ടോൺസിൽ ശസ്ത്രക്രിയയെ തുടർന്ന് മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ (27) അന്തരിച്ചു. തെക്കുകിഴക്കൻ ബ്രസീലിലെ മാകേയിൽ സ്വകാര്യ ക്ലിനിക്കിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
ശസ്ത്രക്രിയയെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായ ഗ്ലെയ്സി കൊറിയക്ക് പിന്നീട് ഹൃദയാഘാതം ഉണ്ടാകുകയും അബോധാവസ്ഥയിലാകുകയും ചെയ്തിരുന്നു. രണ്ട് മാസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞതിനു ശേഷമായിരുന്നു മരണം.
ടോൺസിൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിച്ച മോഡലിന് അഞ്ച് ദിവസത്തിനു ശേഷം രക്തസ്രാവം ഉണ്ടായി. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ നാലിന് ഇവർക്ക് ഹൃദയാഘാതം സംഭവിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തു.
പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 11.30 ന് മാകേയിലെ വസതിയിൽ സംസ്കാരം നടത്തി. മോഡലും ബ്യൂട്ടീഷനുമായിരുന്ന ഗ്ലെയ്സി 2018ലാണ് മിസ് ബ്രസീൽ പട്ടം ചൂടിയത്.
ലണ്ടനിൽ പോളിയോ വെെറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ടൈപ്പ് 2 വാക്‌സിന്‍ ഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) ആണ് കണ്ടെത്തിയത്. മലിനജല സാമ്പിളുകളുടെ പരിശോധനയിലാണ് പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാത്. ആളുകളിലേക്ക് വൈറസ് ബാധ എത്തിയിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതൽ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ കടുത്ത ജാഗ്രത തുടരണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പോളിയോ വൈറസ് എല്ലായിടത്തും കുട്ടികൾക്ക് ഭീഷണിയാണ്. പ്രധാനമായും 5 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് വൈറസ് കൂടുതൽ ബാധിക്കുക.
ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാരകമായേക്കാവുന്നതുമായ വൈറൽ രോഗത്തെ ലോകത്ത് നിന്നും തുടച്ചുനീക്കിയത്. 1988-ലാണ് 125 രാജ്യങ്ങളിലായി പോളിയോ പടർന്നുപിടിച്ചത്. അന്ന് ലോകമെമ്പാടും 350,000 കേസുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
വാക്സിനേഷൻ ആരംഭിച്ചത് മുതൽ രോഗത്തെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു. 1988ന് ശേഷ പോളിയോ വൈറസിന്റെ വകഭേദങ്ങൾ പാകിസ്താനിലും അഫ്ഗാനിസ്താനിലും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അവ അത്ര ഗുരുതരമായിരുന്നില്ല.
രാജ്യത്തെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് തബസ്സും ഫാതിമ ഹഷ്‌മി എന്ന തബു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ബംഗാളി ചിത്രങ്ങളിലെല്ലാം തിളങ്ങിയ താബു രണ്ടു തവണ മികച്ച നടിയ്‌ക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്. പദ്മശ്രീയും ആറു ഫിലിംഫെയര്‍ അവാര്‍ഡുകളും മറ്റനേകം ദേശീയ, രാജ്യാന്തര പുരസ്കാരങ്ങളും തബുവിനെ തേടിയെത്തി. കാലാപാനി, കവർസ്റ്റോറി, രാക്കിളിപ്പാട്ട്, ഉറുമി തുടങ്ങിയ മലയാളചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് തബു. 51-ാം വയസ്സിലും അവിവാഹിതയായി തുടരുകയാണ് താരം.
അടുത്തിടെ മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ തബു തന്റെ സുഹൃത്തും ബോളിവുഡ് താരവുമായ അജയ് ദേവ്ഗണിനെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അജയ് ദേവ്ഗൺ എന്നും തബു വെളിപ്പെടുത്തുന്നു.
“അജയ് എന്റെ കസിൻ സമീർ ആര്യയുടെ അയൽക്കാരനും അടുത്ത സുഹൃത്തുമായിരുന്നു, എന്റെ ചെറുപ്പത്തിന്റെ ഭാഗമായിരുന്നു അവനും, അത് ഞങ്ങളുടെ ബന്ധത്തിന് ശക്തമായ അടിത്തറയിട്ടു. എന്റെ ചെറുപ്പത്തിൽ സമീറും അജയും ചാരപ്പണി ചെയ്യുമായിരുന്നു, അവരെന്നെ ചുറ്റിപ്പറ്റി നടക്കുകയും എന്നോട് സംസാരിക്കുന്ന ആൺകുട്ടികളെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. അവർ വലിയ ശല്യക്കാരായിരുന്നു, ഇന്ന് ഞാൻ അവിവാഹിതയാണെങ്കിൽ അതിന് കാരണം അജയ് ആണ്. അവൻ ചെയ്തതിൽ പശ്ചാത്തപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്നാണ് തമാശ കലർത്തി അജയുമായുള്ള സൗഹൃദത്തെ കുറിച്ച് തബു പറഞ്ഞത്.
തനിക്കൊരു പയ്യനെ കണ്ടുപിടിക്കാൻ താൻ അജയിനോട് ആവശ്യപ്പെട്ടിരുന്നതായും തബു പറയുന്നു. “എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് അജയ് ആണ്. അവൻ ഒരു കുട്ടിയെപ്പോലെയാണ്, അതേ സമയം ഒരു സംരക്ഷനും. അവനുള്ളപ്പോൾ സെറ്റിൽ ടെൻഷനില്ല. ഞങ്ങൾ അതുല്യമായൊരു ബന്ധവും നിരുപാധികമായ സ്നേഹവും പങ്കിടുന്നു.”
തബുവും അജയ് ദേവ്ഗണും തൊണ്ണൂറുകളിലെ ഐകോണിക് ഓൺ-സ്‌ക്രീൻ ജോഡികളാണ്. ഇരുവരുമൊന്നിച്ച് നിരവധി ബ്ലോക്ക്ബസ്റ്ററുകളിൽ അഭിനയിക്കുകയും അടുത്ത സൗഹൃദം പങ്കിടുകയും ചെയ്തിട്ടുണ്ട്. അജയ് ദേവ്ഗണിനൊപ്പം വിജയപഥ് (1994), ഹഖീഖത്ത് (1995), തക്ഷക് (1999), ദൃശ്യം (2015), ഗോൾമാൽ എഗെയ്ൻ (2017), ദേ ദേ പ്യാർ ദേ (2019) തുടങ്ങിയ ചിത്രങ്ങളിൽ തബു അഭിനയിച്ചിട്ടുണ്ട്. ദൃശ്യം 2, തമിഴ് ചിത്രം കൈതിയുടെ റീമേക്ക് ആയ ആക്ഷൻ ഡ്രാമ ചിത്രം ഭോല എന്നിവയിലും തബുവും അജയും ഒന്നിച്ച് സ്ക്രീൻ പങ്കിടുന്നുണ്ട്.
പിന്നീട്, ആർജെ സിദ്ധാർത്ഥ് കണ്ണനുമായി സംസാരിക്കവെ ഒരിക്കലും അജയ് ദേവ്ഗൺ തന്നോട് വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ ആവശ്യപ്പെടില്ലെന്നും തബു പറഞ്ഞു. “അവർക്ക് എന്നെ നന്നായി അറിയാം. എനിക്ക് എന്താണ് നല്ലതെന്നും അവർക്കറിയാം.”
തബുവിന് എന്താണ് നല്ലത്? എന്ന് സിദ്ധാർത്ഥ് ചോദിച്ചപ്പോൾ, “ഞങ്ങൾ അവൾക്ക് നല്ലതാണ്” എന്നായിരുന്നു അജയിന്റെ മറുപടി. കുട്ടിക്കാലം മുതൽ ഞങ്ങളിങ്ങനെയാണെന്നും അജയ് പറഞ്ഞു. എന്തുകൊണ്ടാണ് തബു ഇപ്പോഴും സെറ്റിൽഡ് ആവാത്തത് എന്ന ചോദ്യത്തിന്, ഞാനവന്റെ കുടുംബത്തിൽ സ്ഥിരതാമസമാക്കി എന്നായിരുന്നു തബുവിന്റെ രസകരമായ മറുപടി.
കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ സാക്ഷിയായ കെമിക്കൽ എക്സാമിനർ വിചാരണയ്ക്കിടെ കൂറുമാറിയതായി കോടതി. പൊലീസിൻ്റെ ചീഫ് കെമിക്കൽ എക്സാമിനേഷൻ ലാബിലെ അസി. കെമിക്കൽ എക്സാമിനർ പി.ജി. അശോക് കുമാറാണ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.കെ. ബാലകൃഷ്ണൻ കേസ് പരിഗണിക്കുന്ന വേളയിലാണ് കോടതിയിൽ നാടകീയ സംഭവങ്ങൾ.
വിദേശവനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളിലെ മജ്ജയിൽ വെള്ളത്തിൽ കണ്ടുവരുന്ന ഡയാറ്റം എന്ന സൂക്ഷ്മജീവിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അശോക് കുമാർ മൊഴിനൽകുകയായിരുന്നു. ഇതേ സൂക്ഷ്മ ജീവിയുടെ സാന്നിദ്ധ്യം മൃതദേഹം കാണപ്പെട്ട തുരുത്തിലെ ചെളിയിൽ നിന്ന് പൊലീസ് ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കയച്ച വെള്ളത്തിലും ഉണ്ടായിരുന്നുവെന്ന് അശോക് കുമാർ കോടതിയിൽ മൊഴിനൽകി. മുങ്ങിമരണ കേസുകളിലാണ് സാധാരണ ഇത്തരം പരിശോധന നടത്താറുള്ളതെന്നും സാക്ഷി വിശദീകരിച്ചു.
പൊലീസും പ്രോസിക്യൂഷനും ശ്രദ്ധിക്കാതെ പോയ ഇക്കാര്യം സാക്ഷിയുടെ ക്രോസ് വിസ്താരത്തിൽ പ്രതിഭാഗം ഉന്നയിക്കുകയായിരുന്നു. ഇപ്രകാരം ഡയാറ്റം മജ്ജയിൽ കാണുന്നത് മുങ്ങിമരണം സംഭവിച്ചാലല്ലേ എന്ന പ്രതിഭാഗത്തിൻ്റെ ചോദ്യത്തിന് എക്സാമിനർ അതേസ എന്നായിരുന്നു രേഖകളുടെ അടിസ്ഥാനത്തിൽ മറുപടി നൽകിയത്.
മാത്രമല്ല മൃതദേഹത്തിൽ നിന്ന് ശേഖരിച്ച് നൽകിയ ആന്തര അവയവ ഭാഗങ്ങളിൽ പുരുഷബീജത്തിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നും കെമിക്കൽ എക്സാമിനർ മൊഴിനൽകിയിട്ടുണ്ട്. മൃതദേഹം എത്ര വർഷം കഴിഞ്ഞാലും, എത്ര ചീഞ്ഞാലും ആന്തരാവയവങ്ങളിൽ പുരുഷബീജത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ അത് നിലനിൽക്കുമെന്നും എക്സാമിനർ കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള സാക്ഷിമൊഴി കോടതിയിൽ എത്തിയത്.
കേവളത്ത് വിദേശവനിതയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. സാക്ഷിമൊഴിയിൽ നിന്ന് വിദേശവനിത പീഡിപ്പിക്കപ്പെട്ടില്ലെന്ന് തെളിഞ്ഞത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇതേ തുടർന്നാണ് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ മോഹൻരാജ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കാൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. ഈ മാസം ഇതുവരെ ജില്ലയില്‍ 143 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പകുതിയിലധികം രോഗികളും കൊച്ചി കോര്‍പ്പറേഷനിലാണ്. ജില്ലയില്‍ രണ്ടു പേര് രോഗം ബാധിച്ചു മരിച്ചു. 660 പേരാണ് ജില്ലയില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമല്ലെന്ന വിമര്‍ശനത്തിനിടെയാണ് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നത്. കോര്‍പ്പറേഷന്റെ കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും നിര്‍ജീവമാണെന്നു വിമര്‍ശനമുയരുന്നുണ്ട്.
വിവരാവാകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ കഴിഞ്ഞ മാര്‍ച്ച് 31നു ശേഷം കൊതുകു നിര്‍മാര്‍ജനത്തിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നിട്ടില്ല. എത്രയും പെട്ടെന്ന് ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടും കോര്‍പ്പറേഷന്റെ അനാസ്ഥയാണ് രോഗം പടരാന്‍ കാരണമായതെന്നാണ് വിമര്‍ശനം.
അഭയകേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പ്രധാന പ്രതികളായ സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവര്‍ക്ക് ജാമ്യവും അനുവദിച്ചിട്ടുണ്ട്. അഭയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
കോടതിക്ക് വസ്തുതകൾ വിലയിരുത്തുന്നതിൽ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സെഫിയും ഫാ. തോമസ് കോട്ടൂരും നൽകിയ ഹര്‍ജികളിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ അധ്യക്ഷതയിലുയിലുള്ള ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. നേരത്തെ കേസില്‍ പ്രതിയായിരുന്ന ജോസ് പിതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിലാണ് കുറ്റ വിമുക്തനാക്കിയത്. അദ്ദേഹത്തിനു ലഭിച്ച സ്വാഭാവിക നീതിക്ക് തങ്ങളും അർഹരാണെന്നാണ് പ്രതികൾ വാദിച്ചത്. തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ അപ്പീലില്‍ വിധി വരുന്നതുവരെ ശിക്ഷ മരവിച്ചിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
കോട്ടയം പയസ് ടെൻത് കോൺവെന്റ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 ലാണ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സി.ബി.ഐ കോടതി 2020 ഡിസംബർ 23നാണ് കേസില്‍ ഫാ. കോട്ടൂരിന് ഇരട്ട ജീവപപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയും വിധിച്ചത്.ശിക്ഷ പ്രഖ്യാപിച്ചതു മുതൽ ഇരുവരും ജയിലിലാണ്. തെളിവില്ലാതെയാണ് ശിക്ഷ വിധിച്ചതെന്നും അതിനാൽ ശിക്ഷ മരവിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. അത് പരിഗണിച്ചാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. 5 ലക്ഷം രൂപ കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
നടിയുടെ പരാതിയില്‍ കേസെടുത്ത നടന്‍ വിജയ് ബാബുവിന് ഇന്നലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ആരോപണം ഉന്നയിച്ച നടിക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. പെണ്‍കുട്ടി 18 പ്രാവശ്യം വിജയ് ബാബുവിന്റെ അടുത്ത് പോയിട്ടാണോ ബലാത്സംഗമാണെന്ന് പറയുന്നത് എന്ന് ബൈജു കൊട്ടാരക്കര ചോദിച്ചു. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് മാത്രമാണ് വിജയ് ബാബു ചെയ്ത തെറ്റെന്നും ബൈജു കൊട്ടാരക്കര വാദിക്കുന്നു.
ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍: ”ഇരയുടെ പേര് വെളിപ്പെടുത്തിയത് മാത്രമാണ് വിജയ് ബാബു തെറ്റുകാരനാണ് എന്ന് സമ്മതിക്കാനുളളത്. വിജയ് ബാബു പെണ്‍കുട്ടിയുമായി നടത്തിയ ചാറ്റുകളും അവര്‍ക്ക് പണം കൊടുത്തതിന്റെ രേഖകളുമെല്ലാം കോടതിയില്‍ കൊടുത്തിട്ടുണ്ട് എന്നാണ് അറിഞ്ഞത്. അങ്ങനെ വരുമ്പോള്‍ അതെങ്ങനെ ബലാത്സംഗക്കേസാകും എന്നാണ് ചോദിക്കുന്നത്. മറ്റൊരു കേസുമായി ഈ കേസ് താരതമ്യം ചെയ്യേണ്ടതില്ല. വിജയ് ബാബുവിന് ജാമ്യം അനുവദിക്കേണ്ട കേസ് തന്നെയാണ്. വിജയ് ബാബു എന്ത് തെറ്റാണ് ചെയ്തത് എന്നുളളത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിജയ് ബാബുവിന്റെ അടുത്ത് ഒരു പെണ്‍കുട്ടി 18 പ്രാവശ്യം പോയിട്ടാണോ അത് ബലാത്സംഗമായി എഴുതുന്നത്. 18 തവണയും ബലാത്സംഗമാണോ നടന്നത്. ബലാത്സംഗം ആണെങ്കില്‍ ഒരു തവണയോ രണ്ട് തവണയോ അല്ലേ നടക്കുകയുളളൂ.
സുരക്ഷിതമായി ജോലി ചെയ്യേണ്ട ഇടത്ത് പീഡനമുണ്ടായാല്‍ അത് അംഗീകരിക്കാവുന്ന കാര്യമല്ല. എന്നാല്‍ വിജയ് ബാബുവിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ്. വിജയ് ബാബു ആ പെണ്‍കുട്ടിക്ക് പണം കൊടുത്തതും ചാറ്റുകളും മാത്രമല്ല, വിജയ് ബാബുവിന്റെ ഒരു സിനിമാ ലൊക്കേഷനില്‍ ചെന്ന് നായികയെ തല്ലാന്‍ ചെന്നതും തെറി പറഞ്ഞതും വീഡിയോ സഹിതം കോടതിയില്‍ കൊടുത്തിട്ടുണ്ട്. വിജയ് ബാബു ദുബായില്‍ പോയതില്‍ കഥയൊന്നും ഇല്ല.
വിജയ് ബാബു വ്യക്തിപരമായ കാര്യങ്ങള്‍ക്കോ മറ്റെന്തിനെങ്കിലുമോ പോയതാകാം. പേര് വെളിപ്പെടുത്തിയതാണ് വിജയ് ബാബു ചെയ്ത കുറ്റം. അത് നിയമം അനുശാസിക്കുന്നതല്ല. നാളെ ഇതൊരു പ്രവണതയായി വരികയൊന്നും ഇല്ല. ഈ കേസില്‍ ഇങ്ങനെ സംഭവിച്ച് പോയി. ബാക്കി കോടതി തീരുമാനിക്കട്ടെ. ഈ തെളിവുകളൊക്കെ വെച്ച് ഇത് പീഡനമാണോ പരസ്പര സമ്മത പ്രകാരമാണോ എന്നൊക്കെ.
വിജയ് ബാബു പറയുന്നത് സമ്മത പ്രകാരമാണ് എന്നാണ്. വീണ്ടും സിനിമയില്‍ അവസരം കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ അത് കൊടുക്കില്ല എന്ന് പറഞ്ഞതിന്റെ വാശിയാണ് എന്നൊക്കെയാണ് വിജയ് ബാബു കോടതിയില്‍ പറഞ്ഞത്. അതൊക്കെ വിശ്വാസത്തിലെടുത്തത് കൊണ്ടായിരിക്കുമല്ലോ കോടതി ജാമ്യം കൊടുത്തത്. അതില്‍ തെറ്റ് എന്താണ്. സിനിമയ്ക്കുളളില്‍ നിരവധി കുഴപ്പങ്ങളുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ന് മുതലല്ല, പണ്ട് മുതലേ ഉണ്ട്. ഒരു പെണ്‍കുട്ടി 18 പ്രാവശ്യം ഒരാളുടെ അടുത്ത് ചെന്നിട്ട് പീഡിപ്പിച്ചു എന്ന് പറഞ്ഞ് കേസ് കൊടുത്താല്‍ അതില്‍ എന്താണ് എന്നാണ് ബൈജു കൊട്ടാരക്കര ചോദിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ശക്തമായി വാദിക്കുന്ന വ്യക്തിയാണ് ബൈജു കൊട്ടാരക്കര”.
സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ്മ. യോഗ ജീവിതത്തിലെ ദിനചര്യപോലെ അനുഷ്ഠിക്കുന്ന ഒരാളാണ് സംയുക്ത. യോഗാഭ്യാസം ദേഷ്യവും മറ്റും കുറയ്ക്കാൻ തന്നെ എത്രത്തോളം സഹായിച്ചുവെന്ന് തുറന്നുപറയുകയാണ് സംയുക്ത. ഒപ്പം, ജീവിതത്തിലെ രസകരവും തന്നെ ചിന്തിപ്പിച്ചതുമായ ഒരനുഭവവും സംയുക്ത പങ്കുവച്ചു.
പൊതുവെ ദേഷ്യം വരാത്തയാളാണ് താനെന്നും ഏറ്റവുമൊടുവിൽ ദേഷ്യം വന്നത് കുറച്ചുവർഷങ്ങൾക്കുമുൻപ് കുടുംബസമേതം യുഎസിൽ പോയപ്പോഴാണെന്നും സംയുക്ത.
“ഞങ്ങൾ യുഎസിൽ പോയതാണ്. ദക്ഷ് അന്ന് കുഞ്ഞാണ്. ഒരു ദിവസം, ഞാൻ ഒന്ന് പുറത്തുപോയി വരാം, ലഞ്ച് നമുക്ക് പുറത്തുന്ന് കഴിക്കാം എന്നു പറഞ്ഞു ബിജുവേട്ടൻ പോയി. ഞാൻ ദക്ഷിന് ബ്രേക്ക്ഫാസ്റ്റൊക്കെ കൊടുത്ത് പോവാൻ റെഡിയായിരിക്കുകയാണ്. ഉച്ച കഴിഞ്ഞു, ലഞ്ച് ടൈം ആയിട്ടും ആള് വരുന്നില്ല, ഫോണിൽ വിളിച്ചിട്ടു കിട്ടുന്നുമില്ല. ഞാനോർത്തു എന്തെങ്കിലും തിരക്കിൽ പെട്ടതാവും എന്ന്.”
“ഞാൻ ദക്ഷിനെ അപ്പുറത്തൊരു റെസ്റ്റോറന്റിൽ കൊണ്ടുപോയി ലഞ്ചൊക്കെ കഴിപ്പിച്ചു, അതു കഴിഞ്ഞ് അവൻ ഉറങ്ങി. അപ്പോഴും ബിജുവേട്ടന്റെ ഒരു വിവരവുമില്ല. നമ്മൾ അറിയാത്തൊരു സ്ഥലം, വിളിച്ചിട്ടും കിട്ടുന്നില്ല, എനിക്ക് ചെറുതായി പേടി തോന്നി തുടങ്ങി. അങ്ങനെ സമയം പോയി കൊണ്ടിരുന്നു. വൈകിട്ട് ആറുമണിയായിട്ടും കാണുന്നില്ല, മോന് വീണ്ടും വിശക്കുന്നു. ഞാൻ വീണ്ടും പുറത്തിറങ്ങി അവന് ഫുഡ് വാങ്ങി കൊടുത്തു, ഞാൻ കഴിക്കാൻ നോക്കിയിട്ട് എനിക്ക് പറ്റുന്നില്ല, പുതിയ സ്ഥലമായതിന്റെ ഒരു പ്രശ്നവും പേടിയുമുണ്ട്. ബിജുവേട്ടൻ എവിടെയാണ്, ഇനി എന്തെങ്കിലും പറ്റിയോ? എന്നൊക്കെ ആലോചിച്ചു കൂട്ടുന്നുണ്ട്.”
“അങ്ങനെ 10 മണി, 11 മണി, 12 മണി…. പുലർച്ചെ 3 മണി വരെയായി. എനിക്ക് ഉറക്കം വരുന്നില്ല. ഞാൻ താഴെയിറങ്ങി ഹോട്ടലിനു വെളിയിലെ കഫെയിൽ ഇരുന്ന് ഒരു കാപ്പി കുടിച്ചോണ്ടിരിക്കുമ്പോൾ, മൂന്നു മണിയായി കാണും, ഒരാള് നല്ല സന്തോഷമായിട്ട് കയറി വരുന്നു. എന്താ ഇവിടെയിരിക്കുന്നേ? എന്നും ചോദിച്ച്. മൂന്നുമണിയ്ക്ക് എന്തിനാ കാപ്പി കുടിയ്ക്കുന്നേ എന്നൊക്കെ ചോദിക്കുന്നു.”
“ഞാൻ മുറിയിലേക്ക് കയറിപോയിട്ട് എന്തൊക്കെയാ എടുത്ത് എറിഞ്ഞതെന്ന് എനിക്കോർമ്മയില്ല. ഒരു ടേബിൾ ലാമ്പ് എടുത്ത് എറിയാൻ പോയപ്പോൾ മോൻ ഉണർന്നു. അവൻ പേടിച്ച് അമ്മ നമ്മളെ കൊല്ലോ അച്ഛാ? എന്നു ചോദിക്കുന്നു. അപ്പോൾ ബിജുവേട്ടൻ മോനെ കെട്ടിപ്പിടിച്ചിട്ട്, ‘ഇല്ലെടാ, അമ്മ നമ്മളെ കൊല്ലിലെടാ, കൊല്ലില്ലെന്ന് തോന്നുന്നു, നീ ഉറങ്ങിക്കോ’ എന്നു പറഞ്ഞ് സമാധാനിപ്പിക്കുന്നു. എനിക്ക് അതുകണ്ടിട്ട് ചിരിയും കരച്ചിലും വന്നു. ബാത്ത്റൂമിൽ പോയി കരച്ചിലായിരുന്നു ഞാൻ. അന്ന് ഞാൻ വിചാരിച്ചു, അങ്ങനെയൊരു ദേഷ്യം എനിക്കു പാടില്ല. ദേഷ്യം വന്നാലും നമ്മള് മതിമറന്നുപോവാൻ പാടില്ലല്ലോ. അന്ന് തീരുമാനിച്ചതാണ് ദേഷ്യം കുറച്ച് ബാലൻസ്ഡ് ആവണമെന്ന്,” സംയുക്ത പറയുന്നു.
ഇന്ധന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റി അച്ഛനും മകനും മരിച്ച സംഭവത്തിൽ ആരോപണങ്ങൾ അഞ്ചുപേർക്ക് നേരെ. തന്റെയും മക്കളുടെയും മരണത്തിന് കാരണക്കാർ തന്റെ ഭാര്യയും അവരുടെ സുഹൃത്തുക്കളും ആണെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ഫോട്ടോ സഹിതം് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ശേഷമാണ് പ്രകാശും മകനും ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്. പ്രകാശ് ദേവരാജന്റെ ഭാര്യ ശിവകല ബഹ്‌റൈനിൽ അനീഷ് എന്ന യുവാവിനൊപ്പമാണ് താമസമെന്നാണ് വിവരം. ഇവർ നർത്തകിയാണെന്നും സൂചനയുണ്ട്. ശിവകലയ്ക്ക് ലക്ഷക്കണക്കിന് പണം നൽകി സഹായിക്കാൻ ദുബായിലും ഇവർക്കു മറ്റൊരു കാമുകൻ ഉണ്ടെന്നാണ് പ്രകാശ് ആത്മഹത്യാകുറിപ്പിൽ ആരോപിക്കുന്നത്. ഇവരെല്ലാവരും ചേർന്ന് തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും ദ്രോഹിച്ചു എന്നും. ലക്ഷകണക്കിന് രൂപയുടെ കടക്കാരനാക്കിയെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പ്രകാശ് ഉന്നയിച്ചിരിക്കുന്നത്.
നിയമത്തിന്റെ വഴിയിലൂടോ പോയി നീതി വാങ്ങുന്നില്ലെന്നും മരണശേഷം എല്ലാവരും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും പ്രകാശ് പറയുന്നു.
മരിക്കുന്നതിന് അരമണിക്കൂർ മുൻപാണ് പ്രകാശ് ദേവരാജൻ തന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെന്ന് സൂചിപ്പിച്ച് അഞ്ച് പേരുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്്. നെടുമങ്ങാട് കരിപ്പൂർ മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകൻ ശിവദേവും (12) ആണ് അപകടത്തിൽ മരിച്ചത്. ഇവരുടെ കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ഉണ്ണി പ്ലാവിലായ, പ്രസന്ന ജയൻ, അനീഷ്, മുനീർ, ഭാര്യ ശിവകല എന്നിവരുടെ പേരും ചിത്രവുമാണ് പുറത്തുവിട്ടത്. ഭാര്യയുടെ പേര് പറയുന്നില്ല. ചിത്രം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. എന്റെയും എന്റെ മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി നൽകണമെന്ന് അപേക്ഷിക്കുന്നുവെന്ന് പ്രകാശ് ദേവരാജ് ഫേസ്ബുക്കിൽ പങ്കുവച്ചു.
പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ..
‘അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..’, മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയിൽ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.
മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തിൽ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബായിൽയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്‌കൂൾ നടത്തുന്ന മുനീർ, അനീഷിന്റെ അമ്മ പ്രസന്ന എന്നിവർ ആണെന്ന് കത്തിൽ പറയുന്നത്.
ഭാര്യ ഉൾപ്പെടുന്ന നാലുപേർ തന്നെയും മക്കളെയും മാനസികമായും സാമ്ബത്തികമായും അത്രയേറെ ദ്രോഹിച്ചു എന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.
അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ തന്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തന്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത് എന്നും തന്റെയും മകൻ ശിവദേവിന്റെയും മരണമൊഴി ആണ് ഇതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും എതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് തങ്ങൾ ഇതൊക്കെ കാണണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഈ കത്താണ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പൊലീസിന് ലഭിച്ചത്. കത്തിൽ സൂചിപ്പിക്കുന്ന നാലുപേർക്ക് എതിരെ പ്രകാശ് രണ്ട് ദിവസം മുൻപ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
ഞങ്ങളുടെ ഈ മരണത്തിന് ഉത്തരവാദികൾ എന്റെ ഭാര്യ ശിവകലയ്ക്കും അവളുടെ കാമുകൻ തിരുവനന്തപുരം വിള്ളപ്പിൽശാലയിൽ ഉള്ള അനീഷും അവർക്ക് വേണ്ട ലക്ഷക്കണക്കിന് കാഷ് കൊടുത്ത് സഹായിച്ച ഭാര്യയുടെ മറ്റൊരു കാമുകൻ ദുബായിൽ ജോലി ചെയ്യുന്ന ഉണ്ണി എന്ന് വിളിക്കുന്ന ആളും ബഹറിനിൽ ഡാൻസ് സ്‌കൂൾ ഓണറുഉം സംഘവും കൂടി ഉൾപ്പെട്ടവരാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
മലയാള സിനിമയിലെ യുവ തരംഗം ശ്രീനാഥ് ഭാസി ഭീഷ്മ പർവ്വം എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം മറ്റനവധി ചിത്രങ്ങളുടെ ഷൂട്ടിങ്ങിൽ നിന്നും ഒരു ചെറിയ ഇടവേളയെടുത്ത് അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ സംഗീത ആൽബം റീലീസ് ചെയ്യാനും ലൈവായി അത് ആദ്യമായി അവതരിപ്പിക്കുന്നതിനുമായി ജൂലൈ 2,3 തീയതികളിൽ യുകെയിൽ ലെസ്റ്റർ സിറ്റി, ലണ്ടൻ എന്നീ സ്ഥലങ്ങളിൽ എത്തി ച്ചേരുന്നു…
യുകെയിലെ ഇവൻ്റ് ഡാഡി എന്ന ഇവൻ്റ് മാനേജമെൻ്റ് കമ്പനിയും ശ്രീനാഥ് ഭാസിയുടെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ മോഷ പാറായുമായി ഒത്തു ചേർന്നാണ് ഇംഗ്ലണ്ടിൽ ഇരുതലപക്ഷി ശ്രീനാഥ് ഭാസി ലൈവ് യുകെ എന്ന പേരിൽ അവതരിപ്പിക്കുന്നത് വിദേശ പഠന ഏജൻസി ആയ ഗ്ലോബൽ സ്റ്റടി ലിങ്ക് ഇതിൻ്റെ മുഖ്യ സ്പോൺസറാണ്.
തിരക്ക് നിയന്ത്രിക്കുന്നതിനായി ഇവൻ്റ് ബ്രൈറ്റ് എന്ന ടിക്കറ്റിങ്ങ് പ്ലാറ്റ്ഫോമിൽ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ലെസ്റ്റർ ക്വാർട്ടർ 25 എന്ന ക്ലബിൽ ജൂലൈ രണ്ട് ശനിയാഴ്ച വൈകിട്ട് ഒമ്പത് മണി മുതലും ലണ്ടൻ നഗരത്തിൽ ആർച് വേയിൽ സ്ഥിതി ചെയ്യുന്ന ബോൺ ബോൺ ക്ലബിൽ ജൂലായ് മൂന്ന് ഞായറാഴ്ച വൈകിട്ട് ഒമ്പത് മണി മുതലുമാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്..