Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തൊഴിൽ രംഗത്ത് പുതിയ പരിഷ്കാരങ്ങളുമായി യു കെ. വർക്ക്‌ ഫ്രം ഹോം രീതി കോവിഡ് കാലത്താണ് കൂടുതലായും നടപ്പിലായത്. നിലവിലെ തൊഴിൽ നിയമം അനുസരിച്ച് പുതിയ ജോലിയിൽ പ്രവേശിച്ച ഒരാൾക്ക് 6 മാസം കഴിഞ്ഞേ വർക്ക്‌ ഫ്രം ഹോം എടുക്കാൻ കഴിയുകയുള്ളൂ. എന്നാൽ പുതിയ പരിഷ്കാരം വരുന്നതോടെ ആദ്യദിനം മുതൽ പ്രവർത്തനരീതി തിരഞ്ഞെടുക്കാം. ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന തരത്തിൽ തൊഴിൽ രംഗത്തെ നവീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സമീപനം.

തൊഴിലാളികൾക്ക് പരസ്പരം ജോലിഭാരം പങ്കുവെക്കാനും ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാനും ഇതിലൂടെ അവസരം നൽകുന്നുണ്ട്. കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും പരിചരിക്കുന്ന ആളുകൾക്ക് പലപ്പോഴും ജോലിഭാരം കൂടിയാകുമ്പോൾ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. ഇതിനെ ലഘൂകരിക്കാനും പുതിയ പരിഷ്കരണത്തിലൂടെ കഴിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ, പുതിയ ജോലിയിൽ പ്രവേശിച്ച് ആറ് മാസത്തിന് ശേഷം മാത്രമേ തൊഴിലാളികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടാനാകൂ. ഇതുമൂലം പല ആളുകൾക്കും ജോലി ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്. പുതിയ ക്രമീകരണത്തിലൂടെ ജീവിത സാഹചര്യങ്ങൾക്ക് അനുസൃതമായി തൊഴിലിടങ്ങളും മാറുന്നു എന്നതാണ് പ്രധാനം.

തൊഴിലാളികൾക്ക് അനുകൂലമായ തൊഴിൽ സാഹചര്യമൊരുക്കുക എന്നുള്ളതാണ് പ്രധാനം, അവർക്ക് ഇഷ്ടമുള്ള പ്രവർത്തന രീതി തിരഞ്ഞെടുക്കാനും തൊഴിൽ ദാതാക്കൾ തയാറാകണമെന്നും വ്യവസായ മന്ത്രി കെവിൻ ഹോളിൻറേക്ക് പറഞ്ഞു. യു കെയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിലിടമാക്കി മാറ്റാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പുതിയ നടപടിക്കെതിരെ വിമർശനങ്ങളുമുയരുന്നുണ്ട്. മന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് മുൻ ടോറി നേതാവ് സർ ഇയൻ ഡങ്കൻ സ്മിത്ത് ചോദിച്ചു. ചെറുകിട ബിസിനസുകളെ തകർക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയ കമ്പനികളിൽ ധാരാളം തൊഴിലാളികൾ ഉള്ളതിനാൽ പ്രശ്നം ഉണ്ടാകില്ല. എന്നാൽ ചെറുകിട കമ്പനികൾ എന്ത് ചെയ്യും, തൊഴിലാളികൾ എല്ലാം വർക്ക്‌ ഫ്രം ഹോം എടുത്താൽ കമ്പനി എങ്ങനെ പ്രവർത്തിക്കുമെന്നാണ് ഗവണ്മെന്റ് പറയുന്നതന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒന്നരവർഷം മുമ്പ് മാത്രമാണ് ഷാജി മാത്യു യുകെയിലെത്തിയത്. എന്നാൽ ഈ സമയം കൊണ്ട് തന്നെ അദ്ദേഹം നല്ല സുഹൃത് വലയം സൃഷ്ടിക്കുകയും സുഹൃത്തുക്കളുടെ മനസ്സിൽ കുടിയേറുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ പേരാണ് തങ്ങളുടെ പ്രിയ സുഹൃത്ത് ഷാജി മാത്യുവിന് യാത്രാമൊഴിയേകാൻ ഇന്നലെ എത്തിച്ചേർന്നത്. ഇന്നലെ ഞായറാഴ്ച 12. 15 മുതൽ 2. 30 വരെയാണ് യുകെയിലെ പ്രിയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷാജി മാത്യുവിന് യാത്രാമൊഴിയേകാനുള്ള പൊതുദർശനത്തിനായി സമയം ക്രമീകരിച്ചിരുന്നത്. ഔവർ ലേഡി ഓഫ് ദ റോസ്മേരി ആൻഡ് സെന്റ് ലൂക്കിലാണ് പൊതുദർശനം നടത്തിയത് .

യാക്കോബായ സഭയിലെ അഭിവന്ദ്യ തിരുമേനി പ്രാർത്ഥന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. ഒട്ടേറെ വൈദിക പ്രമുഖരും ഷാജി മാത്യുവിന്റെ ഭാര്യ ജൂബിയെയും മക്കളെയും ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. ഷൂസ്ബറി ഹോസ്പിറ്റലിലെ നേഴ്സായ ഭാര്യ ജൂബിയെയും എട്ടും പതിനൊന്നും വയസ്സുള്ള നെവിൻ ഷാജിയേയും കെവിൻ ഷാജിയേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും .

നവംബർ 26-ാം തീയതിയാണ് ഷൂസ് ബറിയിൽ താമസിക്കുന്ന ഷാജി മാത്യു (46) ഹൃദയാഘാതം മൂലം പെട്ടെന്ന് മരണമടഞ്ഞത്. നാട്ടിൽ മൂവാറ്റുപുഴ തൃക്കളത്തൂർ പുന്നൊപ്പടി കരിയൻചേരിയിൽ കുടുംബാംഗമാണ് പരേതൻ. കെ എം മത്തായിയും സൂസനുമാണ് ഷാജിയുടെ മാതാപിതാക്കൾ .

ഷാജി മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. യുകെയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

 

ഷാജി മാത്യുവിന്റെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ കുടുംബത്തിന് അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ഫോട്ടോ കടപ്പാട് : രഞ്ജിൻ വി സ്ക്വയർ ടിവി

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്‌ട്രെപ്റ്റോകോക്കസ് എ ബാക്ടീരിയ ബാധിച്ച് ലണ്ടനിൽ ഏഴാമത്തെ കുട്ടിയും മരണപ്പെട്ടതോടെ മാതാപിതാക്കളും ഡോക്ടർമാരും കടുത്ത ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി കഴിഞ്ഞിരിക്കുകയാണ്. ലണ്ടനിലെ ഒരു സ്‌കൂളിൽ പഠിക്കുന്ന 12 വയസ്സുകാരൻ ഏറ്റവും പുതിയ ഇരയായതിനെ തുടർന്ന് ആരോഗ്യ മേധാവികൾ ജനറൽ പ്രാക്ടീഷണർമാർക്ക് അടിയന്തര നിർദ്ദേശം നൽകി കഴിഞ്ഞു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. സ്ട്രെപ്പ് എ യുടെ മിക്ക കേസുകളും തീവ്രതയില്ലാത്തവയാണെങ്കിലും, മാതാപിതാക്കൾ രോഗലക്ഷണങ്ങളെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് കാബിനറ്റ് മന്ത്രി നാദിം സഹാവി ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് അടിയന്തര ആരോഗ്യ സന്ദേശം നൽകിയിരിക്കുന്നത്. അതേസമയം, സ്ട്രെപ്പ് എ ബാധിച്ച് വെന്റിലേറ്ററിൽ ജീവനുവേണ്ടി മല്ലിടുന്ന ബോൾട്ടണിൽ നിന്നുള്ള നാല് വയസ്സുകാരി കാമില റോസ് ബേൺസ് ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ തുടരുകയാണ്. ക്ലാസ് റൂമുകളിൽ നിന്ന് രോഗം പടരുന്നതിനാൽ ആയിരക്കണക്കിന് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത് തൽക്കാലം നിർത്തുവാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിലെ സാഹചര്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ചെറിയ രോഗലക്ഷണങ്ങൾ പോലും മാതാപിതാക്കൾ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്ന് നിർദ്ദേശമാണ് ആരോഗ്യ ഏജൻസി നൽകുന്നത്. സാധാരണയായി ഗ്രൂപ്പ് എ സ്ട്രെപ്പ് ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകൾ കടുത്ത തീവ്രത ഇല്ലാത്തതും, തൊണ്ടവേദന, ചർമ്മത്തിലെ അണുബാധ പോലുള്ള ലക്ഷണങ്ങളോട് കൂടിയതുമാണ്. എന്നാൽ ചിലരിൽ ഇത് ഗുരുതരമായ സ്കാർലെറ്റ് ഫീവർ എന്ന രോഗത്തിന് കാരണമാകുന്നുണ്ട്.

എന്നാൽ ഈ രോഗവും ഭൂരിഭാഗം സാഹചര്യങ്ങളിലും ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. എന്നാൽ വളരെ കുറച്ച് ആളുകളിൽ, ഗ്രൂപ്പ് എ സ്ട്രെപ്പ് അണുബാധ ശരീരത്ത് ആഴത്തിൽ ബാധിക്കും. ചിലപ്പോൾ ശ്വാസകോശത്തിലേക്കും രക്തസ്ട്രീമിലേക്കും ബാധിക്കുന്ന ഈ ബാക്ടീരിയ ഇൻവേസിവ് ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് എന്ന അസുഖത്തിന് കാരണമാകുന്നു. ഈ രോഗം ചികിത്സിച്ചു ഭേദമാക്കുവാൻ വളരെയധികം പ്രയാസമാണ്. കടുത്ത പനി, വിശപ്പില്ലായ്മ, ഡീഹൈഡ്രേഷൻ, സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, അമിതമായ ഉറക്കം തൂങ്ങുന്ന അവസ്ഥ എന്നിവയൊക്കെ ഇത്തരം അണുബാധയുടെ ലക്ഷണങ്ങളാണ്. അതിനാൽ തന്നെ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശവും ആരോഗ്യവകുപ്പ് നൽകി കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പതിറ്റാണ്ടുകളായി ‘പീ ഓൺ എ സ്റ്റിക്ക്’ ഇൽ നിന്ന് ആയിരുന്നു സ്ത്രീകൾ ഗർഭ പരിശോധന നടത്തിയിരുന്നത്. 3000 വർഷത്തിലേറെയായി മൂത്രം ഉപയോഗിച്ചുള്ള ഗർഭ പരിശോധനകളാണ് പിന്തുടർന്നിരുന്നത്. എന്നാൽ ഈ രീതി താമസിയാതെ കാലഹരണപ്പെട്ടേക്കാം. ഉമിനീർ ഉപയോഗിച്ച് ഗർഭധാരണം എങ്ങനെ പരിശോധിക്കാം എന്ന പഠനത്തിൻെറ അവസാന ഘട്ടത്തിൽ ആണ് ശാസ്ത്രജ്ഞർ ഇപ്പോൾ.

ലോകത്തിലെ തന്നെ ആദ്യത്തെ ഉമിനീർ അടിസ്ഥാനമാക്കിയുള്ള ഗർഭ പരിശോധന ആയ ‘സാലിസ്റ്റിക്’ അടുത്തവർഷം ഹൈ സ്ട്രീറ്റ് ഷോപ്പുകളിൽ എട്ടു പൗണ്ടിന് ലഭ്യമാകും. ഈ പുതിയ കണ്ടുപിടുത്തം താരതമ്യേന എളുപ്പമുള്ളതും 95 ശതമാനം കൃത്യതയും പ്രധാനം ചെയ്യുമെന്ന് സലിഗ്നോസ്റ്റിക്സിന്റെ സഹസ്ഥാപകൻ ഗൈ ക്രൈഫ് പറഞ്ഞു. നിലവിലെ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഈ ടെസ്റ്റിന്റെ സങ്കല്പം വളരെ ആധുനികമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രയൽ ടെസ്റ്റിൽ സാലിസ്റ്റിക്ക് 95 ശതമാനം കൃത്യത കാണിച്ചിരുന്നു.

ആദ്യം പരിശോധനയ്ക്ക് വിധേയമാകുന്ന സ്ത്രീ പ്രത്യേക രൂപകൽപ്പന ചെയ്ത സ്റ്റിക്ക് വായിൽ തെർമോമീറ്റർ വെക്കുന്ന രീതിയിൽ വയ്ക്കും. ഇതിനുശേഷം ഇത് ഒരു പ്ലാസ്റ്റിക്ക് ട്യൂബിലേക്ക് മാറ്റും. ഇവിടെ ഒരു ബയോകെമിക്കൽ പ്രവർത്തനം നടക്കും. ഉമിനീർ ഉപയോഗിച്ചുള്ള ഈ ടെസ്റ്റിന്റെ ഫലം 10 മിനിറ്റിനുള്ളിൽ തന്നെ അറിയാം. പുതിയ കണ്ടുപിടിത്തത്തിനെ അടിസ്ഥാനമാക്കി നടത്തിയ സർവ്വേകൾ പ്രകാരം ഈ രീതി ജനപ്രിയമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 70% സ്ത്രീകളും ഉമിനീർ അടിസ്ഥാനമാക്കിയുള്ള ഗർഭ പരിശോധന തിരഞ്ഞെടുക്കുമെന്നും സർവ്വേയിൽ കണ്ടെത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സസെക്സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും തുടർച്ചയായുള്ള വിമർശനങ്ങളിൽ ചാൾസ് രാജാവിനും കാമിലയ്ക്കും ആശങ്കയല്ല മറിച്ച് തളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് മെയിൽ പത്രം പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. രാജകുടുംബത്തിലെ മറ്റുള്ളവരുടെ പെരുമാറ്റത്തെക്കുറിച്ച് ഹാരിയും മേഗനും നിരന്തരം പരസ്യമായി നടത്തുന്ന പരാതികളിൽ നിരാശയും തളർച്ചയും വർദ്ധിക്കുന്നതായി ബക്കിംഗ്ഹാം കൊട്ടാരം വൃത്തങ്ങൾ ഇന്നലെ രാത്രി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഹാരി – മേഗൻ ദമ്പതികൾ നെറ്റ്ഫ്ലിക്സിനൊപ്പം നിർമ്മിച്ച വിവാദപരമായ ഡോക്യുമെന്ററി സീരീസിന്റെ റിലീസിന് ദിവസങ്ങൾക്ക് മുമ്പാണ് ഈ അഭിപ്രായം മുന്നോട്ടു വന്നിരിക്കുന്നത്. ഇത് കൂടുതൽ പിരിമുറുക്കങ്ങക്ക് വഴിതെളിക്കുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.

ആറ് ഭാഗങ്ങളുള്ള പ്രോഗ്രാമിന്റെ ഒരു ട്രെയിലർ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിരുന്നു. ഇതിൽ രാജകുടുംബവുമൊത്തുള്ള നിമിഷങ്ങളെ പരിഹസിക്കുകയും അതുപോലെ തന്നെ കൊട്ടാരവുമായുള്ള ദമ്പതികളുടെ ദുഷ്‌കരമായ ബന്ധത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആറ് ഭാഗങ്ങളുള്ള പ്രോഗ്രാമിന്റെ ഒരു സ്‌ലിക്ക് ട്രെയിലർ കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. വില്യമിന്റെയും കേയ്റ്റിന്റെയും ബോസ്റ്റൺ സന്ദർശനത്തിന്റെ രണ്ടാം ദിവസം ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഈ ട്രെയിലർ ഹാരിയുടെയും മേഗന്റെയും രാജകുടുംബവുമായുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.


എന്നാൽ ഹാരിയുടെയും മേഗൻെറയും തുടർച്ചയായിട്ടുള്ള വിമർശനത്തിൽ ചാൾസ് രാജാവും രാജ്ഞിയും കടുത്ത ദുഖത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു . സെപ്തംബറിൽ എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരച്ചടങ്ങിൽ ഹാരി രാജകുമാരനെ പരമാവധി ഉൾപ്പെടുത്താൻ രാജകുടുംബം ആസൂത്രിതമായ നീക്കങ്ങൾ നടത്തിയെങ്കിലും ഇപ്പോൾ അവയെല്ലാം തന്നെ നിരർത്ഥകമായി തീർന്നിരിക്കുകയാണെന്നാണ് സൂചനകൾ . ഹാരി രാജകുമാരനും മേഗനും കൊട്ടാരത്തിൽ നിന്ന് അകന്ന് ഒരു പുതിയ ജീവിതം ആഗ്രഹിക്കുന്നുവെന്ന് പറയുന്നതിനിടയിൽ തന്നെ നടത്തിയ നിരവധി പൊതു അഭിമുഖങ്ങളുടെയും ടെലിവിഷൻ പ്രകടനങ്ങളുടെയും വിരോധാഭാസം കൊട്ടാരം സ്രോതസ്സുകൾ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യുമ്പോൾ കൂടുതൽ വിവാദങ്ങൾക്ക് വഴിവക്കാനാണ് സാധ്യത.

ജോജി തോമസ്

ഒരു ദേശവും ഒരു ജനതയും അതിജീവനത്തിനായി നടത്തുന്ന പോരാട്ടത്തിനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളിൽ ഒന്നിന്റെ പണക്കൊഴുപ്പിന്റെ അകമ്പടിയോടെ നടത്തുന്ന ശ്രമങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി വിഴിഞ്ഞത്തുനിന്ന് കേൾക്കുന്നത്. വിഴിഞ്ഞത്തെ ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും, സമരം ഒരു സമുദായത്തിന്റെ മാത്രം ആവശ്യമായി ചിത്രീകരിക്കുന്നതിലും അദാനി സ്പോൺസേർഡ് ഗ്രൂപ്പ് വിജയിച്ചതിന്റെ തെളിവാണ് രാഷ്ട്രീയ പ്രബുദ്ധതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ പൊതുപ്രവർത്തകരുടെയും, മാധ്യമങ്ങളുടെയും നിശബ്ദത . വിഴിഞ്ഞത്തെ സമരം അക്രമമായതിനു പിന്നിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഇടപെടലിലൂടെ ഉണ്ടായ സംഘടനയുടെയും, ബോധപൂർവ്വം ഉള്ള ചില പോലീസ് നടപടികളും എത്രമാത്രം കാരണമായെന്ന് മാധ്യമങ്ങൾ മറച്ചു വയ്ക്കുന്ന സത്യമാണ്.

സമാധാനപരമായി നടന്ന സമരത്തെ പരാജയപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമായി വിഴിഞ്ഞം തുറമുഖത്തിന് അനുകൂല നിലപാടുള്ള സംഘടന ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. അദാനിയുടെ പണത്തിന്റെ പിൻബലമുള്ള സംഘടനയെ സഹായിക്കാൻ കേന്ദ്രവും , സംസ്ഥാനവും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ അഭിപ്രായവ്യത്യാസം മാറ്റിവെച്ച് മത്സരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അക്രമത്തിന്റെ തുടക്കം തുറമുഖം വേണമെന്ന് വാദിക്കുന്ന ഈ സംഘടനയിൽ നിന്നായിരുന്നു. ജനങ്ങളെ പ്രകോപിപ്പിക്കാനും അങ്ങനെ ഒരു കലാപ സാഹചര്യത്തിലേയ്ക്ക് കാര്യങ്ങൾ ചെന്നെത്തിക്കാനും പോലീസിന്റെ ഭാഗത്തുനിന്നും ബോധപൂർവ്വമായ ശ്രമങ്ങളുണ്ടായി. ഇത്തരം സത്യങ്ങൾക്ക് നേരെ മാധ്യമങ്ങൾ കണ്ണടയ്ക്കുകയും, രാഷ്ട്രീയ പാർട്ടികൾ നിശബ്ദത പാലിക്കുകയും ചെയ്തപ്പോഴാണ് 2018 -ലെ പ്രളയകാലത്തെ വീരന്മാർ ദേശദ്രോഹികളായത്. ഒരു മന്ത്രി തന്നെ കടലിന്റെ മക്കളെ ദേശദ്രോഹികളായി ചിത്രീകരിച്ചത് 2018 – ൽ ജീവൻ പണയപ്പെടുത്തി വള്ളവുമായി മധ്യതിരുവിതാംകൂറിൽ വരെ രക്ഷാപ്രവർത്തനം നടത്തിയ തീരദേശവാസികളുടെ ചരിത്രം മറന്നാണ്.


തീരദേശവാസികളുടെ സമരം അവരുടെ ജീവിതത്തിനും മണ്ണിനുമായാണ് . തുറമുഖം വന്നാൽ തീര ശോഷണം സംഭവിക്കുകയും കിടപ്പാടം നഷ്ടപ്പെടുകയും, ഉപജീവനമാർഗ്ഗം അടയുകയും ചെയ്യുമെന്നാണ് പ്രധാന പരാതി. വേൾഡ് ബാങ്കിലും ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിലും മറ്റും ജോലി ചെയ്തിരുന്ന സ്വതന്ത്ര വിലയിരുത്തൽ വിഭാഗം ഡയറക്ടറായിരുന്ന വിനോ തോമസ് ഉൾപ്പെടെ പരിസ്ഥിതി വിഷയങ്ങളിൽ അവഗാഹം ഉള്ള നിരവധി വിദഗ്ധർ തീരദേശവാസികളുടെ ആശങ്കയോട് ചേർന്നു പോകുന്ന ചിന്തയുള്ളവരാണ്. വിഴിഞ്ഞം തുറമുഖം വന്നാൽ ശ്രീലങ്കയിലെ കൊളംബോ തുറമുഖം പൂട്ടിപ്പോകുമെന്നും വൻ വികസനമുണ്ടാകുമെന്നുമാണ് അവകാശവാദം. ഇതേ അവകാശവാദങ്ങളുമായി 3000 ത്തിലേറെ കോടി ചിലവഴിച്ച് നിർമ്മിച്ച വല്ലാർപാടം കണ്ടയ്നർ തുറമുഖം ഇപ്പോൾ വർഷംതോറും നൂറുകണക്കിന് കോടി രൂപ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.


7525 കോടി രൂപ മുതൽമുടക്കുള്ള വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രസർക്കാർ 1635 കോടിയും , കേരള സർക്കാർ 2454 കോടിയും മുതൽമുടക്കും. അദാനി ഗ്രൂപ്പിൻറെ മുതൽമുടക്ക് 2454 കോടിയുടെതാണ് . 2454 കോടി രൂപ മുതൽമുടക്കുള്ള അദാനി ഗ്രൂപ്പിനാണ് തുറമുഖത്തിന്റെ 40 വർഷത്തെ നടത്തിപ്പ് ചുമതല. 20 വർഷം കൂടി നടത്തിപ്പ് ചുമതലയുടെ കാലാവധി നീട്ടി കൊടുക്കാൻ കരാറിൽ വ്യവസ്ഥകളുണ്ട്. കരടു കരാറിൽ 10 വർഷം മാത്രം നടത്തിപ്പ് ചുമതലയുണ്ടായിരുന്ന അദാനി ഗ്രൂപ്പിന് 40 വർഷത്തെ നടത്തിപ്പ് ചുമതല നൽകിയതിലൂടെ സംസ്ഥാന ഖജനാവിന് 60,000 കോടിയിലേറെ രൂപ നഷ്ടമുണ്ടായതായി കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടുണ്ട് . ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് ആരംഭിച്ച വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ 600 കോടി രൂപയുടെ അഴിമതി ഇപ്പോഴത്തെ ഭരണകക്ഷിയായ സിപിഎം ആരോപിച്ചിരുന്നു.

വിഴിഞ്ഞത്ത് നടക്കുന്ന സമരം വികസനത്തിനോ, തുറമുഖത്തിനോ എതിരല്ല. കിടപ്പാടവും, തൊഴിലും നഷ്ടപ്പെടുന്ന ഒരു ജനതയുടേതാണ്. അർഹമായ പുനരധിവാസമാണ് അവരുടെ ആവശ്യം. സർക്കാർ വാഗ്ദാനങ്ങളെല്ലാം ജലരേഖയായപ്പോഴാണ് അവരീ സമരത്തിന് തുനിഞ്ഞിറങ്ങിയത്. പുനരധിവാസമെന്ന പേരിൽ സിമൻറ് ഗോഡൗണിലാണ് കുടിയൊഴിപ്പിക്കപ്പെട്ടവർ വർഷങ്ങളായി കഴിയുന്നത്. തീരദേശവാസികളെ ദേശദ്രോഹികളാക്കിയ മന്ത്രിമാരും കുടുംബവും ഒരു ദിവസമെങ്കിലും അവിടെ പോയി താമസിക്കാൻ തയ്യാറാകുമോ എന്നതാണ് പ്രസക്തമായ വിഷയം. കടലിനോട് മല്ലിട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന തീരദേശവാസികൾ തുഴ പിടിച്ച കൈകളുടെ ശക്തിക്ക് മുന്നിൽ തോറ്റു പോകാതിരിക്കണമെങ്കിൽ സർക്കാരും അദാനിയും മാന്യമായ ഒരു ഒത്തുതീർപ്പിന് തയ്യാറാകണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വീട്ടിലേക്ക് അതിക്രമിച്ചു കടന്ന യുവാക്കളെ പിന്തുടർന്നതിനെ തുടർന്ന് ശിക്ഷ നേരിടേണ്ടിവന്ന രണ്ട് കുട്ടികളുടെ പിതാവായ ആദം വൈറ്റിന്റെ നിയമ യുദ്ധത്തിനു വേണ്ടി രണ്ടു ദിവസം കൊണ്ട് സ്വരൂപിച്ചത് 121,000ത്തിലധികം പൗണ്ട്. 2019 സെപ്റ്റംബറിലാണ് 25 വയസ്സുകാരനായ ടെയ്‌ലർ ബെൻഫോർഡും റയാൻ പോളും ആദം വൈറ്റിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്. ഇരുവരും ക്രോബാറും ബോൾട്ട് കട്ടറുകളും അടങ്ങുന്ന ആയുധങ്ങളുമായി ആയിരുന്നു വന്നത്. സംഭവ സമയം വീട്ടിൽ ആദത്തിന്റെ ഭാര്യ 34കാരിയായ ലിൻഡ്സെയും എട്ടും പത്തും വയസുള്ള മക്കളും ഉണ്ടായിരുന്നു.

മോഷ്ടാക്കൾ ഉടൻതന്നെ മോട്ടോർ ബൈക്കിൽ രക്ഷപ്പെട്ടു. എന്നാൽ ആദം ഉടൻതന്നെ തൻറെ വൈറ്റ് മെഴ്‌സിഡസ് 4X4 ൽ അവരെ പിന്തുടരുകയായിരുന്നു. ഇതിനെ തുടർന്നുള്ള അപകടത്തിൽ യുവാക്കൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് യുവാക്കളെ പരിക്കേൽപ്പിച്ചതിനാണ് 34കാരനായ ആദത്തെ ഫെബ്രുവരിയിൽ 22 മാസം തടവിനായി ശിക്ഷിച്ചത്. അതേസമയം കവർച്ചാശ്രമം നടത്തിയ ബെൻഫോർഡും പോളും കോടതിയിൽ നിന്ന് ശിക്ഷകൾ ഒന്നും ലഭിക്കാതെ മോചിതരായി.

പ്രസ്തുത സംഭവത്തെ ആസ്പദമാക്കി ചാനൽ 4 ഡോക്യുമെൻററി സീരിസ് പ്രക്ഷേപണം ചെയ്തതാണ് വഴിത്തിരിവായത് . ഇതിനെ തുടർന്ന് ഒട്ടേറെ പേരാണ് ആദത്തിനും കുടുംബത്തിനും പിന്തുണയുമായി എത്തിയത്. തൻറെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് താനും കുടുംബവും കടന്നുപോയതെന്നും എന്നാൽ തനിക്ക് ലഭിച്ച സന്ദേശങ്ങളും സഹായഹസ്തങ്ങളും തന്നെ ഏറെ അതിശയിപ്പിക്കുന്നതായിരുന്നെന്നും എല്ലാവർക്കും നന്ദി പറയുന്നതായും ആദം പറഞ്ഞു. പൊതുജനങ്ങൾ തന്നെ ഇത്രമാത്രം വിശ്വസിക്കുകയും പിന്തുണിക്കുകയും ചെയ്യുമെന്ന് താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന ഈ സാഹചര്യത്തിലും ഇത്രയും പെട്ടെന്ന് പണം സ്വരൂപിക്കാൻ കഴിഞ്ഞതിൻെറ ആവേശത്തിലാണ് സംഘാടകർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഏറ്റവും കൂടുതൽ ആത്മാർപ്പണം വേണ്ട ജോലിയാണ് നേഴ്സിംഗ് മേഖല. അതുകൊണ്ടു തന്നെയാണ് അവരെ മാലാഖമാർ എന്ന് വിളിക്കുന്നതും. ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർ ശ്രദ്ധിക്കപ്പെടുന്നത് അവരുടെ കഴിവിനുപരി രോഗി പരിപാലനത്തിലെ ആത്മാർത്ഥതയും ആത്മസമർപ്പണവും കൊണ്ടു കൂടിയാണ്.

നേഴ്സിംഗ് മേഖലയിലേക്ക് തൻറെ കഴിവിനും ആത്മസമർപ്പണത്തിനും ഒരു മലയാളി നേഴ്സ് അംഗീകരിക്കപ്പെട്ട വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അയർലണ്ടിലെ പ്രശസ്തമായ ട്രിനിറ്റി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് നേഴ്സിംഗ് ആൻഡ് മിഡ് വൈഫറി ഏർപ്പെടുത്തിയ ഈ വർഷത്തെ പ്രിസപ്റ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹയായിരിക്കുന്നത് മൂവാറ്റുപുഴ സ്വദേശിനി ബിൽഷാ ബേബിയാണ്.
നേഴ്സിംഗ് വിദ്യാർഥികൾ മികച്ച രീതിയിലുള്ള ട്രെയിനിങ്ങും മാർഗനിർദ്ദേശവും നൽകുന്ന നേഴ്സിംഗ് ടീച്ചർമാർക്ക് കൊടുക്കുന്ന ബഹുമതിയാണ് പ്രിസപ്റ്റർ ഓഫ് ദ ഇയർ അവാർഡ്.

ഡൽഹിയിലെ ആർ ഏ. കെ നേഴ്സിംഗ് കോളേജിൽ നിന്നാണ് ബിൽഷ നേഴ്സിംഗ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് മാംഗ്ലൂരിലെ മെഡിക്കൽ കോളേജിലും നോയിഡയിലെ ഫോർട്ടിസിയിലും സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് ബിൽഷ അയർലൻഡിൽ എത്തിയത് . സനു സെബാസ്റ്റ്യൻ ആണ് ഭർത്താവ്. റിയ, മില, ഇസ എന്നിവരാണ് സനു ബിൽഷ ദമ്പതികളുടെ മക്കൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: 2020 ൽ കോവിഡ് രോഗബാധയെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മരണപ്പെടുകയായിരുന്നെങ്കിൽ മന്ത്രിസഭയിൽ ഉണ്ടാകുമായിരുന്ന മാറ്റത്തെ കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി വിവാദനായകനും എം പിയുമായ മാറ്റ് ഹാൻകോക്ക് രംഗത്ത്. ബോറിസ് ജോൺസൺ കോവിഡ് ബാധിതനായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ആ കാലയളവിൽ. വൈറസ് ബാധ തീവ്രമാണെന്നും മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ജോൺസൺ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വൈറസ് ശ്വാസകോശത്തെ കാര്യമായി ബാധിക്കുകയും തുടർന്നുണ്ടായ ശ്വാസതടസ്സവും ആയിരുന്നു ബോറിസ് ജോൺസൺ നേരിട്ട പ്രധാന പ്രശ്നം. എന്നാൽ മുൻവിധികളെയെല്ലാം തിരുത്തിയാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരികെ എത്തിയത്.

അകാലത്തിൽ കോവിഡ് ബാധിച്ച് ബോറിസ് ജോൺസൺ മരണപ്പെടുന്ന സാഹചര്യത്തിൽ കൺസർവേറ്റിവ് പാർട്ടി നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു ഇവരുടെ കണക്കു കൂട്ടൽ. സാധാരണ തിരഞ്ഞെടുപ്പ് രീതി അനുസരിച്ചാണെങ്കിൽ കാലതാമസം നേരിടുമെന്നും, അത് ഭരണത്തെ പ്രതിസന്ധിയിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും മനസിലാക്കിയ സംഘം എളുപ്പവഴിയേ കുറിച്ച് ചിന്തിച്ചു തുടങ്ങി. അതാണ് ക്യാബിനറ്റിലെ 20 ആളുകൾ ചേർന്ന് നിർണായക തീരുമാനം കൈകൊള്ളുമെന്ന ആലോചനയിലേക്ക് എത്തിയത്. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ജോൺസനെ പ്രവേശിപ്പിച്ചത് സർക്കാരിലെ എല്ലാവരെയും അമ്പരപ്പിച്ചെന്നും മാറ്റ് ഹാൻകോക്ക് നടത്തിയ വെളിപ്പെടുത്തലിൽ പറയുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ജോൺസൺ ഏറെനാൾ തീവ്രപരിചരണ വിഭാഗത്തിൽ തുടർന്നിരുന്നു. ജീവൻ നിലനിർത്താൻ വെന്റിലേറ്റർ ആവശ്യം വരാൻ 50% സാധ്യത ഉണ്ടെന്നുമുള്ള ഡോക്ടർമാരുടെ വിലയിരുത്തലിൽ ആണ് ഹാൻകോക്കും കൂട്ടരും പ്രതീക്ഷവെച്ചത്. കാരണം രോഗം ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഭൂരിപക്ഷമാളുകളും 2020ൽ തന്നെ മരിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ആരോഗ്യ നിലയിൽ ജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, രാജ്യത്തെ പല മരുന്ന് കമ്പനികളും വിവിധ പരീക്ഷണ ഓഫറുകളുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ആരോഗ്യ സെക്രട്ടറിയായിരുന്ന ഹാൻകോക്ക് അതെല്ലാം തടഞ്ഞെന്നുമാണ് പുറത്തുവരുന്ന നിർണായക വിവരം. 2020 മാർച്ച്‌ 27ന് ബോറിസ് ജോൺസന് കോവിഡ് പോസിറ്റീവ് ആയപ്പോൾ തന്നെയാണ് അണിയറയിൽ ഈ നാടകവും ആരംഭിച്ചത്. രാജ്യം ലോക്ക്ഡൗണിലായിരുന്നത് ഇവർക്ക് കൂടുതൽ സൗകര്യമായി. ലോക നേതാക്കളിൽ വൈറസ് ബാധിതനാണെന്ന് ആദ്യം വെളിപ്പെടുത്തി രംഗത്ത് വന്നതും ബോറിസ് ജോൺസൺ ആയിരുന്നു. മാറ്റ് ഹാൻകോക്കിന്റെ വെളിപ്പെടുത്തൽ പുതിയ രാഷ്ട്രീയ വിവാദത്തിനാണ് തിരി തെളിയിച്ചിരിക്കുന്നത്.

ലിവർപൂൾ/ വിരാൾ: യുകെ മലയാളികൾക്ക് ഇത് ദുഃഖത്തിന്റെ നാളുകൾ. ലിവർപൂളിനടുത്തു ബെർക്കൻ ഹെഡ്‌ ,റോക്ക് ഫെറിയിൽ  താമസിച്ചിരുന്ന വിദ്യാർത്ഥിയായിരുന്ന വിചിൻ വർഗ്ഗീസ്സ് (23) എന്ന യുവാവിനെയാണ്  ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ നിലയിൽ കാണപ്പെട്ടത്.

സംഭവം ഇങ്ങനെ. ഇന്നലെ വൈകീട്ട് ആണ് സംഭവം ഉണ്ടായിരിക്കുന്നത്. ഒരു ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു പരേതനായ വിചിൻ വർഗ്ഗീസ്സ് താമസിച്ചിരുന്നത്. ലിവർപൂളിൽ നിന്നും ഏകദേശം അരമണിക്കൂർ യാത്ര ചെയ്തു ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ആയിരുന്നു പഠിച്ചിരുന്നത്.  ഇതേ സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിൽ വേറെയും മലയാളികൾ ഉണ്ടായിരുന്നു. ഇവർ ഇന്നലെ വൈകീട്ടോടെ ഷോപ്പിങ്ങിനായി പുറത്തുപോയിരുന്നു.

ആറ് മണിയോടെ ആണ് പുറത്തുപോയ മലയാളികൾ തിരിച്ചുവരുന്നത്. കൂട്ടുകാരൻ എന്തെടുക്കുന്നു എന്നറിയാനായി കതകിൽ തട്ടിയത്. എന്നാൽ കതക് അടച്ചിട്ടില്ലായിരുന്നു. കതകു തുറന്നു നോക്കിയ മലയാളി സുഹൃത്തുക്കൾ കണ്ടത് മരിച്ചു കിടക്കുന്ന വിചിൻ വർഗ്ഗീസ്സിനെയാണ്‌ എന്നാണ് അറിയുന്നത്.

ഉടൻ തന്നെ ആംബുലൻസ് സർവീസ്, പോലീസ് എന്നിവർ എത്തി. ഫ്ലാറ്റ് കോർണർ ചെയ്യുകയും ചെയ്തു. പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കിയപ്പോൾ മാത്രമാണ് പുറംലോകമറിയുന്നത്.

പുറത്തുവരുന്ന വിവരമനുസരിച്ചു മലയാളി സ്ഥാപനം വഴി കെയറർ ആയായിട്ടാണ് വിചിൻ വർഗ്ഗീസ്സ് ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ ജോലി ചെയ്തിരുന്ന സ്ഥാപനം സ്ഥിരജോലി വാഗ്‌ദാനം ചെയ്തിരുന്നു എന്നും ആ ജോലി ലഭിക്കുന്നതുമായി ഏജൻസിയുമായി ചില തർക്കങ്ങൾ ഉടലെടുത്തു എന്നും പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരം. എന്തായാലും റൂമിൽ നിന്നും ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്.

എന്നിരുന്നാലും സംഭവം നാട്ടിൽ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. വിചിൻ കൊല്ലം, കൊട്ടാരക്കര, കിഴക്കേ തെരുവ് സ്വദേശിയാണ്.

വിചിൻ വർഗ്ഗീസ്സിന്റെ അകാല വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെ യുടെ അനുശോചനം അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved