പോത്തൻകോട് യുവാവിനെ പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും പ്രതികൾക്ക് സഹായം ചെയ്തു നൽകിയ മൂന്ന് പേരുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
കസ്റ്റിഡിയിലായവർ നൽകിയ മൊഴിപ്രകാരം കൊലപാതകത്തിന് മുൻപ് പ്രതികൾ ട്രയൽ നടത്തിയെന്നാണ് പോലീസ് പറയുന്നത്. മംഗലപുരം മങ്ങോട്ട് പാലത്തിൽ വച്ച് ബോംബ് എറിഞ്ഞാണ് ട്രയൽ നടത്തിയത്. പിന്നാലെ സംഘം സുധീഷിനെ ആക്രമിക്കാൻ പോവുകയായിരുന്നു.
ഗുണ്ടാനേതാവ് രാജേഷിന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന സുധീഷിനെ അക്രമി സംഘം തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികളെ കണ്ട് പാണൻവിള സജീവിന്റെ വീട്ടിൽ കയറി ഒളിച്ച സുധീഷിനെ വാതിൽതകർത്ത് അകത്തുകയറിയാണ് സംഘം വെട്ടിയത്. കൈകാലുകൾ വെട്ടിമാറ്റിയ ശേഷം കാൽ അരക്കിലോമീറ്റർ അകലെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എതിർ സംഘത്തിലെ ഗുണ്ടകൾ സുധീഷിന്റെ താവളം മനസിലാക്കി ആക്രമിക്കാൻ എത്തുകയായിരുന്നു. സുധീഷ് ഒളിവിലായിരുന്ന കേസിൽ സഹോദരൻ നേരത്തെ അറസ്റ്റിലായിരുന്നു.
അഞ്ച് രൂപ ചായയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ പിതാവ് നേരിട്ട ക്രൂരമര്‍ദ്ദനം ചോദ്യം ചെയ്യാനെത്തിയ മകളുടെ വീഡിയോ ആണ് ഇന്ന് സൈബറിടത്ത് തരംഗമാവുന്നത്. വൃദ്ധനായ തന്റെ പിതാവിനെ മര്‍ദ്ദിച്ച കടയുടമയെ യുവതി പൊതിരെ തല്ലുന്നതാണ് വീഡിയോ.
മധ്യപ്രദേശിലെ ശിവപുരിയിലെ ദിനാര ടൌണിലാണ് സംഭവം നടന്നത്. ഫ്രീപ്രസ് ജേണ്‍ല്‍ ട്വിറ്ററിലൂടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. തേജ് സിംഗ് എന്നയാളെയാണ് ഭുര എന്ന കടയുടമ ക്രൂരമായി മര്‍ദ്ദിച്ചത്. ചായ കുടിച്ചതിന് ശേഷം തേജ് സിംഗ് അഞ്ച് രൂപ നല്‍കിയിട്ടും തന്നില്ലെന്ന് ഭുര പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് തേജ് സിംഗിനെ ഭുര മര്‍ദ്ദിക്കുകയായിരുന്നു. തേജ് സിംഗ് വീട്ടിലെത്തിയതോടെ സംഭവം അറിഞ്ഞ മകള്‍ ഇത് ചോദിക്കാന്‍ ഷോപ്പിലെത്തുകയും വടിയുമായെത്തിയ യുവതി കടയുടമയെ പൊതിരെ തല്ലുകയുമായിരുന്നു. അച്ഛന് വേണ്ടി ചോദിക്കാന്‍ ആണ്‍ മക്കള്‍ വേണമെന്ന ധാരണയെ പൊളിച്ചടുക്കുകയാണെന്നാണ് വീഡിയോ കണ്ടവരുടെ പ്രതികരണം. സംഭവം ഏതായാലും സൈബറിടത്ത് തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
Madhya Pradesh: A shopkeeper beat up an elderly person for Rs 5 of tea. After which the daughter of the victim reached the shop and beat up the shopkeeper in Dinara town, Shivpuri. The video of the incident is going viral on social media. pic.twitter.com/BN359YiU15
— Free Press Journal (@fpjindia) December 9, 2021
ലോക സഞ്ചാരി കെആര്‍ വിജയന്റെ മരണത്തോടെ അടഞ്ഞുകിടന്ന ശ്രീ ബാലാജി കോഫി ഹൗസ് വീണ്ടും തുറന്നു. വിജയന്‍ ചേട്ടന്റെ ഓര്‍മകളുടെ തണലില്‍ ഭാര്യ മോഹനയും കടയിലുണ്ട്. മക്കളും മരുമക്കളുമെല്ലാം നിര്‍ബന്ധിച്ചതോടെയാണു മോഹന വീണ്ടും കടയിലെത്തിയത്.
വിജയന്‍ ചേട്ടന്റെ സാന്നിധ്യമുള്ളിടത്തേക്കുള്ള തിരിച്ചുവരവ് ഒറ്റപ്പെടല്‍ ഇല്ലാതാക്കാനുള്ള വഴിയാണ് മോഹനയ്ക്ക്. ഇവിടേക്കുള്ള വരവ് വലിയ എനര്‍ജി തരുന്നതാണെന്ന് മോഹന പറഞ്ഞു. പക്ഷെ ഒറ്റക്കാര്യം മാത്രം, ‘അദ്ദേഹം ഉണ്ടാക്കുന്ന ചായയുടെ രുചി മറ്റാരുണ്ടാക്കിയാലും കിട്ടില്ല.’
വിജയന്റെ കൈപിടിച്ചുകൊണ്ടുള്ള യാത്രകള്‍ നല്‍കിയ ആത്മവിശ്വാസവും കരുത്തും ചെറുതായിരുന്നില്ല മോഹനക്ക്. പതിയെ യാത്രകളെ തിരിച്ചുപിടിക്കണമെന്നാണ് ആഗ്രഹം. വിജയന്‍ ബാക്കി വെച്ച ജപ്പാന്‍ യാത്ര പൂര്‍ത്തിയാക്കണം. ‘അദ്ദേഹമില്ലാതെ ഞാന്‍ എവിടേയും പോയില്ലെങ്കിലും ആരോഗ്യമുണ്ടെങ്കില്‍ യാത്ര തുടരണം.’ മോഹന പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര തുടരാനാണ് നിലവിലെ പദ്ധതി.
മോഹനക്കൊപ്പം റഷ്യന്‍ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയായിരുന്നു വിജയന്റെ വിയോഗം. അദ്ദേഹത്തിന്റെ മരണശേഷം നിരവധി പേര്‍ മോഹനയെ യാത്രക്കൊപ്പം വിളിച്ചെങ്കിലും പോകാന്‍ കൂട്ടാക്കിയിരുന്നില്ല. നിലവില്‍ ഇളയ മകള്‍ ഉഷയും ഭര്‍ത്താവ് മുരളീധര പൈയുമാണ് കടയിലുള്ളത്. മുമ്പ് അച്ഛന്റെ കൂടെയിരുന്ന് ഈ പണികളെല്ലാം വശത്താക്കിയതിനാല്‍ കടയുടെ മുന്നോട്ട് പോക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.
നവംബര്‍ 19ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിജയന്‍ മരണപ്പെട്ടത്. പതിനാറ് വര്‍ഷം കൊണ്ട് 26 രാജ്യങ്ങളിലാണ് വിജയനും മോഹനയും സന്ദര്‍ശിച്ചത്. ചായക്കടയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ഇരുവരും ലോക സഞ്ചാരം നടത്തിയിരുന്നത്. 2007 ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഒടുവിലത്തെ റഷ്യന്‍ യാത്ര.
ഇരുപത്തിയേഴ് വര്‍ഷമായി ശ്രീ ബാലാജി കോഫി ഹൗസ് എന്ന കട നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്. ലോകം ചുറ്റിക്കാണണം എന്ന ആഗ്രഹത്താല്‍ ചായക്കടയിലെ തുച്ഛമായ വരുമാനത്തില്‍ നിന്ന് പണം കണ്ടെത്തിയാണ് ഇവര്‍ യാത്ര പുറപ്പെടാറുള്ളത്.
കോഫി ഷോപ്പിലെ വരുമാനത്തില്‍ നിന്ന് ദിവസവും മൂന്നൂറ് രൂപയോളം മാറ്റിവയ്ക്കും. വീണ്ടും പണം വേണ്ടിവരുമ്പോള്‍ ബാങ്കില്‍ നിന്ന് ലോണെടുക്കും. യാത്ര കഴിഞ്ഞ് തിരികെയെത്തി ചായക്കടയിലൂടെ തന്നെ ലോണ്‍ അടയ്ക്കാനുള്ള പണം കണ്ടെത്തി കടം വീട്ടും. അങ്ങനെയാണ് വിജയന്‍ ഭാര്യയ്ക്കൊപ്പം 26 രാജ്യങ്ങള്‍ ചുറ്റിക്കണ്ടത്.
കടയില്‍ ചേട്ടന്റെ വര്‍ത്തമാനം കേള്‍ക്കാന്‍ ഒട്ടേറെപ്പേര്‍ വരുമായിരുന്നു. അവരോടു കഥകള്‍ പറയാന്‍ ഇനി അദ്ദേഹമില്ലെന്ന സങ്കടമാണുള്ളതെന്നും മോഹന പറയുന്നു.
പ്രശസ്ത ഭരതനാട്യം നർത്തകൻ സാക്കിർ ഹുസൈനെ തമിഴ്‌നാട്ടിലെ ശ്രീരംഗം രംഗനാഥർ കോവിലിൽനിന്ന് പുറത്താക്കിയതായി പരാതി. മതം പറഞ്ഞ് ആക്ഷേപിച്ചാണ് ഒരു സംഘമാളുകൾ ചേർന്ന് പുറത്താക്കിയത്. ഇദ്ദേഹത്തെ ദേഹോപദ്രവമേൽപിച്ചതായും ആരോപണമുണ്ട്. മർദ്ദനമേറ്റ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, സംഭവം വിവാദമായതോടെ തമിഴ്‌നാട് ദേവസ്വം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഘപരിവാർ പ്രവർത്തകനായ രംഗരാജൻ നരസിമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം സാക്കിർ ഹുസൈനെ ക്ഷേത്രത്തിൽ വെച്ച് കഴുത്തിനു പിടിച്ച് തള്ളി മർദിച്ചത്. വധഭീഷണി മുഴക്കുകയും ചെയ്തു.
പ്രമുഖ ക്ഷേത്രങ്ങൾ പതിവായി സന്ദർശിക്കുന്ന സാക്കിർ ഹുസൈന് തമിഴ്‌നാട്ടിലെ പ്രമുഖരായ നർത്തകരിൽ ഒരാളാണ്. തമിഴ്‌നാട് സർക്കാറിന്റെ ‘കലൈമാമനി’ പുരസ്‌കാര വും ഇദ്ദേഹം നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും നൃത്തപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് മതത്തിന്റെ പേരിൽ മർദനമേൽക്കേണ്ടി വന്നതെന്നും കടുത്ത മാനസികാഘാതത്തിലാണെന്നും സാക്കിർ ഹുസൈൻ പറഞ്ഞു. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയത്. പ്രളയസമയത്തും കോവിഡ് കാലത്തും ക്ഷേത്രത്തിലടക്കം സേവന പ്രവർത്തനം നടത്തിയിരുന്നു.
എന്നാൽ, സംഭവത്തിൽ ക്ഷേത്രഭരണാധികാരികൾക്ക് ബന്ധമില്ലെന്നും ക്ഷേത്രജീവനക്കാർ ആരും സാക്കിർ ഹുസൈനെ തടഞ്ഞിട്ടില്ലെന്നും ശ്രീരംഗം ക്ഷേത്രം ജോ. കമീഷണർ മാരിമുത്തു അറിയിച്ചു.
ഉപ്പും മുളകിലെ ലച്ചുവായി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി. ലച്ചുവിനെ വീട്ടിലെ അംഗമായി എല്ലാവരും സ്വീകരിച്ചു. അതാണ് അടുത്തിടെ ജൂഹിയുടെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടപ്പോള്‍ മലയാളികളും കരഞ്ഞത്.
അച്ഛനെ കുഞ്ഞുനാളിലെ നഷ്ടപ്പെട്ട ജൂഹിയ്ക്ക് അമ്മയെ കൂടി നഷ്ടമായിരിക്കുകയാണ്.
അതിന്റെ വേദനയില്‍ നിന്നും ജൂഹി ഇനിയും മുക്തയായിട്ടില്ല. വേദന മറികടക്കാന്‍, ഉപ്പും മുളകും ടീമിനൊപ്പം എരിവും പുളിയും ഷോയിലൂടെ ജൂഹി വീണ്ടും ആരാധകര്‍ക്ക് മുന്നിലെത്തുകയാണ്. അമ്മയെ കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് ജൂഹി.
പപ്പ കൂടെ ഇല്ലാത്ത വിഷമം അമ്മ ഞങ്ങളെ അറിയിച്ചിരുന്നില്ല. വീട്ടിലെ കാര്യങ്ങളും പപ്പയുടെ ബിസിനസും തുടങ്ങി എന്റെ ഷൂട്ടിങ്ങിന്റെ ഡേറ്റ് വരെ നോക്കിയിരുന്നത് അമ്മയാണ്. ഞാനും അമ്മയും കൂട്ടുകാരെ പോലെ ആയിരുന്നു. എടോ എന്നാണ് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് കൊണ്ടിരുന്നത്. വഴക്കിടുമ്പോള്‍ താന്‍ പോടോ ആരാ ഭരിക്കാന്‍ എന്നൊക്കെ ചോദിച്ച് അമ്മ വരും. അപ്പോള്‍ ഞാനും വിട്ട് കൊടുക്കില്ല. ഒരിക്കലും ആരെയും ഡിപന്‍ഡന്റ് ആകരുതെന്ന് അമ്മ പറയുമായിരുന്നു. ഇപ്പോള്‍ അത് മനസിലാകുന്നുണ്ട്.
കുറച്ച് മുന്‍പ് എനിക്കൊരു ഷൂട്ടിങ് ഉണ്ടായിരുന്നു. അന്ന് കോവിഡ് പ്രോട്ടോകോള്‍ കാരണം അമ്മയ്ക്ക് വരാന്‍ സാധിച്ചിരുന്നില്ല. അന്ന് അമ്മ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. വെള്ളം കുടിക്കും, ഉറക്കം തൂങ്ങി ഇരിക്കരുത്, എന്നിങ്ങനെ പറഞ്ഞതൊക്കെ ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിരുന്നു. ഇപ്പോള്‍ അമ്മയെ മിസ് ചെയ്യുമ്പോള്‍ ആ വോയിസ് എടുത്ത് ഞാന്‍ കേള്‍ക്കും.
സെപ്റ്റംബര്‍ പതിനൊന്നിന് ചോറ്റാനിക്കരയിലെ വീട്ടിലേക്ക് അമ്മ ഭയ്യയുടെ കൂടെ സ്‌കൂട്ടറില്‍ പോയതായിരുന്നു. ഒരു ടാങ്കര്‍ ലോറി വന്നിടിച്ചു. കുറച്ച് കഴിഞ്ഞ് ഭയ്യ വിളിച്ച് എന്നോട് ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞ് കരയുന്നു. പപ്പ മരിച്ചതിന് ശേഷം ഭയ്യ കരഞ്ഞ് ഞാന്‍ കണ്ടിട്ടില്ല. എന്റെ ഉള്ളൊന്ന് പിടഞ്ഞു. വീട്ടില്‍ നിന്ന് ടാറ്റ പറഞ്ഞ് ഉമ്മ തന്ന് പോയ അമ്മ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായി എന്നെനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.
ഉപ്പും മുളകിലെയും കല്ല്യാണം സീരിയലിലെ ഒരു കല്ല്യാണമാണെന്ന് പലര്‍ക്കും മനസിലായില്ല. ഹല്‍ദി, തലേദിവസത്തെ റിസപ്ഷന്‍, കല്ല്യാണം എല്ലാം കൂടി രണ്ടാഴ്ച ഉണ്ടായിരുന്നു. ഇതോടെ സീരിയലിലെ കല്ല്യാണം കണ്ടവരെല്ലാം എന്റെ യഥാര്‍ഥ വിവാഹമാണെന്ന് തെറ്റിദ്ധരിച്ചു. അങ്ങനെ ഫേക്ക് ന്യൂസുകളും ട്രോളുകളുമൊക്കെ വന്നു. സോഷ്യല്‍ മീഡിയ ശരിക്കും എന്നെ കെട്ടിച്ചു. ഞാനോ എന്റെ വീട്ടുകാരോ അറിയാതെ എന്റെ കല്യാണത്തിന്റെ ഇന്‍വിറ്റേഷന്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്.
ഭയ്യയുടെ കൂടെ പുറത്ത് പോയപ്പോള്‍ മറ്റൊരുത്തനെ കെട്ടിയിട്ട് ഇവന്റെ കൂടെ കറങ്ങി നടക്കാന്‍ നാണമില്ലേ എന്നുള്ള ചോദ്യങ്ങളും വന്നിരുന്നു. സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ലൈവില്‍ വന്ന് പറഞ്ഞു. ഇതിനിടയില്‍ പഠനം മുടങ്ങുമെന്ന് കൂടി ഓര്‍ത്താണ് സീരിയലില്‍ നിന്നും പിന്മാറിയത്.
ഈ പ്രതിസന്ധികളിലെല്ലാം കൂടെ നിന്നത് റോവിന്‍ ആണ്. ഞാന്‍ പിടിച്ച് നിന്നത് ആ സപ്പോര്‍ട്ട് കൊണ്ടാണ്. അമ്മയുടെ മരണശേഷം എല്ലാ ദിവസവും കാണാന്‍ വരും. സംസാരിക്കും, ആശ്വസിപ്പിക്കും. മൂന്ന് വര്‍ഷം മുന്‍പ് ഒരു കവര്‍ സോംഗിന്റെ ഷൂട്ടിന് ഇടയില്‍ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അമ്മയുമായിട്ടും അദ്ദേഹം നല്ല സൗഹൃദമായിരുന്നു.
ഞങ്ങളുടെ കല്യാണം കഴിഞ്ഞെന്നും വിവാഹനിശ്ചയം കഴിഞ്ഞെന്നും വാര്‍ത്ത വന്നിട്ടുണ്ട്. ഇതൊന്നും സത്യമല്ല. വിവാഹത്തെ കുറിച്ച് ഉടനെ ചിന്തിക്കുന്നില്ല. ഇപ്പോള്‍ ഇരുപത്തിമൂന്ന് വയസേ ആയിട്ടുള്ളു. മൂന്ന് മാസം മുന്‍പുള്ള ജീവിതത്തിലൂടെ അല്ല ഇപ്പോള്‍ കടന്ന് പോകുന്നത്.
ലിവർപൂളിലെ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ജോറി ജോർജ് (65 ) നിര്യാതയായി . പരേത ലിവർപൂൾ കാർമേൽ മാർത്തോമ്മാ ഇടവകാംഗമായിരുന്നു. കേരളത്തിൽ കല്ലൂപ്പാറ പനച്ചയിൽ കുടുംബാംഗമാണ് . പരേതയ്ക്ക് മൂന്ന് പെൺകുട്ടികളാണുള്ളത്.
ജോറി ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഫാ. ഹാപ്പി ജേക്കബ്
സ്നേഹം എന്ന ആശയം ധാരാളം. നാം കേട്ടിട്ടുള്ളതും നാം അത് പരിപാലിക്കുന്നവരുമാണ് എന്നാണ് നാം ധരിച്ചിട്ടുള്ളത്. അഗാധമായി പലരോടും പലതിനോടും നാം സ്നേഹം കാണിക്കാറുമുണ്ട്. ശക്തി കൊണ്ടും ബലം കൊണ്ടും കീഴ്പ്പെടുത്തുവാൻ പറ്റാത്ത പല ഇടങ്ങളിലും സ്നേഹം അതിൻ്റെ ഭാവം പ്രകടിപ്പിക്കുന്നത് നാം അനുഭവിക്കുമാറുണ്ട്.
ക്രിസ്തുമസ് സ്നേഹത്തിൻ്റെ പ്രതീകമാണ് . തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ച് പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു (. യോഹന്നാൻ 3 : 16 ). ദൈവം നമ്മെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന് ഇതിനേക്കാൾ വേറെ എന്ത് തെളിവ് നമുക്ക് വേണം. ഈ സ്നേഹമാണ് ക്രിസ്തു ജനനത്തിന് ആധാരം. ഈ സ്നേഹം തന്നെയാണ് ഇന്നും ക്രിസ്തുമസിന്റെ പ്രസക്തി .
നമ്മുടെ ജീവിതകാലത്ത് നാം പലതരം സ്നേഹബന്ധങ്ങളിൽ ആയി തീരാറുണ്ട്. ചിലത് ബന്ധനങ്ങളും ആവും . ആത്മാർത്ഥമായി നാം സ്നേഹിച്ച പലരും നമുക്ക് തിരികെ തരുന്നത് അവഗണനയും കണ്ണീരും ആയിരിക്കും. നമ്മുടെ സ്നേഹം ചിലപ്പോൾ അവർക്ക് ആവശ്യം വേണമെന്നില്ല; എന്നാൽ ചിലപ്പോഴാകട്ടെ സ്നേഹം നടിക്കുകയും ചെയ്യും. ഇങ്ങനെ ഏറ്റക്കുറച്ചിലുകൾ നിറഞ്ഞ സ്നേഹബന്ധങ്ങളിൽ ജീവിക്കുന്ന നാം അറിയണം ദൈവസ്നേഹം എന്താണ് എന്നും അതിൻറെ മഹത്വം എന്താണ് എന്നും . ആ സ്നേഹം നമുക്ക് മനസ്സിലാക്കി തരുന്ന അവസരമാണ് ക്രിസ്തുമസ്.
ക്രിസ്തുമസ് കാലയളവിൽ ഈ സ്നേഹ പ്രതീകങ്ങളായി നാം പങ്കുവയ്ക്കാറുണ്ട്. കാർഡുകൾ കൈമാറ്റം ചെയ്യും, സമ്മാനങ്ങൾ കൊടുക്കും, ഭക്ഷണങ്ങൾ പങ്കുവയ്ക്കും. എന്നാൽ ഇതെല്ലാം നാം ചെയ്യുന്നത് സ്നേഹം കൊണ്ടാണ് എന്ന് കരുതാൻ വയ്യ. കാരണം തിരികെ നമുക്ക് ലഭിക്കും എന്ന പ്രതീക്ഷയോടെ ആണ് നാം സമ്മാനങ്ങൾ നൽകുക. അല്ലാതെ ഒരാൾക്ക് സ്നേഹം പകരുക എന്ന ഭാവം നമ്മളിൽ ഉണ്ടാവുകയില്ല. എന്നാൽ നമ്മുടെ പങ്കുവയ്ക്കലിലൂടെ ഒരാളുടെ എങ്കിലും മനസ്സിൽ പ്രത്യാശ നിറയുകയും അല്ലായെങ്കിൽ ഒരാളുടെ എങ്കിലും മുഖത്ത് പുഞ്ചിരി വരുത്തുകയും ചെയ്താൽ നാം അറിയാതെ തന്നെ അവർക്ക് നമ്മിലൂടെ ദൈവസ്നേഹം ലഭിക്കും. ഇത് നാം അറിയണമെങ്കിൽ പ്രേക്ഷിത കാലത്ത് കർത്താവിന്റെ കൂടെ ഉണ്ടായിരുന്നവർ ആരൊക്കെയാണ് എന്ന് നോക്കിയാൽ മതി. ചുങ്കക്കാരും , വേശ്യമാരും , പാപികളും രോഗികളും സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ള എല്ലാവരും അവൻ്റെ സ്നേഹിതർ ആയിരുന്നു. അവർക്ക് ആവശ്യമായ സ്നേഹം, സമാധാനം , സൗഖ്യം എല്ലാം അവൻ നൽകി അവരെ തൃപ്തരാക്കി . അവർക്ക് വേണ്ടുന്ന സമ്മാനവും അത് തന്നെയായിരുന്നു.
മറ്റൊരു തരത്തിൽ നാം ചിന്തിക്കുമ്പോൾ ലോകത്തിന് മുഴുവനായി പിതാവ് തന്ന സ്നേഹമാണ്, സമ്മാനമാണ് ക്രിസ്തു എന്ന രക്ഷിതാവ് . ഈ സമ്മാനത്തെ ഭാഗമാക്കുവാനോ ആവശ്യാനുസരണം ഭിന്നിപ്പിക്കുവാനോ നമുക്ക് അവകാശമില്ല. ആയ തിനാലാണ് ഈ സ്നേഹം നമ്മളിൽ പിറക്കുകയും വളരുകയും ചെയ്യണമെന്ന് സഭ ആവശ്യപ്പെടുന്നത്. ഇങ്ങനെ നമ്മളിൽ ദാനമായി ലഭിച്ച സ്നേഹത്തെയാണ് ക്രിസ്തുമസ് സന്ദേശമായി നാം മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുന്നത്.
നമ്മുടെ സ്നേഹത്തിന് വില കല്പിക്കാൻ ആളില്ലാതിരിക്കട്ടെ, നമ്മുടെ കരുതലിനെ അവഗണിക്കട്ടെ, നമ്മെ ഒഴിവാക്കട്ടെ, നിരാശപ്പെടേണ്ട : കാരണം നമ്മെ കരുതുന്ന ദൈവസ്നേഹം ഇതിലും എത്രയോ വലുതാണ്. നമ്മെ നിലനിർത്തുന്ന കരുതൽ എത്രയോ ശ്രേഷ്ടമാണ്. സർവ്വചരാചരങ്ങൾക്കും സന്തോഷമായി ഈ ജനനം ഭവിക്കട്ടെ . ഇന്നും ഈ സദ്‌വാർത്ത ദാനം നമ്മളിലൂടെ മുഴങ്ങട്ടെ.
ഈ ക്രിസ്തുമസിൽ നാം തിരുത്തേണ്ടതായ ചില കാര്യങ്ങളും ഇതോടൊപ്പം ചേർത്ത് ചിന്തിക്കണം . 1 യോഹന്നാൻ 4 : 19 – 21 “അവൻ ആദ്യം സ്നേഹിച്ചത് കൊണ്ട് നാം സ്നേഹിക്കുന്നു . ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും തൻ്റെ സഹോദരനെ വെറുക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുകയില്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനേയും സ്നേഹിക്കണം. ”
ഇതായിരിക്കണം ക്രിസ്തുമസ് . ദൈവം സ്നേഹിച്ചത് പോലെ നാമും നമ്മുടെ സഹജീവികളെ സ്നേഹിക്കുമ്പോൾ ക്രിസ്തുമസ് യാഥാർഥ്യമാകുന്നു. ചുറ്റുമുള്ള സഹജീവികളിൽ ദൈവസ്നേഹം നാം പകരുക. യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ തന്നെ സ്നേഹിക്കുക. ദൈവസ്നേഹം അനുഭവിച്ച് അറിയുകയും സഹജീവികളിൽ കാരുണ്യം വർഷിക്കുകയും ചെയ്തു കൊണ്ട് തിരുജനനത്തിന്റെ പ്രസക്തി നമുക്ക് ആചരിക്കാം.
സമാധാനത്തിന്റെ , സ്നേഹത്തിൻ്റെ, സൗഖ്യത്തിന്റെ, പാപമോചനത്തിന്റെ, ആസക്‌തികളിൽ നിന്നുള്ള മോചനത്തിന്റെ ക്രിസ്തുമസ് ആകട്ടെ ഈ വർഷം . ദൈവസ്നേഹം വാക്കുകളിലൂടെ പകർന്ന് കൊണ്ട്
കർതൃ ശുശ്രൂഷയിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം
രാധാകൃഷ്ണൻ മാഞ്ഞൂർ
മനുഷ്യജീവിതത്തിൻെറ പുതുകാല പ്രതിസന്ധികളിൽ വായനയ്ക്കും അപചയം സംഭവിച്ചിരിക്കുന്നു. എഴുത്തിൻെറ ഋതുഭേദങ്ങൾക്കൊപ്പം നിലകൊള്ളേണ്ടവർ , നിരന്തരം സംവദിയ്ക്കപ്പെടേണ്ടവർ കൂടുതൽ നിശബ്ദരാവുന്നു. കാലത്തിനനുസരിച്ച് ഭാഷയെ നവീകരിക്കാത്തതുകൊണ്ട് എഴുത്തിൽ പിന്തള്ളപ്പെടുന്നു .
സൈബർ കഥയിടങ്ങളിൽ നിന്നും മലയാള ചെറുകഥയുടെ എഴുത്ത് ഭൂപടങ്ങളിലേക്ക് നടന്നു കയറുന്ന കഥാകാരൻ സുരേഷ് തെക്കീട്ടിൽ. കുന്തിപ്പുഴയും, വള്ളുവനാടൻ ഭാഷയും തെക്കേട്ടിൽ കഥകളിൽ സമൃദ്ധമായി നിറഞ്ഞൊഴുകുന്നു. ജീവിതങ്ങളിൽ പൂക്കുന്ന നന്മയുടെയും സ്നേഹത്തിൻെറയും ഉദാത്ത കഥകൾ പറയുന്നു…. ഒരുപക്ഷെ മറ്റൊരു കഥാകാരനും കാണാത്ത അനുഭവ തലങ്ങളിൽ …. പാരിസ്ഥിതികമായി, ലാവണ്യപരമായി കഥ പിൻപറ്റുന്ന എല്ലാ സ്ഥലരാശികളെയും മാറ്റി മറിക്കുന്ന എഴുത്തുരീതി.

മലപ്പുറം ജില്ലയിൽ പുലാമന്തോളിൽ നടുത്ത പാലൂരിൽ തെക്കേട്ടിൽ ശങ്കരനാരായണൻ നായരുടെയും, പാതായ്ക്കര അമ്മിക്കല്ലിക്കൽ സാവിത്രിയുടെയും മകനായി ജനനം. പാലൂർ ഏ . എൽ . പി . സ്കൂൾ, പുലാമന്തോൾ ഗവൺമെൻറ് ഹൈസ്കൂൾ, പെരിന്തൽമണ്ണ ഗവൺമെൻറ് കോളേജ്, പട്ടാമ്പി ഗവൺമെൻറ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പട്ടാമ്പി ശിൽപ്പ-ചിത്ര കോളേജിൽ ചിത്രകലാ പഠനം. പാരലൽ കോളേജ് അധ്യാപകനായിരിക്കെ ഇരുപത്തിമൂന്നാം വയസ്സിൽ സർക്കാർ ജോലി. കഥകളും ഹൃസ്വ കഥകളും, കവിതകളുമായി 1500 ഓളം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ആകാശവാണിയിലൂടെ കഥകളും, ലളിതഗാനങ്ങളും പ്രക്ഷേപണം ചെയ്യപ്പെട്ടു . സർക്കാരിൻ്റെ ഓൺലൈൻ റേഡിയോ ആയ കൈരളി റേഡിയോയിൽ പ്രഭാഷണങ്ങൾ ചെയ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രസാധകൻമാരുടെ 30 കൂട്ടു പ്രസിദ്ധീകരണങ്ങളിൽ പങ്കാളിയായി. മുക്കം ഭാസി മാസ്റ്ററുടെ ആത്മകഥ ഉൾപ്പെടെ പത്ത് കൃതികൾക്ക് അവതാരിക എഴുതി . മൈത്രി ഓൺലൈൻ റേഡിയോയിൽ ഒരു ആഴ്ച ഒരു പുസ്തകം എന്ന രീതിയിൽ ഒരു വർഷം പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ അവലോകനം നടത്തി .
ഏറ്റവും കൂടുതൽ കഥകളുമായി മലയാളത്തിൽ പ്രഥമ കൃതി ഇറക്കിയ എഴുത്തുകാരൻ .

കൃതികൾ
1 . സവിനയം പറയട്ടെ.
( 377 ഹൃസ്വ കഥകളുടെ സമാഹാരം)
ചിത്ര രശ്മി ബുക്.സ് മലപ്പുറം.
2 . കഥ നിറയും കാലം.
( 34 കഥകളുടെ സമാഹാരം )
ആപ്പിൾ ബുക്സ് പാലക്കാട്.
3 . കഥയും ഉണരും കാലം.
( 160 കുഞ്ഞു കഥകളുടെ സമാഹാരം)
ചിത്ര രശ്മി ബുക്സ്.
4 . നിറഞ്ഞൊഴുകും നിള വീണ്ടും.
( 150 കഥകളുടെ സമാഹാരം)
കെ . കെ ബുക്‌സ് മേഴക്കൂർ
5 . പത്തോർമ്മകളും പിന്നെ
പാലൂരോർമ്മകളും.
( ഓർമ്മക്കുറിപ്പുകൾ) ചിത്ര രശ്മി ബുക്സ്
പുരസ്ക്കാരങ്ങൾ
1. 2015 -ൽ തൃശൂർ സ്വർഗ്ഗം സാഹിത്യവേദിയുടെ സർഗ്ഗ ദീപ്തി പുരസ്കാരം.
2. ഇടുക്കി വാതിൽ മാസികയുടെ പുരസ്കാരം 2015 -ൽ
3. 2016 -ൽ പാലക്കാട് ഗ്രന്ഥപുര കവിതാപുരസ്‌ക്കാരം.
4. തൃശൂർ പന്തിരുകുലം ആർട്ട്സ് അക്കാദമി പുരസ്കാരം 2016 -ൽ ലഭിച്ചു.
5. 2016 -ൽ കോട്ടയത്തുനിന്ന് പങ്കജാക്ഷിയമ്മ മെമ്മോറിയൽ അവാർഡ്.
6. 2017 -ൽ തൃശ്ശൂർ സർഗ്ഗം സാഹിത്യവേദി പുരസ്കാരം.
7. 2017 -ൽ കൊല്ലം സമന്വയം സാഹിത്യ പുരസ്കാരം.
8. 2017 -ൽ പാലൂർ സുബ്രഹ്മണ്യ പുരസ്കാരം .
9. 2019 -ൽ ബോധി പുരസ്കാരം.
10. 2019 -ൽ മേഴത്തൂർ കെ. കെ. ബുക് സിൻെറ അക്ഷര പ്രഭ പുരസ്കാരം.
11. ‘ഇന്ന്’ മാസികയുടെ അഖിലകേരള തപാൽ ബന്ധു പുരസ്കാരം 2019 -ൽ .
12. 2020 -ൽ കോട്ടയം പരസ്പരം വായനക്കൂട്ടം കവിതാ അവാർഡ്.
13. 2021 -ൽ ജാലകം പുരസ്കാരം. കൂടാതെ കഥാ രംഗത്തെ സജീവതയ്ക്ക് പാലൂർ ആലഞ്ചേരി ക്ഷേത്ര കമ്മിറ്റി നൽകിയ പ്രത്യേക പുരസ്കാരം.

2016 നവംബർ 15 മുതൽ 2018 മാർച്ച് 30 വരെ മുഖപുസ്തകത്തിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ തുടർച്ചയായി തെക്കീട്ടിൽ കഥകൾ എന്ന പേരിൽ 500 കഥകൾ എഴുതി. ഇന്ത്യയിൽ ഒരു ഭാഷയിലും അതുവരെ ഒരു എഴുത്തുകാരനും നടത്തിയിട്ടില്ലാത്ത ഈ കഥാപ്രയാണത്തിലൂടെ 2018 -ൽ യൂണിവേഴ്സൽ റെക്കോർഡ് ഫോറം നാഷണൽ റെക്കോർഡ് നേടി. ഇതുവഴി സോഷ്യൽ മീഡിയയിൽ തുടർച്ചയായി കഥകൾ എഴുതി റെക്കോർഡ് സ്ഥാപിക്കുന്ന ആദ്യ ഇന്ത്യൻ എഴുത്തുകാരൻ എന്ന ചരിത്ര നേട്ടത്തിനുടമയായി.
എഴുത്തിൻറെ ആദ്യകാലങ്ങൾ എങ്ങനെ ഓർത്തെടുക്കുന്നു ?
എഴുത്തിൽ എനിക്ക് ഒരു പാരമ്പര്യവും അവകാശപ്പെടാനില്ല. പ്രോത്സാഹനം നൽകാനോ കൈപിടിച്ചു നടത്താനോ ഒന്നും ആരുമുണ്ടായിരുന്നില്ല . അതിയായ ആഗ്രഹം എനിക്കുണ്ടായിരുന്നു. ഒരു പുസ്തകം എൻെറ പേരോടുകൂടി ഇറങ്ങുന്നത് എന്നും സ്വപ്നം കണ്ടിരുന്നു. എന്നാൽ വലിയൊരു ഭാഗ്യം എന്നു പറയുന്നത് പാലൂർ എന്ന കലാഗ്രാമത്തിലെ സാഹചര്യങ്ങൾ ശ്രമത്തിലൂടെ ഒരു കലാകാരന് അനുകൂലമാക്കിയെടുക്കാൻ കഴിയുന്നതായിരുന്നു എന്നതാണ് . പ്രത്യേകിച്ച് എൻറെ കൗമാരം കയറിവന്ന എൺപതുകളുടെ രണ്ടാം പകുതി. എന്നിലെ നടനും എഴുത്തുകാരനും എൻെറ കഴിവിനനുസരിച്ച് അത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ആദ്യരചന നാടകമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒന്ന് വിശദമാക്കാമോ?
ശരിയാണ് നാടകമായിരുന്നു തുടക്കം. നാടകത്തെ കുറിച്ചുള്ള ധാരണ ഒട്ടുമേ ഉറയ്ക്കാത്ത കാലത്ത് നടത്തിയ ഒരു സാഹസം എന്ന് പറയാൻ പറയാമതിനെ . ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് മാപ്പ് എന്ന നാടകം എഴുതി സംവിധാനം ചെയ്യുന്നത്. പുലാമന്തോൾ ഹൈസ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. ആ ഒന്നാം സ്ഥാനം സത്യത്തിൽ ഇന്നും എനിക്ക് വിസ്മയമാണ്.
എഴുത്തു രംഗത്തെ മോഹം?
ഈ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ ഒരു ചോദ്യമാണ് മനസ്സിൽ വരുന്നത്. എന്താണ് മോഹിക്കാൻ പാടില്ലാത്തത്. എന്താണതുകൊണ്ട് കാര്യം എന്നുകൂടി ചിന്തിക്കേണ്ട. എന്നാലും മോഹമുണ്ട്. ഒരു മോഹവുമില്ലാത്തവൻ മുന്നോട്ടുപോവുന്നതെങ്ങനെ എന്നും ആലോചിക്കാറുണ്ട്. ‘ തെക്കേട്ടിൽ കഥകൾ’ എന്ന പേരിൽ ആയിരം കഥകളുടെ ഒരു പുസ്തകം പ്രതീക്ഷയുണ്ട് സാധ്യമാകുമെന്ന് .
എഴുത്തിൻറെ ആഹ്ളാദങ്ങൾ ?
അഞ്ചു പുസ്തകങ്ങൾ പലതിനും പുതിയ പതിപ്പുകൾ, 13 പുരസ്കാരങ്ങൾ. ഭൂരിഭാഗവും മത്സരങ്ങളിലൂടെ വലിയ പുരസ്കാരങ്ങൾ ആണോ എന്ന് ചോദിച്ചാൽ എന്നെ സംബന്ധിച്ച് വളരെ വലുത് എന്നു തന്നെ പറയും . 2018 -ൽ യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ഇന്ത്യയിൽ ഒരു ഭാഷയിലും ഒരു എഴുത്തുകാരനും അതുവരെ ഇത്തരത്തിൽ ഒരു കഥാപ്രയാണം നടത്തിയിട്ടില്ലായിരുന്നു. അതൊരു ചരിത്ര നേട്ടം തന്നെയല്ലെ . കൂടുതൽ ശക്തർ വന്നേക്കാം. വരും . തീർച്ചയായും വരണം. എന്നാലും ആദ്യത്തെയാൾ. ഒരു സാധാരണക്കാരന് അഭിമാനിക്കാൻ ഇതൊക്കെ ധാരാളമല്ലെ .

ഒറ്റവരി കഥകൾ എഴുതുന്നത് വളരെ ശ്രമകരമല്ലെ ? ചാട്ടൂളിപോലെ കുറിക്കുകൊള്ളുന്ന വരികൾ താങ്കളുടെ എഴുത്ത് പ്രത്യേകതയാണ്. എങ്ങനെ കാണുന്നു ഈ വിഷയത്തെ ?
ഒറ്റവരിയിൽ കഥയെഴുതുക എന്നത് പ്രയാസം തന്നെയാണ്. അത്തരം കഥകൾ ധാരാളം എഴുതിയിട്ടുണ്ട്. പലതും ശ്രദ്ധിക്കപ്പെട്ടു. ഭാഗ്യം കൂടിയാണ്. എഴുതുന്നത് ഒരു വരിയാണെങ്കിലും അതിനു മുന്നിലേക്കും പിന്നിലേക്കും കഥയുണ്ട് എന്ന് വായനക്കാർക്ക് തോന്നണമെങ്കിൽ കഥാപശ്ചാത്തലം, കഥാസന്ദർഭം, കഥാപാത്രങ്ങൾ എല്ലാം ഫീൽ ചെയ്യണം. അതോടൊപ്പം അതിശക്തമായ ആശയവും വേണം. ഇതൊക്കെ ഒത്തു വരുമ്പോഴാണ് ഒറ്റവരി കഥകൾ വിജയിക്കുന്നത്.
എഴുത്തു വഴികളിലെ കടപ്പാടുകൾ? സൗഹൃദങ്ങൾ?
കടപ്പാട് ഒരുപാട് പേരോട് ഉണ്ട്. കേരളത്തിലെ സമാന്തര പ്രസിദ്ധീകരണങ്ങളോട് , അക്ഷരങ്ങളെ വില്പനയ്ക്ക് വെക്കാത്ത അക്ഷര സ്നേഹികളായ കേരളത്തിലങ്ങോളമിങ്ങോളമുള്ള നന്മകൾ നിറഞ്ഞ ആ പത്രാധിപന്മാരോട് കടപ്പെട്ടതാണ് എൻെറ എഴുത്തു ജീവിതം.

പിന്നെ എഴുത്തു രംഗത്ത് ചേർത്തുനിർത്തുന്ന പ്രിയ സൗഹൃദങ്ങൾ ശക്തമായ പിൻബലം തന്നെയാണ് . 40 പ്രസിദ്ധീകരണങ്ങളിലായി നൂറിലധികം രചനകളിൽ അച്ചടിമഷി പുരണ്ട വർഷങ്ങളുണ്ടായിരുന്നു. സമാന്തര പ്രസിദ്ധീകരണങ്ങളിലൂടെ എഴുതി വന്ന എഴുതി നിന്ന ഒരാൾ എന്ന് പറയുമ്പോൾ എൻറെ ശിരസ്സ് അഭിമാനത്താൽ ഉയർന്നു തന്നെ നിൽക്കും . ‘ബീ പ്രാക്ടിക്കൽ’ എന്ന ആദ്യനോവൽ വായനക്കാരിലേയ് ക്കെത്താൻ പോകുന്നു. അതിൻറെ വലിയൊരു സന്തോഷത്തിലാണിപ്പോൾ.
ഭാര്യ : രേഖ (അധ്യാപിക)
മകൾ ആതിര .ബി എഡ് വിദ്യാർത്ഥിനി
ഫോൺ 9446330957, 7907614176
ചെങ്ങന്നൂർ: ലണ്ടൻ മലയാളി കൗൺസിൽ ഏർപ്പെടുത്തിയ അവാർഡിന് കാരൂർ സോമൻ ( സാഹിത്യം )മിനി സുരേഷ് (കഥ) എന്നിവർ തെരഞ്ഞെടുക്കപ്പട്ടു. 25000 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്. 13ന് 4 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡ് ദാനവും കാരൂർ സോമൻ രചിച്ച 34 പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിക്കും.
ആദ്യമായാണ് ഒരു വേദിയിൽ ഒരു ഗ്രന്ഥകർത്താവിൻ്റെ 34 പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നത്. പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലയിൽ സഹൃദയകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ലണ്ടൻ മലയാളി കൗൺസിലിൻ്റെ സഹകരണത്തോടെ നടക്കുന്ന ചടങ്ങിൽ മാവേലിക്കര എം.എൽ.എ എം.എസ്.അരുൺ കുമാർ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ടി.മാവേലിക്കര, അനി വർഗ്ഗീസ്, ബിയാർ പ്രസാദ്, ചുനക്കര ജനാർദ്ധനൻ നായർ, വിശ്വൻ പടനിലം, .എൽ.ശ്രീരഞ്ജിനി, ഡോ.സിന്ധു ഹരികുമാർ, ഷാജ് ലാൽ,ഡോ.എൽ.ശ്രീരഞ്ജിനി, ഡോ.സിന്ധു ഹരികുമാർ, അനി വർഗീസ്, അഡ്വ. ദിലീപ് ചെറിയനാട്, കെ.ആർ.മുരളീധരൻ നായർ, ഗ്രാമ പഞ്ചായത്ത് അംഗം എൽസി വർഗീസ്, ഗീരീഷ് ഇലഞ്ഞിമേൽ, സോമൻ പ്ലാപ്പള്ളി, കൃഷ്ണകുമാർ കാരയ്ക്കാട് തുടങ്ങിയവർ പ്രസംഗിക്കും. പുസ്തകപ്രകാശനത്തോടെനുബന്ധിച്ച് ആർട്ടിസ്റ്റ് എ.വി.ജോസഫ് പേരിശേരിയുടെ ഏകാംഗ ചിത്രപ്രദർശനവും, കവിയരങ്ങ്, സാഹിത്യ സദസ്സ് എന്നിവയുണ്ടായിരിക്കുമെന്ന് സഹൃദയകൂട്ട൦ ചെയർമാൻ ആലാ രാജൻ, എൽ എം സി കോർഡിനേറ്റർ ജഗദീദ് കരിമുളയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോ.ജോർജ് ഓണക്കൂർ,ഡോ. പള്ളിപ്പുറം മുരളി (ഇന്ത്യ),സിസിലി ജോർജ് (ഇംഗ്ലണ്ട്) എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.
മലയാള സിനിമയെ കുറിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആര്‍’ ചിത്രം ജനുവരിയില്‍ റിലീസിന് തയാറെടുക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് സംവിധായകന്‍ സംസാരിച്ചത്.
കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ടെന്നാണ് രാജമൗലി പറയുന്നത്. ലോക്ഡൗണ്‍ കാലത്ത് മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് രൗജമൗലി മറുപടി നല്‍കിയത്.
മലയാള സിനിമ ഇപ്പോഴല്ല ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ മലയാള സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് കണ്ടത് ഈ ലോക്ഡൗണ്‍ സമയത്ത് ആണെന്ന് മാത്രം.
മലയാളം സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനും സംവിധായകന്‍ മറുപടി പറഞ്ഞു. തന്റെ സിനിമയ്ക്ക് കഥാപാത്രങ്ങളാണ് പ്രാധാന്യം. കഥയും കഥാപാത്രവും ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നത്.
അല്ലാതെ ശരി, ഇതൊരു മലയാള നടനെ വച്ച് ചെയ്യാം, തമിഴ് നടനെ വച്ച് ചെയ്യാം എന്ന് ആലോചിച്ചല്ല. തീര്‍ച്ചയായും മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും വച്ച് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലുള്ള കഥയും കഥാപാത്രവും വന്നാല്‍ അങ്ങനെ ഒരു സിനിമ ഉണ്ടാവുമെന്ന് രാജമൗലി വ്യക്തമാക്കി.