രാജ്യത്തെ ഏറ്റവും മികച്ച സുന്ദരിയെ കണ്ടെത്താനുള്ള ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ വിജയ കിരീടം കര്‍ണാടക സ്വദേശിനി സിനി ഷെട്ടിക്ക്. ഞായറാഴ്ച വൈകിട്ട് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്‍ററില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയിൽ 2021 മിസ്സ് ഇന്ത്യയായിരുന്ന മാനസ വരാണസി സിനിയ്ക്ക് കിരീടം നൽകി. രാജസ്ഥാനിൽ നിന്നുള്ള റൂബൽ ഷെഖാവത്താണ് ഫസ്റ്റ് റണ്ണപ്പ് ആയത്. ഉത്തർപ്രദേശ് സ്വദേശി ഷിനാറ്റ ചൗഹാൻ സെക്കൻഡ് റണ്ണറപ്പും ആയി.
71ാമത് ലോകസുന്ദരി മത്സരത്തില്‍ സിനി ഇന്ത്യയെ പ്രതിനിധീകരിക്കും. 21കാരിയായ സിനി ഇപ്പോൾ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) വിദ്യാര്‍ഥിനിയാണ്. കർണാടക സ്വദേശിയാണെങ്കിലും മുംബൈയിലാണ് സിനി ഷെട്ടി ജനിച്ചത്. നർത്തികികൂടിയായ സിനി നാലാം വയസ്സ് മുതൽ നൃത്തം പഠിച്ചിരുന്നു.
നേഹ ധൂപിയ, ഡിനോ മോറിയ, മലൈക അറോറ തുടങ്ങിയ താരങ്ങളായിരുന്നു ജൂറിയംഗങ്ങള്‍. ക്രിക്കറ്റ് താരം മിതാലി രാജും പാനലില്‍ ഉണ്ടായിരുന്നു. ഡിസൈനര്‍മാരായ രാഹുല്‍ ഖന്ന, രോഹിത് ഗാന്ധി, കൊറിയോഗ്രാഫര്‍ ഷിയാമാക് ദാവർ എന്നിവരും ജൂറിയുടെ ഭാഗമാണ്. മിസ് ഇന്ത്യ ഗ്രാൻഡ് ഫിനാലെ ജൂലൈ 17 ന് കളേഴ്‌സ് ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്യും. പ്രശസ്ത ടെലിവിഷന്‍ അവതാരകനും മോഡലും പാട്ടുകാരനുമായ മനീഷ് പോളായിരുന്നു അവതാരകന്‍.
View this post on Instagram
ബോഡി ഷെയിമിങ്ങിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ട്രാവല്‍- ഫുഡ് വ്‌ളോഗര്‍മാരായ സുജിത് ഭക്തനും ഭാര്യ ശ്വേതയും. ശ്വേതക്കെതിരെ ഇവര്‍ പോസ്റ്റ് ചെയ്യുന്ന ട്രാവല്‍, ഫുഡ് വ്‌ളോഗ് വീഡിയോകള്‍ക്ക് താഴെ വ്യാപകമായി ബോഡി ഷെയിമിങ്ങ് കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ഇത്തരം ബോഡി ഷെയിമിങ് കമന്റുകളില്‍ പ്രതികരിച്ചാണ് ഇരുവരും തങ്ങളുടെ ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
”എന്റെ ഭാര്യ തടിച്ചിയാണ്. എന്റെ ഭാര്യക്ക് വണ്ണമുണ്ട്. എനിക്കും വണ്ണമുണ്ട്, അത്യാവശ്യം കുടവയറുണ്ട്. എന്റെ അനിയനും വണ്ണമുണ്ട്, വീട്ടില്‍ എല്ലാവര്‍ക്കും വണ്ണമുണ്ട്.
എന്റെ ഭാര്യക്ക് വണ്ണമുള്ളത് ഞാന്‍ സഹിച്ചോളാം. പക്ഷെ അത് സഹിക്കാന്‍ പറ്റാത്ത കുറേ ആള്‍ക്കാരുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത് വലിയ പ്രശ്‌നമാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞത് മുതല്‍ തുടങ്ങിയതാണ്.
ഈയിടെ ഞങ്ങള്‍ യാത്ര തുടങ്ങിയത് മുതല്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ബോഡി ഷെയിമിങ്. ശ്വേതയെ ടാര്‍ഗറ്റ് ചെയ്ത് ധാരാളം കമന്റുകള്‍ വരുന്നുണ്ട്. സ്ത്രീകളാണ് കൂടുതല്‍ കമന്റിടുന്നുണ്ട്.
എനിക്ക് ശരിക്കും മനസിലാവുന്നില്ല, ശരിക്കും ആളുകളുടെ പ്രശ്‌നം എന്താണെന്ന്.
ഒരു സ്ത്രീക്ക് പ്രസവത്തിന് ശേഷം അവരുടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണല്‍ ചേഞ്ചസും ബാക്കിയുള്ള മാറ്റങ്ങളും സ്വന്തം
അമ്മയും പെങ്ങളും ഭാര്യയും ആരാണെന്ന് മനസിലാവുന്ന ആള്‍ക്കാര്‍ക്ക് മാത്രമേ മനസിലാക്കാന്‍ പറ്റുകയുള്ളൂ.
തൈറോയ്ഡിന്റെ പ്രശ്‌നങ്ങള്‍ കാരണം ശരീരം വണ്ണം വെക്കും. ശ്വേതക്ക് തൈറോയ്ഡിന്റെ പ്രശ്‌നമുണ്ട്. അത് കണ്‍ട്രോള്‍ ചെയ്യാന്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട്.
ഹെല്‍ത്ത് വൈസ് തടിയുള്ളവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാം. ആരോഗ്യ ബുദ്ധിമുട്ടുകളുണ്ടാവാം. തടിയില്ലാത്തവര്‍ക്കെന്താ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവില്ലേ. ഫുള്‍ടൈം ജിമ്മില്‍ പോയി ഫിറ്റായി നടക്കുന്ന ആളുകള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നില്ലേ.
ഓരോരുത്തരുടെ ലൈഫ്‌സ്റ്റൈലും കാര്യങ്ങളും ശരീരത്തെ ഒരു പരിധി വരെ ബാധിക്കും. എനിക്കിത്ര കുടവയര്‍ വന്നത് യാത്രകള്‍ ചെയ്തുതുടങ്ങിയ സമയത്താണ്. ഞാന്‍ പണ്ട് മെലിഞ്ഞിരുന്ന വ്യക്തിയാണ്. ലൈഫ്‌സ്റ്റൈലില്‍ വന്ന മാറ്റമാണ് കുടവയറിന് കാരണം.
ശ്വേത അങ്ങനെയല്ല. ശ്വേത ചെറുപ്പം മുതല്‍ ഇങ്ങനെയാണ്. ചില ആളുകള്‍ ചെറുപ്പം മുതല്‍ ചബ്ബിയായിരിക്കും, അത് നമ്മള്‍ ആക്‌സപ്ട് ചെയ്യണം. ശ്വേതയുടെ വണ്ണം ഒരിക്കലും ഭക്ഷണം കഴിച്ചിട്ടല്ല.
വെളുത്തവന്‍ കറുത്തവനെ കളിയാക്കുന്നു, മെലിഞ്ഞാല്‍ പ്രശ്‌നം, തടിച്ചാല്‍ പ്രശ്‌നം, എന്താണ് നിങ്ങളുടെയൊക്കെ പ്രശ്‌നം. ഇതൊക്കെ ശരിക്കും മോശമാണ്.
സ്വന്തം ശരീരം തുണിയുരിഞ്ഞ് കണ്ണാടിയില്‍ നോക്കിയിട്ട് വേണം അങ്ങനെ കമന്റ് ചെയ്യുന്നവര്‍ ഇനി കമന്റ് ചെയ്യാന്‍. നിങ്ങള്‍ അത്ര ഫിറ്റാണോ എന്ന് നോക്കിയിട്ട് വേണം കമന്റ് ചെയ്യാന്‍,” സുജിത് ഭക്തന്‍ വീഡിയോയില്‍ പറഞ്ഞു.
”ഈ നാട്ടില്‍ തടിയുള്ള ഒരാള്‍ക്ക് ജീവിക്കാന്‍ പറ്റില്ലേ. എനിക്ക് അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. ചിലര്‍ ജന്മം കൊണ്ട് തടി വെക്കും, ചിലര്‍ മെലിഞ്ഞ് എലുമ്പന്മാരെ പോലിരിക്കും. എലുമ്പന്മാരെ നിങ്ങള്‍ എലുമ്പന്മാര്‍ എന്ന് വിളിക്കുമോ, തടിച്ചികളെ തടിച്ചി എന്ന് വിളിക്കുമോ. അപ്പൊ സാധാരണ പോലുള്ള ആളുകള്‍ക്ക് മാത്രമേ ഇവിടെ ജീവിക്കാന്‍ പാടുള്ളൂ എന്നാണോ.
എനിക്കിപ്പൊ ആള്‍ക്കാരോട് പുച്ഛമാണ്. ഐ ഡോണ്ട് കെയര്‍. കാരണം, ഞാന്‍ വണ്ണം വെക്കുന്നതിന്റെ കാരണമെന്താണെന്ന് എനിക്കറിയാം. എന്തുകൊണ്ടാണ് വണ്ണമുള്ളതെന്നും എനിക്കറിയാം. എനിക്കതില്‍ പ്രശ്‌നമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം.
ഒരാള്‍ക്ക് ജീവിക്കണ്ടേ. തടിച്ചവര്‍ക്ക് മാത്രമല്ല, മെലിഞ്ഞ് ഈര്‍ക്കിലി പോലുള്ള ആള്‍ക്കാര്‍ക്കും ഈ നാട്ടില്‍ ജീവിക്കണ്ടേ. ഭയങ്കര സെക്‌സി ടൈപ്പില്‍ ബോഡിയുള്ള ആള്‍ക്കാര്‍ക്ക് മാത്രമേ ഈ നാട്ടില്‍ ജീവിക്കാന്‍ പാടുള്ളൂ എന്നുണ്ടോ.
നമ്മുടെ ചാനലില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ കുറേയിടത്ത് ഞാന്‍ ഇത് കണ്ടിട്ടുണ്ട്,” ശ്വേത പറഞ്ഞു.
ജർമ്മനിയിലെ ഗോട്ടിംഗനിലെ തടാകത്തിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞിട്ടും നാട്ടിലെത്തിക്കാൻ കഴിയാതെ കുടുംബവും സുഹൃത്തുക്കളും. ഗോട്ടിംഗനിലെ (യുഎംജി) യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പിഎച്ച്ഡി വിദ്യാർത്ഥി ആയിരുന്ന അരുൺ സത്യൻ കഴിഞ്ഞ ജൂൺ 25 ന് (ശനിയാഴ്ച) ആണ് റോസ്ഡോർഫർ ബാഗർസി തടാകത്തിൽ മുങ്ങിമരിച്ചത്. കൊച്ചി സ്വദേശിയാണ്.
കഴിഞ്ഞ ആഴ്ച മൂന്ന് മണിയോടെ റോസ്ഡോർഫർ ബാഗർസി തടാകം കാണാൻ പോയ അരുണിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അരുണിന്റെ ബാഗും മറ്റും തടാകത്തിന് സമീപം കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം ലഭിക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട് പറയുന്നത്.
അതേസമയം, സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ആദ്യം തന്നെ അരുണിന്റെ സുഹൃത്ത് മയങ്കും മറ്റുള്ളവരും ജർമ്മനിയിലെ ഹാംബർഗിലുള്ള ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയും ഇക്കാര്യം അവരെ അറിയിക്കുകയും ചെയ്തിരുന്നു.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് പരിശോധിക്കാമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. എന്നാൽ ആശുപത്രിയും പൊലീസും വിശദാംശങ്ങൾ നൽകാതെ വന്നതോടെ തങ്ങൾക്ക് അരുണിന്റെ വീട്ടുകാരുടെ പവർ ഓഫ് അറ്റോർണി വാങ്ങേണ്ടി വന്നതായും അവർ പറയുന്നു.
മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ തുക കണ്ടെത്തുന്നതിനായി അരുണിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണ്.. എന്നാൽ വിവിധ വകുപ്പുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലെ കാലതാമസം, പേപ്പർവർക്കുകളുടെ അഭാവം, സ്ഥാപനങ്ങളുടെ അവധി തുടങ്ങിയവ കാരണം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇഴയുകയാണ്.
തന്റെ കുടുംബവും സുഹൃത്തുക്കളും പ്രാദേശികമായി എല്ലാ അധികൃതരിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് അരുണിന്റെ സഹോദരൻ അതുൽ പറഞ്ഞു. വിദേശകാര്യ സഹമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും, കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി ജർമ്മനിയിലെ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ നേരിട്ട് വിളിച്ചിരുന്നതായും അതുൽ പറഞ്ഞു.
അതേസമയം അരുണിന്റെ മൃതദേഹം എപ്പോൾ നാട്ടിലെത്തിക്കുമെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്ക് ഇതുവരെ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാർ എംഎൽഎ. ഇടവേള ബാബുവിന്റെ പരാമർശത്തിലും വിജയ് ബാബുവിനെതിരെ നടപടി ഇല്ലാത്തതിലും മറുപടി ആവശ്യപ്പെട്ട് ഒമ്പത് ചോദ്യങ്ങളുമായാണ് ഗണേഷ് കുമാറിന്റെ കത്ത്. കുറ്റാരോപിതനായ ദിലീപിനോട് നേരത്തെ സ്വീകരിച്ച സമീപനം വ്യക്തമായി മുന്നിലുണ്ടായിട്ടും സമാനമായ കുറ്റം ആരോപിക്കപ്പെട്ട വിജയ് ബാബുവിനെതിരെ തത്തുല്യമായ നടപടി എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് കത്തിൽ ചോദിക്കുന്നു.
അപകടത്തിൽ പരുക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പേര് അനവസരത്തിൽ വലിച്ചിട്ട് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ ‘അമ്മ’യും മോഹൻലാലും അപലപിക്കുമോ? ക്ലബ് പരാമർശം നടത്തിയ ഇടവേള ബാബു സംഘടനയുടെ സ്‌ക്രട്ടറിയായി തുടരാൻ യോഗ്യനാണോയെന്ന് പരിശോധിക്കണമെന്നും കത്തിൽ പറയുന്നു.
‘അമ്മ’ അംഗങ്ങളുടെ അംഗത്വഫീസ് രണ്ടുലക്ഷത്തി അയ്യായിരമായി വർധിപ്പിച്ച നടപടിയെയും വിമർശിച്ചു കൊണ്ടാണ് കത്ത്. ‘അമ്മ’ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണോ അംഗത്വഫീസ് വർധനയെന്ന് സംശയമുണ്ടെന്നും ഗണേഷ് കുമാർ പറയുന്നു. മുൻപ് അയച്ച കത്തുകൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ഈ ചോദ്യങ്ങൾക്ക് പ്രസിഡന്റിന്റെ മറുപടി പ്രതീക്ഷിക്കുന്നതായും പറഞ്ഞാണ് കത്ത്.
നേരത്തെ, ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. ‘അമ്മ’ സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും വാശിയോടെ ക്ലബ് ആണെന്ന പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നത് എന്തിനാണെന്നും ആർക്ക് വേണ്ടിയാണെന്ന് ഇടവേള ബാബു വ്യക്തമാക്കണമെന്നും ഗണേഷ് പറഞ്ഞിരുന്നു. വിജയ് ബാബു സംഘടനയിൽ നിന്ന് സ്വയം രാജിവെയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണം എന്നാണ് തന്റെ ആവശ്യമെന്നും ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.
തെലുങ്ക് നടന്‍ നരേഷിനെയും നടി പവിത്രാ ലോകേഷിനെയും ചെരിപ്പൂരി തല്ലാനൊരുങ്ങി നരേഷിന്റെ ഭാര്യ രമ്യാ രഘുപതി. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മൈസൂരുവിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം.
ഞായറാഴ്ച നരേഷ് താമസിക്കുന്ന ഹോട്ടലില്‍ എത്തിയതായിരുന്നു രമ്യ. ലിഫ്റ്റിലേക്ക് പോകുന്ന നരേഷും പവിത്രയുമാണ് വിഡിയോയിലുള്ളത്. മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന രമ്യയെ വനിതാ പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റുന്നു. ഇതിനിടെ നരേഷ് ലിഫ്റ്റില്‍ നിന്ന് പിന്തിരിഞ്ഞ് രമ്യയെ പരിഹസിക്കുന്നതും വിസിലടിക്കുന്നതും കാണാം.
നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ. നരേഷും പവിത്ര ലോകേഷും വിവാഹിതരായി എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് നരേഷ് ഇക്കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് ഒരു വിഡിയോ പങ്കുവച്ചിരുന്നു.
കര്‍ണാടക സ്വദേശിനിയായ പവിത്ര, സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ വൈമാത്രയ സഹോദരന്‍ (സ്റ്റെപ് ബ്രദര്‍) നരേഷിനെ വിവാഹം ചെയ്തു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മഹേഷ് ബാബുവിന്റെ അച്ഛന്‍ തെലുങ്ക് സൂപ്പര്‍ താരം കൃഷ്ണയുടെ മകനാണ് നരേഷ്. നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി നരേഷ് തന്നെ വഞ്ചിച്ചതായും ചൂഷണം ചെയ്താതായും ആരോപിച്ച് രംഗത്ത് വന്നിരുന്നു.
ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
കീത്തിലി മലയാളീസ് നേതൃത്വം കൊടുക്കുന്ന ‘കീത്തിലി റമ്മിയും 28 മത്സരവും’ ജൂലൈ 9 ശനിയാഴ്ച്ച യോര്‍ക്ഷയറിലെ കീത്തിലില്‍ നടക്കും. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേയ്‌ക്കെത്തിയിരിക്കുകയാണ്. രജിസ്‌ട്രേഷന്‍ ജൂലൈ 7 വ്യാഴാഴ്ച്ച അവസാനിക്കും.
ജൂലൈ 9 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കീത്തിലി ഗുഡ് ഷെപ്പേര്‍ഡ് സെന്ററില്‍ മത്സരം ആരംഭിക്കും. പുരുഷന്മാരുടെ റമ്മി കളിയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 28 കളി മത്സരവുമാണ് നടക്കുന്നത്. കോവിഡ് കാലത്ത് തളര്‍ന്ന ആസ്വാദകര്‍ക്ക് ഉന്മേഷം നല്‍കി ഒരു പുത്തന്‍ ഉണര്‍വ്വ് പ്രവാസികളായ മലയാളികളില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഈ ചെറിയ പരിപാടികൊണ്ടുദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുന്ന ചീട്ടുകളി മത്സരത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീകളുടെ ടീമുകളടക്കം നിരവധി ടീമുകള്‍ ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു.
ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക.
Babu Sebastian 07828192965
Didin 07448415370
Jomesh 07404771500
Renil 07424800229
ദൈവവിളിയുടെ ധന്യ മുഹൂർത്തത്തിന് യു കെ സാക്ഷ്യം വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത കുട്ടനാട് വേഴപ്രാ പള്ളി ഇടവക അംഗമായ മഠത്തിൽ ആൻറണിയുടെയും ഏലിയാമ്മയുടെയും മകൻ ജെയിംസ് (ടോമിച്ചൻ) ന്റെയും കാഞ്ഞിരപ്പള്ളി അതിരൂപത പൊൻകുന്നം ചെങ്ങളം കാഞ്ഞിരമറ്റം പള്ളി ഇടവക അംഗമായ പുത്തൻപുരയ്ക്കൽ പി .വി ആൻറണിയുടെയും ത്രേസ്യാമ്മയുടെയും മകളായ ജോളി ജെയിംസിന്റെയും മകനായ ഫാ. ജിത്തു ജയിംസ് മഠത്തിലിൻെറ പുത്തൻ കുർബാന നോർത്താംപ്ടണിൽ നടന്നു .ഔവർ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കത്തീഡ്രലിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ പീറ്റർ ഡോയലിലെ ബിഷപ്പ് എമിരിറ്റസ് ആയ ബിഷപ്പ് ഡേവിഡ് ഓക്ക് ലിയിൽ നിന്നാണ് ഫാ. ജിത്തു ജയിംസ് പൗരോഹിത്യം സ്വീകരിച്ചത്.

ഒട്ടേറെ വൈദികരും വിശ്വാസികളും പങ്കെടുത്ത ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആശംസകൾ ചടങ്ങിനെ ധന്യമാക്കി . ഫാ ആന്റണി ചുണ്ടേലിക്കാട്ട് വി ജി നന്ദി പറഞ്ഞ ചടങ്ങ് യുകെയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ പ്രാർത്ഥനാനുഭവമായി. ഫാ ജോർജ്ജ് തോമസ് .വി ജി, ഫാ ബെന്നി വള്ളിയാവെട്ടിൽ എം എസ് എഫ് എസ്, ഫാ എബിൻ തോമസ് വി സി, ഫാ സുജിത്ത് എം എസ് എഫ് എസ്, ഫാ ആർ ജോസഫ്, ഫാ ആർ ദീപു ആന്റണി പുത്തൻപുരക്കൽ, ഫാ ,മാത്യു ലാൽ , ഫാ . ഷാൻജു കൊച്ചുപറമ്പിൽ എന്നിവരും പ്രാർത്ഥനാ ശുശ്രൂഷയിൽ സന്നിഹിതരായിരുന്നു






ഷെറിൻ പി യോഹന്നാൻ
നമ്പി നാരായണൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് 1994ലെ ISRO ചാരക്കേസ് ആയിരിക്കും. ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ (ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണ ഫലങ്ങൾ) ചോർത്തിയെന്ന ആരോപണമാണ് നമ്പി നാരായണന് നേരെ ഉയർന്നത്. പിന്നാലെ അറസ്റ്റ്, പോലീസിന്റെ ക്രൂരമർദനം, ജയിൽവാസം, രാജദ്രോഹിയെന്ന ആക്ഷേപം, കുടുംബത്തിന് നേരെയുള്ള അക്രമം എന്നുതുടങ്ങി നിരവധി പ്രതികൂലതകളിലൂടെയാണ് അദ്ദേഹം കടന്നുപോയത്. നിരപരാധി ആണെന്ന് കാലം തെളിയിച്ചപ്പോഴും നമ്പി നാരായണൻ തന്റെ പോരാട്ടം തുടർന്നു.
എന്നാൽ ഇതുമാത്രമല്ല നമ്പി നാരായണൻ. ഐഎസ്ആർഒയിലെ ഏറ്റവും മിടുക്കനായ ശസ്ത്രഞ്ജരിൽ ഒരാളായിരുന്നു നമ്പി. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പഠനം, ഫ്രാൻസിലെ പരിശ്രമങ്ങൾ, വികാസ് എഞ്ചിന്റെ ഉപജ്ഞാതാവ്, ഇസ്രോ(ISRO) യിലെ ക്രയോജനിക് വിഭാഗത്തലവൻ തുടങ്ങി ഒട്ടേറെ അഭിമാനനേട്ടങ്ങൾ അദ്ദേഹത്തിനുണ്ടെങ്കിലും നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ചാരക്കേസ് ആവും. ആ മുൻവിധിയെ പൊളിച്ചെഴുതുകയാണ് മാധവൻ, ‘റോക്കട്രി ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിലൂടെ.
1994-ലെ സന്ദർഭങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. നമ്പിയുടെ കുടുംബത്തിൽ നിന്നു തന്നെ. ശ്രീ വെങ്കടേശ്വര സുപ്രഭാതം എന്ന ഗാനം ആദ്യ സീനുകളെ മനോഹരമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം വിജയിക്കുമ്പോൾ നമ്പി നാരായണൻ എന്ന പേര് വീണ്ടും മുഖ്യധാരയിലേക്ക് വരുന്നു. 2013-ൽ നടക്കുന്ന അഭിമുഖത്തിൽ അദ്ദേഹം തന്റെ ജീവിതം പറയുകയാണ്; ഓരോരോ അധ്യായങ്ങളായി.
തമിഴിൽ സൂര്യയും ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാനുമാണ് നമ്പി നാരായണനെ ഇന്റർവ്യൂ ചെയ്യുന്നത്. ഈ ചിത്രത്തിന് വേണ്ടി ഇരുവരും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന വാർത്ത മുൻപ് വന്നിരുന്നു. ക്ലൈമാക്സിൽ സൂര്യയുടെ പ്രകടനം വളരെ സ്വാഭാവികമായി തന്നെ സ്‌ക്രീനിൽ നിറയുന്നുണ്ട്. ഷാരൂഖ്, സൂര്യ ഫാക്ടറാണ് ഈ ചിത്രത്തിന്റെ USP എന്ന് പറയുന്നതിൽ തെറ്റില്ല. കാനിൽ പ്രദർശിപ്പിച്ച ചിത്രമായതിനാലും നമ്പി നാരായണന്റെ ജീവിതകഥ ആയതിനാലും ആദ്യം ദിനം തന്നെ കണ്ടു.

നമ്പി നാരായണന്റെ വ്യക്തിജീവിതം ആദ്യപകുതിയിലും 94ലെ കേസും തുടർന്നുണ്ടായ സംഭവങ്ങളും രണ്ടാം പകുതിയിലുമായി പറയുന്നു. ഒരു ബയോപിക് ഒരുക്കുമ്പോൾ സംവിധായകൻ സഞ്ചരിക്കുന്ന വഴിയിലൂടെയൊക്കെ മാധവൻ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ, ഫൈനൽ ഔട്ട്‌പുട്ടിൽ കഥ ഓവറായിട്ടില്ല. ‘ചെറുതൊന്നും ചെയ്ത് ശീലമില്ലാത്ത’ നമ്പിയുടെ കഴിവും നേട്ടങ്ങളുമൊക്കെയാണ് ആദ്യ പകുതിയിലെ കാഴ്ചകൾ. പലപ്പോഴും ഒരു സയൻസ് ക്ലാസിൽ ഇരിക്കുന്ന ഫീലാണ് ലഭിക്കുക.
രണ്ടാം പകുതിയിൽ ചാരക്കേസും തുടർന്ന് ഒരു ഇമോഷണൽ ഡ്രാമയെന്ന നിലയിലുമാണ് ചിത്രം നീങ്ങുന്നത്. സംവിധായകൻ എന്ന നിലയിലും അഭിനേതാവെന്ന നിലയിലും നമ്പി നാരായണന്റെ ജീവിതത്തോട് നീതി പുലർത്തിയിട്ടുണ്ട് മാധവൻ. വേഷപകർച്ചയിലും രൂപഭാവത്തിലും നമ്പി നാരായണനായി ഗംഭീര പ്രകടനം. പോലീസ് സ്റ്റേഷനിൽ ചായ കുടിക്കുന്ന സീനിൽ മാധവനിലെ മികച്ച അഭിനേതാവിനെ, ആ കഥാപാത്രത്തെ സാംശീകരിച്ചുള്ള പ്രകടനം കാണാം. രണ്ടാം പകുതിയിൽ ഡയലോഗുകൾ ഷാർപ്പ് ആകുമ്പോൾ മാധവന്റെ സംവിധാനവും മികവിലെത്തുന്നു. അദ്ദേഹത്തിന്റെ മക്കൾക്ക് നേരെയും കുടുംബത്തിന് നേരെയും ഉണ്ടായ അക്രമങ്ങളെ ഇന്റൻസായി തന്നെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. സിമ്രാന്റെ പ്രകടനമികവും സീനുകളെ മികച്ചതാക്കുന്നു.
നാസയുടെ ക്ഷണം നിരസിച്ച് ഇസ്റോയിൽ ചേർന്ന, ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളിൽ പ്രധാന പങ്കു വഹിച്ച, കലാമിനൊപ്പം രാജ്യം വാഴ്ത്തിപ്പാടേണ്ടിയിരുന്ന, ഇസ്റോ മേധാവിയാകേണ്ടിയിരുന്ന ഒരാളുടെ കഥയാണിത്. അയാളുടെ പോരാട്ടത്തെക്കാൾ ഏറെ അയാളിലേക്കാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്. റോക്കറ്റ് സയന്റിസ്റ്റിന്റെ കഥ പറയുമ്പോഴും സിനിമാറ്റിക് ലിബർട്ടി ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്. ആദ്യ പകുതിയിൽ പലയിടത്തും ഒരു ഹീറോ എന്ന നിലയിലാണ് നമ്പിയെ പ്രതിഷ്ഠിക്കുന്നത്.

നമ്പി നാരായണൻ്റെ ആത്മകഥയായ ‘ഓർമ്മകളുടെ ഭ്രമണപഥം’ രചിക്കുകയും, ‘നമ്പി ദി സയൻ്റിസ്റ്റ്’ എന്ന ഡോക്യുമെൻ്ററി ഒരുക്കുകയും ചെയ്ത പ്രജേഷ് സെൻ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. അവസാനം നമ്പി നാരായണനെ സ്‌ക്രീനിൽ എത്തിച്ചുകൊണ്ട്, അദ്ദേഹത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലായി നിർമ്മിച്ച ചിത്രം മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ഒക്കെ മൊഴിമാറ്റിയിട്ടുണ്ട്. പ്രാദേശിക ഭാഷയിലേക്കുള്ള ഈ മാറ്റമാണ് ആസ്വാദനത്തെ ബാധിക്കുന്നത്. വിദേശ വ്യക്തികളുടെ സംസാരമൊക്കെ തമിഴിലും മലയാളത്തിൽ ആക്കിയത് എന്തിനാണ്? സംഭാഷണം ഇംഗ്ലീഷിൽ തന്നെ ഒരുക്കി സബ്ടൈറ്റിൽ നൽകുന്നതായിരുന്നു ഉചിതം. ഈയൊരു പ്രശ്നം ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. എന്നാൽ, നമ്മൾ അറിഞ്ഞിരിക്കേണ്ട കഥയെ, അതിന്റെ സത്ത ചോർന്നുപോകാതെ സ്‌ക്രീനിൽ എത്തിക്കാൻ മാധവന് കഴിഞ്ഞിട്ടുണ്ട്.
💥Bottom Line – നമ്പി നാരായണന്റെ വ്യക്തി ജീവിതവും ഇസ്റോ ചാരക്കേസും അതിന്റെ പ്രത്യാഘാതങ്ങളും നിയമ പോരാട്ടങ്ങളും പറയുന്ന സിനിമ. മൊഴിമാറ്റത്തിലെ പ്രശ്നങ്ങളും ആദ്യ പകുതിയിൽ ചിലയിടത്തുണ്ടാവുന്ന കൃത്രിമത്വവും കല്ലുകടിയാവുന്നുണ്ടെങ്കിലും വിഷയസ്വീകാര്യതയും നീതിപൂർവമായ ആഖ്യാനവും പരിഗണിച്ച് തിയേറ്ററിൽ കാണാവുന്ന ചിത്രമാണ് ‘റോക്കട്രി ദി നമ്പി ഇഫക്ട്’
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് സമ്പൂർണ്ണ ധനസഹായ സ്കോളർഷിപ്പുകൾ ബ്രിട്ടൻ വാഗ്ദാനം ചെയ്യുന്നു.അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളുമായുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ബ്രിട്ടൻ ബുധനാഴ്ച പ്രഖ്യാപിച്ചു.ഓഫർ ചെയ്യുന്ന പ്രോഗ്രാമുകളിൽ ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമിനുള്ള ചെവനിംഗ് സ്കോളർഷിപ്പുകൾ ഉൾപ്പെടുന്നു, യുകെ സർവകലാശാലയിൽ ഏത് വിഷയവും പഠിക്കാനുള്ള അവസരവും.
കൂടാതെ, ഇന്ത്യയിലെ ബ്രിട്ടീഷ് കൗൺസിൽ സ്ത്രീകൾക്കായി സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) എന്നിവയിൽ ഏകദേശം 18 സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു.ഇവയ്‌ക്കൊപ്പം ആറ് ഇംഗ്ലീഷ് സ്‌കോളർഷിപ്പുകളും ബ്രിട്ടീഷ് കൗൺസിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.സെപ്തംബർ മുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിൽ പഠിക്കാൻ 75 സമ്പൂർണ്ണ ധനസഹായ സ്കോളർഷിപ്പുകൾ ബ്രിട്ടൻ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ 150 ലധികം യുകെ സർവകലാശാലകളിലായി 12,000 കോഴ്സുകൾ ഉൾക്കൊള്ളുന്നു . 1983 മുതൽ ആഗോള നേതാക്കളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള 150 രാജ്യങ്ങളിൽ യുകെ ഗവൺമെന്റിന്റെ അന്താരാഷ്ട്ര അവാർഡ് പദ്ധതിയാണ് ചെവനിംഗ് പദ്ധതി. 3,500-ലധികം പൂർവ്വ വിദ്യാർത്ഥികളുള്ള ലോകത്തിലെ ഏറ്റവും വലിയ ഷെവനിംഗ് പരിപാടിയാണ് ഇന്ത്യയുടെ ചെവനിംഗ്.
“ഇന്ത്യയുടെ 75-ാം വർഷത്തിൽ, ഇത് ഒരു വലിയ നാഴികക്കല്ലാണ്,” ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ലണ്ടനിൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിന്റെ യുകെ-ഇന്ത്യ വീക്കിൽ പറഞ്ഞു.”വ്യവസായത്തിലെ ഞങ്ങളുടെ പങ്കാളികളിൽ നിന്നുള്ള അസാധാരണമായ പിന്തുണക്ക് നന്ദി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിലെ ഏറ്റവും മികച്ച അനുഭവങ്ങൾ ഈ പഠനകാലയളവിൽ ലഭിക്കും’’
എച്ച്എസ്ബിസി, പിയേഴ്സൺ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്റാ സൺസ്, ഡ്യുലിംഗോ എന്നിവ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിനുള്ള ഈ സംരംഭത്തെ പിന്തുണയ്ക്കുന്ന കമ്പനികളിൽ ഉൾപ്പെടുന്നു.75 സ്കോളർഷിപ്പുകളുടെ ഭാഗമായി എച്ച്എസ്ബിസി ഇന്ത്യ 15 സ്കോളർഷിപ്പുകളും പിയേഴ്സൺ ഇന്ത്യ രണ്ടെണ്ണവും ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സൺസ്, ഡ്യുവോലിംഗോ എന്നിവ ഓരോന്നും സ്പോൺസർ ചെയ്യും.
പൂർണമായും ധനസഹായം നൽകുന്ന സ്കോളർഷിപ്പുകളിൽ ട്യൂഷൻ, ജീവിതച്ചെലവ്, ഒരു വർഷത്തെ ബിരുദാനന്തര പ്രോഗ്രാമിനുള്ള യാത്രാ ചെലവ് എന്നിവ ഉൾപ്പെടുന്നു.അവാർഡിന് അർഹത നേടുന്നതിന് അപേക്ഷകർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തയാളെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. എ.കെ.ജി. സെന്ററിനു നേരെ കല്ലെറിയുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അന്തിയൂര്‍ക്കോണം സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ റിജുവിന്റെ പേരില്‍ കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംശയത്തിന്റെ പേരില്‍ നിര്‍മാണത്തൊഴിലാളിയായ റിജുവിനെ കസ്റ്റഡിയിലെടുത്തത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ശനിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എന്നാല്‍, സംഭവദിവസം റിജു എ.കെ.ജി. സെന്ററിന് സമീപത്തെത്തിയിരുന്നു എന്നതിനുള്ള തെളിവൊന്നും കിട്ടിയിട്ടില്ല. ഫോണ്‍രേഖകള്‍ പരിശോധിച്ചതിലും ദുരൂഹമായതൊന്നും കണ്ടെത്താനായില്ല. ഒപ്പമുണ്ടായിരുന്നവരെ ചോദ്യംചെയ്‌തെങ്കിലും സംഭവംനടന്ന സമയത്ത് ഇയാള്‍ കാട്ടായിക്കോണത്തുതന്നെ ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച മൊഴികള്‍. ഇയാളുടെ വാഹനവും സ്‌ഫോടകവസ്തു എറിഞ്ഞയാളുടെ വാഹനവും വ്യത്യസ്തവുമാണ്.
എ.കെ.ജി. സെന്റര്‍ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. ആക്രമിക്കാനെത്തിയ ആള്‍ക്ക് സ്‌ഫോടകവസ്തു കൈമാറിയത് മറ്റൊരാളെന്നാണ് പോലീസ് പറയുന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. സ്‌ഫോടകവസ്തു എറിയുന്നതിന് തൊട്ടുമുമ്പ് സ്‌കൂട്ടറില്‍വന്ന മറ്റൊരാള്‍ ഒരുപൊതി അക്രമം നടത്തിയ ആള്‍ക്ക് കൈമാറുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്. കുന്നുകുഴി പരിസരത്തെ സി.സി.ടി.വി.യില്‍നിന്നാണ് ഇത് പോലീസിന് ലഭിച്ചതെന്നാണ് സൂചന. ചുവന്ന സ്‌കൂട്ടറിലാണ് അക്രമം കാട്ടിയ ആള്‍ എത്തിയത്.
ആക്രമണം നടത്തിയ ആള്‍ തന്നെയാണ് ആദ്യം സ്ഥലത്തത്തി നിരീക്ഷണം നടത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെക്കൂടി ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
70-ഓളം സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചു. സ്‌ഫോടകവസ്തു എറിഞ്ഞയാള്‍ ഇടറോഡുകളിലൂടെ മെഡിക്കല്‍ കോളേജ് ഭാഗത്തേക്കാണ് പോയതെന്ന് പോലീസ് പറയുന്നു. ഈ ഭാഗത്തെ റോഡുകള്‍ കൃത്യമായി അറിയുന്നയാളാണ് അക്രമിയെന്നും അന്വേഷണസംഘം സംശയിക്കുന്നു.