Main News

ലണ്ടന്‍: വര്‍ഷങ്ങളായി തുടരുന്ന ശമ്പള നിയന്ത്രണം മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വെ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നതായി സര്‍വേ. ജീവിക്കാന്‍ പോലും പണം തികയാത്തത് മൂലം 41 ശതമാനം നഴ്‌സുമാര്‍ക്ക് ഉറക്കം പോലും നഷ്ടമായിരിക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ സര്‍വേ വ്യക്തമാക്കുന്നു. ആര്‍സിഎന്‍ നടത്തിയ 2017എംപ്ലോയ്‌മെന്റ് സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്കായി കൂടുതല്‍ പണം അടുത്തയാഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ അനുവദിക്കണമെന്നും ആര്‍സിഎന്‍ ആവശ്യപ്പെട്ടു.

2010 മുതല്‍ നഴ്‌സുമാര്‍ക്ക് ശരാശരി 14 ശതമാനം വെട്ടിക്കുറയ്ക്കലാണ് ശമ്പളത്തില്‍ വരുത്തിയത്. നാണ്യപ്പെരുപ്പത്തിനനുസരിച്ച് കണക്കാക്കിയാല്‍ 2500 പൗണ്ട് എങ്കിലും കുറവാണ് ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. എന്നാല്‍ 1 ശതമാനം മാത്രമാണ് കുറച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഉദ്പാദനക്ഷമതയുള്ള മേഖലകളില്‍ മാത്രമേ ശമ്പള നിയന്ത്രണം എടുത്തു കളയൂ എന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞത്.

നിലിവിലെ സാഹചര്യങ്ങളില്‍ നഴ്‌സുമാര്‍ക്ക് മോശം ശമ്പളമാണ് ലഭിക്കുന്നതെന്ന് സര്‍വേ പറയുന്നു. അഞ്ച് വര്‍ഷം മുമ്പത്തേതിനേക്കാള്‍ മോശം സാമ്പത്തികാവസ്ഥയിലാണ് തങ്ങളെന്ന് 70 ശതമാനം നഴ്‌സുമാര്‍ വ്യക്തമാക്കി. 23 ശതമാനം പേര്‍ മറ്റു ജോലികള്‍ കൂടി ചെയ്താണ് ജീവിതം തള്ളിനീക്കുന്നത്. മറ്റുള്ളവരോട് നഴ്‌സിംഗ് ജോലി ശുപാര്‍ശ ചെയ്യുന്ന നഴ്‌സുമാരുടെ എണ്ണം 41 ശതമാനം മാത്രമാണെന്നതും ഇവരുടെ ആത്മവിശ്വാസത്തിലുണ്ടായ കുറവിനെയാണ് സൂചിപ്പിക്കുന്നത്.

മെല്‍ബണ്‍: സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കാന്‍ സമ്മതമറിയിച്ച് ഓസ്‌ട്രേലിയന്‍ ജനത. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ ദേശീയ സര്‍വേയിലാണ് ജനഹിതം വ്യക്തമായത്. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കുന്നതിനെ 61.6 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍ 38.4 ശതമാനം പേര്‍ എതിരഭിപ്രായം പറഞ്ഞു. ഇതോടെ നിയമപരിഷ്‌കരണത്തിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയായാല്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കുന്ന 26-ാമത് രാജ്യമായി ഓസ്‌ട്രേലിയ മാറും.

വ്യക്തവും ഉറപ്പുള്ളതുമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ ഹിതപരിശോധനാ ഫലത്തോട് പ്രതികരിച്ചു. ക്രിസ്തുമസിനു മുമ്പായി നിയമനിര്‍മാണം നടത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഇനി ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം പാര്‍ലമെന്റിനാണെന്നും ഈ വര്‍ഷം അവസാനത്തോടെ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

7,817,247 വോട്ടുകളാണ് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് ലഭിച്ചത്. 4,873,987 പേര്‍ ഇതിനെ എതിര്‍ത്തു. രാജ്യത്തെ ആറ് സ്‌റ്റേറ്റുകളിലും അനുകൂല ഫലമാണ് ലഭിച്ചത്. ന്യൂ സൗത്ത് വെയില്‍സില്‍ 57.8 ശതമാനം പേര്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ തലസ്ഥാനത്ത് 74 ശതമാനം പേരും സമ്മതം അറിയിച്ചു. 1997 വരെ സ്വവര്‍ഗ്ഗ ലൈംഗികത ചില സംസ്ഥാനങ്ങളില്‍ നിയമവിരുദ്ധമായിരുന്നു. പുതിയ തീരുമാനത്തെ സ്വവര്‍ഗ്ഗ പ്രേമികള്‍ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.

ജിമ്മി മൂലക്കുന്നേൽ

ബർമിങ്ഹാം: ബി സി എം സി.. അനുദിനം കരുത്താർജിക്കുന്ന മിഡ്‌ലാൻഡ്‌സിലെ അസോസിയേഷൻ.. മുൻപ് പറഞ്ഞതുപോലെ യുകെ മലയാളികളെ വിജയത്തിന്റെ പടവുകൾ കാണിച്ചുകൊണ്ടിരിക്കുന്ന അസോസിയേഷൻ… പ്രവർത്തനത്തിൽ മുൻപന്തിയിൽ.. കരുത്തരായ വൂസ്റ്റർ തെമ്മാടിയെ വടംവലിയിൽ തോൽപ്പിച്ച കറുത്ത കുതിരകൾ.. തീർന്നില്ല കഴിഞ്ഞ വർഷത്തെ യുക്മ കലാമേളയിൽ വിജയപാതയിൽ എത്തിയ അസ്സോസിയേഷനുകളിൽ ഒന്ന്… ഈ വർഷത്തെ മിഡ്‌ലാൻഡ്‌സ് റീജിണൽ കലാമേളയിലെ കേമൻമ്മാർ.. ചാരിറ്റി പ്രവർത്തനം വഴി മറ്റു അസോസിയേഷനുകളുടെ സഹായത്തോടെ ചിറമ്മേലച്ചന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകർന്ന അസോസിയേഷൻ.. അതെ ഇതെല്ലാം നേടിയ ബി സി എം സി ഒരിക്കൽ കൂടി വാർത്തകളിൽ നിറയുന്നു… അഞ്ചു കുരുന്നുകളുടെ അരങ്ങേറ്റവുമായി.. ചിലങ്കയുടെ താളത്തോടെ… അതിശയിപ്പിക്കുന്ന നടന വൈഭവവുമായി ബി സി എം സി യുടെ കുരുന്നുകൾ.. 

സ്ഥലം ബിർമിങ്ഹാം ഷെള്‍ഡന്‍ ഹാൾ.. തിങ്ങി നിറഞ്ഞ അസോസിയേഷന്റെ മെംബേർസ്.. ബിസിഎംസിയുടെ അഞ്ചു കുരുന്നു പ്രതിഭകള്‍ അവരുടെ നൃത്താഞ്ജലി (ചിലങ്ക പൂജ) അരങ്ങേറ്റം കുറിക്കാൻ തയ്യാറായി.  ഡോ. രജനി പാലക്കലിന്റെ കൃത്യതയാർന്ന ശിക്ഷണത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നടത്തിയ കഠിന പ്രയത്‌നം.. രാജേഷ് സേവ്യർ – അനില ദമ്പതികളുടെ മകൾ ലിയോണ,  റ്റെൻസ് ജോസഫ് – ഷീന റ്റെൻസ് ദമ്പതികളുടെ മകൾ ആൻമേരി റ്റെൻസ്, സിറോഷ് ഫ്രാൻസിസ് – ജോളി സിറോഷ് ദമ്പതികളുടെ മകൾ നേഹ ഫ്രാൻസിസ്, ജോസ് സെബാസ്റ്റ്യൻ – ജിൽസി ജോസ് ദമ്പതികളുടെ മകൾ മെറിൻ ജോസ്, ബിജു ജോസഫ് – റീന ബിജു ദമ്പതികളുടെ മകൾ അമേലിയ ബിജു എന്നീ     അഞ്ചു കുരുന്നുകള്‍ അവരുടെ അരങ്ങേറ്റത്തിനായുള്ള ചുവടുകള്‍ സ്വായത്തമാക്കി,  അവരുടെ മാസ്മരിക ഇച്ഛാശക്തി മുഴുവനും സദസ്സിന് മുമ്പില്‍ അവതരിപ്പിച്ചപ്പോൾ നിൽക്കാത്ത കരഘോഷം.

സമയനിഷ്ട പാലിച്ചുകൊണ്ട്‌ കൃത്യം ആറ് മണിക്ക് ഡോ. രജനി പാലക്കലിന്റെ നേതൃത്വത്തില്‍ തിരി തെളിയിച്ച് ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് പ്രാര്‍ത്ഥനാ ഗാനാലാപനത്തോടെ (ഷൈജി അജിത്ത് & സില്‍വി ജോണ്‍സണ്‍) ഔദ്യോഗിക പരിപാടിക്ക് ആരംഭം കുറിച്ചു. രാജേഷ് സേവ്യര്‍ നിറഞ്ഞ സദസിന് സ്വാഗതമോതി… തുടര്‍ന്ന് അരങ്ങേറ്റത്തെക്കുറിച്ചും, അതിന്റെ ഉത്ഭവത്തെക്കുറിച്ചും അതിമനോഹരമായി സദസിന് മുന്നില്‍ തന്‍മയത്വത്തോടെ  അവതരിപ്പിച്ച ശോഭ .. 

 

ശേഷം അരങ്ങേറ്റത്തിലെ ഒൻപത് ക്ലാസിക് നൃത്തരൂപങ്ങളുടെ ആവിഷ്ക്കാരം.. പുഷ്പാഞ്ജലി, അലാരിപ്പു, ജതിസ്വരം, ശബ്ദം, വര്‍ണം, പദം, സെമി ക്ലാസിക് ഡാന്‍സ്, തില്ലാന, മംഗളം എന്നീ ക്രമത്തിൽ അരങ്ങേറ്റത്തില്‍ പങ്കാളികളായ അഞ്ച് കുരുന്നുകളും അവരുടെ സീനിയേഴ്‌സും നിറഞ്ഞവേദിയില്‍ നയന ചാരുതയോടെ ആവിഷ്‌കരിച്ചപ്പോൾ മൊട്ടുസൂചി നിലത്തുവീണാൽ കേൾക്കാവുന്ന നിശബ്തത… അവരുടെ ഓരോ ചുവടുകളും നിറഞ്ഞ കയ്യടികളോടെ സദസ്സ് എതിരേറ്റപ്പോൾ ബി സി എം സി എന്ന അസോസിയേഷന്റെ, അംഗങ്ങളുടെ പ്രവർത്തനഫലമാണ് വേദിയിൽ വിരുന്നായെത്തിയത്. പരിപാടികൾ സുഗമമായി നടക്കുവാന്‍ ജോളിയുടെയും ജോയുടെയും കൃത്യതയാർന്ന നേതൃത്വവും നിർദ്ദേശങ്ങളും. ജോയിച്ചേട്ടന്റെ ശബ്ദവും വെളിച്ചവും അരങ്ങേറ്റത്തിന് മോടി പിടിപ്പിച്ചപ്പോൾ, സ്റ്റീഫന്റെ വീഡിയോ, ഫോട്ടോഗ്രാഫി എന്നിവ കുരുന്നുകളുടെ ഓരോ ഭാവചലനങ്ങളും വളരെ മനോഹരമായി ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു.

അജിത്ത് പുല്ലുകാട്ടിന്റെ ബാനര്‍, ടീച്ചര്‍ അമ്പിളി സനല്‍, ഷീബ തോമസ് എന്നിവരുടെ മേയ്ക്ക് അപ്പ് എന്നിവ അരങ്ങേറ്റത്തിന് മഴവില്ലിന്റെ മനോഹാരിത പകർന്നു നൽകി. റീന ബിജു നിറഞ്ഞ സദസിന് നന്ദി പ്രകാശിപ്പിച്ചു. ശേഷം ജോമോന്‍ കെറ്ററിംഗ്ും ടീമും ഒരുക്കിയ രുചികരമായ ഭക്ഷണം എല്ലാവരും നന്നായി ആസ്വദിച്ചു. ശ്രീകാന്ത് നമ്പൂതിരി, ഷൈജി അജിത്, ജിബി ജോർജ് എന്നിവര്‍ ക്ലാസിക്കല്‍ മ്യൂസിക്ക് ഗംഭീരമായി ആലപിച്ചപ്പോൾ ഒരു കച്ചേരിയുടെ പരിവേഷം വന്നുചേർന്നു… അതിനുശേഷം നിറഞ്ഞ സദസും കുട്ടികളും ശ്രുതി മധുരമായ ഗാനങ്ങള്‍ക്കനുസരിച്ച് നൃത്തച്ചുവടുകള്‍ വച്ച് അവരുടെ ഈ മുഹൂര്‍ത്തം ഗംഭീരമാക്കി പിരിഞ്ഞപ്പോൾ ബി സി എം സി ഒരിക്കൽക്കൂടി വാർത്തകളിൽ ഇടം നേടുകയായിരുന്നു.. വിജയ സോപാനങ്ങൾ കയറുകയായിരുന്നു. ഏകദേശം 10.30 നോട്കൂടി അരങ്ങേറ്റത്തിന് സമാപനം കുറിച്ചു.

ബര്‍മിംഗ്ഹാം: ആംബുലന്‍സിനു മുന്നില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന കുറിപ്പെഴുതി വെച്ചയാള്‍ ക്ഷമാപണവുമായി രംഗത്ത്. ഹസന്‍ ഷാബിര്‍ എന്ന 27കാരനാണ് താന്‍ ചെയതത് ക്രൂരമായിപ്പോയെന്ന് പറഞ്ഞ് രംഗത്തെത്തിയത്. അധ്യാപകനായി ജോലി നോക്കുകയാണ് ഇയാള്‍. ഹൃദയസ്തംഭനത്തേത്തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വന്ന ആംബുലന്‍സ് തന്റെ വഴി മുടക്കിയെന്ന് പറഞ്ഞാണ് യുവാവ് കുറിപ്പെഴുതി വെച്ചത്.

തന്റെ ചെയ്തിയില്‍ ലജ്ജ തോന്നുന്നതായി ഷാബിര്‍ പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണമടഞ്ഞ രോഗിയെ ഓര്‍മിക്കുന്നു. താന്‍ ചെയ്തതിന് ന്യായീകരണങ്ങള്‍ ഒന്നുമില്ല. വിശദീകരിക്കാനുമില്ല. ഒന്നും പറഞ്ഞ് താന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്ന് ഷാബിര്‍ വ്യക്തമാക്കി. തന്റെ പെരുമാറ്റം മരണമടഞ്ഞയാളുടെ കുടുംബത്തിനുണ്ടാക്കിയ മനോവിഷമത്തിന് ക്ഷമ ചോദിക്കുന്നതായും അയാള്‍ പറഞ്ഞു. ആംബുലന്‍സിനു മുന്നില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച നടപടിയെ സ്വാര്‍ത്ഥതയുടെ ഏറ്റവും ക്രൂരമായ ഉദാഹരണം എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്.

നിങ്ങള്‍ ഒരു ജീവന്‍ രക്ഷിക്കുകയായിരിക്കും. പക്ഷേ അതിനായി എന്റെ വഴിമുടക്കിക്കൊണ്ട് വാന്‍ പാര്‍ക്ക് ചെയ്യരുതെന്നാണ് ഇയാള്‍ കുറിച്ചത്. രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് ആംബുലന്‍സ് ജീവനക്കാര്‍ ഇത് കണ്ടത്. ഈ കുറിപ്പിന്റെ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വന്‍ പ്രതിഷേധമാണ് ഇതേത്തുടര്‍ന്ന് ഉയര്‍ന്നത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി പിന്നീട് മരിക്കുകയും ചെയ്തു.

യുകെയിലെ പ്രവാസി മലയാളികളുടെ ഇടയില്‍ ഒളിഞ്ഞിരിക്കുന്ന കലാകാരന്മാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി വോയ്സ് ഓഫ് ഡെര്‍ബി രാഗസന്ധ്യ 2017 എന്ന പേരില്‍ സംഗീത നിശ നവംബര്‍ 18 ശനിയാഴ്ച സംഘടിപ്പിക്കുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വോയ്സ് ഓഫ് ഡെര്‍ബിയുടെ നേതൃത്വത്തില്‍ ബ്രിട്ടണിലെ കലാകാരന്മാര്‍ക്കായി സംഗീത നിശ നടത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം പൊതുജനങ്ങളില്‍ നിന്നും സംഗീതാസ്വാദകരില്‍ നിന്നുമുണ്ടായ അഭൂതപൂര്‍വ്വമായ പ്രതികരണം കണക്കിലെടുത്ത് 500ഓളം പേരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന വേദിയും വിപുലമായ ഒരുക്കങ്ങളുമാണ് സംഘാടകര്‍ നടത്തുന്നത്. മലയാളം യുകെ മീഡിയാ പാര്‍ട്ണര്‍ ആയ സംഗീതനിശയുടെ ഉദ്ഘാടനം രാഷ്ട്രീയ സാമൂഹിക നിരീക്ഷകനും മലയാളം യുകെ ഡയറക്ടറും എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ ജോജി തോമസ് നിര്‍വ്വഹിക്കും.

കലയും സംഗീതവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ഒരുപറ്റം പ്രവാസികളുടെ ശ്രമഫലമായി രൂപീകൃതമായ സംഘടനയാണ് വോയ്സ് ഓഫ് ഡെര്‍ബി. യുകെയിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ ഉള്ള കലാകാരന്മാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വോയ്സ് ഓഫ് ഡെര്‍ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെയും കലാകാരന്മാരുടെയും ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നവംബര്‍ 18 ശനിയാഴ്ച 5 മണിക്ക് ആരംഭിക്കുന്ന സംഗീത നിശ രാത്രി 9 മണി വരെ നീണ്ടുനില്‍ക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ സംഗീത നിശയില്‍ ഗാനങ്ങള്‍ ആലപിക്കും. സംഗീതാസ്വാദകര്‍ക്ക് ഗാനങ്ങള്‍ക്കൊപ്പം രുചികരമായ നാടന്‍ ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളെയും കലാപ്രേമികളെയും രാഗസന്ധ്യ 2017 ലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. രാഗസന്ധ്യ 2017 നടക്കുന്ന വേദിയുടെ വിലാസവും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും താഴെ കൊടുക്കുന്നു.

Venue: Rykneld Community Centre
Bed Ford Close
Derby, DE 22 3H Q

Bijo Jacob: 07533976433
Anil George : 07456411198

ലണ്ടന്‍: യൂറോപ്യന്‍ സാമ്പത്തിക മേഖലയിലെ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരില്‍ അഞ്ചിലൊന്ന് പേരും എന്‍എച്ച്എസ് വിടാന്‍ ഒരുങ്ങുന്നതായി സര്‍വേ. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 1720 ഡോക്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. നിലവില്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന 12,000 യൂറോപ്യന്‍ യൂണിയന്‍ ഡോക്ടര്‍മാരുടെ 15 ശതമാനം വരും ഇത്. ഇവരില്‍ 45 ശതമാനം പേരും എന്‍എച്ച്എസ് വിടാന്‍ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തി.

18 ശതമാനം പേര്‍ ഏതു രാജ്യത്തേക്ക് മാറേണ്ടതെന്ന കാര്യത്തില്‍ പോലും ആലോചന തുടങ്ങിയെന്നാണ് വെളിപ്പെടുത്തിയത്. ബ്രെക്‌സിറ്റ് മൂലമുണ്ടാകുന്ന അനിശ്ചിതത്വങ്ങള്‍ ആരോഗ്യമേഖലയ്ക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അവ സംബന്ധിച്ചുള്ള ഏകദേശ കണക്കുകള്‍ ഇപ്പോഴാണ് പുറത്തു വരുന്നത്. ഡോക്ടര്‍മാരുടെ ഈ കൂട്ടപ്രയാണത്തിന്റെ ഗുണഭോക്താക്കളാകുന്നത് ജര്‍മനി, സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളായിരിക്കും.

ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ താമസിക്കുന്നതിന് നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങളില്‍ ഇമിഗ്രേഷന്‍ നിയമങ്ങളും താമസിക്കാനുള്ള സ്റ്റാറ്റസ് സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളുമായിരിക്കും. യൂറോപ്യന്‍ പൗരന്‍മാരോട് രാജ്യത്താകെയുള്ള പ്രതികൂല മനോഭാവവും യുകെ വിടാന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ടെന്നും സര്‍വേ പറയുന്നു. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഈ കണ്ടെത്തല്‍ നിഷേധിച്ചു. യുകെ മെഡിക്കല്‍ രജിസ്റ്ററിലുള്ള യൂറോപ്യന്‍ സാമ്പത്തിക മേഖലയില്‍ നിന്നുള്ളവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അവകാശവാദം.

ലണ്ടന്‍: പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1 വരെ മാത്രമായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പ്ലാസ്റ്റിക് നോട്ടുകള്‍ അവതകരിപ്പിച്ചതോടെയാണ് പേപ്പര്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 14നായിരുന്നു പത്ത് പൗണ്ടിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ നിലവില്‍ വന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കിലും ബാങ്കുകളില്‍ അവ മാറ്റിയെടുക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 2000 നവംബര്‍ 7നാണ് ചാള്‍സ് ഡാര്‍വിന്റെ ചിത്രത്തോടുകൂടിയ 10 പൗണ്ടിന്റെ നോട്ട് അവതരിപ്പിച്ചത്.

അന്ധര്‍ക്കും ഭാഗികമായി അന്ധതയുള്ളവര്‍ക്കും തിരിച്ചറിയാനുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടാണ് പുതിയ പ്ലാസ്റ്റിക് നോട്ടുകള്‍. പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിച്ചതിനു ശേഷം ഇപ്പോള്‍ വിനിമയത്തിലുള്ള 10 പൗണ്ട് നോട്ടുകളില്‍ 55 ശതമാനവും പ്ലാസ്റ്റിക് നോട്ടായി മാറിക്കഴിഞ്ഞു. 359 മില്യന്‍ പേപ്പര്‍ നോട്ടുകളും നിലവിലുണ്ട്. നോവലിസ്റ്റ് ജെയിന്‍ ഓസ്റ്റന്റെ ചിത്രമാണ് ഈ നോട്ടിലുള്ളത്. കുറഞ്ഞത് 5 വര്‍ഷമെങ്കിലും ഒരു നോട്ടിന് ആയുസുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ അളവില്‍ മൃഗക്കൊഴുപ്പ് പ്ലാസ്റ്റിക് നോട്ടുകളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെളിപ്പെടുത്തിയതിനു പിന്നാലെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. 5 പൗണ്ട് നോട്ടുകള്‍ അവതരിപ്പിച്ചപ്പോള്‍ ഉയര്‍ന്ന വിവാദങ്ങള്‍ 10 പൗണ്ടിനു പിന്നാലെയും തുടരുകയാണ്. നിരോധിച്ച 5 പൗണ്ടിന്റെ പേപ്പര്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഇപ്പോഴും കഴിയുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി.

ബര്‍മിംഗ്ഹാം: ഹൃദ്രോഗബാധിതനായ ആളെ ചികിത്സിക്കാന്‍ എത്തിയ ആംബുലന്‍സ് വഴിമുടക്കിയെന്ന് ആരോപിച്ച് കുറിപ്പെഴുതിയ സംഭവത്തിലെ രോഗി മരിച്ചു. രക്തം ഛര്‍ദ്ദിച്ച് അവശനായ രോഗിയെ ആംബുലന്‍സ് ജീവനക്കാര്‍ പരിചരിക്കുന്നതിനിടെയായിരുന്നു പ്രദേശവാസിയായ കെട്ടിടമുടമ ആംബുലന്‍സ് തന്റെ വഴിമുടക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. ആംബുലന്‍സിന്റെ വിന്‍ഡ് ഷീല്‍ഡില്‍ ഇയാള്‍ ഒരു കുറിപ്പ് എഴുതി പതിക്കുകയായിരുന്നു. നിങ്ങള്‍ ജീവന്‍ രക്ഷിക്കാനായിരിക്കും വന്നത്. പക്ഷേ എന്റെ വഴി മുടക്കിക്കൊണ്ട് നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യരുതെന്നായിരുന്നു കുറിപ്പ്.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഹാര്‍ട്ട്‌ലാന്‍ഡ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെവെച്ച് ഇയാള്‍ മരിച്ചു. വെള്ളിയാഴ്ചയാണ് ഇയാളെ രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ എത്തിയ ആംബുലന്‍സിലെ ജീവനക്കാര്‍ രോഗിയെ പരിചരിക്കുന്ന തിരക്കിലായിരുന്നു. അതിനിടെയാണ് പ്രദേശവാസിയുടെ പരാക്രമം. ആംബുലന്‍സിന്റെ വശങ്ങളില്‍ അടിച്ചുകൊണ്ട് തന്റെ കാര്‍ ഇറക്കാന്‍ കഴിയുന്നില്ല എന്ന അക്രോശവുമായി ഒരാള്‍ എത്തുകയായിരുന്നു.

പിന്നീട് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമാണ് ആംബുലന്‍സിനു മുന്നില്‍ ജീവനക്കാര്‍ കുറിപ്പ് കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ആംബുലന്‍സ് ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില് പോസ്റ്റ് ചെയ്തു. സ്വാര്‍ത്ഥതയുടെ പരകോടി എന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനത്തിനാണ് വിധേയമായത്. ,

 

ചണ്ഡീഗഢ്: റയാന്‍ സ്‌കൂള്‍ വിദ്യാര്‍ഥി പ്രദ്യുമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ഹരിയാന പോലീസ്. കൊലപാതക കേസ് തെളിഞ്ഞതിനു പിന്നാലെ കഴിഞ്ഞ ദിവസം ഗുരുഗ്രാം പോലീസ് കമ്മീഷണര്‍ സന്ദീപ് കിര്‍വാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അന്വേഷണത്തില്‍ പാളിച്ച പറ്റിയതായി അന്വേഷണ സംഘം സമ്മതിച്ചത്. സ്‌കൂളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചില്ലെന്നും അന്വേഷണ സംഘം കമ്മീഷണറെ അറിയിച്ചു.

സ്‌കൂളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ ആദ്യത്തെ എട്ട് സെക്കന്റില്‍ അശോക് കുമാര്‍ പ്രദ്യുമനെ സ്‌കൂള്‍ ശൗചാലയത്തിലേക്ക് വിളിച്ചു കൊണ്ടുപോവുന്നത് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലനടത്തിയത് ഇയാളെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഈ ദൃശ്യങ്ങളില്‍ അശോക് കുമാറിന്റെ ദൃശ്യങ്ങള്‍ക്കു പുറമേപ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. എന്നാല്‍ പോലീസ് വിദ്യാര്‍ഥിയെ വിശദമായി ചോദ്യം ചെയ്യാതെ ബസ് കണ്ടക്ടറായ അശോക് കുമാറിനെ കൊലപാതകിയായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയത്.

പ്രദ്യുമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം കഴിഞ്ഞ ദിവസമാണ് കേസന്വേഷണം ഏറ്റെടുത്ത സിബിഐ പുറത്തുവിട്ടത്. പോലീസ് കണ്ടെത്തിയതു പോലെ സ്‌കൂള്‍ ബസ് കണ്ടക്ടറായ അശോക് കുമാറല്ല യഥാര്‍ഥ കൊലപാതകിയെന്നും റയാന്‍ സ്‌കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കൊല നടത്തിയതെന്നും സിബിഐ കണ്ടെത്തി. സാഹചര്യ തെളിവുകളുടെ പശ്ചാത്തലത്തില്‍ അശോക് കുമാറിനെ കുറ്റക്കാരനായി ചിത്രീകരിച്ച് കേസ് വേഗം ഒതുക്കി തീര്‍ക്കാനായിരുന്നു പോലീസ് ശ്രമിച്ചതെന്നും സിബിഐ കണ്ടെത്തി.

സ്‌കൂള്‍ ബസ് കണ്ടക്ടറായ അശോക് കുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥാപിക്കാനായി പോലീസ് തെളിവുകള്‍ കെട്ടിച്ചമച്ചെന്ന ആരോപണവും സിബിഐ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് കൊലപാതകിയെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കേസില്‍ സ്‌കൂളിലെപതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കൃത്യത്തില്‍ ബസ് കണ്ടക്ടറായ അശോക് കുമാറിന് പങ്കില്ലെന്നും സിബിഐ തെളിയിച്ചു. സ്‌കൂളിലെ പരീക്ഷ വൈകിപ്പിക്കുന്നതിനാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായ വിദ്യാര്‍ഥി മൊഴി നല്‍കിയിട്ടുണ്ട്.അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫരീദാബാദിലെ ജുവൈനല്‍ നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്.

കേസ് അന്വേഷണത്തിലുണ്ടായ പാളിച്ചയുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തെ പോലീസ് കമ്മീഷണര്‍ താക്കീത് ചെയ്തു. അന്വേഷണം അട്ടിമറിക്കപ്പെട്ടത് ഏത് സാഹചര്യത്തിലാണെന്നത് സംബന്ധിച്ചും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥരെ കുറിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലണ്ടന്‍: ഏറ്റവും ആഡംബരം നിറഞ്ഞ വിമാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള മത്സരം എയര്‍ലൈന്‍ കമ്പനികള്‍ക്കിടയില്‍ മുറുകിയതോടെ ഫസ്റ്റ് ക്ലാസ് യാത്രാ സൗകര്യങ്ങളുടെ രീതികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുന്നു. യാത്രകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാന്‍ ആളുകള്‍ തയ്യാറാകുന്നത് വ്യത്യസ്തമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിമാനക്കമ്പനികളെ പ്രേരിപ്പിക്കുകയാണ്. ഇവയില്‍ ഏറ്റവും വിപ്ലവകരമായ മാറ്റമാണ് എമിറേറ്റ്‌സ് കൊണ്ടുവരുന്നത്. കാര്‍ നിര്‍മാതാക്കളില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് തയ്യാറാക്കിയ ഫസ്റ്റ് ക്ലാസ് സ്യൂട്ടുകളായിരിക്കും ഇനി മുതല്‍ എമിറേറ്റ്‌സ് വിമാനങ്ങളിലെ ഹൈലൈറ്റ്.

ബോയിംഗ് 777 ജെറ്റ് വിമാനങ്ങളിലാണ് ഇവ അവതരിപ്പിക്കാന്‍ പോകുന്നത്. ഓരോ ഫസ്റ്റ് ക്ലാസ് യാത്രക്കാരനും 40 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമാണ് എമിറേറ്റ്‌സ് നല്‍കുന്നത്. 7 അടി നീളവും 5 അടി 8 ഇഞ്ച് വീതിയുമുള്ള സ്യൂട്ടുകളാണ് ക്രമീകരിക്കുന്നത്. ഇക്കോണമി യാത്രക്കാര്‍ സാധാരണ മട്ടില്‍ ഇരിക്കുമ്പോള്‍ ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കായി 6 സീറ്റുകളാണ് നല്‍കുന്നത്. ഇവ പൂര്‍ണ്ണമായും സ്വകാര്യത ഉറപ്പാക്കുന്ന ക്യാബിനുകളായിരിക്കും. മൂന്ന് നിരകളിലായി ക്രമീകരിക്കുന്ന ഇവയില്‍ എല്ലാ സീറ്റുകളിലും വിന്‍ഡോയുണ്ടാകും. മധ്യനിരയിലെ സ്യൂട്ടിന് വിര്‍ച്വല്‍ വിന്‍ഡോകളായിരിക്കും ഉണ്ടാകുക.

യാത്രക്കാര്‍ക്ക് സ്‌റ്റെയിനര്‍ സഫാരി ബൈനോക്കുലറുകളും നല്‍കും. മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് കാറുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ സ്യൂട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണത്തിനും മറ്റുമായി ജീവനക്കാരെ വിളിക്കാനുള്ള സൗകര്യത്തിനു പുറമേ വീഡിയോ കോളിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ക്ലാസിലെ യാത്രക്കാര്‍ക്ക് 70 കിലോ ബാഗേജ് സൗജന്യമായി കൊണ്ടുപോകുകയും ചെയ്യാം. ലണ്ടന്‍-ദുബായ്-സിഡ്‌നി റൂട്ടിലെ റിട്ടേണ്‍ ടിക്കറ്റിന് 7220 പൗണ്ടായിരിക്കും ഈടാക്കുകയെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഈ റൂട്ടിലെ ഇക്കോണമി നിരക്ക് 700 പൗണ്ട് മാത്രമാണ്.

RECENT POSTS
Copyright © . All rights reserved