Main News

പാക്കിസ്ഥാനിലെ പെഷവാറിലെ ബച്ച ഖാന്‍ യൂണിവേഴ്സിറ്റിയില്‍ ഭീകരര്‍ നടത്തിയ വെടി വയ്പ്പില്‍ മുപ്പതിലധികം പേര്‍ മരിച്ചു. യൂണിവേഴ്സിറ്റി ക്യാമ്പസിലെ ബോയ്സ് ഹോസ്റ്റലിലെ താമസക്കാരാണ് മരിച്ചവരില്‍ അധികവും. പോലീസും ഭീകര വിരുദ്ധ സേനയും കാമ്പസ് വളഞ്ഞിരിക്കുകയാണ്. താലിബാന്‍ ഭീകരര്‍ ആണ് തോക്കുമായി യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് ഇരച്ചു കയറി വെടിയുതിര്‍ത്തത്.
വെടിവയ്പില്‍ മരിച്ചവരില്‍ വിദ്യാര്‍ഥികളും സുരക്ഷാ സൈനികരും, അദ്ധ്യാപകരും ഉള്‍പ്പെടും. എകെ 47 തോക്കുകളുമായി കടന്ന്‍ കയറിയ ഭീകരര്‍ മിക്ക വിദ്യാര്‍ത്ഥികളുടെയും തലയ്ക്ക് ആണ് വെടി വച്ചത് എന്ന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പുലര്‍ച്ചെ കനത്ത മൂടല്‍ മഞ്ഞ് ഉള്ളതിന്റെ മറ പറ്റിയാണ് ഭീകരര്‍ യൂണിവേഴ്സിറ്റിയ്ക്കുള്ളില്‍ പ്രവേശിച്ചത് എന്ന് രക്ഷപെട്ട വിദ്യാര്‍ഥികള്‍ പറഞ്ഞു.

bacha khan

മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന്‍ എല്ലാവരും രക്ഷപ്പെടാന്‍ പരക്കം പഞ്ഞെന്നും ബാത്ത്‌റൂമിലും മറ്റുമായി ഒളിച്ചിരുന്നതിനാല്‍ ആണ് തങ്ങള്‍ രക്ഷപെട്ടത് എന്നും ഇവര്‍ പറഞ്ഞു. ഇതിനിടയില്‍ തന്‍റെ പിസ്റ്റള്‍ ഉപയോഗിച്ച് തീവ്രവാദികളെ നേരിട്ട സയ്യദ് ഹമീദ് ഹുസൈന്‍ എന്ന അദ്ധ്യാപകന്‍ നിരവധി വിദ്യാര്‍ത്ഥികളെ രക്ഷിച്ചു. ഇദ്ദേഹം പക്ഷെ തീവ്രവാദികളുടെ തോക്കിന് ഇരയായി.

bacha khan2

പോലീസും സുരക്ഷാ സൈനികരും ചേര്‍ന്ന്‍ ക്യാമ്പസിലെ ആളുകളെ മുഴുവനും ഒഴിപ്പിച്ചിരിക്കുകയാണ്. 90 ശതമാനം ഏരിയയും തങ്ങളുടെ നിയന്ത്രണത്തില്‍ ആയെന്ന് അവകാശപ്പെട്ട അധികൃതര്‍ ഇപ്പോഴും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ് എന്നും അറിയിച്ചു.

 

സ്വാന്‍സിയിലെ പ്രമുഖ റീട്ടെയില്‍ വ്യാപാര മേഖലയായ പാര്‍ക്ക് ടാവേ റീട്ടെയില്‍ പാര്‍ക്കിലെ വ്യാപാര സ്ഥാപനങ്ങള്‍ താത്ക്കാലികമായി ഒഴിപ്പിക്കുന്നു. സിറ്റി സെന്‍റര്‍ വികസനങ്ങളുടെ ഭാഗമായി നടത്തുന്ന പുനര്‍ നിര്‍മ്മാണ പ്രക്രിയകള്‍ക്കായാണ് പാര്‍ക്ക് ടാവേയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുന്നതിനായി തീരുമാനമെടുത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇത് സംബന്ധിച്ച് നടന്ന നിയമയുദ്ധത്തില്‍ ഡെവലപ്പര്‍ ആയ ഹാമെഴ്സന് അനുകൂലമായ വിധി ലഭിച്ചത്.
പത്ത് മില്ല്യന്‍ പൗണ്ടിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ലക്‌ഷ്യം വയ്ക്കുന്ന പാര്‍ക്ക് പുനര്‍ നിര്‍മാണം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ മുന്നൂറോളം പേര്‍ക്ക് കൂടി പുതിയതായി ജോലി ലഭിക്കുമെന്നും ഹാമെഴ്സന്‍ പറഞ്ഞു. ഇപ്പോഴുള്ള പഴയ കെട്ടിടങ്ങള്‍ എല്ലാം പുനര്‍ നിര്‍മ്മിക്കുന്നതിനൊപ്പം ഫാമിലി ഫ്രണ്ട്ലിയായിട്ടുള്ള പുതിയ ഒരു ബിസിനസ്, റീട്ടെയില്‍ പാര്‍ക്ക് ആണ് ലക്ഷ്യമിടുന്നതെന്നും ഇദ്ദേഹം അറിയിച്ചു. ലെഷര്‍ സെന്ററുകളും ഓഫീസുകളും ഒക്കെയുള്‍പ്പെടെ ആധുനിക രീതിയില്‍ ആയിരിക്കും പുതിയ പാര്‍ക്ക് വരിക.

park tawe

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി കഴിഞ്ഞു. ഇതനുസരിച്ച് പല സ്ഥാപനങ്ങളും പുതിയ ലാവണങ്ങള്‍ തേടിക്കഴിഞ്ഞു. 21 വര്‍ഷമായി പാര്‍ക്ക്‌ ടാവെയില്‍ പ്രവര്‍ത്തിക്കുന്ന ജോ ഐസ്ക്രീം പൂട്ടാന്‍ തീരുമാനിച്ചു കഴിഞ്ഞു. നഗരത്തില്‍ മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്ഥാപന ഉടമകള്‍. ഇത് നേരത്തെ പ്രതീക്ഷിച്ച തങ്ങള്‍ ലാന്‍സാംലെറ്റില്‍ അസ്ദയുടെ സമീപ്പത്ത് ആരംഭിച്ച പുതിയ ഷോപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കഴിഞ്ഞുവെന്ന്‍ ജോ ഐസ്ക്രീം കമ്പനി ഡയരക്ടര്‍ സ്റ്റീഫന്‍ പീറ്റര്‍ പറഞ്ഞു.

വൈബ്രന്‍റ് വേപ്പേഴ്സ്, കോഫീ ലോഞ്ച് എന്നീ സ്ഥാപനങ്ങള്‍ പ്രിന്‍സ്സസ് വേയിലേക്ക് മാറുവാന്‍ തീരുമാനം എടുത്തു. ജനുവരി 26 മുതല്‍ ഇവര്‍ പ്രിന്‍സ്സസ് വേയിലെ പുതിയ ഷോപ്പുകളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ടോയ്സ് ആര്‍ അസ്, ഓഡിയോണ്‍ തുടങ്ങിയ വലിയ സ്ഥാപനങ്ങള്‍ പാര്‍ക്ക് റീ ഓപ്പണ്‍ ചെയ്യുമ്പോള്‍ അതില്‍ തന്നെ വീണ്ടും തുടങ്ങാന്‍ ആണ് തീരുമാനം.

മോര്‍ ഗ്രീന്‍ കമ്മ്യൂണിറ്റി ഷോപ്പ് അടച്ച് പൂട്ടാന്‍ ആണ് തീരുമാനിച്ചിരിയ്ക്കുന്നത്. തന്മൂലം ഇപ്പോഴുള്ള സ്റ്റോക്ക് വില കുറച്ച് വിറ്റഴിച്ച് ഫെബ്രുവരി 25ന് ഷോപ്പിന്‍റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആണ് ഇവരുടെ ശ്രമം.

 

തന്‍റെ പേരില്‍ വ്യാജ അഭിമുഖം പ്രസിദ്ധീകരിച്ച മംഗളത്തിനെതിരെ നടി മമത മോഹന്‍ദാസ്‌ രംഗത്ത്. ‘പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം മംഗളം പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെ ആണ് മമത മോഹന്‍ദാസ്‌ രംഗത്ത് വന്നിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങളില്‍ മമതയുടെതായ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെയാണ് തങ്ങള്‍ക്ക് ലഭിച്ച പ്രത്യേക അഭിമുഖം എന്ന നിലയില്‍ മംഗളം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിനെ തുടര്‍ന്നാണ്‌ തന്‍റെ ഫേസ്ബുക്ക് പേജില്‍ മമത ഇത് വ്യാജമാണെന്ന് പറഞ്ഞ് പോസ്റ്റ്‌ ഇട്ടത്. മംഗളത്തിന്‍റെ ഫേസ്ബുക്ക് കാര്‍ഡ് സഹിതമായിരുന്നു മമതയുടെ പോസ്റ്റ്.
പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍ എന്ന പേരില്‍ ഫേസ്ബുക്ക് കാര്‍ഡ് ഉള്‍പ്പെടെ ഇറക്കി മംഗളം പ്രചരിപ്പിച്ച വാര്‍ത്തയില്‍ നാല് സബ് ഹെഡ്ഡിംഗുകളും കൊടുത്തിരുന്നു. ആത്മസുഹൃത്ത് ആയ പ്രജിത്ത് വിവാഹ ശേഷം മാനസികമായി അകന്നു, ദിലീപേട്ടന്‍ ടു കണ്ട്രീസ് എനിക്ക് വേണ്ടി മാസങ്ങളോളം മാറ്റി വച്ചു, ഇനിയൊരു വിവാഹം, സ്നേഹിക്കാന്‍ അറിയുന്ന നാട്ടിന്‍പുറത്ത്കാരന്‍ മതി, ഇന്ത്യയില്‍ ലഭിക്കുന്ന ക്യാന്‍സര്‍ ഔഷധങ്ങള്‍ പലതും ഒറിജിനല്‍ അല്ല തുടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു മമത പറഞ്ഞ കാര്യങ്ങള്‍ ആയി മംഗളം ശീര്‍ഷകങ്ങള്‍ നല്‍കി പ്രസിദ്ധീകരിച്ചത്.

mamatha

എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം തെറ്റായി വ്യാഖ്യാനിച്ചതും വ്യജവുമാണെന്ന് മമത പറയുന്നു. പ്രസിദ്ധീകരണത്തിന്റെ വില്‍പ്പനയ്ക്കായി എന്തും ചെയ്യുന്നവര്‍ എന്ന്‍ മംഗളത്തെ പരിഹസിച്ച മമത ഇക്കാര്യത്തില്‍ രൂക്ഷമായ പ്രതികരണം ആണ് നടത്തിയത്. തനിക്ക് രോഗമാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ആരും സഹതപിക്കാന്‍ വരേണ്ടതില്ല എന്ന്‍ പറഞ്ഞിട്ടുള്ള മമതയ്ക്ക് സഹതാപം നേടിക്കൊടുക്കുന്ന രീതിയില്‍ തയ്യാറാക്കിയ അഭിമുഖം താന്‍ അറിയാതെയാണ് എന്ന്‍ മമത വ്യക്തമാക്കിയതിനൊപ്പം തന്നെപ്പോലെയുള്ളവര്‍ ഏറ്റവും അവസാനമായി പ്രതീക്ഷിക്കുന്ന കാര്യമാണ് സഹതാപം എന്നും മമത പറയുന്നു.

രണ്ടാമതും ക്യാന്‍സര്‍ രോഗത്തിന് ഇരയായ മമത അത്ഭുതകരമായ തിരിച്ചു വരവായിരുന്നു നടത്തിയത്. ഇതിന് ശേഷം ദിലീപിനൊപ്പം നായികയായി അഭിനയിച്ച ടു കണ്ട്രീസ് ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്.

ലണ്ടന്‍: അഭയാര്‍ത്ഥികള്‍ ആദ്യമെത്തുന്ന രാജ്യത്ത് രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ ഇല്ലാതാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഈ നീക്കം യൂണിയന്‍ അംഗത്വ വിഷയത്തില്‍ ഹിതപരിശോധനയിലേക്ക് നീങ്ങുന്ന ബ്രിട്ടന് മേല്‍ സമ്മര്‍ദ്ദമേറ്റുമെന്നും സൂചനയുണ്ട്. അഭയാര്‍ത്ഥികള്‍ ആദ്യമെത്തുന്ന രാജ്യത്ത് രജിസ്റ്റര്‍ ചെയ്യണമെന്ന ഡബ്ലിന്‍ കരാറിലെ വ്യവസ്ഥ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കുണ്ടായ വേളയില്‍ പാലിക്കപ്പെട്ടിരുന്നില്ല. ഇറ്റലിയിലും ഗ്രീസിലും ഒക്കെയായി വന്‍ തോതില്‍ അഭയാര്‍ത്ഥികള്‍ എത്തിയപ്പോള്‍ ഈ നിയമം നടപ്പാക്കാന്‍ സ്വഭാവികമായും ബുദ്ധിമുട്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ഇവര്‍ ഇവിടെ നിന്ന് പിന്നീട് ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയി. അഭയാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ ഗ്രീസിന് വീഴ്ച സംഭവിച്ചെന്ന റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നത്. ജര്‍മനിയെ പോലെ അഭയാര്‍ത്ഥികള്‍ അവസാനമെത്തിച്ചേര്‍ന്ന രാജ്യത്ത് ഇവരുടെ രജിസ്‌ട്രേഷന്‍ നടത്തുകയും വിരലടയങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
ഡബ്ലിന്‍ നിയമപ്രകാരം കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ ബ്രിട്ടന് അവകാശമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഭേദഗതി വരുന്നതോടെ അഭയാര്‍ത്ഥികള്‍ എത്തിയത് ആദ്യമായി തങ്ങളുടെ രാജ്യത്തല്ലെന്ന് പറഞ്ഞ് അവരെ തിരിച്ചയക്കാന്‍ ബ്രിട്ടന് ഇനി സാധിക്കില്ല. ഈ ഭേദഗതിയിലൂടെ അഭയാര്‍ത്ഥികള്‍ക്ക് ഏത് രാജ്യത്തേക്കും കടക്കാനും അവിടെ താമസമാക്കാനുമാകും.

യൂറോപ്യന്‍ യൂണിയന്റെ ഭാഗമെന്ന നിലയില്‍ ബ്രിട്ടന് കുടിയേറ്റ നയത്തില്‍ യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കുന്നതല്ല. സെപ്റ്റംബറില്‍ ജര്‍മനിയിലെത്തുന്ന അഭയാര്‍ത്ഥികളെ തിരിച്ചയക്കില്ലെന്ന ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കലിന്റെ പ്രഖ്യാപനത്തോടെ തന്നെ ഡബ്ലിന്‍ കരാര്‍ ഇല്ലാതായെന്ന് പറയാം. അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യം ചെയ്യാനായി കരാറില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശവും മെര്‍ക്കല്‍ മുന്നോട്ട് വച്ചിരുന്നു.
1990ല്‍ അയര്‍ലന്റിന്റെ തലസ്ഥാനത്തമായ ഡബ്ലിനില്‍ നടന്ന ഉച്ചകോടിയിലാണ് ഈ നിയമം നിലവില്‍ വന്നത്. കരാര്‍ ദീര്‍ഘകാലമായി ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ലണ്ടന്‍: ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലുകളില്‍ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ വര്‍ദ്ധിക്കുന്നതായി പഠനം. പ്രൈം ടൈമിലെ ഓരോ മണിക്കൂറിലും ശരാശരി അഞ്ച് ലൈംഗിക പരാമര്‍ശങ്ങള്‍ ബ്രിട്ടീഷ് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതായാണ് കണ്ടെത്തല്‍. സ്ത്രീകളെക്കാള്‍ പുരുഷന്‍മാരാണ് ഈ സമയത്ത് ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതെന്നും ചാനല്‍ ഫോര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. രാത്രി ഏഴിനും പതിനൊന്നിനുമിടയില്‍ സംപ്രേഷം ചെയ്യുന്ന പരിപാടികളെയാണ് ഇവര്‍ പഠനത്തിന് വിധേയമാക്കിയത്. ബിബിസി1, ബിബിസി2, ഐടിവി, ചാനല്‍4, ചാനല്‍5, സ്‌കൈ1 തുടങ്ങിയ ചാനലുകളെയാണിവര്‍ 2015ല്‍ മൂന്ന് മാസത്തോളം നിരീക്ഷിച്ചത്.
അഞ്ഞൂറ് മണിക്കൂര്‍ ടെലിവിഷന്‍ പരിപാടികളെ ഇവര്‍ നിരീക്ഷിച്ചു. കമ്യൂണിക്കേഷന്‍ റിസര്‍ച്ച് ഗ്രൂപ്പാണ് പഠനം നടത്തിയത്. ചാനല്‍ 4 ആണ് പഠനം സംഘടിപ്പിച്ചത്. സിനിമ, ഹാസ്യ വിനോദ പരിപാടികളില്‍ ലൈംഗികത കടന്ന് വരുന്നതായി സംഘം നിരീക്ഷിച്ചു. ഈ രംഗത്ത് നിന്ന് സ്ത്രീകള്‍ ഒഴിവാക്കപ്പെട്ട് കൊണ്ടിരിക്കന്നതായും പഠനം പറയുന്നു. ഈ സമയത്ത് അവതാരകരും, അതിഥികളും നിരീക്ഷകരും അടക്കം രണ്ട് ശതമാനം സ്ത്രീ പ്രാതിനിധ്യം മാത്രമാണ് ഉളളത്. ക്ലെയര്‍ ബാള്‍ഡിംഗും ഗാബി ലോഗനും അടക്കം വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഈ നേരത്ത് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകള്‍.

പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ലൈംഗിക പ്രശ്‌നങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടെലിവിഷന്‍ സ്‌ക്രീനിലെ ലൈംഗികതയില്‍ 72 ശതമാനവും സ്ത്രീകളെ ലക്ഷ്യമിട്ടുളളവയാണ്. 28 ശതമാനം മാത്രമാണ് പുരുഷന്‍മാര്‍ ഇതനുഭവിക്കേണ്ടി വരുന്നത്. 70കളിലും 80കളിലും ഷോകളില്‍ നിറഞ്ഞ് നിന്നിരുന്ന ലൈംഗികത പൂര്‍ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്നും അതിലും തരം താണ തലത്തില്‍ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ലൈംഗികത അരങ്ങ് തകര്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വൈവിധ്യവത്ക്കരണത്തെക്കുറിച്ച് നടന്ന ചാനല്‍ തലവന്‍മാരുടെ കോണ്‍ഫറന്‍സിലാണ് പഠനം അവതരിപ്പിക്കപ്പെട്ടത്. അവതരണത്തില്‍ കുറച്ച് കൂടി നിലവാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് കോണ്‍ഫറന്‍സില്‍ ധാരണയായിട്ടുണ്ട്.
വാര്‍ത്തകളിലും മറ്റും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. വാര്‍ത്താരംഗത്ത്‌സ്ത്രീകള്‍ക്ക് 59 ശതമാനം പങ്കാളിത്തം ലഭിക്കുന്നു. രാജ്യത്തെ സ്ത്രീകളില്‍ 36 ശതമാനവും അമ്പത് വയസിന് മേല്‍ പ്രായമുളളവരാണ്. എന്നാല്‍ ടെലിവിഷന്‍ രംഗത്ത് ഇതിന് മുകളില്‍ പ്രായമുളളവരുടെ എണ്ണം വെറും 23 ശതമാനം മാത്രമാണ്.

ലണ്ടന്‍: ബ്രിട്ടീഷ് ജനതയില്‍ ഭൂരിഭാഗവും തങ്ങളുടെ സാമ്രാജ്യത്വ ഭൂതകാലത്തില്‍ അഭിമാനിക്കുന്നവരാണെന്ന് യുഗോ സര്‍വെ. പങ്കെടുത്ത നാല്‍പ്പത്തിനാലു ശതമാനവും ബ്രിട്ടന്റെ സാമ്രാജ്യത്വ ചരിത്രത്തില്‍ അഭിമാനം കൊളളുമ്പോള്‍ 21 ശതമാനം അതില്‍ ഖേദം പ്രകടിപ്പിക്കുന്നുണ്ട്. 23 ശതമാനമാകട്ടെ അതേക്കുറിച്ച് യാതൊരു അഭിപ്രായവും പങ്കു വയ്ക്കുന്നുമില്ല. ബ്രിട്ടീഷ് സാമ്രാജ്യം ഏറെ മികച്ചതായിരുന്നുവെന്ന് 43 ശതമാനം അഭിപ്രായപ്പെടുന്നു. എന്നാല്‍ 19 ശതമാനത്തിന് അത് മോശമാണെന്ന കാഴ്ചപ്പാടാണുളളത്. ഇരുപത്തഞ്ച് ശതമാനത്തിന് മോശമാണെന്നോ നല്ലതാണെന്നോ ഉളള അഭിപ്രായവും ഇല്ല.
1922 ഓടെ ബ്രിട്ടീഷ് സാമ്രാജ്യം അതിന്റെ സുവര്‍ണകാലഘട്ടത്തില്‍ എത്തി. ലോകത്തിന്റെ കാല്‍ ഭാഗവും അവരുടെ കൊടിക്കീഴിലായി. ലോകത്തെ അഞ്ചിലൊന്ന് ജനതയും അവരുടെ പ്രജകളുമായി. ഭരിച്ച രാജ്യങ്ങളില്‍ വൈവിധ്യമാര്‍ന്ന സാമ്പത്തിക വികസനം സാധ്യമാക്കാനായി എന്നാണ് ബ്രിട്ടീഷ് സാമ്രാജ്യത്തെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇവിടങ്ങളിലുണ്ടായ കൂട്ടക്കൊലയെയും ക്ഷാമവും പീഡന ക്യാമ്പുകളെയും വിമര്‍ശകര്‍ തുറന്ന് കാട്ടുന്നു.

ബോവര്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍

1899 മുതല്‍ 1902 വരെ നടന്ന രണ്ടാം ബോവര്‍ യൂദ്ധത്തില്‍ രാജ്യത്തെ ആറിലൊന്ന് ജനതയെയും ബ്രിട്ടന്‍ പീഡന ക്യാമ്പുകളില്‍ തടവിലാക്കി. ഇതിലേറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. ഇവിടുത്തെ ജനബാഹുല്യം പലതരും രോഗങ്ങള്‍ക്കും ഭക്ഷ്യ ദൗര്‍ലഭ്യത്തിനും കാരണമായി. 1,07,000 തടവുകാരില്‍ 27,927 പേരും മരിച്ചു. ഇതില്‍ അസംഖ്യ കറുത്തവര്‍ഗക്കാരും ഉണ്ടായിരുന്നു.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല

1919 ഏപ്രില്‍ പതിമൂന്നിന് അമൃതസറിലെ ജാലിയാന്‍ വാലാബാഗില്‍ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച ജനക്കൂട്ടത്തിന് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ പത്ത് മിനിറ്റ് കൊണ്ട് ബ്രിട്ടന്‍ കൊന്ന് തളളിയത് ആയിരത്തോളം നിരപരാധികളെ ആയിരുന്നു. ഇതിലുമേറെ പേര്‍ക്ക് പരിക്കേറ്റു. മനോഹരമായ ഉദ്യാനവും നശിപ്പിക്കപ്പെട്ടു. ഈ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബ്രിഗേഡിയര്‍ ഡയറിനെ ബ്രിട്ടന്‍ പിന്നീട് ദേശീയ ഹീറോ ആയി പ്രഖ്യാപിച്ചു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കുളള നന്ദി സൂചകമായി ഇയാള്‍ക്ക് ബ്രിട്ടന്‍ 26,000 പൗണ്ട് സമ്മാനിക്കുകയും ചെയ്തു.

ഇന്ത്യാ വിഭജനം

ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ ഒതു അതിര്‍ത്തി രേഖവരയ്ക്കാന്‍ 1947ല്‍ സിറില്‍ റാഡ്ക്ലിഫിനോട് അധികാരികള്‍ നിര്‍ദേശിച്ചു. മതാധിഷ്ഠിതമായാണ് ആ അതിര്‍ത്തി നിര്‍ണയം നടത്തിയത്. പത്ത് ദശലക്ഷം ജനങ്ങളെയാണ് ഈ ഒരൊറ്റ രേഖ വിഭജിച്ചത്. പാകിസ്ഥാനിലുണ്ടായിരുന്ന ഹിന്ദുക്കള്‍ക്കും ഇന്ത്യയിലുണ്ടായിരുന്ന മുസ്ലീങ്ങള്‍ക്കും അവര്‍ക്ക് സ്വന്തമായുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് പലയാനം ചെയ്യേണ്ടി വന്നു. ഇത് വലിയ കലാപങ്ങളിലേക്കും വഴി തെളിച്ചു. പത്ത് ലക്ഷത്തോളം ജീവനുകള്‍ ഇതിനെ തുടര്‍ന്ന് ബലികഴിക്കേണ്ടി വന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.

മൗമൗ ലഹള

1951 മുതല്‍ 1960 വരെയുണ്ടായ മൗമൗ ലഹളയില്‍ ബ്രിട്ടീഷ് അധികാരികള്‍ ആയിരക്കണക്കിന് കെനിയന്‍ വൃദ്ധരെ ഉപദ്രവിക്കുകയും ബലാല്‍സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് 200 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബ്രിട്ടനെതിരെ കെനിയ രംഗത്തു വരികയും ചെയ്തിരുന്നു. കിക്കുയു ഗോത്രാത്തില്‍പ്പെട്ടവര്‍ ക്യാമ്പുകളില്‍ തടവിലാക്കപ്പെട്ടു. ഇവിടെ അവര്‍ കൊടിയ പീഡനങ്ങള്‍ക്കിരയായി. ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ പോലും ഇവര്‍ക്ക് നേരെയുണ്ടായി. ഇവിടെയുണ്ടായ മരണങ്ങളെക്കുറിച്ചും വിരുദ്ധമായ കണക്കുകളാണുളളത്. ചരിത്രകാരനായ ഡേവിഡ് ആന്‍ഡേഴ്‌സണ്‍ ഇവിടെ ഇരുപതിനായിരം പേര്‍ മരിച്ചെന്ന് അഭിപ്രായപ്പെടുമ്പോള്‍ കരോലിന്‍ എല്‍കിന്‍സിന്റെ കണക്കില്‍ ഇത് ഒരു ലക്ഷമാണ്.

ഇന്ത്യയിലെ കൊടുംക്ഷാമം

ബ്രിട്ടീഷ് ഭരണകാലത്ത് പന്ത്രണ്ടിനും ഇരുപത്തൊമ്പത് ദശലക്ഷത്തിനുമിടയില്‍ ഇന്ത്യാക്കാര്‍ പട്ടിണി മൂലം മരിച്ചു. ഇന്ത്യയില്‍ ക്ഷാമം കടുക്കുമ്പോഴും ബ്രിട്ടനിലേക്ക് ടണ്‍ കണക്കിന് ഗോതമ്പ് കയറ്റി അയക്കുന്നുണ്ടായിരുന്നു. 1943ല്‍ പശ്ചിമബംഗാളില്‍ പട്ടിണി കൊടുമ്പിരിക്കൊളളുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇവിടെ നിന്ന് ഭക്ഷ്യവിഭവങ്ങള്‍ ബ്രിട്ടീഷ് സൈന്യത്തിനും ഗ്രീസിലേക്കും കയറ്റി അയച്ചു. ഈ ക്ഷാമകാലത്ത് നാല്‍പ്പത് ലക്ഷം ബംഗാളികളുടെ ജീവനാണ് പൊലിഞ്ഞത്.

മൃഗതുല്യരായ ഇന്ത്യാക്കാരെ താന്‍ വെറുക്കുന്നുവെന്നാണ് 1943ലെ ബംഗാള്‍ ക്ഷാമത്തെക്കുറിച്ചുളള ചോദ്യത്തോട് ചര്‍ച്ചില്‍ പ്രതികരിച്ചത്. അവരുടെ മൃഗതുല്യമായ മതങ്ങളെയും താന്‍ വെറുക്കുന്നുവെന്ന് ചര്‍ച്ചില്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യാക്കാരുടെ ക്ഷാമത്തിന് അവര്‍ തന്നെയാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുയലുകളെ പോലെ പെറ്റുപെരുകുന്നത് കൊണ്ടാണ് ക്ഷാമമുണ്ടായതെന്നാണ് ചര്‍ച്ചില്‍ വാദിച്ചത്.

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ നിഷാം കുറ്റക്കാരനാണെന്ന് കോടതി. കോലക്കുറ്റങ്ങള്‍ അടക്കമുള്ള ഒമ്പത് കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വ്യവസായിയായ മുഹമ്മദ് നിഷാം കാറിടിപ്പിച്ചും, അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.
കെസില്‍ ജനുവരി 31നുള്ളില്‍ വിധി പറയണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കേസില്‍ 79 ദിവസം നീണ്ടുനിന്ന വിചാരണ പൂര്‍ത്തിയായത്. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജായ കെ.പി.സുധീറാണ് വിധി പറയുന്നത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. രാമന്‍പിള്ള ഹാജരായി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവാണ് കേസില്‍ വാദിഭാഗത്തിനു വേണ്ടി ഹാജരായത്.

ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ ശോഭാ സിറ്റിയിലെ ഗേറ്റിനു മുന്നില്‍ കാര്‍ നിര്‍ത്തി ഹോണടിച്ചിട്ടും ഗേറ്റ് തുറക്കാന്‍ വൈകിയതാണ് നിഷാമിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് രോഷാകുലനായ നിഷാം സെക്യുരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മര്‍ദനമേറ്റ് അവശനായി മതിലില്‍ ചാരി നിന്ന ചന്ദ്രബോസിനെ തന്റെ ഹമ്മര്‍ കാറില്‍ പിന്നാലെയെത്തി മതിലില്‍ ചേര്‍ത്തിടിക്കുകയായിരുന്നുവെന്നാണ് സാക്ഷിമൊഴി. മര്‍ദ്ദനത്തിനിരയായ ചന്ദ്രബോസ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു.

ദമാസ്‌കസ്: ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി ഐസിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഐസിസ് മാസികയായ ദബിക്കില്‍ വന്ന ചരമക്കുറിപ്പിലാണ് ഇക്കാര്യം ഐസിസ് വ്യക്തമാക്കിയിട്ടുളളത്. വ്യോമാക്രമണത്തിലാണ് ജോണ്‍ കൊല്ലപ്പെട്ടതെന്ന കാര്യവും ചരമക്കുറിപ്പ് വ്യക്തമാക്കുന്നു. ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഹാരിന്‍സിന്റെയും ടാക്‌സി ഡ്രൈവര്‍ അലന്‍ ഹെന്നിംഗിന്റെയും അടക്കമുളള ശിരച്ഛേദ വീഡിയോകളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച മുഹമ്മദ് എംവസിയാണ് ജിഹാദി ജോണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അമേരിക്കന്‍ വ്യോമാക്രമണത്തിലാണ് ജോണ്‍ കൊല്ലപ്പെട്ടതെന്ന് ഐസിസ് വ്യക്തമാക്കുന്നു. ഇയാള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് നവംബറില്‍ പെന്റഗണ്‍ അറിയിച്ചിരുന്നു.
നവംബര്‍ പന്ത്രണ്ടിനാണ് ജോണ്‍ കൊല്ലപ്പെട്ടതെന്ന് ദബീഖ് മാസികയിലുണ്ട്. റഖയില്‍ വച്ച് ജോണ്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ ആളില്ലാ വിമാനം ആക്രമണം നടത്തുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ച് മുഖം മറയ്ക്കാതെ പുഞ്ചിരിച്ച് കൊണ്ട് ഭൂമിയിലേക്ക് നോക്കി നില്‍ക്കുന്ന ജോണിന്റെ ചിത്രവും മാസികയിലുണ്ട്. ലണ്ടനില്‍ നിന്ന് കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ ബിരുദം നേടിയ ജോണ്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയുടെ കൊലപാതക ദൃശ്യങ്ങളിലൂടെയാണ് കുപ്രസിദ്ധനായത്. ബ്രിട്ടീഷുകാരായ അലന്‍ ഹെന്നിംഗിന്റെയും ഡേവിഡ് ഹെയിന്‍സിന്റെയും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്‌ലോഫിന്റെയും സന്നദ്ധ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ കസിംഗിന്റെയും ജപ്പാന്‍ മാധ്യമപ്രവര്‍ത്തകരായ കെന്‍ജി ഗോട്ടോയുടെയും ഹാരുന യുക്കാവയുടെയും കൊലപാതക ദൃശ്യങ്ങളിലും ഇയാളുണ്ടായിരുന്നു.

കുവൈറ്റ് സ്വദേശിയായ എംവസി ആറാം വയസിലാണ് ബ്രിട്ടനിലേക്ക് പോയത്. ഇയാള്‍ പിന്നീട് സോമാലിയയിലെ തീവ്രവാദ സംഘമായ അല്‍ഷബാബിന് വേണ്ടി ധനശേഖരണം തുടങ്ങിയതോടെ ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സികളുടെ നോട്ടപ്പുളളിയായി മാറി. ഇതിനായി ലണ്ടന്‍ ബോയ്‌സ് എന്ന ഒരു സംഘവും ഇയാളുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരന്നു. ഇവരെല്ലാം പശ്ചിമ ലണ്ടനില്‍ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ആരാധനയ്ക്കായി ഒരേ പളളിയിലാണ് ഇവര്‍ പോയിരുന്നതും. ഇതില്‍ മൂന്ന് പേര്‍ ഇതിനകം തന്നെ മരിച്ചു. നിരവധി പേര്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെട്ട ഒരാള്‍ സുഡാനില്‍ കഴിയുന്നു.

ബിലാല്‍ അള്‍ ബെര്‍ജാവിയും മുഹമ്മദ് സക്കറും ഈ സംഘത്തിലുണ്ടായിരുന്നവരാണ്. പിന്നീടിവര്‍ ഇസ്ലാമിക തീവ്രവാദി സംഘമായ അല്‍ഷബാബില്‍ ചേരാനായി സൊമാലിയയിലേക്ക് പോയി. 2012 ജനുവരിയില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടും മുമ്പ് ബെര്‍ജാവി സംഘത്തലവനായി. വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ എംവസി ജോലിക്കായി വിദേശഭാഷാ പ്രാവീണ്യം നേടി വിദേശത്തേക്ക് പോയി. 2009ല്‍ ഇയാളും മറ്റ് രണ്ട് പേരും പൊലീസ് പിടിയിലായതോടെയാണ് എംഐ5 ഇയാളെ ശ്രദ്ധിച്ചു തുടങ്ങിയത്. ടാന്‍സാനിയയിലേക്കുളള യാത്രയ്ക്കിടെ ആയിരുന്നു ഇത്. എന്നാല്‍ ഇവര്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം അല്‍ഷബാബില്‍ ചേരാനുളള യാത്രയായിരുന്നു ഇതെന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം. അന്നിയാള്‍ വേറൊരു പേരാണ് അന്വേഷണോദ്യഗസ്ഥരോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞത്.

പിന്നീട് 2012-13ഓടെ ഇയാള്‍ ബ്രിട്ടനില്‍ നിന്ന് പോയി. മുഹമ്മദ് അല്‍ അയന്‍ എന്ന് പേര് മാറ്റുകയും ചെയ്തു. ഏതായാലും ഇയാളുടെ മരണം പലര്‍ക്കും ആശ്വാസം പകരുന്നുണ്ട്. ക്രൂരമായ കൊലപാതക ദൃശ്യങ്ങളില്‍ ഇയാളെ കാണണ്ടേതില്ലെന്ന ആശ്വാസത്തിലാണ് ഇയാളുടെ പഴയ ഇരകളുടെ ബന്ധുക്കള്‍.

ന്യൂഡല്‍ഹി: കുഞ്ഞ് അനുജത്തി കണ്‍മുന്നില്‍ പിടഞ്ഞുമരിച്ചിട്ടും തളരാതെ മറ്റ് രണ്ട് ജീവന്‍ രക്ഷിച്ച എട്ടു വയസ്സുകാരിക്ക് കുട്ടികളിലെ ധീരതയ്ക്കുള്ള ഗീത ചോപ്ര പുരസ്‌കാരം. തെലുങ്കാന സ്വദേശി ശിവംപേട്ട് രുചിത എന്ന എട്ടു വയസ്സുകാരിക്കാണ് ഇത്തവണത്തെ കുട്ടികളിലെ ധീരതയ്ക്കുള്ള ഗീത ചോപ്ര പുരസ്‌കാരം തേടിയെത്തിയത്. സ്‌കൂള്‍ ബസ് ട്രെയിന്‍ അപകടത്തില്‍ നിന്ന് രണ്ടുപേരെ രക്ഷിച്ചതിനാണ് രുചിതയെ തേടി ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പുരസ്‌കാരം എത്തിയത്.

2014 ജൂലൈ 24നു രാവിലെ കളിചിരിയുമായി രുചിതയും അനുജത്തിയും കൂട്ടുകാര്‍ക്കൊപ്പം സ്‌കൂള്‍ബസില്‍ പോകുമ്പോള്‍ ലവല്‍ക്രോസില്‍വച്ച് ബസ് കേടായി. സ്റ്റാര്‍ട്ട് ചെയ്യുംമുന്‍പ് ട്രെയിന്‍ പാഞ്ഞുവന്നു. രുചിതയും മറ്റു കൂട്ടുകാരും
ഡ്രൈവര്‍ക്കു മുന്നറിയിപ്പു കൊടുത്തെങ്കിലും ഫലമുണ്ടായില്ല. രുചിത ഉടന്‍ പുറത്തിറങ്ങി രണ്ടു സുഹൃത്തുക്കളെ ബസിന്റെ ജനാലവഴി പുറത്തേക്കു വലിച്ചിട്ടു. സ്വന്തം സഹോദരിയെ രക്ഷിക്കും മുന്‍പ് ട്രെയിന്‍ ബസില്‍ ഇടിച്ചു. ആകെ 36 കുട്ടികളാണു ബസിലുണ്ടായിരുന്നത്. രുചിതയുടെ അനുജത്തി ഉള്‍പ്പെടെ 18 പേര്‍ ദുരന്തത്തില്‍ മരിച്ചു.

സഹോദരിയുടെ മരണം മനസ്സില്‍ നൊമ്പരമായി ശേഷിക്കുമ്പോഴും രണ്ടു പേരുടെ ജീവന്‍ രക്ഷിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് പുരസ്‌കാരം വാങ്ങാന്‍ കൊച്ചുരുചിത ഡല്‍ഹിയില്‍ എത്തിയത്. പെണ്‍കുട്ടികളിലെ അസാമാന്യ ധീരതയ്ക്കുള്ളതാണ് ഗീത ചോപ്ര പുരസ്‌കാരം. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഗീത ചോപ്ര എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പേരിലുള്ളതാണ് പുരസ്‌കാരം. ഗീതയെയും സഹോദരന്‍ സഞ്ജയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രംഗ, ബില്ല എന്നിവരെ തൂക്കിലേറ്റിയിരുന്നു.

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് ജീവനൊടുക്കിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥി പ്രതിഷേത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹൈദരാബാദ് സര്‍വകാലാശാലയിലെത്തി. ദളിത് വിദ്യാര്‍ത്ഥികള്‍ക്കുമേലുള്ള സാമൂഹ്യ ബഹിഷ്‌ക്കരണത്തിനും അനീതിക്കുമെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭമെന്ന് അദ്ദേഹം പറഞ്ഞു. സമരപന്തലില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരുമായി അദ്ദേഹം കാര്യങ്ങള്‍ അന്വേഷിച്ചു.
ഞാനിവിടെ വന്നത് രോഹിതിന് വേണ്ടിയാണെന്നും രോഹിത് ഒറ്റയ്ക്കല്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും പ്രതിഷേധം നടക്കുന്നുണ്ട്. രോഹിതിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികള്‍ വിസിയും കേന്ദ്രമന്ത്രിയുമാണ്. രോഹിതിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തണം. രോഹിതിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. സാമ്പത്തികമായി മാത്രമല്ല സ്വാഭിമാനവും ജോലിയും രോഹിത് അവന്റെ മാതാപിതാക്കള്‍ക്ക് നല്‍കിയ സുരക്ഷിത ഭാവിയും നല്‍കണം.

ഒരു രാഷ്ട്രീയക്കാരനായല്ല. മറിച്ച് യുവാവായ വ്യക്തിയെന്ന നിലയ്ക്കാണ് ഇവിടെ വന്നത്. ഓരോരുത്തര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. മത-ജാതിഭേദമന്യേ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തേണ്ടതുണ്ട്. രോഹിതിന്റെ കുടുംബത്തിനും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. രോഹിതിന്റെ മാതാപിതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചു.

രോഹിതിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഹൈദരാബാദ് യൂണിവേഴിസ്റ്റിയിലും രാജ്യത്തെ മറ്റു സര്‍വകലാശാലകളിലും പ്രതിഷേധം കത്തുകയാണ്. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയ്‌ക്കെതിരെയും സര്‍വകലാശാല വിസിക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.

രോഹിതിന്റെ മരണത്തില്‍ ആരോപണ വിധേയനായ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയുടെ വസതിക്ക് മുന്നില്‍ ഇന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായെത്തിയത് സംഘര്‍ഷത്തിനിടയാക്കി. പ്രക്ഷോഭകരെ പൊലീസ് ബലമായി നീക്കി. അതിനിടെ രോഹിതിന്റെ മൃതദേഹം പൊലീസ് രഹസ്യമായി സംസ്‌ക്കരിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

അതിനിടെ, രോഹിതിന്റെ ആത്മഹത്യയോടെ പ്രശ്‌നത്തിന് ദേശീയമാനം കൈവന്നു. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രോഹിതിന്റേത് കൊലപാതകമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇത് ആത്മഹത്യയല്ല. കൊലപാതകമാണ്. ജനാധിപത്യത്തിന്റെയും സാമൂഹ്യ നീതിയുടേയും തുല്യതയുടെയും കൊലപാതകം. മന്ത്രിയെ പുറത്താക്കി മോഡി ഇതില്‍ മാപ്പു പറയണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ദളിതരുടെ ഉന്നമനം കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാപരമായ ചുതലയാണ്. അതിന് പകരം മോഡിയുടെ മന്ത്രി അഞ്ച് ദളിത് വിദ്യാര്‍ത്ഥികളെ പുറത്താക്കുകയാണ് ചെയ്തത്. അദ്ദേഹം കുറ്റപ്പെടുത്തി.

rohitvemula

ദളിത് വിരുദ്ധ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നതെന്നും രോഹിതിന്റെ മരണത്തിന് കാരണക്കാരനായ മന്ത്രി ബന്ദാരു ദത്താത്രേയ രാജിവെക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പിസി ചാക്കോ ആവശ്യപ്പെട്ടു.

ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയയ്ക്കും സര്‍വകലാശാല വിസി അപ്പറാവുവിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പട്ടികജാതി, പട്ടിക വര്‍ഗ നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രോഹിതടക്കമുള്ള എഎസ്എ പ്രവര്‍ത്തകര്‍ക്കെതിരെ എബിവിപിയും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും ദേശവിരുദ്ധതയടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും നടപടി എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. വി.സിയുടെ കീഴില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ആരോപണങ്ങള്‍ അന്വേഷിച്ച് കഴമ്പില്ലെന്ന് തെളിഞ്ഞെങ്കിലും വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്കന്തരാബാദ് എം.പിയും തൊഴില്‍ മന്ത്രിയുമായ ബന്ദാരു ദത്തത്രേയ രംഗത്തുവരികയായിരുന്നു. എഎസ്എ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളും ദേശദ്രോഹികളുമാണെന്ന് ആരോപിച്ച് ഇദ്ദേഹം കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തയക്കുകയും ചെയ്തു. യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തവരാണ് വിദ്യാര്‍ത്ഥികളെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് യാക്കൂബ് മേമന്‍ കേസില്‍ എ.എസ്.എ വിദ്യാര്‍ഥികള്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ ശക്തികള്‍ വി.സിയെ സമീപിച്ചു. ഇക്കാര്യത്തില്‍ യാതൊരു വിശദീകരണം തേടാതെ വി.സി ദളിത് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാുകയായിരുന്നു.

Rohith-Vemula

മൃതദേഹം രഹസ്യമായി സംസ്‌ക്കരിച്ചു?

അതിനിടെ, രോഹിതിന്റെ മൃതദേഹം പൊലീസ് അതീവ രഹസ്യമായി സംസ്‌ക്കരിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉപ്പലില്‍ വെച്ച് സംസ്‌ക്കരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതുപ്രകാരം ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഉപ്പലില്‍ പോയെങ്കിലും പൊലീസ് അവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവത്രെ. പൊലീസ് അതീവ രഹസ്യമായി അംബര്‍പേട്ടിലെ ശ്മശാനത്തില്‍ രോഹിതിന്റെ മൃതദേഹം സംസ്‌ക്കരിക്കുകയായിരുന്നു. അംബര്‍പേട്ടിലെ ശ്മശാന ജീവനക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും സഹപാഠികള്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved