയെക്കുറിച്ചുമൊക്കെ ചർച്ചചെയ്തു , അല്ലാതെ കേന്ദ്രത്തിലെ കൂട്ടുകൃഷി മന്ത്രിസഭയോ ആഗോളവത്ക്കരണ നയങ്ങളോ ഞങ്ങളുടെ ഗ്രാമീണ ജീവിതത്തിന് ചർച്ചയായിരുന്നില്ല.

ചൊവ്വാഴ്ചകളിലെയും , വെള്ളിയാഴ്ചകളിലെയും നാട്ടു ചന്തയിൽ (കുറുപ്പന്തറയിൽ ) വാട്ടുകപ്പയും , വെള്ളുകപ്പയും , ഏത്തവാഴക്കുലയുമൊക്കെ കൊടുത്ത് ജീവിതത്തെ അതിൻറെ സജീവതയിൽ നിർത്താൻ ഓരോരുത്തരും പാടുപെട്ടു .

( ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞു . ഗ്രാമം NRI സംസ്ക്കാരത്തിലേക്ക് മാറിക്കഴിഞ്ഞു. സൂപ്പർമാർക്കറ്റുകൾ , ബാർ ഹോട്ടലുകൾ അങ്ങനെ നിരവധി വാണിജ്യ കേന്ദ്രങ്ങൾ തലയെടുപ്പോടെ നിൽക്കുന്നു . )

ബാല്യകാലം മുതൽ നാണം കുണുങ്ങിയും അപകർഷതാബോധക്കാരനുമായിരുന്നു ഞാൻ . വായനശാലയുടെ സായാഹ്ന ചർച്ചകളിൽ നിന്നാവാം സ്വഭാവം അൽപ്പമൊന്നു മാറിത്തുടങ്ങിയത് .

മുട്ടത്ത് വർക്കിയും കോട്ടയം പുഷ്പനാഥുമൊക്കെ എനിക്ക് പ്രിയപ്പെട്ടവരായിരുന്നു. പുഷ്പനാഥിന്റെ ‘ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരം’ വായിച്ച ദിവസങ്ങളിൽ വായനശാലയിൽ നിന്നും വൈകിട്ട് മടങ്ങുമ്പോൾ പേടിച്ച് നൂറു മീറ്ററോട്ടത്തിലാണ് വീട്ടിലെത്തിയത് . അത്രയേറെ ഭീരുത്വം എന്നെ ഭരിച്ചിരുന്നു . (കാലങ്ങൾക്ക് ശേഷം പുഷ്പനാഥ് സാറിനെ നേരിൽ കണ്ടപ്പോൾ വിവരം പറഞ്ഞ് കുറെ ചിരിച്ചു . )

 

1984 – ൽ കുറവിലങ്ങാട് ദേവമാതാ കോളജിന്റെ ക്യാമ്പസ് ലൈബ്രറിയിൽ നിന്നാണ് കോവിലൻ , എം . ടി , ബഷീർ , നെരുദ , മാധവിക്കുട്ടി, ദസ്തയോവ്‌സികിയൊക്കെ പരിചിതരായത്.

കസാൻ ദ് സക്കീസ് എന്ന വിഖ്യാത എഴുത്തുകാരൻ സെയ്ന്റ് ഫ്രാൻസിസ് നോവലിൽ എഴുതിയത് ഓർമയിലുണ്ട് – വേദനയെ അതിന്റെ അഗാധതയിൽ അറിയാത്ത ഒരാൾക്കും ജീവിതത്തെ സമഗ്രമായി അറിയാനാവില്ലന്നുള്ള വാക്യം ….

ഉള്ളു പൊള്ളി വീഴുന്ന ഈ വാചകങ്ങളുടെ പിൻബലത്തിൽ ജീവിതത്തെ ചേർത്തുവയ്ക്കുന്നു .

1985 -ൽ ദീപിക ആഴ്ചപ്പതിപ്പിലാണ് ആദ്യകഥ അച്ചടിച്ചുവന്നത്. ദീപിക സൺഡേ സപ്ലിമെന്റിന്റെ എഡിറ്റർ ഇൻ ചാർജായിരുന്ന ഫാദർ. ജോൺ ഒപ്പിട്ട് അയച്ചുതന്ന 60 രൂപയുടെ മണിയോഡറാണ് ആദ്യ പ്രതിഫലം . ആ മണിയോർഡറിന്റെ കൗണ്ടർ ഫോയിൽ ഇന്നും ഡയറി യ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്നു.

തിങ്കളാഴ്ചകളിലെ മണിയോർഡറുകൾ

അപ്പൻ കാഞ്ഞിരപ്പള്ളിയിലെ ആലയിൽ രാവും പകലും കഷ്ടപ്പെട്ടു .
അപ്പനെപ്പറ്റി ഓർക്കുമ്പോഴൊക്കെ തിങ്കളാഴ്ചകളിൽ വരുന്ന മണിയോർഡറുകളെ ഓർമ്മ വരും …… ഒരു മനുഷ്യായുസ്സ് മുഴുവൻ കുടുംബം പോറ്റാൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും …..

ഓണം , വിഷു , ക്രിസ്മസ് അങ്ങനെ വിശേഷദിവസങ്ങളിൽ മാത്രം വീട്ടിലേക്ക് വന്നു.

വിഷുവിന് കാഞ്ഞിരപ്പള്ളിയിൽ നിന്നും വരുന്ന ദിവസം ഞാൻ സന്തോഷത്തോടെ കാത്തിരിക്കും .

അച്ഛനും വല്യച്ചനും കോതനല്ലൂരെ ഷാപ്പിൽ നിന്നും കഴിച്ച തെങ്ങിൻ കള്ളിന്റെ പിൻബലത്തിലാവും വരുന്നത്. ഷാപ്പിനരുകിലെ ചായക്കടയിൽ നിന്നും വാങ്ങിയ ചൂടൻ ബോണ്ട തോർത്തിൽ പൊതിഞ്ഞ് തോളത്തിട്ടാണ് രണ്ടാളും വരുന്നത് …… അതൊരു രസകരമായ കാഴ്ചയാണ് …….

കാഞ്ഞിരപ്പള്ളി ആലയിലെ കഷ്ടപ്പാട് പിടിച്ച ദിവസങ്ങളെ ഈ നിമിഷങ്ങളിൽ രണ്ടാളും തേച്ചുമായ്ച്ചു കളയും.

(കുലത്തൊഴിലു കൊണ്ട് അന്നമൂട്ടിയ കാർന്നോൻന്മാർ ……അവർ ഒരു പരാതിയും പരിഭവവുമില്ലാതെ ചക്കിനു ചുറ്റും തിരിയാൻ വിധിയ്ക്കപ്പെട്ട ചക്കുകാളയുടെ നിയോഗവുമായ് ജീവിതം പൂർത്തീകരിച്ച് കടന്നുപോയി….)

അച്ചന്റെ കൈയ്യിലിരിക്കുന്ന വലിയ കൂടിനുള്ളിലാണ് ശംഖു മാർക്ക് കൈലിയും തെറുപ്പ് ബീഡിയുമൊക്കെ വച്ചിരിക്കുന്നത് . ഈ ശംഖു മാർക്ക് കൈലിയുടെ ഗോൾഡൻ കളർ സ്‌റ്റിക്കറാണ് എൻറെ കൗതുകം . ചേച്ചിമാർ പറിച്ചെടുത്ത സ്റ്റിക്കർ കൂടി ഞാൻ സ്വന്തമാക്കിയിരുന്നു . തീപ്പെട്ടിപ്പടങ്ങളുടെ പടങ്ങളുടെ ശേഖരത്തിലേക്ക് ശംഖു മാർക്ക് സ്റ്റിക്കർ എടുത്തു വയ്ക്കുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു .

അമ്മ അച്ഛനോട് പറമ്പിൽ ചെയ്യേണ്ട പണികളെപ്പറ്റി പറയുന്നത് കേൾക്കാം . യോഹന്നാൻ മൂപ്പനെ വിളിച്ച് പറമ്പ് ഇട കിളപ്പിക്കണം , ചേനയും , ചേമ്പുമൊക്കെ കൃഷി ചെയ്യണം …..

കാരിരുമ്പിന്റെ തട്ടകം

ഒടുവിൽ കാഞ്ഞിരപ്പള്ളിയിലേക്ക് പറിച്ചു നടപ്പെട്ടു . 1990 -ൽ . അവിടെ ജീവിതത്തിന്റെ മറ്റൊരു കളരിയാണ് കാത്തു വച്ചിരുന്നത്. കാരിരുമ്പിന്റെ മനസ്സുമായി പുതിയ തട്ടകം ….. ഇരുമ്പുപണിക്കാരന്റെ മകനാണെന്ന് പറയാൻ പോലും വിമുഖത കാട്ടിയിരുന്ന ഒരുവനെ എത്ര കൃത്യമായി അവിടെ തന്നെയെത്തിച്ചുവെന്ന് ഓർക്കാറുണ്ട് ……

ആലയിൽ പണി പഠിപ്പിക്കാൻ അച്ഛൻ ഒരുപാട് ബുദ്ധിമുട്ടി . ഹാർട്ട് പേഷ്യന്റായി മാറിയ അച്ഛനു പിറകിൽ ഒരു നിഴലായി ഞാൻ കഴിഞ്ഞു.

പലപ്പോഴും ഞാനൊരു സ്വപ്ന ജീവിയെപ്പോലെ പെരുമാറി … അപകർഷതാബോധത്തിന്റെ വൻകരകളിൽ അലഞ്ഞുതിരിയുന്ന ജീപ്സിയായി…..

ആയിരം ഭൂതങ്ങൾ ഉള്ളിലിരുന്നുതുന്ന ഉല , കരി , മുട്ടികകൾ …… ക്ലാവ് പിടിച്ച ചിരിയുമായ് വരുന്ന ഇടപാടുകാർ . ….
ആലയിൽ വരുന്ന എല്ലാ മനുഷ്യർക്കും ഒരേ മുഖം ….. ഒരേ ഭാവം …..

കാഞ്ഞിരപ്പള്ളിയെന്ന റബർ അച്ഛായന്മാരുടെ നാട് എന്റെ എഴുത്തു ജീവിതത്തെ ഒരുപാട് പരുവപ്പെടുത്തി. ഇതിനിടയിലാണ് അച്ഛൻറെ മരണം . ഹാർട്ട് അറ്റായ്ക്ക് . സഹോദരിയുടെ വിവാഹത്തിന്റെ കടങ്ങൾ ചിട്ടിക്കാരൻമാർക്കുള്ള ബാധ്യതകൾ …. എല്ലാം തലയ്ക്കു മുകളിൽ അഗ്നിപർവ്വതമായി പുകഞ്ഞു.

പ്രാരാബ്ധങ്ങളുടെ തോരാമഴയിൽ ഒഴുക്കിനെതിരെ തുഴയാൻ ആരോ പ്രേരിപ്പിക്കുന്നു ……

തുടരും….

രാധാകൃഷ്ണൻ മാഞ്ഞൂർ : തൊഴിലാളി, ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.

മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

1990 മുതൽ കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിൽ കുലത്തൊഴിലായ കൊല്ലപ്പണി ചെയ്യുന്നു. സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .

1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)

പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785

 

RECENT POSTS
Copyright © . All rights reserved