Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നയപരമായ ഒരു തീരുമാനത്തിലൂടെ ഇനിമുതൽ സാധാരണ രോഗത്തിനായി മരുന്നുകൾ ലഭിക്കാൻ ജിപിയെ കാണേണ്ടതില്ല. ഇതിന്റെ ഭാഗമായി ആൻറിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചില സാധാരണ മരുന്നുകൾക്കായുള്ള പരിശോധനകൾക്കായി രോഗികൾക്ക് ഇനിമുതൽ ഹൈ സ്ട്രീറ്റ് ഫാർമസികളുടെ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കും. ഇംഗ്ലണ്ടിലെ ഈ പുതിയ പദ്ധതി പ്രകാരം ജിപിയെ കാണാതെ തന്നെ ആളുകൾക്ക് കൂടുതൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാകും.


ഈ പുതിയ പദ്ധതി പ്രകാരം അടുത്ത രണ്ട് വർഷത്തിനുള്ളിൽ 15 മില്യൺ ജി പി അപ്പോയിന്മെന്റ് കുറയ്ക്കാൻ സാധിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. എന്നാൽ ഫാർമസികൾ ഈ അധികമായി വരുന്ന സമ്മർദ്ദത്തെ എങ്ങനെ നേരിടും എന്ന കാര്യത്തിൽ ഈ മേഖലയിലുള്ളവർ കടുത്ത ആശങ്കയിലാണ്. സർക്കാർ സാമ്പത്തിക സഹായം , ജീവനക്കാരുടെ കുറവ്, പ്രവർത്തന ചിലവ് കൂടിയത് മുതലായവ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2015 – ന് അപേക്ഷിച്ച് ഈ മേഖലയിലുള്ള ഫാർമിസ്റ്റുകളുടെ എണ്ണം അപര്യാപ്തമാണെന്ന അഭിപ്രായവും ശക്തമാണ്. സർക്കാരിൻറെ ഭാഗത്തുനിന്നും മതിയായ സഹായമില്ലെങ്കിൽ കൂടുതൽ പ്രാദേശിക ഫാർമസികൾ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണെന്നാണ് ഈ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്താനും ഫാർമസികൾക്ക് 645 മില്യൻ പൗണ്ട് ലഭ്യമാക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമാൻഡ പ്രിച്ചാർഡ് പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ 10 പേരിൽ 9 പേർക്കും അവരുടെ ജി പി യെ വിളിക്കേണ്ടതായി വരികയില്ല എന്നാണ് പുതിയ പദ്ധതിയെക്കുറിച്ചുള്ള എൻഎച്ച് എസിന്റെ വിശകലനം. ചെവിവേദന, തൊണ്ടവേദന , സൈനസൈറ്റിസ്, തൊലി പുറമേയുള്ള അണുബാധ (ഇംപെറ്റിഗോ), വൈറൽ ഫീവർ , ചെറു പ്രാണികളുടെ കടി കൊണ്ടുള്ള പ്രശ്നങ്ങൾ, യൂറിനറി ഇൻഫക്ഷൻ എന്നീ 7 രോഗങ്ങൾക്കാണ് മരുന്നുകൾ നിർദ്ദേശിക്കാൻ ഫാർമ ഫാർമസികൾക്ക് അനുവാദം കൊടുത്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചെറുപ്രായത്തിലെ കുട്ടികൾ ഫോണുകളും കമ്പ്യൂട്ടറുകളും അതുവഴി ഇന്റർനെറ്റും ഉപയോഗിക്കുന്നത് സർവ്വസാധാരണമാണ്. കളിപ്പാട്ടം പോലെ ഫോൺ കുട്ടികൾക്ക് കൊടുക്കുന്ന മാതാപിതാക്കളും ഉണ്ട് . എന്നാൽ ഇന്റർനെറ്റും ഫോണുകളും ഉപയോഗിക്കുമ്പോൾ ഉണ്ടായേക്കാവുന്ന വലിയ ഒരു പ്രശ്നത്തിലേയ്ക്ക് വിരൽ ചൂണ്ടുകയാണ് ചിൽഡ്രൻ കമ്മീഷൻ ഓഫ് ഇംഗ്ലണ്ട് . ഏതെങ്കിലും രീതിയിൽ അശ്ലീല ചിത്രങ്ങൾ കാണാനായാൽ അത് അവരുടെ പെരുമാറ്റത്തെ സാരമായി ബാധിക്കുമെന്ന് ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണർ ഡെയിം റേച്ചൽ ഡി സൂസ മുന്നറിയിപ്പ് നൽകി.

മിക്ക കുട്ടികളും സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യമായി അശ്ലീല ദൃശ്യങ്ങൾ കാണാൻ ഇടയാകുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ദൃശ്യങ്ങൾ നീക്കം ചെയ്യാൻ കമ്പനികൾ ശ്രദ്ധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന സമൂഹമാധ്യമങ്ങളുടെ ഉപയോഗം മൂലം ചെറുപ്പത്തിലെ കുട്ടികൾ അശ്ലീല ദൃശ്യങ്ങൾ കാണാൻ ഇടയാകുന്നുണ്ട്.

ഓൺലൈൻ സുരക്ഷാ ബില്ലിലൂടെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിന് കുട്ടികൾക്ക് പ്രായപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പല കുട്ടികളും മുതിർന്നവരുടെ ഫോൺ ഉപയോഗിക്കുമ്പഴോ മറ്റുള്ളവരുടെ സമൂഹമാധ്യമങ്ങളിലൂടെയോ ആണ് യാദൃശ്ചികമായി അശ്ലീല ദൃശ്യങ്ങൾ കാണാൻ ഇടയാകുന്നത്. അശ്ലീല ദൃശ്യങ്ങൾ കാണുന്നത് മൂലം കുട്ടികൾ മോശം ഭാഷ ഉപയോഗിക്കുന്നതിനും അവരുടെ സ്വഭാവ വൈകല്യത്തിനും കാരണമാകുന്നതായി ഡെയിം റേച്ചൽ ബിബിസിയോട് പറഞ്ഞു. കുട്ടികൾക്കിടയിലെ പോണോഗ്രാഫിയുടെ ഹാനികരമായ സ്വാധീനത്തെ കുറിച്ച് അവർ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ ആദ്യമായി മൂന്ന് പേരുടെ ഡിഎൻഎ ഉപയോഗിച്ച് ഒരു കുഞ്ഞ് ജനിച്ചതായി സ്ഥിരീകരിച്ച് ഫെർട്ടിലിറ്റി റെഗുലേറ്റർ. കുട്ടിയുടെ ഡിഎൻഎയുടെ ഭൂരിഭാഗവും മാതാപിതാക്കളിൽ നിന്നും ഏകദേശം 0.1% ദാതാവായ സ്ത്രീയിൽ നിന്നും ആണ്. പുതിയ രീതി മൈറ്റോകോണ്ട്രിയൽ രോഗങ്ങളുമായി കുട്ടികൾ ജനിക്കുന്നത് തടയാനുള്ള ശ്രമമാണ്. ഈ രീതിയിൽ അഞ്ചു കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല.

മൈറ്റോകോണ്ട്രിയൽ രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്തതാണ്. ഈ രോഗങ്ങൾ ഉള്ള കുട്ടികൾ ജനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈറ്റോകോണ്ട്രിയൽ രോഗങ്ങൾ മൂലം ചില കുടുംബങ്ങൾക്ക് ഒന്നിലധികം കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരുടെ ആരോഗ്യമുള്ള കുട്ടി എന്ന ആഗ്രഹം സഫലമാകാനുള്ള വഴിയാണ് പുതിയതായി കണ്ടെത്തിയ രീതി.

ഭക്ഷണത്തെ ഉപയോഗയോഗ്യമായ ഊർജ്ജമാക്കി മാറ്റുന്ന ശരീരത്തിലെ മിക്കവാറും എല്ലാ കോശങ്ങളിലുമുള്ള ചെറിയ അറകളാണ് മൈറ്റോകോൺ‌ഡ്രിയ. വികലമായ മൈറ്റോകോണ്ട്രിയ ശരീരത്തിന് ഊർജ്ജം നൽകുന്നതിൽ പരാജയപ്പെടുകയും മസ്തിഷ്ക ക്ഷതം, പേശി ക്ഷയം, ഹൃദയസ്തംഭനം, അന്ധത എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഇവ അമ്മയിലൂടെ മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ IVF-ന്റെ പരിഷ്‌ക്കരിച്ച രൂപമാണ് മൈറ്റോകോൺ‌ഡ്രിയൽ ദാന ചികിത്സ. ദാതാവിന്റെ ഡിഎൻഎ ഫലപ്രദമായ മൈറ്റോകോൺ‌ഡ്രിയ നിർമ്മിക്കുന്നതിന് മാത്രമേ പ്രസക്തമാകൂ. കുട്ടിയുടെ രൂപം പോലുള്ള സ്വഭാവങ്ങളെ ഇത് സ്വാധീനിക്കില്ല. 2016ൽ യുഎസിൽ ചികിത്സയിലായിരുന്ന ജോർദാനിയൻ കുടുംബത്തിലാണ് ഈ രീതിയിലൂടെ ആദ്യമായി കുഞ്ഞ് ജനിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്ഥാപനങ്ങൾ ജോലിസ്ഥലത്തും സാമൂഹിക പരിപാടികളിലും നൽകുന്ന മദ്യത്തിന്റെ അളവ് പരിമിതപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അനുചിതമായി പെരുമാറ്റം തടയുന്നതിനായാണ് പുതിയ നീക്കം. ചാർട്ടേഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഐ) നടത്തിയ വോട്ടെടുപ്പിന് പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കണമെന്ന ആവശ്യം ഉയർന്നത്. വോട്ടെടുപ്പിൽ പങ്കെടുത്ത മൂന്നിലൊന്ന് മാനേജർമാരും മദ്യം മൂലം പാർട്ടികളിൽ ഉപദ്രവമോ അനുചിതമായ പെരുമാറ്റമോ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി. അമിതമായ മദ്യപാനം മൂലം തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് പങ്കുവച്ചത്.

പാർട്ടികളിൽ മദ്യത്തിന് പ്രാധാന്യം നൽകേണ്ടതില്ലെന്ന് സിഎംഐയുടെ മേധാവി പറഞ്ഞു. തങ്ങളുടെ വ്യവസായത്തിൽ അമിതമായ പാർട്ടികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഇതിനു ഒരു മാറ്റം ഉടനെ തന്നെ ഉണ്ടാകണം എന്നും ഫിനാൻസിൽ ജോലി ചെയ്യുന്ന 27 വയസ്സുള്ള സാറ പറഞ്ഞു.

പാർട്ടികൾക്ക് ശേഷം സ്വന്തമായി മദ്യം വാങ്ങി കുടിക്കുക എന്നുള്ളത് ഓരോ വ്യക്തിയുടെയും സ്വകാര്യമായ താല്പര്യമാണ്. എന്നാൽ കമ്പനിയുടെ പാർട്ടികളിൽ മദ്യപിക്കുന്നതിനോട് തനിക്ക് തീരെ താല്പര്യം ഇല്ല എന്ന അഭിപ്രായമാണ് മിക്ക ജീവനക്കാരും നൽകിയത്. സഹപ്രവർത്തകർക്ക് പരസ്പരം ഇടപഴകുക എന്നത് വളരെ പ്രാധാനമാണ്. എന്നാൽ ഇവയിൽ മദ്യപാനത്തിനാണ് പലപ്പോഴും പ്രാധാന്യം ലഭിക്കാറുള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സർക്കാരിന്റെ വിവാദമായ ‘സാക്ക് ദി നേഴ്സസ് ‘ബിൽ പാസായാൽ ദശലക്ഷക്കണക്കിന് നേഴ്സുമാർക്ക് എന്നന്നേയ്ക്കുമായി പണിമുടക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് (ടിയു സി ) മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ 5.5 ദശലക്ഷം തൊഴിലാളികളെ നിയമനിർമ്മാണം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ നോർത്ത് അയർലണ്ടിലെ തൊഴിലാളികൾ ഈ ബില്ലിന്റെ പരുധിയിൽ വരുന്നില്ല.

ആരോഗ്യം, വിദ്യാഭ്യാസം, അഗ്നിശമനം , ഗതാഗതം, അതിർത്തി സുരക്ഷ എന്നീ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കുന്ന അവസരത്തിൽ മേലധികാരികളിൽ നിന്ന് ജോലിക്ക് ഹാജരാകാനുള്ള നിർദ്ദേശം അനുസരിക്കാത്ത പക്ഷം പിരിച്ചുവിടാനുള്ള അധികാരം സർക്കാരിന് നൽകുന്നതാണ് നിർദിഷ്ട ബിൽ എന്നാണ് യൂണിയനുകൾ പറയുന്നത്. അതുകൊണ്ട് തന്നെ ഈ ബില്ലിനെതിരെ ശക്തമായ രീതിയിലാണ് യൂണിയനുകൾ പ്രതിഷേധിക്കുന്നത്. ഈ ബിൽ നടപ്പിലായാൽ ഇനി ഒരിക്കലും നേഴ്സുമാർ ഉൾപ്പെടെയുള്ള ആവശ്യ സർവീസിൽ സേവനം ചെയ്യുന്ന തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി സമരമുഖത്ത് ഇറങ്ങാൻ സാധിക്കില്ല .

ബില്ലിന്റെ ജനാധിപത്യ വിരുദ്ധമായ സ്വഭാവത്തെക്കുറിച്ച് വ്യക്തത വരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ടി യു സി പറഞ്ഞു. അതുകൊണ്ടുതന്നെ ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും പ്രസ്തുത ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നാണ് ടി യു സി ആവശ്യപ്പെടുന്നത്. ജനാധിപത്യവിരുദ്ധവും പ്രായോഗികമല്ലാത്തതും നിയമവിരുദ്ധവുമാണ് നിർദിഷ്ട ബില്ലെന്ന് ടി യു സി സെക്രട്ടറി പോൾ നൊവാക് പറഞ്ഞു. രാജ്യത്തെ പണപ്പെരുപ്പം ഇപ്പോഴും 10 ശതമാനത്തിൽ കൂടുതൽ നിൽക്കുമ്പോൾ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ തൊഴിലാളികൾക്ക് ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ശനിയാഴ്ച ടെക്സസിലെ ഡാലസിനടുത്തുള്ള ഷോപ്പിംഗ് മാളിലുണ്ടായ കൂട്ട വെടിവയ്പ്പിൽ മരിച്ച എട്ട് പേരിൽ ഇന്ത്യക്കാരിയായ എഞ്ചിനീയറും. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ ചിലർക്ക് ഒന്നിലധികം വെടിയേറ്റിട്ടുണ്ട്. ഡാലസിലെ മക്കിന്നിയിൽ താമസിച്ചിരുന്ന ഇന്ത്യൻ എഞ്ചിനീയർ ഐശ്വര്യ താറ്റികൊണ്ടയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. വെടിവയ്പ്പ് നടക്കുമ്പോൾ 27 കാരിയായ ഐശ്വര്യ സുഹൃത്തിനൊപ്പം അലൻ മാളിലായിരുന്നു. ഇവരുടെ സുഹൃത്തിനും വെടിവെയ്പ്പിൽ പരുക്കേറ്റിട്ടുണ്ട്.

തെലുങ്ക് അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്തോടെ ഐശ്വര്യയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ഐശ്വര്യയുടെ കുടുംബം ഇപ്പോൾ. തെലുങ്കാനയിലെ രംഗ റെഡ്ഡി ജില്ലാ കോടതി ജഡ്ജിയുടെ മകളാണ് ഐശ്വര്യ . ഹൈദരാബാദിലെ സരൂർ നഗറിലാണ് ഐശ്വര്യയുടെ കുടുംബം താമസിക്കുന്നത് . ഐശ്വര്യ 2018 ൽ ഇന്ത്യയിൽ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. 2020 ൽ യുഎസിലെ ഈസ്റ്റേൺ മിഷിഗൺ സർവകലാശാലയിൽ നിന്ന് കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി, യുഎസ് തൊഴിൽ വിസയിൽ ഡാലസ് ആസ്ഥാനമായുള്ള കരാർ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയാണ്.

വെടിവയ്‌പ്പിൽ ഐശ്വര്യയെ കൂടാതെ കൊറിയൻ വംശജരായ അമേരിക്കൻ പൗരന്മാരായ ചോ ക്യൂ സോങ് (37), കാങ് ഷിൻ യങ് (35) ഇവരുടെ മകൻ ജെയിംസ് ചോ (3), പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളായ ഡാനിയേല മെൻഡോസ സഹോദരി സോഫിയ, സെക്യൂരിറ്റി ഗാർഡായിരുന്ന ക്രിസ്റ്റ്യൻ ലാകോർ (20) എന്നിവരും കൊല്ലപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മെയ് 6-ാം തീയതി ശനിയാഴ്ച നടന്ന ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിന്റെ ഔദ്യോഗിക ഫോട്ടോകൾ പുറത്തുവന്നു. 2005 -ൽ ഇരുവരുടെയും വിവാഹ ഫോട്ടോകളുടെ ചിത്രങ്ങൾ എടുത്ത പ്രശസ്ത ഫോട്ടോഗ്രാഫർ ഹ്യുഗോ ബർണാഡ് തന്നെ ആണ് കിരീടധാരണത്തിന്റെയും ഔദ്യോഗിക ഫോട്ടോകൾ എടുത്തത് എന്ന പ്രത്യേകതയുമുണ്ട്. കിരീട ധാരണ ചടങ്ങിന് തൊട്ടു പിന്നാലെയാണ് രാജകീയ ദമ്പതികളെ അവരുടെ എല്ലാവിധ രാജകീയ വസ്ത്രങ്ങളോടും കിരീടത്തോടും കൂടി ഫ്രെയിമിൽ പകർത്തിയിരിക്കുന്നത്.

ഇതോടൊപ്പം രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഗ്രൂപ്പ് ഫോട്ടോകളും എടുത്തിരുന്നു . ബക്കിംഗ്ഹാം കൊട്ടാരത്തിലെ ത്രോൺ റൂമിലും ഗ്രീൻ ഡ്രോയിങ് റൂമിലും വച്ചാണ് ചിത്രങ്ങൾ പകർത്തിയത്. രാജകീയ പരമാധികാരത്തിന്റെ ചിഹ്നമായ രാജകിരീടവും ചെങ്കോലും ധരിച്ചുള്ള ചാൾസ് രാജാവിൻറെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത് . 1902 -ലെ എഡ്വേർഡ് ഏഴാമൻ രാജാവിൻറെ കിരീടധാരണ വേളയിൽ ഉപയോഗിക്കാനായി പ്രത്യേകമായി നിർമ്മിച്ച സിംഹാസനത്തിൽ ചാൾസ് രാജാവ് ഇരിക്കുന്നതായാണ് ഫോട്ടോയിൽ ഉള്ളത്. കഴിഞ്ഞവർഷം പാർലമെൻറിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത ചടങ്ങിലും ഇതേ കസേരകൾ തന്നെയാണ് രാജാവും രാജ്ഞിയും ഉപയോഗിച്ചിരുന്നത്.

ക്യൂൻ മേരിയുടെ കിരീടത്തോടുകൂടിയാണ് രാജ്ഞിയെ ചിത്രീകരിച്ചിരിക്കുന്നത്. കിരീട ധാരണ ചടങ്ങുകൾ ഇത്രയും മനോഹരമാക്കിയതിന് ചാൾസ് രാജാവ് തന്റെയും രാജ്ഞിയുടെയും ഹൃദയംഗമമായ നന്ദി പ്രസ്താവനയിൽ അറിയിച്ചു. ബ്രിട്ടന്റെയും കോമൺവെൽത്ത് രാജ്യങ്ങളുടെയും ജനങ്ങളുടെ ഉന്നമനത്തിനായി താനും രാജ്ഞിയും തങ്ങളുടെ ജീവിതം ഉഴിഞ്ഞു വയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൗഢഗംഭീരമായ കിരീട ധാരണ ചടങ്ങുകളിൽ പങ്കെടുക്കാൻ ലോകമെങ്ങും നിന്ന് രാജ്യ തലവന്മാർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ എത്തിച്ചേർന്നിരുന്നു. കിരീടധാരണത്തിന്റെ തത്സമയ പ്രക്ഷേപണം ബ്രിട്ടനിൽ മാത്രം 20 ദശലക്ഷത്തിലധികം പേരാണ് ടിവിയിൽ കണ്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നിരവധി ആളുകൾ അവരുടെ മൊബൈൽ ഫോൺ ഇടപാടുകൾക്കായി പ്രതിവർഷം 530 ദശലക്ഷം പൗണ്ട് അമിതമായി അടയ്ക്കുന്നതായി വിർജിൻ മീഡിയ O2. 93 ശതമാനം ബ്രിട്ടീഷുകാർക്കും തങ്ങൾ പണം നൽകിയ ഉപകരണത്തിന് ദാതാക്കൾ പണം ഈടാക്കുന്നത് തുടരുന്നുണ്ട് എന്നുള്ളത് അറിയില്ലെന്നും ടെലികോം സ്ഥാപനംപറഞ്ഞു. ഈ പ്രശ്നം പ്രായമായ ആളുകളെയും ഏറ്റവും താഴ്ന്ന വരുമാനമുള്ളവരെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് വിർജിൻ മീഡിയ O2 പറഞ്ഞു.

ഇത്തരത്തിലുള്ള അബദ്ധങ്ങൾക്കുള്ള പ്രധാന കാരണം ഉപഭോക്താക്കൾക്കുള്ള പരിമിത അറിവാണ്. മൊബൈൽ ഫോൺ ബില്ലുകളിൽ പ്രധാനമായി രണ്ട് ഭാഗങ്ങൾ ആണ് ഉള്ളത്. എന്നാൽ ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പലർക്കും ഇപ്പോഴും അറിയില്ല. ഉപകരണ പേയ്‌മെന്റുകളും എയർടൈമിന്റെ ചെലവുകൾ എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ആണ് ഉള്ളത്. ചില മൊബൈൽ ഫോൺ സ്ഥാപനങ്ങൾ ഇവ രണ്ടും ഒരുമിച്ച് വാങ്ങിക്കുമ്പോൾ മറ്റ് ചിലർ പ്രത്യേകം ചാർജ് ചെയ്യാറുണ്ട്. സാധാരണയായി 12 മുതൽ 24 മാസത്തിനുള്ളിൽ ഇവ അടയ്ക്കണം.

ഇതിനുശേഷം ഉള്ള പണമിടപാടുകൾ ഉപയോക്താവിൻെറ വ്യക്തിപരമായ ഇഷ്ടമാണ്. നിങ്ങളുടെ ഉപകരണത്തിനും എയർടൈമിനും വെവ്വേറെ പണം നൽകുകയാണെങ്കിൽ, എയർടൈം അടയ്ക്കാൻ നിങ്ങൾക്ക് സാധിക്കും. ഇത് നിങ്ങളുടെ ബില്ലിലെ തുക കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഇതറിയാതെ സാധാരണക്കാർ വർഷങ്ങളോളം അനാവശ്യമായി പണം അടയ്ക്കുന്നുണ്ട്. ഇത് ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ടെന്നും വിർജിൻ മീഡിയ O2 പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആയിരത്തോളം വർഷം പാരമ്പര്യമുള്ള രണ്ടു മണിക്കൂർ സമയമെടുത്ത ചാൾസ് രാജാവിൻറെ കിരീട ധാരണത്തിന്റെ ചടങ്ങുകൾ ശരാശരി 18 ദശലക്ഷത്തിലധികം ആൾക്കാരാണ് യുകെയിൽ മാത്രം കണ്ടത്. പ്രൗഢഗംഭീരമായ ചടങ്ങിലാണ് ലോകത്തെ സാക്ഷിയാക്കി ചാൾസ് മൂന്നാമൻ രാജാവ് കിരീടമണിഞ്ഞത്. രാജാവും കാമില രാജ്ഞിയും കിരീടമണിഞ്ഞ ചടങ്ങ് യുകെ സമയം 11 മണി മുതൽ ഉച്ച കഴിഞ്ഞ് 1 മണി വരെ വിവിധ ചാനലുകളിൽ ഒരേസമയം സംപ്രേഷണം ചെയ്തിരുന്നു.

 

ശരാശരി കാഴ്ചക്കാരുടെ എണ്ണം 18 ദശലക്ഷമാണെങ്കിലും ഉച്ചയ്ക്ക് ശേഷം കിരീടധാരണത്തിന്റെ പ്രധാന സമയത്ത് കാഴ്ചക്കാരുടെ എണ്ണം 20.4 ദശലക്ഷത്തിലെത്തിയെന്നാണ് കണക്കുകൾ . ബിബിസി, ഐടി വി , സ്കൈന്യൂസ് എന്നിവയുൾപ്പെടെ 11 ചാനലുകളിലായാണ് ജനങ്ങൾ കിരീട ധാരണ ചടങ്ങുകൾ വീക്ഷിച്ചത്. 1953 -ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണ ചടങ്ങുകൾ ദശലക്ഷക്കണക്കിന് ആൾക്കാർ കണ്ടതായാണ് കരുതപ്പെടുന്നത് . എന്നാൽ അന്നത്തെ കാഴ്ചക്കാരുടെ എണ്ണത്തെക്കുറിച്ച് വ്യക്തമായ കണക്കുകൾ ഒന്നും ലഭ്യമല്ല.

എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾ ശരാശരി 26.5 ദശലക്ഷം പേർ കണ്ടതായാണ് കണക്കുകൾ . എന്നാൽ 1997 -ൽ വെയിൽസിലെ രാജകുമാരിയും രാജാവിൻറെ മുൻ ഭാര്യയുമായിരുന്ന ഡയാന രാജകുമാരിയുടെ ശവസംസ്കാര ചടങ്ങുകൾ ബിബിസിയും ഐടി വി യിലുമായി 31 ദശലക്ഷം ആൾക്കാർ കണ്ടതായാണ് കണക്കുകൾ . ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ റെക്കോർഡ് ആണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടനിൽ 18 മാസത്തിനുള്ളിൽ പന്ത്രണ്ടാം തവണയും പലിശ നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പണപെരുപ്പത്തിനെ പിടിച്ചുനിർത്താൻ നിലവിലെ 4.25 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി പലിശ നിരക്ക് ഉയരുമെന്നാണ് കരുതപ്പെടുന്നത്. ഇത് നടപ്പിലായാൽ 1989 – ന് ശേഷമുള്ള ഏറ്റവും വലിയ പലിശ നിരക്കിലെ വർദ്ധനവ് ആയിരിക്കും ഇത്. ഈ രീതിയിൽ പണപ്പെരുപ്പം മുന്നോട്ട് പോയാൽ അടുത്ത ഡിസംബർ മാസത്തോടെ പലിശ നിരക്ക് 5 ശതമാനം വരെ വർദ്ധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പലിശ നിരക്കിലെ വർദ്ധനവ് വീടുകളുടെ വിലയിൽ വൻ കുതിച്ചു കയറ്റത്തിന് കാരണമായേക്കും. പുതിയതായി വീടുകൾ സ്വന്തമാക്കാൻ സ്വപ്നം കാണുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ വായ്പയെടുത്ത് വീടുകൾ സ്വന്തമാക്കിയവരും കടുത്ത ആശങ്കയിലാണ്. പലിശ നിരക്ക് വർധിക്കുന്നതിനനുസരിച്ച് തിരിച്ചടവ് തുക കൂടുന്നത് പലരെയും വൻ പ്രതിസന്ധിയിലേയ്ക്ക് നയിക്കാനാണ് സാധ്യത.

പണപ്പെരുപ്പം തടയാൻ ശ്രമിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വ്യാഴാഴ്ച പലിശ നിരക്കുകൾ 4.25 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി ഉയർത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . യുകെയിലെ ഉയർന്ന പണപെരുപ്പ തോതായ 10.1 ശതമാനം അതേ നിലയിൽ തുടരുകയാണെങ്കിൽ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടതായി വരുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഫെഡറൽ ബാങ്ക് കഴിഞ്ഞ ആഴ്ച പലിശ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചിരുന്നു. യൂറോപ്യൻ സെൻട്രൽ ബാങ്കും ( ഇസിബി ) അടുത്തയിടെ പലിശ നിരക്ക് 0.25 ശതമാനം ഉയർത്തി. ഇതോടെ ഇസിബിയുടെ പലിശ നിരക്ക് 3.25 ശതമാനമാണ്

RECENT POSTS
Copyright © . All rights reserved