നടി മഞ്ജു വാര്യരെ ശല്യം ചെയ്‌തെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരൻ സ്റ്റേഷൻ ജാമ്യമെടുക്കാൻ വിസമ്മതിച്ചു. പോലീസ് അന്വേഷണത്തോട് സനൽകുമാർ സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് സംവിധായകന്റെ നിലപാട്.
മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് താൻ പറഞ്ഞത്. എന്നാൽ അതെക്കുറിച്ച് മഞ്ജു പ്രതികരിച്ചിട്ടില്ല. മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഞാൻ മഞ്ജുവിനെ ശല്യപ്പെടുത്തിയിട്ടില്ല. സന്ദേശങ്ങൾ അയച്ചിരുന്നുവെന്നത് സത്യമാണ്. മഞ്ജുവിനെ ഒരുപാട് വട്ടം കാണാൻ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. സ്റ്റേഷൻ ജാമ്യം വേണ്ടെന്നും തനിക്ക് ചില കാര്യങ്ങൾ കോടതിയിൽ ബോധിപ്പിക്കാനുണ്ടെന്നും സനൽകുമാർ സ്വകാര്യ ചാനലിനോട് പറഞ്ഞു.
കേസ് എളമക്കരയിൽ രജിസ്റ്റർ ചെയ്തത് എങ്ങിനെയാണെന്ന് തനിക്കറിയില്ല. കേസെടുത്തതായി എന്നെ ആരും വിളിച്ച് അറിയിച്ചില്ല. പോലീസ് ബന്ധപ്പെട്ടിട്ടില്ല. അറസ്റ്റ് ചെയ്ത രീതിപോലും നിയമവിരുദ്ധമാണ്. എനിക്ക് സ്റ്റേഷൻ ജാമ്യം വേണ്ട. കോടതിയിൽ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ട്- സനൽകുമാർ പ്രതികരിച്ചു.
വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പ്രതിശ്രുതവരനെ കൈയ്യോടെ പിടികൂടി വനിത എസ്‌ഐ. ജോലി തട്ടിപ്പു കേസിലാണ് റാണ പൊഗാഗ് എന്നയാളെയാണ് അസമിലെ നഗോണ്‍ ജില്ലയിലെ എസ്‌ഐയായ ജുന്‍മോനി റബ്ബയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പോലീസ് ഉദ്യോഗസ്ഥയായ ജുന്‍മോനി റബ്ബയെയും റാണ പൊഗാഗും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിവാഹം കഴിക്കാനിരുന്നത് റാണ പൊഗാഗയാണ്. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷനിലെ പബ്ലിക് റിലേഷന്‍ ഓഫിസറെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ വിവാഹത്തിന് ശ്രമിച്ചത്. നവംബറില്‍ വിവാഹം നടക്കാനിരിക്കെയാണു പ്രതിശ്രുത വരനെ എസ്‌ഐ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
ഇതിനു പുറമേ ഒഎന്‍ജിസിയില്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് ഇയാള്‍ ഒട്ടേറെപ്പേരില്‍ നിന്ന് പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍നിന്ന് ഒഎന്‍ജിസിയുമായി ബന്ധപ്പെട്ട വ്യാജരേഖകളും സീലുകളും ഉള്‍പ്പെടെയുള്ളവ പോലീസ് കണ്ടെടുത്തു. ഈ വര്‍ഷം നവംബറില്‍ വിവാഹം നടക്കാനിരിക്കെയാണു പ്രതിശ്രുത വരനെ എസ്‌ഐ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
ഇത്തരത്തില്‍ റാണ കോടികള്‍ തട്ടിയെടുത്തതായി പോലീസ് പറയുന്നു. തട്ടിപ്പുകാരനാണെന്ന് മനസിലാക്കിയ ഉടനെ ജുന്‍മോനി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. റാണ വലിയ തട്ടിപ്പുകാരനാണെന്ന് തനിക്ക് വിവരം നല്‍കിയവരോട് താന്‍ കടപ്പെട്ടിരിക്കുന്നതായും അവരാണ് തന്റെ കണ്ണ് തുറപ്പിച്ചതെന്നും ജുന്‍മോനി പ്രതികരിച്ചു.
‘കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണു ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നത്. അസം തിരഞ്ഞെടുപ്പിനുശേഷം അയാളും കുടുംബാംഗങ്ങളും എന്നെ കാണാനായി വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എനിക്കു നഗാവിലേക്ക് മാറ്റം കിട്ടിയത്. തനിക്ക് സില്‍ചാറിലേക്കും മാറ്റം ലഭിച്ചതായി ഇയാള്‍ എന്നോടു പറഞ്ഞു. പക്ഷേ, സില്‍ചാറില്‍ ജോലിക്കായി പോകുന്നില്ലെന്നും പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍, എന്റെ ജോലി സ്ഥലത്തുനിന്നു ദൂരെ മാറിയുള്ള ഒരിടത്ത് ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നായിരുന്നു മറുപടി’ എസ്‌ഐ വിശദീകരിച്ചു.
2021 ജനുവരിയിലാണു ഞാന്‍ ആദ്യമായി അയാളെ കാണുന്നത്. തുടര്‍ന്നു വിവാഹാലോചനയുമായി സമീപിക്കുകയായിരുന്നു. ഇരു കുടുംബങ്ങളും പിന്തുണച്ചതോടെ വിവാഹ നിശ്ചയം നടത്തി. പിന്നീട് എനിക്ക് നഗാവിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പക്ഷേ, അയാളേക്കുറിച്ചും അയാളുടെ ജോലിയേക്കുറിച്ചും എനിക്കു ചില സംശയങ്ങളുണ്ടായിരുന്നു’ എസ്‌ഐ പറഞ്ഞു.
‘ഇതിനിടെ കഴിഞ്ഞ ദിവസം മൂന്നു പേര്‍ എന്നെ കാണാന്‍ വന്നു. അവരാണ് ഇയാളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ എന്നോടു പറഞ്ഞത്. ഇതോടെ എന്റെ സംശയം ബലപ്പെട്ടു. ഒഎന്‍ജിസിയില്‍ സിഎസ്ആറിന്റെ ചുമതലയുള്ള പിആര്‍ ഓഫിസറാണെന്നാണ് അയാള്‍ എന്നോടു പറഞ്ഞിരുന്നത്. ഇതു കള്ളമാണെന്നു കണ്ടെത്തിയതോടെയാണു വഞ്ചനാക്കുറ്റത്തിനു കേസെടുത്തത്’ ജുന്‍മോണി റാഭ പറഞ്ഞു.
മരിച്ചെന്ന് കരുതിയ ആളുകള്‍ ‘ജീവിച്ചു’ വന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെ മരിച്ചെന്ന് കരുതി സംസ്‌കരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ യുവതിയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ഒരു സംഭവമാണ് പെറുവിലുണ്ടായിരിക്കുന്നത്. സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്നതിനിടെ ശവപ്പെട്ടിയില്‍ നിന്നും കൊട്ടുന്ന ശബ്ദം കേട്ട ബന്ധുക്കള്‍ പെട്ടി തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ യുവതിയെ ജീവനോടെ കണ്ടെത്തുകയായിരുന്നു.
റോസ ഇസബെല്‍ സെസ്‌പെഡസ് എന്ന യുവതിയാണ് സംസ്‌കാരത്തിനായി കൊണ്ടുപോകുന്നതിനിടെ ശവപ്പെട്ടിയ്ക്കുള്ളില്‍ നിന്നും തട്ടിയത്. സംഭവത്തെ കുറിച്ച് സെമിത്തേരി നടത്തിപ്പുകാരനായ ജുവാന്‍ സെഗുണ്ടോ പറയുന്നതിങ്ങനെ : “സംസ്‌കാരത്തിനെടുക്കുന്നതിനിടെയാണ് പെട്ടിയില്‍ തട്ടുന്ന ശബ്ദം കേട്ടത്. തുറന്നു നോക്കിയപ്പോള്‍ റോസ അതില്‍ കണ്ണ് തുറന്നിരിക്കുകയായിരുന്നു, അവള്‍ ആകെ വിയര്‍ത്തിരുന്നു. ഞാന്‍ വേഗം ഓഫീസിലെത്തി പോലീസിനെ വിളിച്ചു”.
ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ബന്ധുക്കള്‍ ഉടന്‍ റോസയെ ആശുപത്രിയിലെത്തിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ആശുപത്രിയില്‍ വെച്ച് റോസ മരണത്തിന് കീഴടങ്ങി. വാഹനാപകടത്തെത്തുടര്‍ന്നാണ് റോസയ്ക്ക് പരിക്ക് പറ്റുന്നത്. കോമയിലായതോടെ മരിച്ചെന്ന് കരുതി ആശുപത്രി അധികൃതര്‍ വിധിയെഴുതുകയായിരുന്നു. തുടര്‍ന്നാണ് സംസ്‌കാരത്തിന് കുടുംബം തയ്യാറെടുക്കുന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവായതിനാല്‍ ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
‘Dead’ woman rushed to hospital after ‘banging on coffin’ at her own funeral in Peru https://t.co/ykXj5ZMZh7 #Peru #funeral pic.twitter.com/JCvinTDBFp
— Gulf Today (@gulftoday) May 4, 2022
വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിന്
സ്വര്‍ണമാല സമ്മാനിച്ച് കൊച്ചി തഹസില്‍ദാര്‍ സുനിത ജേക്കബ്. ചെല്ലാനത്തുകാരനായ ആന്റണിയുടെ മകളുടെ വിവാഹത്തിനാണ് സുനിത ഒന്നര പവന്റെ മാല നല്‍കിയത്.
കഴിഞ്ഞ ദിവസം ആന്റണി വിവാഹം ക്ഷണിക്കാന്‍ തഹസില്‍ദാറുടെ അടുത്തെത്തിയരുന്നു. ആന്റണി ഭാര്യ മേരിയേയും മകളെയും കൂട്ടി തഹസില്‍ദാറുടെ മുറിയില്‍ എത്തിയപ്പോള്‍ സുനിത മകളെ ചേര്‍ത്തു പിടിച്ച് മാല കൈമാറുകയായിരുന്നു. തന്റെ 25-ാം വിവാഹ വാര്‍ഷികത്തിന്റെ ഓര്‍മ്മക്കായാണ് തഹസില്‍ദാര്‍ സമ്മാനം നല്‍കിയത്.
എന്നാല്‍ വിവാഹത്തിന് മകള്‍ക്ക് കൊടുക്കണമെന്ന് ആഗ്രഹിച്ച സ്വര്‍ണം നല്‍കാനാവാത്ത വിഷമം ആന്റണിക്കുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ സുനിത ആന്റണിയെ സഹായിക്കുകയായിരുന്നു. സുനിതയുടെ സഹപ്രവര്‍ത്തകരാണ് ഈ പ്രവൃത്തി പുറം ലേകത്തെ അറിയിച്ചത്. തിങ്കളാഴ്ചയാണ് ആന്റണിയുടെ മകളുടെ വിവാഹം.
ചെല്ലാനത്തെ പുറംപോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന ആന്റണിയുടെ വീട് കടലേറ്റത്തെ തുടര്‍ന്ന് തകര്‍ന്നിരുന്നു. എല്ലാം നഷ്ടപ്പെട്ട ആന്റണിക്ക് സഹായമായിരുന്നത് കൊച്ചി തഹസില്‍ദാര്‍ സുനിതയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസും സഹപ്രവര്‍ത്തകരുമായിരുന്നു.
ചെല്ലാനത്തെ അങ്കണവാടിയിലാണ് ഇവരെ പുനരധിവസിപ്പിച്ചത്. പിന്നീട് എഴുപുന്ന നെടുമ്പിള്ളി സ്വദേശി സേവ്യര്‍ ഭൂമി നല്‍കിയിരുന്നു. റോട്ടറി ക്ലബ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ എട്ടര ലക്ഷം നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളാല്‍ വീട് നിര്‍മ്മിക്കാന്‍ ഇവര്‍ക്കായിട്ടില്ല. വാടക വീട്ടിലാണ് ആന്റണിയും കുടുംബവും കഴിയുന്നത്.
ബിനോയ് എം. ജെ.
മനുഷ്യന്റെ പെരുമാറ്റത്തെ ഈ ജീവിതത്തിലെ മാത്രം അനുഭവങ്ങളുടെ വെളിച്ചത്തിൽ വിശദീകരിക്കുവാൻ ശ്രമിച്ചാൽ നാം പല പ്രതിഭാസങ്ങളെയും വിശദീകരിക്കുന്നതിൽ പരാജയപ്പെടുമെന്ന് മാത്രമല്ല, അഥവാ വിജയിച്ചാൽതന്നെ ആ വിശദീകരണം അപര്യാപ്തവും അബദ്ധജഡിലവും ആകുവാനേ വഴിയുള്ളൂ. മനുഷ്യജീവിതം പല ജന്മങ്ങളിലൂടെയുള്ള ഒരു നീണ്ട യാത്രയാണെന്നുള്ള വാദത്തിന് ഒരുപക്ഷെ ശാസ്ത്രീയമായ തെളിവുകൾ ഇനിയും കണ്ടെത്തിയിട്ടില്ലെങ്കിലും (ഭാവിയിൽ അത് കണ്ടെത്തിയെന്നും വരാം),അത്തരമൊരു വാദം യുക്തിക്ക് നിരക്കാത്തതാണെന്ന് ആർക്കും പറയുവാനാവില്ല. ഒരു പക്ഷേ യുക്തി (logic)തെളിവുകൾക്ക് പകരം വക്കാവുന്നതോ ചിലപ്പോഴൊക്കെ തെളിവുകൾക്കുമുപരിയോ ആണെന്ന് തത്വശാസ്ത്രവുമായി പരിചയപ്പെട്ടിട്ടുള്ളവർക്ക് അറിവുള്ള കാര്യമാണ്.
വ്യക്തികൾ തമ്മിലുള്ള വ്യത്യാസത്തിന്റെയും വൈജാത്യത്തിന്റെയും കാരണങ്ങൾ ഈ ജന്മത്തിലെ അനുഭവങ്ങൾക്കും അറിവുകൾക്കുമപ്പുറം ഇതുവരെയുള്ള പല ജീവിതങ്ങളിലൂടെയുമുള്ള(ജന്മങ്ങൾ) അനുഭവങ്ങളുടെയും അറിന്റെയും പരിണതഫലമാണെന്ന് സമ്മതിക്കാതെ വയ്യ. അവരിൽ ചിലർ എണ്ണമറ്റ മനുഷ്യജന്മങ്ങളിലൂടെ കടന്ന് പോയി അറിവും ,പക്വതയും, വിരക്തിയുമാർജ്ജിച്ച് മോക്ഷത്തിനും കൈവല്യത്തിനും വേണ്ടി യത്നിക്കുമ്പോൾ, മറ്റുചിലർക്ക് ഇത് അവരുടെ ആദ്യത്തെയോ രണ്ടാമത്തെയോ മനുഷ്യജന്മം മാത്രം ആവുകയും, അതിനാൽതന്നെ അവരുടെ മനസ്സ് ഒരു വെള്ള കടലാസ് പോലെ ശൂന്യമായും വൃത്തിയും വെടിപ്പുമുള്ളതായും കാണപ്പെടുകയും ചെയ്യുന്നു . ഈ രണ്ടറ്റങ്ങൾക്കുമിടയിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ പരസപരം അനുകരിച്ചും മനസ്സിലാക്കിയും ഒരുതരം ശരാശരി ജീവിതം നയിച്ചുപോരുന്നു.
മുകളിൽ സൂചിപ്പിച്ചതു പോലെ ഈ ജീവിതം തങ്ങളുടെ ആദ്യത്തെയോ രണ്ടാമത്തെയോ മനുഷ്യജന്മമായിട്ടുള്ളവർക്ക് ശാസ്ത്രീയമായ വിദ്യാഭ്യാസവും പരിശീലനവും കൊടുക്കാത്തപക്ഷം അവർ എളുപ്പത്തിൽ തെറ്റായ വ്യക്തികളുടെയും കൂട്ടുകെട്ടുകളുടെയും സ്വാധീനത്തിൽ വരികയും കുടുംബത്തിനും സമൂഹത്തിനും ഒരിക്കലും പരിഹരിക്കാനാവാത്ത വെല്ലുവിളികളും പ്രശ്നങ്ങളും ഉയർത്തുന്നവരായി മാറുകയും ചെയ്യുന്നു. സമകാലീനസമൂഹത്തിൽ ഇത്തരം ഒരു സംവിധാനം ഇല്ലാത്തതിനാൽ അവരെ സാധാരണ കുട്ടികളുടെ ഇടയിലിരുത്തി വിദ്യാഭ്യാസം ചെയ്യിക്കുന്നു. അവർ ബൗദ്ധികമയി പിന്നോക്കം നിൽക്കുന്നതിനാൽ പഠനത്തിൽ പരാജയപ്പടുകയും മുഖ്യധാരയിൽ നിന്നും പുറത്താവുകയും ചെയ്യുന്നു. ഇവരിൽ കാലക്രമേണ സമൂഹത്തോട് വിദ്വേഷം വളർന്നുവരുകയും അവർ സാമൂഹികവിരുദ്ധതയിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു. ഇതോടൊപ്പം തങ്ങൾക്ക് അറിവും അനുഭവങ്ങളും കുറവാണെന്ന അവബോധത്തിൽ നിന്നുമുണ്ടാവുന്ന അതികഠിനമായ അപകർഷത , എങ്ങിനെയും മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുവാനും ‘വലിയവ’നാകുവാനും അവരെ നിർബന്ധിക്കുന്നു. ഇങ്ങനെയാണ് “ഗുണ്ടകൾ” ജന്മമെടുക്കുന്നത്.
ഗുണ്ടകളുടെ മന:ശ്ശാസ്ത്രം ഒന്നു വേറെയാണ്. അറിവില്ലായ്മയും അപകർഷതയുമാകുന്നു അവരുടെ മുഖമുദ്ര. അത് നമുക്ക് ഊഹിക്കാനാവുന്നതിലും ആഴത്തിലുള്ളതാണ്. നിങ്ങൾക്ക് എന്തു തോന്നുന്നു? വിവരമുള്ളവർ ഗുണ്ടാ കളിക്കുവാൻ പോകുമോ? അവർ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആർക്കും കഴിയുന്നില്ല . ഉപദ്രവിക്കുകയും ശിക്ഷിക്കുകയും ചെയ്താൽ പ്രശ്നം കൂടുതൽ വഷളാക്കുകയേ ചെയ്യുകയുളളൂ. അത് അവരെ കൂടുതൽ വലിയ ഗുണ്ടകളാക്കി മാറ്റുന്നു. തങ്ങളെ മനസ്സിലാക്കുവാൻ സമൂഹത്തിന് കഴിയുന്നില്ല എന്ന് വരുമ്പോൾ ഗുണ്ടകൾ കൂടുതൽ ശക്തിയാർജ്ജിക്കുന്നു. എന്നാൽ തങ്ങളുടെ രോഗമെന്താണെന്ന് സമൂഹത്തിന് മനസ്സിലാകുന്നുണ്ട് എന്ന സ്ഥിതി വരുമ്പോൾ സ്വാഭാവികമായും അവരുടെ ശക്തി ചോരുകയും ചെയ്യും. ഒരിക്കൽ ഗുണ്ടയായി മാറിക്കഴിഞ്ഞാൽ അയാളെ രക്ഷപെടൂത്തുക ബുദ്ധിമുട്ടാണ്. എന്നാൽ ഇത്തരക്കാരെ ചെറുപ്പം മുതലേ കൗൺസലിംഗിന് വിധേയമാക്കിയാൽ അവർക്ക് തങ്ങളുടെ മാനസിക അവസ്ഥയെക്കുറിച്ച് വേണ്ട ഉൾകാഴ്ച ലഭിക്കുകയും അവർ ക്രിയാത്മകമായി ജീവിക്കുവാൻ പഠിക്കുകയും ചെയ്യും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
മലപ്പുറം: മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം നടത്തി കൂട്ടക്കൊല. ഭര്‍ത്താവായ മുഹമ്മദ് ആണ് ഭാര്യയേയും കുട്ടിയേയും കൊലപ്പെടുത്തിയത്. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
പെരിന്തല്‍മണ്ണയ്ക്ക് സമീപം കൊണ്ടിപറമ്പില്‍ ഇന്നു രാവിലെ സംഭവം. പലയന്തോള്‍ സ്വദേശി മുഹമ്മദ് (51), ഭാര്യ ജാസ്മിന്‍ (37), മകള്‍ ഫാത്തിമ സഫ (11) എന്നിവരാണ് മരിച്ചത്. അഞ്ച് വയസ്സുള്ള മറ്റൊരു മകള്‍ സഫാനയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ജാസ്മിന്‍ കുറച്ചുനാളായി സ്വന്തം വീട്ടിലാണ് കുട്ടികളുമായി കഴിഞ്ഞിരുന്നത്. രാവിലെ കുട്ടികളെ കാണണമെന്നും വീട്ടിലേക്ക് മടങ്ങാമെന്നും പറഞ്ഞെത്തിയ മുഹമ്മദ് ഭാര്യയേയും കുട്ടികളെയും ഓട്ടോയ്ക്കുള്ളിലാക്കി പൂട്ടി. തുടര്‍ന്ന് സ്‌ഫോടനം നടത്തുകയായിരുന്നു. രണ്ട് തവണ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തീ ദേഹത്തേക്ക് പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ സമീപത്തുള്ള കിണറ്റിലേക്ക് ചാടിയെങ്കിലും മരണപ്പെട്ടു.
ഓട്ടോയില്‍ കയറ്റി പൂട്ടിയതോടെ അപകടം മണത്ത ജാസ്മിന്‍ രക്ഷിക്കാന്‍ നിലവിളിച്ചിരുന്നു. ഇതുകേട്ടെത്തിയ സഹോദരിയാണ് മുഹമ്മദ് തീകൊളുത്തുന്നത് കണ്ടത്. അതിനിടെ ഒരു കുട്ടിയെ വലിച്ച് പുറത്തിടാന്‍ സഹോദരിക്ക് കഴിഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെട്രോളും ഉപയോഗിച്ചോ എന്നും സംശയമുണ്ട്.
ഫയര്‍ഫോഴ്‌സ് വാഹനം എത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സുകാര്‍ എത്തി വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു. ഇതിനകം വാഹനത്തിലുണ്ടായിരുന്നവര്‍ കത്തിയമര്‍ന്നിരുന്നു.
നേരത്തെ കാസര്‍ഗോഡ് ഒരു പോക്‌സോ കേസില്‍ പ്രതിയാണ് മുഹമ്മദ്. ആദ്യഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചതിനും മുഹമ്മദിനെതിരെ കേസുണ്ട്. പത്ത് വര്‍ഷമായി കാസര്‍ഗോഡാണ് കുടുംബം താമസിക്കുന്നത്. മീന്‍ കച്ചവടമാണ് മുഹമ്മദിന്റെ ജോലി.
കൊച്ചി: തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് അപ്രതീക്ഷിതമായി ഡോ.ജോ ജോസഫിന്റെ പേര് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രഖ്യാപിച്ചത്. ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ധനാണ് 43 കാരനായ ജോ ജോസഫ്. സിപിഎം ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.
എഴൂത്തുകാരന്‍ സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ജോ ജോസഫ് പ്രളയ കാലത്ത് നടത്തിയ സേവനത്തിന് അംഗീകാരം ലഭിച്ചയാളാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. തൃക്കാക്കര വാഴക്കാലയിലാണ് താമസം.
ഈ ഡോക്ടറെ പോലെ മുത്തുപോലെ ഒരാളെ കിട്ടിക്കഴിഞ്ഞാല്‍ മറ്റാരേയും പരിഗണിക്കേണ്ടതില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. പലരുടേയും പേരുകള്‍ പ്രചരിപ്പിച്ച് മാധ്യമങ്ങള്‍ ഇളഭ്യരായെന്നും ജയരാജന്‍ പരിഹസിച്ചു. നിങ്ങള്‍ തെറ്റു ചെയ്തു. പാപം ചെയ്തവര്‍ തിരുത്തട്ടെ.
തൃക്കാക്കരയില്‍ ഇടതുമുന്നണി അജയ്യരാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബദല്‍ ശക്തിയായി വളര്‍ന്നുവരുന്ന ഇടതുമുന്നണി എന്ന നിലയില്‍ തൃക്കാക്കരയില്‍ തൃക്കാക്കരയില വന്‍ വിജയം നേടും. വന്‍ ഭൂരിപക്ഷമുണ്ടാകുമെന്ന് വോട്ട് എണ്ണുമ്പോള്‍ കാണാം.
യുഡിഎഫ് ദുര്‍ബലപ്പെടുകയാണ്. കക്ഷികള്‍ അകന്നുപോകുകയാണ്. നിരാശരുടെയും വികസന വിേരാധികളുടെയും ഒരു മുന്നണിയായി യുഡിഎഫ് മാറിയിരിക്കുകയാണ്.
തൃക്കാക്കരയിലെ ജനങ്ങളൂടെ വികസന പദ്ധതിയുമായി ജനങ്ങളെ സമീപിക്കുകയാണ്. കൊച്ചിയുടെ വികസന പദ്ധതിയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. ലോകശ്രദ്ധയാകര്‍ഷിക്കുന്ന നഗരമായി കൊച്ചിയെ മാറ്റണമെന്നും ജയരാജന്‍ പറഞ്ഞു.
സ്ഥനാര്‍ത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതി ഇടതുമുന്നണിക്കില്ല. മണ്ഡലത്തിലെ എല്ലാ കക്ഷികളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ പൊതു അംഗീകാരം ലഭ്യമായി ക്കഴിഞ്ഞാല്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് മുന്നണി സ്ഥനാര്‍ത്ഥിയായി അംഗീകരിച്ച് പ്രഖ്യാപിക്കുന്നതാണ് രീതി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
തൃക്കാക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ രൂപീകരണം 12ന് വൈകിട്ട് നടക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
സ്ഥനാര്‍ത്ഥിയെ ചാടിപ്രഖ്യാപിച്ച യുഡിഎഫ് ഇപ്പോള്‍ അബദ്ധത്തില്‍ പെട്ടിരിക്കുകയാണ്. അത് മറച്ചുവയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. മുന്നണിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നാണ് സ്ഥനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നതെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. ഒറ്റപ്പേര് മാത്രമാണ് ഉയര്‍ന്നുവന്നത്. ഇന്നു മാത്രമാണ് ചര്‍ച്ച നടന്നതെന്നും അദ്ദേഹം പറഞ്ഞു
ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നിന്ന് മാക്ടയെ ഒഴിവാക്കി എന്നും സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ പേരുകള്‍ സംരക്ഷിക്കാനാണോ ഇത് ചെയ്യുന്നത് എന്ന സംശയം ഉണ്ടെന്നും മാക്ട. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകള്‍ അടങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ കാട്ടുകള്ളന്മാര്‍ ആരായാലും അവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
അത് ചെയ്യാതെ പീഡകരെ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റില്ല എന്നും മാക്ട ചൂണ്ടിക്കാണിക്കുന്നു. പരാതിക്കാരുടെ പേരുകള്‍ ഒഴിവാക്കിക്കൊണ്ട് പീഡകരുടെ പേരുകള്‍ പുറത്തുകൊണ്ടുവരണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും മാക്ട ഫെഡറേഷന്‍ അറിയിച്ചു.
മാക്ടയുടെ പ്രസ്താവന
മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ മാക്ട ഫെഡറേഷനെ സര്‍ക്കാരിന്റെ ഇന്നേവരെയുള്ള എല്ലാ മീറ്റിങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ ശ്രീ രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയതിനുശേഷം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നും മാക്ട ഫെഡറേഷനെ ഒഴിവാക്കിയിരിക്കുന്നു.
സര്‍ക്കാരിന് കീഴിലുള്ള ചലച്ചിത്ര അക്കാദമി, കോര്‍പൊറേഷന്‍സ്, തുടങ്ങിയവയില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആരുടെയെങ്കിലും പേരുകള്‍ സംരക്ഷിക്കാന്‍ ആണോ ഇത് ചെയ്യുന്നത് എന്നാണ് മാക്ട ഫെഡറേഷന്റെ സംശയം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെക്കരുത് അത് പുറത്തുവിടണം. സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകള്‍ അടങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്.ഈ കാട്ടുകള്ളന്മാര്‍ ആരായാലും അവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
അത് ചെയ്യാതെ പീഡകരെ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റില്ല. ആയതുകൊണ്ട് പരാതിക്കാരുടെ പേരുകള്‍ ഒഴിച്ച് പീഡകരുടെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ ആളുകളുടെയും പേരുകള്‍ പുറത്തുകൊണ്ടുവരണമെന്ന് മാക്ട ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. രഞ്ജിത്തിന്റെ ഈ മാതിരിയുള്ള പ്രവര്‍ത്തനങ്ങള്‍ മാക്ട ഫെഡറേഷന്‍ ആശങ്കയുളവാക്കുന്നു.
വിരാട് കോഹ്‌ലി ക്യാപ്റ്റനായിരിക്കെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി എത്തിയപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. അന്നു ഇന്ത്യന്‍ ടീമിന്റെ ഡ്രസിംഗ് റൂമിലേക്കു വന്നപ്പോള്‍ ഒറ്റപ്പെട്ടല്‍ അനുഭവപ്പെട്ടെന്നും പക്ഷെ രോഹിത് ശര്‍മ തന്നെ രക്ഷിക്കുകയായിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി.
‘ഇന്ത്യന്‍ ടീമിനോടൊപ്പം ന്യൂസിലാന്‍ഡിലായിരുന്നപ്പോഴുള്ള സംഭവം ഇപ്പോഴും ഓര്‍മിക്കുന്നു. രോഹിത് ശര്‍മ ഭായ് അവിടെയുണ്ട്, വിരാട് കോഹ്‌ലി ഭായ് അവിടെയുണ്ട്. പക്ഷെ ആരെയാണ് സമീപിക്കേണ്ടതെന്നോ, ആരോടാണ് സംസാരിക്കേണ്ടതെന്നോ എന്താണ് സംസാരിക്കേണ്ടതെന്നോ എനിക്ക് അറിയില്ലായിരുന്നു.’
‘ഈ അവസ്ഥയിലാണ് രോഹിത് ഭായി അടുത്തേക്കു വന്നത്. നമുക്ക് ഡിന്നര്‍ കഴിക്കാന്‍ പോയാലോയെന്നു ചോദിച്ചു. ഓക്കെ, തീര്‍ച്ചയായും, നമുക്ക് പോവാം ഭയ്യായെന്നു ഞാന്‍ പറഞ്ഞു. രോഹിത്തിന്റെ അന്നത്തെ പെരുമാറ്റം വളരെ ആശ്വാസവും സന്തോഷവും നല്‍കി’ സഞ്ജു പറഞ്ഞു.
ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഷോയില്‍ സംസാരിക്കവേയാണ് സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. കോഹ്‌ലി നായകനായിരിക്കെ ഒരു യുവതാരത്തിനു ഇത്തരമൊരു അനുഭവം ഉണ്ടായത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനത്തിനും വഴിതുറന്നിട്ടുണ്ട്.
സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മഞ്ജു വാര്യരുടെ പരാതിയിലാണ് നടപടി. നേരത്തെ കൊച്ചി എളമക്കര പൊലീസ് മഞ്ജുവിന്റെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു.ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളെത്തുടര്‍ന്നാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്.
മഞ്ജു വാര്യരുടെ ജീവന്‍ ഭീഷണിയിലാണെന്നും അവര്‍ മാനേജര്‍മാരുടെ തടവറയില്‍ ആണെന്നും ആരോപിച്ച് സനല്‍കുമാര്‍ ശശിധരന്‍ നേരത്തെ നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു. നേരത്തെ തന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നിന്നെന്ന് പറഞ്ഞ് തനിക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നെന്ന് നേരത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ സനല്‍കുമാര്‍ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
തന്റെ ‘കയറ്റം’ എന്ന സിനിമയുടെ സെറ്റില്‍ മാനേജര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു നടിയെന്നും അവര്‍ ഒരു ടെന്റിലാണ് താമസിച്ചിരുന്നത് എന്നതുള്‍പ്പെടെള്ള കാര്യങ്ങള്‍ സനല്‍കുമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മഞ്ജു നായികയായ ചിത്രം പൂര്‍ണ്ണമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചത്.
എന്നാൽ കസ്റ്റഡിയിലെടുക്കാൻ കൊച്ചി സിറ്റി പൊലീസെത്തിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ. സഹോദരിയോടൊപ്പം ക്ഷേത്രത്തിലെത്തിയ തന്നെ കാറിൽ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടു പോവാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് സനല്‍ ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചു. ഇവർ പൊലീസല്ലെന്നും ഗുണ്ടകളുടെ സംഘം കാറിന് ചുറ്റും വളഞ്ഞിരിക്കുകയാണെന്നും തന്നെ കൊല്ലാന്‍ കൊണ്ടു പോവുകയാണെന്നും സനല്‍ ലൈവ് വീഡിയോയില്‍ പറയുന്നുണ്ട്.
പൊലീസുകാരാണെന്ന് പറഞ്ഞ് വന്നത് ഗുണ്ടകളാണ്. തന്നെ കൊണ്ടു പോയി കൊല്ലാനാണ് ശ്രമിക്കുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ട്. ഈ നാട്ടില്‍ നിയമവും നീതിയും ഇല്ലേ. ആരും എന്താണ് പ്രതികരിക്കാത്തതെന്നും സനൽ കുമാർ ചോദിച്ചു.കേസ് കൊടുത്തതല്ലാതെ എന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് ദുരൂഹമായ സംഭവമാണ്. എനിക്ക് എന്ത് സംഭവിച്ചാലും പ്രശ്‌നമില്ല. ഞാന്‍ ഏത് നിമിഷവും മരിക്കാന്‍ തയ്യാറാണ്. പക്ഷെ ഇപ്പോള്‍ സംഭവിക്കുന്നത് നാട്ടിലെ അരാജകത്വത്തിന്റെ തെളിവാണെന്നും സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ ലൈവിൽ ആരോപിച്ചു. അതേസമയം പൊലീസ് സംഘം തന്നെയാണ് സനൽ കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് പാറശ്ശാല എസ്ഐ പ്രതികരിച്ചു.