ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടനിലെ ചില ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളിൽ താമസിക്കുന്ന സെക്കന്റ്‌ഹോം ഓണേഴ്സിന് കൗൺസിൽ നികുതി ബിൽ ഇരട്ടിയാക്കാൻ ഒരുങ്ങി അധികൃതർ. സമ്പന്നരായ പുറത്തുനിന്നുള്ളവർ വീട് വാങ്ങുകയും, വർഷത്തിൽ ഭൂരിഭാഗവും വസ്തുവകകൾ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിൽ താമസിക്കുകയും ചെയ്യുന്നവരാണ് ഇതിൽ ഏറെയും.

നടപടി ബില്ലിന് റോയൽ അസെന്റ് ലഭിച്ചുകഴിഞ്ഞാൽ മാത്രമേ നയം നടപ്പിലാകൂ. 2024 -ൽ അംഗീകാരം ലഭിച്ചു നയം പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കോൺവാൾ, ബ്രിസ്റ്റോൾ, നോർത്ത് യോർക്ക്ഷയർ എന്നിവയുൾപ്പെടെ കുറഞ്ഞത് 14 കൗൺസിലുകളെങ്കിലും പ്രീമിയം എത്രയും വേഗം ചുമത്താൻ ഇതിനകം തന്നെ തീരുമാനം ആയിട്ടുണ്ട്.

സമൂഹത്തിൽ രണ്ടാം വീടുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ചെറുക്കാൻ നിയമനിർമ്മാണം പര്യാപ്തമാകുമെന്നാണ് വകുപ്പ് നൽകുന്ന വിശദീകരണം. പണം സ്വരൂപിക്കുന്നത് മാത്രമല്ല ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം പുറത്തിറക്കിയ സർക്കാർ കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിലെ 257,331 വീടുകളിൽ കുറഞ്ഞത് ആറ് മാസമെങ്കിലും താമസത്തിന് ആളില്ലായിരുന്നു എന്നാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പാസ്പോർട്ട് അപേക്ഷ ഫീസ് വർധിക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 2 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്ന മുതിർന്നവർക്ക് 75.50 പൗണ്ടിൽ നിന്ന് 82.50 പൗണ്ടായും കുട്ടികൾക്ക് 49 പൗണ്ട് മുതൽ 53.50 പൗണ്ട് വരെയും ആണ് ഫീസ് ഉയർത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പലവിധ ആശങ്കകൾ ഉണ്ടായിരുന്നെന്നും, അതുകൊണ്ടാണ് വ്യക്തത വരുത്തുന്നതെന്നും അധികൃതർ പറയുന്നു.

തപാൽ അപേക്ഷകളിൽ മുതിർന്നവർക്ക് 85 പൗണ്ടിൽ നിന്ന് 93 പൗണ്ടായും കുട്ടികൾക്ക് 58.50പൗണ്ട് 64 പൗണ്ടായും വർധിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. പൊതുനികുതിയിൽ നിന്നുള്ള ഫണ്ടിനെ ആശ്രയിക്കുന്നത് ഒഴിവാക്കി, ഫീസ് വർധനവിലൂടെ തുക കണ്ടെത്താനാണ് നീക്കം. അതിന്റെ പ്രാഥമിക നടപടി എന്നുള്ള നിലയിലാണ് അപേക്ഷ ഫീസ് വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്. പാസ്‌പോർട്ട് അപേക്ഷകളുടെ ചെലവിൽ നിന്ന് സർക്കാർ ഒരു ലാഭവും ഉണ്ടാക്കുന്നില്ല.

പാസ്‌പോർട്ട് അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവ്, നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ പാസ്‌പോർട്ടുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾക്കുമാണ് ഈ തുക വിനിയോഗിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ആദ്യമായാണ് ഫീസ് വർദ്ധനവ് ഏർപ്പെടുത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ആശുപത്രികളിലെ നീണ്ടനിര ഒഴിവാക്കാൻ പരിഹാര നടപടികളുമായി അധികൃതർ. യുകെ യിലെ ആശുപത്രികളിൽ രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനു പരിഹാരമായി കൂടുതൽ കിടക്കകളും ആംബുലൻസുകളും പുറത്തിറക്കാനാണ് തീരുമാനം. ഇതോടെ 5,000 പുതിയ കിടക്കകൾ ആശുപത്രികളിൽ എത്തും.

രോഗികളെ ഉൾകൊള്ളാനുള്ള ശേഷി വർദ്ധിക്കുന്നതോടെ തിരക്കുകൾ ഒരു പരിധിവരെ കുറയുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം 800 പുതിയ ആംബുലൻസുകൾ നിരത്തിലിറക്കുമെന്നുമാണ് പ്രഖ്യാപനം. ഇതിനായി തന്നെ 1 ബില്യൺ പൗണ്ട് തുകയാണ് വകയിരുന്നത്തുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തിറക്കും. ഗവൺമെന്റിന്റെയും എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെയും സംയുക്ത നേതൃത്വത്തിലാണ് നടപടി. എന്നാൽ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുകൊണ്ട് മതിയാവില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്.

മന്ത്രിമാരുടെ കൊടുകാര്യസ്ഥത മാത്രമാണ് ഇതിനു കാരണമെന്നും, ആരോഗ്യ രംഗത്ത് നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരാത്തത് പാർട്ടികൾ വിശദമായി പരിശോധിക്കണമെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ഏപ്രിൽ മുതൽ നടപടികൾ കൈകൊള്ളുമെന്നാണ് ഭരണാധികാരികൾ അറിയിക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി ബ്രിട്ടീഷ് എയര്‍ വെയ്സ്. ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ ലാഭകരമായതിനെ തുടർന്നാണ് നീക്കം. ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടു പറക്കാനുളള എയര്‍ ഇന്ത്യയുടെ ഏക വിമാനം ഇല്ലാതാകുന്നുവെന്ന ആശങ്കകൾക്ക് ഇടയിലാണ് നടപടി. ഇതോടെ ഇന്ത്യലേയ്ക്കുള്ള സ്വാധീനം വർധിപ്പിക്കുകയാണ് ബ്രിട്ടീഷ് എയര്‍ വെയ്സ്.
പുതിയ വിമാനങ്ങൾ നിരത്തുകളിൽ ഇറക്കാനാണ് നീക്കം. സർവീസുകൾ ആരംഭിക്കുന്നതോടെ ഏതു സമയത്തും യാത്രയ്ക്ക് വിമാനത്തെ ആശ്രയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. നിലവിൽ മുംബൈയിലേക്ക് രണ്ട് സർവീസുകളാണ് നടത്തുന്നത്. ഇന്ത്യയിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി ആകർഷകമായ പാക്കേജുകൾ ഉണ്ടാകുമെന്നും യാത്രക്കാർ പ്രതീക്ഷിക്കുന്നു.
ഇപ്പോള്‍ ആഴ്ചയില്‍ 56 സര്‍വീസുകളാണ് ബ്രിട്ടീഷ് എയര്‍വേയ്സ് നടത്തുന്നത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് പ്രധാന റൂട്ടുകള്‍. ബ്രിട്ടീഷ് എയര്‍വേയ്സ് യുകെയിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും വിധമാണ് പുതിയ സര്‍വീസുകളുടെ സമയം ഒരുക്കിയിരിക്കുന്നത്. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത് വേനൽ അവധിക്ക് നാട്ടിലെത്തുന്ന ആളുകൾക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. 1500 പൗണ്ട് ചിലവാണ് മുൻ വർഷങ്ങളിൽ ആയത്. ഇത്തവണ അത് 1000 ത്തിൽ നിൽക്കുമെന്നാണ് മലയാളികൾ പറയുന്നത്. ബ്രിട്ടനില്‍ നിന്നും എയര്‍ ഇന്ത്യ ഒന്‍പത് നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുമ്പോള്‍ അഞ്ചു കേന്ദ്രങ്ങളിലേയ്ക്കാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ വിമാനങ്ങള്‍ എത്താൻ പോകുന്നത്.
ലണ്ടൻ: സ്വന്തമായി വിമാനം നിർമ്മിച്ചു യുകെ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഒരു ആലപ്പുഴക്കാരൻ. കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യവും മുൻ മന്ത്രിയുമായ എ വി താമരാക്ഷന്റെ മകൻ അശോക് താമരാക്ഷനാണ് സ്വന്തമായി ആരെയും ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള വിമാനം നിർമ്മിച്ചിരിക്കുന്നത്. ഒറ്റപ്പാലം കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയ അശോക്, തുടർ പഠനത്തിനായിട്ടാണ് യുകെയിൽ എത്തിയത്. പഠനവും ജോലിയുമായി 15 വർഷത്തോളമായി യുകെയിൽ തുടരുകയാണ്. കോവിഡ് മഹാമാരിയുടെ സമയത്താണ് ഇങ്ങനെ ഒരു ആഗ്രഹം മനസ്സിൽ കയറിയതെന്നും, പിന്നീട് അതിന് വേണ്ടിയുള്ള നിരന്തര പരിശ്രമവുമാണ് ഇതിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘താമസസ്ഥലത്ത് എയർഫീൽഡ് ഉണ്ടായിരുന്നു എല്ലാ ദിവസവും കാണുന്നത് വിമാനം ആയതുകൊണ്ടാകാം ഇങ്ങനെ ഒരു ആഗ്രഹം അശോകൻെറ മനസ്സിൽ കയറിയത്. മെക്കാനിക്കൽ എഞ്ചിനീയറിങ് പഠിച്ചത് കൊണ്ട് മാത്രമല്ല, ചെറുപ്പം മുതൽ തന്നെ സാധനങ്ങൾ ഒക്കെ അഴിച്ചു പണിയാൻ ആഗ്രഹവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതൊക്കെയാണ് ഇവിടെ കരുത്തുപകർന്നത്. ജോലിക്കിടയിലാണ് വിമാന നിർമാണത്തിന് സമയം കണ്ടെത്തിയത്. പൈലറ്റ് ആകാനുള്ള പരീക്ഷ അതിന് വേണ്ടി ആദ്യം പാസ്സായി. “ഒത്തിരി കടമ്പകൾ ഉണ്ടായിരുന്നു. ട്രെയിനിങ് സെഷനുകൾ, എക്സാം ഇങ്ങനെ എല്ലാവിധ പരീക്ഷണങ്ങളും കടന്നാണ് ടെസ്റ്റ് പാസ്സ് ആയത്”-അശോക് പറഞ്ഞു.

വിമാന നിർമാണത്തിന് ഏകദേശം 18 മാസം സമയമെടുത്തു. എന്നാൽ പൈലറ്റ് ലൈസൻസ് കിട്ടിയപ്പോൾ ആദ്യം വിമാനം വാങ്ങാനാണ് തീരുമാനിച്ചതെന്നും, എന്നാൽ വില താങ്ങാനാകാത്തതിനാലാണ് നിർമാണം എന്ന ആശയത്തിലേക്ക് കടന്നതെന്നും അശോക് വ്യക്തമാക്കി. ഇപ്പോൾ കൂടുതലും യാത്രകൾക്കും വിമാനമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ജർമ്മനി, ഫ്രാൻസ്, ഓസ്‌ട്രീയ എന്നിവിടങ്ങളിൽ വിമാനവുമായി യാത്ര പോയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘നിർമാണ ഘട്ടത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് പിന്തുണ ലഭിച്ചു, 250 കിലോമീറ്ററാണ് പരമാവധി വേഗത. വരും വർഷങ്ങളിൽ കൂടുതൽ യാത്ര ചെയ്യാനാണ് ആഗ്രഹിക്കുന്നത്’ അശോക് കൂട്ടിച്ചേർത്തു. ഭാര്യ അഭിലാഷ ദുബയും മകൾ ദിയയും അശോകിനു പിന്തുണയുമായി ഒപ്പമുണ്ട്.
അധ്യാപകർ പ്രഖ്യാപിച്ചിരിക്കുന്ന ബുധനാഴ്ചത്തെ പണിമുടക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കങ്ങൾ തുടങ്ങി. ഇതിൻറെ ഭാഗമായി സർക്കാരും യൂണിയൻ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടക്കും. സർക്കാരിനെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗനെയാണ് യൂണിയൻ പ്രതിനിധികൾ കാണുന്നത് . കഴിഞ്ഞ 12 വർഷമായി അധ്യാപകരുടെ വേതനത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ ആരോപിച്ചു .

ഏഴു ദിവസങ്ങളായുള്ള പണിമുടക്കാണ് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ പ്രഖ്യാപിച്ചിരുന്നത്. അതിൽ ആദ്യത്തെയാണ് ബുധനാഴ്ച നടക്കുന്നത്. പണിമുടക്ക് നടക്കുകയാണെങ്കിൽ ഇംഗ്ലണ്ടിലേയും വെയിൽസിലേയും ഏകദേശം 23,000 ആളുകളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുകൂട്ടർക്കും സമ്മതമായ ഒരു സമവായത്തിലേയ്ക്ക് ചർച്ചകളിലൂടെ എത്തിച്ചേരാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികളുടെ പഠനവും സുരക്ഷയും ഉറപ്പാക്കാൻ പണിമുടക്കുമായി മുന്നോട്ടുപോകുന്ന അധ്യാപകർ സ്കൂൾ മേധാവികളെ മുൻകൂട്ടി അറിയിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പണിമുടക്കുമായി സഹകരിക്കുന്ന അധ്യാപകർ നേരത്തെ സ്കൂൾ മേധാവികളെ അറിയിക്കാനുള്ള ബാധ്യത ഇല്ലെന്നാണ് യൂണിയനുകളുടെ നിലപാട് . വിദ്യാഭ്യാസ സെക്രട്ടറിയുടെ അഭ്യർത്ഥന അവഗണിക്കാനാണ് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ തങ്ങളുടെ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് പോലീസിൽ പരാതിപ്പെട്ട സ്ത്രീയ്ക്ക് നീതി ലഭിച്ചില്ലെന്ന ആരോപണത്തിൽ മാപ്പ് പറഞ്ഞു പോലീസ് രംഗത്ത്. ഭർത്താവ് ക്രൂരമായി മർദിക്കുന്നുവെന്നും, വേശ്യാവൃത്തിയിലേക്ക് നിർബന്ധിക്കുന്നുവെന്നും ചൂണ്ടികാട്ടി 2009 നും 2015 നും ഇടയിൽ നിരവധി തവണ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിനോട് പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് യുവതി പറയുന്നത്. നിരവധി തവണ ഉദ്യോഗസ്ഥരെ നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും യുവതി കൂട്ടിചേർത്തു.
സംഭവം വിവാദം ആയതോടെ ക്ഷമാപണം നടത്തി അധികൃതർ രംഗത്ത് വന്നിട്ടുണ്ട്. വിവാഹം കഴിച്ച് എട്ട് വർഷം പിന്നിട്ടപ്പോൾ തന്നെ ശാരീരിക പീഡനം ആരംഭിച്ചതായാണ് പരാതിയിൽ പറയുന്നത്. വിവാഹ ജീവിതം ശരിക്കും നരക തുല്യമായിരുന്നെന്നും, ഒരു ചെറിയ കാര്യങ്ങൾക്ക് പോലും ക്രൂരമായ മർദ്ദനമായിരുന്നു ശിക്ഷയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. മറ്റ് പുരുഷന്മാർക്കായി ഫ്ലാറ്റുകളിൽ തന്നെ എത്തിച്ചു നൽകാൻ ശ്രമിച്ചിരുന്നതായും പരാതിക്കാരി പറഞ്ഞു.
എന്നാൽ ഇതിനൊന്നും രേഖകൾ ഇല്ലെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. ‘2009 ലാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. എന്നാൽ അതിൽ യാതൊരുവിധ നടപടിയും ഉണ്ടായില്ല. തുടർന്ന് 2012 ൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ എത്തിയപ്പോഴും സമാനമായ പരാതി നൽകിയിരുന്നു. എന്നാൽ അതിലും നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല’ -യുവതി പറഞ്ഞു. നിലവിൽ പരാതിക്കാരി കൂടുതൽ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ട്. ഭർത്താവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയാൾ യുകെ വിട്ടു എന്നാണ് പുറത്ത് വരുന്ന വിവരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മന്ത്രിതല ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടോറി ചെയർമാൻ നാദിം സഹാവിയെ പുറത്താക്കി. നികുതി കാര്യങ്ങളെച്ചൊല്ലിയുണ്ടായ കടുത്ത തർക്കത്തിന്റെ ഫലമായാണ് നടപടി എന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ടാക്സ് ബില്ലിന്റെ ഭാഗമായി എച്ച്എംആർസിക്ക് പെനാൽറ്റി അടച്ചതായി വെളിപ്പെടുത്തിയതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വിശദമായ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രധാനമന്ത്രി റിഷി സുനക് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.

സഹാവി നികുതി ഇനത്തിൽ നൽകേണ്ട തുക, പിഴയും ചേർത്ത് £ 4.8 മില്യൺ ആണ്. എന്നാൽ ഇത് വെട്ടിക്കാനാണ് ഔദ്യോഗിക പദവിയിൽ ഇരുന്നുകൊണ്ട് അദ്ദേഹം ശ്രമം നടത്തിയത്. അതേസമയം,വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും, വാർത്തകൾ കെട്ടിചമച്ചതാണെന്നുമാണ് സഹാവി പറയുന്നത്. ഇതേ തുടർന്ന് റിഷി സുനക് അദ്ദേഹത്തിന്റെ നൈതിക ഉപദേഷ്ടാവ് ലോറി മാഗ്നസിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, നികുതിയിനത്തിൽ ഭീമമായ തുക സഹാവി വെട്ടിച്ചെന്നാണ് ലോറി മാഗ്നസ് സമർപ്പിച്ച നാലു പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കത്ത് മുഖേനയാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്ത സമയത്ത് തന്നെ സർക്കാർ ഏത് രീതിയിലാണ് പ്രവർത്തിക്കുന്നതെന്നു താൻ നേരത്തെ വ്യക്തമാക്കിയിരുന്നതായി റിഷി സുനക് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സഹാവിക്കെതിരെ പുറത്ത് വന്ന ആരോപണങ്ങളിൽ കഴമ്പ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ തീരുമാനവുമായി പ്രധാനമന്ത്രി ഋഷി സുനക്. ലേബർ പൂൾ വർധിപ്പിക്കാനുള്ള നടപടികൾ തുടരുന്നതിനിടയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് അനുകൂല തീരുമാനം ഉണ്ടാകുന്നത്. സർവകലാശാലകളിലെ പഠനസമയം കുറച്ച് കൊണ്ട് കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന പദ്ധതിയാണ് കൊണ്ടുവരാൻ പോകുന്നത്. നിലവിൽ 680,000 വിദേശ വിദ്യാർത്ഥികൾക്ക് ടേം ടൈമിൽ ആഴ്ചയിൽ 20 മണിക്കൂർ ശമ്പളത്തോടെയുള്ള ജോലിയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

എന്നാൽ വർക്കിംഗ് സമയം വർദ്ധിപ്പിക്കുന്നത് കൂടുതൽ പണം സംബന്ധിക്കാനും അവസരം നൽകുന്നുണ്ട്. 30 മണിക്കൂറായി സമയപരിധി ഉയർത്താനാണ് ശ്രമം. സാമ്പത്തികമായി അഭിവൃദ്ധി കൈ വരിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുക എന്നുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്. അതേസമയം,വിദേശ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യുന്നത് എളുപ്പമാക്കുന്നത് കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഗ്രാജ്വേറ്റ് വിസ റൂട്ട് ദുരുപയോഗം ചെയ്യുമെന്നും ബ്രാവർമാൻ പറഞ്ഞു.

പഠനം പൂർത്തിയാക്കിയ ശേഷം ബിരുദ വിസയിൽ വിദ്യാർത്ഥികൾക്ക് യുകെയിൽ തുടരാനുള്ള സമയം രണ്ട് വർഷത്തിൽ നിന്ന് ആറ് മാസമായി കുറയ്ക്കണമെന്ന് കഴിഞ്ഞ വർഷം അവർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂൺ വരെ എത്തിയ 1.1 ദശലക്ഷം ആളുകളിൽ 476,000 മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. അനുദിനം ദൈനംദിന ചിലവുകൾ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്നത് വിദ്യാർത്ഥികൾക്ക് സഹായകരമാണെന്ന് ഒരുകൂട്ടം ആളുകൾ അഭിപ്രായപ്പെടുന്നു. എന്നാൽ ഇത് പഠനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പ്രധാനമന്ത്രി പദത്തിൽ 100 ദിനങ്ങൾ പിന്നിടുവാൻ ഒരുങ്ങി ഋഷി സുനക്. മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ വാക്കുകൾ പ്രകാരം ഏതൊരു നേതാവിന്റെയും ആദ്യ 100 ദിവസങ്ങളാണ് വിജയത്തെയും പരാജയത്തെയും നിർവചിക്കുന്നത്. വരും ദിവസങ്ങളിൽ ഋഷി സുനക് 100 ദിനങ്ങൾ പ്രധാനമന്ത്രി പദത്തിൽ പിന്നിടും. ട്രസിനോട് ആദ്യഘട്ടത്തിൽ ദാരുണമായി തോറ്റെങ്കിലും, പിന്നീട് ആ സ്വപ്ന ചുമതലയിലേക്ക് അദ്ദേഹം തിരിച്ചു വന്നു.

ഏറെ പ്രതിസന്ധികൾ രാജ്യം നേരിട്ട സമയത്താണ് അദ്ദേഹം പ്രധാനമന്ത്രി ആകുന്നത്. ലിസ് ട്രസ് രാജിവെച്ചു ഒഴിയുമ്പോൾ രാജ്യം സാമ്പത്തികവും, മറ്റ് പലതരത്തിലുള്ള പ്രയാസങ്ങളിലും ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്ഥാനലബ്ധി ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ നോക്കി കണ്ടത്. ബോറിസ് ജോൺസന് ശേഷം കടന്ന് വന്ന ട്രസ്, പ്രതിസന്ധികളെ തരണം ചെയ്യാതെ വന്നപ്പോഴാണ് രാജി സമർപ്പിച്ചത്.

സാമ്പത്തിക രംഗത്തെ ഉണർത്തുക എന്നുള്ളതായിരുന്നു സുനകിന്റെ പ്രധാന ചുമതല. സ്ഥിരത, ശാന്തത, കഴിവ് എന്ന മൂന്ന് കാര്യങ്ങൾ ആവശ്യമാണെന്ന് ആ സമയത്ത് ഒരു എംപി വാദിച്ചിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ മേഖലയിലും സമൂലമായ മാറ്റം കാണാൻ സാധിക്കുമെന്നും, ജനങ്ങൾക്ക് നൽകിയ വാക്ക് അദ്ദേഹം പാലിച്ചെന്നുമാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്. ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന വർത്തമാനകാലത്ത് സുനകിന്റെ ഇടപെടൽ ചെറുതല്ലെന്നും അനുകൂലികൾ അഭിപ്രായപ്പെടുന്നു.