ഇന്ത്യയില്‍ നിന്നുള്ള പതിനായിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന കരാറില്‍ ഇന്ത്യയും യു.കെയും ഒപ്പുവച്ചു. ഇന്ത്യയില്‍ നിന്നും യുകെ, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ജോലി തേടാന്‍ ഒരുങ്ങുന്ന നഴ്‌സുമാര്‍, പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍, ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠനത്തിനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഗുണം ചെയ്യുന്ന കരാര്‍ നടപ്പില്‍ വരുത്താനുള്ള ശ്രമത്തിലാണ് ഇരു സര്‍ക്കാരുകളും.
ഇന്ത്യയും യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടും തമ്മിലുള്ള ദീര്‍ഘകാല ബന്ധവും ഈ രണ്ട് രാജ്യങ്ങളിലെയും ആരോഗ്യ-പരിപാലന സംവിധാനങ്ങളിലെ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സംഭാവനയും അംഗീകരിച്ചു കൊണ്ടാണ് പുതിയ കരാര്‍ രൂപപ്പെട്ടത്.
പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍/പ്രീ-യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് യുകെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള അവസരം ലഭിക്കുകയും നിര്‍ദ്ദിഷ്ട സ്ഥാപനങ്ങളിലോ മാനദണ്ഡത്തിനനുസരിച്ചുള്ള പ്രോഗ്രാമുകളിലോ ചേരുന്നതിനുള്ള അവസരവും കരാര്‍ പ്രകാരം പരിഗണിക്കും.
ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനൊപ്പം എല്ലാ മേഖലകളിലും ആരോഗ്യ പരിപാലന ജീവനക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും വൈദഗ്ധ്യവും ആശയങ്ങളും കൈമാറുന്നതിലും കരാര്‍ ലക്ഷ്യമിടുന്നു.
നഴ്സിംഗില്‍ ഓരോ രാജ്യത്തെയും റെഗുലേറ്ററി ബോഡികളെ വിശ്വാസത്തിലെടുത്തുകൊണ്ടാകും കരാര്‍ പ്രവര്‍ത്തിക്കുക. ഈ കരാര്‍ പ്രാബല്യത്തില്‍ വന്ന് 12 മാസത്തിനുള്ളില്‍ വിവിധ വിഭാഗങ്ങളുടെ യോഗ്യതകള്‍, ലൈസന്‍സിംഗ്, രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ എന്നിവ അംഗീകരിക്കാമെന്ന പരസ്പര സമ്മതമാണ് കരാര്‍ ഉറപ്പാക്കുക.
ഓരോ രാജ്യത്തിന്റെയും ആവശ്യകതകള്‍ തിരിച്ചറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഓരോ റെഗുലേറ്റര്‍മാരും സ്വീകരിക്കും. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മെച്ചപ്പെട്ട നഴ്‌സ് പരിശീലനത്തെ യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടും അംഗീകരിക്കും. ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവ മുഖേന കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാകും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക.
യുകെ, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ നിലവിലുള്ള നിലവാരത്തെ അടിസ്ഥാനമാക്കിയാകും പരിശീലനത്തിന്റെ മാനദണ്ഡവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമൊക്കെ തീരുമാനിക്കുക. മാനസികാരോഗ്യം, ക്രിട്ടിക്കല്‍ കെയര്‍, ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയര്‍, പാലിയേറ്റീവ് കെയര്‍, കമ്മ്യൂണിറ്റി കെയര്‍, നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ എന്നിവയടക്കമുള്ള നഴ്സിംഗ് സ്പെഷ്യാലിറ്റി പരിശീലനം യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടും വികസിപ്പിക്കും.
യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടും അവിടുത്തെ പരിശീലന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, റെഗുലേറ്റര്‍മാര്‍ എന്നിവരുമായി ഇന്ത്യയില്‍ നിന്നുള്ള അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകളുടെ കൂടുതല്‍ പരിശീലനവും റിക്രൂട്ട്‌മെന്റും കരാര്‍ വഴി വര്‍ദ്ധിപ്പിക്കും. ഒക്യുപ്പേഷണല്‍ തെറാപ്പി, ഡയറ്റീഷ്യന്‍ ,റേഡിയോഗ്രാഫി (മെഡിക്കല്‍ റേഡിയോളജി, ഇമേജിംഗ് ആന്‍ഡ് തെറാപ്പിറ്റിക് ടെക്നോളജി), ഓപ്പറേറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രാക്ടീഷണേഴ്സ് എന്നിവയിലായിരിക്കും പരിശീലനം മെച്ചപ്പെടുത്തുക.
ഇതിന് പുറമേ മെഡിക്കല്‍ ലബോറട്ടറി ആന്റ് ലൈഫ് സയന്‍സസ്, ഫിസിയോതെറാപ്പി, ഒഫ്താല്‍മിക് സയന്‍സ് പ്രൊഫഷന്‍സ്, കമ്മ്യൂണിറ്റി കെയര്‍, ബിഹേവിയറല്‍ ഹെല്‍ത്ത്, സമാനമായ മറ്റ് തൊഴിലുകള്‍, മെഡിക്കല്‍ ടെക്നോളജിസ്റ്റുകളും ഫിസിഷ്യന്‍ അസിസ്റ്റന്റ്, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്സ് എന്നിവയിലും മെച്ചപ്പെട്ട പരിശീലനം നല്‍കാന്‍ സംവിധാനമുണ്ടാവും.
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിനുള്ള നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തേണ്ടതുണ്ടോയെന്നതും കരാറിന്റെ ഭാഗമായി രൂപീകരിക്കുന്ന പുതിയ വര്‍ക്കിംഗ് ഗ്രൂപ്പ് പരിശോധിക്കുന്നുണ്ട്. വര്‍ക്കിങ് ഗ്രൂപ്പുകള്‍ ആറു മാസത്തിനുള്ളില്‍ തന്നെ വിവരങ്ങള്‍ ലഭ്യമാക്കേണമെന്നാണ് പൊതു കരാറിലുള്ള നിര്‍ദേശം.
രജിസ്ട്രേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കുക, കഴിവുകളും വൈദഗ്ധ്യവും മാപ്പ് ചെയ്യുക എന്നിവയും കരാറിന്റെ ഭാഗമാണ്. വൈദഗ്ധ്യത്തിന്റെ കുറവുകള്‍ നികത്തുന്നതിലും സഹകരണവും പരിശീലനവും ലഭ്യമാക്കും.
യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രൊഫഷണല്‍ വിഭാഗങ്ങളുടെയും വൈദഗ്ധ്യക്കുറവുകളുടെ ഡാറ്റകളും ഇന്ത്യയുമായി കൈമാറും. കൂട്ടു ചേര്‍ന്ന് ഈ കുറവുകള്‍ നികത്താന്‍ പദ്ധതിയുണ്ടാക്കും.
ഇതിന്റെയൊക്കെ ഭാഗമായി യുകെയിലെയും ഇന്ത്യയിലെയും പരിശീലന സ്ഥാപനങ്ങള്‍ക്കിടയില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കും. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ ജോലിയിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിന്, ഇന്ത്യയിലെ അപേക്ഷകരുടെയും യുകെയിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും തൊഴിലുടമകളെ ഉള്‍പ്പെടുത്തി കര്‍മ്മ പദ്ധതി വികസിപ്പിക്കും.
ഇന്ത്യയിലും യുകെയിലും വിദ്യാഭ്യാസം, ഭാഷാ പരിശീലനം, പരിശീലന അവസരങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരിശീലനത്തിനും വിദ്യാഭ്യാസ പരിപാടികള്‍ക്കുമായി സംയുക്ത കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ഇന്ത്യയിലെയും യുകെയിലെയും വിവിധ സ്ഥാപനങ്ങളും കൂടി മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ അടിസ്ഥാനത്തില്‍ ഒപ്പുവെയ്ക്കുന്നതോടെ കരാര്‍ നടപ്പിലായിത്തുടങ്ങും. വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ കൂടി നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കപ്പെട്ടാല്‍ പദ്ധതി പ്രാവര്‍ത്തികമാവും
ഇന്ത്യന്‍ സര്‍ക്കാറിന് വേണ്ടി, മെഡിക്കല്‍ എജ്യുക്കേഷന്‍ / നഴ്‌സിംഗ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയും യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടനും നോര്‍ത്തേണ്‍ അയര്‍ലണ്ടിനും വേണ്ടി ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പെര്‍മനന്റ് സെക്രട്ടറിയുമാണ് പൊതുകരാറില്‍ ഒപ്പ് വെച്ചിരിക്കുന്നത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഭർതൃഗൃഹത്തിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. യുവതിയുടെ മരണത്തിന് പിന്നാലെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ജോനകപ്പുറം ചന്ദനഴികം പുരയിടത്തിൽ അബ്ദുൾ ബാരിയുടെ ഭാര്യ ആമിന (22) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു യുവതിയുടെ മരണം. അഞ്ച് മണിയോടെയാണ് ആമിനയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആമിന മരണപ്പെടുകയായിരുന്നു.
അതേസമയം, മരിച്ച യുവതിയുടെ മുഖത്ത് പാട് കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്. സംഭവത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.
ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്ന ആമിന നേരത്തെ മുതൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതായി ഭർത്താവ് അബ്ദുൾ ബാരി പോലീസിനോട് പറഞ്ഞു. അസ്വസ്ഥതയുണ്ടാകുമ്പോൽ ആമിന സ്വയം മുറിവേൽപ്പിക്കാറുണ്ടായിരുന്നു. ശ്വാസ തടസമുണ്ടാകുമ്പോൾ കൃത്രിമശ്വാസോച്ഛാസം നൽകിയാണ് സാധാരണ നിലയിലേക്ക് കൊണ്ടുവരാറെന്നും യുവാവ് പറഞ്ഞു.
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കൂത്താട്ടുകുളം മണ്ണത്തൂര്‍ ഇലവുങ്കല്‍ വീട്ടില്‍ രോഹിത് ബി ഏലിയാസ് (17) ആണ് മരിച്ചത്. ദേശാഭിമാനി തിരുവനന്തപുരം സെൻട്രൽ ഡസ്‌കിലെ ചീഫ് സബ് എഡിറ്റർ ഏലിയാസ് തോമസിന്റെയും കോലഞ്ചേരി സെൻറ് പീറ്റേഴ്‌സ് കോളേജ് അസിസ്റ്റൻറ് പ്രൊഫ. ബി ബിന്ദുവിന്റെയും മകനാണ്. കോലഞ്ചേരി വഴിത്തല സെന്റ് സെബാസ്റ്റിയന്‍സ് എച്ച് എസ്എസ് വിദ്യാര്‍ഥിയായിരുന്നു.
21 വ്യാഴാഴ്ച നടന്ന അപകടത്തെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു രോഹിത് . സ്കൂട്ടർ ഓടിച്ചിരുന്ന ചേലാട്ട് ബെന്നി പൗലോസിന്റെ മകൻ ധാനു ബെന്നി (18) പരുക്കുകളോടെ ചികിത്സയിലാണ്. മണ്ണത്തൂരിൽ നിന്നും ആറൂർ ബസ് സ്റ്റോപ്പിലേക്ക് പോകും വഴി ഇവർ സഞ്ചരിച്ചിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിക്കുന്ന രോഹിത്തിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുവാറ്റുപുഴ മുൻസിപ്പൽ ശ്മശാനത്തിൽ സംസ്‌കരിക്കും.
രോഹിത്തിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ജോഷി, സുരേഷ് ഗോപി, മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുക്കിയ ബോക്സോഫീസ് ചിത്രമായിരുന്നു നായർ സാഹിബ്. സിനിമയുടെ ചിത്രീകരണ സമയത്തെ രസകരമായ ഒരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി . അഭിമുഖത്തിലാണ് നടൻ പഴയ കഥ പറഞ്ഞത്. നായർ സാബിന്റെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്താണ് താൻ ജോഷിയുടെ സെറ്റിൽ നിന്ന് ഇറങ്ങിയോടിയത്.
ഇന്ത്യ ഗേറ്റിന് മുന്നിൽ വെച്ചായിരുന്നു ഷൂട്ടിങ്ങ് നടക്കുന്നത്. തെലുങ്ക് വേർഷനും കന്നട വേർഷനും ഒന്നിച്ചാണ് ഷൂട്ട് ചെയ്യുന്നത്. രാത്രി മുഴുവൻ കാണാതെ പഠിച്ചിട്ടും ഷൂട്ടിങ്ങ് സമയത്ത് രണ്ട് ഭാഷകളും തമ്മിൽ മാറിപോകും. തെലുങ്കിൽ പറയേണ്ട ഡയലോഗ് കന്നടയിൽ പറയും. കന്നടയിൽ പറയേണ്ട ഡയലോഗ് തെലുങ്കിൽ പറയും അങ്ങനെ മാറിയും തിരിച്ചും പറഞ്ഞ് അഞ്ച് ആറ് ടേക്ക് എടുത്ത് കഴിഞ്ഞു.
ഇപ്പോഴത്തെ പോലെ അന്ന് ഡിജിറ്റൽ അല്ല. ഫിലിമാണ് അന്ന് ഉപയോഗിക്കുന്നത്. ഒരോ തവണയും ഫിലിം കട്ട് ചെയ്ത് അവസാനം ജോഷിക്ക് ദേഷ്യം വന്നെന്നും അപ്പോൾ അദ്ദേഹം ദേഷ്യത്തിൽ പറഞ്ഞു നീ മലയാളത്തിൽ പറ എന്നിട്ട് നമ്മുക്ക് ഡബ് ചെയ്യാമെന്ന്. അത് കേട്ടപ്പോൾ തന്നെ തനിക്ക് ദേഷ്യവും സങ്കടവും വന്നു.
താൻ ഉടൻ തന്നെ കേരളത്തിലേയ്ക്കുള്ള ഫ്ലെെറ്റിൽ നാട്ടിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. അവസാനം ജോഷി കേരളത്തിൽ നിന്ന് ആളെ വിളിപ്പിച്ച് തന്നോട് സംസാരിച്ചു അതോടെ വീണ്ടും അഭിനയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സഹോദരന്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ ഒന്നാം പ്രതി പ്രതി ജയചന്ദ്രനെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ച് വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.
യുവവ്യവസായി പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളെ 2019 ലാണ് ഹൈക്കോടതി വെറുതെവിട്ടത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവരെയാണ് വെറുതെവിട്ടത്.
എട്ട് പ്രതികളുടെയും ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ കൊലക്കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി. 2009ന് രാത്രി ആലുപ്പുഴ- ചങ്ങനാശ്ശേരി റൂട്ടിലെ പൊങ്ങ ജംഗ്ഷനിലായിരുന്നു പോള്‍ മുത്തൂറ്റ് കൊല്ലപ്പെടുന്നത്.
ക്വട്ടേഷന്‍ ആക്രമണത്തിനായി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന പ്രതികളുമായി ഒരു ബൈക്ക് അപകടത്തെ ചൊല്ലി പോള്‍ വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന പോളിനെ പുറത്തിറക്കി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
ആറ് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കാപ്പാട് സ്വദേശി ജുമൈലയാണ് അറസ്റ്റിലായത്. ബന്ധുക്കളുടെ പരാതിയിലായിരുന്നു പോലീസിന്റെ നടപടി.
കുഞ്ഞിനെ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. അമ്മയ്‌ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്.
കുട്ടി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ആദ്യം അറിയിച്ചത്. പക്ഷെ കുഞ്ഞ് ചെറുതായതിനാൽ ഹൃദയാഘാതത്തിനുള്ള സാധ്യത കുറവാണെന്ന് പലരും സംശയിച്ചു. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കുട്ടിയുടെ മരണത്തിൽ ഡോക്ടറും സംശയം പ്രകടിപ്പിച്ചതോടെ പിന്നീടുള്ള പരിശോധനയിൽ ശ്വാസം മുട്ടി മരിച്ചതായി കണ്ടെത്തി.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിന് പിന്നാലെ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഫെയ്‌സ് ബുക്കിലും പ്രതിഷേധം. ആലപ്പുഴ ജില്ല കലക്ടറുടെ പേജില്‍ പ്രതിഷേധ കമന്റുകള്‍ വ്യാപകമായതോടെ കമന്റ് ബോക്‌സ് പൂട്ടുകയും ചെയ്തു. ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ കൂടിയായ രേണുരാജാണ് നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍. രേണുവിനെ എറണാകുളം ജില്ലാ കലക്ടര്‍ ആക്കി മാറ്റി നിയമിച്ചിട്ടാണ് ശ്രീറാമിനെ ആലപ്പുഴയിലേക്ക് എത്തിക്കുന്നത്.
എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച ഉത്തരവ് വന്നതോടെയാണ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ നിരവധി കമന്റുകള്‍ വന്നത്. ഇതോടെ കമന്റ് ബോക്‌സ് പൂട്ടുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിക്കുന്നതിനെതിരെ പ്രതിപക്ഷത്തുനിന്ന് ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ തുടങ്ങിയവര്‍ ഇതിനെതിരെ രംഗത്ത് വന്നു.
ശ്രീറാമിന്റെ നിയമനം വെല്ലുവിളി: ചെന്നിത്തല
കോഴിക്കോട്: ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൂര്‍ണമായും കുറ്റവിമുക്തനാവാത്ത നിലവില്‍ കൊലപാതക കേസില്‍ പ്രതിയായ വ്യക്തിയെ ആലപ്പുഴക്കാരുടെ തലയിലേക്ക് ഇടുന്ന അവസ്ഥയാണ്.
കലക്ടര്‍മാരെ നിയമിക്കുന്നത് സര്‍ക്കാര്‍ ആണ്. മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടയാളെ കലക്ടറായി നിയമിച്ചത് ശരിയല്ലെന്നും സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകീകൃത കുര്‍ബാന ക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. സിനഡ് നിര്‍ദേശിച്ച കുര്‍ബാനയില്‍ നിന്ന് വിട്ടുനിന്ന് എറണാകുളം അങ്കമാലി അതിരൂപതയില്‍ പരമ്പരാഗത ജനാഭിമുഖ കുര്‍ബാന ചൊല്ലാന്‍ അനുമതി നല്‍കിയ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാന്‍ വത്തിക്കാന്‍ നിര്‍ദേശം നല്‍കി. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് ഡോ. ലിയോപോള്‍ഡോ ജിറേല്ലി കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനമൊഴിയാന്‍ നോട്ടീസ് നല്‍കിയത്. സ്ഥാനപതി നാളെ എറണാകുളം അരമന സന്ദര്‍ശിക്കുന്നുണ്ട്. സ്ഥാനമൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ രാജി എഴുതി വാങ്ങുകയാണ് ലക്ഷ്യമെന്നാണ് സൂചന.
സ്ഥാനപതിയുടെ നോട്ടീസില്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചുവെങ്കിലും അതില്‍ തീരുമാനം വന്നിട്ടില്ല. ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച വൈദികര്‍ക്കൊപ്പം നിന്നുവെന്ന കുറ്റമാണ് ആര്‍ച്ച് ബിഷപ്പിനെതിരെ പറയുന്നത്. ഏകീകൃത കുര്‍ബാന ചൊല്ലുന്നതില്‍ നിന്ന് ഡിസംബര്‍ 25 വരെ താല്‍പര്യമുള്ള ഇടവകകള്‍ക്ക് ആര്‍ച്ച് ബിഷപ് ഇളവ് നല്‍കിയിരുന്നു.
അതേസമയം, വിഷയത്തില്‍ ആര്‍ച്ച് ബിഷപ്പിന് പിന്തുണയുമായി അതിരൂപതയിലെ വൈദികരും വിശ്വാസികളും രംഗത്തെത്തി. ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയാന്‍ പാടില്ലെന്നും പുറത്താക്കാന്‍ അധികാരമുണ്ടെങ്കില്‍ നടപടി സ്വീകരിക്കട്ടെയെന്നുമാണ് ഇവരുടെ നിലപാട്. ഇന്ന് 10.30ന് ചേരുന്ന യോഗത്തിനു ശേഷം മാധ്യമങ്ങളെ നിലപാട് പരസ്യമായി അറിയിക്കും.
സ്ഥാനമൊഴിഞ്ഞ ശേഷം പുതിയ ചുമതല ലഭിക്കുന്നത് വരെ അതിരൂപതയുടെ അതിര്‍ത്തിക്ക് പുറത്തുള്ള സിഎംഐ സഭയുടെ ഏതെങ്കിലും ഹൗസില്‍ താമസിക്കാനാണ് സ്ഥാനപതി കത്തില്‍ ആവശ്യപ്പെടുന്നത്.
ഓഗസ്റ്റ് ആറിന് സിറോ മലബാര്‍ സഭ സിനഡ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേരാനിരിക്കേയാണ് തിരിക്കിട്ട നടപടികള്‍. സിനഡില്‍ പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ആര്‍ച്ച്ബിഷപ്പ് കരിയിലെ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം സിനഡിനും കര്‍ദിനാള്‍ ആലഞ്ചേരിക്കും താല്‍പര്യമുള്ള അതിരൂപതയിലെ മുതിര്‍ന്ന ഒരു വൈദികനെ താത്ക്കാലിക അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചേക്കും. സിനഡില്‍ പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കുന്നത് വരെയായിരിക്കും ഈ നിയമനം. ഇദ്ദേഹത്തെ തന്നെ ബിഷപ്പ് ആയി നിയമിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.
അതിരൂപതയിലെ ഭൂമി കുംഭകോണം മുതല്‍ രണ്ടു തട്ടിലാണ് സിറോ മലബാര്‍ സഭയും എറണാകുളം അങ്കമാലി അതിരൂപതയും. ഏകീകൃത കുര്‍ബാനക്രമം കൂടി വന്നതോടെ ആ വിടവ് വര്‍ധിച്ചു. ഭൂമി കുംഭകോണത്തെ തുടര്‍ന്ന് കര്‍ദിനാളിനെ അതിരൂപതയുടെ ഭരണത്തില്‍ നിന്നും മാറ്റിയ വത്തിക്കാന്‍ മെത്രാപ്പോലീത്തന്‍ വികാരിയായി ആര്‍ച്ച്ബിഷപ്പ് ആന്റണി കരിയിലിനെ നിയമിക്കുകയായിരുന്നു.
ചേര്‍ത്തല സ്വദേശിയായ ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ സിഎംഐ സന്യാസ സമൂഹത്തില്‍ നിന്നുള്ള അംഗമാണ്. കളമശ്ശേരി രാജഗിരി കോളേജ് പ്രിന്‍സിപ്പല്‍, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ പ്രിയോര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡ്യ ബിഷപ്പായിരുന്ന അദ്ദേഹം, എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019ല്‍ ആണ് ചുമതലയേറ്റത്.
രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ചുമയലയേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുള്ള രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍ അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രിക്കും എം.പിമാര്‍ക്കും എംഎല്‍എമാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ദ്രൗപദി മൂര്‍മു പാര്‍ലമെന്റില്‍ തന്റെ ആദ്യ പ്രസംഗം ആരംഭിച്ചത്. ജനങ്ങളുടെ പ്രതീക്ഷയുടെ പ്രതീകങ്ങളാണ് ജനപ്രതിനിധികള്‍. എനിക്ക് അവരോട് നന്ദിയുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ജനിച്ചവരില്‍ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ ആളാണ് താന്‍. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങളുടെയും പ്രതീക്ഷ വേഗത്തില്‍ നിറവേറ്റാന്‍ എല്ലാവരും പ്രയത്‌നിക്കണം.
രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്റെ ശക്തി. ഒഡീഷയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് താന്‍ വരുന്നത്. അവിടെ നിന്നും കോളജില്‍ എത്തിയ ആദ്യ വനിതയാണ് താന്‍. രാജ്യത്തിന്റെ പ്രസിഡന്റാവുക എന്നത് വ്യക്തിപരമായ നേട്ടമല്ല. ഇന്ത്യയിലെ എല്ലാ ദരിദ്രരുടെയും നേട്ടമാണ്. ദരിദ്രര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രമല്ല, അത് നിറവേറ്റാനും കഴിയുമെന്നതിന്റെ ഉദാഹരണമാണ് താന്‍. രാജ്യം സ്വാതന്ത്ര്യത്തിന്റെ 50ാം വര്‍ഷം ആഘോഷിക്കുന്ന സമയത്താണ് തന്റെ രാഷ്ട്രീയ പ്രവേശനവും തുടങ്ങുന്നത്. രാജ്യം സ്വതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ തനിക്ക പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കുന്നു. അത് വലിയ അംഗീകാരമായാണ് താന്‍ കാണുന്നത്.
നാളെ ജൂലായ് 26 കാര്‍ഗില്‍ വിജയ് ദിനമാണ്. ഇന്ത്യന്‍ സേനയുടെ കരുത്തും ക്ഷമയും വിളിച്ചോതുന്ന ദിനമാണിത്. ഈ ദിനത്തില്‍ സായുധ സേനയ്ക്കും എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. രാഷ്ട്രപതി പദവിയിലേക്കുള്ള തന്റെ യാത്രയില്‍ ഉടനീളം ദരിദ്ര ജനവിഭാഗത്തിന്റെ അനുഗ്രഹമുണ്ട്, കോടികണക്കിന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സ്വപ്‌നങ്ങളും കരുത്തുമുണ്ട്. യുവാക്കളുടെയും സ്ത്രീകളുടെയും താല്‍പര്യത്തിനാണ് മുന്‍ഗണനയെന്ന് ഈ ഘട്ടത്തില്‍ താന്‍ ഉറപ്പുനല്‍കുന്നു.
ഡോ.രാജേന്ദ്ര പ്രസാദ് മുതല്‍ രാംനാഥ് കോവിന്ദ് വരെ നിരവധി പ്രമുഖര്‍ ഈ പദവി വഹിച്ചു. ആ മഹത്തായ പാരമ്പര്യം വഹിക്കാനുള്ള ഉത്തരവാദിത്തമാണ് ഈ രാജ്യം ഇപ്പോള്‍ എന്നെ ഏല്പിച്ചിരിക്കുന്നത്. ഭരണഘടനയുടെ വെളിച്ചത്തില്‍ ആ ഉത്തരവാദിത്തങ്ങള്‍ താന്‍ നിറവേറ്റും. രാജ്യത്തിന്റെ ജനാധിപത്യ സാംസ്‌കാരിക പ്രതീകങ്ങളും പൗരന്മാരുമാണ് തന്റെ ഊര്‍ജത്തിന്റെ ഉറവിടങ്ങള്‍.
സ്വരാജ്, സ്വദേശി, സ്വച്ഛത, സത്യാഗ്രഹ തുടങ്ങിയ ആശയങ്ങള്‍ നമ്മുക്ക് മഹാത്മാ ഗാന്ധി കാണിച്ചു തന്നു. നേതാജി സുഭാഷ് ചന്ദ്രബോസ്, നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, അംബേദ്കര്‍, ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരുടെ മാതൃകകള്‍ നമ്മുടെ മുന്നിലുണ്ട്.
കോവിഡ് പ്രതിസന്ധി കാലത്ത് രാജ്യം സ്വീകരിച്ച നടപടികള്‍ ലോകത്തിനു മുന്നില്‍ നമ്മുടെ ശക്തി പ്രകടിപ്പിക്കുന്നതായിരുന്നു. അടുത്തകാലത്ത് നാം കോവിഡ് വാക്‌സിനേഷന്‍ 200 കോടി പിന്നിട്ടു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ കാണിച്ച ക്ഷമയും ധൈര്യവും സഹകരണവും ഈ സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന ശക്തിയുടെ പ്രതീകമാണ്. രാജ്യത്തിന്റെ ഓരോ മേഖലയിലും സംഭാവന നല്‍കാന്‍ എല്ലാ സഹോദരിമാര്‍ക്കും കഴിയണം. ലോകത്തിന്റെ ക്ഷേമം ഉള്‍ക്കൊണ്ട് തികഞ്ഞ വിനയത്തോടെയും സമര്‍പ്പണത്തോടെയും സേവനം ചെയ്യാന്‍ താന്‍ എല്ലായ്‌പ്പോഴും സന്നദ്ധമാണെന്നും ദ്രൗപദി മുര്‍മു പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയായി ചുമതലയേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 64 വയസ്സുള്ള ദ്രൗപദി മുര്‍മു. ആദിവാസി വിഭാഗത്തില്‍ നിന്നും ഈ പദവിയില്‍ എത്തുന്ന ആദ്യ വ്യക്തിയും രണ്ടാമത്തെ വനിത രാഷ്ട്രപതിയുമാണ് ദ്രൗപദി മുര്‍മു.
രാവിലെ രാഷ്ട്രപതി ഭവനില്‍ നിന്നും മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പമാണ് ദ്രൗപദി മുര്‍മു പാര്‍ലമെന്റ് ഹാളിലെത്തിയത്. ലോക്‌സഭാ രാജ്യസഭാ അധ്യക്ഷന്മാര്‍ ചേര്‍ന്ന് അവരെ സ്വീകരിച്ചു. ചടങ്ങിനു ശേഷം രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു.
സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വസതിയിലേക്ക് ആനയിക്കും.
മാത്യൂ ചെമ്പുകണ്ടത്തിൽ
ഈശോമിശിഹായുടെ പൗരോഹിത്യം യഹൂദ -പാഗന്‍ പുരോഹിതന്മാരുടെ പൗരോഹിത്യത്തില്‍നിന്നും എപ്രകാരമാണ് വിഭിന്നമായിരിക്കുന്നത് എന്നൊരു ചോദ്യമുണ്ട്. ഇതിന് ആധുനിക കാലത്ത് പുരോഹിതന്മാരുടെ റോൾ മോഡൽ എന്നറിയപ്പെടുന്ന ആർച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജോണ്‍ ഷീന്‍ നല്‍കുന്ന ഉത്തരം വളരെ ശ്രദ്ധേയമാണ്. “യഹൂദ -പാഗന്‍ പുരോഹിതന്മാര്‍ തങ്ങളില്‍നിന്നും വിഭിന്നമായ, ആടുകളും കാളകളും പക്ഷികളും ധാന്യങ്ങളും ഉള്‍പ്പെട്ടിരുന്ന യാഗവസ്തുക്കളായിരുന്നു ബലിയര്‍പ്പിച്ചിരുന്നുതെങ്കില്‍ ക്രിസ്തു പുരോഹിതനും (priest) അതേസമയം യാഗവസ്തുവും (victim) ആയിരുന്നു” ക്രിസ്തുവിന്‍റെ നിത്യപൗരോഹിത്യത്തെക്കുറിച്ച് വളരെ സുദീര്‍ഘമായി പ്രതിപാദിക്കുന്ന “Those Mysterious Priests” എന്ന ബിഷപ് ഷീനിന്‍റെ ഗ്രന്ഥം കത്തോലിക്കാസഭയിലെ ശുശ്രൂഷാ പൗരോഹിത്യം എന്ന വിഷയത്തില്‍ ആഴമേറിയ പഠനങ്ങളാണ് നടത്തിയിട്ടുള്ളത്.
പുരോഹിതര്‍ സഭയിൽ വിമതരായി പ്രത്യക്ഷപ്പെടുമ്പോള്‍, കലാപകാരികളാകുമ്പോള്‍, വിവാദനായകരാകുമ്പോള്‍ ബിഷപ് ഷീനിന്‍റെ ഉള്‍ക്കാഴ്ചകള്‍ കത്തോലിക്കാ പൗരോഹിത്യദര്‍ശനങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളെ സുവിശേഷവെളിച്ചത്തില്‍ കൂടുതല്‍ തെളിമയോടെ മനസ്സിലാക്കാന്‍ സഹായിക്കുന്നു.
“ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തു” (ഹെബ്രാ 9:14) ഇതരമതദര്‍ശനങ്ങളിലെ പുരോഹിതനില്‍നിന്ന് വിഭിന്നനാണ്. “ക്രിസ്തുവില്‍ നാമെല്ലാവരും ദൈവത്തിന്‍റെ നീതിയാകേണ്ടതിന് പാപം അറിയാത്തവനേ ദൈവം നമുക്കുവേണ്ടി പാപമാക്കി” (2 കൊരി 5:21). ഈ രണ്ട് വാക്യങ്ങളും ബിഷപ് ഷീൻ ഉദ്ധരിക്കുന്നുണ്ട്. മെല്‍ക്കീസദേക്കിന്‍റെ ക്രമപ്രകാരമുള്ള ക്രിസ്തുവിലെ പുരോഹിതനും (ഹെബ്രാ 7) നിത്യതമുതലേ യാഗത്തിനു സമർപ്പിതനായി നില്‍ക്കുന്ന ദൈവകുഞ്ഞാടിനേയും (വെളിപ്പാട് 13:8) നമുക്കു കാണുവാന്‍ സാധിക്കുന്നു. പുരോഹിതന്‍ സ്വയം യാഗമായിത്തീരുന്നു സവിശേഷതയാണ് ഈശോ മശിഹായുടെ പൗരോഹിത്യത്തെ ഇതര മതങ്ങളുടെ പൗരോഹിത്യ കാഴ്ചപ്പാടിൽ നിന്നും വിഭിന്നമാക്കുന്നത്.
ക്രിസ്തുവില്‍ പ്രധാനമായും ഒമ്പത് Priest – Victim താരതമ്യ പഠനങ്ങളാണ് ബിഷപ് ഷീന്‍ നടത്തുന്നത്. ക്രിസ്തുവിലെ പുരോഹിതന്‍ പരിശുദ്ധനായിരുന്നുവെങ്കില്‍ കുഞ്ഞാടായ ക്രിസ്തു പാപമാക്കപ്പെട്ടവനായിരുന്നു. പുരോഹിതന്‍ എന്ന നിലയില്‍ ഈ പാനപാത്രം ഒഴിഞ്ഞുപോകുവാന്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചുവെങ്കില്‍ കുഞ്ഞാടായവന്‍ ദൈവകോപത്തിന്‍റെ പാനപാത്രം മട്ടോളം കുടിച്ചു. പുരോഹിതനായ ക്രിസ്തു നിഷ്കളങ്കനായിരുന്നു, എന്നാല്‍ കുഞ്ഞാടായ ക്രിസ്തു കുറ്റക്കാരനായി പ്രഖ്യാപിക്കപ്പെട്ടവനായിരുന്നു. (personally sinless, officially guilty). ബിഷപ് ഷീനിന്‍റെ ഗ്രന്ഥത്തില്‍ മിഴിനട്ടിരുന്നാല്‍ ദൈവിക വെളിപ്പാടുകളുടെ ശാന്തമായ തിരകൾ നിരന്തരം അതിൽ ഉയരുന്നതു കാണാം.
”തിരുപ്പട്ട കൂദാശയുടെ ശക്തിയാല്‍ പുരോഹിതന്‍ ശിരസ്സായ ക്രിസ്തുവിന്‍റെ വ്യക്തിത്വത്തില്‍ പ്രവര്‍ത്തിക്കുന്നു (in persona Christi Capitis). യേശുക്രിസ്തുവെന്ന അതേ പുരോഹിതനിലെ വിശുദ്ധ വ്യക്തിയേയാണ് അവിടുത്തെ ശുശ്രൂഷകന്‍ സംവഹിക്കുന്നത്. ഈ ശുശ്രൂഷകന്‍ താന്‍ സ്വീകരിക്കുന്ന പൗരോഹിത്യ പ്രതിഷ്ഠമൂലം മഹാപുരോഹിതനെപ്പോലെ ആയിത്തീരുന്നു. ക്രിസ്തുവിന്‍റെ വ്യക്തിത്വത്തോടും അവിടുത്തെ ശക്തിയോടുംകൂടി പ്രവര്‍ത്തിക്കാനുള്ള അധികാരം അദ്ദേഹത്തിന് കരഗതമായിരിക്കുന്നു. ക്രിസ്തുവാണ് പൗരോഹിത്യത്തിന്‍റെ മുഴുവന്‍ ഉറവിടം. പഴയനിമയത്തില്‍ പുരോഹിതന്‍ ക്രിസ്തുവിന്‍റെ പ്രതിരൂപമായിരുന്നു, പുതിയനിയമത്തില്‍ പുരോഹിതന്‍ ക്രിസ്തുവിന് പകരം നിന്നു പ്രവര്‍ത്തിക്കുന്നു” (മതബോധന ഗ്രന്ഥം 1548).
കത്തോലിക്കാ സഭ ശുശ്രൂഷാ പൗരോഹിത്യത്തെ എത്രമേല്‍ മഹത്തരമായി കാണുന്നു എന്നതിന്‍റെ തെളിവാണ് ഈ പ്രസ്താവന.
പാപം ചെയ്ത് ദൈവിക വ്യവസ്ഥിതിയോടു വിധേയപ്പെടാതെ അകന്നുപോയ മനുഷ്യവര്‍ഗ്ഗത്തെ തന്നോടു ചേര്‍ത്തുനിര്‍ത്തിയ ദൈവികപദ്ധതിയുടെ വര്‍ത്തമാനകാല ആവിഷ്കാരങ്ങളാണ് ഓരോ വിശുദ്ധകുര്‍ബാനയും. കുരിശില്‍ നമ്മുടെ കര്‍ത്താവ് ഏകനായിരുന്നു, എന്നാല്‍ വിശുദ്ധ കുര്‍ബാനയില്‍ സഭയായ നമ്മളെല്ലാവരും അവനോട് ഒത്തുചേരുന്നു. അപ്പവും വീഞ്ഞുമാണ് ക്രൈസ്തവ പൗരോഹിത്യത്തിന്‍റെ അടയാളമായി ഉയര്‍ത്തിക്കാണിക്കുന്നത്. അനേകം ഗോതമ്പുമണികള്‍ പൊടിഞ്ഞു ചേർന്ന അപ്പവും നിരവധി മുന്തിരികൾ പിഴിഞ്ഞെടുത്ത വീഞ്ഞും പുരോഹിതന്‍ തന്‍റെ കൈകളില്‍ ഉയര്‍ത്തുമ്പോള്‍ പന്തക്കുസ്താ മുതല്‍ പരൂസിയാ വരെയുള്ള കാലത്തിനിടയിലുള്ള മുഴുവന്‍ വിശ്വാസികളുടെയും ഐക്യമാണ് ആ കൈകളില്‍ ഉയരുന്നത്. ബിഷപ് ഷീനിന്‍റെ ചിന്തകളിൽ ഇതെല്ലാം നമുക്കു കാണാം. ഈ ഘട്ടത്തിലാണ് വൈദികരുടെ ഇടയില്‍ രൂപംകൊള്ളുന്ന വിമതപ്രവര്‍ത്തനങ്ങള്‍ ഗൗരവമുള്ള വിഷയമായി കാണേണ്ടി വരുന്നത്.
സഭയുടെ ഐക്യത്തിന്‍റെ പ്രവാചകനായ പുരോഹിതന് എങ്ങനെയാണ് റിബലിയസ് ആകാന്‍ കഴിയുക ? ക്രിസ്തുസംഭവങ്ങളിലെ തീക്ഷ്ണമായ പ്രമേയങ്ങളെ ദിനംതോറും പരികര്‍മ്മം ചെയ്യുന്ന പുരോഹിതന് എങ്ങനെയാണ് റിബല്‍ പ്രീസ്റ്റ് ആയിത്തീരാന്‍ കഴിയുക? ക്രൈസ്തവ പൗരോഹിത്യവും റിബലിസവും ഒരുവിധത്തിലും ചേര്‍ന്നുപോകില്ല. എന്നാല്‍ ഈ വൈരുദ്ധ്യങ്ങളുടെ സംയുക്തമാണ് തങ്ങളെന്ന് ഒരുപറ്റം വൈദികര്‍ യാതൊരു മടിയുമില്ലാതെ പ്രഖ്യാപിക്കുമ്പോള്‍ അവര്‍ ഇതേവരെ ക്രിസ്തുവിനെയും അവിടുത്തെ യാഗത്തെയും മനസ്സിലാക്കിയിട്ടില്ല എന്നൊരു ആശങ്കയാണ് പങ്കുവയ്ക്കാനുള്ളത്. യഹൂദ, പാഗന്‍ പുരോഹിതരേപ്പോലെ ക്രൈസ്തവ പൗരോഹിത്യത്തെയും തരംതാഴ്ത്തുകയാണ് എറണാകുളം അങ്കമാലി അതിരൂപതയിലേ വിമത വൈദികര്‍ ചെയ്യുന്നത് എന്ന് ദുഃഖത്തോടെ തുറന്നു പറയേണ്ടിവരുന്നു.
ആദിമസഭ വിശുദ്ധകുര്‍ബാനയില്‍ ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന ആരാധനാഗീതങ്ങൾ പലതും പൗലോസിന്‍റെ കാരാഗ്രഹ ലേഖനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് പല പണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഫിലിപ്പിയ, കൊളോസ്യ ലേഖനങ്ങളിലെ ചില വാക്യങ്ങള്‍ ആദിമസഭയുടെ ഗീതങ്ങളായിരുന്നുവെന്നോ, ഒരുപക്ഷേ ഈ ഗീതങ്ങള്‍ പൗലോസ് രചിച്ചവയായിരുന്നുവെന്നോ കരുതുന്നവരുണ്ട്. ആദിമസഭയുടെ ഗാനങ്ങളില്‍നിന്നും “ക്രിസ്തുവിന്‍റെ ഔന്നിത്യം” വിവരിച്ചുകൊണ്ടുള്ള എതാനും ഗീതങ്ങളായിരുന്നു കൊളോസ്യലേഖനം 1:15-21 ഉള്ളതെങ്കില്‍, “ക്രിസ്തുവിന്‍റെ മനോഭാവത്തെ ” വെളിപ്പെടുത്തുന്ന വരികളായിരുന്നു ഫിലിപ്പിയര്‍ 2:6-11ല്‍ ഉപയോഗിച്ചിരുന്നത്. ഈ രണ്ട് ലേഖനങ്ങളിലുമുള്ള ഗീതശകലങ്ങളില്‍ വളരെ സാമ്യമുള്ള ഒരു വിഷയമുണ്ട്. ക്രിസ്തു കുരിശില്‍ ചിന്തിയ രക്തംവഴി സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലതിനേയും അനുരഞ്ജിപ്പിച്ചതായി കൊളോസ്യര്‍ 1:20ല്‍ വായിക്കുമ്പോള്‍ അനുസരണമുള്ളവനായി കുരിശുമരണംവരെ തന്നെത്തന്നെ താഴ്ത്തുവാന്‍ തയ്യാറായ ക്രിസ്തുവിന്‍റെ മനോഭാവമാണ് ഫിലിപ്പിയ ലേഖനത്തിലെ പ്രതിപാദ്യവിഷയം. ക്രിസ്തുവിന്‍റെ താഴ്മയും അനുസരണവും എടുത്തുപറയുന്ന ഈ ഭാഗത്തിനൊടുവില്‍ പറയുന്നു: “ആകയാല്‍ ദൈവം അവനെ അത്യധികം ഉയര്‍ത്തി”
അനുസരണത്തിന്‍റെ പരകോടിയില്‍ വിരാജിച്ച ദൈവപുത്രന്‍റെ പൗരോഹിത്യത്തെ പ്രതിനിധാനം ചെയ്യാന്‍ ഒരു അനുസരണംകെട്ട വൈദിന് എങ്ങനെ കഴിയും? ട്രേഡ് യൂണിയന്‍ അംഗങ്ങളെപ്പോലെ സംഘടിതമായി നിന്നുകൊണ്ട് സഭയോട് അനുസരണക്കേടു കാണിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുന്നത് എത്രമേല്‍ ജുഗുപ്സാവഹമാണ്! തങ്ങളുടെ സംഘടിതബോധത്തിനു മുന്നില്‍ ദൈവവചനസത്യങ്ങളെ നിഷേധിച്ചുകൊണ്ടാണ് ഓരോ റിബല്‍ വൈദികനും ദിനംതോറും അള്‍ത്താരയേയും ബലിപീഠത്തേയും മലീമസമാക്കുകയാണ്.
വിശുദ്ധകുര്‍ബാന ഉള്‍പ്പെടെ എല്ലാ കൂദാശകളുടെയും ആത്യന്തികലക്ഷ്യം വിശ്വാസികളെ കൂടുതല്‍ കൂടുതല്‍ ക്രിസ്ത്വാനുകരണ തീക്ഷ്ണതയുള്ളവരാക്കി മാറ്റുക എന്നതാണ്. പ്രാര്‍ത്ഥനകളും കൂദാശകളും സുവിശേഷപ്രസംഗങ്ങളുമെല്ലാം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് ക്രിസ്തുവിന്‍റെ മനോഭാവത്തോടെ നടക്കാന്‍ (1 യോഹ 2:6) ഓരോ വിശ്വാസിയെയും പരിശീലിപ്പിക്കുവാനാണ്. എന്നാല്‍ അനുസരണംകെട്ട പുരോഹിതരുടെ ശുശ്രൂഷകൾ ആരിലും ക്രിസ്ത്വാനുകരണ തൃഷ്ണ ഉണ്ടാക്കുന്നില്ല. ശത്രുവിനെ കാണുമ്പോൾ ഓടിപ്പോകുന്ന കൂലിക്കാരന്‍റെ മനസ്സാണ് ഇത്തരക്കാരേ ഭരിക്കുന്നത്.
മാര്‍ നെസ്തോറിയസിന്‍റെ (എഡി 380-451) അനാഫറയിലെ ശ്രദ്ധേയമായ ഒരു പ്രാര്‍ത്ഥന ക്രൈസ്തവസഭയിലെ ശുശ്രൂഷാപൗരോഹിത്യത്തിന്‍റെയും ബലിയര്‍പ്പണത്തിന്‍റെയും ശ്രേഷ്ഠതയെ വെളിപ്പെടുത്തുന്നതാണ്. “പ്രവാചകന്മാര്‍ പ്രതീകങ്ങളിലൂടെ സൂചിപ്പിച്ചതും ശ്ലീഹന്മാര്‍ പരസ്യമായി പ്രസംഗിച്ചതും രക്തസാക്ഷികള്‍ ജീവാര്‍പ്പണംകൊണ്ട് സ്വന്തമാക്കിയതും മല്‍പ്പാന്മാര്‍ ദൈവാലയങ്ങളില്‍ വ്യാഖ്യാനിച്ചതും പുരോഹിതന്മാര്‍ വിശുദ്ധ ബലിപീഠത്തിന്മേല്‍ അര്‍പ്പിച്ചതും മ്ശംശാനന്മാര്‍ തങ്ങളുടെ കരങ്ങളില്‍ വഹിച്ചതും ജനതകള്‍ പാപപ്പരിഹാരത്തിനായി സ്വീകരിച്ചതുമായ, മനുഷ്യവംശത്തിന്‍റെ ആദ്യഫലമായ മശിഹായുടെ സജീവവും മാനുഷികവും രക്തരഹിതവുമായ കുര്‍ബാന സര്‍വ്വസൃഷ്ടികള്‍ക്കുംവേണ്ടി സകലത്തിന്‍റെയും നാഥനായ ദൈവത്തിന് എല്ലായിടത്തും അര്‍പ്പിക്കപ്പെടുന്നു”. പവിത്രമായ ബലിവേദിയില്‍ നിന്നുകൊണ്ട് “ബലിയര്‍പ്പിക്കാന്‍ തന്നെ നിയോഗിച്ച കര്‍ത്താവിന് നന്ദി” പറഞ്ഞുകൊണ്ടാണ് ശ്രേഷ്ഠമായ പൗരോഹിത്യത്തിന്‍റെ മൂല്യം തിരിച്ചറിഞ്ഞ മാര്‍ നൊസ്തോറിയസിന്‍റെ അനാഫറ ആരംഭിക്കുന്നത്.
പൗരോഹിത്യത്തെക്കുറിച്ച് മാര്‍ നൊസ്തോറിയസിനുണ്ടായ ഈ തിരിച്ചറിവാണ് മദ്ബഹായിലേക്ക് പ്രവേശിക്കുന്ന ഓരോ പുരോഹിതനും ഉണ്ടായിരിക്കേണ്ടത്. മദ്ബഹായിലും അതിനു വെളിയിലും താന്‍ പുരോഹിതനാണ് എന്ന ബോധ്യം കാത്തുസൂക്ഷിക്കുക എന്നതാണ് പരമപ്രധാനം. അപ്പവീഞ്ഞുകള്‍ കൈകളില്‍ ഉയര്‍ത്തുന്നതോ ലിറ്റര്‍ജിയിലുള്ള ആഴമേറിയ അറിവോ ആരേയും പുരോഹിതനാക്കില്ല, അനുസരണവും താഴ്മയുമുള്ള ജീവിതംകൊണ്ടാണ് ക്രിസ്തുവിന്‍റെ പൗരോഹിത്യം തെളിയിക്കേണ്ടത്.