Latest News

സമൂഹ മാധ്യമങ്ങളില്‍ സിനിമകളെ റിവ്യു ചെയ്യുന്നവരിൽ ചിലര്‍ വാടക ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. നല്ല ഫോളോവേഴ്സുള്ള യുട്യൂബ് ചാനലുകാർ പണം നൽകിയാൽ മാത്രമേ സിനിമയെക്കുറിച്ച് പറയാൻ തയാറാകുന്നുള്ളൂ. പണമാവശ്യപ്പെട്ട് പലരും സിനിമക്കാരെ സമീപിക്കുന്നു. ഇങ്ങനെ പണം നൽകിയാലേ സിനിമ ആളുകളിലേയ്ക്ക് എത്തുകയുള്ളൂ എന്ന അവസ്ഥയാണുള്ളത്.

പണം നൽകാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയാനും പലരും മുതിരുന്നു. അതേസമയം, വളരെ നല്ല രീതിയിൽ സിനിമയെ സമീപിച്ച് റിവ്യു ചെയ്യുന്നവർ ഒട്ടേറെയുണ്ടെന്നും അത് വ്യക്തികളുടെ സ്വഭാവഗുണത്തിനനുസരിച്ചാണ് എന്നും ലാൽ ജോസ് പറഞ്ഞു.

പണ്ട് ഇങ്ങനെയൊന്നുമല്ലായിരുന്നു. കടലയും കൊറിച്ച് സിനിമ കാണാനെത്തുന്നവർ നല്ലതാണോ മോശമാണോ എന്ന് മാത്രമേ അഭിപ്രായം പറയുമായിരുന്നുള്ളൂ. ഇന്നത്തെ വിമർശകർ വളരെ സൂക്ഷ്മമായാണ് സിനിമയെ കാണുന്നത്. എഡിറ്റിങ്ങിനെക്കുറിച്ചും ക്യാമറ ആംഗിളിനെക്കുറിച്ചും അഭിപ്രായം പ്രകടിപ്പിക്കുന്നു. ഇന്ന് എല്ലാവരും എഴുത്തുകാരും സംവിധായകരുമാണ്.

പ്രേക്ഷകർക്ക് വേണ്ടിയല്ല, ഇത്തരക്കാരെ മുന്നിൽകണ്ടാണ് താനിപ്പോൾ സിനിമ ചെയ്യുന്നതെന്നും തന്റെ പുതിയ ചിത്രമായ സോളമന്റെ തേനീച്ചകളുടെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലാൽ ജോസ് പറഞ്ഞു.

നാല് യുവതീയുവാക്കളുടെ കഥയാണ് സോളമന്റെ തേനീച്ചകൾ പറയുന്നത്. മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിൽ തിളങ്ങിയ വിൻസി, ദർശന, ആഡിസ് ആന്റണി, ശംഭു മേനോൻ എന്നിവരാണ് ഇൗ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇതിൽ വിൻസിയൊഴിച്ച് മറ്റെല്ലാവരുടെയും റിലീസാകുന്ന ആദ്യ ചിത്രമാണിത്. പുതുമുഖങ്ങളുടെ യാതൊരു പരിഭ്രവുമില്ലാതെയാണ് എല്ലാവരും അഭിനയിച്ചത്. സോളമന്റെ തേനീച്ചകൾ കണ്ടവരെല്ലാം നല്ലതാണെന്നും കാണാത്തവർ മോശമാണെന്നും പറയുന്നതായും ലാൽ ജോസ് ആരോപിച്ചു.

: മാധ്യമപ്രവർത്തകൻ കെ എം ബഷീറിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. നിലവിൽ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രതിയെ പ്രോസിക്യൂഷൻ സഹായിച്ചുമെന്നുമാണ് ഹർജിയിൽ പറയുന്നത്. പ്രതി ഉന്നത സ്വാധീനമുളള ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ സിബിഐ അന്വേഷണം വേണമെന്നാണ് കുടുബത്തിന്റെ ആവശ്യം.

ബഷീറിന്റെ സഹോദരനാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ബഷീറിൻറെ കൈയിൽ നിന്ന് നഷ്ടമായ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹത ഉണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നുണ്ട്. ‘ബഷീറിന് രണ്ട് മൊബൈൽ ഫോണുകളാണ് ഉണ്ടായിരുന്നത്. അതിൽ സാധാരണ രീതിയിലുള്ള പഴയ മൊബൈൽ ഫോൺ മാത്രമാണ് കണ്ടെടുത്തത്. റെഡ്മി ഫോൺ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. പ്രതിയെ സഹായിക്കാൻ പൊലീസ് ശ്രമിച്ചു എന്നതിന് തെളിവാണിത്’ എന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.

‘ശ്രീറാം വെങ്കിട്ടരാമനേയും വഫയേയും കഫേ കോഫി ഡേ ഔട്ട്ലെറ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ ബഷീർ കണ്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബെെലിൽ പകർത്തിയിരുന്നു. ഇക്കാര്യം മനസിലാക്കിയ ശ്രീറാം വെങ്കിട്ടരാമൻ മൊബെെൽ കെെവശപ്പെടുത്താൻ ശ്രമിച്ചു. പക്ഷെ അതിന് സാധിച്ചില്ല. ഇതിന്റെ വിരോധം ബഷീറിനോട് പ്രതിക്ക് ഉണ്ടായിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷൻ പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. കൂടാതെ, നിലവിൽ സമർപ്പിച്ചിരിക്കുന്ന അന്വേഷണ റിപ്പോർട്ട് അപൂർണമാണ്. ഈ റിപ്പോർട്ട് അനുസരിച്ച് പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ യാതൊരു അന്വേഷണത്തിനും സാധ്യതയില്ലെന്നും ഹർജിയിൽ പറയുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ സുഹൃത്തായ വഫയുടെ വോക്‌സ് വാഗൺ കാറിൽ കവടിയാർ ഭാഗത്തു നിന്നും അമിതവേഗതയിൽ പോകവെ പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് ബഷീറിനെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഇത് മറച്ചു വെക്കാൻ പൊലീസുമായി ഒത്തുകളിക്കുകയും രക്തസാമ്പിൾ പരിശോധനയ്ക്ക് സമ്മതിക്കാതെ

ലോകത്തിലെ നൈറ്റ് ലൈഫ് നഗരങ്ങളുടെ പട്ടികയിലേക്ക് തലസ്ഥാന നഗരിയും. കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് നൈറ്റ് ക്ലബ് തുറന്നു. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ്പ് ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ ‘ഓഫോറി’ യാണ് സംസ്ഥാനത്തെ ആദ്യ നൈറ്റ് ക്ലബിന് തുടക്കം കുറിച്ചത്.

എയര്‍പോര്‍ട്ട് റോഡില്‍ ഇഞ്ചക്കലിനു സമീപമാണ് ഓഫോറി നൈറ്റ് ക്ലബ് പ്രവര്‍ത്തിക്കുക. രാത്രി 12വരെയാണ് പ്രവര്‍ത്തന സമയം. രാജ്യാന്തര മെട്രോ നഗരങ്ങളിലെ ലോകോത്തര നൈറ്റ് ക്ലബുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഓഫോറിയുടെ പ്രത്യേകത. 4500 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായാണ് ക്ലബ് പ്രവര്‍ത്തിക്കുക.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡാന്‍സ് ഫ്‌ലോറുകള്‍, ഭക്ഷണശാലകള്‍, കൂട്ടായ ആഘോഷങ്ങള്‍ക്ക് പ്രത്യേക സൗകര്യം, എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ ഓഫോറി നൈറ്റ് ക്ലബിനുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ നടക്കും. വരാന്ത്യങ്ങളില്‍ ബാന്‍ഡുകള്‍ ഉള്‍പ്പെടെ പ്രത്യേക പരിപാടികളും ഉണ്ടാകും. സ്ത്രീ സൗഹൃദ ക്ലബായ ഓഫോറിയില്‍ ബുധനാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ഉന്നത നിലവാരവും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര ശൈലിയില്‍ ഒരുക്കിയിരിക്കുന്ന നൈറ്റ് ക്ലബ് സംസ്ഥാനത്തെ നൈറ്റ് ലൈഫിനും, അനുബന്ധ വ്യവസായങ്ങള്‍ക്കും ഉണര്‍വ്വേകുമെന്ന് ഓഫോറി ക്ലബ് മാനേജ്‌മെന്റ് പറഞ്ഞു. കേരളത്തിന്റെ വിനോദസഞ്ചാര, ഐടി മേഖലകള്‍ക്ക് നൈറ്റ് ലൈഫ് കുതിപ്പേകും. മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കും ഏറെ ഗുണകരമാകുന്നതാണ് പദ്ധതി. തിരുവനന്തപുരത്തെ കൂടാതെ കേരളത്തിലെ മറ്റ് നഗരങ്ങളിലും, ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ഓഫോറിക്ക് നൈറ്റ് ക്ലബുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്.

കുന്നംകുളത്ത് അമ്മയ്ക്ക് ചായയിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷത്തിന്റെ ബാധ്യത ഉണ്ടായത് ഓൺലൈൻ റമ്മി കളിയിലൂടെയെന്ന് പോലീസ്. ഇത് വീട്ടാൻ വീടിന്റെ ആധാരം നൽകാതിരുന്നതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ക്രൂരമായ കൃത്യത്തിലേയ്ക്ക് ഇന്ദുലേഖയെ നയിച്ചത്.

അമ്മ രുഗ്മണിയാണ് മകളുടെ കൈകളാൽ മരണപ്പെട്ടത്. പിതാവ് ചന്ദ്രനും ഇന്ദുലേഖ ഗുളികകളും കീടനാശിനികളും ഭക്ഷണത്തിൽ കലർത്തി നൽകാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂടത്തായി കേസിലെ സമാനതയാണ് ഇവിടെയും കണ്ടെത്തിയത്. തെളിവെടുപ്പിൽ വീട്ടിൽ നിന്ന് എലിവിഷം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

+2 വിദ്യാർത്ഥിയായ മകൻ ഓൺലൈൻ റമ്മി കളിച്ചത് വഴി നഷ്ടമായത് 5 ലക്ഷത്തിലേറെ രൂപയാണ്. പ്രവാസിയായ ഭർത്താവിന്റെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ നഷ്ടമായത്. ഇതടക്കം എട്ട് ലക്ഷത്തിന്റഎ ബാധ്യതയാണ് ഇന്ദുലേഖയ്ക്ക് ഉണ്ടായിരുന്നച്. ഭർത്താവ് പണം എവിടെ പോയി എന്ന് ചോദിക്കും എന്ന ആശങ്കയിലാണ് ഇന്ദുലേഖ വീടിന്റെ ആധാരം പണയം വയ്ക്കാൻ മാതാപിതാക്കളോട് ചോദിച്ചത്.

എന്നാൽ രുഗ്മണിയും ചന്ദ്രനും ഇതിനെ എതിർത്തു. ഇതോടെ വൈരാഗ്യമായി . ഇരുവരെയും കൊലപ്പെടുത്താനായി ആസൂത്രണം നടത്തി. ഭക്ഷണത്തിൽ ഗുളികകളും പ്രാണികളെ പ്രതിരോധിക്കുന്ന ചോക്കും കലർത്തി നൽകി. 2 മാസം മുമ്പ് തന്നെ ഇതിന്റെ ആസൂത്രണം നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കിഴൂർ കാക്കത്തുരുത്തിലെ വീട്ടിൽ ഇന്ദുലേഖയുമായി നടത്തിയ തെളിവെടുപ്പിൽ കൊലയ്ക്ക് ഉപയോഗിച്ച എലിവിഷക്കുപ്പിയും പാത്രങ്ങളും കണ്ടെത്തി.

അഞ്ചുവര്‍ഷത്തോളം യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച സ്വയംപ്രഖ്യാപിത ആത്മീയഗുരുവിനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ബെംഗളൂരു ആവലഹള്ളി സ്വദേശി ആനന്ദമൂര്‍ത്തി (52), ഭാര്യ ലത (47) എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തത്. ആനന്ദമൂര്‍ത്തിയും ഭാര്യയും ഒളിവിലാണ്. ആവലഹള്ളിയിലും സമീപപ്രദേശങ്ങളിലുമായി ഒട്ടേറെ ആരാധകരുള്ള സ്വയംപ്രഖ്യാപിത ‘ആത്മീയ ഗുരു’വാണ് ആനന്ദമൂര്‍ത്തി.

അഞ്ചുവര്‍ഷം മുമ്പാണ് യുവതി ആനന്ദമൂര്‍ത്തിയെ പരിചയപ്പെട്ടത്. ഇവരുടെ ‘ഗ്രഹനില’ പരിശോധിച്ച ആനന്ദമൂര്‍ത്തി യുവതിക്ക് വലിയദോഷം വരാന്‍ പോകുകയാണെന്നും പരിഹാരത്തിനായി ചില പൂജകള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇയാള്‍ പറഞ്ഞതനുസരിച്ച് യുവതി പൂജയ്ക്കായി തൊട്ടടുത്തദിവസം ആനന്ദമൂര്‍ത്തിയുടെ വീട്ടിലെത്തി. പൂജയ്ക്കിടെ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധംകെടുത്തിയായിരുന്നു പീഡനം. ഇതിന് സഹായം ചെയ്തുകൊടുത്തത് ലതയാണ്. യുവതിയുടെ ദൃശ്യങ്ങള്‍ ലത മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി അഞ്ചുവര്‍ഷത്തോളം പീഡനം തുടര്‍ന്നു. യുവതി തങ്ങളുടെ ഭാഗ്യമാണെന്നും അകന്നുപോകരുതെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞമാസം യുവതിക്ക് വന്ന ഒരു വിവാഹാലോചന മുടക്കാന്‍ ആനന്ദമൂര്‍ത്തി ചില നഗ്‌നദൃശ്യങ്ങള്‍ അയച്ചുനല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് യുവതി വീട്ടുകാരോട് പീഡനവിവരം വെളിപ്പെടുത്തിയത്.

പോലീസ് കേസെടുത്തതറിഞ്ഞതോടെ ആവലഹള്ളിയിലെ വീടു പൂട്ടി ഇരുവരും രക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ചില സൂചനകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.

 

സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ മകൾ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) അസുഖം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു നാട്ടുകാർ ആദ്യം കരുതിയിരുന്നത്. രുഗ്മിണിയുടെ മകൾ ഇന്ദുലേഖയെക്കുറിച്ചും നാട്ടുകാർക്ക് നല്ല അഭിപ്രായമായിരുന്നു.

പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്‌തതോടെയാണ് അരുംകൊലയെക്കുറിച്ച് അയൽക്കാരും ബന്ധുക്കളും അറിയുന്നത്. പ്രവാസിയുടെ ഭാര്യയും, രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ട്. സ്വർണം പണയംവച്ചതിനെത്തുടർന്നാണ് ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യത ഉണ്ടായത്.

എന്ത് ആവശ്യത്തിന് വേണ്ടിയാണ് ഇന്ദുലേഖ സ്വർണം പണയംവച്ചതെന്ന് വ്യക്തമല്ല. വിദേശത്തുള്ള ഭർത്താവിനും സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസ് കരുതുന്നത്. ഭർത്താവ് കഴിഞ്ഞ പതിനെട്ടാം തീയതി നാട്ടിൽ വരാനിരിക്കെയായിരുന്നു. മാതാപിതാക്കളെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കി, പണയംവച്ച് ബാദ്ധ്യത തീർക്കാനായിരുന്നു യുവതി ലക്ഷ്യമിട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.

പതിനേഴാം തീയതിയാണ് രുഗ്മിണിക്ക് എലിവിഷം കൊടുത്തത്. ഛർദ്ദിച്ചതോടെ ആശുപത്രിയിൽ കൊണ്ടുപോയി. നാട്ടുകാരോട് മഞ്ഞപ്പിത്തമാണെന്നാണ് പറഞ്ഞത്. ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ രുഗ്മിണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി ആദ്യം ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.

ഇന്ദുലേഖയുടെ ഫോൺ പരിശോധിച്ചപ്പോൾ എലിവിഷത്തെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞതായി കണ്ടെത്തി. ഇതാണ് കേസിൽ നിർണായകമായത്. ഇക്കാര്യം പൊലീസ് ചൂണ്ടിക്കാട്ടിയതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. അമ്മയ്ക്ക് എലിവിഷം നൽകിയ പാത്രം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഷം വാങ്ങിയ കടയിലും പ്രതിയുമായി തെളിവെടുപ്പ് നടത്തി.

പിതാവ് ചന്ദ്രനെ കൊലപ്പെടുത്താനും യുവതി ശ്രമിച്ചിരുന്നു. ചായയിൽ പാറ്റയെ കൊല്ലുന്ന കീടനാശിനി ചേർത്തെങ്കിലും, രുചി വ്യത്യാസം കാരണം അദ്ദേഹം കുടിച്ചില്ല. പിന്നീട് വീട്ടില്‍നിന്ന് പാറ്റഗുളികയുടെ ഒഴിഞ്ഞ കവര്‍ കണ്ടെത്തിയതായി ചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു.

കാമുകന്‍ ഉപേക്ഷിച്ചതിന്റെ വിഷമത്തില്‍ റാന്നി വലിയപാലത്തില്‍നിന്ന് പമ്പാനദിയിലേക്ക് ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവതിയെ പോലീസ് തന്ത്രപരമായി രക്ഷിച്ചു. വാട്സാപ്പ് കോളിലൂടെ ഇവരുമായി 15 മിനിറ്റോളം സംസാരിച്ച് പോലീസ് അതിവേഗം പാലത്തിലെത്തുകയായിരുന്നു. പോലീസ് ജീപ്പ് കണ്ട് നദിയിലേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെ സി.പി.ഒ.മാരായ എല്‍.ടി.ലിജു, അഞ്ജന, ജോണ്ടി എന്നിവര്‍ ചേര്‍ന്നാണ് രക്ഷിച്ചത്. കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയുടെ നഖംകൊണ്ട് ലിജുവിന് നിസ്സാരപരിക്കേറ്റു.

ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. ചങ്ങനാശ്ശേരിക്കാരിയായ 22-കാരിയാണ് നദിയില്‍ ചാടാന്‍ ശ്രമിച്ചത്. റാന്നി സ്വദേശിയുമായി ഇവര്‍ നാലുവര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. ഇപ്പോള്‍ മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്നറിഞ്ഞാണ് യുവതി റാന്നിയിലെത്തിയത്.

പാലത്തിനരികിലെത്തി ചാടാന്‍ ഒരുങ്ങുകയാണെന്നറിയിച്ച് ഇവര്‍ കാമുകന് സന്ദേശവും പാലത്തില്‍ നില്‍ക്കുന്നതിന്റെ ചിത്രവും അയച്ചു. അവര്‍ അതുടനെ പോലീസിന് കൈമാറി. സ്റ്റേഷനില്‍ ഫോണ്‍ എടുത്ത സി.പി.ഒ. ലിജു മറ്റ് രണ്ടുപേര്‍ക്കുമൊപ്പം പാലത്തിലെത്തി. അവിടെ യുവതിയെ കാണാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് വാട്സാപ്പ് കോളിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല. തുടര്‍ച്ചയായി ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുത്തു.

ഫോട്ടോയില്‍ യുവതി നില്‍ക്കുന്ന സ്ഥലം ഐത്തലയാണെന്ന നിഗമനത്തില്‍ പോലീസ് അവിടേക്ക് നീങ്ങിയിരുന്നു. എന്നാല്‍, വലിയ പാലത്തിലാണ് നില്‍ക്കുന്നതെന്ന് യുവതി പറഞ്ഞതോടെ ഉടന്‍ ജീപ്പ് അതിവേഗം ഓടിച്ച് പാലത്തിലെത്തി. ഈ സമയവും ഫോണ്‍ കട്ട് ചെയ്യാതെ സംസാരിക്കുകയായിരുന്നു. പോലീസ് ജീപ്പ് കണ്ടതും യുവതി കൈവരിയുടെ മുകളില്‍ക്കയറി ചാടാന്‍ശ്രമിച്ചു. ഈ സമയം, ലിജു ജീപ്പില്‍നിന്ന് ചാടിയിറങ്ങി ഇവരെ ബലമായി പിടിച്ചു. അഞ്ജനയും ജോണ്ടിയും ഓടിയെത്തി. മൂവരും ചേര്‍ന്ന് കുതറി വെള്ളത്തിലേക്ക് ചാടാന്‍ശ്രമിച്ച യുവതിയെ ബലമായി ജീപ്പില്‍ കയറ്റി. പോലീസ് സ്റ്റേഷനിലെത്തിച്ചു. ഒരുനിമിഷംകൂടി വൈകിയിരുന്നെങ്കില്‍ ഇവര്‍ നദിയിലേക്ക് ചാടുമായിരുന്നു.

യുവതിയെ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് പോലീസ് ടീം. വീട്ടുകാരെ വിളിച്ചുവരുത്തി യുവതിയെ അവര്‍ക്കൊപ്പമയച്ചു. സംഭവത്തെപ്പറ്റി അന്വേഷിക്കാനും കാമുകനുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനും പോലീസ് ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്. ക്രൈംബ്രാഞ്ച് സംഘമാണ് ഷോൺ ജോർജിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത്. ആക്രമിക്കപ്പെട്ട നടിക്കെതിരായ സൈബര്‍ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന. വാട്സ്ആപ് ഗ്രൂപ്പ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്‍റെ പരിശോധന.

2017 ലാണ് ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലാണ് വാട്സ്ആപ് ഗ്രൂപ്പ് നിർമിച്ചത്. ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്.

ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന് വരുത്താൻ പ്രതിഭാഗം വ്യാജമായി നിർമിച്ചതാണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. ഷോൺ ജോർജിന്‍റെ ഫോണിൽ നിന്ന് ഈ ഗ്രൂപ്പ് സ്ക്രീൻ ഷോട്ട് ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിലേക്ക് അയച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈജു കൊട്ടാരക്കര ആണ് ഇത് വ്യാജം ആണെന്ന് ചൂണ്ടികാട്ടി പരാതി നൽകിയത്.

നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ കുടുംബം പുതിയ ജീവിതത്തിലേക്ക് കടക്കുന്നു, താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കടക്കുകയാണെന്ന് സന്തോഷം പങ്കുവെക്കുകയാണ് സജീഷ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

മക്കൾക്കും പ്രതിഭയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സജീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഓഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ചാണ് സജീഷിന്‍റെയും പ്രതിഭയുടെയും വിവാഹം.

 

“പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണ്‌. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച്‌ ഞങ്ങൾ വിവാഹിതരാവുകയാണ്‌. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ സജീഷ്‌, റിതുൽ, സിദ്ധാർത്ഥ്‌, പ്രതിഭ, ദേവ പ്രിയ”

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസന്റെ ഇന്ത്യൻ 2.ഷൂട്ടിങ് ആരംഭിച്ചശേഷം പല കാരണങ്ങൾകൊണ്ട് ചിത്രീകരണം നിർത്തിവെക്കേണ്ടി വന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2. ചിത്രം നീണ്ടു പോയ കാരണത്തിനാൽ സംവിധായകൻ ഷങ്കറിന് എതിരെ നിർമാതാക്കൾ നിയമനടപടി വരെ സ്വീകരിക്കുകയും ഉണ്ടായി. രണ്ട് വർഷത്തിനു ശേഷം ഇന്ത്യ 2 ന്റെ ഷൂട്ടിങ് വീണ്ടും പുനഃരാരംഭിച്ചിരിക്കുകയാണ്. ശങ്കർ തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ ബാക്കി ഷൂട്ടിങ് ഇന്ന് ആരംഭിക്കുമെന്നും എല്ലാവരുടേയും പിന്തുണയും ആശംസകളും വേണമെന്നുമാണ് ശങ്കർ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്. ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കമല്‍ഹാസനും കാജല്‍ അഗര്‍വാളും സെപ്റ്റംബറില്‍ ജോയിന്‍ ഷൂട്ടിങ് ഫ്ലോറിൽ എത്തും.

ഫെബ്രുവരി 2020ലാണ് 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ ഏറെ ബാധിക്കുകയുണ്ടായി. നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തതാണ് സിനിമയെ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള വഴി തുറന്നിരിക്കുന്നത്.

സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നുണ്ട്. രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ മുത്തുരാജ് ആണ്. അനിരുദ്ധ് ആണ് സംഗീതം. ഹോളിവുഡ് ആക്‌ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. കമൽഹാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ സിനിമയിലെ സേനാപതി. 1996ൽ റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കമൽഹാസൻ സ്വന്തമാക്കിയിരുന്നു.

Copyright © . All rights reserved
➤