Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കാത്തിരിപ്പിനൊടുവിൽ എൻഎച്ച്എസ് ജീവനക്കാർക്ക് ശമ്പള വർദ്ധനവ്. ഇന്ന് വൈകുന്നേരം ആണ് ശമ്പള വർദ്ധനവിനെ പറ്റിയുള്ള പ്രഖ്യാപനം ഉണ്ടായത്. ഏപ്രിൽ മുതൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷം മുതൽ 5% ശമ്പള വർദ്ധനവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് . ഈ വർഷം ഒറ്റത്തവണയായിട്ട് കുറഞ്ഞത് നേഴ്‌സുമാർക്ക് 2400 പൗണ്ട് ലഭിക്കും .മറ്റുള്ളവരുടെ ഒറ്റത്തവണ പെയ്‌മെന്റ് 1655 പൗണ്ടാണ് . സർക്കാരിന്റെ നിർദ്ദേശത്തിന് യൂണിയനുകൾ അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത് . ഈ നിർദ്ദേശം അനുകൂലിക്കാൻ തങ്ങളുടെ അംഗങ്ങളോട് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട് . അംഗങ്ങളുടെ ഇടയിൽ വോട്ടെടുപ്പ് നടത്തിയാണ് അന്തിമ തീരുമാനം എടുക്കുന്നത്.

ദീർഘനാളായി മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാർ ശമ്പള വർദ്ധനവ് എന്ന ആവിശ്യം മുന്നോട്ട് വച്ചിരുന്നു.  നീണ്ട പ്രതിഷേധങ്ങൾക്കും പണിമുടക്കുകൾക്കും ഒടുവിലാണ് സർക്കാരിൻെറ ഈ പുതിയ തീരുമാനം. റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (ആർസിഎൻ) കഴിഞ്ഞ മാസം സർക്കാരുമായി നടന്ന ചർച്ചകൾക്ക് പിന്നാലെ പണിമുടക്കുകൾ നിർത്തിവച്ചിരുന്നു. നിലവിലെ ബജറ്റിൽ എൻഎച്ച്എസ് ജീവനക്കാരുടെ വേതന വർധനവിനായി നാല്ലൊരു തുക മാറ്റി വച്ചിരുന്നു. ഇതിനു പിന്നാലെ ഈ മാസം നടക്കാനിരുന്ന ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് നിർത്താൻ തീരുമാനമായി.

ശമ്പളത്തിലുള്ള വർദ്ധനവ് നേഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരിൽ പ്രതീക്ഷ നൽകുമെന്ന് ചാൻസലർ ജെറെമി ഹണ്ട് പ്രതികരിച്ചു. നിലവിൽ സർക്കാരിനെക്കൊണ്ട് കഴിയുന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ജീവിത ചിലവ് വർദ്ധനവ് മൂലം കടുത്ത പ്രതിസന്ധിയിലൂടെയാണ് യുകെയിലെ മിക്ക മലയാളി കുടുംബങ്ങളും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത് . കടുത്ത ശൈത്യകാലം അതിൻറെ ആക്കം കൂട്ടിയിട്ടുമുണ്ട്. പലരും കനത്ത ബില്ലുകളെ ഭയന്ന് വീട്ടിലെ ഹീറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നതു വരെ കുറച്ചിരിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിന് 300 പൗണ്ട് ആണ് എനർജി ബില്ലിനായി ഇപ്പോൾ തന്നെ ചിലവഴിക്കേണ്ടതായി വരുന്നത്.ഈ സാഹചര്യത്തിൽ ശമ്പള വർദ്ധനവ് യു കെ മലയാളികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ് . ശമ്പള കുറവിൻെറ പശ്ചാത്തലത്തിൽ യുകെയിൽ എത്തിയ ഒട്ടേറെ നേഴ്സുമാർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും ശമ്പളത്തിനുമായി ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത കൂടിവരുന്നുണ്ടായിരുന്നു. നിലവിൽ ജീവനക്കാരുടെ കുറവ് മൂലം എൻഎച്ച്എസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. തുടർച്ചയായ സമരം എൻഎച്ച്എസിന്റെ പ്രവർത്തനത്തെ താളം തെറ്റിച്ചിരുന്നു .

 

ന്യൂസ് ഡെസ്ക്. മലയാളം യുകെ

ഭാര്യയും ഭർത്താവും ജോലിക്ക് പോകുമ്പോൾ കൈക്കുഞ്ഞിനെ എന്ത് ചെയ്യും. ഒട്ടുമിക്ക യുകെ മലയാളികളെയും അലട്ടിയ പ്രശ്നമായിരുന്നു ഇത്. നാട്ടിലാണെങ്കിൽ മാതാപിതാക്കളുടെയോ ജോലിക്കാരുടെയോ സഹായം ലഭിക്കും. പലരും തങ്ങളുടെ മാതാപിതാക്കളെ കേരളത്തിൽനിന്ന് യുകെയിലെത്തിച്ചാണ് ഈ പ്രശ്നത്തിന് താൽക്കാലികമായെങ്കിലും പരിഹാരം കണ്ടിരുന്നത്. അതുമല്ലെങ്കിൽ ഭാര്യയും ഭർത്താവും തങ്ങളുടെ ജോലിയുടെ ഷിഫ്റ്റ് അഡ്ജസ്റ്റ് ചെയ്തും ലീവ് എടുത്തുകൊണ്ടുമാണ് പ്രശ്നം പരിഹരിച്ചിരുന്നത്.


ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണുന്ന നിർദ്ദേശം ബ്രിട്ടീഷ് ചാൻസിലർ ജെറമി ഹണ്ട് ഇന്നലെ അവതരിപ്പിച്ച ബഡ്ജറ്റിൽ ഉള്ളത് യുകെ മലയാളികൾക്ക് ആശ്വാസമായി . 9 മാസം മുതൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി ചൈൽഡ് കെയർ സംവിധാനങ്ങൾ ഗവൺമെൻറ് ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിന് യുകെ മലയാളികൾ ഉൾപ്പെടെയുള്ളവരിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്. 2024 ഏപ്രിൽ മാസം മുതൽ രണ്ടു വയസ്സ് പ്രായമായ കുട്ടികൾക്ക് 15 മണിക്കൂർ ഫ്രീ കെയർ നൽകി തുടങ്ങും. തുടർന്ന് 2024 സെപ്റ്റംബർ മാസം മുതൽ 9 മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കും. അതിന് ശേഷം 2025 സെപ്റ്റംബർ മുതൽ 9 മാസത്തിനും 5 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ 30 മണിക്കൂർ സൗജന്യമായുള്ള സംരക്ഷണം ലഭ്യമാകും. ആഴ്ചയിൽ 16 മണിക്കൂർ എങ്കിലും ജോലി ചെയ്യുന്ന മാതാപിതാക്കൾക്കാണ് ചൈൽഡ് കെയർ സൗകര്യം ലഭിക്കുന്നത്.

ഫ്രീ ചൈൽഡ് കെയർ സംവിധാനം നടപ്പിലാക്കുന്നതോടെ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്കൂളുകളോട് അനുബന്ധിച്ച് രാവിലെ 8 മണി മുതൽ സ്കൂൾ തുറക്കുന്നത് വരെയും വൈകിട്ട് 6 മണി വരെയും ചൈൽഡ് കെയർ സംവിധാനങ്ങൾ എല്ലാ സ്കൂളുകളിലും ഭാവിയിൽ നടപ്പിലാക്കാനുള്ള നിർദ്ദേശവും ബഡ്ജറ്റിൽ ഉണ്ട്

ന്യൂസ് ഡെസ്ക്. മലയാളം യുകെ

ബജറ്റവതരണത്തിന് പിന്നാലെ സിഗരറ്റിന്റെ വില കുത്തനെ ഉയർന്നു. അതേസമയം കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് മദ്യത്തിന്റെ നികുതി 10.1% ആണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിഗരറ്റ് ഉപയോഗിക്കുന്നവരുടെയും മദ്യപിക്കുന്നവരുടെയും കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റും. പുകയില ഉൽപന്നങ്ങളിലെ വിലയിലെ മാറ്റം ബുധനാഴ്ച പ്രാബല്യത്തിൽ വന്നു. ഇതിന് പിന്നാലെ 20 സിഗരറ്റുകളുടെ ശരാശരി പായ്ക്കറ്റിന്റെ വില £14.39 ആയി വർദ്ധിച്ചു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ കണക്കുകൾ പ്രകാരം 2023 ജനുവരിയിൽ 20 സിഗരറ്റിന്റെ ഒരു പാക്കറ്റിന്റെ ശരാശരി വില £12.84 ആയിരുന്നു.

ഹാൻഡ് റോളിങ്ങ് പുകയില ഉൽപന്നങ്ങളുടെയും നിരക്ക് പുതിയ റീറ്റെയ്ൽ പ്രൈസ് ഇന്ഡക്സ് മൂലം 6 ശതമാനവും മിനിമം എക്സൈസ് നികുതി 3 ശതമാനമായി വർദ്ധിക്കും. 2021 ഒക്‌ടോബറിനു ശേഷം ഇതാദ്യമായാണ് പുകയില നികുതി വർധിപ്പിക്കുന്നത്. എന്നാൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ ജനങ്ങൾക്ക് ആശ്വാസം എന്നവണ്ണം ചാൻസലർ ജെറെമി ഹണ്ട് ബിയറുകളുടെ നികുതി മരവിപ്പിച്ചു.

സൂപ്പർ മാർക്കറ്റ് നിരക്കിനേക്കാൾ പബ്ബുകളിൽ നിന്ന് വാങ്ങുന്ന മദ്യത്തിന് 11 പെൻസ് വീതം ഇളവ് ലഭിക്കുന്നത് പബ്ബ് വ്യവസായത്തെ സഹായിക്കാനുള്ള നടപടിയാണെന്ന ആക്ഷേപവും ഉണ്ട്. ബിയറുകൾ അല്ലാത്ത മറ്റ് മദ്യങ്ങളുടെ വിലയിൽ 10.1% വർദ്ധനവുണ്ടാകും. മദ്യത്തിലുള്ള നികുതി വർദ്ധനവിനെ തെറ്റായ സമയത്തെ തെറ്റായ തീരുമാനം എന്നാണ് സ്കോട്ടിഷ് വിസ്കി അസോസിയേഷൻ (എസ്.ഡബ്ല്യു.എ) വിശേഷിപ്പിച്ചത്.

ന്യൂസ് ഡെസ്ക്. മലയാളം യുകെ

ജീവിതച്ചെലവ് ലഘൂകരിക്കുന്നതിൻെറ ഭാഗമായി ജനങ്ങൾക്ക് ഊർജ്ജ ബില്ലുകളിൽ സർക്കാർ സഹായം ലഭിക്കുമെന്ന് സ്പ്രിംഗ് ബജറ്റിന് മുന്നോടിയായി ചാൻസലർ അറിയിച്ചു. ഇതുവഴി ഊർജ്ജ വില ഗ്യാരന്റി (ഇ.പി.ജി) ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തേക്കും കൂടി £2,500 ആയി നിലനിർത്തും. ഊർജ്ജ വില ഒക്ടോബറിലെ പ്രവചനത്തേക്കാൾ 50% കുറവാണെങ്കിലും ഉയർന്ന നിലയിൽ തന്നെയാണ് തുടരുന്നത്. അതുകൊണ്ട് തന്നെ സർക്കാരിൻെറ ഭാഗത്ത് നിന്നുള്ള സഹായം ജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ്. സ്പ്രിംഗ് ബജറ്റിൽ വിലക്കയറ്റത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനും പണപ്പെരുപ്പം പകുതിയായി കുറയ്ക്കുന്നതിനും കൂടുതൽ ജനങ്ങളെ ജോലിയിൽ ഉൾപ്പെടുത്തി സമ്പദ്‌വ്യവസ്ഥയെ വളർത്തുന്നതിനുമാണ് ശ്രദ്ധ കൊടുക്കുന്നതെന്നും ചാൻസലർ പറഞ്ഞു.

ഒക്‌ടോബർ മുതൽ ഗവൺമെന്റ് പിന്തുണകൊണ്ട് ഒരു സാധാരണ കുടുംബത്തിൻറെ എനർജി ബില്ലിൽ 1,300 പൗണ്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ചാൻസലർ ഊർജ വില ഗ്യാരന്റി മൂന്ന് മാസത്തേക്ക് നീട്ടിയതിനാൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഓഫ്‌ജെമിന്റെ വില ജനങ്ങളുടെമേൽ വരില്ല. ജൂലൈ മുതൽ കുറഞ്ഞ ഹോൾസെയിൽ ഗ്യാസിന്റെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ ഏപ്രിലിൽ തങ്ങളുടെ ബില്ലുകൾ വർദ്ധിക്കുമെന്ന ആശങ്കയിലായിരുന്നു ഭൂരിപക്ഷം ജനങ്ങളും . ഈ സാഹചര്യത്തിലാണ് സർക്കാർ ഊർജ്ജ വില ഗ്യാരണ്ടി വേനൽക്കാലം വരെ നീട്ടിയിരിക്കുന്നതെന്ന് പ്രധാന മന്ത്രി റിഷി സുനക് പറഞ്ഞു. ഉയർന്ന ഊർജ്ജ ബില്ലുകൾ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്കകളിലൊന്നാണെന്നും അതിനാലാണ് ഊർജ്ജ വില ഗ്യാരന്റി നിലവിലെ തലത്തിൽ നിലനിർത്തുന്നതെന്ന് ചാൻസലർ ജെറമി ഹണ്ട് തൻെറ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ജൂലൈ മുതൽ ഊർജ്ജ ബില്ലുകൾ കുറയുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കറന്റ് അക്കൗണ്ട് ഉടമകളുടെ ഇമിഗ്രേഷൻ പരിശോധനകൾ നടത്താൻ ബാങ്കുകളോട് ആവശ്യപ്പെട്ട് ഹോം ഓഫീസ് മാർഗനിർദേശം പുറപ്പെടുവിച്ചു. 2023 മാർച്ച് 13 നാണ് ഔദ്യോഗിക അറിയിപ്പ് പുറത്ത് വന്നത്. ബാങ്കുകൾക്ക് പുറമെ ബിൽഡിംഗ്‌ സൊസൈറ്റികൾക്കും നടപടി ബാധകമാണ്. കറണ്ട് അക്കൗണ്ടുകളുടെ ഉപയോക്താകളെ കുറിച്ച് ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും ഹോം ഓഫീസ് നടപടി സ്വീകരിക്കുന്നത്. വ്യക്തികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ സമാഹരിക്കുവാനാണ് ഹോം ഓഫീസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കറന്റ് അക്കൗണ്ട് കൃത്യമായി മുൻപോട്ട് കൊണ്ടുപോകാൻ കഴിയുന്നവരാണോ എന്നുള്ളതും ഇതിൽ നിന്ന് വ്യക്തമാകും. അയോഗ്യരായ വ്യക്തികളെക്കുറിച്ചുള്ള ഹോം ഓഫീസ് ഡേറ്റയിൽ കുറഞ്ഞത് മൂന്ന് പോയിന്റ് ഉണ്ടെങ്കിൽ, 2014-ലെ ഇമിഗ്രേഷൻ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം ഒരു വ്യക്തിയെ യോഗ്യനായി കണക്കാക്കും. ഒരു 3-പോയിന്റ് പൊരുത്തത്തിൽ വ്യക്തിയുടെ പേര്, ജനനത്തീയതി, ആ വ്യക്തിയുടെ കോൺടാക്റ്റ് വിശദാംശങ്ങളിൽ ഒന്ന് എന്നിവ ഉൾപ്പെടുന്നു. അതായത് ഒന്നുകിൽ വിലാസം, ടെലിഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ എന്നിവ. അയോഗ്യരായ ആളുകൾക്ക് യുകെയിൽ തുടരാൻ കഴിയില്ലെന്നാണ് ഹോം ഓഫീസ് വ്യക്തമാക്കുന്നത്. ഇമ്മിഗ്രേഷൻ സ്റ്റാറ്റസ് അനുസരിച്ചാണ് കറന്റ്‌ അക്കൗണ്ട് ലഭിക്കുന്നത്.

ഇമിഗ്രേഷൻ സ്റ്റാറ്റസ് കാരണം ആ സേവനങ്ങൾ ആക്സസ് ചെയ്യുന്നതിൽ നിന്ന് അയോഗ്യരായ വ്യക്തികളെ പിന്നീട് അക്കൗണ്ട് ഉപയോഗത്തിൽ നിന്ന് ബാങ്ക് വിലക്കും. 2014-ലെ ഇമിഗ്രേഷൻ നിയമത്തിന്റെ 40-ാം വകുപ്പ് അനുസരിച്ച് പിന്നീട് ഒരാൾക്ക് അനുവാദം ഉണ്ടായിരിക്കില്ല. അതേസമയം, ഹോം ഓഫീസിൽ നിന്ന് ലഭ്യമാകുന്നവ അനുസരിച്ച് ഒരു അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള വിവരം ലഭിച്ചാൽ ഉടൻ തന്നെ ബാങ്കോ ബിൽഡിംഗ് സൊസൈറ്റിയോ എത്രയും വേഗം അത് ചെയ്യണം. ഏതെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്‌താൽ, അക്കൗണ്ട് പ്രത്യേക അന്വേഷണത്തിലോ നടപടിയിലോ അല്ലാത്തപക്ഷം, ഒരു ബാങ്കിനോ ബിൽഡിംഗ് സൊസൈറ്റിക്കോ അതിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ഏതെങ്കിലും ക്രെഡിറ്റ് ബാലൻസ് അക്കൗണ്ട് ഉടമയ്ക്ക് തിരികെ നൽകാനാകുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

വിശദമായ വിവരങ്ങൾക്ക്;
https://www.gov.uk/return-home-voluntarily

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഋഷി സുനക് മന്ത്രിസഭയുടെ ആദ്യത്തെ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. പണപെരുപ്പവും ജീവിതചിലവും കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ബജറ്റ് പ്രഖ്യാപനത്തെ നോക്കികാണുന്നത്. ഒന്നും രണ്ടും വയസു പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ആഴ്ചയിൽ 30 മണിക്കൂർ ചൈൽഡ് കെയർ ബെനിഫിറ്റ് ലഭ്യമാക്കത്തക്കവിധമുള്ള നാലു ബില്യൻ പൗണ്ടിന്റെ വമ്പൻ പ്രഖ്യാപനമാണ് ബജറ്റിൽ എല്ലാവരും പ്രതീക്ഷിക്കുന്ന കാര്യങ്ങളിലൊന്ന്. മെറ്റേണിറ്റി ബെനിഫിറ്റുകൾക്കു ശേഷം ഫ്രീ നേഴ്സറി കെയർ ലഭ്യമാകുന്നതുവരെയുള്ള രണ്ടുവർഷക്കാലത്തേയ്ക്ക് പുതിയ കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. നിർണായക നടപടികൾ എല്ലാം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാകുമെന്നാണ് സാമ്പത്തിക നിരീക്ഷകർ പറയുന്നത്.

കൊച്ചുകുട്ടികളുടെ മാതാപിതാക്കളെ എത്രയും വേഗം ജോലിയിലേയ്ക്ക് തിരികെയത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോൾതന്നെ ലോകത്ത് ഏറ്റവും ചെലവേറിയ ചൈൽഡ് കെയർ സംവിധാനമുള്ള രാജ്യമാണ് ബ്രിട്ടൻ. ഒരു കുട്ടിക്ക് 14,000 പൗണ്ടുവരെയുള്ള കെയർ സൗകര്യങ്ങളാണ് ഫ്രീ നേഴ്സറി സമയം ഉൾപ്പെടെ സർക്കാർ നൽകുന്നത്. ഇതാണ് ഇനിയും ഇയർത്താൻ സർക്കാർ തയാറാകുന്നത്. എനർജി ബില്ലിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള 2,500 പൗണ്ടിന്റെ സപ്പോർട്ട് പ്രൈസ് സംവിധാനം മാർച്ച് 31ന് അവസാനിക്കുകയാണ്. ഇതു ജൂൺ മാസം വരെ നീട്ടാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ. ഇന്ധന നികുതിയിലെ ഇളവാണ് എല്ലാവരും പ്രതീക്ഷിക്കുന്ന മറ്റൊരു കാര്യം. ലിറ്ററിന് അഞ്ചു പെൻസിന്റെ ഇളവുവരെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങൾ. പെൻഷൻ അലവൻസുകളിലെ നികുതിയിളവും പെൻഷൻ പ്രായത്തിലെ മാറ്റവും ബജറ്റിൽ ചിലർ പ്രവചിക്കുന്നുണ്ട്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഡിഫൻസ് ബജറ്റിന് വലിയ പ്രാധാന്യമാകും ലഭിക്കുക. രണ്ടുവർഷത്തിനുള്ളിൽ പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാൻ വലിയ തുക വകയിരുത്തും. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ശക്തമായ നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ച സാഹചര്യത്തിൽ തീർച്ചയായും അതിനായി ആവശ്യത്തിന് പണം നീക്കിവയ്ക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നേരത്തേതന്നെ ജോലി നിർത്തിയ വർക്കിംങ് ഏജ് ഗ്രൂപ്പിനെ തിരികെ ജോലിയിൽ എത്തിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എൻഎച്ച്എസ് നേഴ്സുമാരും ജൂനിയർ ഡോക്ടർമാരുമടക്കം സമരരംഗത്തുള്ള സർവീസ് മേഖലയിലെ ജീവനക്കാർക്ക് എന്തെങ്കിലും ലഭിക്കുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്ന മറ്റൊരു പ്രഖ്യാപനം. ആരോഗ്യ രംഗത്തെ നിലവിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ജെറമി ഹണ്ട് മുൻപോട്ട് വെക്കുമെന്നും വിദഗ്ധർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്ത്രീകളോടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങൾക്കെതിരെയുള്ള പരാതികളിൽ നടപടികൾ എടുക്കുന്നവയുടെ എണ്ണം വളരെ കുറവാണെന്ന് സൂചിപ്പിക്കുന്ന ഡേറ്റകൾ പുറത്ത്. ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട പത്ത് കേസുകളിൽ ഒമ്പതും പാതി വഴിയിൽ ഉപേക്ഷിക്കപെടുകയാണെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ പറഞ്ഞു. ഗാർഹിക പീഡനം സംബന്ധിച്ച തന്റെ ആരോപണങ്ങൾ പൂർണ്ണമായി അന്വേഷിക്കുന്നതിൽ പോലീസ് സേന പരാജയപ്പെട്ടുവെന്ന വെസ്റ്റ് യോർക്ക്ഷെയറിലേ പോലീസ് ഉദ്യോഗസ്ഥൻെറ മുൻ ഭാര്യയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് കണക്കുകൾ പുറത്ത് വന്നത്. അതേസമയം സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായി വെസ്റ്റ് യോർക്ക്ഷെയർ പോലീസ് അറിയിച്ചു. ഈ അനുഭവം പോലീസിലുള്ള തന്റെ വിശ്വാസം നശിപ്പിച്ചുവെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു.

2022 മാർച്ച് മുതൽ ആറ് മാസത്തെ കണക്കുകൾ നീരിക്ഷിക്കുമ്പോൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളിൽ കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും എതിരെ തുടർ നടപടികളൊന്നും എടുത്തിട്ടില്ല എന്ന് കണ്ടെത്താനാവും. സാധാരണക്കാരിൽ നിന്ന് ലഭിച്ച 10 കേസുകളിൽ 9 എണ്ണവും സഹപ്രവർത്തകർക്കെതിരെ പോലീസിൽ നിന്നുള്ള പരാതികളിൽ 10ൽ 7 എണ്ണവും നടപടികൾ എടുക്കാതെ പാതി വഴിയിൽ ഉപേക്ഷിക്കപ്പെടുകയാണ്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടത്തിയ അതിക്രമങ്ങളിൽ 1,539 എണ്ണത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ (എൻപിസിസി) കണ്ടെത്തി. യഥാർത്ഥ കണക്കുകൾ വളരെ കൂടുതലാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നെഞ്ചുവേദനയെ തുടർന്ന് അവധി എടുത്തപ്പോൾ തൊഴിൽ നഷ്ടപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോലിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് വക്കീൽ മുഖേന ഇടപെട്ടപ്പോൾ തൊഴിൽ തിരികെ ലഭിച്ചിരുന്നു. സംഭവം പുറത്ത് വന്നതോടെ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. ഇതിൽ ഏറെയും റിക്രൂട്ടിങ് ഏജൻസികളുടെ ഭാഗത്തെ പിഴവാണ് പ്രധാനമായും. ബ്രെക്‌സിറ്റ് രൂക്ഷത ശക്തമായ പല മേഖലകളിലും ജീവനക്കാരുടെ ക്ഷാമം കഠിനമായതോടെ ഏതൊക്കെ മേഖലയിലാണ് വിസ അനുവദിക്കപ്പെടുന്നത് എന്ന് പോലും ഒറ്റ നോട്ടത്തില്‍ പറയാനാകാത്ത സാഹചര്യമാണ് നിലവിൽ. ധാരാളം മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്. സാമ്പത്തിക മാന്ദ്യമാണ് കമ്പനി തകർച്ചയ്ക്ക് പറയുന്ന പ്രധാന കാരണം

മല്‍സ്യ ബന്ധന വിസയില്‍ കൊച്ചിയിൽ നിന്ന് ആളുകൾ എത്തി യുകെയിൽ കുടുങ്ങിപോയത് കഴിഞ്ഞവർഷമാണ്. ഇതിന് സമാനമായ തട്ടിപ്പുകളാണ് ഇപ്പോൾ അരങ്ങേറുന്നതിൽ ഏറെയും. തിരുവനന്തപുരത്തെ ഏജന്റിന്റെ വലയില്‍ കുരുങ്ങി എത്തിയത് മല്‍സ്യ സംസ്‌കരണ യൂണിറ്റിലേക്ക് ആണെന്ന പേരിലാണ്. അഞ്ചു വര്‍ഷത്തെ വിസയെന്നും പറഞ്ഞ് ഓരോ വര്‍ഷവും പുതുക്കി നല്‍കിക്കോളും എന്ന് വിശ്വസിപ്പിച്ചാണ് 14 ലക്ഷം വാങ്ങിയതും യുകെയില്‍ എത്തിച്ചതും. എന്നാൽ യുകെയിൽ എത്തിച്ചപ്പോൾ വിധം മാറുകയായിരുന്നു. ബിസിനസ് നഷ്ടമായതിനാല്‍ കമ്പനി പ്രവര്‍ത്തനം വെട്ടിച്ചുരുക്കുന്നു എന്നാണ് യുവാവിനെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ അടുത്ത മാസം 14 -ന് തീരുന്ന വിസ പുതുക്കി നല്‍കാനാകില്ലെന്നും വ്യക്തമാക്കിയാണ് കമ്പനി കത്ത് അയച്ചിരിക്കുന്നത്.

ഈ തീയതിക്ക് മുന്‍പ് നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന നിര്‍ദേശവും കമ്പനി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്താണ് ഇത്തരത്തിലുള്ള ഏജൻസികൾ പ്രവർത്തിക്കുന്നത്. പെട്ടെന്ന് കാശുകാരനാകാം എന്നൊക്കെയുള്ള വാക്കുകളിൽ ഇവർ വീണുപോകുകയും ചെയ്യുന്നു. എന്നാൽ യുകെയിൽ എത്തി കഴിഞ്ഞാണ് ഇതിനു പിന്നിലെ വസ്തുത തേടി പലരും പോകുന്നത്. ഓരോ വർഷവും വിസ പുതുക്കി നൽകും എന്നായിരുന്നു ഏജന്റിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. എന്നാൽ കമ്പനി തന്നെ നിർത്തിപോയ സാഹചര്യത്തിൽ എന്ത് ചെയ്യുമെന്ന് അറിയാതെ വലയുകയാണ് ഇവർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ രോഗികളെ വീട്ടിലെത്തി ചികിത്സിക്കാനുള്ള വെർച്വൽ വാർഡ് എന്ന നൂതന പദ്ധതിയുമായി ഇന്ത്യൻ വംശജയായ നേഴ്സ് രംഗത്ത്. ആശുപത്രിയിലെ പരിചരണത്തിന് സമാനമായ രീതിയിലെ സംവിധാനങ്ങളാണ് ഇതിലൂടെ ഒരുക്കുന്നത്. യുകെയുടെ സ്റ്റേറ്റ് ഫണ്ടഡ് നാഷണൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) ജോലി ചെയ്യുന്ന മെഴ്‌സി കെയറിന്റെ ക്ലിനിക്കൽ ടെലിഹെൽത്ത് ഹബ്ബിലെ ടീം ലീഡർ നേഴ്‌സ് നിഷ ജോസാണ് പദ്ധതിക്ക് പിന്നിൽ. പുതിയ എൻഎച്ച്എസ് സ്കീമിൽ ഇപ്പോൾ ഇംഗ്ലണ്ടിലുടനീളമുള്ള 340-ലധികം വെർച്വൽ വാർഡ് പ്രോഗ്രാമുകൾ ഉൾപ്പെടുന്നുണ്ട്. ആകെയുള്ള 7,653 വെർച്വൽ ബെഡുകളും ഡോക്ടർമാരുടെ നിയന്ത്രണത്തിലാണ് നിലവിൽ.

‘ഞങ്ങളുടെ വെർച്വൽ വാർഡ് പ്രോഗ്രാം ഉപയോഗിച്ച്, ഒരു ആശുപത്രി വാർഡിൽ സംഭവിക്കുന്നതെല്ലാം ഇവിടെയും ചെയ്യാൻ കഴിയും. മറ്റ് പ്രശ്‌നങ്ങൾ എന്തെങ്കിലും ഉള്ള പക്ഷം പരിഹരിക്കുവാൻ ഓരോ ആറ് മണിക്കൂറിലും നിരീക്ഷണം ചെയ്യുകയും, ഇ സി ജി പോലുള്ള പരിശോധനകൾ വീട്ടിലെത്തി ചെയ്യുന്നുമുണ്ട്’- നിഷ ജോസ്‌ പറയുന്നു. മെർസി കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് നടത്തുന്ന ടെലിഹെൽത്ത് ടീമിന്റെ നേതൃത്വത്തിൽ, സി.ഒ.പി.ഡി, പ്രമേഹം, ഹൃദയസ്തംഭനം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന 2,000 -ത്തിലധികം രോഗികൾക്ക് പരിചരണം നൽകുന്നുണ്ട്.

ഏറ്റവും പുതിയ ഡേറ്റ അനുസരിച്ച്, കഴിഞ്ഞ വർഷം എൻഎച്ച്എസ് വെർച്വൽ വാർഡുകളിൽ 100,000-ത്തിലധികം രോഗികൾക്ക് ചികിത്സ ലഭിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ മാത്രം 16,000 രോഗികളെ ചികിത്സിച്ചിട്ടുണ്ട്. വെർച്വൽ വാർഡ് സ്കീം രോഗികൾക്ക് സുരക്ഷിതമായും പരിചിതമായ ചുറ്റുപാടുകളിലും ഹോസ്പിറ്റൽ ലെവൽ കെയർ ലഭിക്കാൻ അവസരം നൽകുന്നു. അർഹരായ രോഗികൾക്ക് ചികിത്സയുടെ ഭാഗമായുള്ള അനുബന്ധ ഉപകരണങ്ങളും ഇതിലൂടെ ലഭ്യമാക്കുന്നുണ്ട്. വീട്ടിലെ ആശുപത്രി എന്നുള്ള നിലയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും മികച്ച ചികിത്സ രോഗികൾക്ക് ലഭ്യമാകാണമെന്നുള്ളതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബസ് ജീവനക്കാർ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. മൂവായിരത്തിലധികം വരുന്ന ബസ് ഡ്രൈവർമാരാണ് വ്യാഴാഴ്ച മുതൽ പണിമുടക്കാൻ തീരുമാനിച്ചിരുന്നത്. ബസ് ജീവനക്കാർ പണിമുടക്കുമായി മുന്നോട്ടു പോയിരുന്നെങ്കിൽ വെസ്റ്റ് മിഡ്ലാൻഡിലുടനീളമുള്ള ജനങ്ങൾ യാത്രാ ദുരിതത്തിലായേനെ . വെസ്റ്റ് മിഡ്ലാൻഡിലെ ബസ് ജീവനക്കാർക്ക് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും മെച്ചപ്പെട്ട ശമ്പള വർദ്ധനവ് മുന്നോട്ട് വച്ചിട്ടുണ്ടെന്ന് യൂണിയൻ വക്താവ് പറഞ്ഞു.


എന്നാൽ സമരം താൽക്കാലികമായി നിർത്തിവച്ചതായുള്ള സൂചനകളാണ് യൂണിയൻ നേതാക്കൾ നൽകിയിരിക്കുന്നത്. പുതിയ ശമ്പള വർദ്ധനവിനെ കുറിച്ചുള്ള നിർദ്ദേശത്തെ കുറിച്ച് ജീവനക്കാരുടെ ഇടയിൽ അഭിപ്രായ സർവേ നടത്തിയേ അന്തിമ തീരുമാനത്തിലേയ്ക്ക് എത്തിച്ചേരുകയുള്ളൂ. പുതിയ ശമ്പള വർദ്ധനവിന്റെ നിർദ്ദേശം തൊഴിലാളികൾക്കിടയിൽ നിരസിക്കപ്പെട്ടാൽ മാർച്ച് 20-ാം തീയതി തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ പണിമുടക്ക് ആരംഭിക്കുമെന്ന് പ്രമുഖ യൂണിയനായ യുണൈറ്റഡിന്റെ ഇന്ത്യൻ വംശജനായ നേതാവ് സുലിന്ദർ സിംഗ് പറഞ്ഞു. പണിമുടക്കുമായി യൂണിയൻ മുന്നോട്ടു പോകുകയാണെങ്കിൽ 3200 -ലധികം ഡ്രൈവർമാരും 200 – ലധികം എൻജിനീയർമാരും അതിൽ പങ്കെടുക്കും.

ബ്രിട്ടനിൽ ഇപ്പോൾ സമരങ്ങളുടെ കാലമാണ്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി മെച്ചപ്പെട്ട ശമ്പള വർദ്ധനവിനായി ഒട്ടുമിക്ക മേഖലകളിലെയും ജീവനക്കാർ സമരമുഖത്താണ് . ഇന്നലെ മുതൽ എൻഎച്ച്സിലെ 60,000 – ത്തിലധികം ജൂനിയർ ഡോക്ടർമാർ പണിമുടക്ക് നടത്തിക്കൊണ്ടിരിക്കുകയാണ്. മൂന്നു ദിവസത്തെ ഡോക്ടർമാരുടെ സമരം മൂലം ആയിരക്കണക്കിന് രോഗികളുടെ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഡോക്ടർമാരുടെ സമരത്തിന് പുറകെ നാളെ ബുധനാഴ്ച ആയിരക്കണക്കിന് അധ്യാപകരും സമരത്തിനിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. അധ്യാപകരുടെ സമരം 7 ദശലക്ഷം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ

RECENT POSTS
Copyright © . All rights reserved