Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യത്ത് സമരങ്ങളുടെ പരമ്പരയാണ് അരങ്ങേറുന്നത്. ആരോഗ്യരംഗം ഉൾപ്പെടെ ഒട്ടുമിക്ക മേഖലകളിലെയും ജീവനക്കാർ സമരവുമായി രംഗത്ത് വന്നിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനും ജീവിതചലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളാണ് എല്ലാ മേഖലകളിലെയും ജീവനക്കാർ ആവശ്യപ്പെടുന്നത്.

എന്നാൽ പൊതു മേഖലകളിൽ ജീവനക്കാർ നടത്തുന്ന സമരത്തിന് കൂച്ചു വിലങ്ങിടാൻ പര്യാപ്തമായ നിയമവുമായി വരാനുള്ള നീക്കം സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബിസിനസ് വകുപ്പാണ് ഈ നീക്കത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടത്. പണിമുടക്കാനുള്ള ജീവനക്കാരുടെ അവകാശത്തെ സംരക്ഷിക്കുന്നതിനൊപ്പം തന്നെ അത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളായിരിക്കും നിയമത്തിൽ ഉണ്ടായിരിക്കുക എന്ന് ബിസിനസ് വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.


ആരോഗ്യം, വിദ്യാഭ്യാസം, ആണവോർജ്ജം, മറ്റ് ഗതാഗത സേവനങ്ങൾ , അതിർത്തി സുരക്ഷ എന്നീ മേഖലകൾ പുതിയ നിയമത്തിന്റെ പരിധിയിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പണിമുടക്കിനെതിരെയുള്ള നിയമങ്ങൾ പാലിച്ചില്ലെങ്കിൽ യൂണിയനുകൾക്ക് എതിരെ കേസെടുക്കും എന്നാണ് റിപ്പോർട്ടുകൾ . പുതിയ നിയമം എല്ലാ രീതിയിലും അധ്വാനിക്കുന്ന ഈ വിഭാഗത്തിനെതിരെയുള്ള കടന്നാക്രമണമാണെന്നും ട്രേഡ് യൂണിയനുകൾ ഇതിനെതിരെ പോരാടണമെന്നും ടി യു സി ജനറൽ സെക്രട്ടറി പോൾ നോവാക് പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വില്യം രാജകുമാരൻ തന്നെ ശരീരികമായി ആക്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഹാരി രാജകുമാരൻ രംഗത്ത്. ദി ഗാർഡിയൻ പത്രമാണ് വാർത്ത പുറത്ത് വിട്ടത്. ഡ്യൂക്ക് ഓഫ് സസെക്‌സിന്റെ ഓർമ്മക്കുറിപ്പായ സ്‌പെയറിൽ ഇതിനെ കുറിച്ച് പരാമർശം നടത്തുന്നുണ്ടെന്നും ഗാർഡിയൻ പറയുന്നു. ഹാരി രാജകുമാരന്റെ ഭാര്യ മേഗനെ ചൊല്ലിയുള്ള വിവാദങ്ങളെ കുറിച്ചും വെളിപ്പെടുത്തൽ പുസ്തകത്തിലുണ്ടെന്നും പത്രം റിപ്പോർട്ട്‌ ചെയ്യുന്നു.

വസ്ത്രത്തിന്റെ കോളറിൽ പിടിച്ചു വലിച്ചെന്നും മാല വലിച്ചു പൊട്ടിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അതേസമയം, കെൻസിംഗ്ടൺ കൊട്ടാരവും ബക്കിംഗ്ഹാം കൊട്ടാരവും മാധ്യമവാർത്തകളോട് പ്രതികരിക്കാനില്ലെന്ന് അറിയിച്ചു രംഗത്ത് വന്നു. രാജകുടുംബത്തെ സംബന്ധിച്ചുള്ള വാർത്തകളിൽ ഔദ്യോദിക വിശദീകരണം നൽകാറുള്ള പതിവുണ്ട്. എന്നാൽ അതിന് മുതിരാതെ തർക്കം ഉള്ളിൽ തന്നെ പരിഹരിക്കാനാണ് നിലവിൽ രാജകുടുംബം ശ്രമിക്കുന്നത്. എന്നാൽ ഐടിവിക്ക് നൽകിയ അഭിമുഖത്തിൽ മെയ്‌ മാസം നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണത്തിൽ നിന്നും ഹാരി രാജകുമാരൻ വിട്ട് നിൽക്കുമെന്നു പറഞ്ഞെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. അഭിമുഖം ഇതുവരെ ടെലികാസ്റ്റ് ചെയ്തിട്ടില്ല.

2019 ൽ ലണ്ടനിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ച്ചയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് വിവാദത്തിന് തുടക്കം കുറിച്ചതെന്നാണ് പുസ്തകം പറയുന്നത്. മേഗൻ മാർക്കിളുമായുള്ള ഹാരിയുടെ വിവാഹത്തെ വില്യം എതിർത്തിരുന്നെന്നും, മേഗനെതിരെ രൂക്ഷമായ വിമർശനം നടത്തിയിട്ടുണ്ടെന്നുമാണ് ഗാർഡിയൻ വിഷയത്തിൽ പ്രതികരിക്കുന്നത്. ഇതിന്റെ ബാക്കിയാണ് നിലവിലെ വെളിപ്പെടുത്തൽ

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഎച്ച്എസ്സിന്റെ കെടുകാര്യസ്ഥത സർക്കാരിൻറെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കുറെ നാളുകളായി. എല്ലാദിവസവും സഹായം ആവശ്യമുള്ള രോഗികൾക്ക് അടിയന്തര വൈദ്യ ശുശ്രൂഷകൾ നിഷേധിക്കപ്പെട്ടതിന്റെ വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. സോളിഹുളിൽ നിന്നുള്ള 72 വയസ്സുകാരിയായ കാത് ലിൻ ഫിലിപ്പിന് 13 മണിക്കൂർ ആംബുലൻസിൽ കാത്തിരിക്കേണ്ടി വന്നതിന്റെ വാർത്ത വേദനയോടെയാണ് അവരുടെ മകൻ മാധ്യമങ്ങളോട് വിവരിച്ചത്.

നേഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും തങ്ങളെ സഹായിക്കാൻ ആവതെല്ലാം ചെയ്തെന്ന് ട്രാൻസ്പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ആയി ജോലി ചെയ്യുന്ന ഡാരൻ ഫിലിപ്പ്സൺ പറഞ്ഞു. ശാരീരിക അസ്വാസ്ഥതയെ തുടർന്ന് വൈദ്യസഹായത്തിനായി ഫോൺ ചെയ്ത് 20 മിനിറ്റിനുള്ളിൽ ആംബുലൻസ് ഹാർട്ട്ലാൻഡ്‌സ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ നീണ്ട നേരം കാത്തിരിക്കാനായിരുന്നു വിധി . തന്റെ പോലെ തന്നെ 17 ആംബുലൻസുകൾ ക്യൂവിൽ കാത്തിരിക്കുകയായിരുന്നു എന്നാണ് ഡാരൻ വെളിപ്പെടുത്തിയത്.

രോഗികൾക്ക് ചികിത്സ ലഭിക്കാൻ ജീവനക്കാർ തങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞും കഠിന പ്രയത്നം ചെയ്യുന്നത് താൻ കണ്ടുവെന്ന് കാത് ലിൻ ഫിലിപ്പ്സൺ പറഞ്ഞു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിലെ നേഴ്സുമാർ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നാണ് അവർ പറഞ്ഞത്. മതിയായ ജീവനക്കാരില്ലാത്തതാണ് എൻഎച്ച്സിലെ പ്രധാന പ്രശ്നങ്ങളുടെ മൂല കാരണമെന്ന്ചൂണ്ടിക്കാണിക്കുന്നതാണ് ഡാരന്റെ വാക്കുകൾ. കഴിഞ്ഞദിവസം അടിയന്തര വൈദ്യസഹായത്തിനായി 25 മണിക്കൂർ കാത്തിരിക്കേണ്ടി വന്ന ആനെറ്റ് ഫ്യൂറി എന്ന സ്ത്രീ ഒരു യുദ്ധ സിനിമ പോലെയാണെന്നാണ് തന്റെ ആശുപത്രി അനുഭവത്തെ വിശേഷിപ്പിച്ചത്. 13 മണിക്കൂർ ആംബുലൻസിലും 12 മണിക്കൂർ അത്യാഹിത വിഭാഗത്തിലുമാണ് അവർക്ക് കഴിച്ചുകൂട്ടേണ്ടതായി വന്നത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. നോട്ടിംഗ്ഹാംഷെയറിലെ വീട്ടിൽ വെച്ച് ക്ലെയർ എബിൾവൈറ്റ് (47) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് വിധി. പ്രതിയായ മുൻ കാമുകൻ ജോൺ ജെസ്സോപ്പിന്(26) 17 വർഷവും 8 മാസവുമാണ് തടവ് അനുഭവിക്കേണ്ടിവരിക.

 

 

 

എബിൾവൈറ്റിനെ കൊലപ്പെടുത്താൻ ജെസ്സോപ്പ് നെവാർക്കിലെ തന്റെ വീട്ടിൽ നിന്ന് 17 മൈൽ സൈക്കിൾ ചവിട്ടിയാണ് കോൾസ്റ്റൺ ബാസെറ്റിലെത്തിയത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള സംഭവമാണിതെന്നും, കൊലപാതകം അതിക്രൂരവും പൈശാചികവുമാണെന്നും പോലീസ് പറഞ്ഞു. ‘തലയിലും നെഞ്ചിലുമായിരുന്നു പ്രധാനമായും മുറിവുകൾ ഉണ്ടായിരുന്നത്, നല്ല ആഴത്തിൽ അവ താഴ്ന്നതാണ് മരണം കാരണം’ നോട്ടിംഗ്ഹാംഷെയർ പോലീസിലെ ഡെറ്റ് ഇൻസ്‌പി മെൽ ക്രച്ച്‌ലി പറഞ്ഞു.

എബിൾവൈറ്റിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതി അടുപ്പമുള്ള ആരെങ്കിലും ഒരാൾ ആണെന്ന് വ്യക്തമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് നോട്ടിംഗ്ഹാം ക്രൗൺ കോടതിയിലാണ് വാദം നടന്നത്. ആദ്യം ജെസ്സോപ്പ് ക്രൂരമായി മർദ്ദിച്ച് അവശയാക്കിയെന്നും എന്നാൽ പിന്നീട് അടുക്കളയിൽ നിന്നും കത്തിയെടുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും ശിക്ഷ വിധിച്ച ജഡ്ജ് സ്റ്റുവർട്ട് റാഫെർട്ടി കെസി പറഞ്ഞു.

നോട്ടിംഗ്‌ഹാംഷെയറിലെ ബിംഗ്‌ഹാമിലാണ് മിസ് ആബ്‌ലെവൈറ്റ് വളർന്നത്. 19 -മത്തെ വയസിലായിരുന്നു വിവാഹം. മൂന്ന് കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അവർക്കിടയിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് 2022 ജനുവരി മുതൽ കോൾസ്റ്റൺ ബാസെറ്റിൽ വാടകക്ക് താമസിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചൈനയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള യാത്രാ നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. പുതിയ ചട്ടങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ കഴിഞ്ഞ മാർച്ചിൽ റദ്ദാക്കിയിരുന്നു. വീണ്ടും അത്തരമൊരു സാഹചര്യം വന്നാലേ നിയന്ത്രണങ്ങൾ കൊണ്ടുവരൂ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. അതിനിടയിലാണ് ചൈനയിൽ നിന്നുമെത്തുന്ന ആളുകൾക്ക് മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചൈനയിൽ കോവിഡിന്റെ പുതിയ വകഭേദം രോഗം പടർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. XBB 1.5 വകഭേദത്തെ കുറിച്ച് ആഗോള തലത്തിൽ ആശങ്ക നിലനിൽക്കുന്നതിനിടയിലാണ് നിർണായക തീരുമാനവുമായി ഇംഗ്ലണ്ട് എത്തുന്നത്. നാളെ മുതൽ ചൈനയിൽ നിന്ന് രാജ്യത്തേക്ക് എത്തുന്ന ആളുകൾ യാത്ര ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ് കോവിഡ് ടെസ്റ്റ്‌ ചെയ്ത് അതിന്റെ റിസൾട്ട്‌ വിമാനത്തിൽ ജീവനക്കാരെ കാണിക്കണം. 11 വയസിൽ താഴെയുള്ള കുട്ടികളെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാക്കി എല്ലാ യാത്രക്കാർക്കും, ഡയറക്റ്റ്/ ഇൻഡയറക്റ്റ് ഫ്ലൈറ്റുകൾക്കും നിയമം ബാധകമാണ്.

പരിശോധനഫലം പേപ്പറായോ ഇമെയിൽ മുഖേനയോ കൈമാറാം. എന്നാൽ അതിൽ പേര്, ജനനത്തീയതി, പരിശോധനാ ഫലം, സാമ്പിൾ ശേഖരിച്ച തീയതി, മേൽവിലാസം എന്നിവ നിർബന്ധമായും ഉണ്ടാകണം. എൻ എച്ച് എസ് നൽകുന്ന പരിശോധനഫലവും ഉപയോഗിക്കാൻ കഴിയില്ല. 18 വയസിനു മുകളിലുള്ള എല്ലാ യാത്രക്കാരും ഹീത്രു എയർപോർട്ടിൽ എത്തിയതിനു ശേഷവും കോവിഡ് പരിശോധന നടത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കോവിഡ് രാജ്യത്ത് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾക്കിടയിലാണ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ചൈന ഒഴികെ മറ്റേത് രാജ്യത്ത് നിന്നുള്ള യാത്രക്കാർക്ക് ഈ നിയമം ബാധകമല്ലെന്നും അധികൃതർ അറിയിച്ചു.

വോക്കിങ്:  യുകെ മലയാളികളെ വിട്ടൊഴിയാതെ മലയാളി മരണങ്ങൾ.  വോക്കിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന ആദ്യയകാല മലയാളികളിൽ ഒരാളായ വിജയന്റെ (63) ആകസ്മിത മരണം അൽപം മുൻപ് സംഭവിച്ചത്. ഭാര്യ ലളിത,  കവിത, വിചിത എന്നിവർ മക്കളും രമിത് മരുമകനുമാണ്. പയ്യന്നൂർ കുഞ്ഞിമംഗലം ആണ് പരേതന്റെ സ്വദേശം.

വോക്കിങ്ങിൽ ഉള്ള ചെന്നെ ദോശ റെസ്റ്റോറന്റിൽ ഷെഫായിട്ടാണ് ജോലി ചെയ്‌തിരുന്നത്‌. മൂന്ന് ദിവസം മുൻപ് ജോലി ചെയ്തുകൊണ്ടിരിക്കെ അനുഭവപ്പെട്ട നെഞ്ചുവേദനയെത്തുടന്ന് ആശുപത്രിയിൽ പരിശോധനക്കായി പോയതായിരുന്നു വിജയൻ. ആശുപത്രിയിൽ വച്ച് സ്ട്രോക്ക് ഉണ്ടാവുകയും ചെയ്‌തു. ആരോഗ്യ നില വഷളായതോടെ എയർ ആംബുലസിൽ ലണ്ടൻ കിങ്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിൽ ആയിരുന്ന വിജയൻറെ അതിജീവനത്തിന് ഉതകുന്ന തരത്തിൽ പുരോഗതി ലഭിച്ചില്ല. തുടന്ന് കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷം വെന്റിലേറ്ററിൽ നിന്നും മാറ്റി മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഈ മാസം ഏഴാം തിയതി നാട്ടിൽ പോകാനിരിക്കെയാണ് മരണം വിജയനെ കുടുംബത്തിൽ നിന്നും എന്നന്നേക്കുമായി  വേർപെടുത്തിയത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെ മകളുടെ വിവാഹത്തിനായി തിരക്കിട്ട കാര്യങ്ങൾ ക്രമീകരിച്ചുകൊണ്ടിരുന്ന ഈ കുടുംബനാഥന്റെ മരണം ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറത്താണ്. എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ചു നടന്ന വിജയൻറെ മരണം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിശ്വസിക്കാനാവുന്നില്ല.

സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. വിജയൻറെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

18 വയസ്സുവരെ ഇംഗ്ലണ്ടിലെ എല്ലാ കുട്ടികളും ഏതെങ്കിലും തരത്തിൽ കണക്ക് പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പദ്ധതികളുമായി പ്രധാനമന്ത്രി ഋഷി സുനക്. ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും എല്ലാ ജോലികൾക്കും അടിസ്ഥാനമായി നിലകൊള്ളുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മുമ്പത്തേക്കാൾ ഉയർന്ന വിശകലന വൈദഗ്ദ്ധ്യം ആവശ്യമാണെന്നുള്ളതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 16 മുതൽ 19 വയസ്സുവരെയുള്ളവരിൽ പകുതി പേർ മാത്രമാണ് നിലവിൽ കണക്കുകൾ പഠിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും സയൻസ് കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികളും മറ്റുമാണ്. നേരെ മറിച്ച് ഹ്യുമാനിറ്റീസ്, ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിക്കുന്നവർക്ക് കണക്ക് പാഠ്യപദ്ധതിയിൽ ഇല്ല. അതിനാലാണ് കുട്ടികളിൽ കണക്കിനെ പ്രാത്സാഹിപ്പിക്കാൻ ഉതകുന്ന മാർഗങ്ങൾ പ്രധാനമന്ത്രി മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഇത് നടപ്പിലാക്കാൻ കഴിയുമോ എന്ന് വ്യക്തത വന്നിട്ടില്ല .

കണക്ക് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് കൂടാതെ 2023-ലെ തൻെറ ആദ്യ പ്രസംഗത്തിൽ ആരോഗ്യ മേഖലയിൽ ബ്രിട്ടൺ നേരിടുന്ന പ്രതിസന്ധികൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആയിരിക്കും പ്രധാനമന്ത്രി പറയുക. പണിമുടക്കുകളുടെ നീണ്ട നിരയും ഉയർന്ന ജീവിത ചിലവും എൻ എച്ച് എസിലെ പ്രതിസന്ധിയും ഗവൺമെന്റിന്റെമേൽ ചെലുത്തുന്ന സമ്മർദ്ദം ചില്ലറയല്ല.

പുതിയ ആശയങ്ങൾ പങ്കുവയ്ക്കാനും ജനപ്രീതി വീണ്ടെടുക്കാനും വേണ്ടിയുള്ള വേദിയായാണ് ഋഷി സുനക് ഈ അവസരത്തെ കാണുന്നത്. എൻഎച്ച്എസിൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി തന്നെ കളത്തിലിറങ്ങുമെന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ആംബുലൻസുകളുടെ ലഭ്യതയിലുള്ള കുറവ്, ആശുപത്രികളിൽ ചികിത്സയ്ക്കായുള്ള നീണ്ട കാത്തിരിപ്പുകൾ എന്നിവയെല്ലാം അദ്ദേഹത്തിൻെറ പ്രസംഗത്തിൽ പരാമർശിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. അതേസമയം സർക്കാരിൽ നിന്ന് എൻ എച്ച് എസിന് ആവശ്യമായ തുക ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. എന്നാൽ അത്യാഹിത വിഭാഗത്തിലുള്ള ജീവനക്കാരുടെ കുറവിനേയും മറ്റും നികത്താൻ സുനക് യാതൊരു വിധ നടപടികളും സ്വീകരിക്കുന്നില്ല എന്നുള്ള ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിട്ടുണ്ട്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞ കുറെ നാളുകളായി രാജ്യത്തെ പൊതു ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ് എൻ എച്ച് എസ്. അടിയന്തര ചികിത്സയ്ക്ക് ആയിട്ടുള്ള രോഗികളുടെ കാത്തിരിപ്പ് സമയം കൂടുന്നത് നിത്യേന എന്നവണ്ണം മാധ്യമങ്ങളിൽ തലക്കെട്ട് സൃഷ്ടിക്കുന്നുണ്ട്. എൻഎച്ച്എസ്സിന്റെ സ്ഥിതി വഷളാകുന്നതിൽ നല്ല രീതിയിൽ സർക്കാരും പഴി കേൾക്കുന്നുണ്ട്.

പനിയും കോവിഡും എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചുവെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ മാധ്യമങ്ങളോട് തുറന്നു സമ്മതിച്ചു. ചികിത്സ ആവശ്യമുള്ളവർക്ക് അടിയന്തര സേവനം ലഭിക്കുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കോവിഡും പനിയും മാത്രമല്ല ജീവനക്കാരുടെ അഭാവവും പ്രതിസന്ധിക്ക് കാരണമാണെന്നാണ് എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളികൾ അഭിപ്രായപ്പെട്ടത്. ഡിസംബർ 15 – നും 20 – നും നടന്ന നേഴ്സുമാരുടെ സമരങ്ങളും പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്.

അടിയന്തര വൈദ്യസഹായത്തിനായി 25 മണിക്കൂർ കാത്തിരിക്കേണ്ടി വന്ന ആനെറ്റ് ഫ്യൂറി എന്ന സ്ത്രീ ഒരു യുദ്ധ സിനിമ പോലെയാണെന്നാണ് തന്റെ ആശുപത്രി അനുഭവത്തെ വിശേഷിപ്പിച്ചത്. 13 മണിക്കൂർ ആംബുലൻസിലും 12 മണിക്കൂർ അത്യാഹിത വിഭാഗത്തിലുമാണ് അവർക്ക് കഴിച്ചുകൂട്ടേണ്ടതായി വന്നത് . ആനെറ്റിന്റെ ദുരനുഭവം വൻ പ്രാധാന്യത്തോടെയാണ്ബിബിസി റിപ്പോർട്ട് ചെയ്തത്. തൻറെ 30 വർഷത്തിലെ ജോലിക്കിടയിലെ ഏറ്റവും മോശമായ സാഹചര്യമാണ് നിലവിൽ എൻഎച്ച് എസ് അഭിമുഖീകരിക്കുന്നതെന്ന് കോളേജ് ഓഫ് പാരാമെഡിക്സിലെ റിച്ചാർഡ് വെബ്ബർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വ്യാജ പീഡന പരാതിയുമായി എത്തിയ യുവതി പിടിയിലായി. ഏഷ്യൻ ഗ്രൂമിംഗ് സംഘം ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്ന് ആരോപിച്ചു രംഗത്ത് വന്ന ബാരോ-ഇൻ-ഫർനെസിലെ എലീനർ വില്യംസ് (22) ആണ് ഒടുവിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. 2020 മെയ് മാസത്തിൽ തന്നെ ഒരുകൂട്ടം ആളുകൾ ചേർന്ന് മർദിച്ചു എന്ന് അവകാശപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം ആരംഭിക്കുന്നത്.

സോഷ്യൽ മീഡിയ പോസ്റ്റ്‌ വളരെ വേഗം തന്നെ ചർച്ചയായി. ഒരു ലക്ഷത്തിലധികം ആളുകൾ പോസ്റ്റ്‌ ഷെയർ ചെയ്ത് പിന്തുണ അറിയിച്ചു രംഗത്ത് വന്നത് വിഷയത്തെ കൂടുതൽ ഗൗരവമുള്ളതാക്കി മാറ്റി. എലീനറിന്റെ ജന്മനാട്ടിൽ ഇത് പലതരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾക്ക് കാരണമായി. ഒരു സ്ത്രീയെ ഒരുകൂട്ടം ആളുകൾ ചേർന്നു മർദ്ദിക്കുക എന്നത് ഗൗരവമായ പ്രശ്നമാണ്. എന്നാൽ അന്വേഷണങ്ങൾക്ക് ഒടുവിലാണ് കേസിലെ ചതി പുറത്തുവന്നത്. എലീനർ ചുറ്റിക ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മർദ്ദനം ഏൽപ്പിക്കുകയായിരുന്നു. പ്രെസ്റ്റൺ ക്രൗൺ കോടതിയിൽ നടന്ന വാദത്തിലായിരുന്നു എലീനറിന്റെ കുറ്റസമ്മതം.

 

സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു സാമൂഹിക ശ്രദ്ധ പിടിച്ചു പറ്റാനാണ് എലീനർ ശ്രമിച്ചതെന്നും, പലരുടെയും പേരിലെ ആരോപണങ്ങളിൽ വസ്തുതയുടെ കണികപോലുമില്ലെന്നും പ്രോസിക്യൂട്ടർ ജൊനാഥൻ സാൻഡിഫോർഡ് കെസി പറഞ്ഞു. തെളിവുകൾക്കായി കൃത്രിമ മെസ്സേജുകൾ നിർമിച്ചിരുന്നു എന്നുള്ള കണ്ടെത്തലാണ് കേസിൽ നിർണായകമായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്യാൻസർ രോഗമാണെന്ന് ഡോക്ടർമാർ തെറ്റായി കണ്ടെത്തിയതിനെ തുടർന്ന് ലിംഗത്തിന്റെ പകുതി നഷ്ടമായെന്ന വെളിപ്പെടുത്തലുമായി പട്ടാളക്കാരൻ രംഗത്ത്. മൂന്ന് പ്രാവശ്യമാണ് ഡോക്ടർമാർ തെറ്റായി ശാസ്ത്രക്രിയ നടത്തിയത്. ചെഷയർ ക്രൂവിലെ ഗാവിൻ ബ്രൂക്‌സാണ്(45) ഡോക്ടർമാരുടെ തെറ്റായ നടപടിമൂലം മരണത്തോട് മല്ലിടുന്ന സാഹചര്യത്തിലായത്. നിലവിലെ അവസ്ഥ മോശമായതിനാൽ ഡോക്ടർമാർ ഗാവിന്റെ ആരോഗ്യം സംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

രണ്ട് കുട്ടികളുടെ പിതാവായ ഗാവിൻ, എൻ‌എച്ച്‌എസിലെ കീമോതെറാപ്പി ഫലമില്ലാത്തതിനാൽ മരണത്തോട് മല്ലിട്ട് നിൽക്കുകയാണ്. എല്ലാവിധ പരീക്ഷണങ്ങളുടെ ഒടുവിൽ വിദഗ്ദമായ ചികിത്സയ്ക്ക് വിദേശത്തേക്ക് പോകാൻ ഇപ്പോൾ ശ്രമിക്കുകയാണ്. രോഗത്തെ ചെറുക്കാനും ജീവിതം നിലനിർത്താനുമായി ഏത് ചികിത്സയ്ക്കും വിധേയനാകാൻ തയ്യാറാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആർമി വാറന്റ് ഓഫീസറായ ബ്രൂക്‌സ് 2021 ൽ മൂന്ന് തവണ സൈനിക ഡോക്ടർമാരുടെ അടുത്തേയ്ക്ക് രോഗബാധയെ തുടർന്ന് പോയി.

ആ സമയം ചർമ്മത്തിന്റെ ഇറുകിയ ഭാഗത്ത്‌ വളയവും ലിംഗത്തിന്റെ അഗ്രഭാഗത്ത് മുറിവും അനുഭവപ്പെട്ടിരുന്നു. എന്നാൽ ജനനേന്ദ്രിയ അരിമ്പാറയുണ്ടെന്നാണ് ഡോക്ടർമാർ കരുതിയത്. എന്നാൽ ബ്രൂക്സിനു അത് ഉൾകൊള്ളാൻ പറ്റിയില്ല. അതേസമയം, ലൈക്കൺ സ്ക്ലിറോസസ് ആണെന്നാണ് അദ്ദേഹം വിശ്വസിച്ചത്.

‘ലിംഗത്തിൽ കുരുക്കൾ വന്നു പൊട്ടുന്ന ഒരു അവസ്ഥയാണിത്. ലിംഗത്തിൽ നിറവ്യത്യാസവും കടുപ്പമുള്ളതുമായ ചർമ്മമാണ് ഇതിന്റെ ലക്ഷണം. എന്നാൽ കുരുക്കൾ പൊട്ടുമ്പോൾ രക്തസ്രാവം ഉണ്ടാകുന്നുണ്ടെന്നും, കഠിനമായ വേദനാവസ്ഥയിലൂടെയാണ് കടന്നപോകുന്നതാണ് ഏറ്റവും ഭയാനകം’ ബ്രൂക്സ് കൂട്ടിചേർത്തു. മൂന്നാഴ്ച ഡോക്ടർമാരെ കണ്ടിട്ടും ഫലമൊന്നും ഇല്ലാത്തതിനെ തുടർന്നാണ് വിദഗ്ധ ചികിത്സ തേടിയത്.

Copyright © . All rights reserved