Main News

വണ്ണം കുറയ്ക്കാന്‍ ഇനി അധികം കഷ്ടപ്പെടേണ്ട. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ബെറിയാട്രിക് ശസ്ത്രക്രിയക്ക് വിധേയരാകുകയോ ഭക്ഷണം കുറച്ചു കഴിക്കാനായി ഗ്യാസ്ട്രിക് ബാന്‍ഡ് ഇടുകയോ ഇനി വേണ്ടിവരില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമിതവണ്ണവും ശരീരഭാരവും കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായി പുതിയ ഹോര്‍മോണ്‍ ചികിത്സ വരുന്നു. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഇതെന്നാണ് വിലയിരുത്തല്‍. ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നടന്ന ട്രയലുകളില്‍ മാസത്തിലൊരിക്കല്‍ എടുക്കുന്ന കുത്തിവെയ്പ്പിന് വിധേയരായവര്‍ പിന്നീട് 30 ശതമാനം കുറവ് ഭക്ഷണം മാത്രമേ കഴിച്ചിരുന്നുള്ളുവെന്ന് വ്യക്തമായി.

പ്രമേഹ മരുന്നുകളില്‍ നിന്ന് പോലും ചിലര്‍ മോചിതരായി. 20 പേരാണ് ട്രയലില്‍ പങ്കെടുത്തത്. മൂന്ന് ഹോര്‍മോണുകളാണ് ഇവര്‍ 28 ദിവസത്തെ ഇടവേളകളില്‍ സ്വീകരിച്ചത്. ഇതിനു ശേഷം ഇവര്‍ക്ക് 2 കിലോ മുതല്‍ 8 കിലോ വരെ ഭാരം കുറഞ്ഞെന്ന് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ വഴി കുറയുന്നതിനേക്കാള്‍ ഭാരം കുറയ്ക്കാന്‍ ഈ രീതിയിലൂടെ സാധിച്ചുവെന്നാണ് വ്യക്തമായത്. അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ കുത്തിവെയ്പ്പ് ബെറിയാട്രിക് സര്‍ജറിയേക്കാള്‍ ഫലപ്രദമായി രോഗികളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച ഇംപീരിയല്‍ കോളേജിലെ ഡയബറ്റിസ് എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം വിഭാഗം തലവന്‍ പ്രൊ. സര്‍. സ്റ്റീവ് ബ്ലൂം പറഞ്ഞു.

അമിതവണ്ണം സമൂഹത്തില്‍ വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ആര്‍ത്രൈറ്റിസ് കൂടിയുണ്ടെങ്കില്‍ ഇത് കൂടുതല്‍ ഗുരുതരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറക്കുകയാണ് ഈ ഹോര്‍മോണ്‍ ചികിത്സയിലൂടെ ചെയ്യുന്നത്. ഗവേഷണ ഫലം ഒരു മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷണ സംഘം.

മൂവാറ്റുപുഴ: പുരുഷന്മാര്‍ ഷര്‍ട്ടും മറ്റ് മേല്‍വസ്ത്രങ്ങളും ഊരിയേ അമ്പലത്തില്‍ കയറാവൂ എന്ന ക്ഷേത്രാചാരം തിരുത്തി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപനം നടത്തി ഉടന്‍ നടപ്പാക്കിയത്.

ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തിയ ഗുരുമണ്ഡപവും പുനഃപ്രതിഷ്ഠ നടത്തിയ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഭക്തര്‍ക്ക് സമര്‍പ്പിച്ച ശേഷം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

മന്ത്രവും തന്ത്രവും പറഞ്ഞ് ഭക്തരെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് തിരസ്‌കരിക്കണം എന്നു പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശന്‍ പ്രസംഗം ഇടയ്ക്ക് അവസാനിപ്പിച്ച് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. ‘ഷര്‍ട്ട്, ബനിയന്‍ തുടങ്ങിയവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്’ എന്ന് ഗോപുരനടയില്‍ വെച്ചിരുന്ന ബോര്‍ഡ് അദ്ദേഹം എടുത്തുമാറ്റി. ഉടുപ്പൂരാതെ തന്നെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു.

ഇതോടെ സദസ്സിലുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികള്‍ വെള്ളാപ്പള്ളിക്കൊപ്പം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. പുരുഷന്‍മാര്‍ ഷര്‍ട്ടും ബനിയനും ഊരി മാത്രം ദര്‍ശനം നടത്തി വന്ന ക്ഷേത്രമാണിത്. എസ്.എന്‍.ഡി.പി. യോഗത്തിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതല്‍ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ടൂരാതെ ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന തീരുമാനവും അദ്ദേഹം പ്രഖ്യാപിച്ചു.

താന്‍ പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഭക്തന്മാര്‍ ദര്‍ശനം നടത്തുന്നത് ഷര്‍ട്ട് ഊരാതെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്ത്രിമാരില്‍ ഒരു വിഭാഗം ഭക്തരെ ചൂഷണം ചെയ്യാനായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതേപടി നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. സവര്‍ണ മേധാവിത്വത്തിന്റെ ബാക്കിപത്രങ്ങളായ അനാചാരങ്ങള്‍ ഇപ്പോഴും കൊണ്ടുനടന്ന് ജനങ്ങളെയും വിശ്വാസികളെയും പിഴിയുകയാണ്. ഇവയെ ചെറുക്കുകയും ഇല്ലാതാക്കുകയും വേണം – അദ്ദേഹം പറഞ്ഞു. .

ഏത് ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണ് ഷര്‍ട്ട് ഊരി വച്ചു മാത്രമേ ക്ഷേത്രപ്രവേശനം നടത്താന്‍ പാടുള്ളുവെന്ന് തന്ത്രിമാര്‍ പറയുന്നത്. കേരളത്തിലല്ലാതെ മറ്റെവിടെയാണ് ഈ രീതി നിലനില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. ശ്രീനാരായണ ഗുരു സ്ഥാപിച്ച മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തില്‍ ഇനി മുതല്‍ ഷര്‍ട്ട് അണിഞ്ഞ് ദര്‍ശനം നടത്താമെന്ന് ക്ഷേത്രാധികാരികള്‍ അറിയിച്ചു. മറ്റു ക്ഷേത്രങ്ങളും ഈ മാതൃക തുടരേണ്ടതാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ബ്രെക്‌സിറ്റ് നടപ്പാകുന്നത് രണ്ട് വര്‍ഷത്തേക്കെങ്കിലും നീട്ടിവെക്കാന്‍ ലേബര്‍ പാര്‍ട്ടി ശ്രമിക്കുന്നതായി സൂചന. വിത്ത്‌ഡ്രോവല്‍ ബില്ലില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന് പിന്‍മാറ്റം പൂര്‍ത്തിയാക്കാനുള്ള അവസാന തിയതി 2019 മാര്‍ച്ച് 29 ആണ്. ഈ നിശ്ചിത തിയതി എടുത്തു കളയാന്‍ ലേബര്‍ ഫ്രണ്ട് ബെഞ്ച് ചൊവ്വാഴ്ച കോമണ്‍സില്‍ ശ്രമിക്കുമെന്നാണ് സൂചന. ലേബര്‍ പാര്‍ട്ടിയുടെ മുന്‍ യൂറോപ്പ് മിനിസ്റ്ററായിരുന്ന കരോളിന്‍ ഫ്‌ളിന്റാണ് ഇതു സംബന്ധിച്ചുള്ള സൂചന നല്‍കിയത്. ബില്ലില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ചര്‍ച്ചകളില്‍ യുകെയ്ക്ക് ക്ഷീണമുണ്ടാക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.

റിമെയ്ന്‍ പക്ഷത്തിന് ശക്തമായ പിന്തുണ കൊടുത്തിരുന്ന ഇവര്‍ പക്ഷേ ബ്രെക്‌സിറ്റ് അനുകൂല മണ്ഡലമായ ഡോണ്‍കാസ്റ്ററിനെയാണ് പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നത്. 2016ലെ ഹിതപരിശോധനാ ഫലത്തെ അട്ടിമറിക്കുന്ന വിധത്തില്‍ ലേബര്‍ നീങ്ങിയാല്‍ അത് പരമ്പരാഗത വോട്ടുകളില്‍ പോലും വിള്ളലുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വിടുക എന്ന ജനഹിതത്തിനൊപ്പം നിന്നാല്‍ വോട്ടര്‍മാരുടെ വിശ്വാസം നേടാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്നും ഫ്‌ളിന്റ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലേബറിനുണ്ടായിരുന്ന മുന്‍തൂക്കം തകര്‍ത്ത് കണ്‍സര്‍വേറ്റീവ് നേട്ടമുണ്ടാക്കിയിരുന്നു.

ലോക്കല്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ സ്വാധീനിക്കപ്പെട്ടതില്‍ ഒരു വലിയ ഘടകം ബ്രെക്‌സിറ്റ് തന്നെയാണെന്ന് ജെറമി കോര്‍ബിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് സ്ട്രാറ്റജി സ്റ്റീവ് ഹോവെലും പ്രതികരിച്ചു. ലേബര്‍ റിമെയിന്‍ നിലപാട് ശക്തമായി സ്വീകരിക്കുന്ന പ്രദേശങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇത് കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

ചില ഹൈബ്രിഡ് മോഡലുകള്‍ നിരോധിക്കപ്പെട്ടേക്കാമെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ വ്യവസായ മേഖല ജാഗ്രതയില്‍. പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങളനുസരിച്ച് ഇന്ധനവും വൈദ്യുതിയും ഉപയോഗിച്ച് ഓടുന്ന കാറുകളില്‍ ചിലത് നിരോധിക്കപ്പെട്ടേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വൈദ്യുതി ഉപയോഗിച്ച് 50 മൈല്‍ വരെ എത്താത്ത കാറുകള്‍ 2040നുള്ളില്‍ റോഡുകളില്‍ നിന്ന് പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യുകെയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹൈബ്രിഡ് കാറായ ടൊയോട്ട പ്രയസിനെ ഈ നിരോധനം ബാധിച്ചേക്കും.

ഇത്തരത്തില്‍ തെറ്റായ സൂചനകള്‍ നല്‍കുന്ന സര്‍ക്കാര്‍ സന്ദേശങ്ങള്‍ കാര്‍ വ്യവസായത്തെ ബാധിക്കുമെന്നും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും എസ്എംഎംടിയുടെ കാര്‍ വ്യവസായ ഘടകം പറഞ്ഞു. അതേസമയം ഹൈബ്രിഡുകള്‍ നിരോധിക്കാന്‍ പദ്ധതികളൊന്നുമില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ റോഡ് ടു സീറോ കാര്‍ എമിഷന്‍ നയം ഉടന്‍ തന്നെ പുറത്തു വിടുമെന്നാണ് കരുതുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസും ഓട്ടോകാറും റിപ്പോര്‍ട്ട് ചെയ്യുന്നു.

2040ഓടെ യുകെയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്ന് ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹൈബ്രിഡ് മോഡലുകളുടെ കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ റോഡ് ടു സീറോ നയം പ്രഖ്യാപിച്ചാല്‍ മാത്രമേ വ്യക്തതയുണ്ടാകൂ. അതാണ് ഇത്തരം അഭ്യൂഹങ്ങള്‍ പടരാന്‍ കാരണമെന്ന് വിലയിരുത്തലുണ്ട്. ഫിനാന്‍ഷ്യല്‍ ടൈംസും ഓട്ടോകാറും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് 50 മൈല്‍ വൈദ്യുതി ഉപയോഗിച്ച് ഓടാന്‍ കഴിയാത്ത കാറുകള്‍ നിരോധിക്കപ്പെട്ടേക്കുമെന്ന് പരാമര്‍ശിച്ചിരിക്കുന്നത്.

മുസഫര്‍പുര്‍: ഡല്‍ഹിയിലേക്ക് പോയ ബസ് ബിഹാറിലെ മോത്തിഹാരിയില്‍ അപകടത്തില്‍ പെട്ട് കത്തി 24ലേറെ പേര്‍ മരിച്ചുവെന്ന ‘ഞെട്ടിപ്പിക്കുന്ന’ വാര്‍ത്ത കേട്ടയുടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിക്കുകയും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അധികം വൈകാതെ മരണ സംഖ്യ കുറഞ്ഞു, പിന്നെ ആരും മരിച്ചില്ലെന്ന് സ്ഥിരീകരണം വന്നു. ദേശീയ തലത്തില്‍ തമാശയായി മാറിയ ആ വാര്‍ത്ത പിറന്നതും തളര്‍ന്നതും ഇങ്ങനെയാണ്.

വ്യാഴാഴ്ച വൈകുന്നേരം 4.15നാണ് ബിഹാറിലെ മുസഫര്‍പുരില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ ബസ് മറിഞ്ഞ് തീപിടിച്ചത്. ഈസ്റ്റ് ചമ്പാരണിലെ കോട്‌വാനില്‍ മോത്തിഹാരിയിലാണ് അപകടമുണ്ടായത്. 42 യാത്രക്കാരുണ്ടായിരുന്ന ബസ് കത്തിപ്പോയെന്നും എട്ടുപേരില്‍ കൂടുതല്‍ പേര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. അപ്പോള്‍ മരണ സംഖ്യ 30ല്‍ കുറയില്ല. അതിനിടെ മന്ത്രി ദിനേശ് ചന്ദ്ര യാദവ് 24 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തു.

അതേ സമയമാണ് പട്‌നയില്‍ ട്രാഫിക് വാരാചരണത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവം അറിഞ്ഞതും അനുശോചന സന്ദേശത്തോടൊപ്പം മരിച്ചവര്‍ക്ക് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതും. അടിയന്തിര നടപടികള്‍ക്ക് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊട്ടുപിന്നാലെ അനുശോചന സന്ദേശവും മരിച്ചവര്‍ക്കുള്ള പ്രാര്‍ഥനകളും വാര്‍ത്താ ഏജന്‍സിയോട് പങ്കുവെച്ചു. എന്നാല്‍ 7.30 ഓടെ വെറും 13 യാത്രക്കാരും നാല് ജീവനക്കാരും മാത്രമേ ബസിലുണ്ടായിരുന്നുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി. ബാക്കി 27 പേര്‍ കയറേണ്ട ഗോപാല്‍ഗഞ്ജ് എത്തുന്നതിന് മുമ്പാണ് ബസ് മറിഞ്ഞത്. ഇതില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. അവരെ നാട്ടുകാര്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ എത്തി തീയണച്ച ശേഷം ഗ്യാസ് കട്ടറുപയോഗിച്ച് ബസ് പൊളിച്ചു മാറ്റി. ഒരു മൃതദേഹം പോലും കണ്ടുകിട്ടിയില്ല. ആരും മരിച്ചിട്ടില്ലെന്നു കേട്ടതോടെ പ്രദേശം ശാന്തമായി. രക്ഷപ്പെട്ട് ആശുപത്രിയില്‍ എത്തിയവര്‍ ബസിലുണ്ടായവരുടെ എണ്ണം തെറ്റായി പറഞ്ഞതാണ് വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്. ഇത് സ്ഥിരീകരിക്കാന്‍ വാര്‍ത്താ വിനിമയ ശൃംഖലയും വേണ്ടത്ര കാര്യക്ഷമമല്ലായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

 

ചണ്ഡിഗഢ്: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകരുടെ മഹാപ്രക്ഷോഭം വരുന്നു. കാര്‍ഷിക വിളകള്‍ വിപണിയിലേക്ക് നല്‍കാതെ 10 ദിവസത്തെ പ്രക്ഷോഭത്തിനാണ് കളമൊരുങ്ങുന്നത്. കിസാന്‍ ഏകത മഞ്ച്, രാഷ്ട്രീയ കിസാന്‍ മഹാ സംഘ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍ അങ്ങനെ എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും 10 ദിവസം വിപണിയിലെത്തില്ല. ജൂണ്‍ ഒന്നിനാണ് സമരം തുടങ്ങുന്നത്. കാര്‍ഷിക വിളകള്‍ക്ക് നിശ്ചിത വില ഉറപ്പ് നല്‍കുന്ന പദ്ധതി നടപ്പിലാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നിവയാണ്‌ കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.

വടക്കേ ഇന്ത്യയിലേയും മധ്യേന്ത്യയിലേയും കര്‍ഷകര്‍ ഇക്കാലത്ത് ജൂണ്‍ ഒന്ന് മുതല്‍ 10 വരെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കില്ല. 10 ദിവസത്തേക്ക് കര്‍ഷകര്‍ അവധിയെടുക്കും-ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ബല്‍ബീര്‍ സിങ് രാജേവാള്‍ അറിയിച്ചു.

യു.പി, ഗുജറാത്ത്, മഹാരാഷ് ട്ര, ഹരിയാണ, പഞ്ചാബ്, ഹിമാചല്‍ എന്നിവടങ്ങളിലെ കര്‍ഷകര്‍ സമരസമിതി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.

ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ ഇന്ന് മുതല്‍ കാര്യമായ വര്‍ദ്ധനയുണ്ടായേക്കുമെന്ന് സൂചന. 2018ലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നേക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബിറ്റ്‌കോയിന്റെ ഓപ്പണ്‍ സോഴ്‌സ് കോഡില്‍ ഡവലപ്പര്‍മാര്‍ വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണം. 2017 ഒടുവിലുണ്ടായ മൂല്യവര്‍ദ്ധനയക്കൊപ്പം ബിറ്റ്‌കോയിന്‍ മൂല്യം വര്‍ദ്ധിച്ചേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. നിലവില്‍ ബിറ്റ്‌കോയിന്‍ മൂല്യം സ്ഥിരമായി വര്‍ദ്ധന കാണിക്കുന്നുണ്ട്. ഇന്ന് 3.64 ശതമാനം കൂടി വര്‍ദ്ധിച്ച് മൂല്യം 9698.12 ഡോളര്‍ ആയി മാറുമെന്നാണ് കണക്കുകൂട്ടല്‍. മറ്റ് ഡിജിറ്റല്‍ കറന്‍സികളിലും മൂല്യവര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനാല്‍ ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റ് ഈയാഴ്ച ഉണര്‍വിലാണ്.

എഥീരിയം 803 ഡോളറും റിപ്പിള്‍ 0.906 ഡോളറും ലൈറ്റ്‌കോയിന്‍ 162.71 ഡോളറും വര്‍ദ്ധന കാണിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ക്രിപ്‌റ്റോകറന്‍സികളില്‍ പ്രതിദിനം 100 ഡോളര്‍ എന്ന കണക്കില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ബുള്ളിഷ് വിപണി ഏപ്രില്‍ അന്ത്യത്തോടെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം ഉയര്‍ത്തിയെന്ന് വിലയിരുത്തപ്പെടുന്നു. ബിറ്റ്‌കോയിനില്‍ വരുത്തിയ മാറ്റങ്ങള്‍ ഇതിന്റെ മൂല്യം ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിക്കുകയും ചെയ്തു. പുതിയ ഡവലപ്പര്‍മാരെ അംഗീകരിക്കാനും അതിന്റെ ഓപ്പണ്‍ സോഴ്‌സ് കോഡില്‍ മാറ്റങ്ങള്‍ വരുത്തി ക്രിപ്‌റ്റോ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ചെയ്യാനും ട്രാന്‍സാക്ഷന്‍ രീതികള്‍ വിപുലമാക്കാനും ബിറ്റ്‌കോയിന്‍ തയ്യാറാകുന്നതാണ് ഈ വിപണി മൂല്യത്തിന് കാരണം.

കഴിഞ്ഞ 50 ദിവസങ്ങള്‍ക്കിടെ 21 കോഡ് സബ്മിഷനുകളാണ് ബിറ്റ്‌കോയിനില്‍ ഉണ്ടായിരിക്കുന്നത്. ബിറ്റ്‌കോയിന്‍ വെറ്ററന്‍മാരില്‍ നിന്നാണ് ഇത്തരം സംഭാവനകള്‍ ഏറെയും ഉണ്ടായിരിക്കുന്നത്. റോക്ക്‌ഫെല്ലര്‍ ഫാമിലി പോലെയുള്ളവര്‍ ബിറ്റ്‌കോയിന്‍ നിക്ഷേപകരുടെ ആശങ്കകള്‍ ഇല്ലാതാക്കുന്നതില്‍ മികച്ച പങ്കാണ് വഹിക്കുന്നത്. ഇതുതന്നെയാണ് ഇപ്പോള്‍ വിപണിയില്‍ ഉണര്‍വുണ്ടാകാന്‍ കാരണവും.

ദേശീയ അവാർഡ് ആര് തരുന്നു എന്നല്ല, അതിന്റെ മഹത്വത്തെക്കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്. പുതിയ തലമുറയിലെ സിനിമാപ്രവർത്തകരെ ആരൊക്കെയോ ചേർന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. ആ അംഗീകാരത്തിന്റെ വലുപ്പം തിരിച്ചറിയാതെ പോയതിൽ സങ്കടമുണ്ട്.

ഭാഗ്യവശാൽ 1996 മുതൽ ഏഴുപ്രാവശ്യം ദേശീയ അവാർഡ് നേടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു സിനിമാപ്രവർത്തകൻ എന്ന നിലയിൽ സ്വപ്നതുല്യമായ രാഷ്ട്രത്തിന്റെ ആദരവാണത്. ആ ബഹുമതി പ്രഖ്യാപിക്കുന്ന സമയംമുതൽ അതിന്റെ വ്യാപ്തി തിരിച്ചറിയാം. അത് ആര് തരുന്നു എന്നതിനപ്പുറം അതിന്റെ മഹത്വം തന്നെയാണ് പ്രധാനം. അത് ഇന്ത്യയുടെ പരമോന്നത പൗരന്റെ കൈയിൽനിന്നാകുമ്പോൾ അതിന്റെ മാറ്റുകൂടും.

1996-ൽ മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാർഡാണ് എന്റെ ദേശാടനം നേടിയത്. ആ അംഗീകാരം എനിക്ക് തന്നത് രാഷ്ട്രപതിയായിരുന്നില്ല, അന്നത്തെ ദാദ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ ഡോക്ടർ രാജ്കുമാറായിരുന്നു. പൊന്തൻമാടയ്ക്ക് അംഗീകാരം കിട്ടിയപ്പോൾ രാഷ്ട്രപതിക്ക് പകരം ദിലീപ് കുമാറാണ് അവാർഡ് സമ്മാനിച്ചതെന്ന് കേട്ടിട്ടുണ്ട്. അതിനാൽ ഇതൊന്നും പുതുമയുള്ള കാര്യങ്ങളല്ല. ദേശീയ അവാർഡുദാന ചടങ്ങിന്റെ റിഹേഴ്‌സലിൽ തന്നെ ചടങ്ങിന്റെ രീതികൾ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി അതിനായി ഒരുമണിക്കൂർ സമയമാണ് അനുവദിച്ചത്. ആ സമയം 11 പേർക്ക് അവാർഡ് നൽകാനും ബാക്കിയുള്ളവർക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടുമാണ് അവർ പ്ലാൻ ചെയ്തത്. പക്ഷേ, അവാർഡ് ജേതാക്കൾ രാഷ്ട്രപതിയിൽനിന്നുള്ള അംഗീകാരത്തിനായി ആഗ്രഹം പ്രകടിപ്പിച്ചു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വന്ന് പരിമിതികൾ വ്യക്തമാക്കി.

അത് കഴിഞ്ഞ് അശോക ഹോട്ടലിലെത്തിയ അവാർഡ് ജേതാക്കൾ സംഘടിച്ചു. അതിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. തുടർന്ന് രാഷ്ട്രപതിയിൽനിന്ന് അവാർഡ് സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള നിവേദനം തയ്യാറാക്കാൻ പ്ലാൻ ചെയ്തു. എല്ലാവരുടേയും കൂട്ടായ്മ എന്ന നിലയിൽ സഹപ്രവർത്തകരുടെ വേദന പങ്കുവയ്ക്കുന്ന നിവേദനത്തിൽ ഞാനും ദാസേട്ടനും ഒപ്പുവെച്ചു. ഇത് നിവേദനം മാത്രമാണ്. ബഹിഷ്‌കരണം പാടില്ലെന്ന് ഞങ്ങൾ പലവട്ടം പറഞ്ഞിരുന്നു.

രണ്ട് മണിക്കായിരുന്നു ചടങ്ങ് തുടങ്ങുന്നത്. ഒപ്പുശേഖരണം സമർപ്പിച്ചത് ഒരു മണിക്ക്. അത് മിനിസ്ട്രിയിൽ നിന്ന് രാഷ്ട്രപതിയുടെ ഓഫീസിൽ പോയി മറുപടി വരുന്നതിന്റെ കാലതാമസം ആരും ആലോചിച്ചില്ല. തുടർന്ന് എല്ലാവരും പ്രസിഡന്റിന്റെ തീരുമാനത്തിനെതിരായി മാധ്യമങ്ങളിൽ സംസാരിക്കാൻ തുടങ്ങി. ആ പ്രതിഷേധം ഭരണഘടനയ്ക്ക് എതിരേയുള്ള സംസാരമാണെന്ന് ശേഖർ കപുർ പലവട്ടം ഓർമിപ്പിച്ചു. പക്ഷേ, ആത്മസംയമനത്തോടെ ഈ വിഷയം കൈകാര്യം ചെയ്യാതെ ചിലർ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ചു. സാധാരണ തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവൽ നടക്കുമ്പോൾ നടത്തുന്ന പ്രതിഷേധംപോലെ അത് മാറി. അത് അങ്ങനെയാക്കി മാറ്റാനും രാഷ്ടീയവത്കരിക്കാനും ചിലർ ശ്രമിച്ചു. അവാർഡ് ജേതാക്കൾക്കൊപ്പം വന്ന കുടുംബാംഗങ്ങൾ അസുലഭമുഹൂർത്തത്തിന് സാക്ഷിയാകാതെ തിരിച്ചുപോകുന്നത് കണ്ട് സങ്കടം തോന്നിയിട്ടുണ്ട്.

കാലം കഴിഞ്ഞാലും ചരിത്രത്തിൽ രേഖപ്പെടുത്തുന്ന, മലയാള ഭാഷയ്ക്ക് കിട്ടിയ അംഗീകാരത്തെയാണ് ചിലർ ചേർന്ന് നിന്ദിച്ചത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ ആദ്യത്തെ സംഭവമാണത്. അങ്ങനെ പാടില്ലായിരുന്നു. ബഹിഷ്കരിച്ചവർക്ക് അത് തീരാനഷ്ടമായിരിക്കും…

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തെ ചൊല്ലിയുണ്ടായ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അദ്ദേഹം അതൃപ്തി അറിയിച്ചു. പ്രോട്ടോകോള്‍ പ്രകാരം ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂവെന്ന് വാര്‍ത്താ വിതരണ മന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇത് അവസാന നിമിഷത്തെ മാറ്റമായി വാര്‍ത്താവിതരണ മന്ത്രാലയം അവതരിപ്പിച്ചതില്‍ അതൃപ്തിയുണ്ടെന്നും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അശോക് മാലിക് സൂചിപ്പിക്കുന്നു.

പുരസ്‌കാര ജേതാക്കള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ ക്ഷണക്കത്തില്‍ രാഷ്ട്രപതി വിതരണം ചെയ്യുമെന്നായിരുന്നു. മേയ് ഒന്നിന് രാഷ്ട്രപതിയെ സന്ദര്‍ശിച്ച വാര്‍ത്താവിനിമയ മന്ത്രാലയം സെക്രട്ടറി എന്‍.കെ സിന്‍ഹ, രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കേണ്ടവരുടെ പട്ടിക നല്‍കുകയും ചെയ്തിരുന്നു.

ദേശീയ പുരസ്‌കാര വിതരണത്തില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂവെന്ന് മാര്‍ച്ച് അവസാനത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ചടങ്ങ് വിജ്ഞാന്‍ ഭവനില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാറ്റാനും നിശ്ചയിച്ചിരുന്നു. എന്നാല്‍ അനുയോജ്യമായ ഓഡിറ്റോറിയം രാഷ്ട്രപതി ഭവനില്‍ ഇല്ലാത്തതിനാല്‍ പിന്നീട് നടന്ന ചര്‍ച്ചയിലെ ധാരണപ്രകാരമാണ് വിജ്ഞാന്‍ ഭവനില്‍ തന്നെ ചടങ്ങ് നടത്തിയത്.

അതേസമയം, ദേശീയ പുരസ്‌കാര വിതരണത്തിന് അടുത്ത വര്‍ഷം മുതല്‍ പുതിയ പ്രോട്ടോക്കോള്‍ വരുമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രധാന പുരസ്‌കാരങ്ങള്‍ മാത്രമായിരിക്കും രാഷ്ട്രപതി നല്‍കുക. ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം മാത്രമായിരിക്കും രാഷ്ട്രപതി നല്‍കുക.

കഴിഞ്ഞ ദിവസം നടന്ന പുരസ്‌കാര ചടങ്ങില്‍ 11 പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മറ്റുള്ളവര്‍ക്ക് വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂവെന്ന് പുരസ്‌കാരം സ്വീകരിക്കാനായി രാജ്യതലസ്ഥാനത്ത് എത്തിയ ശേഷമാണ് അവാര്‍ഡ് ജേതാക്കള്‍ അറിഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കം 68 പേര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് ലോക്കൽ കൗൺസിൽ ഇലക്ഷനിൽ നാലു മലയാളികൾക്ക് ഉജ്ജ്വല വിജയം. വിജയിച്ച നാലുപേരും ഒരേ പാർട്ടിയുടെ ലേബലിൽ മത്സരിച്ചവരാണ്.  ന്യൂഹാം  കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വാൾ എൻഡ് വാർഡിൽ മത്സരിച്ച ഓമനക്കുട്ടി ഗംഗാധരൻ 2885 വോട്ടുകളോടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഈസ്റ്റ് ഹാം സെൻട്രൽ വാർഡിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച സുഗതൻ തെക്കേപ്പുരയിൽ 2568 വോട്ടുകൾ നേടി വൻ വിജയം കരസ്ഥമാക്കി. കേംബ്രിഡ്ജിൽ ബൈജു തിട്ടാലയും ക്രോയ്ഡോണിൽ മഞ്ജു ഷാഹുൽ ഹമീദും വിജയിച്ചു. കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൺ വാർഡിൽ നിന്നും മത്സരിച്ച ബൈജു വർക്കി തിട്ടാല 1107 വോട്ടുകളാണ് നേടിയത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായാണ് ലോയറായ ബൈജു തിട്ടാല മത്സരിച്ചത്. മുൻ ക്രോയ്ഡോൺ മേയറായ മഞ്ജു ഷാഹുൽ ഹമീദ് ബ്രോഡ്ഗ്രീൻ വാർഡിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടി സ്ഥാനാർത്ഥിയാണ് സോഫ്റ്റ് വെയർ എഞ്ചിനീയറായ മഞ്ജു.

സ്വിൻഡൻ കൗൺസിലിലേയ്ക്ക് മത്സരിച്ച റോയി സ്റ്റീഫൻ പരാജയപ്പെട്ടു. വാൽക്കോട്ട് ആൻഡ് പാർക്ക് നോർത്ത് വാർഡിൽ കൺസർവേറ്റീവ് ലേബലിൽ മത്സരിച്ച റോയി ലേബർ പാർട്ടി സ്ഥാനാർത്ഥിയോടാണ് തോറ്റത്. ബേസിംഗ്സ്റ്റോക്ക് കൗൺസിലിലെ ഈസ്ട്രോപ് വാർഡിൽ മത്സരിച്ച സജീഷ് ടോമിനും വിജയിക്കാനായില്ല. ലിബറൽ ഡെമോക്രാറ്റിന്റെ ഗാവിൻ ജയിംസ് 692 വോട്ടോടെ ഇവിടെ ജയിച്ചു. ലേബർ പാനലിൽ മത്സരിച്ചസജീഷ് ടോം 322 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി.

ഇലക്ഷനിൽ വിജയിച്ച ഓമന ഗംഗാധരനും സുഗതൻ തെക്കേപ്പുരയ്ക്കും ബൈജു തിട്ടാലയ്ക്കും മഞ്ജു ഷാഹുൽ ഹമീദിനും മലയാളം യുകെ ന്യൂസ്‌ ടീമിന്റെ അഭിനന്ദനങ്ങള്‍.

RECENT POSTS
Copyright © . All rights reserved