ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ടോറികൾക്ക് 48 കൗൺസിലുകളും 1000 -ത്തിലധികം കൗൺസിലർമാരെയും നഷ്ടമായത് ഭരണമുന്നണിയിൽ കടുത്ത അങ്കലാപ്പ് ആണ് സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയത്തിലേക്കുള്ള പാതയിലാണെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാമർ പറഞ്ഞു.
2002 -ന് ശേഷം ആദ്യമായാണ് ലേബർ പാർട്ടി ഇത്ര ശക്തമായ മുന്നേറ്റം നടത്തുന്നത്. ഇംഗ്ലണ്ടിലെ 230 കൗൺസുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി റിഷി സുന കിന്റെ ജനപ്രീതിയുടെ അളവുകോൽ ആയിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ വിലയിരുത്തിയിരുന്നത്. പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി പ്രതിപക്ഷത്തിനും സ്വന്തം പാർട്ടിയിലെ വിമർശകർക്കും പ്രധാനമന്ത്രിയുടെ നയങ്ങളെ വിമർശിക്കാൻ കൂടുതൽ ശക്തി നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 35 % വോട്ട് വിഹിതമായാണ് ലഭിച്ചിരിക്കുന്നത്. ടോറികൾക്ക് 26 ശതമാനവും ലിബ് ഡെംസിന് 20 ശതമാനം വോട്ടു വിഹിതം ലഭിച്ചു. 2010 -ൽ ലേബർ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിനുശേഷമുള്ള ഏറ്റവും ശക്തമായ തിരിച്ചു വരവാണ് അവർ നടത്തിയിരിക്കുന്നത്.
രാജ്യത്തെ ജീവിത ചിലവ് വർദ്ധനവും ഉയർന്ന പണപെരുപ്പവും തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിച്ചതായാണ് പൊതുവേയുള്ള വിലയിരുത്തൽ . എൻഎച്ച്എസ് ഉൾപ്പെടെ രാജ്യത്തെ വിവിധ മേഖലകളിലെ ജീവനക്കാരുടെ സമരങ്ങളും ജനജീവിതം ദുഷ്കരമാക്കിയിരുന്നു. ഇതിനെല്ലാമെതിരെയുള്ള പ്രതിഷേധങ്ങൾ പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. നോർ ഫോർക് കൗണ്ടിയിലെ ബ്രോഡ്‌ലാൻഡ് ജില്ലാ കൗൺസിലിലേയ്ക്ക് മത്സരിച്ച മലയാളിയായ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി ബിബിൻ ബേബി തെരഞ്ഞെടുപ്പിൽ ജയിച്ചത് യു കെ മലയാളികൾക്ക് അഭിമാനമായി. വിവിധ സ്ഥലങ്ങളിലായി 18 മലയാളികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മണിപ്പൂരിൽ സംഘർഷം വർധിക്കുകയാണ്. ജനങ്ങളുടെ ജീവിതത്തിനു പുറമെ പള്ളികൾക്ക് നേരെയും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനോടകം തന്നെ 17 ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായി. ക്രിസ്ത്യാനികളായ ആളുകളെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ക്രിസ്ത്യാനികളെ വേട്ടയാടുന്നുവെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. സംഘര്‍ഷത്തില്‍ 17 പള്ളികള്‍ ഇതിനകം തകര്‍ക്കപ്പെടുകയോ അശുദ്ധമാക്കുകയോ എതിര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
41% ക്രിസ്ത്യന്‍ ജനസംഖ്യയുള്ള മണിപ്പൂരില്‍ 1974-ല്‍ നിര്‍മ്മിച്ച മൂന്ന് പള്ളികളും നിരവധി വീടുകളും ഇതിനകം അഗ്‌നിക്കിരയാക്കി. ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പ്രദേശത്ത് സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികര്‍ ഭീഷണി നേരിടുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ജനതയുടെ സമാധാനവും ആത്മവിശ്വാസവും തിരികെ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. മത സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നത് അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ക്രിസ്ത്യൻ സഭാ പ്രതിനിധികൾ പറഞ്ഞു. ജനങ്ങള്‍ ആ പാര്‍ട്ടിയെ ഭരണമേല്‍പിച്ചതാണ്. സദ്ഭരണത്തിനുള്ള കഴിവില്‍ അവര്‍ക്ക് വിശ്വാസമുണ്ടെന്നും അദേഹം വ്യക്തമാക്കി.
അതേസമയം, മണിപ്പൂരില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായതോടെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍. സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ ഗവര്‍ണര്‍ ഒപ്പിടുകയായിരുന്നു. സംഘര്‍ഷം കൈവിട്ടു പോയതിനാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അനുമതിക്ക് അയച്ചതില്‍ ഗവര്‍ണര്‍ അനുസിയ ഉയ്‌കെ ഒപ്പുവച്ചതോടെയാണ് ഉത്തരവ് പ്രാബല്യത്തിലായത്. നേരത്തെ, സംഘര്‍ഷം നിയന്ത്രിക്കാനായി സൈന്യത്തെ രംഗത്തിറക്കിയിരുന്നു. രാത്രി സൈന്യം സംഘര്‍ഷ മേഖലയില്‍ റൂട്ട് മാര്‍ച്ച് നടത്തി. എന്നാല്‍ പിന്നീട് ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയായിരുന്നു. നിരവധി ജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. പ്രതിഷേധ റാലി നടത്തിയ ഗോത്രവിഭാഗവുമായി മറ്റു വിഭാഗക്കാര്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇതേത്തുടര്‍ന്ന് നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ മേഖലകളിലാണ് സംഘര്‍ഷം കൂടുതല്‍ ശക്തമായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ സന്നദ്ധ പ്രവർത്തകർക്കുള്ള അവാർഡിന് അർഹനായി മലയാളിയും. കൊറോണേഷൻ ചാമ്പ്യന്മാരായി അംഗീകരിക്കപ്പെട്ടവരിൽ ബാൻബറി കമ്മ്യൂണിറ്റിയിൽ നിന്നുള്ള പ്രഭു നടരാജനെയാണ് തിരഞ്ഞെടുത്തത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിലാണ് ബാൻബറി. ചാൾസ് രാജാവിന്റെയും രാജ്ഞിയുടെയും സേവനത്തെ ആദരിക്കുന്നതിനായി റോയൽ വോളണ്ടറി സർവീസ് സംഘടിപ്പിച്ച അവാർഡിൽ 550 പേർക്കൊപ്പമാണ് മലയാളിയായ പ്രഭു നേട്ടം കൈവരിച്ചിരിക്കുന്നത്. സാമൂഹ്യസന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രഭു, പ്രദേശത്തെ ആളുകൾക്ക് മാതൃകയാണ്.
2020 മാർച്ചിൽ ബാൻബറിയിലേക്ക് താമസം മാറിയതു മുതൽ പ്രഭു നടരാജൻ തെരുവിൽ പട്ടിണിയായി അലയുന്ന മനുഷ്യർക്ക് ആഹാരം എത്തിച്ചു നൽകുന്നതിനായി അക്ഷീണം പ്രയത്നിച്ചു. അങ്ങനെയാണ് ദി ലഞ്ച് ബോക്‌സ് പ്രോജക്‌റ്റ് പ്രവർത്തനം ആരംഭിച്ചത്. കെയർ മേഖലയിലാണ് പ്രഭു ജോലി ചെയ്യുന്നത്. അതിനോടൊപ്പം സാമൂഹ്യസേവനവും മുന്നോട്ട് കൊണ്ടുപോകുകയാണ്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 14 മുതൽ 103 വയസ്സ് വരെ പ്രായമുള്ള ആയിരക്കണക്കിന് പേരാണ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. രാജ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന് ജഡ്ജിങ് പാനലാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.
അവാർഡിന് അർഹരായ 500 പേർക്കും പ്രത്യേകം രൂപകല്പന ചെയ്ത ഫലകവും ഔദ്യോഗിക നേതൃത്വം ഒപ്പിട്ട സർട്ടിഫിക്കറ്റുമാണ് ലഭിക്കുന്നത്. ഇതോടൊപ്പം, വിജയികളായവർക്ക് കുടുംബത്തോടൊപ്പം കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണവും ഉണ്ട്. ഭാര്യ ശില്പയ്ക്കൊപ്പമാണ് പ്രഭു ചടങ്ങിൽ എത്തുക. പ്രഭു പാലക്കാട് ഒലവക്കോട് സ്വദേശിയും ശിൽപ ആലപ്പുഴ സ്വദേശിയുമാണ്. എട്ട് വയസുള്ള അദ്ദുവാണ് മകൻ. ‘കോവിഡ് ലോക് ഡൗൺ സമയത്താണ് കാൻബറിയിലേക്ക് താമസം മാറിയത്. അപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ആളുകളെ ആകുന്നവിധം സഹായിച്ചു. അതിനു ശേഷമാണ് ലഞ്ച് ബോക്സ് എന്നുള്ള പ്രോജെക്ടിലേക്ക് എത്തുന്നത്. അർഹരായ ആളുകളെ കണ്ടെത്തി അവർക്ക് കൃത്യമായി ഭക്ഷണം ലഭ്യമാക്കുക എന്നുള്ള ലക്ഷ്യമായിരുന്നു അതിന് പിന്നിൽ. ഭാര്യയുടെയും സേവനം ചെയ്യുന്ന വോളന്റീയേഴ്‌സിന്റെയും കൂട്ടായ അധ്വാനത്തിന്റെ ഫലമാണ് പുരസ്‌കാരം’- പ്രഭു പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിലെ 14 ട്രെയിൻ ഓപ്പറേറ്റിങ് കമ്പനികളിലെ ജീവനക്കാർക്കായി മുന്നോട്ടുവയ്ക്കപ്പെട്ട സേവന വേതന വ്യവസ്ഥകൾ ജീവനക്കാർ നിരസിച്ചു. 90 ശതമാനം അംഗങ്ങളും സമരത്തിൽ തുടരുന്നതിന് അനുകൂലമായി വോട്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇതോടെ രാജ്യത്ത് വീണ്ടും ട്രെയിൻ ഗതാഗതം മുടങ്ങും. കഴിഞ്ഞവർഷം മെയ് മുതൽ തുടർച്ചയായി മൂന്നാം തവണയാണ് റെയിൽവേ ജീവനക്കാർ സമരത്തിന് അനുകൂലമായി രംഗത്ത് വരുന്നത്.
ഏകദേശം 20,000 തൊഴിലാളികൾക്ക് വോട്ടിങ്ങിൽ പങ്കെടുക്കാനുള്ള അവകാശമുണ്ട്. ഇതിൽ 70 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മേയ് 13-ാം തീയതി ശനിയാഴ്ച ആർഎംറ്റി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ലിവർപൂളിൽ യൂറോവിഷൻ ഫൈനൽ നടക്കുന്ന ദിവസത്തെ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.
ശമ്പള കരാർ നിരസിച്ച് പണിമുടക്കിനായുള്ള ആർഎംറ്റി യുടെ തീരുമാനം നിരാശജനകമാണെന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. റെയിൽവേ യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എഫ് ഐ ഫൈനൽ നടക്കുന്ന മെയ് 12, 31 തീയതികളിലും ജൂൺ 3-ാം തീയതിയും തങ്ങളുടെ അംഗങ്ങൾ പണിമുടക്കുമെന്ന് ട്രെയിൻ ഡ്രൈവർമാരുടെ യൂണിയൻ അസ്ലെഫ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഗ്ലാസ്‌ഗോ ആസ്ഥാനമായുള്ള ചൈനീസ് ക്രൈം ലക്ഷപ്രഭുവിന് വേണ്ടി ഏകദേശം 85,000 പൗണ്ട് വെളുപ്പിച്ച വിദ്യാർത്ഥിനിക്ക് 18 മാസം തടവ്. 28 കാരിയായ സിയാവോടോംഗ് ഹുവാങ്ങാണ് സംഭവത്തിൽ പിടിയിലായത്. വായ് മാ എന്ന വ്യക്തിയിൽ നിന്നുള്ള പണം വിദ്യാർത്ഥികളുടെ ഫീസ് അടയ്‌ക്കാനും ഏകദേശം രണ്ട് വർഷത്തേക്ക് അനധികൃതമായി ഉപയോഗിക്കുകയായിരുന്നു. കൂടാതെ കാറിൽ സ്‌കോട്ട്‌ലൻഡിൽ കൂട്ടുകാർക്ക് പണമടങ്ങിയ ബാഗുകളും കൈമാറിയിരുന്നു. ഹുവാങ് കുറ്റം നിഷേധിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിച്ചു.
2019 ജൂണിനും 2021 ഏപ്രിലിനും ഇടയിൽ സാന്റാൻഡർ, മോൺസോ, സ്റ്റാർലിംഗ് ബാങ്കുകളിൽ 160,400 പൗണ്ടിലധികം രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വ്യക്തമാക്കുന്നു. ഏകദേശം 56,000 പൗണ്ട് പണമായി നിക്ഷേപിച്ചു. അക്കാലത്ത് അവൾ സ്റ്റിർലിംഗ് സർവകലാശാലയിൽ പബ്ലിഷിംഗിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു.32,000 പൗണ്ടിലധികം വിദേശത്തേക്ക് മാറ്റുകയും ട്യൂഷൻ ഫീസിനും താമസത്തിനുമായി 31,000 പൗണ്ട് യൂണിവേഴ്സിറ്റിയിൽ അടയ്ക്കുകയും ചെയ്തു. ഗുച്ചി, ഹാരോഡ്‌സ്, ലൂയി വിറ്റൺ എന്നിവരുൾപ്പെടെ ഡിസൈനർമാരിൽ നിന്നും റീട്ടെയിലർമാരിൽ നിന്നും വിലകൂടിയ സാധനങ്ങൾ വാങ്ങാൻ £37,000-ത്തിലധികം രൂപയും ഉപയോഗിച്ചു. ഒറ്റ ദിവസം കൊണ്ട് വാങ്ങിയ 7,000 പൗണ്ടിന്റെ വിലകൂടിയ വൈനും ചൈനയിലേക്ക് അയച്ചു.
അതേസമയം, ജർമ്മനിയിൽ താമസിച്ചിരുന്ന ചൈനീസ് പ്രതിശ്രുതവരനിൽ നിന്നാണ് തനിക്ക് പണം ലഭിച്ചതെന്ന് ഹുവാങ് അവകാശപ്പെട്ടു. എന്നാൽ നിർഭാഗ്യവശാൽ അയാൾ മരണപ്പെട്ടുവെന്നും കൂട്ടിച്ചേർത്തു. മാതാവ് ഒളിവിൽ പോയതായി കോടതിയെ അറിയിച്ചു. ഓപ്പറേഷൻ സ്കിപ്പർ എന്ന രഹസ്യനാമമുള്ള കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റിനെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തിലാണ് ഹുവാങ് കുടുങ്ങിയത്. ഏറെ നാളുകളായി പോലീസ് ഇവരെ വീക്ഷിച്ചു വരികയായിരുന്നു. സംശയാസ്പദമായ പല സാഹചര്യങ്ങളിലും കണ്ടെങ്കിലും രഹസ്യമായി അന്വേഷണം തുടർന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ചാൾസ് രാജാവിൻെറ കിരീടധാരണം നാളെ. എഴുപതു വർഷങ്ങൾക്ക് ശേഷം നടക്കുന്ന കിരീട ധാരണ ചടങ്ങാണ് ഇത്. 1953-ൽ നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമാണ് ബ്രിട്ടനിൽ അവസാനമായി നടന്നത്. കിരീടധാരണത്തോടെ ചാള്‍സ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കും ഇത് കൂടാതെ രാജകുടുംബത്തിന്റെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും.
ചാൾസിൻെറ കിരീട ധാരണത്തോടെ കൺസോർട്ട് പദവിയിൽ നിന്ന് രാജ്ഞി പദവിയിലേയ്ക്ക് കാമില മാറും. ചടങ്ങിലെ ഏറ്റവും പ്രധാനഭാഗം രാജാവിന്റെ കിരീടധാരണവും ഓക്ക് തടിയിൽ തീർത്ത സിംഹാസനത്തിലെ ആരോഹണവുമാണ്. പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സ്വർണ്ണം കൊണ്ട് നിർമ്മിച്ച സെന്റ് എഡ്വേർഡിൻെറ കിരീടമാണ് കിരീടധാരണത്തിന് ഉപയോഗിക്കുക . കത്തോലിക്കാ കർദിനാൾ വിൻസന്റ് നിക്കോൾസ് ഉൾപ്പെടെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള പുരോഹിതരും മുസ്‌ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കയ്യുറയും ഈ പ്രതിനിധികളാണ് സമ്മാനിക്കുക.
കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. കിരീടധാരണ ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ റിഷി സുനകാണ് ബൈബിൾ ഭാഗം വായിക്കുക. കിരീടധാരണച്ചടങ്ങു പ്രമാണിച്ച് ഇന്ന് കാന്റര്‍ബെറിയിൽ ആഘോഷങ്ങളുണ്ട്. ഞായറാഴ്ച്ച കാന്റര്‍ബെറി കത്തീഡ്രലിൻെറ വളപ്പ് തുറന്ന് കൊടുക്കും. കിരീടധാരണത്തിനായി പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെ കൂടെ ഒരു മലയാളി കുടുംബവും ഇടംപിടിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കഴിഞ്ഞ മാസം അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒരു ബ്രിട്ടീഷ്-ഇസ്രായേൽ വംശജരായ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പാലസ്തീൻ തീവ്രവാദികളെ വധിച്ചതായി ഇസ്രായേൽ സുരക്ഷാ സേന അറിയിച്ചു. കലാഷ് നിക്കോവ് മോഡൽ ആയുധം ഉപയോഗിച്ച് അക്രമികൾ നിറയൊഴിച്ചപ്പോൾ പരുക്കേറ്റ റിന (15), മായ (20) എന്നിവർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇവരുടെ അമ്മയായ 48 വയസ്സുകാരി ലൂസിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും അവർ പിന്നീട് മരണമടഞ്ഞു.
ഏപ്രിൽ 7 -ന് നടന്ന ജോർദാൻ വാലിയിലെ ഈ അക്രമത്തിന് കാരണം ഇസ്രയേലീ-പാലസ്തീനി ഡ്രൈവർമാർ തമ്മിലുള്ള സംഘർഷമാണെന്നായിരുന്നു ഇസ്രയേലീ പട്ടാളം ആദ്യം അറിയിച്ചത്. പിന്നീട് ഇസ്രയേലീ വാഹനങ്ങളിൽ മാത്രം ബുള്ളറ്റിൻ്റെ ദ്വാരങ്ങൾ കണ്ടെത്തിയ സൈന്യം, ഇത് മനഃപൂർവം നടത്തിയ ആക്രമണമാണെന്ന് അറിയിക്കുകയായിരുന്നു. സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പാലസ്തീനികൾക്കും പരിക്കേറ്റു.
വ്യാഴാഴ്ച പുലർച്ചെ നാബ്ലസിൽ നടത്തിയ റെയ്ഡിൽ 200-ൽ അധികം ഇസ്രായേലി സൈനികരാണ് റെയ്ഡ് നടത്തിയത്. സംഭവസ്ഥലത്തെത്തിയ ഇസ്രായേൽ സൈന്യം തങ്ങൾക്ക് നേരെ റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ചെന്ന് പാലസ്തീൻ പാരാമെഡിക്കുകൾ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ മൂന്ന് പാലസ്തീനികൾ മരിച്ചതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിനഞ്ചും ഇരുപതും വയസ്സുള്ള ബ്രിട്ടീഷ്-ഇസ്രായേലി പൗരത്വമുള്ള രണ്ടു പെൺകുട്ടികളുടെയും ഇവരുടെ മാതാവിന്റെയും മരണം ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ക്നാനായ സഭാ കോട്ടയം ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിനു സംരക്ഷണ വലയമൊരുക്കി യുകെയിലെ ക്നാനായ വിശ്വാസികൾ. മാഞ്ചസ്റ്ററിൽ വച്ച് നടന്ന വാഴ്‌വ് 2023 എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പിതാവിനെ ഒരുകൂട്ടം ആളുകൾ ചേർന്ന് കൂകിവിളിക്കുകയായിരുന്നു. എന്നാൽ തത്സമയം തന്നെ അവിടെ ഉണ്ടായിരുന്ന സഭാ മക്കൾ പിതാവിനെ ചേർത്ത് നിർത്തി, പിന്തുണയും സംരക്ഷണവും നൽകി. യുകെസിസി മുൻ ജോയിന്റ് ട്രെഷറർ ജോസ് പരപ്പനാട്ടിന്റെ നേതൃത്വത്തിലാണ് പിതാവിന് സംരക്ഷണ വലയം ഒരുക്കിയത്. 2500ൽ പരം ആളുകൾ പങ്കെടുത്ത മഹാസംഗമത്തിൽ ദാരുണമായ സംഭവമാണ് ഒരു വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
മൂലക്കാടന്‍ പിതാവേ ഞങ്ങളുടെ സ്വന്തം പിതാവേ എന്ന് ആവേശത്തോടെ ആര്‍പ്പ് വിളിച്ച് പിതാവിനെ സ്വീകരിക്കുന്ന വീഡിയോയും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അഭിവന്ദ്യ പിതാവിന്റെ പദവിപോലും കണക്കിലാക്കാതെ യുവാക്കൾ പോലും പരസ്യമായി അധിക്ഷേപിച്ചു. ഇതിനെതിരെയാണ് ഒരുകൂട്ടം ആളുകൾ ഒരുമിച്ച് കൂടിയത്. പാരമ്പര്യത്തെയും സംസ്കാരത്തെയും ബഹുമാനിക്കാത്ത ആളുകളാണ് പ്രതിഷേധത്തിന് പുറകിൽ എന്നാണ് പുറത്ത് വരുന്ന വിവരം. യുകെസിസി നേതൃത്വത്തിലുള്ള പലരും സഭാവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ ക്നാനായ സമുദായഗംങ്ങൾക്ക് അസംതൃപ്തിയുണ്ട്. കുറേക്കാലമായിട്ട് യു കെ സി സി നേതൃത്വത്തിലുള്ള ചിലരുടെ പ്രവർത്തനങ്ങൾ സഭയ്ക്ക് അതീതമായിരുന്നു എന്ന പരാതിയും ഉണ്ട് . സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും വീടിനു മുകളിൽ ചാഞ്ഞാൽ വെട്ടി മാറ്റണമെന്നാണ് പഴമക്കാരുടെ ഉപദേശമെന്നാണ് നിലവിലുള്ള യുകെസിസി നേതൃത്വത്തിലുള്ള ചിലരെ കുറിച്ച് സഭാ മക്കളുടെ അഭിപ്രായം.
ഈ സംഭവം ആഗോള ക്രൈസ്തവ സഭയ്ക്ക് നാണക്കേട് ഉണ്ടാക്കി എന്നതിൽ തെല്ലും സംശയമില്ല. പുറത്തു വന്ന ദൃശ്യങ്ങൾ അനുസരിച്ച് മൂലക്കാട്ട് തിരുമേനിയെ സഭ്യമല്ലാത്ത ഭാഷയിൽ ആളുകൾ വിളിച്ചു കൂകുന്നത് കാണാം. സീറോ മലബാർ സഭയുടെ കീഴിൽ പലവിധ ക്രമീകരണങ്ങളുടെ ഭാഗമായി ഒരുമിച്ച് ഒരുമനസോടെ മുന്നോട്ട് പോകുന്നതിനിടയിലാണ് പ്രതിഷേധം. നിലവിൽ ക്നാനായ സഭയ്ക്ക് 15 മിഷനുകളാണ് യുകെയിൽ ഉള്ളത്. പരിമിതികളിൽ നിന്നുകൊണ്ട് അനുഗ്രഹീതമായ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് പ്രതിഷേധം. അപ്രതീക്ഷിതമായി ഉയർന്നു വന്ന പ്രതിഷേധത്തിനെതിരെ ജോസ് പരപ്പനാട്ടിന്റെയും സംഘത്തിന്റയും നേതൃത്വത്തിൽ സമയോചിതമായി ഇടപെടുകയായിരുന്നു. സഭയെയും സമൂഹത്തെയും സ്നേഹിക്കുന്ന വിശ്വാസി സമൂഹത്തിന് ഈ പ്രതിഷേധം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് യുകെസിസിയുടെ മുൻ നിര നേതാക്കളായ ബെന്നി മാവേലി, ജോസ് പരപ്പനാട്ട്, ജിൻസ് നന്തികാട്ട്, സക്കറിയ പുത്തൻ കുളം എന്നിവർ ചൂണ്ടിക്കാട്ടി.
ബെന്നി മാവേലി യുകെസിസി പ്രസിഡന്റായിരുന്ന സമയത്താണ് യുകെസിസിയ്ക്ക് സ്വന്തമായിട്ട് ആസ്ഥാനമന്ദിരം ഉണ്ടായത് . ഇതിനായി ബെന്നി മാവേലി 50000 പൗണ്ടോളം സ്വന്തം കൈയ്യിൽ നിന്ന് സംഭവനയായി നൽകിയിരുന്നു. അഭിവന്ദ്യ പിതാവിനെ അവഹേളിച്ചതിൽ കടുത്ത അതൃപ്തിയിലാണ് ക്നാനായ മക്കൾ. ക്നാനായ സംരക്ഷണ സമിതി എന്ന പേരിൽ സംഘടന ഉണ്ടാക്കിയാണ് വിമത വിഭാഗം സഭയ്‌ക്കെതിരെ നീങ്ങുന്നത്. ബെന്നി മാവേലിൽ, സക്കറിയ പുത്തൻകളം എബി നെടുവാമ്പുഴ, അഭിലാഷ് നന്തിക്കാട്ട്, ദിനു, റെമി എന്ന് തുടങ്ങി യുകെസിസിയുടെ മുൻ ഭാരവാഹികൾ എല്ലാം മൂലക്കാട്ട് പിതാവിനൊപ്പം തന്നെ നിലകൊണ്ടു. സഭയെ സ്നേഹിക്കുന്ന മക്കൾക്ക് ഒരിക്കലും ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിനിധികൾ കൂട്ടിചേർത്തു. സഭയെയും സമൂഹത്തെയും ഒറ്റുകൊടുത്തു ചരിത്രത്തെ വിസ്മരിച്ചു മുന്നോട്ട് പോകുന്നത് ശരിയല്ല. ഇങ്ങനെ പോയാൽ സഭയ്ക്ക് വേണ്ടി നിലകൊള്ളാൻ പുതിയ അൽമായ നേതൃത്വം ഉണ്ടാകുമെന്നും ഇവർ പറഞ്ഞു.
ചിലരൊക്കെ സഭയ്ക്കും പിതാവിനും മുകളിൽ വളർന്നു എന്ന തോന്നലാണ് ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന പോലെയാണ് അവിടുത്തെ കാര്യങ്ങളെന്നും ചിലർ പറയുന്നു. വലിയ മുന്നൊരുക്കങ്ങൾ ഇല്ലാതെ നടത്തിയ വാഴ്‌വ് പരിപാടിയിലെ പങ്കാളിത്തം സംഘാടകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. യുകെയിലെ ക്നാനായ സമുദായത്തിന് സഭായോടുള്ള സ്നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ വികാരി ജനറൽ ഫാദർ സജിമോൻ വലിയ പുത്തൻപുരയിലിന്റെ അധ്യക്ഷതയിൽ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടനം ചെയ്ത വാഴ് വ് 2023 – ലെ പരിപാടിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യപ്രഭാഷണം നൽകി. നാട്ടിൽ നിന്നും ക്നാനായ കത്തോലിക്കാ കോൺഗ്രസിൻറെ സെക്രട്ടറി ബേബി സൈമൺ മുളവേലിപുറത്ത് ചീഫ് ഗസ്റ്റ് ആയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
തിരക്കുള്ള ലോകത്ത് രക്ഷിതാക്കളും കുട്ടികളുമൊത്തൊരുമിച്ചുള്ള അവധിക്കാല യാത്രകൾ പലപ്പോഴും വിരളമാണ് . ടൂറിസ്റ്റ് സീസണിൽ യാത്രയ്ക്കായും താമസത്തിനും കൂടുതൽ തുക ചിലവാകുന്നതും പലരെയും കുട്ടികളുടെ അവധിക്കാല യാത്രകളിൽ നിന്ന് പിന്തിരിപ്പിക്കുന്ന ഒരു ഘടകമാണ്. സ്കൂളുകൾക്ക് അവധിയില്ലാത്ത സമയത്ത് കുട്ടികളുമായി ക്ലാസുകൾ മുടക്കുന്ന രീതിയിൽ യാത്ര ചെയ്താൽ പലപ്പോഴും കടുത്ത പിഴ ഒടുക്കേണ്ടതായി വരും. ടിക്കറ്റ് നിരക്ക് കുറവുള്ള സമയത്ത് നാട്ടിലേയ്ക്ക് വന്ന് മടങ്ങിപ്പോകുന്ന പല മലയാളികളും പലപ്പോഴും ഇങ്ങനെ കടുത്ത പിഴ ഒടുക്കേണ്ടി വന്നവരാണ് .
നോർത്ത് യോർക്ക്ഷെയറിലെ റെഡ്കാറിൽ നിന്നുള്ള അഞ്ചംഗ കുടുംബത്തിന് ചിലവ് കുറയ്ക്കാൻ സ്കൂൾ ദിനങ്ങളിൽ വിനോദസഞ്ചാരത്തിന് പോയി കടുത്ത പിഴ ഒടുക്കേണ്ടതായി വന്നതിന്റെ ദുരനുഭവമാണ് പങ്കുവയ്ക്കാനുള്ളത്. അധ്യാപകനായ പോൾ ബെൻസനും ഭാര്യ ജെസീക്കയും മക്കളായ റൂബി (12 ),ജോർജ് (10), ഒലിവ് ( 2 )എന്നിവർ അടങ്ങിയ അഞ്ചംഗ കുടുംബം ഫ്ലോറിഡയിലെ സിഡ്നി വേൾഡിലേയ്ക്ക് ആണ് ടൂർ പോയത്. രണ്ടാഴ്ചത്തെ താമസത്തിനായി 8000 പൗണ്ട് ലാഭിക്കാമെന്നതായിരുന്നു സ്കൂൾ ഉള്ള സമയം യാത്രയ്ക്കായി തിരഞ്ഞെടുക്കാനുള്ള കാരണം. എന്നാൽ കുട്ടികളുടെ ക്ലാസ് മുടങ്ങിയതിന് 480 പൗണ്ട് ആണ് അദ്ദേഹത്തിന് പിഴ ചുമത്തപ്പെട്ടത്.
തങ്ങളും കുട്ടികളും എന്തോ കടുത്ത അപരാധം ചെയ്തു എന്ന രീതിയിലുള്ള സമീപനമാണ് സ്കൂളുകളുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് 35 വയസ്സുകാരനായ പോൾ ബെൻസൺ തൻെറ അനുഭവത്തെക്കുറിച്ച് പ്രതികരിച്ചത്. പിഴയല്ല തങ്ങളെ വിഷമിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. അതിലുപരി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനെ ക്രിമിനൽ പ്രവർത്തനമാണെന്ന രീതിയിൽ സ്കൂളുകൾ സമീപിച്ചത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാണ് അധ്യാപകൻ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടത്. പോൾ ബെൻസണിന്റെ ഭാര്യ ജെസീക്ക എൻഎച്ച്എസിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്കൂളുകൾക്ക് പൊതു അവധി ഉള്ള സമയത്ത് എൻഎച്ച്എസിൽ നിന്ന് ലീവ് ലഭിക്കാത്തതും കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള യാത്ര ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മെയ് 6 -ന് നടക്കുന്ന ചാൾസ് രാജാവിൻെറ കിരീടധാരണത്തിന്റെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേയ്ക്ക്. എഴുപതു വർഷങ്ങൾക്ക് ശേഷം നടക്കുന്ന കിരീട ധാരണ ചടങ്ങാണ് ഇത്. 1953-ൽ നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമാണ് ബ്രിട്ടനിൽ അവസാനമായി നടന്നത്. കിരീടധാരണത്തോടെ ചാള്‍സ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കും ഇത് കൂടാതെ രാജകുടുംബത്തിന്റെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും.
ചാൾസിന്റെ കിരീടധാരണത്തിനു ശേഷം കാമിലയുടെ പദവി രാജപത്നി എന്നതിന് പകരം രാജ്ഞി എന്നാകും. കാമിലയെ രാജ്ഞിയായി കിരീടധാരണം ചെയ്യണം എന്ന ചാൾസിൻെറ ഏറെനാളത്തെ ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്. ക്ഷണക്കത്തില്‍ തന്നെ പറയുന്നത് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിനു ക്ഷണിക്കുന്നു എന്നാണ്. ഇതുവരെ രാജപത്നി (ക്വീൻ കണ്‍സോര്‍ട്ട്) എന്ന പദവിയായിരുന്നു കാമിലയ്‌ക്ക് ഉണ്ടായിരുന്നത്.
നൂറ്റാണ്ടിൽ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന സ്‌ഥാനാരോഹണ ചടങ്ങിൽ ക്ഷണിക്കപ്പെട്ടവരിൽ 100 പേർ രാഷ്ട്രമേധാവികൾ ആണ്. പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെ കൂടെ ഒരു മലയാളി കുടുംബവും ഇടംപിടിച്ചിട്ടുണ്ട്. കാമിലയുടെയും ചാൾസിൻെറയും ഇഷ്ട ഡോക്ടർ ആയി തീർന്ന ഡോ. ഐസക് മത്തായി നൂറനാലിയും ഡോ.സുജ ഐസക്കിനും ആണ് ക്ഷണം ലഭിച്ചത്. ഇവർ നടത്തുന്ന ബംഗളൂരുവിലെ സൗഖ്യ ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിലെ സ്ഥിര അഥിതിയാണ് കാമില. 2019-ൽ ചാൾസ് ചികിത്സയ്ക്കായി സൗഖ്യയിൽ എത്തിയിരുന്നു.