Main News

ലണ്ടന്‍ നഗരത്തെ ആശങ്കയിലാക്കി വന്‍ തീപിടുത്തം.  ആളപായമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.  ആളുകള്‍ കുടുങ്ങിക്കിടക്കുന്നെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം തടരുകയാണ്. പടിഞ്ഞാറന്‍ ലണ്ടനിലെ ജനവാസ കേന്ദ്രത്തിലാണ് അപകടമുണ്ടായത്.  ഗ്രെന്‍ഫെല്‍ ടവറില്‍ പുലര്‍ച്ചെ ഒന്നേമുക്കാലിന് തീപിടുത്തമുണ്ടായത്.

27 നിലകെട്ടിടം 5 മണിക്കൂര്‍ നിന്നു കത്തി. അപകടത്തില്‍ ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 200 അഗ്നിശമനസേനാംഗങ്ങളും നാല്‍പത് ഫയര്‍ എഞ്ചിനുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

കെട്ടിടം ഒന്നാകെ നിലംപപൊത്താനുള്ള സാധ്യതകണക്കിലെടുത്ത് സമീപപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. കനത്ത പുകയില്‍ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രണ്ടാം നിലയില്‍ നിന്നാണ് തീ കത്തിപ്പടര്‍ന്നതെന്നാണ് സൂചന.

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരത്ത് നിര്‍മിക്കാനിരിക്കുന്ന പുതിയ ആസ്ഥാന മന്ദിരത്തില്‍ മുഖ്യമന്ത്രിക്കും ഓഫീസ്. സെസ്ഥാനത്ത് ബിജെപിക്ക് മുഖ്യമന്ത്രിയുണ്ടാകുമ്പോള്‍ ബിജെപി ഓഫീസില്‍ എത്തിയാല്‍ വിശ്രമത്തിനും ചര്‍ച്ചകള്‍ നടത്താനുമാണ് പ്രത്യേക മുറി തയ്യാറാക്കുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഒരാഴ്ച്ച മുമ്പ് തറക്കല്ലിട്ട കെട്ടിടത്തിന്റെ രൂപരേഖയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസുള്ളത്. തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനുള്ള മാരാര്‍ജി ഭവന്‍ പൊളിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം.

ഏഴുനിലകളായിരിക്കും കെട്ടിടത്തിന് ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാനപ്രസിഡന്റിന്റെയും ഓഫീസ് ഒന്നാം നിലയിലായിരിക്കും. തറക്കല്ലിടുന്നത് പുതിയ സര്‍ക്കാരിന് കൂടി വേണ്ടിയുള്ള കെട്ടിടമാണെന്ന് ചടങ്ങില്‍ അമിത് ഷാ പറഞ്ഞു. മൂന്ന് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനെത്തിയപ്പോളാണ് അമിത് ഷാ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്. സംസ്ഥാനത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സധിക്കാത്തതില്‍ ബിജെപി നേതൃത്വത്തിന് ശക്തമായ താക്കീത് നല്‍കിയ ശേഷമാണ് അമിത് ഷാ മടങ്ങിയത്.

തന്റെ ജന്മദിനത്തിലായിരിക്കും ഇനി കേരളത്തില്‍ വരുന്നത്. അന്നെങ്കിലും തന്നെക്കൊണ്ട് ചീത്ത പറയിക്കരുതെന്നും മുതിര്‍ന്ന നേതാക്കളോട് അമിത് ഷാ പറഞ്ഞുവെന്നാണ് വിവരം. പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെയും ദേശീയാദ്ധ്യക്ഷന്‍ താക്കീത് ചെയ്തു. ഇനി ഒക്ടോബറില്‍ എത്തുന്ന അമിത് ഷാ പിന്നീട് മൂന്നു മാസത്തിലൊരിക്കല്‍ സന്ദര്‍ശനം നടത്തുമെന്നും അറിയിച്ചു.

ലണ്ടന്‍: വിജയ് മല്യക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇന്ത്യ പരാജയമാണെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി. മല്യയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള കേസിലാണ് ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബത്ത്‌നോട്ട് ഈ പരാമര്‍ശം നടത്തിയത്. മല്യയുടെ കേസുകള്‍ അന്വേഷിക്കുന്ന സിബിഐക്കാണ് വിമര്‍ശനം. ഇന്ത്യ എപ്പോഴെങ്കിലും തങ്ങളുടെ പ്രതികരണത്തില്‍ കൃത്യത പാലിച്ചിട്ടുണ്ടോ എന്ന് ചോദിച്ച കോടതി ആറു മാസം സമയമുണ്ടായിട്ടും കഴിഞ്ഞ ആറാഴ്ചകളില്‍ ആവശ്യത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞു.

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ആരോണ്‍ വാറ്റ്കിന്‍സ് തെളിവുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോളായിരുന്നു കോടതിയുടെ വിമര്‍ശനം. പൊതുമേഖലാ ബാങ്കുകൡ നിന്ന് 9000 കോടി രൂപ കബളിപ്പിച്ച് മുങ്ങിയ കേസ് ഉള്‍പ്പെടെയുള്ളവ ഈ അഭിഭാഷകനാണ് കൈകാര്യം ചെയ്യുന്നത്. ജൂലൈ 6ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകുന്നതില്‍ നിന്ന് മല്യക്ക് കോടതി ഇളവ് നല്‍കി. ഡിസംബര്‍ 4 വരെ മല്യയുടെ ജാമ്യം നീട്ടി നല്‍കാനും കോടതി ഉത്തരവിട്ടു.

ഡിസംബര്‍ നാലിനായിരിക്കും കേസില്‍ അന്തിമ വിചാരണയെന്നാണ് കരുതുന്നത്. സിബിഐക്ക് സംഭവിച്ച് വലിയ പരാജയമായാണ് ഇത് പരിഗണിക്കുന്നത്. ഐഡിബിഐ ബാങ്കിനെ 900 കോടി രൂപ കബളിപ്പിച്ചതും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലെ ക്രമക്കേടുകളുമാണ് സിബിഐ അന്വേഷിക്കുന്നത്. ഏപ്രിലില്‍ ലണ്ടനില്‍ അറസറ്റിലായതിനു ശേഷം മല്യ ജാമ്യത്തില്‍ കഴിയുകയാണ്.

ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ പത്രങ്ങളായ ഗാര്‍ഡിയനും ഒബ്‌സര്‍വറും ടാബ്ലോയ്ഡ് ആയി മാറുന്നു. സാമ്പത്തികനഷ്ടത്തേത്തുടര്‍ന്നാണ് ടാബ്ലോയ്ഡ് സൈസിലേക്ക് ഇവ മാറുന്നത്. അടുത്ത വര്‍ഷം മുതല്‍ ഈ പത്രങ്ങളുടെ രൂപം മാറും. നഷ്ടം പരിഹരിക്കാനുള്ള മൂന്ന് വര്‍ഷ കര്‍മപരിപാടിയുടെ ഭാഗമായി പത്രങ്ങളുടെ അച്ചടി മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കാനും ധാരണയായിട്ടുണ്ട്. ഇതു പത്രങ്ങളുടെയും മാതൃസ്ഥാപനമായി ഗാര്‍ഡിയന്‍ മീഡിയ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം തന്നെ ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 6.6 മില്യന്‍ പൗണ്ടായി നഷ്ടം വര്‍ദ്ധിച്ചതോടെയാണ് ഈ നീക്കം.

2018 മുതല്‍ ട്രിനിറ്റി മിറര്‍ ആയിരിക്കും ഈ പത്രങ്ങള്‍ അച്ചടിക്കുക. ഡെയിലി മിറര്‍, സണ്‍ഡേ മിറര്‍, സണ്‍ഡേ പീപ്പിള്‍ എന്നീ പത്രങ്ങളുടെ മാതൃ കമ്പനിയാണ് ഇത്. ലണ്ടനിലും മാഞ്ചസ്റ്ററിലുമായി ഗാര്‍ഡിയനുള്ള മൂന്ന് പ്രിന്റിംഗ് പ്രസുകള്‍ വില്‍ക്കുകയോ പൊളിക്കുകയോ ചെയ്‌തേക്കും. 80 മില്യന്‍ വീതം മൂല്യം വരുന്ന ഇവ ഇല്ലാതാകുന്നതോടെ 50 തൊഴിലവസരങ്ങളും നഷ്ടമാകുമെന്നാണ് കരുതുന്നത്. പ്രിന്റ് പരസ്യ വിപണിയിലെ ഇടിവും പത്രങ്ങള്‍ അച്ചടിക്കാനുള്ള ചെലവ് വര്‍ദ്ധിച്ചതും ഡിജിറ്റല്‍ മീഡിയയിലേക്ക് ജനങ്ങള്‍ കൂടുതലായി ആകൃഷ്ടരായതുമാണ് ഈ നഷ്ടത്തിന് കാരണം.

ഓണ്‍ലൈന്‍ പരസ്യങ്ങളുടെ വരുമാനം ഗൂഗിളിനും ഫേസ്ബുക്കിനും മാത്രമാണ് കാര്യമായി ലഭിക്കുന്നതെന്നതും ഈ സ്ഥാപതനത്തിന്റെ നഷ്ടം വര്‍ദ്ധിപ്പിച്ചു. മൂന്ന് വര്‍ഷം കൊണ്ട് അടിമുടി മാറുന്നതിനായുള്ള പദ്ധതിയാണ് തയ്യാറാക്കുന്നതെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ ആളുകള്‍ തങ്ങളുടെ പത്രപ്രവര്‍ത്തന ശൈലിയിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. അതിന് അനുസൃതമായി കെട്ടിലും മട്ടിലും പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ഗാര്‍ഡിയന്‍ അറിയിച്ചു.

പാരീസ്: ബ്രെക്‌സിറ്റില്‍ പുനര്‍വിചിന്തനത്തിന് ബ്രിട്ടന് ഇനിയും സമയമുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പാരീസില്‍ തെരേസ മേയുമായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് മാക്രോണ്‍ ഇക്കാര്യം അറിയിച്ചത്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ വൈകുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തില്‍ അതൃപ്തി പുകയുന്നതിനിടെയാണ് സമാധാന ദൗത്യവുമായി മാക്രോണ്‍ എത്തിയത്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അവസാനിക്കുന്നത് വരെ വാതിലുകള്‍ തുറന്നുതന്നെ കിടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ ഉടന്‍തന്നെ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടാമോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല. പക്ഷേ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഒരി തിരിച്ചുപോക്ക് അത്ര എളുപ്പമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സോഫ്റ്റ് ബ്രെക്‌സിറ്റിനാണോ തയ്യാറെടുക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലക്ഷ്യത്തിനായി ഐക്യത്തോടെ മുന്നേറുമെന്നായിരുന്നു മേയ് നല്‍കിയ മറുപടി. ഡിയുപിയുമായി ധാരണയിലെത്തിയാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ അക്രമങ്ങള്‍ പെരുകുമെന്ന ജോണ്‍ മേജറിന്റെ മുന്നറിയിപ്പിനേക്കുറിച്ച് മേയ് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

അതേസമയം ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ടൈംടേബിള്‍ അനുസരിച്ച് നടക്കുമെന്നും അടുത്തയാഴ്ചയോടെ അത് ആരംഭിക്കാനാകുമെന്നും മാക്രോണിനോടുള്ള പ്രതികരണമായി മേയ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ എന്ന് തുടങ്ങാനാകുമെന്ന് ബ്രിട്ടീഷ് പ്രതിനിധി സംഘത്തിന് വ്യക്തതയില്ലെന്നാണ് ബ്രസല്‍സില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്നലെ നോര്‍ത്താംപ്ടനില്‍ മരണമടഞ്ഞ ജിന്‍സണ്‍ ഫിലിപ്പിന്റെ നിര്യാണം വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് നോര്‍ത്താംപ്ടന്‍ മലയാളി സമൂഹവും യുകെയിലെമ്പാടുമുള്ള ജിന്‍സന്റെ സുഹൃത്തുക്കളും. കേവലം 38 വയസ്സ് മാത്രം പ്രായമുള്ള ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരന്റെ പെട്ടെന്നുള്ള വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ യുകെയിലെ മലയാളി സമൂഹം ഇപ്പോഴും മടിച്ച് നില്‍ക്കുകയാണ്. കേട്ട വാര്‍ത്ത സത്യമാവരുതേ എന്ന പ്രാര്‍ത്ഥനയുമായി ആയിരുന്നു യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്നലെ നിരവധി മലയാളികള്‍ നോര്‍ത്താംപ്ടന്‍ ജനറല്‍ ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയത്.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്നലെ ഉച്ചയോടെ ജിന്‍സണ്‍ മരണത്തിന് കീഴടങ്ങിയത്. വീടിന്‍റെ ചില ചെറിയ അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന തൊഴിലാളികളെ പ്രതീക്ഷിച്ച് വീട്ടില്‍ കാത്തിരിക്കെയാണ് മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ ജിന്‍സന്‍റെ ജീവന്‍ കവര്‍ന്നെടുത്തത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തി തൊട്ടടുത്ത മുറിയില്‍ ഉറങ്ങി കിടന്ന ഭാര്യ വിനീത പോലും ഒന്നും അറിഞ്ഞില്ല. വീടിന്‍റെ പണികള്‍ക്കെത്തിയവര്‍ കതകില്‍ തട്ടുന്നത് കേട്ട് ഉണര്‍ന്ന ഭാര്യ ജിന്‍സണ്‍ എവിടെയെന്ന് നോക്കിയപ്പോഴാണ് തൊട്ടടുത്ത ബെഡ്റൂമില്‍ അനക്കമില്ലാതെ ജിന്‍സനെ കാണുന്നത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും പാരാമെഡിക്സ്‌ ടീം എത്തി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തെങ്കിലും വിലപ്പെട്ട ആ ജീവന്‍ മാത്രം രക്ഷിക്കാന്‍ കഴിഞ്ഞില്ല.

നോര്‍ത്താംപ്ടന്‍ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ച ജിന്‍സന്‍ ഈ ലോകത്തോട്‌ യാത്ര പറഞ്ഞതായി ഏറെയു താമസിക്കാതെ തന്നെ അറിയുകയായിരുന്നു. ഏകമകള്‍ കെസിയയുടെ ആദ്യകുര്‍ബാന ചടങ്ങുകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഗംഭീരമായി ആഘോഷിക്കുന്നതിനായി ഓടി നടന്നിരുന്ന ജിന്‍സന് പറയത്തക്ക അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ആദ്യകുര്‍ബാന സ്വീകരണ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ സ്വീകരിക്കുന്നതിനും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനും ഒക്കെയായി പ്രസന്ന വദനനായി എല്ലായിടത്തും എത്തിയിരുന്ന ജിന്‍സണ്‍ മരണത്തിന് കീഴടങ്ങി എന്നത് അത് കൊണ്ട് തന്നെ ആര്‍ക്കും വിശ്വസനീയമായിരുന്നില്ല.

കോട്ടയം കൈപ്പുഴ പാലത്തുരുത്ത് ഇടവകാംഗമായ ജിന്‍സണ്‍ കിഴക്കേകാട്ടില്‍ കുടുംബാംഗമാണ്. കൈപ്പുഴ സംഗമത്തിലും മറ്റ് സാമൂഹിക കൂട്ടായ്മകളിലും ഒക്കെ സജീവ സാന്നിദ്ധ്യമായിരുന്നു ജിന്‍സണ്‍. യുകെകെസിഎ ഉള്‍പ്പെടെയുള്ള സംഘടനകളിലും സജീവമായിരുന്നു. യുകെകെസിഎ പ്രസിഡണ്ട് ബിജു മടുക്കക്കുഴി, ജോയിന്‍റ് സെക്രട്ടറി സക്കറിയ പുത്തന്‍കളം തുടങ്ങിയവര്‍ വിവരമറിഞ്ഞ ഉടന്‍ തന്നെ നോര്‍ത്താംപ്ടനില്‍ എത്തിയിരുന്നു.

ജിന്‍സന്‍റെ സംസ്കാര ചടങ്ങുകള്‍ നാട്ടില ആയിരിക്കും നടത്തുക എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ജിന്‍സന്‍റെ  പിതാവ് രണ്ട് വര്‍ഷം മുന്‍പ് മരണമടഞ്ഞിരുന്നു. ജിന്‍സന്റെ ആത്മശാന്തിക്കായി ഇന്നും ബുധനാഴ്ചയും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും. വൈകുന്നേരം ഏഴ് മണിക്കായിരിക്കും ഇന്നും നാളെയും ഡസറ്റന്‍ സെന്റ്‌ പാട്രിക് പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടക്കുക. കൂടാതെ ഞായറാഴ്ച നാല് മണിക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും

ലണ്ടന്‍: സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ക്വീന്‍സ് സ്പീച്ച് വൈകിയേക്കും. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്ന് തൂക്ക് പാര്‍ലമെന്റ് രൂപീകരിക്കാനുള്ള കണ്‍സര്‍വേറ്റീവ് പദ്ധതി അനന്തമായി നീളുന്നതാണ് പ്രതിസന്ധിക്ക് കാരണം.ഡിയുപിയുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. അതേസമയം പാര്‍ലമെന്റ് യോഗത്തിന് ആരംഭം കുറിക്കുന്ന ക്വീന്‍സ് സ്പീച്ച് ജൂണ്‍ 19നാണ് തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ ഇത് വൈകുമെന്ന ഡൗണിംഗ് സ്ട്രീറ്റ് സൂചന നല്‍കുന്നു.

ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ ഇന്ന് അറിയാമെന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് അറിയിക്കുന്നത്. എന്നാല്‍ ക്വീന്‍സ് സ്പീച്ച് വൈകുന്നതിന് മറ്റൊരു വിചിത്രമായ കാരണം കൂടി കേള്‍ക്കുന്നുണ്ട്. ഗോട്ട്‌സ്‌കിന്‍ പാര്‍ച്ച്‌മെന്റ് പേപ്പറിലാണ് ക്വീന്‍സ് സ്പീച്ച് എന്നപ്രധാനമന്ത്രിയുടെ ഒരു വര്‍ഷത്തെ നയപരിപാടികള്‍ എഴുതുന്നത്. ഇതിലെ മഷിയുണങ്ങാന്‍ താമസമുണ്ടെന്നാണ് പുതിയ വിവരം. മുമ്പ് ആട്ടിന്‍ തോല്‍ കൊണ്ടായിരുന്നു ഇത് തയ്യാറാക്കിയിരുന്നത്. ഇപ്പോള്‍ കട്ടിയുള്ള പേപ്പറാണ് ഉപയോഗിക്കുന്നതെങ്കിലും പേര് അതേവിധത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയതോടെ പ്രകടനപത്രികയേക്കുറിച്ച്
ടോറി നേതാക്കള്‍ അഭിപ്രായവ്യത്യാസം അറിയിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളില്‍ മാറ്റം വരുത്തേണ്ടതായിരുന്നു എന്ന അഭിപ്രായം അറിയിച്ചു. ക്വീന്‍സ് സ്പീച്ച് 19ന് തന്നെ നടക്കുമോ എന്ന കാര്യം പ്രധാനന്ത്രിയുടെ വക്താവും സ്ഥിരീകരിച്ചിട്ടില്ല.

ലണ്ടന്‍: പാര്‍ലമെന്റില്‍ നിലവിലുണ്ടായിരുന്ന ഭൂരിപക്ഷം കൂടി നഷ്ടപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്‍സര്‍വേറ്റീവ് എംപിമാരോട് മാപ്പ് അപേക്ഷിച്ച് തെരേസ മേയ്. ടോറി എംപിമാരുടെ യോഗത്തിലാണ് മേയുടെ ഖേദപ്രകടനം. താനാണ് ഈ അവസ്ഥയിലേക്ക് വലിച്ചിഴച്ചതെന്ന് അവര്‍ പറഞ്ഞു. അധികാരത്തില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന പിടി അയയാന്‍ കാരണമായ പിഴവുകളുടെ ഉത്തരവാദിത്തം മേയ് ഈ യോഗത്തില്‍ വെച്ച് ഏറ്റെടുത്തു. സര്‍ക്കാര്‍ രൂപീകരണം താമസിക്കുന്നത് മൂലം ക്വീന്‍സ് സ്പീച്ച് വൈകിയാല്‍ അത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മേയ് നടത്തിയ വന്‍ ചൂതാട്ടത്തിന്റെ പരാജയമാകും.

ഇത് മേയുടെ നേതൃപാടവമില്ലായ്മയായിപ്പോലും വിലയിരുത്തപ്പെടും. സര്‍ക്കാരിന്റെ വിശ്വാസ്യതയുടെ ഏറ്റവും അടിസ്ഥാന പരീക്ഷയാണ് ക്വീന്‍സ് സ്പീച്ച് പാസാക്കുക എന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി ധാരണയിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ക്വീന്‍സ് സ്പീച്ച് വൈകുമെന്ന് ക്യാബിനറ്റിലെ മുതിര്‍ന്ന അംഗങ്ങള്‍ അറിയിച്ചു. ബ്രിട്ടനിലെ ഭരണ പ്രതിസന്ധി ബ്രെക്‌സിറ്റ് ചര്‍ച്ചകളെയും ബാധിക്കും. ബ്രെക്‌സിറ്റ് നടപടികള്‍ 2019 വരെ നീളാനും ഇത് കാരണമായേക്കും.

1922 കമ്മിറ്റിയിലാണ് മേയ് തന്റെ പരാജയം സമ്മതിച്ചത്. താനാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദിയെന്നും താന്‍ തന്നെ ഈ വിഷമസന്ധിയില്‍ നിന്ന് പാര്‍ട്ടിയെ പുറത്തെത്തിക്കുമെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ ബാക്ക് ബെഞ്ചേഴ്‌സ് തെരേസ മേയെ ഏറെ സമയം ചോദ്യം ചെയ്തതായാണ് വിവരം. യോഗം പതിവിന് വിപരീതമായി ഒരു മണിക്കൂറിലേറെ നേരം നീണ്ടു. യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും മേയ് തയ്യാറായില്ല.

ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ കടുംപിടിത്തം ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതികള്‍ അമിത ആത്മവിശ്വാസം മൂലം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തകര്‍ത്തു കളഞ്ഞ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രെക്‌സിറ്റ് വിഷയത്തില്‍ ലേബറുമായി ചര്‍ച്ച നടത്തി. തൂക്ക് പാര്‍ലമെന്റ് നിലവില്‍ വരാനുള്ള സാധ്യത നിലനില്‍ക്കെ സോഫ്റ്റ് ബ്രെക്‌സിറ്റിനായി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദം പെരുകുകയാണ്. ഈ പശ്ചാത്തലത്തിലാണ് ചര്‍ച്ച. സോഫ്റ്റ് ബ്രെക്‌സിറ്റ് ലേബറിന്റെ പ്രഖ്യാപിത നയമാണ്. അതേസമയം ടോറികളില്‍ ഒരു പക്ഷവും ഈ നിലപാടുള്ളവരാണെന്നതാണ് മേയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്. സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നത് അടക്കമുള്ള കാര്യങ്ങളില്‍ മേയ്ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പോടെ സ്‌കോട്ടിഷ് കണ്‍സര്‍വേറ്റീവ് നേതാവ് റൂത്ത് ഡേവിഡ്‌സണിന്റെ സ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ട്. 13 ടോറി എംപിമാരാണ് ഡേവിഡ്‌സണിന്റെ ഒപ്പമുള്ളത്. ഒരു ടോറി ബ്രെക്‌സിറ്റ് ആയിരിക്കില്ല വരുന്നതെന്ന് ഇവര്‍ പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ സ്വീകരിക്കാന്‍ ഉദ്ദേശിച്ച കടുത്ത നിലപാടുകലില്‍ നിന്ന് കണ്‍സര്‍വേറ്റീവ് പിന്നോട്ട് പോകും എന്നു തന്നെയാണ് നിഗമനം.

മുന്‍ ചാന്‍സലറും ടോറി നേതാവുമായ ജോര്‍ജ് ഓസ്‌ബോണ്‍ പത്രാധിപരായ ദി ഈവനിംഗ് സ്റ്റാന്‍ഡാര്‍ഡ്, ഡെയ്‌ലി ടെലിഗ്രാഫ് എന്നീ പത്രങ്ങള്‍ കണ്‍സര്‍വേറ്റീവ് മന്ത്രിമാര്‍ ലേബറുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വ്യാപാര താല്‍പര്യങ്ങള്‍ ബലികഴിക്കാത്ത വിധത്തിലുള്ള ഒരു സോഫ്റ്റ് ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് ചര്‍ച്ചകള്‍ എന്നാണ് വിവരം.

അപ്രതീക്ഷിതമായി മറ്റൊരു മരണ വാര്‍ത്ത കൂടി യുകെ മലയാളികളെ തേടിയെത്തിയത് വിശ്വസിക്കാനാവാതെ യുകെ മലയാളി സമൂഹം. നോര്‍ത്താംപ്ടനില്‍ താമസിക്കുന്ന മലയാളിയായ ജിന്‍സണ്‍ ഫിലിപ്പ് (38) ആണ് ആകസ്മികമായി നിര്യാതനായത്. ഹൃദയാഘാതം ആണ് മരണകാരണം എന്നറിയുന്നു.

കോട്ടയം കൈപ്പുഴ പാലതുരുത്ത് ഇടവകാംഗമാണ് ജിന്‍സന്‍ ഫിലിപ്പ്. കിഴക്കേകാട്ടില്‍ കുടുംബാംഗമാണ്. ജിന്‍സന്റെ മരണവാര്‍ത്ത അറിഞ്ഞ് നോര്‍ത്താംപ്ടന്‍ ഹോസ്പിറ്റലിലേക്ക് നിരവധി മലയാളികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് ഈ വാര്‍ത്തയില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

ജിന്‍സണ്‍ ഫിലിപ്പിന്‍റെ നിര്യാണത്തില്‍ മലയാളംയുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved