Latest News

അഭിമുഖങ്ങൾക്ക് വേണ്ടിയും അല്ലാതെയും മാധ്യമങ്ങൾക്ക് മുന്നിൽ യാതൊരു കൂസലുമില്ലാതെ എത്തിയിട്ടുള്ള നടനാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്റെ തുറന്നടിച്ചുള്ള മാധ്യമങ്ങൾക്ക് അഭിപ്രായ പ്രകടനങ്ങൾ പലപ്പോഴും ചർച്ചയായിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ മാധ്യമങ്ങളെ കണ്ട് ഷൈൻ ഓടിമാറിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

‘പന്ത്രണ്ട്’ എന്ന ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെയാണ് സംഭവം. ഇടപ്പള്ളി വനിതാ വനിതാ തിയേറ്ററിൽ ആദ്യ ഷോക്കെത്തിയ പ്രേക്ഷകരോട് മാധ്യമപ്രവർത്തകർ സിനിമയെ കുറിച്ചുള്ള അഭിപ്രായം തേടുന്നതിനിടെയാണ് ഒരാൾ ഓടി പോകുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തുടർന്ന് മാധ്യമങ്ങൾ ഷൈനിന്റെ പ്രതികരണം തേടിയെങ്കിലും അൽപം ഒന്ന് നിന്ന ശേഷം ഷൈൻ വീണ്ടും പുറത്ത് വാഹനത്തിലേക്ക് ഓടിപോവുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ‘കാലു വയ്യാത്തതല്ലേ ചേട്ടാ, ഓടല്ലേ’ എന്ന് ഒരാൾ പറയുന്നത് ഉൾപ്പെടെ വീഡിയോയിൽ കേൾക്കാം.

ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പന്ത്രണ്ട് ‘. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാർ. ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍. ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. നബു ഉസ്മാനാണ് എഡിറ്റർ.

രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് എസ് എഫ് ഐ അടിച്ചു തകര്‍ത്തു. ബഫര്‍ സോണ്‍ വിഷയത്തെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലന്ന് ആരോപിച്ചു രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് പ്രകടനം നടത്തിയ എസ് എഫ് ഐക്കാരാണ് കല്‍പ്പറ്റയിലെ അദ്ദേഹത്തിന്റെ ഒഫീസിലേക്ക് തള്ളിക്കയറുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തത്.

ഓഫീസിലെ സാധന സാമഗ്രികള്‍ എല്ലാം എസ് എഫ് ഐക്കാര്‍ നശിപ്പിക്കുകയും സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തു. പൊലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയായിരുന്നുവെന്നും ആരയും അറസ്റ്റ് ചെയ്തില്ലന്നും ടി സിദ്ധിഖ് എം എല്‍ പറഞ്ഞു. സമരക്കാര്‍ പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. സമാധാനപരമായി ആരംഭിച്ച മാര്‍ച്ച് രാഹുല്‍ഗാന്ധിയുടെ ഓഫീസിന് മുന്നിലെത്തിയപ്പോഴള്‍ പെട്ടെന്ന് അക്രമാസക്തമാവുകയായിരുന്നു.

പെണ്‍കുട്ടികള്‍ അടക്കമുള്ള എസ് എഫ് ഐ പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമിച്ചത്. ഇവരെ സി പി എം നേതൃത്വം പറഞ്ഞുവിട്ടതാണെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആരോപിച്ചു.

സംഭവത്തില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രകടനം നടത്തിയവരില്‍ 40ഓളം പേര്‍ ചേര്‍ന്നാണ് ഓഫീസ് അടിച്ച് തകര്‍ത്തത്. മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും നേതൃത്വത്തിന്റെ അറിവോടെയാണിത് നടന്നിരിക്കുന്നത്. പൊലീസ് സംരക്ഷണത്തിലായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന് എതിരെ കേന്ദ്രത്തില്‍ നരേന്ദ്രമോദി നടത്തുന്ന നീക്കം പിണറായി എറ്റെടുത്തിരിക്കുകയാണ്. മോദി നിര്‍ത്തിയിടത്ത് നിന്ന് പിണറായി തുടങ്ങുകയിരിക്കുകയല്ലേ. മോദിയെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ള പരിപാടിയായിരുന്നോ ഇതെന്നും അദ്ദേഹം ചോദിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി ആവശ്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. വിഷയത്തില്‍ മോദിയെ വെറുതെ വിട്ട് രാഹുലിന് എതിരെ തിരിയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മലപ്പുറം ചമ്രവട്ടത്ത് വെച്ച് ബിജെപി നേതാവ് ശങ്കു ടി ദാസ് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കു ടി ദാസിന് ആന്തരിക രക്തസ്രാവമുണ്ടെന്നാണ് റിപ്പോർട്ട്.

കരളിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കരൾ ശസ്ത്രക്രിയയ്ക്കായി ആന്തരിക രക്തസ്രാവം നിയന്ത്രണവിധേയമാക്കണമെന്നും ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്. വ്യാഴാഴ്ച 11 മണിയോടെയാണ് ശങ്കു ടി ദാസ് അപകടത്തിൽപ്പെട്ടത്.

അതേസമയം, വാഹനാപകത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ചില കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇക്കാര്യം തള്ളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി തന്നെ രംഗത്തെത്തി. എന്തിനും ഏതിനും ദുരൂഹത ആരോപിക്കുന്നത് ഒരു തരം മനോരോഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂവെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇത്തരം ആരോപണങ്ങൾ വലിയ പ്രത്യാഘാതം ഉണ്ടാക്കാനേ ഉപകരിക്കൂ. സാമൂഹ്യ പ്രവർത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാൻ പോകുന്നവരാണെന്ന സന്ദേശം നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുകയെന്നും സന്ദീപ് പറയുന്നു.

അപകടത്തിൽ ദുരൂഹതയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ട് സന്ദീപ് പറഞ്ഞു. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസ് കോഴിക്കോട് മിംസിലാണ് ചികിത്സയിൽ തുടരുന്നത്.

ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.

കോട്ടയം വൈക്കത്ത് ടൊവിനോയുടെ കൂടെ പുതിയ ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയിൽ പോയ ഇദ്ദേഹം ഏറെ നേരമായിട്ടും വരാതിരുന്നതിനാൽ സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ചെറിയ പരിക്കും ഏറ്റിട്ടുണ്ട്.

വെെക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ടൊവിനൊ ഉൾപ്പടെയുള്ള സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലുണ്ട്.

നിരവധി നാടകങ്ങളിലും സിനിമകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കൊച്ചിൻ സനാതനയുടെ എഴുന്നെള്ളത്ത്, ആലപ്പി തിയേറ്റേഴ്സിന്റെ ഡ്രാക്കുള അഞ്ചാം തിരുമുറിവ് തുടങ്ങിയവയാണ് വേഷമിട്ട പ്രധാന നാടകങ്ങൾ. 1973-ൽ പുറത്തിറങ്ങിയ പി.ജെ.ആന്റണി സംവിധാനം ചെയ്ത പെരിയാർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഏണിപ്പടികൾ, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

ഏതാനും വർഷങ്ങളായി ടെലിവിഷൻ പരമ്പരകളിലാണ് വേഷമിട്ടിരുന്നത്.

സിമന്റ് നിര്‍മാണ മേഖലയിലൂടെയുള്ള ബഹിര്‍ഗമന തോതില്‍ ഇരട്ടി വര്‍ധനവ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെയാണ് ഈ മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോതില്‍ രണ്ടിരട്ടി വര്‍ധനവ് രേഖപ്പെടുത്തിയത്. നോര്‍വേയിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ക്ലൈമറ്റ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ (സിഐസിഇആര്‍ഒ), ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്ട് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 2002-ല്‍ മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോത് 104 കോടി ടണ്‍ (1.4 ബില്ല്യണ്‍) ആയിരുന്നെങ്കില്‍ 2021-ല്‍ ഇത് 209 കോടി ( 2.9 ബില്ല്യണ്‍) ടണ്ണായി മാറി. ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ ഏഴ് ശതമാനത്തോളം വരുമിത്.

ബഹിര്‍ഗമന തോതില്‍ പ്രതിവര്‍ഷം 2.6 ശതമാനം വര്‍ധനവുമായി ചൈനയാണ് മുന്‍പന്തിയില്‍. 1992 മുതല്‍ ചൈനയില്‍ ബഹിര്‍ഗമനതോതില്‍ മൂന്നിരട്ടി ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സിമന്റ് ഉത്പാദനത്തിലൂടെ ഉണ്ടാവുന്ന കാര്‍ബണ്‍ തീവ്രതയിലും മാറ്റങ്ങളുണ്ടായി. ഓരോ ടണ്ണില്‍ നിന്നും പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ തോതിന്റെ തീവ്രത 2015 നെ അപേക്ഷിച്ച് 2020-ല്‍ 9.3 ശതമാനത്തിന്റെ വര്‍ധനവ്‌ രേഖപ്പെടുത്തി.

പ്രധാനമായും ലോക്ഡൗണ്‍ കാലത്തും ചൈനയില്‍ വ്യാപകമായി തുടര്‍ന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആഗോള കാര്‍ബണ്‍ ബഹിര്‍ഗമന തോതിലുള്ള ചൈനയുടെ പങ്ക് പെരുകാന്‍ മുഖ്യ കാരണമായി തീര്‍ന്നിട്ടുണ്ട്. കോവിഡ് അടച്ചൂപൂട്ടല്‍ പോലും ഈ മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോതിന് തടസ്സമായിരുന്നില്ല. ലോക്ഡൗണ്‍ കാലത്തും സിമന്ഡറ് നിർമ്മാണത്തിൽ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കാര്യക്ഷമമായി തുടര്‍ന്നു.മറ്റേത് കാര്‍ബണ്‍ ഉറവിടങ്ങളെക്കാള്‍ കൂടുതല്‍ ബഹിര്‍ഗമന തോത് ഈ മേഖലയിലുണ്ടായതായി കാലാവസ്ഥാ നിരീക്ഷകരും സാക്ഷ്യപ്പെടുത്തുന്നു.

സ്റ്റീല്‍ പോലെയുള്ള വസ്തുക്കളുടെ നിര്‍മാണത്തിന് ചൂട് കൂടുതല്‍ വേണ്ടി വരുമ്പോള്‍ സിമന്റ് പോലെയുള്ള വസ്തുക്കളുടെ നിര്‍മാണ വേളയിലുണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങളിലൂടെ കാര്യമായ തോതില്‍ തന്നെ കാര്‍ബണ്‍ ബഹിര്‍ഗമനമുണ്ടാക്കുന്നു. ഇത് ദീര്‍ഘ കാലയളവിലേക്ക് ചൂട് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നത് പോലെയുള്ള പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നു. ‘ക്ലിങ്കര്‍’ എന്ന പദാര്‍ത്ഥമാണ് സിമന്റ് നിര്‍മാണത്തിലെ മുഖ്യഘടകം.

ചുണ്ണാമ്പുകല്ല്, കാല്‍സ്യം കാര്‍ബണേറ്റ് പോലെയുള്ളവ 2700 മുതല്‍ 2800 (1480 to 1540 degrees Celsius) വരെയുള്ള താപനിലയില്‍ ചൂടാക്കുമ്പോള്‍ രൂപപ്പെടുന്ന കാല്‍സ്യം ഓക്സൈഡിനെയാണ് ക്ലിങ്കര്‍ എന്നറിയപ്പെടുന്നത്. ഇതിന്റെ നിര്‍മാണ സമയത്ത് ചുണ്ണാമ്പുകല്ലില്‍ നിന്നും പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലെത്തുന്നു.

ആഗോള നിര്‍മാണ വസ്തുവായി കണക്കാക്കുന്നതിനാല്‍ ഇതൊഴിവാക്കിയുള്ള നിര്‍മാണങ്ങള്‍ സാധ്യമാകില്ല. കെട്ടിടം, റോഡ്, പാലങ്ങള്‍ പോലെയുള്ളവയുടെ നിര്‍മാണത്തിനാവശ്യമായ പ്രധാന ഘടകം കൂടിയായ സിമന്റ് ആഗോള തലത്തില്‍ ഒരാൾ ദിനംപ്രതി ഒരു കിലോഗ്രാമിലധികം എന്ന (2.2 പൗണ്ട്) തോതിലാണ്‌ ഉപയോഗിക്കുന്നത്. അതായത് ആഗോള ജനസംഖ്യയായ 800 കോടി ജനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ തോത് ചില്ലറയല്ലെന്ന് സാരം.

സിമന്റ് നിര്‍മാണത്തിന് ഹരിത മാര്‍ഗങ്ങളുണ്ടെങ്കിലും ബഹിര്‍ഗമന തോത് ഉടനടി കുറയ്ക്കുന്നതും കെട്ടിടങ്ങളില്‍ നിന്നും നിലവിലുപയോഗിക്കുന്ന സിമന്റിനെ പരിപൂര്‍ണമായി ഒഴിവാക്കുന്നതും ശ്രമകരമാണെന്നാണ് അനുമാനിക്കപ്പെടുന്നത്. സിമന്റ് നിര്‍മാണ മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോത് 2050-ഓടെ പൂജ്യമാക്കി കുറച്ചാല്‍ പോലും സ്റ്റീല്‍, വ്യോമയാന മേഖലകളില്‍ നിന്നും കാര്‍ബണ്‍ ബഹിര്‍ഗമനം തുടരുമെന്നും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി കണക്കാക്കുന്നു.

എന്നാല്‍ സർക്കാർ ഇടപെടലും ജൈവ സിമന്റിന്റെ വ്യാപകമായ ഉപയോഗവും വഴി ചിലപ്പോള്‍ കാര്‍ബണ്‍ ബഹിര്‍ഗമന തോത് 2050-ഓടെ പൂജ്യത്തിലേക്ക് എത്തിക്കാമെന്നും സംഘടന വിലയിരുത്തുന്നുണ്ട്. ജൈവ ഇന്ധനങ്ങളാണ് കാര്‍ബണ്‍ ബഹിര്‍ഗമനത്തിനുള്ള മറ്റൊരു പ്രധാന ഉറവിടം. ആഗോള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 9 ശതമാനം സംഭാവനയുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്‌. ബഹിര്‍ഗമന തോതില്‍ വിയറ്റ്നാമിനും ടര്‍ക്കിക്കും പുറകിലാണ് അമേരിക്കയുടെ സ്ഥാനം.

അപകത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടതായി പിതാവ് ഉണ്ണി. ‘ഞാന്‍ സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങള്‍ കേസ് തോറ്റുപോകും.സിബിഐ കോടതിയുടെ വിധിക്ക് എതിരായ അപ്പീലില്‍ ഇടപെടാമെന്ന് അവര്‍ പറഞ്ഞു.

സം​ഗീതജ്ഞൻ ബാലഭാസ്കറിന്‍റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ അച്ഛന്‍ ഉണ്ണി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി വരാനിരിക്കെ പുതിയ വിവാദം.ഈ മാസം 30നാണ് സിബിഐ പ്രത്യേക കോടതി വിധി പറയാനിരിക്കുന്നത്. ഹര്‍ജി തള്ളുമെന്ന് സരിത എസ് നായര്‍ തന്നെ വിളിച്ചുപറഞ്ഞുവെന്നാണ് ഉണ്ണി ആരോപിക്കുന്നത്.മേൽക്കോടതിയിൽ പോകാൻ സഹായം നൽകാമെന്നും വാഗ്ദാനം ചെയ്തു.കേസിൽ അട്ടിമറി സംശയിക്കുന്നു,സരിതയുമായി തനിക്ക് ഒരു പരിചയവുമില്ല. ഈ സാഹചര്യത്തില്‍ അവരെന്തിനാണ് തന്നെ വിളിച്ചതെന്ന് വ്യക്തമല്ല.സുപ്രീം കോടതി അഭിഭാഷകന്റെ അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിന് നൽകാമെന്ന് പറഞ്ഞു.കേസിൽ സഹായിക്കാമെന്ന് പറഞ്ഞു.സരിതയുടെ അഭിഭാഷകനും എന്റെ അഭിഭാഷകനും ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ബാലഭാസ്കറിന്‍റെ അച്ഛനെ വിളിച്ചിരുന്നതായി സരിത സ്ഥിരീകരിച്ചു. സൗഹാർദ പരമായി കേസിന്‍റെ കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചത്. ഇത്തരം കേസുകളുടെ ഭാവി സംബന്ധിച്ച് തനിക്കുള്ള അറിവിന്‍റെ അടിസഥാനത്തിലാണ് അദ്ദേഹത്തെ വിളച്ചതെന്നും സരിത വ്യക്തമാക്കി.

2018 സെപ്റ്റംബര്‍ 25ന് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്തു വച്ചാണ് വാഹനാപകടം ഉണ്ടായത്. വാഹനാപകടത്തില്‍ ആദ്യം ബാലുവിന്‍റെ പിഞ്ചുമകള്‍ തേജസ്വിനി മരിച്ചു. ദിവസങ്ങള്‍ക്കപ്പുറം ഒക്ടോബര്‍ രണ്ടിന് ബാലുവും പോയി. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്‍റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു.

എന്‍.ഡി.എയുടെ ഭാഗമല്ലാത്ത ബിജു ജനതാദള്‍, വൈ.എസ്‌.ആര്‍.സി.പി. എന്നീ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ സ്‌ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്റെ വിജയത്തിനു കളമൊരുങ്ങി. ഇലക്‌ടറല്‍ കോളജില്‍ മൊത്തം 1,086,431 വോട്ടാണുള്ളത്‌. ഇതില്‍ എന്‍.ഡി.എയ്‌ക്കുള്ളത്‌ 5,32,351 വോട്ട്‌ (49 %). ഭൂരിപക്ഷത്തിന്‌ 20,000 വോട്ടിന്റെ കുറവ്‌.

31,686 വോട്ടുള്ള ബി.ജെ.ഡിയും 45,550 വോട്ടുള്ള വൈ.എസ്‌.ആര്‍.സി.പിയും 14,940 വോട്ടുള്ള എ.ഐ.എ.ഡി.എം.കെയും മുര്‍മുവിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ബി.ജെ.ഡി., വൈ.എസ്‌.ആര്‍.സി.പി. എന്നിവയില്‍ ഒന്നിന്റെ പിന്തുണ തന്നെ മുര്‍മുവിന്റെ വിജയം ഉറപ്പാക്കും. ഒഡീഷയില്‍നിന്നുള്ള എല്ലാ നിയമനിര്‍മാതാക്കളും പാര്‍ട്ടിഭേദമന്യേ “ഒഡീഷയുടെ മകളെ” പിന്തുണയ്‌ക്കണമെന്നു മുഖ്യമന്ത്രി നവീന്‍ പട്‌നായിക്‌ അഭ്യര്‍ഥിച്ചിരുന്നു. ഒഡീഷയില്‍നിന്നുള്ള ഗോത്രവര്‍ഗ വനിതയാണ്‌ മുന്‍ ഝാര്‍ഖണ്ഡ്‌ ഗവര്‍ണറായ ദ്രൗപദി മുര്‍മു. മുന്നണിക്കു പുറത്തുനിന്ന്‌ ഝാര്‍ഖണ്ഡ്‌ മുക്‌തി മോര്‍ച്ച അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയും എന്‍.ഡി.എ. പ്രതീക്ഷിക്കുന്നു. ഗോത്രവര്‍ഗ സന്താള്‍ വിഭാഗത്തില്‍നിന്നുള്ള മുര്‍മുവിനെ എതിര്‍ക്കാന്‍ ഗോത്രവര്‍ഗ നേതൃത്വത്തിലുള്ള ജെ.എം.എം. തയാറല്ല. മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള സൂചനകള്‍ ജെ.എം.എം. വ്യക്തമാക്കിയതോടെ ഇന്നലെ സ്വന്തം സംസഥാനമായ ഝാര്‍ഖണ്ഡില്‍നിന്ന് പ്രചാരണം ആരംഭിക്കാനിരുന്ന പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ യാത്ര മാറ്റിവയ്ക്കാൻ നിർബന്ധിതനായി.

ശിരോമണി അകാലിദള്‍, തെലുങ്കുദേശം പാര്‍ട്ടി, ബി.എസ്‌.പി. തുടങ്ങിയവയും മുര്‍മുവിനെ പിന്തുണയ്‌ക്കുമെന്നു ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി. വിരുദ്ധ പാര്‍ട്ടികളില്‍നിന്നുള്ളവര്‍പോലും മുര്‍മുവിന്‌ വോട്ട്‌ ചെയ്‌തേക്കുമെന്നാണു ബി.ജെ.പിയുടെ വിലയിരുത്തല്‍. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ രഹസ്യവോട്ടാണ്‌.

ഏക്‌നാഥ്‌ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ വിമതപക്ഷത്തിന്റെ വോട്ടും എന്‍.ഡി.എ. പ്രതീക്ഷിക്കുന്നു. മുര്‍മുവിന്റെ സ്‌ഥാനാര്‍ഥിത്വത്തെ ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി(യു) നേതാവുമായ നിതീഷ്‌ കുമാര്‍ സ്വാഗതം ചെയ്‌തതോടെ അദ്ദേഹത്തിന്റെ നിലപാട്‌ സംബന്ധിച്ച അഭ്യൂഹങ്ങളും അവസാനിച്ചു. അഗ്നിപഥ്‌ ഉള്‍പ്പെടെയുള്ള വിഷയങ്ങളെച്ചൊല്ലി ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ നിതീഷ്‌ കുമാര്‍ എന്തുനിലപാട്‌ സ്വീകരിക്കുമെന്നു സംശയമുയര്‍ന്നിരുന്നു. 543 ലോക്‌സഭാംഗങ്ങളും 233 രാജ്യസഭാംഗങ്ങളും 4,033 നിയമസഭാംഗങ്ങളും അടങ്ങുന്നതാണ്‌ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്‌ടറല്‍ കോളജ്‌. പാര്‍ലമെന്റ്‌ അംഗങ്ങളുടെ ആകെ വോട്ട്‌ മൂല്യം 5,43,200. നിയമസഭാംഗങ്ങളുടേത്‌ 5,43,231. മൊത്തം വോട്ട്‌ മൂല്യം 1086431.

അതിനിടെ ഇന്നലെ ന്യൂഡല്‍ഹിയിലെത്തിയ ദ്രൗപതി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തി. എന്‍.ഡി.എയുടെ രാഷ്‌ട്രപതിസ്‌ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഇന്നലെയാണ്‌ മുര്‍മു ആദ്യമായി തലസ്‌ഥാനത്തെത്തിയത്‌.
രാജ്യമെമ്പാടുമുള്ള മുഴുവന്‍ ജനസമൂഹവും മുര്‍മുവിന്റെ സ്‌ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി കൂടിക്കാഴ്‌ചയില്‍ പറഞ്ഞു. പിന്നീട്‌ അമിത്‌ ഷാ അടക്കമുള്ള ബി.ജെ.പിയിലെ ഉന്നത നേതാക്കളെയും മുര്‍മു സന്ദര്‍ശിച്ചു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക മുര്‍മു ഇന്നു സമര്‍പ്പിച്ചേക്കുമെന്നാണു സൂചന.

ബിനോയ് എം. ജെ.

ഉത്കണ്ഠ(anxiety)യുടെ കാരണത്തെക്കുറിച്ച് മന:ശ്ശാസ്ത്രജ്ഞന്മാർ ദശാബ്ദങ്ങളായി പഠിച്ചു വരുന്നു. എന്നാൽ അവർ അതിന്റെ ശരിയായ കാരണം കണ്ടെത്തിയോ എന്ന് എനിക്ക് സംശയമാണ്. കണ്ടെത്തിയിരുന്നുവെങ്കിൽ അവർ അതിന് പരിഹാരം നിർദ്ദേശിക്കുമായിരുന്നു. അത്തരം ഒരു പരിഹാരം മന:ശ്ശാസ്ത്രലോകത്തുനിന്നും വരാത്തതിനാൽ അതിൽ മന:ശ്ശാസ്ത്രജ്ഞന്മാർ വിജയിച്ചിട്ടില്ല എന്നുതന്നെ നമുക്ക് അനുമാനിക്കാം. എന്നാൽ ശരിയായ പരിഹാരം തത്വശാസ്ത്രത്തിൽ കിടപ്പുണ്ട്.

മനുഷ്യരായി ജനിച്ച എല്ലാവരിലും ഉത്കണ്ഠ കാണപ്പെടുന്നു. അതിനാൽ തന്നെ അത് ഒരു മാനസികപ്രശ്നം അല്ലെന്നു വാദിക്കുന്നവരുണ്ടാവാം. എന്നാൽ മനുഷ്യപ്രകൃതം തന്നെ ഒരപചയമാണെന്ന് ഭാരതീയതത്വചിന്തകന്മാർ വാദിക്കുന്നു. ജന്മനാതന്നെ മനുഷ്യൻ ഒരു (മാനസിക)രോഗിയാണ്. ഇത് പറയുവാനുള്ള കാരണം എല്ലാ പ്രശ്നങ്ങളിൽ നിന്നും കരകയറിയ അപൂർവ്വം ചില വ്യക്തിത്വത്തങ്ങൾ സമൂഹത്തിൽ ഇന്നും ഉണ്ട് എന്നത് തന്നെ. ആർഷഭാരതത്തിൽ അത്തരക്കാർ അനവധി ഉണ്ടായിരുന്നു. മനുഷ്യന്റെ പ്രശ്നങ്ങൾ സാധാരണവും സാർവ്വലൗകീകവുമാണെങ്കിലും അത് മനുഷ്യന് ഭൂഷണമല്ല എന്ന് സാരം. ഈപ്രശ്നങ്ങളിൽ നിന്നെല്ലാം കരകയറുവാൻ ഒരു മാർഗ്ഗമുണ്ടെന്നും അതിന് വേണ്ടി സദാ പരിശ്രമിക്കണമെന്നും അപ്പോൾ മാത്രമേ മനുഷ്യജീവിതം അർത്ഥവ്യത്താകുന്നുള്ളുവെന്നും ഭാരതീയ ചിന്തകന്മാർ വാദിക്കുന്നു.

മനുഷ്യന്റെ പ്രശ്നങ്ങൾ സാർവ്വലൗകീകമാണെങ്കിലും ആ പ്രശ്നങ്ങളുടെ പിറകിൽ ഒരു കാരണം ഉണ്ടെന്നും ആ കാരണം ഉത്കണ്ഠ തന്നെയാണെന്നുമാണ് ഞാൻ പറഞ്ഞു വരുന്നത്. അതിനാൽ തന്നെ ഏതെങ്കിലും വിധത്തിൽ ഉത്കണ്ഠയെ ജയിച്ചാൽ മനുഷ്യൻ എല്ലാ പ്രശ്നങ്ങളിൽനിന്നും മോചനം പ്രാപിക്കുകയും ചെയ്യുന്നു. ഞാനീകാണുന്ന ശരീരമാണെന്നും അതിനാൽതന്നെ ഞാൻ നിസ്സഹായനാണെന്നും എന്റെ ജീവൻ സദാ വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നുമുള്ള ചിന്ത ഉത്കണ്ഠയെ ജനിപ്പിക്കുന്നു. എന്നാൽ ഇത്തരമൊരു ചിന്ത മൂഢവും യുക്തിഹീനവുമാകുന്നു. ഞാനീകാണുന്ന ശരീരമല്ലെന്നും എന്റെയുള്ളിൽ ഈശ്വരൻ പ്രകാശിക്കുന്നുവെന്നും ആ ഈശ്വരൻ സർവ്വവ്യാപിയും സർവ്വശക്തനുമാണെന്നും ഈ ശരീരം പോയാലും അതെന്റെ അസ്ഥിത്വത്തെ ഒരുതരത്തിലും ബാധിക്കുകയുമില്ല എന്ന ചിന്തയാകുന്നു ഉത്കണ്ഠയ്ക്കുള്ള ശാശ്വതമായ പരിഹാരം.

ഒരുവൻ ജീവിക്കുന്നത് ഭൂമിയിലാണെങ്കിലും, സ്വർഗ്ഗത്തിലാണെങ്കിലും ,ബ്രഹമലോകത്താണെങ്കിലും താനാ അനന്തസത്തയിൽ നിന്നും ഭിന്നനാണെന്ന് ചിന്തിച്ചാൽ അവിടെ ഉത്കണ്ഠ ജനിച്ചിരിക്കും!അതിനാൽതന്നെ “ഞാനാപരബ്രഹ്മം തന്നെയാകുന്നു” (അഹം ബ്രഹ്മാസ്മി )എന്ന സമഷ്ടിബോധം വെറും ഭംഗിവാക്കല്ല മറിച്ച് മനുഷ്യനെ സദാ വേട്ടയാടുന്ന ഉത്കണ്ഠയിൽനിന്നും അനുബന്ധപ്രശ്നങ്ങളിൽനിന്നും കരകയറുവാനുള്ള ഉത്തമ ഉപായം ആവുന്നു. താൻ ഈശ്വരനിൽ നിന്നും ഭിന്നനാണെന്ന് ചിന്തിക്കുന്ന മനുഷ്യൻ പുക്കിൾകൊടി വിച്ഛേദിക്കപ്പെടുന്ന ശിശുവിനെപോലെ ഉത്കണ്ഠയിൽ വീണുപോകുന്നു. ഉത്കണ്ഠ അവനെ ജീവിതത്തിൽ ഉടനീളം വേട്ടയാടുകയും ചെയ്യുന്നു. ഇതിൽ നിന്നും മോചനം നേടുകയെന്നതാകുന്നു ജീവിതവിജയത്തിന്റെ അടിസ്ഥാനം.

ആത്മാവിനെ നിഷേധിക്കുകയും മനസ്സിനേക്കാൾ പ്രധാന്യം ശരീരത്തിന് കൊടുക്കുകയും ചെയ്യുന്ന പാശ്ചാത്യരുടെ ഭൗതിക വാദത്തിൽ മനുഷ്യന് ഉത്കണ്ഠ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. മറിച്ച് ഈ ശാരീരിക അവബോധത്തിൽ(body- consciousness )നിന്നും അതിനെ തുടർന്നുണ്ടാകുന്ന ശരീരവുമായുള്ള ബന്ധനത്തിൽ നിന്നും വ്യക്തിബോധത്തിൽ നിന്നും കരകയറിക്കൊണ്ട് ഈ പ്രപഞ്ചം മുഴുവൻ തന്റെ ഇച്ഛയാലാണ് ചലിക്കുന്നതെന്ന പരമാർത്ഥം അറിയുന്ന യോഗി ഉത്കണ്ഠയിൽനിന്നും ശാശ്വതമായ മോചനം സമ്പാദിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഒരു നൂറ്റാണ്ടിന് മുന്നേ അന്റാർട്ടിക് തീരത്ത് മുങ്ങിയ പ്രസിദ്ധ കപ്പലായ എച്ച്.എം.എസ് എൻഡ്യുറൻസിനെ കടലിന്റെ അടിത്തട്ടിൽ ഗവേഷകർ കണ്ടെത്തി. ലോകപ്രശസ്ത ബ്രിട്ടീഷ് – ഐറിഷ് പര്യവേക്ഷകനായ ഏണസ്റ്റ് ഷാക്കിൾട്ടണിന്റേതാണ് ഈ കപ്പൽ. 1915ൽ മുങ്ങിയ ഈ കപ്പലിന് പ്രത്യക്ഷത്തിൽ ഗുരുതരമായ കേടുപാടുകളില്ല.

ഫാക്ക്‌ലാൻഡ് ദ്വീപിന് തെക്ക്, അന്റാർട്ടിക്കയുടെ വടക്കൻ തീരത്ത് വാൻഡൽ കടലിൽ 9,842 അടി താഴ്ചയിലാണ് ഇപ്പോൾ എൻഡ്യുറൻസുള്ളത്. ഫാക്ക്‌ലാൻഡ്സ് മാരിടൈം ഹെറിറ്റേജ് ട്രസ്റ്റ്, ഹിസ്റ്ററി ഹിറ്റ് എന്നിവ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് എൻഡ്യുറൻസിനെ കണ്ടെത്തിയത്. സമുദ്ര പര്യവേക്ഷണ രംഗത്തെ നാഴികകല്ലുകളിലൊന്നായാണ് എൻഡ്യുറൻസിന്റെ കണ്ടെത്തൽ വിലയിരുത്തപ്പെടുന്നത്.

ദക്ഷിണ ധ്രുവത്തിൽ ആകെ നാല് പര്യവേക്ഷണങ്ങളാണ് ഏണസ്റ്റ് ഷാക്കിൾടൺ നടത്തിയിട്ടുള്ളത്. 1914ൽ ഷാക്കിൾടണിന്റെ ഇംപീരിയൽ ട്രാൻസ് – അന്റാർട്ടിക് എക്സ്പഡിഷൻ എന്ന യാത്രയുടെ ഭാഗമായി യു.കെയിൽ നിന്ന് പുറപ്പെട്ട എൻഡ്യുറൻസ് തൊട്ടടുത്ത വർഷം അന്റാർട്ടിക്കയിലെ മക്മർഡോ ഉൾക്കടലിലെത്തി.

എന്നാൽ, മോശം കാലാവസ്ഥയിൽ വെഡൽ കടലിലെ മഞ്ഞുപാളികളിൽ ഇടിക്കുകയായിരുന്നു. ഷാക്കിൾടൺ അടക്കം കപ്പലിലിൽ ഉണ്ടായിരുന്ന 28 പേർ എൻഡ്യുറൻസിൽ നിന്ന് രക്ഷപ്പെട്ട് മഞ്ഞുപാളികളിലൂടെ നടന്നും ചെറുബോട്ടുകളിലുമായും രക്ഷപ്പെട്ടു. മാസങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സംഘം ദക്ഷിണധ്രുവത്തിൽ നിന്ന് പുറത്തെത്തിയത്.

ധൗത്യം പരാജയപ്പെട്ടിരുന്നെങ്കിലും ഷാക്കിൾടണിന്റെ യാത്ര അന്റാർട്ടിക് പര്യവേക്ഷണ രംഗത്തെ ഒഴിച്ചുകൂടാനാകാത്ത അദ്ധ്യായമാണ്. പിന്നീട് 1922ൽ നടന്ന മറ്റൊരു പര്യവേക്ഷണ ധൗത്യത്തിനിടെ സൗത്ത് ജോർജിയ ദ്വീപിൽ വച്ച് 47ാം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് ഷാക്കിൾടൺ അന്തരിച്ചു.

ഷാക്കിൾടണും സംഘവും ഉപേക്ഷിച്ച എൻഡ്യുറൻസ് പിന്നീട് കടലിൽ മുങ്ങിത്താഴുകയായിരുന്നു. സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിൽ നിന്നാണ് എൻഡ്യുറൻസിനെ കണ്ടെത്താനുള്ള സംഘം അഗൽഹാസ് II എന്ന കപ്പലിൽ യാത്ര തുടങ്ങിയത്. എൻഡ്യുറൻസ് 22 എന്നാണ് ധൗത്യത്തിന് നൽകിയ പേര്. അണ്ടർ വാട്ടർ വെഹിക്കിളുകളുടെ സഹായത്തോടെയാണ് എൻഡ്യുറൻസിന്റെ സ്ഥാനം കണ്ടെത്തിയത്.

എൻഡ്യുറൻസ് എന്ന പേര് കപ്പലിൽ എഴുതിയിരിക്കുന്നത് ഇപ്പോഴും കാണാമെന്ന് പര്യവേക്ഷണ സംഘം അറിയിച്ചു. അതേ സമയം,​ ഇതേ സ്ഥലത്ത് തന്നെ എൻഡ്യുറൻസ് ഇനിയും തുടരും. എൻഡ്യുറൻസിനെ ഇവിടെ നിന്ന് നീക്കാൻ കഴിയില്ല. എന്നാൽ,​ ഗവേഷകർക്ക് ഇവിടെത്തി പഠനങ്ങൾ നടത്താം.

ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത സിനിമാ നിർമ്മാതാവ് സിറാജുദ്ദീനെ റിമാൻഡ് ചെയ്തു. ദുബായിൽ നിന്ന് സ്വർണം കടത്തിയതിന്റെ മുഖ്യ സൂത്രധാരൻ സിറാജുദീനാണെന്നും മുൻപും ഇയാൾ സ്വർണം കടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സിറാജുദ്ദീന്റെ ജാമ്യാപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും.

ഇറച്ചിവെട്ട് യന്ത്രത്തിൽ മാത്രമല്ല മുൻപും കാർഗോ വഴി ദുബായിൽ നിന്നും നാട്ടിലെത്തിച്ച പല ഉപകരണങ്ങളിലും സിറാജുദ്ദീൻ സ്വർണം കടത്തിയിരുന്നതായി കസ്റ്റംസ് കോടതിയിൽ അറിയിച്ചു. വിവിധ വിമാനത്താവളങ്ങൾ വഴിയും തുറമുഖങ്ങൾ വഴിയും സിറാജുദ്ദീൻ സ്വർണം കടത്തിയിട്ടുണ്ട്. അടുത്ത കാലത്താണ് തൃക്കാക്കര നഗരസഭ ചെയർമാന്റെ മകൻ ഷാബിനും സംഘവുമായി സിറാജുദ്ദീൻ ബന്ധം സ്ഥാപിച്ചത്. സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഒരു കോടിയോളം രൂപ സ്വർണ്ണക്കടത്തിനായി സിറാജുദ്ദീന് കൈമാറി. ഹവാല ഇടപാട് വഴിയാണ് പണം ദുബായിലെത്തിച്ചതെന്ന് ഷാബിൻ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.

നേരത്തെ തന്നെ സിറാജുദ്ദീൻ സ്വർണം കടത്തുന്നത് അറിയാമെന്നും ഷാബിൻ മൊഴി നൽകി. ഗൾഫിൽ നിന്ന് ചെന്നൈ വഴി കൊച്ചിയിലേക്ക് കടക്കാൻ ശ്രമിക്കവേ ഇന്നലെയാണ് സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സിറാജുദ്ദീന്റെ ജാമ്യം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി മറ്റന്നാള്‍ പരിഗണിക്കും.

Copyright © . All rights reserved