literature

ഡോ. ഐഷ വി

അലക്കുകല്ലിന്റെ അടുത്ത് കാണുന്ന ചുവപ്പ് നിറത്തിലുള്ള ചില കൃമികളെ നിരീക്ഷിക്കുക എന്റെ പതിവായിരുന്നു. അങ്ങനെ നോക്കി നടക്കുമ്പോൾ അലക്കു കല്ലിനപ്പുറത്ത് സാധാരണ പുൽച്ചെടിയിൽ നിന്നും വ്യത്യസ്ഥമായ ഒരു ചെടി നിൽക്കുന്നു. ഞാനത് അമ്മയെ വിളിച്ച് കാണിച്ചു. അമ്മ അച്ചനെ വിളിച്ചു കാണിച്ചു. അത് കൂവരകിന്റെ ( റാഗി / പഞ്ഞപ്പുല്ല്) തൈയ്യാണെന്ന് രണ്ട് പേരും സംശയം പ്രകടിപ്പിച്ചു. ഏതായാലും അവർ അത് പിഴുതുകളയാതെ പരിപാലിച്ചു. നാളുകൾ കഴിഞ്ഞു. പ്രതീക്ഷിച്ച പോലെ അതിലൊരു കതിർ വന്നു. അത് കൂവരക് തന്നെ. പക്ഷേ ഒറ്റ കതിരേയുള്ളൂ. അമ്മ വലം കൈയ്യിലെ വിരലുകൾ തള്ളവിരലിന് സമുഖമാക്കി വലതു കൈപ്പത്തി ഒരു കുടപോലെയാക്കി കാണിച്ചിട്ട് പറഞ്ഞു: സാധാരണ കൂവരകിന് ഒരു തണ്ടിൽ ഇതുപോലെ നിൽക്കുന്ന അഞ്ചാറ് കതിർ കാണും. ഞാനത് മനസ്സിൽ കുറിച്ചിട്ടു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞ് അനുജത്തിയ്ക്ക് കുറുക്കുണ്ടാക്കാനായി കൂവരക് വാങ്ങിയപ്പോൾ അതിൽ നിന്ന് കുറേയെടുത്ത് വിതയ്ക്കാനായി മാറ്റി വച്ചു. അച്ഛനും അമ്മയും കൂടി ഞങ്ങളുടെ വാടക വീട് നിൽക്കുന്ന തട്ട് മുഴുവൻ കിളച്ച് കളയൊക്കെ കളഞ്ഞ് ചാരം വാരി വിതറി മണ്ണ് പരുവപ്പെടുത്തി. കുതിർത്ത് വച്ചിരുന്ന കൂവരക് വിത്ത് മണ്ണിലെറിഞ്ഞു. ഏതാനും ദിവസം കഴിഞ്ഞ് പച്ച പുൽനാമ്പു പോലെ കൂവരക് കിളിർത്തു വരാൻ തുടങ്ങി. കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ വീട് നിൽക്കുന്ന തട്ടിൽ വിശാലമായ മുറ്റം കഴിഞ്ഞുള്ള ഭാഗം മുഴുവൻ നല്ല പച്ചപ്പായി. തെങ്ങുകൾക്കിടയിൽ പച്ചപ്പട്ടു വിരിച്ച പോലെ . അങ്ങനെയിരിക്കെ വസ്തുവിന്റെ ഉടമ കുഞ്ഞിക്കണ്ണൻ വൈദ്യൻ തേങ്ങായിടീക്കാനായി ആളെയും കൂട്ടി വന്നു. ഞങ്ങൾ താമസിച്ചിരുന്ന വീടിനടുത്തെത്തിയപ്പോൾ കൂവരക് തൈകളെയെല്ലാം ഒന്ന് നോക്കി. പിന്നെ പുഞ്ചിരിച്ചു. തേങ്ങയിടീപ്പിച്ച ശേഷം പതിവ് പോലെ ഞങ്ങൾക്ക് അടുത്ത ഒഴിവെട്ടുന്നതു വരെ ഉപയോഗിക്കാനുള്ള തേങ്ങയെണ്ണി മുറ്റത്തിട്ടു. അച്ഛൻ അതിന്റെ വില വൈദ്യരെ ഏൽപ്പിച്ചു. പിന്നെ അടുപ്പിൽ തീയെരിക്കാനുള്ള ഓല, മടൽ , ചൂട്ട് ,കൊതുമ്പ് , ക് ലാഞ്ഞിൽ മുതലായവ സൗജന്യമായി നൽകി. ആ പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ആറ് വീട്ടുകാർക്കും ആവശ്യമുള്ള തേങ്ങയും ഓലയും മറ്റും കൊടുത്ത ശേഷം മിച്ചമുള്ളവ മാത്രമേ വൈദ്യർ കൊണ്ടുപോയിരുന്നുള്ളൂ.

മൂന്നാലു മാസം കടന്നുപോയിക്കാണും. ഞങ്ങളുടെ കൂവരകിൽ നിറയെ കായ്കൾ വന്ന് കാറ്റത്ത് ആടി ഉലയാൻ തുടങ്ങി. ഞാനവയെ നന്നായി നിരീക്ഷിച്ചു. അമ്മ പറഞ്ഞതുപോലെ ഭൂരിഭാഗവും കുലകളായി പിടിച്ചവ . അതിനിടയിൽ ഒറ്റപ്പെട്ട നാമ്പുള്ളവയും ഉണ്ട്. കൂവര് വിളഞ്ഞ് കൊയ്യാറായപ്പോൾ അച്ഛനും അമ്മയും കൂടി എല്ലാം അറുത്തെടുത്തു. കറ്റ മുഴുവൻ തെങ്ങിന് പുതയായിട്ടു. കൂവരക് കുലകൾ ഉണങ്ങാനായി മുറ്റത്ത് വിരിച്ച പായകളിൽ ഇട്ടു. അന്ന് ആ വീട്ടിൽ നെല്ലുണക്കാനായി ഉപയോഗിക്കുന്ന ഈറ്റ കൊണ്ടു വരിഞ്ഞ പനമ്പില്ലായിരുന്നു. നാലഞ്ച് ദിവസത്തെ ഉണക്ക് കഴിഞ്ഞപ്പോൾ കൂവരക് മണികൾ ചുവന്ന നിറത്തിൽ വേർപെട്ടു വരാൻ തുടങ്ങി. അമ്മ അവയെ മുറത്തിലിട്ട് കൈ കൊണ്ട് ഞെരടിയ ശേഷം പാറ്റി അമ്പും ചിമ്പും വേർതിരിച്ചു. പ്രത്യേക താളത്തിൽ (അരിം അരിം… അരിo….) ശബ്ദമുണ്ടാക്കി കൂവരക് വേർതിരിഞ്ഞ് മുറത്തിന്റെ ഒരറ്റത്തെത്തി. മങ്കും മറ്റും അമ്മ മുറത്തിന്റെ കോണോട് കോണ് വരത്തക്ക രീതിയിൽ ധാന്യമണികളെ ചലിപ്പിച്ച് അമ്മയുടെ ദേഹത്തിന് സമാന്തരമായി വരുന്ന മുറത്തിന്റെ വക്കിന്റെ വലതു കോണിൽ താളത്തിലുള്ള ചലനത്തിനിടയിൽ ചൂണ്ടുവിരൽ കൊണ്ട് തട്ടി പതിരെല്ലാം പുറന്തള്ളി ചെറു മണികൾ വേർതിരിച്ചെടുത്തു.

ഈ ചെറു ധാന്യത്തെ ഞാൻ അന്നും ഇന്നും ഇഷ്ടപ്പെടുന്നു. ധാരാളം പോഷക ഗുണങ്ങളും നാരും ഉള്ള ധാന്യമാണിത്. കാത്സ്യവും ധാരാളമുണ്ട്. അൻപത് വർഷത്തിലധികം സൂഷിപ്പുകാലമുള്ള ഈ ധാന്യം അരിയും ഗോതമ്പും പോലെ ഉറുമ്പും ഉളുമ്പും കയറി പൊടിഞ്ഞു പോവുകയില്ല. പഞ്ഞപ്പുല്ല് എന്ന് വിളിച്ച് സാധാരണ മനുഷ്യൻ നിസ്സാരമായിത്തള്ളുന്ന ഈ ധാന്യം നന്നായി ഉണക്കി സൂക്ഷിച്ചും ശേഖരിച്ചും വച്ചാൽ ഏതു വെള്ളപ്പൊക്കത്തിലും വരൾച്ചയിലും വറുതിയിലും പഞ്ഞമില്ലാതെ കടന്നുകൂടാൻ ഈ ചെറു ധാന്യം നമ്മെ സഹായിക്കും. കൂട്ടത്തിൽ ഭക്ഷ്യ വസ്തുക്കളുടെ സൂക്ഷിപ്പുകാലത്തെ കുറിച്ച് എന്റെ അനുഭവം/ അറിവ് കൂടി പങ്കു വയ്ക്കട്ടെ. കുരുമുളക് 25 വർഷത്തിലധികം കേടാകാതെയിരിക്കും. കൂവക്കിഴങ്ങ് പൊടി പത്ത് വർഷത്തിലധികം സൂക്ഷിക്കാം. മഞ്ഞൾ പ്പൊടി 5 വർഷത്തിലധികം കേടു കൂടാതെയിരിക്കും. പിണം പുളി പത്ത് വർഷത്തിലധികം യാതൊരും കേടും കൂടാതെയിരിക്കും. എന്റെ ഒരു സുഹൃത്ത് അവരുടെ വീട്ടിൽ വിളവെടുക്കുന്ന പിണം പുളി ഉണക്കി ആവശ്യം കഴിഞ്ഞുള്ളവ നല്ല ഭരണിയിലടച്ച് സംഭരിച്ച വർഷം എഴുതി സൂക്ഷിക്കുന്ന സ്വഭാവമുള്ളയാളാണ്.

ഒരു ദിവസം അച്ഛൻ വീട്ടിലെത്തിയപ്പോൾ രണ്ട് റോബസ്റ്റ വാഴക്കന്നുകൾ കൊണ്ടുവന്നു. വാടക വീടിന് പുറകിൽ വലിയ കുഴിയെടുത്താണ് അവയെ നട്ടത്. അച്ഛൻ പിന്നീട് കുളിമുറിയിൽ നിന്നും പുറത്തോട്ടൊഴുകി പോകുന്ന പാഴ്ജലം ചാലു വച്ച് വാഴകളുടെ മൂട്ടിലെത്തിച്ചു. അമ്മ വിറകടുപ്പിൽ നിന്നും അറക്കപ്പൊടി ഉപയോഗിക്കുന്ന അടുപ്പിൽ നിന്നും വാരുന്ന ചാരം കൃഷി തുടങ്ങിയതോടെ കൃഷിയ്ക്ക് ഉപയോഗിക്കാൻ തുടങ്ങി. അതിന് മുമ്പ് വീടുതോറും നടന്നു ചാരം വാങ്ങുന്നയാൾ വീട്ടിൽ വരുമ്പോൾ അമ്മ അയാൾക്ക് വിൽക്കുക വഴി അല്ലറ ചില്ലറ വരുമാനം ഉണ്ടാക്കിയിരുന്നു. വിളകൾക്ക് കളകൾ പറിച്ച് പുതയിട്ട ശേഷം ചാരം കലക്കി ഒഴിക്കുകയായിരുന്നു അച്ഛന്റെ പതിവ്. ചാരം ആൽക്കലിയാണ് അത് വെള്ളത്തിൽ കലക്കിയാൽ ചൂട് പോകും അപ്പോൾ ചെടികൾ പട്ടു പോകാതെ തഴച്ച് വളർന്ന് നല്ല കായ്ഫലം തരുമെന്നാണ് അച്ഛന്റെ അഭിപ്രായം. എന്റെ പിൽക്കാല അനുഭവങ്ങളിലും അതായിരുന്നു ശരി. കായ്ക്കാതെ നിൽക്കുന്ന പല ചെടികളും ചാരം കലക്കി ഒഴിക്കുന്നതിലൂടെ നല്ല കായ്ഫലം തന്നു. പയറിന് ഇതുപോലെ ചാരം ഉപയോഗിക്കുന്നതു വഴി മുഞ്ഞ ശല്യം തീരെയില്ലാതെയും കിട്ടിയിട്ടുണ്ട്. അങ്ങനെ നല്ല പരിചരണം ലഭിച്ചപ്പോൾ ഞങ്ങളുടെ രണ്ട് റോബസ്റ്റകളിലൊന്ന് ആദ്യം കുലച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അടുത്ത റോബസ്റ്റയിലും കുല വന്നു. രണ്ടിനും പൊക്കം കുറവായിരുന്നു. അടുത്ത കൗതുകം പടലകൾ വിരിഞ്ഞ് വിരിഞ്ഞ് വന്നപ്പോഴാണ്. അച്ഛൻ ശീമക്കൊന്നയുടെ വലിയ കമ്പുകൾ വെട്ടി ഇംഗീഷിലെ എക്സ് ആകൃതിയിൽ കെട്ടി വാഴക്കുലകൾക്ക് താങ്ങ് കൊടുത്തു. വീണ്ടും ദിവസങ്ങൾ കടന്നുപോയപ്പോൾ വാഴക്കുല തറയിൽ മുട്ടുന്ന തരത്തിൽ പടലകൾ വിരിഞ്ഞ് വരികയാണ്. അച്ഛൻ രണ്ടു വാഴ കുലകൾക്കും വിരിഞ്ഞിറങ്ങാൻ പാകത്തിൽ വലിയ കുഴികൾ എടുത്തു കൊടുത്തു. അങ്ങനെ കുഴികളിലേയ്ക്കിറങ്ങി വളർന്ന വാഴകുലകളിൽ ഇനിയും പടലകൾ വരില്ലെന്ന് ഉറപ്പാക്കിയ ശേഷം അച്ഛനും അമ്മയും കൂടി വാഴകൂമ്പുകൾ ഒടിച്ചെടുത്തു ഉരുളക്കിഴങ്ങ് ചേർത്ത് കട് ലറ്റ് ഉണ്ടാക്കി ഞങ്ങൾക്ക് തന്നു. മൂന്നാല് മാസം കഴിഞ്ഞപ്പോൾ വാഴക്കുലകൾ വെട്ടിയെടുത്തു. ഞങ്ങളും അയൽ പക്കക്കാരും കൂടി തിന്നു തീർത്തു. വാഴയുടെ പിണ്ടിയും ഞങ്ങൾ തോരൻ വച്ചു. അങ്ങനെ മണ്ണിൽ വിത്തെറിഞ്ഞ അച്ഛനമ്മമാർ ഞങ്ങളുടെ മനസ്സിൽ കൂടിയാണ് കൃഷിയുടെ വിത്തെറിഞ്ഞത്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

അഖിൽ മുരളി

ദൈവപുത്രനായവതരിച്ചോരു
ദേവ, നിൻതിരുമുമ്പിൽ
വണങ്ങി ഞാൻ വരച്ചീടുന്നൊരു
കുരിശ്ശെൻ ഹൃത്തിലായ്.
മനുഷ്യജന്മങ്ങൾക്കു നേർവഴി-
യേകുവാൻ കുരിശ്ശിൽ തൻ
ജീവിതം ഹോമിച്ചയീശോ,
സ്നേഹസിംഹാസനമേകിടാം
നിനക്കായ്‌.

യീശാ നീ വഹിച്ചൊരു കുരിശ്ശു
നിന്നുടെ പാപത്തിൻ ഫലമോ?
ഇന്നുഞാനറിയുന്ന, തെന്നുടെ പാപ
ത്തിൻ അടയാളമല്ലോ.

സഹനമാർഗ്ഗത്തിലൂടെയരുളി നീ
നിത്യനിർമല ജീവിത കവാടത്തി-
ലേക്കൊരുനറു വെളിച്ചവും , ജന്മ
മഹത്വത്തിൻ പൊരുളിനാൽ
മാതൃകയേകിയ നിന്നോർമകൾ
കാൽവരിമലയിൽ സ്മരണയായു-
ർന്നിടും.

കാൽവരിക്കുരിശ്ശിൽപ്പിടഞ്ഞൊ-
രെൻ ദേവ, ഇന്നീ നൂറ്റാണ്ടിൽ
നിൻ മക്കൾ തേങ്ങുന്നു
മഹാവ്യാധിയാൽ.

ദുഃഖവെള്ളി, നിന്മേനി നോവേറ്റ
നൊമ്പരവേളക, ളിന്നറിയുന്നു
മഹാവ്യാധിയാൽ മാലോകരെന്നുമേ.

നാഥാ, മനുഷ്യനാൽ ശിക്ഷയേറ്റു
നീ കാൽവരിയിൽ,
കൈകൂപ്പിക്കേഴുന്നു ദേവ, ഞങ്ങളാൽ
ഞങ്ങൾ പീഢിതരാകുമീ
മരണഭയത്താൽ.

പെസഹാ വ്യാഴസ്മരണിയിൽ
ഭുജിക്കുന്നൊരപ്പവും,
കുരിശ്ശിൽ തറച്ചനിന്മേനിയു-
മിന്നൊരോർമ്മയായ് മാറവേ,
മഹാവ്യാധിയേറ്റു ഞാൻ കേഴവേ
ഉയർത്തെഴുന്നേറ്റുദിച്ചുയർന്നു നീ
മഹാമാരിയേയകറ്റിയരുളണേ
മഹാപ്രഭോ നിൻ ചൈതന്യമെന്നുമേ.

അഖിൽ മുരളി

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.

തിരുവല്ലാ മാക്‌ഫാസ്റ്റ് കോളേജിൽ നിന്നും എംസിഎ ബിരുദം പൂർത്തിയാക്കി അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

ചിത്രീകരണം : അനുജ കെ

 

കാരൂർ സോമൻ

സഞ്ചാരം വിനോദമാക്കിയ ലണ്ടനിലെ ഹോട്ടലുടമ സൈമണ്‍ കേരളത്തില്‍ പോകുന്നത് ജന്മനാടിന്റ കദനകഥകള്‍ കാണാനോ കേള്‍ക്കാനോ അല്ല. പ്രകൃതിയുടെ ചാരുതയാര്‍ന്ന സൗന്ദര്യം ആസ്വദിക്കാനാണ്. ജനിച്ചും ജീവിച്ചും കണ്ടുമടുത്ത സൗന്ദര്യം.

വീട്ടില്‍ ചെല്ലുമ്പോഴൊക്കെ ചാരുകസേരയില്‍ കിടന്നു വീട്ടിലെത്തിയ മാസികകളും കത്തുകളും വായിച്ചു മറുപടി നല്‍കുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാറുണ്ട്.

കത്തുകള്‍ക്കിടയില്‍ അതിമനോഹരമായ ഒരു നോട്ടീസ്. അച്ചടി ഭംഗിയുടെ കമനീയ ബോര്‍ഡറിനുള്ളില്‍ നറുപുഞ്ചിരി മുഖവുമായി ഒരു താരുണ്യം. അത്യധികം സൗന്ദര്യത്തുടിപ്പുള്ള ഒരു യുവ സുന്ദരി. ഒരു ലാവണ്യത്തിടമ്പ്.

അവളുടെ മുഖകാന്തിയില്‍ ലയിച്ചിരുന്നു പോയി.

മനുഷ്യ മനസ്സുകളുടെ പ്രണയപ്രകടനങ്ങള്‍ നടക്കുന്ന താവളങ്ങള്‍ കണ്ടെത്താനാകില്ല. കാക്കയ്ക്ക് ഇരുട്ടില്‍ കണ്ണ് കാണില്ലായെന്ന് പറയുംപോലെ.

നെയ്‌തെടുത്ത പട്ടുപോലെ കിടക്കുന്ന മൂന്നാര്‍ തേയിലത്തോട്ടങ്ങളിലേക്കും ഗിരിനിരകളിലേക്കും മനസ്സും ശരീരവും അലിഞ്ഞില്ലാതായി.

തനിക്കൊപ്പം മൂന്നാറില്‍ വിടര്‍ന്നു വികസിച്ചു നിന്നു ബിന്‍സി. നോട്ടീസിലെ ലാവണ്യം. സ്വന്തം ജന്മനാട്ടില്‍ സുഗന്ധദ്രവ്യങ്ങളുടെ ഒരു മികച്ച കടയും ഒപ്പം ആധുനിക സൗകര്യങ്ങളോടെ ഒരു ബ്യൂട്ടിപാര്‍ലറും തുടങ്ങിയിരിക്കുന്നു.

കാലം കഥ പറഞ്ഞെഴുന്നേറ്റപ്പോള്‍ അവള്‍ ഉഴുതുമറിച്ച ആ മണ്ണില്‍ തന്നെ ആ വിത്തുകള്‍ വളരെ വേഗം വളര്‍ന്നു വലുതായി പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഇപ്പോള്‍ ഫലമെടുപ്പിന്റെ കാലമാണ്.

ഒരു അവധിക്കാലം ചെലവാക്കാന്‍ എത്തിയപ്പോള്‍ അയല്‍ക്കാരി ബിന്‍സിയും ഭര്‍ത്താവ് ബാബുവും അവരുടെ വീട്ടിലെ ഒരുച്ചയൂണിന് തന്നെ ക്ഷണിച്ചിരിക്കുന്നു. അതും പ്രത്യേക ക്ഷണിതാവായി. മാത്രവുമല്ല അവരുടെ പള്ളിയിലെ ആരാധനയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥനയും.

തന്റെ വീട്ടുകാര്‍ റോമിലെ പോപ്പിന്റെ അനുയായികളെന്ന് അവര്‍ക്കറിയാം. താനൊരുത്തന്‍ മാത്രമാണ് വഴിതെറ്റി യേശുവിനെപ്പോലെ പുഴയില്‍ മുങ്ങി സ്‌നാനപ്പെട്ടത്. യേശുവിനെ മുക്കികൊല്ലുന്നവരുടെ കൂട്ടത്തില്‍ പുഴയില്‍ മുങ്ങി ചാകാതെ രക്ഷപ്പെട്ടവന്‍. പരമ്പരാഗതമായി ക്രിസ്തുവില്‍ പൂര്‍ണ്ണത നേടിയ കുടുംബത്തെ ആശ്ചര്യപ്പെടുത്തിയ ആ സംഭവം നാട്ടില്‍ പാട്ടായി. പുഴയില്‍ മുങ്ങി താന്‍ ഇല്ലാതാവുന്നതായിരുന്നു ഉപയുക്തമെന്നവര്‍ ആശിച്ചു. വിശ്വാസങ്ങളെ നിശ്ശബ്ദമായും അന്ധമായും താലോലിച്ചു ജീവിക്കുന്ന മാതാപിതാക്കളോടേ സൈമണ്‍ പറഞ്ഞു.

“” മനുഷ്യരെല്ലാം വിശ്വാസങ്ങളെ ശീലങ്ങളാക്കി കൊണ്ടു നടക്കുന്നവരാണ്. ചെറുപ്പത്തില്‍ ഈ വിശ്വാസശീലങ്ങള്‍ ഞാനും പഠിച്ചതാണ്. ഞാനിന്നൊരു കുഞ്ഞല്ല. നിങ്ങളുടെ വിശ്വാസങ്ങളില്‍ എന്നെ തളച്ചിടരുത്. എന്റേതായ വിശ്വാസങ്ങളില്‍, എന്റേതായ പാതകളില്‍, ഞാന്‍ പൊയ്‌ക്കൊള്ളട്ടെ.”
അന്നത്തെ ഞായറാഴ്ച പള്ളി ആരാധന ശ്രേഷ്ഠമായിരുന്നു.
നിര്‍മ്മലമായ വെള്ളവസ്ത്രത്തില്‍ ബിന്‍സി ജ്വലിച്ചു നിന്നു. വിശുദ്ധിയുടെ അങ്കവസത്രം ധരിച്ചു ദേവാലയവും.
പുറംലോകം ജീര്‍ണ്ണതയുടേയും അധര്‍മ്മത്തിന്റേയും മൂല്യച്യൂതിയുടേയും ആള്‍രൂപങ്ങളായി കോലാട്ടങ്ങള്‍ നടത്തിയെങ്കിലും ദേവാലയം വിശുദ്ധമായി നിന്നു.
കരഘോഷത്തോടെയുള്ള ഹല്ലേലുയ്യാ ധ്വനിയില്‍ ബിന്‍സിയുടെ സ്വരം വേറിട്ടുനിന്നു. മറുഭാഷ ഘോഷങ്ങളും അവിടെമാകെ തളം കെട്ടിനിന്നു. ചിലരുടെ ശരീരങ്ങള്‍ വിറകൊള്ളുന്നുണ്ട്. ചില പെണ്‍ശരീരങ്ങളില്‍ സ്വര്‍ണ്ണം തിളങ്ങി തുള്ളിയാടുമ്പോള്‍ ചില ശരീരങ്ങള്‍ സ്വര്‍ണ്ണത്തേക്കാള്‍ തിളങ്ങി തുള്ളിയാടലുകള്‍ മാത്രമായി നിന്നു.
സ്വര്‍ഗ്ഗീയ മന്ന വിതറുന്ന, മധുരിമ തുളുമ്പുന്ന, ഇമ്പമാര്‍ന്ന പാട്ടുകള്‍. കുഞ്ഞാടുകളുടെ ചുണ്ടുകളും കൈവിരലുകളും ചലിച്ചുകൊണ്ടിരുന്നു.
മറുഭാഷയുടെ ധ്വനികള്‍ മേല്‍ സ്ഥായിയിലും കീഴ്സ്ഥായിലും അന്തരീക്ഷം ഏറ്റു ചൊല്ലുന്നു. മറുഭാഷയുടെ അക്ഷര വിന്യാസങ്ങളില്‍ യേശുദേവന്‍ പ്രത്യക്ഷനായതുപോലെ തോന്നിച്ചു.
ബൈബിളില്‍ മറുഭാഷയെപ്പറ്റി പറയുന്നുണ്ട്. കേള്‍ക്കുന്നവര്‍ക്കും കൂടി മനസ്സിലാവേണ്ടതാണ് ഭാഷ. മറ്റുള്ളവര്‍ക്ക് മനസ്സിലാവാത്താ ഭാഷ എങ്ങിനെ സ്വര്‍ഗ്ഗീയ ഭാഷയാവും.
ആരാധന കഴിഞ്ഞു. വെയില്‍ മങ്ങി നിന്നു.
പള്ളി മുറ്റത്തിറങ്ങി നിന്ന സൈമണ്‍ അവിടുള്ളവരോടെല്ലാം കുശലം പറഞ്ഞു നിന്നു.
സൈമന്റെ ആഡംബര കാറില്‍ ബിന്‍സിയും ഭര്‍ത്താവ് ബാബുവും വീട്ടിലെത്തി.
സ്വാദിഷ്ടമായ ഭക്ഷണം ബിന്‍സി വിളമ്പി. നാവിലെ രുചിയോടൊപ്പം മിഴികളിലെ സ്വാദുമായി ബിന്‍സിയേയും ആസ്വദിച്ചു. വിളമ്പ് മേശയില്‍ താനും ബാബുവും മാത്രം. ബിന്‍സി ഇരുന്നില്ല.
പെട്ടെന്നൊരു ഫോണ്‍ കോള്‍ ബാബുവിന്. അയാള്‍ എഴുന്നേറ്റ് കൈകഴുകി മൊബൈലില്‍ സംസാരിച്ചു കൊണ്ടിരുന്നു. ഫോണ്‍ നിര്‍ത്തി വന്നു ബാബു പറഞ്ഞു.
“”സോറി സൈമണ്‍ സാര്‍ അത്യാവശ്യമായി എനിക്ക് പുറത്ത് പോകണം. സാറ് നന്നായി ഭക്ഷണം കഴിക്കണം. ബിന്‍സി! സാറിനെ മുഷിപ്പിക്കല്ലെ. ”
ബാബു ഡ്രസ്സ് മാറി ബൈക്കില്‍ പുറപ്പെട്ടു പോയി.
“” സാറിനെ മുഷിപ്പിക്കല്ലെ ”
ബാബുവിന്റെ വാക്കുകള്‍ സൈമണില്‍ തറച്ചു നിന്നു. സ്വന്തം ഭാര്യയെ തനിക്കായി നല്‍കി അയാള്‍ ഒതുങ്ങിയെന്നര്‍ത്ഥം.
ബിന്‍സി അരികെ വന്നു നിന്നു. പെണ്‍ ശരീരഗന്ധം സൈമണെ മത്ത് പിടിപ്പിച്ചു. മേശപ്പുറത്തെ രുചിക്കൂട്ടുകള്‍ മറന്നുപൊയി.
അവളുടെ ഉള്ളിന്റെയുള്ളിലെ വികാരവിവശതയുടെ മാദക നീരൊഴുക്ക് ആ കണക്കണ്‍ നോട്ടങ്ങളിലൂടെ സൈമണ്‍ വായിച്ചറിഞ്ഞു.
ഒരു സമ്പന്നന്‍ മുന്നിലുള്ളപ്പോള്‍ താനെന്തിന് ബുദ്ധിമുട്ടി ജീവിക്കണം. തന്നെയുമല്ല സ്വന്തം ഭര്‍ത്താവിന്റെ മൗനസമ്മതവും കിട്ടിയതല്ലേ. ആരോഗ്യമുള്ള പുരുഷശരീരം മുന്നിരിക്കുന്നു. തന്റെ യൗവ്വനത്തിന് സുഭിഷമായ അനുഭൂതി നല്‍കാന്‍ കെല്‍പ്പുള്ള ആള്‍. കത്തിപ്പടരാനിരിക്കുന്ന തന്റെ മാദകതൃപ്തിക്ക് അതീവ യോഗ്യന്‍. ആരോഗ്യ ദൃഡഗാത്രന്‍.
ബെന്‍സി പോയി വാതില്‍ കുറ്റിയിട്ടുവന്നു. സൈമണ്‍ കൈകഴുകിയും വന്നു.
തീന്‍ മേശ മറന്നു. കിടപ്പ് മുറിയിലെ കട്ടില്‍ കിലുകിലാരവം തുടര്‍ന്നു.
പഞ്ഞിക്കെട്ടിനെ തീയെന്നപോലെ സ്വന്തം ശരീരത്തെ എരിച്ചുകൊണ്ട് ബിന്‍സി സൈമണിലേക്ക് പടര്‍ന്നു കയറി.
സൈമന്റെ ആഡംബര കാര്‍ ആ വീട്ടുമുറ്റത്ത് കാത്ത് കിടന്നു. നേരം വൈകിയെത്തിയ ബാബുവിന്റെ ബൈക്കും ആനാഥനായി കിടന്നു. പാവം ബാബു വരാന്തയിലും.
അടുത്ത ദിവസം പുലര്‍ച്ചെ നാല് മണിക്ക് ഒരു യാത്ര മൂന്നാറിലേക്ക്. സൈമണും ബിന്‍സിയും ആഡംബര കാറും മാത്രം.
വരാന്തയിലുറങ്ങിയ ബാബുവിനെ വിളിച്ചുണര്‍ത്തി കിടപ്പ് മുറിയിലെ ഉലഞ്ഞ ബെഡില്‍ കിടത്താന്‍ ബിന്‍സി മറന്നില്ല. കരുണാമയായ ഭാര്യ.
“” ഇത്ര പുലര്‍ച്ചെ ഇറങ്ങുമ്പോള്‍ ബാബുവിനെന്തെങ്കിലും തോന്നില്ല” സൈമണ്‍ ചോദിച്ചു പോയി.
“”ഹേയ് ! അങ്ങനൊന്നുമില്ല. പതിവുള്ളതല്ലെ ” ബിന്‍സി പല്ല് കടിച്ചു.
ഇളിഭ്യം മറച്ചു പുഞ്ചിരി പ്രഭയോടെ ബിന്‍സി പറഞ്ഞു.
“” ടൗണില്‍ എപ്പോഴും വാഹനമുണ്ട്. ഞാനൊറ്റയ്ക്കാണ് വരാറ്. എറണാകുളത്തേക്ക് പോകുന്നത് ബ്യൂട്ടിപാര്‍ലര്‍ ക്ലാസ്സിലേക്കാണ്. മോഡലുകള്‍ക്കും സിനിമാ നടിമാര്‍ക്കും ഇല്ലാത്ത സൗന്ദര്യം പോലും വര്‍ദ്ധിപ്പിച്ചുകൊടുക്കുന്ന പ്രഗല്‍ഭരായ സ്ത്രീകളുള്ള ക്ലാസ്സുകള്‍. ഈ വക കാര്യങ്ങളില്‍ ബാബു എനിക്ക് പൂര്‍ണ്ണ സ്വാതന്ത്യം തന്നിട്ടുണ്ട്. ഒതുങ്ങി നില്‍ക്കുന്ന നിത്യപ്രകൃതം. ഒളിച്ചു നോക്കാത്ത ശീലം.”

ആയിരം ആര്‍ത്ഥങ്ങളുള്ള ഒറ്റ പൊട്ടിച്ചിരി സൈമണില്‍ നിന്നും അടര്‍ന്നുവീണു.
“”ങ്ഹും ! എന്താ ഒരു പരിഹാസച്ചിരി. ”

ബിന്‍സിയെന്ന മാദകത്തിടമ്പിന്റെ കാമോദ്ധാരണ കണ്‍തിരനോട്ടം. കാറോടിക്കുന്ന സൈമണ് കാമതിരയിളക്കം.
ബിന്‍സി തുടര്‍ന്നു.
“” ഇതുപോലുള്ള യാത്രകളില്‍ വൈകിയെത്തുമ്പോള്‍ ഞാന്‍ ബാബുവിനോട് പറയാറുള്ളത് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തുവെന്നും ഒന്നാം സമ്മാനം കിട്ടിയെന്നുമാണ്. കനത്ത സമ്മാനത്തുകയുടെ കവര്‍ കൈപ്പറ്റുമ്പോള്‍ ബാബുവിന്റെ മുഖത്തും സൗന്ദര്യം ഉണ്ടാകും.”

“” ങ്ഹാഹാഹാ…. ഇന്നും സൗന്ദര്യ മത്സരത്തില്‍ ഒന്നാം സമ്മാനം തന്നെയാണല്ലേ…”
സൈമണ്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കാറോടിക്കുന്ന അയാളെ കെട്ടിപ്പിടിച്ചു ചുംബിക്കാന്‍ ബിന്‍സി മറന്നില്ല.
ഹായ് ! എന്തൊരു മാദക ഗന്ധം. വിജനമായ ആ മലയിടുക്കുകളിലൂടെയുള്ള യാത്ര സൈമണ് ഹരം പകര്‍ന്നു. അയാള്‍ അവളെ കെട്ടിപ്പിടിച്ചു. ഹോ! എത്രയും വേഗം റിസോര്‍ട്ടില്‍ എത്തിയാല്‍ മതിയായിരുന്നു. അവളുടെ പുഞ്ചിരിയിലും പരിമളം പുറപ്പെടുന്നു. കണ്ണുകളില്‍ നക്ഷത്രത്തിളക്കം.
റിസോര്‍ട്ടെത്തി.
ബിന്‍സി എന്തിനും തയ്യാറായമട്ടില്‍ അണിഞ്ഞൊരുങ്ങി വന്നു. സൗന്ദര്യത്തിന്റെ സഞ്ചാരപഥങ്ങളില്‍ സൈമണും ബിന്‍സിയും തളരാത്ത ഓട്ടക്കുതിരകളായി.
സ്വന്തം ഭര്‍ത്താവിനെ വഞ്ചിക്കുന്നവളുടെ മുഖത്തെ മന്ദഹാസങ്ങള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി തോന്നി.
സൗന്ദര്യത്തിനു പൊന്നിന്റെ വിലയോ!
റിസോര്‍ട്ടിലെ അന്നത്തെ രാത്രി ഉറക്കം അകന്നു മാറി നിന്ന രാത്രി. മാദകചിന്തകളുടെ ഉന്മാദരാത്രി. ഭോഗ ഈണങ്ങളാല്‍ താളസ്വരലയം തീര്‍ത്ത രാത്രി.
ആ രാത്രി അലിഞ്ഞലിഞ്ഞില്ലാതായി. ഉപകാരസ്മരണയിലെ കനത്ത കവറുമായി ബിന്‍സി യാത്രയില്‍ ഇടയ്ക്ക് വെച്ചിറങ്ങി.
ആഡംബര കാര്‍ സൈമണെ മാത്രം ചുമന്നുകൊണ്ട് കിഴക്ക് ദിക്കിനെ ലക്ഷ്യമാക്കി പാഞ്ഞു. പെട്ടന്ന് അയാളുടെ മനസ്സിലേക്ക് മറ്റൊരു പറവ ചിറകടിച്ചു വന്നു. വിശുദ്ധ പറവ
ലണ്ടനിലെ സൂസന്‍ബൈജു. അവിടത്തെ പള്ളിയിലും ബിന്‍സിയെ പോലെ ഹല്ലേലുയ്യായും മറുഭാഷയും ചൊല്ലി കരഘോഷം മുഴക്കി ആത്മാവിലേക്ക് ചിറക് വിടര്‍ത്തി പറക്കുന്നവള്‍.
അവള്‍ സൈമണെ സമീപിച്ചത് നല്ലൊരു വീട് വാങ്ങാന്‍ കുറെ തുക വേണം. അത് ബിന്‍സിക്കു കൊടുത്തതുപോലെ സമ്മാനമായല്ല. കടമായിട്ടാണ്.
കടം തിരിച്ചെത്താത്തപ്പോള്‍ പാരിതോഷികമായി തന്നെ കണക്കാക്കണമല്ലോ.
സൂസന്‍ തന്റെ വീട്ടിലേക്ക് കടന്നുവരുന്നത് ഭാര്യയില്ലാത്ത സമയം നോക്കി മാത്രം.
ബിന്‍സി റിസോര്‍ട്ടില്‍ മുന്തിരി വള്ളിയായി തന്നിലേക്ക് പടര്‍ന്നുകയറിയപ്പോള്‍ സൂസന്‍ തന്റെ സ്വന്തം ബംഗ്ലാവിലെ ആഡംബര മുറിക്കുള്ളില്‍ എന്ന് മാത്രം. അലങ്കാരമുറികള്‍ പലതുണ്ടെങ്കിലും തന്റെ കിടപ്പ് മുറിയില്‍ അവള്‍ക്കനുവാദമില്ല. അവള്‍ക്കെന്നല്ല. ആര്‍ക്കും.
സൂസന്റെ പകലുറക്കം പലപ്പോഴും തന്നോടൊപ്പം. വികാരങ്ങളുടെ വേലിയിറക്കം തീരുമ്പോള്‍ കടം എന്ന പാരിതോഷികവുമായി സൂസന്‍ കടന്നു പോകും. അവളുടെ ശരീരത്തിന്റെ മാദകഗന്ധം ആ നാല് ചുമരുകള്‍ക്കുള്ളില്‍ നഗ്നമായി തന്നെ കിടക്കും.
സൂസനിന്ന് ലണ്ടനില്‍ പല വീടുകളുടേയും ഉടമയാണ്. ഇപ്പോള്‍ വാങ്ങിയ വലിയ വീട്ടിലേക്ക് സമ്പന്നരുടെ കാലടിപ്പാടുകള്‍ പതിഞ്ഞുകൊണ്ടിരിക്കുന്നു.
ഇത് പോലൊരു ഭവനം മറ്റാര്‍ക്കുമില്ലെന്ന് ചില മലയാളി സദസ്സുകള്‍ ആഘോഷിച്ചപ്പോള്‍ മറ്റുള്ളവരുടെ ഉയര്‍ച്ചകളില്‍ അസൂയയുള്ളവര്‍ എന്ന അടിക്കുറിപ്പ് മാത്രം സൂസന്‍ നല്‍കി.

സൈമന്റെ തത്സമയ ചിന്തകളില്‍ രണ്ട് സ്ത്രീകള്‍ മാത്രം. ബിന്‍സിയും സൂസനും.
മണിമന്ദിരങ്ങളിലും സമ്പത്തിലും പറന്നു നടക്കുന്ന പറവകള്‍. വിശുദ്ധ പറവകള്‍.
പറവകള്‍ വിതയ്ക്കുന്നില്ല. കൊയ്യുന്നില്ല. എന്നാല്‍ പോലും അവ പരിരക്ഷിക്കപ്പെടുന്നു. സമ്പത്തും മുത്തും പവിഴവും സൗന്ദര്യവും സൗരഭ്യവും ഖനനം ചെയ്യുന്ന ഒളിത്താവളങ്ങളില്‍ അവര്‍ വസിക്കുന്നു. നരക വാതിലുകളില്‍ സുഗന്ധത്തിരികള്‍ കത്തിച്ചു വച്ചത് പോലെ.

നോട്ടീസിലേക്ക് കണ്ണും നട്ടിരുന്ന സൈമണ്‍ നിദ്രയിലേക്ക് വഴുതിവീണു. മുറ്റത്ത് സന്ധ്യവന്നതും കാറ്റ് വിതുമ്പിപ്പോയതും പക്ഷികള്‍ ചേക്കേറിയതും അയാളറിഞ്ഞില്ല. ആ തണുത്ത നിശ്ശബ്ദതയില്‍ സൈമണ്‍ കണ്ടത് മേഘങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന അഗാധനീലിമകളും മഴത്തുള്ളികളും മരക്കാടുകളും.

പവിത്രതയുടെ ദിവ്യസന്നിധിയില്‍ വിശ്വാസികള്‍ ആദരവോടെ നിന്നു. വര്‍ണ്ണപകിട്ടാര്‍ന്ന വേഷങ്ങളില്‍ അത്യാഡംബര വാഹനങ്ങളില്‍ നിന്നുമിറങ്ങി വന്നവര്‍ പിതാക്കന്മാരായിരുന്നു. സ്വര്‍ണ്ണ ചങ്ങലകള്‍ പോലെ നെഞ്ചത്ത് കുരിശുമാലകള്‍. രാജാക്കന്മാരുടെയെന്ന് തോന്നിക്കുന്ന തനി തങ്കമല്ലാത്ത കിരീടങ്ങള്‍ ചൂടിയവര്‍.

പാട്ടും കൊട്ടും സ്തുതി ഗീതങ്ങളുമായി ജനം വിനയപൂര്‍വ്വം അലങ്കരിച്ച വേദിയിലേക്ക് പിതാക്കന്മാരെ ആനയിച്ചു.

തിരുസന്നിധിയില്‍ ആരാധന ഉച്ചസ്ഥായിലായി. വിശന്നൊട്ടിയ വയറും തളര്‍ന്ന മനസ്സും ചോരാപ്പാടുകള്‍ ഉണങ്ങി നിന്ന മുഷിഞ്ഞ അങ്കിയുമായി താടിയും മുടിയും നീട്ടിവളര്‍ത്തി അത്യന്തം അവശനായി, പ്രാകൃതനായി അയാള്‍ കടന്നു വന്നു.

അത്യാകര്‍ഷമായി ആനന്ദചുവടുകള്‍ തീര്‍ത്തു കൊട്ടും പാട്ടും സ്തുതിഗീതങ്ങളും പാടി തിമര്‍ത്തുകൊണ്ടിരിക്കുന്ന ജനം ഈ അവശനെ കണ്ടില്ല.

തിരുസന്നിധിലുണ്ടായിരുന്ന പിതാക്കന്മാരും അയാളെ തിരിച്ചറിഞ്ഞില്ല. കത്തിജ്വലിച്ചു മിന്നുന്ന മിന്നല്‍പ്പിണരുകള്‍ ഉണ്ടായില്ല. ഘോര ഘോരമായ ഇടിശബ്ദങ്ങള്‍ കേട്ടില്ല. ഭൂമി തുളയ്ക്കുന്ന കനത്ത മഴ പെയ്തില്ല.

മണ്ണിലെ വിശുദ്ധന്മാരുടെ മുന്നില്‍ സ്വര്‍ഗ്ഗത്തിലെ വിശുദ്ധന്‍ മുട്ടുകുത്തി കൈകള്‍ കൂപ്പി.
ആരും ആരും കണ്ടില്ല. ഒന്നും ഒന്നും കണ്ടില്ല.

സൈമണ്‍ മാത്രം കണ്ടു. ഈ പ്രതലത്തില്‍ ഒരിഞ്ച് മണ്ണോ ഒരു കുടിലോ ഇല്ലാത്ത, എന്നാല്‍ എല്ലാറ്റിനും ഉടമസ്ഥാവകാശമുള്ള ആള്‍.

സാക്ഷാല്‍ യോശുദേവന്‍
ദൈവം സൈമണെ നോക്കി അപേക്ഷിച്ചു.
“” എന്നെ ഇനിയും ക്രൂശിക്കരുതേ!!!”
സൈമന്റെ മനസ്സാകെ ഇളകിത്തെറിച്ചു. ഉള്‍ത്തടത്തിലെ ഭിത്തികളില്‍ ചോര പൊടിഞ്ഞു. യൗവ്വനം വലിച്ചിഴച്ചു കൊണ്ടുപോയ വഴികളെ ഓര്‍ത്ത് അയാള്‍ വിലപിച്ചു.
സൈമണ്‍ നിറകണ്ണുകളോടെ യാചിച്ചു.
“” പിതാവെ ! എന്നോട് പൊറുക്കേണമെ!!!”

ഡോ. ഐഷ വി

പുതിയ തലമുറയെ മാറ്റി നിർത്തിയാൽ ഒട്ടുമിക്കയാളുകളും അധ്യാപകരുടേയും രക്ഷിതാക്കളുടേയും വീട്ടിലെ മുതിർന്നവരുടേയും ശിക്ഷകളും ശാസനകളും ഏറ്റായിരിക്കും വളർന്നിട്ടുണ്ടാകുക. ” അടിച്ചു വളർത്താത്ത കുട്ടിയും അടച്ചു വേവിക്കാത്ത കറിയും ഒന്നിനും കൊള്ളില്ലെന്ന” പഴഞ്ചൊല്ല് തന്നെ അതിനെ ഓർമ്മിപ്പിക്കാനായി നമ്മുടെ നാട്ടിലുണ്ടല്ലോ? ഇന്ന് കുട്ടികളെ അടിച്ചു വളർത്തുന്ന പരിപാടി കുട്ടികളുടെ അവകാശ നിയമപ്രകാരം ഇല്ല. അടി ഇന്നൊരു പ്രാകൃത ശിക്ഷാ രീതിയായി കണക്കാക്കുന്നു. കുട്ടികളെ സ്നേഹിച്ചും ലാളിച്ചും ശാസിച്ചും സമ്മാനങ്ങൾ നൽകിയും പ്രോത്സാഹിപ്പിച്ചും നേർവഴിക്കു നയിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടത്. കുട്ടികളുടെ സ്വഭാവ രൂപീകരണം ഏകദേശം 8 – 10 വയസ്സിനുള്ളിൽ പൂർത്തിയാകുന്നു. ഇന്ന് പല രക്ഷിതാക്കളും ഈ കാലയളവിൽ കൂട്ടികളിൽ മൂല്യങ്ങൾ പകർന്നു നൽകാൻ ശ്രദ്ധിക്കാത്തതു കൊണ്ട് പിന്നീടത് ഹൈസ്കൂൾ – കോളേജ് അധ്യാപകർക്ക് ബുദ്ധിമുട്ടാകാറുണ്ട്. നമ്മൾ കൃഷി ചെയ്യുമ്പോൾ തറയിൽ കിടക്കുന്ന അല്ലെങ്കിൽ പന്തലിൽ നിന്ന് ഞാന്നുകിടക്കുന്ന അല്ലെങ്കിൽ താങ്ങിൽ നിന്ന് വേറിട്ടു കിടക്കുന്ന പാവലും കോവലുമൊക്കെ തക്ക സമയത്ത് താങ്ങിൽ കയറ്റിയില്ലെങ്കിൽ വള്ളിയുടെ വളർച്ച മുരടിച്ചു നല്ല കായ്ഫലമില്ലാതാകുന്നതുപോലെ മുതിർന്നവരും അധ്യാപകരും തക്ക സമയത്ത് ശ്രദ്ധിച്ച് വേണ്ട രീതിയിൽ നയിച്ച് വളർത്താത്ത കുട്ടികൾ പാഴായി പോകുന്നു. അതിന്റെ ഉത്തരവാദിത്വം മുതിർന്നവർ ഏറ്റെടുക്കാൻ ബാധ്യസ്ഥരാണ്.

ഞങ്ങളുടെ കുട്ടിക്കാലത്ത് അച്ഛനമ്മമാരിൽ നിന്ന് പല ഗുരുത്വകേടുകൾക്കും തല്ലു കൊണ്ടിട്ടുണ്ട്. അതിൽ ഏറ്റവും വല്യ ശിക്ഷയെന്ന് എനിയ്ക്ക് തോന്നിയത് ഞാൻ ഒന്നാം പാഠം കീറിയതിന് അച്ഛന്റെ തല്ലു കൊണ്ടതാണ്. ഒന്നാം പാഠത്തിലെ ആകർഷണീയമായ ചിത്രങ്ങൾ ഞാൻ വെട്ടിയെടുത്ത് അച്ഛന്റെ മേശയിൽ നിന്നും പശയെടുത്ത് പലയിടത്തായി ഒട്ടിച്ചു വച്ചു. അച്ഛൻ അത് കണ്ടുപിടിച്ചു. എന്നെ ശാസിച്ച ശേഷം പുതിയ പാഠപുസ്തകം വാങ്ങിത്തന്നു. ഞാനതിൽ നിന്ന് വീണ്ടും ചിത്രങ്ങൾ വെട്ടിയെടുത്തു. ഒരു ദിവസം അച്ഛൻ എന്നെ പഠിപ്പിക്കാനായി അടുത്തു വിളിച്ചിരുത്തി. പുസ്തകം നിവർത്തി താളുകൾ ഓരോന്നായി മറിച്ചപ്പോൾ അച്ഛന്റെ കോപം വർദ്ധിച്ചു വർദ്ധിച്ചു വന്നു. ഞങ്ങളുടെ നെല്ലി കുന്നിലെ വാടക വീടിന്റെ പരിസരത്ത് ശീമക്കൊന്ന, വട്ട , ഇലന്ത എന്നീ മരങ്ങളേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ശീമക്കൊന്നയുടെ കമ്പായിരുന്നു ഞങ്ങളെ തല്ലാനായി ഉപയോഗിച്ചിരുന്നത്. എനിയ്ക്കിത്തിരി വലിയ ശീമക്കൊന്നക്കമ്പ് അനുജന് അതിൽ ചെറിയത്. അനുജത്തിയ്ക്ക് ഈർക്കിൽ . ഇതായിരുന്നു ആദ്യ കാലത്തെ പതിവ്. അച്ഛൻ ഞങ്ങളെ ശിക്ഷിക്കുന്ന സമയത്ത് അമ്മ തടസ്സം പിടിക്കാൻ വരാറേയില്ല. ഒന്നാം പാഠം രണ്ടാമതും കീറിയത് കണ്ടുപിടിച്ച ദിവസം രാത്രിയിൽ വീട്ടിലുണ്ടായിരുന്ന ശീമക്കൊന്ന കമ്പെടുത്ത് അച്ഛൻ എന്നെ പൊതിരെ തല്ലി. പിഞ്ച് ശീമക്കൊന്നയായതിനാൽ തല്ലുമ്പോൾ കമ്പിന്റെ തുമ്പു മുതൽ താഴോട്ട് ഒടിഞ്ഞൊടിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു. എന്നിട്ടും അച്ഛന്റെ ദേഷ്യം തീർന്നില്ല. പിന്നെ രാത്രി തന്നെ പുറത്തുപോയി മറ്റൊരു ശീമകൊന്നക്കമ്പു കൂടി അച്ഛൻ വെട്ടിക്കൊണ്ടുവന്നു. അച്ഛന്റെ ദേഷ്യം തീരുന്നതു വരെ എന്നെ തല്ലി. കാലുകൾ നിറച്ച് അടി കൊണ്ട പാടുകളായി. അതോടെ ഞാൻ പുസ്തകങ്ങൾ ഭംഗിയായി താളിന്റെ അറ്റം പോലും മടങ്ങാതെ സൂക്ഷിക്കാൻ പഠിച്ചു. അച്ഛൻ അടിച്ച് കഴിഞ്ഞ് ഞങ്ങൾ കുട്ടികളെ എടുത്തു കൊണ്ടു നടന്ന് സ്നേഹിക്കും. എന്ത് കുറ്റം ചെയ്തതിനാലാണ് തല്ലേണ്ടി വന്നതെന്നും മറ്റും കാര്യമായി പറഞ്ഞു തരും. അതിനാൽ അച്ഛൻ തല്ലുന്നതു കൊണ്ട് ഞങ്ങൾക്ക് അച്ഛനോട് ദേഷ്യമൊന്നും തോന്നിയിരുന്നില്ല. പിറ്റേന്ന് രാത്രി എനിയ്ക്ക് പുതിയ ഒന്നാം പാഠം കിട്ടി.

തല്ലു കൊണ്ട രാത്രി അമ്മയ്ക്ക് പണിയായി. അമ്മ എന്റെ കാലൊക്കെ പിടിച്ചു നോക്കി. അമ്മയ്ക്ക് ഉള്ളിൽ സങ്കടം വന്നു കാണും. അന്നു രാത്രി എന്റെ യൂണിഫോം പാവാടകളിലൊന്ന് അമ്മ അഴിച്ചു. തങ്ങളുടെ തയ്യൽ മെഷീനിൽ അഴിച്ച പാവാടയുടെ ഭാഗങ്ങൾ മറ്റേ പാവാടയുമായി കൂട്ടി ചേർത്ത് തയ്ച്ച് കണങ്കാൽ വരെ ഇറക്കമുള്ള പാവാടയാക്കി മാറ്റി. പിറ്റേന്ന് അതു മുടുത്താണ് ഞാൻ സ്കൂളിൽ പോയത്. ആരും അതൊന്നും അന്ന് ശ്രദ്ധിച്ചില്ല. എന്റെ കാലിലെ പാടുകൾ മാഞ്ഞു കഴിഞ്ഞപ്പോൾ അമ്മ പാവാട അഴിച്ച് തയ്ച്ച് രണ്ട് പാവാടയാക്കി മാറ്റി. പിന്നീട് ഇത്രയും വലിയ തല്ല് അച്ഛൻ ഞങ്ങളെ തല്ലിയിട്ടില്ല. അച്ഛൻ പിന്നീട് ഞങ്ങളെ തല്ലുമ്പോൾ ഞങ്ങളറിയാതെ അമ്മ അച്ഛനെ ഒന്നു തോണ്ടി നിയന്ത്രിക്കുമായിരുന്നു. ഇത് അവർ തമ്മിലുള്ള ഒരു ധാരണ പ്രകാരമായിരുന്നു. ഇതൊക്കെ വളരെക്കാലം കഴിഞ്ഞാണ് ഞങ്ങൾ അറിയുന്നത് തന്നെ.

ഞങ്ങൾ മൂന്നുപേരും അടികൂടിയ ശേഷം അച്ഛന്റെ മുന്നിലെത്തി പരാതി പറഞ്ഞാൽ അച്ഛൻ ഓരോരുത്തരും ചെയ്ത കുറ്റത്തിനനുസരിച്ചുള്ള ശിക്ഷ തരുമായിരുന്നു. അതിനു ശേഷം ഞങ്ങൾക്ക് ഗുണപാഠ കഥകളും പഞ്ചതന്ത്രം കഥകളും പറഞ്ഞു തരും. മൂന്നുപേരും ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചൂലിന്റെ ഉദാഹരണ സഹിതം പറഞ്ഞു തന്നു. ഒരു ചൂലിലെ ഈർക്കിലുകൾ ഒറ്റ ഒറ്റയായെടുത്താൽ വേഗത്തിൽ ഒടിച്ചൊതുക്കാം എന്നാൽ ഒരു ചൂൽ ഒന്നായി ഒടിക്കാൻ പറ്റില്ലെന്ന് പറഞ്ഞു തന്നു. പിൽക്കാലത്ത് പലവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഞങ്ങൾ മൂവരും ഒറ്റക്കെട്ടായി നിൽക്കാൻ ഈ കാര്യങ്ങൾ ഇടയാക്കി. അതു പോലെ ശമഠ ദമം ഉപരതി ശ്രദ്ധ തിദി ക്ഷ എന്നിവ നേടേണ്ടെ തിനെ കുറിച്ചും , സാമം ദാനം ഭേദം ദണ്ഡം എന്ന ചതുരുപായങ്ങളെ കുറിച്ചും അച്ഛൻ പറഞ്ഞു തന്നു. ക്ഷമ മക്കളിൽ നിന്നാണ് പഠിക്കുന്നതെന്നും അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട്.

അച്ഛൻ വളരെ ക്ഷമിച്ച ഒരു കാര്യമായിരുന്നു അനുജന്റെ ഉറക്കത്തിലുള്ള മുള്ളൽ സ്വഭാവം. ഏഴാം ക്ലാസ്സിൽ പഠിക്കുന്നതുവരെയും അവൻ തുടർന്നു. കിടക്കുന്നതിന് മുമ്പ് മൂത്രമൊഴിപ്പിച്ച് കിടത്തിയാലും അവൻ വീണ്ടും ഇതാവർത്തിച്ചു വന്നു. എനിയ്ക്കും അനുജത്തിയ്ക്കും ഈ ശീലം നന്നെ ചെറുപ്രായത്തിൽ നിന്നു. അങ്ങനെ ഒരു രാത്രി അച്ഛൻ ഒരു കമ്പുമായി ഉണർന്നിരുന്നു. അനുജൻ ഉറക്കത്തിൽ മൂത്രമൊഴിച്ച മാത്രയിൽത്തന്നെ അച്ഛൻ ഒരടി അവനു കൊടുത്തു. അവൻ ഞെട്ടിയുണർന്നു. കാര്യം ബോധ്യപ്പെട്ടു. ആ ദു:ശ്ശീലത്തിന് എന്നെന്നേയ്ക്കുമായി പൂർണ്ണ വിരാമമിട്ടു.
കൈയ്യക്ഷരം നന്നാവാൻ കൃത്യമായി പകർത്തിയെഴുതുക എന്നത് അച്ഛന് നിർബന്ധമായിരുന്നു. ഞാനും അനുജത്തിയും ഞങ്ങളുടെ പണി പൂർത്തിയാക്കി വയ്ക്കും. അനുജന്റെ പണി പൂർത്തിയാകാതെ കിടക്കും. അങ്ങനെ ഇത് പല പ്രാവശ്യം ആവർത്തിച്ചപ്പോൾ അച്ഛൻ അമ്മയേയും മകനേയും രാത്രിവീട്ടിൽ നിന്നും പുറത്താക്കി. അമ്മ പകർത്തെഴുത്ത് ബുക്കുകളും പേനയും ജനലിലൂടെ ആവശ്യപ്പെട്ടു. ഞാൻ എടുത്തു കൊടുത്തു. രാത്രി ഒരു മണി കഴിഞ്ഞപ്പോൾ അനുജൻ പകർത്തിയെഴുതിക്കഴിഞ്ഞു. പിന്നീട് അച്ഛൻ രണ്ടു പേരേയും വീട്ടിൽ പ്രവേശിപ്പിച്ചു.

തക്ക സമയത്തെ രക്ഷിതാക്കളുടെ ഇടപെടലുകൾ മൂന്നു മക്കളേയും നേർ വഴിക്ക് നയിക്കാൻ സഹായിച്ചു. ചതുരുപായങ്ങളിൽ ദണ്ഡം അച്ഛൻ അവസാനമേ പ്രയോഗിച്ചിരുന്നുള്ളൂ. അതുപോലെ തന്നെയാണ് ഞാനും. ഓരോ കുഞ്ഞിനേയും തക്കസമയത്തെ തിരുത്തലുകൾ കൊണ്ട് നന്നാക്കിയെടുക്കാൻ സാധിക്കും. അങ്ങനെ തിരുത്തിയെടുത്താൽ മാത്രമേ അവർ ഉത്തമ പൗരന്മാരായി മാറുകയുള്ളൂ. രക്ഷിതാക്കൾ അവരുടെ ഉത്തരവാദിത്തങ്ങൾ നന്നായി പൂർത്തീകരിക്കുക തന്നെ വേണം.

 

  ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

രാധിക

കൗസല്യാ സുപ്രജാ രാമാ
പൂർവാസന്ധ്യാ പ്രവർത്തതേ
ഉത്ഥിഷ്ട നരശാർദൂല
കൈവല്യം ദൈവമാഹ്നികം

താമരക്കുട്ടി ഒന്നുകൂടി കണ്ണ് ഇറുക്കിയടച്ച് അമ്മയുടെ അടുത്തേക്ക് ചായാൻ ശ്രമിച്ചു. അർത്ഥം മനസ്സിലായില്ലെങ്കിലും ഈ പാട്ട് കേൾക്കാൻ നല്ല സുഖണ്ട്. ഇങ്ങനെ കണ്ണടച്ചിരിക്കാൻ അതിലേറെ സുഖം.

“താമരേ, ഒരു ദിവസം നിന്നെ ഞാനെന്റെ സ്വന്താക്കും” ഇതാരാണപ്പാ ഇത്ര നേരത്തെ! പതുക്കെ കണ്ണു തുറക്കാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. പാതികൂമ്പിയ മിഴിയുമായി അവൾ ഇരുന്നു.

‘താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം’

ഇന്നലെ രാത്രി ആരോ പാടി കേട്ട താരാട്ടിന്റെ ഈണത്തിൽ ഒന്നുകൂടി മയങ്ങാം.

അരുണ രാശി മെല്ലെ മെല്ലെ കിഴക്കിനെ സിന്ദൂണിമണിയിക്കാൻ തുടങ്ങിയപ്പോൾ ആരോ പാടി

‘താമരക്കണ്ണൻ വന്ന വേളയിൽ
താമരക്കൊരു പരിഭവം’

“അതോണ്ടാണോ ഇങ്ങനെ കണ്ണടച്ചിരുന്ന് സ്വപ്നം കാണണത്?”

ഈ പരിഭവംന്ന് പറഞ്ഞാൽ എന്താണാവോ! എന്തെങ്കിലും ആവട്ടെ. എന്തായാലും അറിയില്ല്യാന്ന് നടിക്കണ്ട. താമരക്കുട്ടി പതുക്കെ കണ്ണുതുറന്ന് ഒന്ന് ചിരിച്ചു.

“ഞാൻ കണ്ണുതുറന്നൂല്ലോ. എനിക്കൊരു പരിഭവംണ്ട്”. അവൾ മെല്ലെ പറഞ്ഞു

“പെണ്ണേ നിന്നോടല്ല, കുളി കഴിഞ്ഞു പോകുന്ന നന്ദിനിചേച്ചീനോടാണ് ചേട്ടൻറെ കിന്നാരം. കുളക്കടവിലിരുന്ന് ഉണ്ടക്കണ്ണൻ ചിരിച്ചു.

എന്നോട് ആരെങ്കിലും ഇങ്ങനെ കിന്നാരം പറയോ? ആവോ, ആർക്കറിയാം! അവൾ പ്രതീക്ഷയോടെ ഉണ്ടക്കണ്ണനെ നോക്കി.
അവൻ ചിരിച്ചുകൊണ്ട് കണ്ണിറുക്കി. അവളും കണ്ണിറുക്കാൻ ശ്രമിച്ചു. അത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യാണ്ന്ന് മനസ്സിയാതോണ്ട് വേണ്ടാന്ന് വെച്ചു. പുസ്തക സഞ്ചി കുളക്കടവിൽ വെച്ച് ഉണ്ടക്കണ്ണൻ തുള്ളിച്ചാടി അവൻറെ വഴിക്ക് പോയി.

ഈ ഉണ്ടക്കണ്ണൻടെപേര് എന്തായിരിക്കും? ഉണ്ണിക്കണ്ണൻന്ന് വിളിച്ചാലോ?

ഇത്ര പെട്ടെന്ന് ആള് തിരിച്ചുവന്ന്വോ! പടവിൽ ഇരുന്ന് വെള്ളത്തിൽ കാലിട്ടടിച്ചു കൊണ്ട് പായസം നുണച്ചിറക്കുന്ന ഉണ്ടകണ്ണനെ കണ്ടപ്പോൾ അവൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. കൊതിയൻ!

“എന്തിനാ വെറുതെ കിണിക്കണത്?” അവൻ ദേഷ്യം ഭാവിച്ചപ്പോൾ അവൾ വീണ്ടും ചിരിച്ചു. അമ്മപ്പയ്യ് കിടാവിനെ നക്കി തുടക്കുന്ന വാത്സല്യത്തോടെ അവൻ വിരലുകൾ ഒന്നുകൂടി നക്കി, ഇല മീൻ കുഞ്ഞുങ്ങൾക്ക് എറിഞ്ഞുകൊടുത്തു വെള്ളത്തിൽ ഇറങ്ങി.

ദൂരത്തു വളവിൽ ഒരു തല കണ്ടപ്പോൾ അവൻ പറഞ്ഞു.
“എൻറെ സ്കൂളിലെ സംഗീതാധ്യാപികയാണ് ആ വരുന്നത്.”

“എന്നുവെച്ചാൽ?”

“പാട്ട് ടീച്ചർ” അവൻ ചിരിച്ചു. ” ഗീത ടീച്ചർ”. അവൻ മെല്ലെ മൂളി.
‘താമരകുമ്പിളല്ലോ മമ ഹൃദയം
– അതിൽ
ഗീതേ നിൻ സംഗീത മധു പകരൂ’

“ടാ ചെറുക്കാ, ഇന്ന് സ്കൂളിൽ വരുന്നില്ലേ?” ടീച്ചറിന്റെ ചോദ്യം കേട്ടപ്പോൾ താമര കുട്ടി ചിരിച്ചു വശം കെട്ടു. ഉണ്ടക്കണ്ണൻ മെല്ലെ തലയാട്ടി.

ടീച്ചർ പോയപ്പോൾ ഉണ്ടക്കണ്ണൻ ചോദിച്ചു. “എന്താ നിന്റെ പേര്?”

“എന്നെ ആരും നീന്ന് വിളിക്കണ്ട.”

“ഏയ്, പരിഭവിക്കണ്ട”.

അപ്പോൾ ഇതാണല്ലേ പരിഭവം!

“മഹാറാണിയുടെ പേര് എന്താണാവോ?”

“പങ്കജ്”

“അത്രയ്ക്കങ്ങട് സ്റ്റൈൽ ആക്കണ്ട. പങ്കജം, അല്ലെങ്കിൽ പങ്കജാക്ഷി”

“സത്യായിട്ടും എൻറെ പേര് പങ്കജ്ന്ന് തന്ന്യാ.” താമര കുട്ടിക്ക് സങ്കടം വന്നു.

“ഈ പേരിൻറെ അർത്ഥം എന്താണെന്ന് അറിയോ?”

ഇല്ലെന്നവൾ തലയാട്ടി.

“എന്നാൽ കേട്ടോളൂ. ചെളിയിൽ നിന്നും ഉണ്ടായത്. അതുകൊണ്ട് ഞാൻ തന്നെ താമരക്കുട്ടീന്ന് വിളിക്കാം. എന്താ പോരേ?”

“അത് തന്ന്യാ എനിക്കും ഇഷ്ടം. അങ്ങനെ വിളിച്ചാൽ മതി”

“അപ്പൊ ശരി വൈകുന്നേരം കാണാം.”

ഓടിപ്പോകുന്ന ഉണ്ടക്കണ്ണനെ നോക്കി നിൽക്കുമ്പോൾ താമര കുട്ടിയെ തൊട്ടുരുമ്മി പോയ കുഞ്ഞു മീൻ പറഞ്ഞു. “പറ്റുമെങ്കിൽ എന്നെ പിടിക്കാൻ വാ”
*** *** *** *** ***

സ്കൂൾ എന്തിനാ ഇത്ര നേരം! എത്ര നേരാ ഇങ്ങനെ കാത്തു നിൽക്ക. താമര കുട്ടിക്ക് മുഷിപ്പ് തോന്നി

“ഏയ് താമരേ എന്താ ആലോചിക്കുന്നത്?” പുസ്തകസഞ്ചി
കരയ്ക്കു വെച്ച് വെള്ളത്തിലിറങ്ങി കാലും മുഖവും കഴുകുമ്പോൾ ഉണ്ടക്കണ്ണൻ ചോദിച്ചു.

“ഉണ്ടക്കണ്ണാ, എന്തൊക്കെണ്ട് വിശേഷം?” അവളും കുശലം ചോദിച്ചു.

“നാളെ സിനിമയ്ക്ക് പോയാലോ?” ബസ്സ് ഇറങ്ങി വന്ന പൊടിമീശ ചോദിച്ചു.

“അയ്യോ അടുത്താഴ്ച പരീക്ഷല്ലേ ഞാനില്ല”. കണ്ണട മൊഴിഞ്ഞു. “നാളെ അമ്പലത്തിൽ വന്നാൽ കാണാം”

“നോക്കട്ടെ.” കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്നതിനുശേഷം ” ശരി, നാളെ കാണാം” എന്ന് പറഞ്ഞ് രണ്ടുപേരും രണ്ടു വഴിക്ക് പോയി.

“താമരേ, ആ ചേച്ചി ചേട്ടനോട് പറഞ്ഞത് എന്താന്നറിയോ?”

“എന്താ?”

‘തളിരിട്ടകിനാക്കൾ തൻ താമര മാലയുമായ്
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ’

ഈ ഉണ്ടക്കണ്ണൻ ആള് കൊള്ളാല്ലോ

അപ്പ ശരി നാളെ കാണാം ഉണ്ടക്കണ്ണൻ സഞ്ചിയെടുത്തു പതുക്കെ നടക്കാൻ തുടങ്ങിയപ്പോൾ താമരക്കുട്ടി മെല്ലെ തലയാട്ടി.

*** *** *** *** ***

പിറ്റേന്ന് താമരക്കുട്ടി നേരത്തെ തന്നെ കണ്ണുതുറന്നു.

“ഇന്ന് എന്താ ഇത്ര നേരത്തെ?” കുഞ്ഞി മീനിന്റെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് താമര പറഞ്ഞു. “വേറൊന്നും കൊണ്ടല്ല. ഉണ്ടക്കണ്ണൻ നേരത്തെ വന്നാൽ മിസ്സാവരുതല്ലോ എന്ന് വെച്ചിട്ടാ.”

“നടക്കട്ടെ നടക്കട്ടെ”, നീന്തി പോകുന്നതിനിടയിൽ കുഞ്ഞു മീൻ പറഞ്ഞു.

“ഹേയ് പങ്കജ്” പുസ്തകസഞ്ചി പടവിൽ വച്ച് അവൻ വിളിച്ചു.

“അതെ, എന്നെ അങ്ങനെ വിളിക്കണ്ട”.
“അതെന്താ, തനിക്ക് ആ പേര് ഇഷ്ടല്ലേ?”

“അതല്ല. ഇയാള് എന്നെ താമരേന്ന് വിളിച്ചാൽ മതി.”

“ശരി താമരക്കുട്ടി.”

അമ്പലത്തിലേക്ക് പോകുന്ന കട്ടിമീശയും പട്ട് സാരിയും എന്തോ പറഞ്ഞു ചിരിച്ചു.

“രണ്ടുദിവസം മുമ്പ് ആയിരുന്നു അവരുടെ കല്യാണം. ലൗ മാരേജാ”

“അതെന്താ സാധനം?” ചോദിച്ചു കഴിഞ്ഞപ്പോൾ താമരക്ക് വേണ്ടായിരുന്നു എന്ന് തോന്നി.

ഉണ്ടക്കണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “പ്രേമവിവാഹം. അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമായി കല്യാണം കഴിച്ചതാ. അതുപോട്ടെ, അവർ പാടിയ പാട്ട് എന്തായിരിക്കും താമരക്കുട്ടി?”

അറിയില്ലെന്ന് അവൾ തലയാട്ടി

‘താമരപ്പൂ നീ കണ്ടു മോഹിച്ചു
താഴെ ഞാൻ നീന്തി ചെന്നു പൂവ് പൊട്ടിച്ചു
തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ
പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട് .”

“അതെ എനിക്ക് ഒരു സംശയംണ്ടായിരുന്നു”

“ഇഷ്ടംപോലെ ചോദിക്കാം”

“അതെങ്ങന്യാ കവിളില് താമരക്കാട് ഉണ്ടാവുക”

“അതെയ് ഈ പ്രേമം തലയ്ക്ക് പിടിച്ചാൽ അങ്ങന്യൊക്കെ തോന്നും അല്ലാണ്ടെന്താ.”

“ഇയാളുടെ ശരിക്കും പേരെന്താ?”

“പങ്കജ്”

“അതെങ്ങന്യാ ശരിയാവണത്? പങ്കജ് പെൺകുട്ടികളുടെ പേരല്ലേ?”

“അല്ല ആൺകുട്ടികളുടെ പേരാ”

“പങ്കജാക്ഷൻ ആയിരിക്കും”

“അല്ല താമരക്കണ്ണൻ”

അവൾക്ക് ചിരി വന്നു. ഈ താമരക്കണ്ണനെ എനിക്ക് ശരിക്കും ഇഷ്ടാവാൻ തുടങ്ങീരിക്കണു

“എന്താ ആലോചിക്കണത്?”

“ഒന്നുംല്ല്യ”

“അപ്പ ശരി പിന്നെ കാണാം”

“ഇയാള് ആർക്കെങ്കിലും അങ്ങനെ താമരപ്പൂവ് കൊടുത്തിട്ടുണ്ടോ?”

“ഏയ് അതൊന്നും നമുക്ക് പറഞ്ഞ പണിയല്ല. ”

“ഒരു കാര്യം പറയട്ടെ. അതെയ് ഇയാൾക്ക് ആരുടെയെങ്കിലും കവിളിൽ താമരക്കാട് വിരിയിക്കണംന്ന് തോന്ന്യാൽ എന്നെ വിളിച്ചാൽ മതി. ഞാൻ വരാം.”

“അതുവേണ്ട താമരക്കുട്ടി, എനിക്ക് പൂവ് പൊട്ടിക്കുന്നത് ഇഷ്ടല്ല, എൻറെ താമരക്കുട്ടി തണ്ടൊടിഞ്ഞ് നിൽക്കുന്നതും ഇഷ്ടല്ല. അപ്പ ശരി പിന്നെ കാണാം”

*** *** *** *** ***

ഇന്നെന്താ ഈ സൂര്യൻ ഇത്ര സാവധാനം! പതിവില്ലാതെ മുകളിലേക്ക് നോക്കി അവൾ പരിഭവിച്ചു

വളവ് തിരിഞ്ഞ് ലല്ലലലം പാടി ചാഞ്ചാടി വരുന്ന പുസ്തകസഞ്ചി കണ്ടപ്പോൾ താമര കുട്ടിയുടെ മനസ്സും ഒന്ന് ചാഞ്ചാടി.

“അതാ നിൻറെ കറുമ്പൻ വരുന്നുണ്ട് . ” കുഞ്ഞു മീൻ കളിയാക്കി ചിരിച്ചു.

കറുമ്പൻ മാത്രല്ല കുറുമ്പനും ആണ്

താമര മനസ്സിൽ പറഞ്ഞു.

ഉണ്ടക്കണ്ണൻ സ്കൂളിലെ സാഹസിക കഥകൾ പറഞ്ഞു. താമരക്കുട്ടിയും തൻറെ കൊച്ചു ലോകത്തിലെ വിശേഷങ്ങൾ പങ്കുവെച്ചു.

“എന്തു ഭംഗിയാണ് ആ ചേച്ചിയെ കാണാൻ?” വഴിയിലൂടെ പതുക്കെ നടന്നു വരുന്ന ദാവണിയെ നോക്കി താമര പറഞ്ഞു.

“മരം ചാരി നിൽക്കണ ചേട്ടൻറെ ലൈനാ. ഇപ്പോൾ തിരിഞ്ഞു നോക്കും.”

അവൻ പറഞ്ഞതുപോലെ ദാവണി തിരിഞ്ഞുനോക്കി

“ഇപ്പോൾ നിവിൻപോളി പിന്നാലെ നടക്കും”പറഞ്ഞു

അവർ രണ്ടുപേരും പോയപ്പോൾ താമരക്കുട്ടി ചോദിച്ചു

ഏത് പാട്ടാ ആ ചേട്ടൻ പാടിയത്?

‘പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമര മൊട്ടായിരുന്നു നീ
ഒരു താമര മൊട്ടായിരുന്നു നീ
ദാവണി പ്രായത്തിൽ പാതി വിരിഞ്ഞു നീ…’

“ഇയാൾക്ക് എങ്ങനെ ഇതൊക്കെ അറിയുന്നത്!”

“പൊട്ടത്തി, അതിന് കുറച്ചു പാട്ട് കേട്ടാൽ മതി. മനസ്സിൽ കുറച്ച് സ്നേഹം കൂടി വേണം അത്രയേ ഉള്ളൂ.”

“അതെ ഞാനൊരു കാര്യം ചോദിക്കട്ടെ?”

“ചോദിച്ചോളൂ”

“ഇയാളെ ഞാൻ താമരക്കണ്ണൻന്ന് വിളിക്കട്ടെ?”

“താമരക്കണ്ണൻ” അവൻ കുലുങ്ങി ചിരിച്ചു “എൻറെ അമ്മ പോലും എന്നെ അങ്ങനെ വിളിച്ചിട്ടില്ല. ഇനി താമര കുട്ടിക്ക് അത്ര നിർബന്ധാണെങ്കിൽ വിളിച്ചോളൂ. എന്നാ ഞാൻ പോട്ടെ.”

“എന്താ ഇത്ര തിരക്ക്?”

“പോയിട്ട് ഇപ്പൊ തന്നെ തിരിച്ചു വരും. അമ്പലത്തിൽക്ക്”

*** *** *** *** ***

കുളിച്ചു കുട്ടപ്പനായിട്ടാണ് താമരക്കണ്ണൻ വന്നത്. പായസത്തിന്റെ ഇല മീൻ കുഞ്ഞിന് കൊടുത്തുകൊണ്ട് അവൻ പറഞ്ഞു

“ആ പോയ കൊമ്പൻ മീശേനെ എല്ലാവരും താമരാന്നാണ് വിളിക്കാ.”

“അതെന്താ? ”

“അയാൾ എപ്പോഴും വെള്ളത്തിലാ അതുകൊണ്ടാ”

അത് നല്ല തമാശ. താമരക്കുട്ടി അതിശയിച്ചു

“ഇയാള് അമ്പലത്തിൽ പോയി എന്താണ് പ്രാർത്ഥിച്ചത്?”

‘താമര പൂവിൽ ..വാഴും ദേവിയല്ലോ നീ… ‘ അവൻ മൂളി

“അതെ എനിക്ക് വേണ്ടിയിട്ട് ഇയാൾ ഒരു പാട്ടു പാട്വോ?”

അവൻ പതുക്കെ പാടി

‘കല്യാണി കളവാണി ചൊല്ല മ്മിണി ചൊല്ല്
വെള്ള”താമര” പൂത്തിറങ്ങിയതാൺപൂവോ പെൺപൂവോ’

താമര കുട്ടി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു

‘ആൺപൂവാണേൽ അമ്പലപ്പുഴ “ഉണ്ടക്കണ്ണന്” പൂജക്ക്
പെൺപൂവാണേൽ ആഹാ മറ്റൊരു ഒരു “കാർവർണ്ണന്” മാലക്ക്’

“താമരക്കുട്ടി പഠിച്ചു പോയല്ലോ. !”

“ഉണ്ടക്കണ്ണൻ അസ്സലായി പാടുന്നുണ്ടല്ലോ.”

“താമരക്കുട്ടീം നന്നായി പാടുന്നുണ്ട്.”

“ഇയാൾ വലുതായാൽ വലിയ പാട്ടുകാരൻ ആവോ?”

“പാട്ടുകാരനോ. മിണ്ടാൻ വയ്യാത്ത ഞാനെങ്ങന്യാ പാട്ടുകാരൻ ആവണത്? തന്റെ മനസ്സിൽ എന്നോട് ഇഷ്ടം ഉള്ളതുകൊണ്ടാണ് എൻറെ പാട്ട് കേൾക്കാൻ പറ്റുന്നത്. ”

“അപ്പ ശരി. പിന്നെ കാണാം താമരേ”

“നേരത്തെ വരണം ഞാനും കാത്തിരിക്കും ഉണ്ണിക്കണ്ണാ”

‘കല്യാണി കളവാണി ചൊല്ല മ്മിണി ചൊല്ല്
വെള്ള”താമര” പൂത്തിറങ്ങിയതാൺപൂവോ പെൺപൂവോ’ ഉണ്ടക്കണ്ണൻ പാടിക്കൊണ്ട് എഴുന്നേറ്റു.

താമരക്കുട്ടി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു

‘ആൺപൂവാണേൽ അമ്പലപ്പുഴ “ഉണ്ടക്കണ്ണന്” പൂജക്ക്
പെൺപൂവാണേൽ ആഹാ മറ്റൊരു “കാർവർണ്ണന്” മാലക്ക് ‘

ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും
‘കല്യാണി കളവാണി’ ലൂപ് മോഡിൽ ആരോ പാടി കൊണ്ടിരിക്കുന്നത് അവൾ അറിഞ്ഞു.

ചിത്രീകരണം : അനുജ കെ

രാജു കാഞ്ഞിരങ്ങാട്

മനസ്സുകൊണ്ടൊരു വിനോദയാത്ര
നടത്തുക
മനസ്സുകൊണ്ടാകുമ്പോൾ അത്
തീർത്ഥയാത്രയാകും
മനസ്സുകൊണ്ടൊരു പൂക്കാലം
തീർക്കുക
മനസ്സുകൊണ്ടാകുമ്പോൾ അത്
പ്രണയകാലമാകും
തിരക്കുകൾക്കും അന്തർദാഹങ്ങൾക്കും
അവധി കൊടുക്കുക
തിരിഞ്ഞുനോക്കാനും അന്യനെ അറിയാനും
അതുവഴി കഴിയും
സന്തോഷത്തോടെ ജീവിക്കുക
ജീവിതമെന്തെന്ന് ഇപ്പോഴാണറിയുക
സുന്ദരമായതിനെയൊക്ക സ്വന്തമാക്കി
നശിപ്പിച്ചു കൊണ്ടിരിക്കുന്നവരാണ് മനുഷ്യർ

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

കാത്‌ലീൻ ഒമേറ

അങ്ങനെ ജനങ്ങൾ
വീട്ടിലിരുന്നു.
അവർ പുസ്തകങ്ങൾ
വായിച്ചു,
വിശ്രമിച്ചു,
വ്യായാമം ചെയ്തു,
കലയിലും കളിയിലും ഏർപ്പെട്ടു,
പുതു ജീവിതരീതി പഠിച്ചു.

ശ്രദ്ധയുടെ
ആഴത്തിൽ മുങ്ങി,
ചിലർ ധ്യാനിച്ചു,
ഉപവസിച്ചു,
പ്രാർത്ഥിച്ചു,
നൃത്തം ചെയ്തു,
ചിലർ
സ്വന്തം നിഴലുകളെ സന്ധിച്ചു.

ജനങ്ങൾ
വ്യത്യസ്തമായി
ചിന്തിക്കാൻ തുടങ്ങി,
അങ്ങനെ അവർ സുഖപ്പെട്ടു.

അജ്ഞതയിൽ
വിവരമില്ലായ്മയുടെ വഴികളിൽ ജീവിച്ച,
അർത്ഥരാഹിത്യത്തിൽ
അപകടകരമാം വിധം
ഹൃദയശൂന്യരായിരുന്ന,
ആളുകളുടെ അഭാവത്തിൽ
ഭൂമി പോലും
മുറിവുണക്കാൻ തുടങ്ങി.

പിന്നെ,
മനുഷ്യർ തമ്മിൽ കണ്ടു,
അവർ മരിച്ചവർക്കു വേണ്ടി ദുഃഖിച്ചു.

മനുഷ്യർ പുതിയ മാർഗങ്ങൾ
തിരഞ്ഞെടുത്തു,
പുതിയ കാഴ്ചപ്പാടുകൾ
സ്വപ്നം കണ്ടു,
ജീവിതത്തിന്റെ
പുതുവഴികൾ കണ്ടെത്തി.

അവർ ഭൂമിയെ
പൂർണമായും സുഖപ്പെടുത്തി,
സ്വയമവർ സുഖപ്പെടുത്തിയ പോലെ

കാത്‌ലീൻ ഒമേറ

അഖിൽ മുരളി

പ്രിയേ നിന്നെ സ്നേഹിച്ചു
പണ്ടേ ഞങ്ങൾ
പൂനിലാവായ് ഉദിച്ചുയർന്നീ
മനസ്സുകൾ തോറു, മിന്നു നീ
തീരാനഷ്ടമായ് മാറിയതെന്തേ
നിൻ നറു പുഞ്ചിരി നന്ദിതമാക്കിയ
കലാലയമാകെ, കദനമറിയുന്നു
ഇന്നീ മാത്രയിൽ.
സൗഹൃദം തേടിയെത്തിയീയങ്കണം
കൗതുകമോടെ നോക്കിനിൻ ഹൃത്തിലായ്,
സമ്പന്നയാണു നീ വിദ്യയിലെന്നുമേ
സമ്പുഷ്ടമാക്കിടും ചിത്തങ്ങൾതോറും
ഒരു വെൺപനിനീർപുഷ്പമായ് നീ-
വിരിഞ്ഞു ശോഭിക്കവേ.
ഓടിക്കളിച്ചു നാം, പാട്ടും തകർപ്പുമായ്
മാറിയ വേളകൾ മൺമറഞ്ഞീടവേ
ഭാഗ്യതാരമായുദിച്ചു നീ കലാലയമാകെ-
യെൻ പ്രിയ തോഴീ, ഓർമ്മപ്പൂക്കളാൽ
ഞാനിന്നൊരുക്കുന്നു നൈർമല്യ മാല്യം.
മൂടിയ വാനിടം പോലെയെൻ മാനസം
ഒപ്പം വിതുമ്പുന്നു നിന്നുടെ ഗുരുക്കളും.
ചൊല്ലുവാൻ വാക്കുകളില്ലെന്നറിഞ്ഞാലും
വാക്കുകൾക്കതീതമായ് നിന്നുടെയിരുപ്പിടം
ഓർമ്മകൾ വിടരുമീ അക്ഷരമുറ്റ, മെന്നു-
മീ നൊമ്പരം ഓർമ്മയായ് കാത്തിടും.
ഏറുന്നു രോദനം എന്നുമീഹൃത്തിലായ്
സത്യമാം നിന്നുണ്ട് നൈർമല്യ ഭാവവും
മിഥ്യയാം നിന്നുടെ യാത്ര തൻ ഓർമ്മയും
എന്നുമീ വാനിലായ് കണ്ടിടാ, മാമൃദു
ഹാസതരംഗങ്കളെന്നുമേ.

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.

തിരുവല്ലാ മാക്‌ഫാസ്റ്റ് കോളേജിൽ നിന്നും എംസിഎ ബിരുദം പൂർത്തിയാക്കി അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

ചിത്രീകരണം : അനുജ കെ

 

2010 മുതൽ യുകെയിലെ കലാസാംസ്കാരിക സാഹിത്യ രംഗത്ത് സജീവമായി ഇടപെടുന്ന ലണ്ടൻ മലയാള സാഹിത്യവേദി പ്രവർത്തനത്തിന്റെ പത്താം വാർഷീകം ആഘോഷിക്കുന്ന വേളയിൽ ലോകമെമ്പാടുമുള്ള ഭാഷാസ്നേഹികൾക്കായി യൂട്യൂബ് ചാനൽ ആരംഭിക്കുന്നു.

പ്രവാസി എഴുത്തുകാരുടെയും പ്രമുഖ എഴുത്തുകാരുടെയും രചനകൾ വായിക്കപ്പെടുന്ന ചാനലിൽ നാടൻ കലകളെയും,കേരളീയ കലകളേയും പരിചയപ്പെടുത്തുന്നു. സാംസ്‌കാരിക സമ്മേളനങ്ങളുടെയും കലാമേളകളുടെയും ലൈവ് സ്ട്രീമിംഗ്, അഭിമുഖങ്ങൾ തുടങ്ങിയ പ്രവർത്തന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ചാനൽ ലോക പ്രവാസിമലയാളികൾക്ക് തങ്ങളുടെ സാഹിത്യരചനകൾ കൂടുതൽ വായനക്കാരിൽ എത്തുന്നതിനും അന്യം നിന്ന് പോകുന്ന തനത് കേരളീയ കലകളുടെ വളർച്ചക്കും കാരണമാകുമെന്ന് ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു.

യുകെയിലെ അബർഡീനിൽ താമസിക്കുന്ന ജോർജ്ജ് അറങ്ങാശ്ശേരി എഴുതിയ “കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ” വായിച്ചുകൊണ്ടു തുടക്കം കുറിക്കുന്നു. കഥ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.

ലോകത്തിന് തന്നെ ഭീക്ഷണിയായി വളരുന്ന കൊറോണ വൈറസ് പടരുന്ന ഈ വേളയിൽ ലണ്ടൻ മലയാള സാഹിത്യവേദിയുടെ പൊതുപരിപാടികൾ എല്ലാം മാറ്റി വെച്ചിരിക്കുകയാണ്. ഈ സമയം വീട്ട് തടങ്കലിൽ എന്ന പോലെ കഴിയുന്ന മലയാളികൾക്ക് ഈ ചാനൽ ഒരു ആശ്വാസം ആകും. ഈ ചാനലിന്റെ പ്രവർത്തനത്തിൽ പങ്കാളികൾ ആകുവാൻ ആഗ്രഹിക്കുന്നവർ ലണ്ടൻ
മലയാള സാഹിത്യവേദിയുടെ പ്രോഗ്രാം കോർഡിനേറ്ററും യുകെയിലെ അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകനുമായ സി. എ. ജോസഫുമായി ( 0784674602 ) ബന്ധപ്പെടാവുന്നതാണ്.

ഡോ. ഐഷ വി

ഒരു ദിവസം സ്കൂളിൽ നിന്നുംവീട്ടിൽ എത്തിയപ്പോൾ അമ്മ ചക്ക വരട്ടിയത് വച്ച് പായസം ഉണ്ടാക്കിയത് തന്നു. നല്ല രുചിയുണ്ടായിരുന്നു. വല്യമ്മച്ചി അയച്ചു തന്നതാണെന്ന് അമ്മ പറഞ്ഞു. അച്ഛന്റെ അമ്മായി ശാരദ വല്യമ്മച്ചിയെ എനിയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ഞങ്ങൾക്ക് വേണ്ടി ചക്ക വരട്ടിയതും വറുത്തതും കഷ്ടപ്പെട്ടുണ്ടാക്കി ടിന്നുകളിൽ നിറച്ച് കൊല്ലത്തുനിന്നും കാസർഗോട്ടേയ്ക്ക് പാഴ്സലായി അയച്ച വല്യമ്മച്ചിയോട് എനിയ്ക്ക് മധുരമുള്ള സ്നേഹം തോന്നി.

അച്ഛൻ വന്നപ്പോൾ അമ്മ ചക്കപ്പായസവും ചക്കവറുത്തതും എടുത്തു കൊടുത്തിട്ട് കാര്യങ്ങൾ പറഞ്ഞു. അന്യനാട്ടിൽ കിടക്കുന്ന നമ്മുക്കായി വല്യമ്മച്ചി ഒറ്റയ്ക്ക് എത്ര കഷ്ടപ്പെട്ടായിരിക്കും ചക്കവരട്ടിയും ചക്ക വറുത്തതും ഉണ്ടാക്കി അയച്ചിരിക്കുക എന്ന് . കൃഷിപ്പണിയും മറ്റും ധാരാളമുള്ള കുടുംബത്തിൽ ആ തിരക്കിനിടയിൽ മണിക്കൂറുകൾ ചിലവിട്ട് ഉണ്ടാക്കിയതാണത്.
എതായാലും ഞങ്ങൾ കുട്ടികൾക്ക് കുറേ ദിവത്തേയ്ക്ക് കുശാലായി. ചക്ക വരട്ടിയതും ചക്ക വറുത്തതുമൊക്കെ ഞങ്ങൾ കഴിച്ചു തീർത്തു. പിൽക്കാലത്ത് പഴുത്ത ചക്കയിൽ ശർക്കരയും ഏലയ്ക്ക യുമെല്ലാം ചേർത്ത് അമ്മ എല്ലാ ചക്കക്കാലത്തും ഞങ്ങൾക്ക് ചക്ക വരട്ടിയത് തയ്യറാക്കി തന്നിട്ടുണ്ട്. വളർന്നപ്പോൾ ഞാന്തം ചക്ക വരട്ടിയത് ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും അപ്രതീക്ഷിതമായി വല്യമ്മച്ചിയുടെ സ്നേഹത്തിൽ ചാലിച്ച് പാഴ്സലായെത്തിയ ചക്ക വരട്ടിയതിന്റേയും ചക്ക വറുത്തതിന്റേയും രുചി ഒളിമങ്ങാത്ത ഓർമ്മയാണ്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

 

RECENT POSTS
Copyright © . All rights reserved