ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സർക്കാരിന്റെ വിവാദമായ ‘സാക്ക് ദി നേഴ്സസ് ‘ബിൽ പാസായാൽ ദശലക്ഷക്കണക്കിന് നേഴ്സുമാർക്ക് എന്നന്നേയ്ക്കുമായി പണിമുടക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് (ടിയു സി ) മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ 5.5 ദശലക്ഷം തൊഴിലാളികളെ നിയമനിർമ്മാണം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ നോർത്ത് അയർലണ്ടിലെ തൊഴിലാളികൾ ഈ ബില്ലിന്റെ പരുധിയിൽ വരുന്നില്ല.

ആരോഗ്യം, വിദ്യാഭ്യാസം, അഗ്നിശമനം , ഗതാഗതം, അതിർത്തി സുരക്ഷ എന്നീ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കുന്ന അവസരത്തിൽ മേലധികാരികളിൽ നിന്ന് ജോലിക്ക് ഹാജരാകാനുള്ള നിർദ്ദേശം അനുസരിക്കാത്ത പക്ഷം പിരിച്ചുവിടാനുള്ള അധികാരം സർക്കാരിന് നൽകുന്നതാണ് നിർദിഷ്ട ബിൽ എന്നാണ് യൂണിയനുകൾ പറയുന്നത്. അതുകൊണ്ട് തന്നെ ഈ ബില്ലിനെതിരെ ശക്തമായ രീതിയിലാണ് യൂണിയനുകൾ പ്രതിഷേധിക്കുന്നത്. ഈ ബിൽ നടപ്പിലായാൽ ഇനി ഒരിക്കലും നേഴ്സുമാർ ഉൾപ്പെടെയുള്ള ആവശ്യ സർവീസിൽ സേവനം ചെയ്യുന്ന തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി സമരമുഖത്ത് ഇറങ്ങാൻ സാധിക്കില്ല .

ബില്ലിന്റെ ജനാധിപത്യ വിരുദ്ധമായ സ്വഭാവത്തെക്കുറിച്ച് വ്യക്തത വരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ടി യു സി പറഞ്ഞു. അതുകൊണ്ടുതന്നെ ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും പ്രസ്തുത ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നാണ് ടി യു സി ആവശ്യപ്പെടുന്നത്. ജനാധിപത്യവിരുദ്ധവും പ്രായോഗികമല്ലാത്തതും നിയമവിരുദ്ധവുമാണ് നിർദിഷ്ട ബില്ലെന്ന് ടി യു സി സെക്രട്ടറി പോൾ നൊവാക് പറഞ്ഞു. രാജ്യത്തെ പണപ്പെരുപ്പം ഇപ്പോഴും 10 ശതമാനത്തിൽ കൂടുതൽ നിൽക്കുമ്പോൾ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ തൊഴിലാളികൾക്ക് ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ശനിയാഴ്ച ടെക്സസിലെ ഡാലസിനടുത്തുള്ള ഷോപ്പിംഗ് മാളിലുണ്ടായ കൂട്ട വെടിവയ്പ്പിൽ മരിച്ച എട്ട് പേരിൽ ഇന്ത്യക്കാരിയായ എഞ്ചിനീയറും. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ ചിലർക്ക് ഒന്നിലധികം വെടിയേറ്റിട്ടുണ്ട്. ഡാലസിലെ മക്കിന്നിയിൽ താമസിച്ചിരുന്ന ഇന്ത്യൻ എഞ്ചിനീയർ ഐശ്വര്യ താറ്റികൊണ്ടയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. വെടിവയ്പ്പ് നടക്കുമ്പോൾ 27 കാരിയായ ഐശ്വര്യ സുഹൃത്തിനൊപ്പം അലൻ മാളിലായിരുന്നു. ഇവരുടെ സുഹൃത്തിനും വെടിവെയ്പ്പിൽ പരുക്കേറ്റിട്ടുണ്ട്.

തെലുങ്ക് അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്തോടെ ഐശ്വര്യയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ഐശ്വര്യയുടെ കുടുംബം ഇപ്പോൾ. തെലുങ്കാനയിലെ രംഗ റെഡ്ഡി ജില്ലാ കോടതി ജഡ്ജിയുടെ മകളാണ് ഐശ്വര്യ . ഹൈദരാബാദിലെ സരൂർ നഗറിലാണ് ഐശ്വര്യയുടെ കുടുംബം താമസിക്കുന്നത് . ഐശ്വര്യ 2018 ൽ ഇന്ത്യയിൽ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. 2020 ൽ യുഎസിലെ ഈസ്റ്റേൺ മിഷിഗൺ സർവകലാശാലയിൽ നിന്ന് കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി, യുഎസ് തൊഴിൽ വിസയിൽ ഡാലസ് ആസ്ഥാനമായുള്ള കരാർ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയാണ്.

വെടിവയ്‌പ്പിൽ ഐശ്വര്യയെ കൂടാതെ കൊറിയൻ വംശജരായ അമേരിക്കൻ പൗരന്മാരായ ചോ ക്യൂ സോങ് (37), കാങ് ഷിൻ യങ് (35) ഇവരുടെ മകൻ ജെയിംസ് ചോ (3), പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളായ ഡാനിയേല മെൻഡോസ സഹോദരി സോഫിയ, സെക്യൂരിറ്റി ഗാർഡായിരുന്ന ക്രിസ്റ്റ്യൻ ലാകോർ (20) എന്നിവരും കൊല്ലപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മെയ് 6-ാം തീയതി ശനിയാഴ്ച നടന്ന ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിന്റെ ഔദ്യോഗിക ഫോട്ടോകൾ പുറത്തുവന്നു. 2005 -ൽ ഇരുവരുടെയും വിവാഹ ഫോട്ടോകളുടെ ചിത്രങ്ങൾ എടുത്ത പ്രശസ്ത ഫോട്ടോഗ്രാഫർ ഹ്യുഗോ ബർണാഡ് തന്നെ ആണ് കിരീടധാരണത്തിന്റെയും ഔദ്യോഗിക ഫോട്ടോകൾ എടുത്തത് എന്ന പ്രത്യേകതയുമുണ്ട്. കിരീട ധാരണ ചടങ്ങിന് തൊട്ടു പിന്നാലെയാണ് രാജകീയ ദമ്പതികളെ അവരുടെ എല്ലാവിധ രാജകീയ വസ്ത്രങ്ങളോടും കിരീടത്തോടും കൂടി ഫ്രെയിമിൽ പകർത്തിയിരിക്കുന്നത്.

ഇതോടൊപ്പം രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഗ്രൂപ്പ് ഫോട്ടോകളും എടുത്തിരുന്നു . ബക്കിംഗ്ഹാം കൊട്ടാരത്തിലെ ത്രോൺ റൂമിലും ഗ്രീൻ ഡ്രോയിങ് റൂമിലും വച്ചാണ് ചിത്രങ്ങൾ പകർത്തിയത്. രാജകീയ പരമാധികാരത്തിന്റെ ചിഹ്നമായ രാജകിരീടവും ചെങ്കോലും ധരിച്ചുള്ള ചാൾസ് രാജാവിൻറെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത് . 1902 -ലെ എഡ്വേർഡ് ഏഴാമൻ രാജാവിൻറെ കിരീടധാരണ വേളയിൽ ഉപയോഗിക്കാനായി പ്രത്യേകമായി നിർമ്മിച്ച സിംഹാസനത്തിൽ ചാൾസ് രാജാവ് ഇരിക്കുന്നതായാണ് ഫോട്ടോയിൽ ഉള്ളത്. കഴിഞ്ഞവർഷം പാർലമെൻറിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത ചടങ്ങിലും ഇതേ കസേരകൾ തന്നെയാണ് രാജാവും രാജ്ഞിയും ഉപയോഗിച്ചിരുന്നത്.

ക്യൂൻ മേരിയുടെ കിരീടത്തോടുകൂടിയാണ് രാജ്ഞിയെ ചിത്രീകരിച്ചിരിക്കുന്നത്. കിരീട ധാരണ ചടങ്ങുകൾ ഇത്രയും മനോഹരമാക്കിയതിന് ചാൾസ് രാജാവ് തന്റെയും രാജ്ഞിയുടെയും ഹൃദയംഗമമായ നന്ദി പ്രസ്താവനയിൽ അറിയിച്ചു. ബ്രിട്ടന്റെയും കോമൺവെൽത്ത് രാജ്യങ്ങളുടെയും ജനങ്ങളുടെ ഉന്നമനത്തിനായി താനും രാജ്ഞിയും തങ്ങളുടെ ജീവിതം ഉഴിഞ്ഞു വയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൗഢഗംഭീരമായ കിരീട ധാരണ ചടങ്ങുകളിൽ പങ്കെടുക്കാൻ ലോകമെങ്ങും നിന്ന് രാജ്യ തലവന്മാർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ എത്തിച്ചേർന്നിരുന്നു. കിരീടധാരണത്തിന്റെ തത്സമയ പ്രക്ഷേപണം ബ്രിട്ടനിൽ മാത്രം 20 ദശലക്ഷത്തിലധികം പേരാണ് ടിവിയിൽ കണ്ടത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നിരവധി ആളുകൾ അവരുടെ മൊബൈൽ ഫോൺ ഇടപാടുകൾക്കായി പ്രതിവർഷം 530 ദശലക്ഷം പൗണ്ട് അമിതമായി അടയ്ക്കുന്നതായി വിർജിൻ മീഡിയ O2. 93 ശതമാനം ബ്രിട്ടീഷുകാർക്കും തങ്ങൾ പണം നൽകിയ ഉപകരണത്തിന് ദാതാക്കൾ പണം ഈടാക്കുന്നത് തുടരുന്നുണ്ട് എന്നുള്ളത് അറിയില്ലെന്നും ടെലികോം സ്ഥാപനംപറഞ്ഞു. ഈ പ്രശ്നം പ്രായമായ ആളുകളെയും ഏറ്റവും താഴ്ന്ന വരുമാനമുള്ളവരെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് വിർജിൻ മീഡിയ O2 പറഞ്ഞു.

ഇത്തരത്തിലുള്ള അബദ്ധങ്ങൾക്കുള്ള പ്രധാന കാരണം ഉപഭോക്താക്കൾക്കുള്ള പരിമിത അറിവാണ്. മൊബൈൽ ഫോൺ ബില്ലുകളിൽ പ്രധാനമായി രണ്ട് ഭാഗങ്ങൾ ആണ് ഉള്ളത്. എന്നാൽ ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പലർക്കും ഇപ്പോഴും അറിയില്ല. ഉപകരണ പേയ്‌മെന്റുകളും എയർടൈമിന്റെ ചെലവുകൾ എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ആണ് ഉള്ളത്. ചില മൊബൈൽ ഫോൺ സ്ഥാപനങ്ങൾ ഇവ രണ്ടും ഒരുമിച്ച് വാങ്ങിക്കുമ്പോൾ മറ്റ് ചിലർ പ്രത്യേകം ചാർജ് ചെയ്യാറുണ്ട്. സാധാരണയായി 12 മുതൽ 24 മാസത്തിനുള്ളിൽ ഇവ അടയ്ക്കണം.

ഇതിനുശേഷം ഉള്ള പണമിടപാടുകൾ ഉപയോക്താവിൻെറ വ്യക്തിപരമായ ഇഷ്ടമാണ്. നിങ്ങളുടെ ഉപകരണത്തിനും എയർടൈമിനും വെവ്വേറെ പണം നൽകുകയാണെങ്കിൽ, എയർടൈം അടയ്ക്കാൻ നിങ്ങൾക്ക് സാധിക്കും. ഇത് നിങ്ങളുടെ ബില്ലിലെ തുക കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഇതറിയാതെ സാധാരണക്കാർ വർഷങ്ങളോളം അനാവശ്യമായി പണം അടയ്ക്കുന്നുണ്ട്. ഇത് ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ടെന്നും വിർജിൻ മീഡിയ O2 പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ആയിരത്തോളം വർഷം പാരമ്പര്യമുള്ള രണ്ടു മണിക്കൂർ സമയമെടുത്ത ചാൾസ് രാജാവിൻറെ കിരീട ധാരണത്തിന്റെ ചടങ്ങുകൾ ശരാശരി 18 ദശലക്ഷത്തിലധികം ആൾക്കാരാണ് യുകെയിൽ മാത്രം കണ്ടത്. പ്രൗഢഗംഭീരമായ ചടങ്ങിലാണ് ലോകത്തെ സാക്ഷിയാക്കി ചാൾസ് മൂന്നാമൻ രാജാവ് കിരീടമണിഞ്ഞത്. രാജാവും കാമില രാജ്ഞിയും കിരീടമണിഞ്ഞ ചടങ്ങ് യുകെ സമയം 11 മണി മുതൽ ഉച്ച കഴിഞ്ഞ് 1 മണി വരെ വിവിധ ചാനലുകളിൽ ഒരേസമയം സംപ്രേഷണം ചെയ്തിരുന്നു.

ശരാശരി കാഴ്ചക്കാരുടെ എണ്ണം 18 ദശലക്ഷമാണെങ്കിലും ഉച്ചയ്ക്ക് ശേഷം കിരീടധാരണത്തിന്റെ പ്രധാന സമയത്ത് കാഴ്ചക്കാരുടെ എണ്ണം 20.4 ദശലക്ഷത്തിലെത്തിയെന്നാണ് കണക്കുകൾ . ബിബിസി, ഐടി വി , സ്കൈന്യൂസ് എന്നിവയുൾപ്പെടെ 11 ചാനലുകളിലായാണ് ജനങ്ങൾ കിരീട ധാരണ ചടങ്ങുകൾ വീക്ഷിച്ചത്. 1953 -ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണ ചടങ്ങുകൾ ദശലക്ഷക്കണക്കിന് ആൾക്കാർ കണ്ടതായാണ് കരുതപ്പെടുന്നത് . എന്നാൽ അന്നത്തെ കാഴ്ചക്കാരുടെ എണ്ണത്തെക്കുറിച്ച് വ്യക്തമായ കണക്കുകൾ ഒന്നും ലഭ്യമല്ല.

എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾ ശരാശരി 26.5 ദശലക്ഷം പേർ കണ്ടതായാണ് കണക്കുകൾ . എന്നാൽ 1997 -ൽ വെയിൽസിലെ രാജകുമാരിയും രാജാവിൻറെ മുൻ ഭാര്യയുമായിരുന്ന ഡയാന രാജകുമാരിയുടെ ശവസംസ്കാര ചടങ്ങുകൾ ബിബിസിയും ഐടി വി യിലുമായി 31 ദശലക്ഷം ആൾക്കാർ കണ്ടതായാണ് കണക്കുകൾ . ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ റെക്കോർഡ് ആണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടനിൽ 18 മാസത്തിനുള്ളിൽ പന്ത്രണ്ടാം തവണയും പലിശ നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പണപെരുപ്പത്തിനെ പിടിച്ചുനിർത്താൻ നിലവിലെ 4.25 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി പലിശ നിരക്ക് ഉയരുമെന്നാണ് കരുതപ്പെടുന്നത്. ഇത് നടപ്പിലായാൽ 1989 – ന് ശേഷമുള്ള ഏറ്റവും വലിയ പലിശ നിരക്കിലെ വർദ്ധനവ് ആയിരിക്കും ഇത്. ഈ രീതിയിൽ പണപ്പെരുപ്പം മുന്നോട്ട് പോയാൽ അടുത്ത ഡിസംബർ മാസത്തോടെ പലിശ നിരക്ക് 5 ശതമാനം വരെ വർദ്ധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പലിശ നിരക്കിലെ വർദ്ധനവ് വീടുകളുടെ വിലയിൽ വൻ കുതിച്ചു കയറ്റത്തിന് കാരണമായേക്കും. പുതിയതായി വീടുകൾ സ്വന്തമാക്കാൻ സ്വപ്നം കാണുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ വായ്പയെടുത്ത് വീടുകൾ സ്വന്തമാക്കിയവരും കടുത്ത ആശങ്കയിലാണ്. പലിശ നിരക്ക് വർധിക്കുന്നതിനനുസരിച്ച് തിരിച്ചടവ് തുക കൂടുന്നത് പലരെയും വൻ പ്രതിസന്ധിയിലേയ്ക്ക് നയിക്കാനാണ് സാധ്യത.

പണപ്പെരുപ്പം തടയാൻ ശ്രമിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വ്യാഴാഴ്ച പലിശ നിരക്കുകൾ 4.25 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി ഉയർത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . യുകെയിലെ ഉയർന്ന പണപെരുപ്പ തോതായ 10.1 ശതമാനം അതേ നിലയിൽ തുടരുകയാണെങ്കിൽ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടതായി വരുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഫെഡറൽ ബാങ്ക് കഴിഞ്ഞ ആഴ്ച പലിശ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചിരുന്നു. യൂറോപ്യൻ സെൻട്രൽ ബാങ്കും ( ഇസിബി ) അടുത്തയിടെ പലിശ നിരക്ക് 0.25 ശതമാനം ഉയർത്തി. ഇതോടെ ഇസിബിയുടെ പലിശ നിരക്ക് 3.25 ശതമാനമാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ തങ്ങളുടെ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് ഇന്ത്യൻ കമ്പനിയായ ടാറ്റ സ്റ്റീൽ അറിയിച്ചു. വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾക്കൊപ്പം സർക്കാരിൽ നിന്നുള്ള സഹായങ്ങളുടെ അഭാവവുമാണ് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ഈ വർഷം അവസാനത്തോടെ കമ്പനിയുടെ വ്യാപാരം ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ടാറ്റ സ്റ്റീൽ യുകെ പറഞ്ഞു. ഇന്ത്യൻ കമ്പനിയായ ടാറ്റ സ്റ്റീലിന്റെ യുകെയിലുള്ള ബ്രാഞ്ചുകളിൽ ഏകദേശം 8,000 പേരാണ് ജോലി ചെയ്യുന്നത്. ഇതിൽ ഒട്ടനവധി മലയാളികളും ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കമ്പനിക്ക് ബ്രിട്ടൺ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് മാർച്ച് 31 വരെ ലഭിച്ച വരുമാനം 60 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. ഈ പ്രതികൂല സാഹചര്യങ്ങൾക്ക് പിന്നാലെ കമ്പനി അടച്ച് പൂട്ടുകയാണെങ്കിൽ മായാളികൾ ഉൾപ്പെടെയുള്ള നിരവധി ബ്രിട്ടീഷുകാർക്ക് ജോലി നഷ്ടമാവും. ഉയർന്ന പണപ്പെരുപ്പവും പലിശനിരക്കും പോലുള്ള ഘടകങ്ങൾ കണക്കിലെടുത്ത് യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകൾ വിലയിരുത്തുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ഇതിൻെറ അടിസ്ഥാനത്തിൽ ഉടൻ തന്നെ യുകെയിലെ ബിസിനസിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് ടാറ്റ സ്റ്റീൽ പറഞ്ഞു.

ടാറ്റ സ്റ്റീൽ യുകെയിൽ നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് മുന്നോട്ട് പോകാൻ സർക്കാർ തലത്തിൽ നിന്ന് സഹായം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കാർബൺ എമിഷൻ കുറയ്ക്കുന്ന സ്റ്റീൽ നിർമാണ രീതികൾക്കായി കമ്പനി വലിയൊരു തുക നിക്ഷേപം നടത്തേണ്ടതായുണ്ട്. ഉരുക്ക് നിർമ്മാണ പ്രക്രിയകളിൽ നിന്ന് കുറഞ്ഞ കാർബൺ പുറന്തള്ളുന്ന നിർമ്മാണ പ്രക്രിയയ്ക്ക് സാമ്പത്തിക പിന്തുണയ്ക്കായി കമ്പനി നിലവിൽ യുകെ സർക്കാരുമായി ചർച്ച നടത്തി വരുകയാണ്. നിലവിൽ പ്രകൃതിവാതകവും ഉരുക്ക് നിർമ്മാണ പ്രക്രിയയുടെ ഭാഗമായി ഇരുമ്പ് നിർമ്മിക്കാൻ കാർബണും ആണ് ഉപയോഗിക്കുന്നത്. ഇവയ്ക്ക് പകരം വൈദ്യുതി ഉപയോഗിക്കുന്നത് കാർബൺ എമിഷൻ ഗണ്യമായി കുറയ്ക്കും. പക്ഷെ ഇതിനായി അടിസ്ഥാന മൂലധനം വലിയ തോതിൽ വേണ്ടി വരുന്നതും കമ്പനി നേരിടുന്ന പ്രതിസന്ധിക്ക് കാരണമാണ്.
ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺസെർവേറ്റീവ് പാർട്ടിക്ക് കനത്ത പരാജയം നേരിട്ടതിനെ തുടർന്ന് സ്വയം വിമർശനുമായി നേതാക്കൾ രംഗത്ത് വന്നു . സർക്കാർ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു എന്ന് സാംസ്കാരിക സെക്രട്ടറി ലൂസി ഫ്രേസർ പറഞ്ഞു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ പാർട്ടിക്ക് 1000 ത്തിൽ അധികം കൗൺസിലർമാരെ നഷ്ടപ്പെട്ട സാഹചര്യത്തിൽ നിരവധി കോൺസെർവേറ്റീവുകൾ പ്രധാന മന്ത്രി ഋഷി സുനകിനെ കുറ്റപ്പെടുത്തി.

മെഡ്‌വേ, സ്വിണ്ടൻ, പ്ലൈമൗത്ത്, സ്റ്റോക്ക്-ഓൺ-ട്രെന്റ്, ഈസ്റ്റ് സ്റ്റാഫോർഡ്ഷയർ തുടങ്ങിയ 22 കൗൺസിലുകളുടെ നിയന്ത്രണം ഈ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേടി. ഈ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ചെറിയ പാർട്ടികൾക്ക് വോട്ട് ചെയ്ത ആളുകൾ 2024 ൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ലേബറിലേക്ക് മാറുമെന്ന് മിസ്റ്റർ സ്ട്രീറ്റിംഗ് പറഞ്ഞു.

അടുത്ത പൊതു തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയത്തിലേക്കുള്ള പാതയിലാണെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാമർ പറഞ്ഞു. 2002 -ന് ശേഷം ആദ്യമായാണ് ലേബർ പാർട്ടി ഇത്ര ശക്തമായ മുന്നേറ്റം നടത്തുന്നത്. ഇംഗ്ലണ്ടിലെ 230 കൗൺസുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി റിഷി സുന കിന്റെ ജനപ്രീതിയുടെ അളവുകോൽ ആയിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ പറഞ്ഞിരുന്നു . പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി പ്രതിപക്ഷത്തിനും സ്വന്തം പാർട്ടിയിലെ വിമർശകർക്കും പ്രധാനമന്ത്രിയുടെ നയങ്ങളെ വിമർശിക്കാൻ കൂടുതൽ ശക്തി നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 35 % വോട്ട് വിഹിതമായാണ് ലഭിച്ചിരിക്കുന്നത്. ടോറികൾക്ക് 26 ശതമാനവും ലിബ് ഡെംസിന് 20 ശതമാനം വോട്ടു വിഹിതം ലഭിച്ചു. 2010 -ൽ ലേബർ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിനുശേഷമുള്ള ഏറ്റവും ശക്തമായ തിരിച്ചു വരവാണ് അവർ നടത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പ്രൗഢഗംഭീരമായ ചടങ്ങിൽ ബ്രിട്ടനെ സാക്ഷിയാക്കി കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്. വെസ്റ്റ്മിൻസറ്റർ ആബെയിൽ നടന്ന ചടങ്ങിൽ കാന്‍റർബറി ആർച്ച് ബിഷപ്പാണ് ചാൾസ് മൂന്നാമനെ കിരീടം ധരിപ്പിച്ചത്. അമ്മ എലിബസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ചാൾസ് മൂന്നാമൻ ബ്രിട്ടന്‍റെ പുതിയ രാജാവായി സ്ഥാനമേറ്റത്.

സ്ഥാനമേറ്റതിനു ശേഷം അനന്തരാവകാശിയും മകനുമായ വില്യം രാജാവിന് കൂറു പ്രഖ്യാപിച്ചു. ഏതാണ്ട് ആയിരം വർഷത്തോളം പഴക്കമുള്ള ചടങ്ങുകളാണ് രണ്ടു മണിക്കൂർ നീണ്ട കിരീടധാരണച്ചടങ്ങിൽ അരങ്ങേറിയത്. ചാൾസിന്‍റെ പത്നി കാമിലയെ രാജ്ഞിയായും വാഴിച്ചു. 1911ജൂണിൽ മേരി രാജ്ഞി കിരീടധാരണത്തിനായി നിർമ്മിച്ച മൂന്നു വലിയ രത്നങ്ങൾ പതിച്ച കിരീടമാണ് കാമില അണിഞ്ഞത്. ഇതാദ്യമായാണ് രാജാവിന്‍റെയും രാജ്ഞിയുടെയും സ്ഥാനാരോഹണം ഒരേ ദിവസം നടക്കുന്നത്.

ഇന്ത്യയിൽ നിന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ‌് ധൻകർ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് തുടങ്ങിയ പ്രമുഖർ കിരീടധാരണച്ചടങ്ങിൽ പങ്കെടുത്തു.
കിരീടധാരണത്തിനു ശേഷം രാജാവും രാജ്ഞിയും കൊട്ടാരത്തിലേക്കു മടങ്ങി. ആയിരക്കണക്കിനു പേരാണ് രാജാവിനെയും രാജ്ഞിയെയും ഒരു നോക്കു കാണാനായി ലണ്ടൻ തെരുവിൽ തടിച്ചു കൂടിയിരുന്നത്. അതേ സമയം രാജഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങളും തെരുവിൽ അരങ്ങേറി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: തദ്ദേശ തിരഞ്ഞെടുപ്പിൽ ടോറി മേയർ സ്ഥാനാർത്ഥിയെ ലിങ്കൺഷെയറിലെ ബോസ്റ്റൺ ബോറോ കൗൺസിലിലെ ട്രിനിറ്റി വാർഡിൽ നിന്ന് മത്സരിച്ച എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ഒരു മലയാളി കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഒരു വോട്ടിനു പരാജയപ്പെടുത്തി. ബോസ്റ്റൺ ഇൻഡിപെൻഡന്റ് പാർട്ടിക്ക് വേണ്ടി മത്സരിച്ച ഡോ.ജ്യോതി അരയമ്പത്ത് കൺസർവേറ്റീവ് പാർട്ടിയുടെ മേയർ സ്ഥാനാർത്ഥിയായിരുന്ന ജെന്നിഫർ ഇവോൺ സ്റ്റീവൻസിനെയാണ് പരാജയപ്പെടുത്തിയത്.
കണ്ണൂർ സ്വദേശിനിയാണ് ഡോ.ജ്യോതി. പയ്യന്നൂരിലെ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസവും കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മെഡിസിനും പഠിച്ചു. പിന്നീട് ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് തുടർ വിദ്യാഭ്യാസം നേടി. മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ്-യുകെയുടെ സ്ഥാപകയും മാനേജിംഗ് ട്രസ്റ്റിയുമാണ് ജ്യോതി. ലിങ്കൺഷെയറിലെ ബോസ്റ്റണിലാണ് നിലവിൽ താമസിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ്, അധികാരത്തിലുള്ള മൊത്തം കൗൺസിലർമാരുടെ പകുതിയോളം കൺസർവേറ്റീവുകൾ ആയിരുന്നു. എന്നാൽ ഇപ്പോൾ അഞ്ച് പേർ മാത്രമേയുള്ളൂ. അതേസമയം, പുതിയ ബോസ്റ്റൺ ഇൻഡിപെൻഡന്റ് ഗ്രൂപ്പ് രണ്ടാം സ്ഥാനത്താണ്. 24 പേർ മത്സരിച്ചതിൽ 18 പേരും തിരഞ്ഞെടുക്കപ്പെട്ടു.