Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കുട്ടികൾക്ക് ഇന്റർനെറ്റിൽ കൂടുതൽ സുരക്ഷാ ഒരുക്കാനായി ഇന്റർനെറ്റ് സുരക്ഷാ നിയമങ്ങൾ പരിഷ്കരിക്കാൻ സർക്കാർ. എന്നാൽ ഇത് സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്. ഓൺലൈൻ സുരക്ഷാ ബിൽ പ്രകാരം അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന സൈറ്റുകളിൽ പ്രവേശിക്കുന്നതിന് പ്രായം സ്ഥിരീകരണം ആവശ്യമാണ്. എന്നാൽ ഇതിന് സുതാര്യത കുറവാണെന്നും ആളുകളുടെ വിവരങ്ങൾ ശേഖരിക്കപ്പെടുമെന്നും ഡിജിറ്റൽ റൈറ്റ്സ് ഗ്രൂപ്പുകൾ പറയുന്നു. അശ്ലീല ഉള്ളടക്കം അടങ്ങുന്ന സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോക്താവ് കുട്ടിയാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സെൽഫിയിൽ നിന്ന് പ്രായം കണക്കാക്കുന്നതുൾപ്പെടെയുള്ള രീതികൾ സ്വീകരിക്കും. ഔദ്യോഗിക ഐഡി, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ അല്ലെങ്കിൽ വോയ്‌സ് റെക്കഗ്‌നിഷൻ ടെക്‌നോളജി എന്നിവ പരിശോധിക്കുന്നത് മറ്റ് രീതികളിൽ ഉൾപ്പെടുന്നു.

എന്നാൽ ഇതിൽ ആളുകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് പലരും കരുതുന്നില്ല. ഉപയോക്താക്കളുടെ പ്രായം പരിശോധിക്കാൻ വെബ്‌സൈറ്റുകൾ നിർബന്ധിതരാകുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതുണ്ടെന്ന് ഓപ്പൺ റൈറ്റ്സ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. കുട്ടികളുടെ ബയോമെട്രിക് ഡേറ്റകൾ സ്വകാര്യ കമ്പനികൾ ശേഖരിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് അവർ പറഞ്ഞു.

ഒൻപത് വയസ്സ് മുതൽ തന്നെ കുട്ടികൾ ഓൺലൈൻ പോണോഗ്രാഫിക്ക് വിധേയരാകുന്നുണ്ടെന്ന് ഗവേഷണങ്ങൾ പറയുന്നു . 13 വയസ്സുള്ളവരിൽ അൻപത് ശതമാനം പേരും ഇത് കാണുന്നുണ്ട്. വെബ്സൈറ്റുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് പലരും ജനനതീയതി തെറ്റിച്ചുനൽകുന്നു. ഹാനികരമായ ഉള്ളടക്കത്തിൽ നിന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളെ, പ്രത്യേകിച്ച് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചാണ് സർക്കാർ ചിന്തിക്കുന്നതെന്ന് ടെക് മിനിസ്റ്റർ പോൾ സ്‌കല്ലി പറഞ്ഞു. എതിർപ്പിനിടയിലും ബില്ലിൽ ഇനി ഭേദഗതി വരുത്താൻ സർക്കാർ തയ്യാറാകില്ല. ബിൽ അടുത്തയാഴ്ച ഹൗസ് ഓഫ് ലോർഡ്‌സിൽ വോട്ടിനിടും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ന് മുതൽ ഗ്യാസിന്റെയും വൈദ്യുതിയുടെയും തുകയിൽ കുറവുണ്ടാകും. മൊത്തവ്യാപാര വിലകൾ ഇടിഞ്ഞതിനെ തുടർന്ന് ഒഫ്ഗെം വില പരിധി കുറച്ചതിനാൽ ജൂലൈ 1 മുതൽ ശരാശരി ഗാർഹിക ഊർജ്ജ ബില്ലിൽ പ്രതിവർഷം £426 കുറവുണ്ടാകും. എന്നിരുന്നാലും ഇത് ഊർജ പ്രതിസന്ധിക്ക് മുമ്പുള്ളതിൻെറ ഇരട്ടി തന്നെയാണ്. പുതിയ വിലപരിധി പ്രാബല്യത്തിൽ വന്ന ഉടനെ തന്നെ ജനങ്ങൾ ഇത് ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ജൂൺ 30 അർദ്ധരാത്രിക്ക് മുമ്പ് തന്നെ മീറ്റർ റീഡിംഗ് സമർപ്പിക്കാൻ ജനങ്ങളോട് സർക്കാർ നിർദ്ദേശിച്ചിരുന്നു.

വ്യവസായ റെഗുലേറ്റർ ഊർജ്ജ വില പരിധി £3,280 ൽ നിന്ന് £2,074 ആയാണ് കുറച്ചിരിക്കുന്നത്. പകർച്ചവ്യാധിക്ക് ശേഷമുള്ള സാമ്പത്തിക മാന്ദ്യവും റഷ്യയുടെ ഉക്രെയ്‌നിലെ അധിനിവേശവും മൂലം വൈദ്യുതി വില 2021 ഒക്ടോബറിൽ 1,271 പൗണ്ടിൽ നിന്ന് കുത്തനെ ഉയരുകയായിരുന്നു. പുതിയ വില ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്.

ഗവൺമെന്റിന്റെ ഊർജ വില ഗ്യാരന്റി (ഇ.പി.ജി) ഉയർന്ന ഊർജ്ജ ബില്ലിൽ ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നായിരുന്നു. ഇ.പി.ജി ശരാശരി കുടുംബത്തിൻെറ വാർഷിക ഊർജ്ജ ചെലവ് £2,500 ആയി പരിമിതപ്പെടുത്തിയിരുന്നു. ഒഫ്ഗെമിന്റെ പുതിയ വിലപരിധി ബിൽ തുക £2,500-ൽ നിന്ന് £2,074-ലേക്ക് കുറയ്ക്കും. അതായത് തുകയിൽ £426 (ഏകദേശം 17%) ഇടിവ് ഉണ്ടാകും. ഊർജ വില പരിധി വിതരണക്കാർക്ക് ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും ഈടാക്കാവുന്ന തുകയുടെ പരിധി നിശ്ചയിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻ എച്ച് എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് ഇന്നലെ പ്രധാനമന്ത്രി റിഷി സുനക് പ്രഖ്യാപിച്ചത്. അതിൽ പ്രധാനപ്പെട്ടത് തദ്ദേശീയരായ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും അപ്രന്റീസ്ഷിപ്പിലൂടെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികളാണ്. 2031 ആകുമ്പോൾ മെഡിക്കൽ പരിശീലന കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നാണ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞത്.


സർക്കാർ പ്രഖ്യാപിച്ച രീതിയിൽ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നേഴ്സുമാർക്കും ഡോക്ടർമാർക്കും എൻഎച്ച്എസിൽ അവസരങ്ങൾ കുറയും. എൻഎച്ച്സിലെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് കാര്യത്തിൽ സ്വയം പര്യാപ്തതയാണ് പ്രധാനമന്ത്രി ലക്ഷ്യം വയ്ക്കുന്നത്. യുകെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന സ്കിൽഡ് വർക്കർമാരിൽ ഭൂരിഭാഗവും വിദേശ രാജ്യത്ത് നിന്നുള്ളവരാണെന്നതും അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യക്കാരാണെന്നും ഓക്സ്ഫോർഡ് സർവകലാശാലയിൽ നടത്തിയ പഠന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.


എൻഎച്ച്എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി മൂന്ന് ലക്ഷം ജീവനക്കാരെ കൂടി ഉടനെ റിക്രൂട്ട് ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് മലയാളി നേഴ്സുമാർക്ക് യുകെയിൽ അവസരങ്ങളുടെ പെരുമഴ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതൊഴിച്ചാൽ എൻഎച്ച്എസ്സിന്റെ പുനർജീവനത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച മറ്റു പദ്ധതികൾ ദീർഘകാലടിസ്ഥാനത്തിൽ ഫലം ചെയ്യുന്നവയാണ്. 5 വർഷത്തെ മെഡിക്കൽ ബിരുദങ്ങൾ ഒരു വർഷം കുറച്ച് നാലുവർഷം ആക്കും എന്നു തുടങ്ങിയ പല പദ്ധതികളും ദീർഘകാലാടിസ്ഥാനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് എൻ എച്ച്സിലെ ജോലി സാധ്യത കുറയ്ക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കാനഡ : ടൈറ്റാനിക് സന്ദർശനത്തിനിടെ പൊട്ടിത്തെറിച്ച ടൈറ്റൻ സമുദ്രാന്തര പേടകത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. ആന്റിന, റിയർ കവർ, സബ്‌ന്റെ പോട്ഹോൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. ലഭിച്ച തെളിവുകൾ കോസ്റ്റ് ഗാർഡിന്റെ മറൈൻ ബോർഡ് ഓഫ് ഇൻവെസ്റ്റിഗേഷൻ (എംബിഐ) യുഎസ് തുറമുഖത്തേക്ക് കൊണ്ടുപോകും. ഇതോടെ ടൈറ്റൻ വീണ്ടെടുക്കാനുള്ള പ്രവർത്തങ്ങൾ പൂർത്തിയായി.

പെലാജിക് റിസേർച്ച് സർവീസസ് എന്ന സമുദ്രാന്തര ഗവേഷണ സ്ഥാപനത്തിന്റെ ഒഡിസിയസ് 6കെ എന്ന ആർഒവിയാണ് വീണ്ടെടുക്കലിൽ പങ്കെടുത്തത്. വളരെ ബുദ്ധിമുട്ടുള്ളതും അപകടകരവുമായിരുന്നു, ഈ ആഴത്തിലുള്ള തിരയലെന്നു പിആർഎസ് വക്താവ് ജെഫ് മഹോണി പറഞ്ഞു. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ വിശകലനം ചെയ്യുന്നത് ടൈറ്റന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകിയേക്കും. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസ് കമ്പനിയുടെ ടൈറ്റൻ എന്ന ജലപേടകം തകർന്ന് അഞ്ച് യാത്രക്കാരാണ് മരിച്ചത്.

ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ സ്റ്റോക്ടൺ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങ്, പാകിസ്താൻ വ്യവസായഭീമൻ ഷഹ്സാദാ ദാവൂദും മകൻ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകൻ പോൾ ഹെന്റി നാർജിയോലെറ്റ് എന്നിവരായിരുന്നു ടൈറ്റൻ പേടകത്തിലുണ്ടായിരുന്നത്. സ്റ്റോക്ടൺ റഷാണ് പേടകം നിയന്ത്രിച്ചിരുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിലെ അതിശക്തമായ മർദ്ദത്തെ തുടർന്ന് ഇംപ്ലോഷൻ സംഭവിച്ചുവെന്നാണ് കരുതപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിൽ എത്തുന്ന കുടിയേറ്റക്കാരെ ആഫ്രിക്കയിലേക്ക് നാടുകടത്താൻ ഉള്ള ബ്രിട്ടീഷ് സർക്കാരിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കഴിഞ്ഞദിവസം ബ്രിട്ടീഷ് കോടതി വിധി ഉണ്ടായതിന് പിന്നാലെ, ആഭ്യന്തര സെക്രട്ടറി സർക്കാർ തങ്ങളുടെ നയവുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച വ്യക്തമാക്കിയിരിക്കുകയാണ്. കോടതി വിധിയ്ക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്നും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ വ്യക്തമാക്കി. പദ്ധതി അധാർമികമാണെന്ന പ്രതികരണമാണ് ലേബർ പാർട്ടിയും മുന്നോട്ടുവെച്ചത്. എന്നാൽ ഇംഗ്ലീഷ് ചാനലിലൂടെയുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്ന് സർക്കാർ ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നതാണെന്നും, ആ നയത്തിൽ തന്നെയാണ് തങ്ങൾ ഇപ്പോഴും തുടരുന്നതെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. വ്യാഴാഴ്ച കോടതി പുറപ്പെടുവിച്ച തീരുമാനം നിയമവാഴ്ചയുടെയും അടിസ്ഥാനനീതിയുടെയും ന്യായീകരണമാണെന്ന് സർക്കാരിന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിച്ച ചാരിറ്റി സംഘടനയായ അസൈലം എയ്ഡ് വ്യക്തമാക്കി.

ഇംഗ്ലീഷ് ചാനലിലൂടെ ചെറിയ ബോട്ടുകളിലുള്ള ജനങ്ങളുടെ കുടിയേറ്റം തടയുവാനായുള്ള തീരുമാനത്തിന്റെ ഭാഗമായാണ് അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ റുവണ്ടയിലേക്ക് അയക്കാനുള്ള പദ്ധതി ആദ്യമായി 2022 ഏപ്രിലിൽ സർക്കാർ അവതരിപ്പിച്ചത്. എന്നാൽ റുവാണ്ട സുരക്ഷിതമായ ഒരു മൂന്നാം ഇടമാണെന്ന് തെളിയിക്കാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ സർക്കാർ നൽകിയിട്ടില്ലെന്ന് കഴിഞ്ഞദിവസം കോർട്ട് ഓഫ് അപ്പീൽ നൽകിയ വിധിയിൽ വ്യക്തമാക്കുന്നുണ്ട്. റുവാണ്ടയിലേക്ക് അയയ്‌ക്കുന്ന അഭയാർഥികളെ പിന്നീട് അവർ യഥാർത്ഥത്തിൽ പലായനം ചെയ്‌ത രാജ്യത്തേക്ക് തന്നെ നിർബന്ധിച്ച് തിരിച്ചയക്കാനുള്ള സാധ്യതയുണ്ടെന്ന് കേസ് കേട്ട മൂന്ന് ജഡ്ജിമാരിൽ രണ്ടുപേരും വിലയിരുത്തി. ഇതിനർത്ഥം യുകെ ഗവൺമെന്റിന്റെ ഇമിഗ്രേഷൻ നയം ജനങ്ങളെ പീഡനത്തിൽ നിന്ന് സംരക്ഷിക്കുന്ന യൂറോപ്യൻ മനുഷ്യാവകാശ ഉടമ്പടിക്ക് വിരുദ്ധമായി മാറുമെന്നും കോടതി കണ്ടെത്തി.

എന്നാൽ ഇത്തരമൊരു കോടതി തീരുമാനത്തിന്റെ അർത്ഥം റുവാണ്ട സുരക്ഷിതമല്ല എന്നതല്ലെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. കോടതി വിധിയെ താൻ മാനിക്കുന്നുവെന്നും എന്നാൽ വിധി നിരാശാജനകമാണെന്നും സർക്കാർ അതിനെതിരെ അപ്പീൽ നൽകുമെന്നും ആഭ്യന്തര സെക്രട്ടറി എംപിമാരോട് പറഞ്ഞു. സർക്കാരിന്റെ റുവാണ്ട നയം തികച്ചും അധാർമികവും ചിലവേറിയതും നടക്കാത്തതുമാണെന്ന് ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. മാനവികതയുടെയും മനുഷ്യത്വത്തിന്റെയും മുഖം നിയമവിരുദ്ധരും കള്ളക്കടത്തുകാരുമെല്ലാം ചൂഷണം ചെയ്യുന്നുണ്ടെന്നും അതിനാൽ തന്നെ സർക്കാരിന്റെ ഈ നടപടി ആവശ്യമാണെന്നുമാണ് ആഭ്യന്തര സെക്രട്ടറി പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മതിയായ ജീവനക്കാരുടെ അഭാവം മൂലം നട്ടം തിരിയുന്ന എൻഎച്ച് എസിന് കരുത്തേകാൻ 15 വർഷ കർമ പദ്ധതി തയ്യാറാകുന്നു . പ്രധാനമന്ത്രി റിഷി സുനകും എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡും ചേർന്ന് ഇതിനായുള്ള വിപുലമായ പ്ലാൻ ഇന്ന് അവതരിപ്പിക്കും. ഇതിൻ പ്രകാരം ഇംഗ്ലണ്ടിലെ ആരോഗ്യ ജീവനക്കാർക്കുള്ള പരിശീലന സ്ഥലങ്ങളുടെയും സീറ്റുകളുടെ എണ്ണം വൻതോതിൽ വർദ്ധിക്കും.


ഇതോടെ മെഡിക്കൽ , നേഴ്സിംഗ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി യൂണിവേഴ്സിറ്റികളിൽ കൂടുതൽ സീറ്റുകൾ നിലവിൽ വരും. ഡോക്ടർമാരുടെ പാഠ്യപദ്ധതിയിൽ അപ്രന്റീസ്ഷിപ്പിന് കൂടുതൽ പ്രാധാന്യം നൽകുന്നതും പദ്ധതിയിലുണ്ട്. നിലവിൽ 5 വർഷം ആണ് മെഡിക്കൽ ബിരുദങ്ങളുടെ പഠനത്തിനായി വേണ്ടത്. ഒരു വർഷം കുറച്ച് നാല് വർഷംകൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമോ എന്നതും പരിഗണനാ വിഷയമാണ്. നിലവിൽ രാജ്യത്ത് പകുതിയിലധികം ഡോക്ടർമാരെയും നേഴ്സുമാരെയും വിദേശങ്ങളിൽ നിന്നുമാണ് റിക്രൂട്ട് ചെയ്യുന്നത്.

എൻഎച്ച്എസിലെ ഓരോ 10 പോസ്റ്റുകളിലും ഒന്ന് നികത്തപ്പെടാതെ കിടക്കുകയാണ്. ഇപ്പോൾ തന്നെ 110, 000 ഒഴിവുകൾ നിലവിൽ ഉണ്ടെന്നാണ് കണക്കുകൾ . മതിയായ പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ 2037 ആകുമ്പോൾ എൻഎച്ച് എസിലെ ഒഴിവുകളുടെ എണ്ണം 360,000 ആയി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പരിശീലനത്തിനും ഒഴിവുകൾ നികത്തുന്നതിനുമായി അടുത്ത 5 വർഷത്തിനുള്ളിൽ 2.4 ബില്യൺ പൗണ്ട് ആണ് എൻഎച്ച് എസിന് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന സ്‌കില്‍ഡ് വര്‍ക്കര്‍മാരില്‍ ഭൂരിഭാഗവും വിദേശ രാജ്യത്തുനിന്നുള്ളവർ എന്ന് പുതിയ പഠന റിപ്പോർട്ട്. ഇതില്‍ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ഇന്ത്യക്കാർ തന്നെ. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ മൈഗ്രേറ്ററി ഒബ്‌സര്‍വേറ്ററിയാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയുടെ പഠനറിപ്പോര്‍ട്ട് പ്രകാരം, 2022-23 വര്‍ഷത്തില്‍ രാജ്യത്തെ ഇമിഗ്രേഷന്‍ സമ്പ്രദായം ധാരാളം വിദേശജീവനക്കാരെയാണ് ആരോഗ്യപരിപാലനരംഗത്തേയ്ക്ക് കൊണ്ടുവന്നത് എന്ന് പറയുന്നു.

പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ കണക്കുകള്‍ പരിശോധിക്കുമ്പോൾ, ഇതിൽ 20 ശതമാനം ഡോക്ടര്‍മാരും 46 ശതമാനം നേഴ്‌സുമാരും ഇന്ത്യയില്‍നിന്നാണെന്ന് മനസ്സിലാക്കാം. രണ്ടാം സ്ഥാനത്ത് നൈജീരിയയും മൂന്നാം സ്ഥാനത്ത് പാകിസ്താനുമാണ്. പട്ടികയിൽ നാലാമത് ഫിലിപ്പിന്‍സാണ്. 2022-ലെ സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (സി ഒ എസ്) ഉപയോഗിക്കുന്ന 33 ശതമാനം ആളുകളും ഇന്ത്യന്‍ പൗരത്വമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. സിംബാബ്‌വേയും നൈജീരിയയുമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍.

ആരോഗ്യമേഖലയിലെ ജീവനക്കാരുടെ അഭാവം മൂലം, 2017 മുതല്‍ യുകെയില്‍ നോണ്‍യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സ്‌കില്‍ഡ് തൊഴിലാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങിയിരുന്നു. ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്നത് 2021 ലും 2022 ലുമാണ്. ദി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ പ്രകാരം യുകെയിലെ ആരോഗ്യ, സാമൂഹികരംഗത്തെ ഒഴിവുകള്‍ 2022 ജൂലൈ മുതല്‍ സെപ്തംബര്‍ വരെ ഏകദേശം 2,17,000 ആയിരുന്നു. ഇതിൽ 2023 മാര്‍ച്ച് ആയപ്പോഴേക്കും 57,700 ഒഴിവുകളിലും വിദേശതൊഴിലാളികളായ സ്‌കില്‍ഡ് വര്‍ക്കേഴ്‌സാണ് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിൽ ബ്രിട്ടന്‍ വിദേശികളായ തൊഴിലാളികളെ വളരെയധികം ആശ്രയിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞവര്‍ഷം, 58.000 തൊഴിലാളികളാണ് രാജ്യത്ത് എത്തിയത്. യുകെയിലേക്കുള്ള മൊത്തം കുടിയേറ്റം 6,06,000 ആയി എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍വര്‍ഷത്തെ 4,88,000 എന്ന കണക്കില്‍നിന്നും 24 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രോട്ടീൻ പാനീയങ്ങൾക്ക് മേൽ അവമൂലം ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യക്തമായി രേഖപ്പെടുത്തണമെന്ന് ഒരു ഉയർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. 2020 ൽ ഇത്തരമൊരു പ്രോട്ടീൻ പാനീയം കുടിച്ച് ലണ്ടനിൽ നിന്നുള്ള 16 വയസ്സുകാരനായ കുട്ടി മരണപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹം ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. 2020 ഓഗസ്റ്റ് 15 ന് ഈലിങ്ങിൽ നിന്നുള്ള പതിനാറുകാരനായ രോഹൻ ഗോധാനിയയാണ് പ്രോട്ടീൻ പാനീയം കുടിച്ച് അസുഖബാധിതനായത്. മൂന്ന് ദിവസത്തിന് ശേഷം വെസ്റ്റ് മിഡിൽസെക്‌സ് ഹോസ്പിറ്റലിൽ വെച്ച് മസ്തിഷ്ക ക്ഷതം മൂലം ഈ കുട്ടി മരണപ്പെടുകയായിരുന്നു. മകൻ സാമാന്യം മെലിഞ്ഞയാൾ ആയിരുന്നതിനാൽ തന്നെ കുട്ടിക്ക് മസിൽ ഉണ്ടാകുവാനായി പിതാവ് വാങ്ങി നൽകിയതായിരുന്നു ഈ പാനീയം. പ്രോട്ടീൻ ഷേക്ക് ഓർണിത്തൈൻ ട്രാൻസ്കാർബാമൈലേസ് (ഒ റ്റി സി )എന്ന അപൂർവ ജനിതക അവസ്ഥയ്ക്ക് കാരണമായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് അമോണിയയുടെ ബ്രേക്ക് ഡൌണിനെ തടയുകയും രക്തത്തിൽ അമോണിയയുടെ അളവ് ക്രമാതീതമായി ഉയരുകയും ചെയ്യുന്നതിന് കാരണമായി. ഇത് പ്രോട്ടീൻ ഓവർലോഡ് മൂലമാണ് സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇത്തരം ഒരു സാഹചര്യത്തിൽ ഈ പാനീയങ്ങൾ കുടിച്ചാൽ ഉണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ചുള്ള ഒരു മുന്നറിയിപ്പ് ഇത്തരം പാനീയങ്ങൾക്ക് മേൽ രേഖപ്പെടുത്തണമെന്ന ആവശ്യമാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ മുന്നോട്ടുവച്ചത്. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലെ പീഡിയാട്രിക് ന്യൂറോളജി പ്രൊഫസറായ ഫിൻബാർ ഒ’കല്ലഗനും ഇത്തരം ഇടപെടൽ ആവശ്യമാണെന്ന് സമ്മതിച്ചു. രോഹനെ ആശുപത്രിയിൽ പ്രവേശിച്ച സമയത്ത് അമോണിയ പരിശോധന നടത്തിയിരുന്നുവെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആകുമായിരുന്നു എന്ന് ഇത് സംബന്ധിച്ചു നടക്കുന്ന കേസിൽ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ സിക്ക് ലീവ് എടുക്കുന്ന എൻഎച്ച്എസ് ജീവനക്കാരുടെ എണ്ണം റെക്കോർഡ് തലത്തിലെത്തി. മഹാമാരി കത്തിപ്പടർന്ന 2020, 2021 വർഷങ്ങളെക്കാൾ അസുഖം മൂലം ലീവ് എടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ . 2019 – നെ അപേക്ഷിച്ച് നിലവിൽ സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണത്തിൽ 29 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം അവധി എടുക്കുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകൾ കാണിക്കുന്നു. സിക്ക് ലീവ് എടുക്കുന്നവരിൽ ഏകദേശം നാലിലൊന്ന് പേർ ഈ ഗണത്തിലാണ്. ജലദോഷം, ചുമ ,ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ മൂലം അവധിയെടുക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ പല അസുഖങ്ങൾക്കും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏകദേശം 110,000 നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ഒഴിവുകളാണ് എൻഎച്ച്എസിൽ ഉള്ളത്. ഇതിനെ പുറമെ സിക്ക് ലീവ് എടുക്കുന്ന ജീവനക്കാരുടെ എണ്ണത്തിലുള്ള വൻ വർദ്ധനവ് കൂടിയാകുമ്പോൾ എൻഎച്ച്എസ് കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. വർദ്ധിച്ച ജോലിഭാരമാണ് ജീവനക്കാരെ പലരെയും രോഗികളാക്കുന്നത് എന്ന് യൂണിസൺ ഹെൽത്ത് ഹെഡ് സാറ ഗോർട്ടൺ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എന്‍എച്ച്എസ് ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ നേരിടുന്ന കഷ്ടപ്പാടും പ്രയാസവും വാക്കുകൾക്കൊണ്ട് പറയാൻ സാധിക്കുന്നതിലും അതീതമാണ്. പ്രത്യേകിച്ച് കോവിഡിന് ശേഷമുള്ള ഉയർന്ന രോഗികളുടെ എണ്ണം നിലനിൽക്കെ. പലപ്പോഴും പന്ത്രണ്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ വെള്ളം പോലും കുടിക്കാതെയാണ് ജോലി ചെയ്യേണ്ടി വരുന്നത്. ജോലിയുടെ ഭാരം നാള്‍ക്ക് നാള്‍ കൂടുന്നു എന്നതിനാല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനു യുകെയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ താല്‍പര്യം കുറഞ്ഞു വരുന്നത് വൻ വാർത്താ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തെ പാഷനായി കാണുന്ന നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ യുകെയിലെ എന്‍എച്ച്എസിൻെറ യുവത്വത്തിന്റെ മുഖവും പ്രസരിപ്പും നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ അവരില്‍ ഒരാളായ സന്ദര്‍ലാന്റിലെ ഡോ. അഞ്ജന വര്‍ഗീസ് ഇപ്പോള്‍ ലോക മിസ് യൂണിവേഴ്സ് ഫൈനല്‍ റൗണ്ടിലേക്കുള്ള ബ്രിട്ടീഷ് സുന്ദരിമാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്.

കുഞ്ഞു നാൾ മുതലേ ഡോക്ടറാകാനുള്ള നിശ്ചയ ദാര്‍ഢ്യം ഉറപ്പിച്ചു സെക്കൻഡറി സ്‌കൂള്‍ പഠന കാലം മുതലേ എല്ലാവർക്കും മാതൃകയായി മലയാളി സമൂഹത്തില്‍ ശ്രദ്ധ നേടിയ പെണ്‍കുട്ടിയാണ്. പഠന മികവിന് പല പുരസ്‌കാരങ്ങളും അഞ്ജനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇരുപത്തേഴുകാരിയായ ഈ ന്യൂറോസര്‍ജൻ ഇതിനോടകം തന്നെ ചിത്ര രചനയിലും ഫോട്ടോഗ്രഫിയിലും തൻെറ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. അഞ്ജനയുടെ ഈ നേട്ടം യുകെ മലയാളികൾ എല്ലാം ഉറ്റു നോക്കുന്ന ഒന്നാണ്. ഫൈനല്‍ റൗണ്ട് വരെ സ്വന്തം നിശ്ചയദാർഢ്യത്തോടെ എത്തിയ അഞ്ജനയ്ക്ക് ഇനി മുന്നേറാന്‍ പൊതു സമൂഹത്തിന്റെ പിന്തുണ കൂടി വേണം. ഫൈനല്‍ റൗണ്ടിലേയ്ക്ക് ലഭിക്കുന്ന പബ്ലിക് വോട്ടു കൂടി പരിഗണിച്ചാണ് അന്തിമ വിജയിയെ ഓരോ രാജ്യത്തു നിന്നും കണ്ടെത്തുന്നത്.

ചാലക്കുടി സ്വദേശികളായ വര്‍ഗീസിന്റെയും ഷീബയുടെയും മകളാണ് അഞ്ജന. കഴിഞ്ഞ 20 വര്‍ഷമായി യുകെയില്‍ താമസിച്ചു വരികയാണ്. യുകെ മലയാളികള്‍ക്ക് ലോക മത്സര വേദിയില്‍ നിന്നും തിളക്കമേറിയ ഒരു നേട്ടം പറന്നെത്തുമോ എന്ന ആകാംഷയിലാണ് ഇപ്പോൾ യുകെ മലയാളികൾ. ‘മിസ്സ് യൂണിവേഴ്‌സ് ഗ്രേറ്റ് ബ്രിട്ടന്‍’ സൗന്ദര്യ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 34 മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ഫൈനല്‍ റൗണ്ടില്‍, തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത് പിന്തുണയ്ക്കുവാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. എല്‍ സാല്‍വദോറില്‍ വെച്ച് നടക്കുന്ന എഴുപത്തി രണ്ടാമത് മിസ്സ് യൂണിവേഴ്‌സ് മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിച്ച് വിജയകിരീടം ചൂടാൻ യുകെ മലയാളികളുടെ വോട്ടും പിന്തുണയും അഞ്ജനയും കുടുംബവും അഭ്യര്‍ത്ഥിക്കുകയാണ്. അഞ്ജനയ്ക്ക് വോട്ട് ചെയ്യാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ജൂലൈ ഏഴ് വെള്ളിയാഴ്ചവരെ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ട്

Copyright © . All rights reserved