ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വോൾവർഹാംപ്ടണിലെ 16 വയസുകാരന്റെ കൊലപാതകത്തിൽ 2 പേർ പിടിയിൽ. ലെയ്ൻസ് ഫീൽഡിലെ മൗണ്ട് റോഡിൽ പിന്നിൽ നിന്ന് രണ്ട് തവണ റൊണാൻ കാണ്ട എന്ന പതിനാറുകാരന് കുത്തേൽക്കുക ആയിരുന്നു. ഇതായിരുന്നു മരണകാരണമെന്നാണ് കോടതി പറയുന്നത്. മിടുക്കനും വളരെ നല്ല സ്വഭാവമുള്ള റൊണാൻ കഴിഞ്ഞ വർഷം ജൂൺ 29 ന് വൈകുന്നേരം മാരകമായി ആക്രമിക്കപ്പെട്ടപ്പോൾ പ്ലേസ്റ്റേഷൻ കൺട്രോളർ വാങ്ങി സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്.

വോൾവർഹാംപ്ടൺ ക്രൗൺ കോടതിയിൽ നടന്ന അഞ്ചാഴ്ചത്തെ വിചാരണയ്‌ക്കൊടുവിൽ 17 വയസ്സുള്ള രണ്ട് പേർ കുറ്റക്കാരാണെന്ന് ജൂറി കണ്ടെത്തി. അവരിൽ ഒരാൾ മാത്രമാണ് റോണനെ കുത്തിയത്. എന്നാൽ 16 വയസ്സുള്ള മറ്റൊരാൾ കൊലപാതകത്തിന്റെ ആലോചന കേന്ദ്രമായി പ്രവർത്തിച്ചതായും കണ്ടെത്തി. ഇവരോടൊപ്പം ജോസിയ ഫ്രാൻസിസ് (20), ജോസഫ് വിറ്റേക്കർ (18) എന്നിവരും വിചാരണ നേരിട്ടെങ്കിലും എല്ലാ കുറ്റങ്ങളിൽ നിന്നും കോടതി ഇവരെ വിമുക്തരാക്കി. കൊലപാതകത്തിനായി ഓൺലൈൻ മുഖേന വാൾ വാങ്ങിയിരുന്നു. ഇതുപയോഗിച്ചാണ് പതിനാറുകാരനെ അരിഞ്ഞുവീഴ്ത്തിയത്.
റൊണാന്റെ ഒരു സുഹൃത്തിനോട് അയാൾ അനിഷ്ടം പ്രകടിപ്പിക്കുകയും ഇരുവരും മുമ്പ് ഒരിക്കൽ വഴക്കിടുകയും ചെയ്തിരുന്നു. അതേ ദിവസം തന്നെ, 16 വയസ്സുകാരൻ മൂന്ന് കൂട്ടാളികളുമായി ഗൂഢാലോചന നടത്തി. പണമിടപാട് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. ജോസിയ ഫ്രാൻസിസ് ഓടിച്ച ചുവന്ന കോർസയിൽ നാലുപേരും ലെൻസ് ഫീൽഡിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. ജൂൺ 14 ബുധനാഴ്ച 7 മണിക്ക് ആരംഭിക്കുന്ന സമരം ശനിയാഴ്ച 7 മണിക്കാണ് അവസാനിക്കുന്നത്. ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർഥികളെയും പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത് . നേരത്തെ സർക്കാർ വാഗ്ദാനം ചെയ്ത 5% ശമ്പള വർദ്ധനവ് സ്വീകാര്യമല്ലന്നാണ് ബി എം എയുടെ നിലപാട്.

എന്നാൽ സമരം പിൻവലിച്ചാൽ മാത്രമെ ഇനി ചർച്ചയുള്ളൂ എന്ന നിലപാടിലാണ് സർക്കാർ . ന്യായമായ ശമ്പള വർദ്ധനവ് ആണ് സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമരം പ്രഖ്യാപിച്ചത് അനുചിതമാണെന്നുമാണ് ബി എം എയുടെ സമര പ്രഖ്യാപനത്തോട് സർക്കാർ വക്താവ് പ്രതികരിച്ചത്. ശമ്പള തർക്കം ആരംഭിച്ചതിനുശേഷം ജൂനിയർ ഡോക്ടർമാർ നടത്തുന്ന മൂന്നാമത്തെ സമരമാണിത് . ചർച്ചകൾ തുടരാൻ തയ്യാറാണെന്നും സർക്കാരിൽ നിന്ന് മെച്ചപ്പെട്ട ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നതായും ബി എം എ അറിയിച്ചിട്ടുണ്ട്.

മാന്യമായ ശമ്പള വർദ്ധനവ് സർക്കാർ പരിഗണിച്ചില്ലെങ്കിൽ ഈ വേനൽക്കാലം മുഴുവൻ പണിമുടക്കുമായി മുന്നോട്ടു പോകാനാണ് ബി എം എ പദ്ധതിയിടുന്നത്. രാജ്യത്തെ പണപ്പെരുപ്പത്തിന് ആനുപാതികമായുള്ള 35% ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാരുടെ സംഘടന മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ പകുതിയും ജിപി സർജറികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ നാലിലൊന്ന് പേരും ജൂനിയർ ഡോക്ടർമാരാണ്. യുകെയിലാകെ ഏകദേശം 46,000 ജൂനിയർ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ബി എം എ . ഡോക്ടർമാർ പണിമുടക്കുമായി മുന്നോട്ടു പോകുകയാണെങ്കിൽ അത് എൻഎച്ച് എസിന്റെ താളം തെറ്റിക്കുമെന്ന് എൻഎച്ച് എസ് പ്രൊവിഡേഴ്സ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് സാഫ്രോൺ കോർഡറി പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടനിൽ പഠിക്കാനായി വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്ക് ഇനിമുതൽ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാനാവില്ല. മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്ക് പുതിയ നിയമം കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ തന്നെ ബിരുദ വിദ്യാർത്ഥികൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് സാധിക്കുമായിരുന്നില്ല. മിക്ക മലയാളി വിദ്യാർത്ഥികളും ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് യുകെയിൽ എത്തുന്നതിന്റെ പ്രധാന ഉദ്ദേശം ഭാര്യയെയോ ഭർത്താവിനെയോ ആശ്രിത വിസയിൽ കൊണ്ടുവരുക എന്നതായിരുന്നു.

ഈ വർഷം തന്നെ യുകെയിലേയ്ക്കുള്ള കുടിയേറ്റം 700, 000 കടന്നതായുള്ള കണക്കുകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞവർഷം മാത്രം 135,788 പേരാണ് ആശ്രിത വിസയിൽ യുകെയിലെത്തിയത്. ഇത് 2019 -ലെ കണക്കുകളുടെ ഒമ്പത് ഇരട്ടിയാണ്. കുടിയേറ്റം കുറയ്ക്കാൻ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അധികാരമേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി റിഷി സുനക് പ്രഖ്യാപിച്ചിരുന്നു .

പുതിയ കുടിയേറ്റം നിയമമനുസരിച്ച് ബിരുദാനന്തര ബിരുദം കഴിഞ്ഞ് ഗവേഷണത്തിനായി യുകെയിലെത്തുന്നവർക്ക് മാത്രമാണ് ആശ്രിതവിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കുന്നത്. ഗവേഷണത്തിനായി യുകെയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവാണ്.
യുകെയിൽ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെർമനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
രണ്ട് കൗമാരക്കാരായ കുട്ടികൾ മരിച്ചതിനെ തുടർന്ന് കാർഡിഫിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. തിങ്കളാഴ്ച എലിയിൽ 150 ആളുകൾ സംഭവ സ്ഥലത്ത് തടിച്ചുകൂടി ഒട്ടേറെ കാറുകൾ കത്തിക്കുകയും പോലീസിനു നേരെ സ്ഫോടന വസ്തുക്കൾ എറിയുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കലാപം അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ നിരവധി പോലീസുകാർക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ . രണ്ടു കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ പങ്കുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ അഭ്യൂഹങ്ങൾ പരന്നത് പോലീസ് നിഷേധിച്ചിട്ടുണ്ട്.

പോലീസിന്റെ വേട്ടയാടലിനെ കുറിച്ചുള്ള കിംവദന്തികൾ പ്രചരിച്ചെങ്കിലും അത് ശരിയല്ലെന്ന് സൗത്ത് വെയിൽസ് പോലീസ് കമ്മീഷൻ അലൻ മൈക്കിൾ പറഞ്ഞു. നിരവധി വാഹനങ്ങൾ കത്തിച്ചതായും സംഭവങ്ങളെ തുടർന്ന് ഒട്ടേറെ അറസ്റ്റുകൾ നടന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. രണ്ട് കൗമാരക്കാർ മരിച്ച സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രസ്തുത സംഭവത്തെക്കുറിച്ച് സ്വന്തമായി അന്വേഷിക്കുകയാണെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു .കലാപത്തെ തുടർന്ന് രണ്ടു പോലീസ് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഐടി പ്രൊഫഷണലുകൾ, നേഴ്സുമാർ, അക്കൗണ്ടന്റുമാർ എന്നിവരെ കൊണ്ടുവരാൻ ബിസിനസ്സുകൾ പുതിയ പോസ്റ്റ്-ബ്രെക്‌സിറ്റ് മൈഗ്രേഷൻ സംവിധാനം നിലവിൽ ഉപയോഗപ്പെടുത്തുകയാണ്. 2021 ജനുവരി മുതൽ, പുതിയ സംവിധാനം യൂറോപ്പിന് പുറത്തുള്ള തൊഴിലാളികൾക്ക് യുകെയിൽ പ്രവേശിക്കുന്നത് എളുപ്പമാക്കുന്നു. ഇതോടെ കൂടുതൽ ആളുകൾ എത്തുമെന്നാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.

സമീപ വർഷങ്ങളിൽ യൂറോപ്യൻ കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. ഈ ആഴ്‌ച പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത് നെറ്റ് മൈഗ്രേഷൻ ഒരു ദശലക്ഷത്തിനടുത്താണ് എന്നാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഘാന എന്നീ രാജ്യങ്ങളാണ് പുതിയ സ്കിൽഡ് വിസയിൽ എത്തുന്നവർ. ഘാനയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് 2019 നും 2022 നും ഇടയിൽ 5,133 വിസകൾ അനുവദിച്ചതായി എവർഷെഡ്‌സ് സതർലാൻഡ് എന്ന നിയമ സ്ഥാപനത്തിന് ലഭിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് വിസ നേടുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരുടെ എണ്ണം 6,784 ആയി ഉയർന്നു. എന്നാൽ 116,301 ഇന്ത്യക്കാരാണ് സ്കിൽഡ് വിസയിൽ ആധിപത്യം പുലർത്തുന്നത്.

ആരോഗ്യമേഖല ഈ സ്കീമിനെ വളരെയധികം ഉപയോഗപ്പെടുത്തുന്നു എന്നുള്ളതാണ് യാഥാർഥ്യം. എന്നാൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർക്കും സമ്പദ്‌വ്യവസ്ഥയിലുടനീളം ഉയർന്ന ഡിമാൻഡാണ്. 35,000 ത്തിലധികം ഐടി പ്രൊഫഷണലുകൾ പുതിയ സംവിധാനത്തിന് കീഴിൽ യുകെയിൽ എത്തിയിട്ടുണ്ട്. 2021 ജനുവരി മുതൽ പാചകവിദഗ്ധർക്ക് 5,368 വിദഗ്ധ വിസകൾ അനുവദിച്ചിട്ടുണ്ട്. ചാർട്ടേഡ്, സർട്ടിഫൈഡ് അക്കൗണ്ടന്റുമാരുടെ എണ്ണം 9,147 ആയിരുന്നു. എന്നിരുന്നാലും, നഴ്‌സുമാരും കെയർ മേഖലയിലെ തൊഴിലാളികളും യഥാക്രമം 53,820, 35,494 വിസകൾ അനുവദിച്ചുകൊണ്ട് പദ്ധതിയിൽ ആധിപത്യം പുലർത്തി. വൈദികർക്കും ബാൻഡ് 9 നേഴ്‌സുമാർക്കും ആദ്യ വൈദഗ്ധ്യമുള്ള വിസകൾ അനുവദിച്ചു. കഴിഞ്ഞ വർഷം അവസാന മൂന്ന് മാസങ്ങളിൽ 274 വൈദികരും സ്ത്രീകളുമാണ് ബ്രിട്ടനിലെത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഋഷി സുനക് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സുല്ല ബ്രാവർമാന് വിവാദങ്ങൾ കൂടെപ്പിറപ്പാണ്. 47 ദിവസം മാത്രം പ്രായമുള്ള ലിസ് ട്രസ് മന്ത്രിസഭയിൽ നിന്ന് അവർക്ക് രാജിവയ് ക്കേണ്ടതായി വന്നിരുന്നു . ഔദ്യോഗിക കാര്യങ്ങൾക്കായി സ്വകാര്യ ഇമെയിൽ ഉപയോഗിച്ചതിനെ തുടർന്നുള്ള വിവാദമാണ് അവരുടെ രാജിയിൽ അവസാനിച്ചത് . പക്ഷേ ലിസ് ട്രസ് മന്ത്രിസഭയുടെ പതനത്തെ തുടർന്ന് പ്രധാനമന്ത്രിയായ റിഷി സുനകും ഹോം സെക്രട്ടറിയാക്കിയത് സുല്ല ബ്രാവർമാനെയാണ്.

2022 ലാണ് ഹോം സെക്രട്ടറിക്കെതിരെ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന വിവാദങ്ങളുടെ തുടക്കം. അമിത വേഗത്തിൽ കാറോടിച്ചതിന് പോലീസ് സുവല്ലയെ പിടികൂടിയിരുന്നു. ലൈസൻസിന്റെ മൂന്ന് പോയിൻ്റും പിഴയും അടയ്ക്കുന്ന കുറ്റത്തിൽ നിന്ന് തലയൂരാൻ സുവല്ല വളഞ്ഞ വഴി സ്വീകരിച്ചു എന്നാണ് ആരോപണം ഉയർന്നു വന്നിരിക്കുന്നത്. ലൈസൻസിന്റെ പോയിന്റുകൾ നഷ്ടപ്പെടാതിരിക്കാനുള്ള ട്രാഫിക് അവയർനസ് കോഴ്സിൽ പങ്കെടുക്കാൻ തീരുമാനിച്ച സുവല്ല തനിക്ക് മാത്രമായി കോഴ്സ് നടത്താനുള്ള പദ്ധതികൾ ആലോചിച്ചതാണ് വിവാദമായത്. സുരക്ഷാ ഭീഷണിയാണ് ഇതിന് കാരണമായി അവർ പറഞ്ഞത്. ഔദ്യോഗികതലത്തിൽ വഴിവിട്ട സഹായങ്ങൾ ലഭിക്കാതായതോടെ അവർക്ക് പിഴ അടയ്ക്കേണ്ടതായി വന്നു. കൂടാതെ ലൈസൻസിലെ പോയിന്റുകളും നഷ്ടമായി.

എല്ലാവർക്കും രാജ്യത്തെ നിയമ സംവിധാനങ്ങൾ തുല്യമാണെന്നാണ് വിമർശകർ പ്രധാനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിയമത്തെ മറികടക്കാൻ രാജ്യത്തെ ഹോം സെക്രട്ടറി കുറുക്കുവഴി തേടിയെന്ന ആരോപണം തെളിഞ്ഞാൽ അവർക്ക് മന്ത്രിസഭയിൽ നിന്ന് പുറത്തു പോകേണ്ടതായി വന്നേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. സുവല്ലയ്ക്കെതിരെയുള്ള വിവാദങ്ങളെ അതിശയത്തോടെയാണ് യുകെയിലെ മലയാളി സമൂഹം കാണുന്നത്. ഭരിക്കുന്നവർക്കും ഉദ്യോഗസ്ഥ മേലധികാരികൾക്കും പുതിയ AI ക്യാമറ ബാധകമല്ലാത്ത, മന്ത്രിമാർക്ക് സ്പീഡ് ലിമിറ്റ് ഇല്ലാത്ത കേരളത്തിൽ നിന്ന് വന്നിട്ടുള്ള പുതുതലമുറ വിദ്യാർഥികൾക്കും കുടിയേറ്റക്കാർക്കും ആഭ്യന്തരമന്ത്രിക്കെതിരായ ആരോപണം അത്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സ്കോട്ട് ലൻഡിൽ ജൂണിൽ ഡോക്ടർമാരുടെ യൂണിയനായ ബിഎംഎയും സർക്കാരും തമ്മിൽ ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ധാരണയായി . സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർക്ക് 14.5 ശതമാനം ശമ്പള വർധനവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സർക്കാരും ബിഎംഎ സ്കോട്ട്‌ലന്റുമായുള്ള ചർച്ചകൾക്ക് ഒടുവിലാണ് ഇനി രണ്ടു വർഷത്തെ കാലാവധിയുള്ള സ്കോട്ടിഷ് സർക്കാർ പുതിയ ഓഫർ നൽകിയിരിക്കുന്നത്. ഈ മാസം ആദ്യം സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.

സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പള വർദ്ധനവിനെ കുറിച്ച് തങ്ങളുടെ യൂണിയൻ അംഗങ്ങളുമായി ചർച്ച ചെയ്യുമെന്ന് യൂണിയൻ അറിയിച്ചു. നിലവിൽ കരാർ അംഗീകരിച്ചില്ലെന്നും അവസാന തീരുമാനം അംഗങ്ങളുടെ ഇടയിൽ നടക്കുന്ന വോട്ടെടുപ്പിനെ ആശ്രയിച്ചായിരിക്കും എന്നാണ് യൂണിയൻറെ നിലപാട്. സ്കോട്ടിഷ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്ന ഏറ്റവും മികച്ച കരാറാണ് ഇതെന്ന അഭിപ്രായം യൂണിയൻ പ്രകടിപ്പിച്ചിട്ടുണ്ട് . ജൂനിയർ ഡോക്ടർമാരുടെ ശമ്പള വർദ്ധനവിനായി 61.3 മില്യൺ പൗണ്ടിന്റെ നിക്ഷേപമാണ് സർക്കാർ നടത്തേണ്ടതായി വരുന്നത്.

നിലവിൽ ജൂനിയർ ഡോക്ടർമാർക്ക് നിർദ്ദേശിക്കപ്പെട്ട ശമ്പള വർദ്ധനവ് 20 വർഷത്തിനിടയിലെ ഏറ്റവും മികച്ച ഓഫർ ആണെന്നാണ് സർക്കാരിൻറെ നിലപാട്. 72 മണിക്കൂർ പണിമുടക്കിനായി യൂണിയൻ അംഗങ്ങൾ നേരത്തെ വോട്ട് ചെയ്തിരുന്നു . പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി 23.5 ശതമാനം ശമ്പള വർദ്ധനവാണ് യൂണിയൻ ആവശ്യപ്പെട്ടിരുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഹൃദ്രോഗം, ഹൃദയാഘാതം, ആത്മഹത്യ എന്നിവ മൂലമുണ്ടാകുന്ന ജീവഹാനി കുറയ്ക്കാൻ പുതിയ മാതൃകകൾ സൃഷ്ടിക്കാൻ ഒരുങ്ങി എൻ എച്ച് എസ്. ഇത് സംബന്ധിച്ച് കെയർ സ്റ്റാർമർ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ലേബർ ഗവൺമെന്റ് 10 വർഷത്തിനുള്ളിൽ ഹൃദ്രോഗവും പക്ഷാഘാതവും മൂലമുള്ള മരണങ്ങൾ നാലിലൊന്നായി കുറയ്ക്കാനും ആത്മഹത്യാ കണക്കുകൾ അഞ്ചിനുള്ളിൽ കുറയാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്ത് സമൂലമായി മാറ്റം വരുത്തുക എന്നുള്ള ലക്ഷ്യത്തിന്റെ പുറത്താണ് നടപടി. എന്നാൽ അതേസമയം, ഇതിനെതിരെ ടോറി നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്.

നിലവിലുള്ള നല്ല മാറ്റങ്ങളെ കുറച്ച് കാണിക്കാൻ ലേബർ നേതൃത്വം നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്ന് പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി. ആരോഗ്യ മേഖലയിൽ ആധുനികവത്കരണം, ക്യാൻസർ രോഗത്തിന് മതിയായ ചികിത്സ ലഭ്യമാക്കൽ, വെയ്റ്റിംഗ് ലിസ്റ്റ് പരിഹരിക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളെ മുൻ നിർത്തിയാണ് സ്റ്റാർമർ പ്രസംഗം പൂർത്തിയാക്കിയത്. ടോറി സർക്കാരിന്റെ ഇനിയുള്ള കാലയളവിൽ എൻ എച്ച് എസ് വളരുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം, ലേബർ പാർട്ടിക്ക് അവസരം ജനങ്ങൾ നൽകുമെന്നും വ്യക്തമാക്കി. ജനങ്ങളുടെ ജീവിതത്തോട് യാതൊരുവിധ മമതയും പുലർത്താതെയാണ് നിലവിലെ ഭരണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

മൊത്തത്തിലുള്ള എൻഎച്ച്എസ് ബജറ്റിന്റെ അടിസ്ഥാനത്തിൽ, അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ലേബർ പാർട്ടി അതിന്റെ ഫണ്ടിംഗ് പദ്ധതികൾ തയ്യാറാക്കുമെന്ന് കെയർ സ്റ്റാർമർ പറഞ്ഞു. ഇതിന് മുന്നോടിയായി ഷുഗർ, ജങ്ക് ഭക്ഷണങ്ങൾ തുടങ്ങിയവ നിരോധിക്കാനുമാണ് ലേബർ പാർട്ടി നീക്കം. നമ്മുടെ യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്, കുട്ടികളെ വഴി തെറ്റിക്കുന്ന പരസ്യത്തിന് ശക്തമായ നിരോധനം ഏർപ്പെടുത്തേണ്ടതുണ്ട്. സാമ്പത്തികമായി മാത്രം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല എൻ എച്ച് എസ് നേരിടുന്ന പ്രശ്നങ്ങൾ എന്ന് മനസിലാക്കിയ ലേബർ പാർട്ടി, സാമൂഹിക ക്യാമ്പയിനുകളും നടത്താനുള്ള ഒരുക്കത്തിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കേരളത്തിൽ നിന്നുള്ള ഒട്ടേറെ വിദ്യാർഥികളാണ് പഠനത്തിനായി ദിനംപ്രതി യുകെയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ബിരുദ പഠനത്തിനു ശേഷമായിരുന്നു മിക്കവരും എത്തിയിരുന്നത്. എന്നാൽ ഇന്ന് പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷവും കുട്ടികൾ വിദേശത്തേക്ക് പോകുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. യുകെ പോലുള്ള രാജ്യങ്ങളിൽ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെർമനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം.

ഭർത്താവോ ഭാര്യയോ പഠിക്കാനായി യുകെയിൽ എത്തുകയും അധികം താമസിയാതെ ആശ്രിതവിധിയിൽ കുടുംബത്തെ കൂടി കൊണ്ടു വരികയും ചെയ്യുക എന്നതും സ്ഥിരമായി മലയാളി വിദ്യാർത്ഥികളുടെ ഇടയിൽ നടക്കുന്ന പ്രവണതയാണ്. എന്നാൽ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കുകയില്ല. ഭാര്യയെയോ ഭർത്താവിനെയോ കൊണ്ടുവരാൻ ലക്ഷ്യം വെച്ച് യുകെയിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഇത് കടുത്ത തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ദശലക്ഷമായി കുടിയേറ്റം ഉയർന്നുവെന്ന കണക്കുകൾ പുറത്തുവന്നതിന്റെ പിന്നാലെയാണ് നടപടി. പ്രധാനമന്ത്രി റിഷി സുനക് അധികാരമേറ്റെടുക്കുന്നതിന്റെ പിന്നാലെ കുടിയേറ്റം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. സ്റ്റുഡൻറ് വിസയിൽ വരുന്നവരുടെ ബന്ധുക്കൾ യുകെയിലേക്ക് വരുന്നത് കഴിഞ്ഞവർഷം 135,788 ആയി ഉയർന്നിരുന്നു. 2019 – നെ അപേക്ഷിച്ച് ഇത് 9 മടങ്ങ് കൂടുതലാണ്. നാളെ പ്രഖ്യാപിക്കുന്ന പുതിയ തീരുമാനപ്രകാരം ബിരുദ വിദ്യാർത്ഥികൾക്ക് കുടുംബത്തെ കൊണ്ടുവരാൻ സാധിക്കില്ല. എന്നാൽ പി എച്ച് ഡി വിദ്യാർഥികൾക്ക് പുതിയ നിയമം ബാധകമായിരിക്കില്ല
ലണ്ടൻ: 2023-ൽ കൈവശം വയ്ക്കാവുന്ന ഏറ്റവും മികച്ച പാസ്‌പോർട്ടുകൾ പുതിയ ആഗോള സൂചികയിൽ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി തുടർച്ചയായി ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യമായി ലക്സംബർഗിനെ കണക്കാക്കിയിരുന്നെങ്കിലും, ഈ
വർഷം കണക്കുകൾ മാറിമറിഞ്ഞു. ഓഫ്‌ഷോർ കൺസൾട്ടിംഗ് സ്ഥാപനമായ നോമാഡ് ക്യാപിറ്റലിസ്റ്റ് സമാഹരിച്ച പട്ടികയിലെ 199 രാജ്യങ്ങളിൽ 2023 -ൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഒന്നാം സ്ഥാനത്തെത്തി. വിസ രഹിത യാത്രാ അവസരങ്ങൾ, പൗരന്മാരുടെ നികുതി, ഇരട്ട പൗരത്വ സാധ്യതകൾ, വ്യക്തിസ്വാതന്ത്ര്യം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണ് എല്ലാ രാജ്യങ്ങളെയും പട്ടികയിൽ റാങ്ക് ചെയ്തത്.
2020-ൽ യുകെയിൽ ചുവപ്പിന് പകരം നീല ബ്രിട്ടീഷ് പാസ്‌പോർട്ടുകൾ നിലവിൽ വന്നു. ഈ വർഷം, യുകെ പാസ്‌പോർട്ട് റാങ്കിംഗിൽ 30-ാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു എന്നുള്ളതാണ് വസ്തുത. അഞ്ച് വിഭാഗങ്ങളിലായി മൊത്തം 110.50 സ്‌കോർ നേടിയ യുഎഇ ഈ വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കി. എന്നാൽ 2022-ൽ 35-ാം സ്ഥാനത്തും 2021-ൽ 38-ാം സ്ഥാനത്തുമായി നിലകൊണ്ട യുഎഇയുടെ തിരിച്ചുവരവ് എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ്. മറ്റ് മിഡിൽ ഈസ്റ്റേൺ പാസ്‌പോർട്ടുകളൊന്നും ആദ്യ 20-ൽ ഇടം പിടിച്ചിട്ടില്ല. ലക്സംബർഗ് രണ്ടാം സ്ഥാനത്തേയ്ക്ക് പോയപ്പോൾ, സ്വിറ്റ്സർലൻഡും അയർലൻഡും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി.
കോർപ്പറേറ്റ് നികുതിയുടെ കുറഞ്ഞ നിരക്ക് കണക്കിലെടുത്തപ്പോൾ അയർലൻഡ് പോർച്ചുഗലിനൊപ്പം പട്ടികയിൽ നാലാമതെത്തി. എന്നാൽ അതേസമയം റാങ്കിങ്ങിൽ യുകെ പിൻതള്ളപ്പെട്ടു എന്നുള്ളതാണ് യാഥാർഥ്യം. കഴിഞ്ഞ വർഷം 109.50 സ്‌കോറുമായി 26-ാം സ്ഥാനത്തായിരുന്നു യുകെ . എന്നാൽ ഈ വർഷം അത് 30-ാം സ്ഥാനത്താണ്. യഥാക്രമം 38-ഉം 43-ഉം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ, യു.എസ് എന്നിവയെക്കാൾ യുകെ മുന്നിലാണ്.