ഒമര് ലുലുവിന്റെ പുതിയ സിനിമ നല്ല സമയത്തിന്റെ ട്രെയിലര് ലോഞ്ച് അവസാനനിമിഷം റദ്ദാക്കി കോഴിക്കോട് ഹൈലൈറ്റ് മാള് അധികൃതര്. ചടങ്ങിലെ മുഖ്യഅതിഥി നടി ഷക്കീല ആണെന്ന കാരണത്താലാണ് മാളില് പരിപാടി നടത്താന് സാധിക്കില്ലെന്ന് ഹൈലൈറ്റ് അധികൃതര് അറിയിച്ചതെന്ന് സിനിമയുടെ അണിയറപ്രവര്ത്തകര് പറഞ്ഞു.
ക്രൂ മാത്രം ആണേല് പ്രോഗ്രാം നടത്താമെന്ന് മാള് അധികൃതര് പറഞ്ഞെന്നും എന്നാല് ഷക്കീല ഇല്ലാതെ പരിപാടി നടത്തുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഒമര് ലുലു അറിയിച്ചു.
”നല്ല സമയം സിനിമയുടെ ട്രെയിലര് ലോഞ്ചില് ചീഫ് ഗസ്റ്റ് ഷക്കീലയായിരുന്നു. ഇന്നലെ ഇക്കാര്യം ഹൈ ലൈറ്റ് മാള് അധികൃതരെ വിളിച്ച് സംസാരിച്ചപ്പോള് അവര് ഓക്കെയായിരുന്നു. എല്ലാ സൗകര്യങ്ങളും ഏര്പ്പെടുത്തി ഇന്നത്തെ ദിവസത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയായിരുന്നു. രാത്രിയാണ് മാളുകാര് വിളിച്ച് പറയുന്നത് ഷക്കീല വരുന്നത് കൊണ്ടുള്ള ആള്ക്കൂട്ടത്തെ കൈകാര്യം ചെയ്യാന് പറ്റില്ല. പരിപാടി നടത്താന് പറ്റില്ലെന്ന് അറിയിച്ചത്.” സിനിമയുമായി ബന്ധപ്പെട്ടവര് അറിയിച്ചു.
ഇര്ഷാദ് ആണ് ചിത്രത്തിലെ നായകന്. നീന മധു, ഗായത്രി ശങ്കര്, നോറ ജോണ്സണ്, നന്ദന സഹദേവന്, സുവ എന്നീ അഞ്ചു പുതുമുഖങ്ങളാണ് നായികമാരായി എത്തുന്നത്. ഷാലു റഹീം, ശിവജി ഗുരുവായൂര്, ജയരാജ് വാര്യര് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ഒമര് ലുലുവും നവാഗതയായ ചിത്രയും ചേര്ന്നാണ്. സിനു സിദ്ദാര്ത്ഥ് ക്യാമറയും രതിന് രാധാകൃഷ്ണന് എഡിറ്റിംഗും നിര്വഹിക്കുന്നു. നവംബര് 25ന് ചിത്രം തിയേറ്ററുകളിലെത്തും.
ലോക കായിക ഭൂപടം ഫുട്ബോൾ ആവേശത്തിലേക്ക് ചുരുങ്ങുന്ന മണിക്കൂറിനാണ് നമ്മൾ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ ആവേശ പൂരത്തിന് തിരിതെളിയും. പൂരത്തിന്റെ അവസാനം പോർവിളികളും പോരാട്ടവും അവസാനിക്കുമ്പോൾ അന്തിമ വിജയിയെ നമുക്ക് അറിയാൻ സാധിക്കും. അര്ജന്റീനക്കും ബ്രസീലിനും ജർമനിക്കും പോർച്ചുഗലിനും തുടങ്ങി കുഞ്ഞൻ ടീമുകൾക്ക് വരെ ആരാധകരുണ്ട് എന്നതാണ് പ്രത്യേകത.
ഞായറാഴ്ച അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. യൂറോപ്യൻ രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന എതിർപ്പുകൾ അതിജീവിച്ചാണ് ഖത്തർ ഇത്തരം ഒരു മാമാങ്കത്തിന് ഒരുങ്ങുന്നത്. തങ്ങളുടെ ലോകകപ്പ് ബിഡ് വിജയിക്കാൻ ഖത്തർ കൈക്കൂലി നൽകിയതിനും സ്റ്റേഡിയം പണി കഴിപ്പിക്കാൻ ഒരുപാട് ആളുകളുടെ ജീവൻ കൊടുത്തെന്നും ഉള്ള ആരോപണം ഉണ്ടായിരുന്നു.
തങ്ങളുടെ ലോകകപ്പ് ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് അറബ് രാജ്യം മറ്റൊരു പുതിയ അഴിമതിയിൽ കുടുങ്ങിയിരിക്കുകയാണ്. തന്ത്രപരമായ രാഷ്ട്രീയ കാര്യങ്ങളിൽ വിദഗ്ധനും സൗദി അറേബ്യയിലെ ബ്രിട്ടീഷ് സെന്ററിന്റെ റീജിയണൽ ഡയറക്ടറുമായ അംജദ് താഹയുടെ അഭിപ്രായത്തിൽ, നാളത്തെ ആദ്യ മത്സരം ജയിക്കാൻ ഖത്തർ എട്ട് ഇക്വഡോറിയൻ കളിക്കാർക്ക് 7.4 ദശലക്ഷം ഡോളർ കൈക്കൂലി നൽകിയെന്നാണ് ആരോപണം.
ട്വിറ്ററിൽ അദ്ദേഹം ട്വീറ്റ് ചെയ്തു, “എക്സ്ക്ലൂസീവ്: നാളെ ജയിക്കാൻ ഖത്തർ എട്ട് ഇക്വഡോർ കളിക്കാർക്ക് 7.4 മില്യൺ ഡോളർ കൈക്കൂലി നൽകി (1-0 ആയിരിക്കും സ്കോർ ). അവർ തന്നെ ഇത് സമ്മതിക്കുന്നുണ്ട്. ഇത് പറഞ്ഞത്, ഫിഫ അന്വേഷണം നടത്താനാണ്.”
ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് നടത്താനിരിക്കുന്ന ഖത്തറിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം സംഭവിച്ചാൽ അത് എല്ലാ മത്സരങ്ങളെയും ബാധിക്കും.
Exclusive: Qatar bribed eight Ecuadorian players $7.4 million to lose the opener(1-0 ⚽️ 2nd half). Five Qatari and #Ecadour insiders confirmed this.We hope it’s false. We hope sharing this will affect the outcome.The world should oppose FIFA corruption.@MailSport #WorldCup2022
— Amjad Taha أمجد طه (@amjadt25) November 17, 2022
കെ റെയിലിനായുള്ള സര്വ്വേ തുടങ്ങിയാല് വീണ്ടും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും അതോടൊപ്പം കേന്ദ്ര സര്ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നീക്കം ഇനി ഉണ്ടാകില്ലന്ന സൂചനയുമാണ് കെ റെയില് പദ്ധതി തല്ക്കാലേത്ത് ഉപേക്ഷിക്കാനുള്ള സര്ക്കാര് തിരുമാനത്തിന്റെ പിന്നിലെന്നറിയുന്നു. നിയമന- കത്ത് വിവാദങ്ങളില് മുഖം നഷ്ടപ്പെട്ടു നില്ക്കുന്ന സര്ക്കാരിന് സില്വര് ലൈന് പദ്ധതി മൂലമുള്ള ജനരോഷം കൂടി താങ്ങാന് കഴിയില്ലന്നാണ് സി പിഎം നേതൃത്വത്തിന്റെ വിലയിരുത്തുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ തല്ക്കാലത്തേക്ക് സില്വര് ലൈന് പദ്ധതി ഉപേക്ഷിച്ചു മുഖം രക്ഷിക്കാനാണ് സര്ക്കാരിന്റെ തിരുമാനം.
എന്ത് വിലകൊടുത്തും സില്വര് ലൈന് പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി മാസങ്ങള്ക്ക് മുമ്പ് പറഞ്ഞത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷവും സില്വര്ലൈന് പദ്ധതി നടപ്പാക്കുമെന്ന വാശിയില് മുഖ്യമന്ത്രി ഉറച്ചു നില്ക്കുകയായിരുന്നു. എന്നാല് നിയമന വിവാദങ്ങളെ തുടര്ന്നുണ്ടായ പ്രശ്നങ്ങള് സര്ക്കാരിന്റെ പ്രതിഛായയെ ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം കേന്ദ്ര സര്ക്കാരിന്റെ ഭാഗത്ത് നിന്ന് പഴയപോലെ സഹകരണം ലഭിക്കാനും സാധ്യതയില്ലന്ന് സര്ക്കാര് തിരിച്ചറിയുന്നുണ്ട്.
കേരളത്തിലെ സി പി എം സര്ക്കാരിനെ ഇനി കാര്യമായി പിന്തുണക്കേണ്ട കാര്യമില്ലന്ന് തന്നെയാണ് കേന്ദ്ര സര്ക്കാരിന്റെ തിരുമാനം. ഡല്ഹിയില് ഉന്നത ബി ജെ പി വൃത്തങ്ങളുമായി നടന്ന ‘ നെഗോസിയേഷന്സ്’ ഒന്നും കാര്യമായ ഫലം ചെയ്തിട്ടില്ല. മാത്രമല്ല പലപ്പോഴും സഹായ ഹസ്തം നീട്ടിയിട്ടുള്ള നിഥിന് ഗഡ്കരിയെ ബി ജെ പി നേതൃത്വം മൂലക്കിരുത്തിക്കഴിഞ്ഞു. ഗഡ്കരി വഴി ഏതായാലും കേന്ദ്ര സര്ക്കാരിനെ കയ്യിലെടുക്കാന് കഴിയില്ലന്ന് വ്യക്തമായി.
കേരളത്തിന്റെ മുങ്ങുന്ന സാമ്പത്തിക നിലവച്ച് കൊണ്ട് വിദേശ ഏജന്സികള് വഴി കടം വാങ്ങിക്കാന് കേന്ദ്ര സര്ക്കാര് അനുവദിക്കില്ല. ജനങ്ങളുടെ പ്രക്ഷോഭത്തേക്കാള് വിദേശ വായ്പ നേടുന്നതിലുളള ബുദ്ധിമുട്ടുകളാണ് സര്ക്കാരിനെ കുഴപ്പിക്കുന്നതെന്ന സൂചനയമുണ്ട്. അതോടൊപ്പം സില്വര് ലൈന് സര്വ്വേ തുടങ്ങിയാല് ക്രമസമാധാന പ്രശ്നങ്ങള് ഉണ്ടാകുമെന്നുറപ്പാണ്. അങ്ങിനെ ഉണ്ടായാല് ഗവര്ണ്ണര് അതിലും ഇടപെടും. അത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും സര്ക്കാരിനറിയാം. ഇതെല്ലാം മുന് നിര്ത്തിയാണ് സില്വര് ലൈന് പദ്ധതി തല്ക്കാലത്തേക്ക് മരവിപ്പിച്ച് നിര്ത്താന് സര്ക്കാര് ശ്രമിക്കുന്നത്.
പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിക്ക് ഇരയായത് തമിഴ്നാട് സ്വദേശിനി പത്മയും കാലടിയിൽ താമസിച്ചുവന്നിരുന്ന റോസ്ലിയുമാണെന്ന് സ്ഥിരീകരണം. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ ഡി.എൻ.എ. പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങൾ ഇരുവരുടെയും തന്നെയെന്ന് ഉറപ്പിച്ചത്. ഡി.എൻ.എ. ഫലം അന്വേഷണ സംഘത്തിന് ശനിയാഴ്ച കൈമാറുന്നതാണ്. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇലന്തൂരിൽ വീടിന് സമീപത്ത് പലയിടങ്ങളിലായി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹഭാഗങ്ങൾ. പത്മയുടേത് 56 കഷ്ണങ്ങളാക്കി പലഭാഗത്തായി മറവു ചെയ്ത നിലയിലായിരുന്നു. റോസ്ലിയുടെ മൃതദേഹം ഭാഗങ്ങളാക്കിയിരുന്നില്ല. ലഭിച്ചവയിൽ മറ്റാരുടെയെങ്കിലും മൃതദേഹ ഭാഗങ്ങളുണ്ടോയെന്ന സംശയം പോലീസിനുണ്ടായിരുന്നു.
ഇത് ഉറപ്പിക്കാനായിരുന്നു പരിശോധനകൾ നടത്തി വന്നിരുന്നു. ഡി.എൻ.എ. ഫലം വന്നതോടെ മറ്റാരേയും നരബലി സംഘം ഇരയാക്കിയിട്ടില്ലെന്നും ഇതിലൂടെ വ്യക്തമായി. ഏതാണ്ട് ഒരു മാസം മുമ്പാണ് മൃതദേഹഭാഗങ്ങളുടെ ഡി.എൻ.എ. പരിശോധനയ്ക്കയച്ചത്. എറണാകുളം കടവന്ത്ര സ്വദേശിയ പത്മം എന്ന ലോട്ടറി വിൽപ്പനക്കാരിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് പ്രബുദ്ധ കേരളത്തെ നടുക്കിയ നരബലി പുറത്ത് വന്നത്.
ഈ അന്വേഷണം കാലടിയിലെ റോസ്ലിയിലേയ്ക്കും എത്തുകയായിരുന്നു. പത്തനംതിട്ട ഇലന്തൂരിൽ തിരുമ്മൽ ചികിൽസാ കേന്ദ്രം നടത്തുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയും ചേർന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കുള്ള നരബലി എന്ന രീതിയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് ശരീരഭാഗങ്ങൾ കഷ്ണങ്ങളായാണ് വീട്ടുപറമ്പിൽ കുഴിച്ചിട്ടത്.
തിരുവല്ല എലന്തൂർ സ്വദേശി ഭഗവൽ സിംഗിനും ഭാര്യ ലൈലയ്ക്കും ദുർമന്ത്രവാദത്തിന്റെ ഭാഗമായി കൊലചെയ്യാൻ സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിൽ എത്തിച്ച് നൽകിയത് പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് ആണ്. ഷിഹാബ് എന്ന റഷീദിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്.
രാഹുല് ഗാന്ധിക്കും മധ്യപ്രദേശ് മുന് മുഖ്യമന്ത്രിയും പാര്ട്ടി സംസ്ഥാന അധ്യക്ഷനുമായ കമൽനാഥിനും വധഭീഷണിക്കത്ത്. 1984ലെ സിഖ് വിരുദ്ധ കലാപം കത്തില് പരാമര്ശിച്ചിട്ടുണ്ടെന്നും പിതാവ് രാജിവ് ഗാന്ധിയുടെ അതേ ഗതിയാണ് രാഹുലിനെയും കാത്തിരിക്കുന്നതെന്ന് പരാമര്ശമുണ്ടെന്നും വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്യുന്നു.
ഭാരത് ജോഡോ യാത്ര ഇന്ഡോറില് പ്രവേശിക്കുന്ന അന്ന് ഇരുവരെയും ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്നാണ് ഭീഷണി. ഇന്ഡോറിലെ ഒരു പലഹാരക്കടയിലാണ് തപാല്മാര്ഗം കത്ത് വന്നത്. കത്ത് കടയുടമ പൊലീസിന് കൈമാറി.
കമല്നാഥ് നേരിട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെക്കണ്ട് ജോഡോ യാത്രയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടതായി കോണ്ഗ്രസിന്റെ സംസ്ഥാന മാധ്യമവിഭാഗം മേധാവി കെ കെ മിശ്ര പറഞ്ഞു.
രാജ്യത്തിനായി ജീവന് കൊടുത്ത കുടുംബത്തിലെ ഒരംഗത്തിനുകൂടി ഭീഷണി നേരിടുന്നതായും കേന്ദ്ര അഭ്യന്തരവകുപ്പ് വിഷയം ഗൗരവത്തോടെ എടുക്കണമെന്നും കെ.കെ.മിശ്ര ആവശ്യപ്പെട്ടു.
വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരൻ മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് ആണ് മരിച്ചത്. കുട്ടിയുടെ അമ്മയായ അനിലയ്ക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. അയൽവാസിയും ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷ് (45) ആണ് പ്രതി.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. അനില മകൻ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡിൽവച്ച് ജിതേഷ് ആക്രമിക്കുകയായിരുന്നു. അനിലയ്ക്ക് തോളിനും പുറത്തുമാണ് വെട്ടേറ്റത്. ആദിദേവിന് ഇടതുചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദിദേവിന്റെ നിലഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ജിതേഷിനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ജയപ്രകാശും പ്രതിയും തമ്മിൽ ചില ബിസിനസ് ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്നു പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്.
കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. നാല് പ്രതികളും കൊച്ചി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. രാജസ്ഥാന് സ്വദേശിയായ യുവതിയും, കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് പ്രതികൾ.
രാജസ്ഥാൻ സ്വദേശിയായ യുവതി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ , വിവേക്, സുദീപ് എന്നീ യുവാക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.നാല്പത്തിയഞ്ച് മിനിറ്റോളമാണ് സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽ വെച്ച് പത്തൊൻപതുകാരിയായ മോഡലിനെ ബലാൽസംഗം ചെയ്തത്. മൂന്ന് യുവാക്കൾ ചേർന്ന് ബാറിൽ കുഴഞ്ഞുവീണ യുവതിയെ വാഹനത്തില് കയറ്റി പോവുകയായിരുന്നു.
തിരിച്ച് ബാറിലെത്തിയ ശേഷമാണ് പ്രതികളിലൊരാളായ ഡിംപിൾ ലാമ്പ വാഹനത്തില് കയറുന്നത്. പിന്നീട് മോഡലിനെ കാക്കാനാട്ടെ താമസസ്ഥലത്ത് കൊണ്ടുപോയി വിട്ടു. വെള്ളിയാഴ്ച പുലർച്ചെ യുവതി ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് വിവരം പൊലീസ് അറിയുന്നത്. അധികം വൈകാതെ കൊടുങ്ങല്ലൂരിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നാണ് പൊലീസ് വിശദീകരണം.
പ്രതികളും പീഡനത്തിന് ഇരയായ മോഡലും സുഹൃത്തുക്കളാണെന്നും സൂചനയുണ്ട്. പീഡനം നടത്താനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളെ കണ്ട് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചേക്കും.
ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് നാളെ കിക്കോഫ്. പോര്ച്ചുഗലിന് പിന്നാലെ ബ്രസീല് ടീം കൂടി ഇന്ന് ദോഹയില് എത്തിച്ചേരും. ഇന്ത്യയില് നിന്നും ഉപരാഷ്ട്രപതി ഉദ്ഘാടനച്ചടങ്ങില് പങ്കെടുത്തേക്കും
ഒറ്റനാളകലം.. ഒറ്റപ്പന്ത്.. ഒരേയൊരു വികാരം.. ഒന്നാമനാകാന് വേണ്ടിയുള്ള ഒരു നൂറ്റാണ്ട് നീണ്ട പടയോട്ട കിസ്സകളില് നാല് മൂലകളിലേക്കും വലിച്ചുകെട്ടിയൊരു ബദൂവിയന് ടെന്റ് കൂടി തുന്നിച്ചേര്ക്കപ്പെടുന്നു. അത്തറും തുകലും സമം ചേര്ത്ത് പരുവപ്പെടുത്തിയൊരു പന്തിന്റെ പൂങ്കാവനം തേടി കളിക്കമ്പക്കാര് പറന്നിറങ്ങുന്നു. ലയണല് മെസിയുടെ ഇടങ്കാലനക്കം പോലെ സിആര് സെവന്റെ തലയനക്കം പോലെ എംബാപ്പെയുടെ കുതിപ്പ് പോലെ മനോഹരമാര്ന്ന എട്ട് വേദികള് തേനും നിറച്ച് പൂമ്പാറ്റകളെ കാത്തിരിക്കുന്നു.
ഫുട്ബോളിന്റെ ആത്മാവിനെ ആവാഹിക്കാന് തന്ത്രമന്ത്രിച്ചരടുകളുമായി മുപ്പത്തിരണ്ട് പോരാളിക്കൂട്ടങ്ങള് സജ്ജമാകുന്നു. പന്തനക്കത്തിനെ തൊട്ടു തലേന്നായ ഇന്ന് ബ്രസീലും പോര്ച്ചുഗലുമുള്പ്പെടെ നാല് ടീമുകള് കൂടി ദോഹയിലെത്തുന്നു. കേമമായ ഉദ്ഘാടനച്ചടങ്ങുകളൊരുക്കി ഫിഫയും ഖത്തറും കിക്കോഫിനൊരുങ്ങുന്നു. ചടങ്ങുകളില് പങ്കെടുക്കാനായി രാഷ്ട്രനായകരും ഇതിഹാസങ്ങളും ദോഹയിലെത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കര് പങ്കെടുത്തേക്കുമെന്ന വാര്ത്തകളും പുറത്തുവരുന്നുണ്ട്. അതേസമയം ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റിനോ ഇന്ന് മാധ്യമങ്ങളെ കാണും. നാളെ വൈകിട്ട് ഖത്തര് സമയം അഞ്ച് മണിക്ക് ഉദ്ഘാടന ചടങ്ങുകള് തുടങ്ങും.
മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ആളുടെ വധശിക്ഷ 63ാം ജന്മദിനത്തിൽ നടപ്പാക്കി. കാമുകിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം.
മുൻ നാവികസേനാ ഉദ്യോഗസ്ഥനായ റിച്ചാര്ഡ് ഫെയര് ചെല്ഡ് എന്നയാളുടെ വധശിക്ഷയാണ് വ്യാഴാഴ്ച നടപ്പാക്കിയത്. 1993ൽ 34ാം വയസിലാണ് ഇയാൾ ക്രൂരമായ കൊലപാതകം നടത്തിയത്. കൊലപാതകത്തിനുള്ള ജയില് ശിക്ഷ അനുഭവിച്ച ഇയാളുടെ 63ാം പിറന്നാള് ദിനത്തിൽ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വിഷം കുത്തിവച്ചായിരുന്നു വധശിക്ഷ.
ആദം ബ്രൂംഹാൽ എന്ന മൂന്ന് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആദമിന് നീതി ലഭിച്ച ദിവസമെന്നാണ് അവസാനമായി റിച്ചാര്ഡ് പ്രതികരിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ബോധവല്ക്കരണം നടത്തുന്നവര് റിച്ചാര്ഡിന് വേണ്ടി പിറന്നാള് കേക്ക് തയ്യാറാക്കിയിരുന്നു.
കിടക്കയില് മൂത്രമൊഴിച്ച ശേഷം കരഞ്ഞതിനായിരുന്നു കാമുകിയുടെ മകനെ റിച്ചാര്ഡ് ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകിയുമായി എല്ലാ രാത്രിയും മദ്യപിക്കാറുണ്ടായിരുന്ന പ്രതി സംഭവദിവസം അവരുടെ വീട്ടിൽ കിടന്നുറങ്ങിയപ്പോഴായിരുന്നു കുഞ്ഞിനെ വകവരുത്തിയത്.
ചുട്ടുപഴുത്ത ചിമ്മിനി അടുപ്പിലേക്ക് ആദമിന്റെ ശരീരം പിടിച്ച ശേഷമായിരുന്നു മേശയിലേക്ക് എറിഞ്ഞത്. ശരീരത്തിന്റെ ഇരു വശത്തും ഗുരുതര പൊള്ളലാണ് മൂന്ന് വയസുകാരനേറ്റത്. മേശയില് തലയിടിച്ച് അബോധാവസ്ഥയിലായ കുഞ്ഞ് പിന്നാലെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
2021 ഒക്ടോബറിലാണ് ഒക്കലഹോമ അധികാരികൾ വധശിക്ഷ പുനരാരംഭിക്കാനുള്ള തീരുമാമെടുക്കുന്നത്. ഇതിനു ശേഷം ഏഴു പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അമേരിക്കയില് ഈ വര്ഷം നടക്കുന്ന 16ാമത്തെ വധശിക്ഷയാണ് റിച്ചാര്ഡിന്റേത്. രണ്ട് ദിവസത്തിനുള്ളിൽ നാല് വധശിക്ഷകളാണ് യു.എസിൽ നടപ്പാക്കിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അഭിനേത്രിയും ഗായികയുമായ അഭിരാമി സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി എത്തിയിരുന്ന അമൃത സുരേഷിൻറെ അനിയത്തിയാണ് അഭിരാമി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. അമൃത നടൻ ബാലയുമായി വേര്പിരിഞ്ഞതിന് ശേഷം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിങ് ടുഗെതർ ബന്ധത്തിലാവുകയായിരുന്നു. ഇതിനോടനുബബന്ധിച്ചാണ് അമൃതയ്ക്കും ഗോപിയ്ക്കും അമൃതയുടെ അനിയത്തി അഭിരാമിയ്ക്കും സൈബർ ആക്രമണങ്ങൾ നേരിട്ടത്.
അഭിരാമി ബന്ധങ്ങളുടെ പ്രധാന്യത്തെക്കുറിച്ചും അത് പോലെ താൻ ചെയ്യാത്ത തെറ്റിന് പോലും ക്ഷമ പറയേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും എന്നിട്ടും ആ ബന്ധം മുന്നോട്ട് പോവുമ്പോള് സംഭവിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അഭിരാമി. അത് ഇനി നമുക്ക് എത്ര പ്രിയപ്പെട്ടവരാണെങ്കിൽ പോലും നമ്മളെ മനസിലാക്കാതെ നമ്മൾ എപ്പോഴും എല്ലാത്തിനും അവരെ കൂടെ കാലു പിടിച്ചു ജീവിക്കേണ്ട അവസ്ഥ വന്നാൽ അവിടെ നിന്നും മാറി കൊടുക്കണമെന്ന് പറഞ്ഞു.
അത് അവരിനി എത്ര നല്ലവരായാലും അവർ നമ്മളെ സ്നേഹം കൊണ്ട് നമ്മളെ മറക്കുകയാണ് ചെയ്യുന്നതെന്നും അഭിരാമി പറഞ്ഞു. അത് പോലെ നമ്മൾ ഒരാളെ അല്ലെങ്കില് ഒരു ബന്ധത്തെ തന്നെ നമ്മള് വില കൊടുക്കുമ്പോൾ നമ്മൾ ചെയ്ത തെറ്റിനും അത് പോലെ ചെയ്യാത്ത തെറ്റിനും ഇനി ചെയ്യാന് പോവുന്ന തെറ്റിനുമൊക്കെയായി വെറുതെ കുറെ ക്ഷമാപണം നടത്തേണ്ട അവസ്ഥ വരാറുണ്ട് എന്നും അഭിരാമി പറഞ്ഞു. പല തരത്തിലാണ് ആളുകൾ ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു. ആ ബന്ധം മുൻപോട്ട് കൊണ്ട് പോകാൻ വേണ്ടിയിട്ട് ചെയ്യാത്ത തെറ്റിന് വരെ ക്ഷമ ചോദിച്ചയാളാണ് താൻ എന്നും അഭിരാമി പറഞ്ഞു.
എന്നാൽ ആ സമയങ്ങളിലെല്ലാം ആ ബന്ധം മുൻപോട്ട് കൊണ്ട് പോകാൻ വേണ്ടി ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും തനിക്ക് ഇത്തരത്തിലുള്ള കുറേ ഭയപ്പെടുത്തുന്ന അനുഭവങ്ങള് ഉണ്ടായിട്ടുണ്ട് എന്നും താരം പറഞ്ഞു. താൻ പ്രതീക്ഷിക്കാത്ത തരത്തിൽകൂട്ടുകാർ പോലും തന്നോട് മോശമായി പെരുമാറിയെന്നും താൻ ബന്ധങ്ങള്ക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്നതിനാൽ സാരമില്ല എന്ത് വന്നാലും ക്ഷമിക്കാമെന്നായിരുന്നു ആദ്യം കരുതിയതെന്നും ഒരിക്കലും അങ്ങനെ ചെയ്യരുത് എന്നും വിട്ട് കളയണമെന്നും താരം പറഞ്ഞു.