Latest News

ആലപ്പുഴയില്‍നിന്നു കാണാതായ പെണ്‍കുട്ടികളെ ലോഡ്‌ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച തൃശൂര്‍ സ്വദേശികള്‍ അറസ്‌റ്റില്‍. തൃശ്ശൂര്‍ ചീയാരം കടവില്‍ വീട്‌ ജോമോന്‍ ആന്റണി, അളകപ്പനഗര്‍ ചീരക്കുഴി ജോമോന്‍ വില്യം എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

ആലപ്പുഴ സൗത്ത്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍നിന്നും കാണാതായ പെണ്‍കുട്ടികള്‍ എറണാകുളം വൈറ്റില ബസ്‌ സ്‌റ്റാന്‍ഡില്‍ എത്തിയപ്പോള്‍ അവിടെവച്ചു വശീകരിച്ച്‌ ചാലക്കുടിയിലെ ഒരു ലോഡ്‌ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. ആലപ്പുഴ സൗത്ത്‌ എസ്‌.ഐ: എസ്‌. അരുണ്‍ , എ.എസ്‌.ഐ: മനോജ്‌ കൃഷ്‌ണന്‍, സി.പി.ഒമാരായ ബിനുകുമാര്‍, അംബീഷ്‌, രാഖി എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്‌.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ആദ്യദിനം പിരിഞ്ഞു. സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചത്.

രാവിലെ സഭ ചേര്‍ന്നപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നു. ഇതോടെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് സ്പീക്കര്‍ ചേംബറില്‍ നിന്ന് മടങ്ങി. സഭയില്‍ നിന്ന് പോകാന്‍ കൂട്ടാക്കാത്ത ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. മന്ത്രിമാര്‍ വരെ മുദ്രാവാക്യം വിളിയുമായി ഇറങ്ങി.

ഇതോടെ സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് വന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷം അടിയന്ത്രര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സഭ പിരിഞ്ഞതോടെ സഭാ കവാടത്തില്‍ മോക് സഭ ചേര്‍ന്ന് ജനങ്ങള്‍ക്കു മുന്നില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.

യുവാവിനെ ഗള്‍ഫില്‍നിന്നും നാട്ടിലേക്ക്‌ വിളിച്ചു വരുത്തിയശേഷം ക്രിമിനല്‍ സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയില്‍ ഉപേക്ഷിച്ചു. കാസര്‍ഗോഡ്‌ കുമ്പള പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ മുഗുവിലാണു സംഭവം. മുഗുവിലെ അബൂബകര്‍ സിദ്ദീഖ്‌(32) ആണു മരിച്ചത്‌. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയി​ലെടുത്തു. കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖിന്റെ സുഹൃത്തിനേയും ആശുപത്രിയിലെത്തിക്കാൻ ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. എട്ടുപേരെക്കുറിച്ച് സൂചന ലഭിചു ഗള്‍ഫിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.

സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: ചില ഇടപാടുമായി ബന്ധപ്പെട്ട്‌ സിദ്ദീഖിന്റെ രണ്ട്‌ ബന്ധുക്കളെ പൈവളിഗെ സ്വദേശികളായ ചിലര്‍ രണ്ട്‌ ദിവസം മുമ്പ്‌ തട്ടിക്കൊണ്ട്‌ പോയിരുന്നു. ഇവരെ ബന്ദികളാക്കിയാണു സിദ്ദീഖിനെ ഗള്‍ഫില്‍നിന്നും വിളിച്ചുവരുത്തിയത്‌. ഇന്നലെ നാട്ടിലെത്തിയ അദ്ദേഹം ക്രിമിനല്‍ സംഘത്തിന്റെ പിടിയിലായി. ഉച്ചയ്‌ക്ക്‌ തട്ടിക്കൊണ്ട്‌ പോയ സിദ്ദീഖിനെ രാത്രിയോടെയാണ്‌ ഒരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്‌. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതോടെ ആശുപത്രിയിലെത്തിച്ചവര്‍ വന്ന വാഹനത്തില്‍ തന്നെ കടന്നു. ബന്തിയോട്‌ ഡി.എം. ആശുപത്രിയിലാണ്‌ സിദ്ദീഖിനെ എത്തിച്ചത്‌. ഒപ്പം വന്നവര്‍ മുങ്ങിയതോടെ ആശുപത്രി അധികൃതരാണ്‌ സംഭവം പോലീസിലറിയിച്ചത്‌. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

മെട്രിസ് ഫിലിപ്പ്

അന്നമ്മചേടത്തിയെ, ചൂട്ട് കറ്റ കെട്ടിയത് ഇരുപ്പുണ്ടെങ്കിൽ ഒരെണ്ണം ഇങ്ങെടുത്തേ. എടാ സുരേന്ദ്രാ , നീ എന്താടാ, ഇത്രയും വൈകിയത്. എന്റെ ചേടത്തി, കടയിലേക്കുള്ള സാധനങ്ങൾ, വാങ്ങാൻ ടൗണിൽ പോയി, തിരിച്ചു വരാൻ ഉള്ള ജീപ്പ് കിട്ടിയപ്പോൾ വൈകിപോയി. ഓ, ശരി ശരി, നീ കോലായിലേക്ക് കയറിയിരിക്ക്. സുരേന്ദ്രൻ, ഇളം തിണ്ണയിലേക്ക് കയറി ഇരുന്നു. അപ്പോഴേക്കും, മത്തായിചേട്ടൻ, കുളികഴിഞ്ഞു വന്നു. ഹൊ! എന്തൊരു ഉഷ്ണം. ഇത്തവണ ചൂട് കടുക്കും എന്ന് റേഡിയോയിൽ കേട്ടിരുന്നു. അപ്പോൾ, അങ്ങകലെ, കഴുത്തിൽ തൂക്കിയിട്ട മണി കുലുക്കികൊണ്ട് കോരമാപ്പിളയുടെ കാളാൻ വരുന്ന ഒച്ചകേട്ടു. മത്തായിചേട്ടൻ “കൂയ്” എന്ന് നീട്ടി കൂവിയപ്പോൾ, കോരമാപ്പിള, കാളവണ്ടി വഴി അരുകിലേക്ക് മാറ്റിനിർത്തി, തൂക്കിയിട്ട റാന്തൽവിളക്കിന്റെ തിരി താത്തിവെച്ച്, മീൻ കൂടയിൽനിന്നും, ഒരു കോർമ്പൽ, മുഷിയെ കൂടിയെടുത്തു കൊണ്ട്, മത്തായിചേട്ടന്റെ മുറ്റത്തേക്ക് കയറി. മീൻ കോർമ്പൽ, മത്തായിചേട്ടന്റെ കയ്യിലേക്കു കൊടുത്തുകൊണ്ട് പറഞ്ഞു, ഇന്ന് പടിഞ്ഞാറ് ആയിരുന്നു കാള പൂട്. പാള തൊപ്പി, കിണറിന്റെ മതിലിൽ വെച്ച്, ഉടുത്തിരുന്ന കുറിയോണ്ട് പൊക്കി പിടിച്ചു കിണറിൽ നിന്നും പാള തൊട്ടിയിൽ വെള്ളം കോരി കാലും മുഖവും കഴുകി വന്നു. മത്തായിചേട്ടൻ, ചേടത്തിയോട് പറഞ്ഞു, എടിയെ, ആ നെല്ല് പത്തായത്തിനുള്ളിൽ വെച്ചിരിക്കുന്ന റാക്ക് കുപ്പിയും, ഗ്ലാസും എടുത്തേ, ചേടത്തി, ഉടനെ പോയി, കുപ്പിയും ഗ്ലാസും മണ്കൂനയിലെ വെള്ളോം, കപ്പ ചെണ്ടൻ പുഴുങ്ങിയതും പന്നി ഉലത്തിയതും എടുത്തോണ്ട് വന്നു.

മീൻകോർമ്പൽ ചേടത്തിയുടെ കയ്യിലേക്ക് കൊടുത്തു. കോലായിൽ പായ് വിരിച്ചു 3 പേരും വട്ടത്തിൽ ഇരുന്ന് റാക്ക് കുടിച്ചും വർത്തമാനവും ഒക്കെ പറഞ്ഞു, “അന്ന്കിഴക്ക് പകലോൻ പടിഞ്ഞാറ് പോയി മറഞ്ഞേ” എന്നുള്ള പാട്ടൊക്കെ പാടി രാത്രി ആഘോഷിച്ചു. ഈ സമയത്ത് ചേടത്തി, മീൻ കഴുകിവാരി, കാന്താരിമുളക്‌അരച്ച്, മീനിൽ പുരട്ടി വറത്തുകൊണ്ട് വന്നു. പിന്നെ ഒരുപാട് വർത്തമാനങ്ങൾ പറഞ്ഞു നേരം പതിരായായി.

പറമ്പിൽ നിന്നും നല്ല ഒരു ഓല മെടൽകിട്ടി. അത് കുറെ,കെട്ടുകൾ ആക്കി, കോലായുടെ മുകളിൽ ഉള്ള തട്ടിൽ അടുക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ട് സന്തോഷത്തോടെ, കത്തിച്ച ചൂട്ട്കറ്റ സുരേന്ദ്രനെടുത്തു കൊടുത്തു. സുരേന്ദ്രൻ എല്ലാവരോടും നന്ദി പറഞ്ഞു കുന്നിൻ മുകളിൽ ഉള്ള വീട്ടിലേക്ക് പോയി. കോരച്ചേട്ടൻ കാള വണ്ടിയിൽ കയറി മുന്നോട്ട് പോയി.

1950-60 കാലങ്ങളിലോക്കെ, നമ്മുടെയൊക്കെ വീടുകളികളിലോക്കെ, പരിചയം ഉള്ളവർക്കും, അല്ലാത്തവർക്കും വേണ്ടി രാത്രികാലങ്ങളിൽ,വെളിച്ചത്തിനായുള്ള ചൂട്ട്കറ്റകൾ, അമ്മമാർ കരുതി വെച്ചിരുന്നു .അതൊക്കെ ഓരോ രാത്രി യാത്രകളും ഓരോരുത്തരുടെയും മനസ്സുകളിൽ സ്നേഹത്തിന്റെ തിരിനാളം പകർന്നു നൽകിയിരുന്നു. വീട്ടിൽ ഉപ്പോ, തേയിലപൊടിയോ മറ്റ് എന്ത് സാധനങ്ങൾക്കുവേണ്ടിയും അപ്പുറത്തെ വീട്ടിലേക്ക് ഓടിപോയി മേടിക്കാൻ അയൽവക്കമുണ്ടായിരുന്നു എന്നാൽ ഇന്ന് സ്നേഹത്തെ മതിൽകെട്ടി തിരിച്ചിരിക്കുന്നു.

കാലങ്ങൾ മാറിയപ്പോൾ ചൂട്ട് കറ്റ മാറി, ചിരട്ടയും മെഴുകുതിരിയും വീടുകളിൽ കരുതിയിരുന്നു. അതിൽ നിന്നും ഉരുകി വീഴുന്ന സ്നേഹത്തിന്റെ മെഴുകിന് വേദനയുടെ ചൂട് ഇല്ലേയില്ലായിരുന്നു. കാലങ്ങൾ കൊഴിഞ്ഞുപോയപ്പോൾ, സ്നേഹത്തിന് മതങ്ങളുടെ നിറം വെച്ചപ്പോൾ, ആളുകളുടെ ചിന്തകളിലും മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. Everyday ബാറ്ററി ടോർച്ചും, പിന്നീട് വന്ന റീചാർജ് ചെയ്യാവുന്ന ടോർച്ചിന്റെയും വലുപ്പം കുറഞ്ഞു കുറഞ്ഞു പോക്കറ്റിൽ കൊള്ളുന്ന സൈസ് ആയി മാറിയിരിക്കുന്നു. നടന്നു പോയ വഴികൾ ഇന്ന് ടാർചെയ്ത്,തെരിവുവിളക്കിന്റെ വെളിച്ചത്തിൽ ചീറിപായുന്ന കാറുകളിലേക്ക് മനുഷ്യർ മാറിയിരിക്കുന്നു. ഫേസ്ബുക്കിൽ കിട്ടുന്ന സ്‌നേഹം താൽക്കാലികം മാത്രമേ ഉണ്ടാക്കൂ . നമ്മൾ അറിയുന്ന നമ്മളെ സ്നേഹിക്കുന്ന ഹൃദയങ്ങളെ ചേർത്തുപിടിക്കണം. സ്നേഹം വാരി വിതറാം. എല്ലാവർക്കും ആശംസകൾ..

നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമാണ് ഇദ്ദേഹത്തിനുള്ളത്.

ആക്ഷന്‍ ഹീറോ ബിജു, കര്‍മാനി, ഇബ,എന്നി സിനിമകളില്‍ പ്രസാദ് വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2021 ഏപ്രിലില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാനസിക പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

വിമാനയാത്രക്കിടെ എ സി പ്രവർത്തനം നിലച്ചതിനെ തുടർന്ന് ക്യാൻസർ രോഗി അടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. കഴിഞ്ഞ ആഴ്ച്ചയാണ് വിമാന യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ സംഭവം നടന്നത്. ഡെറാഡൂണിൽ നിന്ന് പുറപ്പെട്ട ഗോ ഫസ്റ്റിൻ്റെ ജി8 2316 വിമാനത്തിലാണ് എസി പ്രവർത്തനം രഹിതമായതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിയത്. ഇതിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു. എ സി പ്രവർത്തന രഹിതമായതോടെ മൂന്ന് യാത്രക്കാർ ബോധരഹിതരാകുകയും, ക്യാൻസർ രോഗി അടക്കമുള്ള പല യാത്രക്കാർക്കും ദേഹാസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തിരുന്നു.

ചിലർ ചൂട് സഹിക്കാനാകാതെ ദേഷ്യപ്പെടുകയും ചിലർ അടഞ്ഞ മുറിയിൽ അകപ്പെടുന്നതിൻറെ മാനസിക പ്രശ്നമായ ‘ക്ലോസ്ട്രോഫോബിയ’ മൂലം പരിഭ്രാന്തരാവുകയും ചെയ്തു. ടിവി അവതാരകയായ രോഷ്നി വാലിയ ആണ് വിമാനയാത്രയ്ക്കിടെ നടന്ന അസാധാരണ സംഭവം ട്വീറ്ററിലൂടെ പങ്കുവെച്ചത്. സംഭവം നടക്കുമ്പോൾ അവതാരക വിമാനത്തിലുണ്ടായിരുന്നു എന്നാണ് സൂചന.

‘എല്ലാവരും ചൂട് കൊണ്ട് കഷ്ടപ്പെടുകയാണ്. 5.30നാണ് ഫ്ളൈറ്റ് എടുത്തത്. ഇപ്പോൾ സമയം 6. 20 ആയിരിക്കുന്നു. ഇപ്പോഴും എസി പ്രവർത്തിക്കുന്നില്ല. ഒരു ക്യാൻസർ രോഗി ഇക്കൂട്ടത്തിലുണ്ട്. അവർക്ക് ക്ലോസ്ട്രോഫോബിയ ആണ്. എ സി പ്രവർത്തിക്കുന്നില്ലെന്ന കാര്യം അറിയാമെങ്കിൽ ഇവർ ഫ്ളൈറ്റ് എടുക്കരുതായിരുന്നു. 12,000 രൂപയാണ് ഞങ്ങൾ ടിക്കറ്റിന് നൽകിയിരിക്കുന്നത്. എന്തിനാണത്? ദയവായി എന്തെങ്കിലും ചെയ്യൂ. ഗോ ഫസ്റ്റിനെതിരെ നടപടി സ്വീകരിക്കൂ…’- വീഡിയോയിൽ വിമാനയാത്രികയായ സ്ത്രീ പറയുന്നു.

വില കുറഞ്ഞ രീതിയിൽ വിമാനയാത്ര നടത്താമെന്ന പരസ്യത്തിലൂടെയാണ്ഗോ ഫസ്റ്റ് ശ്രദ്ധേയമായിട്ടുള്ളത്. അടുത്തിടെയായി ഇവരുടെ സർവീസുകൾ വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിരുന്നു. ഇതിനിടെയാണ് വിവാദം. സംഭവം അന്വേഷിക്കാമെന്ന് ഗോ ഫസ്റ്റ് വീഡിയോക്ക് താഴെ അറിയിച്ചെങ്കിലും പരാതിയുമായി കൂടുതൽ യാത്രക്കാർ എത്തിക്കൊണ്ടിരിക്കുകയാണ്.

 

യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും.

നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വൈകുന്നേരം ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യൽ തുടരുക.

താരസംഘടനയായ എ.എം.എം.എയും നടനെതിരെ നടപടി സ്വീകരിക്കണമെന്നും, സ്ത്രീകൾക്ക് അക്രമം നടത്തുന്നവരെ സംഘടനകൾ സംരക്ഷിക്കരുതെന്നും വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പ്രതികരിച്ചു.

നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ ഡബ്ല്യു.സി.സി രംഗത്തെത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം താരസംഘടനയായ എ.എം.എം.എയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനും വിജയ് ബാബു എത്തിയിരുന്നു.

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമായുള്ള പുതിയ ജീവിതമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. ഇരുവരുടെയും പുതിയ പോസ്റ്റുകള്‍ക്കായും ഫോട്ടോകള്‍ക്കായും കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയാണ് ഗോപി സുന്ദര്‍, ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം ലിവിങ് ടുഗെതര്‍ ആരംഭിച്ചിരുന്നത്.

പത്ത് വര്‍ഷത്തിലധികം നീണ്ട ബന്ധം വിട്ടിട്ടാണ് ഇപ്പോള്‍ അമൃതയുമായി ഗോപി ജീവിതം ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ആരാധകര്‍ കണ്ണുംനട്ട് കാത്തിരിക്കുന്നത്.

ഗോപി സുന്ദറിന്റെ ആദ്യ വിവാഹത്തില്‍ രണ്ട് ആണ്‍കുട്ടികളാണ്. പ്രിയയായിരുന്നു ആദ്യ ഭാര്യ. ഗോപി സുന്ദര്‍ ബന്ധം വിട്ടിട്ടും അതിനെ കുറിച്ചൊന്നും പ്രിയ പ്രതികരിച്ചിരുന്നില്ല, മാത്രമല്ല ഗോപി സുന്ദറുമൊത്തുള്ള ചിത്രങ്ങളും ഫേസ്ബുക്കില്‍ തന്നെയുണ്ട്.

എന്നാലിപ്പോള്‍ ഗോപീസുന്ദറിന്റെ മൂത്ത മകന്‍ മാധവ് ഗോപീസുന്ദര്‍ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തനിക്ക് എല്ലാം അമ്മയാണ്. അച്ഛന്റെ കാര്യം ശ്രദ്ധിക്കാറില്ല. അദ്ദേഹത്തെ താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും മാധവ് പറയുന്നു. അച്ഛനെ പോലെ ഒരിക്കലും ആകാന്‍ ആഗ്രഹിക്കുന്നില്ല, അച്ഛന്റെ മോശം സ്വഭാവങ്ങള്‍ തന്നെ ഒരിക്കലും സ്വാധീനിക്കുകയില്ലെന്നും മാധവ് പറഞ്ഞു.

അച്ഛന്‍ ഇനി ഒരിക്കലും തിരിച്ചു വരില്ല, തിരിച്ചു വരുമെന്ന് പ്രതീക്ഷയുമില്ല. അദ്ദേഹത്തിന്റെ ആ മടങ്ങിവരവ് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് പറയുന്നു.

നേരത്തെയും അച്ഛനെ കുറിച്ച് ഇത്തരം പ്രസ്താവനകളുമായി മകന്‍ രംഗത്തെത്തിയിരുന്നു. അച്ഛന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. തനിക്കും സഹോദരനും എല്ലാം അമ്മയാണ്. അമ്മയോടാണ് എല്ലാം തുറന്നു പറയാറ്. ഒരു കുറവും വരുത്താതെയാണ് അമ്മ തങ്ങളെ നോക്കുന്നതെന്നും മാധവ് പറയുന്നു.

മാനഭംഗക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മ. കൊച്ചിയിലെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് അമ്മ നിലപാടെടുത്തത്. ജനറല്‍ ബോഡിയില്‍ വിജയ്ബാബുവും പങ്കെടുത്തിരുന്നു. കോടതി തീരുമാനത്തിന് മുന്‍പ് എടുത്തുചാടി തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് സംഘടന വ്യക്തമാക്കി.

വിജയ് ബാബുവിനെതിരെ കടുത്ത നടപടിക്കുള്ള ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ എക്‌സിക്യൂട്ടീവ് കമ്മിറ്റി തള്ളിയതിനെ ഇടവേള ബാബുവും സിദ്ദിഖുമാണ് പ്രതിരോധിച്ചത്. കോടതി തീരുമാനം വരുംമുന്‍പ് എടുത്തുചാടി തീരുമാനമെടുക്കാനാകില്ല. അമ്മ ഒരു ക്ലബ് മാത്രമാണെന്നും വിജയ് ബാബു അംഗമായ മറ്റ് സംഘടനകള്‍ അയാളെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

അമ്മയ്ക്ക് മാത്രമായി ഇനി ആഭ്യന്തര പരിഹാര സമിതിയില്ലെന്നും സിനിമയ്ക്ക് മൊത്തമായി ഫിലിം ചേംബറിന് കീഴില്‍ ഒറ്റ സമിതിയുണ്ടാകുമെന്നും ഇടവേള ബാബു പറഞ്ഞു. അതിനിടെ അച്ചടക്കലംഘനത്തിന്റെ പേരില്‍ ഷമ്മി തിലകനെ പുറത്താക്കാന്‍ ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അന്തിമ നിലപാട് പ്രഖ്യാപിക്കും.

പുറത്താക്കിയതില്‍ പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍. അമ്മയുടെ കത്തിന് ഓരോ വാക്കിനും കൃത്യമായ മറുപടി നല്‍കിയെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കി. തൃപ്തികരമല്ലെന്ന മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. തെറ്റെന്തെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു

സംഘടനയ്ക്ക് മതിയായ വിശദീകരണം നല്‍കിയില്ലെന്നാണ് ആരോപണം. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

അമ്മയില്‍ നിന്ന് പുറത്താക്കുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അമ്മയുടെ ലെറ്റര്‍ പാഡിന്റെ പ്രൈസ് കൊടുത്തത് താനാണ്. പുറത്താക്കിയെന്ന് അതില്‍ എഴുതി വരട്ടെ. താന്‍ നല്‍കിയ റിപ്പോര്‍ട്ട് ചിലര്‍ക്ക് മനസിലായിട്ടുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കാര്യം ബോധ്യപ്പെട്ടാല്‍ അവര്‍ പുറത്താക്കും എന്ന നിലപാടില്‍ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി. അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും കാര്യങ്ങള്‍ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്.

സംഘടനയെ മാഫിയ സംഘം എന്നു വിളിച്ചിട്ടില്ല. മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നിരവധി കത്തുകള്‍ നല്‍കി. ഒന്നിനും മറുപടി ലഭിച്ചില്ല. അച്ഛനോട് ദേഷ്യമുള്ള ചിലര്‍ക്ക് തന്നെ പുറത്താക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

തനിച്ച് താമസിച്ചിരുന്ന റിട്ട. എഎസ്‌ഐയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവനും കാത്തിരുന്ന വളർത്തുനായ നൊമ്പരകാഴ്ചയാകുന്നു. അടിമാലി എസ്.എൻ. പടിയിൽ 67കാരനായ കൊന്നയ്ക്കൽ കെ.കെ. സോമനാണ് മരിച്ചു കിടന്നത്. ഇദ്ദേഹത്തിന്റെ മരുമകൻ എത്തുന്നതുവരെയാണ് വളർത്തുനായ ‘ഉണ്ണി’ കാവൽ നിന്നത്.

ശനിയാഴ്ച വൈകീട്ട് മുതൽ സോമനെ ആരും കണ്ടിരുന്നില്ല. മരുമകൻ ഉമേഷ്, സോമന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചു. എന്നാൽ, ഫോൺ ആരും എടുത്തില്ല. ഈ സമയം വളർത്തുനായ നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. വീടും തുറന്നു കിടക്കുകയായിരുന്നു. ശേഷം, ഞായറാഴ്ചയും വിളിച്ചു, പക്ഷേ ഫോൺ എടുത്തില്ല. ഉച്ചയോടെ ഉമേഷ് എസ്.എൻ. പടിയിലെ വീട്ടിലെത്തി. അപ്പോഴും മൃതദേഹത്തിന് സമീപം നായ കാവലിരിക്കുകയായിരുന്നു. ഉടനെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു.

സംഭവമറിഞ്ഞ്, കൂടുതൽ ആളുകൾ വീട്ടിലേയ്ക്ക് എത്തി തുടങ്ങി. എന്നാൽ, വളർത്തുനായ ആരേയും വീട്ടിൽ കയറ്റാതായി. ഒടുവിൽ നാട്ടുകാരും പോലീസും സ്ഥലത്തുനിന്നും മാറി നിന്നു. ഉമേഷ് തനിയെ എത്തിയപ്പോൾ വളർത്തുനായ ശാന്തമായി. പിന്നീട് ഉമേഷ് വളർത്തുനായയെ അവിടെനിന്ന് നീക്കി. അഞ്ചുമണിയോടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 10 വർഷമായി സോമനോടൊപ്പം ജീവിക്കുകയാണ് ഈ വളർത്തുനായ. ഗീതയാണ് സോമന്റെ ഭാര്യ. മകൾ: മോനിഷ.

Copyright © . All rights reserved