Latest News

ഡോ. ഐഷ വി

ലക്ഷ്യത്തിലേയ്ക്ക് സഞ്ചരിക്കാൻ ദൂരം കൂടുതലുണ്ടെന്ന് തോന്നിയേക്കാം. എന്നാൽ ശ്രദ്ധയോടെയും കൃത്യതയോടെയുമുള്ള ചിട്ടയായ ഓരോ ചുവടുവയ്പും നമ്മളെ ലക്ഷ്യത്തിലേയ്ക്ക് അടുപ്പിച്ചു കൊണ്ടിരിയ്ക്കും, ലക്ഷ്യത്തിൽ എത്തുന്നതു വരെ നാം ശ്രമം തുടർന്നുകൊണ്ടേയിരിക്കണം. എന്തൊക്കെ പ്രതിബന്ധങ്ങൾ വന്നാലും , സമയമില്ല എന്ന് തോന്നിയാലും നാം ഒരിക്കലും ശ്രമം കൈവിടരുത്. ലക്ഷ്യം സാക്ഷാത്കരിക്കാൻ ശരിയായ മാർഗ്ഗം നമ്മൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ജീവിതം പുഴ പോലൊരു പ്രയാണമാണ്. അതിൽ എന്തെങ്കിലും ഒക്കെ പിൻ തലമുറക്കാർ ഓർക്കത്തക്ക തരത്തിൽ അവശേഷിപ്പിക്കാൻ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്. അങ്ങനെ ബോധപൂർവ്വം ശ്രമിച്ചാൽ അത് സാദ്ധ്യമാണ്. സാദ്ധ്യമായതിനെ സ്വായത്തമാക്കാൻ ചിട്ടയായി പരിശ്രമിച്ചേ മതിയാകൂ. ലക്ഷ്യം ഉദ്യോഗമാകാം, ഭൗതികമായ എന്തെങ്കിലുമാകാം, എഴുത്താകാം കീർത്തിയാകാം, വിദ്യാഭ്യാസമാകാം, അങ്ങനെ ആഗ്രഹിക്കുന്ന, അന്യന് ദോഷമില്ലാത്ത സാധ്യമായ എന്തുമാകാം.

ഓർമ്മച്ചെപ്പ് തുറന്നപ്പോർ എന്ന പംക്തി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിയ്ക്കാൻ ശ്രീ റ്റിജി തോമസ് സർ എന്നോട് നിർദ്ദേശിച്ചിരുന്നു. അന്ന് നൂറ് അധ്യായങ്ങൾ പൂർത്തിയാകട്ടെ എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെ ഓർമ്മചെപ്പ് തുറന്നപ്പോൾ എന്ന പംക്തി 100 അധ്യായങ്ങളും പിന്നിട്ട് ഏറെ മുന്നോട്ട് പോയി. ഓരോ ഞായറാഴ്ചയും കൃത്യമായി ഞാനെഴുതി. മലായാളം യു കെ.കോമിലെ ജീവനക്കാർ എല്ലാ ഞായറാഴ്ചകളിലും കൃത്യമായി എഡിറ്റിംഗ് പൂർത്തിയാക്കി. അത് അപ് ലോഡ് ചെയ്തു. അനുജ സജീവിന്റെ വരകൾ അതിന് മിഴിവേകി അവരുടെ ദൗത്യം നിർവ്വഹിച്ചു. ശ്രീ റ്റിജി തോമസ് നിർദേശിച്ച തഴക്കമുള്ള മാധ്യമപ്രവർത്തകനും കാർട്ടൂണിസ്റ്റമായ ശ്രീ ഒ സി രാജുവിന്റെ സഹായത്തോടെ ആദ്യ 100 അധ്യായങ്ങൾ പുസ്തകമാക്കിയിരിക്കുകയാണ്. നല്ല കവർ ഡിസൈൻ, കാർട്ടൂൺ . എന്നിവ ശ്രീ.ഒ സി രാജു നിർവ്വഹിച്ചു. അങ്ങനെ ചിട്ടയായ പ്രവർത്തനങ്ങൾ പുസ്തകമെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. ഒട്ടേറെപ്പേരുടെ തക്ക സമയത്തുള്ള പ്രവർത്തനങ്ങൾ അതിന് ആക്കം കൂട്ടി. പൗലോ കൊയ്ലോയുടെ വാക്കുകൾ കടമെടുത്താൽ, ഞാനെന്റെ ലക്ഷ്യം നിർണ്ണയിച്ച് കഴിഞ്ഞപ്പോൾ ഈ ലോകം മുഴുവൻ എന്റെ കൂടെ നിന്നു എന്ന് പറയാം. പ്രിന്റ് ചെയ്ത ഡോണ പ്രസ്സ്, പുസ്തകം ട്രാൻസ്പോർട്ട് ചെയ്ത വണ്ടിക്കാരൻ എല്ലാം ഓരോ ഘട്ടത്തിൽ അവരവരുടെ പങ്ക് യഥാസമയം നിർവ്വഹിച്ചു. അങ്ങനെ ചിട്ടയായ പ്രവർത്തനവും ലക്ഷ്യവും മാർഗ്ഗം സുഗമമാക്കി എന്ന് പറയാം.

അതിലെ കഥാപാത്രങ്ങളെ പിന്നെ കണ്ടിട്ടുണ്ടോ? കാണാൻ ശ്രമിച്ചിട്ടുണ്ടോ എന്നൊക്കെ ചില വായനക്കാർ എന്നെ വിളിച്ച്‌ ചോദിച്ചിട്ടുണ്ട്. അങ്ങനെയുള്ള മൂന്നുപേർ. ഒന്ന് കമലാക്ഷി, രണ്ടാമത്തേത് ശാന്തേച്ചി. മൂന്നാമത്തേത് ഹിന്ദി ടീച്ചർ. ആദ്യ രണ്ട് പേരും കാസർഗോഡ് ജില്ലക്കാർ . മൂന്നാമത്തേത് തിരുവനന്തപുരം ജില്ലക്കാരിയായ ഹിന്ദി ടീച്ചർ. ഏതാണ്ട് 45 വർഷങ്ങൾക്ക് മുമ്പ് കണ്ട് പിരിഞ്ഞ് പോയവർ . അവരെ കാണാൻ ഞാൻ വളരെ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ പലവിധ തിരക്കുകൾ മൂലം അവരെ തിരഞ്ഞ് പോയില്ല എന്ന് മാത്രം.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ നന്നായി പരിശ്രമിച്ച അധ്യാപികയാണ് സരോജിനി ടീച്ചർ. കാറ്റ് ഭവാനി ഓർമ്മയിൽ തങ്ങി നിൽക്കുന്ന കഥാപാത്രമാണെന്ന് ചിലർ പറഞ്ഞിട്ടുണ്ട് .

അങ്ങനെ ഓർമ്മചെപ്പിന്റെ പ്രകാശന ചടങ്ങ് ജൂലൈ 9 ശനിയാഴ്ച 5 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. മലയാളം മിഷൻ ചെയർമാനും കവിയുമായ ശ്രീ വിനോദ് വൈശാഖി പ്രകാശനം നിർവ്വഹിക്കുന്ന ചടങ്ങ് മാന്യ വായനക്കാരുടെ നേരിട്ടും അല്ലാതെയ്യുള്ള സാന്നിദ്ധ്യത്തിലൂടെ അന്വർത്ഥമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ബ്രോക്കൺ ഗ്ലാസ് ജെല്ലോ

ചേരുവകൾ

ജെല്ലോ ക്യൂബുകൾക്കായി:-

1 . ജെല്ലോയുടെ 4 വ്യത്യസ്ത രുചികൾ
2 . 4 കപ്പ് തിളക്കുന്ന വെള്ളം

കണ്ടൻസ്ഡ് മിൽക്ക് ജെല്ലോയ്ക്ക്:-

1 . 3 ടേബിൾ സ്പൂൺ ജെലാറ്റിൻ പൊടി
2 . 1/4 കപ്പ് തണുത്ത വെള്ളം
3 . 395 ഗ്രാം കണ്ടൻസ്ഡ് മിൽക്ക്
4 . 1 കപ്പ് ചൂടുവെള്ളം

ഉണ്ടാക്കുന്ന രീതി

ആദ്യമായി ജെല്ലോയുടെ നാല് വ്യത്യസ്ത രുചികൾ തയ്യാറാക്കാം.

അതിനായി ഓരോ ജെല്ലോ ഫ്ലേവറും ഓരോ കപ്പ് ചൂടുവെള്ളത്തിൽ ലയിപ്പിച്ചു, വെവ്വേറെ കണ്ടെയ്നറുകളിൽ സെറ്റ് ചെയ്യാനായി, ഏകദേശം 1 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.

ജെല്ലോ സെറ്റ് ആയതിനുശേഷം, കണ്ടൻസ്ഡ് മിൽക്ക് ജെല്ലോ തയ്യാറാക്കാം. അതിനായി ജെലാറ്റിൻ പൊടി 1/4 കപ്പ് തണുത്ത വെള്ളത്തിൽ ലയിപ്പിക്കുക.പൂർണ്ണമായും അലിഞ്ഞു കഴിഞ്ഞാൽ, 1 കപ്പ് ചൂടുവെള്ളവും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി കൂടിച്ചേരുന്നതുവരെ ഇളക്കുക.

സെറ്റായ ജെല്ലോ സമചതുരകളാക്കി മുറിച്ച് ഒരു ഗ്ലാസ് ട്രേയിലേക്കു ക്രമരഹിതമായി വയ്ക്കുക. അതിലേക്കു തയ്യാറാക്കിവെച്ചിരിക്കുന്ന കണ്ടൻസ്ഡ് മിൽക്ക് ജെല്ലോ മിശ്രിതം ഒഴിക്കുക. എന്നിട്ടു 1-2 മണിക്കൂർ തണുപ്പിക്കാൻ ഫ്രിഡ്ജിലേക്ക് മാറ്റുക. ബ്രോക്കൺ ഗ്ലാസ് ജെല്ലോ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് സമചതുരകളാക്കി മുറിച്ചു ഡിസേർട്ട് ബൗളിലേക്ക് മാറ്റി ആസ്വദിക്കുക.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

 

 

 

 

പൊലീസ് കസ്റ്റഡിയില്‍ താന്‍ ക്രൂരപീഡനത്തിന് ഇരയായതായി മറാത്തി നടി കേതകി ചിതാലെ. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ കവിത പോസ്റ്റ് ചെയ്തതിനാണ് പൊലീസ് കേതകിയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ പൊലീസ് തന്നെ പീഡിപ്പിച്ചുവെന്ന് കേതകി ആരോപിച്ചു.

‘എന്നെ എന്റെ വീട്ടില്‍ നിന്ന് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയി. ഒരു അറസ്റ്റ് വാറന്റും നോട്ടീസും ഇല്ലാതെ നിയമവിരുദ്ധമായി അവര്‍ എന്നെ ജയിലില്‍ അടച്ചു. പക്ഷേ ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. ഞാന്‍ പറഞ്ഞത് സത്യമാണ്, അതിനാല്‍ അതിനെ ധൈര്യപൂര്‍വ്വം നേരിടാന്‍ എനിക്ക് കഴിയും’, നടി മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ പീഡിപ്പിക്കപ്പെട്ടു, എന്നെ മര്‍ദിച്ചു, അവര്‍ എന്റെ സാരി വലിച്ചൂരി, ആരോ എന്റെ വലത് മുലയില്‍ അടിച്ചു. എനിക്ക് ജാമ്യം കിട്ടി ഞാന്‍ പുറത്തിറങ്ങി. യുദ്ധം ഇപ്പോഴും തുടരുകയാണ്’, കേതകി പറഞ്ഞു.

ശരദ് പവാറിനെതിരായ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അറസ്റ്റിലായ കേതകി ചിതാലെയ്ക്ക് ജൂണ്‍ 22 ന് താനെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത 22 എഫ്ഐആറുകളില്‍ ഒന്നില്‍ മാത്രമേ ജാമ്യം ലഭിച്ചിട്ടുള്ളൂവെന്ന് നടി പറയുന്നു. താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും, തന്റെ പോസ്റ്റിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും നടി വ്യക്തമാക്കി.

 

മലയാളത്തിലെ പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ്. അടുത്തിടെയാണ് നിര്‍മ്മാണ കമ്പനിയുടെ 22-ാം വാര്‍ഷികം ആഘോഷിച്ചത്. ഇപ്പോഴിതാ നിര്‍മ്മാണ കമ്പനിയുടെ പുതിയ നേട്ടത്തെക്കുറിച്ച് പറയുകയാണ് ആന്റണി പെരുമ്പാവൂര്‍.

ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരമാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.നിശ്ചിത തിയതികളില്‍ കൃത്യമായി നികുതിയടച്ചതിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

2000-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘നരസിംഹ’മാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച് ആദ്യ ചിത്രം. പിന്നീട് മുപ്പതോളം സിനിമകളാണ് ആശിര്‍വാദ് നിര്‍മ്മിച്ചിട്ടുള്ളത്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടൂകെട്ടില്‍ പുറത്തിറങ്ങിയ ‘ട്വല്‍ത്ത് മാന്‍’ ആണ് നിര്‍മ്മാണ കമ്പനിയുടെ അവസാന ചിത്രം.

മോഹന്‍ലാല്‍ വൈശാഖ് കൂട്ടുകെട്ടില്‍ മോണ്‍സ്റ്റര്‍, ഷാജി കൈലാസ് ചിത്രം ‘എലോണ്‍’, മോഹന്‍ലാലിന്റെ ംവിധാനത്തിലൊരുങ്ങുന്ന ‘ബറോസ്’ എന്നീ സിനിമകളാണ് ആശിര്‍വാദിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

തിരക്കഥാകൃത്തായും നടനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങുന്ന ധ്യാൻ ശ്രീനിവാസൻ തുറന്നുപറച്ചിലുകൾ കൊണ്ടും ശ്രദ്ധേയനാണ്. അച്ഛൻ ശ്രീനിവാസന്റെ പാതയിലൂടെയാണ് ധ്യാനും വിനീതും സിനിമാലോകത്തേക്ക് എത്തിയത്.

വിനീത് ശ്രീനിവാസൻ ഗായകനായും സംവിധായകനായും തിരക്കഥാകൃത്തായും നടനായുമൊക്കെ തിളങ്ങുമ്പോൾ മലയാളസിനിമയിൽ തന്റേതായ ഒരിടമുണ്ടാക്കുകയാണ് ധ്യാനും. ശ്രീനിവാസന്റെ മകനായതുകൊണ്ട് ലഭിക്കാവുന്ന പ്രിവിലേജുകളെക്കുറിച്ചും അത് താൻ എങ്ങനെ കാണുന്നുവെന്നും പറയുകയാണ് ഇപ്പോൾ ധ്യാൻ.

”നാട്ടിലൊക്കെയാണെങ്കിൽ ഏത് വീട്ടിൽ പാതിരാത്രിക്ക് കയറിയാലും ശ്രീനിവാസന്റെ മോനാണെന്ന് പറഞ്ഞാൽ ഒരു ഗ്ലാസ് പച്ചവെള്ളം കിട്ടും. അതായത് നമ്മൾ നാട്ടിലാണെങ്കിൽ തെണ്ടിപ്പോവില്ലെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ താരം വെളിപ്പെടുത്തി.

അനാവശ്യമായ പ്രിവിലേജുകളിൽ തനിക്ക് വലിയ താൽപര്യമില്ലെന്നും ശ്രീനിവാസന്റെ മോനായത് കൊണ്ടുള്ള ഓവർ അറ്റൻഷൻ തനിക്ക് വേണ്ട. അത് താൻ ആഗ്രഹിക്കുന്നുമില്ലെന്നും താരം വെളിപ്പെടുത്തി.

‘ബാക്കിയുള്ളവരെ ഒരുപോലെ ട്രീറ്റ് ചെയ്യുന്ന പോലെത്തന്നെ എന്നെ ട്രീറ്റ് ചെയ്താൽ മതി. എന്നെ ഒരു മനുഷ്യനെ പോലെത്തന്നെ കണ്ടാൽ മതി. അത് പലരും കാണുന്നില്ല, അതാണ് പ്രശ്നം.ഓവർ പ്രിവിലേജുകൾ എനിക്ക് ഇഷ്ടമല്ല,”-ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചു.

നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പ്രകാശൻ പറക്കട്ടെയാണ് ധ്യാൻ ശ്രീനിവാസന്റെ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. സിനിമയുടെ തിരക്കഥ രചിച്ചതും ധ്യാൻ തന്നെയായിരുന്നു.

സ്ത്രീയെ മോശമായി ചിത്രീകരിച്ച് വീഡിയോ തയ്യാറാക്കി സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ യു ട്യൂബ് ചാനൽ അവതാരകനെതിരേ പോലീസ് കേസ്. യു ട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച സൂരജ് പാലാക്കാരൻ എന്ന പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കൽ വീട്ടിൽ സൂരജ് വി സുകുമാറിനെതിരെയാണ് എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടിപി നന്ദകുമാറിന്(ക്രൈം നന്ദകുമാർ) എതിരെ നേരത്തെ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിലാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടിൽ എത്തിയ പോലീസിന് ഇയാളെ കണ്ടെത്താനായില്ല.

ഇയാൾ ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാനായില്ലെലന്ന് പോലീസ് പറഞ്ഞു. ടിപി നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിച്ചാണ് സൂരജ് കുറ്റകൃത്യം നടത്തിയത്.

ഇതേ തുടർന്നാണ് യുവതി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എസിപി പി രാജ്കുമാർ വ്യക്തമാക്കി.

മനോജ് കുമാറിന്റെ നോവൽ “പെയ്തൊഴിയാത്ത മഴ”ജനശ്രദ്ധ പിടിച്ചു പറ്റുന്നു. സംഭവബഹുലമായ യുകെ ജീവിതത്തിൽ സംഭവിക്കുന്ന കാരൃങ്ങൾ പച്ചയായരീതിയിൽ എല്ലവർക്കും ഒരേപോലെ മനസിലാകുന്ന ഭാക്ഷയിൽ ലളിതമായി വർണ്ണിക്കുന്നതിൽ നോവലിസ്റ്റ് പുണ്ണമായും വിജയിച്ചിരിക്കുന്നു. പ്രതേൃകിച്ച് പ്രവാസികൾ വായിക്കേണ്ട പുസ്തകം. ആദൃാവസനംവരെ ആകാംക്ഷ ജനിപ്പിച്ചുകൊണ്ട് വായനക്കാരേ മുന്നോട്ട് കൊണ്ടുപോകുന്ന മനോഹരമായ കഥാതന്തു. ആമസോണിൽ ലഭ്യമാണ്. മനോജിന്റെ മനോഹരമായ രചനയിൽ സുന്ദരം മനോഹരം അകാംക്ഷജനകം എന്ന് അല്ലാതെ ഒന്നും പറയാനില്ലാ ഈ നോവലിനെപ്പറ്റി.

കെസിഎഫ് വാറ്റ് ഫോർഡിന്റെ സജീവ പ്രവർത്തകനാണ് നോവലിസ്റ്റ്. ഒരു നോവൽ എന്നതിലുപരി ഒരു ഡ്രമാറ്റിക്കൽ അല്ലെങ്കിൽ സിനിമാറ്റിക്കൽ ശൈലിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിയമങ്ങൾ കർക്കശമായി പ്രയോഗിക്കപ്പെടുമ്പോൾ മനുഷ്യരെക്കാളും നിയമങ്ങളാണ് വലുതെന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നത് ചില അവസരങ്ങളിൽ വേദനാജനകമാണ്. ഇംഗ്ലണ്ടിലെ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ വളരെ സമർത്ഥമായും ഉള്ളിൽതട്ടുന്ന രീതിയിലും ചിത്രീകരിക്കാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട് . പുത്തൻ പ്രമേയങ്ങൾ ഇഷ്ടപ്പെടുന്ന വായനക്കാർക്കുതകുന്ന നോവൽ. ചില ദുർബല നിമിഷങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളുടെ പരിണിത ഫലം ചിലപ്പോൾ എത്രത്തോളം വേദനാജനകമായിരിക്കുമെന്ന് ഈ നോവലിലൂടെ വരച്ചുകാട്ടിയിരിക്കുന്നു.

മനോജ് കുമാർ : കേരളത്തിലെ കണ്ണൂര്‍ സ്വദേശിയാണ്. യു.കെ.യിലെ സെൻട്രൽ ലണ്ടനിൽ നിന്നും ഏറെ അകലെയല്ലാത്ത വാറ്റ് ഫോഡ്എന്ന സ്ഥലത്താണ്, യു.കെ. സിറ്റിസണായി വര്‍ഷങ്ങളായി താമസം. വെള്ളാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂൾ, കണിയാഞ്ചാല്‍ ഗവ. സ്കൂള്‍, വായാട്ടുപറമ്പ് സെന്റ് ജോസഫ് സ് സ്കൂൾ, പയ്യന്നൂർ കോളേജ്, കോഴിക്കോട് ഗവ. പോളിടെക് നിക്, തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ്ങ് കോളേജ് ഇവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാസർഗോഡ് ആലിയ ടെക്നിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് വര്‍ഷങ്ങളോളം തിരുവനന്തപുരം കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) എന്ന ഗവണ്മെന്‍റ് കമ്പനിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമ്മറും, കമ്പ്യൂട്ടര്‍ ഡിവിഷന്റെ ചുമതലവഹിക്കുകയും ആയിരുന്നു. ശേഷം, തിരുവനന്തപുരത്ത് ഐ.വാ (IVA) സിസ്റ്റെംസ് എന്ന സ്ഥാപനത്തില്‍ സോഫ്റ്റ് വെയര്‍ പ്രൊജെക്റ്റ് മാനേജർ ആയി സേവനം അനുഷ്ഠിക്കുകയും തുടര്‍ന്ന് യു.കെ.യിലേക്ക് കുടുംബ സമേതം താമസം മാറുകയുമായിരുന്നു. യു.കെ.യിലെ പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഇമിസിൽ (EMIS) സോഫ്റ്റ് വെയര്‍ ഡിവിഷനിൽ സോഫ്റ്റ് വെയര്‍ പ്രൊഫഷണലായ മനോജ് കുമാര്‍ സിനിമാ തിരക്കഥാ രചനാ മേഖലയിലും രംഗത്തുണ്ട്.

മാത്യൂ ചെമ്പുകണ്ടത്തിൽ

ഇന്ത്യന്‍ ക്രൈസ്തവികതയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന തോമാബോധ്യങ്ങളെ ഏറെ പ്രോജ്വലമാക്കുന്ന ദിനമാണ് ജൂലൈ മൂന്ന്. “നമ്മുടെ പിതാവായ മാര്‍ തോമാസ്ലീഹായുടെ” ജീവിതസാക്ഷ്യത്തെ ഈ ദിനത്തില്‍ ഭാരതക്രൈസ്തവര്‍ പ്രത്യേകമായി ഓര്‍മ്മിക്കുന്നു. ഈ വര്‍ഷത്തെ ദുക്റാന തിരുന്നാളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രക്ഷയുടെ സുവിശേഷം പ്രഘോഷിക്കാന്‍ നിയുക്തനായി ഭാരതമണ്ണില്‍ എത്തിച്ചേര്‍ന്ന ക്രിസ്തുശിഷ്യനായ തോമാസ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാർഷികമാണിത്. ചരിത്രവും പാരമ്പര്യവിശ്വാസവും സാക്ഷ്യപ്പെടുത്തുന്നതുപോലെ, AD 52-ൽ കൊടുങ്ങല്ലൂരില്‍ തോമാസ്ലീഹാ കപ്പലിറങ്ങിയെന്നും AD T2-ൽ മൈലാപ്പൂരില്‍ അദ്ദേഹം രക്തസാക്ഷിയായെന്നും തലമുറതലമുറയായി തോമാക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.

ഭാരതക്രൈസ്തവ ചരിത്രത്തില്‍ പതിഞ്ഞിരിക്കുന്ന തോമാസ്ലീഹായുടെ കാലടികളെ മായ്ച്ചുകളയാനും അതിലൂടെ ക്രൈസ്തവസഭയുടെ ചരിത്രത്തെയും പൗരാണിക അസ്തിത്വത്തെയും നിഷേധിക്കാനും സംഘടിതമായി പല നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. ക്രൈസ്തവസഭയുടെ ചരിത്രപരത കണ്ട് അപകര്‍ഷതാബോധം തോന്നുന്ന പലരും തോമാസാന്നിധ്യത്തെ നിഷേധിക്കാന്‍ ഇന്നും പലനിലയിലും ശ്രമിച്ചുകൊണ്ടിരിക്കുന്നു; എന്നാല്‍ ഭാരതത്തിലെ തോമാനസറാണികൾ പ്രസ്തുത നീക്കങ്ങളെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് തോമായുടെ ജ്വലിക്കുന്ന വിശ്വാസത്തേയും ഭാരതസുവിശേഷീകരണത്തിന് തുടക്കമിട്ട ശ്രേഷ്ഠ അപ്പൊസ്തൊലന്‍റെ ജീവിത സാക്ഷ്യത്തേയും ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുന്നു.

തോമാസ്ലീഹായുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ചരിത്രം കൈയൊപ്പുചാര്‍ത്തിയ തിരുശ്ശേഷിപ്പാണ് ഭാരതത്തില്‍ ഇന്ന് കാണപ്പെടുന്ന സെന്‍റ് തോമസ് ക്രൈസ്തവ സമൂഹം. ലോകത്തില്‍ ക്രിസ്തുശിഷ്യന്മാരുടെ പേരിലുള്ള ഒരേയൊരു ക്രൈസ്തവസമൂഹമാണ് ഭാരതത്തിലുള്ള തോമാക്രിസ്ത്യാനികള്‍. തങ്ങള്‍ തോമാസ്ളീഹായുടെ മക്കളാണെന്ന് പൗരാണികകാലം മുതലേ അഭിമാനത്തോടെ പ്രഘോഷിക്കുന്ന ഈ ക്രൈസ്തവ സമൂഹം തന്നെയാണ തോമാസ്ലീഹാ ഇന്ത്യയില്‍ വന്നു എന്നതിനുള്ള ഏറ്റവും ശക്തമായ തെളിവായും നിലകൊള്ളുന്നത്.

ഈശോമശിഹായുടെ പന്ത്രണ്ട് ശിഷ്യന്മാരില്‍നിന്നും ക്രിസ്തുവിന്‍റെ സ്ഥാനാപതിയായി തോമസിനെയാണ് പരിശുദ്ധാത്മാവ് ഭാരതത്തിലേക്ക് നിയോഗിച്ചത്. ഇന്ത്യയില്‍ വെറും രണ്ട് പതിറ്റാണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ശുശ്രൂഷാകാലമെങ്കിലും ഇതിനോടകം ഏഴോളം സഭാസമൂഹങ്ങളെ (ഏഴരപ്പള്ളികള്‍) വിവിധയിടങ്ങളിലായി അദ്ദേഹം സ്ഥാപിച്ചതായി പാരമ്പര്യമായി വിശ്വസിക്കുന്നു.

കൗശലപൂര്‍വ്വം മെനഞ്ഞെടുത്ത കഥകളുമായി മതം സൃഷ്ടിക്കുന്നതിന് ഇറങ്ങിത്തിരിച്ച മതപ്രചാരകരായിരുന്നില്ല ക്രിസ്തുവിൻ്റെ അപ്പൊസ്തൊലന്മാര്‍. അവര്‍ “ക്രിസ്തുവിന്‍റെ മഹത്വം നേരിട്ടു കണ്ട സാക്ഷികളായിരുന്നു” (2 പത്രോസ് 1:16). സുവിശേഷത്തെ ജീവിച്ചുകാണിക്കുക എന്നതായിരുന്നു അപ്പോസ്തൊലന്മാരുടെ സുവിശേഷ പ്രവര്‍ത്തന രീതി. “ഞങ്ങളുടെ മാതൃകയനുസരിച്ച് ജീവിക്കുന്നവരെ കണ്ടുപഠിക്കുക” (ഫിലി 3:17) എന്നതായിരുന്നു അപ്പൊസ്തൊലിക കാലഘട്ടത്തിലെ ‘ബൈബിള്‍ ക്ലാസുകൾ’. ക്രിസ്തുവില്‍ ദര്‍ശിച്ച ജീവിത മാതൃകകളെ മുന്‍നിര്‍ത്തി വിശ്വാസജീവിത വഴിയില്‍ സഞ്ചരിക്കുവാന്‍ ജനങ്ങളെ ഒരുക്കുവാനായിട്ടാണ് അപ്പൊസ്തൊലന്മാര്‍ ദേശാന്തരങ്ങളിലേക്ക് സഞ്ചരിച്ചത്. “ദിനംതോറും നിന്‍റെ കുരിശെടുത്ത് എന്നേ പിന്‍ഗമിക്കുക” എന്ന ഈശോമശിഹായുടെ കല്‍പ്പനയെ പിന്‍പറ്റേണ്ടത് എപ്രകാരമാണെന്ന് അപ്പൊസ്തൊലന്മാര്‍ ജീവിച്ചു കാണിക്കുകയായിരുന്നു. “ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നേ അനുകരിക്കുവിന്‍” (1 കൊരി 11:1) എന്ന പ്രമാണം അപ്പൊസ്തൊലിക പാരമ്പര്യവിശ്വാസത്തിന്‍റെ ഭാഗമാണ്. ക്രിസ്തുവിലൂടെയുള്ള തന്‍റെ വിശ്വാസജീവിതയാത്ര എപ്രകാരമാണെന്ന് പൗലോസ് തന്‍റെ പിന്‍ഗാമിയായ തിമോത്തിയെ പഠിപ്പിച്ചിരുന്നു. ഈ യാത്ര എപ്രകാരമുള്ളതായിരിക്കുമെന്ന് കൊരിന്ത് സഭയെ പഠിപ്പിക്കാന്‍ തിമോത്തിയെ അയയ്ക്കുമെന്നും “ക്രിസ്തുവിലുള്ള എന്‍റെ യാത്ര” എപ്രകാരമായിരിക്കുമെന്ന് അവന്‍ നിങ്ങളെ പഠിപ്പിക്കുമെന്നും 1 കോറിന്തോസ് 4:17ല്‍ പൗലോസ് എഴുതി. തെസ്സലോനിക്യന്‍ സഭയ്ക്ക് എഴുതിയ ആദ്യ ലേഖനത്തില്‍ “നിങ്ങള്‍ ഞങ്ങളെയും കര്‍ത്താവിനേയും അനുകരിക്കുന്നവരായി” (1 തെസ1:6) എന്നും പൗലോസ് ഓര്‍മ്മിക്കുന്നു.

എഴുതപ്പെട്ട സുവിശേഷഗ്രന്ഥങ്ങളോ പ്രാര്‍ത്ഥനാ പുസ്തകങ്ങളോ ഒന്നുമില്ലാതെ, ക്രിസ്തുവിനെ ജീവിച്ചു കാണിക്കുന്നതിനായിരുന്നു തോമാസ്ലീഹായും ഭാരതത്തില്‍ എത്തിച്ചേർന്നത്. ക്രിസ്തുവിന്‍റെ സ്ഥാനാപതിയായ തന്നില്‍ നിറഞ്ഞുനിന്ന ക്രിസ്ത്വാനുഭവവും ജീവിതസാക്ഷ്യവും മാത്രമായിരുന്നു അദ്ദേഹത്തിന് ഈ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുമായി പങ്കുവയ്ക്കാന്‍ ഉണ്ടായിരുന്നത്. “ഞാന്‍ ക്രിസ്തുവിനെ പിന്‍പറ്റുന്നതുപോലെ നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍” എന്ന് പൗലോസ് എഴുതിയെങ്കില്‍, പൗലോസില്‍ നിറഞ്ഞുനിന്ന ഈ അപ്പൊസ്തൊലിക ബോധ്യത്തിന്‍റെ ഭാരതസാക്ഷ്യമായിരുന്നു തോമാസ്ലീഹായുടെ ജീവിതം. ദിവ്യരക്ഷകനോടൊത്തു ചെലവഴിച്ച മൂന്നരവര്‍ഷങ്ങളിലെ അനുഭവങ്ങൾ അദ്ദേഹത്തിനു നില്‍കിയ വിശ്വാസബോധ്യങ്ങളെ അടിസ്ഥാനമാക്കി തന്‍റെ ജീവിതംതന്നെയായിരുന്നു തോമാസ്ലീഹാ ഭാരതത്തിന് നല്‍കിയ സുവിശേഷം. തോമായുടെ ജീവിതത്തെയും വിശ്വാസത്തേയും പിന്‍പറ്റുന്നത് ക്രിസ്തുവിനെ പിന്‍പറ്റുന്നതിനു തുല്യമാണെന്ന ഉറച്ച ബോധ്യമാണ് തോമാസ്ലീഹായില്‍നിന്ന് ഭാരതക്രൈസ്തവര്‍ക്ക് ലഭിച്ച മഹത്തായ പൈതൃകം.

ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടു വിശ്വസിച്ചതോടെ “സംശയിക്കുന്ന തോമാ” സംശയരഹിതനായ തോമായായി. “മാര്‍ വാലാഹ്” (എന്‍റെ കര്‍ത്താവ് എന്‍റെ ദൈവം) എന്ന് തോമായിൽ നിന്നും ഉയർന്ന പ്രതികരണം പുതിയനിയമത്തിലെ അതിമഹത്തായ വിശ്വാസ പ്രഖ്യാപനമായിരുന്നു. ദൈവം മനുഷ്യനായി നമ്മുടെയിടയില്‍ ജീവിച്ചു എന്ന മര്‍മ്മപ്രധാനവും ദുര്‍ഗ്രാഹ്യവുമായ ക്രിസ്തുവിജ്ഞാനീയ നിഗൂതകളിലേക്കു കടന്നുചെല്ലാന്‍ സഭയ്ക്ക് വഴിതുറന്ന താക്കോലായിരുന്നു തോമാസ്ലീഹായുടെ “മാര്‍ വാലാഹ്” പ്രഖ്യാപനം. ഇതിലൂടെ, ക്രിസ്തുവില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദൈവത്വവും മനുഷ്യത്വവും എപ്രകാരം ആ വ്യക്തിത്വത്തിൽ ചേര്‍ന്നുനില്‍ക്കുന്നുവെന്നും പരസ്പരം കൂടിച്ചേരാതെ എപ്രകാരം വ്യതിരക്തമായി നിലകൊള്ളുന്നുവെന്നും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ സഭയ്ക്ക് സാധിച്ചു. വാസ്തവത്തില്‍ തോമായുടെ സംശയം സഭയ്ക്ക് അനുഗ്രഹമായി മാറുകയായിരുന്നു.

പൗരസ്ത്യസഭകളുടെ ദൈവശാസ്ത്രം തോമാകേന്ദ്രീകൃതമായി മാര്‍ വാലാഹ് വിശ്വാസപ്രഖ്യാപനത്തെയാണ് ചൂഴ്ന്നുനില്‍ക്കുന്നത്. ലോഗോസ് ആന്ത്രോപ്പോസ് ( Logos Anthropos or Word Human അന്ത്യോഖ്യന്‍) എന്ന ക്രിസ്തു വിജ്ഞാനീയ ശാഖയും, ലോഗോസ് സാക്സ (Logs Sarx or Word Flesh അലക്സാണ്ട്രിയന്‍) എന്ന ക്രിസ്തു വിജ്ഞാനീയ ശാഖയും വ്യത്യസ്ത നിലകളിൽ യേശുക്രിസ്തു എന്ന വ്യക്തിയെ തലനാരിഴകീറി പരിശോധിച്ചപ്പോഴുമെല്ലാം തോമാസ്ലീഹായുടെ ”മാര്‍ വാലാഹ്” പ്രഖ്യാപനത്തിൻ്റെ ആഴങ്ങളേയാണ് വാസ്തവമായി പണ്ഡിതലോകം പഠനവിധേയമാക്കിയത് എന്നു പറയാം.

പൗരസ്ത്യസുറിയാനി സഭയിലെ മഹാനായ ബാബായി രചിച്ച ഗീതങ്ങളിലൊന്നിൽ ഇപ്രകാരം കുറിച്ചു “കര്‍ത്താവേ നിന്‍റെ ദൈവത്വത്തെയും മനുഷ്യത്വത്തെയും സംശയംകൂടാതെ ഞങ്ങള്‍ ആരാധിക്കുന്നു” (സാഗ്ദീനന്മാര്‍ ലാലാഹൂസാക്, വല്നാശൂസാക് ദ്ലാപൂലാഗാ) സീറോ മലബാര്‍ സഭയില്‍ ക്രിസ്തുമസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ ആലപിക്കുന്ന ഈ ഗാനം തോമാസ്ലീഹായുടെ വിശ്വാസപ്രഖ്യാനപത്തിന്‍റെ ഏറ്റുപറച്ചിലുകൾ തന്നെയാണ്.

തോമാസ്ലീഹായുടെ ചരിത്രപരതയില്‍ സംശയിക്കുന്നവര്‍ മത്തായിയുടെ സുവിശേഷം 15:13 മനസ്സിലാക്കുന്നത് നല്ലതാണ്. “എന്‍റെ സ്വര്‍ഗ്ഗീയ പിതാവ് നട്ടതല്ലാത്ത ചെടികളെക്കെയും പിഴുതെറിയപ്പെടും” തോമാസ്ലീഹായില്‍ നിന്ന് വിശ്വാസദീപശിഖയേന്തി ഇന്ത്യയില്‍ തുടക്കംകുറിച്ച ‘തോമസ് മൂവ്മെന്‍റ്’ ഭാരതത്തിൽ വിവിധ കാലങ്ങളിൽ ഉദയം ചെയ്ത നിരവധി സാമ്രാജ്യങ്ങളെയും സാമ്രാട്ടുകളെയും യുദ്ധങ്ങളെയും വൈദേശികാധിപത്യങ്ങളെയും അധിനിവേശങ്ങളെയും അതിജീവിച്ചാണ് ഇവിടെവരെ എത്തിയിരിക്കുന്നത്. സ്വര്‍ഗ്ഗീയ പിതാവ് നട്ട സഭാതരു ആര്‍ക്കും പിഴുതെറിയാന്‍ കഴിയാത്ത വിധം ശാഖോപശാഖകളും അവയ്ക്കെല്ലാം ആധാരമായി ഒരൊറ്റ തായ്ത്തടിയുമുള്ള വംശവൃക്ഷമായി വളര്‍ന്നിരിക്കുന്നു. ബഹുശാഖിയായ ഈ സഭാതരു ഭാരതത്തിന്‍റെ പ്രകാശമാണ്. ജനതകളുടെ പ്രത്യാശയാണ്.

ബാംഗളൂര്‍ സെന്‍റ് തോമസ് ഫൊറോനാ ചര്‍ച്ച് ധര്‍മാരാം ഫൊറോനാ ചര്‍ച്ച് സുറിയാനി ഭാഷയിൽ ചിട്ടപ്പെടുത്തിയ ദുക്റാനാ ഗീതത്തിലെ പ്രാര്‍ത്ഥന ഏറ്റുചൊല്ലി ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കട്ടെ:
“സുവിശേഷവിളക്ക് ഞങ്ങളുടെ ഇരുളടഞ്ഞ മിഴികളില്‍ കൊളുത്തി ഞങ്ങളെ ജീവിപ്പിച്ചവനേ, ഞങ്ങളുടെ പിതാവായ മാര്‍ തോമാസ്ലീഹായോടൊപ്പം നിന്നെ ഞങ്ങള്‍ മഹത്വപ്പെടുത്തുന്നു. നിന്‍റെ വെളിപ്പാടിനെ അവനൊപ്പം സംശയമില്ലാതെ ഞങ്ങള്‍ പ്രഘോഷിക്കുന്നു, ഇടവിടാതെ ഞങ്ങള്‍ ഉരുവിടുന്നു;
മാര്‍ വാലാഹ് മാര്‍ വാലാഹ്”

മാത്യൂ ചെമ്പുകണ്ടത്തിൽ : ക്രൈസ്തവ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നു. യു കെയിലെ ലീഡ് സിൽ താമസം.

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയില്‍ ഇടവക ദിനം ആഘോഷിച്ചു. ബ്രാഡ്‌ഫോര്‍ഡ് സെന്റ് കൊളമ്പസ് കാത്തലിക് പ്രൈമറി സ്‌കൂള്‍ ഹാളില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഇടവക വികാരി ഫാ. മാത്യൂ മുളയോലില്‍ ഇടവക ദിനാചരണം ഉദ്ഘാടനം ചെയ്തു. ലീഡ്‌സ്, ഹറോഗേറ്റ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേഴ്‌സ് ഫീല്‍ഡ്, ഹാലിഫാക്‌സ് തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയിലെ നൂറ് കണക്കിനാളുകളാണ് ഇടവക ദിനാചരണത്തില്‍ പങ്കുചേരാനെത്തിയത്. കോവിഡ് മൂലം മുടങ്ങിക്കിടന്ന ഇടവക ദിനാചരണമാണ് ഗംഭീരമായി നടത്തപ്പെട്ടത്. ഔദ്യോഗീക തിരക്കുകളില്‍ നിന്നും മാറി യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇടവകാംഗങ്ങള്‍ അവരുടെ ഇടവക വികാരിയച്ചനോടും ഇടവക പ്രതിനിധികളോടുമൊപ്പം ചിരിയും കളികളുമായി ഭക്ഷണവും കഴിച്ച് ഒരു ദിവസം ചിലവഴിക്കുക എന്നതാണ് ഇടവക ദിനം കൊണ്ടുദ്ദേശിക്കുന്നത്. പല സ്ഥലങ്ങളില്‍ നിന്നായി ആത്മീയ ശുശ്രൂഷകള്‍ക്കായി ദേവാലയത്തില്‍ വരുമ്പോള്‍ പലര്‍ക്കും പല പരിമിതികളുമുണ്ട്. യാതൊരു മാനസീക സമ്മര്‍ദ്ദവുമില്ലാതെ ഇടവകാംഗങ്ങള്‍ എല്ലാം ഒരുമിച്ചാസ്വദിക്കുന്ന രംഗങ്ങളാണ് കാണുവാന്‍ സാധിച്ചത്.
സ്ത്രീകളും കുട്ടികളുമായി നൂറ് കണക്കിന് ഇടവകക്കാരാണ് ഇടവക ദിനത്തില്‍ പങ്കെടുക്കാനെത്തിയത്.
രാവിലെ പത്ത് മണി മുതല്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പാകത്തിനുള്ള ഇന്‍ഡോര്‍ ആന്റ് ഔഡ് ഡോര്‍ മത്സരങ്ങള്‍ ആരംഭിച്ചു. തനി നാടന്‍ രീതിയില്‍ എല്ലാവര്‍ക്കും മനസ്സ് തുറന്ന് ആസ്വദിക്കാനുള്ള വിഷയങ്ങളാണ് സംഘാടകര്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് എന്നത് ശ്രദ്ധേയമായി. ഇടവകാംഗങ്ങള്‍ ഒരുമിച്ചാസ്വദിച്ച ഇടവക ദിനം വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചു.

ഇടവകയിലെ സണ്‍ഡേ സ്‌ക്കൂള്‍ ടീച്ചേഴ്‌സ്, കൈക്കാരന്മാര്‍, ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തകര്‍ തുടങ്ങി മറ്റ് പ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇടവക ദിനം ഭംഗിയാക്കുവാന്‍ സാധിച്ചതെന്ന് ഇടവക വികാരി ഫാ. മുളയോലില്‍ അഭിപ്രായപ്പെട്ടു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പേ തന്നെ റവ. ഫാ. ജോസഫ് പൊന്നേത്തിന്റെ നേതൃത്വത്തില്‍ യോര്‍ക്ഷയറിലെ ആറ് കുര്‍ബാന സെന്ററുകളെ ഏകോപിപ്പിച്ച് ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സി രൂപപ്പെട്ടിരുന്നു. അക്കാലത്ത് ചാപ്ലിന്‍സി ഡേ എന്ന പേരില്‍ ഈ ആഘോഷം ഫാ. പൊന്നേത്ത് ആരംഭിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ ഫാ. ജോസഫ് പൊന്നേത്തിന്റെ പിന്‍ഗാമിയായി പിന്നീടെത്തിയത് ഫാ. മാത്യൂ മുളയോലിലാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായതിന് ശേഷം ഫാ. മാത്യൂ മുളയോലിയുടെ കഠിന പ്രയത്‌നത്താല്‍ സ്വന്തമായി ദേവാലയം വാങ്ങിയ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയെ പിന്നീട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഇടവകയായി ഉയര്‍ത്തി. തുടര്‍ന്നങ്ങോട്ട് സീറോ മലബാര്‍ സഭയുടെ പരമ്പര്യത്തിലുള്ള ഒരു ഇടവക ദേവാലയമായി വികാരി ഫാ. മാത്യൂ മുളയോലില്‍ അതിനെ കാത്ത് സൂക്ഷിച്ചു പോരുന്നു.

തമിഴ്നാട്ടില്‍നിന്നു കാണാതായ ബൈബിളിന്റെ ആദ്യ തമിഴ് വിവര്‍ത്തനമെന്ന് കരുതുന്ന കൈയെഴുത്തുപ്രതി ലണ്ടനില്‍ കണ്ടെത്തി അന്വേഷണ സംഘം. കിങ്‌സ് കലക്ഷനിലാണു കൈയെഴുത്തുപ്രതി തമിഴ്‌നാട് പൊലീസിന്റെ വിഗ്രഹ വിഭാഗം അന്വേഷണ സംഘം കണ്ടെത്തിയത്.

തഞ്ചാവൂര്‍ ജില്ലയിലെ സരസ്വതി മഹല്‍ ലൈബ്രറിയില്‍നിന്ന് കാണാതായതാണ് ഈ കൈയെഴുത്തുപ്രതിയെന്നാണു കരുതപ്പെടുന്നത്. ഡാനിഷ് മിഷനറി ബാര്‍ത്തലോമിയസ് സീഗന്‍ബാല്‍ഗ് 1715-ലാണു ബൈബിള്‍ പുതിയ നിയമത്തിന്റെ തമിഴ് വിവര്‍ത്തനം തയാറാക്കിയതെന്നു പൊലീസ് പ്രസ്താവനയില്‍ പറയുന്നു.

1682-ല്‍ ജനിച്ച ബര്‍ത്തലോമിയസ് തമിഴ്നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള, കിഴക്കന്‍ തീരത്തെ ചെറിയ ഡാനിഷ് കോളനിയായ ട്രാന്‍ക്വിബാറില്‍ (തരംഗംപാടിയുടെ ആംഗലേയ രൂപം) എത്തിയിരുന്നു. അച്ചടിശാല സ്ഥാപിച്ച അദ്ദേഹം തമിഴ് ഭാഷയെയും ഇന്ത്യന്‍ മതത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു. 1719-ല്‍ 37-ാം വയസില്‍ ബര്‍ത്തലോമിയസ് മരിച്ചു. പുതിയ നിയമത്തിന്റെയും ഉല്പത്തിയുടെയും തമിഴ് വിവര്‍ത്തനം, തമിഴിലെ നിരവധി ഹ്രസ്വ രചനകള്‍, രണ്ട് പള്ളി കെട്ടിടങ്ങള്‍, സെമിനാരി, 250 ജ്ഞാനസ്‌നാനം ചെയ്ത ക്രിസ്ത്യാനികള്‍ എന്നിവ അവശേഷിപ്പിച്ചാണ് അദ്ദേഹം അന്തരിച്ചത്.

പുതിയ നിയമത്തിന്റെ ആദ്യ പ്രതി ഷ്വാര്‍ട്‌സ് എന്ന മറ്റൊരു മിഷനറി അന്നത്തെ ഭരണാധികാരിയായിരുന്ന തുലാജി രാജാ സെര്‍ഫോഗിക്കു കൈമാറിയെന്ന ശക്തമായ ഊഹാപോഹമുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. പുരാവസ്തു പുസ്തകം തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സരസ്വതി മഹല്‍ മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു.

പുരാതന ബൈബിള്‍ ലൈബ്രറിയില്‍നിന്ന് മോഷ്ടിക്കപ്പെട്ടതായി 2005-ല്‍ സെര്‍ഫോജി കൊട്ടാരത്തിന്റെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ തഞ്ചൂര്‍ വെസ്റ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, പൊലീസ് കേസ് അവസാനിപ്പിച്ചു. പിന്നീട്, 2017 ലെ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 380-ാം പ്രകാരം വിഗ്രഹ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ബൈബിള്‍ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു.

അന്വേഷണത്തിനിടെ, സന്ദര്‍ശകരുടെ രജിസ്റ്റര്‍ പരിശോധിച്ച സംഘം 2005-ല്‍ ഒരു കൂട്ടം വിദേശികള്‍ മ്യൂസിയം സന്ദര്‍ശിച്ചതായി കണ്ടെത്തി. ഈ സന്ദര്‍ശകര്‍ ബര്‍ത്തലോമിയസ് സീഗന്‍ബാല്‍ഗിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനാണ് ഇന്ത്യയിലെത്തിയതെന്നു വിഗ്രഹവിഭാഗം ചൂണ്ടിക്കാട്ടി.

പിന്നീട് നിരവധി പുരാതന ശേഖരണ വെബ്സൈറ്റുകള്‍ ബ്രൗസ് ചെയ്ത അന്വേഷണ സംഘം ആയിരക്കണക്കിന് അച്ചടിച്ച പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ലഘുലേഖകളും ഉള്‍പ്പെടുന്ന ജോര്‍ജ് മൂന്നാമന്‍ രാജാവിന്റെ ശേഖരത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. തുടര്‍ന്നാണു കാണാതായ ബൈബിള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പതിനേഴാം നൂറ്റാണ്ടില്‍ തഞ്ചാവൂരിലെ രാജാ സെര്‍ഫോഗിയുടെ ഒപ്പോടെ അച്ചടിച്ചതാണ് ഈ ബൈബിള്‍.

യുനെസ്‌കോ ഉടമ്പടി പ്രകാരം ബൈബിള്‍ വീണ്ടെടുക്കാനും സരസ്വതി മഹല്‍ ലൈബ്രറിയിലേക്ക് ഉടന്‍ തിരിച്ചെത്തിക്കാനും കഴിയുമെന്നു വിഗ്രഹവിഭാഗം പ്രസ്താവനയില്‍ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved