ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മാഞ്ചസ്റ്റർ സിറ്റി സെന്റർ സെൻട്രൽ റിസർവേഷനിലേക്ക് ബസ് ഇടിച്ചുകയറി. 27 പേർക്ക് പരിക്കേറ്റു. ഇതിൽ 7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. ഓക്സ്ഫോർഡ് സ്ട്രീറ്റ് ആൻഡ് വിറ്റ് വർത്ത് സ്ട്രീറ്റ് ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം.

യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപെട്ടുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. ഗ്രേറ്റർ മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യൂ സർവീസും അപകടസ്ഥലത്തെത്തിയിരുന്നു. ഡബിൾ ഡക്കർ ബസാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ മുന്നിലെ ചില്ലുകൾ പൂർണമായും തകർന്നിട്ടുണ്ട്. തിരക്കേറിയ മാഞ്ചസ്റ്റർ നഗരത്തിൽ നടന്ന അപകടം ആളുകളെ ഞെട്ടിച്ചെങ്കിലും ആർക്കും സാരമായ പരിക്കുകൾ ഇല്ലെന്നത് ആശ്വാസം നൽകുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഗ്ലാസ്ഗോയിൽ സഹോദരൻ കൊലപ്പെടുത്തിയ ആംബർ ഗിബ്സൺ എന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജയിൽശിക്ഷ. കൊല്ലപ്പെടുന്നതിന് അഞ്ചു മാസം മുമ്പ് 2021 ജൂണിൽ ബോത്ത്‌വെല്ലിലെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് ഇരുപതുകാരനായ ജാമി സ്റ്റാർസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈയിൽ ലാനാർക്കിലെ ഹൈക്കോടതിയിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇന്ന് പത്തര വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2021 മെയിൽ മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസും ഇയാളുടെ പേരിലുണ്ട്.

ആക്രമണത്തെക്കുറിച്ച് ആംബറിൽ നിന്ന് മൊഴിയെടുത്തിരുന്നു. താൻ അബോധാവസ്ഥയിലായിരിക്കുമ്പോഴാണ് പീഡനം നടന്നതെന്നും പിന്നീട് അത് മനസിലായിരുന്നുവെന്നും ആംബർ പറഞ്ഞിരുന്നു. മദ്യപിച്ചിരിക്കെയാണ് സ്റ്റാർസ് തന്നെ ആക്രമിച്ചതെന്ന് ഇരയായ മറ്റൊരു പെൺകുട്ടി കോടതിയിൽ പറഞ്ഞു.

2021 നവംബർ 26-നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. കോനോർ തൻ്റെ സഹോദരി ആംബറിനെ മർദ്ദിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നഗ്നയായ നിലയിലാണ് ആംബറിൻ്റെ മൃതദേഹം കാണപ്പെട്ടത്. പ്രതി സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ക്രൂരമായ ബലാത്സംഗത്തിനൊടുവിലാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. ചെളി പുരണ്ട നിലയിലാണ് ആംബറിൻ്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ സഹോദരൻ്റെ വസ്ത്രത്തിൽ രക്തത്തിൻ്റെ അംശം കണ്ടെത്തിയത് അന്വേഷണത്തിൽ നിർണ്ണായകമാകുകയായിരുന്നു. മാത്രമല്ല ആംബറിൻ്റെ വസ്ത്രത്തിൽ സഹോദരനായ കോണറിൻ്റെ ഡിഎൻഎയും കണ്ടെത്തിയിരുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ്: പേപ്പറുകൾ കൊണ്ട് അതിമനോഹരമായ ക്രഫ്റ്റുകൾ ഉണ്ടാക്കി സ്റ്റോക്ക് ഓൺ ട്രെന്റിനെ വിസ്മയിപ്പിക്കുന്ന മലയാളിയായ റിട്ടയേർഡ് ഹെഡ് മാസ്റ്റർ.. കെ ജി ദാസ് (ദാസ് മാസ്റ്റർ) വെറും കളർ പേപ്പറുകൾ കൊണ്ട് ഒരുക്കിയ വിസ്മയങ്ങൾ മലയാളം യുകെ നിങ്ങൾക്കായി പരിചയപ്പെടുത്തുകയാണ്.
കൃഷ്ണവിലാസ് യു പി സ്കൂൾ കോളേരി ഹെഡ് മാസ്റ്റർ ആയിരുന്നു ദാസ് മാസ്റ്റർ. വയനാട്ടിലെ കോളേരിയിൽ ഉള്ള വേലിക്കകത്ത് കുടുംബാംഗം. വയനാട്ടിലെ പ്രിയപ്പെട്ട സ്കൂളിൽ നിന്നും പെൻഷൻ ആയപ്പോൾ യുകെയിൽ നേഴ്സ് ആയി ജോലിചെയ്യുന്ന തന്റെ മകളായ ശരണ്യയുടെ അടുത്ത് പോയി അവധിക്കാലം ചിലവഴിക്കാം എന്ന ചിന്തയിലാണ് ഭാര്യയായ സുജാതക്കൊപ്പം സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തുന്നത്.
എന്നാൽ പല സ്ഥലങ്ങൾ ഒക്കെ കാണുവാൻ പോയെങ്കിലും വീട്ടിനുള്ളിലെ ഇരുപ്പ് മടുപ്പുളവാക്കുന്നതായിരുന്നു. ഒരു മാസം കഴിയുന്നതിന് മുൻപേ നാട്ടിലേക്ക് എന്ന തീരുമാനത്തിൽ എത്തി ദാസ് മാസ്റ്റർ. ഇവിടെയാണ് മകളായ ശരണ്യ ഉണർന്നു പ്രവർത്തിച്ചത്. അച്ഛന് ഇഷ്ടമുള്ള ക്രാഫ്റ്റ് ഉണ്ടാക്കുവാനുള്ള സാധനങ്ങൾ എവിടെ കിട്ടും എന്നതിനേപ്പറ്റി ഒരറിവും ഇല്ല. ആമസോണിലും മറ്റു പല ലോക്കൽ ഷോപ്പുകളിലും പരതിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ശരണ്യയുടെ ആഗ്രഹ സഫലീകരണത്തിനായി ഭർത്താവായ സജിത് കൊല്ലപ്പിള്ളിൽ മുന്നിട്ടിറങ്ങിയതോടെ കാര്യങ്ങൾക്ക് തീരുമാനമായി. സഹപ്രവർത്തകരുടെ സഹായത്താൽ എല്ലാം വാങ്ങി വീട്ടിൽ എത്തിച്ചപ്പോൾ മാത്രമാണ് ശരണ്യയുടെ ടെൻഷൻ മാറിയത്.

Quilling Art (പേപ്പർ കഷണങ്ങൾ കൊണ്ടുണ്ടാക്കുന്ന ചിത്രങ്ങൾ), bamboo craft, thread works, drawing എന്നിവയിൽ അതീവ തല്പരനായിരുന്നു ദാസ് മാസ്റ്റർ എന്ന കാര്യം നന്നായി അറിയാമായിരുന്ന മകളുടെ നീക്കം ഫലം കാണുകയായിരുന്നു. പിന്നീട് കണ്ടത് പേപ്പറുകൾ കൊണ്ട് വിസ്മയം തീർത്ത മാസ്റ്റർ ദാസിനെയായിരുന്നു.
മനോഹരങ്ങൾ ആയ, പല ചിത്രങ്ങളും പല ആശയങ്ങളും അതോടൊപ്പം പല പഴയകാല കഥകളും ഉൾക്കൊള്ളുന്നതാണ് എന്ന വസ്തുത ദാസ് മാസ്റ്റർ മലയാളം യുകെ യോട് പറയുകയുണ്ടായി.
ഇതിനിടെ സ്റ്റോക്കിലെ ഒരു നഴ്സിംഗ് ഹോമിൽ ഈ ചിത്ര പ്രദർശനം നടക്കുകയും മാസ്റ്റർ ദാസിനെ അവാർഡ് നൽകി ആദരിക്കുകയും ചെയ്തിരിക്കുന്നു. ഒരു കാര്യം തീർച്ച മാസ്റ്റർ ദാസിന്റെ കലാസൃഷ്ടികൾ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾക്ക് നൽകുന്നത് അഭിമാന നിമിഷങ്ങൾ തന്നെയാണ്.
ബന്ധപ്പെടേണ്ട നമ്പർ .. സജിത് +447760613734
അറുപതിൽ പരം ചിത്രങ്ങൾ കാണാം താഴത്തെ വിഡിയോയിൽ
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ (ബിഎംഎ) ഭാഗമായ മുതിർന്ന ഡോക്ടർമാർ സെപ്റ്റംബർ 19, 20 തീയതികളിൽ പണിമുടക്കും. സ്വതന്ത്ര ശമ്പള അവലോകന സമിതി ശുപാർശ ചെയ്ത 6% വേതന വർദ്ധന അംഗീകരിച്ചതിന് ശേഷം ഇനി ശമ്പള ചർച്ചകൾ ഉണ്ടാവില്ലെന്ന് സർക്കാർ അറിയിച്ചു. മുതിർന്ന ഡോക്ടർമാരുടെ പണിമുടക്ക് പതിവ് ആശുപത്രി സേവനങ്ങളെ ബാധിക്കും. ശമ്പള വർധനവിനെ ചൊല്ലി ഈ മാസം അവസാനവും ഡോക്ടർമാർ പണിമുടക്കും.

പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ 2008 മുതൽ ശമ്പളം 27% കുറഞ്ഞതായി ബി എം എ പറഞ്ഞു. പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്ന ശമ്പള വർദ്ധനവെങ്കിലും സർക്കാർ നൽകണമെന്നാണ് അവരുടെ ആവശ്യം. എന്താണ് വേണ്ടതെന്ന് കൃത്യമായ കണക്ക് നൽകിയിട്ടില്ല.

കഴിഞ്ഞ ദിവസം, വെൽഷ് സർക്കാരിന്റെ 5% ശമ്പള ഓഫർ ഡോക്ടർമാർ നിരസിച്ചിരുന്നു. യുകെയിലെ ഏറ്റവും മോശം ഓഫർ എന്നാണ് ബി എം എ പ്രതികരിച്ചത്. ഇവിടെ സമരമാർഗം വേണോ എന്ന് തീരുമാനിക്കാൻ ബിഎംഎ കമ്മിറ്റികൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ യോഗം ചേരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്നതിനായി ബ്രിട്ടീഷ് നിയമവ്യവസ്ഥിതിയെ ദുരുപയോഗം ചെയ്യുന്ന അഭിഭാഷകർക്ക് ജയിൽ ശിക്ഷ അനിവാര്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രാവർമാൻ. ഞായറാഴ്ച ദി മെയിൽ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തര സെക്രട്ടറി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വ്യവസ്ഥിതിയെ കബളിപ്പിക്കുവാൻ ശ്രമിക്കുന്ന കുറ്റവാളികൾക്കും, കുറ്റവാളികളെ സഹായിക്കുന്നവർക്കും ശക്തമായ ശിക്ഷ ഉണ്ടാകണമെന്ന് അവർ ഓർമ്മിപ്പിച്ചു.

നിയമവിരുദ്ധമായ കുടിയേറ്റത്തെ സഹായിക്കുന്നവർക്ക് നിലവിലുള്ള നിയമപ്രകാരം ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി. കുടിയേറ്റക്കാരിൽ നിന്നും ആയിരക്കണക്കിന് പൗണ്ടുകൾ ഈടാക്കി, അവർക്ക് അവകാശവാദങ്ങൾ ഉന്നയിക്കാനുള്ള വ്യാജ രേഖകൾ ലഭിക്കുന്നതിനും മറ്റും സഹായിക്കുന്ന നിരവധി അഭിഭാഷകർ ഉണ്ടെന്നുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നിലവിലുള്ള നിയമങ്ങൾ തന്നെ ഇത്തരത്തിലുള്ളവർക്ക് ശിക്ഷ നൽകുവാൻ പര്യാപ്തമാണെന്നും അത് ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നാണ് ആഭ്യന്തര സെക്രട്ടറി തന്റെ അഭിമുഖത്തിൽ ഊന്നൽ നൽകിയത്.

ഇത്തരത്തിലുള്ള അഭിഭാഷകരെ കണ്ടെത്തുന്നതിനായി പുതിയ ടാസ്ക് ഫോഴ്സിന് ഗവൺമെന്റ് രൂപം നൽകിയിട്ടുമുണ്ട്. നിയമവ്യവസ്ഥിതിയെ ചൂഷണം ചെയ്യുന്നതിൽ നിന്നും, സത്യസന്ധമല്ലാത്ത രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്നും സോളിസിറ്റേഴ്സ് റെഗുലേഷൻ അതോറിറ്റി അഭിഭാഷകരെ വിലക്കുന്നുണ്ട്. കുടിയേറ്റക്കാരെ തടയുന്നതിനായി ശക്തമായ നടപടികൾ ഗവൺമെന്റ് എടുക്കാതെ അഭിഭാഷകരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരത്തിലുള്ള നീക്കം വളരെയധികം തെറ്റാണെന്ന അഭിപ്രായമാണ് ഉയർന്നുവന്നിരിക്കുന്നത്. ഇത്തരത്തിൽ കണ്ടെത്തുന്നവർക്ക് ശക്തമായ ശിക്ഷ നടപടികൾ ഉണ്ടാവുകയും ചെയ്യും എന്ന സൂചനയാണ് സർക്കാർ അധികൃതർ നൽകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
12 വയസ്സുകാരനായ കാലം റൈക്രോഫ്റ്റ് അപകടത്തിൽ മരിച്ച സംഭവത്തിൽ ഒരാളെ പ്രതിചേർത്തു. ലീഡ്സ് സ്വദേശിയായ കാലം റൈക്രോഫ്റ്റ് വെസ്റ്റ് യോർക്ക് ഷെയറിലെ M 62 മോട്ടോർ വേ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച ഉണ്ടായ അപകടത്തിൽ ക്ലെക്ക് ഹീറ്റണിന് സമീപമാണ് കുട്ടിയെ വാഹനം ഇടിച്ചത്.

അപകടകരമായ രീതിയിൽ കുട്ടിയുമായി മോട്ടോർ വേ മുറിച്ചു കടന്നതിന് അറസ്റ്റിലായ 36 വയസ്സുകാരനായ മാത്യു റൈക്രോഫ്റ്റ് ഇന്ന് കോടതിയിൽ ഹാജരാകണം. കുട്ടിയും മാത്യുവും അപകടത്തിന് മുൻപ് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് അറസ്റ്റിലായ ബോൾട്ടൺ സ്വദേശിയായ 47 വയസ്സുകാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതായി വെസ്റ്റ് യോർക്ക് ഷെയർ പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിലെ മലയാളി കുടിയേറ്റത്തിന്റെ അഭിമാന നിമിഷങ്ങളാണിത്. ഉപജീവനമാർഗം തേടി യുകെയിലെത്തിയ മലയാളികൾ പുതിയ വിജയങ്ങൾ വെട്ടിപ്പിടിക്കുമ്പോൾ ഓരോ മലയാളികൾക്കും അഭിമാനിക്കാം . ബാഡ്മിന്റണിൽ ലിയോൺ കിരണിൻ്റെ നേട്ടങ്ങൾ മലയാളം യുകെ ഇതിനുമുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.
ഏറ്റവും മുൻനിര കളിക്കാരുടെ മത്സരമായ അണ്ടർ 13 ഗോൾഡ് കാറ്റഗറിയിൽ ഡബിൾസിലും മിക്സഡ് ഡബിൾസിലും ഒന്നാമനായും സിംഗിൾസിൽ ബ്രോൺസും ലിയോൺ കിരൺ സ്വന്തമാക്കി. ഗോൾഡ്, സിൽവർ , ബ്രോൺസ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഇതിൽ ഏറ്റവും മുൻനിര കളിക്കാർ കളിക്കുന്ന ഗോൾഡ് വിഭാഗത്തിൽ തന്നെ ഒന്നാമതെത്തിയതിൽ അഭിമാനമുണ്ടെന്ന് ലിയോൺ കിരൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. നേരത്തെ മാർച്ച് 18 -ന് ബക്കിംഗ് ഹാം ഷെയർ മിൽട്ടൺ കെയിൻസിൽ വച്ച് നടന്ന മത്സരത്തിൽ ലിയോൺ ഓൾ ഇംഗ്ലണ്ട് അണ്ടർ 13 ബ്രോൺസ് വിഭാഗത്തിൽ സിംഗിൾസിന് ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ നേടി ഏവരെയും അത്ഭുതപ്പെടുത്തിയത് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണ ഗോൾഡ് വിഭാഗത്തിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചതിൽ നിന്ന് വ്യക്തമാകുന്നത് ലിയോൺ ബാഡ്മിൻറൺ കളിയിൽ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നതാണ്.

ലെസ്റ്റർ സെന്റ് പോൾസ് കാത്തലിക്ക് ഹയർ സെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയായ ലിയോണിന് സ്പോർട്സിനോട് പ്രത്യേകിച്ച് ബാഡ്മിന്റനോടുള്ള സ്നേഹം പാരമ്പര്യമായി ലഭിച്ചതാണ്. ചാർട്ടേഡ് അക്കൗണ്ടന്റായ ലിയോണിന്റെ പിതാവ് കിരൺ വോളിബോളിൽ ഒരുകാലത്ത് കേരളത്തിലെ ഏറ്റവും മികച്ച ടീമായിരുന്ന പാലാ സെൻറ് തോമസ് കോളേജിലെ വോളിബോൾ ടീമിൻറെ നെടുംതൂണ് ആയിരുന്നു. ഒരു മികച്ച ബാഡ്മിന്റൺ കളിക്കാരൻ കൂടിയായ കിരൺ യുകെയിലും, യൂറോപ്പിലുമുള്ള ഒട്ടുമിക്ക വോളിബോൾ ബാഡ്മിൻറൺ ടൂർണമെന്റുകളിൽ പങ്കെടുക്കുകയും, നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ബാഡ്മിൻറണില് ചൈനയിലെ മുൻ നാഷണൽ ചാമ്പ്യനായിരുന്ന ബില്ലിയുടെയും തമിഴ്നാട് സ്വദേശി ഇമ്മാനുവേലിന്റെയും കീഴിലാണ് ലിയോൺ കിരണിന്റെ പരിശീലനം. ലെസ്റ്റർ ബാഡ്മിൻറൺ ക്ലബ്ബിൻറെ മെമ്പറായ ലിയോണിന്റെ നേട്ടങ്ങൾക്ക് ക്ലബ്ബിൻറെ സജീവ പിന്തുണയുണ്ട്. ലിയോണിന്റെ പിതാവ് കിരൺ ഇടുക്കി, ഉപ്പുതറ ചിറ്റപ്പനാട്ട് കുടുംബാംഗമാണ്. പൂഞ്ഞാർ , പെരിങ്ങുളം നെടുങ്ങനാൽ കുടുംബാംഗമാണ് മാതാവ് ദീപാ മരിയ. സഹോദരൻ റയൺ ജിസിഎസ്സി വിദ്യാർത്ഥിയാണ്
ലണ്ടൻ : അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ മൂന്നിരട്ടിയായി വർധിപ്പിച്ചു സർക്കാർ. അനധികൃത കുടിയേറ്റക്കാരെ ജോലിക്കെടുത്തതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ഓരോ ലംഘനത്തിനും £60,000 വരെ പിഴ ചുമത്താം. സർക്കാർ പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ പ്രകാരം ആണിത്. 2024 തുടക്കം മുതൽ നിയമം പ്രാബല്യത്തിൽ വരും. ചെറിയ ബോട്ടുകൾ വഴിയുള്ള അപകടകരമായ ചാനൽ ക്രോസിംഗുകൾ തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് പറഞ്ഞു. അനധികൃതമായ ജോലിയും താമസവും നിയമവിരുദ്ധ കുടിയേറ്റത്തിന് കാരണമാകുന്ന പ്രധാന ഘടകമാണെന്ന് ഹോം ഓഫീസ് വാദിക്കുന്നു.

അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്നതിനുള്ള പിഴ ആദ്യ കുറ്റത്തിന് 15,000 പൗണ്ടിൽ നിന്ന് 45,000 പൗണ്ടായി ഉയരും. കുറ്റം ആവർത്തിക്കുന്നവർക്ക് £20,000 മുതൽ £60,000 വരെ പിഴ മൂന്നിരട്ടിയായി വർദ്ധിക്കും. അതേസമയം, കുടിയേറ്റക്കാർക്ക് താമസം നൽകുന്നവർക്ക് £1,000 £ 5,000 എന്നിങ്ങനെ £10,000 വരെ പിഴ ചുമത്തും. എത്ര പേർ യുകെയിൽ അനധികൃതമായി താമസിക്കുന്നുവെന്നതിന് ഇതുവരെയും കണക്കില്ല. ഗ്രേറ്റർ ലണ്ടൻ അതോറിറ്റി 2020-ൽ നടത്തിയ ഒരു പഠനം അനുസരിച്ച്, 594,000 – 745,000 രേഖകളില്ലാത്ത ആളുകൾ രാജ്യത്ത് താമസിക്കുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനം.

2018 മുതൽ, രേഖകളില്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയമിച്ചതിന് തൊഴിലുടമകൾക്ക് ഏകദേശം 4,000 സിവിൽ പെനാൽറ്റികൾ നൽകിയിട്ടുണ്ട്. ഇതിലൂടെ ലഭിച്ച പിഴതുക 74 മില്യൺ പൗണ്ട് വരും. ചാനൽ ക്രോസിങ്ങിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുക എന്നത് നിലവിലെ സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ചാനൽ ക്രോസിംഗുകൾ വഴി 45,000-ത്തിലധികം ആളുകൾ യുകെയിൽ പ്രവേശിച്ചിട്ടുണ്ട്. അതേസമയം, നിയമവിരുദ്ധമായി തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകിയ പിഴകൾ യഥാർത്ഥത്തിൽ 2016 മുതൽ മൂന്നിൽ രണ്ട് കുറഞ്ഞുവെന്ന് ലേബറിന്റെ ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.
യു കെ :- ചെയ്യാത്ത റേപ്പ് കുറ്റത്തിന് 17 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച ആൻട്രു മാൽകിൻസണ്ണിന് സർക്കാർ ഒരു മില്യൻ പൗണ്ട് തുക നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നാൽ തനിക്ക് നഷ്ടമായ ജീവിതത്തിന് പകരം വയ്ക്കുവാൻ ഈ തുകയ്ക്ക് സാധിക്കില്ലെന്ന് ആൻട്രു പരസ്യമായി വ്യക്തമാക്കിയിരിക്കുകയാണ്. 20 വർഷം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ആൻട്രുവിനു നീതി ലഭിച്ചത്. 2004 ൽ സാൽഫോർഡിൽ നിന്നുള്ള ഒരു യുവതിയെ റേപ്പ് ചെയ്ത കുറ്റത്തിനാണ് ആൻട്രുവിന് ജയിൽ ശിക്ഷ ലഭിച്ചത്. നിരന്തരമായ പോരാട്ടത്തിന് ഒടുവിൽ പുതിയ തെളിവുകൾ മറ്റൊരു പ്രതിയിലേക്ക് വിരൽ ചൂണ്ടിയതിനെ തുടർന്നാണ് ആൻട്രുവിന്റെ കേസ് അപ്പീൽ കോടതിയിലേക്ക് ഈ വർഷം ജനുവരിയിൽ റഫർ ചെയ്യപ്പെട്ടത്. സാൽഫോർഡിലെ ആക്രമണത്തിനും കൊലപാതകശ്രമത്തിനും രണ്ടാഴ്ചയ്ക്ക് ശേഷം ജന്മനാടായ ഗ്രിംസ്ബിയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് മാൽകിൻസൺ കുറ്റകൃത്യത്തെക്കുറിച്ച് ആദ്യമായി അറിയുന്നത്.

താത്കാലികമായി സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഇയാൾ അക്കാലത്ത് കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്നു. 2003-ൽ നടന്ന ഒരു വിചാരണയെത്തുടർന്ന് മാൽകിൻസൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും, കുറഞ്ഞത് ഏഴ് വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും, താരിഫ് കാലഹരണപ്പെട്ടതിനെ തുടർന്ന് അദ്ദേഹം 10 വർഷം കൂടി ജയിൽവാസം അനുഭവിച്ചു. ഈ സമയങ്ങളിലൊക്കെയും തന്നെ താൻ കുറ്റം ചെയ്തതായി അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല.

താൻ ജയിലിൽ വച്ച് അനുഭവിച്ചതിനും തനിക്ക് നഷ്ടപ്പെട്ട വർഷങ്ങൾക്കും സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തുക ഒരിക്കലും പര്യാപ്തമല്ലെന്ന മറുപടിയാണ് ആൻട്രു മുന്നോട്ടുവയ്ക്കുന്നത്. അവർക്ക് എനിക്കുവേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇതൊന്നും ആൻട്രു പ്രതികരിച്ചു. ഇതോടൊപ്പം തന്നെ ജയിലിൽ അധികൃതർക്ക് നൽകേണ്ട തുക ഇനിമുതൽ കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെട്ടവർ നൽകേണ്ടതില്ലെന്ന തീരുമാനവും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
വെസ്റ്റ് യോർക്ക് ഷെയറിലെ M 62 മോട്ടോർ വേയിൽ 12 വയസ്സുള്ള ആൺകുട്ടി വാഹനം ഇടിച്ച് മരണമടഞ്ഞു. ശനിയാഴ്ച ഉണ്ടായ അപകടത്തിൽ ക്ലെക്ക് ഹീറ്റണിന് സമീപമാണ് കുട്ടിയെ വാഹനം ഇടിച്ചത്.

സംഭവത്തിൽ ഉൾപ്പെട്ട ഡ്രൈവറിനെ കുറിച്ചുള്ള അന്വേഷണം പോലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. അപകടത്തെക്കുറിച്ച് കൂടുതൽ അറിയുന്നവർ മുന്നോട്ടുവരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കുട്ടി കൊല്ലപ്പെട്ടതിനെ തുടർന്ന് നടത്തിയ തുടരന്വേഷണത്തിൽ രണ്ടുപേർ മോട്ടോർ വേയിലൂടെ നടന്നു പോയതായുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് സംശയത്തിന്റെ പേരിൽ 36കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .നിലവിൽ അയാൾ കസ്റ്റഡിയിലാണ്. അപകടത്തിന് കാരണമായ വാഹനം ഓടിച്ച ഡ്രൈവർ സംഭവസ്ഥലത്ത് നിർത്തുകയോ അപകടത്തെക്കുറിച്ച് പോലീസിൽ അറിയിക്കുകയോ ചെയ്തിട്ടില്ല .