Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അമ്മയ് ക്കൊപ്പം നവജാത ശിശുവിനെ കാണാതായതായി പരാതിയുമായി പിതാവ് രംഗത്ത്. കാമുകനൊപ്പമാണ് ഇവർ പോയതെന്നും, ഇയാളുടെ പേരിൽ ലൈംഗിക അതിക്രമം ഉൾപ്പെടെ നിരവധി കേസുകൾ നിലവിൽ ഉണ്ടെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ടൂട്ട്സ് മാർട്ടൻ(35), മാർക്ക്‌ ഗോർഡൻ അവരുടെ കുഞ്ഞ് എന്നിവരെ ജനുവരി 5 നാണ് കാണാതായത്. ബോൾട്ടണിന് സമീപം അവരുടെ കാർ കേടായെന്നും തുടർന്നാണ് കാണാതെ ആയതെന്നുമാണ് പുറത്ത് വരുന്ന വിവരം. ഇരുവരെയും കാണാത്തതിൽ ദുഖമുണ്ടെന്നും, എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും മാർട്ടന്റെ പിതാവ് പറഞ്ഞു. അതേസമയം ഗോർഡൻ അമേരിക്കയിൽ ബലാത്സംഗക്കേസിൽ 20 വർഷം തടവ് അനുഭവിച്ചിട്ടുണ്ടെന്നും, സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോർഡന്റെ മുൻകാല ജീവിതത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്നും, പിതാവ് നേപ്പിയർ മാർട്ടൻ തുറന്ന് പറഞ്ഞു. മകളെയും കുഞ്ഞിനേയും എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നാണ് ആവശ്യം. എന്നാൽ കേസിൽ കുഞ്ഞിന്റെ ജനനത്തെ കുറിച്ച് ആശുപത്രികളിൽ നിന്ന് മതിയായ രേഖകൾ ലഭിച്ചിട്ടില്ലെന്നും മാസം തികയാതെ ജനിച്ചതാണോ എന്ന് സംശയം ഉണ്ടെന്നും പോലീസ് പറയുന്നു. 2016 ലാണ് ഗോർഡനുമായി ഇവർ പരിചയപ്പെട്ടത്. 2010 മുതൽ യുകെയിൽ രജിസ്റ്റർ ചെയ്ത പല കേസുകളിലും ഇയാൾ പ്രതിയാണ്. 14 വയസ്സുള്ളപ്പോൾ ഫ്ലോറിഡയിലെ ഒരു കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്കോട്ട്ലാൻഡിലെ ഏറ്റവും പ്രായം കൂടി വ്യക്തി തന്റെ 110-ാം ജന്മദിനം ഇന്ന് ആഘോഷിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്രയും കാലത്തെ ജീവിതത്തിന്റെ രഹസ്യം എന്തെന്നുള്ള ചർച്ചയും ഇതിനോടകം തന്നെ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ അതിന്റെ പിന്നിലെ കാരണം തുറന്നുപറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് സ്കോട്ട്ലാൻഡിന്റെ മുത്തശ്ശി. 1913 ലാണ് മരിയോൺ ഡോസൺ ജനിച്ചത്. ലോകത്തെ പിടിച്ചു കുലുക്കിയ ലോകമഹായുദ്ധങ്ങൾ, സ്പാനിഷ് ഫ്ലൂ പകർച്ചവ്യാധി, കോവിഡ് -19 എന്നിവയുടെ നേർസാക്ഷികൂടിയാണ് മരിയോൺ.

സ്കോട്ട്ലാൻഡിലെ റെൻഫ്രൂഷയറിലായിരുന്നു താമസം. 1941 അവൾ വിവാഹിതയായി. 100 വയസു പിന്നിട്ട ജീവിതത്തിൽ മക്കളെയും മക്കളുടെ മക്കളെയും കാണുവാൻ ലഭിച്ചത് വലിയ ഭാഗ്യമാണെന്നും, മദ്യത്തിൽ നിന്ന് അകന്ന് നിന്നതാണ് ആയുസിന്റെ പിന്നിലെ രഹസ്യമെന്നും മരിയോൺ വ്യക്തമാക്കി. ‘ഒരിക്കലും മദ്യം ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടാണ് ഞാൻ ഇത്രയുംകാലം ജീവിച്ചത്. ആകെ ഉപയോഗിക്കുന്നത് നാരങ്ങാവെള്ളമാണ്. ഞാൻ ജനിച്ചത് ഈ നാട്ടിലാണ്. ഞാൻ സ്കൂളിൽ പോയതും, കളിക്കാൻ പോയതുമെല്ലാം ഇവിടെയാണ്. എനിക്ക് പ്രിയപ്പെട്ട ഒരിടമാണ് ഇവിടം’- മരിയൻ പറഞ്ഞു.

ജീവിതത്തിൽ ഇത്രയും കാലത്തിനിടയിൽ കഴിഞ്ഞ വർഷം റെൻഫ്രൂഷയറിലെ സ്വന്തം വീട്ടിൽ നിന്ന് അടുത്തുള്ള മൊറാർ ലിവിംഗ് കെയർ ഹോമിലേക്ക് മാത്രമാണ് മാറിയിട്ടുള്ളത്. വീട്ടിലെ ഏതു കാര്യങ്ങളിലും മരിയോൺ സജീവമായി ഇടപെടുന്നുണ്ട്. മരിയോൺ ഇവിടെ ഉണ്ടായിരിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും, മാത്രമല്ല അവൾ തന്റെ എല്ലാ കമ്മ്യൂണിറ്റി ബന്ധങ്ങളും കാത്തു സൂക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും ഹോം മാനേജർ കാരെൻ ആംസ്ട്രോംഗ് ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം തന്നെ മരിയോണിന്റെ ജീവിതം കേന്ദ്രീകരിച്ചു സമീപത്തെ സ്കൂൾ കുട്ടികൾ ഒരു നാടകം അവതരിപ്പിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഫെബ്രുവരി 6 -ന് ഇംഗ്ലണ്ടിലും വെയിൽസിലും നേഴ്സുമാർ സമരം പ്രഖ്യാപിച്ചിരിക്കുന്ന അന്നുതന്നെ ആംബുലൻസ് ഡ്രൈവർമാരും പണിമുടക്ക് നടത്തും. ആരോഗ്യമേഖലയിലെ രണ്ടു വിഭാഗം ജീവനക്കാർ ഒരേ ദിവസം സമരമുഖത്തിറങ്ങുന്നത് എൻഎച്ച്എസിനെ കടുത്ത പ്രതിസന്ധിയിൽ ആക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എൻ എച്ച് എസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആംബുലൻസ് ജീവനക്കാരും റോയൽ കോളേജ് ഓഫ് നേഴ്സിംഗ് യൂണിയനും ഒരേ ദിവസം സമരമുഖത്തിറങ്ങുന്നത്.


ഫെബ്രുവരി 6 , 20 മാർച്ച് 6, 20 എന്നീ തീയതികളിൽ ആംബുലൻസ് ഡ്രൈവർമാരെ കൂടാതെ പാരാമെഡിക്കുകൾ, കോൾ ഹാൻഡ്‌ലർമാർ , സപ്പോർട്ട് വർക്കർമാർ എന്നിവരും പണിമുടക്കും. നിലവിൽ ഫെബ്രുവരി 6, 7 തീയതികളിൽ നടക്കുന്ന നേഴ്സുമാരുടെ പണിമുടക്കിൽ 73 ട്രസ്റ്റുകളിൽ നിന്നുള്ള യൂണിയൻ അംഗങ്ങൾ ആണ് പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ പണിമുടക്കിനെ അപേക്ഷിച്ച് കടുത്ത പ്രതിസന്ധിയിലേയ്ക്ക് എൻഎച്ച്എസ് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം മറ്റ് ആരോഗ്യ മേഖലയിലെ ജീവനക്കാരും പണിമുടക്കുന്നത് എൻഎച്ച്എസിന്റെ പ്രതിസന്ധി രൂക്ഷമാക്കും.

ചർച്ചകൾക്കുള്ള എല്ലാ വാതിലുകളും തുറന്നെങ്കിലും വേതന വർദ്ധനവിന്റെ കാര്യത്തിൽ ഗവൺമെൻറ് നിലപാട് ആശാവഹമല്ലെന്നാണ് യൂണിയനുകൾ പ്രതികരിച്ചത്. സമര ദിവസങ്ങളിലും അടിയന്തര സേവനങ്ങൾ മുടക്കമില്ലാതെ നടക്കുമെന്നാണ് അവകാശപ്പെടുന്നതെങ്കിലും പല ആശുപത്രികളിലെയും സ്ഥിതി തികച്ചും പരിതാപകരമാണ്. പണപ്പെരുപ്പത്തിനും വർധിച്ചുവരുന്ന ജീവിത ചിലവുകൾക്കും ആനുപാതികമായുള്ള ശമ്പള വർദ്ധനവാണ് നേഴ്സുമാരുൾപ്പെടെയുള്ള യൂണിയനുകൾ മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട ആവശ്യം

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിർണായക പ്രഖ്യാപനവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. മുൻ വർഷങ്ങളിൽ പുതിയ ഒരു വാഹനത്തിന് മൂന്ന് വർഷത്തെ എം ഒ ടി ആയിരുന്നു ആവശ്യം ഉണ്ടായിരുന്നത്. എന്നാൽ വാഹന നിർമാണ രംഗത്ത് സാങ്കേതികവിദ്യ കൈവരിച്ചിരിക്കുന്ന വളർച്ചയെയും പലതരത്തിലുള്ള ഇലക്ടറിക്‌ വാഹനങ്ങൾ വിപണിയിൽ ലഭ്യമാകുന്നതിനെ തുടർന്നുമാണ് ഈ നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം.

പുതിയ വാഹനങ്ങൾക്കായുള്ള ആദ്യ എം ഒ ടിയുടെ തീയതിയും മലിനീകരണം തടയാൻ കൈകൊള്ളേണ്ട തീരുമാനവും എടുക്കാൻ വിദഗ്ധ സമിതിയ്ക്ക് ഇതിനോടകം തന്നെ രൂപം നൽകിയിട്ടുണ്ട്. റോഡിൽ വാഹനത്തിന്റെ പെർഫോമൻസ് എങ്ങനെയാണ് എന്നതും ഇതിൽ വിലയിരുത്തും. നിലവിൽ എം ഒ ടിയ്ക്ക് ശരാശരി £40 ചിലവാകുമെന്നാണ് കരുതുന്നത്. ഇതിലൂടെ ഗ്രേറ്റ് ബ്രിട്ടനിലുടനീളം വാഹനമോടിക്കുന്നവർക്ക് പ്രസ്തുത ഫീസിൽ പ്രതിവർഷം വലിയൊരു തുക ലഭിക്കാൻ സാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇതിനു പുറമെ എം ഒ ടി സംവിധാനത്തിൽ ഉണ്ടാകുന്ന നിർണായക മാറ്റങ്ങൾ വാഹനമോടിക്കുന്ന ആളുകളെ അറിയിക്കാനും വാഹനങ്ങൾ ഗതാഗതയോഗ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുന്നതിനുമായി ഗതാഗത വകുപ്പിന്റെയും ഡി.വി.എസ്.എ-യുടെയും നേതൃത്വത്തിൽ വിവിധ ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ പൊതുഗതാഗത രംഗത്ത് മറ്റ് രാജ്യങ്ങളെക്കാൾ യുകെ മേൽകൈ കൈവരിക്കുമെന്നാണ് വിഷയത്തിൽ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. മൂന്ന് വർഷം എന്നുള്ളത് നാല് വർഷം ആക്കി മാറ്റിയത് വാഹനങ്ങളുടെ സുരക്ഷയെ കരുതിയാണെന്നാണ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാറിടം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിരോധിക്കുന്നത് സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർമാരുടെയും നോൺ-ബൈനറിക്കാരുടെയും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്ന മേൽനോട്ട ബോർഡിന്റെ ശുപാർശയിൽ നടപടിയ്ക്കൊരുങ്ങി മെറ്റ. ടോപ്പ് സർജറിയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ചിത്രങ്ങൾ ട്രാൻസ് ദമ്പതിമാർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ചിത്രത്തിന് മെറ്റ വിലക്കേർപ്പെടുത്തിയതിനെ തുടർന്നായിരുന്നു ബോർഡിന്റെ ശുപാർശ.

പുരുഷന്മാർ ശരീരം കാണിച്ചുകൊണ്ട് പോസ്റ്റ്‌ ചെയുന്ന ചിത്രങ്ങൾക്ക് ഇത്തരത്തിൽ വിലക്ക് ബാധകമല്ല. എന്നാൽ സ്ത്രീകൾക്ക് മാത്രം എന്തുകൊണ്ട് വിലക്കേർപെടുത്തുന്നു എന്നുള്ളത് കാലങ്ങളായി നിലനിൽക്കുന്ന ചർച്ചയാണ്. മെറ്റയുടെ നയം മാറ്റണമെന്നും വിവേചനപരമായ തീരുമാനത്തിൽ മാറ്റം ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് 2020 ൽ നഗ്നരായ പ്രതിഷേധക്കാർ – പുരുഷന്മാരും സ്ത്രീകളും ഉൾപ്പടെ ഫേസ്ബുക്കിന്റെ ന്യൂയോർക്ക് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയിരുന്നു.

മെറ്റ സ്വാതന്ത്രമായി പ്രവർത്തിക്കുന്ന ബോർഡാണ്. ഇന്റർസെക്‌സ്, നോൺ-ബൈനറി, ട്രാൻസ്‌ജെൻഡർ ആളുകൾക്കും തുടങ്ങി എല്ലാവർക്കുമുള്ള നയം ലിംഗഭേദത്തിന്റെ ബൈനറി വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2013 ൽ സ്ത്രീകൾ മുലയൂട്ടുന്ന ചിത്രങ്ങൾ നീക്കം ചെയ്തതിന് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് സംഭവത്തിൽ ക്ഷമ ചോദിച്ചു അധികൃതർ രംഗത്ത് വന്നിരുന്നു. തുടർന്ന് ഇത്തരം ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് പണിമുടക്കാൻ ഒരുങ്ങി ഇംഗ്ലണ്ടിലെയും വെയിൽസിലെയും അധ്യാപകർ. ഫെബ്രുവരി, മാർച്ച്‌ എന്നീ മാസങ്ങളിൽ തുടർച്ചയായി ഏഴ് ദിവസങ്ങൾ പണിമുടക്കാനാണ് തീരുമാനം. റിയൽ-ടേം വേതന വ്യവസ്ഥ വെട്ടികുറച്ചതിൽ പ്രതിഷേധിച്ചാണ് യൂണിയൻ സമരത്തിന് ആഹ്വാനം ചെയ്തത്. ഫെബ്രുവരി മാസം ഒന്നാം തീയതി ആരംഭിക്കുന്ന പണിമുടക്ക് ഏകദേശം 23,400 സ്കൂളുകളെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഡിപ്പാർട്ട്‌മെന്റ് ഫോർ എഡ്യൂക്കേഷൻ മിക്ക അധ്യാപകർക്കും ഈ അധ്യയന വർഷത്തിൽ 5% ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പണപ്പെരുപ്പവും ജീവിത ചിലവും വർദ്ധിക്കുന്നതിനിടയിൽ 5% വർദ്ധനവ് പോരെന്നാണ് യൂണിയൻ പറയുന്നത്.

അടിയന്തിര സാഹചര്യത്തിൽ അവധി എടുക്കുന്നത് പോലെയല്ല പണിമുടക്കെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കാൻ ആരുടെ ഭാഗത്ത്‌ നിന്നും ശ്രമം ഉണ്ടാകരുതെന്നും, ഇരുവശത്തും ഒരു പരിധിവരെ വഴക്കവും പരിഹാരവും ആവശ്യമാണെന്നും അഭിഭാഷക പ്രതിനിധി റസ്സൽ ഡാൻ പറഞ്ഞു. ബദൽ ക്രമീകരണങ്ങൾ എന്തെങ്കിലും ചെയ്യണമെന്നും, കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിൽ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളെ നോക്കാൻ രക്ഷിതാക്കൾ അവധി എടുക്കുന്നത് ഒരു ബദൽ മാർഗമാണ്. പണിമുടക്ക് പിൻവലിക്കില്ല എന്ന സൂചനകളാണ് അനുദിനം പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ രക്ഷിതാക്കൾ മുൻകരുതൽ എടുക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ കരാർ അനുസരിച്ചാണ് ശമ്പളം നൽകുന്നത്. അതുകൊണ്ട് തന്നെ അവധി ദിവസങ്ങളിൽ ശമ്പളം ലഭിക്കുമോ എന്നുള്ളത് കരാറിനെ ആശ്രയിച്ചിരിക്കും. ഈ ദിവസങ്ങളിൽ കുട്ടികളെ സ്കൂളിൽ അയക്കണോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം സ്കൂൾ അധികൃതരുടെ ഭാഗത്ത്‌ നിന്ന് ആണെന്നും സർക്കാർ കേന്ദ്രങ്ങൾ അറിയിക്കുന്നു. അതേസമയം ജീവനക്കാരുടെ എണ്ണം ശരാശരിയെക്കാൾ കുറവാണെങ്കിൽ സ്‌കൂളുകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്‌സിന്റെ ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാൻ പറഞ്ഞു.

പണിമുടക്ക് നടക്കുന്ന ദിവസങ്ങളും, സ്ഥലവും

* 2023 ഫെബ്രുവരി 1 ബുധനാഴ്ച: ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ യൂണിയൻ അംഗങ്ങളും.

* 2023 ഫെബ്രുവരി 14 ചൊവ്വാഴ്ച: വെയിൽസിലെ മുഴുവൻ ജീവനക്കാരും പണിമുടക്കും

* 2023 ഫെബ്രുവരി 28 ചൊവ്വാഴ്ച: നോർത്തേൺ, നോർത്ത് വെസ്റ്റ്, യോർക്ക്ഷയർ & ദി ഹമ്പർ എന്നിവിടങ്ങളിലെ ജീവനക്കാർ

* 2023 മാർച്ച് 1 ബുധനാഴ്ച: ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റേൺ പ്രദേശങ്ങളിലെ ജീവനക്കാർ

* 2023 മാർച്ച് 2 വ്യാഴാഴ്ച: ലണ്ടൻ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളിലെ ജീവനക്കാർ

* 2023 മാർച്ച് 15 ബുധനാഴ്ച: ഇംഗ്ലണ്ടിലേയും ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ അംഗങ്ങളും.

* 2023 മാർച്ച് 16 വ്യാഴാഴ്ച: ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ അംഗങ്ങളും

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നേഴ്സുമാർ പ്രഖ്യാപിച്ചിരിക്കുന്ന സമരമൂലം പ്രവർത്തനങ്ങൾ തടസപ്പെട്ടേക്കുമെന്ന് എൻഎച്ച്എസ് രോഗികൾക്ക് മുന്നറിയിപ്പ് നൽകി . നേരത്തെ ഡിസംബർ 15, 20 തീയതികളിൽ മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകൾക്കായി നേഴ്സുമാർ സമരത്തിനിറങ്ങിയിരുന്നു. തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാരിൻറെ ഭാഗത്തുനിന്നും തുടർ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 6 , 7 തീയതികളിൽ 19.2 ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ട് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ സമരമുഖത്തിറങ്ങും.


ഡിസംബറിൽ നടന്ന സമരത്തിൽ 55 ട്രസ്റ്റുകളുടെ നേഴ്സുമാർ മാത്രമാണ് പണിമുടക്ക നിറങ്ങിയത്. എന്നാൽ അടുത്തമാസം നടക്കുന്ന സമരത്തിൽ 75 ട്രസ്റ്റുകളിലെ നേഴ്സുമാർ സമരമുഖത്തിറങ്ങും. കഴിഞ്ഞ പ്രാവശ്യത്തെ സമരത്തിനെ അപേക്ഷിച്ച് കൂടുതൽ ആളുകൾ പണി മുടക്കുന്നതോടെ പല ആരോഗ്യ സേവനങ്ങളും തടസ്സപ്പെടുവാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രേഡ് യൂണിയൻ നിയമമനുസരിച്ച് രാവിലെ 8 മുതൽ വൈകിട്ട് 8 മണി വരെയാണ് പണിമുടക്കിന്റെ സമയം.


പണിമുടക്കിന്റെ സമയത്ത് അടിയന്തര പ്രാധാന്യമുള്ള പരിചരണങ്ങൾ മുടക്കമില്ലാതെ നടക്കുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. കീമോതെറാപ്പി, കിഡ്നി ഡയാലിസിസ്, തീവ്രപരിചരണം തുടങ്ങിയ സേവനങ്ങൾ തടസ്സപ്പെട്ടേക്കില്ല. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്ത അടിയന്തര പ്രാധാന്യമില്ലാത്ത പല സേവനങ്ങൾക്കും തടസ്സം ഉണ്ടാകാനാണ് സാധ്യത. കഴിഞ്ഞ മാസത്തെ സമരം മൂലം ഇത്തരത്തിലുള്ള ആയിരക്കണക്കിന് അപ്പോയിൻമെൻറ്കൾ പുന:ക്രമീകരിക്കേണ്ടതായി വന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അമിതവണ്ണമുള്ളവരിൽ വിറ്റാമിൻ ഡി പ്രവർത്തിക്കില്ലെന്ന് നിർണായക വെളിപ്പെടുത്തലുമായി പഠനം രംഗത്ത്. സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്ന ഇത്, എല്ലുകളെ ശക്തമാക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ക്യാൻസർ മൂലമുള്ള മരണ സാധ്യത കുറയ്ക്കുകയും ചെയ്യും.

എന്നാൽ നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോഗ്യകരമായ ഭാരമുള്ള ആളുകൾക്ക് മാത്രമേ പ്രയോജനം ബാധകമാകൂ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള ആളുകൾക്ക് ക്യാൻസർ, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുൾപ്പെടെയുള്ള പല ആരോഗ്യ പ്രശ്നങ്ങളുടെയും മരുന്ന് എന്ന രീതിയിൽ വിറ്റാമിൻ ഡി പ്രവർത്തിക്കില്ലെന്ന് ചുരുക്കം.

ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുതൽ ഉള്ള ആളുകളിൽ ഇത് പ്രവർത്തിക്കാത്തതിന് പല കാരണങ്ങളും ശാസ്ത്രജ്ഞർ ചൂണ്ടികാട്ടുന്നുണ്ട്. അതിൽ പ്രധാനം വിറ്റാമിൻ ഡി സപ്ലിമെന്റുകൾ മെറ്റബോളിസ് ചെയ്യാൻ കാലതാമസം നേരിടുന്നു എന്നുള്ളതാണ്. മാത്രമല്ല ഒരേ ഗുളികകൾ കഴിക്കുന്ന അമിതവണ്ണം ഉള്ള ഒരാളിലും, അല്ലാത്ത ഒരാളിലും രണ്ട് രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രണ്ടു വർഷം തുടർച്ചയായി നടത്തിയ പഠനങ്ങൾ ഇത് വ്യക്തമാക്കുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബ്രിഗാം ആന്റ് വിമൻസ് ഹോസ്പിറ്റലിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. ഡീർഡ്രെ ടോബിയാസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നടപാതയിലേക്ക് സ്പോർട്സ് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞിനും ദാരുണാന്ത്യം. ജസ്റ്റിൻ ഹൽബോജും(27) മകൾ നാല് വയസുകാരി ലെന ചെപ്‌സോറുമാണ് മരണപ്പെട്ടത്. വെള്ള ഔഡി ടി ടി ആർ എസ് ആണ് അപകടത്തിൽപെട്ട വാഹനം. നേഴ്സറിയിലേക്ക് പോകുന്നതിനിടയിൽ അമിത വേഗതയിൽ എത്തിയ സ്പോർട്സ് കാർ നിയന്ത്രണം വിട്ട് നടപാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

വെസ്റ്റ് യോർക്ക് ക്ഷെയറിലെ ലീഡ്‌സിലെ ജാഗ്വാർ കാർ ഡീലർഷിപ്പിന് സമീപമുള്ള മതിലിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചപ്പോഴാണ് അപാകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റൊരു കാറുമായി വാഹനം മത്സരിച്ചു വരികയായിരുന്നെന്നും, ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ടെന്നും പോലീസ് കൂട്ടിചേർത്തു. അപകടം നേരിട്ട് കണ്ടവർ ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്നും, അത് അന്വേഷണത്തെ സഹായിക്കുമെന്നും ഡിറ്റെക്റ്റീവ് ഇൻസ്‌പെക്ടർ പോൾ കോൺറോയ് പറഞ്ഞു.

കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് യോർക്ക്ഷെയർ പോലീസ് അറിയിച്ചു. അപകടത്തിനു മുൻപുള്ള ദൃശ്യങ്ങളും ഓടിച്ച രീതിയെക്കുറിച്ചുള്ള വിവരങ്ങളും ഡാഷ്‌ക്യാം ദൃശ്യങ്ങളും പരിശോധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അപകടത്തിൽ പരിക്കുപറ്റിയതിനെ തുടർന്ന് ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച തുടരുകയാണ്. മഞ്ഞും ഐസും പൊഴിയുന്നത് മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ ചിലയിടങ്ങളിലുമുണ്ട്. അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് പോലീസ് നൽകുന്ന നിർദേശം. പല പ്രദേശങ്ങളിലും യെല്ലോ അല്ലെർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കൻ സ്കോട്ട്ലൻഡിൽ മഞ്ഞുവീഴ്ചയ്ക്കുള്ള ആംബർ അലർട്ടും നിലവിൽ നൽകിയിട്ടുണ്ട്. രാത്രിയിൽ താപനില -9.8C വരെ താഴ്ന്നിരുന്നു. ഇതേ തുടർന്ന് സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.

ഒരിടവേളയ്ക്ക് ശേഷമാണ് തണുപ്പ് വീണ്ടും കൂടുന്നത്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും, കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കണമെന്നുമാണ് കാലാവസ്ഥ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. വടക്കൻ സ്‌കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ്, വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ കൂടുതൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. സ്ഥിതിഗതികൾ മോശമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റോഡ് മാർഗം യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും ഒരുപക്ഷെ യാത്ര തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് പുറത്ത് വരുന്ന വിവരം.

ഇന്ന് രാത്രിയിലും മഞ്ഞുവീഴ്ച തുടരുമെന്നും,യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലുമുള്ള താപനില ഉയരാൻ ഇത് കാരണമാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷകൻ നിക് മില്ലെർ പറയുന്നത്. ബുധനാഴ്ച ഉച്ചവരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. നിസാരമായി കാണരുതെന്നും, മഞ്ഞു വീഴ്ച മൂലം തടാകങ്ങൾ തണുത്തുറയാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Copyright © . All rights reserved