Latest News

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂമും മുന്‍ ഭാര്യ ഹയ രാജകുമാരിയും തമ്മില്‍ ബ്രിട്ടീഷ് കോടതിയില്‍ നടന്നിരുന്ന കേസില്‍ പ്രിന്‍സസ് ഹയക്ക് വിജയം. മക്കളുടെ കസ്റ്റഡി അവകാശവുമായി ബന്ധപ്പെട്ട കേസിലാണ് ഹയ വിജയിച്ചത്.

ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുടെ അര്‍ധ സഹോദരി കൂടിയായ പ്രിന്‍സസ് ഹയക്ക് രണ്ട് മക്കളുടെയും കസ്റ്റഡി അവകാശം കോടതി അനുവദിക്കുകയായിരുന്നു.

അല്‍-മക്തൂമിന്റെ ആറാമത്തെ ഭാര്യയായിരുന്നു പ്രിന്‍സസ് ഹയ.

എന്നാല്‍ ഹയയോടുള്ള അല്‍- മക്തൂമിന്റെ കീഴടക്കല്‍- കണ്‍ട്രോളിങ് മനോഭാവം സൂചിപ്പിക്കുന്നത്, മക്കളുടെ കസ്റ്റഡി അവകാശം അയാള്‍ക്ക് ലഭിക്കാന്‍ പാടില്ല, എന്നാണെന്നാണ് ജഡ്ജി സര്‍ ആന്‍ഡ്രൂ മക്ഫാള്‍ലേയ്ന്‍ നിരീക്ഷിച്ചത്.

പ്രിന്‍സസ് ഹയയെ അല്‍- മക്തൂം വലിയ രീതിയില്‍ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും അതുകൊണ്ട് തന്നെ ഇവരുടെ രണ്ട് കുട്ടികളെ മുഖത്തോട് മുഖം കാണാനുള്ള അവകാശം പോലും ദുബായ് ഭരണാധികാരിക്ക് ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രിന്‍സസ് ഹയയെ അല്‍- മക്തൂം വലിയ രീതിയില്‍ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും അതുകൊണ്ട് തന്നെ ഇവരുടെ രണ്ട് കുട്ടികളെ മുഖത്തോട് മുഖം കാണാനുള്ള അവകാശം പോലും ദുബായ് ഭരണാധികാരിക്ക് ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

മക്കളുമായുള്ള ബന്ധം ഫോണ്‍ വിളികളിലും മെസേജുകളിലും ഒതുങ്ങുമെന്നും ജഡ്ജി നിരീക്ഷിച്ചു.

വിവാഹമോചിതരായ പ്രിന്‍സസ് ഹയയും അല്‍ മക്തൂമും തമ്മില്‍ മൂന്ന് വര്‍ഷത്തിലധികമായി ലണ്ടന്‍ ഹൈക്കോടതിയില്‍ തുടരുന്ന നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും കൂടിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം.

തന്റെ രണ്ട് കുട്ടികളേയും കൊണ്ട് (ജലീല (14), സായെദ് (10)) 72കാരനായ അല്‍- മക്തൂമിന്റെ അടുത്ത് നിന്നും ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട് പോന്നതായിരുന്നു 47കാരിയായ ഹയ. 2019 ഏപ്രിലിലായിരുന്നു ഹയ ബ്രിട്ടനിലെത്തിയത്.

തന്റെയും മക്കളുടെയും ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ അവര്‍ മക്കളുടെ കസ്റ്റഡി അവകാശത്തിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിലായിരുന്നു.

നേരത്തെ ഹയക്കും മക്കള്‍ക്കും ദുബായ് ഭരണാധികാരി ജീവനാംശം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. സെറ്റില്‍മെന്റ് തുക പറഞ്ഞുകൊണ്ടായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്.

കുറഞ്ഞത് 554 മില്യണ്‍ പൗണ്ട് (734 മില്യണ്‍ ഡോളര്‍) ഹയക്ക് നല്‍കണമെന്നായിരുന്നു ലണ്ടനിലെ കുടുംബ കോടതി ഉത്തരവിട്ടത്. കോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാഹമോചന ജീവനാംശ തുകയായിരുന്നു അത്.

പ്രിന്‍സസ് ഹയ ബിന്ദ് അല്‍ ഹുസൈന് മൂന്ന് മാസത്തിനുള്ളില്‍ 251.5 മില്യണ്‍ പൗണ്ട് നല്‍കാനും ജഡ്ജി ഉത്തരവിട്ടിരുന്നു.

ഹയയുടെയും മക്കളുടെയും സുരക്ഷക്കും, വേര്‍പിരിയലിന്റെ സമയത്ത് അവര്‍ക്ക് നഷ്ടമായ വസ്ത്രം, ആഭരണങ്ങള്‍ എന്നിവയുടെ നഷ്ടപരിഹാരത്തുകയുമായാണ് ഈ തുക വിധിച്ചത്.

ഇരുവരുടെയും രണ്ട് മക്കള്‍ക്ക് വേണ്ടിയും അവരുടെ വിദ്യാഭ്യാസത്തിനായും വര്‍ഷം തോറും 11 മില്യണ്‍ പൗണ്ട് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.

ഹയ രാജകുമാരിയുടെയും അവരുടെ അഭിഭാഷകരുടേയും ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്താന്‍ അല്‍-മക്തൂം ഉത്തരവിട്ടിരുന്നതായും ബ്രിട്ടീഷ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്പ്ലെന്‍ഡര്‍ ബൈക്ക് ഓടിച്ച് വന്ന സുധിയെ സിനിമാപ്രേമികള്‍ മറക്കാന്‍ വഴിയില്ല. ചോക്ലേറ്റ് ഹീറോ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കുഞ്ചാക്കോ ബോബന്‍ 1997ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ ‘അനിയത്തിപ്രാവി’ലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയിരുന്നു.

അനിയത്തിപ്രാവില്‍, നായകനെ പരിചയപ്പെടുത്തുന്ന ആദ്യ സീനില്‍ തന്നെ സ്പ്ലെന്‍ഡര്‍ ബൈക്കുമായി താരം എത്തുന്നത് കാണാം. സിനിമയില്‍ ഉടനീളം താരത്തിന് കൂട്ടായി ആ ബൈക്കും ഉണ്ടായിരുന്നു. ഇപ്പോള്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമയിലെ ആ സ്പ്ലെന്‍ഡര്‍ ബൈക്ക് കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയിരിക്കുകയാണ്.

ബൈക്ക് തിരിച്ച് കിട്ടിയതിന്റെ സന്തോഷവും താരം പങ്കുവെച്ചു.

”25 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്പ്ലെന്‍ഡര്‍ ബൈക്ക് തിരിച്ച് സുധിയുടെ കയ്യിലേക്ക്, എന്റെ കയ്യിലേക്ക് വന്നിരിക്കുകയാണ്.

അതൊരു ആലപ്പുഴക്കാരന്റെ കയ്യിലായിരുന്നു. അദ്ദേഹം ഹോണ്ടയുടെ ഷോറൂമില്‍ ജോലി ചെയ്യുന്ന ഒരാളാണ്. അത് ഏറ്റവും നല്ല രീതിയില്‍ തന്നെ ഇത്രയും കാലം അദ്ദേഹം പരിപാലിച്ചു. വണ്ടി ഇപ്പോഴും കണ്ടീഷനിലാണ്.

ആ ബൈക്ക് തിരിച്ച് കിട്ടിയതിന്റെ സന്തോഷം ഈ വേളയില്‍ നിങ്ങളോടൊപ്പം പങ്കുവെക്കുകയാണ്,” കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

താരം ഇപ്പോള്‍ കാസര്‍ഗോഡ് ഷൂട്ടിംഗ് തിരക്കിലാണ്. കഴിഞ്ഞ ദിവസമാണ് അനിയത്തിപ്രാവിലെ ബൈക്ക് കൊച്ചിയിലെ ചാക്കോച്ചന്റെ വീട്ടിലെത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയാല്‍ ഉടന്‍ തന്നെ ബൈക്കില്‍ ഒരിക്കല്‍ കൂടി കറങ്ങണം എന്നും ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് അനിയത്തിപ്രാവ്. ശാലിനിയായിരുന്നു ചിത്രത്തിലെ നായിക. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ ആണ് ഈ ചിത്രം നിര്‍മിച്ചത്. സിനിമയിലെ ഔസേപ്പച്ചന്റെ ഗാനങ്ങളും ജനപ്രിയമായിരുന്നു

‘കാതലുക്കു മരിയാതൈ’ എന്ന പേരില്‍ ഈ ചിത്രം ഫാസില്‍ തന്നെ തമിഴിലും പുനര്‍നിര്‍മിച്ചിരുന്നു. ‘ഡോലി സജാ കെ രക്നാ’ എന്ന പേരില്‍ ഹിന്ദിയില്‍ പ്രിയദര്‍ശനും ഈ ചിത്രം പുനരാവിഷ്‌കരിച്ചു.

തിലകന്‍, ശ്രീവിദ്യ, കെ.പി.എ.സി ലളിത, ജനാര്‍ദ്ദനന്‍, കൊച്ചിന്‍ ഹനീഫ, സുധീഷ്, ഹരിശ്രീ അശോകന്‍ എന്നിവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തിയ അനിയത്തിപ്രാവ് 255 ദിവസങ്ങളിലേറെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ കൂടിയാണ്.

 

നടന്‍ വിനായകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി നടി ലക്ഷ്മി പ്രിയ. തന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടുമെന്ന് വിനായകന്റെ പേരെടുത്ത് പറയാതെ ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.

എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേയെന്നും താല്‍പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ആരാണ് പറഞ്ഞു കൊടുത്തതെന്ന് ലക്ഷ്മി പ്രിയ ചോദിക്കുന്നു.

സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല എന്നും ഓരോ പെണ്ണിന്റെയും കയ്യിലാണെന്നും ലക്ഷ്മി പ്രിയ കുറിച്ചു.

ഒരുത്തീ എന്ന സിനിമയുടെ പ്രമോഷനായി വിളിച്ചു ചേര്‍ത്ത പ്രസ് മീറ്റിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്സ് ചെയ്യാന്‍ താല്‍പര്യമണ്ടോയെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

താരത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യാപക വിമര്‍ശനങ്ങളള്‍ ഉയര്‍ന്നു വന്നിരുന്നു. നടന്‍ ഹരീഷ് പേരടിയും മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറും എഴുത്തുകാരി ശാരദക്കുട്ടിയും സിനിമ പ്രവര്‍ത്തക ദീദി ദാമോദരനും വിനായകനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും പങ്കെടുത്ത പ്രസ് മീറ്റില്‍ ഇരുവരുടെയും നിശബ്ദതക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.

ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇതുപോലെയുള്ള നാറികള്‍ എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാല്‍ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല.

എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താല്‍പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്‍പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്.

സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്. പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യില്‍ തന്നെയാണ്.

ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും.
നമസ്‌കാരം
ലക്ഷ്മി പ്രിയ

ലൈംഗിക പീഡനം നടത്തുന്നതു ഭർത്താവ് ആണെങ്കിലും അതു ബലാൽസംഗക്കുറ്റം തന്നെയെന്നു കർണാടക ഹൈക്കോടതി വ്യക്തമാക്കി. വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവ് തന്നെ ലൈംഗിക അടിമ ആയാണു കാണുന്നതെന്നും മകളുടെ സാന്നിധ്യത്തിൽ പ്രകൃതിവിരുദ്ധ ബന്ധത്തിനു നിർബന്ധിക്കുന്നുവെന്നും ആരോപിച്ച് ഭാര്യ നൽകിയ കേസ് തള്ളാനാകില്ലെന്നു ജസ്റ്റിസ് എം.നാഗപ്രസന്ന അറിയിച്ചു.

വിവാഹം ക്രൂരത കാട്ടാനുള്ള ലൈസൻസ് അല്ല. ലൈംഗിക പീഡനത്തിന്റെ പേരിൽ പുരുഷനെ ശിക്ഷിക്കുന്നുണ്ടെങ്കിൽ അത് വിവാഹിതരായ പുരുഷനും ബാധകമാണ്. ഭാര്യയുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ഉടമസ്ഥൻ ഭർത്താവാണെന്നത് അറുപഴഞ്ചൻ ചിന്താഗതിയാണ്– കോടതി വ്യക്തമാക്കി.

പ്രായപൂർത്തിയായ സ്ത്രീയുമായുള്ള വിവാഹ ജീവിതത്തിലെ ബലാൽസംഗം കുറ്റകരമാക്കാത്ത ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 375–ാം വകുപ്പ് നിലനിർത്തിയാൽ ഭരണഘടനയിലെ ലിംഗസമത്വമെന്ന ആശയം തന്നെ തകരും. ഭാര്യയുടെ മാനസിക, ശാരീരിക അവസ്ഥകളെ ഭർത്താവിന്റെ പീഡനം ഗുരുതരമായി ബാധിക്കും. അവളുടെ ഹൃദയത്തിൽ മുറിവേൽക്കുന്നത് തിരിച്ചറിയണം. നിയമനിർമാണ സ്ഥാപനങ്ങൾ ഇനിയെങ്കിലും ഇത്തരം സ്ത്രീകളുടെ നിശ്ശബ്ദ വിലാപം കേൾക്കാൻ തയാറാകണം– കോടതി പറഞ്ഞു.

 

കൊണ്ടോട്ടി(മലപ്പുറം) ∙ ജോലിസ്ഥലത്തേക്കു പോകുംവഴി ബസിൽ ലോറിയിടിച്ച് ജന്മദിനത്തിൽ നഴ്സിനു ദാരുണാന്ത്യം. മൊറയൂർ ഒഴുകൂർ നെരവത്ത് ചൂലൻവീട്ടിൽ സുജീഷിന്റെ ഭാര്യ വിജി(26) ആണ് രാവിലെ ആറോടെ കൊണ്ടോട്ടി ടൗണിനു സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സിങ് ഓഫിസറായ വിജിയെ ഭർത്താവ് മൊറയൂരിൽനിന്നു ബസ് കയറ്റിവിട്ട് 10 മിനിറ്റിനുള്ളിലായിരുന്നു അപകടം.

മലപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന ലോറി ബൈപാസിലെ ഡിവൈഡർ മറികടന്നെത്തിയാണ് ബസിൽ ഇടിച്ചത്. മറിഞ്ഞ ബസിനുള്ളിൽനിന്നു യാത്രക്കാരെ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉള്ളിൽ കുടുങ്ങിയ വിജിയെ ബസ് ഉയർത്തിയ ശേഷമാണു പുറത്തെടുക്കാനായത്.

ഗുരുതര പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 5 മാസം മുൻപായിരുന്നു വിജിയും പോസ്റ്റ് ഓഫിസ് ജീവനക്കാരനായ സുജീഷും തമ്മിലുള്ള വിവാഹം. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിലിന്റെ മകളാണു വിജി. അമ്മ: ദേവകി. സഹോദരങ്ങൾ: ഷിജിറിയ, ലിജി.

രാജ്യാന്തര വാർത്താ ഏജൻസിയിൽ മാധ്യമപ്രവർത്തകയായ യുവതിയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗർ ചാല ശ്രുതിയിലെ എൻ.ശ്രുതി (36)യാണു മരിച്ചത്. ബെംഗളൂരു സിദ്ധാപുര നല്ലൊരുഹല്ലി വൈറ്റ്ഫീൽഡ് മേയ് ഫെയർ ഫ്ലാറ്റിലെ താമസ സ്ഥലത്താണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രുതി ആത്മഹത്യ ചെയ്യാൻ ഇടയായത് ഭർത്താവിന്റെ കടുത്ത മാനസികവും ശാരീരികവുമായ ക്രൂര പീഡനം കാരണമാണെന്നു ബന്ധുക്കൾ ആരോപിച്ചു.

ഭർത്താവിനെ പൊലീസ് ഫോൺ ചെയ്തപ്പോൾ താൻ നാട്ടിലാണെന്നും ഭാര്യ എവിടെയാണെന്നു ചോദിച്ചപ്പോൾ കൂടെ ഉണ്ടെന്നുമായിരുന്നു ലഭിച്ച മറുപടിയെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവിന്റെ പീഡനം കാരണമാണു മരണമെന്ന കുറിപ്പ് പൊലീസ് കണ്ടെത്തി.ഭർത്താവ് ബെംഗളൂരുവി‍ൽ സോഫ്റ്റ്‍വെയർ എൻജിനീയർ ആയ തളിപ്പറമ്പ് ചുഴലി സ്വദേശി അനീഷിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തു.

ശ്രുതിയുടെ സഹോദരൻ നിഷാന്തും ഇവിടെ സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറാണ്. 2017 ലാണ് ശ്രുതിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ ക്രൂരമായ പെരുമാറ്റം ആയിരുന്നുവെന്നു സഹോദരൻ നിഷാന്ത് ആരോപിച്ചു. വീട്ടിൽ ക്യാമറ, വോയ്സ് റെക്കോർഡർ എന്നിവ സ്ഥാപിച്ച് ശ്രുതിയെ നിരീക്ഷിച്ചുവെന്നും കടുത്ത മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിയെന്നും സഹോദരൻ ആരോപിച്ചു. എഴുത്തുകാരനും യുക്തിവാദി നേതാവും റിട്ട.അധ്യാപകനുമായ നാരായണൻ പേരിയയുടെയും റിട്ട.അധ്യാപിക ബി.സത്യഭാമയുടെയും മകളാണ് ശ്രുതി. മൃതദേഹം ബെംഗളൂരുവിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കാസർകോട് വിദ്യാനഗർ പാറക്കട്ട ശ്മശാനത്തിൽ സംസ്കരിച്ചു.

ഇടപ്പള്ളിയിൽ വേലയ്ക്കു നിന്ന പെൺകുട്ടി വീട്ടുടമസ്ഥരിൽ നിന്ന് അനുഭവിച്ചത് സമാനതയില്ലാത്ത പീഡനം. കർണാടക സ്വദേശിനിയായ ഈ പെൺകുട്ടി വേലയ്ക്കു നിന്ന വീട്ടിന്റെ അയൽവീട്ടിൽ എത്തി കഴിഞ്ഞയാഴ്ച പരാതിപ്പെട്ടതോടെയാണ് പീഡനകഥകൾ പുറത്തുവന്നത്. വീട്ടുകാരിൽ നിന്ന് അടിയേറ്റു മൂക്കിൽ ചോരയൊലിപ്പിച്ച നിലയിലാണ് പെൺകുട്ടി അടുത്ത വീട്ടിൽ എത്തിയത്. നാട്ടുകാർ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പെൺകുട്ടി വേലയ്ക്കു നിന്ന വീട്ടുടമസ്ഥൻ പവോത്തിത്തറ പോളിനെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. പോളിന്റെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയുമായ സെലിൻ പോൾ ഒളിവിലാണ്.

14 വയസ്സ് മുതൽ ഇടപ്പള്ളിയിൽ ജോലിക്ക് നിന്നതായി പെൺകുട്ടി പറഞ്ഞു. 2015 നവംബർ 16 നാണ് കർണാടക സ്വദേശിനിയെ സെലിൻ വീട്ടുവേലയ്ക്കായി കൊണ്ടുവന്നത്. മാതാവു മരിച്ച പെൺകുട്ടിയെ രണ്ടാനമ്മയും അച്ഛനും ചേർന്ന് വിൽക്കുകയായിരുന്നു എന്നും സൂചനയുണ്ട്. അമ്മയെ അച്ഛൻ ചവിട്ടി കൊന്നതു തന്റെ കൺമുന്നിൽ വച്ചായിരുന്നു എന്നും പെൺകുട്ടി പറഞ്ഞു. ‘‘വീട്ടിലെ എല്ലാ ജോലിയും ചെയ്യണം.

ഇതിനു പുറമേ ലൈംഗിക പീഡനത്തിനും ഇരയായി.’’ സെലിനോട് ഇക്കാര്യത്തിൽ പരാതി പറഞ്ഞപ്പോൾ ‘നിന്റെ കുഴപ്പം കൊണ്ടാണ്’ എന്നു പറഞ്ഞതായാണ് പെൺകുട്ടി പൊലീസിനു നൽകിയ മൊഴി. ജോലിക്കെത്തിയ കാലം മുതൽ പോൾ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് പെൺകുട്ടിയുടെ മൊഴി. ഇതേത്തുടർന്നാണ് പൊലീസ് പോളിനെ അറസ്റ്റു ചെയ്‌തത്.

പോൾ വീടിനോട് അനുബന്ധമായി കാറ്ററിങ് ബിസിനസ് നടത്തിയിരുന്നു. അവിടെ ഭക്ഷണം വിതരണം ചെയ്യുന്നതു മുതൽ മരത്തിൽ കയറുന്നതിനു വരെ ഈ പെൺകുട്ടിയെ ഉപയോഗിച്ചതായാണ് ആരോപണം. പോളിന്റെ മകളുടെ വീട്ടിലും പെൺകുട്ടിയെ ജോലിക്കു വേണ്ടി ഉപയോഗിച്ചു. നാട്ടുകാരോടു പരാതി പറഞ്ഞിട്ടും ആരും പൊലീസിൽ അറിയിക്കാനോ പെൺകുട്ടിയെ രക്ഷപെടുത്താനോ ശ്രമിച്ചില്ല. ഇതിനിടെ പല തവണ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയുടെ പേരിൽ ആധാർ കാർഡില്ലെന്നാണ് വിവരം. കോവിഡ് വാക്സീൻ പോലും എടുത്തിട്ടില്ലെന്നാണ് സമീപവാസികൾ പറയുന്നത്.

കഴിഞ്ഞ ദിവസം ക്രൂരത സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി സമീപത്തെ വീട്ടിൽ അഭയം പ്രാപിച്ചു. പെൺകുട്ടി വീട്ടിൽ കയറി വന്ന വിവരം സെലിനെ അറിയിച്ചെങ്കിലും അവിടെയെത്താൻ സെലിൻ ആദ്യം തയാറായില്ല. ഒടുവിൽ പൊലീസിൽ അറിയിക്കുമെന്നു പറഞ്ഞപ്പോഴാണ് വന്നതെന്നു നാട്ടുകാർ പറഞ്ഞു.

പലപ്രാവശ്യം അയൽവാസികളോടു പരാതിപ്പെട്ടെങ്കിലും പൊലീസിൽ അറിയിക്കുന്നതിനെയും കേസാകുന്നതിനെയും പെൺകുട്ടി ഭയപ്പെട്ടിരുന്നൂ.ഇതിനിടെ വനിതാ ദിനത്തിൽ വനിതാ ക്ഷേമ സമിതി നടത്തിയ പരിപാടിയിൽ ചായ വിതരണത്തിന് എത്തിയപ്പോൾ വനിതകളുടെ അവകാശങ്ങളെക്കുറിച്ചു സെലിൻ പ്രസംഗിക്കുന്നത് പെൺകുട്ടി കേട്ടു. തനിക്ക് ഇത്രയേറെ അവകാശങ്ങളുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ് എല്ലാം തുറന്നു പറയാൻ ധൈര്യം വന്നതെന്ന് പെൺകുട്ടി പറഞ്ഞൂ. പെൺകുട്ടിയുടെ മൊഴിയിൽ പോളിനെ അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തെങ്കിലും സെലിനെ അറസ്റ്റു ചെയ്തിട്ടില്ല. ഇവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം.

അഞ്ചു വയസുകാരന്‍ ആക്രമിച്ചതിനെ തുടര്‍ന്ന് തന്റെ ജീവിതം ക്രച്ചസിലായതായി പരാതിപ്പെട്ട അധ്യാപികയ്ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം. ലണ്ടനിലാണ് സംഭവം. സ്‌കൂളിന്റെ മേല്‍നോട്ടം വഹിക്കുന്ന പ്രാദേശിക അതോറിറ്റിയായ ലണ്ടന്‍ ബറോ ഓഫ് ഹില്ലിംഗ്ഡണിനെതിരെയാണ് 44 വയസുകാരിയായ അലക്സാന്ദ്ര ഔകെറ്റ് പരാതി നല്‍കിയത്. സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അധ്യാപികയ്ക്ക് അനുകൂലമായ കോടതി വിധിയുണ്ടായത്.

2017 മാര്‍ച്ചിലാണ് സംഭവം. സംഭവദിവസം കുട്ടി ആദ്യം ഒപ്പമുള്ള ഒരു കുട്ടിയെ ആക്രമിച്ചു. ഇതുകണ്ട അദ്ധ്യാപിക ഉടനെ മുറിയില്‍ ഉണ്ടായിരുന്ന മറ്റ് കുട്ടികളെ അവിടെനിന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഇതിനിടെ അഞ്ചു വയസുകാരന്‍ വീണ്ടും പ്രകോപിതനാകുകയും താനുള്‍പ്പെടെയുള്ള അധ്യാപകരെ ആക്രമിക്കുകയുമായിരുന്നു. തനിക്ക് നേരെ ചാടിവീണ കുട്ടി നെഞ്ചില്‍ ചവിട്ടുകയും നുള്ളുകയും ചെയ്തു. ഇടുപ്പിലും അരക്കെട്ടിലും കാലുകളിലും ശക്തമായ ചവിട്ടേറ്റതോടെ പരിക്കേറ്റുവെന്ന് അധ്യാപിക പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റതോടെ ആശുപത്രിയില്‍ പ്രവേശിക്കേണ്ടിവന്നുവെന്ന് അധ്യാപിക വ്യക്തമാക്കുന്നുണ്ട്. മര്‍ദനത്തിന്റെ ഫലമായി നടക്കാന്‍ ഊന്നുവടി ആവശ്യമായി വന്നു. വിട്ടുമാറാത്ത ശാരീരിക പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ സ്‌കൂളിലെ ജോലിയില്‍ തിരികെ പ്രവേശിക്കാനായില്ല. പരിക്കും ചികിത്സകളുമായി കഴിയേണ്ടി വന്നതോടെ മാനസികമായി തളര്‍ന്നു. വിഷാദരോഗം ബാധിച്ചതായും അലക്സാന്ദ്ര ഔകെറ്റ് പറഞ്ഞു.

ശാരീരികവും മാനസികവുമായി തിരിച്ചടിയുണ്ടായിട്ടും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടിയോ സഹായമോ ഉണ്ടാകാതെ വന്നതോടെ സ്‌കൂളിനെതിരെ നിയമനടപടിക്ക് ഒരുങ്ങേണ്ടിവരികയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ആണ്‍കുട്ടി, അവന്റെ പ്രായത്തേക്കാള്‍ വലുതായിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്തും നെഞ്ചിലും ഏറ്റ മര്‍ദനം മൂലം നീര്‍വീക്കമുണ്ടായി. താന്‍ മുന്‍പ് ആരോഗ്യവതിയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ വിട്ടുമാറാത്ത നടുവേദനയും വിഷാദരോഗവും തനിക്കുണ്ടെന്നും അവര്‍ കോടതിയില്‍ ബോധ്യപ്പെടുത്തി.

കുട്ടിക്ക് പഠന വൈകല്യവും ആക്രമണ സ്വഭാവവും ഉണ്ടായിരുന്നതായി അലക്സാന്ദ്ര കോടതിയെ അറിയിച്ചു. എന്നാല്‍ ഇതേക്കുറിച്ച് സഹപ്രവര്‍ത്തകര്‍ ഒരു സൂചനയും നല്‍കിയിരുന്നില്ല.

അതേസമയം, കുട്ടികളില്‍ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങള്‍ എങ്ങനെ നിയന്ത്രിക്കാമെന്നു അലക്സാന്ദ്രക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതരും വാദിച്ചു. എന്നാല്‍ ഈ വാദം സെന്‍ട്രല്‍ ലണ്ടന്‍ കൗണ്ടി കോടതി അംഗീകരിച്ചില്ല.

അധ്യാപികയ്ക്ക് നഷ്ടപരിഹരമായി 14 ലക്ഷം രൂപയും അഭിഭാഷകരുടെ ഫീസും നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായി.

തെക്കന്‍ ചൈനയില്‍ 132 പേരുമായി തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍നിന്നു വീണ്ടെടുത്ത ബ്ലാക്ക് ബോക്സ്, കോക്പിറ്റ് വോയിസ് റെക്കോര്‍ഡറാണെന്നു തിരിച്ചറിഞ്ഞു. ദുരന്തത്തിനിരയായവരുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം എങ്ങനെ അപകടത്തില്‍പ്പെട്ടുവെന്നത് ഇപ്പോഴും അഞ്ജാതമായി തുടരുകയാണ്.

അപകടം നടന്നത് ഒരു പര്‍വത വനമേഖല ആയതിനാലും വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതിനാലുമാണ് തെരച്ചില്‍ ദുഷ്‌കരമാകുന്നത്. തിങ്കളാഴ്ച്ച അപകടം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും 132 പേരുടെ മൃതദേഹാവശിഷ്ടങ്ങളും ബ്ലാക്ക് ബോക്‌സും കണ്ടെത്താത്തത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെയാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

അപകടത്തിന്റെ ആഘാതത്തില്‍ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതിലെ ഡാറ്റ വിശകലനം ചെയ്യുകയാണെന്ന് ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ വ്യോമയാന സുരക്ഷാ ഓഫീസ് മേധാവി ഷു താവോ പറഞ്ഞു. ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡ് ചെയ്യുന്ന രണ്ടാമത്തെ ബ്ലാക്ക് ബോക്സിനു വേണ്ടി തെരച്ചില്‍ തുടരുകയാണ്.

വിമാനം അപകടത്തില്‍പെടാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ബ്ലാക്ക് ബോക്സുകള്‍ക്ക് സാധിക്കും.വിമാനം തകര്‍ന്നുവീണ മലനിരകളില്‍ 300-ലധികം രക്ഷാപ്രവര്‍ത്തകരാണ് തെരച്ചില്‍ നടത്തുന്നത്. മെറ്റല്‍ ഡിറ്റക്ടറുകളും ഡ്രോണുകളും സ്നിഫര്‍ ഡോഗുകളും ഉപയോഗിച്ചാണ് തെരച്ചില്‍ തുടരുന്നത്. അതേസമയം മഴയും മണ്ണിടിച്ചിലും കാരണം തെരച്ചില്‍ ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു.

വിമാനം നിലത്ത് പതിച്ചപ്പോള്‍ ഉണ്ടായ കുഴിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കുത്തനെയുള്ള ചരിവുകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ശ്രമം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

കുന്‍മിങ്ങില്‍ നിന്ന് ഗ്വാങ്ഷൂവിലേക്ക് പോവുകയായിരുന്ന ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനമാണ് തിങ്കളാഴ്ച്ച അപകടത്തില്‍ പെട്ടത്. വുഷു നഗരത്തിലെ ടെങ്സിയാന്‍ കൗണ്ടിയില്‍ പര്‍വതമേഖലയില്‍ തകര്‍ന്നുവീണ വിമാനത്തിലെ 123 യാത്രക്കാരും ഒമ്പത് ക്രൂ അംഗങ്ങളും മരിച്ചു. 20000 അടി മുകളില്‍നിന്ന് വിമാനം മൂക്കുകുത്തി മലനിരകളിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അപകടത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും ഇത് നിര്‍മാണത്തിലെ പിഴവാണോ സാങ്കേതികപ്രശ്നമാണോ എന്ന് കണ്ടെത്തണമെന്നും ആവശ്യം ഉയരുന്നുണ്ട.

വിമാനത്തിലുണ്ടായിരുന്ന മൂന്ന് പൈലറ്റുമാരും നല്ല ആരോഗ്യമുള്ളവരാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, വിമാനം മൂക്ക് കുത്തി പതിക്കുന്നതിന് മുമ്പായി ചൈനീസ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ആവര്‍ത്തിച്ചുള്ള കോളുകള്‍ക്ക് പൈലറ്റുമാരില്‍ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒരു ദശാബ്ദത്തിലേറെയായി ചൈനയിലുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തമാണിത്. സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ് ഉത്തരവിട്ടിട്ടുണ്ട്.

സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ച് സര്‍ക്കാര്‍. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക തകര്‍ച്ചയിലാണ് ഇപ്പോള്‍ ശ്രീലങ്ക. വൈദ്യുതി തടസ്സങ്ങളും ഭക്ഷണം, പാചക വാതകം എന്നിവയുടെ ദൗര്‍ലഭ്യവും ജനങ്ങളെ പ്രകോപിതരാക്കുന്നുണ്ട്.

തിങ്കളാഴ്ച മണ്ണെണ്ണ വാങ്ങാന്‍ കഴിയാത്തതിനാല്‍ രോഷാകുലരായ ജനക്കൂട്ടം തലസ്ഥാനമായ കൊളംബോയിലേക്കുള്ള പ്രധാന റോഡുകള്‍ തടയുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് സൈനികരെ വിന്യസിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് രമേഷ് പതിരണ പറഞ്ഞു.

പാചകത്തിന് ആവശ്യമായ മണ്ണെണ്ണയുടെ ദൗര്‍ലഭ്യത്തില്‍ പ്രതിഷേധിച്ച് രോഷാകുലരായ ഒരു കൂട്ടം സ്ത്രീകള്‍ വിനോദസഞ്ചാരികളെ ഉപരോധിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ‘വിനോദസഞ്ചാരികളെ തടഞ്ഞുനിര്‍ത്തുന്നത് ഞങ്ങള്‍ കണ്ടു, ചില ആളുകള്‍ എണ്ണ പൂഴ്ത്തിയിരിക്കാമെന്നും ഞങ്ങള്‍ കേള്‍ക്കുന്നു, അതിനാലാണ് സൈന്യത്തെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്’, പതിരണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ധനത്തിനായുള്ള നീണ്ട ക്യൂവിലെ തന്റെ സ്ഥലത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവര്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തിയതും സൈനികരെ വിന്യസിക്കുന്നതിന് കാരണമായി. ശനിയാഴ്ച മുതല്‍ മൂന്ന് പ്രായമായ ആളുകള്‍ ഇന്ധനത്തിനായുള്ള ക്യൂവില്‍ നില്‍ക്കവെ മരിച്ചു. രണ്ടുകോടിയിലധികം ജനങ്ങളുള്ള രാജ്യത്തെ ഇന്ധന റീട്ടെയില്‍ ബിസിനസിന്റെ മൂന്നില്‍ രണ്ട് ഭാഗവും നടത്തുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെ പമ്പിങ് സ്റ്റേഷനുകളില്‍ സൈനികരെ വിന്യസിച്ചതായി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഓഫീസ് ബുധനാഴ്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ബഹിഷ്‌കരിക്കുന്നതായി അറിയിച്ചു.

വിദേശ കറന്‍സിയുടെ ക്ഷാമമാണ് ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കോവിഡ് വ്യാപനം ശ്രീലങ്കയുടെ പ്രധാന വിദേശനാണ്യ സ്രോതസ്സായ വിനോദസഞ്ചാര മേഖലയെ തകര്‍ത്തു. വിദേശത്ത് ജോലി ചെയ്യുന്ന ശ്രീലങ്കക്കാരില്‍ നിന്നുള്ള വരുമാനവും കുത്തനെ കുറഞ്ഞു.

സര്‍ക്കാരിന്റെ 51 ബില്യണ്‍ ഡോളറിന്റെ വിദേശ കടബാധ്യത താങ്ങാനാകാത്തതാണെന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് രാജ്യം സഹായം തേടുമെന്നും രജപക്സെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉപദേശിക്കാന്‍ ഒരു അന്താരാഷ്ട്ര നിയമ സ്ഥാപനത്തെ അന്വേഷിക്കുകയാണെന്നും സര്‍ക്കാര്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

വിദേശനാണ്യത്തിന്റെ ദൗര്‍ലഭ്യം ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാശം വിതച്ചിരിക്കുകയാണ്. കടലാസിന്റെയും മഷിയുടെയും അഭാവം കാരണം ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകള്‍ അധികൃതര്‍ കഴിഞ്ഞയാഴ്ച മാറ്റിവെക്കുന്ന സ്ഥിതി വരെയുണ്ടായിരുന്നു.

Copyright © . All rights reserved