രാധാകൃഷ്ണൻ മാഞ്ഞൂർ
അമേരിക്കൻ പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ച സമ്മാനിക്കുന്ന ഒരു ചെറുകഥയെപ്പറ്റിയാണ് പറഞ്ഞുവരുന്നത് . ക്യാപ്റ്റൻ ഇത്താക്ക് ചാക്കോ . മലയാളം ബി. എ . എന്ന കഥ – ഇത്താക്ക് ചാക്കോ , ബി .എ . മലയാളം ബിരുദക്കാരൻ . അപ്പിഹിപ്പി സ്റ്റൈൽ . സാഹിത്യത്തിൽ കമ്പമുള്ളവൻ. കള്ളുകുടിയൻ. പൂർണിമ പോൾ പൂമംഗലം എന്ന അമേരിക്കൻ മലയാളി വനിതയെ കെട്ടി ഏഴാംകടലിനക്കരെ താമസം തുടങ്ങി. അമേരിക്കയിൽ ചെന്നിട്ടും കള്ളുകുടി അവസാനിപ്പിക്കാതെ ജീവിതം ആഘോഷിച്ചു നടന്നു. ഒടുവിൽ പൂർണിമ പോൾ ഇത്താക്ക് ചാക്കോയെ ഉപേക്ഷിക്കുന്നു. വീണ്ടും നാട്ടിലെ പഴയ ഉപഷാപ്പിൽ കയറി കള്ളു പൂശി മാനം, നോക്കി കിടന്ന ഇത്താക്ക് ചാക്കോയുടെ ജീവിതചിത്രം വായനക്കാർ മറക്കില്ല. മലയാളിയുടെ പൊങ്ങച്ച ജീവിതങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ഈ കഥ ” ഷിക്കാഗോയിലെ മഞ്ഞ് ‘ എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നു. (ലോഗോസ് ബുക്സ്, പാലക്കാട് )
“പ്രിയ മിസ്റ്റർ ഇത്താക്ക് അറിയുവാൻ, ഇത്താക്കു ചേട്ടൻറെ മാനസാന്തരത്തിൽ എനിക്കതിയായ സന്തോഷമുണ്ട്. ചേട്ടനറിയാമല്ലോ ഞാനിപ്പോൾ ദൈവത്തിൻറെ കുഞ്ഞാണ് . കർത്താവിനെ തന്നെ പ്രതിശ്രുതവരനായി സ്വീകരിച്ചു കഴിഞ്ഞു . ഇനിയൊരു തിരിച്ചുപോക്ക് എനിക്കാവില്ല..”
– ( ക്യാപ്റ്റൻ ഇത്താക്ക് ചാക്കോ . മലയാളം ബി.എ. എന്ന ചെറുകഥയിൽ നിന്ന്)
ഇനി കഥ എഴുതിയ വ്യക്തിയെ പരിചയപ്പെടുത്താം.
തമ്പി ആൻറണി . പ്രശസ്ത മലയാളം, ഹോളിവുഡ് താരം. നടൻ ബാബു ആൻറണിയുടെ ജേഷ്ഠൻ . അൽപത്തഞ്ചാം വയസ്സിലാണ് കഥയെഴുത്തും സിനിമാ അഭിനയവും ആരംഭിക്കുന്നത്.
തമ്പി ആൻറണി എഴുതിയ പ്രവാസലോകത്തെ കഥകൾ വളരെ ശ്രദ്ധേയമാവുന്നു . ശുദ്ധഹാസ്യത്തോടെ കേരളവും, അമേരിക്കയും പശ്ചാത്തലമായി വരുന്ന ഈ കഥകളിൽ ഇരു സംസ്കാരങ്ങളുടെയും നന്മതിന്മകൾ വെളിവാക്കി തരുന്നു. എല്ലാം നോക്കി കാണുന്ന മലയാളി മനസ്സിന്റെ സ്നേഹസ്പർശം അകം പൊള്ളി വീഴുന്നു. മനുഷ്യ മനസ്സിൻറെ ഉഭയ ജീവിതങ്ങളെ വ്യക്തമാക്കി തരുന്ന നാൽപ്പതോളം കഥകൾ തമ്പി ആൻറണി മലയാളിക്ക് സമ്മാനിച്ചു കഴിഞ്ഞു.
തമ്പി ആൻറണിക്ക് പൊൻകുന്നം പബ്ലിക് ലൈബ്രറി ഒരു പൗര സ്വീകരണം നൽകി.
ഇനി എഴുത്തുകാരൻ പറയട്ടെ .
വർഷങ്ങൾക്കു മുൻപേ പാലാ സെൻറ് തോമസ് കോളേജിൽ ബി.എ. മലയാളം മുഖ്യവിഷയമായി പഠിക്കാൻ തീരുമാനിച്ചാണ് ചെല്ലുന്നത്. വീട്ടുകാർ എൻറെ തീരുമാനത്തിന് മാറ്റം വരുത്തിച്ചു. ബി എസ് സി യ്ക്ക് ചേർത്തു. ഒ. വി വിജയന്റെ ‘ഖസാക്കിൻറെ ഇതിഹാസം ‘ എന്ന നോവൽ എന്നെ വിസ്മയിപ്പിച്ച കാലമായിരുന്നു അത്. അതിലെ വാചകങ്ങൾ ഉരുവിട്ടു നടക്കുമായിരുന്നു . രചനാ വഴികളിൽ എം മുകുന്ദനും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പൊൻകുന്നം പബ്ലിക് ലൈബ്രറിയിലെ സ്ഥിരം വായനക്കാരനായിരുന്നു.
പൊൻകുന്നം വർക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പയും ‘ പൊൻകുന്നം ദാമോദരന്റെ ‘പച്ചപ്പനം തത്ത ‘ എന്ന കവിതയും പ്രിയപ്പെട്ടതായി .
കോതമംഗലം എൻജിനീയറിംഗ് കോളേജിൽ നിന്നും പഠനം പൂർത്തിയായി.
പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായി . പ്രിയപ്പെട്ട എഴുത്തുകാരെ അന്നും കൂടെ കൂട്ടി. ബഷീറും, പി . കുഞ്ഞിരാമൻ നായരും , എം. ടിയും , മാധവിക്കുട്ടിയും , മലയാറ്റൂർ രാമകൃഷ്ണനും , സക്കറിയയും , മേതിലും എഴുത്തു വഴികളിൽ പ്രീയപ്പെട്ടവരായി. എൻറെ കഥകൾ, കഥാപാത്രങ്ങളോടൊപ്പമുള്ള അനിശ്ചിതമായ ഒരു യാത്രയാണ്. കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾ ഞാൻ പോലുമറിയാതെ കഥാപാത്രങ്ങളായി വരുന്നു . Every Journey is determined by uncertainty എന്നല്ലേ . ഈ അനിശ്ചിതത്വത്തിന്റെ ഒരു പൂർത്തീകരണമാകാം എന്റെ കഥകളും കഥാപാത്രങ്ങളും .
ആദ്യം നായകനായി അഭിനയിച്ച ഇംഗ്ലീഷ് സിനിമയായ ‘ ബിയോണ്ട് ദ സോൾ ‘ എന്ന ചിത്രത്തിലെ പ്രൊഫസർ. ആചാര്യ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് ഹോണ ലുലു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഏറ്റവും നല്ല നടനുള്ള അവാർഡ് കിട്ടിയിരുന്നു. അഭിനയത്തിന് അന്താരാഷ്ട്ര ബഹുമതി കിട്ടിയതുമൊക്കെ യാദൃശ്ചികം മാത്രമാകാം. അനുജൻ ബാബു ആൻറണിക്ക് ശേഷം സിനിമയിൽ അഭിനേതാവായി വന്നതുകൊണ്ടാവാം എനിക്കു പോലും പ്രശസ്തിയുടെ ത്രിൽ ഒക്കെ നഷ്ടപ്പെട്ടിരുന്നു.
ഇപ്പോൾ ‘ കാരൂരിന്റെ ‘ ‘ പൊതിച്ചോറ് ‘ എന്ന ചെറുകഥ പ്രശസ്ത സംവിധായകൻ രാജീവ് നാഥ് സിനിമയാക്കുന്നു. ‘ഹെഡ്മാസ്റ്റർ ‘ എന്ന പേരിൽ. ഈ ചിത്രത്തിൽ എന്നോടൊപ്പം അനുജൻ ബാബു ആൻറണിയും, പഴയകാല നായിക ജലജയുടെ മകളും അഭിനയിക്കുന്നു. ഈ സിനിമ എനിക്ക് ഒരുപാട് പ്രതീക്ഷകൾ തരുന്നു. അഭിനയത്തിന്റെ നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്.
ലേഖകനും , പ്രശസ്ത എഴുത്തുകാരൻ സെബാസ്റ്റ്യൻ കിളിരുപ്പറമ്പിലും തമ്പി ആൻറണിക്കൊപ്പം.
തമ്പി ആൻറണി
തെക്കേക്കുറ്റ് ആൻറണിയുടെയും മറിയാമ്മയുടെയും മൂന്നാമത്തെ മകൻ. പൊൻകുന്നത്ത് ജനനം. ഇപ്പോൾ കാലിഫോർണിയയിൽ സാൻഫ്രാൻസിസ്കോയിൽ ആലരോ എന്ന ചെറു പട്ടണത്തിൽ സ്ഥിരതാമസം.
ഭാര്യ :- പ്രേമ .
മക്കൾ :- നദി ,സന്ധ്യ, കായൽ
കഥാസമാഹാരങ്ങൾ :- വാസ്കോഡിഗാമ ,പെൺ ബൈക്കർ മരക്കിഴവൻ
നോവൽ :- ഭൂതത്താൻ കുന്ന് .
കവിതാസമാഹാരം :- മല ചവിട്ടുന്ന ദൈവങ്ങൾ .
നാടക സമാഹാരം: – ഇടിച്ചക്ക പ്ലാമൂട് പോലീസ്റ്റേഷൻ .
ഉപരേഖ
വാസ്കോഡി ഗാമക്ക് ‘ബ്രിട്ടീഷ് മലയാളി ‘ പുരസ്കാരം, ബഷീറിൻറെ പേരിലുള്ള ‘അമ്മ മലയാളം ‘ പുരസ്കാരം, ബിയോണ്ട് ദ സോൾ എന്ന ചിത്രത്തിന് അന്താരാഷ്ട്ര പുരസ്കാരം .
മലയാള ചിത്രങ്ങളായ പളുങ്ക്, സൂഫി പറഞ്ഞ കഥ , ഇൻ ഗോസ്റ്റ് ഹൗസ് ഇൻ , ജാനകി , പാപ്പലീയോ ബുദ്ധ , ഇവൻ മേഘരൂപൻ എന്നിവയിൽ പ്രധാന വേഷങ്ങൾ ചെയ്തു .
സാൻഫ്രാൻസിസ്കോ ബേ ഏരിയ മലയാളി അസോസിയേഷൻ (MACA ) അമേരിക്കയിലെ സാഹിത്യ സംഘടനയായ ഘാന എന്നിവയുൾപ്പെടെ പല സാംസ്കാരിക സംഘടനകളിലും സജീവം.
ടോം ജോസ് തടിയംപാട്
1950 നു ശേഷം നടന്നിട്ടുള്ള കുടിയേറ്റ സമൂഹങ്ങൾക്ക് മറക്കാൻ കഴിയുന്ന ഒന്നല്ല JEEP എന്ന ഈ നാലക്ഷരം . ഭക്ഷണ സാധനങ്ങൾ നാട്ടിൽനിന്നും കൊണ്ടുവരാനും രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനും ഉൾപ്പെടെ ചെളികൊണ്ടു താഴ്ന്നുപോകുന്ന റോഡിലൂടെ കുടിയറ്റക്കാരുടെ സകലമാന സഹായത്തിനു൦ ഉണ്ടായിരുന്നത് ജീപ്പ് എന്ന ഈ ചെറിയ വാഹനം മാത്രമായിരുന്നു..
ഇന്ന് ടാർ റോഡുകൾ എല്ലായിടത്തും എത്തിയപ്പോൾ ബസുകളും കറുകളൂം ജീപ്പിന്റെ സ്ഥാനം ഏറ്റെടുത്തുവെങ്കിലും അതിജീവന കാലഘട്ടത്തിൽ കൂടെ നിന്നവൻ എന്ന ഖ്യാതി ഇപ്പോഴും ജീപ്പിനു തന്നെയാണ് . ഒരു കാലഘട്ടത്തിൽ ഹൈറേയിഞ്ചു മേഖലയിൽ ജീപ്പുള്ളവർ വലിയ ഭൂവുടമകൾ ആയിരുന്നു എന്നാൽ കാലം മാറിയപ്പോൾ സാധാരണക്കാർക്കും വാങ്ങാവുന്ന വാഹനമായി ജീപ്പ് മാറി .
കഴിഞ്ഞ ദിവസം ചെസ്റ്റർ വിമാന താവളത്തിനടുത്തു പഴയ മിലിട്ടറി വിമാനങ്ങൾ സൂക്ഷിച്ചിരുന്ന മ്യൂസിയം കാണാൻ അവസരം കിട്ടി അവിടെ സൂക്ഷിച്ചിരിക്കുന്ന രണ്ടാം ലോകയുദ്ധത്തിൽ ഉപയോഗിച്ച മിലിട്ടറി എയർ ക്രഫ്റ്റുകളും ബോംബുകളും കണ്ടു നടക്കുന്നതിനിടയിൽ ഒരു വില്ലിസ് ജീപ്പ് കാണുവാൻ ഇടയായി രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് മിലിട്ടറി ഉപയോഗിച്ച ജീപ്പ് ആയിരുന്നു അത് ,അവിടെനിന്നും ജീപ്പിന്റെ ചരിതം അന്വേഷിച്ചു പോയി .
യൂറോപ്പ് രണ്ടാം ലോകയുദ്ധത്തിൽ ആയിരുന്ന സമയത്തു യുദ്ധം മുന്നിൽ കണ്ടുകൊണ്ടു സൈനികരെയും ആയുധവും വഹിച്ചുകൊണ്ടു മലപ്രദേശത്തും കാട്ടിലും സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറു വാഹനം സൃഷ്ടിക്കുന്നതിനുള്ള അമേരിക്കൻ മിലട്ടറിയുടെ ചിന്തയുടെ ഭാഗമായിട്ടാണ് ജീപ്പ് കണ്ടുപിടിക്കുന്നത് . 1908 ൽ സ്ഥാപിതമായ ജോൺ വില്ലിസ് കമ്പനിയാണ് ജീപ്പ് കണ്ടുപിടിച്ചു അമേരിക്കൻ മിലട്ടറിക്കു നൽകിയത്
നിരവധി വ്യാഖ്യാനങ്ങൾക്ക് വിധേയമായ സങ്കീർണ്ണമായ ഒരു കഥയാണ് ജീപ്പിന്റെ ജനനം. എന്നാൽ 1941 ജൂലൈ 16-ന് ഓഹിയോയിലെ ടോളിഡോയിലെ വില്ലിസ്-ഓവർലാൻഡ് മോട്ടോർ കമ്പനിക്ക് അമേരിക്കൻ സൈന്യത്തിന് ഉപയോഗിക്കുന്നതിനായി ഒരു വാഹനം നിർമ്മിക്കാനുള്ള ആദ്യ കരാർ ലഭിച്ചു. ഫോർഡ് ഉൾപ്പെടെ മറ്റു രണ്ടുകമ്പനികൾ കൂടി കരാറിനു മൽസരിച്ചെങ്കിലും വില്ലിസ് കമ്പനി നിർമ്മിച്ചു പ്രദർശിപ്പിച്ച ജീപ്പിന്റെ എൻജിൻ( go devil engine )കൂടുതൽ ശക്തമായിരുന്നതുകൊണ്ടാണ് അവർക്കു കോൺട്രാക്ട് ലഭിച്ചത് .. ജീപ്പ് നിർമ്മിക്കാൻ സഹായിച്ചത് ടെൽമീർ ബാർഹൈ റൂസ് എന്ന എഞ്ചിനീയർ ആയിരുന്നു.
ജീപ്പിന്റെ ആദ്യകാല ചരിത്രം ഐതിഹാസികമാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യ കക്ഷികളെ വിജയിക്കാൻ സഹായിക്കുന്നതിൽ ജീപ്പിന്റെ പങ്ക് അനിഷേധ്യമാണ്. 1941 ഡിസംബർ മാസം ജപ്പാൻ നടത്തിയ പോൾ ഹാർബർ ആക്രമണത്തെ തുടർന്നു രണ്ടാം ലോകയുദ്ധത്തിൽ പ്രവേശിച്ച അമേരിക്ക അവർ ആദ്യ൦ നിർമിച്ച 8598 ജീപ്പുകളിൽ കുറെയെണ്ണം സഖ്യ കക്ഷികളായ ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവർക്ക് നൽകിയിരുന്നു.
യുദ്ധക്കളത്തിൽ, ജീപ്പ് വേഗതയേറിയതും കടുപ്പമുള്ളതുമായിരുന്നു. ഇതിന് ഏത് ഭൂപ്രദേശവും കിഴടക്കാൻ കഴിയും, എവിടെയെങ്കിലും കുടുങ്ങിപ്പോയാൽ , സൈനികർക്ക് സ്വതന്ത്രമാക്കാൻ കഴിയുന്നത്ര ഭാരം കുറഞ്ഞതായിരുന്നു. . വേഗത്തിൽ വിന്യസിക്കാൻ കഴിയുന്ന ടാങ്ക് വിരുദ്ധ ആയുധങ്ങൾ ഏതു മലമുകളിലും എത്തിക്കാനും , കാലാൾപ്പടയോട് പോരാടുന്നതിന് ഒരു മെഷീൻ ഗൺ ഘടിപ്പിക്കാനും ഇതിന് കഴിയും.
യുദ്ധഭൂമിയിൽ ആംബുലൻസായി ജീപ്പ് പ്രവർത്തിച്ചു. അത് നദികളിലൂടെയും തടാകങ്ങളിലൂടെയും സഞ്ചരിച്ചു, ഫ്രാൻസിൽ നടന്ന ഏറ്റവും ശക്തമായ ഡി-ഡേ യുദ്ധത്തിൽ വലിയ പങ്കാണ് ജീപ്പ് വഹിച്ചത് , സഖ്യകക്ഷികളെ ബെർലിനിലേക്കും ,ഗ്വാഡൽക്കനലിലേക്കും, ഇവോ ജിമയിലേക്കും, ഒടുവിൽ പരാജയപ്പെടുത്തിയ ജപ്പാന്റെ പ്രധാന കരകളിലേക്കും ജീപ്പ് എത്തിച്ചു . ഈ വാഹത്തിനു ജീപ്പ് എന്ന് പേരുകിട്ടാൻ കാരണം ജനറൽ പർപ്പസിന് ഉപയോഗിക്കുന്ന വാഹനം എന്നനിലയിൽ G P എന്ന ചുരുക്കപ്പേരിൽ നിന്നാണ് ജീപ്പ് ഉണ്ടായതു എന്നാണ് അനുമാനിക്കുന്നത് .
യുദ്ധാന്തര കാലഘട്ടത്തിൽ മിലിട്ടറി ഉപയോഗിച്ച ജീപ്പുകൾ 400 മുതൽ 600 പൗണ്ടുകൾക്കു ആളുകൾക്ക് വിറ്റു അങ്ങനെ സാധാരക്കാരുടെ കൈകളിൽ ജീപ്പ് എത്തി പിന്നീട് ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ജീപ്പ് ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾ നിലവിൽ വന്നു കാലക്രമേണ ജീപ്പിന്റെ രൂപങ്ങളും ഭാവങ്ങളും മാറി മാറി വന്നു അങ്ങനെ കാലത്തേ അതിജീവിച്ചു ജീപ്പ് അതിന്റെ ജൈത്രയാത്ര ഇന്നും തുടരുന്നു .
ജേക്കബ് പ്ലാക്കൻ
ഒരു തിരി വെട്ടത്തിനായി
ഒരു രാവതിൽ ഞാനലയവെ
ഒരു സുര്യ വെട്ടമായി
ഒരു മിനുങ്ങു വന്നു മുന്നിൽ
കാനനാന്ധകാര നടുവിൽ
കാലിണകൾ വഴി തേടികുഴയവേ
ഒരു ദൈവദൂതി പോൽ നീ
യെന്നരികിലൊഴുകി വന്നു …
നിലവറപൂട്ടിനുള്ളിലെ
നിലാ ഗദ്ഗദം പോൽ
മുളം തണ്ട് കാറ്റിലുരഞ്ഞു
തേങ്ങുമൊരിരവിൽ വന്നൊരു
തുള്ളിവെളിച്ചമേ നീയാര് ..?
നീല സരസ്സിൽ നീന്തും
ജല കന്യകതൻ
പട്ടാംബരത്തിൽനിന്നാറ്റൊരു
പവിഴ ശല്കമോ ..?
നിശാംബരത്തിലീശ്വരൻ പതിച്ച കമ്ര
നക്ഷത്രകല്ലൊന്നടർന്നതോ ..?
മേഘ ദ്യുതിൽ നിന്നൊരിഴ താഴെ
മഴനൂലിഴയിലലിയുവാൻ വന്നതോ ..?
അതോ ….?
മഞ്ചാടി മരം മർത്യനർപ്പിച്ച യന്ത്യമാം
കണ്ണീർ മുത്തോ ..?
ആരുനീ യോമലേ പാതിരാ
നേരമതിൽ പാതയില്ലാതലയും
പഥികനു വഴിയേകി പറക്കും
പതംഗമേ പറയു ..യാരു നീ ..?
മിനുങ്ങേ ,
നീയെങ്ങനെ, തമസ്സിൽ മുങ്ങിയൊരു
നഭസ്സിൽ തുള്ളി വെളിച്ചമായിതുള്ളും ..?
നിന്നന്തകരണത്തിനുള്ളിലെ
മിന്നുമി സ്നേഹതീയിലിത്തിരി
എന്നുള്ളിലിനിയും തെളിയാത്ത തിരിയിലുമൊന്നു പകാരമോ ..?..
മിന്നാത്തതും മിന്നിച്ചു നെഗളിക്കും
മൃത്തിൽ,നീമാത്രമല്ലോ ഇന്ദ്രഗോപം.
മിന്നാ മിനുങ്ങേ,നിൻ മിന്നും പ്രകാശം നിൻ
പിന്നിലെന്നതെൻ അകക്കണ്ണിലുംമിന്നു മിന്നി …!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ഡോ. ഐഷ വി
കാലാവസ്ഥാ മാററങ്ങളിലും മറ്റും പഠന വിധേയമാക്കിയിട്ടുള്ള ഒരു സിദ്ധാന്തമാണ് ശലഭ സിദ്ധാന്തം. ശലഭങ്ങളുടെ ചിറകടി ഒരു ടൊർണാഡോ സൃഷ്ടിക്കുമോ? ആവോ ആർക്കറിയാം? എന്നാൽ ഐ എച്ച് ആർ ഡി (മറ്റു സ്ഥാപനത്തിലുമാകാം.) ശമ്പളം രണ്ടുമാസം വൈകിയാൽ അത് നേർ രേഖയിലോ ഒരേ ദിശയിലോ അല്ലാത്ത സാമ്പത്തിക തരംഗങ്ങൾ സൃഷ്ടിക്കാം. ഒരു തരംഗമാകുമ്പോൾ അതിന് ഉയർച്ചയും താഴ്ചയും ഉണ്ടാകാം . കൂർഗിലെ നാനിയുടെ വാട്ടർ പാർക്കിലെ ഡൈവിംഗ് സ്റ്റാന്റിലെ രണ്ട് പലകകൾ ഇളകി കിടന്നാൽ അതെങ്ങനെ പാലക്കാടും തൃശൂരും കൊല്ലത്തുമുള്ളവരുടെ ഇടയിൽ സാമ്പത്തിക തരംഗങ്ങൾ സൃഷ്ടിയ്ക്കുമെന്നും നമുക്കൊന്ന് പരിശോധിക്കാം. ഒരു ഐ എച്ച് ആർ ഡി സ്ഥാപനത്തിലെ കുട്ടികൾക്ക് ടൂറ് പോകാനൊരു പൂതി. കുട്ടികൾക്ക് വേണ്ട ഉപദേശങ്ങൾ ഒക്കെ നൽകി , ഒരു അധ്യാപകനേയും അധ്യാപികയേയും ഡ്യൂട്ടിക്കിട്ട് കുട്ടികളെ ടൂറിനയച്ചു. ബസ്സുകാരന്റെ പക്കൽ നിന്നും ഷെഡ്യൂൾ വണ്ടി നമ്പർ ,എഗ്രിമെന്റ് മുതലായവ വാങ്ങിയിരുന്നു.മൈസൂർ , കൂർഗ്, ചിക്കമംഗലൂർ, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കായിരുന്നു യാത്ര. കൂർഗ് വാട്ടർ പാർക്കിലായിരുന്നു അന്നവർക്ക് സ്റ്റേ. ഇരുട്ടിയപ്പോഴാണ് ടൂർ ടീം അവിടെ എത്തിയത്.
രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെ മാത്രമേ കുളo ഉപയോഗിക്കാൻ പാടുള്ളൂ എന്നെഴുതിയ ബോർഡ് അവിടെ ഉണ്ടായിരുന്നെങ്കിലും ഇരുട്ടു കാരണം അതൊന്നും ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. ബസുകാരനും, വാട്ടർ പാർക്കിലെ ജീവനക്കാരും തമ്മിലുള്ള പരിചയത്തിന്റെ പേരിൽ കുളം ഉപയോഗിക്കാൻ അവർ അനുവദിച്ചു. കുളത്തിന്റെ പരിസരത്ത് വൈദ്യുതി വെളിച്ചം ഒട്ടുമേ ഇല്ലായിരുന്നു. യാത്ര ചെയ്തു മുഷിഞ്ഞതും ഉഷ്ണവും കാരണം വിദ്യാർത്ഥികൾ കുളത്തിൽ ചാടി. അധ്യാപികയും ഏതാനും വിദ്യാർത്ഥിനികളും താമസിക്കാനുള്ള മുറികളോടനുബന്ധിച്ച കുളിമുറികളിൽ കുളിക്കാൻ കയറി.
നാനിയുടെ ഉടമസ്ഥതയിലുള്ള വാർട്ടർ പാർക്കിലെ ഡൈവിംഗ് സ്റ്റാന്റിലെ രണ്ട് പലകകൾ ഇളക്കി മാറ്റിയ നിലയിലായിരുന്നു. എന്നാൽ വാട്ടർ പാർക്കിലെ ജീവനക്കാർ അക്കാര്യം ടൂർ ടീമിനെ അറിയിച്ചിരുന്നില്ല. ഡൈവിംഗ് സ്റ്റാന്റിന്റെ മുകളിൽ കയറിയ അധ്യാപകൻ കാലെടുത്തു വച്ചത് പലകയിളകിയ ഭാഗത്തേയ്ക്കായിരുന്നു. അധ്യാപകൻ 10 അടി താഴ്ചയിലേയ്ക്ക് പതിച്ചു. ഇടത് തോളും നട്ടെല്ലുമൊക്കെ ഇടിച്ചാണ് വീണത്. ബസുകാരനും വാട്ടർ പാർക്കിലെ ജീവനക്കാരനും കൂടി അധ്യാപകനെ സമീപപ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചു. എക്സ്റേ മുതലായ ടെസ്റ്റ്കൾ ചെയ്യിച്ച് ₹2000/- അധ്യാപകന്റെ പക്കൽ നിന്നും ആശുപത്രി അധികൃതർ ഈടാക്കി. ഡോക്ടർ എക്സ്റേ പരിശോധിച്ച ശേഷം ഒന്നുമില്ലെന്ന് പറഞ്ഞു. കുറച്ച് വേദന സംഹാരികളും കൊടുത്ത് കൈയ്യിലൊരു കെട്ടും കെട്ടി അവരെ പറഞ്ഞയച്ചു.
തുടർന്നുള്ള മൂന്ന് ദിവസങ്ങളിലെ യാത്രയും കുട്ടികളെ നിയന്ത്രിക്കലും അധ്യാപകനെ തളർത്തിയിരുന്നു. ടൂർ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ അധ്യാപകൻ ആലത്തൂരിലെ ഒരാശുപത്രിയിൽ എത്തി. കൂർഗിലെടുത്ത അതേ എക്സ്റേ കണ്ട ആലത്തൂരിലെ ആശുപത്രിക്കാർ എത്രയുംവേഗം ശസ്ത്രക്രിയ ചെയ്യണമെന്ന് നിർദ്ദേശിച്ചു. ഇത് കൂർഗിലെ ഡോക്ടറുടെ വിവരക്കേട് മൂലമാണോ അതോ ആശുപത്രിക്കാരും വാട്ടർ പാർക്കുകാരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണോ സംഭവിച്ചത്? ഏതായാലും ആലത്തൂരിലെ ആശുപത്രിയിൽ ഒരു സാമ്പത്തിക തരംഗം തുടങ്ങുന്നു. ചിലവ് വരുന്ന പോയിന്റിൽ സാമ്പത്തിക തരംഗത്തിന് ഒരു താഴ്ചയും വരവ് വരുമ്പോൾ ഒരു ഉയർച്ചയും ഉണ്ടെന്ന് വിചാരിക്കുക. ഈ ഉയർച്ച താഴ്ചകൾ ഒരേ തരംഗദൈർഘ്യത്തിലോ ആംപ്ലിറ്റ്യൂഡിലോ ഉള്ളതല്ല. ആയത്തിനും വ്യയത്തിനുമാനുപാതികമായി തരംഗത്തിലെ നിമ് നോന്നതങ്ങളിൽ വ്യത്യാസം വരും.
അങ്ങനെ തൃശ്ശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേയ്ക്കുള്ള അവരുടെ യാത്രയിൽ അവർ ഒരു ഓട്ടോ പിടിക്കുന്നു. ഓട്ടോ ചാർജ് കൊടുക്കുമ്പോൾ ഓട്ടോക്കാരന് ആയവും അധ്യാപകന് വ്യയവും. അധ്യാപകനെ ആശുപത്രിയിലാക്കിയ ശേഷം ഓട്ടോക്കാരൻ ഒരു പെട്രോൾ പമ്പിൽ കയറി തനിക്ക് കിട്ടിയ വരുമാനത്തിന്റെ ഒരു ഭാഗം അവിടെ ചിലവഴിക്കുമ്പോൾ അവിടെ മറ്റൊരു തരംഗം ആരംഭിക്കുന്നു. അധ്യാപകന്റെ ശസ്ത്രക്രിയ പലവിധ ടെസ്റ്റുകൾക്ക് ശേഷം ആശുപത്രിക്കാർ നടത്തി – അഞ്ചാറ് അംഗങ്ങളുള്ള സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ഈ അധ്യാപകൻ. ഈ അപകടം അവർക്ക് കൂനിൻമേൽ കുരു എന്നു പറഞ്ഞതു പോലെയായി. അധ്യാപകന്റെ അവസ്ഥ മനസ്സിലാക്കിയ ഐ എച്ച് ആർ ഡി ജീവനക്കാർ അവരവരുടെ സാമ്പത്തിക ശേഷിയനുസരിച്ച് പിരിവിട്ട് ആശുപത്രി ചിലവ് വഹിക്കാൻ തയ്യാറായി.
സ്ഥിരം ജീവനക്കാർക്ക് 2 മാസത്തെ ശമ്പളം ലഭിച്ചിരുന്നില്ല. താത്കാലിക ജീവനക്കാർക്കും ലാസ്റ്റ് ഗ്രേഡ് കാർക്കും മറ്റ് സ്ഥിര ജീവനക്കാർക്ക് മുമ്പേ ശമ്പളം നൽകിയിരുന്നു. സ്ഥിരവും അസ്ഥിരവുമായ ജീവനക്കാർ അധ്യാപകന്റെ പിരിവിട്ടപ്പോൾ ശമ്പളം കിട്ടാൻ വൈകിയിട്ടും അവർ അവരുടെ ആവശ്യങ്ങൾ മാറ്റി വച്ചായിരുന്നു (ഡിലേയ്ഡ്) പിരിവിട്ടത് . അങ്ങനെ പിരിവ് ആദ്യ തരംഗത്തിൽ മുട്ടിയെങ്കിലും ഇവിടെ ഓരോ ജീവനക്കാരിൽ നിന്നും വിവിധ തരംഗങ്ങൾ രൂപപ്പെടുകയായിരുന്നു(nonlinear). ശമ്പളമില്ലായ്മയും അപ്രതീക്ഷിത ചിലവും കൂടി വന്നപ്പോൾ അവരുടെ തരംഗങ്ങളിൽ അവരുടെ ആവശ്യങ്ങൾ മാറ്റിവയ്ക്കുക, ഓട്ടോപിടിയ്ക്കുന്നിടത്ത് നടക്കുക തുടങ്ങി ചിലവ് ചുരുക്കിയും , ചിലവ് മാറ്റിവച്ചും അവരവരുടെ തരംഗങ്ങൾ മുന്നോട്ട് പോയി. അവരിൽ നിന്നും സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തേണ്ടവർക്ക് ഡിലേ വന്നു. പറ്റ് വരവ് അടയ്ക്കാൻ കഴിയാതെ മുടങ്ങി. അങ്ങനെ ഓരോ ഐ എച്ച് ആർ ഡി ജീവനക്കാരുമായി ബന്ധപ്പെട്ട ത രംഗങ്ങൾ അല്പം താമസിച്ചത്( Delayed) ആയി.
ഇതിനിടയിൽ കന്നട സംസാരിക്കാനറിയുന്ന ഒരു അധ്യാപകൻ കൂർഗിലെ വാട്ടർ പാർക്കുടമയെ വിളിച്ച് സംസാരിച്ചു. ഉടമ നഷ്ടപരിഹാരം തരാൻ തയ്യാറല്ലായിരുന്നു. ബസുകാരനെ വിളിച്ച് സംസാരിച്ചു. അയാൾ 10000/- രൂപ നഷ്ടപരിഹാരം തരാൻ തയ്യാറായിരുന്നു. അയാൾ വീട് പണിയാൻ വച്ചിരുന്ന തുകയാണ് ഇങ്ങനെ മറിഞ്ഞത്. അങ്ങനെ അയാളുടെ വീടുപണിയിൽ കാലതാമസം വന്നു. അയാളിൽ നിന്ന് അയാളുടെ പണിക്കാർ വഴി നീളേണ്ടിയിരുന്ന സാമ്പത്തിക തരംഗത്തിന് കാലതാമസം വന്നു. അങ്ങനെ തുടർന്നു ഭവിക്കേണ്ടിയിരുന്ന പല തരംഗങ്ങളും താമസിച്ച് തുടങ്ങേണ്ടിവന്നു.
ഐ എച്ച് ആർഡി യിലെ ജീവനക്കാർ ആവശ്യങ്ങൾ മാറ്റിച്ച് ആശുപത്രി കടം വീട്ടി. അധ്യാപകനെ സിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചു. ഇത്രയുമായിട്ടും. ജീവനക്കാർക്ക് കിട്ടേണ്ട ശമ്പളം ഇതുവരെ കിട്ടിയില്ല. എന്നാൽ ഡിലേയ്ഡ് ബട്ടർ ഫ്ലൈ എഫക്ട് തുടരുന്നു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
ഡോ. ഐഷ വി
കൊല്ലം കോർപറേഷനിൽ നിന്ന് ലഭിച്ച രേഖകൾ പ്രകാരം അമ്മയും അനുജത്തിയും കൂടി നഗര പ്രദേശത്തിന്റെ പ്രൈമറി ഡാറ്റ ശേഖരിക്കാൻ ഇറങ്ങിയതാണ്. പി എച്ച് ഡി തിസീസിനു വേണ്ടി ഡാറ്റ ശേഖരിക്കുകയാണ് ലക്ഷ്യം. നഗര പ്രദേശത്തേയും ഗ്രാമ പ്രദേശത്തേയും ഡാറ്റ ശേഖരിയ് ക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ദിവസവും കൊല്ലം നഗരത്തിലെ ഡാറ്റ ശേഖരിക്കുന്നു. അതിരാവിലെ തന്നെ പ്രാതൽ മുതൽ അത്താഴം വരെയുള്ള വിഭവങ്ങൾ പാചകം ചെയ്ത് വച്ച ശേഷം അച്ഛനോട് എന്തൊക്കെ എവിടെയൊക്കെയാണ് ഇരിക്കുന്നതെന്ന് അമ്മ കാണിച്ചു കൊടുത്തു.
പ്രാതൽ കഴിച്ച് പൊതിച്ചോറും സഞ്ചിയിൽ വച്ച് അമ്മയും അനുജത്തിയും വീട്ടിൽ നിന്നിറങ്ങി. ചിറക്കര ത്താഴത്തു നിന്നും പരവൂർ, ചാത്തന്നൂർ, കൊട്ടിയം വഴിയായിരുന്നു കൊല്ലത്തേയ്ക്കുള്ള ബസ് യാത്ര. കൊല്ലം കോർപറേഷന്റെ എല്ലാ കൗൺസിലുകളിൽ നിന്നും ഡാറ്റ ശേഖരിക്കണം. പല വീടുകളിൽ കയറേണ്ടതുള്ളതിനാലും കാശ് സൂക്ഷിച്ചേ ചിലവാക്കൂ എന്നതിനാലും നടന്നായിരുന്നു വിവര ശേഖരണം. മീനചൂടിൽ ഉച്ചവരെ അവർ പല വീടുകൾ കയറി ഇറങ്ങി വിവരങ്ങൾ ശേഖരിച്ചു. നേരത്തേ പ്രിന്റെടുത്തു വച്ചിരുന്ന ചോദ്യാവലികളിൽ ഓരോന്നിലും അപ്പപ്പോൾ വിവരങ്ങൾ രേഖപ്പെടുത്തിയായിരുന്നു മുന്നേറ്റം. ചില വീട്ടിലെ അംഗങ്ങൾക്കെല്ലാം നര ബാധ കൂടുതലായിരുന്നു. ബ്രാഹ്മണരിലും പാൽ കൂടുതലായി ഉപയോഗിക്കുന്നവരിലുമാണ് നര ബാധ കൂടുതൽ എന്നായിരുന്നു അനുജത്തിയുടെ റിസർച്ചിന്റെ ഭാഗമല്ലാത്ത ഒരു കണ്ടെത്തൽ .
പലവീടുകൾ പിന്നിട്ട് അവർ ഇരവിപുരം ഭാഗത്തെത്തി. മീനചൂടു കൂടുതലായിരുന്നിട്ടും മകളെ പി എച്ച് ഡി കാരിയാക്കുന്നതിൽ അമ്മയ്ക്കായിരുന്നു ഉത്സാഹവും ആവേശവും . അങ്ങിനെയാണ് ശാരീരികമായ പല അസ്കിതകളും വകവയ്ക്കാതെ അമ്മ അനുജത്തിയോടൊപ്പം ഇറങ്ങിത്തിരിച്ചത്. മനസ്സാണ് പ്രധാനം. എന്തും ചെയ്യുന്നതും മനസ്സിന്റെ തന്നെ അദമ്യമായ ആഗ്രഹം മൂലമാണ്. തീവ്രമായ ആഗ്രഹമുള്ളതിനാൽ വിചാരിക്കുന്ന കാര്യം നടത്തിയെടുക്കുക എന്നത് അമ്മയുടെ സ്വഭാവമാണ്. അതിനാൽ മീനച്ചൂടോ , കാറ്റോ ,മഴക്കാലമോ, ദൂരമോ, രാവോ പകലോ ഒന്നും അമ്മയ്ക്ക് പ്രശ്നമല്ലായിരുന്നു. . അനുജത്തിയും അതുപോലെ തന്നെ. തീരുമാനിച്ചുറപ്പിച്ചാൽ പിന്നെ പിന്നോട്ടില്ല.
ഓരോ ദിവസവും ഇത്ര വാർഡുകളിൽ ഇത്ര വീടുകളിൽ കയറണമെന്ന് തീരുമാനിച്ചാൽ അത്രയും പൂർത്തിയാക്കും. അങ്ങനെ അവർ നടന്നു നടന്ന് ഇരവിപുരമെന്ന തീരപ്രദേശത്തെത്തി. അടുത്തുകണ്ട ഒരു കൊച്ചു വീട്ടിൽ അവർ കയറി. അവരുടേയും വിവരങ്ങൾ ചോദ്യാവലിയിൽ രേഖപ്പെടുത്തി. അവസാനം കൊണ്ടുവന്ന ഭക്ഷണം അവിടിരുന്ന് കഴിച്ചിട്ട് യാത്ര തുടരാം എന്നവർ തീരുമാനിച്ചു. ആ വീട്ടിൽ രണ്ട് പ്രായം ചെന്ന സ്ത്രീകളും അവരുടെ സഹോദരനുമായിരുന്നു താമസം. ഉച്ച ഭക്ഷണം അവിടെ വച്ച് കഴിക്കുന്നതിനിടയിൽ അവർ അമ്മയോടും അനുജത്തിയോടും കുശലാന്വേഷണം നടത്തി. ചിറക്കര ത്താഴത്താണ് വീടെന്ന് പറഞ്ഞപ്പോൾ അവരുടെ ബന്ധുക്കൾ ചിറക്കര ത്താഴത്തുണ്ടെന്ന് പറഞ്ഞു. അവിടെ നിന്നും ഒരു കാർത്തികേയൻ കരിക്കോട് ടി കെ എം എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക്ക് സിവിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന കാലത്ത് അവരുടെ വീട്ടിൽ താമസിച്ചാണ് കോളേജിൽ പോയി വന്നിരുന്നതെന്നും അവർ പറഞ്ഞു. കാർത്തികേയൻ മാമൻ അച്ഛൻെറ ഒരമ്മാവന്റെ മകനാണ്.
അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ നിന്നും കൊല്ലം പട്ടണത്തിലെത്താൻ ബസ്സില്ലായിരുന്നു. അങ്ങനെയാണ് കാർത്തികേയൻ മാമന്റെ ബന്ധുവായ അവരുടെ വീട്ടിൽ താമസിച്ച് കോളേജിൽ പോയത്. കാർത്തികേയൻ മാമൻ ബി ടെക്കിന് റാങ്ക് ജേതാവായിരുന്നു. ഞങ്ങളുടെ നാട്ടിലെ ആദ്യ എഞ്ചിനീയറും അദ്ദേഹം തന്നെ. ഐ ഐ എമ്മിൽ നിന്നും എം ബി എ എടുത്ത അദ്ദേഹം കൊച്ചിൻ ഷിപ്പിയാർഡിലും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. അങ്ങനെ പറഞ്ഞു വന്നപ്പോൾ വിവരശേഖരണത്തിന് ചെന്നവരും ആ വീട്ടുകാരും ബന്ധുക്കളായി.
ഭക്ഷണം കഴിഞ്ഞ് കൈ കഴുകാൻ അവർ ദൂരെയുള്ള വഴിവക്കിലെ പൈപ്പിൽ നിന്നും ശേഖരിച്ചു കൊണ്ടു വച്ചിരുന്ന വെള്ളമാണ് നല്കിയത്. ആ വീട്ടിൽ കിണർ ഇല്ലായിരുന്നു. പണ്ട് മറ്റു വീടുകളിലെ കിണറ്റിൽ നിന്നും ചുമട്ടുവെള്ളം കൊണ്ടു വരുമായിരുന്നു. പൈപ്പുവെള്ളം വന്നപ്പോൾ കിണറ്റിൽ നിന്നും കോരേണ്ട എന്നൊരു ഗുണമുണ്ട്. കിണർ കുഴിയ്ക്കാഞ്ഞതെന്തെന്ന് അനുജത്തി അവരോട് ചോദിച്ചു ? സഹോദരൻ കൂലിപ്പണിയെടുത്തും സഹോദരിമാർ റേന്ത തുന്നിയുമാണ് ജീവിക്കുന്നതെന്ന് അവർ പറഞ്ഞു. റേന്ത തുന്നാൻ അവരെ പഠിപ്പിച്ചത് സമീപത്തെ കന്യാസ്ത്രീ മഠത്തിലെ അമ്മമാരാണ്. അതിനാൽ കിണർ കുഴിക്കാനുള്ള പണം അവർക്കില്ലായിരുന്നു. അവിവാഹിതരായി കഴിയേണ്ടി വന്നതിന്റെ കാര്യവും അവർ വിശദീകരിച്ചു.
തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണകാലത്ത് പ്രശസ്തയായിരുന്ന ഒരു ഗായികയാണ് അവരുടെ അമ്മ. മഹാരാജാവിൽ നിന്നും ധാരാളം പട്ടും വളയും പതക്കങ്ങളും അവർക്ക് സമ്മാനമായി ലഭിച്ചിരുന്നു. അവരുടെ അച്ഛന് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ അമ്മയ്ക്ക് ലഭിച്ച പതക്കങ്ങളിൽ ഒന്ന് എടുത്ത് വിൽക്കാൻ ശ്രമിച്ചു. രാജമുദ്രയുള്ള(ശംഖ്) പതക്കം തിരിച്ചും മറിച്ചും നോക്കിയ കടയുടമയ്ക്ക് സംശയം പതക്കം ഇയാൾ മോഷ്ടിച്ച് കൊണ്ടുവന്നതാണോയെന്ന്. അങ്ങനെ കടയുടമ പതക്കവുമായി വന്നയാളെ രാജ കിങ്കരന്മാരുടെ കൈകളിലേൽപ്പിച്ചു . വിവരമറിഞ്ഞ ഗായികയുടെ സഹോദരന്മാർക്ക് നേരത്തെ കുറച്ച് ദേഷ്യം ഇവരുടെ അച്ഛനോട് ഉണ്ടായിരുന്നതിനാൽ അളിയൻ തങ്ക പതക്കം മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ചു എന്ന് കേസ് വാദിച്ചു. കേസിന്റെ ആവശ്യങ്ങൾക്കായി വസ്തുവകകൾ വിൽക്കേണ്ടി വന്നതും മാതാപിതാക്കളുടെ പെട്ടെന്നുള്ള മരണവും അവരെ അനാഥരും ദരിദ്രരുമാക്കി.
പിന്നെ അക്കാലത്ത് സ്ത്രീധനം കൊടുക്കാൻ കാശില്ലാതിരുന്നതിനാൽ അവർക്ക് അവിവാഹിതരായി തുടരേണ്ടി വന്നു. അവർ പറഞ്ഞു നിർത്തി. ഭക്ഷണം കഴിച്ച് ഒന്നു വിശ്രമിച്ച ശേഷമാണ് അമ്മയും അനുജത്തിയും മറ്റ് വീടുകളിലേയ്ക്ക് വിവര ശേഖരണത്തിനായി പോയത്.
സന്ധ്യയായപ്പോൾ ഉളിയനാട് വരെയെത്തുന്ന ബസ്സിൽ കയറി അമ്മയും അനുജത്തിയും നാട്ടിലെത്തി. വീട്ടിൽ നിന്ന് ആര് ദൂരേയ്ക് പോയാലും സന്ധ്യയായിട്ടും തിരിച്ചെത്തിയില്ലെങ്കിൽ അച്ഛന് വിഷമമാണ്. അച്ഛൻ പിന്നെ വീട്ടിൽ നിന്നും റോഡിലേയ്ക്കിറങ്ങുന്ന നടപ്പാതയിൽ താഴേ തട്ടിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങിൽ ചാരി പോയവർ വീട്ടിലെത്തുന്നതുവരെ റോഡിലേയ്ക്ക് നോക്കി നിൽക്കും. അനുജത്തിയും അമ്മയും എത്തിയപ്പോൾ അവർ ഒരുമിച്ച് വീട്ടിലെത്തി. ആ ദിവസങ്ങളിൽ ഞാനും വീട്ടിലെത്തിയിരുന്നു. കൈകാലും മുഖവുമൊക്കെ കഴുകി വൃത്തിയാക്കി നിലവിളക്കും കൊളുത്തി ചായ കുടിയും കഴിഞ്ഞ് ഞാനും അനുജത്തിയും വിശേഷങ്ങൾ പറയാനൊരുങ്ങി. അവൾ വാതോരാതെ വള്ളിപുള്ളി വിടാതെ അന്നത്തെ വിശേഷങ്ങൾ പറഞ്ഞു. ഞാൻ കേട്ടുകൊണ്ട് ഇരുന്നു കൊടുത്താൽ മാത്രം മതി. എന്തൊക്കെ കറികൾ നേരത്തേ വച്ചിട്ടുണ്ടെങ്കിലും ഒന്നുരണ്ട് കറികൾ കൂടി രാത്രി വയ്ക്കുക അമ്മയുടെ ശീലമാണ്. അങ്ങനെ അമ്മ അടുക്കളയിലേയ്ക്ക് പോയി. റിസേർച്ചൊക്കെ കഴിഞ്ഞ് എം ജി യുണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ പി എച്ച് ഡി അവാർഡ് ചെയ്തപ്പോൾ അനുജത്തി ഞങ്ങളുടെ നാട്ടിലെ ആദ്യ പി എച്ച് ഡി ക്കാരിയായി.അനുജത്തി ഡോ. അനിത. വി ഇപ്പോൾ കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമാണ്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
രാധാകൃഷ്ണൻ മാഞ്ഞൂർ
‘ഈ ജീവിതത്തിൽ ചേട്ടൻ തൃപ്തനാണോ ‘ എൻറെ ചോദ്യം അപ്രതീക്ഷിതമായിരുന്നു . (ഭാര്യയെയും മക്കളെയും ഇട്ടെറിഞ്ഞുള്ള ഈ സഞ്ചാരം ശരിയാണോ എന്നുള്ള അർത്ഥത്തിലായിരുന്നു ചോദ്യം.)
‘പൂർണ്ണ തൃപ്തൻ. എനിക്ക് കാണേണ്ട ആളെ ഇന്ന് കണ്ടു. എൻറെ മകളെ …
അവൾക്കു മാത്രമേ എന്നോട് ഇഷ്ടമുള്ളൂ. പിന്നെയുള്ള രണ്ട് ആൺ മക്കൾക്കും എന്നെ ഇഷ്ടമില്ല. മകൾക്കറിയാം ഞാൻ ഈ അമ്പലത്തിൽ വരുമെന്ന് . കലണ്ടറിൽ നോക്കി പ്രധാന അമ്പലങ്ങളിലെ ഉത്സവങ്ങൾ അവൾ കണ്ടുപിടിക്കും . എന്നെ കാണണമെന്ന് തോന്നുമ്പോൾ അവൾ വരും, … ഇന്നലെ വന്നത് അവളും , മകളും കൂടിയാ…’
ഗോപാലേട്ടൻ ചിരിച്ചു.
ഞാൻ ചിരിച്ചില്ല … കലണ്ടറിൽ നോക്കി ഉത്സവസ്ഥലത്തു നിന്ന് അച്ചനെ കാണുന്ന മകൾ … മുത്തച്ചനെ കാണുന്ന കൊച്ചുമകൾ …
എനിക്ക് പുച്ഛം തോന്നുന്നു.
എന്തൊരു ജീവിത ശൈലിയുടെ ഉടമയാണീയാൾ …?
‘ എങ്ങനെയാണ് ജീവിതച്ചിലവ് ?’
അതിനൊക്കെ ചില പൊടികൈകളുണ്ട്. വാ കീറിയ തമ്പുരാൻ ഇരയും തരും . ‘
തുകൽ ബാഗിനുള്ളിൽ നിന്നും ഒരു ലെൻസെടുത്തു കാണിച്ചു . ‘ഇത് കണ്ടോ … ഹസ്തരേഖാ പ്രവചനം ‘ ഗോപാലേട്ടൻ വീണ്ടും ചിരിച്ചു.
ശരിക്കും ഞെട്ടിയത് ഞാനാണ്.
മനുഷ്യൻറെ ഭാവി ഭൂത വർത്തമാനങ്ങളുടെ ഉടമസ്ഥനാണ് എൻറെ അരികിൽ നിൽക്കുന്ന ഈ മനുഷ്യൻ . ഇയാളെ ഇപ്പോഴും പൂർണമായി മനസ്സിലാക്കാൻ പറ്റുന്നില്ല .
‘എങ്കിൽ എൻറെ കൈ ഒന്ന് നോക്കൂ’ അദ്ദേഹം ലെൻസെടുത്ത് എൻറെ കൈരേഖകളിലൂടെ കടന്നുപോയി. നിസ്സഹായതയിൽ പൊതിഞ്ഞ ഒരു ചിരി എനിക്ക് സമ്മാനിച്ചു.
‘ ഇത്തവണയെങ്കിലും പി എസ് സി റാങ്ക് ലിസ്റ്റിൽ വരുമോ . പരീക്ഷ എളുപ്പമായിരിക്കുമോ .
എനിക്ക് മറ്റൊന്നും അറിയണ്ട . ‘
‘റാങ്ക് ലിസ്റ്റിൽ കടന്നു കൂടാൻ നിന്റെയീ കൈരേഖകൾ പോരാ. കാരണം നീയൊരു വിഡ്ഢിയാണ്. ‘ ഗോപാലേട്ടൻ വീണ്ടും ചിരിക്കുന്നു.
എന്റെ അഹങ്കാരത്തിനു മുകളിൽ സ്വയം ബുദ്ധിജീവി ചമയുന്ന ധാർഷ്ട്യത്തിന് മുകളിലൊക്കെ ആ ചിരി പരന്നൊഴുകുന്നു.
എനിക്ക് ഗോപാലേട്ടനെ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത് .
ഒരു ദക്ഷിണ പോലും കൊടുക്കാതെ ഞാനെഴുന്നേറ്റു . ഭാവി ഭൂത വർത്തമാനങ്ങളൊക്കെ എത്ര കൃത്യമായി അയാൾ കണ്ടെത്തിയിരിക്കുന്നു. പൂർവ്വ കാലങ്ങളൊക്കെ മനസ്സിലാക്കിയ ആ മനുഷ്യനു മുന്നിൽ ഞാൻ വല്ലാതെ ചെറുതാകുന്നത് പോലെ … ‘രാധാകൃഷ്ണാ ഈ ഭൂമിയിൽ നമ്മളൊക്കെ എത്ര നിസ്സാരൻമാരാണ്. ഒന്നിലും അഹങ്കരിക്കണ്ട … പറ്റുമെങ്കിൽ ആരെയും ഉപദ്രവിക്കാതെ ജീവിക്കാൻ നോക്കുക. ജീവിതം നിരീക്ഷിക്കുക …നമ്മൾ നമ്മളായി തന്നെ ജീവിക്കുക …”
ഗോപാലേട്ടൻ ഒരു ഫിലോസഫറെപ്പോലെ സംസാരിച്ചു. അസൂയയുടെയും, കുശുമ്പിന്റെയും കൊമ്പ് ഒടിച്ചതിന്റെയും ആഹ്ലാദത്തിൽ ഗോപാലേട്ടൻ അമ്പലത്തിലെ തിരക്കുകൾ നോക്കിനിന്നു …
പിറ്റേദിവസം രാവിലെ പി എസ് സി പരീക്ഷാ കേന്ദ്രത്തിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ . തുണിസഞ്ചിക്കുള്ളിൽ ഹാൾ ടിക്കറ്റും, പി എസ് സി ഗൈഡും ഒരിക്കൽകൂടി കരുതലോടെ പരിശോധിച്ചു.
ഗോപാലേട്ടന് എന്നോട് എന്തോ പറയാനുണ്ടെന്ന് തോന്നി.
‘ ഇന്ന് ഞാൻ മടങ്ങുന്നു …’
എങ്ങോട്ടൊന്നും ഞാൻ ചോദിച്ചില്ല. (ലോകമേ തറവാടെന്നുള്ള ജീവിതക്കാരനോട് ആ ചോദ്യം ചോദിക്കുന്നത് ശരിയല്ല . )
‘പാലക്കാട് ഒന്നുരണ്ട് ഉത്സവങ്ങളുണ്ട് … അങ്ങോട്ട് പോവുന്നു.’
‘ കുറച്ചു ദിവസം ഇവിടെ കാണുമെന്നല്ലെ പറഞ്ഞത്. പിന്നെന്താണ് പെട്ടെന്നൊരു യാത്ര …?’
‘എനിയ്ക്ക് പോവണം കുഞ്ഞെ ‘ ഗോപാലേട്ടന്റെ വാക്കുകളിൽ എന്തെങ്കിലും കുറ്റബോധമുണ്ടോ ?
എനിയ്ക്കാകെ സങ്കടം തോന്നി. ഇന്നലെ ഉച്ചമുതൽ കൂടെ കൂടിയ ഒരു സൗഹൃദം, എന്നെ ഈ മഹാക്ഷേത്രത്തിന്റെ തിരക്കുകളിൽ ഒരു കെയർടേക്കറെപ്പോലെ സംരക്ഷിച്ച മനുഷ്യൻ … പ്രായത്തിന്റെ അകലമുണ്ടെങ്കിലും ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ എന്നോട് പെരുമാറിയ മനുഷ്യൻ…
എൻറെ ചിന്തകൾ മറ്റൊരുതരത്തിൽ കാടുകയറി. ഇന്നലെ വന്ന മകൾ അച്ഛനെപ്പറ്റി അമ്മയോടും ആങ്ങളമാരോടും വിവരം പറഞ്ഞു കാണും . ഒരു പക്ഷെ പുറപ്പെട്ടുപോയ അച്ഛനെ തേടി അവർ വരുമായിരിക്കും. ഭാവി കാര്യങ്ങൾ വായിച്ചെടുക്കാൻ കഴിവുള്ള ഗോപാലേട്ടൻ ഇതു മനസ്സിലാക്കി മുങ്ങുകയാണ്. എന്റെ ഊഹം ശരിയാണെന്ന് തന്നെ കരുതുന്നു. കാരണം ഗോപാലേട്ടൻ ആരെയോ ഭയക്കുന്നു …ആരെയോ പുറത്തെ തിരക്കിൽ പ്രതീക്ഷിക്കുന്നു.
( ഇത്രയും കാലം തിരക്കാതിരുന്ന ഒരാളെ തേടി അവർ വരുമോ … എന്തോ എനിക്കറിയില്ല. ഗോപാലേട്ടൻ എന്നെ ധർമ്മസങ്കടത്തിലാക്കി. പി എസ് സി ടെസ്റ്റിനു വേണ്ടി പഠിച്ച ചോദ്യോത്തരങ്ങൾ ബാഷ്പീകരിച്ചു പോയതുപോലെ …
‘ചേട്ടാ ഹാളിലേക്ക് കയറാൻ സമയമായി . ‘ ഞാൻ തിരക്കു കാട്ടി.
‘ ശരി അനിയാ… നമുക്ക് ഇനി എവിടെയെങ്കിലും വച്ചു കാണാം. ഒരുപക്ഷെ ഏറ്റുമാനൂരമ്പലത്തിൽ, അല്ലെങ്കിൽ തിരുനക്കരയിൽ … ഗോപാലേട്ടൻ ചിരിക്കുന്നു …
“നിനക്ക് ഒന്നുമെ തെരിയലെ … ശാപ്പാട്ടുമേ തെരിയും …” എന്റെ അഹംബോധത്തിനു മുകളിൽ ആ ചിരി വീണ്ടും …
അടുത്ത ഉത്സവ സ്ഥലത്തേക്കു പോവാൻ വണ്ടിക്കൂലി വല്ലതും വേണോ … ഞാനൊന്നും ചോദിച്ചില്ല … ഗോപാലേട്ടൻ യാത്രയായി .
ആ മനുഷ്യൻ നടന്നു നീങ്ങുന്നത് നോക്കി ഞാൻ നിന്നു .
ഗോപാലേട്ടാ താങ്കൾ ആരാണ് ?
ജീവിതത്തിൻറെ പൊള്ളുന്ന നിറഭേദങ്ങളിൽ നിന്നും പിൻ തിരിഞ്ഞ് എങ്ങോട്ടാണ് യാത്ര … ഈ ഉത്സവകാഴ്ചകൾ താങ്കൾക്കെന്താണ് സമ്മാനിക്കുന്നത് …
ഉപരേഖ
ഇന്ന് തികച്ചും അപ്രതീക്ഷിതമായി പ്രിയപ്പെട്ട എഴുത്തുകാരൻ ഫാദർ ബോബി കട്ടിക്കാടിന്റെ ‘സഞ്ചാരിയുടെ ദൈവം’ എന്ന പുസ്തകം വായിച്ചു . ഞാൻ തുറന്ന പേജിൽ ഒരു വാചകം ഇങ്ങനെ എഴുതി കണ്ടു ” ഭക്തിയും , പ്രാർത്ഥനയുമൊക്കെ കർമ്മം ചെയ്യുന്നവന്റെ കരുത്താണ് , കടമകളിൽനിന്ന് ഒളിച്ചോടുന്നവന്റെ അഭയമല്ല “
രാധാകൃഷ്ണൻ മാഞ്ഞൂർ
സ്വന്തം ഇഷ്ടങ്ങളുടെ ആകാശത്ത് പറന്നു നടക്കാൻ ഏതു മനുഷ്യനും ആഗ്രഹമുണ്ട് . സ്വാതന്ത്ര്യത്തിന്റെ വിശാല ഭൂമികയാണത്. കാണുന്നതൊക്കെ വർണ്ണക്കാഴ്ചകൾ മാത്രം. ജീവിതത്തിൽ ഏറ്റവും ധനികനായ മനുഷ്യൻ ഞാനാണെന്നു പറഞ്ഞ വ്യത്യസ്തനായ ഗോപാലേട്ടൻ കരീലക്കുളങ്ങര സ്വദേശി. ഏകദേശം 60 വയസ്സ് തോന്നിക്കുന്ന ഒരു സാധുമനുഷ്യൻ. 1999 ഏപ്രിൽ മാസത്തിലെ ഒരു വേനൽ പകൽ . അമ്പലപ്പുഴ ഗവൺമെൻറ് മോഡൽ സ്കൂളിൽ നടക്കുന്ന പി എസ് സി ടെസ്റ്റിൽ പങ്കെടുക്കാൻ എത്തിയതാണ് ഞാൻ .
ചുറ്റുവട്ടത്തുള്ള എല്ലാ ലോഡ്ജുകളും ഉദ്യോഗാർത്ഥികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഗവൺമെൻറ് സ്കൂളിനരുകിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നു. പതിയെ ഇവിടെയങ്ങു കൂടാം.
അമ്പലവും, അവിടുത്തെ മനുഷ്യരും ആലസ്യത്തിലാണ്. ഒരു ഗാനമേള ട്രൂപ്പ് അവരുടെ സംഗീതോപകരണങ്ങൾ സ്റ്റേജിനു സമീപം ഇറക്കി വയ്ക്കുന്നു. ദൂരെ നിന്നു വന്ന ഒരു തീർത്ഥാടക സംഘം അമ്പലവും, പരിസരവും കണ്ടു നടക്കുന്നു. അവരുടെ കുഞ്ഞുങ്ങൾ വലിയ ആഹ്ളാദത്തിലാണ്.
ഞാൻ അമ്പലത്തിന്റെ തിരക്ക് കുറഞ്ഞ ഭാഗത്തേക്ക് മാറിയിരുന്നു. യാത്രയുടെ ക്ഷീണം വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്.
‘എവിടുന്നു വരുന്നു ‘ തൊട്ടരികിലിരുന്ന ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളാണ് ചോദിച്ചത്.
‘അല്പം ദൂരം നിന്നാണ് – മാഞ്ഞൂര് ‘ ഞാൻ മറുപടി പറഞ്ഞു.
‘മാഞ്ഞുരോ… ? ‘ അയാൾ ആ സ്ഥല നാമത്തെ പ്പറ്റി ആലോചിക്കുകയാണ്. അദ്ദേഹത്തിൻറെ മനോമുകരത്തിൽ അങ്ങനെയൊരു പേര് കേട്ടിട്ടില്ലാത്തതുപോലെ …
ഞാൻ വിശദമാക്കാൻ തീരുമാനിച്ചു. ‘ഏറ്റുമാനൂരമ്പലത്തിനടുത്തുള്ള സ്ഥലമാണ് … ‘
ഞാൻ വീണ്ടും നിശബ്ദനായിരുന്നു. ചേട്ടൻ വിടുന്ന മട്ടില്ല … “ഏറ്റുമാനൂരമ്പലത്തിലെ ഉത്സവത്തിനു ഞാൻ വന്നിട്ടുണ്ട് …ഏഴരപ്പൊന്നാന അവിടുത്തെ വില്ലുകുളം … ” അദ്ദേഹം ഓർത്തെടുത്തു പറഞ്ഞുകൊണ്ടിരുന്നു.
സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ടീമിൻറെ ചിത്രങ്ങളിൽ കാണുന്ന സാധാരണക്കാരനായ ഗ്രാമീണന്റെ രൂപഭാവമുള്ള ഒരു മനുഷ്യൻ … കണാരേട്ടൻ , കേളുവേട്ടൻ എന്നൊക്കെ വിളിക്കാവുന്ന ഒരു രൂപം.
എന്റെ യാത്രാ ഉദ്ദേശമടക്കമുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്തിനാണ് ഈ അപരിചിതൻ ഇതൊക്കെ ചോദിച്ചറിയുന്നതെന്ന് ചിന്തിക്കാതിരുന്നില്ല…
‘ നീ ഭക്ഷണം കഴിച്ചോ … ഇവിടെ പ്രസാദമൂട്ടുണ്ടായിരുന്നു.’
‘ ഞാൻ ഹോട്ടലിൽ നിന്നും ഊണുകഴിച്ചു .’ രൂപയുടെ കുറവു കൊണ്ട് ഞാൻ ഒന്നും കഴിച്ചിരുന്നില്ല.
എൻറെ ഏകാന്ത ചിന്തകൾക്കിടയിൽ പലപ്പോഴും പല പല ചോദ്യങ്ങളുമായി ഗോപാലേട്ടൻ കടന്നു വന്നു കൊണ്ടിരുന്നു.
വൈകുന്നേരം 5 മണിക്ക് ഒരു ചായ കുടിയ്ക്കാൻ എഴുന്നേറ്റപ്പോൾ ഞാൻ ഗോപാലേട്ടനെയും ക്ഷണിച്ചു. ഒരു മടിയും കൂടാതെ അദ്ദേഹവും കൂടെ വന്നു. ഇത്രയും സമയത്തിനുള്ളിൽ അദ്ദേഹത്തിൻറെ പൂർവ്വാശ്രമ ജീവിതം ഞാനും ചോദിച്ചറിഞ്ഞു.
ഗോപാലൻ എന്നു പേര്.
കരീലക്കുളങ്ങര സ്വദേശി.
വിവാഹിതൻ. ഭാര്യയും, മൂന്നു മക്കളുമുണ്ട് . ഇപ്പോൾ നാടു വിട്ടിറങ്ങിയിട്ട് 17 വർഷമായിരിക്കുന്നു. ഉത്സവങ്ങൾ കൺനിറയെ കാണുക, ആ തിരക്കിൽ മുങ്ങി നിവർന്നങ്ങനെ എങ്ങോട്ടൊക്കെയോ സഞ്ചരിക്കുക… ഈശ്വരാ ഇങ്ങനെയും മനുഷ്യരോ?.
നന്നേ ചെറുപ്പത്തിൽ ‘പുറപ്പെട്ടു പോയി ‘ . അതും രണ്ടു തവണ …(പണ്ട് ഞങ്ങളുടെ ഗ്രാമത്തിലും ഇതുപോലെ ‘പുറപ്പെട്ടു’ പോകുന്ന വിദ്വാന്മാരുണ്ടായിരുന്നു.)
‘ രണ്ടു തവണയും വീട്ടുകാർ പിടിച്ചോണ്ടുപോന്നു… വിവാഹം കഴിഞ്ഞ് മൂത്തവന് 20 വയസ്സായപ്പോൾ തോന്നി എങ്ങോട്ടെങ്കിലും പോവണമെന്ന് … എന്റെ വീട്ടുകാരി തങ്കമ്മയുമായി ഒരു വിധത്തിലും ചേർന്ന് പോവില്ലായിരുന്നു. അങ്ങനെ രണ്ടാൺകുഞ്ഞുങ്ങളെയും ഒരു പെൺകുഞ്ഞിനെയും ഉപേക്ഷിച്ചുള്ള യാത്ര ഇന്നും തുടരുന്നു. ‘
ചേട്ടന് ഇങ്ങനെ നടക്കണമെന്നുണ്ടായിരുന്നെങ്കിൽ വിവാഹം കഴിക്കാതെ ആകുമായിരുന്നല്ലോ … വെറുതെ അവരുടെ ജീവിതം … ആശ്രയം ഇതൊക്കെ തകർത്തില്ലെ…
ഞാൻ ചോദിച്ച ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല …പകരം ചായ തണുത്തു പോവും … അതു കുടിക്ക് എന്നു പറഞ്ഞു.
തികച്ചും ഒരു അവധൂതനെപ്പോലെ സഞ്ചരിക്കുന്ന ഒരു മനുഷ്യൻ … ഈ ജീവിത നിയോഗമെന്താവാം . ഞാൻ പലവിധ ചിന്തകളിൽ പെട്ടുപോവുന്നു.
കടയ്ക്കു പുറത്തിറങ്ങിയപ്പോൾ അമ്പലത്തിലെ ഒരു കാഴ്ച കാണാൻ ഗോപാലേട്ടൻ ക്ഷണിച്ചു.
ഞാൻ അദ്ദേഹത്തിനൊപ്പം ഒരു തടികൊണ്ടുള്ള പ്ലാറ്റ്ഫോമിനു മുമ്പിൽ ചെന്നുനിന്നു.
‘ഇതു കണ്ടിട്ടുണ്ടോ … കുഞ്ചൻനമ്പ്യാരുടെ മിഴാവാണ് .. ‘
ഞാൻ അത്ഭുതപ്പെട്ടു നിന്നു .
‘കുഞ്ചൻസ് മിഴാവ് ‘ എന്ന് ഇംഗ്ലീഷിലും, മലയാളത്തിലുമൊക്കെ രേഖപ്പെടുത്തിയിരിക്കുന്നു.
കൂത്ത് നടന്ന വേദിയിൽ ഉറങ്ങിപ്പോയ കുഞ്ചന് ഏറ്റുവാങ്ങേണ്ടിവന്നത് ആളുകളുടെ കളിയാക്കൽ ചിരികളായിരുന്നു. അതുകൊണ്ട് നമുക്ക് കിട്ടിയതോ ‘തുള്ളൽ ‘ എന്നൊരു കലാരൂപം. ആ വലിയ കലാകാരന്റെ വാദ്യോപകരണത്തിൽ ഒന്ന് തൊട്ടു തലോടണമെന്ന് തോന്നി . ഞാൻ ഭയ ഭക്തി ബഹുമാനങ്ങളോടെ പ്ലാറ്റ്ഫോമിൽ കയറിനിന്നു . വലയടിച്ചു വച്ചിരിക്കുന്ന മിഴാവിനു മുകളിൽ കൈകൾ ചേർത്തു വച്ചു. ആ ക്ലാവു പിടിച്ച ഗന്ധത്തിൽ കുഞ്ചൻനമ്പ്യാരുടെ വിരലുകൾ എന്നെ ആശ്ലേഷിച്ചുവെന്ന് ഞാൻ വിശ്വസിച്ചു .
തട്ടിൽ നിന്നിറങ്ങി വന്നപ്പോൾ തുള്ളൽ കഥകളെപ്പറ്റിയായി ഗോപാലേട്ടന്റെ സംസാരം. ‘ ഞാൻ പുള്ളീടെ നാട്ടിലെ അമ്പലത്തിൽ ഉത്സവത്തിന് പോയിട്ടുണ്ട് …,’
‘ കലക്കത്തു ഭവനത്തിനടുത്തോ ‘ ഞാൻ അവിശ്വസിക്കുന്നുവെന്ന് ഒരു തോന്നൽ അദ്ദേഹത്തിനുണ്ടായെന്നു തോന്നുന്നു.
‘മലബാറിലെ തെയ്യക്കാലങ്ങൾ തുടങ്ങിയാൽ ഞാൻ പിന്നെ അവിടെയാണ് …’
കോലത്തുനാട്ടിലെ തെയ്യം … മനുഷ്യൻ ദേവതാരൂപം പൂണ്ടു നിൽക്കുന്ന അമ്മ ദൈവങ്ങൾ … തോറ്റവും , വെള്ളാട്ടവുമൊക്കെ … തുലാമാസം മുതൽ ജൂൺ അവസാനം വരെയുള്ള തെയ്യക്കാലങ്ങളിലേക്ക് ഗോപാലേട്ടൻ സഞ്ചരിച്ചു. വനദേവതകൾ, നാഗകന്യകകൾ, വീരൻമാർ അങ്ങനെയങ്ങനെ…
(തുടരും )
ഡോ. ഐഷ വി
ഫോൺ റിങ് ചെയ്തപ്പോൾ ഞാനതെടുത്തു ഹലോ പറഞ്ഞു. അങ്ങേ തലയ്ക്കൽ നിന്നും ചോദ്യം : “ഇത് ഐഷയാണോ?” ഞാൻ ” അതേ” എന്ന് പറഞ്ഞു .”തളിപ്പറമ്പ് എസ് ബി ഐയിൽ നിന്നാണ്. ഒരു അക്കൗണ്ട് ക്ലോസ്സ് ചെയ്യാനുള്ള അപേക്ഷ കൊടുത്തിരുന്നില്ലേ? അത് ക്ലോസ്സ് ചെയ്ത് തുക ജോമിഷയ്ക്ക് കൊടുക്കട്ടേ?” ഞാൻ “കൊടുത്തോളൂ ” എന്ന് പറഞ്ഞു. ” അത് കൺഫേം ചെയ്യാനാണ് വിളിച്ചത്” . അങ്ങേ തലയ്ക്കൽ നിന്നുമുള്ള മറുപടി. അല്പനേരം കഴിഞ്ഞ് വാട്ട് സാപിൽ മെസ്സേജ് വന്ന ശബ്ദം കേട്ടു: * ക്ലിങ്ങ്, ക്ലിങ്ങ്, ക്ലിങ്ങ്'” . ജോമിഷയാണെന്ന് ഫോണിലെ മെസ്സേജ് അലർട്ട് നോട്ടിഫിക്കേഷനിൽ നിന്നും മനസ്സിലായി. ഞാൻ വാട്സാപ് ഓപൺ ചെയ്തു. ജോ മിഷയുടെ മെസ്സേജ് നോക്കി.
‘കാശിന്റെ ഫോട്ടോ , തുകയെഴുതിയ ചെക്കിന്റെ ഫോട്ടോ . ₹35164/- തുക രാജീവേട്ടന്റെ കൈയിൽ പ്രിൻസിപ്പാളിന് കൊടുക്കാൻ കൊടുത്തു.
പിന്നെ പുഞ്ചിരിയ്ക്കുന്ന ഒരു സ്മൈലി .’ ഇത്രയുമാണ് ജോ മിഷയുടെ മെസ്സേജ്. എന്റെ മനസ്സ് വാട്സാപിൽ നിന്നും 2013-14 കാലഘട്ടത്തിലേക്ക് പറന്നു.
കൃഷ്ണേട്ടന്റെ വീടിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനും മക്കളില്ലാത്ത അന്ധ ദമ്പതികളായ കൃഷ്ണേട്ടനും ഭാര്യയ്ക്കുമായി ഒരു ശൗചാലയം പണിയുന്നതിനുമാട്ടാണ് ഞാനും ജോമിഷയും ഒരു ജോയിന്റ് അക്കൗണ്ട് തളിപ്പറമ്പ് എസ് ബി ഐയിൽ തുടങ്ങിയത്. അത് ക്ലോസ്സ് ചെയ്ത ദിവസമായിരുന്നു ഇന്ന്.
സഞ്ജീവനി പാലിയേറ്റീവ് കെയർ കാരോടൊപ്പം നടത്തിയ ഒരു യാത്രയിലാണ് ഞങ്ങൾ കൃഷ്ണേട്ടനും ഭാര്യ മറിയാമ്മേട്ടത്തിയ്ക്കും ശൗചാലയമില്ലെന്ന വിവരം അറിയുന്നത്. അവരെ സഹായിയ്ക്കാൻ മറ്റാരുമില്ല. പലരും വാഗ്ദാനങ്ങൾ പലതും നടത്തിയെങ്കിലും അതെല്ലാം വാഗ്ദാനങ്ങൾ മാത്രമായി തുടർന്ന സാഹചര്യത്തിലാണ് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂടിയ യോഗം ശൗചാലയം നിർമ്മിച്ചു നൽകാൻ തീരുമാനമെടുക്കുന്നത്. സ്വരൂപിയ്ക്കുന്ന പണം നിക്ഷേപിയ്ക്കാൻ എന്റെ വക ആദ്യ സംഭാവനയുമായി ഞാനും ജോമിഷയും കൂടി അക്കൗണ്ട് തുറന്നു. തീരുമാനമെടുത്തതു മുതൽ സ്റ്റാഫും കുട്ടികളും ഉത്സാഹിച്ചു നിന്നു.
കുട്ടികൾ കൃഷ്ണേട്ടന്റെ വീട്ടിൽ പണി ചെയ്യാൻ പോകുമ്പോൾ അധ്യാപകരും ഊഴം വച്ച് കുട്ടികളെ അനുഗമിച്ചിരുന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ ഉപദേശക സമിതി യോഗത്തിലെടുത്ത തീരുമാന പ്രകാരമായിരുന്നു അത്. അങ്ങനെ ഒരു ദിവസം പണി തുടങ്ങി. കുട്ടികൾ ചെയ്യുന്ന പണി കൂടാതെ വൈദഗ്ദ്ധ്യം വേണ്ട പണികളിൽ ജോമിഷയുടെ പരിചയക്കാർ സഹായിച്ചു. ശൗചാലയത്തിന്റെ പണി നടക്കുമ്പോഴാണ് ആ വീട്ടിലെ പല പല പ്രശ്നങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നത്. വീടിന്റെ ചോർച്ച, ദ്രവിച്ച ജനാലകൾ , വാതിലുകൾ , അടുക്കളയിലെ ചില പ്രശ്നങ്ങൾ . ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ജോമിഷ എന്നെയും കൂട്ടി തളിപറമ്പിലെ ഒരു പള്ളിയിൽ പോയിരുന്നു. ഒരിക്കൽ ഫാ. സുക്കോൾ ഈ ദമ്പതികൾക്ക് ഒന്നരയേക്കർ സ്ഥലം നൽകിയതല്ലേ, അവർ അത് പ്രയോജനപ്പെടുത്തിയില്ലല്ലോ എന്ന് പറഞ്ഞ് അവർ ഞങ്ങളെ കൈയ്യൊഴിഞ്ഞു. ക്ലോസറ്റ് , സിമന്റ്, വാതിലുകൾ , ജന്നലുകൾ എന്നിവ പല കടയുടമകൾ സ്പോൺസർ ചെയ്തു. മണൽ, കല്ല് തുടങ്ങിയവ ജോമിഷയും മറ്റ് കുട്ടികളും ചേർന്ന് അയൽ പക്കങ്ങളിൽ നിന്നും അവരുടെ പണി കഴിഞ്ഞ് മിച്ചം കിടന്നവ സംഘടിപ്പിച്ചു. ചിലർ നൽകി. ചിലർ വിമുഖത പ്രകടിപ്പിച്ചു .
കൃഷ്ണൻ മറിയാമ്മ ദമ്പതികളുടെ വീട്ടിലേയ്ക്ക് നേരേ ചൊവ്വേ വഴിയില്ലാത്തതിനാൽ സാധന സാമഗ്രികൾ എത്തിയ്ക്കാനും പ്രയാസമായിരുന്നു. പിന്നെ ജോമിഷയുടെ നേതൃത്വത്തിൽ ബസ്സിൽ പോകേണ്ടിടത്ത് നടന്നും , മിഠായി കമ്പനിയിൽ നിന്ന് മിഠായി വാങ്ങി വിറ്റും , കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചും അവർ തുക സ്വരൂപിച്ചു. സ്വരൂപിച്ച തുകകൾ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. കുട്ടികൾ കൃഷ്ണേട്ടന്റെ വീടിന്റെ എല്ലാ അറ്റകുറ്റ പണികളും തീർത്ത് വീട് പെയിന്റടിച്ച് മോടി പിടിപ്പിച്ചു. ദമ്പതികൾക്ക് സന്തോഷമായി. അങ്ങനെ ഉത്ഘാടന ദിവസമെത്തി. നാഷണൽ സർവ്വീസ് സ്കീം അംഗങ്ങളുo സഞ്ജീവനി പാലിയേറ്റീവ് കെയർ അംഗങ്ങളും മറ്റ് പൗര പ്രമുഖരും പങ്കെടുത്ത യോഗത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവ്വീസസ് , ശ്രീ അനിൽകുമാർ സർ(പരേതനായ പ്രൊഫ. എം എൻ വിജയന്റെ മകൻ) ഉത്ഘാടനം നിർവ്വഹിച്ചു.
ജോമിഷ കോഴ്സ് കഴിഞ്ഞ് പോകുന്നതു വരെ കുട്ടികൾ ദമ്പതികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുവാനായി അവിടെ പോയിരുന്നു.
2014 -ൽ കേരളത്തിലെ മികച്ച എൻ എസ് എസ് വോളന്റിയർ മാർക്കുള്ള അവാർഡ് ജോമിഷയ്ക്ക് ലഭിച്ചു. അപ്പോഴേയ്ക്കും എനിയക്ക് കാർത്തികപള്ളിയ്ക്ക് ട്രാൻസ്ഫർ ആയിരുന്നു. ഞാൻ ട്രാൻസ്ഫർ ആയി പോകുമ്പോൾ നിയുക്ത പ്രിൻസിപ്പാളിന് ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്ത് കൊടുക്കാൻ ജോമിഷ സ്ഥലത്തില്ലാതിരുന്നതിനാൽ സാധിച്ചില്ല. ഞാനൊപ്പിട്ട അപേക്ഷ ജോമിഷയെ കൊണ്ട് ഒപ്പിടീച്ച് ബാങ്കിൽ കൊടുക്കാനായി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവത്തെ ലാസ്റ്റ് ഗ്രേഡ് സെർവന്റായിരുന്ന ശ്രീ ബാബു അഗസ്റ്റിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ബാബു അഗസ്റ്റിന് ഹൃദായാഘാതം വന്ന് അകാല നിര്യാണം സംഭവിച്ചതിനാൽ അക്കൗണ്ട് ട്രാൻസ്ഫർ നടന്നില്ല. ഈ വിവരം ഞാൻ വളരെ വൈകിയാണ് അറിയുന്നത്. ഇത് സംബന്ധിച്ച് ഞാൻ രണ്ട് മൂന്ന് എഴുത്തുകുത്തുകൾ നടത്തിയിരുന്നു. അവാർഡ് ദാന ചടങ്ങ് തിരുവനന്തപുരം വിമൺസ് കോളേജിൽ വച്ചായിരുന്നു. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവത്ത് നിന്നും സംസ്ഥാന തല അവാർഡ് ഏറ്റ് വാങ്ങു വാൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസറായ ബീന പയ്യനാട്ടും ജോമിഷയും കൂട്ടരും എത്തിയിരുന്നു. അന്ന് ഞാനും അവിടെ പോയി. യൂണിവേഴ്സിറ്റിയിൽ നിന്നും അനിൽകുമാർ സാറും ഭാര്യയും പങ്കെടുത്തു.
ഇക്കാലമത്രയും ബാങ്കക്കൗണ്ട് നിർജ്ജീവമായി തുടർന്നു. ഞാൻ ജോമിഷയെ വിളിച്ചു സംസാരിച്ചപ്പോൾ ജോമിഷ ഒപ്പിട്ട് കൊടുക്കാൻ തയ്യാറായി. ഞാൻ പട്ടുവത്തെ പ്രിൻസിപ്പാൾ അയച്ചു തന്ന ചെക്കൊപ്പിട്ട് കൊടുത്തു. അങ്ങനെ കഴിഞ്ഞ ദിവസം ആ അക്കൗണ്ട് ക്ലോസ്സ് ചെയ്ത് അടുത്ത പ്രവർത്തനങ്ങൾക്കായി തുക പ്രിൻസിപ്പാളിന് കൈമാറി.
വാൽക്കഷണം: ജോമി ഷ കൃഷ്ണേട്ടനേയും ഭാര്യയേയും കുറിച്ച് വീണ്ടും അന്വേഷിച്ചു. കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ കുട്ടികൾ കൃഷ്ണേട്ടന്റെ വീട് മോടി പിടിപ്പിച്ച് നൽകിയതറിഞ്ഞപ്പോൾ അതുവരെ നിഷ്ക്രിയരായിരുന്ന സന്നദ്ധ സംഘടനക്കാർ കുറച്ച് കാലം കഴിഞ്ഞ് നല്ല വാർത്ത വീട് പണിഞ്ഞ് കൊടുക്കാമെന്ന് പറഞ്ഞ് ദമ്പതികളെ വ്യാമോഹിപ്പിച്ചു. അവർ ദമ്പതികളെ സ്ത്രീകൾക്കുo പുരുഷന്മാർക്കും വെവ്വേറെയുള്ള ആശ്രയ കേന്ദ്രങ്ങളിലാക്കി. അന്ധതയും പരിചിതമല്ലാത്ത സാഹചര്യവും സഹധർമ്മിണിയിൽ നിന്നും അകന്നു കഴിയേണ്ടി വന്നതും സന്നദ്ധ സംഘടനക്കാർ പൊളിച്ചിട്ട വീട് പണിയാഞ്ഞതും കൃഷ്ണേട്ടനിൽ ഹൃദയ വേദനയുണ്ടാക്കി. കൃഷ്ണേട്ടൻ വേഗം മരണത്തിന് കീഴടങ്ങി. മറിയാമ്മേടത്തി മറ്റൊരാശ്രയ കേന്ദ്രത്തിൽ തുടരുന്നു. സന്നദ്ധ സംഘടനക്കാർ വീടിന് ഒരു കല്ലു പോലും ഇതുവരെ വച്ചിട്ടില്ല. പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ ആരും ആർക്കും നൽകാതിരിയ്ക്കുന്നതാണ് നല്ലത്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
കാരൂർ സോമൻ
സർക്കാരിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എഴുതിയ ആത്മ കഥ പലർക്കും പ്രയാസമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ചിലരുടെ വിലക്ഷണതകളെ കണ്ടിട്ടാണ്. കർമ്മനിരതനായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ മുൻനിർത്തി മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിനിന്റെ നിഴലിൽ നിറുത്തിയത് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. പ്രതിപക്ഷത്തിന്റ ഗവേഷണ പദ്ധതിയിൽ സത്യത്തിന് നിരക്കാത്ത നിരവധി കാര്യങ്ങൾ അദ്ദേഹം കണ്ടു. പുസ്തകത്തിലൂടെ പുറത്തു വന്ന ചില യാഥാർഥ്യങ്ങൾ വൈകല്യ മനസ്സുള്ളവർക്ക് മനസ്സിലാകില്ല. ഒരുപക്ഷേ മുഖ്യമന്ത്രി ആഗ്രഹിച്ച മാനസിക വളർച്ച എല്ലാവര്ക്കും ഉണ്ടാകണമെന്നില്ല. എന്നാൽ കേരളത്തിൽ ഇറങ്ങുന്ന കച്ചവട പുസ്തകങ്ങൾ ഒരു എഴുത്തുകാരൻ ആർജ്ജിച്ചിരിക്കേണ്ട വിജ്ഞാനവുമായി പുലബന്ധമില്ലാത്തതാണ്. ഭാഷ- സാഹിത്യത്തെപ്പറ്റി അറിവും അനുഭവവുമില്ലത്തവർ പുറത്തിറക്കുന്ന പുസ്തകങ്ങൾ ഭാഷയെ അപഹാസ്യമാക്കുന്നു. ഇത്തരത്തിൽ സ്വയംപ്രകാശനം നടത്തുന്നവരെ നമ്മൾ തിരിച്ചറിയേണ്ടതല്ലേ?
ഒരു പൂവ് വിരിയും പോലെ ഭാഷയുടെ സൗന്ദര്യ ഹരിത വിതാനം വിതക്കുന്നവരേയാണ് സാഹിത്യ കാരന്മാർ കവികൾ എന്നറിയപ്പെടുന്നത്. ഒരു കൃതി സാഹിത്യമാകണമെങ്കിൽ അല്ലെങ്കിൽ സൗന്ദര്യപൂർണ്ണമാകണമെങ്കിൽ അതിന് പല ഘടകങ്ങളുണ്ട്. അതിൽ പ്രധാനമാണ് ആശയം അല്ലെങ്കിൽ ആദർശം. ആ പ്രതിഭകളുടെ കൃതികൾ ലോക സാഹിത്യത്തിൽ ഇന്നും സുഗന്ധ മന്ദഹാസം പരത്തുന്നു. ഇതിനിടയിൽ മോഹഭംഗം നിറഞ്ഞ കുറെ മനുഷ്യർ എഴുത്തുകാരായി വേഷം കെട്ടി മോഹ നിദ്രയിൽ നിന്നുണർന്ന് സ്വന്തമായോ മറ്റുള്ളവരാലോ എഴുതി കൂട്ടുന്ന അതിശയയോക്തി കലർന്നത് അല്ലെങ്കിൽ സാമൂഹിക പ്രതിബദ്ധതയില്ലാത്ത വിഷയങ്ങൾ പ്രാണനിശ്വാസംപോലെ പുസ്തകങ്ങളായി, വാർത്തകളായി എരിയും പുളിയും നിറഞ്ഞ ഭക്ഷണം പോലെ വായിക്കപ്പെടുന്നു. ചർച്ചകൾ നടത്തുന്നു. ഈ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് പുസ്തകക്കച്ചവടക്കാരും ചാനലുകളു൦ തലച്ചോറില്ലാത്ത സോഷ്യൽ മീഡിയകളുമാണ്. അവർ അതിനെ ആളിക്കത്തിക്കുന്നു. അതിലെ ഓരോ വിഷയങ്ങളും വരികളും ചാറ്റൽ മഴയായി പെരുമഴയായി പെയ്തിറങ്ങി മനുഷ്യ മനസ്സിനെ മുക്കികൊല്ലുന്നു. ഒടുവിൽ പ്രതിക്ഷിച്ചതൊക്കെ ജലോപരിതലത്തിൽ വെളുപ്പിച്ചെടുക്കുന്നു. ഒരു വിഷയത്തെ അല്ലെങ്കിൽ ഒരാശയത്തെ സത്യസന്ധമായി ആവിഷ്കരിക്കാനറിയാത്തവർ ഭാഷയെ വീർപ്പുമുട്ടിക്കുക മാത്രമല്ല സമൂഹത്തിൽ അസ്വസ്ഥതയും പടർത്തുന്നു. ഇത്തരം കച്ചവട പുസ്തകങ്ങൾ പലരുടേയും സ്വകാര്യതകളെ ചൂടപ്പം പോലെ വിറ്റു കാശുണ്ടാക്കുന്നു. ഇതെല്ലം കാട്ടുന്നത് ഒരു സുന്ദരിയുടെ ചരണതല സ്പർശനം ചിലർക്ക് ആനന്ദ ലഹരി നൽകുന്നു. രാഷ്ട്രീയ രംഗം മാറ്റിനിർത്തിയാൽ ശിവശങ്കർ എഴുതിയ സത്യവും മിഥ്യയും നിറഞ്ഞ പുസ്തകത്തിലൂടെ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്? ഇത് ചിലരുടെ ഉദ്ദിഷ്ടകാര്യങ്ങൾ നേടാനുള്ള ആത്മോന്നധിയുടെ അനിവാര്യതയും വായ്ത്താരിപോരുമല്ലാതെ എന്താണ്?
ആശയങ്ങൾ പ്രകാശിപ്പിക്കാനില്ലാത്തവർക്ക് നാണ്യവും ശബ്ദവും കൊടുക്കുന്നത് മറ്റുള്ളവരുടെ മനസ്സ് സംഘർഷമാക്കാനാണ്. സത്യങ്ങൾ മറച്ചുപിടിച്ചു് ഒരേ ഈണത്തിൽ പാടുന്നതുപോലെ ചാനൽ ചർച്ചകളിൽ ഇവരുടെ വാക്കുകൾ ചേരുവകൾ നിറച്ചു ഒരേ ഇണത്തിലാണ്. ഓരോരുത്തരുടെ കച്ചവട താല്പര്യങ്ങളും വിഷയങ്ങളുടെ ദാരിദ്ര്യവും വിശപ്പും ദാഹവും ഇതിലൂടെ വെളിപ്പെടുന്നു. ഈ സമയം മനസ്സിലേക്ക് വന്നത് മലയാളികളുടെ മാത്രമല്ല ഇന്ത്യയുടെ അഭിമാനമായിരുന്ന ആത്മീയാചാര്യൻ ശ്രീശങ്കരാചാര്യർ സൂത്ര- ഭാഷ്യത്തെപറ്റി പറയുന്നത് ജഗത്തിന്റെ പരമകാരണമായ ബ്രഹ്മത്തെക്കുറിച്ചാണ്. അതിൽ കാലത്തിനനുസരിച്ചു് പലതും മാറ്റി മറിക്കാൻ അധികാരത്തിലുള്ളവർക്ക് അവകാശമുണ്ട്. ആ സൂത്രവും ഭാഷ്യവും പഠിച്ച നമ്മുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ വ്യക്തിപരമായ അടുപ്പം വെച്ചാണ് ദുബായിലേക്ക് ഗൾഫ് സുന്ദരിക്കൊപ്പം നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ തീരുമാനിച്ചത്. ആ കാര്യത്തിൽ ഞാനും സ്വപ്‍നക്കൊപ്പമാണ്. ഒരു പെണ്ണിന് മധുര വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നത് ആണത്വമുള്ള പുരുഷന്മാർക്ക് ചേർന്ന പണിയല്ല. പ്രണയസാഗരത്തിൽ ധ്യാനനിമഗ്നരായി കിടക്കുന്നവർക്ക് സ്വപ്‍ന ഇതിലൂടെ ഒരു താക്കിത് നൽകുന്നു. പ്രണയം അമൃതായി തോന്നും. അപകടം അതിൽ ഒളിഞ്ഞിരിക്കുന്നു. പ്രാണൻ പോയാലും മാനം കളയരുത്.
സ്വപ്നക്ക് നഷ്ടപ്പെട്ട പെൺബുദ്ധി ഇനിം ആന വലിച്ചാലൂം തിരിക വരില്ല. പ്രാവ് വെടിഞ്ഞ കുടു പോലെ ആ ഹ്ര്യദയം ശൂന്യമായി. ഇനിയും ആ കൂട്ടിലേക്ക് ചേക്കേറുന്ന പാമ്പ്, പ്രാവ് ആരെന്നറിയില്ല. ഇനിയും പ്രണയപ്രഹരത്തിന് പിറകെപോയിട്ട് കാര്യമില്ല. രണ്ട് പേരും കേരള വികസനത്തിന് ഈന്തപഴം വഴിയോ ലൈഫ് മിഷൻ വഴിയോ പദ്ധതിയിട്ടതാണ്. എത്രയോ കോടികൾ ശത്രുക്കൾ നശിപ്പിച്ചു. ലൈഫ് മിഷൻ പദ്ധതിയിലുടെ പാവം പ്രളയബാധിതർക്ക് കിട്ടേണ്ട വീടുകൾ അട്ടിമറിച്ചവരെ, കമ്മീഷൻ വാങ്ങിയവരെ നിയമത്തിന്ന മുന്നിൽ ഇതുവരെ കൊണ്ടുവന്നിട്ടില്ല. ഓരോരോ പേരുകളിൽ എത്രയോ പേർ എത്രയോ കോടികൾ കിശയിലാക്കുന്നു. ഇത് വല്ലതും പ്രളയത്തിൽ മുങ്ങിപ്പോയ പാവങ്ങൾ അറിയുന്നുണ്ടോ?
“അശ്വത്ഥാമാവ് വെറും ഒരു ആന”എന്ന ആന വഴി എന്തെല്ലാം മലയാളികൾ പ്രതിക്ഷിച്ചു. നിർഭാഗ്യവശാൽ ആന മെലിയുക മാത്രമല്ല ചെരിഞ്ഞു പോയി. ആനയെ മുൻനിർത്തി കാശാക്കാൻ നോക്കിയവർ ഇപ്പോൾ ആനപ്പിണ്ഡത്തെവരെ ഭയക്കുന്നു. ഇങ്ങനെ സമൂഹത്തെ ആകർഷിക്കാൻ സ്വന്തം കയ്യിലിരിക്കുന്ന കാശുകൊടുത്തു് പുസ്തകം പടച്ചിറക്കി സ്ഥലം എം.എൽ.എ.വിളിച്ചു് പ്രകാശനം നടത്തി പത്രക്കാരന് കള്ളും കാശു൦ കൊടുത്തു് പത്രവാർത്ത വരുത്തി ഞെളിഞ്ഞു നടക്കുന്നവർ ധാരാളമുണ്ട്. ഇതൊക്കെ കാണുമ്പൊൾ ഓർമ്മ വരുന്നത് 2018 ൽ ഇതുപോലെയൊരു വാർത്ത ഞാനും കണ്ടു. നാലര പേജ് ഇന്റർനെറ്റ് ഞാൻ കോപ്പി ചെയ്തു എന്നതിന്റെ പേരിൽ ഒരാൾ ചോദിച്ചത് ഒരു കോടി രൂപ. അത് പത്ര വാർത്തയാക്കി. ആ വാർത്ത കള്ളും കോഴിക്കാലും കീറിമുറിച്ചു് കാശുo വാങ്ങി ഒരു പത്ര റിപ്പോർട്ടർ എഴുതിവിട്ടത് എന്റെ അൻപത് പുസ്തകങ്ങളിൽ 38 പുസ്തകങ്ങൾ കോപ്പിയടിച്ചത്. 2012 ൽ ലണ്ടൻ ഒളിമ്പിക്‌സ് മാധ്യമം പത്രത്തിന് റിപ്പോർട്ട് ചെയ്യുമ്പോഴാണ് എന്റെ ഒരു ഒളിമ്പിക്‌സ് ഇൻഫോർമേറ്റീവ് പുസ്തകം “കളിക്കളം” ആദ്യമായി സാഹിത്യ പ്രവർത്തക സഹകരണ സംഘം പുറത്തിറക്കുന്നത്. 2018 ന് മുൻപ് വിരലിൽ എണ്ണാനുള്ള വൈഞ്ജാനിക പുസ്തകങ്ങളാണ് എനിക്കുള്ളത്. അൻപത് പുസ്തകങ്ങളുമില്ല. ഈ വ്യാജ വാർത്ത കൊടുത്ത മദ്യപാനിയെ കോടതിയിൽ വെള്ളം കുടിപ്പിക്കാനുള്ള അവസരം നാട്ടിലെ ഒരു പാർട്ടിയുമായി ബന്ധമുള്ളവർ തടഞ്ഞു. കേരളത്തിലെ ചില പത്രങ്ങളും അവരുടെ വ്യാജ വാർത്തകളും ഒന്ന് സൂചിപ്പിച്ചുവെന്ന് മാത്രം.
ഭാഷ സാഹിത്യത്തെ സംബന്ധിച്ചു് എഴുതിക്കൂട്ടുന്നതെല്ലാം സാഹിത്യമോ പുസ്തകമോ ആകില്ല. പല മാനങ്ങളിലൂടെയാണ് സാഹിത്യ പ്രതിഭകൾ, എഴുത്തുകാർ, എഴുത്തുകൾ രൂപപ്പെടുന്നത്. അത് ഒരു സുപ്രഭാതത്തിൽ മുളച്ചു വരുന്നതല്ല. എഴുത്തുകളിൽ കൊള്ളേണ്ടത് തള്ളേണ്ടത് ഇവർക്കറിയില്ല എന്ന് തോന്നാറുണ്ട്. സാഹിത്യ ശില്പശാലകളോ സാഹിത്യ രംഗത്തെ ഗുരുക്കന്മാരോ ഇവർക്കില്ല. ഇതെല്ലം കണ്ട് അമ്പരന്നിരിക്കുന്ന സർഗ്ഗ പ്രതിഭകളുമുണ്ട്. ഏതൊരു സാഹിത്യ സൃഷ്ടിയും എഴുത്തുകാരന്റെ ആത്മാവിൽ ആളിപ്പടരുന്ന അനുഭൂതിയാണ്. ആ ദിവ്യാനുഭുതി നിറഞ്ഞ സൗന്ദര്യധാരയുടെ പ്രവാഹം ഇന്ന് കുറഞ്ഞിരിക്കുന്നു. അതിന് പ്രധാന കരണങ്ങളായുള്ളത് ഇന്നത്തെ സോഷ്യൽ മീഡിയയും സ്വാധിന വലയത്തിലൂടെ പുസ്തകങ്ങളിറക്കുന്ന പുരസ്‌കാരങ്ങൾ കൊടുക്കുന്ന സാംസ്കാരിക സ്ഥാപനങ്ങളും മാധ്യമങ്ങളുമാണ്. സാഹിത്യ സാംസ്കാരിക പക്ഷത്തേക്കാൾ ഇന്നുള്ളത് എഴുത്തുകാർ ഓരോ പാർട്ടികളായി പക്ഷങ്ങളായി മാറി കുതന്ത്രങ്ങളിലൂടെ അധികാരസ്രേണികളിൽ കയറുകയും പുരസ്‌കാരങ്ങൾ വാരിക്കൂട്ടുകയും അവരുടെ പുസ്തകങ്ങൾ കുട്ടികൾക്ക് പഠിക്കാനുള്ള പദ്ധതി തയ്യാറാക്കുകയുമാണ്. ഇതിലൂടെ അർഹരായ എഴുത്തുകാർ തള്ളപ്പെടുന്നു. അതിനെ തള്ളിപറയാനോ എതിർക്കാനോ ആരും മുന്നോട്ട് വരുന്നില്ല. സാംസ്കാരിക രംഗത്ത് നടക്കുന്ന ഈ ചുഷണം സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. ഭാഷ സാഹിത്യത്തിന്റെ പൊതുബോധത്തെ ഓരോ പക്ഷത്തായി പ്രതിഷ്ഠിച്ചിരിക്കുന്നത് അനീതിയാണ്. നാം നേടിയെടുത്ത അക്ഷര വെളിച്ചം നിരക്ഷരതയിലേക്ക് കൂപ്പുകുത്തുകയാണോ?
ശ്രീശങ്കരാചാര്യർ ആത്മാവിന്റെ ദിവ്യശക്തികൊണ്ട് പ്രപഞ്ചത്തെ തിരിച്ചറിഞ്ഞപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സ്വപ്നയുടെ സൗന്ദര്യ ലഹരിയിൽ തിരിച്ചറിവുള്ളനായി മാറി. പ്രതിപക്ഷ പാർട്ടികൾ സകല ശക്തികളുമെടുത്തു് പ്രതിരോധിച്ചെങ്കിലും സർക്കാരിന്റെ അവതാരമായ ശിവശങ്കറെ തോൽപ്പിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം തിരികെ വകുപ്പ് തലവനായി ജോലിയിൽ പ്രവേശിച്ചപ്പോൾ മനസ്സിലായി. അത് വെറുതെയല്ല സത്യം സർക്കാരിന് ബോധ്യപ്പെട്ടതുകൊണ്ടാണ്. ഏത് സർക്കാരായാലും മനുഷ്യരുടെ വ്യക്തിബന്ധങ്ങളിൽ ഇടപെടാൻ പരിമിതികളുണ്ട്. അതുമല്ല ഈ സെക്രട്ടറി വഴി സർക്കാരിന് പേരുദോഷമല്ലാതെ ഒരു ഗുണവും ലഭിച്ചില്ല. ജയിലിൽ കിടന്ന സ്വപ്‍ന നവരാത്രിയാഘോഷം പോലെ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടൂ. പ്രതികാരബുദ്ധിയോടെ ജയിലിൽ കിടന്ന വേദനകളകറ്റാൻ ഒളിപ്പിച്ചു വെച്ചതെല്ലാം പുറത്താക്കി. ശിവശങ്കർ വായിലൊഴിച്ചുകൊടുത്ത പാലും തേനും ഇപ്പോൾ കായ്പ്പായി മാറി. ആദ്യം നടപ്പാക്കിയ അധികാര യന്ത്ര൦ ഇപ്പോൾ തുരുമ്പ് പിടിച്ചിരിക്കുന്നതിനാൽ ഇനിയും തന്ത്രങ്ങൾ മാത്രമേ ശിവശങ്കറിന്റെ കൈവശമുള്ളു. 175 പേജുകളുള്ള ആന പുസ്തകത്തിൽ പറഞ്ഞെതെല്ലാം കള്ളം എന്നും അതിനേക്കാൾ വലുപ്പമുള്ള പുസ്‌തകം വേണ്ടിവന്നാൽ ഇറക്കുമെന്ന് ശിവശങ്കറിന്റെ സ്വപ്ന സുന്ദരി പറഞ്ഞപ്പോൾ കേരളത്തിലെ പഠനനിലവാരം മെച്ചപ്പെടുത്താനല്ലെന്ന് എല്ലാവർക്കുമറിയാം. ഇങ്ങനെ ഞെക്കിപ്പഴുപ്പിച്ച പഴ പുസ്തകങ്ങൾ, കൂടെ നടന്ന് കുതികാൽ വെട്ടുന്നവരുടെ, കന്യാസ്ത്രീകളുടെ കിടപ്പറ രഹസ്യങ്ങൾ വായിക്കാനാണ് ചില തല്പര കക്ഷികൾക്ക് താൽപര്യമെന്ന് തോന്നുന്നു. ഇങ്ങനെ ഭാഷയെ ജൈവ – അജൈവ സംരക്ഷണ ശാലകളുണ്ടാക്കി പേരിനും പെരുമക്കും നടത്തുന്ന വിഭ്രാന്ത ഭാവനകളെ പുസ്തകമാക്കി പുതുതലമുറയുടെ ജ്ഞാന മണ്ഡലം നശിപ്പിക്കരുത്. ഭാഷ സാഹിത്യത്തിൽ അന്തർലീനമായിരിക്കുന്ന അനുഭൂതി സാമഗ്ര്യത്തെ പ്രദാനം ചെയ്യാൻ ഭാവനയില്ലാത്തവർ അവരുടെ മനോമാലിന്യങ്ങളെ തള്ളി വിട്ട് അസഹിഷ്ണതയുണ്ടാക്കരുത്.
ഡോ. ഐഷ വി
തളിപ്പറമ്പ് തൃച്ഛംബരത്തിനടുത്ത ഒരു വാടക വീടായിരുന്നു സഞ്ജീവനി പാലിയേറ്റിവ് കെയറിന്റെ ഓഫീസായി പ്രവർത്തിച്ചിരുന്നത്. ശ്രീ മുട്ടമ്മൽ രാജൻ എന്ന മനുഷ്യ സ്നേഹി അദ്ദേഹത്തിന്റെ മാതാവിന്റെ സ്മരണാർത്ഥം സമ്മാനിച്ച മാരുതി ഓമ് നിയായിരുന്നു സഞ്ജീവനിയുടെ ആംബുലൻസ് . ഞാൻ ചെല്ലുമ്പോൾ സിസ്റ്റർ ശാന്ത അന്ന് സന്ദർശിക്കേണ്ട രോഗികളുടെ ഫയൽ അടുക്കി വയ്ക്കുകയായിരുന്നു.
സിസ്റ്ററിനെ സഹായിക്കാൻ സമീപത്തെ വീട്ടിലെ ശോഭയെന്ന വീട്ടമ്മയും ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സഞ്ജീവനിയുടെ സജീവ പ്രവർത്തകയായ ശോഭയെത്തി. പിന്നെ ഞങ്ങളുടെ കോളേജിലെ എൻ എസ് എസ് വോളന്റിയർ ജോമിഷ ജോസഫിന്റെ നേതൃത്വത്തിൽ ഏതാനും വിദ്യാർത്ഥികളും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബീന പയ്യനാട്ടും എത്തി ചേർന്നു. ( കാലം 2012-13)
സഞ്ജീവനിയുടെ ബലം ആളും അർത്ഥവും നൽകി സഹായിക്കുന്ന സുമനസ്സുകളായിരുന്നു. അവരിൽ ചിലരും അവിടെ എത്തിയിരുന്നു. പാലിയേറ്റീവ് കെയർ സജീവ പ്രവർത്തകയായ ശോഭയ്ക്കായിരുന്നു രോഗികളുടെ ആവശ്യങ്ങളുടെ കാര്യത്തിൽ നല്ല തിട്ടം. ഓരോരുത്തർക്കും ആവശ്യമുള്ള കാര്യങ്ങൾ ശോഭ കരുതിയിട്ടുണ്ടാകും. ചിലർക്ക് മരുന്ന്, ചിലർക്ക് ഭക്ഷണം. ചിലർക്ക് കിറ്റ്, ചിലർക്ക് വസ്ത്രം, ചിലർക്ക് ചോർച്ചയുള്ള വീടിന് ടാർ പോളിൻ ഷീറ്റ്, ചിലർക്ക് പണം . ഇതൊക്കെ വാങ്ങാനും കൊടുക്കാനും സഞ്ജീവനി പാലിയേറ്റീവ് കെയറിന് പണമുണ്ടായിട്ടല്ല. ശോഭ വിവിധ ആവശ്യങ്ങൾ ബോധ്യപ്പെടുത്തി സമീപിക്കുമ്പോൾ സുമനസ്സുകൾ നൽകുന്നതാണ്. ശോഭയും എൻ എസ് എസ് വോളന്റിയമാരും കൂടി അതൊക്കെ ആബുലൻസിൽ ലഭ്യമായ സ്ഥലത്ത് അടുക്കി വച്ചു. സിസ്റ്റർ ശാന്ത ഫയലുകളുമായി എത്തിയപ്പോൾ ഞങ്ങൾ വാഹനത്തിൽ കയറിയിരുന്നു. ആൺകുട്ടികൾ ബൈക്കിൽ വരാമെന്ന് പറഞ്ഞു. പെൺകുട്ടികളും മറ്റു സ്ത്രീ ജനങ്ങളും ആംബുലൻസിൽ ഉള്ള സ്ഥലത്ത് ഒതുങ്ങി കൂടിയിരുന്നു.
അങ്ങനെ ഞങ്ങൾ യാത്രയാരംഭിച്ചു. ആദ്യം പോയത് തളിപറമ്പ് 7-ാം മൈലിലുള്ള ഒരു വീട്ടിലേയ്ക്കാണ്. അവിടെ ഉപ്പയും ഉമ്മയും മാത്രമുള്ള ഒരു വീട് . ഉപ്പയ്ക് ബിപി, കാലിൽ ഒരു മുറിവ് , ഇടയ്ക്കിടെ പനി ഒക്കെയുണ്ട്. ശാന്ത വ്രണം ഡ്രസ്സ് ചെയ്ത് കൊടുത്തു. വോളന്റിയർമാർ സഹായിച്ചു. ഉപ്പയെ സന്തോഷിപ്പിക്കാൻ പല കാര്യങ്ങളും ശാന്ത പറയുന്നുണ്ട്. ഇതിനിടയ്ക്ക് ഞങ്ങളെ എല്ലാം അവർ പരിചയപ്പെട്ടു. . ഞങ്ങൾ അവിടെ നിന്നും ഇറങ്ങി അടുത്ത വീട്ടിലേയ്ക്ക് . വണ്ടി ഏഴാം മൈൽ വഴി കൂവോട് മുള്ളൂൽ ഭാഗത്തേയ്ക്ക്. ഇടവഴികളിലൂടെ ഒരു വീട്ടിലെത്തി. കവിളിൽ ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരപ്പച്ചൻ. മുഖത്ത് ഒരു കുരുവുണ്ടായിരുന്നതിൽ ഷേവ് ചെയ്തപ്പോൾ ബ്ലേഡ് ഹേതു. ശാന്ത ആ വ്രണം ഡ്രസ്സ് ചെയ്തു. അവിടെ നിന്നും അടുത്ത വീട്ടിലേയ്ക്ക് .
വണ്ടി ഊടു വഴികളിലൂടെ ഓടി മറ്റൊരു വീട്ടിലെത്തി. അവിടെ ഒരു പ്രായമായ സ്ത്രീ . കിടപ്പു രോഗിയാണ്. മരുമകളാണ് അവരെ നോക്കുന്നത്. അവർക്ക് ഗുഹ്യഭാഗത്തായിരുന്നു വ്രണം. ദീർഘകാലം കിടക്കുന്നവർക്ക് പറ്റുന്നതു തന്നെ. പലരും ദേഹം തുടച്ച് വൃത്തിയാക്കുമെങ്കിലും ആ ഭാഗം അത്ര ശ്രദ്ധിയ്ക്കില്ല. അതുകൊണ്ട് പറ്റുന്നതാണ്. തിരിച്ചും മറിച്ചും കിടത്തുക, ദിവസവും തുടച്ച് വൃത്തിയാക്കുക, ആ ഭാഗം കാറ്റ് കൊള്ളിയ്ക്കുക, തുടങ്ങിയവയാണ് അതിന് പരിഹാരം. ശാന്ത ആ ജോലി ഭംഗിയായി ചെയ്തു. അവർക്ക് മരുന്നു വാങ്ങാനുള്ള പണമില്ലാതിരുന്നതിനാൽ ശോഭ അവർക്കാവശ്യമുള്ള മരുന്നുകൾ വാങ്ങി കൊണ്ടുവന്നിരുന്നു.
വീണ്ടും മുന്നോട്ട് . വയലരികിലുള്ള ഒരു വീട്ടിലെത്തി. അത് ഒരു ശാന്തയുടെ വീടാണ്. ശാന്ത കിടക്കുകയാണ്. ശാന്ത ജോലി കഴിഞ്ഞ് വന്ന് കുപ്പം ബസ്റ്റോപ്പിൽ പട്ടുവത്തേയ്ക്കുള്ള ബസ്സ് കാത്ത് നിൽക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്. നിയന്ത്രണം വിട്ട ഒരു ബസ്സ് വെയിറ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി. ആ അപകടത്തിൽ ശാന്തയുടെ കാലൊടിഞ്ഞു. വിവാഹ പ്രായമെത്തിയ ഒരു മകൾ മാത്രമേയുള്ളൂ. ഇപ്പോൾ ശാന്തയ്ക്ക് ജോലിയ്ക്ക് പോകുവാൻ നിർവാഹമില്ല. അങ്ങനെയിരിക്കേയാണ് കൂനിൻമേൽ കുരു വെന്ന പോലെ ഒരു മരമൊടിഞ്ഞ് ഓടിട്ട വീടിന്റെ പുറത്തേയ്ക്ക് വീണത്. തത്ക്കാലം ശോഭ ഒരു ടാർ പോളിൻ ഷീറ്റ് കൊണ്ടുവന്ന് ഓടിന്റെ പുറത്തിട്ട് ചോർച്ചയ്ക്ക് ശമനമുണ്ടാക്കിയിരിയ്ക്കുകയാണ്.
അവിടെ നിന്നും അടുത്ത വീട്ടിലേയ്ക്ക്. ആ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഉമ്മയാണ്. ഉമ്മയുടേത് പ്രണയ വിവാഹമായിരുന്നു. ഭർത്താവ് അടുത്ത കാലത്ത് മരിച്ചു പോയി. അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല. പ്രണയ വിവാഹമായിരുന്നതിനാൽ ഇരു വീട്ടുകാരും അവരെ അടുപ്പിച്ചില്ല. പള്ളിക്കാർ ഉമ്മയ്ക്ക് ഒരു വീടു വച്ചു കൊടുത്തു. രണ്ട് കിടപ്പുമുറി, ഒരു ഹാൾ അടുക്കള എല്ലാമുള്ള ഒരു കൊച്ചു ടെറസ്സ് വീട്. ഞങ്ങൾ ചെല്ലുമ്പോൾ ഉമ്മയെ താഴെ കിടത്തിയിരിയ്ക്കുകയായിരുന്നു. വീട് നിറച്ച് ആൾക്കാരുണ്ട്. അയൽപക്കക്കാരാണ് . ഉമ്മയെ നോക്കാനെന്ന വ്യാജേന ഉമ്മയുടെ കട്ടിലുo മറ്റ് സാധന സാമഗ്രികളെല്ലാം കൈയ്യേറിയിരിയ്ക്കുകയാണ്. ഉമ്മയ്ക്ക് ബോധമുണ്ട്. ഇടയ്ക്കിടെ തന്റെ വീട് കയ്യേറിയവരെ വഴക്ക് പറയുന്നുണ്ട്. ശോഭ വീട് കൈയ്യേറിയവരോട് വഴക്ക് കൂടി. രണ്ട് കട്ടിലുണ്ടല്ലോ , ഒരു കട്ടിൽ ഉമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞു.
ഉമ്മയും ദീഘകാലമായി കിടപ്പായതിനാൽ വ്രണം വന്ന അവസ്ഥയിലായിരുന്നു. അവർക്ക് വേണ്ട മരുന്നും ഭക്ഷണവും ശോഭ കരുതിയിരുന്നു. അതൊക്കെ കൊടുത്ത് അവിടെ നിന്നുമിറങ്ങി. പിന്നെ ഏതാനും വീടുകൾ കൂടി പിന്നിട്ടു. ചില വീടുകൾ റോഡരികിലായിരിയ്ക്കും. ചിലത് ഉള്ളിലും . കൃഷ്ണേട്ടന്റെയും മറിയാമ്മ ചേച്ചിയുടേയും വീടെത്തി. രണ്ട് പേർക്കും കണ്ണു കാണില്ല . പ്രായമായി. ആ ദമ്പതികൾക്ക് മക്കളില്ല. കൃഷ്ണേട്ടന്റെ കാലിൽ ഉണങ്ങാത്ത ഒരു വ്രണം ഉണ്ടായിരുന്നു. സിസ്റ്റർ ശാന്ത കുട്ടികളുടെ സഹായത്തോടെ അതൊക്കെ മരുന്നു വച്ചുകെട്ടി. ശൗചാലയമില്ലാത്തത് ആ വീട്ടിലെ ഒരു പ്രശ്നമായിരുന്നു.. കൃഷ്ണേട്ടൻ – മറിയാമ്മ ദമ്പതികൾക്ക് ഫാദർ സുക്കോൾ ഒന്നര ഏക്കർ സ്ഥലവും വീടും നൽകിയതായിരുന്നു. ദമ്പതികൾക്ക് ഓരോ പ്രാരാബ്ധങ്ങൾ വന്നപ്പോൾ അതെല്ലാം വിറ്റുപോയി . അവർ പിന്നീട് പണിത വീടായിരുന്നു അത്. അവർക്ക് ശൗചാലയം കോളേജിന്റെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വ ചെയ്യാമെന്ന് ഞാൻ ശോഭയ്ക്ക് വാക്കു കൊടുത്തു.
പിന്നെ ഞങ്ങൾ ഹൈവേയിലെത്തി. കുപ്പം പാലം കടന്ന് കുപ്പം പുഴയുടെ തീരത്തു കുടി ഒരു യാത്ര . പുഴയുടെ വശങ്ങളിൽ നെൽപ്പാടങ്ങളുമുണ്ട്. കുറെ ദൂരം താണ്ടിയപ്പോൾ നിസാമുദ്ദീന്റെ വീടെത്തി. നിസ്സാമുദീൻ ഇപ്പോൾ 17- 18 വയസ്സുള്ള കൗമാരക്കാരനാണ്. കിടപ്പിലാണ്. ചെറുപ്രായത്തിൽ സൈക്കിളിൽ നിന്നും വീണ് നട്ടെല്ലിന് പരുക്കേറ്റതാണ്. വീട്ടുകാർ ആദ്യം ഇക്കാര്യം അറിഞ്ഞില്ല. കുട്ടി കിടപ്പിലായപ്പോഴാണ് ഇക്കാര്യം അറിയുന്നതു തന്നെ . ഇപ്പോൾ കിടപ്പു രോഗികൾക്കുള്ള വ്രണമാണ് നിസ്സാമുദ്ദീനുള്ളത്. കിടന്ന കിടപ്പിൽ പുസ്തകവായന . ലാപ് ടോപ് ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാൻ പഠിക്കുക. ഇതൊക്കെയാണ് നിസ്സാമുദ്ദീന്റെ വിനോദം. നിസ്സാമുദ്ദീന് വായിക്കാനുള്ള പുസ്തകങ്ങളും ശോഭ കൈയ്യിൽ കരുതിയിരുന്നു. തിരിച്ച് ഉച്ചയായപ്പോൾ സഞ്ജീവനിയുടെ ഓഫീസിലെത്തി ഞങ്ങൾ പലവഴിക്ക് പിരിഞ്ഞു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്