കാരൂർ സോമൻ
മലയാള സാഹിത്യ-ചലച്ചിത്രത്തിലെ വർണ്ണോജ്വല പ്രതിഭ തോപ്പിൽ ഭാസിക്ക് ആദരപൂർവ്വം പ്രണാമം അർപ്പിക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നത് തുലാമാസ പൗർണമിയും കർക്കിടക പൗർണമിയുമാണ്. അദ്ദേത്തിന്റ ജീവിത രാവുകൾ മലയാളിക്കെന്നും നിലാവ് പരന്നൊഴുകുന്ന രാവുകളായിരുന്നു. 1992 ൽ എന്റെ ഗൾഫിൽ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം “കടലിനക്കരെ എംബസ്സി സ്കൂൾ” ന് എഴുതിയ അവതാരിക താഴെ കൊടുക്കുന്നുണ്ട്. ആ അവതാരികയിൽ എഴുതിയ ഒരു വാചകം 2020 ലും അതിനേക്കാൾ വികൃതമായി നിലകൊള്ളുന്നു. “ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഇന്ത്യക്കാരൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം അഴിമതിയാണ്. അതിനെതിരെ പ്രതികരിക്കുന്ന ഈ നാടകത്തിന് എല്ലാവിധ ആശംസകളും നേരുന്നു”. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേൽ എന്നറിയുമ്പോൾ നമ്മുടെ ചലച്ചിത്ര പ്രദർശനത്തിന്റ പിതാവ് കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് എന്നത് പലർക്കുമറിയാത്തതുപോലെ തോപ്പിൽ ഭാസി നാടകങ്ങൾ അധികാരികൾക്ക് കല്ലിച്ചുപോയതുപോലുണ്ട്. നാടകങ്ങളിലൂടെ സാമുഹ്യ വിപ്ലവം സൃഷ്ഠിച്ച ഈ നാടകകുലപതിയുടെ കല്ലിൽതീർത്ത ഒരു പ്രതിമപോലും ജന്മനാട്ടിൽ കാണാനില്ല.
എന്റെ പഞ്ചായത്തായ താമരക്കുളത്തിന്റ അതിർവരമ്പാണ് വള്ളികുന്നം പഞ്ചായത്ത്, 1924 ഏപ്രിൽ 8 ന് പരമേശ്വരൻ പിള്ള, അമ്മ നാണിക്കുട്ടിയുടെ മകനായി തോപ്പിൽ ഭാസി ജനിച്ചു. ആദ്യ വിദ്യാഭ്യാസം അവിടുത്തെ എസ്.എൻ.ഡി.പി. സ്കൂൾ, ചങ്ങൻകുളങ്ങര സംസ്‌കൃത സ്കൂൾ, തിരുവനന്തപുരം ആയുർവേദ കോളേജിലായിരിന്നു. അവിടെവെച്ചാണ് വിദ്യാർത്ഥി കോൺഗ്രസിൽ ചേർന്ന് അനീതിക്കെതിരെ വിദ്യാർത്ഥി സമരങ്ങളിൽ ഏർപ്പെട്ടത്. അവിടെവെച്ച് പോലീസിന്റ ലാത്തിയടി കിട്ടിയത് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതൽ പാവങ്ങൾക്കെതിരെ നടന്നു വന്ന എല്ലാ ഹാനികരമായ സമീപനങ്ങളെയും ജാതിമതങ്ങൾ നോക്കാതെ എതിർത്തു. സ്വാതന്ത്യ സമരങ്ങളിൽ ഏർപ്പെടുക മാത്രമല്ല അനീതിക്കതിരെ പോരാടിയാണ് സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. പുന്നപ്ര-വയലാർ സമരം പൊട്ടിപുറപ്പെട്ടപ്പോൾ കോൺഗ്രസ്സിൽ നിന്നകന്ന് കമ്മ്യൂണിസ്റ്റായി.
നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് സ്വന്തം ഐശ്യര്യത്തിനായി മാത്രം ദേവാലയങ്ങളിൽ പോയി വഴിപാടുകൾ നേരുന്നവരെപോലെ സമൂഹത്തിൽ എന്ത് അനീതി നടന്നാലും അതിനെതിരെ ഒരു വാക്കുച്ചരിക്കാതെ പ്രത്വപകാരമായി ഉപഹാരങ്ങൾ, പദവികൾ മാത്രമല്ല അഭിവൃദ്ധിയും ആദരവും ഏറ്റുവാങ്ങുന്ന എത്രയോ എഴുത്തുകാരെ കാണുന്നു. സാഹിത്യ രംഗത്തുള്ളവരുടെ സ്തുതിഗീതങ്ങൾക്ക് വഴിപ്പെടാതെ പാവങ്ങളുടെയിടയിൽ തോപ്പിൽ ഭാസിയുടെ നാടകങ്ങൾ ശബ്‌ദംപൊഴിച്ചുകൊണ്ടിരിന്ന കൈവളകളായിരിന്നു.
എന്റെ അടുത്ത പഞ്ചായത്തായ ശൂരനാട്ടിൽ കർഷകത്തൊഴിലാളികളെ അണിനിരത്തി നടത്തിയ സമരത്തിൽവെച്ചാണ് പോലീസ് വെടിവെപ്പിൽ തൊഴിലാളികളും പോലീസുകാരും കൊല്ലപ്പെടുന്നത്. തോപ്പിൽ ഭാസി പ്രതിയായി ഒളുവിൽപോയി. 1952 ൽ പോലീസിന്റ വലയിലായി. പോലീസ് സ്റ്റേഷനിൽ കൊടിയ മർദ്ദനം അനുഭവിച്ചു. മനുഷ്യസ്‌നേഹിയായ ഭാസിക്ക് ആരെയും കൊല്ലാൻ സാധിക്കില്ലെന്ന് കോടതിവിധിയെഴുതി വെറുതെവിട്ടു. 1957 ലെ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് ജയിച്ച് എം.എൽ.എ. ആയി. ഏഷ്യയിൽ ആദ്യമായി 1957 ഏപ്രിൽ 3 ന് ഇ.എം.എസിന്റ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലുണ്ടായിരുന്നു. അധികകാലം ഭരിക്കാൻ സാധിച്ചില്ല. രാഷ്‌ട്രപതി ഭരണകൂടത്തെ പിരിച്ചുവിട്ടു. 1967 ൽ വീണ്ടും ഇ.എം.എസ് മുഖ്യമന്ത്രിയായി. കേരളത്തിന്റ ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയ സംഭവമാണ് ജന്മി-കുടിയാൻ വ്യവസ്ഥകളുടെ വേരറുത്തുമാറ്റി കൃഷിഭൂമി കൃഷിക്കാരനുള്ള (ഭൂപരിഷ്‌കരണം) നിയമമാക്കിയത്. ഇതിൽ ഭാസിയുടെ പങ്കും വലുതാണ്. ഈ രണ്ട് പ്രതിഭകളും അധികാരസേവകസാഹിത്യ സംഘത്തിലെ അല്ലെങ്കിൽ കമ്പോള സാഹിത്യത്തിലെ അംഗങ്ങളായിരുന്നില്ല. സാഹിത്യസൃഷ്ഠികൾപോലെ അവർ മനുഷ്യ ജീവിതത്തെ സൃഷ്ടിച്ചെടുത്തു. ഇവരെപോലുള്ള സർഗ്ഗ പ്രതിഭകളാണ് അധികാരത്തിൽ വരേണ്ടത് അല്ലാതെ തൻകാര്യം വൻകാര്യം നോക്കുന്നവരാകരുത്. അതുകൊണ്ടാണ് ഇന്ത്യൻ ജനാധിപത്യം ജീർണ്ണിച്ചുകൊണ്ടിരിക്കുന്നത്.
മലയാള നാടകത്തിന്റ ആരംഭം നാട്യശാസ്ത്രത്തിൽ നിന്നുള്ള ചവിട്ടുനാടകങ്ങളിലൂടെയാണ്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ എഴുതിയ “ഭാഷാശാകുന്തളമാണ്” മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച നാടകം. പിന്നീട് വന്ന സാമൂഹ്യ നാടകം 1905 ൽ കൊച്ചീപ്പൻ തരകന്റെ “മറിയാമ്മ”, കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ ബൈബിൾ കേന്ദ്രമാക്കിയുള്ള ചരിത്ര നാടകം “എബ്രായകുട്ടി”, കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകം കെ.ദാമോദരന്റെ “പാട്ടബാക്കി”. ഇങ്ങനെ പലരുടെയും നാടകം തഴച്ചു വളർന്നു. തോപ്പിൽ ഭാസി 1952 ൽ ഒളുവിലിരുന്ന് എഴുതിയ നാടകം “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” കെ.പി.എ.സി വഴി അരങ്ങിൽ വന്നതോടെ മലയാള നാടകത്തിന് പുതിയ വിപ്ലവധ്വനികളുയർന്നു. കെ.പി.എ.സി.യുടെ സ്ഥാപക പ്രവർത്തകരിൽ ഒരാൾ കുടിയാണ് തോപ്പിൽ ഭാസി. ആദ്യകാലങ്ങളിൽ സോമൻ എന്ന പേരിലാണ് എഴുതിയത്. തുടർന്നുവന്ന “അശ്വമേധം, സർവ്വേക്കല്ല്, ശരശയ്യ, പുതിയ ആകാശം പുതിയഭൂമി, തുലാഭാരം, മൂലധനം, കയ്യും തലയും പുറത്തിടരുത്, രജനി, പാഞ്ചാലി, ഇന്നലെ ഇന്ന് നാളെ”. 1945 ൽ മുതൽ പല നാടകങ്ങൾ അരങ്ങത്തു വന്നിരുന്നു. കാളിദാസൻെറ “അഭിജ്ഞാനശാകുന്തളം” ശകുന്തള എന്ന പേരിൽ ഗദ്യനാടകമാക്കി അരങ്ങിൽ അവതരിപ്പിച്ചു. 1968 ലാണ് അശ്വമേധത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. അങ്ങനെ പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. “ഒളിവിലെ ഓർമ്മകൾ” ആത്മകഥയാണ്. നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥകൾ എഴുതുക മാത്രമല്ല കഥകളും പതിനാറിലധികം സിനിമകളും സംവിധാനം ചെയ്തു. നാടകങ്ങളെല്ലാം സാമൂഹ്യവിഷ്കാരങ്ങളിലൂടെ ജനകീയമാക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റ സഹധർമ്മിണി അമ്മിണിയമ്മ വിട്ടുമുറ്റത്തു നിന്ന് മാവിൽ നിന്ന് മാമ്പഴം പറിച്ചെടുത്തു ചെത്തിമിനുക്കി കഴിക്കാൻ തന്നതിന്റ മധുരം ഇന്നും നാവിലുണ്ട്. മക്കളായ ചലച്ചിത്ര സംവിധാന-ഛായാഗ്രാഹകൻ അജയൻ, അഡ്വ.സോമൻ, രാജൻ, സുരേഷ്, മാലയെയും ഈ അവസരം സ്മരിക്കുന്നു. തോപ്പിൽ ഭാസി അന്തരിച്ചത് 1992 ഡിസംബർ 8 നാണ്.
സോഷ്യലിസ്റ്റ് വിപ്ലവ ആശയങ്ങളിലൂടെ നാടകശാഖയ്ക്ക് പുനർജ്ജന്മം നൽകിയ, മനുഷ്യവകാശങ്ങളുടെ സംരക്ഷകനായിരുന്ന, ഈ ലോകസുഖത്തിന്റ ലഹരിയിൽ ആനന്ദം കണ്ടെത്താതെ നവോത്ഥാനത്തിന്റ ശബ്ദമുയർത്തിയ മനസ്സിനെ കുളിർപ്പിച്ച ക്രാന്തദർശിയായ തോപ്പിൽ ഭാസി മലയാള ഭാഷയുടെ നിറനിലാവിൽ എന്നും പ്രകാശിച്ചു നിൽക്കും. എനിക്ക് കേന്ദ്രസാഹിത്യ അക്കാദമി സംഘടിപ്പിച്ച ഒരു സാഹിത്യ മത്സരത്തിൽ സമ്മാനം ലഭിച്ചപ്പോൾ താമരകുളത്ത് ഉദ്‌ഘാടകനായി വന്നത് തോപ്പിൽ ഭാസി സാറാണ്. അന്നത്തെ അദ്ദേഹത്തിന്റ പ്രസംഗം വിഡിയോയായി എന്റെ വെബ്‌സൈറ്റിൽ ഇപ്പോഴുമുണ്ട്. അതിൽ പറയുന്ന ഒരു വാചകം “കാരൂർ സോമൻ എന്റെ അയൽക്കാരനെന്ന് എനിക്കറിയില്ലായിരുന്നു”. അവതാരികയുടെ പ്രസക്ത ഭാഗം. ഇത് പ്രസിദ്ധീകരിച്ചത് അസെൻസ് ബുക്ക്സാണ്.
“മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യുവസാഹിത്യ സഖ്യ അംഗ൦ കാരൂർ സോമനെ ഞാനറിഞ്ഞത് റേഡിയോ നാടകങ്ങളിലൂടെയാണ്. ഡോ.കെ.എം. ജോർജ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്ന കാലത്ത് ഇന്ത്യയിലെ അഞ്ച് ഭാഷകളിൽ കഥ -കവിത മത്സരം നടന്നു. മലയാളത്തിൽ കവിതയ്ക്ക് സമ്മാനം നേടിയത് കാരൂർ സോമനായിരിന്നു. അതിന്റെ അനുമോദന സമ്മേളനം ജന്മനാടായ താമരകുളത്തു വച്ച് നടന്നു. അതിൽ ഉത്ഘടകനായി ചെല്ലുവാനും കാരൂരിനെ നേരിൽ കണ്ട് അഭിന്ദിക്കാനും സാധിച്ചു.
ചെറുപ്പം മുതൽ നാടകങ്ങളും, കവിതകളുമെഴുതി നോവൽ രംഗത്തേക്ക് കടന്നുവന്നിരിക്കുന്ന കാരൂരിന്റ “കടലിനക്കരെ എംബസ്സി സ്കൂൾ” സംഗീത നാടകം ഗൾഫിലെ സ്കൂളുകളിൽ നടക്കുന്ന അഴിമതികളുടെ ചുരുളഴിക്കുന്നു. എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഈ നാടകം വ്യത്യസ്തമായ നവഭാവ സവിശേഷതകൾ കൊണ്ട് സംഘർഷഭരിതമാണ്. ഒപ്പം സ്‌നേഹവും പ്രണയവും നാടകത്തിന് ഉണർവ് പകരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഇന്ത്യക്കാരനാനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം അഴിമതിയാണ്. അതിനെതിരെ പ്രതികരിക്കുന്ന ഈ നാടകത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഗൾഫിൽ നിന്നുള്ള ആദ്യ സംഗീത നാടകമെന്ന നിലയ്ക്കും ഈ നാടകം മലയാളത്തിന് ഒരു മുതൽക്കൂട്ടായിരിക്കും”.
സ്‌നേഹപുർവ്വം ..തോപ്പിൽ ഭാസി.
ഡോ. ഐഷ വി
ഞങ്ങൾ ചിരവാത്തോട്ടത്ത് അമ്മയുടെ വീട്ടിൽ താമസിക്കുന്ന കാലം. ഒരവധി ദിവസം ഞങ്ങൾ കുട്ടികൾ പറമ്പിൽ കളിച്ച് തിമർത്ത് മുറ്റത്തേയ്ക്ക് കയറി. സമയം സന്ധ്യയാകാറായി. അമ്മയും അമ്മാമയും വീട്ടിനകത്തുണ്ട്. അപ്പി മാമൻ ഊന്നിൻ മൂട്ടിൽ വല്യമാമന്റെ ആശുപത്രിയിൽ ലാബ് ടെക് നീഷ്യനായി ജോലി നോക്കുകയാണ്. രാത്രി എട്ടു മണി കഴിഞ്ഞേ വീട്ടിലെത്തൂ. പത്മനാഭൻ മേസ്തിരിയും ജനാർദ്ദനൻ പിള്ള ചേട്ടനും ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോയി. അക്കാലത്ത് ആ വീട്ടിലെ പറമ്പിൽ വിളയുന്ന മുഴുവൻ സാധനങ്ങൾക്കും വിപണി തേടി അലയേണ്ട പ്രശ്നമേയില്ലായിരുന്നു. എല്ലാം വാങ്ങാൻ ആളുകൾ വീട്ടിൽ എത്തുമായിരുന്നു. എല്ലാം വീട്ടിൽ നിന്നു തന്നെ വിറ്റുപോവുകയും ചെയ്തിരുന്നു. സാധനങ്ങൾ തൂക്കിയിരുന്ന ത്രാസ് എരിത്തിലിലായിരുന്നു. സാമാന്യം വലിയ ത്രാസിന്റെ സാധനങ്ങൾ വയ്കുന്ന തട്ട് പലക കൊണ്ടുള്ളതായിരുന്നു. പകൽ മുഴുവൻ വിശ്രമമില്ലാതെ പണിയെടുത്ത ത്രാസ് സ്വതന്ത്രമാകുന്നത് സന്ധ്യ മയങ്ങുമ്പോഴേയ്ക്കാണ്. അങ്ങനെ സ്വതന്ത്രമാകുന്ന ത്രാസിൽ കയറിയിരുന്ന് ഊഞ്ഞാലാടുന്നത് നാലു വയസ്സുള്ള അനുജത്തിയുടെ വിനോദമായിരുന്നു. ആട്ടി വിടുന്നത് എന്റെയും അനുജന്റെയും.
പകൽ സമയത്ത് ഊഞ്ഞാലാടാൻ പത്മനാഭൻ മേസ്തിരി ഞങ്ങളെ അനുവദിയ്ക്കില്ല. വിരട്ടിയോടിയ്ക്കും .പത്മനാഭൻ മേസ്തിരിയുള്ളപ്പോൾ കഷായപ്പുരയിൽ കയറാൻ ചെന്നാലും ഇതു തന്നെയായിരുന്നു അനുഭവം.
അങ്ങനെ കളി കഴിഞ്ഞ് മുറ്റത്തെത്തിയ അനുജത്തിയ്ക്ക് ത്രാസിൽ കയറിയിരുന്ന് ഊഞ്ഞാലാടാനുള്ള മോഹമുദിച്ചു. അങ്ങനെ ഞങ്ങൾ എരിത്തിലിലേയ്ക്ക് കയറി. എരിത്തിലിലെ ഹാളിന്റെ ഒരറ്റത്താണ് പത്തായം. വീര ശൂരനായ പട്ടിയെ പത്തായത്തിന്റെ കാലിൽ ചങ്ങലയിട്ട് കെട്ടിയിട്ടുണ്ട്. രാത്രി മാത്രമേ അവനെ തുറന്ന് വിടുകയുള്ളൂ. അത് എരിത്തിലിൽ നിന്ന് മരുന്നിടിക്കുന്ന പുരയുടെ അപ്പുറത്ത് നിൽക്കുന്ന പ്ലാവിലേയ്ക്ക് വലിച്ചു കെട്ടിയ നെടുനീളൻ കമ്പിയിലൂടെ മാത്രം. രാത്രി സ്വതന്ത്രനാക്കുന്ന “ടൈഗർ” ( പട്ടിയാണെങ്കിലും പേരങ്ങനെയാണ്.) നെടുനീളൻ കമ്പിയിലൂടെ കോർത്തിട്ട ചങ്ങലയോടുകൂടി ഓടി നടക്കും. ആരെങ്കിലും വരുന്നെന്ന് സംശയം തോന്നിയാൽ ഗാംഭീര്യത്തോടെ കുരയ്ക്കും.
ഞങ്ങൾ എരിത്തിലിലെത്തിയപ്പോൾ ടൈഗർ പത്തായത്തിനും ഭിത്തിയ്ക്കും ഇടയ്ക്കുള്ള സ്ഥലത്തു കിടന്നുറക്കമാണ്. അനുജത്തി ത്രാസിന്റെ തട്ടിൽ കയറിയിരുന്നു. ഞങ്ങൾ അവളെ ആട്ടി വിട്ടു. അങ്ങനെ കുറച്ചു നേരമായപ്പോൾ ആട്ടിവിട്ട ദിശ അല്പം മാറിപ്പോയി അനുജത്തിയും ത്രാസും കൂടി പട്ടിയുടെ ദേഹത്ത് ചെന്നിടിച്ചു. അവൻ ഉണർന്നു. അന്നേരം ഒന്ന് മുരണ്ടു. വീണ്ടും ഇതാവർത്തിച്ചു. ഇങ്ങനെ ഊഞ്ഞാലാട്ടം മൂന്നാല് പ്രാവശ്യം കൂടി നീണ്ടു. “അള മുട്ടിയാൽ ചേരയും കടിക്കും” എന്ന പഴഞ്ചൊല്ലുപോലെ, അതുവരെ ക്ഷമിച്ച ടൈഗർ ഞൊടിയിടയിൽ അനുജത്തിയെ വലിച്ച് താഴെയിട്ട് പത്തായത്തിന്റേയും ഭീത്തിയുടേയും ഇടയിട്ട് കടിച്ച് കീറാൻ തുടങ്ങി. നിസ്സഹായരായ ഞാനും അനുജനും നിലവിളിയ്ക്കാൻ തുടങ്ങി. അമ്മാമ്മ ഓടിവന്ന് പട്ടിയുടെ പക്കൽ നിന്നും ധീരമായി കുട്ടിയെ മോചിപ്പിച്ചു. അനുജത്തിയെ അമ്മയുടെ കൈയ്യിൽ ഏൽപ്പിച്ച ശേഷം അമ്മാമ്മ നിന്ന നിൽപ്പിൽ മൂലക്കടവരെ ഓടി. അന്ന് ആ ഗ്രാമത്തിൽ ഏറ്റവുമടുത്ത് ടാക്സി കാറുകൾ ലഭ്യമായിരുന്ന സ്ഥലം മൂലക്കടയാണ്. കാറുമായി തിരികെയെത്തിയ അമ്മാമ അമ്മയെയും അനുജത്തിയേയും കൂട്ടി ഊന്നി ൻ മൂട്ടിലെ വല്യമാമന്റെ ആശുപത്രിയിലേയ്ക്ക് യാത്രയായി. ഞാനും അനുജനും വീട്ടിലിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ അവർ മടങ്ങിയെത്തി. അനുജത്തിയുടെ മുഖത്തും മുതുകത്തും തലയിലും പട്ടിയുടെ ആക്രമണമേറ്റ ഭാഗത്ത് സ്റ്റിച്ചിട്ടിട്ടുണ്ട്. തലയിൽ അളളിയതാകണം നെടുനീളത്തിൽ രണ്ട് മുറിവുകൾ സ്റ്റിച്ചിട്ടിരുന്നു.
കുറേ ദിവസം കഴിഞ്ഞു. സ്റ്റിച്ചെടുത്ത മുറിവുകൾ ഉണങ്ങി കഴിഞ്ഞപ്പോൾ ഒരു ദുരന്ത സന്ധ്യയുടെ സ്മരണയെന്ന പോലെ തഴമ്പുകൾ അവളുടെ ദേഹത്ത് നില നിന്നു. മുമ്പ് ചിക്കൻ പോക്സ് വന്ന് മറു ദണ്ഡിച്ച് വടുക്കൾ ഉണ്ടായതിന് പുറമേയായിരുന്നു ഇത്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ശബ്ന രവി
പറയുവാനേറെയുണ്ടിനിയുമെന്നുള്ളിലതു
കേൾക്കുവാൻ വരില്ല നീയെന്നറിയുമ്പോഴും
നിനക്കായ് മാത്രം കരുതിയ വാക്കുകൾ
ഓർമ്മയിൽ ചില്ലിട്ടു സൂക്ഷിച്ചു ഞാൻ.
ആയിരം ചെമ്പനീർ മൊട്ടുകളുള്ളിൽ
നിനക്കായ് വിടരുവാൻ കാത്തു നിന്നു
വിടരേണ്ടതില്ലവയ്ക്കൊരു നാളുമൊടുവിൽ
കരിമൊട്ടുകളായ് കൊഴിഞ്ഞു വീഴും
പാടാൻ മറന്നൊരു പ്രിയതര ഗാനത്തിൻ
ഈണം മറന്നു ഞാനെന്നേയ്ക്കുമായി
കേൾക്കാത്ത ഗാനത്തിൻ നുകരാത്ത മധുരം
നിനക്കായി മാത്രം ഞാൻ കാത്തു വച്ചു.
സ്വപ്നങ്ങൾ കൊണ്ടൊരു കമ്പളം നെയ്തു ഞാൻ
നിൻ വഴിത്താരയിൽ വിരിച്ചിരുന്നു
മോഹങ്ങളാൽ മലർശയ്യ നിനക്കായ്
എൻ മണിയറയിലൊരുക്കി വച്ചു.
ഒരുനാളും വന്നു ചേരാത്ത വസന്തമേ
നിന്നെയും കാത്തിരിക്കുന്നു ഞാനിന്നും
വ്യർത്ഥമെന്നറിയിലും ആവുകയില്ലെനിക്ക്
നിനക്കായ് കാത്തിരിക്കാതിരിക്കാൻ.
ശബ്ന രവി
എറണാകുളത്ത് റവന്യൂ വകുപ്പിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുന്നു. തൃശൂർ സ്വദേശിയാണ്. സൗദി അറേബ്യയിൽ കെമിസ്റ്റ് ആയ രവി പി.എ യുടെ ഭാര്യയാണ്. വായന , സംഗീതം എന്നിവ വളരെ ഇഷ്ടപ്പെടുന്നു.
ജോൺ കുറിഞ്ഞിരപ്പള്ളി
രാത്രി പത്തരകഴിഞ്ഞു. പതിവ് ചീട്ടുകളിക്ക് ആള് തികയാതെ വന്നു. നമ്മുടെ കാഥികൻ കൊല്ലം രാധാകൃഷ്ണനും അയാളുടെ വാൽ എന്ന് ഞങ്ങൾ വിളിക്കുന്ന ഗോപാലകൃഷ്ണനും വരാം എന്ന് പറഞ്ഞതാണ്. ചീട്ടുകളിക്കാനെന്ന് പറഞ്ഞുവന്നിട്ടു കഥാപ്രസംഗം നടത്താം എന്നോ മറ്റോ പറഞ്ഞുകളഞ്ഞാൽ പിന്നെ അത് സഹിക്കണം. അതുകൊണ്ട് ഇന്ന് കളിയില്ല എന്ന് ഞങ്ങൾ ഐക്യകണ്ഠം തീരുമാനിച്ചു.
കഴിഞ്ഞ ദിവസത്തെ കഥാപ്രസംഗം കഴിഞ്ഞപ്പോൾ ഹൗസ് ഓണറിന്റെ ഭാര്യ വന്നു ഞങ്ങളോട് ഒരു ചോദ്യം,” അവമ്മാര് രണ്ടുപേർ അത്രയും സമയം നിങ്ങളെ വഴക്കുപറഞ്ഞിട്ടും നിങ്ങൾ ഒരക്ഷരം മിണ്ടിയില്ലല്ലോ” എന്ന്.
അത് ഞങ്ങളെ വഴക്കുപറഞ്ഞതല്ല കഥാ പ്രസംഗം നടത്തിയതാണ് എന്ന് പറഞ്ഞിട്ട് അവർക്കു വിശ്വാസം വരുന്നില്ല.
ലൈറ്റ് ഓഫ് ചെയ്‌ത് കിടക്കാൻ തുടങ്ങുകയായിരുന്നു. അതേ സമയത്ത് ആരോ വന്നു കതകിൽ ശക്തിയായി ഇടിച്ചു. ഞാൻ വാതിൽ തുറന്നു.
അതാ വാതിൽക്കൽ നിൽക്കുന്നു സാക്ഷാൽ ശിക്കാരി ശംഭു. ഇതെങ്ങനെ സംഭവിച്ചു.”ഞാൻ വളരെ ലോഹ്യമായിട്ടു ചോദിച്ചു,”എന്താ ശംഭു?”
“ശംഭു? ഞാൻ ശംഭു അല്ല, അപ്പണ്ണ, ഇവിടുത്തെ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ. “ഞങ്ങൾ സംസാരിക്കുന്നത് കേട്ട് ജോർജ് കുട്ടി അവിടേക്ക് വന്നു.”ഹലോ സാർ. ഇതെന്താ ഈ വഴി?”
ജോർജ് കുട്ടിയോട്,” ഇത് പുതിയ ആളാ അല്ലേ?”
അപ്പണ്ണ ഒരുതരം കൊഴഞ്ഞ ഭാഷയിലാണ് സംസാരം.
അയാൾ തോക്കും തോളിൽ വച്ച് അകത്തേക്ക് കയറി വന്നു. “താൻ വിചാരിക്കുന്നതുപോലെ ശംഭുവും കോപ്പും ഒന്നും അല്ലടോ. നമ്മുടെ പോലീസ് സ്റ്റഷനിലെ കോൺസ്റ്റബിൾ അപ്പണ്ണയാണ്. പുള്ളിക്കാരൻ കൊടഗുകാരനാ, മലയാളം പറയും.”
അപ്പണ്ണയോട് ,”എൻ്റെ സുഹൃത്താ. പാവമാണല്ലോ എന്ന് വിചാരിച്ചു് കൂടെ താമസിപ്പിച്ചിരിക്കുകയാണ്. മൂന്നുമാസം ആയതേയുള്ളു. സാർ കേറി വാ.”
അപ്പണ്ണ ചിരിച്ചുകൊണ്ട് പാൻറ്സിൻറെ പോക്കറ്റിൽ നിന്നും മാക്ഡോവെൽസിൻ്റെ ഒരു അര ബോട്ടിൽ വിസ്കി എടുത്തു മേശപ്പുറത്തുവച്ചു. തോക്ക് ഒരരികിലായി ചാരിവച്ചു.
“ജോർജ് കുട്ടി നീ വലിയ വെടിക്കാരനാണ് എന്ന് എനിക്കറിയാം. ഇത് നിറ തോക്കാണ്. എടുത്തു പരീക്ഷിച്ചേക്കരുത്.”
“ഓ,ഇല്ല. പിന്നെ സാറിനെ ഇയ്യിടെ ഒന്നും കാണാനില്ലല്ലോ”.
“സമയം കിട്ടണ്ടേ ജോർജ് കുട്ടി, വിനായക ബാറിനടുത്തുകൂടി വരുമ്പോൾ ഒരുത്തനെ വിരട്ടി അരക്കുപ്പി വിസ്‌കി കിട്ടിയതാ. നീ അച്ചാറെടുക്ക് .” മൂന്നു ഗ്ലാസും അച്ചാറും വെള്ളവും നിമിഷനേരംകൊണ്ട് റെഡി.
“ഇന്ന് നൈറ്റ് ഡ്യൂട്ടി ഇങ്ങനെ ആകട്ടെ”
നിമിഷ നേരം കൊണ്ട് കുപ്പി കാലി ആയി.
അപ്പണ്ണ എഴുന്നേറ്റു .” ഞാൻ ഇപ്പം വരാം. തോക്ക് ഇവടെ ഇരിക്കട്ടെ. മുട്ടിത്തടിപോലത്തെ ഈ സാധനം ചുമന്നോണ്ട് നടന്നിട്ടു എന്തുചെയ്യാനാണ്.?”
“സാറെങ്ങോട്ടാ ?” ജോർജ്‌കുട്ടി.
“ഒന്നും ആയ്യില്ലടോ അച്ചാറും വെള്ളം റെഡിയാക്കി വയ്ക്ക്. ഞാനാരെയെങ്കിലും വിരട്ടി ഒരു ഹാഫ് കൂടി സംഘടിപ്പിക്കട്ടെ..”
“സാറെ എന്നാൽ ഒരു ഡസൻ മുട്ടേം കൂടി വിരട്ടി മേടിച്ചോ.”
പുറത്തുപോയ അപ്പണ്ണ പത്തുമിനിറ്റായില്ല ,പറഞ്ഞ സാധനങ്ങളും കൂടെ ബ്രഡ് മുട്ട എല്ലാം വാങ്ങി വന്നു. ജോർജ് കുട്ടി വേഗം അടുക്കളയിൽ കയറി ,ഓംലറ്റുണ്ടാക്കാൻ തുടങ്ങി. അപ്പണ്ണ എങ്ങനെയാണ് ആളുകളെ വിരട്ടി കുപ്പി സംഘടിപ്പിക്കുന്നത് എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.
അതാ വീണ്ടും കതകിൽ ആരോ മുട്ടുന്നു. അത് കോൺട്രാക്ടർ രാജനായിരുന്നു. കൂടെ മറ്റൊരു ചെറുപ്പക്കാരനുമുണ്ട്. രാജൻ പറഞ്ഞു, “ഇദ്ദേഹം ഒരു സിനിമ സംവിധായകൻ ആണ്.
ഉടനെ അപ്പണ്ണ പറഞ്ഞു, “ഹോ, മലയാളത്തിൽ എത്ര നല്ല സിനിമകളാണ് ഇറങ്ങുന്നത്. ഇന്നലെ ഞാൻ ഒരു ഉഗ്രൻ പടം കണ്ടു,പേര് പാവം ക്രൂരൻ”.
നമ്മുടെ സംവിധായകനും രാജനും അകത്തേക്ക് കയറി വന്നു, ഒരു കസേരയിൽ കയറി ഇരുന്നു. അപ്പോഴും അയാൾ ഹെൽമെറ്റ് തലയിൽ നിന്നും മാറ്റിയില്ല. മുഖം കാണാൻ പറ്റുന്നില്ല. ഞാൻ ചോദിച്ചു, എന്താ സാറിന്റെ പേര്?”
പറ്റിയാൽ ഒന്ന് സിനിമയിൽ തലകാണിക്കാമല്ലോ എന്നാണ് എൻ്റെ ചിന്ത. അയാൾ പറഞ്ഞ പേര് ഞങ്ങൾ ആരും കേട്ടിട്ടില്ല.
“സംവിധാനം ചെയ്ത സിനിമ ഏതാണ്? “അയാൾ രണ്ടു മൂന്ന് പേരുകൾ പറഞ്ഞു. സത്യൻ അന്തിക്കാടും രാജസേനനും സംവിധാനം ചെയ്ത സിനിമകൾ.
“ഹേയ് അത് സത്യന്റെ പടമല്ലേ?”
“അതെ,ഞാൻ അതിൻ്റെ തെലുങ്ക് പതിപ്പാണ് സംവിധാനം ചെയ്തത്”.
“തെലുങ്കിൽ എന്താണ് പേര്?”
“പേര് അതുതന്നെ.”
കോൺസ്റ്റബിൾ അപ്പണ്ണ ചാടി എഴുന്നേറ്റു തോക്കെടുത്തു അയാളുടെ നേരെചൂണ്ടി, എന്നിട്ടു പറഞ്ഞു, നീ കുറച്ചങ്ങോട്ടു മാറി നിക്ക്. എനിക്ക് തോക്കുചൂണ്ടാൻ സ്പേസ് വേണം “അയാൾ മാറി നിന്നു. ശരിയാണ്,പോലീസ്‌കാർ കൊണ്ടുനടക്കുന്ന തോക്കു ചൂണ്ടി വെടി വയ്ക്കണമെങ്കിൽ അവരെ ദൂരേയ്ക് മാറ്റി നിറുത്തണം. അപ്പണ്ണ പറഞ്ഞു, “എടുക്കടാ നിൻറെ ഹെൽമെറ്റ്.”
അയാളുടെ മുഖം ഞങ്ങൾ ഇതുവരെ കണ്ടിരുന്നില്ല. വിറച്ചുകൊണ്ട് അയാൾ ഹെൽമെറ്റ് തലയിൽ നിന്നും മാറ്റി.
ജോർജ് കുട്ടി ഉറക്കെ ചിരിക്കാൻ തുടങ്ങി. എന്താ ജോർജ് കുട്ടി ചിരിക്കുന്നത്? “അപ്പണ്ണ.
“അല്ല സാറിൻ്റെ തോക്ക് കണ്ടു ചിരിച്ചതാ”
“എന്താ അതിനു കുഴപ്പം.?”
“അത് തോക്കല്ല, ഉലക്കയാണ്.”
“ഓ,ശരിയാണല്ലോ, വീട്ടിൽ നിന്നും വരുമ്പോൾ തോക്കിനടുത്ത് ചാരിവച്ചിരുന്ന ഉലക്ക എടുത്തോണ്ട് പോന്നു” “ഇപ്പോൾ ആരാ ഉലക്ക ഉപയോഗിക്കുന്നത്? “ഞാൻ ചോദിച്ചു.
“കഴിഞ്ഞ ആഴ്ച നാട്ടിൽ പോയപ്പോൾ വെറുതെ ഒരു രസത്തിന് വീട്ടിൽ നിന്നും എടുത്തോണ്ട് വന്നതാ”.
സംവിധായകനെ നോക്കി അപ്പണ്ണ പറഞ്ഞു,”നിന്നെ ഞാൻ മുൻപ് കണ്ടിട്ടുണ്ടല്ലോ…….. “നീ ആ ബേക്കറിയിൽ ജോലി ചെയ്തിരുന്നതല്ലേ ?”
“അതെ,സാർ”
“എന്താ നിന്റെ പേര്”
പേര്…….ബാബു ……”
ജോർജ് കുട്ടി അകത്തുപോയി എയർ ഗൺ എടുത്തുകൊണ്ടു വന്നു. അത് അപ്പണ്ണയുടെ കയ്യിൽ കൊടുത്തു.
അത് കണ്ടപാടെ അയാൾ കരയാൻ തുടങ്ങി. “കോൺട്രാക്ടർ രാജൻപറഞ്ഞറിഞ്ഞതാ, രണ്ടു പേർക്കും സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്ന്. വട്ടച്ചെലവിനുള്ള കാശു സഘടിപ്പിക്കാമെന്നു വിചാരിച്ചു വന്നതാ.”
“ദുഷ്ടൻ,എന്നെ ചതിക്കുകയായിരുന്നു അല്ലേ? “രാജൻ
“നീ എങ്ങനെയാ കാശ് സംഘടിപ്പിക്കുക?”
“സ്ക്രീൻ ടെസ്റ്റ് എന്ന് പറഞ്ഞു അടുത്തുള്ള സ്റ്റുഡിയോയിൽ കൊണ്ടു പോയി രണ്ടു ഫോട്ടോ എടുപ്പിക്കും. സർവീസ് ചാർജ് എന്നു പറഞ്ഞു അയ്യായിരം രൂപ മേടിക്കും. എല്ലാവരും തരും”.
“തോക്ക് കയ്യിൽ വെറുതെ പിടിച്ചോണ്ടിരിക്കാതെ വെക്ക് സാറെ അവനെ വെടി. “ജോർജ് കുട്ടി.
“അയ്യോ അരുതേ സാറേ. പാവമാ വിട്ടേക്ക് “രാജൻ.
“എന്താ ജോർജ് കുട്ടി ,വിടണോ, വെടി വയ്ക്കണോ?”
“ഒരു കാര്യം ചെയ്യാം. ഇവിടെ അടുക്കളയെല്ലാം താറുമാറായിക്കിടക്കുവാ. അതെല്ലാം ക്ലീൻ ചെയ്തിട്ട് പൊയ്ക്കോ. എന്താ?”
“സമ്മതിച്ചു.”
“പാവം ക്രൂരൻ “അപ്പണ്ണ പറഞ്ഞു.
“സാറെ, ആ പടം ഞാൻ തെലുങ്കിൽ എടുത്തതാണ്: അല്ല എടുത്തതാണ് എന്ന് പലരോടും പറഞ്ഞിട്ടുള്ളതാണ്.”
“വർത്തമാനം പറയാതെ പോയിപാത്രം കഴുകടാ.”
(തുടരും)
ഡോ. ഐഷ വി
ഒരു ദിവസം ചിറക്കര ഗവ.സ്കൂളിലെ വിദ്യാർത്ഥികളിൽ പലരും ക്ലാസ്സിലെത്തിയത് അധ്യാപകരുടെ കൈയ്യിലിരിയ്ക്കുന്ന ചൂരലിനേക്കാൾ നീളം കൂടിയ ചൂരൽ പോലുള്ള അല്പം കൂടി വണ്ണമുള്ള കമ്പുകളുമായിട്ടായിരുന്നു. നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഞാൻ കൂട്ടുകാരോട് കാര്യമന്വേഷിച്ചു. ഇന്ന് ” അരിയോരയാണ്.” ഒരു കുട്ടിയുടെ മറുപടി. അപ്പോൾ ഒരു വിരുതൻ ഏറ്റുപറഞ്ഞു: ” അരിയോരരിയോരരിയോര
ചേനയുമില്ലേ കാച്ചിലുമില്ലേ ഉള്ളവരാരും തന്നതുമില്ലേ
തിന്നതുമില്ലേ
അരിയോരരിയോരരിയോര” .
എന്റെ അമ്മയുടെ ചേച്ചിയുടെ മകൻ സത്യനും അതേ ക്ലാസ്സിലായിരുന്നു. സത്യൻ പറഞ്ഞു : ഇന്ന് വൃശ്ചികമാസത്തിലെ കാർത്തികയാണ്. ഇതു പോലുള്ള കമ്പിന്റെ അറ്റത്ത് തുണി ചുറ്റി എണ്ണയിൽ മുക്കി കത്തിച്ച് നന്നായി കിളച്ചിട്ടിരിയ്ക്കുന്ന പറമ്പുകളിലെല്ലാം കൊണ്ട് പോയി നാട്ടും . പോകുന്നവഴിയ്ക്ക് ” അരിയോര” എന്ന് വിളിച്ചു കൊണ്ടാകും പോകുക. പറമ്പിലെ കരിയിലയും നീക്കി കൂട്ടിയിട്ട് കത്തിയ്ക്കും. വൈകിട്ട് വീട്ടിലുള്ള കിഴങ്ങുകളായ ചേന, കാച്ചിൽ, ചേമ്പ് നനകിഴങ്ങ് , ചെറു കൊള്ളിക്കിഴങ്ങ് എന്നിവ പുഴുങ്ങി തിന്നും .
ഉച്ചയ്ക്ക് കമ്പുകൾ കൈയിലില്ലാതിരുന്ന കുട്ടികൾ ചിറക്കര ഏറം ഭാഗത്ത് എവിടെയൊക്കെയോ പോയി കൂടുതൽ കമ്പുകൾ സംഘടിപ്പിച്ചു കൊണ്ടുവന്നു. ഞങ്ങളുടെ ക്ലാസ്സിലെ സുധ എനിക്കും സത്യനും രണ്ട് കമ്പു വീതം തന്നു. ചിറക്കര ഏറത്തെ ചില വീടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും അന്ന് ഈ കമ്പെടുക്കുന്ന ചെടികൾ ധാരാളം ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. കാരണം ഒരു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കുറഞ്ഞത് രണ്ട് കമ്പെങ്കിലും കിട്ടിയിരുന്നു.
ചിറക്കര ഇടവട്ടം ഭാഗത്തോ താഴം ഭാഗത്തോ ഈ ചെടി കാണാനില്ലായിരുന്നു. വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു ഇത് കാക്കണം കോലാണെന്ന്. അന്ന് ഉച്ചയ്ക്ക് ശേഷം ക്ലാസ് ടീച്ചറായ ശ്രീധരൻ സാർ ക്ലാസ്സിൽ വന്നപ്പോൾ കുട്ടികളുടെ കൈയ്യിലെ കമ്പുകളും കലപില ശബ്ദങ്ങളും കണ്ടിട്ട് പറഞ്ഞു. ” അരിയോര” എന്നല്ല പറയേണ്ടത്. ” ഹരിയോ ഹര” എന്നാണെന്ന്. കാർത്തിക ദീപം തെളിയ്ക്കുന്ന കാർഷികോത്സവമാണിന്ന്. അന്ന് പതിവില്ലാത്ത കലപില ശബ്ദത്തോടെയാണ് സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോയത്.
സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് പോകുന്ന വഴിയിലെ വീടുകളിൽ എല്ലാം ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. ചിലർ പുറം തൊലി ചീകി ഉണക്കിയ മരച്ചീനി കമ്പിന്റെ തുമ്പിൽ തുണി ചുറ്റി വയ്ക്കുന്നു. ചിലർ പറമ്പിലും റോഡിലുമുള്ള കരിയിലകൾ നീക്കി കൂട്ടുന്നു. മറ്റുള്ളർ വിളക്ക് തേയ്ച്ച് വയ്ക്കുന്നു. ഞങ്ങളുടെ വീട്ടിലും ഇതുപോലെ കുറെ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വീട്ടിലെത്തിയപ്പോൾ കാച്ചിൽ പുഴുങ്ങിയതും തേങ്ങാ ചമ്മന്തിയും കിട്ടി.
സന്ധ്യയായപ്പോൾ അമ്മ കമ്പുകളിലും കാക്കണം കോലിലും തുണി ചുറ്റിയത് എണ്ണയിൽ മുക്കി തീകത്തിച്ചു പറമ്പുകളിൽ പലയിടത്തായി കുത്തി നിർത്തി. ഇങ്ങനെ തീപന്തവുമായി പോകുന്ന വഴിക്കാണ് ” ഹരിയോ ഹര” വിളി കൂടുതലും. അപ്പി മാമൻ കരിയിലകൾ കൂട്ടിയതിന് തീയിട്ടു.
എനിക്കതൊരു പുത്തൻ അനുഭവമായിരുന്നു. കാരണം കാസർഗോഡ് ഞാൻ ഇങ്ങനെയൊരാഘോഷം കണ്ടിട്ടില്ലായിരുന്നു.
അച്ഛൻ നാട്ടിലെത്തിയപ്പോൾ ഈ ആഘോഷത്തെ കുറിച്ച് ഞാൻ അച്ഛനോട് പറഞ്ഞു. അപ്പോൾ അച്ഛൻ പറഞ്ഞതിങ്ങനെയാണ് കർഷകർ കൃഷിഭൂമി വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നു. ഈ പ്രക്രിയ എലികളുടേയും കീടങ്ങളുടേയും നിയന്ത്രണം ഉറപ്പു വരുത്തുന്നു. അത് ഒരുമിച്ചാകുമ്പോൾ എല്ലാ വർഷവും കൃത്യമായി ഈ പ്രക്രിയ തുടർന്ന് പോകും. പിന്നെ കുട്ടികളുടെ ” അരിയോര കമ്പ്” കാക്കണം കോൽ എന്ന ചൂരൽ/ മുള വർഗ്ഗത്തിൽ പെട്ട ചെടിയാണെന്ന് കൂടി അച്ഛൻ പറഞ്ഞു തന്നു.
കാർത്തിക വിളക്കിന് പൊലിമ കൂടിയത് ഞങ്ങൾ ചിറക്കര ത്താഴത്ത് താമസിക്കുമ്പോഴാണ്. ആ വീട് വയലിന് അരികിലാണ്. അതിനാൽ തോട്ടു വരമ്പിലോ പാലത്തിനടുത്തോ നിന്നാൽ വളരെ ദൂരം വരെയുള്ള കാഴ്ചകൾ കാണാം. വയലിൽ ചപ്പുകൾ വാഴക്കരിയിലകൾ എന്നിവ കത്തിക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. ഇതൊരു മത്സരമാണോ എന്നു പോലും തോന്നിപ്പോകും. എങ്ങും അഗ്നിജ്വാലകൾ . അഗ്നിയ്ക്ക് ശുദ്ധീകരിയ്ക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ? നാട് മുഴുവൻ ശുദ്ധമാകുന്ന ദിനം. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക .
കാലം മാറി. വിദേശ പണത്തിന്റെ കുത്തൊഴുക്ക് മലയാളിയെ ഇരുന്ന് തിന്നുന്നവരാക്കി. ചില വീടുകളിൽ കാർത്തിക വിളക്ക് മൺ ചിരാതിൽ ഒതുങ്ങി. കൃഷി കുറഞ്ഞു. പറമ്പുകൾ കാട് കയറി. കയ്യാലകൾ ബലപ്പെടുത്താതായി. പെരുച്ചാഴി പാമ്പ് മറ്റ് ക്ഷുദ്ര ജീവികൾ കീടങ്ങൾ എന്നിവ കൂടി . പറമ്പുകൾ പലയിടത്തും സുഗമമായി ഇറങ്ങി നടക്കാൻ പറ്റാത്തവയായി മാറി.
ഇപ്പോൾ മലയാളി തിരിച്ചറിവിന്റേയും തിരിച്ച് പോക്കിന്റേയും വക്കിലാണ്. അല്ലാതെ പറ്റില്ല എന്നായിരിയ്ക്കുന്നു. ചിലർ പറമ്പുകൾ തരിശിടാതെ കൃഷിചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് ചെയ്യുമ്പോൾ കീട നിയന്ത്രണവും കാർത്തിക വിളക്കിന്റെ ഭംഗിയും കൂടും. ” ഹരിയോ ഹര”.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോൺ കുറിഞ്ഞിരപ്പള്ളി
വെള്ളിയാഴ്ച വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. ശനിയും ഞായറും അവധി ദിവസങ്ങളായതുകൊണ്ട് കൂട്ടുകാരുമായി ചീട്ടുകളിച്ചിരുന്നു. ചീട്ടുകളിയുടെ ഉസ്‌താദ് ആണ് സെൽവരാജൻ. ഉറങ്ങാൻ കിടന്നത് വളരെ താമസിച്ചാണങ്കിലും പ്രശനമില്ല,താമസിച്ച് എഴുന്നേറ്റാൽ മതി.
ഏതായാലും കാലത്തേ എഴുന്നേൽക്കണ്ട എന്ന സമാധാനത്തിൽ ഉറങ്ങിക്കിടന്നിരുന്ന ഞാൻ എന്തൊക്കെയോ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ട് അതിരാവിലെ എഴുന്നേൽക്കേണ്ടിവന്നു.
ജോർജ് കുട്ടി കാലത്തെ എഴുന്നേറ്റു കുളിച്ചു റെഡിയാകുന്നു. ഞാൻ ചോദിച്ചു,കാലത്തേ എന്താ പരിപാടി?”
“ഇന്ന് ബിഷപ്പ് ദിനകരൻ ഇവിടെ വരുന്നു.”
“ഇവിടെ.?”
“അതെ.ഇവിടെ.”
“എന്തിന് ?”.
“എടോ ,താൻ ഇങ്ങനെ ജീവിച്ചാൽ മതിയോ?ആത്മീയകാര്യങ്ങൾ കൂടി നോക്കേണ്ടതല്ലേ?അത് ചർച്ച ചെയ്യാനാണ് ബിഷപ്പ് ദിനകരൻ ഇവിടെ വരുന്നത്. കൂടെ ഒരു പത്തു പതിനഞ്ചു പേരും കാണും.”
“തനിക്കെന്താ ഭ്രാന്തുണ്ടോ?”.
“ചൂടാകാതെ.ഈ ബിഷപ്പിന് കിരീടവും തൊപ്പിയുമൊന്നും ഇല്ല. പാവം ബിഷപ്പാണ്. ഒരു ജീൻസും പിന്നെ ഒരു ടീ ഷർട്ടും,മാത്രം.”
“മാത്രം?”എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
ജോർജ് കുട്ടി പറഞ്ഞ ബിഷപ്പിനെ എനിക്ക് മനസ്സിലായി. ചിലപ്പോൾ ഒരു മുറിബീഡിയും വലിച്ചു മൂളിപ്പാട്ടും പാടി കക്ഷത്തിൽ കുറെ വാരികകളും ഇറുക്കിപ്പിടിച്ച് നടക്കുന്നവൻ എന്ത് ബിഷപ്പ്? അതായിരുന്നു മനസ്സിൽ.
ജോർജ് കുട്ടി പറഞ്ഞു,”വേറെ ചില സഭകളിലാണെങ്കിൽ എങ്ങനെ ജീവിക്കേണ്ടതാണ്, പാവം വിധിച്ചട്ടില്ല.”
എനിക്ക് രസകരമായിട്ടു തോന്നിയത്, കഴിഞ്ഞ ഞായറാഴ്ച എൻ്റെ കൂടെ സെൻറ് ജോസെഫ്‌സ് ചർച്ചിൽ ജോർജ് കുട്ടി കുർബാന കാണാൻ വന്നു. മുൻപത്തെ ആഴ്ചയിൽ അൾസൂറുള്ള ഓർത്തഡോക്സ് സഭയുടെ ട്രിനിറ്റി ചർച്ചിൽപോയി. ഇപ്പോൾ CSI സഭയുടെ ബിഷപ്പിനെ ക്ഷണിച്ചിരിക്കുന്നു. ജോർജ് കുട്ടി പെന്തകോസ്ത് സഭ വിഭാഗത്തിൽപെട്ട ആളാണെന്ന് എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു.
“ഇത് നല്ല തമാശ. താനെന്താ ഓന്താണോ?”
“അതാണ് എൻ്റെ ബുദ്ധി. എല്ലാവരും പറയുന്നു,അവർ പറയുന്നതാണ് ശരി എന്ന്. പരമമായ സത്യം എന്താണന്നു അറിയില്ലല്ലോ. അതുകൊണ്ട് എല്ലാ ഗ്രൂപ്പിലും അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടേക്കാം.”
ജോർജ് കുട്ടിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ കൊള്ളാം.
ബിഷപ്പ് ദിനകരനെ ഞാൻ പരിചയപ്പെട്ടിരുന്നു.
ഒരു പത്തുപതിനഞ്ച് ആളുകളുമായി പത്തുമണിയായപ്പോൾ ദിനകരൻ വന്നു. എല്ലാവർക്കും കൂടി ഇരിക്കാൻ സൗകര്യം കുറവായതുകൊണ്ട് ജോർജ് കുട്ടിയുടെ റൂമിൽ ഉറപ്പിച്ചുവച്ചിരുന്ന കശുമാവിൻ്റെ ചോട്ടിൽ നിലത്തു ഷീറ്റുവിരിച്ചു ഇരുന്നു.
രണ്ടാഴ്ചകഴിഞ്ഞു അവിടെ നടക്കാൻ പോകുന്ന കൺവെൻഷൻ എങ്ങിനെ നടത്തണം എന്നതാണ് ചർച്ച വിഷയം. കൺവെൻഷനിൽ പാടുന്ന പാട്ടുകൾക്ക് ഗിറ്റാറിസ്റ്റ് ജോർജ് കുട്ടി. കീബോർഡ് വായിക്കാൻ എൻ്റെ പേര് ജോർജ് കുട്ടി നിർദ്ദേശിച്ചു. എനിക്ക് കീബോർഡ് അറിയില്ല എന്ന് പറയുമ്പോൾ ഇങ്ങനെയല്ലേ അറിയുന്നത് എന്നാണ് മറുപടി.
ഞാൻ പരിചയപ്പെട്ട വാഴക്കുളംകാരൻ ജോസ് അവരുടെ പള്ളിയിൽ പെരുന്നാളിന് ഗാനമേള നടത്തിയ കാര്യം പറഞ്ഞത് ഓർമ്മിച്ചെടുത്തു. ജോസ് ഹാർമോണിയം മറ്റൊരു സുഹൃത്ത്,വയലിൻ, ഒരു ടാക്സി ഡ്രൈവർ തബല. എല്ലാവരും പാട്ടുകാർ. കുറ്റം പറയരുതല്ലോ. ആരും അതിനുമുൻപ് സ്റ്റേജിൽ കയറിയിട്ടില്ലാത്തവർ.
പുതിയതായി വന്ന വികാരിയച്ചനെ ചാക്കിട്ടു പിടിച്ചു കിട്ടിയതാണ് അവസരം. അവസാനം ഒന്നും സംഭവിച്ചില്ല. കാരണം ആദ്യത്തെ രണ്ടുമിനിട്ടു “ബലികുടീരങ്ങളെ “പാടിയപ്പോഴേ ,”എന്നെ കല്ലെറിയല്ലേ “,എന്നുപാടി വികാരിയച്ചൻ അവരെ രക്ഷപെടുത്തി.
ഞാൻ പറഞ്ഞു,ജോസിനോട് ചോദിക്കാം.
ജോസിനോട് ചോദിച്ചപ്പോൾ ജോസ് എപ്പോഴേ റെഡിയാണ്. മൈക്ക് ഓപ്പറേറ്റർ സിഡി പ്ലേ ചെയ്യും.. സ്റ്റേജിലിരിക്കുന്നവർ വെറുതെ അഭിനയിക്കുക, ലൈവ് ആണെന്ന് തോന്നിക്കാൻ. ജോസും ജോർജ് കുട്ടിയും മൂന്നു ദിവസവും നന്നായിട്ട് അഭിനയിച്ചു.
പ്രകടനം വൻ വിജയമായി. രണ്ടുപേർക്കും പോക്കറ്റ്മണിയായി നല്ലൊരു തുക ലഭിച്ചു. കിട്ടിയ കാശുമായി വിനായക ബാറിലേക്ക് ഞങ്ങൾ ആഘോഷമായി നീങ്ങി.
വഴിയിൽ വച്ച് കോൺട്രാക്ടർ രാജനെ കണ്ടുമുട്ടി.
രാജന് അഞ്ചടി പൊക്കം കാണും. കയ്യിൽ എപ്പോഴും ഒരു ബ്രീഫ് കേസ് ഉണ്ട് . കോൺട്രാക്ടറായതുകൊണ്ട് പല ഡോക്യൂമെൻറ്സും ആണ് അതിനുളിൽ എന്നാണ് എല്ലാവരോടും പറയുക. ഒരിക്കൽ ഞങ്ങൾ ഒന്നിച്ചുള്ള ഒരു ബസ്സ് യാത്രയിൽ അബദ്ധത്തിൽ ബസ്സിനുളിൽ വച്ച് ബ്രീഫ് കേസ് തുറന്നുപോയി. അതിനകത്ത് മൂന്നുനാലു ഉളികൾ,ഒരു ചുറ്റിക, ഒരു മുഴക്കോല് എന്നിവയാണ് ഉണ്ടായിരുന്നത്. ആശാരിപ്പണിയാണ് എന്ന് പറയാൻ മടി ആയതുകൊണ്ട് കാണിക്കുന്ന അഭ്യാസങ്ങളാണ്.
രാജനും കൂടി ഞങ്ങളുടെ ഒപ്പം.
എല്ലാവരും രണ്ടുപെഗ് കഴിച്ചുകഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു,” കോൺട്രാക്ടറെ ഞങ്ങളുടെ വീടിൻ്റെ പുറത്തെ വാതിലിൻ്റെ പാഡ് ലോക്ക് അല്പം ഇളകുന്നുണ്ട്. അത് ഒന്ന് ശരിയാക്കിക്കിട്ടിയാൽ നന്നായിരുന്നു.”
കോൺട്രാക്ടർ പോക്കറ്റിൽ നിന്നും വിൽസ് സിഗരറ്റിൻ്റെ പാക്കറ്റ് എടുത്ത് അതിൻ്റെ പുറത്തു എഴുതിക്കൂട്ടി,എന്നിട്ട് പറഞ്ഞു,”ഞാൻ ഒരു കൊട്ടേഷൻ തരാം” .
അര മണിക്കൂർ നിശ്ശബ്ദനായിരുന്ന് കണക്കുകൂട്ടി. വിൽസ് സിഗരറ്റ് മാത്രമേ അദ്ദേഹം വലിക്കൂ. അതിൻ്റെ പാക്കറ്റിന് പുറത്ത് കൊട്ടേഷൻ എഴുതിക്കൂട്ടി തന്നു.
അമ്പതു രൂപ.
ജോർജ് കുട്ടി അതുമേടിച്ച് വലിച്ചുകീറി രാജൻ്റെ പോക്കറ്റിൽ ഇട്ടു. എന്നിട്ട് പറഞ്ഞു,”എടൊ ആശാരി,താൻ വന്ന് ആ സ്ക്രൂ അഴിച്ച് ഒന്ന് ഫിറ്റ് ചെയ്യ്. അവൻ്റെ സിഗരറ്റ് പാക്കിൻ്റെ പുറത്തു കൊട്ടേഷൻ”.
രാജൻ ബ്രീഫ് കേസ് എടുത്തു.
ഞങ്ങൾ അനുഗമിച്ചു.
പൂട്ട് അഴിച്ചെടുത്തു. അതിനടിയിൽ ഒരു ചെറിയ പാക്കിങ് കൊടുത്ത് ലെവൽ ചെയ്യണം. രാജൻ അരമണിക്കൂർ ആലോചിച്ചു. വിൽസ് പാക്കറ്റ് എടുത്തു. സിഗരറ്റുകൾ എല്ലാം പാക്കറ്റിൽ നിന്നും പോക്കറ്റിലേക്ക് മാറ്റി. വിൽസ് സിഗരറ്റിൻ്റെ കവർ നാലായി മടക്കി അടിയിൽ പാക്കിങ് കൊടുത്തു .ലോക്ക് ഫിറ്റ് ചെയ്തു. പണി കഴിഞ്ഞു.
ചെറിയ ഒരു തടിക്കഷണം ഉപയോഗിച്ച് ലെവൽ ചെയ്യേണ്ട സ്ഥാനത്ത് വിൽസിൻ്റെ പാക്കറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.
“അറുപതു രൂപ.”
“താൻ കൊട്ടേഷൻ തന്നത് അമ്പതു രൂപയല്ലേ? ഇപ്പോൾ എങ്ങനെ അറുപതായി?”
“വിൽസിൻ്റെ പാക്കറ്റാണ് ഞാൻ അടിയിൽ പാക്കിങ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് തുക കൂടി”.
“മഴ നനഞ്ഞാൽ പാക്കിങ് പോകില്ലേ?”
“മഴനനയാതിരിക്കാൻ ഒരു കുട മഴപെയ്യുമ്പോൾ നിവർത്തി പിടിച്ചാൽ പോരേ ?”.
ജോർജ് കുട്ടി പറഞ്ഞു.”ശരി.കുടയുടെ വില നാൽപ്പതു രൂപ കുറച്ചു ദാ ഇരുപത് രൂപ പിടിച്ചോ.”
(തുടരും)
സ്കോട്ട്ലന്റ : ജീവകാരുണ്യ രംഗത്തും മലയാള ഭാഷയോടുള്ള സ്‌നേഹ കടപ്പാടിൻറെ ഭാഗമായും പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ കേരളത്തിലും പുറത്തുള്ളവർക്കുമായി സാഹിത്യ മത്സര൦ നടത്തുന്നു.
കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ -സാംസകാരിക-ജീവകാരുണ്യ പ്രമുഖരെ എൽ.എം.സി. ആദരിച്ചിട്ടുണ്ട്. കാക്കനാടൻ, ബാബു കുഴിമറ്റ൦, ജീവകാരുണ്യ, അദ്ധ്യാപക രംഗത്ത് സേവനം ചെയ്ത ജീ. സാ൦ മാവേലിക്കരക്ക് എം.എൽ.എ . ആർ. രാജേഷാണ് പുരസ്‌കാരം നൽകിയത്. സ്വിസ്സ് സർലണ്ടിൽ നിന്നുള്ള കവി ബേബി കാക്കശേരിയുടെ “ഹംസഗാനം” എന്ന കവിത സമാഹാരത്തിന് പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ വെച്ച് എം.എൽ.എ. .ശിവദാസൻ നായർ പുരസ്‌കാരം നൽകി ആദരിച്ചു. 2018 -19 ൽ സാഹിത്യ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനായ ശ്രീ. വിശ്വം പടനിലത്തിന്റ “അതിനപ്പുറം ഒരാൾ” എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. 2020 ൽ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ തിരുവനന്തപുരത്ത് നൽകാനിരുന്ന പുരസ്‌കാര കർമ്മം കോവിഡ് മൂലം മാറ്റിവച്ചു. നിഷ്കർഷമായ പരിശോധനയിലൂടെ സാഹിത്യ രംഗത്തെ പ്രമുഖ മൂന്നംഗ കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
2016 മുതൽ 2020 വരെ പ്രസിദ്ധികരിച്ച കഥ, യാത്രാവിവരണ മികച്ച ഗ്രന്ഥങ്ങൾക്കാണ് 25,000 രൂപയും, പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്കാരവും നൽകുക. കൃതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31, 2020 ആണ്. പുസ്തകങ്ങൾ അയക്കേണ്ട വിലാസം. Sasi Cherayi, 124 Katherin Road, London – E6 1 ER. England. (email -sunnypta @yahoo.com).
ഡോ. ഐഷ വി
നമ്മൾ സാധാരണ കഴിക്കുന്ന വിശിഷ്ടമെന്നോ വിലകൂടിയതെന്നോ കരുതുന്ന ഭക്ഷണ പദാർത്ഥങ്ങളെ അപേക്ഷിച്ച് പതിൻ മടങ്ങ് പോഷക മൂല്യമുള്ള ഒരു ഭക്ഷ്യ വസ്തുവാണ് മുരിങ്ങയില. ഒന്നോ രണ്ടോ മുരിങ്ങയെങ്കിലും വീട്ടുവളപ്പിൽ വളർത്തിയാൽ ഓരോ കുടുംബത്തിനും ആവശ്യമായ ഇലക്കറിയും പച്ചക്കറിയും( മുരിങ്ങക്കായ) ലഭിക്കും. മുരിങ്ങയില പറിച്ചെടുത്താൽ മൂന്ന് മണിക്കൂറിനകം ഉപയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്. മൂന്നു മണിക്കൂർ കഴിയുമ്പോഴേയ്ക്കും പുതുമ നഷ്ടപ്പെട്ട് ഇലയും തണ്ടും ഉതിർന്നു വീഴുന്ന സ്ഥിതിയിലാകും. പിന്നെ തോരൻ വയ്ക്കുന്ന സമയത്ത് തണ്ടും കൂടി ഇലയോടൊപ്പം പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് വയറിളകുന്നതിലേയ്ക്ക് നയിക്കാം.
മുരിങ്ങയില ഞങ്ങൾ ഉള്ളിലാക്കാൻ വേണ്ടി കുട്ടിക്കാലം മുതൽ അമ്മ പല ആഹാരരൂപത്തിലും ഞങ്ങൾക്ക് തന്നിട്ടുണ്ട്. അതിൽ ആദ്യത്തെ ഓർമ്മ കാസർഗോഡ് നെല്ലികുന്നിലെ ഗിൽഡിന്റെ നഴ്സറിയിൽ പഠിക്കുന്ന കാലത്തുള്ളതാണ്. അല്പം മധുരമുള്ള ഓർമ്മയാണത്. നഴ്സറിയുടെ പുറകു വശത്തുള്ള കളിസ്ഥലത്തിന്റെ അതിരിൽ ഉള്ള ഒരു മുരിങ്ങയിൽ നിന്നും ഇലകൾ ശേഖരിച്ച് കൊണ്ടുവന്ന് ശ്രദ്ധയോടെ ഇലകൾ ഇറുത്തെടുത്ത് കഴുകി അതിൽ ശർക്കര പൊടിച്ചത് തേങ്ങ ചിരകിയത് ചെറിയ ഉള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് ഏലക്കായ പൊടിച്ചത് എന്നിവ നന്നായി ചേർത്തിളക്കി വയ്ക്കും. വാഴയിലയിൽ അരിമാവ് കുഴച്ചതോ ഗോതമ്പ്മാവ് കുഴച്ചതോ നന്നായി പരത്തി അതിൽ നേരത്തേ തയ്യാറാക്കി വച്ചിരിയ്ക്കുന്ന മുരിങ്ങയില കൂട്ട് വാരി വച്ച് നിരത്തി മടക്കി ആവിയിൽ പുഴുങ്ങിയോ ഇരുമ്പ് ചട്ടിയിൽ നിരത്തി അതിനുമുകളിൽ വെള്ളം നിറച്ച ഒരു കലം ഭാരമായി വച്ച് പരുവത്തിന് തിരിച്ചും മറിച്ചും വച്ച് ചുട്ടെടുക്കുകയോ ചെയ്യും. അല്പ സമയം കഴിഞ്ഞാൽ ഞങ്ങൾക്ക് കഴിക്കാനുള്ള പോഷക സമൃദ്ധമായ നാലുമണി പലഹാരമായ ഇളം ചൂടുള്ള ഇലയട തയ്യാർ. ആദ്യമൊക്കെ കഴിക്കാൻ മടിച്ചെങ്കിലും അമ്മയുടെ സ്നേഹപൂർവ്വമായ നിർബന്ധം കൂടിയാകുമ്പോൾ ഞങ്ങൾ അത് മുഴുവൻ കഴിക്കും.
മറ്റൊന്ന് അല്പം പുളിയും ഉപ്പും കലർന്ന ഓർമ്മയാണ്. ചിറക്കര ത്താഴത്ത് താമസിക്കുമ്പോൾ മുരങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് അതിൽ ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിച്ച് അല്പം ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഗ്ലാസ്സുകളിലേയ്ക്ക് പകർന്ന് ഞങ്ങൾക്ക് കുടിക്കാൻ തരും. ഈ പാനീയം വിറ്റാമിനുകൾ നിറഞ്ഞതും അമിത രക്ത സമ്മർദ്ദത്തെ ഒഴിവാക്കുന്നതുമാണ്.
മറ്റൊന്ന് ഒഴിച്ചു കറിയാണ്. ഒന്നോ രണ്ടോ പിടി മുരിങ്ങയില കടുക് വറുത്ത് അതിലിട്ടിളക്കി വാടുമ്പോൾ തോരന്റെ അരപ്പും വെളളവും ഉപ്പും ചേർത്ത് തിളപ്പിച്ച് കറിയാക്കും. മറ്റു ഒഴിച്ചു കറികൾ ഇല്ലെങ്കിലും ചോറുണ്ണാം. അടുത്തത് തോരനാണ്. കർക്കടക മാസമൊഴികെ മറ്റെല്ലാ മാസങ്ങളിലും ഞങ്ങളുടെ വീട്ടിൽ മുരിങ്ങയില ഉപയോഗിക്കാറുണ്ട്. മുരിങ്ങക്കാ സാമ്പാർ. അവിയൽ. തീയൽ എന്നിവയിൽ ചേർത്തും തോരനായും അമ്മ ഞങ്ങൾക്ക് തരാറുണ്ട്. തോരൻ രണ്ട് വിധത്തിൽ തയ്യാറാക്കും, ഒന്ന് കായ് ഒരു വിരൽ നീളമുള്ള കഷണങ്ങളായി മുറിച്ച് നെടുകെ കീറി വേകിച്ച് തോരനാക്കും. മറ്റൊന്ന് നെടുകെ കീറിയ മുരിങ്ങക്കായുടെ മാംസളമായ ഭാഗം മാത്രം ഒരു തവി കൊണ്ട് നീക്കിയെടുത്ത് തോരൻ വയ്ക്കുന്ന വിധമാണ്. കൊച്ചു കുട്ടികൾക്ക് അതാണ് കൂടുതൽ ഇഷ്ടപ്പെടുക.
ഞങ്ങളുടെ വീട്ടിൽ നീണ്ടതും കുറിയതും ചെറുതും വണ്ണമുള്ളതുമായ വിവിധയിനം മുരിങ്ങകളുണ്ട്. ഇലകളും ധാരാളം. ചിലപ്പോൾ ഇലകൾ ഉണക്കിപൊടിച്ച് സൂക്ഷിക്കാറുണ്ട്. ഇത് സൂപ്പാക്കി കഴിച്ചാൽ പ്രസവിച്ച അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കുo. സൂപ്പ് , ജ്യൂസ് കേക്ക് മറ്റ് പലഹാരങ്ങൾ എന്നിവയിൽ ചേർത്തും മുരിങ്ങയിലപ്പൊടി ഉപയോഗിക്കാവുന്നതാണ്.
കുട്ടിക്കാലത്തെ മറ്റൊരനുഭവം : ഒരു ദിവസം എന്റെ കാൽ മുട്ടിൽ നല്ല നീര്.. അച്ഛൻ അമ്മയോട് പറഞ്ഞു: അല്പം മുരിങ്ങപ്പട്ട ബട്ടികൊണ്ടുവരാൻ. അമ്മ അത് കൊണ്ടു വന്നപ്പോൾ അച്ഛൻ പറഞ്ഞു: അത് നന്നായി അരയക്കാൻ. അരച്ച ശേഷം അത് വെണ്ണയിൽ കുഴച്ച് നീരുള്ള ഭാഗത്ത് പുരട്ടി തന്നു. അല്പം ചൂട് കൂടുതൽ ആണെങ്കിലും കാലിലെ നീര് വേഗത്തിൽ മാറി.
പ്രായപൂർത്തിയായ ശേഷമുള്ള ഒരനുഭവമാണ്. പല വാടക വീടുകളിലും കറങ്ങിയ ശേഷമുളള അവസ്ഥ എന്നത് ദീർഘ നാളായി നിലനിൽക്കുന്ന കാൽമുട്ട് വേദനയായിരുന്നു. ഒരു സ്റ്റെപ്പിറങ്ങണമെങ്കിൽ വേദനിയ്ക്കുമോ എന്ന് ഭയന്ന് ഇറങ്ങേണ്ട അവസ്ഥ. അങ്ങിനെ നാട്ടിൽ സ്വന്തം വീട്ടിൽ താമസിക്കാൻ അവസരം വന്നു. പറമ്പിൽ ഉള്ള മുരിങ്ങക്കായ ഞങ്ങൾ തന്നെ ഉപയോഗിച്ചു രണ്ട് ദിവസം മുരിങ്ങക്കായ ധാരാളം കഴിച്ച ശേഷമുള്ള അനുഭവം എന്നെ അതിശയിപ്പിച്ചു. രണ്ടു കാലുകളും ഒരുപോലെ ഉപയോഗിച്ച് പടികൾ കയറാനും ഇറങ്ങാനും സാധിക്കുന്നു. ഈ അനുഭവത്തോടു കൂടി എപ്പോൾ മുരിങ്ങ ഒടിഞ്ഞ് വീണാലും അതിന്റെ കമ്പുകൾ മുഴുവൻ കുഴിച്ചു വയ്ക്കുന്ന രീതി ഞാൻ പ്രാവർത്തികമാക്കി. അങ്ങനെ പറമ്പിൽ ധാരാളം മുരിങ്ങയായി. എന്റെ മുട്ടുവേദനയ്ക്ക് പരിഹാരവും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോൺ കുറിഞ്ഞിരപ്പള്ളി
ബാംഗ്ലൂർ നഗരത്തിലെ ഞങ്ങളുടെ പക്ഷിവേട്ട ഏതാണ്ട് അലങ്കോലമായി.
കൊക്കുരുമ്മിയിരിക്കുന്ന കൊക്കുകളുടെ കൊക്കിന് വെടി വച്ച് പിടിച്ച് ഫ്രൈ ചെയ്ത് കൊക്കുമുട്ടെ തിന്നുന്നത് ഞങ്ങൾ എല്ലാവരും സ്വപ്നം കണ്ടതാണ്.
എല്ലാം വെറുതെയായി.
വെടിയേറ്റ കൊച്ചിന് ഐസ്ക്രീമും അമ്മക്ക് ഒരു മസാലദോശയും കാപ്പിയും വാങ്ങികൊടുത്ത് എല്ലാം സൗമ്യമായി പരിഹരിച്ചു.
ജോസഫ് പറഞ്ഞു,,” നനഞ്ഞിറങ്ങിയാൽ കുളിച്ചുകയറണം. നമുക്ക് പോകാം ഒന്നുകൂടി നായാട്ടിന്”.
“നനഞ്ഞോ?എന്നാൽ ഞാനില്ല.എങ്ങനെയാണ് നനഞ്ഞത്?” സെൽവരാജൻ അവൻെറ ഭാഷാ പാണ്ഡിത്യം പ്രകടിപ്പിച്ചു.
ജോസഫ് പറഞ്ഞു,”ഞാനൊരു പഴഞ്ചൊല്ല് പറഞ്ഞതല്ലെ?”
” ആണോ?പഴഞ്ചൊല്ലിൽ പതിരില്ല. പക്ഷേ,നനഞ്ഞത് എങ്ങനെയാണന്ന് പറഞ്ഞില്ല”
“കുന്തം. ”
ഭാഗ്യത്തിന് സംസാരം നീണ്ടുപോയില്ല. ഒരു എസ്‌ഡി ബൈക്കിൽ രണ്ടുപേർ ഞങ്ങളുടെ മുൻപിൽ അവതരിച്ചു.
അച്ചായൻ ഉടനെ പരിചയപ്പെടുത്തി,”ഇത് കൊല്ലം രാധാകൃഷ്ണൻ,കാഥികനാണ്. ഇവിടെ ജോലിയും വീക്ക് എൻടിൽ നാട്ടിൽ പോയി കഥാപ്രസംഗവും നടത്തിയിട്ടു വരും.”
രാധാകൃഷ്ണൻ ചിരിച്ചുകൊണ്ട് കൈ തന്നു.
“കൂടെയുള്ളത് ഗോപാലകൃഷ്ണൻ,രാധാകൃഷ്ണൻ്റെ പിന്നണിയിലെ അംഗം”.
പരിചയപെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ജോർജ് കുട്ടി ഒരു ചോദ്യം “ഞങ്ങൾക്ക് ഒരു കഥാപ്രസംഗം കേൾക്കണം,സാധിക്കുമോ?”
“ഞാൻ റെഡി .പോകാം വീട്ടിലേക്ക്.”രാധാകൃഷ്ണൻ.
“ആരുടെ വീട്ടിലേക്ക്?”
“നിങ്ങൾക്കല്ലേ കേൾക്കേണ്ടത്. നിങ്ങളുടെ വീട്ടിലേക്ക്”.
ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ട് രാധാകൃഷ്ണൻ പറഞ്ഞു,”ദാ , പത്തുമിനിട്ടിനകം ഞാൻ വന്നേക്കാം”
“ഇനി ഇന്ന് കഥാപ്രസംഗവും കൂടി കേട്ട് കഴിയുമ്പോൾ എന്തായിരിക്കും സ്ഥിതി?”
” കാശുകൊടുക്കാതെ ഒരു കഥാപ്രസംഗം കേൾക്കുന്നതല്ലേ? തനിക്കെന്താ നഷ്ടം?”
എന്ത് പറയാനാണ്?
പറഞ്ഞതുപോലെ പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രാധാകൃഷ്ണനും ഗോപാലകൃഷ്ണനും ഒരു ഹാർമോണിയവും തബലയുമായി എത്തി. ഇതിലെ രസകരമായ വസ്തുത ഉപകരണങ്ങൾ ഉണ്ടെങ്കിലും ആർക്കും ഉപയോഗിക്കാനറിയില്ല.
കഥാപ്രസംഗം ആരംഭിച്ചു.
“സൗഹൃദയരെ, ഞാൻ പറയാൻ പോകുന്ന കഥയുടെപേര് “കൊക്കിരിക്കുന്ന പാടം.”
അച്ചായൻ ചാടി പറഞ്ഞു,”ഹോസ്‌കോട്ടയിലെ കിളികൾ എന്നുമാറ്റണം ”
“ഈ കഥ നടക്കുന്നത് ഇവിടെയല്ല.”
“കഥ നടക്കുവോ?”സെൽവരാജന് സംശയം.
“ഞാൻ കഥ നടക്കുന്ന കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് നിങ്ങളെ കൂട്ടികൊണ്ടുപോകുകയാണ്.”
“തിങ്കളാഴ്ച കാലത്ത് എനിക്ക് ജോലിയുണ്ട്. അപ്പോഴേക്കും തിരിച്ചുവരാൻ പറ്റുവെങ്കിലേ ഞാൻ വരുന്നുള്ളു”.
“പച്ചവിരിച്ച നെൽപ്പാടങ്ങൾ. കൊയ്ത്തുകാത്തിരിക്കുന്ന കൊക്കുകൾ പറന്നു നടക്കുന്നു.ആ പാടവരമ്പിലൂടെ അവൾ നടന്നു.”
“പാടവരമ്പിൽ മുഴുവൻ ചെളിയല്ലേ?”സെൽവരാജൻ .
“അതെ. എന്താ പ്രശനം?”
“അല്ല പാടവരമ്പിൽ ചെളിയാണെങ്കിൽ പാവാട പൊക്കി പിടിച്ചില്ലെങ്കിൽ ചെളിയാകും.”
കഥാപ്രസംഗം കത്തിക്കയറുകയാണ്.
“പാടത്തിൻ തീരത്തെ ചോലയിലാടുമേയ്ക്കാൻ…… ഞാനും …..വരട്ടെയോ……”
ചങ്ങമ്പുഴയുടെ രമണനിൽ നിന്നും അടിച്ചുമാറ്റി കഥാപാത്രങ്ങളുടെ പേരും സ്ഥലവും മാറ്റി കഥ മുന്നേറുമ്പോൾ സെൽവരാജൻെറ അടുത്ത ചോദ്യം.”ഈ ലാട് എന്ന് പറയുന്നത് എന്ത് ജീവിയാ?”
“ലാട് …..?ഇതെവിടെ നിന്നുകിട്ടി?.ലാട് …?”
“ഇപ്പോൾ പാടിയില്ലേ? പാടത്തിൻ തീരത്തെ ചോലയിലാടുമേയ്ക്കാൻ….”
ഇതിനിടക്ക് ഗോപാലകൃഷ്ണൻ തബലയിൽ രണ്ടുതവണ മുട്ടി ശബ്ദം കേൾപ്പിച്ചു. തബലയുടെ സൈഡിൽ ഉണ്ടായിരുന്ന ദ്വാരത്തിൽ നിന്നും രണ്ടുമൂന്ന് എലിക്കുഞ്ഞുങ്ങൾ പുറത്തേക്ക് ചാടി ഓടിപ്പോയി.
“അതാ അങ്ങോട്ടു നോക്കൂ. “കാഥികൻ ദൂരേക്ക് വിരൽ ചൂണ്ടി. എന്നിട്ട് തുടർന്നു ,”നമ്മൾ എന്താണ് കാണുന്നത്?”
“എലി ഓടുന്നത് ഞങ്ങൾ ഇഷ്ട്ടം പോലെ കണ്ടിട്ടുണ്ട്. താൻ കഥ പറയൂ”.
എത്ര ശ്രമിച്ചിട്ടും കണ്ണുകൾ അടഞ്ഞുപോകുന്നു.
ഞാൻ കണ്ണ് തുറക്കുമ്പോൾ രാധാകൃഷ്ണനും ഗോപാലകൃഷ്ണനും മ്യൂസിക്ക് ഉപകരണങ്ങൾ പായ്ക്ക് ചെയ്യുകയാണ്. സെൽവരാജനും ജോർജ് കുട്ടിയും നിലത്തുകിടന്നുറങ്ങുന്നു. ജോസഫ് അച്ചായൻ സോഫയിലും.
“രാധാകൃഷ്ണൻ എന്നോട് ഒരു ചോദ്യം,” എങ്ങനെയുണ്ടായിരുന്നു?”
“അടിപൊളി.”
” നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കണ്ണടച്ചിരുന്നു കേൾക്കുന്നത് എനിക്ക് വലിയ പ്രചോദനമായി. താങ്ക് യു.”
ഞാൻ അച്ചായനിട്ടും സെൽവരാജനിട്ടും ഓരോ ചവിട്ടു വച്ചുകൊടുത്തു.
ചോദ്യം ആവർത്തിക്കപ്പെട്ടു.
എല്ലാവരുടെയും ഉത്തരം ഒന്നായിരുന്നു.
“അടിപൊളി” എന്ന പദ പ്രയോഗം കണ്ടു പിടിച്ചവന് നന്ദി.
“നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതു ഭാഗം ആണ്?”
“അത് പറയാനുണ്ടോ? അവസാന ഭാഗം.”
രാധാകൃഷ്‌നും ഗോപാലകൃഷ്ണനും സന്തോഷമായി.
“ഞങ്ങൾ കഥ പറഞ്ഞ ഒരു സ്ഥലത്തും ഇത്രയും നന്നായി ശ്രദ്ധിച്ചിരിക്കുന്ന ആളുകളെ കണ്ടിട്ടില്ല. അടുത്ത ആഴ്ച ഞാൻ ഒരു പുതിയ കഥയുമായി വരാം “.
സെൽവരാജൻ പാഞ്ഞു,”എനിക്ക് അടുത്ത ആഴ്ച പനിയാണ്.”.
അച്ചായൻപറഞ്ഞു, “ഇവന് പനിയാണെങ്കിൽ കൂടെ താമസിക്കുന്ന എനിക്ക് ചില ഉത്തരവാദിത്തങ്ങളില്ലേ? ഇവനെ നോക്കണം. മരുന്ന് വാങ്ങി കൊടുക്കണം.”.
ജോർജ് കുട്ടി പറഞ്ഞു,”എനിക്ക് ധ്യാനം കൂടാൻ പോകണം .”
അച്ചായൻെറ സംശയം,”പാറേപള്ളീൽ ആണോ?”
ഞാനെന്തു പറയും എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ജോർജ് കുട്ടി പറഞ്ഞു, “അടുത്ത ആഴ്ച അവൻെറ കല്യാണമാണ്. ”
പെട്ടന്ന് രാധാകൃഷ്ണൻ പറഞ്ഞു, “അങ്ങിനെയാണെകിൽ ഭാര്യയേയും കൂട്ടി ഒരു ദിവസം വാ. ഞാൻ ഒരു പുതിയ കഥ പഠിച്ചു വയ്ക്കാം.”
“അത് വേണ്ട.”
“അതെന്താ?”.
“കല്യാണം കഴിഞ്ഞ ഉടനെ തന്നെ ഡിവോഴ്‌സ് കാണാൻ വയ്യ”.
(തുടരും)
ഡോ. ഐഷ വി
ചാത്തന്നൂരിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ കൊല്ലം ഗവ. ആശുപത്രിയിലെ ഹെഡ് നഴ്സിനെ കണ്ടു. പതിവു പോലെ കുശലാന്വേഷണങ്ങൾ നടത്തി. വിഷയം എങ്ങനെയോ കായംകുളം കെ വി കെ യും ഐസ്റ്റഡും സംയുക്തമായി നടത്തിയ ടെയിനിംഗിൽ എത്തി. പപ്പായയാണ് താരം. പപ്പായയുടെ ഗുണഗണങ്ങളെപ്പറ്റി സിസ്റ്റർ നന്നായി സംസാരിച്ചു. കൂട്ടത്തിൽ സിസ്റ്റർക്ക് ഗവ. ജോലി കിട്ടുന്നതിന് മുമ്പ് ബെൻസിഗർ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ പ്രമേഹ ബാധിതർ ഉണങ്ങാ വ്രണവുമായി വന്നാൽ മാഗ്സൾഫും ഗ്ലിസറിനും മുറിവിൽ വച്ചുകെട്ടാൻ ഉപയോഗിക്കുകയേ ഇല്ല. പകരം മാസങ്ങളായി ഉണങ്ങാതെ നിൽക്കുന്ന വ്രണത്തിലേയ്ക്ക് പച്ച പപ്പായയുടെ കറ നീക്കിയിറക്കി വ്രണത്തിൽ വച്ച് കെട്ടും രണ്ട് മൂന്ന് ദിവസം കഴിയുമ്പോൾ വ്രണത്തിലെ പഴുപ്പ് നിറം മാറി ചുവപ്പുനിറം വച്ച് തുടങ്ങും. പിന്നെ വ്രണമുണങ്ങാൻ അധികം താമസമില്ല.
ഇതേ പോലെ കായംകുളം കെ വി കെ യിലെ ജിസി മാഡം ട്രെയിനിംഗിനു വന്ന ഒരു സ്ത്രീയുടെ ഭർത്താവിന്റെ അനുഭവം ഞങ്ങളോട് പങ്ക് വച്ചിരുന്നു. മറ്റു ട്രെയിനേഴ്സ് എല്ലാം ശാന്തമായി ക്ലാസ്സ് കേൾക്കുമ്പോൾ ഒരു സ്ത്രീയ്ക്കുമാത്രം ആകെ അസ്വസ്തത, ട്രെയിനിംഗിൽ പങ്കെടുത്തില്ലെങ്കിലും വേണ്ടില്ല വേഗം വീട്ടിലെത്തിയാൽ മതിയെന്ന ചിന്ത. ആകെ അസ്വസ്തയായിരുന്ന അവരോട് മാഡം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി . വിഷമ ഹേതു ആ സ്ത്രീയുടെ ഭർത്താവിന്റെ കാലിലെ ഉണങ്ങാത്ത പ്രമേഹ വ്രണമാണ്. കാര്യങ്ങൾ കേട്ട ശേഷം മാഡം അവരോട് പറഞ്ഞു. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കി തുടച്ച വ്രണത്തിൽ പച്ച പപ്പായക്കറ ഇറ്റിക്കാൻ. അവർ അതുപോലെ ചെയ്തു. രോഗിയ്ക്ക് നീറ്റൽ സഹിക്കാൻ വയ്യാതായപ്പോൾ മാഡത്തെ വിളിച്ചു. തത്ക്കാലം വേദാനാസംഹാരി കഴിച്ച് കടിച്ച് പിടിച്ച് കിടന്നോളാൻ നിർദ്ദേശിച്ചു. അവർ അനുസരിച്ചു. മൂന്ന് ദിവസം ഇത് ആവർത്തിച്ചു. നാലാം ദിവസം മുതൽ വ്രണത്തിന്റെ കുഴിയിൽ ഉരുക്കു വെളിച്ചെണ്ണ നിറക്കാൻ നിർദ്ദേശിച്ചു . 21 ദിവസം ഇതാവർത്തിച്ചപ്പോൾ വ്രണം പൂർണ്ണമായും ഉണങ്ങി. പല ചികിത്സ മൂന്ന് മാസത്തിലധികം പരീക്ഷിച്ചിട്ടും ഉണങ്ങാത്ത വ്രണമാണ് കേവലം പപ്പായക്കറ ഉരുക്ക് വെളിച്ചെണ്ണ ചികിത്സയിലൂടെ മൂനാഴ്ച കൊണ്ട് ഉണങ്ങിക്കിട്ടിയത്. അപ്പോഴേയ്ക്കും ഒരു എറണാകുളം ബസ്സെത്തി . ഞങ്ങൾ അതിൽ കയറി യാത്രയായി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.