Latest News

തമിഴ്നാട്ടില്‍ ലുലു മാള്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് ബിജെപി. പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ ബിജെപി സമ്മതിക്കില്ലെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.

പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കും. മുന്‍ കാലങ്ങളില്‍ വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു.

ഈയടുത്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് കോയമ്പത്തൂരില്‍ ലുലുമാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടത്.

ഏതാനും ദിവസം മുമ്പ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ലുലു മാള്‍ മാനേജ്മെന്റും എംഓയു ഓപ്പുവച്ചിരുന്നു. കോയമ്പത്തൂരില്‍ ലുലു മാള്‍ സ്ഥാപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫ മെഹ്നുവിന്റെ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രണ്ടുദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. പ്രാഥമിക പരിശോധനയിൽ തന്നെ മരണം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. റിഫയുടെ കഴുത്തിൽ ആഴത്തിൽ പരിക്കേറ്റതിന്റെ പാടുകൾ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

റിഫയുടെ മൃതദേഹം അഴുകിയിട്ടില്ലാത്തതിനാൽ മൃതദേഹം കബറിടത്തിൽനിന്ന് പുറത്ത് എടുത്ത് പരിശോധിച്ചപ്പോൾതന്നെ കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൽ വിശദമായ പരിശോധന ആവശ്യമുള്ളതിനാലാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

റിഫയെ ശ്വാസം മുട്ടിച്ചിരുന്നോ, തലയോട്ടിയ്ക്ക് ഉൾപ്പടെ ശരീരത്തിൽ ക്ഷതം സംഭവിച്ചിട്ടുണ്ടോ, എന്തെങ്കിലും വിഷ പദാർത്ഥങ്ങൾ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.

മാർച്ച് ഒന്നിന് രാത്രിയാണ് ദുബായിലെ ഫ്ളാറ്റിൽ റിഫയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയത്. അവിടെവെച്ച് റിഫയുടെ പോസ്റ്റ്‌മോർട്ടം നടത്തിയെന്നുപറഞ്ഞ് ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. നാട്ടിലെത്തിച്ച് തിടുക്കപ്പെട്ട് മൃതദേഹം കബറടക്കിയത് സംശയത്തിനിടയാക്കിയിരുന്നു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് പാവണ്ടൂർ ജുമാമസ്ജിദിലെ കബർസ്ഥാനിൽനിന്ന് റിഫയുടെ മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ സാന്നിധ്യത്തിൽ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇൻക്വസ്റ്റ് നടത്തി. പന്ത്രണ്ട് മണിയോടെ പോസ്റ്റ്മോർട്ടത്തിനായി ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൃതദേഹം തിരികെ പള്ളിയിലെത്തിച്ച് കബറടക്കി.

കോഴിക്കോട് സബ്കളക്ടർ വി ചെൽസാ സിനി, മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ലിസ, കാക്കൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിഎം ഷാജി, മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് കോയ ഹാജി, സെക്രട്ടറി എൻകെ നൗഫൽ, എം അബ്ദുറഹ്‌മാൻ, ഷെരീഫ് മന്ദലത്തിൽ, റിഫയുടെ സഹോദരൻ റിജുൻ, ബന്ധു ഉബൈദ് എന്നിവർ മൃതദേഹം പുറത്തെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു.

ദുബായ് : ഒരാഴ്ച നീണ്ടുനിന്ന ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷിക്കുവാൻ പോയ മലയാളി നേഴ്സും കുടുംബവും അപകടത്തിൽ പെട്ട് മരണമടഞ്ഞു . യുഎഇയുടെ ആരോഗ്യമേഖലയ്ക്ക് വീണ്ടും കറുത്ത ദിനങ്ങൾ സമ്മാനിച്ചു കൊണ്ട് എറണാകുളം സ്വദേശിനിയായ ടിൻ്റു പോൾ (36) ആശുപത്രിയിൽ മരണമടഞ്ഞത് .

അപകടം നടന്ന ഉടൻ തന്നെ റാസൽഖൈമ പോലീസും ആംബുലൻസ് സംഘവും സ്ഥലത്തെത്തുകയും പരിക്കേറ്റവരെ അൽസ് കാർ ഹോസ്പിറ്റലിൽ എത്തിക്കുകയും ചികിത്സയിലിരിക്കെ ടിൻ്റു പോൾ മരണപ്പെടുകയും ആയിരുന്നു.

ഭർത്താവും മൂത്ത കുട്ടിയും ഗുരുതരമായി പരിക്കേറ്റ നിലയിൽ റാസൽഖൈമയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് കൃപാ ശങ്കർ , കുട്ടികളായ കൃതിൻ ശങ്കർ (10) ആദിൻ ശങ്കർ (1) കൃപാ ശങ്കറിൻ്റെ മാതാവ് എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. യുഎഇ യിലെ ഏറ്റവും ഉയർന്ന മലനിരകൾ ആയ ജബൽ ജയ്സ് കാണുവാൻ പോകുന്ന വഴി ഓടിച്ചിരുന്ന വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയുമായിരുന്നു .

രണ്ട് ദിവസങ്ങൾക്ക് മുൻപ് അബുദാബി ക്ലീവ് ലാൻഡ് ക്ലിനിക്കിൽ RN ആയി ജോലി നോക്കിയിരുന്ന ഷേബാ മേരി തോമസ് (33) കുടുംബവും സഞ്ചരിച്ച വാഹനം ഈദ് അവധി ആഘോഷിക്കാൻ ഒമാനിലെ സലാലയിലേക്ക് പോകുന്ന വഴി അപകടത്തിൽ പെടുകയും ഷേബാ മേരി മരണപ്പെടുകയും ചെയ്തിരുന്നു.

ടിൻ്റു പോളിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

രാധാകൃഷ്ണൻ മാഞ്ഞൂർ

1998 ഏപ്രിൽ കാലത്ത് ബാംഗ്ലൂരിൽ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയാണ് ഞങ്ങൾ . ഇരുപതോളം വരുന്ന യാത്രാസംഘം നന്നേ ക്ഷീണിതരാണ്. വിശാലമായ പാടശേഖരങ്ങൾക്കു നടുവിലൂടെ (ദേശീയപാത ) ഞങ്ങളുടെ വാഹനം കുതിച്ചു പാഞ്ഞു . ഇരുവശവുമുള്ള കർണാടകയുടെയും തമിഴ്നാടിന്റെയും കൃഷിയിടങ്ങൾ .

” കേരള ചെക്പോസ്റ്റ് വാളയാറിലേക്ക് ഇനിയും ദൂരമുണ്ട്. നമുക്ക് ഉറക്കക്ഷീണം മാറാൻ ഒരു ചായ കുടിച്ചിട്ട് യാത്ര തുടരാം . വഴിയിൽ കോഫി സ്റ്റാൾ വല്ലതുമുണ്ടെങ്കിൽ പറയണേ” ഡ്രൈവർ ടോമിച്ചൻ പറയുന്നു.

എല്ലാവർക്കും ആ നിർദ്ദേശം ഇഷ്ടമായി.

രാത്രി മൂന്നു മണി സമയത്ത് നല്ലൊരു തമിഴ് ചായ കുടിക്കാനുള്ള ത്രില്ലിൽ ഞാനിരുന്നു.

ഹൈവേയിൽ വാഹനങ്ങളുടെ വലിയ തിരക്കില്ല .

ഏറെ ദൂരം പിന്നിട്ടപ്പോൾ വഴിയരികിൽ ഒരു കട പ്രത്യക്ഷപ്പെട്ടു. അതെ കരിമ്പന ഓല കൊണ്ട് കെട്ടിയ തനി നാടൻ ചായക്കട.’ റ്റോമിച്ചാ നല്ലൊരു കടയാ. നല്ല ചായ കിട്ടും’ ഞാൻ ഉറപ്പു കൊടുത്തു. കാരണം എൻറെ സങ്കല്പത്തിലെ നാടൻ കട ഇതുതന്നെ. സഹയാത്രികർ പലരും നെറ്റിചുളിച്ചു . കുറച്ചുകൂടി സൗകര്യമുള്ള ഒരു കോഫിസ്റ്റാൾ ആയിരുന്നു നല്ലതെന്ന് പലരും പറഞ്ഞു.

 

വലിയൊരു വാളൻപുളിയുടെ സമീപത്തെ നാലുകാൽ നാട്ടിയ ചായക്കട. ചെമ്പു പാത്രത്തിൽ വെള്ളം തിളയ്ക്കുന്നുണ്ട്. കയറു കെട്ടിയ കട്ടിലിൽ കരിമ്പടത്തിനുള്ളിൽ ചായക്കട മുതലാളി ഉറങ്ങുന്നുണ്ട്. ഞങ്ങളുടെ വാഹനത്തിൻറെ വെട്ടമടിച്ചപ്പോൾ അവിടെ കിടന്നുറങ്ങിയ പട്ടി എഴുന്നേറ്റ് കുരച്ചു . അതുകേട്ട് കട്ടിലിൽ നിന്നും അവൻറെ യജമാനൻ എഴുന്നേറ്റു . തികച്ചും സിനിമാറ്റിക് ആയ അന്തരീക്ഷം. നമ്മുടെ നാട്ടിലെ പഴയ ‘ പൊതുജന സഹായം ‘ ചായക്കട പോലെ ….

വണ്ടിക്കുള്ളിലെ ഇരുപതോളം വരുന്ന യാത്രികർ ഇറങ്ങി വരുന്നത് കണ്ട് ചായക്കടക്കാരന് സന്തോഷമായി. പക്ഷേ ആ ചായത്തട്ടിൽ ആറു ഗ്ലാസ്സിൽ കൂടുതൽ ഇല്ല . അൽപ്പം സമയമെടുക്കും ചായ കിട്ടുമ്പോൾ …. ഞാൻ മനസ്സിൽ വിചാരിച്ചു.

വലിയ ചരക്കു വണ്ടികൾ ചൂടുകാറ്റ് സമ്മാനിച്ച് ഞങ്ങളെ കടന്നു പോവുന്നുണ്ട് . കരിമ്പന ഓലകൊണ്ട് മറച്ച കടയുടെ ഭിത്തിയിൽ നടികർ തിലകം ശിവാജി ഗണേശന്റെ ഒരു തമിഴ് പോസ്റ്റർ . അതു മുഴുവൻ കരിയും പുകയുമേറ്റ് വികൃതമായിരിക്കുന്നു. ശിവാജിയുടെ തീക്ഷ്ണതയുള്ള കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നുണ്ട്. ഇത്രയും പഴക്കമുള്ള സിനിമാ പോസ്റ്റർ കളയാതിരിക്കുന്നത് എന്തുകൊണ്ടാവാം ….? ഒരുപക്ഷേ ഈ മനുഷ്യൻറെ ഇഷ്ടതാരമാവും ശിവാജി …. കൗതുകത്തോടെ ഞാൻ തന്നെ ഉത്തരവും കണ്ടെത്തി.
കൊടും തമിഴിൽ ടോമിച്ചനോട് അയാൾ എന്തൊക്കെയോ പറയുന്നുണ്ട് .
ഡ്രൈവർ ടോമിച്ചൻ ദ്വിഭാഷിയായി “അയാൾ പറയുന്നത് ഇവിടെ ആറു ഗ്ലാസ്സേയുള്ളൂ ….ചായ ഞാൻ തരാം . അല്പം സാവകാശം തന്നാൽ മതി എന്നാണ് ”

എല്ലാവരും സമ്മതിച്ചു.

രംഗരാജനെന്ന ചായക്കട മുതലാളി കടയുടെ പുറകിലേക്ക് പോയി. അയാൾക്ക് എസ്കോർട്ടായി കറുത്ത പട്ടിയും പുറകെ . കടയുടെ പുറകിൽ അലക്ഷ്യമായി ഇട്ടിരുന്ന ഒരു ആടുന്ന ബഞ്ച് മുറ്റത്തേക്കിട്ടു. ബഞ്ചിൽ വനിതാരത്നങ്ങൾ ഇരുന്നു. ബാക്കിവരുന്ന പുരുഷ പ്രജകൾ കടയുടെ പരിസരത്ത് നിന്നു .

ഞാനാവട്ടെ ഈ രാത്രികാല ദൃശ്യങ്ങളെ ശരിക്കും ആസ്വദിക്കുകയായിരുന്നു .

ഒന്നാലോചിച്ചു നോക്കൂ … ഈ കൊടും പാതിരയിൽ വെട്ടിത്തിളക്കുന്ന ചൂടുവെള്ളവും , പാൽപ്പാത്രവുമായി ഒരുവൻ … അയാൾ വളർത്തുന്ന കറുത്ത നായ… നൂറ്റാണ്ടുകൾ പഴക്കം തോന്നിക്കുന്ന തടിയൻ പുളിമരം … വല്ലാതെ പുരാതനത്വം ഫീൽ ചെയ്യുന്നു.

ഓരോ ചായയും അയാൾ വളരെ ആസ്വദിച്ചാണ് എടുക്കുന്നത്. ആ പ്രവർത്തിയിൽ ഒരു സംഗീതം അനുഭവിക്കുന്നുണ്ട് … തീർച്ച. മുനിഞ്ഞു കത്തുന്ന റാന്തൽ വെട്ടത്തിൽ രംഗരാജനെന്ന വ്യക്തിയെ, അയാളുടെ ചലനങ്ങളെ കൃത്യമായി വീക്ഷിച്ചു.

ഓരോരുത്തരും ചായ കുടിക്കുമ്പോഴും അവരുടെ മുഖത്തേക്ക് അയാൾ നോക്കുന്നുണ്ട്. ചായയുടെ കടുപ്പവും, രുചിയുമൊക്കെ ഈ യാത്രികർക്ക് ബോധിക്കുന്നുണ്ടോ എന്നുള്ളതായിരുന്നു ചിന്ത. പതിനാലാമത്തെ ഊഴത്തിലാണ് എനിക്കുള്ള ചായ കിട്ടിയത്. ഗ്ലാസിന്റെ പകുതി വരെയുള്ള ചായ . ‘അരച്ചായ ‘ എന്ന് മലയാളി പറയും. ഏലയ്ക്കായും എരുമപ്പാലും ചേർന്ന യഥാർത്ഥ കടുപ്പമുള്ള ചായ . കുറച്ച് പാലും, തേയിലയും , പഞ്ചസാരയുമൊന്നും ഗ്ലാസിലേക്ക് കമിഴ്ത്തിയാൽ ചായ ആവില്ലന്ന് എനിയ്ക്കന്ന് മനസ്സിലായി. ജീവിതത്തിൽ ഇത്രയും ആസ്വദിച്ചു കഴിച്ച ചായ ഇല്ല . ചായയുടെ രസതന്ത്ര വഴികൾ …അതിൻറെ ചരിത്രമൊക്കെ ഒരു നിമിഷം മനസ്സിലോർത്തു. രുചി കൊണ്ട് പലരും രണ്ടു തവണ കൂടി ചായ വാങ്ങി കുടിച്ചു. അറിയാവുന്ന തമിഴിലും മലയാളത്തിലുമായ് അയാളോട് സംസാരിച്ചു.

രംഗരാജന് അറുപത്തിയെട്ടു വയസ്സുണ്ട് . ഹൈവേയ്ക്ക് വീതി കൂട്ടിയപ്പോൾ അയാളുടെ വീടും സ്ഥലവുമൊക്കെ പോയെന്നും ഈ പാടശേഖരത്തിനപ്പുറത്ത് അയാൾക്കൊരു വീടുണ്ടെന്നും പറഞ്ഞു. ഒരു മകനുണ്ട് . അവൻ മഹാരാഷ്ട്രയിൽ ഒരു തുണിമില്ലിലാണെന്നുമൊക്കെ അയാൾ പറയുന്നു …

ഈ അറുപത്തിയെട്ടാം വയസ്സിലും ജോലിചെയ്യുന്ന ആ മനസ്സിനെ അഭിനന്ദിക്കാതെ വയ്യ.

രാത്രി കച്ചവടം കുറവാണെന്നും പതിയെ ഈ ബിസിനസ് നിർത്തുകയാണെന്നുമൊക്കെ ആരോടെന്നില്ലാതെ പറയുന്നു ….

അയാൾക്കുള്ള രൂപ കൊടുത്ത് ഞങ്ങൾ വണ്ടിയിൽ കയറി.

ഞാൻ തിരിഞ്ഞു നോക്കി.

അയാൾ ഗ്ലാസുകൾ കഴുകി വൃത്തിയാക്കുകയാണ്.

അയാളുടെ വളർത്തുനായ മാത്രം ഞങ്ങൾ കടന്നു പോവുന്നതു നോക്കി നിസ്സംഗതയോടെ നിന്നു ….

 

മൂകാംബിക ക്ഷേത്രത്തിന്റെ ”സൗപർണിക ‘ യിൽ കുളിക്കാൻ വെളുപ്പിന് തയ്യാറെടുത്തു നിൽക്കുകയാണ്. 2017 – ലെ ആ യാത്രയിൽ പ്രശസ്ത യൂട്യൂബ് ബ്ലോഗർ അരുൺ എസ് അഘോരിയും , അനിൽ തോപ്പിലും എന്നോടൊപ്പമുണ്ട്. പുലർകാലത്തെ മഞ്ഞിന്റെ സ്നേഹസ്പർശമേറ്റ് ‘കുന്ദാപുരക്കാരൻ ‘ ഗോവിന്ദയുടെ തനി കർണാടക സ്റ്റൈൽ ചായ ഇന്നും മനസ്സിലുണ്ട് .കടുപ്പത്തിന്റെ കാര്യത്തിൽ അൽപം ശരിയാകാനുണ്ടെന്നുമാത്രം. കുടജാദ്രി മലകയറി ശങ്കരാചാര്യരുടെ ഗുഹയിൽ ഒരു രാത്രി തങ്ങി പിറ്റേ ദിവസം ഞങ്ങൾ മലയിറങ്ങി. അംബാ വനത്തിനു നടുവിലെ പ്രശസ്തമായ തങ്കപ്പൻ നായരുടെ ചായക്കട…അവിടുത്തെ ഊണും വൈകുന്നേരത്തെ കട്ടൻചായയും മറക്കില്ല …. പ്രത്യേകിച്ച് കോഴിക്കോടൻ രീതിയിലുള്ള സുലൈമാനി . കാട്ടുപോത്തും കുരങ്ങും താവളമുറപ്പിച്ച കൊടും വനത്തിൽ പുറത്തെ കാഴ്ചകൾ കണ്ട് പതിയെ ഊതിയൂതി കുടിച്ച ‘നാരങ്ങ ചായ ‘ യെ എങ്ങനെ മറക്കും …?

(തുടരും )

 

ബേസിൽ ജോസഫ്

തന്തൂരിചിക്കൻ

ചേരുവകൾ

ചിക്കൻലെഗ് – 4 എണ്ണം

ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂൺ

തൈര് – 3 ടേബിൾ സ്പൂൺ

ചില്ലിസോസ് – 1 ടീസ്പൂൺ

കാശ്മീരിചില്ലിപൊടി -2 ടേബിൾ സ്പൂൺ

മല്ലിപ്പൊടി- 1 / 2 ടീസ്പൂൺ

ജീരകപ്പൊടി 1 / 2 ടീസ്പൂൺ

മഞ്ഞൾപൊടി -1 / 2 ടീസ്പൂൺ

ഒലിവുഓയിൽ -30 മില്ലി

ഉപ്പ് -ആവശ്യത്തിന്

നാരങ്ങാനീര് 1 ചെറിയ നാരങ്ങയുടെ

പാചകംചെയ്യുന്ന വിധം

ചിക്കൻകഷണങ്ങൾ നന്നായി കഴുകി ഡ്രൈ ആക്കി എടുത്ത്കത്തി കൊണ്ട് 2വശവും നന്നായി വരഞ്ഞെടുക്കുക . മസാല നന്നായി ചിക്കൻറെ ഉള്ളിൽ പിടിക്കുന്നതിനു വേണ്ടിയാണു വരയുന്നത് . ഒരു മിക്സിങ് ബൗളിൽഎല്ലാ പൊടികളും എടുത്തു തൈരും നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ഓയിലും ചേർത്ത് നല്ല ഒരു പേസ്റ്റ്ഉണ്ടാക്കി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കനിൽ തേച്ചു പിടിപ്പിക്കുക .ഇത് ഒരു 3 മണിക്കൂർ എങ്കിലും ഫ്രിഡ്‌ജിൽ വയ്ക്കുക . ഒരുരാത്രി വയ്ക്കാൻ സാധിക്കുമെങ്കിൽ നല്ലത് . ഓവൻ 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്‌യുക. ഒരുബേക്കിംഗ് ട്രേ സിൽവർഫോയിൽ കൊണ്ട് കവർ ചെയ്ത് ചിക്കൻ ഇതിലേയ്ക്ക് മാറ്റി ഓവനിൽവച്ച് 2 വശവും നന്നായി കുക്ക് ചെയ്തെടുക്കുക . ഇടക്ക് അല്പം ഓയിൽ ബ്രഷ് ചെയുന്നത് നല്ലതായിരിക്കും അപ്പോൾ നല്ല രീതിയിൽ മൊരിഞ്ഞുവരും .പുതിന ചട് ണിയോ ഒനിയൻ റിങ്‌സ് അല്ലെങ്കിൽ ഏതെങ്കിലും സാലഡോ ഒക്കെ ഒപ്പം സെർവ് ചെയ്യാം.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

 

 

ഷിബു മാത്യൂ

ലീഡ്സ് : രുചിയുടെ കാര്യത്തിൽ യൂറോപ്പിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ലീഡ്സിലെ തറവാട് റെസ്റ്റോറൻ്റ് NHS ചാരിറ്റിയ്ക്ക് വേണ്ടി നടത്തിയ മാരത്തോൺ നടത്തത്തിൽ 1235 പൗണ്ട് സ്വരൂപിച്ചു. ഏപ്രിൽ 24ന് ലീഡ്സിലെ റൗണ്ട്ഹേ പാർക്കിൽ തറവാട് റെസ്റ്റോറൻ്റിൻ്റെ മാനേജ്മെൻ്റും ജീവനക്കാരും കുടുംബസമേതം പങ്കെടുത്ത മാരത്തോൺ നടത്തത്തിൽ 1627 മൈലുകളാണ് നടന്നു കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നാൽപ്പതോളം പേരാണ് മാരത്തോൺ നടത്തിൽ പങ്കെടുത്തത്.

ഒരു ബിസിനസ്സിനെക്കാളുപരി മാനുഷിക മൂല്യങ്ങൾക്ക് വില കൊടുക്കുന്ന പ്രവർത്തനങ്ങളാണ് തറവാട് റെസ്റ്റോറൻ്റ് കാഴ്ച്ചവെയ്ക്കുന്നത്. പ്രാദേശികരായ പാശ്ചാത്യ സമൂഹവുമായി അടുത്ത ബന്ധമാണ് തറവാട് റെസ്റ്റോറൻ്റിനുള്ളത്. കേരള സംസ്കാരത്തിൻ്റെ പരമ്പരാഗതമായ വിഭവങ്ങളാണ് തറവാട്ടിലെ ഭക്ഷണത്തിലധികവും. തറവാടിൻ്റെ തനതായ റെസിപ്പികൾ വേറെയും. പ്രാദേശീകരും അല്ലാത്തവരുമായ പാശ്ചാത്യ സമൂഹമാണ് തറവാട് റെസ്റ്റോറൻ്റിൻ്റെ അതിഥികളിൽ അധികവും എന്നത് ശ്രദ്ധേയമാണ്.

ലീഡ്സിലെ ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയുടെ എല്ലാ വർഷവും നടക്കുന്ന യോർക്ഷയർ ഈവനിംഗ് പോസ്റ്റിൻ്റെ ഒലിവർ അവാർഡ്സിൽ ബെസ്റ്റ് ഹോസ്പിറ്റാലിറ്റി റെസ്റ്റോറൻ്റ് 2022 നുള്ള അവാർഡ് തറവാട് റെസ്റ്റോറൻ്റിനാണ് ലഭിച്ചത്.

‘‘ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ കണ്ടത് തീപടർന്ന ഒരു ശരീരം മരണവെപ്രാളത്തിൽ മതിലുചാടി കിണറിന്റെ ഭാഗത്തുകൂടി ഓടുന്നതാണ്. തീയാളിക്കത്തുന്ന വാഹനത്തിൽ നിന്ന് തുടർച്ചയായി സ്ഫോടന ശബ്ദങ്ങളും കേട്ടതോടെ അടുക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ഇതോടെ 50 മിനിറ്റോളം രക്ഷാപ്രവർത്തനം വൈകി’’ കൊണ്ടിപറമ്പിലെ ദാരുണസംഭവം അറിഞ്ഞ് ആദ്യം ഓടിയെത്തിയ സമീപവാസി ആഷിഖിന്റെ വാക്കുകൾ. ആരാണ് ഓടുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ ആദ്യം മനസ്സിലായിരുന്നില്ലെന്ന് ആഷിഖ് പറയുന്നു.

വാഹനത്തിന്റെ ഇടതുവശത്തെ വാതിൽ അടഞ്ഞും വലതുവശത്തേത് തുറന്നും കിടക്കുന്ന നിലയിലായിരുന്നു. മുഹമ്മദാണ് ഓടിയതെന്നും കിണറ്റിൽ ചാടിയെന്നും വ്യക്തമായതോടെ രക്ഷിക്കാനായി അങ്ങോട്ട് ചെന്നു. വാഹനത്തിലെ തീയണയ്ക്കാൻ പൈപ്പുമായി ചെന്നപ്പോൾ സ്ഫോടനം കേട്ട് പിന്മാറി. 15 മിനിറ്റിനു ശേഷം വീണ്ടും ശ്രമിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. വാഹനത്തിൽനിന്ന് തെറിച്ചുവീണ ചെറിയ കുട്ടിയെ ചിലർ മണ്ണിലൂടെ ഉരുട്ടിയും മറ്റും രക്ഷപ്പെടുത്തിയെന്നും അറിഞ്ഞു.

നാട്ടുകാരിൽ ചിലരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പെരിന്തൽമണ്ണയിൽ നിന്ന് പാണ്ടിക്കാട്ടേയ്ക്കുള്ള വഴിയിൽ 11 കിലോമീറ്റർ അകലെ കീഴാറ്റൂർ പഞ്ചായത്തിലാണ് കൊണ്ടിപറമ്പ്. അൽപം അകത്തേക്കുള്ള പ്രദേശമായതിനാൽ അഗ്നിരക്ഷാ സേനയും പൊലീസുമൊക്കെ വൈകിയാണ് എത്തിയത്. മറ്റൊരു വാഹനത്തിലെ ഫയർ എക്സ്റ്റിങ്ഗ്യുഷറെടുത്താണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. ബക്കറ്റും വെള്ളവുമായി ആളുകളും കൂടി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

ഭാര്യയെയും മക്കളെയും തീകൊളുത്തിയ ശേഷം കിണറ്റിൽ ചാടിയ ടി.മുഹമ്മദിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കൊടക്കാടൻ സൽമാൻ പറഞ്ഞു. ‘സംഭവമറിഞ്ഞ് ഞങ്ങൾ എത്തിയപ്പോൾ ഓട്ടോ ആളിക്കത്തുന്നതാണു കണ്ടത്. തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടായിരുന്നതിനാൽ അടുത്തേക്കു ചെല്ലാനായില്ല.

വൈദ്യുത ലൈൻ മുട്ടി തീ ജ്വാലകൾ ഉയർന്നതിനാൽ കെഎസ്ഇബിയിൽ വിളിച്ചുപറഞ്ഞ് വൈദ്യുതി വിഛേദിച്ചു. അപ്പോഴേക്കും ഓട്ടോയിലെ അനക്കം ഏതാണ്ടു നിലച്ചിരുന്നു. അതുകൊണ്ട് കിണറ്റിലേക്കു ചാടിയയാളെ രക്ഷിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. ആഴമുള്ള കിണറ്റിൽ പുക നിറഞ്ഞു. എങ്കിലും കിണറ്റിലെ റിങ്ങിൽ പിടിച്ച്, ആൾ നിൽക്കുന്നതായാണ് തോന്നിയത്. എന്റെ പിതാവ് കൊടക്കാടൻ സുലൈമാനാണ് കിണറ്റിലിറങ്ങിയത്.

വെള്ളം കോരാനുപയോഗിക്കുന്ന തൊട്ടിയുടെ കയർ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പുറത്തെടുത്തശേഷം ഞാനാണ് കുരുക്കഴിച്ചത്. ശരീരത്തിന്റെ പല ഭാഗങ്ങളും പൊള്ളലേറ്റ് അടർന്നിരുന്നു. കിണറിന്റെ പടവിനരികെ നിന്ന് ഒരു കത്തിയും കുറച്ചു ചില്ലറ പൈസയും കിട്ടി. കിണറ്റിൽ നിന്ന് കിട്ടിയ ബെൽറ്റിലെ പഴ്സിൽ ഒരു നല്ല സംഖ്യയും ഉണ്ടായിരുന്നെന്ന് സൽമാൻ പറഞ്ഞു. മരണകാരണം പോസ്റ്റ്മോർട്ടം വന്നാൽ മാത്രമേ അറിയാനാകൂ എന്നാണ് പൊലീസ് പറയുന്നത്.

മലയാളി വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നു(21)വിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമ്പോൾ യുവതിയുടെ യുഎഇയിലെ സുഹൃത്തുക്കൾക്ക് സങ്കടമടക്കാനാകുന്നില്ല. ഇത്തരമൊരു അന്ത്യമല്ല റിഫയ്ക്ക് ഉണ്ടാകേണ്ടിയിരുന്നത് എന്ന് പേര് വെളിപ്പെടുത്താത്ത ദുബായിലെ സുഹൃത്തുക്കളും യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നവരും പറയുന്നു.

മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായ് ജാഫിലിയ്യയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയുടെ ഭർത്താവ് മെഹ്നാസിന്റെയും സഹോദരന്റെയും ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ നാട്ടിലേക്ക്കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും നാട്ടില്‍ പരാതി നൽകിയത്.‌ ഭർത്താവോ സഹോദരനോ ആവശ്യപ്പെട്ടിരുന്നെങ്കിൽ ദുബായിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.

വൈകി വീട്ടിലെത്തിയതിനാൽ താൻ റിഫയോട് ദേഷ്യപ്പെട്ടിരുന്നുവെന്നായിരുന്നു മെഹ്നാസിന്റെ മൊഴി. മെഹ്നാസിന്റെയും സഹോദരന്റെയും പൂർണ സമ്മതത്തോടെയായിരുന്നു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ ദുബായ് പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. മരണത്തിൽ നേരിയ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിൽ പോലും പൊലീസ് അനന്തര നടപടികളിലേക്കു കടക്കുമായിരുന്നു. എന്നാൽ, ഇത്തരമൊരു സാഹചര്യമുണ്ടായാൽ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്ന കാര്യം മനസിലായതിനാൽ മെഹ്നാസും റിഫയുടെ സഹോദരനും മരണത്തിൽ സംശയമില്ലെന്ന് രേഖാമൂലം അറിയിച്ചതിനാൽ സ്വയം ജീവനൊടുക്കിയതാണെന്ന റിപ്പോർട്ട് തയാറാക്കി പൊലീസ് മൃതദേഹം വിട്ടുകൊടുക്കുകയയാരുന്നു. പിന്നീട്, മൃതദേഹം നാട്ടിലെത്തിച്ചതിന് ശേഷമാണ് സമൂഹമാധ്യമങ്ങളിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടത്. ബന്ധുക്കൾ നല്‍കിയ പരാതിയിന്മേലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് എത്തിച്ചേർന്നത്.

സമൂഹ മാധ്യമങ്ങളിലെ പ്രകടനത്തിന് പുറമെ, ദുബായ് ഖിസൈസിലെ ഒരു മാളിലെ കടയിലും കരാമയിലും റിഫ ജോലി ചെയ്തിരുന്നു. സംഭവ ദിവസം രാത്രി ഖിസൈസിലെ തൊഴിലുടമ നൽകിയ ഒരു വിരുന്നിൽ പങ്കെടുത്തതിനാൽ റിഫ വീട്ടിലെത്താൻ വൈകി. ഇതിൽ താൻ ദേഷ്യപ്പെട്ടിരുന്നുവെന്നാണ് മെഹ്നാസ് പറഞ്ഞത്. പുലർച്ചെ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചുവന്നപ്പോഴായിരുന്നു ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതായിരുന്നു മെഹ്നാസ് ദുബായ് പൊലീസിന് നൽകിയ മൊഴി. സഹോദരി ജീവനൊടുക്കിയതാണെന്ന് റിഫയുടെ സഹോദരനും മൊഴി നൽകി.

ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ തിളങ്ങിനിന്നിരുന്ന റിഫ എന്തിനീ കടുംകൈ ചെയ്തു എന്നാണ് യുഎഇയിലെ കൂട്ടുകാര്‍ ചോദിക്കുന്നത്. സ്വയം മരണം വരിച്ചതാണെങ്കിൽ എന്തിനായിരുന്നു അവളിത് ചെയ്തതെന്നാണ് എല്ലാവരുടെയും ചോദ്യം. കോഴിക്കോട് ബാലുശ്ശേരി കാക്കൂൽ സ്വദേശിനിയായ റിഫ മരണത്തിന് ഒന്നര മാസം മുൻപാണ് ഭർത്താവ് നീലേശ്വരം പുതുക്കൈ സ്വദേശി മെഹ്നു എന്ന് വിളിക്കുന്ന മെഹ്നാസി(25)നോടൊപ്പം യുഎഇയിലെത്തിയത്. മകനെ നാട്ടിലെ ബന്ധുക്കളുടെ കൂടെയാണ് നിർത്തിയിരുന്നത്. ഇരുവരും ചേർന്ന് വിഡിയോ, സംഗീത ആൽബ നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. മരണത്തിന് രണ്ട് ദിവസം മുൻപ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ കയറി ഇരുവരും വിഡിയോ പകർത്തി പോസ്റ്റ് ചെയ്തിരുന്നു. അത് പിന്നീട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അടുത്ത കാലത്ത് ചെയ്ത വിഡിയോകളിലെല്ലാം വളരെ സന്തോഷം പ്രകടിപ്പിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും. സാധാരണ കുടുംബങ്ങളിലുള്ളതുപോലെ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകാറുണ്ട് എന്നതല്ലാതെ കാര്യമായ പ്രശ്നങ്ങളൊന്നും ഇരുവരുടെയും ഇടയിലുണ്ടായിരുന്നില്ലെന്ന് മെഹ്നുവിന്റെ സുഹൃത്ത് കോഴിക്കോട് സ്വദേശി ജംഷീദ് പറഞ്ഞു.

മരണത്തിന്റെ തലേന്ന് രാത്രി മെഹ്നാസിന് പുറത്ത് ഒരു വിരുന്നുണ്ടായിരുന്നു. എന്നാൽ, ജോലി കഴിഞ്ഞ് ക്ഷീണിച്ച് വന്നതിനാൽ റിഫ പോയിരുന്നില്ല. മെഹ്നാസ് പുലർച്ചെ ഒന്നോടെ തിരിച്ചുവന്നപ്പോൾ, റിഫയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പറയുന്നത്.

രണ്ടു പേരും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും ഇഷ്ടത്തിലാവുകയും കുടുംബങ്ങളുടെ സമ്മതത്തോടെ 4 വർഷം മുൻപ് വിവാഹം കഴിക്കുകയുമായിരുന്നു. റിഫയ്ക്ക് യുട്യൂബിൽ നിന്നു നല്ല വരുമാനമുണ്ടായിരുന്നു. ഫാഷൻ, റസ്റ്ററന്റുകളിലെ വിഭവങ്ങൾ പരിചയപ്പെടുത്തൽ, യാത്രകൾ എന്നിവയായിരുന്നു പ്രധാനമായും വിഡിയോയിൽ പകർത്തിയിരുന്നത്. എല്ലാ സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുള്ള റിഫയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട്. മെഹ്നുവിന് സംഗീത ആൽബ നിർമാണവുമുണ്ടായിരുന്നു. ഫെബ്രുവരി 14ന് വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും ചേർന്ന് ഹ്രസ്വ ചിത്രം പുറത്തിറക്കുകയും ചെയ്തു. തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള സ്നേഹമാണെന്ന് രണ്ടുപേരും ഇടയ്ക്കിടെ പറയുമായിരുന്നു.

ഭാര്യ മരിച്ച വിവരം മെഹ്നാസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. ഇൗ പോസ്റ്റ് മറ്റൊരാൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് ഭാര്യയുടെ മരണ വിവരം അറിയിച്ചതിനെതിരെ വ്യാപക വിമർശനവും നടന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു.

ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതിനെ തുടർന്ന് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾ ഇൗ സമൂഹ മാധ്യമത്തില്‍ കൂടുതൽ സജീവമായി. പ്രത്യേകിച്ച് സ്ത്രീകളാണ് ടിക് ടോക്കിൽ നിറഞ്ഞുനിൽക്കുന്നത്. പലർക്കും ആയിരങ്ങൾ ഫോളോവേഴ്സായി വരികയും ഇത്തരം താരങ്ങൾ മായിക ലോകത്തെത്തപ്പെടുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലെ മായാപ്രപഞ്ചത്തെത്തി സ്വന്തം കുടുംബത്തെ പോലും മറന്നുപോകുകയും അത് പിന്നീട് വിവാഹമോചനം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് എത്തപ്പെടുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങൾ ഗൾഫിൽ ഉണ്ടെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ നിരവധി കൗമാരക്കാര്‍ സ്വയം ജീവനൊടുക്കിയിരുന്നു. പുറം ലോകം ഇതറിയുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങൾക്ക് അടിമയായതാണ് എല്ലാത്തിനും കാരണമാകുന്നതെന്ന് നസീർ വാടാനപ്പള്ളി പറയുന്നു.

ബ്രിട്ടണിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ശക്തമായ സ്വാധീനമായി മലയാളികള്‍. മലയാളി സ്ഥാനാർഥികളുടെ സാന്നിധ്യവും തിരഞ്ഞെടുപ്പിന് ആവേശം പകർന്നു. അഞ്ചിടങ്ങളിലാണ് മലയാളി സ്ഥാനാർഥികൾ ജനവിധി തേടിയത്.

യുണൈറ്റഡ് കിങ്ന്‍ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടണിലെ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ന്‍ലഡ് എന്നിവിടങ്ങളില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് ഇന്ന്. പ്രാദേശിക കൗണ്‍സിലുകളിലേക്കുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പാണിത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഫെഡറല്‍ സര്‍ക്കാരിനെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.

ഇംഗ്ലണ്ടിലും വെയില്‍സിലും ലേബറും ടോറികളും തമ്മിലുള്ള ശക്തമായ പോരാട്ടമാണെങ്കില്‍ സ്‌കോട്ലന്‍ഡില്‍ പ്രാദേശിക പാര്‍ട്ടിയായ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയാണ് ലേബറിന്റെയും ടോറികളുടെയും മുഖ്യ ശത്രുക്കള്‍. ഇവിടങ്ങളിലായി മൂന്നു ലക്ഷത്തോളം മലയാളി വോട്ടുകള്‍ ഉണ്ട്. മലയാളി സ്ഥാനാര്‍ഥികളുടെ സാന്നിധ്യവും തിരഞ്ഞെടുപ്പില്‍ ആവേശം പകരുന്നതാണ്.

ലണ്ടനിലെ ബാര്‍ക്കിങ് ആന്‍ഡ് ഡാഗ്‌നം കൗണ്‍സിലിലും കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റര്‍ടണിലും ഹണ്ടിങ്ടണ്‍ നോര്‍ത്ത് വാര്‍ഡിലുമാണ് മലയാളി സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്. ബാര്‍ക്കിങ് ആന്‍ഡ് ഡാഗ്‌നം കൗണ്‍സിലിലെ വെയില്‍ബോണ്‍ വാര്‍ഡില്‍ കണ്‍സര്‍വേറ്റിവ് സ്ഥാനാര്‍ഥിയായി സുഭാഷ് നായരും ഈസ്റ്റ് ചെസ്റ്റര്‍ടണ്‍ വാര്‍ഡില്‍ ലേബര്‍ സ്ഥാനാര്‍ഥിയായി ബൈജു വര്‍ക്കി തിട്ടാലയും ഹണ്ടിങ്ടണ്‍ നോര്‍ത്തില്‍ ലീഡോ ജോര്‍ജുമാണ് ജനവധി തേടുന്നത്. സുഭാഷിന് ഇത് കന്നിയങ്കമാണെങ്കില്‍ 2018ല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബൈജുവിനും ലീഡോയ്ക്കും ഇത് രണ്ടാമൂഴമാണ്.

2018 മുതല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ സുഭാഷ് നായര്‍ നിലവില്‍ ബാര്‍ക്കിങ് കൗണ്‍സിലിലെ റിലീജിയസ് എജ്യുക്കേഷന്‍ സ്റ്റാന്‍ഡിങ് അഡൈ്വസറി കൗണ്‍സില്‍ അംഗമാണ്. ഐടി പ്രഫഷനലായ സുഭാഷ് യുകെയില്‍ എത്തിയകാലം മുതല്‍ പൊതുരംഗത്ത് സജീവമാണ്. പെരുമ്പാവൂര്‍ സ്വദേശിയാണ്. എന്‍എച്ച്എസില്‍ നഴ്‌സായ സുജയാണ് ഭാര്യ.

കേംബ്രിഡ്ജില്‍ പ്രാക്ടീസിങ് സോളിസിറ്ററായ ബൈജു വര്‍ക്കി ഒന്നാം ഊഴത്തിലെ ഭരണനേട്ടം ഉയര്‍ത്തിക്കാട്ടിയാണ് രണ്ടാമതും ജനവിധി തേടുന്നത്. ക്രിമിനല്‍ ഡിഫന്‍സ് കോര്‍ട്ട് ഡ്യൂട്ടി സോളിസിറ്ററായി പ്രവര്‍ത്തിക്കുന്ന ബൈജുവും ബ്രിട്ടനിലെത്തിയ കാലംമുതല്‍ പൊതുരംഗത്തും പ്രാദേശിക രാഷ്ട്രീയത്തിലും സജീവമാണ്. കോട്ടയം കരൂപ്പൂത്തിട്ട് സ്വദേശിയാണ് ബൈജു. ഭാര്യ എന്‍എച്ച്എസില്‍ നഴ്‌സാണ്. അങ്കമാലി സ്വദേശിയായ ലീഡോ ജോര്‍ജ് നഴ്‌സിങ് ഏജന്‍സി നടത്തുന്നു. ഭാര്യ റാണി എന്‍എച്ച്എസില്‍ നഴ്‌സായി ജോലി ചെയ്യുന്നു.

ബ്രിട്ടനില്‍ പ്രാദേശിക കൗണ്‍സിലുകളില്‍ മല്‍സരിച്ച് വിജയിക്കുകയും വിവിധ കൗണ്‍സിലുകളില്‍ മേയറാവുകയും ചെയ്തിട്ടുള്ള മലയാളികള്‍ പലരുണ്ട്. ഇപ്പോഴും ബ്രിസ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക്കിലും (ടോം ആദിത്യ) ലണ്ടനിലെ കിങ്സ്റ്റണ്‍ അപ്പോണ്‍ തേംസ് കൗണ്‍സിലിലും (സുശീല ഏബ്രഹാം) മേയര്‍ സ്ഥാനം അലങ്കരിക്കുന്നത് മലയാളികളാണ്. ബ്രിട്ടനില്‍ ഏറ്റവുമധികം മലയാളികളുള്ള ഈസ്റ്റ്ഹാമില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലേബര്‍ ടിക്കറ്റില്‍ ജയിച്ചതു മലയാളിയായ സുഗതന്‍ തെക്കേപ്പുരയാണ്.

ഇംഗ്ലണ്ടില്‍ 146 കൗണ്‍സിലുകളിലേക്കായി നാലായിരത്തിലധികം കൗണ്‍സിലര്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. ഇതില്‍ ലണ്ടന്‍ നഗരത്തിലെ 32 ബറോകളും മാഞ്ചസ്റ്റര്‍, ലീഡ്‌സ്, ബര്‍മിങ്ങാം നഗരങ്ങളിലെ കൗണ്‍സിലുകളുമുണ്ട്. സൗത്ത് യോര്‍ക്ഷര്‍ റീജണല്‍ മേയര്‍ തിരഞ്ഞെടുപ്പും പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പമാണ്. ഇംഗ്ലണ്ടിലെ പല കൗണ്‍സിലുകളിലും 2018നു ശേഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണിത്.

ഫെഡറല്‍ സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ വോട്ടെടുപ്പില്‍ പ്രധാനമായും നടക്കുന്നത് യൂണിയനിസ്റ്റ് പാര്‍ട്ടികളുടെ പോരാട്ടമാണ്. യുണൈറ്റഡ് കിങ്ഡത്തെ പിന്തുണയ്ക്കുന്നവരും യുണൈറ്റഡ് അയര്‍ലന്‍ഡിനെ പിന്തുണയ്ക്കുന്നവരും തമ്മിലുള്ള പോരാട്ടം. 2003 മുതല്‍ ഇവിടെ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്കാണ് തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം. രണ്ടാം സ്ഥാനം സിന്‍ ഫെയ്ന്‍ നാഷനലിസ്റ്റുകള്‍ക്കും.

സ്വന്തം ലേഖകൻ 

കൊച്ചി : ഇന്ത്യൻ ജനതയുടെ പ്രതീക്ഷയായി വളരുന്ന ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്രരിവാൾ കേരളക്കരയിലേയ്ക്ക് എത്തുന്നു എന്ന വാർത്ത മലയാളിയായ ഓരോ ആം ആദ്മി പ്രവർത്തകനേയും വളരെയധികം ആവേശം കൊള്ളിച്ചിരിക്കുകയാണ്. ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത രീതിയിൽ കേരളത്തിൽ ആം ആദ്മി തരംഗം അതിവേഗത്തിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ് . മലയാള മാധ്യമങ്ങളുടെ സഹായമില്ലാതെ തന്നെ മലയാളികളിൽ പത്തിൽ മൂന്ന് പേർ  ആം ആദ്മി പാർട്ടിയെ ഇതിനോടകം ഇഷ്‌ടപ്പെട്ടിരിക്കുന്നു എന്ന സർവേ ഫലങ്ങൾ പുറത്ത് വരുമ്പോൾ , കേരളവും ആം ആദ്മി രാഷ്ട്രീയത്തെ നെഞ്ചിലേറ്റിയിരിക്കുന്നു എന്ന് നിസംശയം പറയാൻ കഴിയും.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പട്ടണങ്ങൾക്കൊപ്പം , കേരളത്തിലെ എല്ലാ ജില്ലകളിലേയും  കുഗ്രാമങ്ങളിൽ വരെ ഇപ്പോൾ ആം ആദ്മി കമ്മിറ്റികൾ നിലവിൽ വന്നു കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ 10 വർഷമായി ഓരോ മലയാളി ആം ആദ്മിയും കണ്ടിരുന്ന വലിയൊരു സ്വപ്നമാണ് മെയ് 15 ന് കിഴക്കംബലത്തെ മൈതാനത്ത് യാഥാർഥ്യമാകാൻ പോകുന്നത്. പതിനായിരങ്ങളെ അണിനിരത്തികൊണ്ട് സമ്മേളനത്തെ വൻ വിജയമാക്കുവാനുള്ള കഠിന ശ്രമത്തിലാണ് കേരളത്തിലെ ഓരോ ആം ആദ്മി പ്രവർത്തകനും.

ആം ആദ്മി പാർട്ടിയുടെ ദേശീയ നേതാക്കളായ ശ്രീ : എൻ രാജയുടെയും , ശ്രീ : അജയ് രാജിന്റയും , സംസ്ഥാന കൺവീനർ ശ്രീ: പി സി സിറിയക്കിന്റെയും , സെക്രട്രറി പദ്മനാഭൻ ഭാസ്ക്കറിന്റെയും , ട്രെഷറർ മുസ്തഫ പി കെയുടെയും നേത്ര്യത്വത്തിൽ, കേരളത്തിലെ ഓരോ ജില്ലകളിൽ നിന്നും വരുന്ന പ്രവർത്തകർക്ക്, ഇന്ത്യയിലും വിദേശത്തുമുള്ള മലയാളികളായ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ സഹായത്താൽ സൗജന്യ യാത്രാസൗകര്യം ഉൾപ്പെടെ മറ്റ് എല്ലാ സംവിധാനങ്ങളും ഒരുക്കുവാനുള്ള പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്.

ആം ആദ്മി പാർട്ടിയുടെ സംസ്ഥാന സോഷ്യൽ മീഡിയ കോർഡിനേറ്റർ ശ്രീ : സുനിൽ ജോർജ്ജിന്റെയും ടീമിന്റെയും നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കെജ്‍രിവാളിന്റെ കേരള സന്ദർശനത്തെ ഭൂരിപക്ഷം മലയാളികളും വളരെയധികം താല്പര്യത്തോടെയും , പ്രതീക്ഷയോടെയും കാണുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന സ്വീകാര്യതയിൽ നിന്ന് മനസ്സിലാകുന്നത്.

കഴിഞ്ഞ ഒരാഴ്ച കൊണ്ട് തന്നെ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി നൂറ് കണക്കിന് ആം ആദ്മികളാണ് മെയ് 15 ന് കെജ്‌രിവാൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുവാനായി മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ടൗൺഹാളിൽ ആം ആദ്മി പാർട്ടിയുടെ കേരള നേതൃത്വം സംഘടിപ്പിച്ച സംസ്ഥാന പ്രതിനിധി സമ്മേളനത്തിലേക്ക് പ്രതീക്ഷിച്ചതിനെക്കാൾ ഇരട്ടി ആം ആദ്മികൾ ഒഴുകിയെത്തിയത് നേത്ര്യത്വത്തിലും , പ്രവർത്തകരിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

അതുകൊണ്ട് തന്നെ ഇന്ത്യൻ ജനതയുടെ മുഴുവൻ പ്രത്യാശയായി വളരുന്ന അരവിന്ദ് കെജ്‍രിവാൾ എന്ന മനുഷ്യസ്നേഹിയെ ഒരു നോക്ക്  കാണുവാൻ ആയിരക്കണക്കിന് മലയാളികൾ കിഴക്കംബലത്തേയ്ക്ക് ഒഴുകിയെത്താനുള്ള സാധ്യതയാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്. മെയ് 15ലെ കിഴക്കംബലം മൈതാനം കേരള രാഷ്ട്രീയത്തിലെ പുതിയൊരു രാഷ്ട്രീയ സമവാക്യത്തിന് തന്നെ തുടക്കം കുറിക്കുമെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.

RECENT POSTS
Copyright © . All rights reserved