കാരവനില്‍ ഇരിക്കാന്‍ പേടിയാണെന്ന് നടന്‍ ഇന്ദ്രന്‍സ്. അതിനുള്ളില്‍ ഇരിക്കുമ്പോള്‍ ആശുപത്രിയില്‍ ഐസിയുവില്‍ ഇരിക്കുന്ന പ്രതീതി ആണെന്നും താരം പറയുന്നു. മരണം എപ്പോഴും കൂടെയുണ്ടെന്നും ഇന്ദ്രന്‍സ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
കാരവനില്‍ അത്യാവശ്യം മേക്കപ്പ് ചെയ്യാനും ഡ്രസ്സ് ചെയ്യാനും മാത്രമേ കയറാറുള്ളൂ. അതിനുള്ളില്‍ ഇരിക്കാന്‍ പേടിയാണ്. ആശുപത്രി ഐസിയുവില്‍ ഇരിക്കുന്നത് പോലെയാണ് തോന്നുക. മരണം എപ്പോഴും കൂടെ തന്നെയുണ്ട്, എന്നാലും പിണക്കാതെ മരണത്തെ തോളില്‍ കയ്യിട്ട് കൂടെ കൊണ്ട് നടക്കുകയാണ് എന്നും നനടന്‍ പറയുന്നു.
ജാഡയുണ്ടോ എന്ന ചോദ്യത്തോടും ഇന്ദ്രന്‍സ് പ്രതികരിച്ചു. ജാഡയൊന്നും ഇല്ല. ജാഡ കാണിക്കാന്‍ മിനിമം ഇത്തിരി ശരീരമെങ്കിലും വേണ്ടേ. ജാഡ കാണിച്ചിട്ടൊന്നും കാര്യമില്ല. അതോ താന്‍ ജാഡ കാണിക്കുന്നത് പുറത്തറിയാത്തതാണോ എന്നും അറിയില്ലെന്നും നടന്‍ പറഞ്ഞു.
ഫാന്‍സ് ഷോയെ കുറിച്ചും ഇന്ദ്രന്‍സ് സംസാരിച്ചു. സിനിമ കാണാന്‍ വരുന്ന ഫാന്‍സുകാരൊക്കെ നല്ലതാണ്, പക്ഷെ നാട്ടുകാര്‍ക്ക് ഉപദ്രവമില്ലാതെ ഇരുന്നാല്‍ മതി. സിനിമ കാണാന്‍ വരുമ്പോള്‍ ഇവര്‍ ആവേശം കാണിച്ച് ബഹളമൊക്കെ വെക്കും.
പക്ഷെ സിനിമ ആഗ്രഹിച്ചു കാണണം എന്നു കരുതി വരുന്ന മറ്റു ചിലര്‍ക്ക് ബുദ്ധിമുട്ടായി മാറും ഈ ബഹളമൊക്കെ. അതില്‍ മാത്രമേ വിഷമമുള്ളൂ എന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. അതേസമയം, ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.
അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത് മൂലമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം നേരത്തെ ഖബറടക്കേണ്ടി വന്നതെന്ന് സഹോദരന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍. വലിയ തോതില്‍ ജനങ്ങള്‍ പൊതുദര്‍ശനത്തിന് എത്തിയതിനാല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഒപ്പം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും കൂടിയായതോടെ നേരത്തെ ഖബറടക്കുകയായിരുന്നു.
ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് ഖബറടക്കം നേരത്തെ നടത്തിയത്. ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തിക്കൊണ്ടിരുന്നുണ്ട്. അവര്‍ക്ക് ഖബറടക്കിയ സ്ഥലത്ത് പോയി പ്രാര്‍ത്ഥിക്കാമെന്നും അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ തറവാട്ട് വീട്ടിലെത്തി മടങ്ങും.
തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു ഖബറടക്കം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വന്‍ ജനാവലി ഇവിടേക്ക് ഒഴുകിയെത്തി. തുടര്‍ന്ന് ഖബറടക്കല്‍ ചടങ്ങ് നേരത്തെയാക്കുകയായിരുന്നു. പുലര്‍ച്ചെ 2.30 നായിരുന്നു അപ്രതീക്ഷിത ഖബറടക്കല്‍ നടന്നത്.അതേ സമയം പ്രമുഖരടക്കം ആയിരങ്ങള്‍ മലപ്പുറം ടൗണ്‍ ഹാളില്‍ പാണക്കാട് തങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍, എ.കെ ശശീന്ദ്രന്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
ഉദരസംബന്ധമായ അസുഖത്തേത്തുടര്‍ന്നാണ് അന്ത്യം. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. ലാര്‍ജ് ബി സെല്‍ ലിംഫോമിയയുടെ സാന്ത്വന ചികിത്സയ്ക്കും പ്രമേഹം, ന്യൂമോണിയ എന്നീ അസുഖങ്ങളുമായി ഐസിയുവിലായിരുന്നു ഫെബ്രുവരി 22 മുതല്‍. കഴിഞ്ഞ ദിവസം മുതലാണ് ആരോഗ്യനില വഷളായത്. മരുന്നുകളോട് പ്രതികരിക്കാതായി. ഇന്നലെ ഉച്ചയ്ക്ക് 12.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
ഉക്രൈനിലെ യുദ്ധതീരത്തു നിന്നും പോളണ്ടിലേക്ക് ഓടിയെത്തുന്ന ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്ന ഈ മുഖം മലയാളി ഐഎഫ്എസ് ഉദ്യോഗസ്ഥയുടേതാണ്. യുദ്ധമുഖത്തു നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ ഗംഗയെന്ന രക്ഷാദൗത്യത്തിന് പോളണ്ടിൽ നേതൃത്വം നൽകുന്നത് നഗ്മ മുഹമ്മദ് മല്ലിക് ഐഎഫ്എസ് ആണ്.
വെടിയൊച്ചകൾക്കും ഷെല്ലാക്രമണത്തിനും ഇടയിൽ നിന്നും മാതൃരാജ്യത്തേക്ക് തിരികെയെത്താനായി ഓടിയെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പോളണ്ടിൽ അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത് നഗ്മയുടെ നേതൃത്വത്തിലാണ്. വിദ്യാർത്ഥികൾക്ക് വെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്ന നഗ്മയുടെ ആത്മാർത്ഥ സേവനത്തിന്റെ വീഡിയോ പോളണ്ടിൽ രക്ഷാ ദൗത്യത്തിനെത്തിയ കേന്ദ്ര മന്ത്രി വികെ സിങ് പങ്കുവെച്ചിരുന്നു.
ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദവും നേടിയതിന് ശേഷമാണ് നഗ്മ ഇന്ത്യൻ ഫോറിൻ സർവീസ് കരസ്ഥമാക്കിയത്. ഐഎഫ്എസ് 1991 ബാച്ച് ഉദ്യോഗസ്ഥയാണ്. ഐഫ്എസ് കരസ്ഥമാക്കിയ ആദ്യ മുസ്ലീം വനിതയെന്ന വിശേഷണം കൂടിയുണ്ട് കാസർകോട് സ്വദേശിനിയായ നഗ്മയ്ക്ക്.
പാരീസിൽ യുനസ്‌കോയുടെ ഇന്ത്യൻ മിഷനിലായിരുന്നു നഗ്മയുടെ ആദ്യ പോസ്റ്റിംഗ്.ടുണീഷ്യയിലും ബ്രൂണയിലും അംബാസിഡറായി പ്രവർത്തിച്ചിരുന്നു. പിന്നീട് മുൻ പ്രധാനമന്ത്രി ഐകെ ഗുജ്റാളിന്റെ സ്റ്റാഫ് ഓഫീസറായി സേവനം അനുഷ്ടിച്ചു. രാജ്യസേവനത്തോടൊപ്പം അഭിനയത്തിലും ഒരു കൈ നോക്കിയ പരിചയം നഗ്മയ്ക്ക് ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സീരിയലായ ഹം ലോഗിൽ അഭിനേതാവായിരുന്നു.
ന്യൂഡൽഹിയിൽ അഭിഭാഷകനായ ഹരീദ് ഇനാം മല്ലികാണ് ഭർത്താവ്. രണ്ടുമക്കളുണ്ട്. കാസർകോട് ഫോർട്ട് റോഡ് സ്വദേശികളായ മുഹമ്മദ് ഹബീബുല്ലയും സുലുവുമാണ് മാതാപിതാക്കൾ.
മലയാളി വിദ്യാർത്ഥിനി ദുബായിയിൽ പനി ബാധിച്ചതിന് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരിച്ച ദാരുണസംഭവത്തിൽ കണ്ണീരൊഴിയുന്നില്ല. ആലപ്പുഴ എരമല്ലൂർ കൊടുവേലിൽ വിനു പീറ്ററിന്റെയും ഷെറിന്റെയും മകൾ ഐറിസ് (എട്ട്) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായിരുന്നു. ഹോസ്പിറ്റലിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയും വെള്ളിയാഴ്ച പുലർച്ചെ മരണപ്പെടുകയുമായിരുന്നു.
അതേസമയം, മക്കൾക്ക് ചെറിയ പനിയോ മറ്റോ കണ്ടാൽ ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി ഡോക്ടറെ കാണിക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ് ദുബായിയിലെ മലയാളി കാരുണ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി. ഒരിക്കലും പനി കൂടുന്നതും കാത്ത് നിൽക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
നസീർ വാടാനപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഐറിസ് മോൾ ഈ ലോകത്തോട് യാത്ര പറഞ്ഞു… ദുബൈ സിലിക്കോൺ ഒയാസിസിലെ ജെംസ് വെല്ലിംഗ്ടൺ സ്‌കൂളിലെ വിദ്യാർത്ഥിനി എട്ടുവയസ് മാത്രം പ്രായമുള്ള ഐറിഷ് മോളെ പനി വന്നതുകൊണ്ട് ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ടുവന്നതായിരുന്നു. ഹോസ്പിറ്റലിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ മോൾക്ക് ഹാർട്ട് അറ്റാക്ക് വന്നു വെള്ളിയാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. മരണ ശേഷം നടത്തിയ കൊവിഡ് ടെസ്റ്റിൽ കൊവിഡ് പോസിറ്റീവ് ആയിരുന്നു. മരണം സംഭവിച്ച ഉടനെ തന്നെ കുട്ടിയുടെ ബന്ധുക്കൾ എന്നെ ബന്ധപ്പെടുകയും മകളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കൊവിഡ് പോസിറ്റീവ് ആയ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവാൻ കഴിയുമോ എന്ന ആശങ്ക ബന്ധുക്കൾക്കുണ്ടായിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ശനിയാഴ്ച രാത്രിക്കുള്ള എമിറേറ്റ്‌സ് വിമാനത്തിൽ മോളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ സാധിച്ചു. എട്ടുവയസു മാത്രം പ്രായമുള്ള ഐറിഷ് മോൾ മാതാപിതാക്കൾക്കും ടീച്ചർമാർക്കും ബന്ധുക്കൾക്കും കൂട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു.
ആ പിഞ്ചു മോൾ ഒരു ചെറു പനിയുടെ കാരണത്താൽ ദൈവ സന്നിധിയിലേക്ക് യാത്രയായത് ഉൾകൊള്ളാനാവാതെ വിങ്ങി പൊട്ടുന്ന ഐറിഷ് മോളുടെ ബന്ധുക്കളുടെ മുന്നിൽ പലപ്പോഴും ഞാനും കരഞ്ഞു പോയിട്ടുണ്ട്. മോളുടെ വിയോഗത്തിൽ സങ്കടപ്പെടുന്ന മാതാപിതാക്കൾക്കും സഹോദരിക്കും ബന്ധുക്കൾക്കും കുട്ടുകാർക്കും എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ എന്നും മോളുടെ പ്രിയപ്പെട്ട ഓർമ്മകൾ നിങ്ങളെ ആശ്വസിപ്പിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന്റെ നടപടിക്രമങ്ങൾ പുർത്തിയാക്കാൻ മോളുടെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും മറ്റും ആത്മാർത്ഥമായി എന്റെ കൂടെ നിന്ന് പ്രവർത്തിച്ചതിനെ തുടർന്നാണ് കൊവിഡ് പോസിറ്റീവ് ആയിട്ടും മോളുടെ മൃതദേഹം വളരെ പെട്ടെന്ന് തന്നെ നാട്ടിലേക്ക് എത്തിക്കുവാൻ സാധിച്ചത്.
എന്റെ ഈ പോസ്റ്റ് കാണുന്ന സുഹൃത്തുക്കളോട് പറയാനുള്ളത് മക്കൾക്ക് ചെറിയ പനിയോ മറ്റോ കണ്ടാൽ ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോയി ഡോക്ടറെ കാണിക്കണം.ഒരിക്കലും പനി കൂടുന്നതും കാത്ത് നിൽക്കരുത്. ഇന്ന് കാലത്ത് 11 മണിക്ക് എരമല്ലൂർ സന്റ് ഫ്രാൻസീസ് സേവ്യേഴ്‌സ് പള്ളി സിമിത്തേരിയിൽ മകളുടെ സംസ്‌കാര ചടങ്ങുകൾ നടക്കും, മോൾക്ക് നിത്യ ശാന്തി നേരുന്നു…
ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിലെ 1990-92 വർഷത്തെ ഒരു സംഘം പൂർവവിദ്യാർത്ഥികൾ ചേർന്ന് രൂപം നൽകിയ സ്റ്റാൻഡ്-അപ് ഫോർ എക്കണോമിക്കലി ആൻഡ് സോഷ്യലി ചലഞ്ച്ഡ് (എസ്ഇഎസ്) ചാരിറ്റി ട്രസ്റ്റിൻ്റെ ഔപചാരിക ഉദ്ഘാടനം ശ്രീകണ്ഠപുരം സമുദ്ര ഓഡിറ്റോറിയത്തിൽ നടന്നു. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം നിർവഹിച്ചു. എസ്ഇഎസ് കോളജിൻ്റെ നാൽപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മുൻ സഹപാഠികൾ ചേർന്ന് ഇത്തരത്തിലൊരു ചാരിറ്റി ട്രസ്റ്റ് രൂപീകരിക്കുന്നതെന്നും മറ്റ് പൂർവവിദ്യാർത്ഥികൾക്ക് കൂടി അനുകരണീയമാതൃകയായ ഈ സംരംഭത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും കോളജിലെ മുൻ അധ്യാപിക കൂടിയായ ഡോ.കെ.വി.ഫിലോമിന പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ട്രസ്റ്റ് പ്രസിഡൻ്റ് മനോജ് സെബാസ്റ്റ്യൻ ട്രസ്റ്റിൻ്റെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രസ്റ്റ് സെക്രട്ടി കാഞ്ചന ചെങ്ങളായി ആമുഖപ്രഭാഷണം നടത്തി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയുടെ മുൻ ഉപദേശകനും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഡോ.എ.മാധവൻ ലോഗോ പ്രകാശനവും, ഇരിക്കൂർ സാമൂഹികാരോഗ്യകേന്ദ്രം അസിസ്റ്റൻ്റ് സർജൻ ഡോ.മനു മാത്യു വൈബ്സൈറ്റ് ഉദ്ഘാടനവും നിർവഹിച്ചു. അഡ്വ.കെ.വി.രാമകൃഷ്ണൻ, കെ.പി.ദാമോദരൻ, സി.കെ.മാധവൻ, ജയരാമൻ, സൈജോ ജോസഫ്, പ്രദീപ്.എം , ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് ഡോ.കെ.വി.സിന്ധു എന്നിവർ പ്രസംഗിച്ചു.

ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിലെ ഒരുസംഘം പൂർവ വിദ്യാർത്ഥികൾ ചേർന്ന് രൂപം നൽകിയ എസ്ഇഎസ് ചാരിറ്റി ട്രസ്റ്റിൻ്റെ ഔപചാരിക ഉദ്ഘാടനം ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന നിർവഹിക്കുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മാര്‍ച്ച് തുടങ്ങാനിരിക്കെ ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. മാര്‍ച്ച് 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഇത്തവണ രണ്ട് ഗ്രൂപ്പു ഘട്ടങ്ങളായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയതായി എത്തുന്ന ടീമുകള്‍. രണ്ട് മത്സരങ്ങളുള്ള ദിവസം ആദ്യ മത്സരം വൈകീട്ട് 3.30ന് തന്നെയാവും ആരംഭിക്കുക. ആകെ 70 മത്സരങ്ങളാവും ഗ്രൂപ്പു ഘട്ടത്തില്‍ ഉണ്ടാവുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയില്‍ 15 മത്സരവുമാണ് നടക്കുന്നത്.
ടീമുകള്‍ക്ക് 17 മത്സരങ്ങളാണ് ഗ്രൂപ്പു ഘട്ടത്തില്‍ ഉണ്ടാവുക. ഗ്രൂപ്പിലെ ടീമുകളുമായി രണ്ട് മത്സരങ്ങള്‍ വീതം കളിക്കുമ്പോള്‍ എതിര്‍ ഗ്രൂപ്പിലെ ടീമുകളുമായി ഓരോ മത്സരവും കളിക്കും. എതിര്‍ ഗ്രൂപ്പില്‍ ഒരേ റാങ്കിങ്ങിലുള്ള ടീമുമായി രണ്ട് മത്സരവും കളിക്കും.
ഗ്രൂപ്പുകള്‍ തിരിച്ചപ്പോള്‍ ഗ്രൂപ്പ് എയാണ് മരണ ഗ്രൂപ്പ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം രണ്ട് തവണ ചാമ്പ്യന്മാരായ കെകെആര്‍ ഒരു തവണ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്.
തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലില്‍ മരിച്ചു നിലയില്‍ കണ്ടെത്തിയ കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്. യുവതിക്കൊപ്പം ഹോട്ടലില്‍ താമസിച്ച കൊല്ലം കോട്ടപ്പുറം സ്വദേശി പ്രവീണാണ് ഗായത്രിയെ കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ഹോട്ടല്‍ മുറിയില്‍വച്ച് ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രവീണ്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു.
ശനിയാഴ്ച ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ലായിരുന്നു. വൈകിട്ടോടെ പ്രവീൺ മുറിയിൽ നിന്ന് പുറത്ത് പോയിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു.
പ്രവീൺ ആണ് മരണ വിവരം ഹോട്ടലിൽ വിളിച്ചുപറഞ്ഞത്. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.മരിച്ച ഗായത്രിയും പ്രവീണും നഗരത്തിലെ ജ്വല്ലറിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. എട്ട് മാസം മുൻപ് വരെ ഗായത്രി ഇവിടെ ജോലി ചെയ്തിരുന്നു.
അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച. പാണക്കാട് ജുമുഅത്ത് പള്ളിയിൽ തിങ്കളാഴ്ച രാവിലെ ഒൻപതിന് സംസ്കാരം നടക്കും.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലുള്ള മൃതദേഹം അങ്കമാലി ബദരിയ ജുമാ മസ്ജിദിൽ ജനാസ നമസ്ക്കാരത്തിന് ശേഷം മലപ്പുറത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച രാവിലെ ഒൻപതിന് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനാകും. തിങ്കളാഴ്ച ചേരുന്ന ഉന്നതാധികാര സമിതിയില്‍ പ്രഖ്യാപനമുണ്ടാകും.
പൃഥ്വിരാജ് ഉൾപ്പെടുയുള്ള ചുരുക്കം ചിലർ മാത്രമാണ് തനിക്കൊപ്പം നിന്നതെന്ന് ഭാവന. പ്രമുഖ മാധ്യമപ്രവർത്തക ബർഖാ ദത്തിന്റെ മൊജോ സ്റ്റോറിയും, വീ ദ വിമെൻ ഓഫ് ഏഷ്യയും ചേർന്നൊരുക്കിയ ദ ഗ്ലോബൽ ടൗൺ ഹാൾ സമ്മിറ്റിലാണ് ഭാവന അതി ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
തീര്‍ച്ചയായും എനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ആഷിഖ് അബു, പൃഥ്വിരാജ്, ജിനു എബ്രഹാം, ഷാജി കൈലാസ്, ഭദ്രന് സാര്‍ , ഷാജി കൈലാസ് സാർ, ജയസൂര്യ തുടങ്ങിയവര്‍ എനിക്ക് അവസരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും അതേ ഇൻഡസ്ട്രിയിലേക്ക് വരാനുള്ള ബുദ്ധിമുട്ട് മൂലം അഞ്ച് വര്‍ഷത്തോളം അത് എനിക്ക് നിരസിക്കേണ്ടി വന്നു.
എന്റെ മനസമാധാനത്തിന് വേണ്ടി മാത്രം ആ ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി നിന്നു. എന്നാല്‍ മറ്റ് ഇന്‍ഡസ്ട്രിയില്‍ ഞാന്‍ വര്‍ക്ക് ചെയ്തു. ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമയുടെ കഥകള്‍ കേള്‍ക്കുന്നുണ്ട്.
ചില മാധ്യമങ്ങൾ ഉൾപ്പടെയുള്ള ഒരു സംഘം ഭാവനയ്ക്ക് നേരെ അതിഭീകരമായ ആക്രമണം നടത്തിയെന്ന് സംവിധായകൻ ആഷിഖ് അബു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു പ്രതികരണം. എന്നാൽ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സർക്കാരും മാധ്യമങ്ങളും നീതിയ്ക്കൊപ്പം നിന്നെന്നും ആഷിഖ് അബു വ്യക്തമാക്കി.
തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഭാവനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയും തന്നെയാണ് ഭാവനയുടെ ഈ നിലപാടിനെ നോക്കി കാണുന്നത്. കുറെ നാളുകൾക്ക് മുന്നേ ഇത് ചെയ്യേണ്ടതായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മുൻപ് നിരവധി തവണ സിനിമകളുടെ ആവശ്യത്തിനായി ഞാൻ ഭാവനയെ ക്ഷണിക്കുകയും ചെയ്തിരുന്നു.- ആഷിഖ് അബു പറഞ്ഞു.
ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു ഭിത്തിയോട് ചേർത്ത് വച്ച് കാറിടിച്ച രണ്ടു പേരും ദാരുണമായി മരിച്ചു. കുറിച്ചി മന്ദിരം കവലയിൽ വ്യാപാര സ്ഥാപനം നടത്തുക ആയിരുന്ന ദമ്പതികൾ ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു.സൈജു (43), ഭാര്യ വിബി (40) എന്നിവരാണ് മരിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങൾ അത്യാഹിത വിഭാഗത്തിൽ നിന്നും മോർച്ചറിയിലേയ്ക്കു മാറ്റി.
ഇന്നു (06-03-2022)ഉച്ചയ്ക്ക് 2.45 ഓടെ എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തു നിന്നും അമിതവേഗ ത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായി രുന്നു. ഇടിയുടെ ആഘാത്തതിൽ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്.
കാർ നിരങ്ങി നീങ്ങുമ്പോഴെല്ലാം യാത്രക്കാരായ ദമ്പതികൾ കാറിന്റെ ഇടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സ്‌കൂട്ടർ ഓടിച്ച ആൾക്ക് മരണം സംഭവിച്ചിരുന്നു. വിവരം അറിഞ്ഞ് ചങ്ങനാശേരി, ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഞായറാഴ്ചയായതിനാൽ ഹോട്ടൽ അടച്ചിരുന്നു. ഇതിനാൽ കൂടുതൽ അപായം ഉണ്ടായില്ല.