Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രോഗിയുടെ സാഹചര്യത്തെ കുറിച്ച് ആശങ്ക ഉന്നയിച്ചതിനെ തുടർന്ന് ഇന്ത്യൻ വംശജനായ ഡോക്ടറെ അന്യായമായി പിരിച്ചുവിട്ട സംഭവത്തിൽ 1.22 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരമായി ലഭിച്ചു. 2010 -ലാണ് സംഭവം. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് കോവെൻട്രിയും വാർവിക്ഷയർ നാഷണൽ ഹെൽത്ത് സർവീസ് (NHS) ട്രസ്റ്റും ചേർന്നാണ് ഡോ. രാജ് മാട്ടുവിനെ പിരിച്ചുവിട്ടത്.

2001 ൽ ആശുപത്രിയിൽ അനുഭവപ്പെട്ട അനിയന്ത്രിതമായ തിരക്ക് രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പരാമർശം നടത്തിയതിനെ തുടർന്നാണ് നടപടി നേരിട്ടത്. അതേസമയം, തന്റെ പിരിച്ചുവിടലിലേക്ക് നയിച്ച (എൻഎച്ച്എസ്) തീരുമാനം തെറ്റാണെന്നും, 2014 ഏപ്രിലിൽ ബർമിംഗ്ഹാം എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ തനിക്ക് അനുകൂലമായി വിധിയെഴുതിയെന്നും ഡോക്ടർ അവകാശപ്പെടുന്നുണ്ട്. ഈ ആഴ്‌ച ട്രൈബ്യൂണൽ ജഡ്ജി പോളിൻ ഹ്യൂസ്, മാട്ടുവിന് എൻഎച്ച്എസ് നഷ്ടപരിഹാരമായി 1,220,000 പൗണ്ട് നൽകണമെന്ന് തീരുമാനിച്ചു.

മൂന്ന് വർഷത്തിലേറെയായി നിരവധി ഹിയറിംഗുകൾക്ക് ശേഷം മാട്ടുവും ട്രസ്റ്റും തമ്മിലുള്ള ഒരു കരാറിലൂടെ കേസ് ഒടുവിൽ തീർപ്പാക്കിയതായാണ് പുറത്ത് വരുന്ന വിവരം. മാട്ടു ഇപ്പോൾ ഒരു സെക്കൻഡറി സ്‌കൂളിൽ സയൻസ് അധ്യാപകനാണ്. അദ്ദേഹം സഹിച്ച യാതനകൾക്കെല്ലാമുള്ള പ്രതിഫലമാണ് നഷ്ടപരിഹാരമായി ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നേഴ്സുമാരുടെ കോവിഡിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് പഠനത്തിനൊരുങ്ങി അധികൃതർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പിംഗ് ഇക്കണോമീസ് (ഐഡിഇ-ജെട്രോ), ജപ്പാൻ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഐഐഎംഎഡി) തിരുവനന്തപുരം എന്നീ മൂന്ന് കേന്ദ്രങ്ങൾ ചേർന്നാണ് ഗവേഷണം നടത്തുന്നത്. ഇതിനായി ഇതിൽ പങ്കുചേരാൻ യുകെയിലെ നേഴ്സിംഗ് കമ്മ്യൂണിറ്റി അംഗങ്ങളെ ക്ഷണിക്കുന്നുണ്ട്.

ഈ പഠനത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രൊഫഷണലുകളെയും വിദഗ്ദരെയും ഉൾപ്പെടുത്തികൊണ്ട് നടപടികൾ കൈകൊള്ളുവനാണ് തീരുമാനം. ഇന്ത്യയിലെയും യുകെയിലെയും ഉൾപ്പെടെ നഴ്‌സുമാരുടെയും കെയർ വർക്കേഴ്‌സിന്റെയും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിനായി ശേഖരിക്കുന്ന വിവരങ്ങൾ ആർക്കും കൈമാറ്റം ചെയ്യുകയില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നിർദേശങ്ങൾ

* ആറ് മാസമെങ്കിലും കുറഞ്ഞത് ഇന്ത്യയിൽ ജോലി ചെയ്തതും, ഇപ്പോൾ യു കെയിൽ ജോലി ചെയ്തവർക്കും ഇതിൽ പങ്കെടുക്കാം.

* പൂർണ്ണമായി സർവേ പൂർത്തിയാക്കുന്നവർക്ക് £15 വിലയുള്ള ആമസോൺ വൗച്ചർ ലഭിക്കും.

യുകോ സുജിത, ഹിസയ ഒഡ, ഇരുദയ രാജൻ, രോഹിത് ഇരുദയരാജൻ എന്നിവരാണ് ബോർഡ്‌ അംഗങ്ങൾ. യുകെയിലെ ഇന്ത്യൻ നേഴ്‌സുമാരുടെ കരിയർ, വികസനം എന്നിവ മുൻ നിർത്തിയാണ് പഠനം നടത്തുന്നത്.

പഠനത്തിന്റെ ഫലങ്ങൾ ഗവേഷണ പ്രബന്ധങ്ങളുടെ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിക്കുകയോ പ്രൊഫഷണൽ മീറ്റിംഗുകളിൽ അവതരിപ്പിക്കുകയോ ചെയ്യാനാണ് ശ്രമം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലോകത്തിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഇന്തോ-അമേരിക്കന്‍ വംശജ നടാഷ പെരിയനായകം. ജോണ്‍ ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്‍ഡഡ് യൂത്ത് എന്ന ടാലന്റ് ടെസ്റ്റില്‍ വിജയിച്ചാണ് ലോകത്തിലെ ബ്രൈറ്റസ്റ്റ് സ്റ്റുഡന്റ് എന്ന നേട്ടം നടാഷ സ്വന്തമാക്കിയത്. 76 രാജ്യങ്ങളില്‍ നിന്നായി 15300 സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ടാലന്റ് ടെസ്റ്റില്‍ പങ്കെടുത്തത്.

വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം അളക്കുന്നതിനായി, ഉയര്‍ന്ന ക്ലാസുകളിലെ വിഷയങ്ങള്‍ ആസ്പദമാക്കി നടത്തുന്ന ടാലന്റ് ടെസ്റ്റാണ് സി.ടി.വൈ. അമേരിക്കന്‍ കോളേജുകളിലെ പ്രവേശനപരീക്ഷകളായ സ്‌കോളസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ് (SAT), അമേരിക്കന്‍ കോളേജ് ടെസ്റ്റിങ് (ACT) എന്നിവയ്ക്ക് തുല്യമായ പരീക്ഷയിലാണ് നടാഷ മിന്നും വിജയം കരസ്ഥമാക്കിയത്.

ന്യൂജഴ്‌സിയിലെ ഫ്‌ലോറന്‍സ് എം ഗൗഡ് നീര്‍ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഈ പതിമൂന്നുകാരി. ചെന്നൈ സ്വദേശികളാണ് മാതാപിതാക്കള്‍.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലാണ്. പേരും പെരുമയുള്ള പല കോളേജുകളിലും വിദ്യാർഥികൾ ഇല്ല . എല്ലാവരും പഴിക്കുന്നത് കുറേ നാളുകളായി കേരളത്തിലെ വിദ്യാർത്ഥികൾ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തേയാണ്. കേരളത്തിൽനിന്ന് ശരാശരി 35000 ത്തോളം കുട്ടികൾ വിദേശത്തേയ്ക്ക് പഠിക്കാനായി പോകുന്നുണ്ട്. ഓരോ കുട്ടിയും പഠനത്തിനും താമസത്തിനും മറ്റു ചിലവുകൾക്കുമായി 40 ലക്ഷം രൂപയോളം ചിലവഴിക്കേണ്ടതായി വരുന്നുണ്ടെന്നാണ് ഏകദേശം കണക്ക്.

വിദ്യാർത്ഥികളുടെ കൂട്ടത്തോടെയുള്ള വിദേശ കുടിയേറ്റം തടയാൻ കേരളം നിയമനിർമാണത്തിന് ഒരുങ്ങുകയാണ്. ഇതോടൊപ്പം വിദേശ റിക്രൂട്ടിംഗ് നടത്തുന്ന ഏജൻസികൾക്കും കടിഞ്ഞാണിടാനാണ് നീക്കം നടത്തുന്നത്. നിയമത്തിന്റെ കരടു രൂപം തയ്യാറാക്കാനായി ഡിജിറ്റൽ സർവകലാശാല വിസി പ്രൊഫ. സജി ഗോപിനാഥ് അധ്യക്ഷനായി സമിതികൾ രൂപീകരിച്ചു കഴിഞ്ഞു. കണ്ണൂർ സർവ്വകലാശാല വി. സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രനും സുപ്രീംകോടതി അഭിഭാഷകൻ ശ്രീറാം പാറക്കാട്ടുമാണ് സമിതികളിലെ മറ്റ് അംഗങ്ങൾ . കേരളത്തിലെ വിദ്യാർത്ഥികൾ പഠിക്കുന്ന പല വിദേശ സർവകലാശാലകൾക്കും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ അംഗീകാരമില്ലാത്തവയാണ്. ഈ കോഴ്സുകൾ പഠിച്ചാൽ ഇന്ത്യയിൽ ജോലി സാധ്യത വളരെ കുറവാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുട്ടികൾ പഠിക്കുന്നത് മികച്ച സർവകലാശാല ആണെന്നും സാമ്പത്തിക ചൂഷണത്തിന് അവർ വിധേയരാവുന്നില്ലെന്നും ഉറപ്പുവരുത്താൻ പുതിയ നിയമനിർമാണം വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വരും വർഷങ്ങളിൽ കേരളത്തിന് വരാനിരിക്കുന്ന സാമ്പത്തികവും വൈജ്ഞാനികവുമായ തിരിച്ചടിയാകുന്ന മസ്തിഷ്ക ചോർച്ച തടയുകയാണ് നിയമനിർമാണത്തിന്റെ ആത്യന്തിക ലക്ഷ്യം. 30 ലക്ഷം രൂപ വരെ മുടക്കി യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ ആത്യന്തിക ലക്ഷ്യം പഠനശേഷം അവിടെ തന്നെയുള്ള ജോലിയും സ്ഥിരതാമസവും ആണ് . ഏതെങ്കിലും ഒരു കോഴ്സ് പഠിക്കുന്നത് കുടിയേറ്റത്തിനുള്ള ചവിട്ടുപടിയായാണ് വിദ്യാർത്ഥികൾ കാണുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ കേരളത്തിലേക്ക് തിരിച്ചു വരേണ്ടതായി വരുന്ന വിദ്യാർത്ഥികൾ നേരിടാൻ പോകുന്നത് വൻ സാമ്പത്തിക ബാധ്യതയാണ്. വിദേശരാജ്യങ്ങളിലേയ്ക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ നൽകിയ ബാങ്കുകൾ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ എടുക്കുന്ന ജപ്തി നടപടികളും മറ്റും വരും വർഷങ്ങളിൽ കേരളത്തിലെ സാമൂഹിക സാമ്പത്തിക മേഖലകളിൽ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവി പ്രൊഫ. റ്റിജി തോമസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ജോലി ലഭ്യതയെ കുറിച്ചുള്ള ആശങ്കകളും സ്വജനപക്ഷപാതം, രാഷ്ട്രീയ അതിപ്രസരണം തുടങ്ങി കേരളത്തിലെ സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥയോടുള്ള യുവതലമുറയുടെ നിശബ്ദ പ്രതിഷേധമാണ് മലയാളി വിദ്യാർഥികളുടെ വിദേശ കുടിയേറ്റത്തിന്റെ പിന്നിലെ മന:ശാസ്ത്രമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എപ്‌സം കോളേജ് മേധാവി എമ്മ പാറ്റിസൺന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെടുന്ന ദിവസം, ഭർത്താവിനും മകൾക്കുമൊപ്പം അടുത്ത സുഹൃത്തുകൾക്കായി അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് മൂവരും കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം. അത്താഴം കഴിഞ്ഞ ഉടനെ തോക്കുമായി എത്തിയ ഭർത്താവ് ജോർജ് ഇരുവർക്കും നേരെ വെടിയുതിർത്തതിന് ശേഷം സ്വയം വെടിവെച്ചു ചാകുകയായിരുന്നു.

അഞ്ച് മാസം മുൻപാണ് പാറ്റിസൺ(45) സ്കൂളിന്റെ ചുമതലയിൽ എത്തിയത്. സ്കൂളിന്റെ ആദ്യ വനിതാ മേധാവി എന്ന നിലയിലും ശ്രദ്ധ നേടിയ പാറ്റിസൺ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. കുഞ്ഞിനൊപ്പം സ്കൂൾ കെട്ടിടത്തിൽ തന്നെയായിരുന്നു പാറ്റിസണിന്റെ താമസം. ഭർത്താവ് കാറ്റർഹാമിൽ കുടുംബവീട്ടിലും. ഞായറാഴ്ച പുലർച്ചെ 1.10ഓടെ സ്‌കൂൾ ഗ്രൗണ്ടിലെ വീട്ടുവളപ്പിൽ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രൂരമായ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ദമ്പതികൾ സുഹൃത്തുക്കൾക്കായി ഒരു അത്താഴവിരുന്ന് സംഘടിപ്പിച്ചു എന്നുള്ളതാണ് കേസിലെ നിർണായക വഴിതിരിവ്.

ആ സമയത്ത് അസ്വസ്ഥതയുടെയോ ആശങ്കയുടെയോ ഒരു ലക്ഷണവും പാറ്റിസണിന്റെ മുഖത്ത് ഇല്ലായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. ശനിയാഴ്ച നടത്തിയ വിരുന്ന് അവരുടെ അവസാന വിരുന്നായി മാറിയെന്നാണ് കുടുംബ സുഹൃത്ത് പറയുന്നത്. അന്ന് തർക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഒന്നും തന്നെ ഉണ്ടായില്ലെന്ന് അയാൾ കൂട്ടിചേർത്തു. അവരുടെ ശരീരഭാഷ പഴയത് പോലെ തന്നെ ആയിരുന്നെന്നും സംശയാസ്പദമായി ഒന്നും തന്നെ ഇല്ലായിരുന്നു എന്നുമാണ് വിരുന്നിൽ പങ്കെടുത്തവരുടെ ഭാഷ്യം. ജോർജ് തന്റെ ഭാര്യയെയും മകളെയും വെടിവെച്ച് കൊന്നുവെന്നാണ് തെളിവുകൾ പറയുന്നതൊന്നും കൊലപാതകത്തിൽ മൂന്നാം കക്ഷിക്ക് പങ്കില്ലെന്നും സറേ പോലീസ് സ്ഥിരീകരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സെപ്റ്റംബർ മാസം പുതിയതായി പഠനത്തിന് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ടിവി പേഴ്സണൽ ഫിനാൻസ് വിദഗ്ധൻ മാർട്ടിൻ ലൂയിസ്. പഠനത്തിന് ആവശ്യമായ വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി £25,000 കൂടുതൽ തുക ശമ്പളം ലഭിക്കുന്നുണ്ടെങ്കിൽ വായ്പ തിരിച്ചടവ് കൂടാൻ സാധ്യതയുണ്ട്.

ബിബിസി പോഡ്‌കാസ്‌റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ വിളിച്ച ഒരു കുട്ടിയുടെ സംശയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ട്യൂഷൻ ഫീസ്, താമസം, ചെലവുകൾ എന്നിവയ്‌ക്കായി വായ്പ ഉപയോഗിക്കണോ, അതോ കയ്യിൽ നിന്ന് എടുക്കണോ എന്നുള്ള പിയറി എന്ന വിദ്യാർഥിയുടെ സംശയത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. സെപ്റ്റബർ മുതൽ ഇംഗ്ലീഷ് സർവ്വകലാശാലകളിൽ എത്തുന്ന തുടക്കകാർക്ക് പല മാറ്റങ്ങളും ഉണ്ടാകും. ഇതിന്റെ ഭാഗമായി പഠനത്തിനായി ലഭിക്കുന്ന തുക വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ പുതിയ വിദ്യാർത്ഥികൾ വായ്പ തിരിച്ചടവിനായി £ 25,000 ന് മുകളിൽ സമ്പാദിക്കുന്ന എല്ലാറ്റിന്റെയും ഒമ്പത് ശതമാനം നൽകുമെന്നും നികുതികൾക്ക് സമാനമായി എല്ലാ തലത്തിലും കൂടുതൽ പണം നൽകാൻ തുടങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു. 30 വർഷം കഴിയുമ്പോഴോ അല്ലെങ്കിൽ ബിരുദധാരികൾ അവരുടെ വായ്പ തിരിച്ചടയ്ക്കുമ്പോൾ, ആ അവസാന തീയതി സെപ്റ്റംബർ മുതൽ 40 വർഷമായി നീട്ടുമെന്നും ലൂയിസ് കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്‌കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. കഫേ നടത്തിയിരുന്ന സുനില്‍ മോഹന്‍ ജോര്‍ജാണ്(45) മരിച്ചത്. ഏതാനും ദിവസമായി പനിയും അസ്വസ്ഥതയും ഉണ്ടായിരുന്ന സുനിലിന് ഉറക്കത്തില്‍ മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ആദ്യം ലണ്ടനില്‍ കുടുംബമായിട്ടായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പിന്നീട് റെഡ്ഡിങ്ങിലേക്കു ഭാര്യയുമായി താമസം മാറുകയായിരുന്നു.

ഇവിടെ വെച്ച് ക്യാൻസർ രോഗം മൂലം ഭാര്യ റേയ്ചൽ മരണപ്പെട്ടു. തുടർന്ന് ഒരു റെസ്റ്റോറന്റ് നടത്തിയായിരുന്നു സുനിലിന്റെ ജീവിതം. ഏകദേശം ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളു സുനില്‍ ഇവിടെ എത്തിയിട്ട്. മറ്റു ആരോഗ്യപ്രശ്ങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഠിനമായ തണുപ്പില്‍ പനി പിടിക്കുന്നവരുടെ ആരോഗ്യസ്ഥിതി വളരെ മോശമാകുന്ന രീതിയാണ് നിലവിൽ ഉള്ളത്. ഈ അടുത്തും സുനിൽ നാട്ടിൽ പോയിരുന്നു. ഇന്നലെ രാവിലെയാണ് മരണവിവരം പുറത്ത് വന്നത്.

കഫേയില്‍ ക്ലീനിംഗ് ജോലിക്കു രാവിലെ എത്തിയ ജോലിക്കാരി വാതില്‍ തുറക്കാതെ കിടക്കുന്നത് കണ്ടു മറ്റുള്ളവരെ അറിയിച്ചതോടെ പോലീസിനെ അറിയിക്കുക ആയിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്. ഔദ്യോഗിക നടപടി ക്രമങ്ങൾ പൂർത്തിയായതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അയ്യായിരത്തിലധികം പേരുടെ ജീവനെടുത്ത തുർക്കിയിലെ ഭൂകമ്പത്തിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കാണാതായതായി റിപ്പോർട്ട്‌. സംഭവത്തെ തുടർന്ന് 35 ലധികം ബ്രിട്ടീഷ് പൗരന്മാർ പ്രയാസം നേരിട്ടെങ്കിലും മൂന്ന് പേരെയാണ് കാണാതായതെന്നാണ് വിദേശകാര്യ സെക്രട്ടറി പറയുന്നത്. ഇവരുമായി ഓഫീസ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള ഓട്ടത്തിൽ സഹായിക്കാൻ യുകെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമിനെ തുർക്കിയിൽ വിന്യസിച്ചിട്ടുണ്ട്.

ദുരിതബാധിതർക്ക് ഒപ്പമാണ് രാജ്യമെന്ന് ചാൾസ് രാജാവും അറിയിച്ചിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും, ഓപ്പമുണ്ടെന്നും വാർത്തകുറിപ്പിൽ അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെയാണ് തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മിക്കവരും വീടുകളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.

ആയിരക്കണക്കിന് കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തുർക്കിയിലും സിറിയയിലും മരണസംഖ്യ 5,000 പിന്നിട്ടു. ഭൂകമ്പത്തെ തുടർന്ന് 6,000-ത്തിലധികം കെട്ടിടങ്ങൾ തകർന്നുവെന്നും വൈദ്യുതി, ഗ്യാസ് അടിസ്ഥാന സൗകര്യങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വക്താക്കൾ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂഡൽഹി: സിസ്റ്റർ അഭയ കൊലക്കേസിൽ സുപ്രധാന വിധിയുമായി ദില്ലി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സിസ്റ്റർ സ്റ്റെഫിക്ക് നടത്തിയ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി വ്യക്തമാക്കിയത്. പൗരന്റെ സ്വകാര്യതയും അന്തസും ലംഘിക്കുന്ന നടപടിയാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. 2009ൽ നടത്തിയ കന്യകാത്വ പരിശോധനക്കെതിരെ സ്റ്റെഫി നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. തന്റെ സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയെന്നായിരുന്നു പ്രധാന ആരോപണം.

 

ഇതിന്റെ റിപ്പോർട്ട് തന്റെ എതിർപ്പ് പരിഗണിക്കാതെ പരസ്യപ്പെടുത്തിയെന്നും സ്റ്റെഫി ആരോപിച്ചു. കേസിൽ ഇരയാണോ പ്രതിയാണോ എന്നത് പരിശോധനക്ക് ന്യായീകരണമല്ല. കേസിന്റെ നടപടികൾ പൂർത്തിയായാൽ സ്റ്റെഫിക്ക് മനുഷ്യാവകാശ ലംഘനത്തിന് നഷ്ടപരിഹാരം തേടാമെന്നും കോടതി വ്യക്തമാക്കി. സിസ്റ്റർ അഭയയെ 1992ൽ കോട്ടയം പയസ് ടെൻത് കോൺവെന്റ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് സിസ്റ്റർ സെഫി പ്രതിയായത്. ഫാ. കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിയും തമ്മിലുള്ള ബന്ധത്തിന് അഭയ സാക്ഷിയായെന്നും ഇത് മറച്ചുവെക്കാൻ അഭയയെ കൊന്നുവെന്നുമാണ് കേസ്.

പ്രതികളെ സി ബി ഐ കോടതി ശിക്ഷിച്ചെങ്കിലും ഈ വിധി ഹൈ​കോടതി മരവിപ്പിച്ചതോടെ ഇരുവരും ജയിൽ മോചിതരാവുകയായിരുന്നു. കേസിൽ കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സ്റ്റെഫിക്ക് ജീവപര്യന്തവും ശിക്ഷയായിരുന്നു തിരുവനന്തപുരം സി ബി ഐ കോടതി 2020 ഡിസംബർ 23ന് വിധിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സർക്കാർ വകുപ്പുകൾ പുനഃസംഘടിപ്പിച്ചു ഋഷി സുനക്. ഗ്രാന്റ് ഷാപ്പ്സിനെ പുതിയ ഊർജ്ജ, നെറ്റ് സീറോ സെക്രട്ടറിയായി നിയമിച്ചു. ടോറി ചെയർമാൻ ആയിരുന്ന നാദിം സഹവിയെ നികുതി വെട്ടിപ്പിനെ തുടർന്ന് പുറത്താക്കിയിരുന്നു. സംസ്കാരം, മാധ്യമം, കായികം എന്നിവയുടെ തലവനായി ലൂസി ഫ്രേസറിനും സ്ഥാനകയറ്റം നൽകി. മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സുനക്കിന്റെ മന്ത്രിമാരുടെ ഉന്നത സംഘം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് യോഗം ചേർന്നു.

അതേസമയം, സർക്കാർ വകുപ്പുകൾ പുനഃസംഘടിപ്പിക്കുന്നത് നികുതിദായകർക്ക് ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടമാകുമെന്നും സുനക്കിന്റെ പുനഃസംഘടന ബലഹീനതയുടെ സൂചനയാണെന്നും പ്രതിപക്ഷ പാർട്ടികൾ പറയുന്നു. എന്നാൽ മാറ്റങ്ങൾ പ്രധാനമന്ത്രിയുടെ മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വകുപ്പുകളെ സഹായിക്കുമെന്നാണ് സർക്കാർ വാദം.പുതിയ ഡിപ്പാർട്ട്‌മെന്റ് ഫോർ എനർജി സെക്യൂരിറ്റിയും നെറ്റ് സീറോയും ദീർഘകാല ഊർജ്ജ വിതരണം സുരക്ഷിതമാക്കുന്നതിനും ബില്ലുകൾ കുറയ്ക്കുന്നതിനും പണപെരുപ്പം നിയന്ത്രിക്കാൻ സഹായിക്കുമെന്നും സർക്കാർ പറയുന്നു.

യുകെയുടെ സമ്പദ്‌വ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് റഷ്യ യുക്രൈൻ യുദ്ധം. ഊർജ്ജ ബില്ലുകൾ വർദ്ധിക്കുന്നത് ഇതുകൊണ്ട് തന്നെയാണ്. ഊർജപ്രതിസന്ധി അധികാരമേറ്റ നാൾ മുതൽ സുനക് നേരിടുന്ന പ്രശ്നമാണ്. ഇതിനായി മാത്രം വകുപ്പ് സ്ഥാപിക്കുമെന്നതും പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. രാജ്യത്തിന് കൂടുതൽ ഊർജ സുരക്ഷയും സ്വാതന്ത്ര്യവും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും, അതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടിയെന്നും സുനക് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved