ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് പണിമുടക്കാൻ ഒരുങ്ങി ഇംഗ്ലണ്ടിലെയും വെയിൽസിലെയും അധ്യാപകർ. ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിൽ തുടർച്ചയായി ഏഴ് ദിവസങ്ങൾ പണിമുടക്കാനാണ് തീരുമാനം. റിയൽ-ടേം വേതന വ്യവസ്ഥ വെട്ടികുറച്ചതിൽ പ്രതിഷേധിച്ചാണ് യൂണിയൻ സമരത്തിന് ആഹ്വാനം ചെയ്തത്. ഫെബ്രുവരി മാസം ഒന്നാം തീയതി ആരംഭിക്കുന്ന പണിമുടക്ക് ഏകദേശം 23,400 സ്കൂളുകളെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഡിപ്പാർട്ട്‌മെന്റ് ഫോർ എഡ്യൂക്കേഷൻ മിക്ക അധ്യാപകർക്കും ഈ അധ്യയന വർഷത്തിൽ 5% ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പണപ്പെരുപ്പവും ജീവിത ചിലവും വർദ്ധിക്കുന്നതിനിടയിൽ 5% വർദ്ധനവ് പോരെന്നാണ് യൂണിയൻ പറയുന്നത്.

അടിയന്തിര സാഹചര്യത്തിൽ അവധി എടുക്കുന്നത് പോലെയല്ല പണിമുടക്കെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കാൻ ആരുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകരുതെന്നും, ഇരുവശത്തും ഒരു പരിധിവരെ വഴക്കവും പരിഹാരവും ആവശ്യമാണെന്നും അഭിഭാഷക പ്രതിനിധി റസ്സൽ ഡാൻ പറഞ്ഞു. ബദൽ ക്രമീകരണങ്ങൾ എന്തെങ്കിലും ചെയ്യണമെന്നും, കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിൽ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളെ നോക്കാൻ രക്ഷിതാക്കൾ അവധി എടുക്കുന്നത് ഒരു ബദൽ മാർഗമാണ്. പണിമുടക്ക് പിൻവലിക്കില്ല എന്ന സൂചനകളാണ് അനുദിനം പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ രക്ഷിതാക്കൾ മുൻകരുതൽ എടുക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ കരാർ അനുസരിച്ചാണ് ശമ്പളം നൽകുന്നത്. അതുകൊണ്ട് തന്നെ അവധി ദിവസങ്ങളിൽ ശമ്പളം ലഭിക്കുമോ എന്നുള്ളത് കരാറിനെ ആശ്രയിച്ചിരിക്കും. ഈ ദിവസങ്ങളിൽ കുട്ടികളെ സ്കൂളിൽ അയക്കണോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ആണെന്നും സർക്കാർ കേന്ദ്രങ്ങൾ അറിയിക്കുന്നു. അതേസമയം ജീവനക്കാരുടെ എണ്ണം ശരാശരിയെക്കാൾ കുറവാണെങ്കിൽ സ്‌കൂളുകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്‌സിന്റെ ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാൻ പറഞ്ഞു.
പണിമുടക്ക് നടക്കുന്ന ദിവസങ്ങളും, സ്ഥലവും
* 2023 ഫെബ്രുവരി 1 ബുധനാഴ്ച: ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ യൂണിയൻ അംഗങ്ങളും.
* 2023 ഫെബ്രുവരി 14 ചൊവ്വാഴ്ച: വെയിൽസിലെ മുഴുവൻ ജീവനക്കാരും പണിമുടക്കും
* 2023 ഫെബ്രുവരി 28 ചൊവ്വാഴ്ച: നോർത്തേൺ, നോർത്ത് വെസ്റ്റ്, യോർക്ക്ഷയർ & ദി ഹമ്പർ എന്നിവിടങ്ങളിലെ ജീവനക്കാർ
* 2023 മാർച്ച് 1 ബുധനാഴ്ച: ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റേൺ പ്രദേശങ്ങളിലെ ജീവനക്കാർ
* 2023 മാർച്ച് 2 വ്യാഴാഴ്ച: ലണ്ടൻ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളിലെ ജീവനക്കാർ
* 2023 മാർച്ച് 15 ബുധനാഴ്ച: ഇംഗ്ലണ്ടിലേയും ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ അംഗങ്ങളും.
* 2023 മാർച്ച് 16 വ്യാഴാഴ്ച: ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ അംഗങ്ങളും
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നേഴ്സുമാർ പ്രഖ്യാപിച്ചിരിക്കുന്ന സമരമൂലം പ്രവർത്തനങ്ങൾ തടസപ്പെട്ടേക്കുമെന്ന് എൻഎച്ച്എസ് രോഗികൾക്ക് മുന്നറിയിപ്പ് നൽകി . നേരത്തെ ഡിസംബർ 15, 20 തീയതികളിൽ മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകൾക്കായി നേഴ്സുമാർ സമരത്തിനിറങ്ങിയിരുന്നു. തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാരിൻറെ ഭാഗത്തുനിന്നും തുടർ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 6 , 7 തീയതികളിൽ 19.2 ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ട് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ സമരമുഖത്തിറങ്ങും.

ഡിസംബറിൽ നടന്ന സമരത്തിൽ 55 ട്രസ്റ്റുകളുടെ നേഴ്സുമാർ മാത്രമാണ് പണിമുടക്ക നിറങ്ങിയത്. എന്നാൽ അടുത്തമാസം നടക്കുന്ന സമരത്തിൽ 75 ട്രസ്റ്റുകളിലെ നേഴ്സുമാർ സമരമുഖത്തിറങ്ങും. കഴിഞ്ഞ പ്രാവശ്യത്തെ സമരത്തിനെ അപേക്ഷിച്ച് കൂടുതൽ ആളുകൾ പണി മുടക്കുന്നതോടെ പല ആരോഗ്യ സേവനങ്ങളും തടസ്സപ്പെടുവാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രേഡ് യൂണിയൻ നിയമമനുസരിച്ച് രാവിലെ 8 മുതൽ വൈകിട്ട് 8 മണി വരെയാണ് പണിമുടക്കിന്റെ സമയം.

പണിമുടക്കിന്റെ സമയത്ത് അടിയന്തര പ്രാധാന്യമുള്ള പരിചരണങ്ങൾ മുടക്കമില്ലാതെ നടക്കുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. കീമോതെറാപ്പി, കിഡ്നി ഡയാലിസിസ്, തീവ്രപരിചരണം തുടങ്ങിയ സേവനങ്ങൾ തടസ്സപ്പെട്ടേക്കില്ല. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്ത അടിയന്തര പ്രാധാന്യമില്ലാത്ത പല സേവനങ്ങൾക്കും തടസ്സം ഉണ്ടാകാനാണ് സാധ്യത. കഴിഞ്ഞ മാസത്തെ സമരം മൂലം ഇത്തരത്തിലുള്ള ആയിരക്കണക്കിന് അപ്പോയിൻമെൻറ്കൾ പുന:ക്രമീകരിക്കേണ്ടതായി വന്നിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: അമിതവണ്ണമുള്ളവരിൽ വിറ്റാമിൻ ഡി പ്രവർത്തിക്കില്ലെന്ന് നിർണായക വെളിപ്പെടുത്തലുമായി പഠനം രംഗത്ത്. സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്ന ഇത്, എല്ലുകളെ ശക്തമാക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ക്യാൻസർ മൂലമുള്ള മരണ സാധ്യത കുറയ്ക്കുകയും ചെയ്യും.

എന്നാൽ നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോഗ്യകരമായ ഭാരമുള്ള ആളുകൾക്ക് മാത്രമേ പ്രയോജനം ബാധകമാകൂ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള ആളുകൾക്ക് ക്യാൻസർ, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുൾപ്പെടെയുള്ള പല ആരോഗ്യ പ്രശ്നങ്ങളുടെയും മരുന്ന് എന്ന രീതിയിൽ വിറ്റാമിൻ ഡി പ്രവർത്തിക്കില്ലെന്ന് ചുരുക്കം.

ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുതൽ ഉള്ള ആളുകളിൽ ഇത് പ്രവർത്തിക്കാത്തതിന് പല കാരണങ്ങളും ശാസ്ത്രജ്ഞർ ചൂണ്ടികാട്ടുന്നുണ്ട്. അതിൽ പ്രധാനം വിറ്റാമിൻ ഡി സപ്ലിമെന്റുകൾ മെറ്റബോളിസ് ചെയ്യാൻ കാലതാമസം നേരിടുന്നു എന്നുള്ളതാണ്. മാത്രമല്ല ഒരേ ഗുളികകൾ കഴിക്കുന്ന അമിതവണ്ണം ഉള്ള ഒരാളിലും, അല്ലാത്ത ഒരാളിലും രണ്ട് രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രണ്ടു വർഷം തുടർച്ചയായി നടത്തിയ പഠനങ്ങൾ ഇത് വ്യക്തമാക്കുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബ്രിഗാം ആന്റ് വിമൻസ് ഹോസ്പിറ്റലിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. ഡീർഡ്രെ ടോബിയാസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നടപാതയിലേക്ക് സ്പോർട്സ് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞിനും ദാരുണാന്ത്യം. ജസ്റ്റിൻ ഹൽബോജും(27) മകൾ നാല് വയസുകാരി ലെന ചെപ്‌സോറുമാണ് മരണപ്പെട്ടത്. വെള്ള ഔഡി ടി ടി ആർ എസ് ആണ് അപകടത്തിൽപെട്ട വാഹനം. നേഴ്സറിയിലേക്ക് പോകുന്നതിനിടയിൽ അമിത വേഗതയിൽ എത്തിയ സ്പോർട്സ് കാർ നിയന്ത്രണം വിട്ട് നടപാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

വെസ്റ്റ് യോർക്ക് ക്ഷെയറിലെ ലീഡ്‌സിലെ ജാഗ്വാർ കാർ ഡീലർഷിപ്പിന് സമീപമുള്ള മതിലിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചപ്പോഴാണ് അപാകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റൊരു കാറുമായി വാഹനം മത്സരിച്ചു വരികയായിരുന്നെന്നും, ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ടെന്നും പോലീസ് കൂട്ടിചേർത്തു. അപകടം നേരിട്ട് കണ്ടവർ ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്നും, അത് അന്വേഷണത്തെ സഹായിക്കുമെന്നും ഡിറ്റെക്റ്റീവ് ഇൻസ്‌പെക്ടർ പോൾ കോൺറോയ് പറഞ്ഞു.

കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് യോർക്ക്ഷെയർ പോലീസ് അറിയിച്ചു. അപകടത്തിനു മുൻപുള്ള ദൃശ്യങ്ങളും ഓടിച്ച രീതിയെക്കുറിച്ചുള്ള വിവരങ്ങളും ഡാഷ്‌ക്യാം ദൃശ്യങ്ങളും പരിശോധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അപകടത്തിൽ പരിക്കുപറ്റിയതിനെ തുടർന്ന് ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച തുടരുകയാണ്. മഞ്ഞും ഐസും പൊഴിയുന്നത് മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ ചിലയിടങ്ങളിലുമുണ്ട്. അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് പോലീസ് നൽകുന്ന നിർദേശം. പല പ്രദേശങ്ങളിലും യെല്ലോ അല്ലെർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കൻ സ്കോട്ട്ലൻഡിൽ മഞ്ഞുവീഴ്ചയ്ക്കുള്ള ആംബർ അലർട്ടും നിലവിൽ നൽകിയിട്ടുണ്ട്. രാത്രിയിൽ താപനില -9.8C വരെ താഴ്ന്നിരുന്നു. ഇതേ തുടർന്ന് സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.

ഒരിടവേളയ്ക്ക് ശേഷമാണ് തണുപ്പ് വീണ്ടും കൂടുന്നത്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും, കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കണമെന്നുമാണ് കാലാവസ്ഥ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. വടക്കൻ സ്‌കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ്, വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ കൂടുതൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. സ്ഥിതിഗതികൾ മോശമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റോഡ് മാർഗം യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും ഒരുപക്ഷെ യാത്ര തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് പുറത്ത് വരുന്ന വിവരം.

ഇന്ന് രാത്രിയിലും മഞ്ഞുവീഴ്ച തുടരുമെന്നും,യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലുമുള്ള താപനില ഉയരാൻ ഇത് കാരണമാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷകൻ നിക് മില്ലെർ പറയുന്നത്. ബുധനാഴ്ച ഉച്ചവരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. നിസാരമായി കാണരുതെന്നും, മഞ്ഞു വീഴ്ച മൂലം തടാകങ്ങൾ തണുത്തുറയാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ ഇപ്പോൾ സമരങ്ങളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞിരിക്കുകയാണ്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള വേതന വർദ്ധനവാണ് എല്ലാ സമരങ്ങളുടെയും മൂലകാരണം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും അധ്യാപകരും പണിമുടക്കും എന്നതാണ് ഏറ്റവും പുതിയ സമര വാർത്ത . ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആയിരക്കണക്കിന് അധ്യാപകർ തുടർച്ചയായി പണമുടക്കിനിറങ്ങുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ ടീച്ചിംഗ് യൂണിയനായ നാഷണൽ എഡ്യൂക്കേഷൻ യൂണിയൻറെ നേതാക്കൾ അറിയിച്ചിരിക്കുന്നത്. അധ്യാപകരുടെ പണിമുടക്ക് കടുത്ത ആശങ്കയാണ് രക്ഷിതാക്കളിൽ വിതച്ചിരിക്കുന്നത്. അധ്യയന വർഷത്തിന്റെ അവസാന കാലഘട്ടത്തിൽ അധ്യാപകർ നടത്തുന്ന പണിമുടക്ക് പൊതുവെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

അധ്യാപക പണിമുടക്ക് ഇംഗ്ലണ്ടിലെയും വെയിൽസിലെയും 23,000 – ത്തിലധികം സ്കൂളുകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ . സമരത്തിന്റെ ആദ്യദിവസം ഫെബ്രുവരി ഒന്നാണ്. ഫെബ്രുവരി 14, മാർച്ച് 15, മാർച്ച് 16 എന്നീ തീയതികളിൽ സമരം തുടരുമെന്നാണ് യൂണിയൻ പ്രതിനിധികൾ അറിയിച്ചിരിക്കുന്നത് . മഹാമാരിയുടെ സമയത്ത് ഓൺലൈൻ ക്ലാസുകൾ പൊതുവെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ നിലവാരത്തെ കാര്യമായി ബാധിച്ചിരുന്നു. പണിമുടക്ക് വിദ്യാർത്ഥികളുടെ നിലവാരത്തെ ബാധിക്കുമെന്ന് ചിൽഡ്രൻ കമ്മീഷണർ സാം റേച്ചൽ ഡിസൂസ മുന്നറിയിപ്പ് നൽകി.

ഇതിനിടെ മുൻപ് നടത്തിയ സമരങ്ങളുടെ തുടർച്ചയായി വീണ്ടും പണിമുടക്ക് നടത്തുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് അറിയിച്ചു. ഫെബ്രുവരി 6 ,7 തീയതികളിൽ 19 .2 ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ടാണ് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ സമരമുഖത്തിറങ്ങുന്നത്. നേരത്തെ 55 എൻ എച്ച് എസ് ട്രസ്റ്റുകളിലെ നേഴ്സുമാർ ഡിസംബർ 15, 20 തീയതികളിൽ സമരം നടത്തിയിരുന്നു. എന്നാൽ അടുത്തമാസം നടക്കുന്ന സമരത്തിൽ 75 ട്രസ്റ്റുകളിലെ നേഴ്സുമാർ പങ്കെടുക്കും
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ യുവജനങ്ങൾ സാത്താൻ സേവയ്ക്ക് അടിമപ്പെടുന്നതായി റിപ്പോർട്ട് പുറത്ത്. കേവല ആചാരങ്ങൾ മാത്രമാണ് സാത്താൻ സേവയെന്നും കൊലപാതകമോ മാന്ത്രിക മന്ത്രങ്ങൾ ഉപയോഗിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിച്ചാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. പരമ്പരാഗതമായ വിശ്വാസങ്ങൾക്ക് അടിമപ്പെടാതെ ബദലായി നിലനിൽക്കാം എന്നുള്ള വ്യാജേനയാണ് യുവാക്കൾ ഇതിൽ ഏർപ്പെടുന്നത്. ലിംഗഭേദം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ ആക്ടിവിസത്തിൽ ഏർപ്പെടാനും പ്രചാരണം നടത്താനും സാത്താനിസം ആളുകൾക്ക് നൽകുന്ന അവസരങ്ങളും ഇതിൽ പ്രധാനഘടകങ്ങളാണ്.

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് തന്നെ സംഘടനയുടെ അംഗത്വത്തിൽ 200 ശതമാനം വർദ്ധനവ് ഉണ്ടായെന്നും, ഇത് സ്വീകാര്യത വർധിച്ചു എന്നത് വ്യക്തമാക്കുന്നു എന്നും ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഓർഡർ ഓഫ് സാത്താൻ യുകെയുടെ ചാപ്ലിൻ ലിയോപോൾഡ് പറഞ്ഞു. ഇതിന് കാരണം പ്രധാനമായും രണ്ട് ഘടകങ്ങളാണെന്നും പരമ്പരാഗതമായ പിടിവാശി മതങ്ങൾ നിലനിർത്തി പോകുന്നത് ജനപ്രീതി കുറയുന്നതിലേക്ക് നയിച്ചെന്നും, സാത്താൻ ആരാധന സ്വയം തിരിച്ചറിയുന്നതിലേയ്ക്ക് ആളുകളെ നയിച്ചെന്നും അദ്ദേഹം കൂട്ടിചേർത്തു. ലൈംഗികത, തുല്യത തുടങ്ങിയ നിർണായക വിഷയങ്ങളിൽ മതങ്ങൾ നൽകിയിരുന്ന തെറ്റായ ബോധത്തിൽ നിന്ന് ഇന്നത്തെ യുവതലമുറ പുറത്ത് കടന്നെന്നും, യുക്തിയുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങിയതും അനുകൂലമായ ഘടകങ്ങളാണ്.

യുവതലമുറയെ ആകർഷിക്കാനും മതത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നത് കുറയ്ക്കാനും വേണ്ട നടപടികൾ കൈകൊള്ളാൻ ക്രിസ്ത്യൻ മതനേതൃത്വം ഒരുങ്ങുകയാണ്. അടുത്ത മാസം ഈ വിഷയത്തിൽ ബിഷപ്പുമാർ ചരിത്രപരമായ വോട്ടെടുപ്പിന് തയ്യാറെടുക്കുന്നു. നവംബറിൽ പ്രസിദ്ധീകരിച്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) സെൻസസ് അനുസരിച്ച്, ഇംഗ്ലണ്ടിലെയും വെയിൽസിലെയും സാത്താനിസ്റ്റുകളായി തിരിച്ചറിയുന്ന ആളുകളുടെ എണ്ണം 2011-നും 2021-നും ഇടയിൽ 167 ശതമാനം വർധിച്ച് 1,893-ൽ നിന്ന് 5,054 ആയി ഉയർന്നു എന്ന് സാക്ഷ്യപെടുത്തുന്നു. അതേസമയം, ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യയുടെ പകുതിയിൽ താഴെ മാത്രമായി ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞതായും സെൻസസ് പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഗാർഹിക പീഡനത്തിലും ലൈംഗിക കുറ്റകൃത്യങ്ങളിലും പ്രതിചേർക്കപ്പെടുന്ന പോലീസുകാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെന്ന വെളിപ്പെടുത്തലുമായി അധികൃതർ. ഇത്തരത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ 1000 ത്തിലധികം പോലീസുകാരാണ് പ്രതിയായിട്ടുള്ളത്. ബലാത്സംഗം, ആക്രമണം, പീഡനം, ഗാർഹിക പീഡനം, മോഷണം തുടങ്ങി ഏകദേശം 80 കേസുകളിൽ പ്രതിയായ മെറ്റ് പോലീസ് ഓഫീസർ ഡേവിഡ് കാരിക്ക് ഇന്നലെ കുറ്റസമ്മതം നടത്തിയിരുന്നു. ഇതേ തുടർന്നാണ് പോലീസുകാരുടെ കുറ്റകൃത്യങ്ങൾ ചർച്ചയാകുന്നത്.

1071 ഉദ്യോഗസ്ഥർ ഉൾപ്പെട്ട 1,633 കേസുകളാണ് നിലവിൽ തീർപ്പാക്കാനുള്ളത്. ഇതിൽ കേവല ആരോപണം മുതൽ ബാലത്സംഗം വരെയുണ്ട്. നിലവിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്, ഈ പ്രതിസന്ധിയ്ക്ക് കാരണം സർക്കാരാണെന്നും എൻഡ് വയലൻസ് എഗെയ്ൻസ്റ്റ് വുമൺ കോയലിഷൻ ഡയറക്ടർ ആൻഡ്രിയ സൈമൺ പറഞ്ഞു. കാരിക്കിന്റെ കേസിൽ സർക്കാർ ശരിയായി ഇടപ്പെട്ടില്ല. സ്വഭാവദൂഷ്യമുള്ള ഒരാളുടെ മേൽ ഇത്രയും കേസുകൾ ആരോപിക്കപ്പെട്ടപ്പോഴും അധികൃതർ മൗനം പാലിച്ചുവെന്നും ആൻഡ്രിയ ചൂണ്ടിക്കാട്ടുന്നു.

പോലീസ് സ്റ്റേഷനിൽ വനിതാ സഹപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി എന്ന സംശയത്തിൽ കഴിഞ്ഞ വർഷം പ്രതി ചേർക്കപ്പെട്ട സെർവിംഗ് പിസിയുടെ കേസും വ്യത്യസ്തമല്ല. ജൂൺ മാസത്തിലായിരുന്നു സംഭവം. സഹപ്രവർത്തകയുടെ പരാതിയെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. മുൻപും സമാനമായ കേസിൽ 2011ൽ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അന്വേഷണ വിധേയമായി വെറുതെ വിട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം മൂന്ന് വർഷത്തിനിടയിൽ സമാനമായ കേസുകളിൽ പ്രതിചേർക്കപ്പെട്ട 1,319 പോലീസുകാരിൽ 1,080 പേരും നിലവിൽ സർവീസിൽ തുടരുകയാണ്. 2.7% ആളുകളെ മാത്രമാണ് പിരിച്ചു വിട്ടതെന്നും, പ്രതി പട്ടികയിലുള്ള 203 പേർ നിലവിൽ സർവീസിൽ തുടരുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിന് വീണ്ടും അപമാനമായി പോലീസുകാരൻ. പാർലമെന്റ് സുരക്ഷാ വിഭാഗം പോലീസുകാരൻ നിരവധി പീഡനകേസുകളിൽ പ്രതിയായ സാഹചര്യത്തിൽ നടപടി കടുപ്പിച്ചു അധികൃതർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. സുരക്ഷാ ജീവനക്കാരനായ ഡേവിഡ് കാരിക്(48) ആണ് പ്രതി. 20 വർഷത്തോളമായി ഏകദേശം 80ലധികം ലൈംഗിക കുറ്റകൃത്യങ്ങളിലാണ് ഇയാൾ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്. 2003 നും 2020 നുമിടയിൽ ഏകദേശം 36 കേസുകളിൽ ഇയാൾ ഇന്ന് കുറ്റസമ്മതം നടത്തി.

ഇരകളോട് ക്രൂരമായി പെരുമാറുന്നതാണ് ഡേവിഡിന്റെ ശൈലി. അടിമകളെ പോലെ പെരുമാറുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്ന ഇയാൾ, സ്ത്രീകളെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ചെയ്തിരുന്നു. ബെൽറ്റുകൊണ്ട് അടിക്കാനും, എതിർക്കുന്നവരെ നഗ്നരാക്കി ഇയാൾ മർദിച്ചവശയാക്കുമായിരുന്നെന്നും കോടതിയിൽ നടന്ന വിസ്താരത്തിൽ അഭിഭാഷകർ ചൂണ്ടികാട്ടുന്നു. പല കേസുകളിലും ഇയാൾ പോലീസ് ആണെന്ന് തന്നെയാണ് പറയുന്നതെന്നും, പദവിയെ ദുരുപയോഗം ചെയ്‌ത് കൊണ്ടാണ് കൂടുതൽ കേസുകളിലും ഇയാൾ ഇടപെട്ടിട്ടുള്ളതെന്നുമാണ് പുറത്ത് വരുന്ന വിവരം.
നാടിനു സുരക്ഷ ഒരുക്കേണ്ട ആളുകൾ തന്നെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നാണ് വിഷയത്തിൽ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 2003-ൽ 40 വയസ്സുള്ള ഒരു സ്ത്രീയെ ലൈംഗികമായി ആക്രമിച്ച സംഭവത്തിലാണ് ഇയാൾ യമൻ സൗത്ത് വാർക്ക് ക്രൗൺ കോടതിയിൽ ഹാജരായത്. 2001-ൽ മെറ്റിൽ ചേരുന്നതിന് മുമ്പ് കരസേനയിൽ സേവനമനുഷ്ഠിച്ച കാരിക്ക്, 2004 മാർച്ചിനും 2020 സെപ്റ്റംബറിനുമിടയിൽ 20 ബലാത്സംഗങ്ങൾ ഉൾപ്പെടെ 45 കേസുകളിൽ കുറ്റസമ്മതം നടത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടനിൽ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി ഒട്ടുമിക്ക മേഖലകളിലെയും ജീവനക്കാർ സമരത്തിലാണ്. സമരത്തിൻറെ ബാക്കിപത്രമായി പ്രതിഷേധവും അരങ്ങേറുന്നുണ്ട്. പല ആവശ്യ സർവീസുകളെയും സമരത്തിൽ നിന്ന് ഒഴിവാക്കി നിയമനിർമാണം നടത്താൻ സർക്കാർ പദ്ധതി ഇടുന്നതിന്റെ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതു കൂടാതെ പ്രതിഷേധങ്ങളെ നേരിടാൻ പോലീസിന് കൂടുതൽ അധികാരങ്ങൾ കൈമാറാൻ സർക്കാർ നിയമ നിർമ്മാണത്തിന് ഒരുങ്ങുകയാണ്.

റോഡുകൾ തടയുക, സ്ലോ മാർച്ച് തുടങ്ങിയ സമരമുറകൾ ഉപയോഗിക്കുന്ന പ്രതിഷേധ രീതികളെ ഒരു പരിധിവരെ തടയിടാൻ പോലീസിന് കൂടുതൽ അധികാരം നൽകുന്നത് വഴി സാധിക്കും എന്നാണ് ഭരണകൂടം നിലയിരുത്തുന്നത്. എന്നാൽ പോലീസിന് കൂടുതൽ അധികാരം കൈമാറുന്ന നിർദ്ദേശം പ്രതിഷേധിക്കുന്നവരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മനുഷ്യാവകാശ സംഘടനയായ ലിബർട്ടി പറഞ്ഞു.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രതിഷേധക്കാരെ പിടിച്ചുകെട്ടാൻ തയ്യാറാക്കുന്ന ബിൽ അന്തിമമായി പാർലമെന്റിന്റെ അംഗീകാരം ലഭിക്കേണ്ടതായുണ്ട്. പരിസ്ഥിതി സംഘടനയായ ജസ്റ്റ് സ്റ്റോപ്പ് ഓയിൽ, ഇൻസുലേറ്റ് ബ്രിട്ടൻ, എക്സിറ്റിൻക്ഷൻ റിബലിയൻ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്ന വിമർശനം ശക്തമാണ്. ഇതിനൊപ്പം തന്നെ സമരമുഖത്തുള്ള വിവിധ യൂണിയനുകളുടെ പ്രതിഷേധ പ്രകടനങ്ങളെയും ഒരു പരിധിവരെ തടയാൻ പുതിയ നിയമത്തിലൂടെ സർക്കാരിന് സാധിക്കും.
പ്രതിഷേധിക്കാനുള്ള അവകാശം നമ്മുടെ ജനാധിപത്യത്തിൻറെ അടിസ്ഥാന തത്വമാണെന്ന് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. എന്നാൽ സാധാരണ ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ ഒരു ചെറു ന്യൂനപക്ഷം പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.