ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പോലീസ് അന്വേഷണവും വിചാരണയും തങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന വെളിപ്പെടുത്തലുമായി ലൈംഗികാതിക്രമത്തിന് ഇരയായവർ. സർവേയിൽ, ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവരിൽ നാലിൽ മൂന്നുപേരും (75%) പോലീസിന്റെ ഇടപെടൽ തങ്ങളെ പ്രതികൂലമായി ബാധിച്ചതായി പറഞ്ഞു. സർക്കാർ ധനസഹായത്തോടെയുള്ള ഓപ്പറേഷൻ സോട്ടീരിയ ബ്ലൂസ്റ്റോൺ എന്ന പദ്ധതിയുടെ ഭാഗമായി ഇംഗ്ലണ്ടിലും വെയിൽസിലും ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും അതിജീവിച്ച 2,000 പേരെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്.

ഇനിയൊരു ബലാത്സംഗം ഉണ്ടായാൽ അത് റിപ്പോർട്ട് ചെയ്യാൻ സാധ്യതയില്ലെന്ന് 56% പേർ പറഞ്ഞു. “വീണ്ടും ബലാത്സംഗം ചെയ്യപ്പെടുന്നതിനേക്കാൾ എനിക്ക് പോലീസിനെ ഭയമാണ്,” ഒരു അതിജീവിത പറഞ്ഞു. പ്രതികരിച്ചവരിൽ നാലിലൊന്ന് (26%) പേർക്ക് മാത്രമാണ് പോലീസിന്റെ അടുത്ത് സുരക്ഷിതത്വം തോന്നിയത്. ഏകദേശം മൂന്നിലൊന്ന് (31%) ആളുകൾക്ക് എപ്പോഴും ഓഫീസർമാരുടെ അടുത്ത് സുരക്ഷിതത്വം തോന്നിയില്ല.
ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവർക്ക് മോശമായ പോലീസിംഗ് ഉണ്ടാക്കിയ ദോഷം വ്യക്തമാക്കുന്നതാണ് ഈ പഠനം എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസിന്റെ പ്രൊഫസറായ പ്രൊഫസർ കാട്രിൻ ഹോൾ പറഞ്ഞു. ബലാത്സംഗത്തിനും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങൾക്കും ഇരയായവർക്കുള്ള ജുഡീഷ്യൽ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഓപ്പറേഷൻ സോട്ടീരിയ ബ്ലൂസ്റ്റോൺ ആരംഭിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ നിരോധനം വൈകിപ്പിച്ച് പ്രധാനമന്ത്രി ഋഷി സുനക്. 2050-ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള സർക്കാർ സമീപനത്തിൽ നിന്ന് വലിയ മാറ്റമാണ് ഈ തീരുമാനം. ഗ്യാസ് ബോയിലറുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ക്യാഷ് ഇൻസെന്റീവുകളുടെ 50% വർദ്ധനയ്‌ക്കൊപ്പം നിരവധി പ്രധാന ഹരിത നയങ്ങളിൽ ഇളവുകളും കാലതാമസവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് പ്രതിപക്ഷത്തിൽ നിന്നും ചില വ്യവസായ മേധാവികളിൽ നിന്നും രൂക്ഷമായ വിമർശനത്തിന് കാരണമായി. മാറ്റങ്ങൾ പ്രായോഗികമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ബോറിസ് ജോൺസൺ പ്രധാനമന്ത്രി ആയിരുന്ന സമയത്തെ പ്രധാന നയങ്ങളിൽ സുനക് മാറ്റം കൊണ്ടുവന്നു.

ബുധനാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ നിന്നുള്ള ഒരു പ്രസംഗത്തിൽ, ഹരിത നയങ്ങളിൽ അതിവേഗം നീങ്ങുന്നത് കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുനക് പറഞ്ഞു.
പ്രഖ്യാപിച്ച പ്രധാന മാറ്റങ്ങളിൽ ഇവ ഉൾപ്പെടുന്നു:
പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനത്തിൽ അഞ്ച് വർഷത്തെ കാലതാമസം. അതായത് എല്ലാ പുതിയ കാറുകൾക്കും “സീറോ എമിഷൻ” എന്ന നിബന്ധന 2035 വരെ പ്രാബല്യത്തിൽ വരില്ല.
ഗ്യാസ് ബോയിലറുകൾ മാറ്റിസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് ബോയിലർ അപ്‌ഗ്രേഡ് ഗ്രാന്റ് 50% ഉയർത്തി £7,500 ആക്കും.

2035-ൽ പുതിയ ഗ്യാസ് ബോയിലറുകൾ വിൽക്കുന്നതിനുള്ള നിരോധനം വരും.
അതേസമയം, പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനം നടപ്പാക്കിയില്ലെങ്കിൽ നെറ്റ് സീറോയിലെത്താനുള്ള യു കെയുടെ ലക്ഷ്യം നഷ്ടപ്പെടുമെന്ന് ഷാഡോ എൻവയോൺമെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു. അടുത്ത കുറച്ച് വർഷത്തിനുള്ളിൽ ഒമ്പത് പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്ന കൊറിയൻ കാർ നിർമ്മാതാക്കളായ കിയ, ഈ പ്രഖ്യാപനം നിരാശാജനകമാണെന്ന് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിലക്കയറ്റത്തിൽ അപ്രതീക്ഷിതമായ കുറവ് ഉണ്ടായതിനെതുടർന്ന് രാജ്യത്ത് പലിശ നിരക്ക് വീണ്ടും ഉയർത്താൻ സാധ്യതയില്ലെന്ന് വിലയിരുത്തൽ. നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്ക് തുടർച്ചയായി പതിനഞ്ചാമത്തെ വർദ്ധനവ് വ്യാപകമായി പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ, വിലക്കയറ്റം അപ്രതീക്ഷിതമായി 6.7% ആയി കുറഞ്ഞുവെന്ന് വെളിപ്പെടുത്തിയതിന് ശേഷം പ്രതീക്ഷകൾ മാറി. എന്തായാലും നിരക്ക് നിശ്ചയിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉച്ചയോടെ തീരുമാനം വെളിപ്പെടുത്തും.

യുകെയിലെ പണപ്പെരുപ്പം വരുതിയിലാക്കാനുള്ള ശ്രമത്തിൽ ബാങ്ക് 2021 ഡിസംബർ മുതൽ നിരക്കുകൾ വർധിപ്പിക്കുന്നു. ഇത് സാധാരണയേക്കാൾ വളരെ കൂടുതലാണ്. മലയാളി കുടുംബങ്ങളെ അടക്കം ഇത് സാമ്പത്തിക സമ്മർദ്ദത്തിലാക്കുന്നു. പണപ്പെരുപ്പം കുറഞ്ഞതായി പുറത്തുവന്നതിന് ശേഷം യുകെയിലെ പലിശ നിരക്ക് വ്യാഴാഴ്ച മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നിക്ഷേപ ബാങ്ക് ഗോൾഡ്മാൻ സാച്ച്സ് പറഞ്ഞു. അതേസമയം, പണപ്പെരുപ്പം ഇപ്പോഴും 6.7% ആണെന്നും ബാങ്ക് ലക്ഷ്യമിടുന്നത് പണപെരുപ്പം 2 ശതമാനത്തിലേക്ക് എത്തിക്കാൻ ആണെന്നും അതിനാൽ നിരക്ക് വർദ്ധന ഉണ്ടായേക്കുമെന്നും ചില സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്ക് ഉയർത്തിയാൽ സാധാരണ ട്രാക്കർ മോർട്ട്ഗേജിലുള്ളവർ പ്രതിമാസം £ 26 അധികം നൽകേണ്ടി വരും. യുകെ ഫിനാൻസിന്റെ കണക്കനുസരിച്ച് എസ്‌വിആർ മോർട്ട്‌ഗേജിലുള്ളവർക്ക് 14.50 പൗണ്ടിന്റെ കുതിപ്പ് നേരിടേണ്ടിവരും. സർക്കാരിനെ സംബന്ധിച്ചിടത്തോളം, നിരക്കുകളിലെ വർദ്ധന പ്രത്യാഘാതമുണ്ടാക്കും. അതായത് രാജ്യത്തിന്റെ കടത്തിന് കൂടുതൽ പലിശ നൽകേണ്ടതായി വരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യ :- പ്രമുഖ ഖാലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണത്തെ തുടർന്ന് ഇന്ത്യ -കാനഡ ബന്ധം കൂടുതൽ വഷളാകുന്ന തരത്തിലേക്ക് നീങ്ങുകയാണ്. ഈ വർഷം ജൂൺ 18 നാണ് കാനഡയിലെ സറെയിലെ ഗുരുദ്വാരയ്ക്ക് സമീപം ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ട് അജ്ഞാതര്‍ നിജ്ജാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാൽ ഈ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രതികരണമാണ് ഇപ്പോൾ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ അഭിപ്രായങ്ങളും തികച്ചും അസംബന്ധമാണെന്ന് ഇന്ത്യൻ ഗവൺമെന്റ് പ്രതികരിച്ചിരുന്നു. ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകത്തിനു പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയത്. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥനായ പവൻ കുമാർ റായിയാണ് പുറത്താക്കപ്പെട്ടത്. ഈ നീക്കത്തിന് മറുപടിയായി, മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കാനഡയുടെ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചിരുന്നു. ഇത്തരത്തിൽ ഇന്ത്യ- കാനഡ ബന്ധം മോശമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഓസ്ട്രേലിയയും നിലവിലെ ആരോപണങ്ങളെ കുറിച്ച് തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ബ്രിട്ടൻ ഇവയെ ഗുരുതരമായ ആരോപണങ്ങൾ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇത്തരത്തിൽ തർക്കങ്ങൾ ഉടലെടുക്കുമ്പോൾ ഇന്ത്യയും പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ബന്ധം തകരുമോ എന്ന ആശങ്കയും വിദഗ്ധർക്കിടയിൽ നിലനിൽക്കുന്നു. എന്നാൽ ഈ തർക്കം ഇരു രാജ്യങ്ങളും തമ്മിലുള്ളത് മാത്രമാണെന്നും ഇത് മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബെർമിംങ്‌ഹാം സിറ്റി കൗൺസിലിന്റെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേകം കമ്മീഷണർമാരെ ഗവൺമെന്റ് നേരിട്ട് അയക്കാനുള്ള തീരുമാനവും അടിയന്തരമായി കൈക്കൊണ്ടിട്ടുണ്ട്. നിലവിൽ സാമ്പത്തികപരമായി പൂർണ്ണമായി തകർന്ന നിലയിൽ ആയിട്ടുള്ള സിറ്റി കൗൺസിലിനെ ഇനി മുതൽ നിയന്ത്രിക്കുക ഇവരാകും. അവർക്ക് സ്വന്തമായ രീതിയിൽ ഇനിമുതൽ തീരുമാനമെടുക്കാനുള്ള അധികാരം ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രാദേശികമായ നിലയിൽ അന്വേഷണം ഉണ്ടാകുമെന്ന് മൈക്കൽ ഗോവ് വ്യക്തമാക്കി. പണം സ്വരൂപിക്കുന്നതിനായി നിലവിലെ കൗൺസിലിന്റെ ചില ആസ്തികൾ എങ്കിലും നിൽക്കേണ്ടതായി വരുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. ഇതിൽ ഭൂമിയും വസ്തു വകകളും അതോടൊപ്പം തന്നെ കൗൺസിലിന്റെ ബെർമിംങ്‌ഹാം എയർപോർട്ടിൽ ഉള്ള ഓഹരിയും വില്പനയ്ക്ക് വിധേയമാകുമെന്ന് സൂചനകളുണ്ട്. തുല്യ വേതന ക്ലെയിമുകൾ തീർപ്പാക്കുന്നതിന് ഏകദേശം 760 മില്യൺ പൗണ്ടിന്റെ ആവശ്യകതയാണ് അതോറിറ്റി നേരിടുന്നത്. ഓരോ മാസവും ഈ ബിൽ 5 മില്യൺ മുതൽ 14 മില്യൺ പൗണ്ട് വരെ വർദ്ധിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യം നേരിടുവാൻ കൗൺസിലിന് ഗവൺമെന്റ് അധിക സഹായം നൽകുവാൻ തയ്യാറാണെങ്കിലും, കൗൺസിൽ ടാക്സ് വർദ്ധനവ്, ആസ്തികൾ വിൽക്കുക തുടങ്ങിയ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും മൈക്കൽ ഗോവ് നൽകിയിട്ടുണ്ട്.

കൗൺസിലിനെ ശക്തമായ സാമ്പത്തിക അടിത്തറയിലേക്ക് തിരികെ കൊണ്ടുവരാൻ അതോറിറ്റി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബർമിംഗ്ഹാം അഡ്മിനിസ്ട്രേഷൻ മേധാവി ജോൺ കോട്ടൺ പറഞ്ഞു. എന്നാൽ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ് ഇപ്പോൾ ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് കോമൺസിൽ പ്രതികരിച്ച ഷാഡോ ലെവലിംഗ് അപ്പ് സെക്രട്ടറി ഏഞ്ചല റെയ്‌നർ കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധികളെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന ലോക്കൽ അധികാരികൾക്ക് യാതൊരുവിധ പിന്തുണയും ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സർക്കാരിന്റെ ചില പ്രധാന ഹരിത നയങ്ങളിൽ അയവ് വരുത്താനുള്ള തീരുമാനത്തിലേക്ക് പ്രധാനമന്ത്രി ഋഷി സുനക്. പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധനം വൈകിപ്പിക്കുന്നതും ഗ്യാസ് ബോയിലറുകൾ ഘട്ടംഘട്ടമായി നിർത്തുന്നതും ഇതിൽ ഉൾപ്പെടും. വരും ദിവസങ്ങളിലെ പ്രസംഗത്തിൽ മാറ്റങ്ങൾ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി. 2050-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ “കൂടുതൽ ആനുപാതികമായ രീതിയിൽ” ആണെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിൽ ബ്രിട്ടൻ ലോകത്തെ നയിക്കുന്നതിൽ അഭിമാനിക്കുന്നു. യുകെ ഇതിനകം ഉണ്ടാക്കിയ അന്താരാഷ്ട്ര കാലാവസ്ഥാ കരാറുകളിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച അവസാനം താൻ ഒരു പ്രസംഗം നടത്തുമെന്നും സുനക് കൂട്ടിച്ചേർത്തു. ഓഫ്-ഗ്രിഡ് ഓയിൽ ബോയിലറുകളുടെ നിരോധനം 2026ൽ നിന്ന് 2035ലേക്ക് വൈകിപ്പിക്കും, വിമാനയാത്രയെ കുറയ്ക്കാൻ പുതിയ നികുതികളോ ജനങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിനുള്ള സർക്കാർ നയങ്ങളോ ഉണ്ടാവില്ല തുടങ്ങിയ പദ്ധതി മാറ്റങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.

വീടുകളിൽ “ഏഴ് ബിന്നുകൾ” സ്ഥാപിക്കുന്ന ഒരു പുനരുപയോഗ തന്ത്രം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആറ് പ്രത്യേക റീസൈക്ലിംഗ് ബിന്നുകളും പൊതു മാലിന്യങ്ങൾക്കായി ഒന്നും. അതേസമയം, സുനക് തീരുമാങ്ങൾക്ക് എതിരാണ് ലേബർ പാർട്ടി. ഇതൊരു സമ്പൂർണ്ണ പ്രഹസനമാണെന്നും പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് ഇടറിവീഴുന്ന ഒരു യാഥാസ്ഥിതിക സർക്കാരിനൊപ്പം രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ലേബർ വക്താവ് പ്രതികരിച്ചു. അവലോകനത്തിനായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എട്ട് നയങ്ങളിലും മന്ത്രിമാർ അടിയന്തിരമായി വ്യക്തത നൽകേണ്ടതുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആഗോളതലത്തിൽ എണ്ണ വില കഴിഞ്ഞ 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതിന് പിന്നാലെ രാജ്യത്തെ ഇന്ധനവിലയിലും വർദ്ധനവ് ഉണ്ടാവുമെന്ന് സൂചന. ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള സൗദി അറേബ്യയുടെയും റഷ്യയുടെയും തീരുമാനം ഈ വർഷാവസാനത്തോടെ കാര്യമായ വിതരണ കുറവിന് കാരണമാകുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസിയായ (ഐഇഎ) അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ചൊവ്വാഴ്ച ബാരലിന് 95 ആയി ഉയർന്നു. ഉയർന്ന ഇന്ധനവിലയിൽ ഡ്രൈവർമാർ ബുദ്ധിമുട്ടുന്നുണ്ടെന്ന് മോട്ടോറിംഗ് ഗ്രൂപ്പ് പറഞ്ഞു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ ഡ്രൈവർമാർ പെട്രോളിന് ലിറ്ററിന് ശരാശരി 1.55 പൗണ്ടും, ഡീസലിന് 1.59 പൗണ്ടുമാണ് നൽകേണ്ടി വരുന്നത്. ആഗസ്റ്റ് മാസം ആരംഭം മുതൽ ശരാശരി പെട്രോൾ വില ലിറ്ററിന് 10 പൈസയും ഡീസൽ വില 13 പൈസയും വർദ്ധിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന്, എണ്ണവില കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ വില ബാരലിന് 120 ഡോളറിലധികം എത്തിയിരുന്നു. ഈ വർഷം മെയ് മാസത്തിൽ അവ ബാരലിന് 70 ഡോളറിന് മുകളിലായി കുറഞ്ഞു.

വിപണിയെ പിന്തുണയ്ക്കുന്നതിനായി ഉൽപാദനം നിയന്ത്രിക്കാൻ നിർമ്മാതാക്കൾ ശ്രമിച്ചതിന്റെ ഫലമായി വില ക്രമാനുഗതമായി ഉയർന്ന് വരികയാണ്. ഒപെക് + ഗ്രൂപ്പിലെ അംഗങ്ങളും ലോകത്തിലെ ഏറ്റവും വലിയ രണ്ട് എണ്ണ ഉൽപ്പാദക രാജ്യങ്ങളുമായ സൗദി അറേബ്യയും റഷ്യയും ഓഗസ്റ്റിൽ ഉൽപാദനം കുറയ്ക്കാൻ തീരുമാനിച്ചതായി അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കുടിയേറ്റക്കാരുടെ ഹോട്ടൽ ബില്ലുകൾ ഇപ്പോൾ പ്രതിദിനം 8 മില്യൻ പൗണ്ടിലെത്തിയതായി ആഭ്യന്തരവകുപ്പ് ഓഫീസ് അംഗീകരിച്ചിരിക്കുകയാണ്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിലും അതിർത്തികളുടെ ചുമതലയുള്ള ആഭ്യന്തരവകുപ്പ് ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥന് ശമ്പളത്തിനൊപ്പം ബോണസ് കൂടി നൽകിയത് പുതിയ വിവാദങ്ങളിലേക്ക് വഴിതെളിച്ചിട്ടുണ്ട്. ബ്രിട്ടനിൽ നിലവിൽ കുടിയേറ്റക്കാരുടെ താമസസൗകര്യങ്ങളുടെയും മറ്റും മൊത്തം ചിലവ് 3 ബില്യൺ പൗണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ കുതിച്ചുയരുന്ന ചിലവുകൾക്കിടയിലും മൈഗ്രേഷൻ & ബോർഡേഴ്‌സിന്റെ ഹോം ഓഫീസ് ഡയറക്ടർ ജനറലായ എമ്മ ചർച്ചിലിന് 135000 പൗണ്ട് ശമ്പളത്തിന് പുറമേ, 20,000 പൗണ്ട് ബോണസ് നൽകിയതാണ് പുതിയ വിവാദങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. ബോർഡർ ഫോഴ്‌സിന്റെ ഇടക്കാല ഡയറക്ടർ ജനറലായ ഫിൽ ഡഗ്ലസിന് തന്റെ 115,000 പൗണ്ടിന്റെ ശമ്പളത്തിനു പുറമെ മികച്ച പ്രകടനത്തിന് 5,000 പൗണ്ട് അധികം നൽകിയതും ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ ചെലവുകൾ ക്രമാതീതമായി ഉയർന്നതായി മന്ത്രിമാരും അംഗീകരിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പ് ഓഫീസിന്റെ വാർഷിക റിപ്പോർട്ടിലാണ് പുതിയ കണക്ക് വിവരങ്ങൾ എല്ലാം തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള നിയന്ത്രണാതീതമായ ചിലവുകൾ കുറയ്ക്കുന്നതിനായി ബ്രിട്ടനിലേക്കുള്ള കുടിയേറ്റക്കാരുടെ കടന്നുവരവ് കുറയ്ക്കണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കുടിയേറ്റ നിയമത്തിലൂടെ, അനധികൃതമായി ബ്രിട്ടനിലേക്ക് എത്തുന്നവരെ തടവിലാക്കുവാനും കൃത്യമായ ശിക്ഷ നൽകുവാനുമുള്ള നിയമസംവിധാനം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ നികുതി ദായകർക്ക് പ്രതിദിനം 8 മില്യൺ പൗണ്ടിന്റെ ചിലവ് വരുന്ന കുടിയേറ്റക്കാരുടെ ചിലവുകൾ പരിഹരിക്കുവാൻ ആവശ്യമായ നടപടി ഉണ്ടാകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. ടോറി ഗവൺമെന്റിന്റെ കഴിവില്ലായ്മയാണ് ഇവിടെ തെളിയുന്നതെന്ന് ലേബർ പാർട്ടി ഷാഡോ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ വ്യക്തമാക്കി. ഗവൺമെന്റിനെതിരെ നിരവധി വിമർശനങ്ങൾ പല ഭാഗത്തുനിന്നും ഉയർന്നു വരുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രാസിൽഡണിലെ എസെക്സിൽ കുടുംബമായി താമസിക്കുന്ന റോസമ്മ ജെയിംസ് പാലാത്ര അന്തരിച്ചു . ചങ്ങനാശേരി തുരുത്തിയിൽ പാലാത്ര കുടുംബാംഗമായ റോസമ്മ ജെയിംസിന് 68 വയസ്സായിരുന്നു പ്രായം .
റോസമ്മ ജെയിംസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഹോളിവുഡ് നടനും അവതാരകനുമായ റസൽ ബ്രാൻഡിന്റെ പേരിൽ ഉണ്ടായ ലൈംഗികാതിക്രമ ആരോപണം ശരിവെച്ച് പോലീസ്. 2003ൽ ലൈംഗികാതിക്രമം നടന്നതായി മെറ്റ് പോലീസിന് റിപ്പോർട്ട് ലഭിച്ചു. സ്ത്രീയുമായി സമ്പർക്കത്തിലാണെന്നും അവർക്ക് പിന്തുണ നൽകുകയാണെന്നും പറഞ്ഞു. ദ സൺഡേ ടൈംസ്, ദ ടൈംസ്, ചാനൽ 4 ഡിസ്പാച്ചസ് എന്നീ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ നാലുസ്ത്രീകളാണ് ബ്രാൻഡിനുനേരെ ആരോപണമുയർത്തിയത്. ബലാത്സംഗം, ലൈംഗികാതിക്രമം, വൈകാരിക അധിക്ഷേപം എന്നിവ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് സ്ത്രീകൾ പറഞ്ഞു. അന്വേഷണറിപ്പോർട്ട് ‘സൺഡേ ടൈംസ്’ പ്രസിദ്ധീകരിച്ചു. ആരോപണങ്ങളെത്തുടർന്ന്, ബ്രാൻഡിന്റെ ലൈവ് ടൂറിലെ വരാനിരിക്കുന്ന ഷോകൾ മാറ്റിവച്ചതായി പ്രൊമോട്ടർ സ്ഥിരീകരിച്ചു.

2006 മുതൽ 2013 വരെയുള്ള കാലഘട്ടത്തിലാണ് റസ്സൽ നാലു സ്ത്രീകളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കിയത്. ഇതിലൊരാൾക്ക് ആ സമയത്ത് 16 വയസുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ലോസ് ഏഞ്ചൽസിൽ വെച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതികളിലൊരാൾ തുറന്നുപറഞ്ഞിട്ടുണ്ട്. 2012-ലായിരുന്നു ഇത്. സംഭവശേഷം നടൻ മാപ്പുചോദിച്ച് മെസേജ് അയച്ചതായും അവർ വെളിപ്പെടുത്തി. ഈ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകൾ സൺഡേ ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്ത്രീകൾക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങൾ റസ്സൽ സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് ഹെലൻ ബെർഗർ സൺഡേ ടൈംസിനോട് വെളിപ്പെടുത്തി. എന്നാൽ, ആരോപണങ്ങൾ ബ്രാൻഡ് നിഷേധിച്ചു. ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിട്ടുണ്ടെന്നും അതെല്ലാം ഉഭയസമ്മതത്തോടെയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എം.ടി.വി യുകെ എന്ന പരിപാടിയുടെ അവതാരകനായെത്തിയതോടെയാണ് റസ്സൽ പ്രശസ്തിയിലേക്കുയർന്നത്. ഫോർഗെറ്റിങ് സാറാ മാർഷൽ, ഗെറ്റ് ഹിം റ്റു ദ ഗ്രീക്ക് എന്നീ ചിത്രങ്ങളിലും റസ്സൽ ബ്രാൻഡ് വേഷമിട്ടിട്ടുണ്ട്. 2010-ൽ ഗായിക കാറ്റി പെറിയെ വിവാഹംകഴിക്കുകയും ചെയ്തു അദ്ദേഹം. പിന്നീടിരുവരും വേർപിരിഞ്ഞു.