മലയാളി നേഴ്സ് സാലി രാജു (47) ഓസ്ട്രേലിയയിൽ നിര്യാതയായി . പെര്‍ത്തിലെ മിഡ്‌ലാന്‍ഡില്‍ താമസിക്കുന്ന രാജു പുലവിങ്കലിന്റെ ഭാര്യ സാലി രാജുവാണ് നിര്യാതയായത് . ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നേഴ്‌സായിരുന്നു. കോവിഡിനെതുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഷോപ്പിങ്ങിനു പോകാന്‍ തയാറാകുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. മരണസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ലിഞ്ചു (24), ലിജോ (21), ലിനോ (11) എന്നിവര്‍ മക്കളാണ്.
പെരിന്തല്‍മണ്ണ മേലാറ്റൂര്‍ പാതിരിക്കോട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ് സാലി. എറണാകുളം പെരുമ്പാവൂരിലെ ഐരാപുരം പോക്കാട്ട് വര്‍ഗീസിന്റെയും ശോശാമ്മയുടെയും മകളാണ്.
ചിന്നമ്മ, മേരി. സാജു. ബീന. ബിജോയ് എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം പിന്നീട്.
സാലി രാജുവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഡോ. ഐഷ വി
ചിരവത്തോട്ടത്ത് വലിയ വിള വീട്ടിലെ ചാമ്പയ്ക്ക തോട്ട വച്ച് പറിച്ചിട്ടു തരുമ്പോൾ അമ്മ പറഞ്ഞു:” ഈ ചാമ്പ വല്യമാമൻ തിരുവനന്തപുരം ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത് അവിടെ താമസിച്ചിരുന്ന വീട്ടിൽ നിന്നും വിത്തു കൊണ്ടുവന്ന് നട്ടതാണ്.” നല്ല ചുവന്നുതുടുത്ത ചാമ്പയ്ക്കകൾ തിന്നുമ്പോൾ വിത്തു കൊണ്ടുവന്ന് നട്ട വല്യമാമന് മനസ്സാലെ നന്ദി പറഞ്ഞു കൊണ്ട് ചിറക്കരത്താഴത്തെ വീട്ടിൽ നടാനായി കുറച്ച് വിത്തുകൾ കൂടി ഞാൻ ശേഖരിച്ചു. മാത്രമല്ല അത് നട്ട് പിടിപ്പിക്കുകയും ചെയ്തു.
അമ്മയുടെ അച്ഛനും അമ്മയുടെ അച്ഛന്റെ പൂർവ്വികരും ആയുർവേദ വിജ്ഞാനം പാരമ്പര്യമായി കിട്ടിയ വൈദ്യന്മാർ ആയിരുന്നു. എന്നാൽ വല്യമാമൻ തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിലാണ് പഠിച്ചത് എന്ന വിവരം അന്ന് ചാമ്പയ്ക്ക പറിക്കുന്നതിനിടയിലാണ് എനിക്ക് ലഭിച്ചത്. വല്യമാമൻ ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത്(1950 കളിൽ) ഇന്റഗ്രേറ്റഡ് മെഡിസിൻ കോഴ്സായിരുന്നു. ആയുർവേദ ഡോക്ടർമാർക്ക് അലോപ്പതി കൂടി പ്രാക്ടീസ് ചെയ്യാൻ കഴിയുമായിരുന്നു. പിന്നീട് അലോപ്പതിക്കാരുടെ പ്രതിഷേധം മൂലം അത് നിർത്തലാക്കി.
ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത് പാഠ്യപദ്ധതിയിൽ ഇല്ലാതിരുന്ന ചില അറിവുകൾ കൂടി വല്യമാമനുണ്ടായിരുന്നു. അവയിൽ ചിലത് പാരമ്പര്യമായി ലഭിച്ച അറിവുകളാണ്. പിന്നെ ആയുർവേദ ചികിത്സയ്ക്കായി ലോഹഭസ്മങ്ങൾ തയ്യാറാക്കുന്ന വിധം വല്യമാമന് അറിയാമായിരുന്നു..
കൊല്ലം പരവൂരിലെ അകന്ന ബന്ധുവായ ഒരു സന്യാസിയുടെ പക്കൽ നിന്നും ലഭിച്ച അറിവുകളാണത്. വല്യമാമന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന് സന്നിപാതജ്വരം ബാധിക്കുകയുണ്ടായി. രോഗം മൂർച്ഛിച്ച് അദ്ദേഹം മരണാസന്നനായി. ആ സമയത്ത് വല്യമാമൻ ഈശ്വരനെ കണ്ടു എന്നാണ് അമ്മ പറഞ്ഞുള്ള അറിവ്. ശക്തമായ പ്രകാശമായാണ് അദ്ദേഹം ഈശ്വരനെ ദർശിച്ചത്. മരണാസന്നനായ വല്യമാമനെ അദ്ദേഹത്തിന്റെ അച്ഛനമ്മമാർ പരവൂരിലെ സന്യാസിയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. സന്യാസി ഈയം, ഗന്ധകം , പിത്തള തുടങ്ങിയവ നീറ്റിയ ഭസ്മവും മറ്റും ചേർന്ന ആയുർവേദമരുന്നുകൾ വല്യമാമന് നൽകി. അസുഖം പൂർണ്ണമായും ഭേദമായി. പഥ്യത്തിന്റെ ഭാഗമായി മത്സ്യ മാംസാദികൾ ഒഴിവാക്കാൻ സന്യാസി നിർദ്ദേശിച്ചിരുന്നു. വല്യമാമൻ മത്സ്യമാംസാദികൾ എന്നെന്നേയ്ക്കുമായി ഒഴിവാക്കി. സന്നിപാതജ്വരം ( ടൈഫോയിഡ് ) കുടലിനെ ബാധിക്കുന്ന അസുഖമാണ്. അത് വന്നതിനു ശേഷം വല്യമാമൻ ഭക്ഷണം കഴിക്കാനുള്ള പാത്രം ചൂടുവെള്ളത്തിൽ കഴുകിയേ ഉപയോഗിച്ചിരുന്നുള്ളൂ. വല്യമാമൻ ആയൂർവേദ കോളേജിലെ പഠനത്തിനു ശേഷം പരവൂരിലെസന്യാസിയുടെ അടുത്ത് പോയി മരുന്നിനായി ലോഹ ഭസ്മങ്ങൾ നീറ്റിയെടുക്കുന്ന വിധവും അതിന്റെ പ്രയോഗവും പഠിച്ചു. രസം( മെർക്കുറി), സ്വർണ്ണം മുതലായവ അതിൽപ്പെടും.
സന്യാസിയുടെ ജീവിത രീതിയിൽ ആകൃഷ്ടനായിട്ടാകണം വല്യമാമൻ അവിവാഹിതനായി തുടർന്നു. ജീവിതാവസാനം വരെ രോഗികളെ നന്നായി ചികിത്സിയ്ക്കുന്ന അവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച കൈപ്പുണ്യമുള്ള വൈദ്യനായിരുന്നു അദ്ദേഹം. പല ആയുർവേദ മരുന്നു കമ്പനിക്കാരും വല്യമാമന്റെ പക്കൽ നിന്നും ലോഹ ഭസ്മങ്ങൾ തയ്യാറാക്കുന്ന വിധം പഠിച്ചിരുന്നു.
രോഗികൾക്ക് രോഗം പൂർണ്ണമായും ഭേദമാകാനായി വീട്ടിൽത്തന്നെ മരുന്നുണ്ടാക്കി നൽകാനും അദ്ദേഹം മടിച്ചില്ല. പാവപ്പെട്ട രോഗികൾക്ക് സൗജന്യങ്ങളും അദ്ദേഹം ചെയ്തിരുന്നു. രോഗം മാറുക എന്ന ഒറ്റ ലക്ഷ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ മരുന്നുത്പാദിപ്പിയ്ക്കാനുള്ള ചിലവ് വരവിനേക്കാൾ കൂടുതലുമായിരുന്നു. സാമ്പത്തികം കമ്മി.

പക്ഷേ രോഗം ഭേദമായവർ അദ്ദേഹത്തെ ദൈവതുല്യനായി കണ്ടു. ഗർഭപാത്രത്തിൽ ടി ബി(ക്ഷയരോഗം) ബാധിച്ച് 18 ദിവസത്തോളം ബോധരഹിതയായ ഒരു സ്ത്രീയെ അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയിരുന്നു. മറ്റു സ്പെഷ്യലിസ്റ്റുകൾ ഒന്നും നാട്ടിലില്ലാതിരുന്ന കാലത്ത് ഒരു വിധം എല്ലാ രോഗത്തിനും അദ്ദേഹം തന്നെ പരിഹാരം കണ്ടെത്തിയിരുന്നു. ആയുർവേദ മരുന്നുകൾ നിർമ്മിക്കാൻ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും പശുക്കളെ വളർത്തുകയും ചെയ്തിരുന്നു. അങ്ങനെ ഒരാൾ വല്യമാമൻ വൈദ്യശാലയിലായിരുന്ന സമയത്ത് ചെവിപഴുത്ത ഒരു പശുവിനെ വീട്ടിലെത്തിച്ച ശേഷം അതിന്റെ വില വൈദ്യശാലയിലെത്തി വാങ്ങിച്ച് കടന്നു കളഞ്ഞു. വീട്ടിലെത്തിയ വല്യമാമൻ പശുവിനെ കാണാനായി ചെന്നപ്പോഴാണ് പശുവിന്റെ ചെവിയിൽ നിന്നും ദുർഗന്ധം വമിയ്ക്കുന്ന വിവരം മനസ്സിലായത്. അദ്ദേഹം പശുവിന്റെ ചെവിയിലെ പഴുപ്പെടുത്ത് കൾചർ ചെയ്ത് ഏതണുവാണെന്ന് മനസ്സിലാക്കിയ ശേഷം ആയുർവേദ മരുന്നുകൾ കൊടുത്ത് പശുവിനെ പൂർണ്ണമായും സുഖപ്പെടുത്തി.
സാധാരണ ഗതിയിൽ അറവു വിലയ്ക്ക് വിൽക്കേണ്ടിയിരുന്ന പശുവിന് ആയുസ്സ് നീട്ടി കിട്ടി. അതിന്റെ നന്ദി സൂചകമായി പശു വല്യ മാമനെ കാണുമ്പോൾ നീട്ടി വിളിച്ച് ശബ്ദമുണ്ടാക്കി സ്നേഹം പ്രകടിപ്പിച്ചിരുന്നു. പ്രദേശനിവാസിയായ ശ്രീ സഖാവ് സുകുമാരൻ അദ്ദേഹം മരിക്കുന്നതിന് ഒരാഴ്ച മുമ്പ് എന്നെ ബസ് സ്റ്റോപ്പിൽ വച്ച് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മകൾ കുട്ടിയായിരുന്നപ്പോൾ കാലിലുണ്ടായിരുന്ന ഒരു വ്രണം വല്യമാമൻ ചികിത്സിച്ച് ഭേദമാക്കിയ അനുഭവം പങ്കു വച്ചു. കുട്ടിയുടെ കാലിൽ പൊള്ളൽ പോലെ വന്ന് പൊട്ടിയ വ്രണം പല സ്ഥലങ്ങളിൽ കൊണ്ടുപോയി ചികിത്സിച്ചിട്ടും ദേദമാകാതെ നിന്നു . കുട്ടി കരച്ചിലോട് കരച്ചിൽ. അതു വഴി പോവുകയായിരുന്ന വല്യമാമൻ കുട്ടിയുടെ കരച്ചിലിന്റെ കാരണമന്വേഷിച്ചു. വ്രണമാണ് കാരണമെന്നറിഞ്ഞപ്പോൾ വ്രണം പരിശോധിച്ചു. പിന്നെ വല്യമാമൻ വെറ്റിലയും ചുണ്ണാമ്പും ആവശ്യപ്പെട്ടു. അവർ അത് സംഘടിപ്പിച്ച് കൊടുത്തു.അത് കൈ വെള്ളയിലിട്ട് തിരുകിയെടുത്ത ചാറ് കുട്ടിയുടെ കാലിലെ വ്രണത്തിൽ ഒഴിച്ചു കൊടുത്തു. കുട്ടി നീറ്റൽ കൊണ്ട് പുളഞ്ഞെങ്കിലും അന്ന് വൈകുന്നേരത്തോടെ വ്രണം കരിയാൻ ആരംഭിച്ചു. മൂന്ന് ദിവസം മൂന്ന് നേരം ഇതാവർത്തിച്ചപ്പോൾ വ്രണം പൂർണ്ണമായും ഭേദമായി. ഒരു രൂപയുടെ ചിലവു പോലുമില്ലാതെയാണ് ആ വ്രണം അന്ന് ഭേദമാക്കിയത്.
ആർത്തവ വേദന ഒഴിവാക്കാനായി അഭയാരിഷ്ടം ത്രിഫലാദി ചൂർണ്ണം തേനിൽ കുഴച്ചത് എന്നിവ എനിക്ക് നൽകിയിരുന്നു. ഞങ്ങൾ നാട്ടിലെത്തിയ കാലം മുതൽ കുടുംബാംഗങ്ങളുടെയെല്ലാം ചികിത്സ നിർവ്വഹിച്ചിരുന്നത് അദ്ദേഹമാണ്. ഞാൻ എംസിഎയ്ക്ക് പഠിക്കുന്ന സമയത്ത് പാണിനിയൻ വ്യാകരണം നാച്ചുറൽ ലാങ്വേജ് പ്രോസസിംങ്ങിന് പറ്റിയതാണെന്ന് പറഞ്ഞപ്പോൾ പാണിനിയുടെ സംസ്കൃതവ്യാകരണപുസ്തകം അദ്ദേഹം എനിക്കു നൽകി. ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ശീലം വല്യമാമനുണ്ടായിരുന്നു. മെഡിക്കൽ ജേർണലുകൾ വായിച്ച് അദ്ദേഹം അറിവ് കാലാനുസൃതമാക്കിയിരുന്നു. കേരള ഭാഷാ ഇൻസ്ടിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മഹാഭാരത തർജ്ജമയും നിത്യചൈതന്യ യതിയുടെ ഗീതാ വ്യഖ്യാനവും പരിണാമ സിദ്ധാന്തങ്ങളും അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിലുണ്ടായിരുന്നു. വായിക്കുന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങൾ അടി വരയിടുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ എന്റെ അനുജത്തി കണ്ട ഒരംശമാണ് ” പ്രമേഹ രോഗികൾക്ക് കുമ്പളങ്ങ ആഹാരവും ഔഷധവുമാണ്” എന്നത്. ഞങ്ങൾക്കും അദ്ദേഹം ധാരാളം പുസ്തകങ്ങൾ സമ്മാനിച്ചിരുന്നു. വല്യ മാമൻ സമ്മാനിച്ചതായി എന്തെങ്കിലുമൊക്കെ സാധനങ്ങൾ ഞങ്ങളുടെ വീട്ടിനകത്തും ചെടികളും വൃക്ഷങ്ങളും വീട്ടിന് പുറത്തും ഉണ്ട് . 1999 ജൂണിൽ അദ്ദേഹം മരിച്ചെങ്കിലും ഇന്നും അവ കാണുമ്പോൾ ഞങ്ങൾ വല്യമാമനെ ഓർത്തു പോകും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
1. മംഗോ ലസ്സി
ആവശ്യമുള്ള ചേരുവകൾ:
1: പഴുത്ത മാങ്ങാ ( ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞത് ) : 2 എണ്ണം
അല്ലെങ്കിൽ കേസർ/അൽഫോൻസോ മംഗോ പൾപ്പ്-
1 / 2 കപ്പ്
2: പുളിയില്ലാത്ത തൈര് : 1 കപ്പ്
3: പഞ്ചസാര : 4-5 സ്പൂണ്‍ (മധുരം അനുസരിച്ച് )
4: ഐസ് കട്ട -3 എണ്ണം
5.ഏലക്ക -1 എണ്ണം തൊലി കളഞ്ഞ്
തയ്യാറാക്കേണ്ട വിധം :
1: പഴുത്ത മാങ്ങാ അല്ലെങ്കിൽ മംഗോ പൾപ്പ് , തൈര് , പഞ്ചസാര , ഐസ് കട്ട , എന്നിവ നന്നായി മിക്സിയിൽ ഇട്ടു 3 – 5 മിനിറ്റ് നന്നായി അടിച്ചെടുക്കുക.
2: സ്വാദേറിയ മംഗോ ലസ്സി ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു കുടിക്കുക.

2. പിന്യാ കോളാഡാ
• പൈനാപ്പിൾ മുറിച്ചത് -1 കപ്പ്
• പൈനാപ്പിൾ ജ്യൂസ് – ½ കപ്പ്
• കോക്കനട്ട് ക്രീം – 5 ടേബിൾ സ്പൂൺ
• പഞ്ചസാര – 4-5 ടീ സ്പൂൺ
• ഐസ് കട്ട – 4 എണ്ണം
തയ്യാറാക്കേണ്ട വിധം :
• മേല്പറഞ്ഞ ചേരുവകൾ എല്ലാം മിക്സിയിൽ നന്നായി അടിച്ചെടുക്കുക
• ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം ഗ്ലാസിൽ, ചെറുതായി അരിഞ്ഞ പൈൻആപ്പിൾ കക്ഷണങ്ങൾ വിതറി സെർവ് ചെയ്യാം
മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ പരാതിയുമായി സംഗീതജ്ഞന്‍ ലിനുലാല്‍. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്ന് ലിനു ലാല്‍ പറഞ്ഞു. ഫേസ്ബുക്കില്‍ വീഡിയോയിലൂടെയായിരുന്നു ലിനു ലാലിന്റെ പ്രതികരണം.
മൂന്നും നാലും വയസ് മുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തുപോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍.
അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നുപറഞ്ഞാല്‍. പുതിയൊരു സോങ് കമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ലിനുലാല്‍ പറഞ്ഞു.
ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും സാധാരണ ഒരു ഗാനം പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ദാസ് സാറൊക്കെ ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ പാടിയിട്ടുണ്ട്. അതുപോലെ ചിത്ര ചേച്ചി. മധുബാലകൃഷ്ണനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു പാട്ട് പാടിപ്പോകും. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020 ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്നും ലിനു പറഞ്ഞു.
‘ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. അവരെ എനിക്ക് അധികം ഇഷ്ടമാണ്. ആ ഫോക് സോങ് അവര് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടുകൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്.
അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു,’ ലിനു പറഞ്ഞു.
അതേസമയം, ഗായികമാരായ സിതാര കൃഷ്ണകുമാറും സുജാതയും മാത്രമായിരുന്നു പുരസ്‌കാര നേട്ടത്തില്‍ നഞ്ചിയമ്മക്ക് അഭനന്ദനവുമായി എത്തിയിരുന്നത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ കലക്കാത്ത എന്ന ഗാനത്തിനാണ് മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം ഗായിക നഞ്ചിയമ്മയെ തേടിയെത്തിയത്. കഴിഞ്ഞ സംസ്ഥാന അവാര്‍ഡ് വേളയില്‍ പ്രത്യേക ജൂറി അവാര്‍ഡും നഞ്ചിയമ്മക്കുണ്ടായിരുന്നു.
അമ്മയുടെ കറിൽ നിന്ന് ഇറങ്ങി സ്‌കൂൾ ബസിൽ കയറാൻ റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കിഷോർ – ലിസി ദമ്പതികളുടെ മകൾ നന്ദിതയാണ് മരിച്ചത്.കണ്ണൂരിൽ ശനിയാഴ്ച രാവിലെ 7.45 ഓടെയാണ് അപകടം നടന്നത്.
കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവനിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു നന്ദിത. കണ്ണൂർ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. സ്‌കൂൾ ബസിൽ കയറാൻ രാവിലെ അമ്മയ്‌ക്കൊപ്പം കാറിൽ വന്ന വിദ്യാർഥിനി റെയിൽവെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറിൽനിന്ന് ഇറങ്ങി റെയിൽവെ ട്രാക്ക് മുറിച്ച് കടന്നു. ഈ സമയം, ബാഗ് തീവണ്ടിയിൽ കുരുങ്ങി, ഇതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്.
സ്‌കൂൾ ബസ് പതിവായി എത്തുന്ന സ്ഥലത്തേക്ക് നടന്ന് പോകുകയായിരുന്നു അപകടം. അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്. നാട്ടുകാർ ഉടൻതന്നെ കുട്ടിയെ എ.കെ.ജി ആശുപത്രിയിലും മിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിസിയുടെ ഭർത്താവ് നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.
വീട്ടിലെ ഓമനമൃഗത്തെ കുടുംബത്തിലെ ഒരംഗമായിട്ടാണ് മിക്കവരും കാണുക. ആ വളർത്തുമൃഗത്തിന്റെ മരണം വലിയ ശൂന്യതയാണ് ചിലരുടെ ജീവിതത്തിലുണ്ടാക്കുക. വേണ്ടപ്പെട്ട ഒരാൾ നഷ്ടപ്പെട്ട വേദന എന്നും ഉള്ളിൽ പേറുന്ന ഒട്ടനേകം പേരുണ്ടാകു. ഇപ്പോഴിതാ സ്വന്തം ജീവൻ ത്യാഗം ചെയ്ത് മറ്റൊരു ജീവിയെ രക്ഷിക്കാൻ ശ്രമിച്ച പൂവൻകോഴിയാണ് വാർത്തകളിൽ നിറയുന്നത്.
തങ്ങളുടെ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പോലും ബലികൊടുത്ത ഈ പൂവൻകോഴിക്കായി കുടുംബം വിപുലമായ മരണാനന്തര ചടങ്ങുകൾ തന്നെ നടത്തുകയായിരുന്നു. ഉത്തർപ്രദേശിലെ ഫതൻപൂരിലെ ഒരു കുടുംബത്തിലാണ് സംഭവം.
വീട്ടിലെ പ്രിയപ്പെട്ട കോഴിയുടെ മരണാനന്തര ചടങ്ങുകൾ 500ലധികം പേരെ പങ്കെടുപ്പിച്ചാണ് ഈ കുടുംബം നടത്തിയത്. സംഭവം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. പൂവൻകോഴി മരിച്ച് കൃത്യം പതിമൂന്ന് ദിവസത്തിനുള്ളിലാണ് ആചാരപ്രകാരം മരണാനന്തര ചടങ്ങ് നടത്തിയത്. പ്രതാപ്ഗഡ് ജില്ലയിലെ ബഹ്ദൗൾകാല ഗ്രാമത്തിലെ ചടങ്ങിലേക്ക് 500ലധികം പേരെ ക്ഷണിച്ചിരുന്നു.
ലാൽജി എന്ന് വീട്ടുകാർ സ്‌നേഹത്തോടെ വിളിച്ചിരുന്ന പൂവൻ കോഴിയെയാണ് ഇവർക്ക് നഷ്ടമായത്. ഡോ. സൽക്‌റാം സരോജും കുടുംബവുമാണ് പൂവൻകോഴിയുടെ ഉടമകൾ. ഒരു ദിവസം വീട്ടിലേക്ക് അതിക്രമിച്ച് കടന്ന നായയോട് മല്ലിട്ടാണ് പൂവൻകോഴി ഇഹലോകവാസം വെടിഞ്ഞത്. മുറ്റത്ത് വലിയ ബഹളം കേട്ട് ചെന്ന് നോക്കിയ സൽക്‌റാം കാണുന്നത് വീട്ടിലെ ആട്ടിൻകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച നായയെ കോഴി തുരത്താൻ ശ്രമിക്കുന്നതാണ്. ഇദ്ദേഹം ലാൽജിയുടെ അരികിലേക്ക് ഓടിയെത്തി നായയെ തുരത്തി കോഴിയെ കൈയിലെടുത്തെങ്കിലും സാരമായി പരിക്കേറ്റ് കോഴി മരണപ്പെടുകയായിരുന്നു.
ലാൽജി തങ്ങളുടെ വീട്ടിലെ അംഗമായതിനാൽ ആത്മാവിനായി എല്ലാ ചടങ്ങുകളും നടത്തണമെന്ന ഇറച്ചതീരുമാനമായിരുന്നു കുടുംബം കൈക്കൊണ്ടത്. തുടർന്ന് ചടങ്ങുകൾ അനുസരിച്ച് മരിച്ചതിന്റെ പതിമൂന്നാം നാളിൽ നാട്ടിലെ ആളുകളെ വിളിച്ചുകൂട്ടി കർമ്മങ്ങൾ നടത്തുകയും ചെയ്തു. ലാൽജി കോഴിയെ നഷ്ടപ്പെട്ടതിന്റെ വേദന തങ്ങൾ അതിജീവിച്ചുവരികയാണെന്നു സൽക്‌റാം പ്രതികരിച്ചു.
കിളിമാനൂരിൽ വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിച്ച മൂന്ന് പൊലീസുകാർ അറസ്റ്റിൽ.പൊലീസ് അസോസിയേഷൻ സമ്മേളനത്തിനെത്തിയ പൊലീസുകാരാണ് റെയിൽവേ ജിവനക്കാരനായ യുവാവിനെ മർദ്ദിച്ചത്. പൊലീസുകാർ മദ്യപിച്ചിരുന്നെന്ന് പരാതിക്കാരനായ രജീഷ് പറഞ്ഞു.
ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം. കിളിമാനൂർ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ മൂന്ന് പൊലീസുകാർ മൂത്രമൊഴിച്ചു. ഇത് വീട്ടുടമയായ രജീഷ് ചോദ്യം ചെയ്തു. വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചു.
പൊലീസ് കേസെടുക്കാൻ ആദ്യം വിസമ്മതിച്ചെന്നും ഒത്തുതീർപ്പാക്കാൻ ശ്രമമുണ്ടായെന്നും പരാതിക്കാരനായ രജീഷ്. ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യവുമായി ടെംബോ ട്രാവറിലെത്തിയ പൊലീസുകാർ മദ്യപിച്ചിരുന്നെന്നും പരാതി
ചങ്ങനാശ്ശേരി ട്രാഫിക് പൊലീസിലെ നിവാസ്, ട്രാഫിക് പൊലീസിലെ ഡ്രൈവർ പ്രശാന്ത് പി.പി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിബിൻ എന്നിവരെ മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്ത കിളിമാനൂർ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മെഡിക്കൽ പരിശോധന നടത്തിയെന്നും ഫലം കിട്ടിയാലേ പ്രതികൾ മദ്യപിച്ചിരുന്നോയെന്ന് പറയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.
ഷെറിൻ പി യോഹന്നാൻ
കേരളത്തിലെ ഒരു ക്ഷേത്രമുറ്റത്ത് ഒരു ദിവസം രാവിലെ അപൂർണാനന്ദൻ എന്ന സ്വാമി പ്രത്യക്ഷപ്പെടുന്നു. ആളുകളെല്ലാം വലിയ ആരാധനയോടെ ചുറ്റും കൂടി. അപ്പോഴാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയതായി അറിയുന്നത്. വിഗ്രഹം സ്വാമിയുടെ അടുത്തുനിന്ന് കണ്ടെടുക്കുന്നതോടെ അദ്ദേഹം കള്ളനാകുന്നു. അങ്ങനെ സ്വാമി വിചാരണയ്ക്കായി കോടതിയിൽ എത്തുന്നു. ഇത് വർത്തമാനകാലത്തെ കഥയാണ്. ഭൂതകാലത്തെ കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.
രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവിന്റെ രോഗവും അതിന് പരിഹാരമാർഗം കാണാനുള്ള മന്ത്രിയുടെ ശ്രമവും തുടക്കത്തിൽ പറയുന്നുണ്ട്. ടൈം ട്രാവൽ, ഫാന്റസി എലമെന്റുകൾ ഉൾപ്പെടുന്ന ‘മഹാവീര്യർ’ ഒരു കോർട്ട് റൂം ഡ്രാമ എന്ന നിലയിൽ ശക്തമാണ്. ഒപ്പം കൃത്യമായ ആക്ഷേപഹാസ്യവും ചിത്രം ഒളിച്ചുവെക്കുന്നുണ്ട്. പരീക്ഷണ ചിത്രമെന്ന നിലയിൽ താല്പര്യമുണർത്തുമ്പോഴും ശരാശരി സിനിമ അനുഭവം സമ്മാനിക്കാനേ ‘മഹാവീര്യർ’ക്ക് സാധിക്കുന്നുള്ളൂ.

ചിരിയും ചിന്തയുമുണർത്തുന്ന ആദ്യ പകുതി മികച്ചു നിൽക്കുന്നു. കോടതി വിചാരണയിൽ ഉയരുന്ന ചോദ്യങ്ങളൊക്കെയും പ്രസക്തമാണ്. തിരക്കഥയുടെ ശക്തിയും സംഭാഷണങ്ങളും ആദ്യ പകുതിയെ സമ്പന്നമാക്കുന്നു. നിവിൻ പോളി, ലാലു അലക്സ്, മല്ലിക സുകുമാരൻ എന്നിവരുടെ പ്രകടനം ആദ്യ പകുതിയിൽ ശ്രദ്ധേയമാണ്. എല്ലാ കാലത്തും പ്രസക്തമായ വിഷയമാണ് സിനിമ സംസാരിക്കുന്നത്. എന്നാൽ പറയുന്ന രീതി വ്യത്യാസപ്പെട്ടിരിക്കും.
പരീക്ഷണത്തിൽ അധിഷ്ഠിതമായ രണ്ടാം പകുതിയാണ് എബ്രിഡ് ഷൈൻ നമുക്ക് മുന്നിലെത്തിക്കുന്നത്. രാജഭരണത്തിനു കീഴിലുള്ള വിചാരണയെ പറ്റി പറയുമ്പോഴും സംഭാഷണങ്ങളുടെ കാഠിന്യവും അതിനാടകീയതയിലേക്ക് വഴുതിപ്പോയ രംഗങ്ങളും ആസ്വാദനത്തെ ബാധിക്കുന്നു. സിനിമയുടെ ഗ്രാഫ് താഴുന്നതിനൊപ്പം അപൂർണാനന്ദനെ പോലെ സിനിമയും അപൂർണമായി അനുഭവപ്പെടും. രണ്ടാം പകുതിയിൽ നിവിൻ പോളി കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല. ആസിഫ് അലി, സിദ്ദിഖ്, ലാൽ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ പൂർണതയിൽ എത്തിച്ചിട്ടുണ്ട്.

സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രമാണ് ‘മഹാവീര്യർ’. ഛായാഗ്രഹണം, കലാസംവിധാനം, കളർ ഗ്രേഡിങ് എന്നിവയെല്ലാം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നുണ്ട്. ‘വരാനാവില്ലേ’ എന്ന ഗാനം മനോഹരമാണ്.
രാജഭരണത്തിന് കീഴിൽ, ഏകാധിപത്യത്തിന് കീഴിൽ നിയമവും നിയമപാലകരും നിയമസംവിധാനവും നോക്കുകുത്തിയാവുന്ന സ്ഥിതിയെ ദൃശ്യവത്കരിക്കുകയാണ് ‘മഹാവീര്യർ’. അത് ഇന്നത്തെ സാമൂഹിക – രാഷ്ട്രീയ അവസ്ഥകളോട് ചേർന്ന് നിൽക്കുകയും ചോദ്യമുന്നയിക്കുകയും ചെയ്യുന്നു. ഭരണാധികാരിയുടെ അധികാരത്തിൻ കീഴിൽ കണ്ണീർ വറ്റി പോകുന്ന പ്രജകളെ ബിംബവത്കരിക്കുന്നതിനൊപ്പം അവരിൽ നിന്ന് സന്തോഷ കണ്ണീർ ഒഴുക്കാൻ ഭരണാധികാരികൾക്ക് കഴിയുമോ എന്ന ചോദ്യവും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു.
Bottom Line – എം മുകുന്ദന്റെ കഥയിൽ എബ്രിഡ് ഷൈൻ സംവിധാനം നിർവഹിച്ച ‘മഹാവീര്യർ’ ആക്ഷേപ ഹാസ്യ ചിത്രം എന്ന നിലയിലും പരീക്ഷണ ചിത്രം എന്ന നിലയിലും മികവ് പുലർത്തുന്നു. എന്നാൽ രണ്ടാം പകുതിയിലെ പല രംഗങ്ങളും ആസ്വാദനത്തിന് വിലങ്ങുതടിയാവുന്നുണ്ട്. ഒരാത്മാവിനെയും അധികാരത്തിന്റെ ചാട്ടകളിൽ തളച്ചിടാനാവില്ലെന്ന് പറയുമ്പോഴും വീര്യം കുറഞ്ഞ മഹാവീര്യരാണ് പ്രേക്ഷകനുമായി സംവദിക്കുന്നത്.
കഠിനമായ ആർത്തവ വേദനയുണ്ടെങ്കിലും അത് നിസാരമായി കാണുന്ന നിരവധി പേരുണ്ട്. എന്നാൽ ഇത്തരം വേദനയ്ക്ക് പിന്നിൽ ചിലപ്പോൾ വേറെ എന്തെങ്കിലും രോഗം ഒളിഞ്ഞിരിക്കുന്നുണ്ടാകാം. അത്തരത്തിൽ തനിക്കുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ലിയോണ ലിഷോയ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് രണ്ട് വർഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ‘ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതമെന്ന്’ പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് തുടങ്ങുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് രണ്ട് വർഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ‘ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതമെന്ന്’ പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് തുടങ്ങുന്നത്.
എനിക്ക് എൻഡോമെട്രിയോസിസ് (സ്റ്റേജ് 2) ഉണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വർഷം. രണ്ട് വർഷത്തെ ഭയാനകമായ വേദനകൾ…വേദന മൂലം രണ്ട് വർഷത്തോളം സാധാരണ ജീവിതം നഷ്ടമായി.എൻഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. തീർച്ചയായും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തോടെ ഞാൻ ഒരുപാട് മുന്നോട്ട് പോയി എന്ന് വിശ്വസിക്കുന്നു.
എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആർത്തവ വേദനയാണ്. ഇത് വായിക്കുന്ന സ്ത്രീകൾ ഇക്കാര്യം മനസിലാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. കഠിനമായ ആർത്തവ വേദന സാധാരണമല്ല !! ദയവായി ഒരു ഡോക്ടറെ സമീപിക്കുക.’- എന്നാണ് നടി കുറിച്ചിരിക്കുന്നത്.
ഗര്‍ഭപാത്രത്തിനകത്തുള്ള കോശകലകള്‍ അസാധാരണമായി പുറത്തേക്ക് കൂടി വളരുന്ന അവസ്ഥയാണിത്. അണ്ഡാശയത്തിലും, അണ്ഡവാഹിനിക്കുഴലിലും, കുടലിലും ഈ കോശകലകളുടെ വളര്‍ച്ച ഉണ്ടാകും.
അച്ഛന്‍ മരിച്ചതറിഞ്ഞ് ബസിലിരുന്നു കരയുകയായിരുന്ന യുവതിക്കാണ് ഒരു പരിചയവുമില്ലാതിരുന്നിട്ടും അധ്യാപികയായ യുവതി സ്‌നേഹത്തണല്‍ ഒരുക്കിയത്. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് നൂറിലേറെ കിലോമീറ്റര്‍ സാന്ത്വനമായി സഞ്ചരിച്ച് യുവതിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചത്.
കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഒറ്റയ്ക്കിരുന്ന് വിതുമ്പുകയായിരുന്നു യുവതി. അധ്യാപികമാരായ അശ്വതിയും മജ്മയും ജോലിസ്ഥലത്തേക്കു പോകാന്‍ വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍നിന്ന് ഈ ബസില്‍ കയറി. ഇടതുവശത്തെ സീറ്റിലിരുന്ന് അടക്കിപ്പിടിച്ച് കരയുന്ന യുവതിയെ കണ്ടെങ്കിലും ആദ്യം കാര്യമാക്കിയില്ല. പാതിമുറിഞ്ഞ ഫോണ്‍ സംഭാഷണത്തിന് ഒടുവില്‍ കരച്ചില്‍ ഉയര്‍ന്നതോടെ ഇരുവരും യുവതിക്കരികിലെത്തി.
എറണാകുളത്തെ ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയാണ് യുവതി. അച്ഛന്റെ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞതോടെയാണ് കരച്ചിലുയര്‍ന്നത്. ദുഃഖത്തില്‍ ഒപ്പം ചേര്‍ന്ന അധ്യാപികമാര്‍ യുവതിയെ ആശ്വസിപ്പിച്ചു. എറണാകുളത്തുനിന്ന് കയറുമ്പോള്‍ത്തന്നെ യുവതി അടക്കിപ്പിടിച്ച് വിതുമ്പുകയായിരുന്നുവെന്ന് ബസ് ജീവനക്കാരും പറഞ്ഞു. വളയംകുളത്ത് ബസ് എത്തിയെങ്കിലും അച്ഛന്‍ മരിച്ചതറിഞ്ഞ് തളര്‍ന്നുപോയ യുവതിയെ ഒറ്റയ്ക്ക് വിടാന്‍ അധ്യാപികമാരുടെ മനസ്സ് വിസമ്മതിച്ചു.
ഇരുവരും ചേര്‍ന്ന് ആലോചിച്ചു. ഒരാള്‍ കൂടെപ്പോകാന്‍ തീരുമാനിച്ചു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങി. അശ്വതി യുവതിക്കൊപ്പം കൂടി. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കലും പോയിട്ടില്ലാത്ത യുവതിയുടെ നാട്ടിലേക്ക് സാന്ത്വനം പകര്‍ന്നൊരു യാത്ര. കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസില്‍ക്കയറി വീട്ടുകാരുടെ കരങ്ങളില്‍ ആ യുവതിയെ സുരക്ഷിതമായി ഏല്‍പ്പിച്ചാണ് മടങ്ങിയത്. വൈകുന്നേരത്തോടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. കനിവിന്റെ ഉറവ വറ്റാത്ത ഹൃദയത്തെ കോളേജും നാടും നമിച്ചു.
കോളേജിലെ ജോലിത്തിരക്കോ അവധിയുടെ കാര്യമോ വീട്ടുകാരുടെ സമ്മതമോ ഒന്നുംനോക്കാതെ ഒപ്പംപോയ അധ്യാപികയ്ക്ക് കണ്ടക്ടറും പിന്തുണയേകി. വളയംകുളം മുതല്‍ കോഴിക്കോടുവരെയുള്ള യാത്രയ്ക്ക് സഹായമേകിയാണ് കണ്ടക്ടറും തന്റെ മനുഷ്യത്വം തെളിയിച്ചത്.