literature

ഡോ. ഐഷ വി

2019 ൽ കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിക്കാൻ തുടങ്ങിയതു മുതൽ അതിന്റെ വരവ് പ്രതീക്ഷിച്ചിരിയ്ക്കുന്നുണ്ടായിരുന്നു. കാരണം ജോലി സംബന്ധമായി മിക്കവാറും എല്ലാ പ്രവൃത്തി ദിവസവും 5 മണിക്കൂറോളം യാത്ര ചെയ്യേണ്ടി വരാറുണ്ട്. അതിനാൽ തന്നെ ബസ്സിൽ കയറി കഴിഞ്ഞാൽ, ടിക്കറ്റെടുത്തു കഴിഞ്ഞാൽ, ബസ്സിൽ നിന്നിറങ്ങിയാൽ , ഓട്ടോയിൽ കയറിയാൽ , ഓട്ടോയിൽ നിന്നിറങ്ങിയാൽ , ആരുടെയെങ്കിലും പക്കൽ നിന്നും ക്രയവിക്രയത്തിന്റെ ഭാഗമായി നോട്ടുകൾ വാങ്ങിയാൽ , നോട്ടുകൾ കൊടുത്താൽ വിദ്യാർത്ഥികളോ ഓഫീസ് സ്റ്റാഫോ കൊണ്ടുവരുന്ന ഫയലുകളോ പേപ്പറുകളോ ഒപ്പിട്ടു കഴിഞ്ഞാലുടൻ സാനിറ്റൈസർ ഇടുക എന്നത് എന്റെ പതിവായിരുന്നു. കഴിഞ്ഞ രണ്ട് വർഷം കൊറോണ വൈറസ് എന്നിൽ നിന്നും അകന്നു നിന്നതെന്തേ എന്നോർക്കുമ്പോൾ എനിക്ക് അതിശയം തോന്നിയിട്ടുണ്ട്. ഒരു പക്ഷേ കൃഷിപ്പണികൾ ചെയ്യുമ്പോൾ , നാമറിയാതെ നമുക്ക് ലഭിച്ച വൈറ്റമിൻ ഡി, വ്യായാമം പോഷകാഹാരം എന്നിവയാകാം വരാതിരിക്കാൻ ഒരു കാരണം.

വടക്കഞ്ചേരിയിലെ ഫ്ലാറ്റിൽ വന്നു കഴിഞ്ഞ് വ്യായാമവും വൈറ്റമിൻ ഡിയുടെ അളവും നന്നേ കുറഞ്ഞേക്കാം. സാമൂഹിക അകലവും സാറിറ്റൈസറും മാസ്കുമൊക്കെ പഴയ പോലെ തന്നെ ഉപയോഗിച്ചിരുന്നു. പിന്നെ എന്താകാം കാരണം എന്ന് ചിന്തിച്ചപ്പോഴാണ് ഫ്ലാറ്റിൽ കാറിറക്കാനായി ഗേറ്റ് തുറക്കാനും മറ്റും മാസ്ക്കിടാതെ മുറ്റത്തിറങ്ങിയ കാര്യം ഓർമ്മ വന്നത്. ജനുവരി 18 വരെ സ്മാർട്ടായി കോളേജിൽ പോയിരുന്ന എനിക്ക് 19-ാം തീയതി രാവിലെ പൊതിച്ചോർ തയ്യാറാക്കിയിട്ടും കോളേജിൽ പോകാനേ തോന്നുന്നില്ല. കിടന്നുറങ്ങാനാണ് തോന്നിയത്. നല്ല ദേഹം വേദനയുണ്ട്. വേഗം കോവിഡായിരിയ്ക്കും എന്നാണ് മനസ്സിൽ തോന്നിയത്.

കോളേജിൽ ഉദയകുമാറിനെ വിളിച്ച് ചാർജ്ജ് കൊടുത്ത ശേഷം ഓഫീസിലെ ഡാലിയെ വിളിച്ച് കോവിഡ് ടെസ്റ്റ് നടത്താൻ എവിടെ പോകണം എന്നന്വേഷിച്ചു. ഡാലി ഉടനേ പറഞ്ഞ മറുപടി രണ്ട് ദിവസം കൂടി കഴിഞ്ഞ് ടെസ്റ്റ് ചെയ്താൽ പോരേ എന്നാണ്. ഏതായാലും എനിക്ക് കിടന്നുറങ്ങാനാണ് തോന്നിയത്. ഒന്നെണിറ്റിരിയ്ക്കാനാവാത്ത തരത്തിൽ ദേഹം വേദനയും ക്ഷീണവും പനിയും . ചുമയോ ജലദോഷമോ തൊണ്ടവേദനയോ അപ്പോൾ എനിക്കുണ്ടായിരുന്നില്ല. ഇടയ്ക്ക് ഭക്ഷണം കഴിച്ച് കിടന്നുറങ്ങും . ഫോണെടുത്ത് ഒന്ന് തോണ്ടാനോ ഇരിക്കാനോ തോന്നാത്ത അവസ്ഥ. ദശമൂല കടുത്രയം കഷായം, താലീസപത്രാദി ചൂർണ്ണം , ദശമൂലാരിഷ്ടം എന്നിവ ഡാലി ജോസഫ് കുട്ടികളെ കൊണ്ട് മേടിപ്പിച്ച് തന്നു.

അധ്യാപകർക്ക് അങ്ങനെ ഒരു ഗുണമുണ്ട്. എവിടെ ചെന്നാലും വിദ്യാർത്ഥികളും സഹപ്രവർത്തകരുമൊക്കെയുണ്ടാകും സഹായിക്കാൻ. രാത്രി ഭർത്താവെത്തിയപ്പോൾ ഞാൻ പറഞ്ഞു നാളെ കോളേജിൽ പോകണ്ടെന്ന്. അന്ന് രണ്ടു പേരും കഷായമൊക്കെ കഴിച്ച് കിടന്നു. പിറ്റേന്ന് രണ്ടുപേരും നേരെ വടക്കഞ്ചേരി PHC യ്ക്ക് വിട്ടു. അവിടെ ടോക്കണെടുത്തു ഡോക്ടറെ കാണാനായി കാത്തിരുന്നു. ഞങ്ങളുടെ ഊഴം വന്നപ്പോൾ ഡോക്ടറെ കണ്ടു. മരുന്നു കുറിച്ച ശേഷം ഡോക്ടർ പറഞ്ഞു: കോവിഡാണ്. ആർടിപിസിആർ ടെസ്റ്റ് ചെയ്യണം. ടെസ്റ്റ് ചെയ്താലും ഇല്ലെങ്കിലും ക്വാറന്റെനിൽ ഇരിക്കണം. ആശാ വർക്കറെ വിളിച്ച് ചോദിച്ചിട്ട് ടെസ്റ്റ് ചെയ്യാൻ നാളെ കല്യാണ മണ്ഡപത്തിൽ പോയാൽ മതി. രണ്ടു പേരും തിരികെ ഫ്ലാറ്റിലെത്തി. ആശാവർക്കറുടെ നമ്പർ സംഘടിപ്പിച്ചു. പിറ്റേന്ന് ടെസ്റ്റ് നടത്തുന്നില്ലെന്ന് അവർ പറഞ്ഞു. അങ്ങനെ ഡാലി തന്ന ലാബുകാരുടെ നമ്പരിൽ വിളിച്ചു. അവർ പിറ്റേന്ന് ടെസ്റ്റു ചെയ്യാൻ വരാമെന്നേറ്റു . വീട്ടിൽ വന്ന് സ്വാബ് എടുക്കുന്നതിന് അധികത്തിൽ കാശ് കൊടുക്കണം. ഞാൻ ഓകെ പറഞ്ഞു.

രണ്ടു പേരും ഹോം ക്വാറന്റൈൻ ആയതിനാൽ രണ്ടു പേരും കൂടി ഭക്ഷണം ഉണ്ടാക്കി കഴിച്ചു സുഖമായി കിടന്നുറങ്ങി. കൊറോണയുടെ ആദ്യ തരംഗത്തിലെങ്ങാനുമായിരുന്നു ഞങ്ങൾ അസുഖ ബാധിതർ ആയിരുന്നതെങ്കിൽ രണ്ടു പേരേയും ദൂരെയെവിടെയെങ്കിലുമുള്ള ക്വാറന്റെൻ സെന്ററിൽ ആക്കിയേനെ. മൂന്നാം വരവിൽ ഭാഗ്യം . സ്വന്തം വാസസ്ഥലത്തിരിക്കാമല്ലോ? അത്രയും ആശ്വാസം. ഡാലി പൊരിച്ച മീനും മീൻ കറിയുമായി എത്തി. ദൂരെ നിന്ന് കണ്ടു. പോയി. ഞങ്ങൾക്ക് ഭക്ഷണം കുശാലായി. നാട്ടിൽ ഇതിനിടയ്ക്ക് സഹോദരന്റെ ഭാര്യയ്ക്കും മക്കൾക്കും എന്റെ അമ്മയ്ക്കും കോവിഡ് ബാധിച്ചിരുന്നു. ദിവസവും അമ്മയെ വിളിച്ച് എല്ലാവരുടേയും വിവരങ്ങൾ അന്വേഷിച്ചു.

ഒരു ദിവസം ഞങ്ങൾ രണ്ടു പേരും കാലിക്കറ്റ് യൂണിവേഴ്സിറ്റി യു ജി ഓൺലൈൻ ക്വസ്റ്റ്യൻ പേപ്പറുമായി ബന്ധപ്പെട്ട ഓൺലൈൻ മീറ്റിംഗ് നടത്തിയത് അറ്റന്റു ചെയ്തു. നേരത്തേ പിജിയുടേത് ഓൺ ലൈൻ ആക്കിയിരുന്നു. അത് ഞങ്ങളെല്ലാവരും വിജയകരമായി പ്രാവർത്തികമാക്കിയിരുന്നു. മീറ്റിംഗിൽ മിക്കവാറും എല്ലാ പ്രിൻസിപ്പൽമാരും അവരവരുടെ അഭിപ്രായങ്ങൾ പങ്കു വച്ചിരുന്നു. അങ്ങനെ ആ ദിനം സാർത്ഥകമായി തോന്നി. ഇതിനിടയ്ക്ക് വിവരമറിഞ്ഞ സഹപ്രവർത്തകരും ബന്ധുമിത്രാദികളും വിദ്യാർത്ഥികളും എന്തെങ്കിലും സഹായം വേണമോ എന്ന് ചോദിച്ച് വിളിച്ചിരുന്നു.

ഓർമ്മചെപ്പിന്റെ “ബൈ സ്റ്റാന്റർ ” എന്ന അധ്യായം പനി കിടക്കയിലാണെഴുതിയത്. ആദ്യം ഈ ആഴ്ച എഴുതേണ്ട എന്ന് വിചാരിച്ചെങ്കിലും എഴുതി പൂർത്തിയാക്കുകയായിരുന്നു. ഒരോ രചനയും മനസ്സ് മറ്റൊരു തലത്തിലേയ് ക്കെത്തി മനസ്സ് ചേർത്തു വച്ചെഴുതുമ്പോഴാണ് നന്നാവുന്നത്. ധൃതിയിൽ എഴുതുമ്പോൾ അത് നന്നാവണമെന്നില്ല. അങ്ങനെ ബൈസ്റ്റാന്റർ എഴുതി കഴിഞ്ഞപ്പോൾ ആ ക്വാറൻറ്റൈൻ ദിനവും അർത്ഥമുള്ളതായി തോന്നി.

അടുത്ത ദിവസം ലാബുകാരെത്തി . മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവമെടുത്ത് ടെസ്റ്റ് ചെയ്യാനായി തൃശ്ശൂർക്ക് അയച്ചു. പിറ്റേന്ന് റിസൾട്ട് വന്നു. ഞങ്ങൾ രണ്ടു പേരും കോവിഡ് പോസിറ്റീവ്. പിറ്റേന്നും ഡാലിയുടെ വക പൊരിച്ച മീനും മീൻ കറിയുമെത്തിയിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ സനത്, അനിൽ എന്നീ അധ്യാപകർ കാണാനെത്തി. അവരുടെ വക പഴങ്ങൾ . അടുത്ത ദിവസം സനത് കരിഞ്ചീരകം, ചുക്ക്, തുളസിയില . കറിവേപ്പില എന്നിവ എത്തിച്ചു തന്നു. ചുക്കു കാപ്പി, നാരങ്ങ വെള്ളം, മുട്ട പുഴുങ്ങിയത്, ഏത്തപ്പഴം പുഴുങ്ങിയത് എന്നിവ ഇടനേരങ്ങളിൽ ഞങ്ങൾ കഴിച്ചു.

ഒരു ദിവസം K-DISC ന്റെ YIP പ്രോഗ്രാമിന്റെ ഓൺലൈൻ റോഡ് ഷോയിൽ പങ്കെടുത്തു. അതു കഴിഞ്ഞ് മാന്നാർ UIT യുടെ എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് ജൈവ കൃഷി സംബന്ധിച്ച ഒരു ക്ലാസ്സെടുത്തു കൊടുത്തു. ദേഹം വേദന കടുത്തതായതിനാൽ നന്നായി ഉറങ്ങാൻ പോലും പ്രയാസമായിരുന്നു. അതിനാൽ ഞാൻ ശ്വസനക്രിയയും കൈകൾക്കും കാലുകൾക്കുമുള്ള വ്യായാമങ്ങളും നന്നായി ചെയ്തു. രക്തയോട്ടം കൂടിയതുമൂലമാകണം ശരീര വേദന കുറഞ്ഞു. സുഖ ഉറക്കം ലഭിച്ചു. ഭർത്താവിന് അപ്പർ റസ്പിറ്റേറി ലക്ഷണങ്ങളും പനിയും നന്നായുണ്ടായിരുന്നു. ഞാൻ വ്യായാമം ചെയ്തതു മൂലമാകണം എനിക്കായിരുന്നു വേഗത്തിൽ റിക്കവറി. ഇത്തിരി ശുദ്ധവായുവും കാറ്റും വെളിച്ചും ലഭിക്കാൻ ഞാൻ അടുക്കള ഭാഗത്തുള്ള വാതിൽ തുറന്നിട്ട് അവിടെ പടിയിൽ ഇരിക്കുന്നത് പതിവാക്കി. നല്ല കാറ്റ് ലഭിക്കുന്ന സ്ഥലമായതിനാൽ അവിടിരിക്കുമ്പോൾ നല്ല ഉന്മേഷം തോന്നി.

കിടക്കുന്ന മുറിയിൽ മൊബൈലിനിന് റേഞ്ച് കുറവായതിനാൽ ഫോൺ കാളുകളോ വാട്സാപ് മെസ്സേജുകളോ ആ മുറിയിൽ വച്ച് ലഭിച്ചിരുന്നില്ല. വാതിൽ പടിയിൽ എത്തുമ്പോഴാണ് മെസ്സേജുകൾ ചറപറായെന്നെത്തുക. പ്രധാനപ്പെട്ടവയൊക്കെ നോക്കും. എല്ലാ ദിവസവും 4 AM ക്ലബ്ബിലെ റോബിൻ തിരുമല, മോഹൻജി , ബീന, സുഷ ചന്ദ്രൻ തുടങ്ങിയവരുടെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള സന്ദേശങ്ങൾ രാവിലെ നാലു മണിയ്ക്കല്ലെങ്കിലും കേൾക്കുകയും വായിക്കുകയും ചെയ്തു. പിന്നെ ഹരിപ്പാട് റോട്ടറി ക്ലബ്ബുനടത്തിയ “മെൻ സുറൽ ഹൈജീനെ ” കുറിച്ചുള്ള ഒരു ഇന്റർനാഷണൽ സെമിനാറിൽ പങ്കെടുത്തു. മെൻ സുറൽ കപ്പ് ഉപയോഗിയ് ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അത് ഒഴിവാക്കുന്ന മെൻ സുറൽ വേയ്സ്റ്റിന്റെ അളവിനെ കുറിച്ചും അത് ഉപയോഗിയ്ക്കുന്നതു മൂലമുള്ള സാമ്പത്തിക ലാഭത്തെ കുറിച്ചും മറ്റും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള വ്യക്തികൾ സംസാരിച്ചു.

കേരളത്തിലെ കുമ്പളങ്ങി എന്ന ഗ്രാമമാണ് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണമായും മെൻസുറൽ കപ്പുപയോഗിയ്ക്കുന്ന ഗ്രാമമെന്നത് എനിക്ക് പുതിയ അറിവായിരുന്നു. വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടുപോലുള്ള പ്രദേശക്കാർക്കും മെൻസുറൽ കപ്പിന്റെ ഉപയോഗം ആശ്വാസദായകമായിരിയ്ക്കും എന്നാണ് എന്റെ അഭിപ്രായം.

അടുത്ത ദിവസം ഡാലി വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വീട്ടിലെത്തിച്ചു. കോളേജിലെ സെക്യൂരിറ്റി സ്റ്റാഫ് ബാലേട്ടനും ഇലക്ട്രോണിക്സ് ലക്ചറർ സുബിയും . ആവശ്യമുള്ള സാധനങ്ങൾ പൾസ് ഓക്സിമീറ്റർ , തെർമോമീറ്റർ , ഇൻഹലേറ്റർ ഉൾപ്പടെയുള്ളവ സമയാസമയം എത്തിച്ചിരുന്നു. ഫ്ലാറ്റിലെ താമസക്കാരും അവരാൽ കഴിയുന്ന സഹായങ്ങൾ ഞങ്ങൾക്കെത്തിച്ചു തരുവാൻ തയ്യാറായിരുന്നു. ഇടയ്ക്ക് ഞാൻ ക്യാൻസർ ബാധിച്ച് കീമോ ചെയ്തു കൊണ്ടിരിയ്ക്കുന്ന കാർത്തിക പള്ളി കോളേജിലെ ഒരധ്യാപികയെയും വിളിച്ച് സംസാരിച്ചിരുന്നു.

അല്പം ആശ്വാസം തോന്നിയ ദിവസം മുറിയൊക്കെ അടിച്ച് തുടച്ച് വൃത്തിയാക്കി പുതപ്പൊക്കെ കഴുകിയിട്ടു. പിന്നെ ഓർമ്മചെപ്പ് പുസ്തകമായി പ്രസിദ്ധീകരിക്കാനായി ശ്രീ ഒ.സി രാജുമോനെ ഏർപ്പാടാക്കിയിരുന്നു. അങ്ങനെ ഓർമ്മചെപ്പിന്റെ 98 അധ്യായങ്ങൾ ഒന്നുകൂടി എഡിറ്റ് ചെയ്ത് അദ്ദേഹത്തിന് അയച്ചു കൊടുത്തു . കഴിഞ്ഞ ദിവസം ക്വാറന്റൈൻ സർട്ടിഫിക്കറ്റ് വാങ്ങാൻ ആശുപത്രിയിൽ ചെന്നപ്പോഴാണറിയുന്നത് ഒരാഴ്ച ഡോക്ടറും ക്വാറന്റൈനിൽ ആയിരുന്നെന്ന്. ആർടിപിസിആർ റിസൾട്ട് ആധാറുമായി ലിങ്ക് ചെയ്തിരുന്നതിനാൽ ഞങ്ങളെ വിളിച്ചത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലെ കോവിഡ് സെന്ററിൽ നിന്നുമായിരുന്നു. പാലക്കാടു കഴിയുന്ന ഞങ്ങൾക്ക് അവരെന്തു സഹായമെത്തിക്കാൻ. നാളെ വീണ്ടും ജോലിക്ക് കയറാനൊരുങ്ങുന്ന എന്നോട് ദൈവം തമ്പുരാൻ ” നീയൊന്ന് വിശ്രമിച്ചോ” എന്ന് പറഞ്ഞനുവദിച്ചു തന്ന ദിനങ്ങളായിരുന്നു ഈ ക്വാറന്റൈൻ ദിനങ്ങളെന്ന് എനിക്ക് തോന്നി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

രാധാകൃഷ്ണൻ മാഞ്ഞൂർ

“ചുറ്റിക്കെട്ടി മുകളിലേയ്ക്കെടുക്കടാ മരക്കഴുതെ ” ആശാൻ പീഠത്തിലിരുന്ന് ആജ്ഞാപിച്ചു .
പഞ്ചസാര മണലിൽ കുഞ്ഞുവിരൽ അമർത്തി പിടിച്ച് ശിഷ്യനെക്കൊണ്ട് അക്ഷരം എഴുതിക്കാനുള്ള തത്രപ്പാടാണ് നടക്കുന്നത്.

അക്ഷരം പിറന്നു വീഴാൻ വൈകുന്തോറും ചെറുവിരലിലെ പിടുത്തം മുറുകും. കണ്ണിൽ കൂടി പൊന്നീച്ച പറക്കും…..

ഏറെക്കഴിഞ്ഞ് ആ മണലിൽ ഒരക്ഷരം പിറന്നു. അതെ – ‘ൻ ‘ എന്ന അക്ഷര ത്തിൻറെ പരിണാമഗുപ്തി .

കാലം – 1971

സ്ഥലം:- മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂളിനരുകിലെ നിലത്തെഴുത്തു കളരി . ഗുരു അന്തരിച്ച കെ ആർ രാഘവൻ പിള്ള . ഇതിൽ പരാമർശിക്കുന്ന മരക്കഴുത ഈയുള്ളവൻ തന്നെ . പഠിതാവിൻ്റെ ചൂണ്ടുവിരൽ കൊണ്ട് മണലിൽ എഴുതിക്കുന്നതിന് ചില രീതികളുണ്ട്. ആശാൻറെ കാഴ്ചപ്പാടിൽ അക്ഷരങ്ങൾ തലകുത്തിയാണ് എഴുതുന്നത്. ശിഷ്യൻ്റെ കാഴ്ചയിൽ അക്ഷരം നേരെ തന്നെ രൂപപ്പെടുന്നു. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് ഞാൻ ഓർക്കാറുണ്ട്.

അതായത് ആശാൻ അക്ഷരത്തിൻ്റെ തലയ്ക്കലും മണലിൽ എഴുതുന്ന കുട്ടി താഴെയും ഇരിക്കും.
ഏത് അക്ഷരവും തലതിരിച്ച് നിഷ്പ്രയാസം എഴുതാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.

സ്വരാക്ഷരം, വ്യജ്ഞനാക്ഷരം, ഗുണനം, ഹരണം, സങ്കലനം, വ്യവകലനം…. അങ്ങനെ നിലത്തെഴുത്തു കളരിയുടെ സിലബസ്സ് നീളുന്നു.

ഞങ്ങളുടെ ഗ്രാമത്തിൽ ആ കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരികളെ ഉണ്ടായിരുന്നുള്ളൂ . അക്ഷരങ്ങളുടെ ചൂടും, ചൂരും അറിഞ്ഞത് ആശാന്മാരിലൂടെയാണ്. അവർ കുട്ടികളെ ശാസിക്കും, ശിക്ഷിക്കും…. അതൊന്നും ആരുമൊരു കുറ്റമായ് കണ്ടില്ല.

രാഘവപിള്ളയാശാനും, കൃഷ്ണൻ നായരെന്ന പുതുവായിലാശാനും അക്കാലത്തെ പ്രശസ്തരായ ആശാൻമാരായിരുന്നു. അമ്മിണി ടീച്ചറിൻ്റെ വെൽഫെയർ സെൻററിലും നിരവധി കുട്ടികൾ അക്ഷരം പഠിച്ചു.

അക്ഷരങ്ങളും, അക്കങ്ങളും തറവാകണമെങ്കിൽ നിർബന്ധമായും ആശാൻ കളരിയിൽ വിട്ടു പഠിപ്പിക്കണമെന്ന് പഴയ തലമുറയ്ക്ക് ഒരു നിർബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ ഗ്രാമത്തിൽ ഇതൊരു അലിഖിത നിയമമായിരുന്നു. അതുകൊണ്ട് എന്നെ പോലെ പഠിക്കാൻ മണ്ടന്മാരായ ശിഷ്യന്മാർ ഒന്നാം ക്ലാസിൽ ചേർന്നു കഴിഞ്ഞിട്ടും വൈകുന്നേരം കളരിയിലും പഠിക്കുമായിരുന്നു….. അതുകൊണ്ട് ഓരോ ആണ്ടറുതിയിലും എൻറെ ഓലവര നടക്കാതെ പോയി….. അക്ഷരം പഠിപ്പിച്ചെടുക്കുകയെന്ന ‘ഹെർക്കുലിയൻ ടാസ്ക്ക് ‘ ആശാൻ സ്വയം ഏറ്റെടുക്കുകയായിരുന്നു.

അക്ഷരങ്ങളുടെയും, അക്കങ്ങളുടെയും ചതുര വടിവുകൾ വല്ലാതെ ഭയപ്പെടുത്തി…. എണ്ണിയെണ്ണി കുറയുന്ന അക്കങ്ങളുടെ ദശാസന്ധികൾ, പെരുക്കപ്പട്ടികയുടെ നിമ് ന്നോന്നതങ്ങൾ . എല്ലാം ആലീസിൻ്റെ അത്ഭുതലോകമായ് എനിക്കു മുന്നിൽ……

ഞങ്ങളുടെ ഈ ഓപ്പൺ യൂണിവേഴ്സിറ്റിയിലിരുന്നാൽ തൊട്ടടുത്തുള്ള സ്കൂൾമുറ്റം കാണാം, ആ മുറ്റത്തെ നന്ദ്യാർവട്ട ചെടികൾ കാണാം, കളരിയുടെ അരികിലെ അപ്പ മരങ്ങൾ കാണാം……

കളരിയുടെ തിണ്ണയിലേക്ക് കയറുന്നതിന് നിയതമായ വാതിലുകളില്ല …… എതിലെയും കയറാം. തെക്കേ സൈഡിലെ വാതിൽ വഴി കാലു നീളമുള്ളവർക്ക് കയറാം. ഉയരം കുറഞ്ഞവർ റോഡിലെ മതിലിനരികിൽ കെട്ടിയിരിക്കുന്ന നടക്കല്ലു വഴിയും കളരിയിൽ എത്തും. സ്കൂളിൽ നിന്ന് വരുന്ന സീനിയേഴ്സ് (ഒന്നും, രണ്ടും ക്ലാസുകാർ) ആശാൻ്റെ സായാഹ്ന ക്ലാസ്സിലേക്ക് ഓടിപ്പാഞ്ഞാണ് വരുന്നത്. മുറിയിലെ വലിയ സ്റ്റൂളിൽ ഇരിക്കാനുള്ള മത്സര ഓട്ടം. തകൃതമുള്ള വിദ്വാന്മാർക്കാണ് ആ കസേരയിൽ ഇരിക്കാൻ ഭാഗ്യം കിട്ടുന്നത്. അവസാനം വരുന്നവർ ‘ഓട്ടിക്കിശു’ എന്ന നാമധേയത്തിൽ അറിയപ്പെടും. അവർക്കൊരിക്കലും ആ സ്റ്റൂളിൽ ഇരിക്കാൻ ഭാഗ്യം കിട്ടാറില്ല….. പിന്നീട് സ്റ്റൂളിൽ ഇരുന്ന വിദ്വാനുമായി ഉന്തും തള്ളും ഉണ്ടാവും. ആ നേരത്താണ് ആശാൻ്റെ ചൂരൽ മേശപ്പുറത്ത് ആഞ്ഞടിക്കുന്നത്. ‘പോയിനെടാ പിള്ളേരെ’ എല്ലാവരെയും നല്ല വഴക്കുപറയും. കളരി പെട്ടെന്ന് നിശബ്ദമാവും…. പിന്നീട് ഞങ്ങളൊക്കെ നല്ല കുട്ടികളായി രൂപാന്തരപ്പെടും .

ചുവപ്പിലും, പച്ചയിലും അക്ഷരങ്ങൾ എഴുതിയ കാർഡ് ബോർഡുകൾ, ചുവന്ന കളറിലെഴുതിയ പട്ടിക ബുക്കുകൾ സ്ലേറ്റിൽ ഗുണനപ്പട്ടിക തെറ്റിച്ചെഴുതിയതിന് വലിയ ചൂരൽ വടി പ്രയോഗങ്ങൾ…..

ഇതെല്ലാം അരങ്ങേറുന്ന ഒരു മായികലോകം……. അതാണു കളരി!

കളരിയിൽ പഠനമുള്ള ഒരു ദിവസം ഉച്ചയ്ക്ക് നല്ല മഴ. മഴ ഒന്ന് ശമിച്ചപ്പോൾ നല്ല വെയിലും പിറന്നു .

ഇത് കണ്ട് അലക്സ് പറഞ്ഞു “വെയിലും, മഴയും ഒരുമിച്ചു വന്നാൽ കുറുക്കൻ്റെ പെണ്ണുകെട്ട് നടക്കും….. ”

എനിയ്ക്കതൊരു പുതിയ അറിവായിരുന്നു. പുറത്തെവിടെയെങ്കിലും ഒരു കുറുക്കൻ്റെ പെണ്ണുകെട്ട് കാണണമെന്ന് വ്യഥാ മോഹിച്ചു.

അവൻ പറഞ്ഞത് ശരിയാണ്….. കളരിക്കു വെളിയിൽ രണ്ടു കുറുക്കൻമാർ, നാദസ്വരം, നിലവിളക്ക്, പന്തൽ….

അതെ അവർ വിവാഹിതരാവുകയാണ്.

കെ.ആർ . രാഘവൻപിള്ള, നിലത്തെഴുത്താശാൻ. മാഞ്ഞൂർ തെക്കുഭാഗത്ത് കൊച്ചുപുരയ്ക്കൽ വീട്ടിൽ ( ശ്രീരാഗം) താമസം.

മൂന്നു തലമുറകളിലായി ആയിരക്കണക്കിന് കുട്ടികളെ അക്ഷരം പഠിപ്പിച്ചു. ഭാര്യ പാലാ സ്വദേശിനി.

ഇവർക്ക് രണ്ടാണും, ഒരു പെണ്ണും. മൂന്നുപേരും വിവാഹിതർ.

ചെറുപ്രായത്തിൽതന്നെ നിലത്തെഴുത്തു കളരി സ്ഥാപിച്ചു.

മാഞ്ഞൂർ തെക്കുംഭാഗം ഗവൺമെൻറ് സ്കൂളിനരുകിലെ ഒറ്റമുറി കെട്ടിടത്തിലായിരുന്നു നിലത്തെഴുത്തു തുടങ്ങിയത്. വർഷാവർഷം എത്രയോ കുഞ്ഞുങ്ങൾ അവിടെനിന്ന് ഡ്രോപ്പൗട്ടുകളാവുന്നു…… ആശാൻ്റെ ശിഷ്യഗണങ്ങൾ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു .

” എന്നും വെളുപ്പിനെഴുന്നേൽക്കുന്നതാണ് ശീലം. മാഞ്ഞൂർ ഭഗവതി മഠത്തിൽ പോയി തൊഴുതു പ്രാർത്ഥിച്ചതിനുശേഷം മാത്രമേ കളരിയിൽ അധ്യാപനം തുടങ്ങുമായിരുന്നുള്ളൂ….. തികഞ്ഞ ദേവി ഭക്തനായിരുന്നു. കളരി അധ്യാപനത്തിൽ നിന്നും എൺപതു വയസ്സായപ്പോൾ വിരമിച്ചു. രണ്ടായിരം മാർച്ചിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളിൽ മരണമടഞ്ഞു. മരിക്കുമ്പോൾ എൺപത്തിയേഴ് വയസ്സുണ്ടായിരുന്നു.”

ആശാൻറെ ബന്ധു രാധാമണി ചേച്ചി പറയുന്നു.

മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ അധികൃതർ പൊന്നാടയണിയിച്ച് ആദരിച്ചതല്ലാതെ മറ്റൊരു സംഘടനകളും അദ്ദേഹത്തെ തേടി വന്നില്ല….. ആരോടും പരാതിയും, പരിഭവങ്ങളുമില്ലാതെ തൻറെ കർമ്മകാണ്ഡം പൂർത്തിയാക്കി ആ അക്ഷര പ്രഭു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

1986-ൽ മാഞ്ഞൂർ സൗത്ത് പോസ്റ്റ് ഓഫീസിൽ ഒരു രജിസ്റ്റർ തപാലുമായി ചെന്നപ്പോഴാണ് കളരിയിൽ ആശാനെ സന്ദർശിക്കാൻ സാധിച്ചത്. വർഷങ്ങൾക്കു ശേഷമുള്ള ഒരു കൂടിക്കാഴ്ച. എൻറെ ആദ്യാക്ഷരത്തിന്റെ കളരിയിൽ എല്ലാം പതിവുപോലെ……

തടിച്ച ഫ്രെയിം വച്ച കണ്ണടയ്ക്കുള്ളിൽ ആശാൻ, മടക്കി വെക്കാവുന്ന ആ മേശ ( ഇത് ജനലിന് കതകായും ഉപയോഗിക്കുന്നു.) പഴയ ആ തടിയൻ ബഞ്ച്, മൂലയ്ക്കിട്ടിരിക്കുന്ന ആ വലിയ സ്റ്റൂൾ, പോളിഷ് ചെയ്ത തടി അലമാര, മണിച്ചിത്ര പൂട്ടുള്ള കളരിയുടെ വാതിൽ …. ഇല്ല …. ഒന്നിനും മാറ്റമില്ല ….. ഞാൻ ചെല്ലുമ്പോൾ ആശാൻ മണ്ണെണ്ണ സ്റ്റൗവിൽ പാൽക്കഞ്ഞി ഉണ്ടാക്കുന്നു. ആശാൻ്റെ മെനു ഇങ്ങനെയാണ് . രാവിലെ പാൽക്കഞ്ഞി , ഒരു കപ്പ് ചായ , രണ്ട് ഏത്തപ്പഴം…..

ആശാൻ ജോലിയിലാണ്. ഞാൻ സ്വയം പരിചയപ്പെടുത്തി. ‘ആശാനെ…. ഞാനാ രാധാകൃഷ്ണൻ….. , പന്തല്ലൂരെ …. ‘

‘ ങ്ങാ ….നീയോ ‘

വർത്തമാനത്തിനിടയിൽ നാലഞ്ചു കുഞ്ഞുങ്ങളെ മണലിൽ അക്ഷരങ്ങളുടെ ചക്രവ്യൂഹത്തിലേക്കു കടത്തിവിട്ടു.

‘ൻ’ എന്ന അക്ഷരം എന്നെക്കൊണ്ട് എഴുതിക്കുമോന്ന് ഭയന്നു. ആശാനു പുറകിൽ വിനീത വിധേയനായി ആ പഴയ മരക്കഴുതയായി ഞാൻ നിലകൊണ്ടു.

ഇടയ്ക്കെപ്പോഴോ തടി അലമാര തുറന്ന് മൂന്നു ഞാലിപ്പൂവൻ പഴം എൻറെ നേർക്ക് നീട്ടി.

അലമാര തുറന്നപ്പോൾ ആ ഗന്ധത്തെയും ഞാൻ തിരിച്ചറിഞ്ഞു . ശരിയാണ് അതിനും മാറ്റമില്ല….. സാമ്പ്രാണിയുടെയും നേന്ത്രപ്പഴങ്ങളുടെയും സമ്മിശ്ര ഗന്ധം……

ആ പുരാതന ഗന്ധങ്ങൾ ഓല വരക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സാമ്പ്രാണിയും , പഴങ്ങളും ,കൽക്കണ്ടവും ദേവിക്കു മുന്നിൽ സമർപ്പിച്ച് മണലിലെഴുതിക്കുന്ന ഓലവര ചടങ്ങ് .

ഉണ്ണി പിള്ളേച്ചൻ്റെ കടയിൽ നിന്നും വരുന്ന ചായ, അവലു വിളയിച്ചത്, നേന്ത്ര പഴങ്ങൾ എല്ലാം ഉണ്ടാവും.

” ഓല വരയുള്ള ദിവസം ഞങ്ങൾ കുട്ടികളോട് നേരത്തെ പറയും കളരിയിൽ ചടങ്ങുണ്ടെന്ന്….. ഇടിച്ച അവലും, പഴവുമൊക്കെ കഴിച്ചത് ഇന്നലെയെന്നപോലെ ഓർക്കുന്നു….. ഞാൻ അമ്മിണി ടീച്ചറിൻ്റെ വെൽഫെയർ സെൻററിലാണ് പഠിച്ചത്…

ആശാൻ്റെ അയൽക്കാരി ലതികാ അമ്പിളി (തെള്ളകം മാതാ ഹോസ്പിറ്റൽ, പാതോളജി വിഭാഗം) പറയുന്നു. എന്തൊക്കെ പറഞ്ഞാലും കളരി അക്ഷരങ്ങൾ നമ്മുടെ ജീവിതത്തിലെ വിലമതിക്കാനാവാത്ത നിധി തന്നെയാണ്. എൻ്റെ ഗുരുനാഥ അമ്മിണി ടീച്ചർ പകർന്നുനൽകിയ അക്ഷരപുണ്യം ഞാനെങ്ങനെ മറക്കും…

ആശാന്മാർ പഠനകാര്യങ്ങളിൽ കാണിക്കുന്ന ജാഗ്രതയും, കരുതലുമൊക്കെ ഇന്നത്തെ എത്ര അധ്യാപകർ കാണിക്കും ….? അങ്ങനെയുള്ളവർ ഇല്ല എന്നതാണ് വാസ്തവം.”

ഡോ. ഐഷ വി

ബസ് കായംകുളം ബസ്സ്റ്റാന്റിൽ നിന്നും വിടാനൊരുങ്ങിയപ്പോൾ ‘ ഒരാളും കൂടിയുണ്ടേ’ എന്നു വിളിച്ചു പറഞ്ഞു കൊണ്ട് ആ സ്ത്രീ ഓടി വന്ന് ബസ്സിൽ കയറി. ഞാനിരുന്ന സീറ്റിനടുത്ത ഒഴിഞ്ഞ സീറ്റിലേയ്ക്കായിരുന്നു അവരുടെ ലക്ഷ്യം. അവർ അവിടെ വന്നിരുന്നു. ഞാൻ മൊബൈലിൽ വാട്‌സാപ് മെസേജ് മലയാളത്തിൽ എഴുതുന്നതു കണ്ടപ്പോൾ അവർക്ക് കൗതുകം. ആഹാ… സ്ലേറ്റിൽ എഴുതുന്നതു പോലെ ഇതിൽ എഴുതാൻ പറ്റുമോ?

“എനിക്ക് അതൊന്നും അറിഞ്ഞുകൂടാത്തതു കൊണ്ട്” മലയാളം വാക്കുകളും ഇംഗ്ലീഷിൽ തന്നെയാണ് ടൈപ്പ് ചെയ്യുന്നത്. പിന്നെ എനിക്കധികം വിദ്യാഭ്യാസവുമില്ല”.

വണ്ടി കുറച്ചു ദൂരം പിന്നിട്ടു കാണണം. റോഡിൽ വലതു വശത്തായി ഒരു വസ്ത്ര വ്യാപാര കടയുടെ കൂറ്റൻ പരസ്യ ബോർഡ്. അതിൽ ഒരു യുവതിയുടെ മുന്ന് വ്യത്യസ്ത പോസുകളിലുള്ള ഫോട്ടോ. അതു കണ്ടപ്പോൾ അടുത്തിരുന്ന സ്ത്രീ എന്നോട് പറഞ്ഞു: “അതെന്റെ മകളാണ്”.

വീണ്ടും ബസ് കുറേ നേരം കൂടി മുന്നോട്ട് പോയപ്പോൾ അവരുടെ മകളുടെ ചിത്രമുള്ള അതേ ബോർഡ് കണ്ടപ്പോൾ അവർ വീണ്ടും എന്നെ വിളിച്ച് കാണിച്ചു കൊണ്ട് പറഞ്ഞു: “ഇതെന്റെ മകളാണ്. അവളെ ഞാൻ ചെറുപ്പത്തിൽ ഡാൻസും പാട്ടുമൊക്കെ പഠിപ്പിച്ചതാണ്”. അവരുടെ മട്ടും ഭാവവും കണ്ടപ്പോൾ അവരുടെ ജീവിത കഥ അവർക്കെന്നോട് പറയാൻ ആഗ്രഹമുണ്ടെന്ന് തോന്നി. ഞാനവരോട് ചോദിച്ചു. “എവിടെ പോയി വരുന്നു ?’ ചക്കുളത്തുകാവിൽ . “വീടെവിടെ ? തിരുവനന്തപുരം ജില്ലയിൽ __ എന്ന സ്ഥലത്ത്.,” എന്ത് ചെയ്യുന്നു ?” “ബൈ സ്റ്റാന്ററാണ്.” ” ആശുപത്രികളിലെ കിടപ്പു രോഗികൾക്ക് കൂട്ടിരിപ്പാണ് പണി. “വീട്ടുവേലയ്ക് പോയാൽ ആളുകളുടെ വിധം മാറും . പിന്നെ അവരുടെ വായിലിരിയ്ക്കുന്നതൊക്കെ കേൾക്കണം. അതിനാൽ ഈ ജോലി തിരഞ്ഞെടുത്തു. മുമ്പ് കുറേ വീടുകളിലൊക്കെ നിന്നിട്ടുണ്ട്. ശരിയാവില്ല എന്ന് മനസ്സിലായപ്പോൾ നിർത്തി.

” ഈ മകൾ എന്തു ചെയ്യുന്നു? എന്ന് ഞാൻ ചോദിച്ചു. അത് ബി കോം ഫൈനലിയറാണ്. മകൾ അവളുടെ അച്ഛന്റെ കൂടെയാണ് താമസം. നിങ്ങളുടെ കൂടെ നിൽക്കാറില്ലേ? ഞാൻ ബൈസ്റ്റാന്ററായി ജോലിക്കു പോകുമ്പോൾ മകളെ കൂടെ നിർത്താറില്ല. അവൾ ഒറ്റയ്ക്കായിപ്പോകും. കുറച്ചൊക്കെ സമ്പാദ്യമായ ശേഷം ഞാൻ ഇടയ് ക്കൊക്കെ നിർത്താറുണ്ട്. എന്താണ് ഭർത്താവുമായി ബന്ധമൊഴിയാൻ കാരണം? ഈ ചോദ്യം കേട്ടപ്പോൾ അവർ എന്നെ അവരുടെ ജീവിത കഥയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇടത്തരം കുടുംബാംഗമായിരുന്ന ഇവരെ ഇടത്തരം കൂടുംബാംഗമായിരുന്ന ഒരാൾ വിവാഹമാലോചിച്ചു ചെന്നു. വീട്ടുകാർ ജ്യോത്സ്യനെ കണ്ട് ജാതകം നോക്കിച്ചു കവിടി നിരത്തി ജ്യോത്സ്യൻ പറഞ്ഞു. ജാതകം പൊരുത്തമുണ്ട്. പക്ഷേ ദാമ്പത്യം ദീർഘനാൾ നീണ്ടു നിൽക്കുകയില്ല. എന്തായാലും വീട്ടുകാർ വിവാഹം നടത്തി. രണ്ടു പേരും കൂടി സന്തോഷത്തോടെ ജീവിച്ചു. ഒരു മകനും ഒരു മകളും ജനിച്ചു. രണ്ടു പേരുടേയും അധ്വാനവും കരുതലും കൊണ്ട് വീടും വീടു നിൽക്കുന്ന പറമ്പിൽ റോഡു സൈഡിലായി കടയും പണിതു. വീട്ടിലേയും കടയിലേയും കാര്യങ്ങൾ രണ്ടു പേരും കൂടി നോക്കി നടത്തി. അത്യാവശ്യം സമ്പാദ്യം രണ്ടുപേരുടേയും പേരിലായി.

ഒരു വേനൽ കാലത്ത് റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ കടയിലേയ്ക്ക് പൊടി പടരുന്നത് കണ്ട് ഭർത്താവ് ഭാര്യയെ വെള്ളം തളിയ്ക്കാൻ ഏൽപ്പിച്ചു. ഭാര്യ റോഡിൽ വെള്ളം തളിച്ചു കൊണ്ടു നിന്നപ്പോൾ ഒരു ലോറി വന്നു. ലോറിയ്ക്ക് കൈ കാണിച്ചിട്ട് വെള്ളം തളിച്ചിട്ട് പോകാമെന്ന് പറഞ്ഞു. പിന്നീട് ഈ ലോറിക്കാരൻ കടയിലെ എസ്.ടി.ഡി ബൂത്തിൽ ഫോൺ വിളിക്കാൻ എത്തി തുടങ്ങി.

ഒരു ഹർത്താൽ ദിവസം ലോറിക്കാരൻ അവിടെയെത്തി. അവർ കടയുടെ ഷട്ടറിന്റെ മുക്കാൽ ഭാഗം താഴ്ത്തിയിട്ട ശേഷം കടയിലെ സാധനങ്ങൾ അടുക്കി വയ്ക്കുകയും കട തൂത്തു വൃത്തിയാക്കുകയും ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. അയാൾ ഭക്ഷണം ചോദിച്ചു. മറ്റെങ്ങും ഭക്ഷണം കിട്ടാനില്ലേയെന്ന് ചോദിച്ചപ്പോൾ ഹർത്താലായതു കാരണം കിട്ടാനില്ലെന്ന മറുപടി. ഒടുവിൽ അവർ വീട്ടിൽ പോയി ഭർത്താവിനോട് കൂടി പറഞ്ഞ ശേഷം ഒരു പാത്രം ചോറ് എടുത്തു കൊണ്ടു വന്നു. വീട്ടു പറമ്പിലെ മുരങ്ങിയില തോരനും പുളിശേരിയും മീൻ കറിയുമായിരുന്നു അന്നത്തെ കറികൾ . അത് വിളമ്പി കൊടുത്തു. അയാൾ കഴിച്ചു കൊണ്ടിരിയ് ക്കേ അവർ അയാളുടെ കുടുംബത്തെ കുറിച്ച് അന്വേഷിച്ചു. ഒന്ന് രണ്ട് കല്യാണം കഴിച്ചെങ്കിലും ഒന്നും ശരിയായില്ലെന്ന് അയാൾ മറുപടി കൊടുത്തു. അപ്പോൾ ചക്കുളത്തുകാവിൽ പോയി പൂജ ചെയ്താൽ എല്ലാം ശരിയാകുമെന്ന് ഇവർ പറഞ്ഞു.

ഇവരും ഇവരുടെ ചേച്ചിയും കൂടി അടുത്ത ശനിയാഴ്ച അമ്പലത്തിൽ പോകുന്നുണ്ടെന്നും അന്നു പോയാൽ മതിയെന്നും അയാളോട് പറഞ്ഞു. അയാൾ ഏറ്റു. കൃത്യം ആ ദിവസം ജ്യേഷ്ഠാനുജത്തിമാർ ബസ്സിൽ കയറിയ സമയം അയാളും ആ ബസ്സിൽ കയറി. അവർ അയാൾക്കും ചേച്ചിയ്ക്കും ടിക്കെറ്റെടുത്തപ്പോൾ അവരുടെ ചേച്ചി ഇക്കാര്യം ശ്രദ്ധിച്ചു. പോയി വന്നപ്പോൾ അവരുടെ ഭർത്താവിനോട് ചേച്ചി ഇക്കാര്യം പറഞ്ഞു കൊടുക്കുകയും ചെയ്തു. ഭർത്താവ് ഒരു പോലീസ് കേസ് കൊടുത്തതു പ്രകാരം പോലീസുകാർ ഇയാളെ ചോദ്യം ചെയ്ത് വിട്ടു. ഇതയാൾക്ക് വാശിയായി. പിന്നീട് ഇവർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ മകളെയും ഒക്കത്തെടുത്ത് ഒരു ആട്ടോ പിടിയ്ക്കാനായി ജംഗ്ഷനിൽ എത്തിയപ്പോൾ അയാളും അവിടെയുണ്ടായിരുന്നു. ഇവർ കയറിയ ഓട്ടോയിൽ അയാളും ആ വഴിയ്ക്കാണെന്ന് പറഞ്ഞ് ചാടിക്കയറി. പിന്നീട് ഓട്ടോക്കാരൻ അയാൾ പറഞ്ഞതനുസരിച്ചാണ് വണ്ടി വിട്ടത്. അങ്ങനെ തമിഴ് നാട്ടിലെ ഒരു വീട്ടിൽ കൊണ്ടു പോയി ഇവരെ പൂട്ടിയിട്ട ശേഷം ലോറി ഡ്രൈവർ സ്ഥലം വിട്ടു. മൂന്നാം ദിവസം രാവിലെ അവർ പുറകു വശത്തെ വാതിൽപൊളിച്ച് പുറത്തിറങ്ങി. വഴിയിൽ കണ്ട സ്ത്രീയുടെ പക്കൽ നിന്നും പത്തു രൂപ കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കാനാണെന്നും പറഞ്ഞ് വാങ്ങി. പിന്നെ ഒരു എസ്.ടി.ഡി ബൂത്ത് കണ്ടുപിടിച്ച് നാട്ടിലേയ്ക്ക് ഫോൺ വിളിച്ചു. ഭർത്താവ് ഫോണെടുത്തു. സ്ഥലം ചോദിച്ചു മനസ്സിലാക്കി വണ്ടിയുമായി ചെന്ന് അവരെ കൂട്ടികൊണ്ട് പോന്നു. പോലീസ് സ്റ്റേഷനിൻ ചെന്ന് റിപ്പോർട്ട് ചെയ്ത ശേഷം ടൗണിലെത്തി ബാങ്കിൽ കയറി. ഇവരുടെ പേരിലുണ്ടായിരുന്ന കാശു മുഴുവൻ ഭർത്താവ് ഇവരെ കൊണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്ത് എടുപ്പിച്ചു സ്വന്തം പോക്കറ്റിലാക്കി.

ബാങ്കിൽ നിന്നിറങ്ങിയ ശേഷം ഇവരുടെ പക്കൽ നിന്നും കുട്ടിയെ ഭർത്താവ് വാങ്ങി ശേഷം ഇവരോട് ലോറി ഡ്രൈവറുടെ ഒപ്പം പൊയ് ക്കൊള്ളാൻ പറഞ്ഞു. ഇവർക്ക് ഇവരുടെ വീട്ടിലേയ്ക്ക് പോകാൻ തോന്നിയില്ല. ഭാര്യയെയും കുഞ്ഞിനേയുംകണ്ടു കിട്ടി പരാതിയില്ല എന്നെഴുതി കൊടുത്തതിനാൽ ലോറി ഡ്രൈവറുടെ പേരിലുള്ള പോലീസ് കേസും അവിടെത്തീർന്നു. അങ്ങനെ അവർ ലോറി ഡ്രൈവറുടെ കൂടെ പോകാൻ നിർബന്ധിതയായി. അയാൾ മദ്യപനും ആഭാസനുമാണെന്ന് ഒന്നുരണ്ട് ദിവസം കൊണ്ട് അവർക്ക് ബോധ്യപ്പെട്ടു. അങ്ങനെ അയാളില്ലാത്ത സമയം നോക്കി ജോലിക്കാരെ ഏർപ്പാടാക്കുന്ന ഏജൻസിയിൽ പോയി രജിസ്റ്റർ ചെയ്തു വേഗം തന്നെ ഒരു വീട്ടിലെ പണി ഒത്തതിനാൽ അങ്ങോട്ടു പോയി. അങ്ങനെ ദീർഘകാലം കഴിഞ്ഞപ്പോൾ ഇവരുടെ അച്ഛനമ്മമാർക്ക് വയ്യാതായി.

സഹോദരങ്ങൾ പല സ്ഥലങ്ങളിൽ കുടുംബമായി കഴിയുന്നതിനാലും അച്ഛനമ്മമാരെ കൂടെ വന്ന് നിന്ന് നോക്കാൻ സാധിക്കാത്തതിനാലും ഗൾഫിലുള്ള ഒരു സഹോദരൻ ഇവരെ വിളിച്ച് അച്ഛനമ്മമാരെ നോക്കുന്ന ചുമതല ഏൽപ്പിച്ചു. സഹോദരന്റെ ഷെയർ കൂടി ഇവർക്ക് കൊടുത്തു. ഇവർ അച്ഛനമ്മമാരുടെ മരണശേഷം ആ പറമ്പിൽ ഒരു വീടു വച്ചു. ലോറി ഡ്രൈവർ ഇവരെ അന്വേഷിച്ചെത്തി. ഇവർ അയാളെ ഓടിച്ചു വിട്ടു. മകൾ ചെറിയ കുട്ടിയായതിനാൽ നോക്കുന്ന കാര്യം ബുദ്ധിമുട്ടാകുമ്പോൾ ഇവരുടെ ഭർത്താവ് കുട്ടിയെ ഇവരുടെ അടുത്താക്കും. ഇവർക്ക് ജീവിക്കാൻ വരുമാനം വേണ്ടതിനാൽ കാശ് തീരുമ്പോൾ കുട്ടിയെ ഭർത്താവിന്റെ വീട്ടിലാക്കിയ ശേഷം ഹോം നഴ്സായി പോകാൻ തുടങ്ങി. കുട്ടിയെ ഇതിനിടയ്ക്ക് നല്ലൊരു ടീച്ചറുടെ കീഴിൽ ഡാൻസും പാട്ടും അഭ്യസിപ്പിച്ചു. കുട്ടി ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ബന്ധുവായ ഒരു കുട്ടി സ്കൂളിൽ പഠിയ്ക്കാനെത്തി. അവർ രണ്ടു പേരും കൂടി ഒരു നൃത്തം സ്കൂളിൽ അവതരിപ്പിച്ചു. മറ്റേ കുട്ടിയുടെ ഒരു ബന്ധു ഇവർ നൃത്തം ചെയ്യുന്ന ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. ആ ഫോട്ടോഗ്രാഫർ ഈ കുട്ടികളുടെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ എടുത്തു. അഡ്വർട്ടൈസിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെ ഇദ്ദേഹം ഫോട്ടോകൾ കാണിച്ചു. കാണാൻ നല്ല ആകാര സൗഷ്ഠവവും നിറവുമുള്ള പെൺകുട്ടികളുടെ ചിത്രം അയാൾക്ക് ബോധിച്ചു. കുട്ടികളുടെ അചഛനമ്മമാരുടെ സമ്മതത്തോടെ അവരെ വിളിപ്പിച്ച് ഒന്നുരണ്ട് സാംപിൾ പരസ്യങ്ങൾ എടുത്തു നോക്കി. അതവർ നന്നായി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ പിന്നീട് വന്ന പല പരസ്യങ്ങളിലും ഈ രണ്ട് കുട്ടികൾക്കും അവസരങ്ങൾ ലഭിച്ചു. അങ്ങനെ ഹൈ സ്കൂൾ തലത്തിൽ പഠിയ്ക്കുമ്പോൾ തന്നെ രണ്ടു പേരും മോഡലുകളായി. ചെറുതല്ലാത്ത വരുമാനമായി. സമ്പാദ്യമായി. അവർ പരസ്യ മോഡലുകളായുള്ള വിവിധ ഉൽപന്നങ്ങളുടെ കൂറ്റൻ പരസ്യ ബോർഡുകൾ ഹൈവേയുടെ വശങ്ങളിൽ സ്ഥാനം പിടിച്ചു. അത് കാണുന്നവരെ കടകളിലേയ്ക്ക് ആകർഷിച്ചു.

അങ്ങനെ കാലം കഴിഞ്ഞപ്പോൾ ഇവർ ആശുപത്രിയിലെ ബൈ സ്റ്റാന്റർ മാത്രമായി മാറി. ഇതിനിടയ്ക്ക് ഇവരുടെ മകൻ വളർന്നു ഒരു പെൺകുട്ടിയെ പ്രണയിച്ചു. അവരുടെ വീട്ടുകാർ എതിർത്തപ്പോൾ അവൻ അവളെ വിളിച്ചു കൊണ്ടുവന്ന് അമ്മയുടെ വീട്ടിൽ താമസിച്ചു. അമ്മയുടെ അതുവരെയുള്ള സസാദ്യം മുഴുവൻ അമ്മ മകന് കൊടുത്തു.ഏതാനും ദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നടത്തി വിടാൻ തയ്യാറായി. വിവാഹത്തിന് അച്ഛൻ വീട്ടുകാരെല്ലാം കൂടി . മകൻ ഒരു വണ്ടി അമ്മയെ കൂട്ടികൊണ്ടുപോകാനായി വിടാൻ പറഞ്ഞിരുന്നെങ്കിലും അച്ഛന്റെ പെങ്ങന്മാർ ആരോ അത് തടഞ്ഞു. അങ്ങനെ അവർ അവിടെ തഴയപ്പെട്ടു. പിന്നീട് മകന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞപ്പോൾ മകൻ അമ്മയെ വിളിച്ചു കൊണ്ടുപോയി അച്ഛനും പെങ്ങളും അവനും ഭാര്യയും താമസിക്കുന്ന വീട്ടിലാക്കി. ഇവർ അവിടെ ചെന്നപ്പോൾ ഭർത്താവ് ഇവരോട് ഒരക്ഷരം മിണ്ടില്ല. ഭക്ഷണം വീട്ടിൽ നിന്നും കഴിക്കില്ല. കിടപ്പ് കടയിൽ തന്നെ എന്നിങ്ങനെയാക്കി. മരുമകൾക്കാണെങ്കിൽ എന്തിനും ഏതിനും ദേഷ്യം. ഇവരുടെ ജോലിഭാരം കൂട്ടാനായി തറയിൽ വെള്ളം കോരി ഒഴിയ്ക്കുക പ്രയാസപ്പെടുത്തുക എന്നിങ്ങനെയായി. മകളാണെങ്കിൽ പകൽ പഠിക്കാനായി പോകും. അങ്ങനെ മനസ്സു മടുത്ത് അവർ സ്വന്തം വീട്ടിലെത്തി.

വീണ്ടും ബൈ സ്റ്റാന്റർ പണി തന്നെ ശരണം. മകളുടെ കല്യാണം ഭംഗിയായി നടത്തണം അതിനുള്ള നേർച്ചയായിരുന്നു ചക്കുളത്തുകാവിലേയ്ക്കുള്ള ആ യാത്ര. എന്റെ സ്റ്റോപ്പെത്തിയപ്പോൾ ഞാനിറങ്ങി. അവർ അവരുടെ പ്രാർത്ഥനകളുമായി മുന്നോട്ട്.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

രാധാകൃഷ്ണൻ മാഞ്ഞൂർ

2022 ജനുവരി 16 – ന് അരങ്ങൊഴിഞ്ഞു കടന്നുപോയ ആലപ്പി രംഗനാഥ് നാടക സിനിമാ രംഗത്തെ അപൂർവ പ്രതിഭയായിരുന്നു.

നാടക രചന , സംവിധാനം , ഗാനരചന , സംഗീതം, നൃത്ത സംവിധാനം ഇങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു.

ആലപ്പുഴ വേഴപ്ര കുഞ്ഞു കുഞ്ഞു ഭാഗവതരുടെ മകൻ സംഗീതത്തിൻറെ അപൂർവ്വ താളങ്ങളിലേക്ക് സഞ്ചരിച്ചു . ജീവിത സായാഹ്‌നത്തിലേക്ക് കടന്നപ്പോൾ പൂർണമായും സംഗീതത്തിന് സമർപ്പിച്ചു.

ഈ ആത്മാർപ്പണത്തിൽ നിന്നാണ് കനകാംഗി മുതൽ രസിക പ്രിയ വരെ 72 മേള കർത്താ രാഗങ്ങൾ പിറന്നത് …..

72 മഹാ പ്രതിഭകളെ കുറിച്ചുള്ള 72 കീർത്തനങ്ങൾ …..( 72 മേള കർത്താ രാഗങ്ങളാണ് കർണ്ണാട്ടിക് സംഗീതത്തിന്റെ അടിസ്ഥാനം) വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ ത്യാഗരാജസ്വാമികളുടെ ഓർമ്മയ്ക്ക് പഞ്ചരത്ന കൃതികൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. സംഗീതത്തിൻറെ കൈവഴികളിൽ താൻ ചെയ്യുന്ന പ്രവർത്തനങ്ങൾ സഹൃദയർ നെഞ്ചേറ്റുന്നുവെന്നറിയുമ്പോൾ രംഗനാഥൻ മാഷ് സന്തോഷിക്കുന്നു. അവാർഡുകൾക്ക് വേണ്ടിയോ , അംഗീകാരങ്ങൾക്ക് വേണ്ടിയോ ആരുടെയും കാല് പിടിക്കാൻ മാഷ് ശ്രമിക്കാറില്ല…. ഒരുപക്ഷേ അതുകൊണ്ടാവാം സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും, നാടക രംഗത്തു നിന്നു മൊക്കെ ഒരു പിൻവാങ്ങൽ സംഭവിച്ചത്.

1992 മെയ് മാസത്തിലെ ഒരു വേനൽ പകലിലാണ് കാഞ്ഞിരപ്പള്ളി ‘കാരാമയിൽ ലോഡ്ജിൽ ‘ രംഗനാഥൻ മാഷിനെ കാണാൻ ചെല്ലുന്നത്. ‘നിഷേധം ‘ മാസികയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഇൻറർവ്യൂ എടുക്കണം. അസോസിയേറ്റ് എഡിറ്റർ സുനിൽ ഓച്ചിറ (സീബ്ലൂ സുനിൽ) പ്രകാശ് സ്വദേശി എന്നിവരും എന്നോടൊപ്പമുണ്ടായിരുന്നു .

ആലപ്പി രംഗനാഥ്

അഭിമുഖത്തിൽ കാഞ്ഞിരപ്പള്ളിയുമായുള്ള അപൂർവ്വ ബന്ധത്തെപ്പറ്റി വാചാലമായി. 1968 -ൽ മലയാളം വിദ്വാൻ പഠിക്കാൻ പൊൻകുന്നത്ത് കൊച്ചിച്ചന്റെ വീട്ടിലേക്ക് താമസം മാറിയതോടെ കലാരംഗം കാഞ്ഞിരപ്പള്ളി യിലേക്ക് പറിച്ചു നടപ്പെട്ടു. ഈ കാലഘട്ടത്തിലാണ് കാഞ്ഞിരപ്പള്ളിയിൽ പീപ്പിൾസ് ആർട്ട്സ് ക്ലബ്ബിന് നാടകം രചിക്കുകയും ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. പി .എ .തോമസ് എന്ന സിനിമാ നിർമാതാവ് ‘ജീസസ് ‘ എന്ന സിനിമയ്ക്കുവേണ്ടി ഗാനമെഴുതിയ അഗസ്റ്റിൻ വഞ്ചിമലയെ പരിചയപ്പെടുത്തുന്നു. തോമസിൻറെ ‘ജീസസിൽ’ അവർക്കൊപ്പം ഈണം നൽകി. അക്കാലത്ത് ‘വഞ്ചി – രംഗൻ’ ടീം വളരെ പ്രശസ്തമായിരുന്നു. പിന്നീട് അഗസ്റ്റിൻ വഞ്ചിമല ‘ന്യൂസ് ഇന്ത്യ ‘ എന്ന പത്രവുമായി തമിഴ്നാട്ടിൽ ഒതുങ്ങി . ഇടയ്ക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ ജയലളിതയ്ക്കൊപ്പം പ്രവർത്തിച്ചു. 2020ഫെബ്രുവരിയിൽ അഗസ്റ്റിൻ വഞ്ചിമല രോഗബാധിതനായി മരണപ്പെട്ടു .

അഗസ്റ്റിൻ വഞ്ചിമല യ്ക്കൊപ്പമുള്ള നാടകക്കാലങ്ങൾ ഒരിക്കലും മറക്കാനാവില്ലന്ന് രംഗനാഥൻ മാഷ് പറയുന്നു .

യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ സ്ക്രിപ്റ്റ് സ്ക്രൂട്ടിനൈസിങ്ങ് ഓഫീസറായി ജോലി ചെയ്തത് മഹാഭാഗ്യം .

ഈ കാലയളവിലാണ് നിരവധി മ്യൂസിക് ആൽബങ്ങൾ മലയാളത്തിന് സമ്മാനിച്ചു. യേശുദാസിനു വേണ്ടി തന്നെ 200-ൽ പരം ഗാനങ്ങൾ ചിട്ടപ്പെടുത്തുവാൻ സാധിച്ചത് മറ്റൊരു മഹാഭാഗ്യം .

മധുരഗീതങ്ങൾ, എന്റെ വാനമ്പാടി ഈ ആൽബങ്ങൾ സ്വയം പാട്ടെഴുതി ചിട്ടപ്പെടുത്തി.

ഇൻറർവ്യൂവിൽ മുഴുവൻ സംഗീതവുമായുള്ള തൻറെ ആത്മബന്ധം തുറന്നു പറയുകയായിരുന്നു. കലയെ ഉപാസിക്കുന്നവന് എല്ലാം സമൃദ്ധമായി തിരികെ ലഭിക്കുമെന്നുള്ള പ്രകൃതി നിയമത്തെ ഓർമ്മപ്പെടുത്തി കൊണ്ടാണ് അഭിമുഖം അവസാനിച്ചത്.

ഹരിവരാസനം പുരസ്കാരം സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ മരണം കോവിഡ് രൂപത്തിൽ വരുകയായിരുന്നു ….. ഒരുപക്ഷേ പല സ്വപ്നപദ്ധതികളും പാതിവഴിയിൽ ഉപേക്ഷിച്ചാവാം മരണം അദ്ദേഹത്തെ കൊണ്ടുപോവുന്നത് ……

എങ്കിലും സംഗീതത്തിലെ പുതുതലമുറ ‘ ഗുരുരത്ന പഞ്ചകം’ പോലുള്ള മഹത്തായ കൃതികളെ തൊട്ടറിയും…..
കാലം എല്ലാറ്റിനും സാക്ഷിയാകും.

ഉപരേഖ

അഭിമുഖത്തിൽ ഞങ്ങൾ ചോദിച്ച ഒരു ചോദ്യവും അതിനുള്ള മറുപടിയും വളരെ പ്രസക്തമാവുന്നു.

ചോദ്യം :- ‘ ഇല്ലിമുളം കാടുകളിൽ ‘ ‘ബലികുടീരങ്ങളെ ‘ ഇങ്ങനെയുള്ള നാടകഗാനങ്ങൾ എക്കാലത്തും ഹിറ്റായി നിലനിൽക്കുന്നു . ഇന്നും നാടകങ്ങൾ പിറക്കുന്നുണ്ട് , നാടകഗാനങ്ങളും ഉണ്ടാവുന്നുണ്ട് …… പക്ഷെ മഹത്തായ ഗാനങ്ങൾ എന്തുകൊണ്ട് ഉണ്ടാവുന്നില്ല ?

ഉത്തരം :- പണ്ട് ഒരു മാസവും , രണ്ടു മാസവുമൊക്കെ സംഗീതസംവിധായകന്റെ വീട്ടിൽ താമസിച്ചാണ് ഓരോ ഗാനങ്ങളും ചിട്ടപ്പെടുത്തിയത് ….. പക്കമേളക്കാരും , ഗായകരും , ഗാനരചയിതാക്കളും ഉൾപ്പെടുന്ന ഒരു ടീം വർക്കായിരുന്നു. ഇന്ന് വളരെ ഫാസ്‌റ്റായിട്ടുള്ള വർക്കുകളാണ് നടക്കുന്നത് . ആദ്യം ട്യൂണിടുന്നു. പിന്നീട് ട്യൂണിനനുസരിച്ച് പാട്ടെഴുതുന്നു ….. എന്തൊരു വികലമായ രീതിയാണ് പിന്തുടരുന്നത്. ഇതിനിടയിൽ എങ്ങനെയാണ് ഒരു എവർഗ്രീൻ സോങ് സൃഷ്ടിക്കാനാവുന്നത് …?

ഡോ. ഐഷ വി

രഘുപതി ഒരു സ്ത്രീയാണ്. അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ” പൂരം പിറന്ന സ്ത്രീ , പുരുഷ യോനി”. അതിനാൽ തന്നെ രണ്ട് മക്കൾ പിറന്ന ശേഷം അവർക്ക് ഭർത്താവുമൊത്തുള്ള രതിക്രീഡകളിലൊന്നും യാതൊരു താത്പര്യവുമില്ലായിരുന്നു. ജോലി ചെയ്യാതെ ജീവിക്കാനാഗ്രഹിച്ച അയാൾ ആദ്യം ചെയ്തത് ഭാര്യയുടെ ആഭരണങ്ങളും മറ്റും വിറ്റ് ജീവിക്കുക എന്നതാണ്. വിറ്റ പണം കൊണ്ട് മദ്യപിക്കുകയും വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്തു. കാശ് തീർന്നു. പിന്നെ രഘുപതിയുടെ വസ്തുവകകൾ വിറ്റു. മദ്യപാനവും വീട്ടുകാര്യങ്ങളും നടത്തി. കാശ് വരും പോകും മെയ്യനങ്ങാതെ തിന്നുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം.

കുന്നോളം ധനമുണ്ടെങ്കിലും ഇരുന്നു തിന്നാൽ തീരുമെന്നാണല്ലോ പ്രമാണം. പിന്നെ ഇരന്ന് തിന്നേണ്ടി വരും. ഇനിയെന്താണ് വിൽക്കാനുള്ളത് എന്ന് ചിന്തിച്ച അയാൾ ഭാര്യയെ വിറ്റാലോ എന്നാലോചിച്ചു. മുൻസിപ്പാലിറ്റിയിൽ ജോലിയുള്ള ഒരാളുമൊത്തായിരുന്നു അന്നത്തെ മദ്യപാനം. ഭാര്യയ്ക്ക് മുൻസിപാലിറ്റിയിൽ ജോലി ശരിയാക്കി കൊടുക്കാം എന്നയാൾ ഏറ്റു. അന്നു രാത്രി അയാൾക്ക് രഘുപതിയോടൊപ്പം കിടക്ക പങ്കിടണം. രഘുപതി വന്നയാളെ ആട്ടി പുറത്താക്കി. രഘുപതി അന്നു തന്നെ അയാളുടെ വീട്ടിൽ നിന്നും പറക്കമുറ്റാത്ത മക്കളേയും കൊണ്ടിറങ്ങി. ആ വീട്ടിലുണ്ടായിരുന്ന അയാളുടെ അച്ഛനമ്മമാരും മറ്റു ബന്ധുക്കളും പരിഹാരമുണ്ടാക്കാം എന്ന് പറഞ്ഞിട്ടും അവർ തന്റെ തീരുമാനം മാറ്റിയില്ല.

ഒറ്റത്തടിയായി കഴിയുന്ന സത്‌സ്വഭാവിയായ മല്ലു അക്കന്റെ വീടായിരുന്നു അവരുടെ ലക്ഷ്യം. അവർക്കവിടെ പ്രവേശനം ലഭിച്ചു. മല്ലു അക്കൻ ഇവരെ കൂടാതെ വീടില്ലാത്ത രണ്ട് മൂന്ന് സ്ത്രീകൾക്ക് കൂടി അവരുടെ ഓലമേഞ്ഞ കൊച്ചുവീട്ടിൽ അന്തിയുറങ്ങാൻ അഭയം നൽകിയിരുന്നു. നേരം വെളുക്കുമ്പോൾ അവർ എന്തെങ്കിലും പണിക്ക് പോകും. അതിൽ ഒരു സ്ത്രീയുടെ സ്വഭാവം അത്ര ശരിയല്ല എന്ന് കണ്ടപ്പോൾ മല്ലു അക്കൻ അവരെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു. അങ്ങനെ രഘുപതിയും മക്കളും മല്ലുവക്കനും മറ്റു സ്ത്രീകൾക്കും ഒപ്പം പകൽ കിട്ടുന്ന ജോലിയും രാത്രി പാട്ടും ഭക്തിഗാനങ്ങളുമായി സന്തോഷത്തോടെ കഴിഞ്ഞു കൂടി.

രഘുപതിയ്ക്ക് സ്വന്തമായി ഒരു കൂരയുണ്ടാകണമെന്നത് വല്യ ആഗ്രഹമായിരുന്നു. ആ ആഗ്രഹം തീവ്രമായിത്തന്നെ അവർ മനസ്സിൽ സൂക്ഷിച്ചു. രഘുപതി കിട്ടിയ ജോലി എല്ലാം ചെയ്തു. ഹോട്ടലിലെ ജോലിയായിരുന്നു രഘുപതിയ്ക്ക് പ്രിയം. ഭക്ഷണവും കാശുമാകുമല്ലോ. ഒരു നൂറ് രൂപ നോട്ടു കിട്ടിയാൽ രഘുപതി നേരെ ബാങ്കിലേയ് ക്കോടും . അത് അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. വലിയ നോട്ടുകൾ ഒന്നും അവർ മാറിയില്ല. കിട്ടിയ അധിക ജോലികൾ എല്ലാം അവർ നന്നായി ചെയ്തു. തക്കലയിലെ അരിമില്ലുകളിലെ ജോലിയും കോവളത്തെ ഹോട്ടലുകളിലെ ജോലിയും സ്കൂളിൽ കുട്ടികളെ കൊണ്ടാക്കുന്ന ആയയുടെ ജോലിയും അവർ നന്നായി ചെയ്തു.

രഘുപതി വെറും നാലാം ക്ലാസ്സ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും അവരുടെ സാമ്പത്തികശാസ്ത്രം വളരെ കേമമായിരുന്നു. ലോകത്ത് പണക്കാരുണ്ടെങ്കിലേ പാവപ്പെട്ടവർക്കും ഗുണമുണ്ടാവൂ എന്നവർ മനസ്സിലാക്കിയിരുന്നു. അതവർ പഠിച്ചത് തക്കലയിലെ അരി മില്ലുകൾ പൂട്ടി അവർക്ക് തൊഴിൽ നഷ്ടപ്പെട്ടപ്പോഴാണ് . കാശ് ഒരു ചക്രമാണ്. അതിന്റെ ചാക്രികത നിലനിന്നാലേ അത് പണക്കാരന്റെ കൈയ്യിൽ നിന്നും പാവപ്പെട്ടവന്റെ കൈകളിലേയ്ക്കും തിരിച്ചും എത്തുകയുള്ളൂ.

കോവളത്ത് ഒരു മൂന്ന് സെന്റ് സ്ഥലം വാങ്ങാനുള്ള കാശ് തികഞ്ഞപ്പോൾ അവർ അവിടത്തെ പണക്കാരിലൊരാളുടെ വീട്ടിലെത്തി അവരുടെ പറമ്പിന്റെ ഒരറ്റത്ത് മൂന്ന് സെന്റ് സ്ഥലം വിലയ്ക്ക് വേണമെന്നാവശ്യപ്പെട്ടു. അവിടത്തെ വീട്ടമ്മയ്ക്ക് രഘുപതിയുടെ സത്യസന്ധതയെ കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഒരു ദിവസം അവിടെ ജോലിക്ക് ചെന്നപ്പോൾ അലക്കാൻ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിലിരുന്ന നല്ലൊരുതുക രഘുപതി തിരിച്ചു കൊടുത്തത് അവർക്ക് ഓർമ്മയുണ്ടായിരുന്നു. അലക്കാൻ കിട്ടുന്ന വസ്ത്രങ്ങളുടെ പോക്കറ്റ് എല്ലാം നന്നായി പരിശോധിച്ചിട്ടേ രഘുപതി വസ്ത്രം കഴുകിയിരുന്നുള്ളൂ. അങ്ങനെ ആ വീട്ടമ്മയുടെ മനസ്സലിഞ്ഞ് 3 സെന്റ് കൊടുക്കാൻ തീരുമാനിച്ചു. രഘുപതിയ്ക്ക് ആരുടേയും ഒരു സൗജന്യവും ആവശ്യമില്ലായിരുന്നു. അതിനാൽ അവർ വസ്തു വിലയ്ക്കു തന്നെ വാങ്ങി. വീണ്ടും കുറേക്കാലത്തെ അധ്വാനവും സാമ്പത്തികാസൂത്രണവും വേണ്ടി വന്നു രഘുപതിയ്ക്ക് ഒരു കൊച്ചു കൂരയെന്ന സ്വപ്നം സാക്ഷാത്കരിയ്ക്കാൻ .

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

ഓരോ യാത്രയിലും നമുക്ക് ചില അനുഭവങ്ങൾ ഉണ്ടാകാം. ഓർത്തു വയ്ക്കാൻ ചില മായ കാഴ്ചകൾ ഉണ്ടാകാം. അതൊരു വിനോദ യാത്രയാണെങ്കിൽ നമ്മെ അലട്ടിയിരുന്ന പല പ്രശ്നങ്ങളും നമ്മൾ ആ നിമിഷങ്ങളിൽ മറന്നേക്കാം. നമ്മൾ പോകാനാഗ്രഹിച്ചിരുന്ന സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകൾ ചിലപ്പോൾ തിരക്കു കൊണ്ട് നമ്മൾ മാറ്റിവച്ചേക്കാം. അങ്ങനെ മാറ്റിവയ്ക്കുന്നതിൽ പലതും പിന്നെ നടന്നില്ലെന്നും വരാം. അതിനാൽ നമ്മൾ ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്കുള്ള യാത്ര അല്‌പം സമയം കണ്ടെത്തി നടപ്പിലാക്കുക. അത് ചിലപ്പോൾ ബന്ധുക്കളെ കാണാനാകാം, സുഹൃത്തുക്കള കാണാനാകാം . ചിലപ്പോൾ അത് തീർത്ഥാടനമാകാം. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്കുള്ള യാത്രയാകാം.

ഞങ്ങളുടെ നെല്ലിയാമ്പതി യാത്രയും അങ്ങനെയൊരു യാത്രയാണ്. ഒരു വാരാന്ത്യത്തിലെ ചെറിയ യാത്ര. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയെത്തിയപ്പോൾ ജില്ലയിലെ സഞ്ചാര കേന്ദ്രങ്ങൾ സമയമുള്ളതനുസരിച്ച് ഒരു ദിവസത്തെ യാത്ര ഒരു സ്ഥലത്തേയ്ക്ക് എന്ന രീതിയിൽ ഞങ്ങൾ ക്രമീകരിച്ചു. അങ്ങനെ നടത്തിയൊരു യാത്രയാണ് “പാവപ്പെട്ടവന്റെ ഊട്ടി” എന്നറിയപ്പെടുന്ന “നെല്ലിയാംപതി” യിലേയ്ക്കുള്ള കാർ യാത്ര. മക്കൾ പഠനവുമായി ബന്ധപ്പെട്ട് ഒരാൾ തിരുവനന്തപുരം ജില്ലയിലും ഒരാൾ ഡൽഹിയിലുമായിരുന്നതിനാൽ ഞാനും ഭർത്താവും മാത്രം ഞങ്ങളുടെ കാറിലായിരുന്നു ഈ വാരാന്ത്യ യാത്ര. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ നിന്നും ” നെല്ലി ദേവി” യുടെ സ്ഥലത്തേയ്ക്കുള്ള യാത്ര . രാവിലെ പ്രാതൽ തയ്യാറാക്കി കഴിച്ച് ഉച്ച ഭക്ഷണവും കുടിവെള്ളവും പഴങ്ങളും കൈയ്യിൽ കരുതിയായിരുന്നു ഞങ്ങളുടെ യാത്ര.

ശനിയാഴ്ച രാവിലെ ഒൻപത് മണിയോട് കൂടി ഞങ്ങൾ വടക്കഞ്ചേരിയിൽ നിന്നും യാത്ര തിരിച്ചു. ഗൂഗിൾ മാപ്പിട്ട് വടക്കഞ്ചേരിയിൽ നിന്ന് നെമ്മാറയിലെ നെൽപ്പാടങ്ങളും ഇടയ്ക്കിടെ അവയുടെ നടുക്ക് തലയുയർത്തി നിൽക്കുന്ന കരിമ്പനകളും കണ്ട് പിന്നിട്ട് പോത്തുണ്ടി ഡാമിനരികിലൂടെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിനടുത്തെത്തി. വഴിയോരത്തു കണ്ട ചില കടകൾക്ക് ” നെല്ലി” ദേവിയുടെ പേരിൽ തുടങ്ങുന്ന പേരുകളായിരുന്നു.

“പോത്തുണ്ടി ഡാം” തിരികെ വരുമ്പോൾ കാണാമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. വനം വകുപ്പുകാർ ഞങ്ങളുടെ കാറിന്റെ നമ്പർ കുറിച്ചു വച്ചു. “ഇന്ന് നെല്ലിയാംപതിയിൽ തങ്ങുന്നുണ്ടോ ” ചോദിച്ചു. ഇല്ലെന്ന് മറുപടി കൊടുത്തപ്പോൾ വൈകുന്നേരം 3 മണിയ്ക്കു മുമ്പ് തിരികെയെത്തണമെന്ന നിർദ്ദേശമുണ്ടായി. മൂന്ന് മണിയ്ക്കു ശേഷം വനത്തിനുള്ളിലേയ്ക്ക് ആർക്കും പ്രവേശനമില്ല. അങ്ങനെ ഞങ്ങൾ വനത്തിനുള്ളിലെ യാത്രയാരംഭിച്ചു. കാനനപാതയുടെ ഇരുവശത്തും മാമരങ്ങളും വള്ളി പടർപ്പുകളും കുറ്റിച്ചെടികളും പുൽച്ചെടികളും പൂച്ചെടികളും ചേർന്ന നിത്യ ഹരിതമായ നിബിഡ വനം. സഹൃപർവ്വതത്തിലേയ്ക്കാണ് ഞങ്ങൾ കയറുന്നത് . മുപ്പത് കിലോമീറ്ററോളം യാത്ര ചെയ്താലേ നെല്ലിയാമ്പതിയിലെത്തുകയുള്ളൂ. അര കിലോമീറ്റർ മുതൽ ഒന്നര കിലോമീറ്ററിലധികം ഉയരമുള്ള മാമലകളാണ് കേരളത്തിന്റെ കിഴക്കൻ അതിരിടുന്ന സഹ്യപർവ്വതത്തിന്റെ ഈ ഭാഗത്തുള്ളത്. ഞങ്ങൾ വനത്തിനുള്ളിലൂടെയുള്ള യാത്രയാരംഭിച്ചപ്പോൾ മറ്റു വാഹനങ്ങളേയോ കാൽനടയാത്രക്കാരേയോ കാണാനുണ്ടായിരുന്നില്ല. എന്നാൽ കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ തിരികെ വരുന്ന ഒറ്റപ്പെട്ട വാഹനങ്ങളെ ഇടയ്ക്കിടെ കാണാനായി.

ഏതാനും ഹെയർപിൻ വളവുകൾ കയറി കഴിഞ്ഞപ്പോൾ ദൂരെ കാണുന്ന മലകളുടേയും താഴെ പോത്തുണ്ടി ഡാമിന്റേയും ഫോട്ടോകൾ എടുക്കാനായി ഞങ്ങൾ ഹെയർപിൻ വളവിന്റെ വീതിയേറിയ ഭാഗത്ത് വണ്ടി നിർത്തി. മുൻ ദിവസങ്ങളിലെ യാത്രക്കാർ വണ്ടി നിർത്തി ഭക്ഷണം കഴിച്ചതിന്റേയും പേപ്പർ പ്ലേറ്റുകളും പ്ലാസ്റ്റിക്കുകളും മറ്റും താഴേയ്ക്ക് വലിച്ചെറിഞ്ഞതിന്റേയും അവശേഷിപ്പുകൾ അവിടെ കാണാമായിരുന്നു. പോത്തുണ്ടി ഡാമിലെ ജലത്തിന്റെ ഗാഢതയാർന്ന നീലിമയും ദൂരെ കാണുന്ന കുന്നുകളുടെ പകുതിക്ക് താഴെയുള്ള മാമരങ്ങളും പകുതിക്ക് മുകളിലേയ്ക്ക് എന്നോ ഒലിച്ചു പോയ മേൽമണ്ണിന്റെ ചുവന്ന അവശേഷിപ്പുകളും ഇടയ്ക്കിടെ തെളിഞ്ഞു കാണുന്ന പാറയും അല്പം പൊക്കം കുറഞ്ഞ രണ്ട് മലകൾക്കിടയിലെ കാഴ്ച മറയ്ക്കുന്ന കോടമഞ്ഞും മാമലകളെ തഴുകി നിൽക്കുന്ന ഗാഢത കുറഞ്ഞ ആകാശനീലിമയും ഞങ്ങൾ മൊബൈലിൽ പകർത്തി. ഞങ്ങൾക്കൊരു കാര്യം വ്യക്തമായത് ആഗ്നേയശിലയാണ് ഈ മാമലകളുടെ അടിത്തറയെന്നാണ്. ചെങ്കുത്തായ മാമലയിലെ മേൽമണ്ണ് വേരുപടലങ്ങൾ കൊണ്ട് തടുത്തു നിർത്തി ആവുന്നത്ര സംരക്ഷിയ്ക്കാൻ മാമരങ്ങൾ ശ്രമിച്ചിട്ടുണ്ട്. അവിടെ കാഴ്ചകൾ കണ്ട് കുറച്ചുനേരം ഞങ്ങൾ നിന്നപ്പോൾ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഇരു ചക്ര വാഹനങ്ങളും ജീപ്പുകളും വാനുകളും കാറുകളും ഞങ്ങളെ കടന്നുപോയി. ചിലർ ഞങ്ങളെ കണ്ടെന്നവണ്ണം വാഹനം നിർത്തി കാഴ്ചകൾ ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. ഞങ്ങൾ കാറിൽ കയറി യാത്ര തുടർന്നു.

കൊടും വനത്തിനുള്ളിൽ ചെങ്കുത്തായ ചരിവുകളിൽ മലകളെയും പാറകളെയും കീറി മുറിച്ച് ഹെയർപിൻ വളവുകളടങ്ങിയ റോഡു നിർമ്മിച്ച ആദ്യ കാല വ്യക്തികളെ മനസ്സിൽ നമിച്ചു പോയി. എന്തു മാത്രം കഷ്ടപ്പാടുകൾ അവർ അനുഭവിച്ചിരിയ്ക്കണം. പോകുന്നവഴിയിൽ ഇരുഭാഗത്തും വാനരന്മാരെ കാണാമായിരുന്നു. കുഞ്ഞിനെ ചേർത്ത് പിടിച്ചിരിയ്ക്കുന്നവ, കുഞ്ഞിന് പേൻ കൊന്നു കൊടുക്കുന്നവ , വഴിയരികിലെ തിട്ടമേലും മറ്റും ഒറ്റപ്പെട്ടിരിയ്ക്കുന്നവ , മരങ്ങൾ കുലുക്കുന്നവ , മുഖം നല്ല റോസ് നിറമുള്ളവ അങ്ങനെ ധാരാളം കുരങ്ങന്മാർ, ചില വളവുകളിൽ ആനയിറങ്ങാൻ സാധ്യതയുള്ള സ്ഥലമാണെന്ന് ബോർഡ് വച്ചിരുന്നു. അവിടവിടെയായി ചെറുനീർച്ചാലുകളും ചെങ്കുത്തായ പാറകളിലൂടെ മഴക്കാലത്ത് മഴ വെള്ളം വെള്ളച്ചാട്ടം തീർത്തതിന്റേയും അവശേഷിപ്പുകൾ കാണാമായിരുന്നു. മലമുകളിൽ നിന്നും അരിച്ചിറങ്ങുന്ന വെള്ളവും റോഡിനിരുഭാഗത്തുമുള്ള വൃക്ഷങ്ങളുടെ ശീതളഛായയും മല കയറുന്ന യാത്രയിലുടനീളം ഉണ്ടായിരുന്നതിനാൽ പകലോന്റെ ചൂടറിഞ്ഞതേയില്ല. മുന്നിലുള്ള ഏക വഴിയിലൂടെ മാമലയുടെ നെറുകയിലെത്തിക്കഴിഞ്ഞു എന്നു തോന്നിയപ്പോൾ ചുറ്റും ഇടയ്ക്കിടെയുള്ള മരങ്ങളും വള്ളിക്കാടും കുറ്റിച്ചെടികളും മാത്രം. വഴിയാണെങ്കിലോ മറുവശത്തേയ്ക്ക് മലയിറങ്ങുന്ന രീതിയിൽ , ഫോണിന് റേഞ്ചില്ല. അവിടെങ്ങും ജനവാസത്തിന്റെ യാതൊരു ലാഞ്ചനയുമില്ല.

മുന്നിൽ കണ്ട വഴിയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ഒരു കുന്നിന്റെ നെറുകയിൽ നിന്നുമിറങ്ങി അല്പം സഞ്ചരിച്ച ശേഷം അടുത്ത കുന്നിന്റെ നെറുകയിലേയ്ക്കുള്ള കയറ്റം. അങ്ങനെ കുന്നിൻ മുകളിൽ നിന്ന് കുന്നിൻ മുകളിലേയ്ക്കുള്ള യാത്രയാണ് പിന്നീട് നടക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായി. ചില ഭാഗത്ത് റബർ തോട്ടങ്ങളും അടയ്ക്കാ തോട്ടങ്ങളും കാണാമായിരുന്നു. ജനവാസ കേന്ദ്രത്തോടടുത്തു എന്ന് ഞങ്ങൾക്ക് തോന്നലുണ്ടായി. വഴി രണ്ടായി പിരിയുന്ന മുക്കിലെത്തിയപ്പോൾ ഒന്നുരണ്ട് കടകളും വഴിയോരത്തെ താത്ക്കാലിക ചായക്കടകളും കാണാമായിരുന്നു. ഇടതു വശത്തെ കടയുടെ മുന്നിൽ നിന്നയാളോട് ഞങ്ങൾ വഴി ചോദിച്ചു. ഇടത്തോട്ട് പോയാൽ സീതാർകുണ്ടിലെത്താമെന്നും വലത്തോട്ട് പോയാൽ നൂറടി തുക്കുപാലം, കേശവൻ പാറ എന്നിവിടങ്ങളിലെത്താമെന്നും മറുപടി കിട്ടി. ആ മുക്കിൽ നിന്നും ഞങ്ങൾ വലത്തോട്ട് തിരിഞ്ഞു. വലതുവശത്തായി നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ച് ഓഫീസ് , പ്രാഥമിക ആരോഗ്യ കേന്ദ്രം, കാനറാ ബാങ്കിന്റെ ഒരു ശാഖ എന്നിവ കാണാമായിരുന്നു. അങ്ങിങ്ങായി ഒറ്റപ്പെട്ട വീടുകളും. ആ വഴി ഞങ്ങൾ യാത്ര തുടർന്നു. ഒരു ഭാഗത്തെത്തിയപ്പോൾ ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്തിരിയ്ക്കുന്നു.

ഞങ്ങൾക്ക് മുന്നേ തന്നെ സഞ്ചാരികളേയും വഹിച്ചെത്തിയവ. ഇത്രയും പേർ ഇവിടെ എത്തിയോയെന്ന് ഞങ്ങൾ അതിശയിച്ചു പോയി. വഴിയുടെ ഇടതു ഭാഗത്തെല്ലാം നല്ല പച്ചപ്പാർന്ന തേയില തോട്ടങ്ങൾ. AVT യുടെ തേയില തോട്ടവും ഫാക്ടറിയും അവിടെ കണ്ടു. ആ മുക്കിലെ ഒരു കടയിൽ നിന്നും ചായ കുടിച്ചു. ഞങ്ങൾ റോഡിന്റെ വലതു ഭാഗത്തെ ചെറിയ അമ്പലത്തിന് മുകളിലുള്ള നടപ്പാതയിലേയ്ക്ക് കയറി. ആ പാത വനത്തിന്റെ ഭാഗമാണ് . അതിലൂടെ നടന്ന് കേശവൻ പാറയിലെത്തി. അതിന് മുകളിൽ കയറി നിന്നാൽ ചുറ്റുമുള്ള കുന്നുകളും കുന്നിൻ ചരിവിലുള്ള തോട്ടങ്ങളും കാണാം. ധാരാളം സഞ്ചാരികൾ അവിടേയ്ക്ക് . അല്പസമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ തിരികെ വന്ന് കാറിൽ കയറി. ഞങ്ങൾ ആദ്യം വഴി ചോദിച്ച മുക്കിലെത്തി. പിന്നെ അടുത്ത വഴിയിലൂടെ യാത്ര തുടർന്നു. ആ വഴിയ്ക്ക് മുമ്പേയെത്തിയ കെ എസ് ആർ ടി സി ബസ്സുകൾ കണ്ടു. എല്ലാ ഓർഡിനറി ബസ്സുകൾ പാലക്കാട് നിന്നും എത്തിയവ. മുന്നോട്ട് സഞ്ചരിച്ച് ഞങ്ങൾ അടുത്ത മുക്കിലെത്തി. പോകുന്ന വഴിയ്ക്ക് ചില റിസോർട്ടുകൾ ഉണ്ടെന്ന് മനസ്സിലായി. കെ എസ് ആർ ടി സിയിലെ സഞ്ചാരികൾക്ക് അവിടെയാണ് ഭക്ഷണം ഒരുക്കിയിരിയ്ക്കുന്നത്.

ഞങ്ങളെത്തിയ മുക്കിലായിരുന്നു സർക്കാർ വക ഓറഞ്ച് – വെജ് തോട്ടം . അതിനകത്ത് നല്ല ഭംഗിയിൽ വെട്ടിയൊരുക്കിയ ചെടികളും ചെടികളുടെ നഴ്സറിയും പോളി ഹൗസുകളും ഓറഞ്ച് മരങ്ങളും ഏറുമാടങ്ങളും പച്ചക്കറി കൃഷിയും ഉദ്യാനവും ആമ്പൽ പൊയ്കയും കണ്ടു. എല്ലാം മനം മയക്കുന്ന കാഴ്ചകൾ തന്നെ. ഇടവിട്ട് വീശുന്ന കുളിർ കാറ്റാസ്വദിച്ച് ഞങ്ങൾ നടന്നു. ഫാം കണ്ടു കഴിഞ്ഞ് ഞങ്ങൾ കാറിൽ കയറി . മുന്നോട്ട് പോയപ്പോൾ ധാരാളം കടകൾ . സഞ്ചാരികൾക്ക് വാങ്ങിക്കൊണ്ട് പോകാൻ പാകത്തിലുള്ള തദ്ദേശ ഉത്പന്നങ്ങളാണ് പലതിലും. ഒരു കടക്കാരനോട് ഞങ്ങൾ വഴി ചോദിച്ചു. ആ വഴി അഞ്ച് കിലോമീറ്റർ മുന്നോട്ട് പോയാൽ സീതാർകുണ്ടിലെത്താം. അവിടെ ഒരു “വ്യൂ പോയിന്റ്” ഉണ്ട്. അങ്ങനെ ഞങ്ങൾ മുന്നോട്ടുള്ള യാത്ര തുടർന്നു. ഇരുവശത്തും കൽപന്തലിട്ട് പടർത്തിയിരിയ്ക്കുന്ന ഫാഷൻ ഫ്രൂട്ട് തോട്ടങ്ങൾ കടന്ന് തേയില തോട്ടങ്ങൾക്ക് നടുവിലൂടെ കടന്ന് പോകുന്ന വഴിയിലൂടെ സീതാർകുണ്ടിലെ പോബ്സ് എസ്റ്റേറ്റിലെത്തി. അവിടെ പ്രവേശനകവാടത്തിൽ പേരും ഫോൺ നമ്പറും നൽകി വീണ്ടും മുന്നോട്ട് . ഇരുവശത്തും കാപ്പിത്തോട്ടങ്ങൾ . പല വർണ്ണത്തിൽ കാപ്പി കുലകൾ : പാകമായവയും ആകാത്തവയും. കുറേ മുന്നോട്ട് പോയപ്പോൾ കാപ്പിത്തോട്ടത്തിനുള്ളിൽ നിന്ന് ഒരു മാൻപേട എത്തി നോക്കി. കാർ നിർത്തി ഫോട്ടോയെടുക്കാൻ ഞാൻ മൊബൈലെടുത്തപ്പോഴേയ്ക്കും അവൾ ഉൾവലിഞ്ഞു.

വനവാസക്കാലത്ത് സീതയും രാമ ലക്ഷ്മണന്മാരും വിശ്രമിച്ചെന്ന് കരുതപ്പെടുന്ന സീതാർകുണ്ടിൽ ഞാൻ കണ്ട മാൻപേട , സീതാപഹരണ കഥ ഓർമ്മിപ്പിച്ചു. മാരീചന്റെ മായയിൽ വന്ന ഒരു മാനിനെ പിടിയ്ക്കാൻ ശ്രീരാമനെ സീത പറഞ്ഞയച്ചതിനെ തുടർന്നാണല്ലോ രാവണൻ സീതയെ പുഷ്പക വിമാനത്തിൽ അപഹരിച്ചു കൊണ്ടുപോയത്. ഞങ്ങൾ മുന്നോട്ട് പോയപ്പോൾ kSRTC ബസും ഏതാനും കാറുകളും വലതു വശത്ത് നിൽക്കുന്നത് കണ്ടു. അതൊരല്പം താഴ്ചയുള്ള സ്ഥലമാണ്. ഇടത് വഴിയിലൂടെ മുന്നോട്ട് പോകണം. വലതു വഴിയിലൂടെ തിരികെയെത്തണം എന്ന് ഞങ്ങൾക്ക് മനസ്സിലായി. അവിടെ അങ്ങിങ്ങ് കാലികൾ മേയുന്നത് കാണാമായിരുന്നു. ഞങ്ങൾ ഇടതു വശത്തുകൂടി മല കയറി കാപ്പിത്തോട്ടം കഴിഞ്ഞ് തേയില തോട്ടത്തിലെത്തി. ഇടതു വശത്ത് സ്പ്രിംഗ്ളറുകൾ ഉപയോഗിച്ച് തേയില തോട്ടം നനയ്ക്കുന്നുണ്ടായിരുന്നു. അവിടെ പാർക്കിംഗ് ഏരിയയിൽ ഞങ്ങൾക്ക് മുന്നേയെത്തിയ വലുതും ചെറുതുമായ ധാരാളം വാഹനങ്ങൾ ധാരാളം സഞ്ചാരികൾ .

ഇരുപത് രൂപ കൊടുത്ത് വാഹനം പാർക്ക് ചെയ്തു. പോബ്സിന്റെ തേയില കാപ്പി ഉത്പന്നങ്ങളും ഐസ്ക്രീമും ഭക്ഷണസാധനങ്ങളും അവിടെയുണ്ടായിരുന്നു. ഞങ്ങൾ നേരെ വ്യൂ പോയിന്റിലെത്തി. അവിടെ ഒരു നെല്ലി മരം ഞങ്ങൾ കണ്ടു. അഗാധമായ താഴ്ചയിൽ വീടുകൾ കെട്ടിടങ്ങൾ വയലുകൾ മരങ്ങൾ പാതകൾ എല്ലാം കാണാം വിമാനത്തിൽ നിന്ന് താഴേയ്ക്ക് നോക്കിയാലെന്ന പോലെ കാണാം. തിരികെ പാർക്കിംഗ് സ്ഥലത്തെത്തിയപ്പോൾ സമയം ഒരു മണി . കാറിലിരുന്നു തന്നെ ഉച്ച ഭക്ഷണം കഴിഞ്ഞ് കൈകഴുകി കാറിൽ കയറിയപ്പോൾ കണ്ട കാഴ്ച ഏതോ രക്ഷിതാക്കൾ ഒരു കുട്ടിയ്ക്ക് വാങ്ങി കൊടുത്ത ഐസ് ക്രീം ഒരു കുരങ്ങൻ കൈക്കലാക്കി. ചിലർ അതിന്റെ ഫോട്ടോയെടുത്തു. മറുവഴിയിലൂടെ ഞങ്ങൾ പാർക്കിംഗ് സ്ഥലത്തു നിന്നും മലയിറങ്ങി. എട്ടോളം റിസോർട്ടുകളും തോട്ടങ്ങളോടനുബന്ധിച്ച് സഞ്ചാരികൾക്ക് താമസിയ്ക്കാനുള്ള സൗകര്യങ്ങളും നെല്ലിയാമ്പതിയിലുണ്ട്. ആകെ പതിനായിരത്തിൽ താഴെ മാത്രം ജനസംഖ്യയേ അവിടുള്ളൂ.

17 ഡിഗ്രി സെൽഷ്യസ് ചൂടും മണിക്കൂറിൽ എട്ടു കിലോമീറ്റർ വേഗതയിൽ വീശുന്ന തണുത്ത കാറ്റും ഇവിടത്തെ പ്രത്യേകതയാണ്. പത്തോളം ഹെയർപിൻ വളവുകൾ താണ്ടിയാണ് നെല്ലിയാമ്പതിയിൽ എത്തേണ്ടത്. രണ്ടേ കാലോടു കൂടി ഞങ്ങൾ മലയടിവാരത്തെത്തി. വനം വകുപ്പുകാർ ഞങ്ങളുടെ വാഹനം തിരിച്ചെത്തിയ വിവരം കുറിച്ചു . പിന്നെ ഞങ്ങൾ പോത്തുണ്ടി ഡാം കാണാനെത്തി. ഒരാൾക്ക് 20 രൂപ ടിക്കറ്റെടുത്ത് ഉദ്യാനത്തിൽ കയറി വിശ്രമിച്ചു. കുറേ കഴിഞ്ഞപ്പോൾ ഫിഗ് തേൻ എന്നിവ ചേർന്ന ഐസ്ക്രീം വാങ്ങി കഴിച്ചു. ഉദ്യാനം ചുറ്റി നടന്ന് കണ്ട് വെയിലാറിയപ്പോൾ ഡാമിന് മുകളിലേയ്ക്ക് കയറി. കയറുന്ന പടവുകൾക്കിരുവശവും ആടുകൾ മേയുന്നുണ്ടായിരുന്നു. അവർ എത്ര നിസ്സാരമായാണ് ആ ചരിവ് കയറുന്നത്. പടവുകൾ കയറുന്നതിനിടയിൽ ഒരു കൊച്ചു മിടുക്കൻ പറയുന്നത് കേട്ടു: നാൽപത്തഞ്ച് ഡിഗ്രി സ്ലോപ്പാണ് ഡാമുമായി ആ പടവുകൾ തീർക്കുന്നതെന്ന്.

ഞങ്ങൾ ഡാമിന് മുകളിൽ നിന്ന് ജലാശയം കണ്ടു. അവിടെ അടയാളപ്പെടുത്തിയിരിയ്ക്കുന്നതനുസരിച്ച് 355 അടിയോളം ജലം കയറിക്കിടന്ന സമയങ്ങളും ഉണ്ടായിട്ടുണ്ട്. ഏതാണ്ട് പത്ത് മാമലകൾ റിസർവോയറിന് അതിരുകൾ തീർക്കുന്നുണ്ട്. ഒരു ഭാഗത്ത് ഡാമിന്റെ ഭിത്തിയും . കുറേ സമയം ഡാമിന് മുകളിൽ ചില വഴിച്ച് ഞങ്ങൾ തിരികെ പോന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

      

 

 

രാധാകൃഷ്ണൻ മാഞ്ഞൂർ

തോറ്റു പോകുമെന്നും, തീർന്നുപോകുമെന്നും തോന്നുന്ന ചില പ്രതിസന്ധി നിമിഷങ്ങളിൽ ആശ്വാസത്തിന്റെ തുരുത്തായ് ഗാനങ്ങൾ മാറുന്നു . അവ തരുന്ന പ്രതീക്ഷയുടെ വാതായനങ്ങൾ മറക്കാനാവില്ല….. ഞാനിതാ ഈ പ്രപഞ്ചത്തിന്റെ കോണിൽ ജീവിച്ചിരിക്കുന്നു, എന്റെ ഊർജ്ജം മുഴുവൻ തിരിച്ചു കിട്ടിയിരിക്കുന്നു എന്നു പറയാൻ ചങ്കൂറ്റം തരുന്ന ചില ഗാനങ്ങൾ. എന്റെ ജീവിതത്തിൽ വ്യത്യസ്തവും, മൗലികവുമായൊരു ദർശനം തന്ന ചില സംഗീതങ്ങൾ….. അവയൊക്കെയാണ് ഇന്ന് പ്രതിപാദിക്കുന്നത്.

എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ പി. ജയചന്ദ്രനാണ്. ‘മഞ്ഞലയിൽ മുങ്ങി തോർത്തി’ എത്രയോ തവണ കേട്ടിരിക്കുന്നു. ആലാപനത്തിന്റ ആ രാജകുമാരനോട് വല്ലാതെ അസൂയ തോന്നിയ നിമിഷങ്ങളുണ്ട്. പ്രണയത്തിന്റെ കാല്പനിക ദൂരങ്ങൾ താണ്ടിയ ആ ശബ്ദമാധുരി മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്.

‘ നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലെ ‘വ്രീളാ ഭരിതയായ് ‘എന്നു തുടങ്ങുന്ന ഗാനം എക്കാലവും എന്നെ അത്ഭുതപ്പെടുത്തുന്നു.

ജയേട്ടൻ പാടിയത് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട ഒരു ലളിത ഗാനമാണ് “ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ “. ഭരണിക്കാവ് ശിവകുമാറിന്റെ രചന. ഒറ്റയ്ക്കൊരു തോണിയിൽ ഏകാന്തതയുടെ മഹാ തുരിത്തിലേക്ക് എന്നെ കൊണ്ടെത്തിക്കുന്ന ഗാനം. എഴുപത്തിയഞ്ചു മുതൽ എൺപത് കാലഘട്ടം വരെയുള്ള കാലത്താണ് മനോഹരമായ ലളിതഗാനങ്ങൾ പിറന്നത്.

79 ൽ ഞാൻ കേട്ട ഒരു ലളിത ഗാനമാണ് “ദശമി വിളക്ക് തൊഴാനെത്തിയ/ വസന്ത പൗർണ്ണമി പെണ്ണേ/ ദശമി സന്ധ്യാ മുടിയിൽ ചൂടിയ “……കല്ലറ അപ്പുകുട്ടൻ എന്ന സംഗീത അധ്യാപകൻ ഈണം നൽകിയ ഈ ഗാനം ആരാണ് എഴുതിയതെന്നറിയില്ല. പന്തല്ലൂര് തറവാട്ടിൽ ശാസ്ത്രീയ സംഗീതം പഠിപ്പിക്കാൻ വന്ന അപ്പുക്കുട്ടൻ സാർ ഹാർമോണിയത്തിന്റെ അകമ്പടിയിൽ ഈ ഗാനം പാടിയത് ഇന്നും ഓർമ്മയിലുണ്ട്.

ബാവുൽ സംഗീതത്തിന്റെ ഒരു പുണ്യ സായാഹ്നം

സംഗീതം ജീവനോപാധി പോലെ കൊണ്ടുനടക്കുകയും, സ്വാതന്ത്ര്യത്തിന്റെ അതിരുകൾ ഭേദിച്ച് ഉന്മദാവസ്ഥയിലെത്തുകയും ചെയ്യുന്ന ബാവുൽ കേട്ടത് 2008 നവംബർ 23ന് വൈകുന്നേരമാണ്. (പൊൻകുന്നത്ത് ജനകീയ വായനശാലയുടെ ക്ഷണം സ്വീകരിച്ചു വന്നവർ)

നവംബർ 23 ന്റെ പകൽ മുഴുവൻ ഞാൻ തിരക്കിലായിരുന്നു. അന്ന് പ്രിയ സുഹൃത്തും പ്രശസ്ത കവിയുമായ രാജുവല്ലൂരാന്റെ വിവാഹം. ഈ തിരക്കിനിടയ്ക്ക് ബാവുൽ സംഗീതം കേൾക്കാൻ പോവണമോ എന്ന് ഞാൻ ശങ്കിച്ചു. എഴുത്തുകാരൻ ജോസ് പുല്ലുവേലി നിർബന്ധമായും പറഞ്ഞു “പോരാ എന്തു തിരക്കുണ്ടായാലും അതു കേൾക്കണം.” ശരി….. എങ്കിൽ അങ്ങനെ തന്നെ…….

ബംഗാളി ഭാഷയുടെ വന്യസൗന്ദര്യം എനിയ്ക്ക് പിടിയ്ക്കില്ലന്നു പറഞ്ഞപ്പോൾ സഹൃദയ സുഹൃത്ത് രാജൻ മാഷാണ് ഒരു ഉപദേശം തന്നത്…… “രാധേ ശുദ്ധ സംഗീതത്തിന് ഭാഷയില്ല, മതമില്ല…… കേൾക്കാനുള്ള മനസ്സ് മതി”…… അകാലത്തിൽ പിരിഞ്ഞു പോയ ആ പ്രതിഭയുടെ വാക്കുകൾ ഇന്നും മനസ്സിലുണ്ട്. ഇനി ബാവുലുകളെ പറ്റി പറയട്ടെ.

ഭ്രാന്ത് എന്നർത്ഥമുള്ള ബാതുൽ എന്ന സംസ്കൃതപദം ലോപിച്ചുണ്ടായതാണ് ബാവുൽ എന്ന വാക്ക്. പതിനാറാം നൂറ്റാണ്ടിലെ ചൈതന്യ ദേവന്റെ കാലത്താണ് ബാവുൽ സംഗീതം പ്രചാരം നേടിയത്. ബംഗാളി സംസ്കാരത്തിന്റെ അവധൂത പാരമ്പര്യം.

ബൗദ്ധ -വൈഷ്ണവ – സൂഫി ദർശനങ്ങളുടെ ആഴത്തിലുളള സ്വാധീനമാണ് ബാവുൽ ഗാനങ്ങളുടെ പ്രത്യേകത. സാഹിത്യകൃതികളുടെ വിചാരങ്ങളോ,അലങ്കാര മുദ്രകളോ ഒന്നും ഇതുവരെ ബാധിക്കാറില്ല….. ശുദ്ധ സംഗീതത്തിലൂടെ പലതും നിരാകരിക്കുന്ന ഒരു രീതി ഇവർ പിന്തുടരുന്നു. സംഗീതം അത്രമേൽ അവർക്കുള്ളിൽ പെയ്തുകൊണ്ടിരിക്കുന്നു. ശാന്തിനികേതനെയും, ടാഗോറിനെയും, എന്തിനേറെ പറയുന്നു ‘സോനാ പുരി’ എന്ന ഗ്രാമത്തെപ്പറ്റി വരെ അവർ പാടുന്നു.
ഏക് താര (ഒറ്റതന്ത്രിവീണ) ദുതാര (ഇരു തന്ത്രി വീണ) കൊണ്ടും രണ്ടു മണിക്കൂർ ആ ഗായകർ പാടി….. കാൽ ചിലങ്ക കെട്ടി, കൈ മണികൊട്ടി ആടി…..

രണ്ടുമണിക്കൂർ സംഗീത പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നല്ലൊരു മഴ പെയ്തു കഴിഞ്ഞിരുന്നു. മനസ്സും ശരീരവും നന്നായി തണുത്തു….. ആ ചാറ്റൽ മഴയിൽ പൊൻകുന്നം ബസ് സ്റ്റാൻഡിലേക്ക് ഞങ്ങൾ നടന്നു. ഇടയ്ക്ക് രാജൻ മാഷ് എന്നോട് ചോദിച്ചു “എങ്ങനുണ്ട് ബാവുൽ?” ഞാനൊന്നും മറുപടി പറഞ്ഞില്ല. കാരണം അത്രയേറെ ആ ഗാനശാഖ എന്നിൽ വിസ്മയം തീർത്തിരുന്നു. ഒന്നിനെയും അറിയാതെയും, കേൾക്കാതെയും വിമർശിക്കുന്ന എന്റെ സ്വഭാവത്തിന് ഒരു കിഴുക്കായിരുന്നു ആ ചോദ്യം…..

ഉപരേഖ

സംഗീതം നമ്മുടെ മനസ്സിൽ കുളിർമഴ തീർക്കുന്നു. പൊൻകുന്നത്തെ ബാവുൽ സംഗീതം പെരുമഴയായി നിറഞ്ഞു. ഈ ബംഗാൾ സംഘത്തിൽ മലയാളത്തിലെ പ്രശസ്ത കവി ബിനു. എം.പള്ളിപ്പാടുണ്ടായിരുന്നു. (‘പാലറ്റ് ‘എന്ന കവിതാസമാഹാരത്തിന്റെ ഉടമ.) ബിനുവായിരുന്നു ഓടക്കുഴൽ വാദകൻ.

ഒരു ബാവുൽ ഗാനം ഇങ്ങനെ പാടുന്നു.

” നീ തിരസ്കരിച്ചാലും
പ്രിയ സുഹൃത്തെ
ഞാൻ നിസ്സഹായനാണ് എന്റെ പാട്ടുകൾ എന്റെ പ്രാർത്ഥനകളാണ്
ചില പൂവുകൾ വർണ്ണങ്ങൾ കൊണ്ട് പ്രാർത്ഥിക്കുന്നു

മങ്ങിയ നിറമുള്ളതുകൊണ്ട് മറ്റവ സുഗന്ധത്തിലൂടെയും, വീണ വിറയ്ക്കുന്ന തന്ത്രികൾ കൊണ്ട് പ്രാർത്ഥിക്കുന്നു. “

രാധാകൃഷ്ണൻ മാഞ്ഞൂർ

പുതുവർഷം, പുതു സ്വപ്നങ്ങൾ , പുതു പ്രതീക്ഷകൾ ഇതൊക്കെ ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി സ്ഥിരം കേട്ട് തഴമ്പിച്ച വാക്കുകളാണ്. പോയകാലത്തെ ഓർത്തെടുക്കാൻ താല്പര്യം ഇല്ലാത്തവരാണ് നാം. കാരണം പോയ രണ്ടു വർഷങ്ങളും സമാനതകളില്ലാത്ത എത്രയോ പ്രകൃതിക്ഷോഭങ്ങൾ, നിപ്പാ, കോവിഡ് ….
കാലത്തിൻറെ അടരുകളിൽ ഫോസിലുകളായി അങ്ങനെ….

കോവിഡ് നമ്മുടെ ജീവിത ചിട്ടവട്ടങ്ങളെ ചില ശീലങ്ങൾ പഠിപ്പിച്ചു. മോടി പിടിപ്പിച്ച കല്യാണങ്ങളുടെ ആൾക്കൂട്ടങ്ങൾ കുറപ്പിച്ചു, കൈകാലുകൾ വൃത്തിയാക്കാൻ പഠിപ്പിച്ചു, പഴയ തൊട്ടുകൂടായ്മകൾ വീണ്ടെടുപ്പിച്ചു (ഇത്തിരിപോന്ന കുഞ്ഞൻ അണുവിൻെറ വികൃയകൾ അനവധി.)

അറിവിൻറെ ഹിമാലയം കയറിയ മനുഷ്യനെ കോവിഡ് അണുക്കൾ തലകുത്തി മറിച്ചു.
വെറുമൊരു സോപ്പ് കുമളിയിൽ തീരുന്നതേയുള്ളൂ കോവിഡ് അണുവിൻെറ ജീവിതം.
പക്ഷേ എന്തൊക്കെ നാം പഠിച്ചു? ജീവിതത്തിൻറെ രീതിശാസ്ത്രങ്ങളെ “ചെരിപ്പിനനുസരിച്ച് കാലു മുറിച്ച് ” ചിട്ടപ്പെടുത്തി.

എങ്ങനെയോ അതിജീവനമെന്ന മഹാ തുരുത്തിൽ എത്തിപ്പെടുകയായിരുന്നു.

ഒരു ജന്മം കൊണ്ട് നേടിയതൊക്കെ ഒരു പകൽ കൊണ്ട് ഒലിച്ചു പോയപ്പോൾ നാം പകച്ചു പോയി. ഇവിടെയാണ് പ്രകൃതി എന്ന മഹാ വിദ്യാലയത്തിൻെറ പ്രവർത്തനം. മുകളിലായി നഷ്ടപ്പെടുന്ന പച്ചപ്പുകളും, ലോറിയിൽ കയറി പോയ കുന്നുകളും, നമ്മുകാരാരായിരുന്നുവെന്നുള്ള തിരിച്ചറിവ്…. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ദോഷമാണെന്ന് അറിയാം പ്ലാസ്റ്റിക് മാലിന്യം വൻ വിപത്താണെന്നും അറിയാം… പക്ഷേ എല്ലാം എൻെറ വിചാരങ്ങളെ ബാധിക്കുന്നതല്ലെന്നുള്ള പൊതുബോധം മലയാളിയുടെ ശാപമാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ മലയാളി കൂടുതൽ ബോധവാനാകണം. നമ്മുടെ ചിന്തകളിൽ കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ടാവണം. നാം വരും തലമുറയ്ക്ക് കൈമാറേണ്ടതാണീ ഭൂമി. ഓർമ്മകളുടെ ഫോസിലുകളിൽ എത്രയോ അനുഭവങ്ങൾ ചിതറിക്കിടക്കുന്നു. പഴയ കലണ്ടർ താളുകളിൽ ഒന്നും രേഖപ്പെടുത്താതെ കിടക്കട്ടെ…

വെറും ഫോസിലുകൾ…

ന്യൂ ഇയർ പ്രമാണിച്ച് നമ്മുടെ കൊച്ചു ഗ്രാമങ്ങൾ പോലും ബ്രാൻഡഡ് കമ്പനികളുടെ വിപണി ആവുന്നു. അതെ ഞാനടക്കമുള്ള ഗ്രാമീണർ കൂടുതൽ നാഗരികനാവാനുള്ള ശ്രമത്തിലാണ്! നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഷോപ്പിംഗ് മാളുകൾ ആളുകൾ സന്ദർശിക്കുകയും വാങ്ങിയ സാധനങ്ങളുടെ ബിഗ്‌ഷോപ്പർ ഉയർത്തി സെൽഫിയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റുകയും ചെയ്യുന്നു. ഇതൊക്കെ ഒരുതരം ആത്മരതി ആണെന്നും അറിയാം…. എങ്കിലും ഓടുന്ന കാലത്തിന് മുന്നേ എത്താനുള്ള മലയാളിയുടെ തത്രപ്പാടാണ്. നമ്മുടെ ഗ്രാമീണ ചന്തകളിൽ കിട്ടുന്ന സാധനങ്ങൾക്ക് എന്താണ് കുഴപ്പം. നമ്മുടെ ജൈവ പച്ചക്കറികൾക്ക് എന്ത് രുചിയാണ്. സ്വന്തം നാടിൻറെ പച്ചക്കറികളും, നാട്ടുചന്തയുടെ കൂട്ടായ്മകളും വളർത്തിയെടുക്കാൻ ഈ വർഷം തിരഞ്ഞെടുക്കാം. മുൻപ് സൂചിപ്പിച്ച ഷോപ്പിംഗ് മാളുകളുടെ കാർണിവൽ സംസ്കാരങ്ങൾ നമുക്ക് ഉപേക്ഷിക്കാം…
പുതിയ ചിന്തകൾ, പൊതു കേരളത്തെ കെട്ടിപ്പടുക്കാൻ സാധിക്കട്ടെ എന്ന് ആശിച്ചുപോകുന്നു…

ഏഴ് വർഷം മുമ്പുള്ള ഒരു പുതുവർഷ രാത്രി ഓർമ്മയിൽ വരുന്നു.

കോട്ടയം തിരുനക്കര മൈതാനി. നഗരം പുതുവർഷത്തിന്റ് ലഹരിയിൽ എങ്ങോട്ടൊക്കെയോ ഒഴുകി പരക്കുന്നു. നഗരത്തിരക്കുകളിൽ ഒന്നും വകവയ്ക്കാതെ യാചക വേഷത്തിൽ ഒരാൾ ഗാന്ധി പ്രതിമയ്ക്ക് അരികിൽ നിൽക്കുന്നു.

ടൂവീലർ സഞ്ചരിച്ച ഫ്രീക്കൻ പയ്യൻ ഉപേക്ഷിച്ച വർണ്ണക്കടലാസിൻെറ ഒരു തൊപ്പി ഒരു ഭാണ്ഡക്കെട്ടിൽ സൂക്ഷിച്ചുവെക്കുകയാണ്. ഇടയ്ക്കൊക്കെ ഭാണ്ഡത്തിൽ നിന്നും ആ തൊപ്പി എടുത്ത് നോക്കുന്നുമുണ്ട്. ആ വർണ്ണ തൊപ്പി അയാളിൽ ആഹ്ളാദം നിറക്കുന്നു തീർച്ച. നഗരത്തിൻറെ പുതുവർഷ ലഹരിയോ കാഴ്ചയുടെ വർണ്ണ വെളിച്ചങ്ങളോ അയാളെ മോഹിപ്പിക്കുന്നില്ല, പകരം ആ തൊപ്പിയുടെ സൗന്ദര്യത്തിൽ മാത്രമാണ് അയാളുടെ ചിന്ത ഉടക്കി നിൽക്കുന്നത്. അയാളുടെ ആഹ്ളാദമുള്ള മുഖം ഇപ്പോഴും എൻറെ മനസ്സിൽ ഉണ്ട്. ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഇവിടെ ഈ നഗരത്തിൽ ഉണ്ടെന്ന് പറയാൻ തോന്നി. പുറത്തെ ആഘോഷങ്ങളൊന്നും അയാളുടെ ശ്രദ്ധയെ വഴി തിരിച്ചു വിട്ടില്ല. വിഭ്രാന്തി പൂത്ത ആ മനസ്സിന് എന്ത് പുതുവർഷം? എന്ത് പ്രതിജ്ഞകൾ ?

ഉപരേഖ

പുതുവർഷത്തിൽ എന്നെ സങ്കടപ്പെടുത്തിയ ഒരു പത്രവാർത്ത കണ്ടു. കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ പ്രവർത്തിച്ചിരുന്ന സെക്കൻഡ് ഹാൻഡ് പുസ്തകശാലയ്ക്ക് ആരോ തീയിട്ടു എന്നുള്ള വാർത്ത. തിരുവനന്തപുരം സ്വദേശി അനസ് നടത്തുന്ന ഈ വഴിയോര പുസ്തക ശാലയിൽ നിന്നും നിരവധി സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ ഞാൻ വാങ്ങിയിട്ടുണ്ട്. അയാൾക്ക് 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്ന് കേൾക്കുന്നു. നഗര മാലിന്യത്തിൽ നിന്നും തീപിടിച്ചത് ആണെന്നും വാർത്തയുണ്ട്. പുസ്തകശാലകൾക്ക് തീ കൊടുക്കാനുള്ള മലയാളി മനസ്സിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?

ഡോ. ഐഷ വി

വീടിനുമുണ്ടാകും ഒരു കഥ പറയാൻ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വീടിന് ജീവനുണ്ടോ അതിന്റെ കഥ പറയാൻ എന്നാകും നിങ്ങൾ ചിന്തിക്കുക. അല്ലേ? വീട് ചിലർക്ക് ഒരു നിർമ്മിതി മാത്രമായിരിയ്ക്കാം. എന്നാൽ ഒരു വീട്ടിൽ താമസിക്കുന്നവരുടെ വിചാര വികാരങ്ങൾക്ക് നേർസാക്ഷികളാണ് ഞങ്ങൾ . കുറച്ചു ദിവസം അന്തേവാസികൾ മാറി നിന്നാൽ പലവ്യജ്ഞനപ്പൊടികളും എന്തിന് വീടായ ഞാൻ തന്നെയും ദ്രവിച്ചു പോകുന്ന ഒരവസ്ഥയുണ്ട്. അത് ഭയാനകം തന്നെ. എന്നാൽ മനുഷ്യരുടെ സഹവാസമുള്ള സമയത്ത് ഇതൊന്നും ചീത്തയാകാതെയിരിയ്ക്കുകയും ചെയ്യും. ചിലർ ഞങ്ങളെ തൂത്ത് തുടച്ച് മിനുക്കി വയ്ക്കും. എല്ലാം അടുക്കും ചിട്ടയുമായിരിയ്ക്കുന്നത് അന്തേവാസികളുടെ സ്വഭാവത്തിനനുസരിച്ചിരിക്കും. ഒരു വീട് ഒരു കെട്ടിടമെന്നതിനപ്പുറം അതൊരു ഭവനമാകുന്നത് ആ ഭവനത്തിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ കൂടുമ്പോൾ തമ്മിൽ ഇമ്പമുള്ളിടത്താണ്. അതിൽ എനിക്ക് വലിയ കമ്പമുണ്ട്. ചിലർക്ക് വീട് തല ചായ്ക്കാനൊരിടം മാത്രമായിരിയ്ക്കും. ചിലർക്ക് വീടൊരു സ്വപ്നമാണ്. ചിലർക്ക് അതൊരു അഭയമാണ്.

മനുഷ്യൻ ഗുഹാമനുഷ്യനായിരുന്ന കാലത്ത് സുരക്ഷിതമായൊരിടമെന്ന നിലയിൽ ഗുഹകളെ ഉപയോഗിച്ചിരിയ്ക്കാം. അന്നവർക്ക് ആവശ്യത്തിന് ഗുഹകൾ തികയാതെ വന്നപ്പോൾ ഗേഹങ്ങൾ നിർമ്മിച്ചിരിക്കാം . സമീപത്ത് ലഭ്യമായ മണ്ണ് , ചെളി കല്ല്, പുല്ല്, ഇല, ഓല, തടി, മുതലായവകൊണ്ട് നിർമ്മിച്ചിരുന്ന കാലത്ത് പണിയും ചിലവും കുറവായിരുന്നു. ഇന്ന് ഒരു വീട് നിർമ്മിയ്ക്കുന്നത് ചിലർക്ക് രക്തം ചിന്തുന്ന ഏർപ്പാടാണ്. വ്യക്തമായ പദ്ധതിയില്ലാതെ നിർമ്മിക്കുന്നവർ കടക്കെണിയിലാകും. ചിലർക്കത് ഒരിക്കലും സാക്ഷാത്കരിയ്ക്കാനാകാത്ത സ്വപ്നമായിത്തന്നെ തുടരും. ചിലർക്കത് ഒരായുസിന്റെ സമ്പാദ്യമായിരിയ്ക്കും.

ചിലർക്ക് വീട് പണി കഴിയുമ്പോൾ അത് ആർഭാടം കാട്ടാനുള്ള ഒരവസരമാണ്. ചിലർ പണി തീരുമ്പോഴേക്കും കടക്കെണിയിലാകും. ചിലർ താമസിയ്ക്കാനാളില്ലെങ്കിലും ധാരാളം വീടുകളും ഫ്ലാറ്റുകളും പണിത് അടച്ചിട്ടിരിയ്ക്കും. ചിലർക്ക് പണി ഒരിക്കലും തൃപ്തി വരില്ല. അവർ ആ നിർമ്മിതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കും. ആ….. മറ്റുള്ളവരുടെ കാര്യം പറഞ്ഞു കൊണ്ടിരുന്നാൽ ഇങ്ങനെ ധാരാളം പറയാൻ കാണും. എന്റെ ഉത്പത്തിയും വളർച്ചയും തളർച്ചയും സുഖവും ദുഃഖവുമല്ലേ ഇന്നത്തെ പ്രതിപാദ്യ വിഷയം . നമുക്ക് അതിലേയ്ക്ക് കടക്കാം. എന്റെ വളർച്ചയും തളർച്ചയുമൊക്കെ എന്നിൽ വസിച്ച് ഇവിടം വിട്ടു പോയതും ഇവിടെ ഇപ്പോഴും വസിക്കുന്നതുമായ കുറേ അന്തേവാസികളുടെ ജീവിതം കൂടിയാണ്. കാലവും ഉടമസ്ഥരും മാറുന്നതനുസരിച്ച് എന്റെ പേരിലും, നിർമ്മിതിയിലും മാറ്റങ്ങളുണ്ടായി. എന്നിൽ ജീവിച്ച് കടന്നുപോയവർക്ക് സുഖത്തിന്റെ മാധുര്യവും ദുഃഖത്തിന്റെ ഉപ്പും പ്രണയത്തിന്റെ മധുരവും എരിവും പുളിയും വിരഹത്തിന്റെ കയ്പും ചവർപ്പും കലർന്ന ഓർമ്മകളുണ്ടാകാം.

കുറേ മനുഷ്യർ കല്ലും മണ്ണും ഓലയും വച്ച് എന്നെ നിർമ്മിച്ച് ഇവിടെ വസിച്ചിരുന്നപ്പോൾ എനിക്ക് പ്രത്യേകിച്ച്‌ പേരൊന്നുമില്ലായിരുന്നു. പിന്നീട് ഒരു സമുദായക്കാർ ഇവിടെ താമസിച്ചിരുന്നപ്പോൾ ഈ വീടും പറമ്പും ആ സമുദായത്തിന്റെ പേരിൽ അറിയപ്പെട്ടു: “വേടന്റഴികം”. ‘അഴികം എന്നാൽ പുരയിടം. ‘ വേടൻ’ എന്നത് ഒരു സമുദായത്തിന്റെ പേര്. അത് അവരിട്ട പേരല്ല പ്രദേശവാസികൾ ചാർത്തി കൊടുത്ത പേരാണ്. അന്ന് അന്നന്നുള്ളത് കൊണ്ട് ഓണം പോലെ കഴിയുന്ന കുറേ മനുഷ്യരായിരുന്നു എന്നിൽ വസിച്ചിരുന്നത്.

പിന്നീട് എന്റെ ഉടമസ്ഥൻ മാറി. ഒരു പൊക്കം കുറഞ്ഞ സിംഗപ്പൂർ മലയാളിയും ഭാര്യയും മകളുമായി എന്റെ ഉടമസ്ഥർ. എന്തിനും ആർക്കും ഇരട്ട പേര് വിളിക്കുന്ന പാരമ്പര്യമാണല്ലോ നമ്മുടെ നാട്ടുകാർക്ക് . അവർ എന്റെ ഉടമസ്ഥന് ഒരു പേര് ചാർത്തി കൊടുത്തു : ” ഉരുളകിഴങ്ങ്.”. പേരു പോലെയല്ല ആള് . ഇത്തിരി കേമനാണ്. സിങ്കപ്പൂർ നിന്നുള്ള അടുത്ത വരവിൽ അദ്ദേഹം എന്നെ പൂർണ്ണമായും പൊളിച്ച് മാറ്റി ഒരു നല്ല വീടങ്ങ് പണിതു. അടിസ്ഥാനം നന്നായി ഉയർത്തി തറ സിമന്റിട്ട് , ഓടിട്ട മേൽ കൂരയാക്കി , ഭിത്തി വെള്ളപൂശി, പൂമുഖവും അടുക്കളയും കുറേ മുറികളുമായി ഞാൻ ഗമയോടെ തലയുയർത്തി നിന്നു.

ഉടമസ്ഥൻ എനിയ് ക്കൊരു പേരിട്ടെങ്കിലും അതെവിടെയും നാലാൾ കാണത്തക്ക രീതിയിൽ എഴുതി വയ്ക്കാഞ്ഞതിനാൽ നാട്ടുകാർ പഴയ പേരു – തന്നെ വിളിച്ചു പോന്നു. പേര് എഴുതി വച്ചിരുന്നെങ്കിലും അവർ അതു തന്നെ യേ വിളിയ്ക്കുമായിരുന്നുള്ളൂ. മാറാൻ മടിയുള്ളവരല്ലേ ഭൂരിഭാഗവും . എന്റെ ഉടമസ്ഥന് ഭാര്യയും ഒരു മകളുമായിരുന്നു. ഇവർക്ക് കൂട്ടായി ഒരു ജോലിക്കാരനും. ജോലിക്കാരൻ ഒരു കാര്യസ്ഥനെപ്പോലെ എല്ലാം നോക്കി നടത്തി. ചുറ്റുമതിൽ കെട്ടി. ചെറിയ ഗേറ്റിട്ടു. പതുക്കെ ഉടമസ്ഥന്റെ മകളും ജോലിക്കാരനും തമ്മിൽ പ്രണയത്തിലായി. അവരുടെ നനുത്ത പ്രണയത്തിനും സന്തോഷത്തിനും വീട്ടുകാരുടെ എതിർപ്പിനും എനിക്ക് സാക്ഷിയാകേണ്ടി വന്നു.

വീട്ടുകാരുടെ സമ്മതത്തോടെ . വിവാഹം നടക്കില്ലെന്ന് കണ്ടപ്പോൾ അവൻ അവളെയും കൊണ്ട് നാടുവിട്ടു. അവൻ നല്ലവണ്ണം അധ്വാനിക്കുന്ന പയ്യനായിരുന്നതിനാൽ അവളെ പൊന്നുപോലെ നോക്കുമെന്ന് എനിക്കുറപ്പായിരുന്നു. എന്റെ ഉടമസ്ഥനും ഭാര്യയും കൂടി ഒരു ദിവസം സംസാരിക്കുന്നത് ഞാൻ കേട്ടു. മകൾ പോയതോടെ അവരുടെ മാനം പോയി. ഇനിയെല്ലാം വിറ്റു പെറുക്കി നാടു വിടാം എന്നായിരുന്നു അതിന്റെ കാതൽ. ഞാൻ നൊമ്പരപ്പെട്ടു. എനിക്ക് ഇന്നത്തെ മോടിയൊക്കെ നൽകിയ ഉടമസ്ഥരാണ് എല്ലാം വിറ്റുപെറുക്കി നാടുവിടുന്നത്. അവർ പറഞ്ഞതു പോലെ തന്നെ ചെയ്തു. എന്നെ മറ്റൊരു സിംഗപ്പൂർകാരന് വിറ്റിട്ട് അവർ അടുത്ത ഗ്രാമത്തിൽ താമസമാക്കി.

മനുഷ്യന്റെ ഭാഗ്യം മാറി മറിയുമല്ലോ. ആ പെൺകുട്ടിയെ വിവാഹം കഴിച്ച പയ്യൻ നല്ല അധ്വാനിയായിരുന്നത് കൊണ്ട് അവളെയും മക്കളെയും പൊന്നുപോലെ നോക്കിയെന്നും പിന്നീട് എന്റെ പഴ ഉടമസ്ഥനും ഭാര്യയും അയൽ ഗ്രാമത്തിൽ വാങ്ങിയ വീടും വസ്തുവകകളുമെല്ലാം ആ പയ്യൻ വാങ്ങിയെന്നും ആരോ പറഞ്ഞു ഞാൻ കേട്ടു. നന്നായിരിയ്ക്കട്ടെ. എന്റെ പുതിയ ഉടമസ്ഥനെ ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ? ഉടമസ്ഥൻ ഗംഗാധരൻ , ഭാര്യ യശോധര , മകൾ ഗീത . ഗീത വളർന്നു വന്നപ്പോൾ വീടിന് ചുറ്റും ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചു. ചെറിയ റോസ് ലില്ലികൾ മേയ് മാസത്തിൽ നിര നിരായായി പൂത്ത് നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയായിരുന്നെന്നോ? ഗീതയ്ക്ക് അച്ഛന്റെ കത്തുകൾ വരുമ്പോൾ വലിയ സന്തോഷമായിരുന്നു.

ഗീതയുടെ അച്ഛൻ എനിക്ക് പുതിയ പേരിട്ടു. മാത്രമല്ല അത് മുൻഭാഗത്ത് എഴുതി വയ്കുകയും ചെയ്തു: ” ധനലക്ഷ്മി വിലാസം”. എനിക്ക് സന്തോഷമായി . ഗീതയുടെ അച്ഛാമ്മയുടെ പേരിലെ ‘ലക്ഷ്മി’യാണ് എന്റെ പേരിനോടൊപ്പം ചേർത്തതെന്ന് എനിക്ക് മനസ്സിലായി. പിന്നെ അമ്മായിപ്പോരിനും നാത്തൂൻ പോരിനും യാതൊരു കുറവുമില്ലായിരുന്നു. മനസ്സ് മടുത്ത് ഗീതയുടെ അച്ഛൻ വിവാഹ ബന്ധം വേർപെടുത്തിയാലോ എന്നു വരെ ചിന്തിച്ചു. എന്നാൽ ഒരു ബന്ധു കൊടുത്ത പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം തീരുമാനം മാറ്റി. ഗീതയുടെ അച്ഛൻ ഒരിക്കൽ വന്നു പോയപ്പോൾ ലക്ഷ്മിയും യാത്രയാക്കാൻ കൊല്ലം റയിൽവേ സ്റ്റേഷനിൽ പോയി. മദ്രാസിലേയ്ക്ക് ട്രെയിനിൽ കയറിയ ഗംഗാധരനെ കൂടെ കയറി മനസ്സ് നൊമ്പരപ്പെടുത്തും വിധം വഴക്ക് പറഞ്ഞ ശേഷമാണ് ലക്ഷ്മി തിരികെ പോന്നത്. ഇതേ പറ്റി എന്റെ ഉടമസ്ഥൻ തന്റെ മകൾക്കൊരു കത്തെഴുതി. ആ കത്ത് ഗീത വായിയ്ക്കുന്നതും വേദനിയ്ക്കുന്നതും സൂക്ഷിച്ചു വയ്ക്കുന്നതുമെല്ലാം ഞാൻ മനസ്സിലാക്കിയിരുന്നു.

1971 ജനുവരി19 ന് എന്റെ ഉടമ ഹൃദയ സ്തംഭനം മൂലം മരിച്ചു എന്ന വാർത്ത ഹൃദയ ഭേദകമായിരുന്നു. ഗീതയെ ഇത് വല്ലാതെ വിഷമിപ്പിച്ചു. ലക്ഷ്മിയും മരുമകളുമായി ജീവനാംശത്തിന് വേണ്ടിയുള്ള പോര് കോടതിയിലെത്തി. മരിച്ച ഗംഗാധരൻ സിങ്കപൂർ പൗരനാണെന്ന വാദം ഒരു വശത്തും സിങ്കപ്പൂർ പൗരൻ ഭാരതത്തിൽ സ്വത്ത് സമ്പാദിച്ചാൽ ഭാരതതത്തിലെ നിയമമനുസരിച്ച് സ്വത്ത് ഭാഗം വയ്ക്കണമെന്നു മറുഭാഗവും വാദിച്ചു. അവസാനം സ്ഥാവര ജങ്ഗമവസ്തുക്കൾ മൂന്നായി ഭാഗം വയ്ക്കാൻ കോടതി വിധിച്ചു. അങ്ങനെ ഞാൻ നിൽക്കുന്ന പറമ്പിന്റെ ഒരു ഭാഗം ലക്ഷ്മിയുടെ വീതമായി കിട്ടി. പിന്നീട് ലക്ഷ്മി അതിൽ ഒരു കെട്ടിടം പണിതു. ഗീത പ്രായപൂർത്തിയായപ്പോൾ വിവാഹിതയായി. ഗീത ഒരു മകളെ പ്രസവിച്ച് കിടന്നപ്പോൾ ഒരു കുഞ്ഞിക്കാലു കണ്ട സന്തോഷമായിരുന്നു എനിക്ക്. ആ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല. ഇരു വീട്ടുകാരുടേയും അമിതമായ ഇടപെടൽ മൂലം ആ വിവാഹ ബന്ധം വേർപിരിഞ്ഞു. ഗീതയും അമ്മയും എന്നെ വിൽക്കാൻ തീരുമാനിച്ചു. അവർ കൊട്ടിയത്തേയ്ക്ക് താമസം മാറി. വേദനയുണ്ടായിരുന്നെങ്കിലും എല്ലാം ഞാൻ ഉൾക്കൊണ്ടു. ഒരു ഗൾഫുകാരനും ഭാര്യയും രണ്ടാൺമക്കളുമടങ്ങുന്ന കുടുംബമാണ് പിന്നീടിവിടെ താമസമാക്കിയത്. ഭർത്താവ് ഗൾഫിൽ നിന്നും വരുമ്പോൾ ഭാര്യയോട് വഴക്കടി യ്ക്കുകയും പുരുഷ മേധാവിത്വം കാട്ടുകയും പതിവായിരുന്നു. എങ്കിലും മക്കളെ പോറ്റിവളർത്താൻ വേണ്ടി എല്ലാം സഹിച്ചു.

ഗൾഫുകാരൻ എന്റെ മുഖഛായ ആകെയങ്ങ് മാറ്റി. മതിൽ പൊളിച്ച് കാർ കയറുന്ന ഗേറ്റ് പണിതു. കാർപോർച്ച് പണിതു .പെയിന്റ് മാറ്റി. അടുക്കള മോഡേൺ ആക്കി . എന്റെ പേര് മാറ്റി. മക്കളെ പഠിപ്പിച്ചു. ഗൾഫുകാരൻ നാട്ടിൽ വന്നു സ്ഥിര താമസമാക്കിയ സമയം. അയാൾ നാട്ടുകാരുടെ ഇടയിൽ ധാരാളം സംഭാവന കൊടുക്കുന്നയാളെന്ന നിലയിൽ പേരെടുത്തു. ഭാര്യ ഒരു ദിവസം ചില നേർച്ചകൾ പൂർത്തിയാക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അത് തിരസ്കരിച്ചു. അങ്ങിനെയിരിക്കേയാണ് . ടൂറിസ്റ്റ് ബസ്സു കാരുടെ വരവ്. എല്ലാ പ്രമുഖ ക്ഷേത്രങ്ങളിലും ടൂറിസ്റ്റ് സ്പോട്ടുകളിലും കൊണ്ടുപോകും. 500/- രൂപയേയുള്ളു. രണ്ട് ദിവസത്തെ യാത്ര. ഗൾഫുകാരന്റെ ഭാര്യ ഭർത്താവിന് ആവശ്യമുള്ളതെല്ലാം ഉണ്ടാക്കി വച്ചു. ഫ്രിഡ്ജിൽ കയറ്റേണ്ട ഭക്ഷണം ഫ്രിഡ്ജിൽ കയറ്റി. ചോദിച്ചാൽ വിടില്ലെന്ന് അറിയാവുന്നതു കൊണ്ട് ഭർത്താവിനോട് പറയാതെ മക്കളോട് പറഞ്ഞിട്ട് ടൂർ പോയി. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ ഗൾഫുകാരൻ ഭാര്യയെ വീട്ടിൽ കയറ്റിയില്ല. മാത്രമല്ല മക്കളെ കൂടി വീട്ടിൽ നിന്നും പുറത്താക്കി. അങ്ങനെ ഒരു കുടുംബം കൂടി ശിഥിലമാകുന്നതിന് എനിക്ക് സാക്ഷിയാകേണ്ടി വന്നു. പിന്നെ ഡ്രൈവർ ആയി ഗൾഫുകാരന്റെ സന്തത സഹചാരി. പ്രമേഹം കടുത്തപ്പോൾ ഗൾഫുകാരന്റെ കാൽ മുറിക്കേണ്ടി വന്നു. ഡ്രൈവർ എല്ലാ സഹായവും ചെയ്തു കൊടുത്തു.

ഗൾഫുകാരന്റെ അവസാനമടുത്തപ്പോൾ അദ്ദേഹത്തെ ഡ്രൈവർ നോക്കിക്കോളുമെന്ന ഉറപ്പിന്മേൽ വീടും വസ്തുവകകളും ഡ്രൈവറുടെ പേരിൽ എഴുതി വച്ചു. പറഞ്ഞതു പോലെ ഡ്രൈവർ ഗൾഫുകാരന് വേണ്ടതെല്ലാം ചെയ്തു കൊടുത്തു. ഗൾഫുകാരന്റെ മരണശേഷം ഡ്രൈവറും കുടുംബവും ഈ വീട്ടിൽ സ്ഥിരതാമസമാക്കി. മകളെ വിവാഹം ചെയ്തയച്ചു . എന്റെ പേരു മാറ്റി. പുതിയ പെയിന്റടിച്ചു. അങ്ങനെ എന്റെ കഥ ഇങ്ങനെ നീളുന്നു. ഒരു കാര്യം ഞാൻ പറയാൻ വിട്ടുപോയി. ഗീതയും കുടുംബവുമായി സ്വത്ത് വിഭജനം കഴിഞ്ഞപ്പോൾ ഗീതയുടെ അച്ഛാമ്മ സ്നേഹത്തിലായി. ഭാഗം കിട്ടിയ പറമ്പിൽ ലക്ഷ്മി വച്ച വീട്ടിലേയ്ക്ക് ഗീത വന്നു. ലക്ഷ്മി കൊച്ചുമകൾക്ക് അയലയൊക്കെ പൊരിച്ച് വച്ച് കാത്തിരിയ്ക്കയായിരുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

റ്റിജി തോമസ്

മഴ ശക്തിയായി പെയ്യുന്നുണ്ട്. വളരെ നാൾ കൂടി പെയ്യുന്ന മഴയാണ്. അതിൻറെ തിമിർപ്പ് മുഴുവനായുണ്ട്.

വെള്ളിനൂലുകളുടെ എണ്ണം എടുക്കാൻ കുട്ടി വെറുതെ ശ്രമിച്ചു. ഒന്ന്, രണ്ട്, മൂന്ന്…..

അകലെ ആകാശത്ത് തീക്കൊള്ളികൾ പറന്നുനടന്നു. “ഇങ്ങ്ട് മാറിനില്ല് കുട്ടാ, എറിച്ചിലടിക്കണ്ട”

മാറ്റി നിർത്തി മുത്തശ്ശി ജനൽ അടച്ചു.

വെള്ളിനൂലുകളുടെ അപ്രാപ്യത വിമ്മിട്ടം ഉണ്ടാക്കുന്നതുപോലെ. അദൃശ്യതയിൽ വെള്ളിനൂലുകളും തീക്കൊള്ളികളും….. തേങ്ങലിൻെറ ഈണങ്ങൾ ഇച്ചേയിക്കൊപ്പം നീളുന്നു.

അകലെ കാടിൻെറ മടിയിലും വെള്ളിനൂലുകൾ നൃത്തം ചെയ്യുന്നുണ്ടാവും. നിറഞ്ഞൊഴുകുന്ന കാട്ടാറിൻെറ കരയിൽ വെള്ളം തെറ്റിച്ച് ആനക്കുട്ടികൾ കളിക്കുന്നുണ്ടാവും.

ചോറ് ഉണ്ടുകൊണ്ടിരുന്നപ്പോൾ മനസ്സ് വെള്ളിനൂലുകളിൽ നിന്നു വിമുക്തമാക്കപ്പെട്ട് കാടിൻറെ മടിയിൽ അഭയം തേടിയിരുന്നു.

അമ്മയുടെ അരിക് ചേർന്ന് ഉറങ്ങാൻ കിടന്നു. പകുതി ചാരിയ ജനലിനിടയിലൂടെ തണുത്ത കാറ്റ് ഉള്ളിലേയ്ക്ക് അടിക്കുന്നുണ്ട്. ഇന്നലെ ജനലിനിടയിലൂടെ ചന്ദ്രനെ കാണാമായിരുന്നു. ഇച്ചിര പതിഞ്ഞ ചന്ദ്രൻ, പിന്നെ കുറെ വെളുത്ത മേഘങ്ങളും.

കുട്ടി അമ്മയെ നോക്കി.

അമ്മ എന്തായിരിക്കും ചിന്തിക്കുന്നത്? ഇച്ചേയിയെക്കുറിച്ചായിരിക്കുമോ?

അമ്മയുടെ മുമ്പിൽനിന്ന് ഇച്ചേയി കരയുന്നു. കലങ്ങിയ കണ്ണുകളിലേക്ക് ഒന്നെ നോക്കിയേയുള്ളൂ.

“ഞാൻ പോവാ….” ഇച്ചേയി പറഞ്ഞു.

അമ്മ എന്തെങ്കിലും പറഞ്ഞോ?

“അടുത്തല്ലേ കാട് അവിടെ ഞാനും പോയി ചത്താലോന്ന്…”

അമ്മ എന്തോ പറഞ്ഞു.

തിരിഞ്ഞുനിന്നു. കണ്ണുകൾക്ക് മുമ്പിൽ ചില വളയങ്ങൾ അകന്നകന്നുപോകുന്നതു പോലെ.

തിരിഞ്ഞുനോക്കിയപ്പോൾ ഇച്ചേയി ഇല്ലായിരുന്നു. എവിടേക്കോ നോക്കി കൊണ്ട് അമ്മ മാത്രം നിൽക്കുന്നു. അമ്മയുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കാൻ ഭയപ്പെട്ടു.

“കണ്ണടച്ച് കിടന്ന് ഉറങ്ങ് കുട്ടാ.” അവനെ ചേർത്തു കിടത്തി കൊണ്ട് അമ്മ പറഞ്ഞു.

“അമ്മേ…. കാട്ടില് ആനേണ്ടല്ലേ?”

“ഉം.”

“പുലിണ്ടോ”?

“ഉം.”

“പാമ്പോ?”

“എല്ലാംണ്ട്. കുട്ടൻ കിടന്നുറങ്ങ്.”

“അമ്മേ…. ഇച്ചേയിക്ക് ആനേം പുലിനേം ഒന്നും പേടീല്ലേ?”

“ൻെറ കുട്ടാ…..ഇച്ചേയി വെറുതെ പറയുന്നതല്ലേ.”

അവൻ അമ്മയെ നോക്കി. അവൻെറ മുമ്പിൽ അമ്മ വളർന്നു., ഭൂമിയിൽ നിന്ന് ആകാശത്തിലേക്ക് എല്ലാം അറിയുന്ന അമ്മ!

മുത്തശ്ശിയോട് ചോദിച്ചാലോ? വേണ്ടാ. മുത്തശ്ശിക്ക് ഇച്ചേയിയെ കണ്ണെടുത്താൽ കണ്ടൂടാ! മുത്തശ്ശി എന്തെങ്കിലും പറഞ്ഞാൽ ഇച്ചേയി ഒന്നും മിണ്ടില്ല.

ചിലപ്പോൾ മുത്തശ്ശി പറയുന്നതൊന്നും മനസ്സിലാവില്ല.

കാട്ടിൽ പോവാം വീട്ടിൽ പോവാം കുറുക്കനേം ആനേം പേടീണ്ടോ?

“ഇല്ലാ” ഇച്ചേയി പറഞ്ഞു.

അവൻ ഇച്ചേയിയുടെ കണ്ണുകളിലേയ്ക്ക് ഊതി.

“ഇച്ചേയിക്ക് പേടീണ്ട് കണ്ണടച്ചല്ലോ! ”

ഇച്ചേയിയുടെ അച്ഛനും അമ്മയും താമസിക്കുന്നത് അങ്ങ് അകലെയാണ്. അവിടെ കാടുണ്ട്. വല്ല്യ കാടാണന്നാണ് ഇച്ചേയി പറഞ്ഞത്.

” അവിടെ വല്ല്യ ആനയുണ്ട് കുട്ടാ. പിന്നെ വല്ല്യ പുലിയും കരടിയും ഒക്കെ ഉണ്ട്.”

കാട്ടിലെ കാര്യം പറയുമ്പോൾ ചുറ്റും നോക്കും മുത്തശ്ശിയുണ്ടോന്ന്. മുത്തശ്ശിയെങ്ങാൻ കേട്ടാൽ പറയും.

“കൊച്ചിനെ ഓരോന്ന് പറഞ്ഞ് പേടിപ്പിച്ചോ. എന്നിട്ടുവേണം രാത്രി നെലോളിക്കാൻ.”

ഇച്ചേയി കാടിനെക്കുറിച്ച് പറയുമ്പോഴെല്ലാം വല്ല്യകുട്ടിയേ പറയുകയുള്ളൂ. പിന്നെ ഈണമുള്ള ഒരു നീട്ടും.

ഇച്ചേയി പറഞ്ഞ കഥകളിലെ രാജകുമാരന്മാർ കുതിരപ്പുറത്തു കയറി കാട്ടിലൂടെ പറഞ്ഞു പോയി. അമ്മ ഉറങ്ങാൻ പറഞ്ഞ കഥകളിലെ മറുതകൾ കാടിൻെറ ഇരുട്ടിൽ പുളച്ചു നടന്നു. അമ്പും വില്ലുമായ് രാജകുമാരന്മാർ. ഉറങ്ങാത്ത കുട്ടികളെ പിടിച്ചു കൊണ്ട് പോകുന്ന മറുതകൾ. കരയുന്ന കുട്ടികളെ പിടിച്ച് തിന്നുന്ന യക്ഷികൾ.

ഇരിട്ടിൽ പ്രകാശവളയങ്ങൾ രൂപപ്പെട്ടു. അടുക്കുകയും അകലുകയും ചെയ്യുന്ന വളയങ്ങൾ.

ഇച്ചേയിയുടെ അച്ഛൻറെ വീട്ടിൽ പോകാൻ ബസ്സിൽ കയറണം. ഒത്തിരിയുണ്ട് യാത്ര. വല്ല്യ കുന്നിൻെറയൊക്കെ മുകളിലൂടെ.

രാജകുമാരൻ ആയിരുന്നെങ്കിൽ കുതിരപ്പുറത്തുകയറി പോകാമായിരുന്നു. മറുതകൾ എങ്ങനെയായിരിക്കും യാത്ര ചെയ്യുന്നത്?

ഇച്ചേയിയുടെ അച്ഛൻറെ വീട്ടിൽ ഒരിക്കൽ പോയിട്ടുണ്ട്. പോകുമ്പോൾ കാടു കാണാം.

“കാടിൻെറ ഉള്ളില് വഴീന്നൂല്ലേ ഇച്ചേയി? ”

“ല്ല കുട്ടാ ”

“പിന്നെ രാജകുമാരന്മാർ കുതിര ഓടിക്കുന്നത് ഏതു വഴിയാ?”

ഇച്ചേയി ചിരിച്ചു.

ഇച്ചേയി ഇപ്പോൾ എവിടെ ആയിരിക്കും? കാട്ടിലായിരിക്കുമോ?

ജനലിനിടയിലൂടെ വെളിയിലേക്ക് നോക്കാൻ പേടിയാവുന്നു. പുതിയ വളയങ്ങൾ തീർത്തുകൊണ്ട് മിന്നാമിനുങ്ങുകൾ പറന്നു നടന്നു.

ഒരു കൊതുക് ചെവിയിൽ വന്നു മൂളി ശരീരത്തിനു ചുറ്റും പറന്നു. ഒരു വലയം സൃഷ്ടിക്കുന്നതുപോലെ.

അനങ്ങാതെ കിടന്നു.

കാട്ടിനുള്ളിലൂടെ കുതിരെ ഓടിച്ചു. രാജകുമാരന്മാർ വില്ലുകുലയ്ക്കുന്നു. അകലെ, അങ്ങ് ദൂരെ ദൂരെ അമ്മയും ഇച്ചേയിയും, വില്ലുകുലയ്ക്കാൻ അമ്പെടുത്തു. വല്ല്യ അമ്പാണ്. അമ്പ് ദൂരേയ്ക്ക് പോകുന്നില്ല. ഒട്ടിപിടിച്ചിരിക്കുന്നു. അകലെ ആനകളുടെ ചിന്നം വിളികൾ. രാജകുമാരന്മാരെ കാണുന്നില്ല. കാലടി ശബ്ദം മറുതകളുടേതാണോ? അമ്മയും ഇച്ചേയിയും ഉണ്ടല്ലോ പിന്നെന്താ പേടിക്കാൻ. അടുത്ത് തോടുണ്ട്. ഇച്ചേയി പറഞ്ഞപോലെ വല്ല്യ തോടാണ്. തോട്ടിലോട്ട് ഇറങ്ങി നിന്നാലോ? വേണ്ട. തോട്ടിൽ നിന്ന് ഒരു പാമ്പ് കയറി വരുന്നു. പാമ്പിൻെറ ദേഹത്ത് വളയങ്ങൾ അടുക്കുകയും അകലുകയും ചെയ്യുന്നു. പാമ്പ് കടിക്കുമോ? പാമ്പിനോട് കൂട്ടുകൂടാം. കൂട്ടുകാരെ കടിക്കില്ല. സൂത്രത്തിൽ കൂട്ടുകൂടി അപ്പുറത്തു ചാടി ഓടാം. പാമ്പ് ചിരിക്കുകയാണോ? ആനകൾ അടുത്തടുത്തുവരുന്നു. ആനകൾ, പുലികൾ, പാമ്പുകൾ….. കുതിരപ്പുറത്ത് കയറി രക്ഷപ്പെടാം. ഒട്ടിപിടിച്ചിരിക്കുന്നതുപോലെ. അമ്മയും ഇച്ചേയിം ചിരിക്കുന്നു. തുമ്പി കൈകൾ നീണ്ട് വരുന്നു….

“അമ്മേ …..”

“ന്താ കുട്ടാ…കിനാവുകണ്ടോ?”

അവനൊന്നും മിണ്ടിയില്ല.

“വേണ്ടാത്തതൊക്കെ ഓർത്തുകിടന്നിട്ടാ. കണ്ണടച്ച് ഉറങ്ങിക്കോ.” അമ്മ നെറ്റിയിൽ കുരിശ് വരച്ചുകൊണ്ട് പറഞ്ഞു.

കിനാവുകളുറങ്ങുന്ന പകലിനെയും കാത്ത് കുട്ടി വീണ്ടും കണ്ണുകളടച്ചു.

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവി. [email protected]

Copyright © . All rights reserved