Main News

സ്വന്തം ലേഖകന്‍
ബര്‍മിങ്ങ്ഹാം: തെരഞ്ഞെടുപ്പു കാര്യക്രമങ്ങളിലും മാനദണ്ഡങ്ങളിലും വന്‍ അഴിച്ചുപണികള്‍ നിര്‍ദേശിച്ച് യുക്മ ദേശിയ ജനറല്‍ ബോഡിയും പൊതുയോഗവും സമാപിച്ചു. ബര്‍മിങ്ങ്ഹാം സെന്‍റ് തോമസ്‌ മൂര്‍ പാരീഷ് ഹാളില്‍ ഇന്നലെ നടന്ന യോഗത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല്‍പതോളം പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷമാണ് പൊതുയോഗം ആരംഭിച്ചത്.

യുക്മ ഏഴാമത് ദേശീയ കലാമേള 2016 നവംബര്‍ അഞ്ചു ശനിയാഴ്ച നടക്കുമെന്ന് യോഗ നടപടികള്‍ വിശദീകരിച്ചുകൊണ്ട് ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം അറിയിച്ചു. യുക്മയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രധാന പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍ തന്നെ ആയിരിക്കും ഈ വര്‍ഷത്തെയും പരിപാടികളുടെ നേതൃത്വം വഹിക്കുന്നത്. വിശദമായ ചര്‍ച്ചകളിലുടെ ഉരിത്തിരിഞ്ഞു വന്ന ആശയങ്ങള്‍ സ്വതന്ത്രമായി അവതരിപ്പിച്ചു കൊണ്ട് ആണ് ദേശിയ ജനറല്‍ ബോഡി മുന്‍പോട്ടു പോയത്.

തെരഞ്ഞെടുപ്പു കാര്യക്രമങ്ങളിലും ദണ്ഡങ്ങളിലും വന്‍ അഴിച്ചുപണികള്‍ നടത്താന്‍ തന്നെയാണ് പൊതുയോഗം നിര്‍ദേശിച്ചിരിക്കുന്നത്‌. അതനുസരിച്ച് ഏതെങ്കിലും വിധത്തില്‍ തുടര്‍ച്ചയായി മൂന്ന് ടേം ദേശീയ ഭരണസമിതിയുടെ ഭാഗമായി വന്നിട്ടുള്ളവര്‍ തൊട്ടടുത്ത ഒരു ടേം മത്സരരംഗത്തുനിന്ന് മാറി നില്‍ക്കേണ്ടതാണ്. ഇത് ദേശീയ ഭാരവാഹികള്‍, നാഷണല്‍ എക്സിക്യുട്ടീവ് അംഗങ്ങള്‍, എക്സ് ഒഫീഷ്യോ അംഗങ്ങള്‍, റീജിയണല്‍ പ്രസിഡന്റ്മാര്‍ എന്നിവര്‍ക്ക് ബാധകമാണ്. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് അഡ്വ. സിജു ജോസഫ് ആണ് യുക്മ ഭരണഘടനയ്ക്ക് ശ്രദ്ധേയമായ പല ഭേദഗതികളും നിര്‍ദ്ദേശിച്ചത്. അഡ്വ. സിജു ജോസഫ് മുന്നോട്ട് വച്ച മിക്ക നിര്‍ദ്ദേശങ്ങളും ജനറല്‍ ബോഡി യോഗം അംഗീകരിക്കുകയായിരുന്നു.

പ്രസിഡണ്ട്‌ ഫ്രാന്‍സിസ് മാത്യുവിന്റെ അധ്യഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം സമഗ്രമായ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട്മാരായ മാമ്മന്‍ ഫിലിപ്പ് സ്വാഗതവും ബീന സെന്‍സ് നന്ദിയും പറഞ്ഞു.

നിയമാവലി സംബന്ധിച്ച് വരുത്തിയ മാറ്റങ്ങള്‍ വിശദമായി പിന്നിട് പ്രസിദ്ധീകരിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാറ്റ്ഫോര്‍ഡ്: ഇരു സംഘടനകള്‍ ഒന്നിച്ചു പുതുതായി രൂപം കൊണ്ട കേരള കമ്യൂണിറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ കൂടിയ നൂറു കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി പ്രശസ്ത സിനിമാ താരം ഭാമയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ സീനിയര്‍ അഡ്മിനിസ്േ്രടഷന്‍ ഓഫീസറും യു കെ മലയാളികളുടെ പ്രിയങ്കരനുമായ ടി.ഹരിദാസും പ്രദീപ് മയില്‍ വാഹനവും ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി നിര്‍വഹിച്ചപ്പോള്‍ ഒരു ജനതയുടെ ആത്മാഭിലാഷമാണ് പൂവണിഞ്ഞത്. ഇരു സംഘടനകളുടെയും മുന്‍ഭാരവാഹികള്‍ ഒന്നിച്ചൊരു വേദിയില്‍ അണിനിരന്നപ്പോള്‍ കാണികള്‍ക്ക് എന്തെന്നില്ലാത്ത ആവേശം. കെ സി എഫിന്റെ മാതൃക പിന്തുടര്‍ന്ന് യു കെ യില്‍ രണ്ടും മൂന്നുമായി വിഘടിച്ചു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളും ഒന്ന് ചേര്‍ന്ന് മുന്നോട്ടു വരണമെന്നും കെ സി എഫിനെ പോലുള്ള ഇത്തരം സംഘടനകള്‍ മലയാളി സമൂഹത്തിനു താങ്ങും തണലുമാകുമെന്നും ടി. ഹരിദാസ് ഉദ്‌ബോധിപ്പിച്ചു.
പ്രസ്തുത ചടങ്ങില്‍ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സംഘടനയുടെ ഭാവികാല പരിപാടികളെ ക്കുറിച്ചും മലയാളി സമൂഹത്തില്‍ കെ സി എഫിന്റെ പ്രസക്തിയെക്കുറിച്ചും സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെ കുറിച്ചും വളരെ വിശദമായി ടോമി ജോസഫ് ചടങ്ങില്‍ അവതരിപ്പിക്കുമ്പോള്‍ നീണ്ട കയ്യടിയോടെയാണ് ജനം ഏറ്റുവാങ്ങിയത്.

1

ഇന്നസെന്റ് ജോണിന്റെ സ്വാഗത പ്രസംഗത്തോട് കൂടി തിരശ്ശീല ഉയര്‍ന്ന കെ സി എഫിന്റെ പ്രഥമ ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ചലച്ചിത്ര താരം ഭാമ, പിന്നണി ഗായകരും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളുമായ വില്യം ഐസ്സക്, ഡെല്‍സി നയ്‌നാന്‍, അബ്ബാസ്, കൊമേഡിയന്‍ സാബു തിരുവല്ല തുടങ്ങിവയര്‍ അവതരിപ്പിച്ച താരനിശ പ്രധാന ആകര്‍ഷണമായി. വില്യം ഐസ്സക്, ഡെല്‍സി നയ്‌നാന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച സംഗീത മാധുരി സദസ്സില്‍ കുളിര്‍ മഴ പെയ്യിച്ചപ്പോള്‍ കൊമേഡിയന്‍ സാബു തിരുവല്ല തന്റെ സ്വത സിദ്ധമായ കഴിവുകൊണ്ട് വേദിയെ കയ്യിലെടുത്തു.

ചടുല താളങ്ങള്‍ക്കനുസരിച്ചു മാന്ത്രിക നൃത്ത ചുവടുകളുമായി വേദിയിലെത്തിയ അബ്ബാസ് സദസ്സിനെ ഇളക്കി മറിച്ചു. അരുഷി ജയ്‌മോന്റെ അവതരണ ശൈലിയും ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി. ഷിനോ കുര്യന്‍ കൃതജ്ഞത രേഖപ്പെടുത്തി. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പതിവ് ശൈലിക്കു വിപരീതമായി 12 പേരടങ്ങുന്ന ട്രസ്റ്റിമാരായ അനൂപ് ജോസഫ്, ചാള്‍സ് മാണി, ഇന്നസെന്റ് ജോണ്‍, മാത്യു സെബാസ്‌റ്യന്‍, ഷിനോ കുര്യന്‍, സിബി ജോണ്‍, സിബി തോമസ്, ഷിജു ജോണ്‍, സുനില്‍ വാര്യര്‍, സണ്ണി.പി.മത്തായി, സുജു കെ.ഡാനിയേല്‍, ടോമി ജോസഫ് തുടങ്ങിയവരുടെ പ്രയത്‌നവും കൂട്ടായ പ്രവര്‍ത്തനവുമാണ് പ്രസ്തുത ആഘോഷം വന്‍ വിജയിത്തിലെത്തിക്കുവാന്‍ കാരണമായത്.

3

പിറവിയെടുത്തത് കേവലം ഒരു മാസം പിന്നിടുമ്പോള്‍ ജീവകാരുണ്യ രേംഗത്ത് സജീവമായ ഇടപെടല്‍ നടത്തി നാല് കുടുംബങ്ങള്‍ക്കാണ് കെ സി എഫ് ഇതു വരെ സഹായഹസ്തമായത്. പീറ്റര്‍ബറോയില്‍ മരണമടഞ്ഞ ബാലന്റെ കുടുംബത്തിനു 1625 പൗണ്ടും വാട്ട്‌ഫോഡില്‍ അകാലത്തില്‍ വിട വാങ്ങിയ ബിന്‍സിയുടെ അന്ത്യ ദര്‍ശനത്തിന് എത്തിയ ജനങ്ങള്‍ നല്‍കിയ സംഭാവന ഭര്‍ത്താവ് ജോസ്‌കുട്ടി കെ സി എഫിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതിനെത്തുടര്‍ന്ന് കേരളത്തിലെ ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ക്യാന്‍സര്‍ ദുരിതമനുഭവിക്കുന്ന മൂന്നു വ്യക്തികള്‍ക്ക് 25,000 രൂപയും വിതരണം ചെയ്തു കഴിഞ്ഞു.

54 5 2

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ന്യൂഡല്‍ഹി: ഇന്തോ-പാക് അതിര്‍ത്തിയിലെ വേലികളില്ലാത്ത മേഖലകളില്‍ ലേസര്‍ ഭിത്തികള്‍ നിര്‍മിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നുഴഞ്ഞ് കയറ്റക്കാരെ തടയുക എന്നതാണ് പദ്ധതിയുടെ മുഖ്യ ഉദ്ദേശം. അതിര്‍ത്തി രക്ഷാ സേന വികസിപ്പിച്ചെടുത്ത ഈ സാങ്കേതികത പഞ്ചാബിന്റെ അതിര്‍ത്തി പ്രദേശങ്ങളിലാകും ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുക. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരരുടെ കടന്നുകയറ്റത്തിനുളള സാധ്യത ഇതുവഴി തടയാനാകുമെന്നും അധികൃതര്‍ കണക്ക് കൂട്ടുന്നു.
ലേസര്‍ സോഴ്‌സിന് അപ്പുറത്ത് കൂടി കടന്ന് പോകുന്ന വസ്തുക്കളെ തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനമാണിത്. ആരെങ്കിലും അതിര്‍ത്തി കടന്നെത്തിയാല്‍ ഇതില്‍ നിന്ന് അലാറം മുഴങ്ങും. നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ ഇത് നടപ്പാക്കുമെന്നാണ് സൂചന. ബാമിയാലിലെ ഉജ്ജ് നദി കടന്നാണ് ആറ് ഭീകരര്‍ പത്താന്‍കോട്ടിലേക്ക് എത്തിയത് എന്നാണ് നിഗമനം. അത് കൊണ്ടുതന്നെ ലേസര്‍ ഭിത്തികള്‍ നദികളെ കേന്ദ്രീകരിച്ചാകും സ്ഥാപിക്കുക. ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറയിലും പക്ഷേ ഭീകരരുടെ സൂചന റെക്കോര്‍ഡ് ചെയ്തിട്ടില്ല. ഈ ഭാഗത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ലേസര്‍ ഭിത്തി സ്ഥാപിച്ചിരുന്നു.

ജമ്മുകാശ്മീര്‍ സെക്ടറിലെ നദീതടത്തിനരികെ ഇത്തരത്തിലുളള ലേസര്‍ ഭിത്തികള്‍ കഴിഞ്ഞ വര്‍ഷം തന്നെ സ്ഥാപിച്ചിരുന്നു. ഗുര്‍ദാസ്പൂരില്‍ മൂന്ന് ഭീകരര്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത് സ്ഥാപിച്ചത്. ബാമിയാലിലെ നദിക്കിരുവശവും ബിഎസ്എഫ് പോസറ്റുകളുണ്ട്. ഇവിടെ ഒരാള്‍ എപ്പോഴും കാവലുണ്ടാകും. ഹൈ മാസ്റ്റ് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ രാത്രിയിലെപ്പോഴോ ബിഎസ്എഫുകാരുടെ കണ്ണ് വെട്ടിച്ച് വറ്റിയ നദീതടത്തിലൂടെ ഭീകരര്‍ നടന്ന് രാജ്യത്തേക്ക് കയറിയതാകാമെന്നാണ് അനുമാനിക്കുന്നത്. പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ബോട്ട് പട്രോളിംഗും ശക്തമാക്കിയിരിക്കുകയാണ്.

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ സുപ്രീം കോടതി ആവശ്യപ്പെട്ട പ്രകാരം സംസ്ഥാനം ഫെബ്രുവരി എട്ടാം തിയിതിക്കു മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍. വിശ്വാസത്തില്‍ അധിഷ്ഠിതമായിരിക്കും സത്യവാങ്മൂലം. പരമ്പരാഗത വിശ്വാസപ്രകാരം നിശ്ചിത പ്രായപരിധിയിലുളള സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശിക്കുവാന്‍ കഴിയില്ലെന്നാണ് പുതിയ സത്യവാങ്മൂലത്തിലുളളതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം മാറ്റും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം മാത്രമേ കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളൂ. 50നും ഇടയില്‍ പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വീകരിച്ചിരുന്നത്. ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തുല്യ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദമാക്കിയിരുന്നു.

ഇതിനെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ വെക്കണമെന്നും, സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക സീസണ്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കമെന്നുമുളള നിര്‍ദേശങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശബരിമല സ്‌പെഷ്യല്‍ ബസ് സര്‍വീസുകളില്‍ സ്ത്രീകളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ ഒരു മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരും, കെഎസ്ആര്‍ടിസിയും ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കും.

മാറി വരുന്ന സര്‍ക്കാരുകള്‍ക്കനുസരിച്ച് നിലപാടുകള്‍ മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്ന് കേസ് പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ചു വനിതാ അഭിഭാഷകരുമാണ് ശബരിമലയില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

കണ്ണൂര്‍: വനനിയമം ലംഘിച്ചു കൊണ്ട് ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരിക്കാനുള്ള ശ്രമം തടയുമെന്ന് ആദിവാസി കോണ്‍ഗ്രസ്. കണ്ണൂര്‍ കണ്ണവംകോളയാട് വനമേഖലയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്നത്. എന്നാല്‍ ആദിവാസി ഊരുകളിലെ വികസനപദ്ധതികളെ എതിര്‍ക്കുന്ന വനംവകുപ്പ് പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി കാട് ചിത്രീകരണത്തിനായി വിട്ടുനല്‍കിയിരിക്കുകയാണെന്ന് പ്രക്ഷോഭത്തിനൊരുങ്ങുന്നവര്‍ ആരോപിക്കുന്നു.
വിവിധ ആദിവാസി സംഘടകളെ ഏകോപിപ്പിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വമാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ആദിവാസി സംരക്ഷണ സമിതി, കുറിച്യ മുന്നേറ്റ സമിതി എന്നീ സംഘടനകളെ കൂടി ഏകോപിപ്പിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്കാണ് ആദിവാസി കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ബാഹുബലി സിനിമയ്‌ക്കെതിരെയല്ല വനംവകുപ്പിന്റെ ഇരട്ടത്താപ്പിനെതിരെയാണ് പ്രതിഷേധമെന്നും ഇവര്‍ അറിയിക്കുന്നു. ബാഹുബലി രണ്ടാം ഭാഗത്തിന്റെ സുപ്രധാന രംഗങ്ങള്‍ കണ്ണൂര്‍ കണ്ണവം വനത്തിലെ പെരുവയില്‍ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയത്.

ഷൂട്ടിംഗ് ലൊക്കേഷന്‍ ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധങ്ങള്‍ക്കാണ് ആദിവാസി കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കോളയാട് പഞ്ചായത്തിലെ ചെക്കേരി,പെരുവ,കൊളപ്പ തുടങ്ങിയ മേഖലകളിലെ ആദിവാസി കോളനികളുടെ അടിസ്ഥാന വികസനത്തിന് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപാ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ഫണ്ട് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ വനംവകുപ്പ് എതിര്‍പ്പ് ഉയര്‍ത്തിയതിനാല്‍ പദ്ധതികള്‍ മുടങ്ങിയെന്ന് ആദിവാസി വിഭാഗങ്ങള്‍ ആരോപിക്കുന്നു. റോഡ് നിര്‍മ്മാണം,ടാറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് വനംവകുപ്പിന്റെ എതിര്‍പ്പ് മൂലം തടസ്സപ്പെട്ടതെന്ന് ഇവര്‍ പരാതിപ്പെടുന്നു. എന്നാല്‍ വനം ഷൂട്ടിംഗിനായി വിട്ടു നല്‍കിയതില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ലണ്ടന്‍: രാജ്യത്ത് താപനില മൈനസ് പത്ത് ഡിഗ്രിയിലും താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. 100 മൈലോളം വിസ്തൃതിയില്‍ മഞ്ഞു വീഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കോട്ട്‌ലന്റ്, വടക്ക് പടിഞ്ഞാറ് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ യെല്ലോ അലെര്‍ട്ട് പുറപ്പെടവിച്ചിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ താപനില മൈനസ് ഡിഗ്രിയിലെത്തുമെന്നാണ് മുന്നറിയിപ്പ്.
ലണ്ടനില്‍ ഒരു ഡിഗ്രിയാകും ഏറേറവും കുറഞ്ഞ താപനില. കഴിഞ്ഞ രാത്രിയില്‍ യോര്‍ക്ക്ഷയറിലും ലണ്ടനിലും ചൂട് പൂജ്യം ഡിഗ്രിയിലും താഴെ എത്തി. സ്‌കോട്ട്‌ലന്റില്‍ മൈനസ് എട്ട് ഡിഗ്രി തണുപ്പാണ് രേഖപ്പെടുത്തിയത്. തണുത്ത കാലാവസ്ഥ നാല്‍പ്പത്തെട്ട് മണിക്കൂറിലേറെ നീണ്ട് നില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. അന്റ്‌ലാന്റിക്കിലുണ്ടായ അലക്‌സാ കൊടുങ്കാറ്റാണിതിന് കാരണം.

നൂറു മൈല്‍ വിസ്തൃതിയിലുള്ള ഇടനാഴിയിലാണ് മഞ്ഞു വീഴ്ചയ്ക്കു സാധ്യതയുള്ളത്. ഫുട്പാത്തുകളിലും സൈക്കിള്‍ വേകളിലും ഐസ് പാളികള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഹിമക്കാറ്റിനും കനത്ത മഞ്ഞു വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു.

ലണ്ടന്‍: സ്ട്രക്ചര്‍ റിവ്യൂവിന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ അംഗങ്ങള്‍ എത്തുമെന്ന് വിലയിരുത്തല്‍. നേതാക്കള്‍ ഇക്കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അംഗങ്ങള്‍ കുറയുന്നതില്‍ പാര്‍ട്ടിയില്‍ ഏറെ നാളായി അസ്വസ്ഥത പുകയുന്നുണ്ടായിരുന്നു. കോര്‍ബിന്‍ നേതൃത്വത്തിലേക്ക് വന്നതോടെ ലേബര്‍ പാര്‍ട്ടിയിലേക്ക് ആളുകളുടെ കുത്തൊഴുക്ക് ഉണ്ടായതായി കണ്‍സര്‍വേറ്റീവുകള്‍ ചൂണ്ടിക്കാട്ടുന്നു. ലേബറിന് കഴിഞ്ഞ മെയ് മുതല്‍ ഒക്ടോബര്‍ വരെ 1,84,000 അംഗങ്ങളെ പുതുതായി ലഭിച്ചു. ഇതോടെ ലേബറിന്റെ അംഗസംഖ്യ 3,88,000 ആയി വര്‍ദ്ധിച്ചു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് ഈ സമയം അംഗങ്ങള്‍ വന്‍ തോതില്‍ കൊഴിയുകയായിരുന്നു. ഇതിന്റെ പേരില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വന്‍തോതില്‍ വിമര്‍ശനവും നേരിട്ടു.
എന്നാല്‍ കാര്യങ്ങള്‍ മാറി മറിയുകയാണെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷന്‍ ലോര്‍ഡ് ഫെല്‍ഡ്മാനും മന്ത്രിയായ റോബര്‍ട്ട് ഹാല്‍ഫനും നടത്തിയ അവലോകനത്തില്‍ കണ്‍സര്‍വേറ്റീവ് ആസ്ഥാനത്ത് ഒരു അംഗത്വം വിതരണ കേന്ദ്രം തുടങ്ങണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയിലെ നിലവിലുളള അംഗങ്ങളുടെ അംഗത്വം നഷ്ടമാകുന്നത് തടയാന്‍ ഒരു വ്യവസ്ഥയില്ല. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സര്‍വകലാശാലയില്‍ ചേരുന്ന കണ്‍സര്‍വേറ്റീവ് അനുഭാവികളുടെ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാനും യാതൊരു സംവിധാനവും പാര്‍ട്ടിയില്‍ ഇല്ല. പലരും അംഗത്വം പുതുക്കാത്തതും പാര്‍ട്ടിയുടെ അംഗസംഖ്യയെ ബാധിക്കുന്നു.

എന്നാല്‍ പുതിയ കേന്ദ്രീകൃത അംഗത്വ വിതരണത്തെ ചിലര്‍ എതിര്‍ക്കുന്നു. ഇത് പാര്‍ട്ടിയുടെ അധികാര കേന്ദ്രീകരണത്തിന് കാരണമാകുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഒരു കേന്ദ്രീകൃത സ്വഭാവമുണ്ടായേക്കാം എന്നും ആശങ്കയുണ്ട്. ഇതിനിടെ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കാമറൂണ്‍ നടത്തുന്ന ശ്രമങ്ങളും ആശങ്കയുണര്‍ത്തുന്നതാണ്. 650 മണ്ഡലങ്ങളില്‍ നിന്ന് 600 ആയി കുറയ്ക്കാനാണ് നീക്കം. അതേസമയം പാര്‍ട്ടിയുടെ എല്ലാ സിറ്റിംഗ് എംപിമാര്‍ക്കും അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന് കാമറൂണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ലണ്ടന്‍: ലണ്ടനിലെ നാഷണല്‍ മ്യൂസിയം ഹിസ്റ്ററി നടത്തിയ വന്യജീവി ഫോട്ടോ മല്‍സരത്തില്‍ മലയാളിയായ തോമസ് വിജയന് പുരസ്‌കാരം. മാതാപിതാക്കളുടെ വാലില്‍ പിടിച്ച് ഊഞ്ഞാലാടുന്ന കുരങ്ങന്‍ കുഞ്ഞിന്റെ ചിത്രത്തിനാണ് പുരസ്‌കാരം. കര്‍ണാടകയിലെ കബനി വന്യജീവി സങ്കേതത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് വിജയന് മികച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തത്.
1536

96 രാജ്യങ്ങളില്‍ നിന്നായി 42,000 ഫോട്ടോ എന്‍ട്രികളാണ് ലഭിച്ചത്. ഇതില്‍ 25 എണ്ണം ചുരുക്കപ്പട്ടികയിലായി. പിന്നീട് ആസ്വാദകര്‍ നടത്തിയ വോട്ടിംഗിലാണ് വിജയന്റെ ചിത്രത്തിന് കൂടുതല്‍ വോട്ട് ലഭിച്ചത്. ഒരു മലയാളി ഇത് ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുന്നത്

ലണ്ടന്‍: രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ റെഡ് ലൈറ്റ് മേഖലകളില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി തൊഴില്‍ ചെയ്യാനുളള സാഹചര്യം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആക്രമണങ്ങളില്‍ നിന്നും അറസ്റ്റില്‍ നിന്നും ഇവര്‍ക്ക് സംരക്ഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ 80,000 ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ ഇടപാടുകാര്‍ക്കും സ്വതന്ത്രമായി ഇടപെടാന്‍ പ്രത്യേകമേഖലകള്‍ വേണമെന്ന ആവശ്യവുമുണ്ട്. ലീഡ്‌സില്‍ ഇത്തരമൊരു സ്ഥിരം മേഖല കഴിഞ്ഞാഴ്ച നിലവില്‍ വന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം ശക്തമായിരിക്കുന്നത്. ലീഡ്‌സിലെ ഈ മേഖലയില്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴ് വരെ ലൈംഗികത്തൊഴിലാളികള്‍ക്ക് നിര്‍ഭയം പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.
തങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇപ്പോള്‍ കൂടുതല്‍ ലൈംഗിത്തൊഴിലാളികള്‍ ലീഡ്‌സില്‍ മുന്നോട്ട് വരുന്നുണ്ട്. പൊലീസുകാരില്‍ നിന്ന് കൂടുതല്‍ സഹിഷ്ണുതയോടുളള സമീപനമാണിതിന് ഇവരെ പ്രേരിപ്പിക്കുന്നത്. ഇത്തരം പരാതികള്‍ 2015-16ല്‍ നൂറ് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. നാഷണല്‍ അഗ്ലി മഗ്‌സിന്റെ കണക്കുകളാണിത്. ലൈംഗികത്തൊഴിലാളികള്‍ക്കെതിരെയുളള ആക്രമണം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

ലീഡ്‌സില്‍ കാര്യങ്ങള്‍ ഏറെ ഭേദപ്പെട്ടതായും അഗ്ലി മഗ്‌സ് പറയുന്നു. തങ്ങള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്ന കണ്ടാല്‍ ഇവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. തെരുവിലെ സ്ത്രീകള്‍ക്ക് രാജ്യത്ത് മറ്റിടങ്ങളിലും സമാനമായ സുരക്ഷിതത്വം ഒരുക്കാനാണ് പൊലീസിന്റെ നീക്കം.
2014ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ദിവസവും ഒരു ലൈംഗിക തൊഴിലാളിയെങ്കിലും ബലാല്‍സംഗം ചെയ്യപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. ലണ്ടനാണ് ഇത്തരം സംഭവങ്ങല്‍ മുന്നില്‍. ആഴ്ചയില്‍ രണ്ടിലേറെ ഇത്തരം സംഭവം ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് നിയന്ത്രിക്കാനായി ലണ്ടനിലും ബ്രാഡ്‌ഫോര്‍ഡിലും ന്യൂപോര്‍ട്ടിലും ഇത്തരം പദ്ധതി ആവിഷ്‌ക്കരിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

ഇക്കാര്യം ഓരോ പൊലീസ് സേനയുമാണ് തീരുമാനിക്കേണ്ടതെന്ന് ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. ലണ്ടന്‍ മേയറുടെ പരിഗണനയ്ക്ക് ഈ വിഷയം വിടാന്‍ ആലോചിക്കുന്നതായി കണ്‍സര്‍വേറ്റീവ് ലണ്ടന്‍ അസംബ്ലി മെമ്പര്‍ ആന്‍ഡ്രൂ ബോഫ് പറഞ്ഞു. ലീഡ്‌സിലെ പദ്ധതി വന്‍ വിജയമാണ്. ഇത്തരം സോണുകള്‍ ലണ്ടനിലും വേണം. ലണ്ടനിലെ ലൈംഗിത്തൊഴിലാളികള്‍ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ്. ഇത് നേരിടാന്‍ ഇത്തരം പദ്ധതികള്‍ സഹായകമാകും.

ന്യൂപോര്‍ട്ടിലും ലൈംഗിക വ്യാപാരത്തെ നിയന്ത്രിക്കാനുളള പദ്ധതികളെക്കുറിച്ച് ഗ്വെന്റ് പൊലീസ് ആലോചിച്ചിരുന്നു. ഇവിടെ പതിനാല് വയസുളള പെണ്‍കുട്ടികള്‍ രണ്ട് പൗണ്ടിന് ലൈംഗികത വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു ഇക്കാര്യം പരിഗണിച്ചത്. ലീഡ്‌സിലെ പദ്ധതിയുടെ വിജയം പരിശോധിച്ച ഷേം കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ ഒരു തീരുമാനമെടുക്കൂ. എന്നാല്‍ ലീഡ്‌സിലെ പ്രോസ്റ്റിറ്റിയൂട്ട് സോണും ചില ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. 21കാരിയായ ഡാരിയ പോയിന്‍കോ എന്ന ലൈംഗികത്തൊഴിലാളിയെ മാരകമായ മുറിവുകളുടെ കണ്ടെത്തുകയും പിന്നീട് അവര്‍ മരിക്കുകയും ചെയ്തതോടെയാണ് ഇത്തരം സോണുകളെക്കുറിച്ചും ആശങ്ക ഉയരുന്നത്.

പാരീസ്: ഫ്രാന്‍സില്‍ മരുന്ന പരീക്ഷണത്തില്‍ പങ്കെടുത്തയാള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. നാലു പേര്‍ക്ക് ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇതില്‍ മൂന്നു പേര്‍ക്ക് ചികിത്സിച്ചു ഭേദമാക്കാനാകാത്ത വിധത്തിലുള്ള മസ്തിഷ്‌ക ക്ഷതം സംഭവിച്ചതായും വെളിപ്പെടുത്തലുണ്ട്. വെസ്റ്റേണ്‍ ഫ്രാന്‍സിലുള്ള ഒരു ക്ലിനിക്കില്‍ നടന്ന പുതിയ വേദനാ സംഹാരിയുടെ പരീക്ഷണമാണ് പരാജയപ്പെട്ടത്. ആശുപത്രിയിലെ ചീഫ് ന്യൂറോളജിസ്റ്റായ പ്രൊഫ.ഗില്‍സ് ഈഡന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഒരാള്‍ ചികിത്സയിലുണ്ടെങ്കിലും ഇയാളുടെ നില അത്രഗുരുതരമല്ല. ആറു പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും ഫ്രാന്‍സിലെ ആരോഗ്യമന്ത്രി അറിയിച്ചു. 90 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ മരുന്ന പരീക്ഷണത്തിന് വിധേയരായി. വ്യത്യസ്ത ഡോസുകളിലാണ് പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്ക് മരുന്ന് നല്‍കിയത്. ഇതിന് മുമ്പ് രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. 28നും 49നും ഇടയില്‍ പ്രായമുളള ആറ് പേരാണ് ചികിത്സയല്‍ കഴിയുന്നത്. ഈ മാസം ഏഴിന് പരീക്ഷണം ആരംഭിക്കുമ്പോള്‍ ഇവര്‍ പൂര്‍ണ ആരോഗ്യവാന്‍മാരായിരുന്നു.

റെന്‍സ് ആശുപത്രയില്‍ പ്രവേശിപ്പിച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യാന്തര നിര്‍ദേശങ്ങള്‍ പാലിച്ചാണ് തങ്ങള്‍ പരീക്ഷണം നടത്തിയതെന്ന് ബയോട്രയല്‍ വ്യക്തമാക്കുന്നു. കഞ്ചാവിലടങ്ങിയിട്ടുളളതിന് സമാനമായ സംയുക്തങ്ങളാണ് ഈ മരുന്നിലും ഉളളതെന്ന് പ്രൊഫ. ഈഡന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇത് കഞ്ചാവ് കൊണ്ടല്ല ഉണ്ടാക്കിയിട്ടുളളതെന്നും ഇവര്‍ പറയുന്നു. പോര്‍ച്ചുഗീസ് മരുന്ന് നിര്‍മാണ കമ്പനിയായ ബിയാല്‍ ആണിത് നിര്‍മിച്ചിട്ടുളളത്.

RECENT POSTS
Copyright © . All rights reserved